Monday, December 25, 2006

ബക ബധം - മറ്റൊരു വീരചരിതം

കൊയ്‌ത്തു കാലം കഴിഞ്ഞാല്‍ വീട്ടിലും പരിസരത്തും ചൂട്‌ കൂടും, കാരണം ഞങ്ങള്‍ക്ക്‌ പ്രത്യേകം വൈക്കോല്‍ത്തുറുവൊന്നും ഇല്ല; ഉള്ള നെല്‍ക്കറ്റകളെല്ലാം വരാന്തയിലും പരിസരത്തുമായി അടുക്കിവച്ചിരിക്കും. വൈക്കോലിന്റെ ചൂടും മറവും പറ്റി ഒരു പാടു ജീവജാലങ്ങള്‍ ഞങ്ങളുമായി സഹവര്‍ത്തിത്വത്തില്‍ കഴിഞ്ഞുപോന്നിരുന്നു.

ഒരുതവണ കൊയ്‌ത്ത്‌ കഴിഞ്ഞപ്പോള്‍ ഒരു പുതിയ അതിഥി വന്നു. സ്ഥിരംകുറ്റിയായ ചുണ്ടെലിയുടെ വല്യേട്ടന്‍ മിസ്റ്റര്‍ ബകന്‍ അഥവാ പെരുച്ചാഴി. അട്ടത്തിരുന്ന് കീ കീ ഒച്ച വയ്ക്കുകയും ഒരു തുണ്ട്‌ വിഷത്തേങ്ങാപ്പൂളിലോ എലിക്കെണിയിലോ ആത്മഹത്യ നടത്തുകയും ചെയ്തു പോന്നിരുന്ന ചുണ്ടെലികളെ ആരും മൈന്‍ഡ്‌ ചെയ്തിരുന്നില്ല. എന്നാല്‍ ബകന്‍ ആളൊരു വന്‍താരമായിരുന്നു.

ആദ്യമൊക്കെ ഓവുചാലിലൂടെ കുളിമുറിയിലും അവിടുന്ന് രാത്രി കുളിമുറിവാതിലിലൂടെ അടുക്കളയിലേക്കുമായിരുന്നു ബകന്റെ സ്ഥിരം റൂട്ട്‌. ചാണകം മെഴുകിയ അടുക്കളയില്‍, നനവും ആയുര്‍വേദ ഗുളികകളുമായി അവന്റെ സാന്നിധ്യം ഞങ്ങളറിഞ്ഞുതുടങ്ങി.

അടുക്കളവാതില്‍ സ്ഥിരമായി അടഞ്ഞുതുടങ്ങിയപ്പോള്‍ അവന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിച്ചു.കാറ്റടിച്ചാല്‍ കറന്റ്‌ പോകുന്ന നാട്ടില്‍ മൂന്നാം തവണ ബള്‍ബുമിന്നുന്നതും കാത്ത്‌ ഞങ്ങളിരിക്കുമ്പോള്‍ തുറന്നുകിടക്കുന്ന ഏതോ വാതിലിലൂടെ അവന്‍ ലക്ഷ്യം സ്ഥാനത്തെത്തിക്കൊണ്ടിരുന്നു.

നാട്ടുകാരുടെ മുഴുവന്‍ പ്രാക്കും കേള്‍ക്കുന്ന മിന്നല്‍ വിഭാഗം അപ്രതീക്ഷിതമായി കനിഞ്ഞപ്പോള്‍, അഥവാ രണ്ടാം മിന്നല്‍ കെടാതെ നിന്നപ്പോള്‍, ഞങ്ങളവന്റെ രഹസ്യമാര്‍ഗ്ഗം കണ്ടുപിടിച്ചു. വരാന്തയില്‍ നിന്നും ഊണുമുറി വഴി അടുക്കളയിലേക്ക്‌.

ഭീരു...

അവന്‍ വന്നവഴി തിരിച്ചോടിക്കളഞ്ഞു.

അവന്റെ അപഥസഞ്ചാര സമയം വൈകീട്ട്‌ ആറുമുതല്‍ എട്ടുവരെയാണ്‌ അതും ഇതിനിടയില്‍ കറന്റ്‌ മിന്നല്‍ പണിമുടക്ക്‌ നടത്തുമ്പോള്‍ മാത്രം. ഊണുമുറിയില്‍ നിന്നും അടുക്കളയിലേക്കുള്ള വാതില്‍ ഒരു കുഞ്ഞെലിക്കുപോലും തള്ളിയാല്‍ തുറക്കാവുന്നതുകൊണ്ട്‌ ആ വാതില്‍ അടച്ചിട്ട്‌ അവന്‌ മാര്‍ഗ്ഗതടസ്സം സൃഷ്‌ടിക്കാനുള്ള പെണ്‍പടയുടെയും ചാത്തന്റേം ശ്രമം വിജയിച്ചില്ല.

പെണ്‍ പടയോ!!!

അതെ എട്ടായാല്‍ മാത്രമേ മുതിര്‍ന്ന ആണ്‍കിളികള്‍ കൂടണയൂ.

അതുവരെയുള്ള ചാത്തന്റെ രാജപദവിയുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്തു കൊണ്ടുള്ള ബകന്റെ ഈ കടന്നാക്രമണത്തെ നേരിടാന്‍ അവസാനം ചാത്തന്‍ തന്നെ ചക്രവ്യൂഹം ചമച്ചു.

മുതിര്‍ന്നവരാരെങ്കിലും ഉള്ളപ്പോള്‍ തികച്ചും വിജയകരമായി നടപ്പാക്കാവുന്ന ഒരു പ്ലാനായിരുന്നു അത്‌. പക്ഷെ അപ്പോള്‍ ചാത്തന്‍ ആളാവുന്നതെങ്ങനെ?

പദ്ധതിയുടെ കര്‍മ്മപരിപാടി ഇങ്ങനെ.

ഊണുമുറിക്ക്‌ നാലാണു വാതിലുകള്‍. അടുക്കളയിലേക്ക്‌, വരാന്തയിലേക്ക്‌, സ്റ്റോര്‍ മുറിയിലേക്ക്‌, പിന്നെ നടുമുറിയിലേക്കും.

അടുക്കളവാതിലാണ്‌ താരതമ്യേന ദുര്‍ബലം. ചാത്തനു തനിച്ചുതന്നെ അടക്കാനും കൊളുത്തിടാനും പറ്റുമെങ്കിലും രണ്ടു പാളിയായ, കൊളുത്തിട്ട വാതില്‍ ഒന്നു തള്ളിയാല്‍ താഴെ രഹസ്യ മാര്‍ഗ്ഗം തുറക്കപ്പെടും. സേനയില്‍ നിന്ന് ആരോഗ്യമുള്ള ഒരു വിഭാഗത്തെ തിരഞ്ഞെടുത്ത്‌ ആ വാതില്‍ അടുക്കളയില്‍ നിന്നും തള്ളിപ്പിടിക്കാന്‍ ഏര്‍പ്പാടാക്കി.

അങ്ങനെ മൂന്നു വാതിലുകളും അടച്ചു ഭദ്രമാക്കുന്നു.മെയിന്‍ സ്വിച്ച്‌ ഓഫ്‌ ചെയ്ത്‌ കൃത്രിമ സൂര്യ ഗ്രഹണം സൃഷ്‌ടിച്ച്‌, വരാന്തയിലേക്കുള്ള വാതില്‍ തുറന്നിട്ട്‌, ബകന്‍ ഊണുമുറിയില്‍ പ്രവേശിക്കുന്നതും കാത്തിരിക്കുക. ബകന്‍ മുറിയിലേക്ക്‌ കടന്നാല്‍ പിന്നാലെ എല്ലും കൊള്ളി ചാത്തഭീമന്‍ വിറകും കൊള്ളിയുമായി അകത്തു കടക്കുക, മറ്റുള്ളവര്‍ ചക്രവ്യൂഹത്തിന്റെ പ്രവേശന കവാടം ബന്ധിക്കുക, സുദര്‍ശനം മെയിന്‍ സ്വിച്ചിന്റെ മുകളില്‍ നിന്നും മാറ്റുക.

ശേഷം ചാത്തന്റെ നിര്‍ദേശം ലഭിക്കുമ്പോള്‍ വാതില്‍ തുറന്ന് ബകന്റെ മൃതദേഹം ദര്‍ശിക്കുക.

സൂര്യഗ്രഹണം ആരംഭിച്ചു. നിര്‍ണ്ണായക സമയം അടുക്കുന്തോറും ശേഖരിച്ചു വച്ച ധൈര്യം ചോര്‍ന്നുകൊണ്ടേയിരിക്കുന്നു.

നിശബ്ദത തളം കെട്ടി ചീഞ്ഞുനാറിക്കിടക്കുന്നു. നടുമുറിയിലെ ക്ലോക്കിന്റെ ടിക്‌ ടിക്‌ ശബ്ദമോ ചാത്തന്റെ ഹൃദയമിടിപ്പോ ഏതോ ഒന്ന് അതിനെ കീറിമുറിച്ച്‌ ഓപ്പറേഷന്‍ ചെയ്തുകൊണ്ടിരിക്കുന്നു.

ഇരുളിന്റെ മറക്കുടപിടിച്ച്‌ ഇതാ വരുന്നു ബകന്‍.

ബകന്‍ പോര്‍ക്കളത്തിലേക്ക്‌ കയറി. പിന്നാലെ ഭീമനും.

ചക്രവ്യൂഹം അടഞ്ഞു. സൂര്യന്‍ മറനീക്കി പുറത്തു വന്നു.

ഒരു വലിയ ഊണ്‍ മേശ, അതില്‍ ഒറ്റച്ചാട്ടത്തിനു കയറാന്‍ ചാത്തനു പറ്റാത്തതുകൊണ്ട്‌, ചവിട്ടിക്കയറാന്‍ ഒരു കസേര. പിന്നെ മേശയോട്‌ ചര്‍ന്ന് പഴയപാത്രങ്ങള്‍ വച്ചിരിക്കുന്ന ഒരു അലമാര. ഇത്രയുമാണ്‌ അങ്കത്തട്ടിലെ സാമഗ്രികള്‍.

എണ്ണം പറഞ്ഞ എതിരാളികള്‍ നേര്‍ക്കുനേര്‍ നോക്കി കച്ച മുറുക്കി.

ഒരു കൊലപാതകം നടത്തി ബ്രഹ്മഹത്യാപാപം(അതു താന്‍ അന്തകാലത്തെ കേട്ടറിഞ്ഞ വല്യാവല്യ പാപം) ആ ചെറുപ്രായത്തില്‍ തലയിലേറ്റാന്‍ മിഥ്യാഭിമാനം കിണഞ്ഞു ശുപാര്‍ശ ചെയ്തെങ്കിലും മനഃസാക്ഷി അനുവദിക്കുന്നില്ല. അതിനാലാവണം 270 ഡിഗ്രിയില്‍ കറക്കിയടിച്ച അടികളൊന്നും ബകന്റെ വാലില്‍ പോലും കൊണ്ടില്ല.

"ഇവനാരെടാ... ഒരു അടി പോലും ലക്ഷ്യത്തില്‍ കൊള്ളിക്കാന്‍ പറ്റാത്ത ഇവനോടു ഈ ഇട്ടാവട്ടത്തില്‍ക്കിടന്ന് കള്ളനും പോലീസും കളിക്കാന്‍ ഞാനില്ല." എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്‌ ബകന്‍ ഊണുമേശക്കടിയിലേക്ക്‌ സ്ഥലംമാറ്റം വാങ്ങി.

പട്ടാളമുറപ്രകാരം ഒളിച്ചിരിക്കുന്ന ശത്രുവിനെ മാളത്തില്‍ നിന്നും പുറത്തു കൊണ്ടുവന്നു വേണം മാന്യനായ പോരാളി യുദ്ധം ചെയ്യാന്‍. പോരാഞ്ഞ്‌ മേശയ്ക്കും ചാത്തനും ഒരേ ഉയരമായതിനാല്‍ അടവുകള്‍ ഫലവത്താവുകയുമില്ല. അതിനുള്ള ശ്രമങ്ങളായി.

പാലേ തേനേ പുറത്തുവരൂ വിളികള്‍ ഫലം കാണാത്തതിനാല്‍ വീണ്ടും ആയുധം കൈയ്യിലെടുത്തു.

വീണ്ടും ഭീരു... അവന്‍ മേശയുടെ എതിര്‍ വശത്തൂടെ പുറത്തേക്ക്‌ കടന്നു.

എന്നാല്‍ മേശയ്ക്ക്‌ വെളിയിലിറങ്ങി, വര്‍ദ്ധിത വീര്യവുമായി, മേശയ്ക്ക്‌ വലം വച്ച്‌, ഗദയും തോളിലിട്ട്‌, അലറിയടുത്ത ഭീമനെ തീരെ പ്രതീക്ഷിക്കാത്ത തരത്തിലാണ്‌ ബകന്‍ നേരിട്ടത്‌.

ചോരക്കണ്ണുകളുമായി ബകന്‍ മുന്നോട്ടേക്ക്‌ കുതിച്ചു.

ദിഗന്തങ്ങള്‍ പൊട്ടുമാറ്‌ അപ്പോളുയര്‍ന്ന 'കീ' ശബ്ദം ജീവിതത്തിലാദ്യമായും അവസാനമായും ചാത്തന്‍ നടത്തിയ പെരുച്ചാഴി മിമിക്രിയാണോ,അതോ ഒറിജിനല്‍ ബകന്റെ കൊലവിളിയോ ദീനരോദനമോ ആണോ എന്ന കാര്യം ഇന്നും രണ്ടു ചെവികള്‍ക്കിടയിലെ നിഗൂഢ രഹസ്യമാണ്‌.

ഒളിമ്പിക്സില്‍ മരംകയറ്റം ഒരു മത്സരയിനമാക്കിയിരുന്നെങ്കില്‍ ആ ചെറുപ്രായത്തില്‍ തന്നെ ചാത്തന്‍ ഒരു ഭാവി വാഗ്ദാനമായി വാഴ്‌ത്തപ്പെട്ടേനെ. തറയില്‍ നിന്നും കസേരയിലേക്കും കസേരയില്‍ നിന്നും മേശയിലേക്കും കൂടുതല്‍ സുരക്ഷിതത്വത്തിനായി അടുത്തുള്ള അലമാരയുടെ മുകളിലേക്കും എത്തിപ്പെടാന്‍ ചാത്തന്‍ കണ്ണടച്ചു തുറക്കുന്ന സമയമേ എടുത്തുള്ളൂ.

പ്രതിപ്രവര്‍ത്തനം എന്ന നിലയില്‍ അലമാരയുടെ മുകളില്‍ നിന്നും ഒരു പഴയ പാത്രം താഴേക്കും കുതിച്ചു.പാത്രം താഴെവീണ ശബ്ദം കേട്ട്‌ ആശങ്കാകുലരായിത്തീര്‍ന്ന പ്രജകളെ. ഒന്നുമില്ല ഒരു പാത്രം വീണതാ എന്ന് സമാശ്വസിപ്പിച്ച്‌, വാതിലുകള്‍ അകത്തു നിന്ന് തഴുതിടാന്‍ ബുദ്ധിതോന്നിപ്പിച്ച ദൈവത്തോട്‌ നന്ദി പറഞ്ഞു.

സമനില വീണ്ടെടുത്ത്‌ പേടിച്ചോടിയ എതിരാളിയെ അന്വേഷിച്ചു.

ഉപയോഗിക്കനറിയാത്തവന്റെ കൈയ്യില്‍ ആയുധം കിട്ടിയാല്‍ എപ്പോഴും പ്രയോജനം ശത്രുവിനല്ല എന്ന പുതിയ ശാസ്ത്രസത്യത്തിന്റെ സ്ഥിരീകരണം ഇതാ നടന്നിരിക്കുന്നു. ചാത്തന്റെ പ്രഥമ പറക്കലിനിടെ നഷ്ടപ്പെട്ട ഗദ ബകന്റെ മസ്തകം പിളര്‍ന്നിട്ടില്ല,എങ്കിലും അവിടെത്തന്നെ കൊണ്ടുകാണണം. അതിനടുത്തു തന്നെ ഗദ കിടപ്പുണ്ട്‌.

"ഹേ കവികളേ വാഴ്‌ത്തുവിന്‍
നവനായകന്‍ തന്‍ വീരചരിതങ്ങള്‍"

പതുക്കെ താഴെയിറങ്ങി, പ്രതീക്ഷിച്ചതുപോലെ ചോരപ്രളയം ഒന്നുമില്ല.

വാലനങ്ങുന്നു ഈശ്വരാ ഇതു ചത്തില്ലേ!!!

പുറത്ത്‌ വിളികള്‍ ഉയരുന്നു.ഇനി വാതില്‍ തുറക്കാതെ പറ്റില്ല. താഴെവീണ പാത്രം പരിശോധിച്ചു.പാത്രം വില്‍പ്പനക്കാരന്‍ വരുമ്പോള്‍ കൊടുക്കാന്‍ വച്ചിരിക്കുന്ന ഒരു ചളുങ്ങിയ സാധനം. അതെടുത്ത്‌ ബോധം മറഞ്ഞിരിക്കുന്ന എതിരാളിയെ മൂടി. മുഴുവന്‍ കൊള്ളുന്നില്ല. വാല്‌ ബകനു വേദനയാകാത്തവണ്ണം പാത്രത്തിന്റെ ചളുങ്ങിയ ഭാഗത്തൂടെ പുറത്തേക്കാക്കി. അവിടിരുന്ന കസേര കൂടി പാത്രത്തിനു മേല്‍ ചരിച്ചു വച്ചു.

വാതിലുകളുടെ കൊളുത്തുകള്‍ ശബ്ദം കേള്‍പ്പിക്കാതെ എടുത്തു മാറ്റി, ഗദാധാരിയായി,ഒരുകാല്‍ പാത്രത്തിനു മുകളില്‍ എടുത്ത്‌ വച്ച്‌ വിളിച്ചു പറഞ്ഞു.

"ഇനി കാണേണ്ടവരെല്ലാം വന്ന് കണ്ടോളൂ"

അപ്പോഴും ഹൃദയം പിടക്കുന്നു. "ഇവനെങ്ങാന്‍ പുറത്തേക്ക്‌ ചാടുമോ" എത്രയും പെട്ടന്ന് തെളിവു നശിപ്പിക്കണം.

"ഞാന്‍പോയി കുഴിച്ചിടാന്‍ ആരെയെങ്കിലും വിളിച്ചിട്ടു വരാം"

"വേണ്ടെടാ മുതിര്‍ന്നവരാരെങ്കിലും വരട്ടെ."

"പറ്റില്ല. ചോര കട്ടപിടിക്കും,ആ പാത്രം പൊക്കരുതേ"
ഇതു പറഞ്ഞത്‌ മുറ്റത്തെത്തിയിട്ടാണെന്നു തോന്നുന്നു.

അപ്പോളതു വഴി വന്ന ഞങ്ങളുടെ ഒരു ബന്ധു ബകനെ ഒരു ചാക്കിലാക്കി ശ്മശാനത്തിലേക്ക്‌ ചാത്തന്‌ അകമ്പടി സേവിച്ചു. കുഴിയെടുത്ത്‌ കൊണ്ടിരിക്കുമ്പോള്‍ ചാക്കിനകത്ത്‌ അനക്കം കണ്ടതിലേക്ക്‌ ചാത്തന്‍ അദ്ദേഹത്തിന്റെ ശ്രദ്ധ ക്ഷണിച്ചു. കൈക്കോട്ട്‌(മമ്മട്ടി)കൊണ്ടുതന്നെ അതു നിര്‍ത്തലാക്കി ടിയാന്‍ പണി തുടര്‍ന്നപ്പോള്‍, ചാത്തന്‍ മണ്‍മറഞ്ഞ മറ്റൊരു രഹസ്യത്തിന്റെ മധുരാലസ്യത്തില്‍ മുങ്ങിത്താഴുകയായിരുന്നു. ബക ബധം അങ്ങനെ ബക വധമായിക്കലാശിച്ചു.

