Wednesday, October 03, 2007

സ്വര്‍ണ്ണത്തിളക്കം -- ഇന്ത്യന്‍ കായികചരിത്രത്തിലെ മൂന്ന് മൈല്‍ക്കുറ്റികള്‍ - അവസാന ഭാഗം

ഇത്‌ വായിക്കും മുന്‍പ്‌ കുട്ടിച്ചാത്തന്റെ കായിക ചരിത്രം അറിയാത്തവര്‍ ഇവിടെയും ഇതിനു തൊട്ടുമുന്‍പുള്ള പോസ്റ്റുകളും നോക്കുക.

ആറാം ക്ലാസിലെ കായിക മല്‍സരങ്ങളില്‍ ചാത്തന്‍ 50 മീറ്റര്‍ റേസിനു പുറമെ സ്ഥിരം നമ്പറായ ലോങ്ങ്‌ ജമ്പിനും പേരു കൊടുത്തിരുന്നു എന്ന കാര്യം കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞത്‌ ഓര്‍ക്കുമല്ലോ. പരിശീലനവും ആ ഇനത്തിനു മാത്രമായിരുന്നു.

രാവിലെ സ്ക്കൂള്‍ ഗ്രൗണ്ടില്‍ പോവും ലോങ്ങ്‌ ജമ്പ്‌ പിറ്റില്‍ ചാത്തന്‍ മാത്രേ കാണൂ. കുറച്ച്‌ ചേട്ടന്മാര്‍ രാവിലെ ഗ്രൗണ്ടില്‍ ഓടാന്‍ വരും. ഓടുന്നതിനിടയ്ക്ക്‌ സൈഡിലുള്ള പിറ്റില്‍ ഉരുണ്ട്‌ വീഴുന്ന ചാത്തനെക്കണ്ട്‌ സങ്കടം തോന്നീട്ടാണോ എന്തോ അവരൊക്കെ ഇങ്ങനെ ചാടണം, ഇത്ര ആംഗിളില്‍ ചാടണം, ആദ്യം മെല്ലെ തുടങ്ങി ജമ്പിംഗ്‌ ലൈനിലെത്തുമ്പോഴേക്ക്‌ ഓട്ടം പരമാവധി സ്പീഡിലെത്തണം, ചാടിത്തുടങ്ങുമ്പോള്‍ കാലു വീശണം, കൈ രണ്ടും മുന്നോട്ടേക്കായണം എന്നിങ്ങനെ ഉപദേശങ്ങളും പരിശീലന സഹായങ്ങളും ചെയ്തു തന്നു. എന്തോ ഒരു ആത്മവിശ്വാസം ചാത്തനില്‍ ദിനം പ്രതി വളര്‍ന്നു.

എന്നാലും കടമ്പകള്‍ അനവധിയായിരുന്നു. ആറാം ക്ലാസ്‌ രണ്ട്‌ ഡിവിഷനില്‍ നിന്നും കൂടി ചാത്തനുള്‍പ്പെടെ ആകെ രണ്ട്‌ പേര്‍മാത്രമെ ലോങ്ങ്‌ ജമ്പിനു പേരു കൊടുത്തുള്ളൂ. ഏഴാം ക്ലാസ്‌ രണ്ട്‌ ഡിവിഷനില്‍ നിന്നും കൂടി നാല്‌ പേര്‍. കിഡീസ്‌ വിഭാഗത്തില്‍ അത്രേം പേര്‍ മാത്രേ കയറിപ്പറ്റിയുള്ളൂ. ബാക്കി കുറേ ഏഴാം ക്ലാസുകാര്‍ സബ്‌ ജൂനിയര്‍ വിഭാഗത്തിലാണ്‌. കിഡീസ്‌ വിഭാഗത്തിന്റെ ജനനതീയ്യതി കട്ട്‌ ഓഫിന്റെ ആനുകൂല്യം!!!

ഏത്‌ ക്ലാസിലും ഒന്നാം ബെഞ്ചിലിരിക്കുന്ന ചാത്തന്‍ ബാക്ക്‌ ബെഞ്ചുകളിലിരിക്കുന്ന ജിറാഫ്‌ കാലന്മാരോടാണ്‌ മല്‍സരിക്കേണ്ടത്‌. ചാത്തന്റെ ക്ലാസിലെ ബാക്ക്‌ ബെഞ്ചിലാണേലും രാജേഷ്‌ ചാത്തന്റെ കൂട്ടുകാരനായിരുന്നു. ഒന്നാം സ്ഥാനം കിട്ടിയില്ലേലും രണ്ടും മൂന്നും ഞങ്ങളാവുന്നത്‌ ചാത്തന്‍ സ്വപ്നം കണ്ടിരുന്നു.

ഏഴാംക്ലാസിലെ ഉപേന്ദ്രന്റെ ജനനതീയതി കട്ട്‌ ഓഫ്‌ ഡേറ്റ്‌ തന്നെയാണെന്നറിഞ്ഞ ചാത്തനും കൂട്ടുകാരനും കൂട്ടത്തില്‍ ആജാനബാഹുവായ അവനെ സബ്‌ ജൂനിയര്‍ വിഭാഗത്തിലേക്ക്‌ മാറ്റണം എന്ന് നിവേദനം നടത്തിയെങ്കിലും ആകെ അത്രപേരെ കിഡീസ്‌ വിഭാഗത്തിലുള്ളൂ എന്നതിനാലും സബ്‌ ജൂനിയര്‍ വിഭാഗത്തിലെ എണ്ണക്കൂടുതലും കാരണം അത്‌ നിഷ്കരുണം തള്ളിപ്പോയി.

