Thursday, November 09, 2006

കുട്ടിച്ചാത്തനും കരിംഭൂതവും കൂട്ടുകാരും അപ്പം ചുട്ടേ...

റാഗിങ്ങിന്റെ കോലാഹലങ്ങള്‍ ഒക്കെ കഴിഞ്ഞ്‌ കോളേജുജീവിതം ആസ്വദിക്കാന്‍ തുടങ്ങിയ കാലം. കോളേജ്‌ ഡേ വരുന്നു. ഞങ്ങള്‍ നാലഞ്ചുപേരെ കോളേജിനു പരിചയപ്പെടുത്തിക്കൊടുക്കാനുള്ള ആദ്യ അവസരം. ഞങ്ങള്‍ തകൃതിയായി ആലോചന തുടങ്ങി. ഞങ്ങളെന്നു വച്ചാല്‍ ഞങ്ങള്‍ അഞ്ചുപേര്‍ . ആശയങ്ങള്‍ മലവെള്ളം പോലെ വരുമെന്ന് വിചാരിച്ചെങ്കിലും മഴക്കാറു പോലും വന്നില്ല. ഒടുവില്‍ കൂട്ടത്തിലെ കലാകാരനായ സുധി പറഞ്ഞു നാടകം മതി.

പിന്നെ ഏതു കഥ വേണം എന്നായി ചര്‍ച്ച.ചെവി ഉറച്ചപ്പോള്‍ മുതല്‍ കേട്ടുതുടങ്ങിയ എല്ലാ കഥകളും ഞാന്‍ പറഞ്ഞു തുടങ്ങി. ആര്‍ക്കും ഒന്നും ഇഷ്ടപ്പെട്ടില്ല. എന്റെ മുഖത്ത്‌ ചമ്മലിന്റേം നിരാശേടേം വിളര്‍ച്ച വന്നു തുടങ്ങുന്നതിനു മുന്‍പ്‌ സുധി പറഞ്ഞു. " കഥ എന്റെ കയ്യിലുണ്ട്‌ തിരക്കഥ ഒന്നു എഴുതിയെടുക്കണം എന്നേയുള്ളൂ, ഞങ്ങള്‍ പണ്ടു അവതരിപ്പിച്ചതാ". കഥ വളരെ സിമ്പിള്‍ "ഫ്രാങ്കന്‍സ്റ്റീന്‍"എന്ന ഇംഗ്ലീഷ്‌ കഥയുടെ മലയാളരൂപാന്തരണം. എന്നുവച്ചാല്‍ ഒഥെല്ലൊയെ ജയരാജ്‌ തെയ്യം കലാകാരനാക്കിയ മാതിരി ഒരു സാധനം. സുധി തിരക്കഥയെഴുതാന്‍ പോയി. എന്റെ ആവേശം കണ്ടിട്ടാവണം പിറ്റേന്നു അവന്‍ എന്നേം കൂട്ടി ഹോസ്റ്റല്‍ ടെറസ്സിലെത്തി തിരക്കഥ മുഴുവന്‍ കേള്‍പ്പിച്ചു. ചുരുക്കം ഇപ്രകാരം.

ഒരിടത്തൊരു ശാസ്ത്രജ്ഞന്‍ ഉണ്ടായിരുന്നു. അയാളൊരു ശില്‍പിയുടെ സഹായത്തോടെ ഒരു യന്ത്രമനുഷ്യനെ(ഫ്രാങ്കന്‍സ്റ്റീന്‍) സൃഷ്ടിച്ചു. ഒരു സന്ന്യാസി വന്നതിനു ജീവന്‍ കൊടുക്കുന്നു. വിവേചനബുദ്ധിയില്ലാത്തതു കാരണം അതു ശില്‍പിയെയും ശാസ്ത്രജ്ഞനേയും വകവരുത്തുന്നു. സന്ന്യാസിയും, അങ്ങേര്‍ക്കൊരു ശിഷ്യനുമുണ്ട്‌, ഓടി രക്ഷപ്പെടുന്നു. ശേഷം സ്റ്റേജിന്റെ മധ്യത്തില്‍ വന്ന് യന്ത്രമനുഷ്യന്‍ അലറിവിളിക്കുന്നതോടെ കര്‍ട്ടന്‍ വീഴുന്നു.

