Tuesday, November 07, 2006

കൊച്ചു തക്കാളി

പണ്ട്‌ പണ്ട്‌ ഞാന്‍ ഒരു കൊച്ചു കുഞ്ഞായിരുന്ന കാലത്ത്‌ ഞാന്‍ ഒരു കൂട്ടുകുടുംബത്തില്‍ ആയിരുന്നു താമസിച്ചിരുന്നത്‌. ഇടയ്ക്കു ചിലരൊക്കെ താമസം മാറ്റിയിരുന്നെങ്കിലും എന്നെ എടുത്തു നടക്കാനും കുറെ ചേട്ടന്മാരും ചേച്ചിമാരും ഉണ്ടായിരുന്നു. ആ വലിയ തറവാട്ടില്‍ കുറേക്കാലത്തിനു ശേഷം ഉണ്ടായ തരി(ആണ്‍) എന്ന അഹങ്കാരത്തോടെ ഞാന്‍ വാണരുളേണ്ട കാലം(നാലഞ്ചു കൊല്ലം കഴിഞ്ഞു അനിയന്‍ ഉണ്ടായപ്പോഴാണ്‌ ആ ഹുങ്കാരം എനിക്കു തുടങ്ങിയത്‌ എങ്കിലും അപ്പോഴേ ഇത്തിരി വാശി എന്റെ കൂടപ്പിറപ്പാ).

ഇന്നത്തെപ്പോലെ മോസ്റ്റ്‌ മോഡേണ്‍ പൂന്തോട്ടമൊന്നും അല്ലെങ്കിലും ഒരുപാടു പൂക്കളും ചെടികളും അവയ്ക്കു തോന്നിയപോലെ വിരാജിച്ചിരുന്ന ഇടമായിരുന്നു വീടും പരിസരവും. നല്ല പൂക്കള്‍ ഉണ്ടാകുന്ന ചെടികളെ മാത്രം ഗൗനിച്ചും, മഴവെള്ളത്തില്‍ മുങ്ങിച്ചാവാറാകുന്ന ഉറുമ്പുകളെ തോണിയുണ്ടാക്കി രക്ഷിച്ചും നടക്കുന്നതിനിടെ പിന്നാമ്പുറത്തു തനിച്ച്‌ മാറി ഇത്തിരി നാണിച്ചു നില്‍ക്കുന്ന ഒരു ചെടി എന്റെ കണ്ണില്‍പ്പെട്ടു. മുത്തശ്ശിയോടു ചോദിച്ചു അതു ഒരു തക്കാളിച്ചെടിയാണെന്നും അതില്‍ നിന്നാണു ചുവന്നു തുടുത്ത തക്കാളി സുന്ദരി ഉണ്ടാകുന്നതെന്നും മനസ്സിലാക്കി അവളെ ഒന്നു പ്രത്യേകം പരിപാലിച്ചേക്കാം എന്നു വച്ചു.

എന്നും രണ്ടു നേരം വെള്ളം, രാവിലെ നേരം വെളുത്താലുടനെ ഈയുള്ളവന്റെ ദര്‍ശനസൗഭാഗ്യം എന്ന ഭാഗ്യം ഇതൊക്കെ കൊടുത്തു കൊടുത്തു സുന്ദരി വളര്‍ന്നു. അങ്ങനെയിരിക്കെ അതിലൊരു കൊച്ചു പച്ച തക്കാളിയുണ്ടായി. ചുവന്ന സുന്ദരിയെ പ്രതീക്ഷിച്ചിരുന്ന എന്റെ പളുങ്കു കൊട്ടാരം തകര്‍ന്നു പോയെങ്കിലും അവളു വളര്‍ന്നു ചുവന്ന സുന്ദരി ആകുമെന്നുള്ള വീട്ടിലെ മൊത്തം ആളുകളുടെ ജാമ്യത്തില്‍ ഞാന്‍ അന്നവളെ കൊല്ലാതെ വിട്ടു.

