Sunday, May 27, 2007

പാല്‍ നിലാവിനും ഒരു നൊമ്പരം

പത്മനാഭ ദാസന്റെ നഗരം, ചാത്തന്‍ ഇവിടെ എത്തിയിട്ടു മാസങ്ങളാകുന്നു. ഒരു പിടി നല്ല കൂട്ടുകാരുടെ ഇടയില്‍ ഇണങ്ങിയും പിണങ്ങിയും ഒരു വള്ളിനിക്കര്‍കാരന്റെ സ്വഭാവത്തോടെ സസുഖം വാഴുന്ന കാലം.

ലോകത്തിലെവിടേയും ഇന്ത്യയേയും ഇന്ത്യയിലെവിടെയും കേരളത്തേയും കേരളത്തില്‍ സ്വന്തം ജില്ലയേയും പറ്റി അഭിമാനവും അഹങ്കാരവും പ്രകടിപ്പിച്ചു നടക്കുന്ന ചാത്തന്‍ തിരിച്ചടികളില്‍ നിന്നും ഒന്നും പുതുതായി പഠിക്കാറില്ല. പക്ഷെ ഒരു തവണ ഒരു തവണമാത്രം.

ചാത്തന്‍ മറ്റൊരു സ്വന്തം ജില്ലക്കാരന്റെ കൂടെയാണ്‌ താമസം. അവന്‍ സഹപ്രവര്‍ത്തകനിലുപരി സഹപാഠിയും സഹമുറിയനും ഒരു നല്ല ചങ്ങായിയുമാണ്‌. അവനെപ്പറ്റിപ്പറയുകയാണെങ്കില്‍ ആര്‍നോള്‍ഡ്‌ ശിവശങ്കരന്റെ ശരീരവും മഹാത്മാഗാന്ധിയുടെ മനസ്സും. അവന്റെ മൂക്കിനു താഴെ ആരേലും ചൊറിഞ്ഞോണ്ടിരുന്നാല്‍ ചൊറിയുന്നവര്‍ക്കു കൈ വേദനിക്കുന്നുണ്ടോന്ന് തിരക്കുന്ന സ്വഭാവം. എന്നും എല്ലാവരോടും ചിരിക്കുന്ന മുഖം മാത്രം.

സായാഹ്നങ്ങളില്‍ കമ്പനിക്ക്‌ ചുറ്റും ഒരു നടത്തവും, മറ്റുസഹപ്രവര്‍ത്തകര്‍ തൊട്ടടുത്ത കടയില്‍ നിന്നും ചായകുടിക്കുന്നത്‌ നോക്കി നില്‍ക്കലും പതിവ്‌.

അന്നെന്തോ മറ്റുള്ളവര്‍ വിളിച്ചപ്പോള്‍ സീറ്റ്‌ വിട്ട്‌ എഴുന്നേല്‍ക്കാന്‍ വൈകി. ഓടുന്നത്‌ ചാത്തന്‍ ആസ്വദിക്കുന്ന കൂട്ടത്തിലായതിനാല്‍ ആ വൈകല്‍ ചാത്തനൊരു പ്രശ്നമായേ എടുത്തില്ല. പതിവുകാരൊക്കെ ചായകുടിച്ച്‌ ഗ്ലാസ്‌ തിരിച്ചു വച്ച്‌ നടത്തം തുടങ്ങാന്‍ പോകുന്നത്‌ ദൂരെ നിന്നു തന്നെ കാണാം.

പതിവ്‌ ചിരിയും കളിയും ബഹളവും. കൂട്ടത്തിലൊരുത്തന്‍ ചാത്തന്റെ സഹപാഠിയുടെ തോളത്ത്‌ ശക്തമായ ഒരു തട്ട്‌. പ്രതീക്ഷിക്കാത്തതായതിനാല്‍ അവന്റെ ബാലന്‍സ്‌ ഒന്ന് തെറ്റി,വീഴാന്‍ തുടങ്ങി, അപ്പോള്‍ത്തന്നെ നില വീണ്ടെടുത്തു.

എന്തോ കളിക്ക്‌ ചെയ്തതാവണം. അവരെന്താ പറഞ്ഞു കൊണ്ടിരുന്നതെന്ന് ചാത്തനൊട്ട്‌ കേട്ടതുമില്ല. ഇനി അഥവാ കാര്യമായിട്ടാണ്‌ തട്ടെങ്കിലും സഹന്‍ ഒന്നും തിരിച്ച്‌ ചെയ്യാന്‍ പോകുന്നില്ല. എന്നാലും കണ്ണൂര്‍ക്കാരുടെ അഭിമാനമായ ചാത്തനിവിടെ നില്‍ക്കുമ്പോള്‍ അതെങ്ങനെ ശരിയാവും.

"ആരാടാ കണ്ണൂര്‍ക്കാരെ തൊട്ട്‌ കളിക്കുന്നത്‌"

എന്ന് പറയലും ചാത്തന്‍ ചിരിച്ചു കൊണ്ട്‌ തട്ടിയവനെ പിടിച്ച്‌ തള്ളലും ഒരുമിച്ചായിരുന്നു. തമാശയ്ക്ക്‌ തള്ളിയതാണെങ്കിലും ഓടിവന്ന് തള്ളിയതു കാരണം ശക്തി അല്‍പം കൂടിപ്പോയി.

തള്ളുകൊണ്ട്‌ ഒന്ന് കറങ്ങിത്തിരിഞ്ഞ്‌ ബാലന്‍സ്‌ വീണ്ടെടുത്തുകൊണ്ടിരിക്കുന്നതിനിടയില്‍ മാന്യദേഹം കൈനീട്ടി ഒന്നു തന്നു. വീഴാന്‍ പോയവനെ പിടിക്കാന്‍ മുന്നോട്ടാഞ്ഞ ചാത്തന്റെ തിരുമോന്തയില്‍ തന്നെ.

യുറേക്കാാാ....