"ശാസ്ത്രജ്ഞന്‍ ഞാന്‍ ?"

"പറ്റില്ല അങ്ങോര്‍ക്കാ ഡയലോഗ്‌ കൂടുതല്‍ അതു ഞാനായിക്കോളാം. നീ വേണേല്‍ ശില്‍പിയായിക്കൊ"

മനോഗതം--"ഹൊ അപ്പൊള്‍ നായകവേഷം കൈ വിട്ടു എവനിതു കൊന്നാല്‍ തരത്തില്ല. ഏതായാലും കഷ്ടപ്പെട്ടെഴുതിയതല്ലെ പോട്ടെ സെക്കന്റ്‌ ഹീറൊയെങ്കില്‍ അത്‌"--

"നീ ശില്‍പിയുടെ ഡയലോഗ്‌ പറഞ്ഞേ നോക്കട്ടെ"

മനോഗതം--" നാലാം ക്ലാസില്‍ വച്ചു ഡയലോഗില്ലാത്ത കോറസ്സായി അഭിനയിച്ചു കയ്യടി വാങ്ങിയ എനിക്കും റിഹേഴ്സലോ മ് മ് പോട്ടെ"--

പ്രേം നസീര്‍ സ്റ്റൈയിലില്‍ കൈയ്യൊക്കെ തിരുമ്മി കണ്ണു മൂന്നാലുതവണ ചിമ്മി ശാസ്ത്രജ്ഞന്റെ മുഖത്തു നോക്കാതെ തിരക്കഥയില്‍ നിന്നും ഒരു നെടുങ്കന്‍ ഡയലോഗ്‌. പറഞ്ഞപ്പോള്‍ എനിക്കും കേട്ടപ്പോള്‍ അവനും ഏതാണ്ടു കാര്യങ്ങളുടെ കിടപ്പു പിടികിട്ടി. എന്താന്നറിയില്ല അവനു നല്ല ആത്മവിശ്വാസമായിരുന്നു.

" ഒന്നു കൂടി പറഞ്ഞു നൊക്കെടാ ശരിയാവും"

"......................................"

"അല്ലേല്‍ ഈ ശിഷ്യന്റെ ഡയലോഗ്‌ പറ അതാവുമ്പോള്‍ കുറച്ചേയുള്ളൂ"

".................."

അങ്ങനെ അങ്ങനെ തിരക്കഥ മുഴുവന്‍ ഞാന്‍ മനഃപാഠമാക്കിയിട്ടും എന്റെ ശബ്ദഗാംഭീര്യെത്തിന്റെയും അഭിനയത്തികവിന്റേം റേഞ്ചില്‍ ഒരു കഥാപാത്രവും വന്നില്ല. ഇനി നാടകം എന്നു പറഞ്ഞു ഈ ഭാഗത്തേക്കു വന്നേക്കരുത്‌ എന്ന് അവന്‍ പറയുമ്മെന്നായപ്പോളേക്കും എന്റെ കൊച്ചു ട്യൂബ്‌ ലൈറ്റ്‌ കത്തി.

"എടാ എല്ലാരും സ്റ്റേജില്‍ കയറിയാല്‍ എങ്ങിനെയാ വല്ലോരും ഡയലോഗ്‌ മറന്നു പോയാല്‍ പ്രോംറ്റ്‌ ചെയ്യാന്‍ ആളുവേണ്ടെ? ഞാനാണെങ്കില്‍ മുഴുവന്‍ തിരക്കഥയും പഠിച്ചു കഴിഞ്ഞു അപ്പോള്‍ പിന്നെ ഞാന്‍ ആ പണിയെടുത്തോളാം"

അവന്റെ മനോഗതം ഞാന്‍ എഴുതണമെന്നു വിചാരിച്ചതാ...അതിലും നല്ലതു വായനക്കാര്‍ ഊഹിച്ചെടുക്കുന്നതാണെന്നു തോന്നുന്നു.