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ്‌ പുതിയ വീട്ടിലേയ്ക്കു താമസം മാറ്റിയ അച്ഛന്റെ അമ്മാവനും കുടുംബവും അന്നു വീട്ടില്‍ വന്നിരുന്നു. കുരങ്ങന്‍ ചത്ത കുറവനെ പോലെ ഇരുന്ന എന്നെ അവര്‍ പുതിയ വീട്ടിലേയ്ക്കു വിരുന്നുപാര്‍ക്കാന്‍ ക്ഷണിച്ചു. അതു അധികം ദൂരെയൊന്നും ആയിരുന്നില്ല. ഞങ്ങളുടെ വീടിന്റെ പിന്നിലായി ഒരു കൊച്ചു കുന്ന് ഉണ്ട്‌ അതു കയറി ഇത്തിരി നടന്നാല്‍ മതി, വഴിയില്‍ മുഴുവന്‍ കാടായതിനാലും പരമവീരചക്രം അഞ്ചു വയസ്സിനു താഴെ കൊടുത്തു തുടങ്ങിയിട്ടില്ലാത്തതിനാലും ഞാന്‍ ആ വഴിക്കൊന്നും പോകാറുണ്ടായിരുന്നില്ല. തക്കാളി സുന്ദരി ചുവക്കുന്നതു കാണാന്‍ ആഗ്രഹമുണ്ടെങ്കിലും അതിലും ശക്തമായ മറ്റൊരു അത്യാഗ്രഹം വടംവലിയില്‍ വിജയിച്ചതിനാല്‍ ഞാന്‍ അവരോടൊപ്പം വച്ചു പിടിച്ചു. ആ അത്യാഗ്രഹം ഇപ്രകാരമാണ്‌.

അമ്മായിയുടെ വീടു ദൂരെ പട്ടണത്തിലാണ്‌. അമ്മായി നാട്ടില്‍ പോയി വരുമ്പോള്‍ ബേക്കറി പലഹാരങ്ങളുടെ കൊച്ചു അഖിലേന്ത്യാ സമ്മേളനങ്ങള്‍ ഞങ്ങളുടെ വീട്ടില്‍ നടക്കാറുണ്ട്‌. ഊതിയാല്‍ പറക്കുന്ന ശരീരഘടനയാണെങ്കിലും പ്രായം കൊണ്ടും ആര്‍ത്തി കൊണ്ടും ഞാന്‍ വീറ്റോ പവറിനു ഉടമയായിരുന്നു.അവരു വീടു മാറുന്നതില്‍ എന്റെ ഏറ്റവും വലിയ വിഷമവും അതായിരുന്നു. ഞങ്ങളുടെ നാട്ടില്‍ ആകെ ഉണ്ടായിരുന്ന ഒരു ബേക്കറി എന്നു പറയാവുന്ന കടയിലെ ഏറ്റവും വലിയ പലഹാരം എന്നു പറയാവുന്നതു "പലബിസ്കറ്റ്‌" അഥവാ "പലകബിസ്കറ്റ്‌" എന്ന സാധനം ആകയാല്‍ എന്റെ ആര്‍ത്തിയില്‍ എനിക്കു അത്ര ചമ്മല്‍ ഒന്നും ഇല്ല.

അങ്ങനെ ഞാന്‍ അവരുടെ പുതിയ വീട്ടില്‍ വിരുന്നു പാര്‍ക്കാന്‍ തുടങ്ങി. എത്ര ദിവസമവിടെ കഴിഞ്ഞു എന്നു എനിക്കു വലിയ തീര്‍ച്ചയില്ല. കുറച്ചു ദിവസമായിട്ടും എന്റെ അഡ്രസ്സൊ ന്നും കാണാതായപ്പൊള്‍ ആദ്യം മുത്തശ്ശി എന്നെ തിരികെ കൊണ്ടുപോകാന്‍ വന്നു. മുത്തശ്ശിയെ നിഷ്കരുണം വെറും കയ്യോടെ ഞാന്‍ മടക്കി അയച്ചു. പിന്നീടു എനിക്കു നേരിടേണ്ടി വന്നതു സാക്ഷാല്‍ അച്ഛനെത്തന്നെയാണു. ഇത്തവണ എന്റെ അടവുകളൊന്നും ഫലിച്ചില്ല. പത്തൊന്‍പതാമത്തെ അടവു വലിയ വായില്‍ തുടങ്ങിയപ്പോള്‍ അച്ഛന്‍ പിന്നെ സമയം വൈകിച്ചില്ല. മഹാഭാരതത്തില്‍ പാഞ്ചാലിയെ ദുശ്ശാസനന്‍ വസ്ത്രാക്ഷേപ സമയത്തു വലിച്ചിഴച്ചതു പോലെ എന്റെ ഒരു കയ്യും വലിച്ചിഴച്ചു കുന്നിറങ്ങി. മറ്റേ കൈ കൊണ്ടു വഴിയിലുള്ള മരങ്ങളിലും ചെടികളിലും മണ്ണിലും പിടിച്ചു യാത്രയുടെ വേഗത നിയന്ത്രിച്ച്‌ ഞാന്‍ എന്റെ പ്രതിഷേധം അറിയിച്ചു.