തെളിയിച്ചു. തെളിയിച്ചു.

പകലു നക്ഷത്രം കാണാന്‍ കിണറ്റിനകത്തിരിക്കണമെന്നത്‌ തികച്ചും തെറ്റായ ഒരു ശാസ്ത്ര സത്യം മാത്രം.

തെറ്റ്‌ ആരുടെ ഭാഗത്ത്‌ എന്നില്ല. കാരണം ഇവിടെ തെറ്റായിട്ടൊന്നും നടന്നില്ല. എല്ലാം ഒരു തമാശ മാത്രം. ചാത്തന്‍ ചിന്തിച്ചാല്‍ തെറ്റ്‌ ചാത്തന്റെ ഭാഗത്ത്‌ മാത്രം. അടികൊണ്ടത്‌ ചാത്തനാണെങ്കിലും അതിന്റെ ശബ്ദവും ചാത്തന്റെ മുഖത്തിന്റെ തുടിപ്പും കാരണം എല്ലാവരും പകച്ചു നില്‍ക്കുന്നു.ഇനി ഒരു കൂട്ടത്തല്ല് നടക്കുമോ!!!

ചുറ്റും മൂളിപ്പറന്ന പൊന്നീച്ച ഇരുമിഴികളുടെയും തുമ്പത്ത്‌ ഉപേക്ഷിച്ച്‌ പോയ തേന്‍തുള്ളികള്‍ മറ്റാരും കാണാതിരിക്കാന്‍ ഒരു ചിരി മുഖത്ത്‌ വാരിത്തേച്ച്‌ ചാത്തന്‍ മുഖമുയര്‍ത്തി.

പതിവു സായാഹ്ന സവാരിയ്ക്ക്‌ നില്‍ക്കാതെ തിരിച്ച്‌ ഓഫീസില്‍ കയറി സ്വന്തം ഡസ്കില്‍ മുഖം പൂഴ്‌ത്തിയിരിക്കുമ്പോള്‍ തോളില്‍ ഒരു നനുത്ത കരസ്പര്‍ശനം.

"നിനക്ക്‌ ശരിക്കും വേദനിച്ചു അല്ലേ? സാരമില്ലെടാ അതുപോട്ടെ വിട്ടുകള.."

ആരോ ഒരാള്‍ ഹൃദയത്തില്‍ കയറിയിരുന്ന് കൊഞ്ഞനം കുത്തുന്നു.

ആജീവനാന്ത സൗഹൃദങ്ങള്‍ പല സാഹചര്യങ്ങളില്‍ തുടങ്ങുന്നു. ചിലപ്പോള്‍ കേവലം ഒരു വാചകത്തില്‍ നിന്നും...

വാല്‍ക്കഷ്ണം:

ഇനിയും ഒരുപാടുണ്ട്‌. പക്ഷെ തല്ലു കൊണ്ടത്‌ ഇതു അവസാനത്തേത്‌. മുഖത്തും ഹൃദയത്തിലും കൊണ്ടത്‌ ആദ്യത്തേതും.

Friday, May 11, 2007

അയ്യയ്യേ എല്‍ പി സ്ക്കൂളും ചില്ലറ മായികപ്രകടനങ്ങളും

സ്വന്തം സ്ക്കൂളിനെ കളിയാക്കിയതല്ലാ. 'മാപ്പിള സ്ക്കൂള്‍' എന്ന കൂടുതല്‍ പ്രശസ്തമായ അപര നാമധേയത്തിലറിയപ്പെട്ടിരുന്ന ചാത്തന്റെ എല്‍ പി സ്ക്കൂളിന്റെ പേര്‌ അയ്യയ്യേ എല്‍ പി സ്ക്കൂള്‍ എന്ന് തന്നെയായിരുന്നു. പരത്തിപ്പറഞ്ഞാല്‍ ഇര്‍ഷാദുല്‍(I) ഇസ്ലാം(I) എയിഡഡ്‌(A) എല്‍പി സ്ക്കൂള്‍.

രാവിലെ 10:30 മുതല്‍ വൈകീട്ട്‌ 4:30 വരെ ക്ലാസ്‌ സമയം.വെള്ളിയാഴ്ച അവധിയും.വീട്ടിനടുത്ത്‌ തന്നെയാണെങ്കിലും ഉച്ചയ്ക്ക്‌ വീട്ടില്‍ പോണ പരിപാടിയില്ല. കൊണ്ട്‌ വരുന്ന ചോറ്‌ കുറച്ച്‌ തിന്ന്, ബാക്കി കളഞ്ഞ്‌ കളിക്കാനോടും, 4 മുതല്‍ 4:30 വരെ എല്ലാ ദിവസവും ഡ്രില്‍ പീര്യേഡാണ്‌. ഉച്ചയ്ക്ക്‌ ബെല്ലടിക്കുമ്പോള്‍ നിറുത്തി വയ്ക്കുന്ന കളി വൈകീട്ട്‌ അതേ പോയിന്റില്‍ പുനരാരംഭിക്കും.

കളികളെന്നു പറഞ്ഞാല്‍ കള്ളനും പോലീസും, അപ്പപ്പന്ത്‌(ബോള്‍ ഓരോരുത്തരുടെ മേല്‍ എറിഞ്ഞു കളിക്കുന്ന കളി),തലമ(വിശദീകരിക്കാന്‍ പാടാ ഒരുപാട്‌ സ്റ്റെപ്‌സ്‌ ഉണ്ട്‌),കൊത്തിക്കളി(ഒറ്റക്കാലില്‍ രണ്ട്‌ ടീമായി കളിക്കുന്ന കളി), ഒളിച്ചു കളി,പെണ്‍പിള്ളാരും ഉണ്ടെങ്കില്‍ വല്ലപ്പോഴും 'ആരെ നിങ്ങള്‍ക്കാവശ്യം' കളി (സാധാരണ ലേഡീസ്‌ കൊത്തങ്കല്ല്, വളപ്പൊട്ട്‌ വച്ച്‌ എന്തോ കളി അങ്ങനെ ചീള്‌ കളിയിലേതെങ്കിലും ആയിരിക്കും അത്‌ ആമ്പിള്ളേര്‍ കളിക്കൂല), ക്രിക്കറ്റും ഫുട്ബോളും വല്ല അപൂര്‍വ്വ അവസരങ്ങളിലും വന്ന് എത്തിനോക്കിയിരുന്നു(അന്നത്‌ അത്ര പച്ചപിടിച്ചിട്ടില്ല).