ഇനി വിവരണം ഇത്തിരി വേഗത്തിലാക്കാം. ബാക്കി കഥാപാത്രങ്ങള്‍ക്കു നടന്മാരെ നിശ്ചയിച്ചു.ശില്‍പി,സന്ന്യാസിയും ശിഷ്യനും എല്ലാം ഒകെ . യന്ത്രമനുഷ്യനായി ആരെ അഭിനയിപ്പിക്കും? സംഭാഷണം ഒന്നുമില്ലെങ്കിലും ഞങ്ങളുടെ ആരുടെയും രൂപം അതിനു പറ്റില്ല. മാത്രമല്ല ഞാന്‍ പ്രോംറ്ററായപ്പൊള്‍ അഭിനേതാക്കളുടെ എണ്ണത്തിന്റെ മാത്തമാറ്റിക്സും തെറ്റി.

" അതു സാരമില്ല ആരെക്കൊണ്ടെങ്കിലും ഒരു റിഹേഴ്സലും കൊടുത്തു അഭിനയിപ്പിക്കാവുന്നതേയുള്ളൂ."

അങ്ങനെ റിഹേഴ്സലുകള്‍ പൊടിപൊടിച്ചു. അപ്പം ചുടാനുള്ള സമയം ആയപ്പോള്‍ വീണ്ടും ആലോചന തുടങ്ങി. അവസാനം ആളെ തീരുമാനിച്ചു.സീനിയേഴ്സിന്റെ തോളില്‍ കൈയ്യിട്ടു നടക്കുന്ന, ആരെയും പേടിയില്ലാത്ത, ലോക്കല്‍ സപ്പോര്‍ട്ടു നിര്‍ലോഭം ഉള്ളതു കാരണം റാഗിംഗ്‌ വീരന്മാര്‍ പോലും നേരെ നോക്കാന്‍ മടിക്കുന്ന, ഒരു കൊച്ചു, വളരെ കുഞ്ഞു ആജാനബാഹു. ഞങ്ങള്‍ അവന്റെ കണ്ണില്‍ തീരെ അശുക്കളാണെങ്കിലും സ്റ്റേജില്‍ ചുളുവില്‍ കയറാനുള്ള അവസരം ആയതുകൊണ്ടും, അവന്‍ റ്റൈറ്റില്‍ റോളില്‍ ആയതുകൊണ്ടും അവന്‍ സമ്മതിച്ചു.

അവന്റെ റോള്‍ വിവരിച്ചു കൊടുത്തു. സ്റ്റേജിന്റെ മധ്യത്തില്‍ ഒരു ഗുഹാകവാടത്തിന്റെ സെറ്റ്‌ പ്രോംറ്റര്‍ കം ആള്‍ ഇന്‍ ആള്‍ പിടിച്ചുനില്‍പ്പുണ്ടാവും. അതിനുള്ളിലാണു യന്ത്രമനുഷ്യന്റെ നിര്‍മ്മാണം.ശാസ്ത്രജ്ഞന്റെ ആഗ്രഹപ്രകാരം സന്ന്യാസി "നീ നിര്‍മ്മിച്ച രൂപത്തിനു ഞാനിതാ ജീവനും അത്ഭുതസിദ്ധികളും പ്രധാനം ചെയ്യുന്നു" എന്നു പറഞ്ഞു കഴിയുമ്പോള്‍ ഗുഹക്കുള്ളില്‍ നിന്നും ശില്‍പിയെയും എടുത്തു പുറത്ത്‌ വന്ന് ശില്‍പിയെ ഒരു ഭാഗത്തേക്ക്‌ എറിയുന്നു. എന്നിട്ട്‌ ശാസ്ത്രജ്ഞന്റെ കഴുത്തിനു പിടിച്ചു കൊല്ലുന്നു, സന്ന്യാസിയും ശിഷ്യനും ഓടി രക്ഷപ്പെടുന്നു. ശേഷം സ്റ്റേജിന്റെ മധ്യത്തില്‍ വന്നു അലറുന്നതോടെ കര്‍ട്ടന്‍ വീഴുന്നു.

