Wednesday, October 03, 2007

സ്വര്‍ണ്ണത്തിളക്കം -- ഇന്ത്യന്‍ കായികചരിത്രത്തിലെ മൂന്ന് മൈല്‍ക്കുറ്റികള്‍ - അവസാന ഭാഗം

ഇത്‌ വായിക്കും മുന്‍പ്‌ കുട്ടിച്ചാത്തന്റെ കായിക ചരിത്രം അറിയാത്തവര്‍ ഇവിടെയും ഇതിനു തൊട്ടുമുന്‍പുള്ള പോസ്റ്റുകളും നോക്കുക.

ആറാം ക്ലാസിലെ കായിക മല്‍സരങ്ങളില്‍ ചാത്തന്‍ 50 മീറ്റര്‍ റേസിനു പുറമെ സ്ഥിരം നമ്പറായ ലോങ്ങ്‌ ജമ്പിനും പേരു കൊടുത്തിരുന്നു എന്ന കാര്യം കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞത്‌ ഓര്‍ക്കുമല്ലോ. പരിശീലനവും ആ ഇനത്തിനു മാത്രമായിരുന്നു.

രാവിലെ സ്ക്കൂള്‍ ഗ്രൗണ്ടില്‍ പോവും ലോങ്ങ്‌ ജമ്പ്‌ പിറ്റില്‍ ചാത്തന്‍ മാത്രേ കാണൂ. കുറച്ച്‌ ചേട്ടന്മാര്‍ രാവിലെ ഗ്രൗണ്ടില്‍ ഓടാന്‍ വരും. ഓടുന്നതിനിടയ്ക്ക്‌ സൈഡിലുള്ള പിറ്റില്‍ ഉരുണ്ട്‌ വീഴുന്ന ചാത്തനെക്കണ്ട്‌ സങ്കടം തോന്നീട്ടാണോ എന്തോ അവരൊക്കെ ഇങ്ങനെ ചാടണം, ഇത്ര ആംഗിളില്‍ ചാടണം, ആദ്യം മെല്ലെ തുടങ്ങി ജമ്പിംഗ്‌ ലൈനിലെത്തുമ്പോഴേക്ക്‌ ഓട്ടം പരമാവധി സ്പീഡിലെത്തണം, ചാടിത്തുടങ്ങുമ്പോള്‍ കാലു വീശണം, കൈ രണ്ടും മുന്നോട്ടേക്കായണം എന്നിങ്ങനെ ഉപദേശങ്ങളും പരിശീലന സഹായങ്ങളും ചെയ്തു തന്നു. എന്തോ ഒരു ആത്മവിശ്വാസം ചാത്തനില്‍ ദിനം പ്രതി വളര്‍ന്നു.

എന്നാലും കടമ്പകള്‍ അനവധിയായിരുന്നു. ആറാം ക്ലാസ്‌ രണ്ട്‌ ഡിവിഷനില്‍ നിന്നും കൂടി ചാത്തനുള്‍പ്പെടെ ആകെ രണ്ട്‌ പേര്‍മാത്രമെ ലോങ്ങ്‌ ജമ്പിനു പേരു കൊടുത്തുള്ളൂ. ഏഴാം ക്ലാസ്‌ രണ്ട്‌ ഡിവിഷനില്‍ നിന്നും കൂടി നാല്‌ പേര്‍. കിഡീസ്‌ വിഭാഗത്തില്‍ അത്രേം പേര്‍ മാത്രേ കയറിപ്പറ്റിയുള്ളൂ. ബാക്കി കുറേ ഏഴാം ക്ലാസുകാര്‍ സബ്‌ ജൂനിയര്‍ വിഭാഗത്തിലാണ്‌. കിഡീസ്‌ വിഭാഗത്തിന്റെ ജനനതീയ്യതി കട്ട്‌ ഓഫിന്റെ ആനുകൂല്യം!!!

ഏത്‌ ക്ലാസിലും ഒന്നാം ബെഞ്ചിലിരിക്കുന്ന ചാത്തന്‍ ബാക്ക്‌ ബെഞ്ചുകളിലിരിക്കുന്ന ജിറാഫ്‌ കാലന്മാരോടാണ്‌ മല്‍സരിക്കേണ്ടത്‌. ചാത്തന്റെ ക്ലാസിലെ ബാക്ക്‌ ബെഞ്ചിലാണേലും രാജേഷ്‌ ചാത്തന്റെ കൂട്ടുകാരനായിരുന്നു. ഒന്നാം സ്ഥാനം കിട്ടിയില്ലേലും രണ്ടും മൂന്നും ഞങ്ങളാവുന്നത്‌ ചാത്തന്‍ സ്വപ്നം കണ്ടിരുന്നു.