ചാത്തന്‍ ഓടാന്‍ ബഹുമിടുക്കനായിരുന്നതോണ്ട്‌ കള്ളനും പോലീസും കളിക്കുമ്പോള്‍ മിക്കവാറും ഐ ജി, എസ്‌ ഐ തുടങ്ങിയ വന്‍ പോസ്റ്റുകളിലേ നടിക്കാറുള്ളൂ. അതാവുമ്പോള്‍ വല്ല സാധാ പോലീസുകാരും പോലീസ്‌ സ്റ്റേഷന്റെ അടുത്തൂടെ ഓടിച്ചു കൊണ്ടുവരുന്ന പ്രതികളെ ഒളിച്ചിരുന്ന് ചാടിപ്പിടിക്കുക, വല്ലവരും പിടിച്ചു കൊണ്ടുവരുന്ന പ്രതികളെ ലോക്കപ്പിലിട്ട്‌ തല്ലുക, അവരു പിന്നേം ചാടിപ്പോവാന്‍ ഉറങ്ങുന്നതായി അഭിനയിക്കുക തുടങ്ങിയ കനപ്പെട്ട പണികള്‍ മാത്രം ചെയ്താല്‍ മതി.

അങ്ങനെയിരിക്കേ ഒരുനാള്‍ ഞങ്ങളുടെ കായിക മത്സരങ്ങള്‍ നടത്തുന്നതായി വിവരം കിട്ടി. ഇന്ന് കാണുന്ന മാതിരി 100 മീറ്റര്‍ 200 മീറ്റര്‍.......5000മീറ്റര്‍ എന്നീ വാക്കുകളൊന്നും അന്ന് മത്സരയിനത്തിലുണ്ടായിരുന്നില്ല. ഓട്ടം ഉണ്ടായിരുന്നു ദൂരം എത്രയാന്ന് അറീല. പിന്നെ കുടം തല്ലിപ്പൊട്ടിക്കല്‍, അപ്പം കടി, വാലുപറിക്കല്‍, മിഠായി പെറുക്കല്‍ ഇത്യാദി ഐറ്റങ്ങളും. എന്താ വാലു പറിക്കല്‍ എന്നറീലെങ്കിലും അതിനും (എങ്ങനാ ഈ വാലു മുളപ്പിക്കുകാന്നൊന്നറിയണമല്ലോ) ഓട്ടത്തിനും ചാത്തനും പേരു കൊടുത്തു.

ഓട്ടം മാത്രം കുറച്ച്‌ ദൂരെയുള്ള ഒരു ഗ്രൗണ്ടിലും ബാക്കി സ്ക്കൂള്‍ പരിസരത്തും നടത്താന്‍ തീരുമാനിച്ചു. ഓട്ടത്തിനു ഒന്നാമന്‍ ഫാരിസാവാനേ വഴിയുള്ളൂ. അവന്‍ പോലീസാണെങ്കില്‍ അന്ന് ലോക്കപ്പ്‌ വേഗം നിറയും. കള്ളനാണേല്‍ അവനെ എന്നും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കേണ്ടി വരും. രണ്ടാം സ്ഥാനം ശ്രീജേഷി(ശ്രീ)നാവാനേ വഴിയുള്ളൂ ഒന്നു രണ്ടു തവണ ഫാരിസിനെ ഓടിപ്പിടിച്ചതവനാ. ഒന്നും രണ്ടും പോട്ടേ മൂന്നാം സ്ഥാനത്തിനു വേണ്ടി എന്തായാലും ചാത്തനും ഉണ്ട്‌ മത്സരത്തിനു പക്ഷേ ആ സ്ഥാനത്തിനു വേണ്ടിയാ ബാക്കി ഉള്ള എല്ലാ മഷ്‌കുണന്മാരും മത്സരിക്കുന്നത്‌.

എന്നാല്‍ മൂന്നാം സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ചാത്തന്‍ ശിഹാബിനെ മാത്രേ ഒരു എതിരാളിയായി കണ്ടിട്ടുള്ളൂ, അവന്‍ ഗള്‍ഫാ, സ്ലേറ്റ്‌ പെന്‍സിലിലും നെയിംസ്ലിപ്പിലും തീപ്പെട്ടിപ്പടത്തിലുമൊന്നും അവന്‍ വീഴൂലാ. ഏ എന്ത്‌ കേട്ടില്ലാ മാച്ച്‌ ഫിക്സിങ്ങാ ആര്‌ എന്ത്‌ എപ്പോള്‍ തെളിവുണ്ടാ? ഇല്ലേല്‍ ഒന്ന് പോ മാഷേ..

സാരമില്ല ഒന്ന് ശ്രമിച്ച്‌ നോക്കാം ശ്രീയോട്‌ പറഞ്ഞാല്‍ അവന്‍ ശിഹാബിന്റെ മുന്നില്‍ കയറി ഓടി അവനെ സ്ലോ ആക്കിക്കൊള്ളും.അവന്‍ നോക്കാം എന്ന് പറഞ്ഞു.അങ്ങനെ ഉറച്ച ഒരു മൂന്നാം സ്ഥാനവുമായി തുള്ളിച്ചാടി വീട്ടിലെത്തി. ബാഗു ടീപ്പോയില്‍ ഇട്ട്‌ നേരെ അടുക്കളയിലേക്ക്‌. കാര്യം പറഞ്ഞു. മൂന്നാം സ്ഥാനം എങ്കിലും ഉറപ്പാന്നും പറഞ്ഞു. മത്സരം കഴിയാതെ മൂന്നാം സ്ഥാനമാ അതെങ്ങനെ?