വാല്‍ക്കഷ്‌ണം:
മറ്റൊരു വീരനായകന്‍ ഉദയം കൊള്ളുന്നതുവരെ പുല്ലിനും പുല്‍ച്ചാടിക്കും പോലും ചാത്തന്റെ വീരഗാഥ പാടി നടക്കാനേ നേരമുണ്ടായുള്ളൂ. വീരപ്പന്റെ നാട്ടില്‍നിന്നും വന്ന ആ സാധാ നായകന്റെ വീരകൃത്യം ഇനിയൊരിക്കല്‍...

Monday, December 18, 2006

ആര്‍ത്തിക്കഥകള്‍ - മീന്‍ മോഹം

ഈ സീരീസിലെ കഥകള്‍ സര്‍ദാര്‍ജിയുഗത്തിലാണ്‌(ചാത്തന്‍ ഒരു വര്‍ഷം സര്‍ദാര്‍ജിമാരുടെ നാട്ടിലായിരുന്നു) നടക്കുന്നതെന്നതുകൊണ്ട്‌ പരിപൂര്‍ണ്ണമായും ആര്‍ത്തിക്കഥകള്‍ എന്നു വിളിക്കാന്‍ എനിക്കു താത്‌പര്യമില്ല. ഒരുപാട്‌ കാലം കിട്ടാതിരുന്ന്, കാത്തിരുന്നു കഴിക്കുമ്പോള്‍ ഇത്തിരികൊതിയൊക്കെ ആര്‍ക്കും കാണില്ലേ..

ചെയ്‌സ്‌ ചെയ്‌സ്‌ ചെയ്‌സില്‍ പരിചയപ്പെട്ട ചേട്ടന്‍ പിള്ളാരുടെ ബര്‍ത്ത്ഡേയ്ക്കും അല്ലാതെയും ആയി മൂന്നാലുതവണ ഞങ്ങളെ വീട്ടിലേക്ക്‌ വിളിച്ച്‌ കേരള സദ്യ തന്നിരുന്നു.ചേട്ടന്റെ ഫ്ലാറ്റ്‌ അടുത്തായിരുന്നതിനാല്‍ വല്ലപ്പോഴും നല്ല ചായ കുടിക്കണമെന്നുതോന്നുമ്പോള്‍ ചിലരൊക്കെ ഒറ്റയ്ക്കും തറ്റയ്ക്കും ആയി അവിടെ ചെല്ലാറുണ്ട്‌.

അങ്ങനെയിരിക്കെ ചേട്ടന്റെ നട്ടെല്ലിനു ചെറിയ ഡിസ്ക്‌ പ്രോബ്ലം. എല്ലാവരും ഹാജര്‍ വച്ചു. ഇന്റര്‍നാഷണല്‍ ചര്‍ച്ചകളൊക്കെക്കഴിഞ്ഞ്‌ എങ്ങിനെയോ ഒരു മീന്‍ ചര്‍ച്ചക്കിടയില്‍ കയറി. ആ പരിസരത്തൊന്നും കടലില്ലാത്തതുകൊണ്ട്‌ അവിടെ നല്ല മീന്‍ കിട്ടില്ലാന്നു ഞങ്ങള്‍. ഇത്തിരിദൂരെ ഒരു മാര്‍ക്കറ്റില്‍ നല്ലമീന്‍ കിട്ടുമെന്ന് ചേട്ടന്‍.എന്നാല്‍ പിന്നെ അതൊന്നു അറിഞ്ഞിട്ടു തന്നെ എന്നു ഞങ്ങളും.

ചെറിയൊരു പ്രശ്നം. ഞങ്ങള്‍ക്കുവഴിയറിയില്ല. ചേട്ടനു ലോങ്ങ്‌ ഡ്രൈവും പറ്റില്ല. ചാത്തനു നാലുചക്രശകടലൈസന്‍സ്‌ ഉണ്ട്‌.പക്ഷെ പ്ണ്ടെങ്ങാണ്ട്‌ ഒരു അരഭിത്തി ബോണ്ട്‌ സ്റ്റെയിലില്‍ അടിച്ചു തകര്‍ത്ത ആത്മവിശ്വാസം കാരണം പിന്നെ ആ സീറ്റിലിരുന്നിട്ടില്ല.

ഞങ്ങളുടെ പ്രൊജക്റ്റ്‌ ലീഡ്‌ കാര്യം ഏറ്റെടുത്തു. ചേട്ടന്റെ കാര്‍ പുള്ളിക്കാരന്‍ ഡ്രൈവ്‌ ചെയ്യും, ചേട്ടന്‍ നാവിഗേറ്റര്‍, ചേട്ടന്റെ പിള്ളാരും വരുന്നതു കാരണം അവരെ മേയ്ച്ചുനടക്കാന്‍ ആട്ടിടയന്‍ ചാത്തനും.

ചേട്ടനും ലീഡും മാര്‍ക്കറ്റിലേക്ക്‌ കയറിപ്പോയി. പിള്ളേരു മലയാളികളായതിനാല്‍ മേയ്ക്കാന്‍ അത്ര ബുദ്ധിമുട്ടുണ്ടായില്ല. ഒരിക്കലും അവസാനിക്കാത്ത ഒരു കഥ പറഞ്ഞ്‌ പറഞ്ഞ്‌ അവരു രണ്ടുപേരും കൂടി എന്നെ കൈവയ്ക്കും എന്ന ഘട്ടം ആയപ്പോഴേയ്ക്കും മീന്‍ വാങ്ങാന്‍ പോയവര്‍ ഒരു വലിയ പ്ലാസ്റ്റിക്‌ സഞ്ചിയും പൊക്കിപ്പിടിച്ചോണ്ട്‌ വരുന്നു. സഞ്ചിയില്‍ ചാത്തന്‍ ഇതുവരെ കാണാത്ത ഒരു തരം മീന്‍.

മടിച്ച്‌ മടിച്ചാണെങ്കിലും ചോദിച്ചു.

"ഇത്‌ പുഴമീനാണോ?"

"അതേ ഇവിടെക്കിട്ടൂ, നല്ല രുചിയായിരിക്കും എന്നു കടക്കാരന്‍ പറഞ്ഞു"

അല്‍പ്പം ഫ്ലാഷ്ബാക്ക്‌. പുഴക്കടുത്താണ്‌ വീടെങ്കിലും ചാത്തന്‍ ഇതുവരെ പുഴമീന്‍ കഴിച്ചിട്ടില്ല. കാരണം പുഴയുടെ ആഴവും പുഴക്കരയിലെ ജനങ്ങളുടെ ആത്മഹത്യാ പ്രവണതയും ഞാനോ നീയോ എന്ന് നിരന്തരം മത്സരിച്ചുകൊണ്ടിരുന്നു. നരഭോജിപ്പുഴമീനുകള്‍ക്ക്‌ പൊതുവേ കുറച്ച്‌ സ്റ്റാന്‍ഡേര്‍ഡ്‌ കൂടുതലാണെന്ന വിശ്വാസം വച്ച്‌ പുലര്‍ത്തുന്നതിനാല്‍ വീട്ടില്‍ വാങ്ങാറില്ല.സ്വയം പര്യാപ്തമായി ചൂണ്ടയിട്ട്‌ പിടിച്ചൂടെ എന്നു വച്ചാല്‍ അതിന്റെ എ ബി സി ഡി പോലും ചാത്തനു പിടിയില്ല. അല്ലേലും ഉപ്പില്ലാത്ത മീന്‍ എന്തിനുകൊള്ളാം.

തിരിച്ച്‌ സീനിലേക്ക്‌.

"ഞാനിതുവരെ ഇതു കഴിച്ചിട്ടില്ലാ"

"ഇങ്ങനെയല്ലേ കഴിച്ചു പഠിക്കുന്നത്‌"

ശരി മുഴുവന്‍ കൈയ്യും നോക്കിക്കളയാം.

ബാറ്റണ്‍ ചേച്ചിയ്ക്ക്‌ കൈമാറി തിരിച്ച്‌ ഞങ്ങളുടെ ഫ്ലാറ്റിലേക്ക്‌.

"ആയിക്കഴിഞ്ഞാല്‍ ഞാന്‍ വിളിക്കാം"

അയ്യോ ഒരുകഷ്‌ണമെങ്കിലും ഒന്ന് നല്ലവണ്ണം പൊരിച്ചെടുക്കണം എന്നു പറയാന്‍ മറന്നു. ഇനിയിപ്പോള്‍ വൈദ്യന്‍ പാലു കല്‍പിക്കുന്നതും നോക്കിയിരിപ്പേ രക്ഷയുള്ളൂ.
മൊബൈലുകള്‍ എല്ലാം നടുക്ക്‌ കൂട്ടിയിട്ട്‌ ചുറ്റിലും എല്ലാരും മുഖത്തോടു മുഖം നോക്കിയിരിക്കാന്‍ തുടങ്ങി, മീനിന്റെ "പൂ ഹോയ്‌" വിളിയും പ്രതീക്ഷിച്ച്‌.

ഒച്ചിഴയും വേഗത്തിലാണോ സമയം പോകുന്നത്‌!!!!

അവസാനം വിളിവന്നു.

പട തീന്മേശയ്ക്ക്‌ ചുറ്റും ഹാജര്‍. ഒരു കഷ്‌ണം മീന്‍ഫ്രൈ പ്രധാനകൊതിയന്റെ പ്ലേറ്റിലേക്ക്‌ ഇട്ടുകൊണ്ട്‌ ചേച്ചി പറഞ്ഞു.

"മീന്‍ നന്നാക്കാന്‍ കുറച്ചു സമയമെടുത്തു."

സാധാരണ ചാത്തന്‍ അധികം ചൂടുള്ളതൊന്നും കഴിക്കാറില്ല.പക്ഷേ ഫ്രൈയുടെ മണം കിടിലം. ആര്‍ത്തി കാണിച്ച്‌ അബദ്ധം പറ്റരുതല്ലോ. വിരലുകൊണ്ട്‌ ഞെക്കിചൂട്‌ പരിശോധിച്ചു.കഴിക്കാവുന്നതേയുള്ളൂ. ചേച്ചിക്ക്‌ എരിവിന്റെയും ഉപ്പിന്റെയും ഒന്നും കണക്ക്‌ തെറ്റാറില്ല. അത്‌ ഇത്തിരി മാറിയാലും അഡ്‌ജസ്റ്റ്‌ ചെയ്യാവുന്നതേയുള്ളൂ. വലിയ ഒരു കഷ്‌ണം തന്നെ വായിലേക്ക്‌ കുത്തിനിറച്ചു.

ഒരു കടി കടിച്ചു. ചൂട്‌ 110 ഡിഗ്രിയാണേലും ഒരു കിലോ മുളകുപൊടിയും ഉപ്പും ഇട്ടിരുന്നെങ്കിലും സഹിക്കാമായിരുന്നു.ഇതു കുറെ കടന്നുപോയി.

ഇതു മീനാണോ അതോ വല്ല മുള്ളന്‍പന്നിയോ!!!!!

ഒരിക്കലും വേണ്ട സമയത്ത്‌ അടിക്കാത്ത സ്ക്കൂള്‍ ബെല്ല് പോലെ ചേച്ചിയുടെ അശരീരി എവിടുന്നോ മുഴങ്ങുന്നു.

"നല്ല മുള്ളുള്ള ഇനമാണെന്നു തോന്നുന്നു നോക്കിക്കഴിക്കണേ എന്റെ കൈയ്യില്‍ ഒന്നു രണ്ടെണ്ണം കൊണ്ടു"

തുറന്ന വായ അടക്കാന്‍ പറ്റിയിരുന്നെങ്കില്‍ ഞാന്‍ വല്ലോം വിളിച്ചു പറഞ്ഞേനെ....


വാല്‍ക്കഷ്ണം:

സമര്‍പ്പണം - കഴിഞ്ഞ ദോശപ്പോസ്റ്റിന്റെ കമന്റായി എന്നെ ആര്‍ത്തിപ്പണ്ടാരം എന്ന് വിളിച്ച പടിപ്പുരച്ചേട്ടന്‌.
എങ്ങിനെയുണ്ട്‌ എന്റെ മധുര'മുള്ള്‌' പ്രതികാരം.

Monday, December 11, 2006

പത്തരമാറ്റ്‌

ഒരു കാലത്ത്‌ രാവിലെ എഴുന്നേറ്റാലുടനെ മൂക്കിലേക്ക്‌ ഒരു വാസന തുളച്ചു കയറും, പകുതി അടഞ്ഞ കണ്ണുകളും തൂക്കി ആ മണവും വലിച്ച്‌ കേറ്റി അടുക്കളയിലേക്കോടും.

തറയില്‍നിന്നും ഒരു അര മീറ്റര്‍ ഉയരത്തിലുള്ള അടുപ്പിന്റെ അരികില്‍ അത്ര തന്നെ ഉയരമുള്ള, സൂക്ഷിച്ചിരുന്നില്ലേല്‍ ഉരുണ്ട്‌ വീഴാവുന്ന, സ്റ്റൂളിന്റെ മുകളില്‍ ചുരുണ്ട്‌ കൂടി പൊരുന്നയിരിക്കുന്ന കോഴീടെ മാതിരി, കാലും കൈയ്യും എല്ലാം ചുരുട്ടിക്കൂട്ടി ഇരിപ്പുറപ്പിക്കും.

ഇടക്കിടെ കൈ നീട്ടി അടുപ്പില്‍ നിന്നും ചൂട്‌ പിടിച്ചെടുക്കും. എന്നിട്ട്‌ ആവിപറക്കുന്ന ദോശയെ നോക്കി വെള്ളമിറക്കും.

"പല്ല് തേയ്ക്കാതെ ഒരു തരി തരില്ല"

എന്ന അമ്മയുടെ പതിവു പല്ലവി കേട്ടു കഴിയുമ്പോള്‍ മുത്തശ്ശിയുടെ അടുത്ത്‌ കൈനീട്ടും അപ്പോള്‍ കിട്ടും ദോശയല്ല. ഇത്തിരി ഉമിക്കരി. അതും എടുത്ത്‌ സ്ലോ മോഷനില്‍ അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്‌. ആ പരുവത്തില്‍ വഴിയിലെങ്ങാന്‍ അച്‌ഛനെക്കണ്ടാല്‍ പല്ല് തേപ്പ്‌ ഇരട്ടിപ്പണിയാകും. അച്‌ഛന്‍ മാവില പറിച്ചു തരും. അതു കൊണ്ട്‌ കൂടി തിരുമുത്ത്‌ വിളക്കണം.

പല്ല് തേപ്പ്‌ കഴിഞ്ഞ്‌, കുലുക്കിക്കുത്തി, മുഖവും ഒന്ന് കഴുകി, ഇതാ ഞാന്‍ വന്നൂ എന്ന് നാടൊട്ടുക്ക്‌ വിളംബരം ചെയ്ത്‌ അരങ്ങില്‍ നിന്നും അടുക്കളയിലേക്ക്‌ പറന്നിറങ്ങും.

ഇന്ത്യയ്ക്ക്‌ സ്വാതന്ത്ര്യം കിട്ടിയത്‌ ഒരു ദിവസം ഇരുട്ടിവെളുക്കുമ്പോളല്ല എന്ന കാര്യം പ്രായോഗികമായി ഞാന്‍ പഠിച്ചത്‌ അടുക്കളയില്‍ വച്ചാണ്‌. രാജോചിതമായ കാഹളങ്ങളോടെ സ്ഥാനാരോഹണം ചെയ്താലും കോരനു ദോശ കോരന്റെ സമയത്തു തന്നെ.

വീട്ടിലെ മുതിര്‍ന്ന എല്ലാ ആണ്‍ പ്രജകള്‍ക്കുള്ളതും ശരിയായിക്കഴിഞ്ഞാല്‍ ആ അട്ടി ദോശ മുന്നിലൂടെ പറന്ന് പോകുന്നത്‌, കാണാന്‍ കൊള്ളാവുന്ന പെണ്‍പിള്ളേര്‍ ബസ്സ്റ്റോപ്പിനു മുന്നിലൂടെ പോകുമ്പോള്‍ കുടുംബത്തില്‍ പിറന്ന ആണ്‍പിള്ളേര്‍ 180 ഡിഗ്രിയില്‍ തല തിരിച്ച്‌ നോക്കുന്നതുപോലെ, വായില്‍ വെള്ളവുമിറക്കി 270 ഡിഗ്രിയില്‍ തിരിഞ്ഞു നോക്കിക്കൊണ്ടിരിക്കും.

ആര്‍ക്കും ആ കൊതിപറ്റാതിരിക്കാന്‍ അമ്മ കണ്ടുപിടിച്ച സൂത്രം ഉടന്‍ രംഗത്തിറങ്ങും.

"എടാ കറുമുറ വേണോ?"

32 ഒന്നും കാണില്ലെങ്കിലും ആകെയുള്ള 10 - 20 പല്ലുകളും ബാക്കിയ്ക്ക്‌ മോണയും കാട്ടി വെളുക്കെയുള്ളൊരു ചിരി കറുമുറെയുടെ കൂലി മാത്രമല്ല, പല്ലു തേച്ചതിനുള്ള തെളിവും കൂടിയാണ്‌. കറുമുറ എന്നു വച്ചാല്‍ മുഴുവന്‍ ദോശയല്ല. ദോശ എടുത്തു കഴിഞ്ഞാല്‍ കല്ലില്‍ ബാക്കിവരുന്ന ഉറച്ച ഭാഗങ്ങള്‍.

അതൊരു അടയാളമാണ്‌. ഇനി ബാക്കി പെണ്‍ പ്രജകളും ഞാനുമേയുള്ളൂ. പുതിയ അടുക്കള സാമ്രാജ്യത്തിന്റെ അവകാശിയുടെ അന്നത്തെ കിരീടധാരണം.അമൃതേത്ത്‌ തുടങ്ങുകയായി.

അതിനുമുന്‍പ്‌ ആ ദോശയുടെ സൗന്ദര്യ വര്‍ണ്ണന.

ഉരുളക്കിഴങ്ങ്‌ കുത്തിനിറച്ച തമിഴ്‌ മദാലസയല്ലിവള്‍.
ഇഞ്ച്‌ കനത്തില്‍ മേക്കപ്പിട്ട കന്നഡ 'സെറ്റ്‌' അപ്പുമല്ലിവള്‍.
ഗ്യാസ്‌ സ്റ്റൗവ്വിലെ നോണ്‍സ്റ്റിക്കില്‍ പറ്റിപ്പിടിക്കാത്ത മോഡേണ്‍ കേരള സുന്ദരിയും ഇവളുടെ എട്ടയലത്ത്‌ വരില്ല.