" ഇത്രയെ ഉള്ളൂ!! ഇതിനു റിഹേഴ്സലൊന്നും വേണ്ടാ ഞാന്‍ ശരിയാക്കിക്കൊള്ളാം"

ഈ സംശയരോഗിയ്ക്കു അപ്പോളേ എന്തോ പന്തികേടു മണത്തു. ഇവനെങ്ങാനും സീനിയെഴ്സിന്റെയടുത്തു നിന്നു അച്ചാരം വാങ്ങിയിട്ടുണ്ടാവുമോ നാടകം കലക്കാന്‍? അവസാനം റിഹേഴ്സലെടുത്തില്ലാന്നു പറഞ്ഞു ഇവനെങ്ങാനും മുങ്ങുമോ?. എന്നത്തെയും പോലെ എന്റെ സംശയങ്ങള്‍ക്ക്‌ ന്യൂനപക്ഷത്തിന്റെ പോലും വോട്ട്‌ ലഭിച്ചില്ല.

അപ്പംചുടാന്‍ പാത്രത്തില്‍ എണ്ണയൊഴിച്ചു. യന്ത്രമനുഷ്യനെയും കൊണ്ടു മേക്കപ്പിടാന്‍ പോയ സന്ന്യാസിയെം ശിഷ്യനെയും കാണുന്നില്ല. ആദ്യ രംഗങ്ങളില്‍ അവരില്ല. ഗുഹാകവാടത്തിന്റെ പിന്നില്‍ നിന്നുള്ള പ്രോംറ്ററുടെ ദയനീയ നിലവിളികള്‍ കാറ്റില്‍ പറത്തിക്കൊണ്ട്‌, തിരക്കഥയില്‍ പുതിയ മാനങ്ങള്‍ ശാസ്ത്രജ്ഞനും ശില്‍പിയും ഓണ്‍ ലൈനായി രചിച്ചു കൊണ്ടിരിക്കുന്നു. ഇതാ വരുന്നു മൂവര്‍ സംഘം.

"എന്താടാ വൈകിയത്‌?"

പറയുന്നതു കേട്ടാല്‍തോന്നും കഥ,തിരക്കഥ, സംഭാഷണം, സംവിധാനം മാത്രമല്ല,മുഴുവന്‍ ചെലവും ഈയുള്ളവന്റെ വകയാണെന്ന്.

"യന്ത്രമനുഷ്യനു വച്ച കറുത്ത ടീഷര്‍ട്ട്‌ പാകമാവുന്നില്ല. പിന്നെ മുഴുവന്‍ കറുപ്പടിച്ചു"

സാമാന്യം വെളുത്ത ആജാനബാഹു ഒരു കരിംഭൂതമായിട്ടുണ്ട്‌.

മനോഗതം--ശ്ശോ ഇവനെയാണൊ ഞാന്‍ തെറ്റിദ്ധരിച്ചത്‌ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കു വേണ്ടി ആജാനബാഹു തലവഴി കരി ഓയിലില്‍(എന്താണെന്നെനിക്കറിയില്ല) മുങ്ങിയിരിക്കുന്നു.--

നാടകത്തിന്റെ ഭാഗമായി ഗുഹയ്ക്കു അകത്തേക്കു വന്ന ശില്‍പിയോട്‌ പ്രോംറ്ററുടെ തിരക്കഥയിലില്ലാത്ത ഡയലോഗ്‌.