ഏഴാംക്ലാസിലെ ഉപേന്ദ്രന്റെ ജനനതീയതി കട്ട്‌ ഓഫ്‌ ഡേറ്റ്‌ തന്നെയാണെന്നറിഞ്ഞ ചാത്തനും കൂട്ടുകാരനും കൂട്ടത്തില്‍ ആജാനബാഹുവായ അവനെ സബ്‌ ജൂനിയര്‍ വിഭാഗത്തിലേക്ക്‌ മാറ്റണം എന്ന് നിവേദനം നടത്തിയെങ്കിലും ആകെ അത്രപേരെ കിഡീസ്‌ വിഭാഗത്തിലുള്ളൂ എന്നതിനാലും സബ്‌ ജൂനിയര്‍ വിഭാഗത്തിലെ എണ്ണക്കൂടുതലും കാരണം അത്‌ നിഷ്കരുണം തള്ളിപ്പോയി.

മല്‍സരം തുടങ്ങാന്‍ ഇനിയും സമയമുണ്ട്‌ ചാത്തനും കൂട്ടുകാരും മൈതാനത്ത്‌ കറങ്ങിനടപ്പാണ്‌. ഒരുത്തന്‍ ഓടി വരുന്നു.

എടാ നീയറിഞ്ഞോ ടീച്ചര്‍മാരുടെ ലോങ്ങ്‌ ജമ്പില്‍ നിന്റെ അമ്മയ്ക്കാ തേഡ്‌ പ്രൈസ്‌!

ചാത്തന്റെ പകുതി ബോധം മൈതാനത്തിലെ ഇളം കാറ്റിനൊപ്പം എവിടെയോ പോയി മറഞ്ഞു.

ആ ത..ത.. തടിയും വച്ച്‌ അമ്മയ്ക്കെങ്ങനെ.....ഒന്ന് മര്യാദയ്ക്ക്‌ ഓടാന്‍ പോലും പറ്റൂലല്ലോ ഇതെന്ത്‌ മറിമായം!!!ഇനിയിപ്പോ വെറും കയ്യോടെ ചാത്തന്‍ വീട്ടില്‍ ചെന്നാല്‍ എല്ലാവരും കൂടി കളിയാക്കിക്കൊല്ലും. ഭൂലോകസമ്മര്‍ദ്ദം...

ഒരു നിമിഷത്തെ നക്ഷത്രമെണ്ണലിനു ശേഷം ചാത്തന്‍ സമനില വീണ്ടെടുത്തു.
ആകെ എത്ര ടീച്ചര്‍മാരുണ്ടായിരുന്നു മല്‍സരത്തിന്‌?

മൂന്ന് പേര്‍ !

ചുമ്മാതല്ല.... സമാധാനം.

മല്‍സരം തുടങ്ങാറായി.

പഴയ ക്യൂ ... ഇത്തവണ ചെറുതാണെന്ന് മാത്രം.
ഉപേന്ദ്രന്‍ ഒന്നാമത്‌ മറ്റൊരു ഏഴാം ക്ലാസുകാരന്‍ രണ്ടാമത്‌ ചാത്തന്‍ മൂന്നാമത്‌ രാജേഷ്‌ നാലാമത്‌ മറ്റ്‌ രണ്ടേഴാം ക്ലാസുകാര്‍ അഞ്ചും ആറും പൊസിഷനില്‍. ക്യൂ തയ്യാറായി. ഒരാള്‍ക്ക്‌ മൂന്ന് ചാന്‍സ്‌ കിട്ടും അതില്‍ ഏറ്റവും കൂടുതല്‍ ദൂരം ചാടിയത്‌ എടുക്കും.

ജമ്പിംഗ്‌ പിറ്റിന്റെ അരമീറ്റര്‍ ദൂരത്തായി അടുപ്പിച്ചടുപ്പിച്ച്‌ കുമ്മായം കൊണ്ടും മണല്‍ കൊണ്ടും രണ്ട്‌ വരകള്‍ ഇട്ടിട്ടുണ്ട്‌. മണലില്‍ ചവിട്ടിക്കൊണ്ട്‌ ചാട്ടം തുടങ്ങാം.അതിനു തൊട്ട്‌ മുന്നിലിരിക്കുന്ന കുമ്മായ വരയില്‍ കാല്‍ വിരലു പതിഞ്ഞാല്‍ ഫൗളാകും.