മല്‍സരം തുടങ്ങാന്‍ ഇനിയും സമയമുണ്ട്‌ ചാത്തനും കൂട്ടുകാരും മൈതാനത്ത്‌ കറങ്ങിനടപ്പാണ്‌. ഒരുത്തന്‍ ഓടി വരുന്നു.

എടാ നീയറിഞ്ഞോ ടീച്ചര്‍മാരുടെ ലോങ്ങ്‌ ജമ്പില്‍ നിന്റെ അമ്മയ്ക്കാ തേഡ്‌ പ്രൈസ്‌!

ചാത്തന്റെ പകുതി ബോധം മൈതാനത്തിലെ ഇളം കാറ്റിനൊപ്പം എവിടെയോ പോയി മറഞ്ഞു.

ആ ത..ത.. തടിയും വച്ച്‌ അമ്മയ്ക്കെങ്ങനെ.....ഒന്ന് മര്യാദയ്ക്ക്‌ ഓടാന്‍ പോലും പറ്റൂലല്ലോ ഇതെന്ത്‌ മറിമായം!!!ഇനിയിപ്പോ വെറും കയ്യോടെ ചാത്തന്‍ വീട്ടില്‍ ചെന്നാല്‍ എല്ലാവരും കൂടി കളിയാക്കിക്കൊല്ലും. ഭൂലോകസമ്മര്‍ദ്ദം...

ഒരു നിമിഷത്തെ നക്ഷത്രമെണ്ണലിനു ശേഷം ചാത്തന്‍ സമനില വീണ്ടെടുത്തു.
ആകെ എത്ര ടീച്ചര്‍മാരുണ്ടായിരുന്നു മല്‍സരത്തിന്‌?

മൂന്ന് പേര്‍ !

ചുമ്മാതല്ല.... സമാധാനം.

മല്‍സരം തുടങ്ങാറായി.

പഴയ ക്യൂ ... ഇത്തവണ ചെറുതാണെന്ന് മാത്രം.
ഉപേന്ദ്രന്‍ ഒന്നാമത്‌ മറ്റൊരു ഏഴാം ക്ലാസുകാരന്‍ രണ്ടാമത്‌ ചാത്തന്‍ മൂന്നാമത്‌ രാജേഷ്‌ നാലാമത്‌ മറ്റ്‌ രണ്ടേഴാം ക്ലാസുകാര്‍ അഞ്ചും ആറും പൊസിഷനില്‍. ക്യൂ തയ്യാറായി. ഒരാള്‍ക്ക്‌ മൂന്ന് ചാന്‍സ്‌ കിട്ടും അതില്‍ ഏറ്റവും കൂടുതല്‍ ദൂരം ചാടിയത്‌ എടുക്കും.

ജമ്പിംഗ്‌ പിറ്റിന്റെ അരമീറ്റര്‍ ദൂരത്തായി അടുപ്പിച്ചടുപ്പിച്ച്‌ കുമ്മായം കൊണ്ടും മണല്‍ കൊണ്ടും രണ്ട്‌ വരകള്‍ ഇട്ടിട്ടുണ്ട്‌. മണലില്‍ ചവിട്ടിക്കൊണ്ട്‌ ചാട്ടം തുടങ്ങാം.അതിനു തൊട്ട്‌ മുന്നിലിരിക്കുന്ന കുമ്മായ വരയില്‍ കാല്‍ വിരലു പതിഞ്ഞാല്‍ ഫൗളാകും.

ചാത്തന്റെ ഒന്നാമത്തെ ചാട്ടമാണ്‌ നന്നാവുക എന്ന് ചാത്തനറിയാം, കൂടാതെ ഫൗള്‍ ആവുന്നത്‌ എങ്ങനെയെന്നും ചേട്ടന്മാര്‍ പഠിപ്പിച്ച്‌ തന്നിട്ടുണ്ട്‌. എന്നാലും ആദ്യ ചാട്ടം ഫൗളാവരുതെന്നത്‌ ഉറപ്പാക്കാന്‍ അമ്മ പറഞ്ഞ്‌ തന്ന ജെസ്സി ഓവന്‍സിന്റെ കഥയിലെ ലെസ്‌ ലോങ്ങ്‌ ജെസ്സി ഓവന്‍സിനുപദേശിച്ച ബുദ്ധി ചാത്തനെടുത്തുപയോഗിച്ചു. കുതിപ്പ്‌ മണല്‍ വരയില്‍ നിന്നും അല്‍പം പിറകിലായി വീണ്‌ കിടന്ന മിഠായിക്കടലാസില്‍ നിന്നും ലക്ഷ്യം വച്ചു. അവിടുന്ന് തന്നെ കുതിക്കുകയും ചെയ്തു. ഫൗളായില്ല.