" നിനക്കൊക്കെ സ്വന്തമായി ഡയലോഗ്‌ ഉണ്ടാക്കാമെങ്കില്‍ ഞാനീ തിരക്കഥയും പിടിച്ചു ഇവിടെ ഇരിക്കുന്നതെന്തിനാ? "

"അളിയാ നീ ക്ഷമി എന്തായാലും കുഴപ്പമൊന്നും ആയില്ലാലൊ"

അപ്പം പാകമാവാറായി. കാണികളൊക്കെ എന്തൊരു മാന്യന്മാര്‍!!!! ഇതു എഞ്ചിനീയറിംഗ്‌ കോളേജു പിള്ളേരു തന്നെയാണൊ!!!!. പാവങ്ങള്‍ എന്തേലും കാണിച്ചിട്ടു പോട്ടെ എന്നു വിചാരിച്ചിട്ടുണ്ടാവും.

സന്ന്യാസിയുടെ ജീവന്‍ ടോണ്‍ ഡയലോഗ്‌ കഴിഞ്ഞു.

"ഇവനെയും എടുത്തു കൊണ്ടുപോയി എറിയെടാ"

"പതുക്കെ എറിയണം.ശില്‍പിക്കു കണ്ണടയൊക്കെയുള്ളതാ അതു പൊട്ടരുത്‌"

ആ വാചകങ്ങള്‍ മഹാഭാരതയുദ്ധത്തില്‍ യുധിഷ്ഠിരന്‍ ദ്രോണാചാര്യരോട്‌
"അശ്വത്ഥാമാവ്‌ മരിച്ചു."
"അശ്വത്ഥാമാവ്‌ എന്ന ആന" എന്നു പറഞ്ഞതുപോലെ അല്ലായിരുന്നു എന്ന് എന്നെത്തന്നെ ഞാന്‍ പില്‍ക്കാലത്തു പല പ്രാവശ്യം വിശ്വസിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌.

പിന്നെ നടന്നതൊക്കെ കോളേജിന്റെ ചരിത്രത്തില്‍ സുവര്‍ണ്ണലിപികളില്‍ ഉണ്ട്‌. അതു വായിക്കാത്തവര്‍ക്കു വേണ്ടി. ഇതാ...

ഫ്രാങ്കന്‍സ്റ്റീന്‍ ശില്‍പിയെയും വലിച്ച്‌ അട്ടഹാസത്തോടെ ഗുഹയില്‍ നിന്നും പുറത്തേക്ക്‌ ഗമിക്കുന്നു. സ്റ്റേജിന്റെ മുകള്‍ഭാഗത്തെ ചിലന്തികളുടെയും മാറാലയുടെയും കണക്കെടുത്തുകൊണ്ട്‌ ശില്‍പിയും കണ്ണടയും അല്ലല്ല കണ്ണടക്കഷ്ണങ്ങളും സ്റ്റേജിന്റെ ഒരു ഭാഗത്ത്‌. ഇതുകണ്ട്‌ അടിമുടി വിറച്ചു കൊണ്ടിരിക്കുന്ന ശാസ്ത്രജ്ഞന്‍ മറ്റൊരു ഭാഗത്ത്‌.സന്ന്യാസിയെയും ശിഷ്യനെയും പോയിട്ട്‌ അവര്‍ ഓടിയ വഴി കണ്ടുപിടിക്കാന്‍ മഷി ഇനീം കണ്ടുപിടിക്കാനിരിക്കുന്നു.