അതൊക്കെയുണ്ട്‌.
പിന്നേ അന്താരാഷ്ട്ര രഹസ്യങ്ങള്‍ പെണ്‍ പടയോട്‌ തുറന്ന് പറയുകയോ!!!

എന്തോ നമ്മടെ എല്ലാം ഉറച്ചമാതിരിയുള്ള സന്തോഷം, വീട്ടുകാര്‍ക്കങ്ങോട്ട്‌ പിടിച്ചില്ലാ. അച്ഛന്‍ വന്നപ്പോള്‍ കാര്യം അവതരിപ്പിച്ചു. അച്ഛന്‍ വിളിച്ചു. ചാത്തന്‍ ഹാജര്‍.

എടാ പേരു കൊടുത്താല്‍ മാത്രം മത്സരത്തില്‍ ജയിക്കൂല അതിനു പരിശീലിക്കണം നാളെ മുതല്‍ രാവിലെ എന്റൂടെ എക്സര്‍സൈസ്‌ ചെയ്യണം.

ഹോ പിന്നെന്താ അച്ഛന്‍ സൂര്യനമസ്കാരം ചെയ്യുമ്പോള്‍ പുറത്ത്‌ കയറി ഇരിക്കലല്ലേ ചാത്തന്‍ എപ്പോഴേ റെഡി.

കൂട്ടച്ചിരി..ഇതിലിപ്പോ എന്താ ഇത്ര ചിരിക്കാന്‍ ഇതെന്താ ചെയ്യാത്ത കാര്യാ?

ശരി നാളെ രാവിലെ എണീറ്റില്ലെങ്കില്‍ നിന്റെ മേത്ത്‌ ഞാന്‍ വെള്ളം കോരി ഒഴിക്കും ട്ടാ.

അച്ഛാ ഈ വാലു പറിക്കല്‍ മത്സരത്തിനു എങ്ങനാ പരിശീലിക്കുക?
പിന്നേം ചിരി..

അതിനു നിനക്കു വാലുണ്ടോ ?

ഇല്ലാ, (ഇനി പേരു കൊടുത്ത വഹ വാലു മുളയ്ക്കുന്നുണ്ടോ?, ഒരു സംശയം, തിരിഞ്ഞു നോക്കി)

പിന്നേം കൂട്ടച്ചിരികള്‍.

എന്നാല്‍ അതിനു പ്രത്യേകിച്ച്‌ പരിശീലനം വേണ്ടാ.വാലു വച്ച്‌ തരുമ്പോള്‍ പറിച്ചുകളഞ്ഞാല്‍ മതി.

...............

പിറ്റേന്ന് രാവിലെ വിളിക്കാന്‍ വരുന്ന അമ്മയുടെ കാലടികള്‍ക്ക്‌ ചെവിയോര്‍ത്ത്‌ കിടക്കുകയായിരുന്നു. അമ്മ വന്നില്ലാ. അമ്മ അടുക്കളേല്‍ തിരക്കിലാന്ന് തോന്നുന്നു. ഒരു ചേച്ചിയാ വന്നത്‌. അച്ഛന്‍ ഇന്ന് സൂര്യനമസ്കാരമൊക്കെ നേരത്തേ കഴിച്ച്‌ റെഡിയായിരിക്കുന്നു. അപ്പോള്‍ എന്റെ കാര്യം മറന്ന് പോയാ?

നീ ഓട്ടത്തിനല്ലേ പേര്‌ കൊടുത്തത്‌ മുറ്റത്തേക്കുവാ.

ഇവിടുന്ന് ഓടിപ്പോയി ആ മണ്‍തിട്ട തൊട്ടിട്ട്‌ തിരിച്ചുവന്ന് എന്റെ കൈ തൊട്ടിട്ട്‌ പിന്നേം തിരിച്ചു പോണം. ക്ഷീണിക്കും വരെ.

അയ്യേ ഇതാണോ പരിശീലനം ചാത്തന്‍ വിചാരിച്ചു വല്യ എന്തോ പരിപാടിയാണെന്ന്.
ശരി അനുസരിച്ചില്ലാന്ന് വേണ്ടാ.
ഹെന്ത്‌ ഇത്രേം ദൂരം നിര്‍ത്താണ്ട്‌ രണ്ട്‌ തവണ ഓടിയപ്പോഴേക്കും ക്ഷീണിച്ചാ!!!

ഇനി നാളെ മതി അച്ഛാ..

ദിവസവും തകൃതിയായി പരിശീലനം തുടര്‍ന്നു. ശിഹാബ്‌ പോട്ട്‌ ആരെടാ അവന്‍. പുല്ല്‌ വെറും തൃണം. ഇനി ഇപ്പോള്‍ രണ്ടാം സ്ഥാനത്തിനു ഒരു കൈ നോക്കിക്കളയാം ശ്രീജേഷു നല്ല സുഹൃത്താ. ഛായ്‌, യുദ്ധക്കളത്തില്‍ ബന്ധുക്കള്‍ സുഹൃത്തുക്കള്‍ എന്നൊന്നുമില്ലാന്നാ ശ്രീകൃഷ്ണന്‍ തന്നെ പറഞ്ഞിട്ടുള്ളത്‌.

അല്ലാ ഇനി ഒന്നാം സ്ഥാനത്തിനു തന്നെ നോക്കിയാലെന്താ? ആത്മവിശ്വാസം പൂക്കുറ്റിയെക്കാള്‍ വേഗത്തില്‍ കത്തി ഉയരുന്നു. പരിശീലനം നടത്തുന്ന കാര്യം പരമ രഹസ്യമായി സൂക്ഷിച്ചു. അറിയാതെ പോലും സ്ക്കൂളില്‍ വച്ച്‌ സ്പീഡില്‍ ഓടാതിരിക്കാന്‍ ശ്രദ്ധിച്ചു. ചാത്തന്റെ വേഗതകൂടിയ കാര്യം ആരെങ്കിലും അറിഞ്ഞ്‌ അവരും പരിശീലനം തുടങ്ങിയാലോ.