ഒന്നാം റൗണ്ട്‌ കഴിഞ്ഞപ്പോള്‍, ഉപേന്ദ്രന്‍ ഒന്നാമത്‌, ചാത്തന്‍ രണ്ടാമത്‌ മറ്റൊരു ഏഴാം ക്ലാസുകാരന്‍ മൂന്നാമത്‌ ബാക്കി മൂന്ന് പേരും ഫൗള്‍. രണ്ടാം റൗണ്ട്‌ കഴിഞ്ഞപ്പോള്‍ നാലാം സ്ഥാനത്തിനു കൂടെ ആളായി. മറ്റ്‌ സ്ഥാനങ്ങളില്‍ മാറ്റമില്ല.

രണ്ടെങ്കില്‍ രണ്ട്‌, ഒരു മെഡല്‍ ചാത്തന്റെ കഴുത്തിലും!!!

കുഞ്ഞ്‌ കുഞ്ഞ്‌ സന്തോഷത്തിരകളുമായി ശാന്തമായിരുന്ന ചാത്തന്റെ മനസ്സില്‍ സുനാമികള്‍ അലയടിച്ചു. വര്‍ഷങ്ങള്‍ക്ക്‌ ശേഷമുള്ള കാത്തിരിപ്പിനു ശേഷം ഏതെങ്കിലും സ്പോര്‍ട്‌സ്‌ ഇനത്തില്‍ ഒരു കൊച്ച്‌ മനുഷ്യന്‍ തന്റെ ഇരട്ടി ഉയരമുള്ളവരോട്‌ മല്‍സരിച്ച്‌ ഒരു സമ്മാനം നേടാന്‍ പോവുന്നു.

പരിശീലനത്തിനു സഹായിച്ച ഓരോ ചേട്ടന്മാരോടും മനസ്സില്‍ നന്ദി പറഞ്ഞു. രണ്ടാം റൗണ്ടില്‍ എല്ലാവരുടെയും പെര്‍ഫോമന്‍സ്‌ ഗ്രാഫ്‌ കുത്തനെ താഴോട്ടാണ്‌ ആരും ആദ്യ റൗണ്ട്‌ പെര്‍ഫോമന്‍സിനടുത്ത്‌ എത്തിയില്ല. സ്ഥാനങ്ങള്‍ ഏറെക്കുറെ ഉറപ്പാണ്‌ ഉപേന്ദ്രന്റെ അവസാന ചാട്ടം കഴിഞ്ഞു.

രാജേഷിന്റെ രണ്ട്‌ ചാട്ടവും ഫൗളായിരുന്നു.
ചാത്തന്റെ മനസ്സില്‍ ഒരു മിന്നല്‍ എന്തുകൊണ്ട്‌ മൂന്നാം സ്ഥാനം രാജേഷിനു വാങ്ങിക്കൊടുക്കാന്‍ ശ്രമിച്ചൂടാ?

മൂന്നാം സ്ഥാനത്തിരിക്കുന്ന എഴാം ക്ലാസുകാരനേക്കാള്‍ അവനു ചാടാന്‍ കഴിയുന്നുണ്ട്‌,
മിഠായിക്കടലാസിന്റെ രഹസ്യം അവനൂടെ പറഞ്ഞ്‌ കൊടുത്താല്‍ ഫൗളാവുകയുമില്ല.

ഇനി അഥവാ അവന്‍ ചാത്തനേക്കാളും കൂടുതല്‍ ചാടിയാലും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ഏത്‌ കിട്ടിയാലും ഒരുപോലൊക്കെ തന്നെ.

തിരിഞ്ഞ്‌ നിന്ന് രാജേഷിന്റെ ചെവിയില്‍ ചാത്തന്‍ രഹസ്യം മന്ത്രിച്ചു. മിഠായിക്കടലാസ്‌ ചൂണ്ടിക്കാണിച്ച്‌ കൊടുക്കുകയും ചെയ്തു. അവന്റെ മുഖത്തെ സന്തോഷം കാണണമായിരുന്നു. ഇനിയിപ്പോള്‍ മൂന്നാമതായാലും വേണ്ടൂല. ചാത്തന്റെ സന്തോഷോം ഇരട്ടിച്ചു.

ചാത്തന്റെ ഊഴമായി. എന്തോ ആ സന്തോഷം കാരണമാവും ചാത്തന്‍ സ്വന്തം റെക്കോഡ്‌ മെച്ചപ്പെടുത്തി. പക്ഷേ ഇപ്പോഴും രണ്ടാം സ്ഥാനം തന്നെ. അടുത്തത്‌ രാജേഷിന്റെ ഊഴം. അവന്‍ സര്‍വ്വശക്തിയുമെടുത്ത്‌ ചാടി. ഉപേന്ദ്രനും മുന്നില്‍ ഒന്നാം സ്ഥാനം!!!

ഉപേന്ദ്രനും ചാത്തനും ഇനിയൊരൂഴമില്ല.! മൂന്നാമതായെങ്കിലും സന്തോഷം കൂടി. ചാത്തന്റെ കോച്ചിംഗ്‌ കൊണ്ട്‌ ഒരു ഒന്നാം സ്ഥാനമല്ലേ ആറാം ക്ലാസുകാരന്‍ അടിച്ചെടുത്തത്‌! പോരാഞ്ഞ്‌ ചാത്തനും മൂന്നാം സ്ഥാനമുണ്ട്‌. അഞ്ചാമന്റേയും ഊഴം കഴിഞ്ഞു. ഇനി ഒരാള്‍ മാത്രം അവന്റെയും രണ്ട്‌ ചാട്ടവും ഫൗളായിരുന്നു. ഏഴാംക്ലാസുകാരനു ജെസ്സി ഓവന്‍സിന്റെ രഹസ്യം ചാത്തന്റെ 'ബൗ ബൗ' പറഞ്ഞ്‌ കൊടുക്കും. ഈ ഊഴം കൂടി ഫൗളാവട്ടെ.