എന്നെ വീടിന്റെ ഒരു മൂലയില്‍ വലിച്ചെറിഞ്ഞ്‌ ഏറ്റെടുത്ത ജോലി വിജയകരമായി പൂര്‍ത്തിയാക്കിയ ചാരിതാര്‍ത്ഥ്യത്തോടെ അച്ഛന്‍ കളം വിട്ടു.പിന്നെ മറ്റു കുടുംബാംഗങ്ങള്‍ അനുരഞ്ജന ചര്‍ച്ചകളും മോഹനവാഗ്ദാനങ്ങളുമായി അടുത്തു കൂടി. വാഗ്ദാനങ്ങളുടെ എണ്ണം ഗണ്യമായി കൂടിയപ്പോള്‍ ഞാന്‍ പതുക്കെ ഒരു കരയ്ക്കടുത്തു. അതിനിടയ്ക്കു ആരോ ചോദിച്ചു നിനക്കു നിന്റെ ചുവന്ന തക്കാളിയെ കാണേണ്ടേ എന്നു. കേട്ട പാതി കേള്‍ക്കാത്ത പാതി ഞാന്‍ പിന്നാമ്പുറത്തേക്കോടി. അവിടെ തക്കാളിയുമില്ല അതിന്റെ പൂട പോലും ഇല്ല!!!. ഞാന്‍ നിലവിളി വീണ്ടും തുടങ്ങി.

അന്വേഷണ കമ്മീഷനുകള്‍ നാലുപാടും പാഞ്ഞു. എന്നെ കാണിക്കാതെ കറിയ്ക്കെടുത്താല്‍ അവിടെ ഭൂകമ്പം ഉണ്ടാകുമെന്നതിനാല്‍ ആരും ആ സാഹസം കാണിച്ചിട്ടില്ലെന്നു എല്ലാരും ആണയിട്ടു. പക്ഷെ പെട്ടന്നു തന്നെ തൊണ്ടി കണ്ടെടുത്തു. മറ്റു എതാനും ചെടികളോടൊപ്പം തക്കാളിച്ചെടിയും ചുവന്ന സുന്ദരിയും ഇത്തിരി മാറി കടപുഴകി കിടക്കുന്നു. എന്റെ കരച്ചില്‍ സഡന്‍ ബ്രേക്കിട്ടതു പോലെ നിന്നു. പ്രതിയെ എനിക്കു മനസ്സിലായി. ആകെയുള്ള സാക്ഷി സ്ഥലത്തില്ല. കൂടുതല്‍ അന്വേഷണങ്ങള്‍ക്കു ഞാന്‍ ഉത്തരവിട്ടില്ല. വല്ല ആടോ പട്ടിയോ പശുവോ കടിച്ചതായിരിക്കും എന്നും, പൊട്ടിയ തക്കാളി പോട്ടെ എന്നും ആ ചെടി റീപ്ലാന്റു ചെയ്തു തന്നാല്‍മതിയെന്നും ഞാന്‍ പറഞ്ഞു. എല്ലാവരും ഈ മനം മാറ്റത്തില്‍ ഇത്തിരി അമ്പരന്നെങ്കിലും കാര്യങ്ങള്‍ കൂടുതല്‍ വഷളാവാത്തതില്‍ സന്തോഷിച്ച്‌ അങ്ങനെ തന്നെ ചെയ്തു.

അച്ഛന്‍ പറഞ്ഞു ആരെങ്കിലും സത്യമറിഞ്ഞോ എന്നു എനിക്കറിയില്ല. പക്ഷെ എന്റെ തക്കാളിച്ചെടിക്കും എന്റെ അതേ വാശിയായിരുന്നു. മറ്റൊരു തക്കാളിക്കു ജന്മം നല്‍കാതെ അതു കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ കരിഞ്ഞു.

14 comments:

Visala Manaskan said...

കൊച്ചുതക്കാളി കൊള്ളാം.

കുട്ടിച്ചാത്തവിലാസം തുടരുക. ആശംസകള്‍.

വേണു venu said...

കൊച്ചു തക്കാളിയുടെ മറവില്‍ ഒരു വലിയ തക്കാളിയുടെ നിഴല്‍.:)

വല്യമ്മായി said...

നല്ല വിവരണം.

Siju | സിജു said...

കൊള്ളാം
പക്ഷേ, സ്പീഡിത്തിരി കൂടിപ്പോയോ..

Unknown said...

കാക്ക പറന്ന് തുടങ്ങി...

കുട്ടിച്ചാത്തന്‍ said...

ആശംസകള്‍ക്ക് നന്ദി.

സ്പീഡ് എനിക്കു സ്വതവേ എല്ലാത്തിനും കൂടുതലാ കുറച്ചു കൂടി മാന്യമായി പറഞ്ഞാല്‍ വെപ്രാളം...
പിന്നെ സംശയവും...
(പൊന്നമ്പലത്തിനറിയാം നന്നായി)

കൂടാതെ ആദ്യത്തെ പോസ്റ്റ് എത്രെം പെട്ടന്നു തീര്‍ക്കാനുള്ള തിരക്കും..(എഴുതി തുടങ്ങിയിട്ടു കുറെ ആഴ്ചയായി)

Unknown said...