ചകിരിയും വിറകും ഉണക്കോലയും അലങ്കാരമേറ്റുന്ന ശ്യാമസുന്ദരി കല്ലടുപ്പിന്റെ മുകളില്‍ വിരാജിക്കുന്ന ദോശക്കല്ലിന്റെ മുകളില്‍, മൂന്ന് വിരലുകൊണ്ട്‌ പിടിക്കാവുന്ന ചെറിയ ചകിരിക്കുച്ചിനാല്‍ എണ്ണ പുരട്ടി,അതില്‍ നിന്ന് വെള്ള ആവി പൊങ്ങുമ്പോള്‍ ചിരട്ടക്കയ്യിലില്‍ കൊണ്ട്‌ ഒന്നരത്തവി മാവൊഴിച്ച്‌, രണ്ട്‌ തവണ ഘടികാര ദിശയിലും ഒരു തവണ തിരിച്ചും അതിനു മുകളിലൂടെ ചിരട്ടക്കയ്യിലോടിച്ച്‌, അടപ്പിന്റെകൊളുത്തിന്‌ കടലാസുവച്ച്‌ നീളം കൂട്ടി ചൂടിനെച്ചെറുക്കാന്‍ സജ്ജമാക്കിയ മൂടിവച്ച്‌ മൂടി, അല്‍പം കഴിഞ്ഞ്‌ മൂടി തുറക്കുമ്പോള്‍ ഏഴയലത്തും കൊതിപ്പിക്കുന്ന മണം പരത്തിച്ച്‌, ഒന്നു തിരിഞ്ഞ്‌ കിടന്ന്, സര്‍വ്വാലങ്കാരഭൂഷിതയായി ഇവള്‍ വരുമ്പോള്‍ സാക്ഷാല്‍ ഐശ്വര്യാ റായി പോലും ആ വഴി നടക്കില്ല.

തീര്‍ന്നില്ലാ. എനിക്കു ബ്ലോഗരെ കൊതി പിടിപ്പിച്ച്‌ മതിയായില്ല. അമൃതേത്ത്‌ തുടങ്ങുന്നതേയുള്ളൂ.

ഐശ്വര്യാറായിയും അഭിഷേക്‌ തേങ്ങാച്ചമ്മന്തിയും ഇപ്പോള്‍ കിട്ടില്ല. അതു കുളികഴിഞ്ഞ്‌ മേശയ്ക്ക്‌ മുന്നില്‍ എത്തിയാല്‍ മാത്രം. പകരം ....

ദേ ഒരു വിളി..

" ആ പശൂനെയ്യിന്റെ കുപ്പിയെടുത്തോണ്ടാടാ "

ചാത്തന്റെ എക്കാലത്തെയും വലിയ ഫേവറിറ്റ്‌ ഇതാ ജന്മം കൊള്ളുകയായി.

5 സെക്കന്റില്‍ ഇളം ബ്രൗണ്‍ നിറമുള്ള പശുവിന്‍ നെയ്യ്‌ കുപ്പിയുമായി ചാത്തന്‍ സമക്ഷം പ്രത്യക്ഷം.

ഇത്തിരിനേരം തിരിച്ചും മറിച്ചും അടുപ്പിന്റെ മൂട്ടില്‍ കാണിക്കുമ്പോഴേക്കും കുപ്പിയിലേയും എന്റുള്ളിലേയും മഞ്ഞുരുകും.

ജയിംസ്‌ കാമറൂണിന്‌ ടൈറ്റാനിക്‌ കുറച്ച്‌ വര്‍ഷങ്ങള്‍ മുന്‍പ്‌ ഉണ്ടാക്കാന്‍ തോന്നിയിരുന്നെങ്കില്‍ ഇത്രെം കാശുമുടക്കി സെറ്റിടേണ്ട ഒരു കാര്യവുമില്ലായിരുന്നു. ഒന്നല്ല ഒരഞ്ച്‌ ടൈറ്റാനിക്കിനെ മുക്കാനുള്ള വെള്ളം ചാത്തന്റെ കുഞ്ഞ്‌ വായില്‍ത്തന്നെ കണ്ടേനെ.

കുറച്ച്‌ മുന്‍പ്‌ ദോശക്കല്ലില്‍ നിന്നും ഇളകി, തിരിച്ചും പിന്നെ ഒന്നുകൂടി മറിഞ്ഞും കിടന്ന് കൂടുതല്‍ മൊരുമൊരുപ്പായിക്കൊണ്ടിരിക്കുന്ന ദോശസുന്ദരിയില്‍ നെയ്യൊഴിച്ച്‌ ചട്ടുകം കൊണ്ട്‌ എല്ലായിടത്തും എത്തിച്ച്‌ മേമ്പൊടിയായി കുറച്ച്‌ പഞ്ചസാരയും തൂവി, ചുരുട്ടിയെടുത്ത്‌ എന്റെ കുഞ്ഞുകൈയ്യില്‍ വച്ചു തരുമ്പോള്‍, അമ്മയുടെ കണ്ണില്‍ കാണുന്ന വാല്‍സല്യത്തിന്റെ തിളക്കത്തിനോ, എന്റെ കണ്ണില്‍ കാണുന്ന കൊതിയുടെ തിളക്കത്തിനോ, അതോ ദോശസുന്ദരിയുടെ ഉള്ളില്‍ നെയ്യിന്റെ മയം കൊണ്ട്‌ തിളങ്ങുന്ന പഞ്ചാരപ്പരലുകള്‍ക്കോ ഏതിനാണ്‌ പത്തരമാറ്റ്‌???

Wednesday, December 06, 2006

അഖിലേന്ത്യാവോളീബാള്‍ ടൂര്‍ണ്ണമെന്‍റ്‌

ചാത്തന്‍ ഒരു കൊച്ചു സ്പോര്‍ട്‌സ്‌ പ്രേമിയാണ്‌.ഒരു കളിയും നന്നായിക്കളിക്കാനറിയില്ലെങ്കിലും ആരെന്തു കളിക്കാന്‍ വിളിച്ചാലും റെഡി.

അത്തള പിത്തള കളികളല്ലാതെ ആംഗലേയ നാമധേയമുള്ള, ആദ്യമായി കൈയ്യിട്ട ഔദ്യൊഗിക കളി ഷട്ടില്‍ ബാഡ്‌മിന്റണ്‍ ആണ്‌. അതും അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ മീശയുള്ള ചേട്ടന്മാരുടെ കൂടെ.

കുറെക്കാലം അവരു കളിക്കുന്നതിനു ചുറ്റും ഒരു കൊച്ചു ബാറ്റുമെടുത്ത്‌ കറങ്ങിനടന്നാണ്‌ ഇതു സാധിച്ചെടുത്തത്‌. കളിക്കുന്ന സ്ഥലം വീട്ടുകാര്‍ക്ക്‌ ഒന്നിങ്ങിറങ്ങിയാല്‍ വിളിപ്പുറത്താണെന്നുള്ളതുകൊണ്ട്‌ രാത്രി 8 -9 മണിവരെ കളിക്കാന്‍ അനുമതിയുണ്ട്‌.

ചേട്ടന്മാര്‍ എല്ലാവരും വരുമ്പോളേക്ക്‌ സമയം ഇരുട്ടും. അക്കാലത്ത്‌ ട്യൂഷന്‍ എന്ന പരിപാടി വ്യാപകമല്ലാത്തതിനാല്‍ ആ സമയമാകുമ്പോഴേയ്ക്കും ഹോംവര്‍ക്കൊക്കെ തീര്‍ത്താല്‍ മതി എന്നാണു കണ്ടീഷന്‍.

ഒരു ദിവസം ഞാന്‍ നെറ്റും പിടിച്ചു കുറേ സമയം കുത്തിയിരുന്നു. ആരെയും കാണാനില്ല. ഒരണ്ണന്‍ ദേ വരുന്നു.

"ഇന്ന് കളിയില്ലെടാ.. മൈതാനത്ത്‌ അഖിലേന്ത്യാവോളീബാള്‍ ടൂര്‍ണ്ണമെന്‍റ്‌ നടക്കുന്നു എല്ലാരും അങ്ങോട്ട്‌ പോവുകയാ"

"ഞാനും വരട്ടെ?"

"വീട്ടില്‍ ചോദിച്ചിട്ടു വാ ഞാനിവിടെ നില്‍ക്കാം"

മൈതാനം അടുത്തായതിനാലും, കൂടെ വരുന്ന ചേട്ടന്മാരെ വീട്ടുകാര്‍ക്ക്‌ നല്ലവണ്ണം അറിയാമായിരുന്നതിനാലും ദിവസേന അനുവാദം കിട്ടാന്‍ വല്യവിഷമമില്ലായിരുന്നു.

അഖിലേന്ത്യ എന്ന് പറഞ്ഞിട്ട്‌ ടീമിന്റെ പേരുകള്‍ക്ക്‌ ജില്ലാനാമങ്ങളുമായി മാത്രമേ എന്റെ കുഞ്ഞു തലയ്ക്ക്‌ എന്തെങ്കിലും പൊരുത്തം കാണാന്‍ കഴിഞ്ഞുള്ളൂ.(അതു ആള്‍ കേരള ആയിരുന്നു എന്ന് പറയേണ്ടതില്ലാലൊ?)

വോളീബാളു ഞാനാദ്യമായിട്ടു കാണുകയാ. പ്രാഥമിക റൗണ്ട്‌ കഴിഞ്ഞപ്പോഴേയ്ക്കും കളിയുടെ നിയമാവലി, ടീമുകളുടെ ജയസാധ്യത പ്രവചനം നടത്താനുള്ള കഴിവ്‌ ഇവയൊക്കെ ഞാന്‍ സ്വായത്തമാക്കി.

മറ്റൊരു കാര്യം കൂടി ഞാന്‍ ശ്രദ്ധിച്ചു. ജില്ല ഏതെന്ന വ്യത്യാസമില്ലാതെ കളിതുടങ്ങിക്കഴിഞ്ഞാല്‍ കാണികള്‍ രണ്ട്‌ ചേരി തിരിഞ്ഞ്‌ ഓരോ ചേരിയും ഓരോ ജില്ലയെ സപ്പോര്‍ട്ട്‌ ചെയ്യുന്നു. ജയിക്കാന്‍ ചാന്‍സുള്ളവരെ പിന്താങ്ങുക എന്ന പ്രപഞ്ച സത്യം മുറുകെപ്പിടിച്ച്‌ പുരുഷന്മാരുടെ വിഭാഗത്തില്‍ കണ്ണൂരിനെയും വനിതകളുടെ വിഭാഗത്തില്‍ ഏറണാകുളത്തെയും പിന്താങ്ങാന്‍ ഞങ്ങള്‍ ഏകകണ്ഠേന ബില്ല് പാസ്സാക്കി.

ദിവസങ്ങള്‍ക്കും സ്മാഷിന്റെ സ്പീഡ്‌.

അടുത്ത റൗണ്ട്‌ കഴിഞ്ഞപ്പോഴേക്കും ഞാനാ വേദനിപ്പിക്കുന്ന സത്യം മനസ്സിലാക്കി. എന്റെ കുഞ്ഞു സൗണ്ട്‌ വലിയവരുടെ 5.1 ഡോള്‍ബി സിസ്റ്റത്തിന്റെ മുന്നില്‍ വെറും ഇന്റെക്സിന്റെ ഇയര്‍ ഫോണാണ്‌.

എന്നിലെ ഷെര്‍ലൊക്ക്‌ ഹോംസ്‌ സടകുടഞ്ഞെഴുന്നേറ്റു. പരീക്ഷണ നിരീക്ഷണങ്ങള്‍ക്കൊടുവില്‍ ഒരു നിഗൂഢരഹസ്യം വെളിവായി. ഓരോ ചേരിക്കാരും സ്വന്തം ടീമിനെ സപ്പോര്‍ട്ടുന്ന പലതരം മുദ്രാവാക്യങ്ങള്‍ ഒരേ സമയത്ത്‌ വിളിക്കും. അവരു നിര്‍ത്തുമ്പോള്‍ എതിര്‍ ചേരി തുടങ്ങും.

ഇതിലെന്തോന്ന് രഹസ്യം ഹേ!!!!!!

രഹസ്യം ഇതല്ല. പലതരം മുദ്രാവാക്യങ്ങള്‍ക്കിടയില്‍ ചിലതിനു നീളം കൂടുതലായിരിക്കും. ഒറ്റപ്പെട്ട്‌ പോകുന്ന ആ ശബ്ദങ്ങള്‍ "കീ" "കൂ" എന്നൊക്കെയായി വേറിട്ടവസാനിക്കും.ആ ശബ്ദങ്ങള്‍ തെളിഞ്ഞു കേല്‍ക്കാന്‍ കാരണം എതിര്‍ചേരിക്കാര്‍ ആ സമയത്ത്‌ ശ്വാസം സംഭരിച്ചുകൊണ്ടിരിക്കുകയായിരിക്കും എന്നതിനാലാണ്‌.

ഇതുവരെ കൂട്ടത്തില്‍ കൂക്കിവിളിച്ച്‌ എന്റെ തൊണ്ട മൂന്നാലു ദിവസമായി ശരിക്കു വര്‍ക്ക്‌ ചെയ്യാത്തത്‌. വീട്ടില്‍ പലരും ചോദിച്ചു തുടങ്ങി.

"എന്തു പറ്റിയെടാ രണ്ടു മൂന്നു ദിവസമായി മിണ്ടാട്ടമില്ലാലോ"

"ഏയ്‌ എനിക്കോ"

എന്നിട്ട്‌ സകല ശക്തിയും സംഭരിച്ച്‌ കുറച്ച്‌ ഡെമോകള്‍.

"മതിയോ സമാധാനമായല്ലോ"

അങ്ങനെ സെമിഫൈനലായപ്പോഴേക്കും പരീക്ഷണങ്ങള്‍ ഒരു കരയ്ക്കടുത്തു. ഇനി PSLV സൗണ്ട്‌ റോക്കറ്റിന്റെ പരീക്ഷണ വിക്ഷേപണം മാത്രം. വിക്ഷേപണം വിജയകരമാകണമെങ്കില്‍ മറ്റാരും വിളിക്കാത്ത മുദ്രാവാക്യങ്ങളും വേണം എന്നാലേ ആള്‍ക്കൂട്ടത്തിനിടയില്‍ ഒരു വെയിറ്റുള്ളൂ.

ഏറണാകുളവും പത്തനംതിട്ടയുമായുള്ള വനിതാ സെമിഫൈനല്‍. കീജയ്‌ വിളികള്‍ ദിഗന്തം പൊട്ടുമാറ്‌ അലയടിച്ചു.

ഗ്യാപ്പിനു വെയ്റ്റ്‌ ചെയ്തു. ആദ്യത്തെ ഒന്നു രണ്ടെണ്ണം മിസ്സായി.എന്നാലും ഒരുവിധം അടുത്ത ഊഴത്തില്‍ കാര്യം സാധിച്ചെടുത്തു. തിരമാലകള്‍ക്കിടയില്‍ ഒരു തിമിംഗലം.

"പത്തനംതിട്ടാ പൊട്ടണം തിട്ടം"

ആദ്യശ്രമം വിജയകരമായതോടെ ചാത്തന്‍ പുതിയ മുദ്രാവാക്യങ്ങളുടെ നിമിഷകവിയായി. മുദ്രാവാക്യങ്ങളുടെ പുതുമയും വൈവിധ്യവും കാരണം നിനച്ചിരിക്കാത്ത മറ്റൊരു സംഭവം കൂടി നടന്നു. ചാത്തനു കുറെ അനുയായികളെക്കിട്ടി.

ആവേശക്കൊടുമുടിയില്‍ കയറാന്‍ പിന്നെ താമസമുണ്ടായില്ല. തറ ഗ്യാലറിയില്‍ നിന്നും ചാത്തന്‍ പലരുടെയും തോളാകുന്ന ബാല്‍ക്കണിയിലെത്തി. തക്കാളിപ്പെട്ടിക്കും ഗോദ്‌റെജ്‌ പൂട്ടായി.

ഞങ്ങള്‍ പിന്താങ്ങിയ ടീമുകള്‍ സെമിഫൈനല്‍ ജയിച്ചു. ഗ്യാലറിയിലെ പുതിയ കവിയ്ക്ക്‌ രാജകീയമായ വിട. നാളെ കലാശക്കൊട്ട്‌. നാളെ നിമിഷകവിയാകേണ്ട. ഒരു 10,50 എണ്ണം എഴുതിക്കൊണ്ടുവരണം.

വീട്ടിനു മുന്‍പില്‍ വച്ച്‌ ചേട്ടന്മാര്‍ വിട പറഞ്ഞു. പകുതി ആകാശത്തിലും പകുതി ഭൂമിയിലുമായി അഴകിയ രാവണന്‍ വരാന്തയിലെത്തി. ഞങ്ങളുടേത്‌ കൂട്ടുകുടുംബമാണെന്ന് ഞാന്‍ മുന്‍പൊരു പോസ്റ്റില്‍ പറഞ്ഞതോര്‍ക്കുക.

ഒരു ചേച്ചിയാണ്‌ ആദ്യം എതിരിട്ടത്‌

"നീയെന്താടാ കന്നാലിപ്പിള്ളേരുടെ സ്വഭാവമായോ കൂക്കിവിളിച്ചു നടക്കുന്നു."

മൈന്‍ഡ്‌ ചെയ്തില്ല. ജസ്റ്റ്‌ ആന്‍ ഓര്‍ഡിനറി കമന്റ്‌ ദാറ്റ്‌ ഈസ്‌ ആള്‍.

ദേ വരുന്നു അടുത്തത്‌

"മുദ്രാവാക്യം വിളിക്കാനാണോടാ കളി കാണാന്‍ പോവുന്നത്‌?"

വാട്ടീസ്‌ ദിസ്‌? ഇന്നലെ വരെ ഞാന്‍ വിളിച്ചത്‌ ഞാന്‍ പോലും കേട്ടിട്ടില്ലാ. ഇന്നത്തെ കളിയുടെ തത്സമയ സംപ്രേഷണം റേഡിയോയില്‍ ഉണ്ടായിരുന്നൊ!!!!!

അതോ കൂടെ വന്നവരില്‍ എതിര്‍ചേരിയിലേക്ക്‌ മാറിയവര്‍ വല്ലതും ഒറ്റിയോ?ഹേയ്‌ അതിനു അവസരമെവിടെ. എല്ലാവരും ഒരുമിച്ചായിരുന്നു റിട്ടേണ്‍. ആരും വീട്ടിലേക്ക്‌ കയറിയുമില്ല. അല്ലേലും അവരൊന്നും അത്ര വിശ്വാസവഞ്ചകരല്ല.

അടുത്തതു അമ്മയുടെ വകയായിരുന്നു.

"പട്ടണംതിട്ട പൊട്ടണം അല്ലേ"

"നാളെ നീ ഈ പടിയിറങ്ങുന്നത്‌ എനിക്കൊന്നു കാണണം"

രാവണന്‍ ഫ്ലാറ്റ്‌. ഷെര്‍ലോക്കിന്റെ ട്യൂബ്‌ ലൈറ്റ്‌ ഒട്ട്‌ കത്തുന്നുമില്ല.

അറിയാതെ പറഞ്ഞുപോയി.

"ഇതൊക്കെ നിങ്ങള്‍ എവിടുന്ന് കേട്ടു?"

അതായിരുന്നു ശവപ്പെട്ടിയിലെ അവസാനത്തെ ആണി.അവര്‍ക്ക്‌ ഉണ്ടായിരുന്ന ഇത്തിരി സംശയം എന്റെ മണ്ടന്‍ ചോദ്യത്തോടെ മാറിക്കിട്ടി. വീട്ടുകാര്‍ ഒരുക്കിയ എലിക്കെണിയിലേക്ക്‌ കൂളായി ഞാന്‍ നടന്നുകയറി.

മിനിട്ടുകള്‍ക്കു മുന്‍പ്‌ കെട്ടിയ ചില്ലുകൊട്ടാരം മുഴുവനായും തകര്‍ന്ന് വീണ്‌, അതിലെ അവസാനത്തെ കണ്ണാടിക്കഷ്ണത്തിന്റെയും മുദ്രാവാക്യം നിലച്ചതോടെ ഞാന്‍ പ്രതികാര ദുര്‍ഗനായി.

എന്നെ ഒറ്റിയവന്റെ കൈയ്യില്‍ നിന്നും ഇന്നേക്ക്‌ മൂന്നാം ദിവസത്തിനുള്ളില്‍ തല്ലു വാങ്ങിയില്ലെങ്കില്‍ അവന്റെ പേരു ഞാന്‍ എന്റെ ഇല്ലാത്ത പട്ടിക്കിടും.