ഇവനെ...ന്താ ഈ .. കാണിക്കു...ച്ചത്‌ മിഠായിക്കടലാസിന്റെ മുകളില്‍ നിന്ന് തന്നെ... അവനും.....രഹസ്യം പറഞ്ഞത്‌ പരസ്യമായിപ്പോയി.

അയ്യോ... അവനെത്ര ദൂരം ചാടി? എന്ത്‌ ചാത്തനേക്കാള്‍ ഒന്ന് രണ്ട്‌ സെന്റീമീറ്ററുകള്‍ മുന്നിലോ? അങ്ങനെ വരാന്‍ വഴിയില്ലാ. ഒന്നൂടെ അളക്കൂ മാഷേ... ചാത്തന്‍ നാലാം സ്ഥാനത്തോ!

ദൈവമേ ഇനി എനിക്കെന്നാ ഒരു അവസരം?

സമ്മാനദാനം കഴിഞ്ഞ്‌ രാജേഷ്‌ മെഡലുമെടുത്ത്‌ വരുന്നു.
എനിക്ക്‌ 100 മീറ്ററിനും ഒന്ന് കിട്ടിയതാ എല്ലാ മെഡലും ഒരുപോലാ ഇത്‌ നീയെടുത്തോ. എനിക്ക്‌ സര്‍ട്ടിഫിക്കറ്റ്‌ മതി.

ഒന്ന് വാങ്ങി നോക്കിയ ശേഷം ചാത്തനത്‌ തിരിച്ച്‌ കൊടുത്തു.
വേണ്ടെടാ ഇനി അടുത്ത കൊല്ലമുണ്ടല്ലോ......

വാല്‍ക്കഷ്ണം:

ചില വാക്കുകള്‍ക്കും സൗഹൃദങ്ങള്‍ക്കും സ്വര്‍ണമെഡലുകളേക്കാള്‍ തിളക്കമുണ്ട്‌.
അന്നും ഇന്നും എന്നും....
പോരാഞ്ഞ്‌ എന്റെ മാവും ഒരുകാലത്ത്‌ പൂക്കൂലോ...

Wednesday, September 26, 2007

ഇന്ത്യന്‍ കായികചരിത്രത്തിലെ മൂന്ന് മൈല്‍ക്കുറ്റികള്‍ -രണ്ട്‌- വിശ്വാസവഞ്ചന

ഇത്‌ വായിക്കും മുന്‍പ്‌ കുട്ടിച്ചാത്തന്റെ കായിക ചരിത്രം അറിയാത്തവര്‍ ഇവിടെ കൂടെ നോക്കുക.

അഞ്ചില്‍ നിന്ന് ആറിലേയ്ക്ക്‌. അതിനിടെ ചാത്തന്‍ വീടിന്‌ കുറച്ചൂടെ അടുത്തുള്ള സ്ക്കൂളിലേക്ക്‌ മാറി. അടുത്ത്‌ എന്ന് മാത്രമല്ല വേറെ ചില കാരണങ്ങള്‍ കൂടിയുണ്ടായിരുന്നു. അതൊരു ഹൈസ്ക്കൂള്‍ കൂടിയായിരുന്നു 6 ഉം 7ഉം രണ്ട്‌ ഡിവിഷന്‍ വച്ചും ബാക്കി 10 വരെ 8-10 ഡിവിഷനുകള്‍ വച്ചും, ഇനി 10 വരെ സ്ക്കൂള്‍ മാറേണ്ട കാര്യമില്ല. പോരാഞ്ഞ്‌ ചാത്തന്റെ അമ്മ അവിടെ യുപി വിഭാഗത്തില്‍ പഠിപ്പിക്കുന്നുമുണ്ട്‌.

കൂടുതല്‍ ബോറഡിപ്പിക്കുന്നില്ല. ആറാം ക്ലാസിലെ കായികദിനം വരുന്നു. ചാത്തനിത്തവണയും ലോങ്ങ്‌ ജമ്പിനു പേര്‌ കൊടുത്തു. ഒരൊറ്റ ഐറ്റത്തിനു മാത്രേ മല്‍സരിക്കുന്നുള്ളോന്ന് പി.ടി മാഷ്‌ ചോദിച്ചപ്പോള്‍ ചാത്തനെന്തോ ഒരു വല്ലായ്മ. പിന്നേം ഐറ്റം ലിസ്റ്റ്‌ മൊത്തം തപ്പി. ഒരെണ്ണം കൂടി കിട്ടി. 50 മീറ്റര്‍ ഓട്ടം അതിനാവുമ്പോള്‍ ചെറിയദൂരമേ കാണൂ പോരാഞ്ഞ്‌ ഒരാള്‍ക്ക്‌ 3 ഐറ്റത്തിനേ പേര്‌ കൊടുക്കാന്‍ പറ്റൂ എന്ന നിര്‍ബന്ധവുമുണ്ട്‌. എല്ലാവരും 100ഉം 200ഉം 400ഉം തിരഞ്ഞെടുക്കുന്നതാണ്‌ ട്രെന്റ്‌, ചാട്ടത്തിനുള്ളവര്‍ 400 ഒഴിവാക്കും, കിഡീസ്‌ വിഭാഗത്തില്‍ 6, 7 ക്ലാസിലെ നാല്‌ ഡിവിഷനില്‍ നിന്നുള്ളവരേയുള്ളൂ, അങ്ങനേം ആളു കുറയും. അങ്ങനെ 50 മീറ്ററിനും ചാത്തന്‍ പേരു കൊടുത്തു.