ഒന്നാം സമ്മാനമായി സോപ്പ്‌ പെട്ടിയാണോ അതോ കുട്ടിക്യൂറാ പൗഡറോ? സോപ്പ്‌ പെട്ടിയാണേല്‍ കുളിമുറിയില്‍ തന്നെ വച്ചേക്കാം പൗഡറാണെങ്കില്‍ ഒളിപ്പിച്ചു വയ്ക്കണം എല്ലാരും എടുത്തിട്ടാല്‍ പെട്ടന്നു തീര്‍ന്നു പോവൂലേ?

പൗഡര്‍ തന്നെയാവണം. സമ്മാനമായി കിട്ടുന്ന പൗഡറിനു ഒരു പ്രത്യേക വാസനയാ. എന്താ മണം... ഇത്തിരിനേരം കൂടി ആ മണം ആസ്വദിച്ചേനേ. പക്ഷേ ഉറക്കം ഞെട്ടി. അയ്യോ ഇന്നാണല്ലോ മത്സരങ്ങള്‍.

ഒന്നാം ഐറ്റം അപ്പം കടിക്കല്‍. ചാത്തന്‍ കാണി മാത്രം. അപ്പം ന്ന് പറഞ്ഞിട്ട്‌ ഇത്‌ വെറും ബാര്‍ലി ബിസ്കറ്റ്‌ ആണല്ലോ? കുറേ ബിസ്കറ്റ്‌ ഒരു ചരടില്‍ പലയിടത്തായി കെട്ടിത്തൂക്കി രണ്ടറ്റവും രണ്ട്‌ മാഷന്മാര്‍ പിടിക്കും. പിള്ളാരെ ഓരോരുത്തരേം ഓരോ ബിസ്കറ്റിന്റെ അടിയില്‍ കൃത്യമായി നിര്‍ത്തീട്ടുണ്ട്‌. സ്റ്റാര്‍ട്ട്‌ പറഞ്ഞാല്‍ എല്ലാരും ചാടിക്കടിച്ചെടുത്തു കൊള്ളണം.ഓ ഇത്രേ ഉള്ളായിരുന്നോ ഒരു ബിസ്കറ്റും കിട്ടും ഛെ ഇതിനൂടെ പങ്കെടുക്കാരുന്നു എത്ര എളുപ്പമുള്ള മത്സരം.

ങേ എന്ത്‌ അയ്യടാ... എളുപ്പമല്ലാ... സ്റ്റാര്‍ട്ട്‌ പറഞ്ഞ ഉടനെ ചരട്‌ ദേ മേല്‍പ്പോട്ട്‌ പൊങ്ങുന്നു. പിള്ളാര്‌ അടീല്‍ കിടന്ന് ചാടെടാ ചാട്ടം. എല്ലാരും തളര്‍ന്ന് നില്‍പ്പാവുമ്പോള്‍ ചരട്‌ താഴോട്ട്‌ വരും. പിന്നേം ചാട്ടം. ഹിഹിഹി ഇതു കൊള്ളാലോ, പാവങ്ങള്‍. പങ്കെടുക്കാഞ്ഞതു നന്നായി.പട്ടി ചാടുന്ന മാതിരി ചാടിച്ചാടി നാണം കെട്ടേനെ.

മുട്ടായി പെറുക്കലിനു പെറുക്കിയെടുക്കുന്ന മുട്ടായികളെല്ലാം പിള്ളേര്‍ക്കു തന്നെ എടുക്കാം. എന്താ ചെയ്യാ, ഒന്നാം ക്ലാസിലെ പിള്ളേര്‍ക്കു മാത്രേ പങ്കെടുക്കാന്‍ പറ്റൂ.അതൊരു കരിനിയമം ആയിപ്പോയി.സമ്മാനം കിട്ടിയില്ലെങ്കിലും കുറച്ചു മുട്ടായി എങ്കിലും കിട്ടിയേനെ. ഒന്നു രണ്ടെണ്ണത്തിനെ കണ്ണുരുട്ടിക്കാണിച്ച്‌ നോക്കി.പിള്ളേരെല്ലാം നമ്മളേക്കാളും തരികിടകളാ. മുട്ടായി പോയിട്ട്‌ പൊതിഞ്ഞിരുന്ന കടലാസ്‌ പോലും ങേഹെ..ഒരുത്തന്‍ മുട്ടായിക്കടലാസില്‍ അതേപോലെ കല്ല് പൊതിഞ്ഞ്‌ തരികയും വേറൊരുത്തന്‍ പൊതിഞ്ഞ കടലാസ്‌ ചുരുട്ടി എറിയേം ചെയ്തു. ദുഷ്ടന്മാര്‍. നിങ്ങളെ പിന്നെ കണ്ടോളാടാ..

ശ്രീ ആളു ജനസമ്മതനാ അവന്‍ എവിടുന്നോ കുറച്ച്‌ മുട്ടായി സംഘടിപ്പിച്ചു. രണ്ടെണ്ണം ചാത്തനും തന്നു. എവിടെ ചാത്തനെ എറിഞ്ഞവന്‍ അവന്റെ മുഖത്തു നോക്കി വേണം മുട്ടായി നുണയാന്‍.

ചാത്തന്‍ പങ്കെടുക്കാത്ത മത്സരങ്ങളെക്കുറിച്ചെന്തിനാ പറയുന്നത്‌. അതോണ്ട്‌ നമ്മള്‍ക്കിനി കാര്യത്തിലേക്ക്‌ കടക്കാം. ബോറടിച്ചോ. ഇന്റര്‍വെല്‍ ഇടട്ടേ? എന്ത്‌ തുടരനാക്കിയാല്‍ ചാത്തനെ തട്ടിക്കളയൂന്നോ.ഏയ്‌ ചാത്തന്‍ വെറുതേ പറഞ്ഞതല്ലേ. ഒന്നു ശ്വാസം വിട്ടോട്ടെ.