ശില്‍പി വീണിടത്തു കിടക്കുന്നു. ഫ്രാങ്കന്‍സ്റ്റീന്‍ ശാസ്ത്രജ്ഞന്റെ നേര്‍ക്കു തിരിഞ്ഞു. കാണികളുടെ കയ്യടികളെക്കാളും ഉച്ചത്തില്‍ ശാസ്ത്രജ്ഞന്റെ നെഞ്ഞിടിപ്പാകുന്ന ബാക്ക്‌ ഗ്രൗണ്ട്‌ സ്കോര്‍. സ്വന്തം തിരക്കഥ മുന്‍ രംഗങ്ങളില്‍ തിരുത്തിയതു പോലെ അവസാന രംഗവും മാറ്റാന്‍ ശാസ്ത്രജ്ഞന്‍ ശ്രമിക്കുന്നതിനു മുന്‍പ്‌ ഫ്രാങ്കന്‍സ്റ്റീന്‍ ശാസ്ത്രജ്ഞന്റെ കഴുത്തില്‍ പിടുത്തമിട്ടു. ഫ്രാങ്കന്‍സ്റ്റീനു ബുദ്ധിമുട്ടേണ്ടി വന്നില്ല.

കാണികള്‍ ഭാഗ്യം ചെയ്തവരാ. ചില സിനിമകളില്‍ ജഗതി കാണിച്ചിട്ടുള്ളതുപോലെ ഒരു സീന്‍. ഫ്രാങ്കന്‍സ്റ്റീനിന്റെ കൈകള്‍ വായുവില്‍ അപ്രത്യക്ഷനായ ശാസ്ത്രജ്ഞന്റെ ഇല്ലാത്ത കഴുത്തില്‍ പിടിച്ചിരിക്കുന്നു. ശാസ്ത്രജ്ഞന്‍ താഴെ തറയിലും.

അവന്‍ എങ്ങനെ കൈകള്‍ക്കിടയിലൂടെ തലയൂരി!!!!
ഹേയ്‌ ഇനി പ്രോംറ്ററുടെ ഊഴം.

"കര്‍ട്ടനിടെടാാാാ"

കഴിഞ്ഞിടത്തോളം മതി. കര്‍ട്ടനിടുന്ന പയ്യനും കാലുമാറിയൊ? അവനും നിര്‍ദ്ദേശമുണ്ട്‌. ഫ്രാങ്കന്‍സ്റ്റീന്‍ അലറുമ്പോള്‍ ഇട്ടാല്‍ മതി.

ശ്ശെടാ പ്രോംറ്ററുടെ വാക്കിനു ഇവനും വിലയില്ലെ!!.

ഗുഹാകവാടത്തിനു താങ്ങ്‌ ഞാനിരിക്കുന്ന കസേരയാണു. ഞാന്‍ എഴുന്നേറ്റു. ഫ്രാങ്കന്‍സ്റ്റീനിന്റെ അലറല്‍ പകുതിക്കു നിന്നു. കര്‍ട്ടന്‍ വീണു.ഗുഹാകവാടം ദേ പോകുന്നു. ഫ്രാങ്കന്‍സ്റ്റീന്‍ എന്റെ നേരെയായി.

"ഡാാാാ"

ന്യൂട്ടന്റെ നിയമങ്ങള്‍ ഒക്കെ ശരിയാ. ഞാന്‍ ഒരു വഴിക്കും എന്റെ കൈയ്യിലിരുന്ന തിരക്കഥാ പ്രതി പ്രതിപ്രവര്‍ത്തനത്തിനും.


വാല്‍ക്കഷ്ണം: ഫ്രാങ്കന്‍സ്റ്റീന്‍ ആളൊരു പാവമായിരുന്നു. ആദ്യമായി സ്റ്റേജില്‍ കയറുന്നതിന്റെ ആവേശവും, റിഹേഴ്സലിന്റെ അഭാവവും പിന്നെ ഒറിജിനലിനെ പോലെ അവന്റെ കരുത്ത്‌ അവനുതന്നെ അറിയാത്തതും. എല്ലാം കൂടി കൂട്ടിയിളക്കിയപ്പോള്‍ അപ്പത്തിനു നേരിയ കരിഞ്ഞ മണം ഉണ്ടോന്നൊരു സംശയം.......

9 comments:

Unknown said...

കാക്കേ... നീ വിചാരിച്ച പോലെ അല്ലല്ലോ!! ബെംഗളൂരില്‍ എത്തിയപ്പൊ നീ നന്നായോ?