50 മീറ്ററിനു വേണ്ടി ആരെങ്കിലും പരിശീലിക്കുമോ, ചാത്തന്‍ ഫേവറിറ്റ്‌ ഐറ്റത്തില്‍ മാത്രം ശ്രദ്ധിച്ചു. ലോങ്ങ്‌ ജമ്പ്‌ അടുത്ത പോസ്റ്റാണേ, ഇത്തവണ ഓട്ടം മാത്രമാക്കുന്നു.

കായികദിനം വന്നു. കുളിച്ച്‌ കുറിതൊട്ട്‌ വിക്ടറിസ്റ്റാന്‍ഡില്‍ നില്‍ക്കുന്ന മകന്‌ അമ്മതന്നെ മെഡല്‍ ചാര്‍ത്തിത്തരുന്നതൊക്കെ സ്വപ്നം കണ്ട്‌ സ്ക്കൂളിലെത്തി.(സമ്മാനര്‍ഹര്‍ക്ക്‌ ഏതെങ്കിലും രണ്ട്‌ അദ്ധ്യാപകര്‍ (ഒരാള്‍ എസ്കോര്‍ട്ട്‌) മല്‍സരം കഴിഞ്ഞ്‌ കുറച്ച്‌ സമയത്തിനുശേഷം ഒരു വിക്ടറിസ്റ്റാന്‍ഡില്‍ വച്ച്‌ മെഡല്‍ ഇട്ട്‌ കൊടുക്കുന്ന ഒരു പരിപാടി ഉണ്ടായിരുന്നു, സര്‍ട്ടിഫിക്കറ്റ്‌ പിറ്റേന്ന് അസംബ്ലിയില്‍ വച്ചും)

മല്‍സര ഇനങ്ങളുടെ സമയം കാണിക്കുന്ന പട്ടിക നോക്കി ലോങ്ങ്‌ ജമ്പിന്റെ സമയം കണ്ടുപിടിച്ചു, നാളെയേ ഉള്ളൂ, 50 മീറ്റര്‍ കിഡീസ്‌ എവിടെ !!! പട്ടിക മൊത്തം വീണ്ടും വീണ്ടും അരിച്ച്‌ പെറുക്കി നോ രക്ഷ!!!. പിന്നെ ഒരു പേപ്പര്‍ എടുത്ത്‌ ഒരൈറ്റം ഒഴികെ ബാക്കിയൊക്കെ മറച്ച്‌ പിടിച്ച്‌ ഓരോന്നായി നോക്കി. ഇല്ലാത്ത സാധനം എവിടെ കിട്ടാന്‍. മാഷ്‌ അത്‌ ചേര്‍ക്കാന്‍ വിട്ട്‌ പോയതായിരിക്കും 100 മീറ്റര്‍ മുതലുണ്ട്‌. അതും നാളെയാ. പിന്നെ മാഷെ തിരക്കി നടന്നു. സ്വതവേ ദുര്‍ബലന്‍ പോരാഞ്ഞ്‌ വയറിളക്കവും എന്ന് പറയുമ്പോലെ സ്വതവേ നാണം കുണുങ്ങി പോരാഞ്ഞ്‌ മല്‍സരത്തിന്റെ ടെന്‍ഷനും മാഷാണെങ്കില്‍ ഒടുക്കത്തെ തിരക്കും.

ഇങ്ങനെയുള്ള കാര്യങ്ങള്‍ക്കൊക്കെ പി.ടി മാഷോട്‌ പറയും മുന്‍പ്‌ ക്ലാസ്‌ ടീച്ചറോട്‌ പറയണമെന്നാ. ചാത്തന്റെ ക്ലാസ്‌ ടീച്ചറാണെങ്കില്‍ ചാത്തന്റെ അമ്മയും!!!. നേരെ അമ്മയോട്‌ പോയി കാര്യം പറഞ്ഞു. നിനക്ക്‌ വേണേല്‍ നീ തന്നെ പോയി ചോദിക്കെടാ. ആ വഴീം അടഞ്ഞു. വേറെ വല്ല പിള്ളേരുമാണെല്‍ അമ്മ പോയി ചോദിച്ചേനെ. ഇത്‌ സ്വന്തം മോന്റെ കാര്യല്ലേ ചോദിക്കുന്നത്‌ കുറച്ചിലല്ലേ.

അവസാനം മാഷെന്തോ തിരയാനായി സ്റ്റാഫ്‌ റൂമിലെത്തി, വാതില്‍ക്കല്‍ കാത്ത്‌ നിന്ന് മാഷ്‌ ഗ്രൗണ്ടിലേക്ക്‌ പോകുമ്പോള്‍ പിന്നാലെ കൂടി കാര്യം ചോദിച്ചു.