വാലു പറിക്കല്‍ മത്സരത്തിനു പേരു തന്നവരൊക്കെ വന്നേ.
അരയ്ക്കു ചുറ്റും കട്ടിയുള്ള ഒരു ചരടു കെട്ടിയിടും അതിലു ഈര്‍ക്കില്‍ മാറ്റിയ ഓല നെടുകെ രണ്ടാക്കി അറ്റം കൂട്ടിക്കെട്ടി കോര്‍ത്തിടും അത്‌ താന്‍ വാല്‍!!!.

ശ്ശെടാ സിനിമേല്‍ കാണണ മാതിരി യമണ്ടന്‍ വാലൊന്നുമില്ലേ.

അരഭിത്തി മാത്രം ഉള്ള ക്ലാസ്‌ മുറിക്കകത്തു വച്ചാ മത്സരം. കാണികളു തിങ്ങി നിറഞ്ഞിരിക്കുന്നു. മുറിക്ക്‌ ചുറ്റും ഭിത്തിക്ക്‌ മോളിലും എല്ലാം കരഘോഷ മുഖരിതം. ആളുകൂടുതലായതോണ്ട്‌ മുന്ന് ഗ്രൂപ്പായിട്ടാ മത്സരം. ജയിക്കുന്ന നാലുപേര്‍ വച്ച്‌ പന്ത്രണ്ട്‌ പേരുടെ ഫൈനല്‍. ചാത്തന്‍ മൂന്നാം ഗ്രൂപ്പില്‍. ആദ്യ കൂട്ടത്തിന്റെ മത്സരം തുടങ്ങി. ഓരോരുത്തരും സ്വന്തം വാല്‍ സംരക്ഷിച്ചോണ്ട്‌ മറ്റുള്ളവരുടെ വാലുപറിക്കണം.ഒരു വലിക്ക്‌ വാലു കയ്യില്‍ കിട്ടിയ പലരും വിജയശ്രീലാളിതരായി അത്‌ ഉയര്‍ത്തിക്കാട്ടുമ്പോഴേക്ക്‌ അവരുടെ വാലു വേറാരെങ്കിലും പറിച്ചിരിക്കും..

ഇളിഭ്യരായവര്‍ തിരിച്ചു വരുമ്പോള്‍ കൂട്ടച്ചിരികള്‍.

രണ്ടാം ഗ്രൂപ്പ്‌ കളത്തിലിറങ്ങി.കളത്തിന്റെ രണ്ട്‌ വശവും വളണ്ടിയര്‍മാരായി അദ്ധ്യാപികാദ്ധ്യാപകന്മാറും നില്‍ക്കുന്നു. സോളിടീച്ചര്‍ ചാത്തനെ നോക്കി തമ്പ്സ്‌ അപ്പ്‌ കാണിച്ചു, ടീച്ചര്‍ക്കു ചാത്തനെ വല്യ കാര്യാ, ബാലരമേം പൂമ്പാറ്റേം ഒക്കെ ടീച്ചര്‍ക്കു വായിക്കാന്‍ കൊണ്ടു കൊടുക്കുന്നതു ചാത്തനെല്ലേ. ഫൈനല്‍സിലെങ്കിലും കടന്നുകൂടിയാല്‍ മാനം രക്ഷിക്കാം.

കുരുട്ടു ബുദ്ധി പ്രവര്‍ത്തിച്ചു തുടങ്ങി.മൂന്നാം ഗ്രൂപ്പിന്റെ വിളി വന്നു. ഓരോരുത്തരായി കളത്തിലിറങ്ങി. ഏറ്റവും അവസാനമായി കള്ളച്ചിരിയോടെ ചാത്തനും. അരഭിത്തിയോട്‌ പിന്‍ഭാഗം ചേര്‍ത്ത്‌ ചേര്‍ത്ത്‌ നീങ്ങി. വാലു പറിക്കാന്‍ പിന്നില്‍ നിന്ന് ആളു വന്നാലല്ലേ തിരിച്ചറിയാന്‍ പറ്റാതുള്ളൂ. എല്ലാവരും ആദ്യായാ ഈ മത്സരത്തില്‍, ആവേശത്തിന്റെ പുറത്ത്‌ ഓരോരുത്തന്‍ കുരങ്ങു മാതിരി ചാടിക്കളിക്കുന്നുമുണ്ട്‌. വിസിലടിച്ചു. മത്സരം തുടങ്ങി. ചാത്തന്‍ പിന്‍ഭാഗം ഭിത്തിയോട്‌ ചേര്‍ത്ത്‌ പിടിച്ച്‌ ഒരു ഇട്ടാവട്ടത്തില്‍ സൈഡ്‌ വൈസ്‌ മാത്രം തുള്ളിക്കളിച്ചു. അതു വഴി പിന്‍ഭാഗോം കാട്ടി വന്നവരുടെ എല്ലാം വാലു പറിച്ചു. നടുവിലൊക്കെ കൂട്ടപ്പൊരിച്ചിലാ അതിലിടപെടാന്‍ നമ്മളെ കിട്ടൂല. മുന്നോട്ടാഞ്ഞാല്‍ നമ്മടെ സുരക്ഷാ കവചം പോവില്ലേ. അവസാന പന്ത്രണ്ടില്‍ ചാത്തനും.