സത്യമറിയാന്‍ ഒരുവഴിയേയുള്ളൂ. ഇനി ഇത്തിരി ദയാവായ്പ്‌ ബാക്കി ഉണ്ടാകാന്‍ ചാന്‍സുള്ള ഒരേ ഒരാളേ ഉള്ളൂ മുത്തശ്ശി. അങ്ങോട്ട്‌ വച്ചു പിടിച്ചു.ആ ഹൃദയഭേദകമായ സത്യം വെളിപ്പെടാന്‍ പിന്നെ വൈകിയില്ല.

"എന്റെ കടിഞ്ഞൂല്‍ പൊട്ടാ നിനക്കാ കോളാമ്പീടെ(മൈക്ക്‌) തൊട്ട്‌ താഴെയിരുന്ന് തന്നെ ഒച്ചപ്പാടാക്കണമായിരുന്നോ"

സെമിഫൈനലിനു ആളെക്കൂട്ടാന്‍ നാടുമുഴുവന്‍ കണക്റ്റ്‌ ചെയ്ത കോളാമ്പി സ്പീക്കറാണപ്പോള്‍ വില്ലന്‍. പ്രതികാര ടൈറ്റാനിക്‌ മുങ്ങി. എന്നാലും എന്റെ സൗണ്ട്‌ ഇത്രേം വേറിട്ട ശബ്‌ദമായിരുന്നോ.......

വാല്‍ക്കഷ്ണം:
പിറ്റേന്നത്തെ ഫൈനല്‍ എന്റെ നഷ്‌ടസ്വപ്‌നങ്ങളുടെ ലിസ്റ്റില്‍ സസന്തോഷം ആഡ്‌ ചെയ്ത്‌ ഞാന്‍ സുഖമായി ഉറങ്ങി. എന്തായാലും ഒരു ദിവസമെങ്കില്‍ ഒരുദിവസം എന്റെ വേറിട്ട ശബ്‌ദം നാടിനെ പ്രകമ്പനം കൊള്ളിച്ചല്ലോ...

Friday, December 01, 2006

ചെയ്‌സ്‌ ചെയ്‌സ്‌ ചെയ്‌സ്‌

ജോലി സംബന്ധമായി സര്‍ദാര്‍ജിമാരുടെ നാട്ടിലെത്തിയിട്ട്‌ അധികമായില്ല. കമ്പനിയില്‍ രണ്ട്‌ ഞാനടക്കം മൂന്ന് മുഴുമലയാളികളും രണ്ട്‌ മലയാളം എഴുതാനും വായിക്കാനും അറിയാത്ത മലയാളികളും രണ്ട്‌ മുല്ലപ്പെരിയാര്‍കാരും. രണ്ട്‌ ഹിന്ദിക്കാരും മാനേജരായി മറ്റൊരു നാട്ടുകാരനും.

കമ്പനിവക ഫ്ലാറ്റ്‌ ഉണ്ട്‌. ഹിന്ദിക്കാരൊഴികെ ഞങ്ങള്‍ ഏഴുപേര്‍ക്ക്‌ ഓടിക്കളിച്ച്‌ നടന്നാലും പിന്നേം സ്ഥലംബാക്കികിടക്കും. അത്‌ ഫ്ലാറ്റുകളുടെ ഒരു കൊച്ച്‌ കാടായിരുന്നു. വളരെ പ്ലാന്‍ഡായി പണിത സിറ്റിക്ക്‌ പുറത്ത്‌ അത്ര തന്നെ പ്ലാന്‍ഡായി പണിത കെട്ടിടസമുച്ചയങ്ങളില്‍ ഒന്ന്.

ഫ്ലാറ്റ്‌ ഗ്രൂപ്പിന്റെ നമ്പര്‍ അറിയില്ലേല്‍ ഒരു തവണ പോയ ഫ്ലാറ്റില്‍ രണ്ടാമത്തെ തവണ എത്തുക പ്രയാസം. കാരണം വഴികളെല്ലാം ഒരുപോലിരിക്കും. പക്ഷെ ശരിയായ വിലാസം അറിയുമെങ്കില്‍ ഒരു കൊച്ചു കുഞ്ഞിനു പോലും ആരോടും ചോദിക്കാതെ വഴി കണ്ടുപിടിക്കാം.

കമ്പനി സിറ്റിയുടെ ലിമിറ്റ്‌ കഴിയുന്നിടത്താണ്‌. ഞങ്ങള്‍ ഏഴ്‌ പേര്‍ക്ക്‌ അഞ്ച്‌ ബൈക്കുകളും. അതിനുമുന്‍പ്‌ വിരലിലെണ്ണാവുന്ന തവണ ഇരുചക്ര മോട്ടോര്‍ ശകടത്തിന്റെ പിന്നിലായി മാത്രം ഇരുന്നിട്ടുള്ള ചാത്തന്‍ "കേറെടാ" എന്നുള്ള ആജ്ഞ കേള്‍ക്കാത്ത അവസരങ്ങളില്‍ വെറും 20 മിനിറ്റ്‌ കൊണ്ട്‌ ഫ്ലാറ്റ്‌ മുതല്‍ ഓഫീസ്‌ വരെയുള്ള ദൂരം സ്വന്തം 'നടരാജാ മോട്ടോര്‍ സര്‍വീസില്‍' താണ്ടിക്കൊണ്ടിരുന്നു.

പെട്രോളടിക്കാന്‍ കാശ്‌ ഷെയര്‍ ചോദിക്കുന്നതു കൊണ്ടാണ്‌ ചാത്തന്‍ ഇ.മോ ശകടത്തില്‍ കയറാത്തതെന്നുള്ള ഒരു അപവാദം അക്കാലത്ത്‌ ശക്തമായി പ്രചാരത്തിലുണ്ടായിരുന്നു എന്നും അങ്ങേയറ്റം വ്യസനസമേതം അറിയിച്ചു കൊള്ളുന്നു.

കേരളത്തില്‍ നിന്നങ്ങോട്ട്‌ പോയ ആദ്യ അവസരത്തില്‍ ഒരു തവണ ബസ്സിലും പിന്നെ 2ഓ 3ഓ തവണ ഓട്ടോയിലും അല്ലാതെ അവിടെ വച്ച്‌ മറ്റൊരു വാഹനത്തിലും അവിടുത്തെ സാദാ വാഹനമായ സൈക്കിള്‍ റിക്ഷയില്‍ പോലും ചാത്തന്‍ കയറീട്ടില്ല എന്നറിയുമ്പോള്‍ മുകളില്‍ പറഞ്ഞ അപവാദത്തില്‍ കഴമ്പില്ല എന്നത്‌ സുവിദിതമാണാല്ലോ.

അവശ്യവസ്തുക്കള്‍ വാങ്ങാന്‍ നടന്നുപോയാല്‍ മതി. പിന്നെ വല്ലപ്പോഴും ഒരു സിനിമ കാണാനോ, ആര്‍ക്കെങ്കിലും വല്ല ഷര്‍ട്ടോ പാന്റ്‌ മറ്റോ വാങ്ങണം എന്ന പേരില്‍ ശനിയാഴ്ച വൈകീട്ട്‌ എല്ലാരും കൂടി പഞ്ചപാണ്ഡവരുടെ പുറത്ത്‌ സിറ്റിയില്‍ പോകും.

മുഴുവന്‍ സിറ്റിയിലും കൂടി രണ്ടേ രണ്ട്‌ ട്രാഫിക്‌ ലൈറ്റുകളാണുള്ളതെന്നാണെന്റെ ഓര്‍മ്മ(ഞങ്ങള്‍ക്ക്‌ സിറ്റിയിലെത്താന്‍). ഒന്ന് സിറ്റിക്ക്‌ പുറത്ത്‌ ഞങ്ങളുടെ ഓഫീസിന്റെ തൊട്ടട്ടുത്ത്‌.പിന്നെ ഒന്നും കൂടി. ബാക്കി ഉള്ള എല്ലാ ജങ്ക്ഷനുകളിലും റൗണ്ട്‌ എബൗട്ടുകള്‍ മാത്രം.

ബാംഗ്ലൂരിലെ ട്രാഫിക്കില്‍ കിടന്നുറങ്ങുമ്പോള്‍ ഞാനാ സുവര്‍ണ്ണകാലം സ്വപ്നം കാണാറുണ്ട്‌.

എങ്ങിനെ പോയാലും വഴി തെറ്റില്ല. കാരണം 'മധ്യ മാര്‍ഗ്‌' ആണ്‌ ഞങ്ങളുടെ പ്രധാന പാത. വഴിതെറ്റിയാലും ദിക്കും മാര്‍ഗുകളുടെ പേരും നോക്കി ആ പാതയില്‍ എളുപ്പം എത്തിച്ചേരാം.

മധ്യ മാര്‍ഗിനെപ്പറ്റിപ്പറയുകയാണെങ്കില്‍, ഇത്രവേഗത്തില്‍ കാറും ബസ്സും ബൈക്കും ചീറിപ്പായുന്ന ഒരു പ്രധാന പാത, സിറ്റിക്കകത്തായി ഇന്ത്യയില്‍ മറ്റ്‌ എവിടെയും കാണില്ല. എന്റെ കൂട്ടരെപ്പറ്റിപ്പറയുകയാണെങ്കില്‍. 74 kmph നു പോയി ഓവര്‍ സ്പീഡിനു ചെലാന്‍ കിട്ടിയത്‌ പുറത്തറിഞ്ഞാല്‍ പിന്നെ ജീവിച്ചിരുന്നിട്ട്‌ കാര്യമില്ല എന്ന് കരുതുന്നവര്‍. കാരണം വെറും സാധാരണ സ്പീഡ്‌ 100 kmph നു മുകളിലാണ്‌.

ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല കുറേക്കാലം മുന്‍പ്‌ ഒരു പരസ്യമുണ്ടായിരുന്നു റോഡ്‌ സുരക്ഷയുടെ. ഹിന്ദി നടന്‍ ജാക്കിഷ്രോഫ്‌ നിര്‍ത്തിയിട്ടിരിക്കുന്ന കുറേ വാഹനങ്ങളുടെ ഇടയിലൂടെ ബൈക്കോടിച്ച്‌, അത്‌ ജമ്പ്‌ ചെയ്യിച്ച്‌ നിറയെ കമ്പികള്‍ ഉള്ള ഒരു ലോറിയുടെ മുകളില്‍ എത്തി. "ഇത്‌ വെറും ഷൂട്ടിംഗ്‌ ജീവിതമാണെങ്കില്‍ താങ്കള്‍ നേരെ ആശുപത്രിയില്‍ അല്ല മുകളില്‍ എത്തിയേനെ" എന്ന് പറയുന്ന ഒന്ന്.

ഈ പരസ്യത്തില്‍ ഓവര്‍ടേക്ക്‌ ചെയ്യുന്ന വാഹനങ്ങള്‍ എല്ലാം നിര്‍ത്തിയിട്ടിരിക്കുന്നതാണ്‌. അതു അങ്ങനെ തന്നെ വേറൊരു ആംഗിള്‍ ക്യാമറയില്‍ ഷൂട്ട്‌ ചെയ്തിരുന്നെങ്കില്‍ നമ്മള്‍ക്ക്‌ അതും ഓടുന്നതായി തോന്നിയേനെ. ഇതു ഇപ്പോള്‍ പറയാന്‍ കാരണം ബൈക്കിന്റെ പിന്നില്‍ ഇരുന്ന് വരുമ്പോള്‍ കൂടെവരുന്ന വാഹനങ്ങള്‍ എല്ലാം അതുപോലെ നിര്‍ത്തിയിട്ടിരിക്കുന്നതായാണ്‌ എനിക്ക്‌ തോന്നുക.

""ബൈക്കിന്റെ പിന്നിലിരുന്ന് ദൈവത്തെ വിളിച്ച്‌ വിളിച്ചാണ്‌ ചാത്തന്‍ ഒരു ദൈവ വിശ്വാസിയായത്‌.""

ഒരുദിവസം ഞങ്ങള്‍ പതിവ്‌ പോലെ ഷോപ്പിംഗ്‌ കഴിഞ്ഞ്‌ പറന്നുവരുമ്പോള്‍ പതിവില്ലാതെ ഒരു ചുവന്ന മാരുതി ഞങ്ങളെ അതേ വേഗത്തില്‍ പിന്തുടരുന്നു. ആദ്യം സംശയരോഗിക്ക്‌ മാത്രമേ സംശയം ഉണ്ടായിരുന്നുവെങ്കിലും. പതുക്കെ എല്ലാവര്‍ക്കും ബോധ്യമായി. മുന്‍പില്‍ കടന്നുപോകാന്‍ അവസരം കൊടുത്തിട്ടും പോകുന്നില്ല. ഇരുട്ടിയതുകൊണ്ട്‌ അകത്താരെന്നും വ്യക്തമല്ല.

സാദാപോലീസുകാര്‍ പോലും മെഷീന്‍ ഗണ്ണും പിടിച്ച്‌ നടക്കുന്ന നാട്ടില്‍ റിവോള്‍വറിലെ ആറു തിരകളും കഴിഞ്ഞാല്‍ ബാക്കിയുണ്ടാവേണ്ടതാര്‌ എന്ന തീരുമാനത്തില്‍ ഞങ്ങള്‍ക്കെത്താന്‍ കഴിയാത്തതിനാല്‍ ആറര മലയാളികളുടെ കൈക്കരുത്ത്‌ പരീക്ഷിക്കേണ്ടാന്നു വച്ചു.

പിന്നെ നടന്നതെന്താണെന്ന് എനിക്ക്‌ വലിയ അറിവൊന്നുമില്ല. കണ്ണ്‍ തുറന്നപ്പോള്‍ ഫ്ലാറ്റിന്റെ കോമ്പൗണ്ടില്‍ എത്തിയിരുന്നു. കുറേദൂരം ചുവന്ന മാരുതി ഞങ്ങളെ ചെയ്‌സ്‌ ചെയ്തെങ്കിലും അവര്‍ക്ക്‌ പിടികൊടുക്കാതെ പറപ്പിച്ച്‌ വിട്ട കഥ കുറച്ച്‌ ദിവസത്തേക്ക്‌ എല്ലാരും പറഞ്ഞു നടന്നു.

അടുത്ത ആഴ്ച അതേ ദിവസം അതേ സമയം അതേ വഴി. ഞങ്ങള്‍ അതേ സ്പീഡില്‍ കത്തിച്ച്‌ വരുന്നു. വഴിയിലെവിടെയോവച്ച്‌ ഞാന്‍ വെറുതേ തിരിഞ്ഞുനോക്കി. അയ്യോ ദേ വരുന്നു വില്ലന്‍ മാരുതി. നമ്പര്‍ ഒന്നും ഓര്‍മയില്ല പക്ഷേ ആ സ്പീഡില്‍ പോകുന്ന ഞങ്ങളുടെ പിറകേ എത്തണമെങ്കില്‍ മാരുതിയുടെ ഉദ്ദേശശുദ്ധിയെ കണ്ണുമടച്ച്‌ സംശയിക്കാം.

പഞ്ചപാണ്ഡവര്‍ മരണപ്പാച്ചില്‍ തുടങ്ങി. ചാത്തനിരുന്ന ശകടത്തിനെന്തോ കൊച്ചു പ്രശ്‌നം വലിയ പ്രശ്‌നം ചാത്തന്‍ അതിന്റെ മുകളില്‍ ഇരിപ്പുണ്ട്‌ എന്നതു തന്നെ. ശകടം സൈഡായി. സ്ഥലം അത്ര ശരിയല്ല ഒരു മനുഷ്യനേം കാണാനില്ല. വണ്ടി അവിടെ ഇട്ടിട്ടെങ്ങനെ ഓടും?

പിന്നാലെ കുതിച്ചു വന്ന ചുവന്ന വില്ലന്‍ ഒരു സഡന്‍ ബ്രേക്കിട്ടു അല്‍പം സ്കിഡ്‌ ചെയ്ത്‌ സൈഡായി. ഞങ്ങളുടെ ഇത്തിരി മുന്നിലായിട്ട്‌ നിര്‍ത്തി. വേലുത്തമ്പിദളവയ്ക്കും പഴശ്ശിരാജാവിനും ഏതോ സിങ്ങിന്റെ വെടിയേറ്റ്‌ ചാവാനാണോ യോഗം. എന്തായാലും മലയാളികളുടെ പേരു കളയില്ല. ഞങ്ങള്‍ ഒരുങ്ങിത്തന്നെ നിന്നു.

ബാക്ക്ഡോര്‍ തുറന്നു പുറത്തേക്ക്‌ ചാടിയവരെക്കണ്ട്‌ ഞങ്ങള്‍ രണ്ടും ഞെട്ടി. അഞ്ചാറു വയസ്സുവരുന്ന രണ്ട്‌ കുഞ്ഞു പെണ്‍കുട്ടികള്‍!!!!!! പിന്നാലെ ഒരു മുപ്പത്തഞ്ച്‌ വയസ്സ്‌ വരുന്ന ഒരു തനി മലയാളി ഇപ്രകാരം ഉവാച.

"നിങ്ങളൊക്കെ വീട്ടില്‍ പറഞ്ഞിട്ടാണോ ഇങ്ങോട്ട്‌ വന്നത്‌"

ചാത്തന്റെ മുഖം കണ്ടാല്‍ ആരും കണ്ണടച്ചു പറയും മലയാളിയാണെന്ന്. പക്ഷേ ഇപ്പോള്‍ ഹെല്‍മെറ്റ്‌ ഉണ്ടല്ലോ പിന്നെ????

"എങ്ങിനെ മനസ്സിലായി?"

"KL registration ല്‍ ഉള്ള വണ്ടിയും വച്ച്‌ ഈ സ്പീഡില്‍ ഇതിലൂടെ പോകുന്നവര്‍ മലയാളികളാണെന്ന് പിന്നെ മൈക്ക്‌ വച്ച്‌ പറയണോ"

ഞങ്ങളുടെ ഫ്ലാറ്റിനു അടുത്ത്‌ തന്നെ താമസിച്ചിരുന്ന ആ ചേട്ടനും കുടുംബവും കുറേ ദിവസമായി മറുനാട്ടില്‍ പറന്നു നടക്കുന്ന ഈ മലയാളി മണ്ടന്മാരെ നമ്പര്‍ പ്ലേറ്റും നോക്കി പിന്തുടരുന്നു. ഇന്നാണ്‌ കൈയ്യില്‍ പെട്ടത്‌. അതും അബദ്ധവശാല്‍.

ഒരു മറുനാടന്‍ മലയാളിക്ക്‌ ഇങ്ങനെ ഒരു കണ്ടുമുട്ടല്‍ എത്രമാത്രം സന്തോഷമുണ്ടാക്കുമെന്ന് മറുനാടന്‍ മലയാളികള്‍ നിറഞ്ഞ ബ്ലോഗര്‍ സമൂഹത്തോട്‌ ചാത്തന്‍ പറയേണ്ടല്ലോ......

Monday, November 27, 2006

കഥയ്ക്കുപിന്നിലെ കഥകള്‍

അഥവാ ബ്ലോഗറില്‍ അഹങ്കാരം ഉണ്ടാവുന്നത്‌.....
അഥവാ തലക്കനം ഒരു ക്ഷമാപണം....

കൊടകരപുരാണത്തിന്റെ pdf വായിച്ചാണ്‌ ഞാന്‍ മലയാളം ബ്ലോഗിനെപ്പറ്റി അറിഞ്ഞത്‌.പുരാണം മുഴുവനും അന്നുതന്നെ തീര്‍ത്തു. ഓഫീസിലില്‍ ആളില്ലാത്തപ്പോള്‍ ഇരുന്നു വായിക്കുന്നതു കൊണ്ട്‌ മറ്റ്‌ ബ്ലോഗുകളില്‍ അധികം പോയില്ല. പിന്നെ ഒരു കൂട്ടുകാരന്‍ പറഞ്ഞതനുസരിച്ച്‌. 'മൊത്തം ചില്ലറ' തീര്‍ത്തു.