ഗുഡ് വര്‍ക്ക് മാന്‍...

കുട്ടിച്ചാത്തന്‍ said...

ശ്ശേടാ ഈ പോസ്റ്റ് ഇവനല്ലാതെ ആരും കണ്ടില്ലേ. ഇതിനു മൂന്നാലു കമന്റു കിട്ടിയിട്ടു അടുതതു പോസ്റ്റാം എന്നു വിചാരിച്ചിട്ട് ഒരാഴ്ചയായി ഒരു അനക്കവും ഇല്ലാലൊ!!!. ആരെങ്കിലും സൈറ്റ് ഹിറ്റ് കൌണ്ടര്‍ ഇടുന്നതു പറഞ്ഞു തരാമോ?

Visala Manaskan said...

പോസ്റ്റ് നന്നായിട്ടുണ്ട് കുട്ടിച്ചാത്താ..
അടുത്തത് പോരട്ടേ

പിന്നേയ് ഗൌണ്ടറെ കുടിവക്കാന്‍..

statcounter.com ഇല്‍ പോയി അങ്കെ യതാവത്(ചുമ്മാ) റെജിസ്റ്റര്‍ ചെയ്ത് എച് ടിം എല്ലിനെ റ്റെമ്പ്ലേറ്റില്‍ കട്ടി ഒട്ടിച്ചാല്‍ മട്ടും പോതും.

Siju | സിജു said...

കുട്ടിച്ചാത്താ..
ചിരിപ്പിച്ചു. പക്ഷെ, ഇടക്കിടക്ക് വിട്ടുപോകുന്നതു പോലെ
then for the counter, there are many sites provide counters to say sitemeter.com, neocounter.com, ..
go to any of these and register
then u will get the html code. copy it and put it in ur site template. if u provide the password, sitemeter will do itself. if still doubts, i am happy to help
qw_er_ty

ലിഡിയ said...

നാടകം ആദ്യാവസാനം നന്നായിരുന്നൂന്ന് സാരം..

-പാര്‍വതി.

സു | Su said...

അപ്പോള്‍ കാണികളില്‍ നിന്ന് കിട്ടിയ ഏറിനെയാണ് ചാത്തനേറ് എന്ന് പറയുന്നത് അല്ലേ? ;) അടുത്ത ബാംഗ്ലൂര്‍ മീറ്റിന് ഈ നാടകം അവതരിപ്പിക്കാം. കര്‍ട്ടന്‍ ഞാനിട്ടോളാം. അഥവാ ഇടാന്‍ പറ്റിയില്ലെങ്കില്‍ അതും പുതച്ച് ഓടാലോ.

asdfasdf asfdasdf said...

നന്നായീണ്ട്രാ കുട്ടിച്ചാത്താ.. അടിപൊളി.

കുട്ടിച്ചാത്തന്‍ said...

സൈറ്റ് ഹിറ്റ് കൌണ്ടര്‍ ഇട്ടു.
സിജുച്ചേട്ടാ ഉപദേശത്തിനു നന്ദി.സംഭവങ്ങള്‍ പലതും ഒറിജിനലാ.അതുകൊണ്ട് ഞാന്‍ മനസ്സില്‍ കാണുമ്പോള്‍ എല്ലാം ഉണ്ടാവും. എഴുതുമ്പോള്‍ വിട്ടുപോകും. വെട്ടിച്ചുരുക്കിയിട്ടുതന്നെ നീളം കൂടിയോ എന്നു സംശയം ഉണ്ട്.

സു-- ഏറ് കിട്ടീന്നു ഞാന്‍ പറഞ്ഞിട്ടില്ലാ ട്ടോ..
കാണികള്‍ എല്ലാരും മാന്യന്മാര്‍ ആയിരുന്നു.

ആശംസകള്‍ക്കു നന്ദി. അടുത്ത പോസ്റ്റ് ഇതാ വരുന്നു..

സുധി അറയ്ക്കൽ said...

കൊള്ളാം.!!!!