ഫൈനല്‍സ്‌ തുടങ്ങി, ചാത്തന്‍ വീണ്ടും പഴയപടി തുടങ്ങി. ഇത്തവണ ആളുകുറവാ ചാത്തന്‍ സൈഡ്‌ പിടിച്ച്‌ നടക്കുന്നത്‌ ആളുകളു ശ്രദ്ധിച്ച്‌ തുടങ്ങി. നടുവിലേക്കിറങ്ങെടാ ആളോളുടെ ആക്രോശം കേട്ടില്ലാന്ന് നടിച്ചു.പക്ഷേ മാഷും പറഞ്ഞപ്പോള്‍ ഇനി ആ പേരില്‍ അയോഗ്യനാകുന്നതിലും നല്ലത്‌ വീരോചിത പരാജയമാണെന്ന് ചിന്തിച്ച്‌ നടുവിലേക്കിറങ്ങി. സുമേഷ്‌, ദുഷ്ടന്‍, ചാത്തനിറങ്ങുന്നത്‌ നോക്കിയിരിക്കുകയായിരുന്നു ചാത്തന്‍ ഉള്ളിലെത്തുമ്പോഴേക്ക്‌ ചാത്തന്റെ വാലവന്റെ കയ്യില്‍.

തലയും താഴ്ത്തി തിരിച്ച്‌ നടക്കുമ്പോള്‍ സോളിടീച്ചറുടെ ശബ്ദം, ചാത്താ നിന്റെ വാലു മുഴുവന്‍ പോയിട്ടില്ലാ അല്‍പം ബാക്കിയുണ്ട്‌, അതൂടെ പോകുന്നതുവരെ കളിക്കാം. 'ലഗാനിലെ' അവസാന പന്ത്‌ നോബോള്‍ വിളിച്ചപ്പോ തോന്നണമാതിരിയുള്ള സന്തോഷം.

സിംഹം സടകുടഞ്ഞു പ്രതികാരദുര്‍ഗനായി, ഇനി ഒരു ലക്ഷ്യം മാത്രം മുന്നില്‍, കളിയില്‍ ചാത്തനു ജയിക്കേണ്ടാ, പക്ഷേ ചാത്തനെ ചതിച്ചവന്‍ ഇനി പുറത്തായേ പറ്റൂ. ഒന്നു ചുറ്റും നോക്കി സിംഹം ഇരയെ കണ്ടുപിടിച്ചു, ഒരു കുതിപ്പ്‌, ഇരയുടെ മുന്നില്‍ നിന്ന് അവനെ ആക്കിയ മാതിരി ഒരു ചിരി. ബു ഹാ ഹാ. ഇവനെ ഞാന്‍ പുറത്താക്കിയതല്ലേ എന്ന് ഇര ചിന്തിക്കാനെടുത്ത ഞൊടിയിട തന്നെ ധാരാളം.

സിംഹം ഇരയുടെ ചോരപുരണ്ട വാലും അതുകെട്ടിയിട്ട ചരടുമടക്കം കളത്തിനു പുറത്തേക്ക്‌. ചാത്തനു ആയുസ്സ്‌ നീട്ടിത്തന്ന ആ ബാക്കിവാല്‍ക്കഷ്ണം തന്നെ താഴെപ്പോയോ അതോ വല്ലവനും പറിച്ചോ ആര്‍ക്കറിയാം. പ്രതികാരത്തിനു സമ്മാനത്തേക്കാള്‍ വിലയുണ്ട്‌.

ഓട്ടമത്സരം ഉച്ചയ്ക്കുശേഷം. പിള്ളാരെ മേച്ച്‌ എല്ലാവരും ഗ്രൗണ്ടിലെത്തി. പോസ്റ്റ്‌ വലുതാകുന്നു. ചുരുക്കാം. ഹീറ്റ്‌സ്‌ കഴിഞ്ഞു. പ്രതീക്ഷിച്ച എല്ലാവരും ഫൈനല്‍സില്‍ അണിനിരന്നു. ചാത്തന്റെ ഫൈനല്‍ പ്രവേശനം പലരുടേയും നെറ്റി ചുളിപ്പിച്ചു.

ഓണ്‍ യുവര്‍ മാര്‍ക്ക്‌, ഗെറ്റ്‌ സെറ്റ്‌, ഫ്യൂ(വിസില്‍), ഇത്രയുമാണ്‌ അടയാളങ്ങള്‍ ഓണ്‍ യുവര്‍ മാര്‍ക്കില്‍ കുനിയുക, ഗെറ്റ്‌ സെറ്റില്‍ നിവര്‍ന്ന് തുടങ്ങുക, വിസിലടിച്ചാലുടന്‍ ഓടുക.

ഹീറ്റ്‌സിലെ എല്ലാവരുടേം പ്രകടനം കഴിഞ്ഞപ്പോള്‍ സോളിടീച്ചര്‍ വന്നു പറഞ്ഞതാ സമ്മാനം നിനക്കു തന്നെ എന്ന്. ആത്മവിശ്വാസം അഹങ്കാരമാകുന്നോന്നൊരു സംശയം. എന്തായാലും മൂന്നാം സ്ഥാനം എങ്കിലും ഉറപ്പാ, പക്ഷേ ശിഹാബ്‌, അവന്‍ ശ്രീയുടെ അടുത്ത ട്രാക്കിലല്ല ആ തന്ത്രം ചീറ്റി. ഇനി ഓടിത്തന്നെ പിടിക്കണം. ഹീറ്റ്‌സിലെ പ്രകടനം അവനേം അമ്പരപ്പിച്ചിട്ടുണ്ട്‌, ഇടക്കിടെ തിരിഞ്ഞ്‌ ചാത്തനെ നോക്കുന്നുണ്ട്‌.

ഓണ്‍ യുവര്‍ മാര്‍ക്ക്‌.. ഗെറ്റ്‌ സെറ്റ്‌...

ദേ ശിഹാബ്‌ ഓടുന്നു.. വിസിലടിച്ചില്ലാ.

അറബിമാഷ്‌ അവനെപ്പിടിച്ചോണ്ട്‌ വരുന്നു.

തിരിച്ച്‌ സ്റ്റാര്‍ട്ടിംഗ്‌ പോയിന്റിലേക്ക്‌.

പിന്നേം ഓണ്‍ യുവര്‍ മാര്‍ക്ക്‌.. ഗെറ്റ്‌ സെറ്റ്‌...