50 മീറ്ററല്ലേ അതിന്‌ നീയല്ലാതെ വേറെ ആരും പേര്‌ തന്നില്ലാ. ഒരാള്‍ക്ക്‌ മാത്രായി എങ്ങനാ മല്‍സരം നടത്തുന്നേ?

അത്‌ ന്യായം, എന്നാലും ആ ഇനത്തിനു അധികം ആരും പേര്‌ കൊടുക്കരുത്‌ എന്ന് പ്രാര്‍ത്ഥിച്ചത്‌ ഇത്തിരി കൂടിപ്പോയോ പടച്ചോനേ. ദൈവം കുറച്ച്‌ എക്സ്ട്രാ കനിഞ്ഞ്‌ അനുഗ്രഹിച്ച്‌ കളഞ്ഞു. ഓട്ടമല്‍സരത്തിനു മിനിമം മൂന്നാളെങ്കിലും വേണം എന്ന സാമാന്യബോധം ദൈവത്തിനില്ലാതെ പോയോ!.

അല്ലാ ബാക്കി രണ്ട്‌ പേരെ ചാത്തന്‍ സംഘടിപ്പിച്ചാല്‍ പോരെ. ഓടുമ്പോള്‍ മുടന്തില്ലാത്ത റിജുവും ചാത്തനേക്കാളും കൊച്ച്‌ പയ്യന്‍സ്‌ ബിജുവും തന്നെ ധാരാളമാണല്ലോ. മൂന്നെണ്ണത്തില്‍ ഒരു സമ്മാനം ഉറപ്പ്‌ എന്നറിഞ്ഞാല്‍ അവരും സമ്മതിക്കും!. അപ്പോഴേക്കും മാഷ്‌ ദൂരെയെത്തി. പിന്നേം കുറേ സമയം കറങ്ങി നടന്നു. മാഷ്‌ ദേ തിരിച്ച്‌ വരുന്നു.

ഇതിനിടെ വേറൊരു കാര്യം ബാക്ക്‌ ഗ്രൗണ്ടില്‍ നടന്നിരുന്നു. 50 മീറ്റര്‍ എന്താ ഇല്ലാത്തേന്ന് മാഷോട്‌ അമ്മ ചോദിച്ചിരുന്നു. മാഷ്‌ കാര്യോം പറഞ്ഞു. ഇക്കാര്യം ചാത്തന്‍ പിന്നെയാ അറിഞ്ഞത്‌. എന്തായാലും ചോദിക്കാനും പറയാനും ആളുള്ളതോണ്ടാവും ഇത്തവണ പഴയ തിരക്ക്‌ കാണിച്ചില്ല.

മാഷേ രണ്ട്‌ പേരെ വിളിച്ചോണ്ട്‌ വന്നാല്‍ നടത്താമോ?

അതെങ്ങനെ ആദ്യം പേരു തരാത്തവരെ മല്‍സരിപ്പിക്കാന്‍ പറ്റൂല.

എന്നാപ്പിന്നെ ചാത്തന്‍ ഒറ്റയ്ക്കോടിയാല്‍ മതിയോ?

മാഷൊരു ആക്കിയ ചിരി.

നിനക്ക്‌ വേണേല്‍ ഒരു സര്‍ട്ടിഫിക്കറ്റ്‌ തന്നേക്കാം.

മതി അത്‌ മതി ആര്‍ക്ക്‌ വേണം പീറ മെഡല്‍ അല്ലെങ്കില്‍ തന്നെ ലോങ്ങ്‌ ജമ്പിനു ഇത്തവണ ഒരെണ്ണം ഉറപ്പാ. പിന്നെന്തിനാ രണ്ട്‌. നമ്മള്‍ക്ക്‌ സര്‍ട്ടീറ്റ്‌ മതി.

അങ്ങനെ ഒന്നാം ദിവസത്തെ മല്‍സരം വളരെ വിശാലമായ മാര്‍ജിനില്‍ വിജയിച്ചോണ്ട്‌ ചാത്തന്‍ തുള്ളിച്ചാടി വീട്ടിലെത്തി. പങ്കെടുക്കാത്ത ഐറ്റത്തിനു സര്‍ട്ടിഫിക്കറ്റ്‌ എന്ന അഴിമതി അമ്മയ്ക്ക്‌ അങ്ങട്‌ ബോധിച്ചില്ലാന്ന് തോന്നുന്നു. അത്‌ ചാത്തനും മാഷും തമ്മിലുള്ള കൊടുക്കല്‍ വാങ്ങല്‍. ഒന്നന്വേഷിക്കാന്‍ പോലും സമയം കാണിക്കാത്ത അമ്മയ്ക്ക്‌ ഇതിലെന്ത്‌ കാര്യം?

പിറ്റേന്നത്തെ മല്‍സരങ്ങള്‍ തുടങ്ങും മുന്‍പ്‌ തലേന്നത്തെ സര്‍ട്ടിഫിക്കറ്റ്‌ വിതരണം.

ഓരോ ഐറ്റങ്ങളായി സര്‍ട്ടിഫിക്കറ്റുകള്‍ തീര്‍ന്നുകൊണ്ടിരിക്കുന്നു.