അപ്പോളൊന്നും സ്വയം എഴുതുന്നതിനെപ്പറ്റി ഒരു ചിന്തയുമുണ്ടായിരുന്നില്ല. പണിത്തിരക്ക്‌ ഒന്നു കുറഞ്ഞപ്പോളാണ്‌ പൊന്നമ്പലം അവന്റെ ബ്ലോഗ്‌ വായിക്കാന്‍ പറഞ്ഞ്‌ ലിങ്ക്‌ അയക്കുന്നത്‌. അവന്‍ അവന്റെ കൂട്ടുകാര്‍ക്കു പറ്റിയ മണ്ടത്തരങ്ങള്‍ കഥയാക്കുന്നതു കണ്ടപ്പോള്‍ തലക്കുള്ളില്‍ ഒരു കൊച്ച്‌ ഫ്ലാഷ്‌.

വരമൊഴിയും കീമാനും ഒക്കെ ഡൗണ്‍ലോഡ്‌ ചെയ്ത്‌ വീട്ടിലെത്തിച്ചു.തമാശക്കഥയോ ഞാനോ!!!! ഹേയ്‌ അതുവേണ്ട സീരിയസ്സായി വല്ലതും എഴുതിക്കളയാം. എണ്ണിയാല്‍ തീരാത്ത കൂട്ടുകാരുണ്ട്‌ അപ്പോള്‍ പിന്നെ സൗഹൃദത്തെപ്പറ്റി ഒരു ലേഖനം ആയേക്കാം.

ഒന്നു രണ്ട്‌ വരികള്‍ എഴുതി.ടൈപ്പ്‌ ചെയ്യാന്‍ ഒരു ബുദ്ധിമുട്ട്‌. പോരാഞ്ഞ്‌ വായിച്ചിട്ട്‌ എനിക്കുതന്നെ ഛര്‍ദ്ദിക്കാന്‍ വരുന്നു. നിര്‍ത്തി. ഇതു നമുക്ക്‌ പറ്റിയ പണിയല്ലേ.

ദിവസങ്ങള്‍ കടന്നു പോയി. ഇടയ്ക്ക്‌ പൊന്നമ്പലത്തിന്റെ ബ്ലോഗ്‌ അപ്ഡേറ്റ്‌ വരും.വായിക്കും. അതിനിടയ്ക്ക്‌ എന്റെ പഴയ പ്രൊജക്റ്റ്‌ ലീഡ്‌. അദ്ദേഹത്തിന്റെ ഹിമാലയന്‍ മോട്ടോര്‍ സൈക്കിള്‍ പര്യടനത്തെക്കുറിച്ചുള്ള ഇംഗ്ലീഷ്‌ ബ്ലോഗ്‌ ലിങ്ക്‌ അയച്ചു തന്നു. പടങ്ങളും വിവരണവും മിക്സ്‌ ചെയ്തുകൊണ്ടുള്ള ഒരു കലക്കന്‍ സാധനം.

ശരിക്കും ഞെട്ടിപ്പോയി. പരിചയമുള്ള എല്ലാവര്‍ക്കും ലിങ്ക്‌ അയച്ചു കൊടുത്തു. എന്തോ അവിടെ കമന്റിടാന്‍ ബ്ലോഗര്‍ ഐഡി വേണം. അങ്ങനെ ഐഡിയും (കുട്ടിച്ചാത്തന്‍ എന്നല്ല) ഒരു കൊച്ച്‌ ബ്ലോഗും(A small town Boy) ഉണ്ടാക്കി. അതുണ്ടാക്കി ഒരു സമയമായതിനാല്‍ പിന്നെ കമന്റ്‌ ഇട്ടില്ല. നേരിട്ടറിയിച്ചു.

പഴയ ആഗ്രഹങ്ങള്‍ പിന്നേം തികട്ടി വന്നു. ഇത്തവണ അരക്കൈ നോക്കിയിട്ടേ ഉള്ളൂ.

എന്നെങ്കിലും കഥയെഴുതുകയാണെങ്കില്‍ എഴുതാന്‍ വച്ചിരുന്ന ത്രഡ്‌ തന്നെ തലയുടെ ഏതോ കോണില്‍ നിന്നും പൊടിതട്ടിയെടുത്തു.ഒറ്റയിരിപ്പിനു പകുതി തീര്‍ത്തു. എന്നുവച്ചാല്‍ "ചുവന്ന തക്കാളിക്കു പകരം പച്ചതക്കാളിയുണ്ടായിട്ടും കൊല്ലാതെ വിടുന്നതുവരെ" പിറ്റേന്ന് ജി റ്റാക്കില്‍ പൊന്നമ്പലത്തിനു അയച്ചു കൊടുത്തു അഭിപ്രായം അറിയാന്‍.

"ഉം കൊള്ളാം എന്നിട്ട്‌ തക്കാളിക്കെന്തു സംഭവിച്ചു ചീഞ്ഞു പോയോ?"

ഒരു ഒഴുക്കന്‍ മറുപടിയാണെങ്കിലും കൊള്ളാം ഇതുവരെ എഴുതിയ പച്ചക്കള്ളത്തിനു ഒരു സസ്‌പെന്‍സ്‌ ഉണ്ടാക്കാന്‍ പറ്റി. അക്കാലത്തെ ഓര്‍മകളില്‍ മായാതെ കിടക്കുന്ന ഒന്നാണ്‌ വിരുന്നു പാര്‍ക്കാന്‍ പോയിട്ട്‌ അച്‌ഛന്‍ എന്നെ പിടിച്ച്‌ വലിച്ച്‌ കൊണ്ടുവന്നത്‌. അതും ഇത്തിരി മേമ്പോടിയും കൂടി മിക്സ്‌ ചെയ്ത്‌ ഒന്നു കണക്റ്റ്‌ ചെയ്തു.

കൊള്ളാം ഒരു പോസ്റ്റിനുള്ള വകയൊക്കെയുണ്ട്‌ ഇനി അഭിപ്രായം ഒന്നും വേണ്ട. എഴുതിയിട്ടില്ലെങ്കിലും വായിച്ചും കുറ്റം പറഞ്ഞും ഉള്ള എക്സ്‌പീരിയന്‍സ്‌ ഉണ്ടല്ലോ ഇതു ധാരാളം മതി.

പോസ്റ്റി. പൊന്നമ്പലത്തിനും ലിങ്കും അയച്ചു. കഷ്ടകാലം അവന്‍ അന്നു ലീവ്‌. ഇനി നാളെ വരെ കാത്തിരിക്കണം ഒരു കമന്റ്‌ കാണണം എങ്കില്‍. സ്വയം കമന്റിടുന്ന കാര്യം മോശമല്ലേ.

പക്ഷേ പിറ്റേന്ന് ഞെട്ടി ഹാര്‍ട്ട്‌ അറ്റാക്ക്‌ വന്നില്ലാന്നേയുള്ളൂ. സാക്ഷാല്‍ ശ്രീമാന്‍ ബ്ലോഗ്‌ കുലപതി വിശാലേട്ടന്‍ ഗണപതിക്ക്‌ കുറിച്ചിരിക്കുന്നു. അതും കൊള്ളാം ന്ന്!!!!! ആനന്ദലബ്ദിക്കിനിയെന്ത്‌ വേണം.

തറയില്‍ നിന്ന് ഒരു രണ്ടിഞ്ച്‌ പൊങ്ങിയോന്നൊരു സംശയം.പോരാഞ്ഞ്‌ പിന്നേം അറിയാത്ത പലരുടേം പ്രശംസ. ലിങ്കും മലയാളം ഫോണ്ടും നാടു മുഴുവന്‍ വിതരണം ചെയ്തു. ഓഫീസിലെ എല്ലാമലയാളികളെയും നേരിട്ടറിയിച്ചു. ബാംഗ്ലൂര്‍ മൊത്തം ഫോണ്‍ ചെയ്തും ഇ മെയില്‍ ചെയ്തും.

അതിനിടയില്‍ അവതരിപ്പിച്ച്‌ വിജയിച്ച ഒരു നാടകത്തെ ആകെ കുളമാക്കി പരാജയപ്പെടുത്തി എന്ന രീതിയില്‍ രണ്ടാമത്തെ പോസ്റ്റും. അറിയിച്ചവരില്‍ മുക്കാല്‍ പങ്കും വിശ്വസിക്കുന്നില്ല ഞാനാണെഴുതുന്നതെന്ന്. എന്റെ തൊട്ടടുത്തിരിക്കുന്ന മലയാളി പോലും.ആരാടാ നിനക്കിതെഴുതിത്തരുന്നതെന്നവന്‍.

കാലു തറയില്‍ തീരെ തൊടാതായി. അമ്മ പണ്ടെപ്പോഴൊ പറഞ്ഞ ഒരു സ്ക്കൂള്‍ തമാശ അടിച്ചു മാറ്റി സ്വന്തമാക്കി മൂന്നാമത്തെ പോസ്റ്റും. ജര്‍മ്മനിയില്‍ നിന്നും രണ്ടാമത്തെ പോസ്റ്റിലെ നാടകത്തില്‍ അഭിനയിച്ച കൂട്ടുകാരന്റെ അഭിനന്ദനങ്ങള്‍.

"നീയാണെഴുതുന്നതെന്ന് വിശ്വസിക്കാന്‍ മേല. ഇപ്പോഴത്തെ പണിപോയാലും എഴുത്ത്‌ കൊണ്ട്‌ ജീവിക്കാം"

ഫോണിലും ഇമെയിലിലും അഭിനന്ദനപ്രവാഹം.എത്ര നില മുകളിലെത്തിയെന്ന് ഒരു പിടിയുമില്ല. മലയാളം തപ്പിപ്പിടിച്ച്‌ വായിക്കുന്ന സഹമുറിയനെപ്പോലും വെറുതെ വിട്ടില്ല.

"ഒന്ന് വായിച്ച്‌ അഭിപ്രായം പറയെടോ..."

സൈറ്റ്‌ കൗണ്ടര്‍ ഫിറ്റ്‌ ചെയ്തു. ഓരോ മണിക്കൂറും കമന്റിന്റെ എണ്ണം നോക്കി നോക്കി ഞാന്‍ തന്നെ മെയിന്‍ കൗണ്ടറായി. അനുഭവകഥയും ഇത്തിരി ധാര്‍മികരോഷവും ഒരു ചളി തമാശയും മിക്സ്‌ ചെയ്ത്‌ നാലാമത്തെ പോസ്റ്റ്‌.അത്ര നന്നായില്ലാന്ന് എനിക്കുതന്നെ തോന്നി.പക്ഷെ കാരണം മാത്രം അപ്പോള്‍ അജ്ഞാതം.

അവസാനം ഒരു ഫോണ്‍ കാള്‍. കേരളത്തില്‍ നിന്നും സുധിയുടെ.

"വായിക്കാന്‍ കുറച്ച്‌ വൈകി. കൊള്ളാമെടാ നന്നായിട്ടുണ്ട്‌. നല്ല ഭാഷ. ഞാന്‍ എന്റെ കുറച്ച്‌ സുഹൃത്തുക്കളോടും പറഞ്ഞിട്ടുണ്ട്‌ വായിക്കാന്‍"

"താങ്‌ക്‍യൂ താങ്‌ക്‍യൂ"

"പിന്നെ"

"പിന്നെ???"

"പിന്നെയൊന്നുമില്ല ഇനീം പറഞ്ഞാല്‍ നീ ഇനീം പൊങ്ങിപ്പോകും"

ചാത്തന്‍ ഫ്ലാറ്റ്‌. പതുക്കെ ഒന്ന് എത്തിനോക്കി. ഇപ്പോള്‍ തന്നെ പതിനൊന്നാം നിലയില്‍ എത്തി. താഴെ വീണാല്‍ എല്ലുപൊടി പോലും കിട്ടില്ല. ലിഫ്റ്റ്‌ വേണ്ട. ഏണി മതി. ആരും കാണാതെ താഴോട്ടിറങ്ങി. അടുത്ത പോസ്റ്റെഴുതി അഞ്ചാമത്തേത്‌. തലക്കനം കുറഞ്ഞുവരുന്നതേയുള്ളൂ. എന്നാലും കൊള്ളാം ആകെ മൊത്തം ഒരു ചന്തമൊക്കെയുണ്ട്‌. നാലാമത്തെ പോസ്റ്റിന്റെ വകതിരിവില്ലായ്മയുടെ അജ്ഞാതമായ കാരണം പിടികിട്ടി.

എന്നാലും മുഴുവനായിട്ടങ്ങോട്ട്‌ വിട്ട്‌ മാറിയിട്ടില്യാന്ന് തോന്നുന്നു. സാരമില്ല ബോദോധയം ഉണ്ടായല്ലോ പതുക്കെ ശരിയായിക്കൊള്ളും. മൂപ്പിളമയോ ആണ്‍പെണ്‍ ഭേദമോ നോക്കേണ്ട ചാത്തന്റെ ചെവി റെഡിയാ ഒന്നു പിടിച്ച്‌ തിരിക്കൂ.

കൂട്ടരെ വിവേചനബുദ്ധിയില്ലാത്തവരെ പ്രശംസിച്ചാല്‍ ഇങ്ങനിരിക്കും. ഒരു തരി അഹങ്കാരം പോലും ഇല്ലാത്തതു കൊണ്ടാ വിശാലേട്ടനൊക്കെ ഓരോ പോസ്റ്റും മുന്‍പത്തേതിനേക്കാളും കിടിലം ആക്കുന്നതു എന്ന രഹസ്യം പിടികിട്ടി.

എന്തായാലും ചാത്തന്‍ ഭാഗ്യവാനാ, എന്റെ കണ്ണു തുറപ്പിക്കാനും ആരെങ്കിലും ഉണ്ടായല്ലോ....

വാല്‍ക്കഷ്ണം:

ചാത്തന്‍ ആദ്യമായി എഴുതാനിരുന്ന ലേഖനത്തെപ്പറ്റി ഓര്‍ക്കുന്നുണ്ടല്ലോ. അതിനെപ്പറ്റി ഇനിയെന്തു കൂടുതലെഴുതാനാ!!!!ചാത്തന്‍ കണ്ണുമടച്ച്‌ വിശ്വസിക്കുന്ന, ഇപ്പോഴും അതിന്റെ പേരിലഹങ്കരിക്കുന്ന, വിരലിലെണ്ണാവുന്നതെങ്കിലും ജീവനുതുല്യം കരുതുന്ന, "നിനക്ക്‌ നല്ലതു മാത്രം വരട്ടെ" എന്ന് ഹൃദയം കൊണ്ടെനിക്കാശംസകള്‍ നേര്‍ന്ന ഒരുപിടി സൗഹൃദങ്ങളുടെ ഓര്‍മ്മയ്ക്കല്ല, അത്‌ വെറും ഓര്‍മ്മയായി തരം താഴ്‌ത്താന്‍ ചാത്തന്‍ ആഗ്രഹിക്കുന്നില്ല. ഇപ്പോഴും ജീവിക്കുന്ന ആ സൗഹൃദങ്ങളുടെ നിത്യയൗവ്വനത്തിനു വേണ്ടി ബ്ലോഗേര്‍സ്‌ പ്രാര്‍ത്ഥിക്കുമെന്നും കുട്ടിച്ചാത്തന്റെ വിവരക്കേടിനു മാപ്പു തരുമെന്നും വിശ്വസിച്ചു കൊണ്ട്‌ നിര്‍ത്തുന്നു.

വാലിന്റെ ബാക്കിക്കഷ്ണം:

അഹങ്കാരം എഴുത്തില്‍ പ്രതിഫലിക്കുമ്പോള്‍ ചൂണ്ടിക്കാണിക്കുമെന്നും വിചാരിക്കുന്നു.

Friday, November 24, 2006

തല്ലുകൊള്ളിച്ചാത്തനും ഡമോക്ലിസിന്റെ വാളും

ഒന്നാം ക്ലാസിലാണോ അതിനും മുന്‍പാണോ ചാത്തന്‍ തല്ലു വാങ്ങിത്തുടങ്ങിയത്‌ എന്നറിയില്ല. ഒന്ന് കൊടുത്താല്‍ പത്ത്‌ തിരിച്ചു വാങ്ങിയേ ചാത്തനു ഉറക്കം വരൂ. പത്താംക്ലാസ്‌ വരെ ഇതു നിര്‍ബാധം തുടര്‍ന്നിരുന്നു. പിന്നെ ചാത്തനു പ്രായത്തിന്റെ കുത്തൊഴുക്കില്‍പെട്ട്‌ ആ കഴിവു കൈമോശം വന്നു.

വിധിവശാല്‍ ആദ്യ ജോലി കിട്ടി ആറു മാസം കഴിഞ്ഞപ്പോള്‍ ചാത്തന്‍ വടക്കേ ഇന്ത്യയിലെത്തി. സര്‍ദാര്‍ജിമാരുടെ നാട്ടില്‍. സ്നേഹിച്ചാല്‍ ചങ്കും ദ്രോഹിച്ചാല്‍ കുടലും കൈമാറ്റം നടത്തുന്നവരുടെ നാട്ടില്‍. നാട്ടിലേക്ക്‌ വരണമെങ്കില്‍ രണ്ട്‌ ട്രയിന്‍ കയറണം.ആദ്യം ഡല്‍ഹിക്ക്‌ അവിടുന്ന് കേരളത്തിലേക്ക്‌.

കുറച്ചുകാലം കൊണ്ടു ചാത്തനും സഹമുറിയന്മാരും അവിടേം കുറേ കൂട്ടുകാരെ ഉണ്ടാക്കി. എല്ലാരും ചാത്തന്റെ സമപ്രായക്കാര്‍.ഒന്ന്, രണ്ട്‌ തുടങ്ങി പതിനൊന്നാം ക്ലാസില്‍ വരെ ഉള്ളവര്‍.ഈ പിള്ളേര്‍ക്കെല്ലാം പൊതുവായ ചില പ്രത്യേകതകള്‍ ഉണ്ട്‌. ഞങ്ങളിലാരെങ്കിലും വീട്ടിലെത്തിയാല്‍ പയ്യന്‍സെല്ലാം അവിടെ എത്തും. എല്ലാരുടെയും പോക്കറ്റില്‍ WWF ലെ മല്ലന്മാരുടെ പടമുള്ള കാര്‍ഡുകളും, കയ്യില്‍ അവരുടെ കൈത്തരിപ്പും കാണും. അതു തീര്‍ക്കുന്നതോ പാവം മലയാളി പഞ്ചിംഗ്‌ ബാഗുകളിലും.

അന്നൊരു 'ദുഃഖ' വെള്ളിയാഴ്ചയായിരുന്നു.ഓഫീസ്‌ കഴിഞ്ഞ്‌ വീട്ടില്‍ എത്തി. എന്തോ ഇന്നു ആകെ ഒരുത്തനേയുള്ളൂ ആ പതിനൊന്നാം ക്ലാസുകാരന്‍ സര്‍ദാര്‍.കയ്യാങ്കളി തുടങ്ങാന്‍ അധികം വൈകിയില്ല. ചാത്തനു നല്ല ഭാഗ്യം ആരുടെ നേരെ തിരിച്ചു വിട്ടിട്ടും തിരിച്ചു എന്റെ നേരെ തന്നെ വരുന്നു. എത്രാന്നുവച്ചാ കൈയ്യും കെട്ടി ഇരിക്കുന്നത്‌.