വിസിലടിച്ചില്ലാ..

ദേ ശിഹാബ്‌ പിന്നേം ചാടി ഓടുന്നു.. .

എവനിതെന്താ കാണിക്കുന്നത്‌!!!

ഇനീം ഇതുപോലെ കാണിച്ചാല്‍ നിന്നെ ഓടിക്കൂല കേട്ടോടാ. അറബിമാഷിന്റെ വാക്കുകള്‍ കുളിര്‍മഴയായി.. മൂന്നാം സ്ഥാനം എങ്കിലും ഉറച്ചു...ഹയ്യടാ ഹയ്യാ..

പിന്നേം ഓണ്‍ യുവര്‍ മാര്‍ക്ക്‌.. ഗെറ്റ്‌ സെറ്റ്‌...

എവനെന്താ ഓടാത്തത്‌?

ഫ്യൂ..............

വിസിലടിച്ചു ...

അയ്യോ മാഷേ ചാത്തനോടീല്ലാ.....
ഒന്നൂടെ എല്ലാരേം പിടിച്ചോണ്ട്‌ വരട്ടേ?

ഇനി നിനക്കു അടുത്ത കൊല്ലം ഓടാം, ഒന്നു പോയിനെടാ ചെക്കാ എവിടെ നോക്കി ഇരിക്കുവാരുന്നു..

ഭൂമി കറങ്ങുന്നുണ്ടോ.. ഇത്രയും നാളത്തെ അദ്ധ്വാനം, സ്വപ്നക്കൊട്ടാരങ്ങള്‍, പൗഡര്‍ടിന്നുകള്‍, സോപ്പുപെട്ടികള്‍ എല്ലാം ചാത്തനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നു..

വാല്‍ക്കഷ്ണം:
തുടര്‍ന്ന് വെറും വെള്ളത്തിലായ ഒരു പത്തൊമ്പതാം അടവും.സോളിടീച്ചറുടെ സാന്ത്വനവും...

വാലിന്റെ ബാക്കി കഷ്ണം:
ചാത്തനുവേണ്ടി കണ്ണീരൊഴുക്കിയവര്‍ക്കു മാത്രം വായിക്കാന്‍.

പിറ്റേന്ന് അസംബ്ലിയില്‍ സമ്മാന ദാനം. എല്ലാവര്‍ക്കും കൈ നിറയെ സമ്മാനങ്ങള്‍. മൂന്നാലു പൗഡര്‍ ടിന്ന് കിട്ടിയ ശ്രീ ഒന്ന് ചാത്തനോട്‌ എടുത്തോളാന്‍ പറഞ്ഞു. വേണ്ടാ. പിന്നേ ഈ കുട്ടിക്യൂറാ പൗഡറിന്‌ ഒരു ചീഞ്ഞ നാറ്റാ ചാത്തന്‍ പോന്‍ഡ്‌സ്‌ മാത്രേ ഉപയോഗിക്കൂ.

ഈ സമ്മാന ദാനമൊക്കെ ആരു ശ്രദ്ധിക്കാന്‍, ഇന്നത്തെ കളീലു ഒന്ന് ഓടുന്ന പോലീസായി നോക്കാം.

അനൗണ്‍സ്‌മന്റ്‌: പ്രൊവിഷന്‍സി പ്രൈസ്‌ :സെക്കന്റ്‌ സ്റ്റാന്‍ഡേര്‍ഡ്‌: ഫസ്റ്റ്‌ കുട്ടിച്ചാത്തന്‍
കയ്യടി!!!!!

പ്രൊവിഷന്‍സി പ്രൈസാ അതെന്തൂട്ട്‌ സാധനം!! ഇനി തോല്‍ക്കുന്നവര്‍ക്ക്‌ ആശ്വാസമായി കൊടുക്കുന്ന വല്ലോം ആണാ. കുട്ടിച്ചാത്തന്റെ അതേ പേരിലു സ്ക്കൂളിലു വേറാരുമില്ലാ അപ്പോള്‍ ചാത്തന്റെ പേരു തന്നെ വിളിച്ചത്‌. എല്ലാരും തിരിഞ്ഞു നോക്കുന്നു!!!

എവനെന്താ പോവാത്തത്‌.

ശ്രീ പിന്നീന്ന് തള്ളുന്നു. വിറച്ചകാല്‍പാദങ്ങളോടെ മുന്നോട്ട്‌.

പൊതി പിടിച്ചു പറിച്ച്‌ അഴിച്ചു.

ഒരു കുഞ്ഞ്‌ സ്റ്റീല്‍ഗ്ലാസ്‌!!!

ലോകം കീഴടക്കിയ സന്തോഷത്തോടെ വീട്ടിലേക്ക്‌.

അമ്മേ ഈ പ്രൊവിഷന്‍സി പ്രൈസ്‌* എന്നു വച്ചാലെന്താ?

നിനക്കു തന്നെ ഇതു കിട്ടണം എന്റെ കടിഞ്ഞിപ്പൊട്ടാ.(കടിഞ്ഞൂല്‍പ്പൊട്ടാ).

(ബാ ബാ ബ്ലാക്ക്‌ ഷീപ്പും, ട്വിങ്കിള്‍ ട്വിങ്കിളും, എ ബി സി ഡിയും അറിയുമെങ്കിലും നാലാം ക്ലാസില്‍ ഇംഗ്ലീഷ്‌ ഔദ്യോഗികമായി പഠിച്ചു തുടങ്ങാന്‍ പോകുന്ന ചാത്തനെങ്ങനാ പ്രൊവിഷന്‍സി പ്രൈസിന്റെ*(പ്രൊഫിഷന്‍സി പ്രൈസ് == ക്ലാസ് ഫസ്റ്റ് ,റാങ്ക്) അര്‍ത്ഥം രണ്ടാം ക്ലാസില്‍ അറിയുന്നതെന്റെ ഒരേ ഒരു അമ്മേ... )