50 മീറ്റര്‍ കിഡീസ്‌. ഫസ്റ്റ്‌ പ്രൈസ്‌ കുട്ടിച്ചാത്തന്‍.

നീണ്ട കരഘോഷം.

ചാത്തന്‍ മുന്നോട്ടാഞ്ഞു. ആരോ പിറകില്‍ നിന്ന് വലിക്കുന്നു.

വിടെടാ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങി വരട്ടെ.

ഷര്‍ട്ടീന്ന് വിടെടാ എന്റെ പേര്‌ വിളിച്ചു.
ഇവനിട്ട്‌ രണ്ട്‌ പൊട്ടിക്കേണ്ടി വരുമെന്നാ തോന്നുന്നേ.

ചാത്തന്‍ തനതായ വടക്കന്‍ നാടനടി സ്റ്റൈലില്‍ കുനിഞ്ഞ്‌ ഒന്ന് പൊട്ടിക്കാനായി തിരിഞ്ഞു.
---------------------------------------------------------------

നീ വരുന്നില്ലേ ഗ്രൗണ്ടിലേക്ക്‌? എന്താ ആലോചിച്ചോണ്ട്‌ നില്‍ക്കുന്നത്‌! അസംബ്ലി കഴിഞ്ഞതൊന്നും അറിഞ്ഞില്ലേ?

എന്റെ സര്‍ട്ടീറ്റ്‌!!!!!!!!!!!!! ആരോട്‌ ചോദിക്കാന്‍?. ചോദിക്കേം പറയേം ചെയ്യേണ്ടവരു തന്നെയാവണമല്ലോ പാര വച്ചത്‌..

വീണ്ടും ആരെങ്കിലും ആ നിലവിളി ശബ്ദമിടൂ.....

വാല്‍ക്കഷ്ണം:
അന്ന് വൈകീട്ട്‌ വീട്ടില്‍ ഒന്നാം സ്വാതന്ത്ര്യ സമരം നടന്നു. മേലില്‍ ഒരു ക്ലാസിലും ചാത്തന്റെ ക്ലാസ്‌ ടീച്ചറാവുകയോ, ചാത്തന്റെ കാര്യങ്ങളില്‍ ഇടപെടുകയോ, ഹെഡ്‌ മാഷ്‌ എന്‍ഗേജ്‌ പിര്യേഡ്‌ ഇട്ടാല്‍ പോലും ആ വഴി വരികയോ ചെയ്യില്ല. എന്ന മൂന്ന് അലിഘിത കരാറുകളില്‍ ഉഭയകക്ഷികളുടെ സാന്നിധ്യത്തില്‍ ഉടമ്പടിയായ ശേഷം മാത്രമായിരുന്നു അത്താഴം.

ചാത്തന്‍ ഏഴിലെത്തിയപ്പോഴേക്കും അമ്മ ജയിച്ച്‌ ഹൈസ്ക്കൂളില്‍ എത്തിയത്‌ കൊണ്ട്‌ പിന്നെ അങ്ങനൊരു പ്രശ്നമുണ്ടായില്ലാ. ഹൈസ്ക്കൂളില്‍ ഒരുപാട്‌ ഡിവിഷനുണ്ടായിരുന്നതോണ്ട്‌ തുടര്‍ന്നും.

ഗുണപാഠം: മാതാപിതാക്കള്‍ അദ്ധ്യാപകരായിരിക്കുന്ന സ്ക്കൂളില്‍ ചേരാതിരിക്കുക, അഥവാ ചേര്‍ന്നാലും-- ക്ലാസ്‌ ടീച്ചര്‍ !!! ഒരിക്കലും ആ അബദ്ധം കാട്ടാതിരിക്കുക.

Tuesday, September 11, 2007

ഇന്ത്യന്‍ കായികചരിത്രത്തിലെ മൂന്ന് മൈല്‍ക്കുറ്റികള്‍ -ഒന്ന്- കാള്‍ലൂയിസ്‌

ഇത്‌ വായിക്കും മുന്‍പ്‌ കുട്ടിച്ചാത്തന്റെ കായിക ചരിത്രം അറിയാത്തവര്‍ ഇവിടെ കൂടെ നോക്കുക.

എല്‍ പി സ്ക്കൂള്‍ കാലഘട്ടം കഴിഞ്ഞു. അല്‍പം ദൂരെയുള്ള യുപി സ്ക്കൂളില്‍ ഒരുപിടി പുതിയ കൂട്ടുകാരോടൊപ്പം ചാത്തനും. ഒരുപാട്‌ വിശേഷങ്ങളുണ്ടെങ്കിലും അതൊക്കെ പിന്നെ പറയാം.

യുപി സ്ക്കൂളിലെ കായിക ദിനം.

എല്‍ പി സ്ക്കൂളിലെ ഓട്ടമത്സരത്തിലെ വിജയകരമായ പരാജയത്തിനു ശേഷം കുട്ടിച്ചാത്തന്‍ ഓട്ടത്തോട്‌ വിടപറഞ്ഞേക്കാം എന്നും പുതിയ ഒരൈറ്റത്തില്‍ കാല്‍ വച്ച്‌ നോക്കാം എന്നും വിചാരിച്ചു.അക്കാലത്താണ്‌ കാള്‍ലൂയിസ്‌ 100 മീറ്റര്‍ ഓട്ടത്തില്‍ വിവാദ സ്വര്‍ണമെഡല്‍ നേടിയത്‌ പിന്നൊരു ഐറ്റത്തിലൂടെ അദ്ദേഹം സ്വര്‍ണ്ണം നേടി.