ഓ. ടോ: ശ്രീ കുട്ടിച്ചാത്തന് മറ്റൊരു പേരുണ്ടായിരുന്നു (ഇപ്പഴും ഉണ്ട്) - ഉല്‍‌പ്രേക്ഷന്‍ !

എന്ത് കണ്ടാലും അവന്‍ സംശയം ചോദിക്കും! ഇത് അത് പോലെ അല്ലെ? എന്ന്...

മറ്റൊന്നിന്‍ ധര്‍മ്ം യോഗത്താല്‍.....

അളിയന്‍സ് said...

ലുട്ടാപ്പിക്കഥകള്‍ ഇനിയും പോരട്ടെ.....ആള്‍ ദ ബെസ്റ്റ്

സു | Su said...

പാവം തക്കാളി.

Anonymous said...

taan aaru uvva, balaramayil ente katha adichu maati ivide ittekkunno ?

ആഷ | Asha said...

ചാത്തന്‍സിന്റെ ആദ്യപോസ്റ്റാണോയിത്?
കൊള്ളാല്ലോ ഈ കൊച്ചു തക്കാളി കഥ.
വീട്ടില്‍ എത്തുന്ന വഴീല്‍ തക്കാളിയും വലിച്ചു പറിച്ചല്ലേ.

Sathees Makkoth | Asha Revamma said...

തക്കാളിക്കഥ കൊള്ളാം.

അഭിലാഷങ്ങള്‍ said...

കുട്ടിച്ചാത്തന്റെ വീട്ടില്‍ ജനിച്ച കുട്ടിത്തക്കാളിയായ പച്ചത്തക്കാളിയുടെയും പിന്നെ, തറവാട്ടില്‍ കുറേക്കാലത്തിനു ശേഷം ഉണ്ടായ തരി(ആണ്‍) യുടെയും കഥ വായിച്ചു. ഇഷ്ടമായി.

തരിയുടെ ബ്രാക്കറ്റില്‍ ‘ആണ്‍’ എന്ന് എഴുതി കണ്‍ഫേം ചെയ്തത് ഏതായാലും നന്നയി. :-)

പലബിസ്കറ്റിനെപറ്റിപ്പറഞ്ഞപ്പഴാ ഓര്‍ത്തത്, പണ്ട് പണ്ട് യു.പി സ്‌കൂളില്‍ ഞാന്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍, ‘പലബിസ്കറ്റ്‘ (12 എണ്ണം കെട്ടിപ്പിടിച്ചിരിക്കുന്ന ഒറ്റപ്പീസ്) എടുത്ത് അനിയത്തിയെ കൊണ്ട് കൈയ്യില്‍ പിടിപ്പിച്ച്, കരാട്ടേ ബ്ലാക്ക്ബെല്‍ട്ടായ ഞാന്‍ (സ്വപ്നത്തില്‍), “യാ‍ാഹൂ‍ൂ‍ൂ...“ന്നും പറഞ്ഞ് ജാ‍ക്കിച്ചാന്‍ ആക്ഷനില്‍ അത് കൈകൊണ്ട് പൊട്ടിക്കാറുണ്ടായിരുന്നു. എല്ലിന് ബലമില്ലായിരുന്ന ആ കാലത്ത് (ഈ കാലത്ത് ഭയങ്കര ബലമാ..) ഇത് പോലെ പലബിസ്കറ്റ് അടിച്ചു പൊട്ടിക്കുക എന്നല്ലാതെ ഇഷ്‌ടികയൊക്കെ അടിച്ചുപൊട്ടിക്കാന്‍ നിന്നാല്‍ വികലാംഗപെന്‍ഷന്‍ വാങ്ങാന്‍ ഒരാള്‍ കൂടിയുണ്ടായേനേ എന്ന് ഇപ്പോള്‍ ആലോചിക്കുമ്പോ എനിക്ക് ആ പാവം പലബിസ്ക്കറ്റിനോട് ബഹുമാനം തോന്നുന്നു ചാത്താ.. ഹി ഹി

-അഭിലാഷ് :-)

പൊറാടത്ത് said...

‘പച്ച തക്കാളിയും ആണ്‍്തരിയും..’ കൊള്ളാല്ലോ..

പിന്നെ ഒരു സംശയം, ഇത് ‘കാനാടി‘ ചാത്തനോ ‘കാരണയില്‍‘ ചാത്തനോ..?

(ഞങ്ങളുടെ ചുറ്റുവട്ടത്ത് പരസ്പരം ‘അടിച്ച് ‘കഴിയുന്ന രണ്ട് ചാത്തന്മാരാ ഇവര്‍.)