ഉപദ്രവം കൂടിക്കൂടിവരുന്നു. സഹമുറിയന്മാര്‍ക്കു സഹായിക്കണം എന്നുണ്ട്‌. പക്ഷെ സ്വന്തം തടിയുടെ രക്ഷ കൂടി നോക്കേണ്ടെ. ചെരുപ്പിട്ട കാലുകൊണ്ടുള്ള ചവിട്ടും കൂടി കിട്ടിത്തുടങ്ങിയപ്പോള്‍ മലയാളിയുടെ ആത്മാഭിമാനത്തില്‍ നിന്നും ഇത്തിരി ചോര പൊടിഞ്ഞു തുടങ്ങി. ഇനി ഇന്നീ സര്‍ദാര്‍ജി 'മലയാളീന്റെ കയ്യിന്റെ' ചൂടറിയും.

കളരിപരമ്പര ദൈവങ്ങളെ മനസ്സില്‍ ധ്യാനിച്ച്‌, 'യോദ്ധ'യില്‍ മോഹന്‍ലാല്‍ 'ഇതു വടക്കന്‍ ഇതു തെക്കന്‍'എന്നു പറഞ്ഞു കൊണ്ടു കാണിക്കുന്ന അടവു തന്നെ പ്രയോഗിച്ചു. ചവിട്ടാന്‍ കാലുയര്‍ത്തിയ സര്‍ദാര്‍ജിയുടെ വലത്തേക്കാല്‍ ഇടത്തേ കൈ കൊണ്ട്‌ പിടിച്ച്‌, ഇത്തിരി കുനിഞ്ഞ്‌ സര്‍ദാര്‍ജിയുടെ തറയിലുള്ള കാലിനു കാലുകൊണ്ടൊരു തട്ട്‌. സര്‍ദാര്‍ജി, വാഴ വെട്ടിയതുപോലെ മാര്‍ബിള്‍ തറയില്‍ ചളുക്കൊ പിളുക്കോന്നു കിടക്കുന്നു.

ഒരു കയ്യടി പ്രതീക്ഷിച്ച്‌ തല ഉയര്‍ത്തിയ ഞാന്‍ ഒന്നു ഞെട്ടി എല്ലാവരും ആകെ വിരണ്ടിരിക്കുന്നു. ആ വീഴ്ച ഇത്തിരി കടന്നുപോയി. അവന്‍ സര്‍ദാര്‍ജി ആയതുകൊണ്ടോ അവന്റെ പ്രായത്തിന്റെ പക്വത പെട്ടന്നു പൊങ്ങിവന്നതുകൊണ്ടോ എന്നറിയില്ല. അവന്‍ കരഞ്ഞില്ല. കൈമുട്ട്‌ തറയില്‍ കുത്തിയാ വീണത്‌. അവിടം തടവിക്കൊണ്ട്‌ ഒരക്ഷരം മിണ്ടാതെ എഴുന്നേറ്റ്‌ പോയി. ഏയ്‌ ഒന്നും പറ്റിക്കാണില്ല.

പിറ്റേന്ന് രാവിലെ പല്ലുതേച്ചുകൊണ്ട്‌ ബാല്‍ക്കണിയിലേക്കിറങ്ങി. ഒന്നേ നോക്കിയുള്ളൂ എതിര്‍ വശത്തെ ബാല്‍ക്കണിയില്‍ കഥാനായകന്‍ ഒരു കൈ മുഴുവന്‍ ബാന്‍ഡേജും സ്ലിങ്ങും ഇട്ട്‌ ഇരിക്കുന്നു.

അയ്യോ എന്റെ പാതിജീവനുമായി ഒരു കിളി ദേ പോകുന്നു.

വേറെ ആരും എഴുന്നേറ്റിട്ടില്ല. അടിവയറ്റില്‍ നിന്നും ഒരു ഉരുണ്ടുകയറ്റം. നേരെ പോയി പുതച്ചു മൂടിക്കിടന്നു. പല്ലു കൂട്ടിയടിക്കുന്ന ശബ്ദം പൊങ്ങിത്തുടങ്ങി.

"എന്താടാ പുറത്തു നല്ല തണുപ്പായിരുന്നോ?"

"എനിക്കു തീരെ സുഖമില്ല. വീട്ടില്‍ പോകണം"

"വീട്ടില്‍ പോകാനോ!! ലീവ്‌ കിട്ടിയാല്‍ത്തന്നെ ട്രെയിന്‍ ടിക്കറ്റ്‌ കിട്ടേണ്ടെ?? ആട്ടെ എന്താ അസുഖം?"

"പനിയുണ്ടോന്നറിയില്ല. തീരെ വയ്യ എനിക്കു വീട്ടില്‍ പോണം തത്‌കാലില്‍ ടിക്കറ്റ്‌ കിട്ടൂലെ"

"നീയവിടെ അടങ്ങിക്കിടക്കെടാ മഞ്ഞ്‌ ഒന്നു തെളിയട്ടെ വല്ല ഡോക്‍ടറെയും കാണാം"

"നാളത്തെ വണ്ടിക്ക്‌ ഇന്ന് തത്‌കാലില്‍ ബുക്ക്‌ ചെയ്ത്‌ ഇന്ന് വൈകീട്ട്‌ തന്നെ ഡല്‍ഹിക്ക്‌ പോകാം അല്ലെ?"

"മിണ്ടാതെ കിടക്കെടാ"

ഇന്ന് ശനിയാഴ്‌ച ഓഫീസില്ല. എല്ലാവരും എഴുന്നേറ്റപ്പോഴേയ്ക്കും സര്‍ദാര്‍ സംഘം കമ്പും കോലുമായി ഹാജര്‍ വച്ചു. കിറുക്കെട്ട്‌ കളിക്കണം. എല്ലാവരും പുറത്തെത്തി.

"ആ മെലിഞ്ഞ ഭയ്യാ എവിടെപ്പോയി."

"അവനു സുഖമില്ല കിടപ്പിലാ"

"എന്നാല്‍ നമ്മള്‍ക്കു കണ്ടുകളയാം"

എല്ലാവരും കൂടി ഓടി മുറിയില്‍ക്കയറി.പുതപ്പിനടിയിലൂടെ ഒളികണ്ണിട്ടു നോക്കി. കഥാനായകനെ മാത്രം കാണാനില്ല. എതോ സഹമുറിയന്റെ ഒടുക്കത്തെ സംശയം.

"കഥാനായകന്‍ സര്‍ദാര്‍ എവിടെ?"

ആരോ അവനെ വിളിക്കാനോടി. ഈശ്വരാ അപ്പോള്‍ ഇവരൊന്നും ഇതുവരെ അവനെക്കണ്ടില്ലായിരുന്നു. കണക്കുകൂട്ടല്‍ തുടങ്ങി. ആദ്യം ഇവന്മാരുടെ കൈയ്യിലുള്ള ബാറ്റും സ്റ്റംപും കൊണ്ട്‌, പിന്നെ കയ്യില്‍ കിട്ടുന്നതെന്തും കൊണ്ട്‌, അവസാനം തന്ത സര്‍ദാര്‍ജിയുടെ കൃപാണ്‍(ഒരു കൊച്ചു കത്തി- ചോര കണ്ടാല്‍ മാത്രം ഉറയിലിടുന്ന ടൈപ്പ്‌) കൊണ്ടാവും.

ഇനി ഏതായാലും ടിക്കറ്റ്‌ വേണ്ട. ആകെപ്പാടെ 40 കിലോ മാത്രം ഉള്ളതു കൊണ്ട്‌ പാര്‍സലിനേക്കാള്‍ ലാഭം കൊറിയര്‍ ആയിരിക്കും.ഒന്നുകൂടി പെട്ടന്നെത്തും. ഭാവിപ്രവചനം ഇത്രയുമായപ്പോഴേക്കും കഥാനായകന്‍ രംഗപ്രവേശം ചെയ്തു.

സഹമുറിയന്മാര്‍ക്കു എന്റെ രോഗം പിടികിട്ടി.എല്ലാരും അവരവരുടെ ഏറ്റവും വിലപിടിച്ച ജംഗമവസ്തുക്കളുടെ സമീപത്തേക്കു നീങ്ങി. കയ്യില്‍ കിട്ടിയതും എടുത്ത്‌ ആദ്യം വാതിലിനു പുറത്തു കടക്കുന്നതിനുള്ള ഊഴം ആരുടെ എന്ന് മാത്രമേ ഇനി തീര്‍ച്ചപ്പെടുത്താനുള്ളൂ.

നായകന്‍ പഞ്ചാബിയില്‍ എന്തൊക്കെയോ പറഞ്ഞു.എന്നെ കുട്ടിപ്പട്ടാളം വളഞ്ഞു. നേരത്തെ പകുതിയും കൊണ്ട്‌ പോയ കിളി ദേ പിന്നേം വരുന്നു. രജായിയുടെ(കട്ടിയുള്ള പുതപ്പ്‌) രക്ഷാകവചം പതുക്കെ മാറുന്നു. ഒരു സെക്കന്റ്‌ കണ്ണുതുറന്നപ്പോള്‍ നായകന്റെ കുടുമ താഴ്‌ന്ന് വരുന്നതാണ്‌ കണ്ടത്‌. അറക്കാന്‍ കൊണ്ടുപോകുന്ന ആടിനു അവസാന ഉപദേശം തരാനാണൊ എന്തൊ?

ഈശ്വരാ എന്റെ ഭാവി ഭാര്യെം കുട്ടികളും അനാഥരായല്ലോ.

അനുനിമിഷം അശരീരി ആയിക്കൊണ്ടിരിക്കുന്നതിനിടയില്‍ ചെവിയില്‍ ഒരു യഥാര്‍ത്ഥ അശരീരി.

"നമ്മളു കളിക്കുമ്പോള്‍ കാലുതെറ്റി വീണതാന്നാ ഞാന്‍ വീട്ടില്‍ പറഞ്ഞത്‌"

കിടന്ന കിടപ്പില്‍ നിന്നും ചാടിയെഴുന്നേറ്റ്‌ അവനെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാന്‍ തോന്നി.

വാല്‍ക്കഷ്‌ണം:

ഒരു അരദിവസത്തിനുള്ളില്‍ പനീം സൂക്കേടും ഞാന്‍ കൊറിയര്‍ അയച്ചു. അതിലും കുറഞ്ഞ സമയത്തിനുള്ളില്‍ വീട്ടില്‍ വന്നു കയറിയ അതിഥികളെ എങ്ങിനെയാ പറഞ്ഞയക്കുക മോശമല്ലേ......

Wednesday, November 22, 2006

ഒരു വിഷു ടിക്കറ്റ്‌

വടക്കന്‍ കേരളത്തില്‍ ദീപാവലിയെക്കാള്‍ ആഘോഷം വിഷുവിനാണ്‌. ലോകത്തെവിടെയാണെങ്കിലും ഓണത്തിനും വിഷുവിനും മക്കളെല്ലാം വീട്ടിലെത്തണം എന്നത്‌ എല്ലാ അമ്മമാരുടെയും ആഗ്രഹവും ആ അമ്മമാരെ സ്നേഹിക്കുന്ന മക്കളുടെ സ്വപ്നവും ആണ്‌.

മറുനാടന്‍ മലയാളികള്‍ക്ക്‌ ഓണത്തിനും വിഷുവിനും നാട്ടിലേക്ക്‌ ഒരു ടിക്കറ്റ്‌ പലപ്പോഴും ഭാഗ്യത്തിന്റെയും ഭഗീരഥപ്രയത്നത്തിന്റെയും ഒത്തുചേരലാണ്‌.

ഇത്തവണത്തേത്‌ ബാംഗ്ലൂരില്‍ വന്നശേഷമുള്ള എന്റെ ആദ്യത്തെ വിഷുവാണ്‌. ടിക്കറ്റുകള്‍ രണ്ടു മാസം മുന്‍പെ കിട്ടാക്കനിയായി.

ട്രാവല്‍ ഏജന്റുമാരുടെ കൈയ്യുംകാലും പിടിച്ചും പടിക്കല്‍ സത്യാഗ്രഹമിരുന്നും വിഷുവിനു ഒരു ദിവസം മുന്‍പുള്ള ടിക്കറ്റുകള്‍ ഞാനും എന്റെ കുറച്ചു സുഹൃത്തുക്കളും സംഘടിപ്പിച്ചു.

എന്നാല്‍ ഒരാശാന്‍ ഈ സത്യാഗ്രഹങ്ങളില്‍ പങ്കെടുക്കാതെ കറങ്ങി നടന്നു. ഒരേ നാട്ടുകാരാണെങ്കിലും ഞങ്ങളാരും അത്ര വിശാലമനസ്കരായിരുന്നില്ല. അതുകൊണ്ട്‌ ആശാന്റെ ടിക്കറ്റിനു ഞങ്ങളാരും ശ്രമിച്ചില്ല.

വിഷുവിന്‌ ഒരാഴ്ച മുന്‍പ്‌ ആശാന്‍ അതാ ലോകം കീഴടക്കിയ സന്തോഷത്തോടെ ഒരു ടിക്കറ്റും പൊക്കിപ്പിടിച്ച്‌ ഓടി വരുന്നു. അതും സീറ്റ്‌ നമ്പര്‍ പത്ത്‌!!!!.

വെരി വെരി വി ഐ പി സീറ്റുകളായ 31ഉം 32ഉം ഒക്കെയായി, എങ്ങനെയെങ്കിലും അങ്ങ്‌ എത്തിയാല്‍ മതിയെന്ന് വിചാരിച്ചിരിക്കുന്ന ഞങ്ങളുടെ ഇടയിലേക്കാണ്‌ ഈ നമ്പര്‍ 10ഇന്റെ കടന്നാക്രമണം എന്നോര്‍ക്കണം. ആശാന്‍ പിന്നെ കുറേ ദിവസത്തേക്ക്‌ ഭൂമിയിലേക്ക്‌ ഇറങ്ങിയേ ഇല്ല.

അവന്റെ ഒടുക്കത്തെ ഭാഗ്യം ഉറങ്ങിക്കൊണ്ടു പോകാം. ഞങ്ങള്‍ക്കു തൊട്ടിലാടിക്കൊണ്ടും. ആ കിട്ടിയതാട്ടെ. അസൂയക്കു മരുന്നില്ലാലൊ.

ഒരുവശത്തു പാക്കിംഗ്‌ മറുവശത്ത്‌ പൊട്ടിക്കാനിരിക്കുന്ന പടക്കങ്ങളെ വെല്ലുന്ന പടക്കങ്ങള്‍, പോയിവരുമ്പോള്‍ കൊണ്ടുവരേണ്ട സാധനങ്ങളുടെ കണക്കുകള്‍.

അങ്ങനെ പോകേണ്ട ദിവസവും വന്നു. ഓഫീസില്‍ നിന്നും എല്ലാരും നേരത്തെതന്നെ മുങ്ങി. കെട്ടും മുട്ടും എല്ലാം എടുത്ത്‌ ബസ്സ്‌ പുറപ്പെടുന്ന സ്ഥലത്തെത്തി.

എന്തോ വന്‍ ആള്‍ക്കൂട്ടം. കാക്കക്കൂട്ടില്‍ കല്ലിട്ട ബഹളവും.

സംഭവം ഇപ്രകാരം കന്നട നടന്‍ രാജ്‌ കുമാറിന്റെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തെ അവസാനമായി കാണാന്‍ കഴിയാത്ത ജനക്കൂട്ടം അക്രമാസക്തമായതിനാല്‍ കര്‍ണ്ണാടക 'രാജ്യം' മുഴുവന്‍ ഒരുമാതിരി ബന്ദാചരിക്കുന്നു.

എവിടെയും അക്രമം മാത്രം. ബൈക്കുകളില്‍ കൊടിയും പിടിച്ചു റോന്തു ചുറ്റുന്നവര്‍ കടകള്‍ എല്ലാം പൂട്ടിക്കുന്നു, ആള്‍ക്കാരെ ഓടിക്കുന്നു, അവിടെയും ഇവിടെയും ടയറുകള്‍ കത്തിക്കുന്നു, റോഡുകള്‍ ബ്ലോക്ക്‌ ചെയ്യുന്നു.

ബസ്സുകള്‍ക്കു കല്ലേറു കിട്ടുന്നതു കാരണം അന്നത്തെ എല്ലാ സര്‍വീസുകളും റദ്ദാക്കിയിരിക്കുന്നു. നാളെ വിഷുവിനു തൊട്ടുമുന്‍പുള്ള ദിവസം ആയതിനാല്‍ ഇനി നാളെ വീട്ടില്‍ പോകുന്ന കാര്യം "എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം".

നമ്പര്‍ 10ഉം 31ഉം 32ഉം എല്ലാമെല്ലാം ഒരേപോലെ നമ്രശിരസ്കരായി, മനസ്സില്‍ പേരറിയാത്ത ആരെയൊക്കെയോ ചീത്ത പറഞ്ഞുകൊണ്ട്‌ മടങ്ങി.

Friday, November 17, 2006

കുട്ടിച്ചാത്തനും കാട്ടറബികളും

ഞങ്ങളുടെ ഹൈസ്ക്കൂള്‍ ഒരു ഹൈസ്ക്കൂള്‍ കം പാതി യു പി ആയിരുന്നു. എന്നുവച്ചാല്‍ അഞ്ചാം ക്ലാസില്ല ആറും ഏഴും മാത്രം. സ്ക്കൂള്‍ തുറന്നു. ഞാന്‍ എട്ടടി മൂര്‍ഖന്മാരില്‍(എട്ട്‌ ഡി യില്‍) അംഗത്വം എടുത്തു.

യു പി യും ഹൈസ്ക്കൂളും ഒരുമിച്ചായിരുന്നെങ്കിലും രണ്ടിനും അദ്ധ്യാപകര്‍ വെവ്വേറെയാണ്‌. അതുകൊണ്ടു സ്ക്കൂള്‍ മാറിയില്ലെങ്കിലും എല്ലാം പുതിയ അദ്ധ്യാപകര്‍.

ഒന്നുരണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ മൂര്‍ഖന്മാര്‍ എല്ലാവരും ഒരു അദ്ധ്യാപന്റെ മുന്നില്‍ നീര്‍ക്കോലികളായി. ശരിക്കും പറഞ്ഞാല്‍ മണ്ണിരകള്‍. മാഷിനു പിന്നെ ക്ലാസിലേക്കു വടി പോലും കൊണ്ടു വരേണ്ടി വരാറില്ലായിരുന്നു.

പതിവുപോലെ മാഷു വരാറായി. എല്ലാവരും കൈയ്യില്‍ സൂചിയും പിടിച്ചു നില്‍പ്പായി(മാഷു വന്നാല്‍ തറയിലിട്ടു ശബ്ദം കേള്‍പ്പിക്കേണ്ടെ). മാഷ്‌ വന്നു.

ഇനി അവിടെ അടുത്ത 45 മിനിട്ടുകള്‍ക്കിടയ്ക്ക്‌ കേള്‍ക്കുന്ന ആകെ മൊത്തം ടോട്ടല്‍ സൗണ്ട്‌ നില്‍ക്കുന്ന മൂര്‍ഖന്മാര്‍ ഇരിക്കുമ്പോള്‍ ബഞ്ചിളകുന്നതിന്റെയും മാഷിന്റെയും പിള്ളേരു വല്ലോരും മാഷിന്റെ ചോദ്യത്തിന്‌ ഉത്തരം നല്‍കുന്നതിന്റെയും ആണ്‌.

പതിവിനു വിപരീതമായി മാഷിന്റെ ഏകാഗ്രത തെറ്റുന്നു. മാഷിന്റെ വാക്കുകളില്‍ ബത്തശ്രദ്ധരായിരുന്ന ഞങ്ങളും അപ്പോഴാണതു ശ്രദ്ധിച്ചത്‌. അടുത്ത ക്ലാസില്‍ ഭയങ്കര ബഹളം.അവിടെ സാറന്മാര്‍ ആരും ഇല്ല. ഞങ്ങളുടെ ക്ലാസ്‌ ലീഡറെക്കൊണ്ടു വടി കൊണ്ടുവരുത്തിച്ച്‌, മാഷതുമായി അങ്ങോട്ടു ചലിച്ചു.