ചാത്തന്റെ ഒന്നാമത്തെ ചാട്ടമാണ്‌ നന്നാവുക എന്ന് ചാത്തനറിയാം, കൂടാതെ ഫൗള്‍ ആവുന്നത്‌ എങ്ങനെയെന്നും ചേട്ടന്മാര്‍ പഠിപ്പിച്ച്‌ തന്നിട്ടുണ്ട്‌. എന്നാലും ആദ്യ ചാട്ടം ഫൗളാവരുതെന്നത്‌ ഉറപ്പാക്കാന്‍ അമ്മ പറഞ്ഞ്‌ തന്ന ജെസ്സി ഓവന്‍സിന്റെ കഥയിലെ ലെസ്‌ ലോങ്ങ്‌ ജെസ്സി ഓവന്‍സിനുപദേശിച്ച ബുദ്ധി ചാത്തനെടുത്തുപയോഗിച്ചു. കുതിപ്പ്‌ മണല്‍ വരയില്‍ നിന്നും അല്‍പം പിറകിലായി വീണ്‌ കിടന്ന മിഠായിക്കടലാസില്‍ നിന്നും ലക്ഷ്യം വച്ചു. അവിടുന്ന് തന്നെ കുതിക്കുകയും ചെയ്തു. ഫൗളായില്ല.

ഒന്നാം റൗണ്ട്‌ കഴിഞ്ഞപ്പോള്‍, ഉപേന്ദ്രന്‍ ഒന്നാമത്‌, ചാത്തന്‍ രണ്ടാമത്‌ മറ്റൊരു ഏഴാം ക്ലാസുകാരന്‍ മൂന്നാമത്‌ ബാക്കി മൂന്ന് പേരും ഫൗള്‍. രണ്ടാം റൗണ്ട്‌ കഴിഞ്ഞപ്പോള്‍ നാലാം സ്ഥാനത്തിനു കൂടെ ആളായി. മറ്റ്‌ സ്ഥാനങ്ങളില്‍ മാറ്റമില്ല.

രണ്ടെങ്കില്‍ രണ്ട്‌, ഒരു മെഡല്‍ ചാത്തന്റെ കഴുത്തിലും!!!

കുഞ്ഞ്‌ കുഞ്ഞ്‌ സന്തോഷത്തിരകളുമായി ശാന്തമായിരുന്ന ചാത്തന്റെ മനസ്സില്‍ സുനാമികള്‍ അലയടിച്ചു. വര്‍ഷങ്ങള്‍ക്ക്‌ ശേഷമുള്ള കാത്തിരിപ്പിനു ശേഷം ഏതെങ്കിലും സ്പോര്‍ട്‌സ്‌ ഇനത്തില്‍ ഒരു കൊച്ച്‌ മനുഷ്യന്‍ തന്റെ ഇരട്ടി ഉയരമുള്ളവരോട്‌ മല്‍സരിച്ച്‌ ഒരു സമ്മാനം നേടാന്‍ പോവുന്നു.

പരിശീലനത്തിനു സഹായിച്ച ഓരോ ചേട്ടന്മാരോടും മനസ്സില്‍ നന്ദി പറഞ്ഞു. രണ്ടാം റൗണ്ടില്‍ എല്ലാവരുടെയും പെര്‍ഫോമന്‍സ്‌ ഗ്രാഫ്‌ കുത്തനെ താഴോട്ടാണ്‌ ആരും ആദ്യ റൗണ്ട്‌ പെര്‍ഫോമന്‍സിനടുത്ത്‌ എത്തിയില്ല. സ്ഥാനങ്ങള്‍ ഏറെക്കുറെ ഉറപ്പാണ്‌ ഉപേന്ദ്രന്റെ അവസാന ചാട്ടം കഴിഞ്ഞു.

രാജേഷിന്റെ രണ്ട്‌ ചാട്ടവും ഫൗളായിരുന്നു.
ചാത്തന്റെ മനസ്സില്‍ ഒരു മിന്നല്‍ എന്തുകൊണ്ട്‌ മൂന്നാം സ്ഥാനം രാജേഷിനു വാങ്ങിക്കൊടുക്കാന്‍ ശ്രമിച്ചൂടാ?

മൂന്നാം സ്ഥാനത്തിരിക്കുന്ന എഴാം ക്ലാസുകാരനേക്കാള്‍ അവനു ചാടാന്‍ കഴിയുന്നുണ്ട്‌,
മിഠായിക്കടലാസിന്റെ രഹസ്യം അവനൂടെ പറഞ്ഞ്‌ കൊടുത്താല്‍ ഫൗളാവുകയുമില്ല.

ഇനി അഥവാ അവന്‍ ചാത്തനേക്കാളും കൂടുതല്‍ ചാടിയാലും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ഏത്‌ കിട്ടിയാലും ഒരുപോലൊക്കെ തന്നെ.