അടുത്ത ക്ലാസു ഞങ്ങളുടെ ക്ലാസിന്റെ തറനിരപ്പില്‍ നിന്നും അല്‍പ്പം താഴെയാണ്‌. ഭാവിയില്‍ പോലീസ്‌ ലാത്തിച്ചാര്‍ജു കാണുമ്പോള്‍ ചിരിക്കുന്ന മനഃസ്ഥിതി അപ്പോഴേ സ്വന്തമായുള്ള ചിലര്‍ പാത്തും പതുങ്ങിയും അങ്ങോട്ടെയ്ക്കു എത്തി നോക്കി.

ലൈവ്‌ കമന്ററി വന്നു തുടങ്ങി.ഒന്നു രണ്ടു പിള്ളേരെ പിടിച്ചു പൊട്ടിച്ച ശേഷം മാഷ്‌ ഉപദേശം തുടങ്ങി.

"ഈ പീര്യെഡ്‌ പഠിപ്പിക്കേണ്ട സാറു വന്നില്ലേ"

"മാഷിന്നു ലീവാ"

"എന്നാല്‍ നിനക്കൊന്നും മിണ്ടാതിരുന്ന് നാലക്ഷരം പഠിച്ചൂടെ"

"വെറുതെ മനുഷ്യനെ മെനക്കെടുത്താന്‍. ഇതെതാ ക്ലാസ്‌?"

"......"

"ഓഹോ അറബി ക്ലാസാണല്ലെ"

--- ഞങ്ങളുടെ സ്ക്കൂളില്‍ പിള്ളേര്‍ക്ക്‌ മലയാളം ഒന്നാം പേപ്പറിനു പകരം അറബിയൊ സംസ്കൃതമൊ തിരഞ്ഞെടുക്കാം. ആ പീര്യെഡ്‌ മാത്രം അവര്‍ വേറെ ക്ലാസില്‍ പോയി ഇരുന്ന് ക്ലാസ്‌ അറ്റന്റ്‌ ചെയ്യണം.---

മാഷിന്റെ പ്രഭാഷണം തുടരുകയാണ്‌.

"വെറുതെയല്ല നിനക്കൊക്കെ ഈ സംസ്കാരം അറബികളെ പോലെ തന്നെ"

"അറബികള്‍ക്കുപോലും പിന്നേം സംസ്കാരം കാണും നിങ്ങളൊക്കെ കാട്ടറബികളാ"

അങ്ങനെ അങ്ങനെ കാട്ടറബികളുടെ സംസ്കാരത്തെക്കുറിച്ചും സംസ്ക്കാരമില്ലായ്മയെ കുറിച്ചും മാഷിന്റെ സ്റ്റഡി ക്ലാസ്‌ നീണ്ടു പോകുന്നതിനിടയില്‍ ആ ക്ലാസിലെ മുന്‍ ബെഞ്ചില്‍ ഒരു തിരയിളക്കം.

പിള്ളേരൊക്കെ വായ പൊത്തിച്ചിരിക്കുന്നു. ചിലരൊക്കെ ചിരിയടക്കാന്‍ പാടുപെടുന്നു. മാഷിനൊരു സംശയം ഇനി 'മഴയെത്തും മുന്‍പെയിലെ മമ്മൂട്ടിയെ പോലെ വല്ലതും' മുന്‍ബെഞ്ചിലെ ഒരുത്തനെ എഴുന്നേല്‍പ്പിച്ചു.

"എന്താടാ ഇരുന്ന് ചിരിക്കുന്നത്‌?"

"അതു സാര്‍ ഇത്‌ ഇത്‌"

"എന്തു ഇത്‌?"




"ഇത്‌ അറബിക്ലാസല്ല"

"പിന്നെ???"

"ഇത്‌ ആറ്‌ ബി ക്ലാസാ"

ഇത്തവണ കൂട്ടച്ചിരിയുടെ മാലപ്പടക്കങ്ങള്‍ ഒരു നിയന്ത്രണവുമില്ലാതെ താഴേക്ക്‌ വീണത് ഞങ്ങളുടെ ക്ലാസില്‍ നിന്നും ആയിരുന്നു എന്നു മാത്രം.

Thursday, November 09, 2006

കുട്ടിച്ചാത്തനും കരിംഭൂതവും കൂട്ടുകാരും അപ്പം ചുട്ടേ...

റാഗിങ്ങിന്റെ കോലാഹലങ്ങള്‍ ഒക്കെ കഴിഞ്ഞ്‌ കോളേജുജീവിതം ആസ്വദിക്കാന്‍ തുടങ്ങിയ കാലം. കോളേജ്‌ ഡേ വരുന്നു. ഞങ്ങള്‍ നാലഞ്ചുപേരെ കോളേജിനു പരിചയപ്പെടുത്തിക്കൊടുക്കാനുള്ള ആദ്യ അവസരം. ഞങ്ങള്‍ തകൃതിയായി ആലോചന തുടങ്ങി. ഞങ്ങളെന്നു വച്ചാല്‍ ഞങ്ങള്‍ അഞ്ചുപേര്‍ . ആശയങ്ങള്‍ മലവെള്ളം പോലെ വരുമെന്ന് വിചാരിച്ചെങ്കിലും മഴക്കാറു പോലും വന്നില്ല. ഒടുവില്‍ കൂട്ടത്തിലെ കലാകാരനായ സുധി പറഞ്ഞു നാടകം മതി.

പിന്നെ ഏതു കഥ വേണം എന്നായി ചര്‍ച്ച.ചെവി ഉറച്ചപ്പോള്‍ മുതല്‍ കേട്ടുതുടങ്ങിയ എല്ലാ കഥകളും ഞാന്‍ പറഞ്ഞു തുടങ്ങി. ആര്‍ക്കും ഒന്നും ഇഷ്ടപ്പെട്ടില്ല. എന്റെ മുഖത്ത്‌ ചമ്മലിന്റേം നിരാശേടേം വിളര്‍ച്ച വന്നു തുടങ്ങുന്നതിനു മുന്‍പ്‌ സുധി പറഞ്ഞു. " കഥ എന്റെ കയ്യിലുണ്ട്‌ തിരക്കഥ ഒന്നു എഴുതിയെടുക്കണം എന്നേയുള്ളൂ, ഞങ്ങള്‍ പണ്ടു അവതരിപ്പിച്ചതാ". കഥ വളരെ സിമ്പിള്‍ "ഫ്രാങ്കന്‍സ്റ്റീന്‍"എന്ന ഇംഗ്ലീഷ്‌ കഥയുടെ മലയാളരൂപാന്തരണം. എന്നുവച്ചാല്‍ ഒഥെല്ലൊയെ ജയരാജ്‌ തെയ്യം കലാകാരനാക്കിയ മാതിരി ഒരു സാധനം. സുധി തിരക്കഥയെഴുതാന്‍ പോയി. എന്റെ ആവേശം കണ്ടിട്ടാവണം പിറ്റേന്നു അവന്‍ എന്നേം കൂട്ടി ഹോസ്റ്റല്‍ ടെറസ്സിലെത്തി തിരക്കഥ മുഴുവന്‍ കേള്‍പ്പിച്ചു. ചുരുക്കം ഇപ്രകാരം.

ഒരിടത്തൊരു ശാസ്ത്രജ്ഞന്‍ ഉണ്ടായിരുന്നു. അയാളൊരു ശില്‍പിയുടെ സഹായത്തോടെ ഒരു യന്ത്രമനുഷ്യനെ(ഫ്രാങ്കന്‍സ്റ്റീന്‍) സൃഷ്ടിച്ചു. ഒരു സന്ന്യാസി വന്നതിനു ജീവന്‍ കൊടുക്കുന്നു. വിവേചനബുദ്ധിയില്ലാത്തതു കാരണം അതു ശില്‍പിയെയും ശാസ്ത്രജ്ഞനേയും വകവരുത്തുന്നു. സന്ന്യാസിയും, അങ്ങേര്‍ക്കൊരു ശിഷ്യനുമുണ്ട്‌, ഓടി രക്ഷപ്പെടുന്നു. ശേഷം സ്റ്റേജിന്റെ മധ്യത്തില്‍ വന്ന് യന്ത്രമനുഷ്യന്‍ അലറിവിളിക്കുന്നതോടെ കര്‍ട്ടന്‍ വീഴുന്നു.

"ശാസ്ത്രജ്ഞന്‍ ഞാന്‍ ?"

"പറ്റില്ല അങ്ങോര്‍ക്കാ ഡയലോഗ്‌ കൂടുതല്‍ അതു ഞാനായിക്കോളാം. നീ വേണേല്‍ ശില്‍പിയായിക്കൊ"

മനോഗതം--"ഹൊ അപ്പൊള്‍ നായകവേഷം കൈ വിട്ടു എവനിതു കൊന്നാല്‍ തരത്തില്ല. ഏതായാലും കഷ്ടപ്പെട്ടെഴുതിയതല്ലെ പോട്ടെ സെക്കന്റ്‌ ഹീറൊയെങ്കില്‍ അത്‌"--

"നീ ശില്‍പിയുടെ ഡയലോഗ്‌ പറഞ്ഞേ നോക്കട്ടെ"

മനോഗതം--" നാലാം ക്ലാസില്‍ വച്ചു ഡയലോഗില്ലാത്ത കോറസ്സായി അഭിനയിച്ചു കയ്യടി വാങ്ങിയ എനിക്കും റിഹേഴ്സലോ മ് മ് പോട്ടെ"--

പ്രേം നസീര്‍ സ്റ്റൈയിലില്‍ കൈയ്യൊക്കെ തിരുമ്മി കണ്ണു മൂന്നാലുതവണ ചിമ്മി ശാസ്ത്രജ്ഞന്റെ മുഖത്തു നോക്കാതെ തിരക്കഥയില്‍ നിന്നും ഒരു നെടുങ്കന്‍ ഡയലോഗ്‌. പറഞ്ഞപ്പോള്‍ എനിക്കും കേട്ടപ്പോള്‍ അവനും ഏതാണ്ടു കാര്യങ്ങളുടെ കിടപ്പു പിടികിട്ടി. എന്താന്നറിയില്ല അവനു നല്ല ആത്മവിശ്വാസമായിരുന്നു.

" ഒന്നു കൂടി പറഞ്ഞു നൊക്കെടാ ശരിയാവും"

"......................................"

"അല്ലേല്‍ ഈ ശിഷ്യന്റെ ഡയലോഗ്‌ പറ അതാവുമ്പോള്‍ കുറച്ചേയുള്ളൂ"

".................."

അങ്ങനെ അങ്ങനെ തിരക്കഥ മുഴുവന്‍ ഞാന്‍ മനഃപാഠമാക്കിയിട്ടും എന്റെ ശബ്ദഗാംഭീര്യെത്തിന്റെയും അഭിനയത്തികവിന്റേം റേഞ്ചില്‍ ഒരു കഥാപാത്രവും വന്നില്ല. ഇനി നാടകം എന്നു പറഞ്ഞു ഈ ഭാഗത്തേക്കു വന്നേക്കരുത്‌ എന്ന് അവന്‍ പറയുമ്മെന്നായപ്പോളേക്കും എന്റെ കൊച്ചു ട്യൂബ്‌ ലൈറ്റ്‌ കത്തി.

"എടാ എല്ലാരും സ്റ്റേജില്‍ കയറിയാല്‍ എങ്ങിനെയാ വല്ലോരും ഡയലോഗ്‌ മറന്നു പോയാല്‍ പ്രോംറ്റ്‌ ചെയ്യാന്‍ ആളുവേണ്ടെ? ഞാനാണെങ്കില്‍ മുഴുവന്‍ തിരക്കഥയും പഠിച്ചു കഴിഞ്ഞു അപ്പോള്‍ പിന്നെ ഞാന്‍ ആ പണിയെടുത്തോളാം"

അവന്റെ മനോഗതം ഞാന്‍ എഴുതണമെന്നു വിചാരിച്ചതാ...അതിലും നല്ലതു വായനക്കാര്‍ ഊഹിച്ചെടുക്കുന്നതാണെന്നു തോന്നുന്നു.

ഇനി വിവരണം ഇത്തിരി വേഗത്തിലാക്കാം. ബാക്കി കഥാപാത്രങ്ങള്‍ക്കു നടന്മാരെ നിശ്ചയിച്ചു.ശില്‍പി,സന്ന്യാസിയും ശിഷ്യനും എല്ലാം ഒകെ . യന്ത്രമനുഷ്യനായി ആരെ അഭിനയിപ്പിക്കും? സംഭാഷണം ഒന്നുമില്ലെങ്കിലും ഞങ്ങളുടെ ആരുടെയും രൂപം അതിനു പറ്റില്ല. മാത്രമല്ല ഞാന്‍ പ്രോംറ്ററായപ്പൊള്‍ അഭിനേതാക്കളുടെ എണ്ണത്തിന്റെ മാത്തമാറ്റിക്സും തെറ്റി.

" അതു സാരമില്ല ആരെക്കൊണ്ടെങ്കിലും ഒരു റിഹേഴ്സലും കൊടുത്തു അഭിനയിപ്പിക്കാവുന്നതേയുള്ളൂ."

അങ്ങനെ റിഹേഴ്സലുകള്‍ പൊടിപൊടിച്ചു. അപ്പം ചുടാനുള്ള സമയം ആയപ്പോള്‍ വീണ്ടും ആലോചന തുടങ്ങി. അവസാനം ആളെ തീരുമാനിച്ചു.സീനിയേഴ്സിന്റെ തോളില്‍ കൈയ്യിട്ടു നടക്കുന്ന, ആരെയും പേടിയില്ലാത്ത, ലോക്കല്‍ സപ്പോര്‍ട്ടു നിര്‍ലോഭം ഉള്ളതു കാരണം റാഗിംഗ്‌ വീരന്മാര്‍ പോലും നേരെ നോക്കാന്‍ മടിക്കുന്ന, ഒരു കൊച്ചു, വളരെ കുഞ്ഞു ആജാനബാഹു. ഞങ്ങള്‍ അവന്റെ കണ്ണില്‍ തീരെ അശുക്കളാണെങ്കിലും സ്റ്റേജില്‍ ചുളുവില്‍ കയറാനുള്ള അവസരം ആയതുകൊണ്ടും, അവന്‍ റ്റൈറ്റില്‍ റോളില്‍ ആയതുകൊണ്ടും അവന്‍ സമ്മതിച്ചു.

അവന്റെ റോള്‍ വിവരിച്ചു കൊടുത്തു. സ്റ്റേജിന്റെ മധ്യത്തില്‍ ഒരു ഗുഹാകവാടത്തിന്റെ സെറ്റ്‌ പ്രോംറ്റര്‍ കം ആള്‍ ഇന്‍ ആള്‍ പിടിച്ചുനില്‍പ്പുണ്ടാവും. അതിനുള്ളിലാണു യന്ത്രമനുഷ്യന്റെ നിര്‍മ്മാണം.ശാസ്ത്രജ്ഞന്റെ ആഗ്രഹപ്രകാരം സന്ന്യാസി "നീ നിര്‍മ്മിച്ച രൂപത്തിനു ഞാനിതാ ജീവനും അത്ഭുതസിദ്ധികളും പ്രധാനം ചെയ്യുന്നു" എന്നു പറഞ്ഞു കഴിയുമ്പോള്‍ ഗുഹക്കുള്ളില്‍ നിന്നും ശില്‍പിയെയും എടുത്തു പുറത്ത്‌ വന്ന് ശില്‍പിയെ ഒരു ഭാഗത്തേക്ക്‌ എറിയുന്നു. എന്നിട്ട്‌ ശാസ്ത്രജ്ഞന്റെ കഴുത്തിനു പിടിച്ചു കൊല്ലുന്നു, സന്ന്യാസിയും ശിഷ്യനും ഓടി രക്ഷപ്പെടുന്നു. ശേഷം സ്റ്റേജിന്റെ മധ്യത്തില്‍ വന്നു അലറുന്നതോടെ കര്‍ട്ടന്‍ വീഴുന്നു.

" ഇത്രയെ ഉള്ളൂ!! ഇതിനു റിഹേഴ്സലൊന്നും വേണ്ടാ ഞാന്‍ ശരിയാക്കിക്കൊള്ളാം"

ഈ സംശയരോഗിയ്ക്കു അപ്പോളേ എന്തോ പന്തികേടു മണത്തു. ഇവനെങ്ങാനും സീനിയെഴ്സിന്റെയടുത്തു നിന്നു അച്ചാരം വാങ്ങിയിട്ടുണ്ടാവുമോ നാടകം കലക്കാന്‍? അവസാനം റിഹേഴ്സലെടുത്തില്ലാന്നു പറഞ്ഞു ഇവനെങ്ങാനും മുങ്ങുമോ?. എന്നത്തെയും പോലെ എന്റെ സംശയങ്ങള്‍ക്ക്‌ ന്യൂനപക്ഷത്തിന്റെ പോലും വോട്ട്‌ ലഭിച്ചില്ല.

അപ്പംചുടാന്‍ പാത്രത്തില്‍ എണ്ണയൊഴിച്ചു. യന്ത്രമനുഷ്യനെയും കൊണ്ടു മേക്കപ്പിടാന്‍ പോയ സന്ന്യാസിയെം ശിഷ്യനെയും കാണുന്നില്ല. ആദ്യ രംഗങ്ങളില്‍ അവരില്ല. ഗുഹാകവാടത്തിന്റെ പിന്നില്‍ നിന്നുള്ള പ്രോംറ്ററുടെ ദയനീയ നിലവിളികള്‍ കാറ്റില്‍ പറത്തിക്കൊണ്ട്‌, തിരക്കഥയില്‍ പുതിയ മാനങ്ങള്‍ ശാസ്ത്രജ്ഞനും ശില്‍പിയും ഓണ്‍ ലൈനായി രചിച്ചു കൊണ്ടിരിക്കുന്നു. ഇതാ വരുന്നു മൂവര്‍ സംഘം.

"എന്താടാ വൈകിയത്‌?"

പറയുന്നതു കേട്ടാല്‍തോന്നും കഥ,തിരക്കഥ, സംഭാഷണം, സംവിധാനം മാത്രമല്ല,മുഴുവന്‍ ചെലവും ഈയുള്ളവന്റെ വകയാണെന്ന്.

"യന്ത്രമനുഷ്യനു വച്ച കറുത്ത ടീഷര്‍ട്ട്‌ പാകമാവുന്നില്ല. പിന്നെ മുഴുവന്‍ കറുപ്പടിച്ചു"

സാമാന്യം വെളുത്ത ആജാനബാഹു ഒരു കരിംഭൂതമായിട്ടുണ്ട്‌.

മനോഗതം--ശ്ശോ ഇവനെയാണൊ ഞാന്‍ തെറ്റിദ്ധരിച്ചത്‌ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കു വേണ്ടി ആജാനബാഹു തലവഴി കരി ഓയിലില്‍(എന്താണെന്നെനിക്കറിയില്ല) മുങ്ങിയിരിക്കുന്നു.--

നാടകത്തിന്റെ ഭാഗമായി ഗുഹയ്ക്കു അകത്തേക്കു വന്ന ശില്‍പിയോട്‌ പ്രോംറ്ററുടെ തിരക്കഥയിലില്ലാത്ത ഡയലോഗ്‌.