തിരിഞ്ഞ്‌ നിന്ന് രാജേഷിന്റെ ചെവിയില്‍ ചാത്തന്‍ രഹസ്യം മന്ത്രിച്ചു. മിഠായിക്കടലാസ്‌ ചൂണ്ടിക്കാണിച്ച്‌ കൊടുക്കുകയും ചെയ്തു. അവന്റെ മുഖത്തെ സന്തോഷം കാണണമായിരുന്നു. ഇനിയിപ്പോള്‍ മൂന്നാമതായാലും വേണ്ടൂല. ചാത്തന്റെ സന്തോഷോം ഇരട്ടിച്ചു.

ചാത്തന്റെ ഊഴമായി. എന്തോ ആ സന്തോഷം കാരണമാവും ചാത്തന്‍ സ്വന്തം റെക്കോഡ്‌ മെച്ചപ്പെടുത്തി. പക്ഷേ ഇപ്പോഴും രണ്ടാം സ്ഥാനം തന്നെ. അടുത്തത്‌ രാജേഷിന്റെ ഊഴം. അവന്‍ സര്‍വ്വശക്തിയുമെടുത്ത്‌ ചാടി. ഉപേന്ദ്രനും മുന്നില്‍ ഒന്നാം സ്ഥാനം!!!

ഉപേന്ദ്രനും ചാത്തനും ഇനിയൊരൂഴമില്ല.! മൂന്നാമതായെങ്കിലും സന്തോഷം കൂടി. ചാത്തന്റെ കോച്ചിംഗ്‌ കൊണ്ട്‌ ഒരു ഒന്നാം സ്ഥാനമല്ലേ ആറാം ക്ലാസുകാരന്‍ അടിച്ചെടുത്തത്‌! പോരാഞ്ഞ്‌ ചാത്തനും മൂന്നാം സ്ഥാനമുണ്ട്‌. അഞ്ചാമന്റേയും ഊഴം കഴിഞ്ഞു. ഇനി ഒരാള്‍ മാത്രം അവന്റെയും രണ്ട്‌ ചാട്ടവും ഫൗളായിരുന്നു. ഏഴാംക്ലാസുകാരനു ജെസ്സി ഓവന്‍സിന്റെ രഹസ്യം ചാത്തന്റെ 'ബൗ ബൗ' പറഞ്ഞ്‌ കൊടുക്കും. ഈ ഊഴം കൂടി ഫൗളാവട്ടെ.

ഇവനെ...ന്താ ഈ .. കാണിക്കു...ച്ചത്‌ മിഠായിക്കടലാസിന്റെ മുകളില്‍ നിന്ന് തന്നെ... അവനും.....രഹസ്യം പറഞ്ഞത്‌ പരസ്യമായിപ്പോയി.

അയ്യോ... അവനെത്ര ദൂരം ചാടി? എന്ത്‌ ചാത്തനേക്കാള്‍ ഒന്ന് രണ്ട്‌ സെന്റീമീറ്ററുകള്‍ മുന്നിലോ? അങ്ങനെ വരാന്‍ വഴിയില്ലാ. ഒന്നൂടെ അളക്കൂ മാഷേ... ചാത്തന്‍ നാലാം സ്ഥാനത്തോ!

ദൈവമേ ഇനി എനിക്കെന്നാ ഒരു അവസരം?

സമ്മാനദാനം കഴിഞ്ഞ്‌ രാജേഷ്‌ മെഡലുമെടുത്ത്‌ വരുന്നു.
എനിക്ക്‌ 100 മീറ്ററിനും ഒന്ന് കിട്ടിയതാ എല്ലാ മെഡലും ഒരുപോലാ ഇത്‌ നീയെടുത്തോ. എനിക്ക്‌ സര്‍ട്ടിഫിക്കറ്റ്‌ മതി.

ഒന്ന് വാങ്ങി നോക്കിയ ശേഷം ചാത്തനത്‌ തിരിച്ച്‌ കൊടുത്തു.
വേണ്ടെടാ ഇനി അടുത്ത കൊല്ലമുണ്ടല്ലോ......

വാല്‍ക്കഷ്ണം:

ചില വാക്കുകള്‍ക്കും സൗഹൃദങ്ങള്‍ക്കും സ്വര്‍ണമെഡലുകളേക്കാള്‍ തിളക്കമുണ്ട്‌.
അന്നും ഇന്നും എന്നും....
പോരാഞ്ഞ്‌ എന്റെ മാവും ഒരുകാലത്ത്‌ പൂക്കൂലോ...