" നിനക്കൊക്കെ സ്വന്തമായി ഡയലോഗ്‌ ഉണ്ടാക്കാമെങ്കില്‍ ഞാനീ തിരക്കഥയും പിടിച്ചു ഇവിടെ ഇരിക്കുന്നതെന്തിനാ? "

"അളിയാ നീ ക്ഷമി എന്തായാലും കുഴപ്പമൊന്നും ആയില്ലാലൊ"

അപ്പം പാകമാവാറായി. കാണികളൊക്കെ എന്തൊരു മാന്യന്മാര്‍!!!! ഇതു എഞ്ചിനീയറിംഗ്‌ കോളേജു പിള്ളേരു തന്നെയാണൊ!!!!. പാവങ്ങള്‍ എന്തേലും കാണിച്ചിട്ടു പോട്ടെ എന്നു വിചാരിച്ചിട്ടുണ്ടാവും.

സന്ന്യാസിയുടെ ജീവന്‍ ടോണ്‍ ഡയലോഗ്‌ കഴിഞ്ഞു.

"ഇവനെയും എടുത്തു കൊണ്ടുപോയി എറിയെടാ"

"പതുക്കെ എറിയണം.ശില്‍പിക്കു കണ്ണടയൊക്കെയുള്ളതാ അതു പൊട്ടരുത്‌"

ആ വാചകങ്ങള്‍ മഹാഭാരതയുദ്ധത്തില്‍ യുധിഷ്ഠിരന്‍ ദ്രോണാചാര്യരോട്‌
"അശ്വത്ഥാമാവ്‌ മരിച്ചു."
"അശ്വത്ഥാമാവ്‌ എന്ന ആന" എന്നു പറഞ്ഞതുപോലെ അല്ലായിരുന്നു എന്ന് എന്നെത്തന്നെ ഞാന്‍ പില്‍ക്കാലത്തു പല പ്രാവശ്യം വിശ്വസിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌.

പിന്നെ നടന്നതൊക്കെ കോളേജിന്റെ ചരിത്രത്തില്‍ സുവര്‍ണ്ണലിപികളില്‍ ഉണ്ട്‌. അതു വായിക്കാത്തവര്‍ക്കു വേണ്ടി. ഇതാ...

ഫ്രാങ്കന്‍സ്റ്റീന്‍ ശില്‍പിയെയും വലിച്ച്‌ അട്ടഹാസത്തോടെ ഗുഹയില്‍ നിന്നും പുറത്തേക്ക്‌ ഗമിക്കുന്നു. സ്റ്റേജിന്റെ മുകള്‍ഭാഗത്തെ ചിലന്തികളുടെയും മാറാലയുടെയും കണക്കെടുത്തുകൊണ്ട്‌ ശില്‍പിയും കണ്ണടയും അല്ലല്ല കണ്ണടക്കഷ്ണങ്ങളും സ്റ്റേജിന്റെ ഒരു ഭാഗത്ത്‌. ഇതുകണ്ട്‌ അടിമുടി വിറച്ചു കൊണ്ടിരിക്കുന്ന ശാസ്ത്രജ്ഞന്‍ മറ്റൊരു ഭാഗത്ത്‌.സന്ന്യാസിയെയും ശിഷ്യനെയും പോയിട്ട്‌ അവര്‍ ഓടിയ വഴി കണ്ടുപിടിക്കാന്‍ മഷി ഇനീം കണ്ടുപിടിക്കാനിരിക്കുന്നു.

ശില്‍പി വീണിടത്തു കിടക്കുന്നു. ഫ്രാങ്കന്‍സ്റ്റീന്‍ ശാസ്ത്രജ്ഞന്റെ നേര്‍ക്കു തിരിഞ്ഞു. കാണികളുടെ കയ്യടികളെക്കാളും ഉച്ചത്തില്‍ ശാസ്ത്രജ്ഞന്റെ നെഞ്ഞിടിപ്പാകുന്ന ബാക്ക്‌ ഗ്രൗണ്ട്‌ സ്കോര്‍. സ്വന്തം തിരക്കഥ മുന്‍ രംഗങ്ങളില്‍ തിരുത്തിയതു പോലെ അവസാന രംഗവും മാറ്റാന്‍ ശാസ്ത്രജ്ഞന്‍ ശ്രമിക്കുന്നതിനു മുന്‍പ്‌ ഫ്രാങ്കന്‍സ്റ്റീന്‍ ശാസ്ത്രജ്ഞന്റെ കഴുത്തില്‍ പിടുത്തമിട്ടു. ഫ്രാങ്കന്‍സ്റ്റീനു ബുദ്ധിമുട്ടേണ്ടി വന്നില്ല.

കാണികള്‍ ഭാഗ്യം ചെയ്തവരാ. ചില സിനിമകളില്‍ ജഗതി കാണിച്ചിട്ടുള്ളതുപോലെ ഒരു സീന്‍. ഫ്രാങ്കന്‍സ്റ്റീനിന്റെ കൈകള്‍ വായുവില്‍ അപ്രത്യക്ഷനായ ശാസ്ത്രജ്ഞന്റെ ഇല്ലാത്ത കഴുത്തില്‍ പിടിച്ചിരിക്കുന്നു. ശാസ്ത്രജ്ഞന്‍ താഴെ തറയിലും.

അവന്‍ എങ്ങനെ കൈകള്‍ക്കിടയിലൂടെ തലയൂരി!!!!
ഹേയ്‌ ഇനി പ്രോംറ്ററുടെ ഊഴം.

"കര്‍ട്ടനിടെടാാാാ"

കഴിഞ്ഞിടത്തോളം മതി. കര്‍ട്ടനിടുന്ന പയ്യനും കാലുമാറിയൊ? അവനും നിര്‍ദ്ദേശമുണ്ട്‌. ഫ്രാങ്കന്‍സ്റ്റീന്‍ അലറുമ്പോള്‍ ഇട്ടാല്‍ മതി.

ശ്ശെടാ പ്രോംറ്ററുടെ വാക്കിനു ഇവനും വിലയില്ലെ!!.

ഗുഹാകവാടത്തിനു താങ്ങ്‌ ഞാനിരിക്കുന്ന കസേരയാണു. ഞാന്‍ എഴുന്നേറ്റു. ഫ്രാങ്കന്‍സ്റ്റീനിന്റെ അലറല്‍ പകുതിക്കു നിന്നു. കര്‍ട്ടന്‍ വീണു.ഗുഹാകവാടം ദേ പോകുന്നു. ഫ്രാങ്കന്‍സ്റ്റീന്‍ എന്റെ നേരെയായി.

"ഡാാാാ"

ന്യൂട്ടന്റെ നിയമങ്ങള്‍ ഒക്കെ ശരിയാ. ഞാന്‍ ഒരു വഴിക്കും എന്റെ കൈയ്യിലിരുന്ന തിരക്കഥാ പ്രതി പ്രതിപ്രവര്‍ത്തനത്തിനും.


വാല്‍ക്കഷ്ണം: ഫ്രാങ്കന്‍സ്റ്റീന്‍ ആളൊരു പാവമായിരുന്നു. ആദ്യമായി സ്റ്റേജില്‍ കയറുന്നതിന്റെ ആവേശവും, റിഹേഴ്സലിന്റെ അഭാവവും പിന്നെ ഒറിജിനലിനെ പോലെ അവന്റെ കരുത്ത്‌ അവനുതന്നെ അറിയാത്തതും. എല്ലാം കൂടി കൂട്ടിയിളക്കിയപ്പോള്‍ അപ്പത്തിനു നേരിയ കരിഞ്ഞ മണം ഉണ്ടോന്നൊരു സംശയം.......

Tuesday, November 07, 2006

കൊച്ചു തക്കാളി

പണ്ട്‌ പണ്ട്‌ ഞാന്‍ ഒരു കൊച്ചു കുഞ്ഞായിരുന്ന കാലത്ത്‌ ഞാന്‍ ഒരു കൂട്ടുകുടുംബത്തില്‍ ആയിരുന്നു താമസിച്ചിരുന്നത്‌. ഇടയ്ക്കു ചിലരൊക്കെ താമസം മാറ്റിയിരുന്നെങ്കിലും എന്നെ എടുത്തു നടക്കാനും കുറെ ചേട്ടന്മാരും ചേച്ചിമാരും ഉണ്ടായിരുന്നു. ആ വലിയ തറവാട്ടില്‍ കുറേക്കാലത്തിനു ശേഷം ഉണ്ടായ തരി(ആണ്‍) എന്ന അഹങ്കാരത്തോടെ ഞാന്‍ വാണരുളേണ്ട കാലം(നാലഞ്ചു കൊല്ലം കഴിഞ്ഞു അനിയന്‍ ഉണ്ടായപ്പോഴാണ്‌ ആ ഹുങ്കാരം എനിക്കു തുടങ്ങിയത്‌ എങ്കിലും അപ്പോഴേ ഇത്തിരി വാശി എന്റെ കൂടപ്പിറപ്പാ).

ഇന്നത്തെപ്പോലെ മോസ്റ്റ്‌ മോഡേണ്‍ പൂന്തോട്ടമൊന്നും അല്ലെങ്കിലും ഒരുപാടു പൂക്കളും ചെടികളും അവയ്ക്കു തോന്നിയപോലെ വിരാജിച്ചിരുന്ന ഇടമായിരുന്നു വീടും പരിസരവും. നല്ല പൂക്കള്‍ ഉണ്ടാകുന്ന ചെടികളെ മാത്രം ഗൗനിച്ചും, മഴവെള്ളത്തില്‍ മുങ്ങിച്ചാവാറാകുന്ന ഉറുമ്പുകളെ തോണിയുണ്ടാക്കി രക്ഷിച്ചും നടക്കുന്നതിനിടെ പിന്നാമ്പുറത്തു തനിച്ച്‌ മാറി ഇത്തിരി നാണിച്ചു നില്‍ക്കുന്ന ഒരു ചെടി എന്റെ കണ്ണില്‍പ്പെട്ടു. മുത്തശ്ശിയോടു ചോദിച്ചു അതു ഒരു തക്കാളിച്ചെടിയാണെന്നും അതില്‍ നിന്നാണു ചുവന്നു തുടുത്ത തക്കാളി സുന്ദരി ഉണ്ടാകുന്നതെന്നും മനസ്സിലാക്കി അവളെ ഒന്നു പ്രത്യേകം പരിപാലിച്ചേക്കാം എന്നു വച്ചു.

എന്നും രണ്ടു നേരം വെള്ളം, രാവിലെ നേരം വെളുത്താലുടനെ ഈയുള്ളവന്റെ ദര്‍ശനസൗഭാഗ്യം എന്ന ഭാഗ്യം ഇതൊക്കെ കൊടുത്തു കൊടുത്തു സുന്ദരി വളര്‍ന്നു. അങ്ങനെയിരിക്കെ അതിലൊരു കൊച്ചു പച്ച തക്കാളിയുണ്ടായി. ചുവന്ന സുന്ദരിയെ പ്രതീക്ഷിച്ചിരുന്ന എന്റെ പളുങ്കു കൊട്ടാരം തകര്‍ന്നു പോയെങ്കിലും അവളു വളര്‍ന്നു ചുവന്ന സുന്ദരി ആകുമെന്നുള്ള വീട്ടിലെ മൊത്തം ആളുകളുടെ ജാമ്യത്തില്‍ ഞാന്‍ അന്നവളെ കൊല്ലാതെ വിട്ടു.

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ്‌ പുതിയ വീട്ടിലേയ്ക്കു താമസം മാറ്റിയ അച്ഛന്റെ അമ്മാവനും കുടുംബവും അന്നു വീട്ടില്‍ വന്നിരുന്നു. കുരങ്ങന്‍ ചത്ത കുറവനെ പോലെ ഇരുന്ന എന്നെ അവര്‍ പുതിയ വീട്ടിലേയ്ക്കു വിരുന്നുപാര്‍ക്കാന്‍ ക്ഷണിച്ചു. അതു അധികം ദൂരെയൊന്നും ആയിരുന്നില്ല. ഞങ്ങളുടെ വീടിന്റെ പിന്നിലായി ഒരു കൊച്ചു കുന്ന് ഉണ്ട്‌ അതു കയറി ഇത്തിരി നടന്നാല്‍ മതി, വഴിയില്‍ മുഴുവന്‍ കാടായതിനാലും പരമവീരചക്രം അഞ്ചു വയസ്സിനു താഴെ കൊടുത്തു തുടങ്ങിയിട്ടില്ലാത്തതിനാലും ഞാന്‍ ആ വഴിക്കൊന്നും പോകാറുണ്ടായിരുന്നില്ല. തക്കാളി സുന്ദരി ചുവക്കുന്നതു കാണാന്‍ ആഗ്രഹമുണ്ടെങ്കിലും അതിലും ശക്തമായ മറ്റൊരു അത്യാഗ്രഹം വടംവലിയില്‍ വിജയിച്ചതിനാല്‍ ഞാന്‍ അവരോടൊപ്പം വച്ചു പിടിച്ചു. ആ അത്യാഗ്രഹം ഇപ്രകാരമാണ്‌.

അമ്മായിയുടെ വീടു ദൂരെ പട്ടണത്തിലാണ്‌. അമ്മായി നാട്ടില്‍ പോയി വരുമ്പോള്‍ ബേക്കറി പലഹാരങ്ങളുടെ കൊച്ചു അഖിലേന്ത്യാ സമ്മേളനങ്ങള്‍ ഞങ്ങളുടെ വീട്ടില്‍ നടക്കാറുണ്ട്‌. ഊതിയാല്‍ പറക്കുന്ന ശരീരഘടനയാണെങ്കിലും പ്രായം കൊണ്ടും ആര്‍ത്തി കൊണ്ടും ഞാന്‍ വീറ്റോ പവറിനു ഉടമയായിരുന്നു.അവരു വീടു മാറുന്നതില്‍ എന്റെ ഏറ്റവും വലിയ വിഷമവും അതായിരുന്നു. ഞങ്ങളുടെ നാട്ടില്‍ ആകെ ഉണ്ടായിരുന്ന ഒരു ബേക്കറി എന്നു പറയാവുന്ന കടയിലെ ഏറ്റവും വലിയ പലഹാരം എന്നു പറയാവുന്നതു "പലബിസ്കറ്റ്‌" അഥവാ "പലകബിസ്കറ്റ്‌" എന്ന സാധനം ആകയാല്‍ എന്റെ ആര്‍ത്തിയില്‍ എനിക്കു അത്ര ചമ്മല്‍ ഒന്നും ഇല്ല.

അങ്ങനെ ഞാന്‍ അവരുടെ പുതിയ വീട്ടില്‍ വിരുന്നു പാര്‍ക്കാന്‍ തുടങ്ങി. എത്ര ദിവസമവിടെ കഴിഞ്ഞു എന്നു എനിക്കു വലിയ തീര്‍ച്ചയില്ല. കുറച്ചു ദിവസമായിട്ടും എന്റെ അഡ്രസ്സൊ ന്നും കാണാതായപ്പൊള്‍ ആദ്യം മുത്തശ്ശി എന്നെ തിരികെ കൊണ്ടുപോകാന്‍ വന്നു. മുത്തശ്ശിയെ നിഷ്കരുണം വെറും കയ്യോടെ ഞാന്‍ മടക്കി അയച്ചു. പിന്നീടു എനിക്കു നേരിടേണ്ടി വന്നതു സാക്ഷാല്‍ അച്ഛനെത്തന്നെയാണു. ഇത്തവണ എന്റെ അടവുകളൊന്നും ഫലിച്ചില്ല. പത്തൊന്‍പതാമത്തെ അടവു വലിയ വായില്‍ തുടങ്ങിയപ്പോള്‍ അച്ഛന്‍ പിന്നെ സമയം വൈകിച്ചില്ല. മഹാഭാരതത്തില്‍ പാഞ്ചാലിയെ ദുശ്ശാസനന്‍ വസ്ത്രാക്ഷേപ സമയത്തു വലിച്ചിഴച്ചതു പോലെ എന്റെ ഒരു കയ്യും വലിച്ചിഴച്ചു കുന്നിറങ്ങി. മറ്റേ കൈ കൊണ്ടു വഴിയിലുള്ള മരങ്ങളിലും ചെടികളിലും മണ്ണിലും പിടിച്ചു യാത്രയുടെ വേഗത നിയന്ത്രിച്ച്‌ ഞാന്‍ എന്റെ പ്രതിഷേധം അറിയിച്ചു.

എന്നെ വീടിന്റെ ഒരു മൂലയില്‍ വലിച്ചെറിഞ്ഞ്‌ ഏറ്റെടുത്ത ജോലി വിജയകരമായി പൂര്‍ത്തിയാക്കിയ ചാരിതാര്‍ത്ഥ്യത്തോടെ അച്ഛന്‍ കളം വിട്ടു.പിന്നെ മറ്റു കുടുംബാംഗങ്ങള്‍ അനുരഞ്ജന ചര്‍ച്ചകളും മോഹനവാഗ്ദാനങ്ങളുമായി അടുത്തു കൂടി. വാഗ്ദാനങ്ങളുടെ എണ്ണം ഗണ്യമായി കൂടിയപ്പോള്‍ ഞാന്‍ പതുക്കെ ഒരു കരയ്ക്കടുത്തു. അതിനിടയ്ക്കു ആരോ ചോദിച്ചു നിനക്കു നിന്റെ ചുവന്ന തക്കാളിയെ കാണേണ്ടേ എന്നു. കേട്ട പാതി കേള്‍ക്കാത്ത പാതി ഞാന്‍ പിന്നാമ്പുറത്തേക്കോടി. അവിടെ തക്കാളിയുമില്ല അതിന്റെ പൂട പോലും ഇല്ല!!!. ഞാന്‍ നിലവിളി വീണ്ടും തുടങ്ങി.

അന്വേഷണ കമ്മീഷനുകള്‍ നാലുപാടും പാഞ്ഞു. എന്നെ കാണിക്കാതെ കറിയ്ക്കെടുത്താല്‍ അവിടെ ഭൂകമ്പം ഉണ്ടാകുമെന്നതിനാല്‍ ആരും ആ സാഹസം കാണിച്ചിട്ടില്ലെന്നു എല്ലാരും ആണയിട്ടു. പക്ഷെ പെട്ടന്നു തന്നെ തൊണ്ടി കണ്ടെടുത്തു. മറ്റു എതാനും ചെടികളോടൊപ്പം തക്കാളിച്ചെടിയും ചുവന്ന സുന്ദരിയും ഇത്തിരി മാറി കടപുഴകി കിടക്കുന്നു. എന്റെ കരച്ചില്‍ സഡന്‍ ബ്രേക്കിട്ടതു പോലെ നിന്നു. പ്രതിയെ എനിക്കു മനസ്സിലായി. ആകെയുള്ള സാക്ഷി സ്ഥലത്തില്ല. കൂടുതല്‍ അന്വേഷണങ്ങള്‍ക്കു ഞാന്‍ ഉത്തരവിട്ടില്ല. വല്ല ആടോ പട്ടിയോ പശുവോ കടിച്ചതായിരിക്കും എന്നും, പൊട്ടിയ തക്കാളി പോട്ടെ എന്നും ആ ചെടി റീപ്ലാന്റു ചെയ്തു തന്നാല്‍മതിയെന്നും ഞാന്‍ പറഞ്ഞു. എല്ലാവരും ഈ മനം മാറ്റത്തില്‍ ഇത്തിരി അമ്പരന്നെങ്കിലും കാര്യങ്ങള്‍ കൂടുതല്‍ വഷളാവാത്തതില്‍ സന്തോഷിച്ച്‌ അങ്ങനെ തന്നെ ചെയ്തു.

അച്ഛന്‍ പറഞ്ഞു ആരെങ്കിലും സത്യമറിഞ്ഞോ എന്നു എനിക്കറിയില്ല. പക്ഷെ എന്റെ തക്കാളിച്ചെടിക്കും എന്റെ അതേ വാശിയായിരുന്നു. മറ്റൊരു തക്കാളിക്കു ജന്മം നല്‍കാതെ അതു കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ കരിഞ്ഞു.