ലോങ്ങ്‌ ജമ്പ്‌!!!

കാലിനു ചെറുപ്പത്തിലേ നല്ല നീളം ഉള്ളവര്‍ക്ക്‌ പയറ്റാന്‍ പറ്റിയ ഐറ്റം(ചാത്തന്റെ കാര്യത്തില്‍ നാക്കിനായിരുന്നു നീളം എന്ന് മാത്രം). കാള്‍ലൂയിസിന്റേം ബെന്‍ജോണ്‍സന്റേം ഫ്രന്റ്‌ പേജ്‌ പടങ്ങള്‍ ചാത്തന്റെ ഇളം മനസ്സിനെ വല്ലാതെ സ്വാധീനിച്ചു. ഓട്ടം ഏതായാലും നമ്മളെക്കൊണ്ട്‌ പറ്റൂല. ഇതിലാവുമ്പോള്‍ പങ്കെടുക്കാന്‍ ആരും കാണുകേമില്ല, അതുകൊണ്ടൊരു സമ്മാനം എളുപ്പത്തില്‍ അടിച്ചെടുക്കുകേം ചെയ്യാം.

അങ്ങനെ ചാത്തന്‍ ആ ഒരൊറ്റ ഐറ്റത്തിനു മാത്രം പേരു കൊടുത്ത്‌ പരിശീലനം തുടങ്ങി. ഐറ്റത്തിന്റെ പേരും പൂഴി തെറിപ്പിച്ചോണ്ട്‌ വീഴുന്ന ലൂയിസിന്റെ പടം പത്രത്തിലു കണ്ടതുമേയുള്ളൂ. എന്താ സംഭവം എന്നൊന്നും അറീല. രണ്ട്‌ ദിവസം വീട്ടിലെ കസേരയുടേം മേശേടെം കിടക്കേടേം മുകളിലൂടെ ഓടീം ചാടീം വീടാകെ അലുക്കുലുത്താക്കിക്കൊണ്ടിരിക്കുന്നത്‌ കണ്ട വീട്ടുകാര്‌ പുല്‍ച്ചാടിയെ കയ്യോടേ പിടിച്ച്‌ അച്ഛനെ ഏല്‍പ്പിച്ചു.

പണ്ട്‌ ഓട്ട മല്‍സരത്തിനു അച്ഛന്റെ കോച്ചിംഗും വാങ്ങിപ്പോയി പരാജയശ്രീലാളിതനായി വന്നതോണ്ട്‌ ഇത്തവണ കോച്ചിംഗ്‌ വേണ്ട എന്താ ഇനം എന്ന് പറയൂല എന്നും പറഞ്ഞ്‌ ചാത്തന്‍ ഒറ്റക്കാലില്‍ നിന്നു.വേണ്ടെങ്കില്‍ വേണ്ട ഓട്ടവും ചാട്ടവും എന്തായാലും വീടിന്‌ പുറത്ത്‌ മതി, എന്ന ശാസന ചാത്തന്‍ ശിരസാ വഹിച്ചു.

പിന്നെ തോട്ടത്തിലായി പരിശീലനം. ചാഞ്ഞ മരങ്ങളുടെ കൊമ്പുകളില്‍ നിന്ന് താഴേക്ക്‌ മുകളിലേക്ക്‌. ഇവനെ വല്ല കുരങ്ങനും കടിച്ചാ എന്ന കിംവദന്തി കേട്ടില്ലാന്ന് നടിച്ചു.

അങ്ങനെ ആ സുദിനം വന്നെത്തി.ഓട്ടമല്‍സരങ്ങള്‍ ഒരു ഭാഗത്ത്‌ നിന്ന് നടക്കുന്നുണ്ട്‌. ചാത്തനും അകമ്പടിയായി കുറേ ഉപജാപകരും എവിടാ ലോങ്ങ്‌ജമ്പ്‌ നടക്കുന്നതെന്ന് അന്വേഷിച്ച്‌ നാലുപാടും ഓടിനടന്നു.ഒടുവില്‍ സ്ഥലം കണ്ട്‌ പിടിച്ചു സ്ക്കൂളിനു അടുത്തുള്ള തെങ്ങും പറമ്പാണ്‌ ജമ്പിംഗ്‌ പിറ്റ്‌!!!!

അതു തന്നെ ഒരേ നിരപ്പല്ല. ഒരു തെങ്ങും ചുറ്റുപാടും ഉള്ള സ്ഥലവും കഴിഞ്ഞാല്‍ അടുത്ത തെങ്ങും അതിനു ചുറ്റും ചതുരത്തിലുള്ള പറമ്പും ആ തറനിരപ്പില്‍ നിന്നും അല്‍പം താഴെയാണ്‌!!! അടുത്തത്‌ അതിലും അല്‍പം കൂടി താഴെ. എല്ലാ തെങ്ങുകള്‍ക്ക്‌ ചുറ്റിലും കിളച്ചിട്ടിട്ടുള്ളതോണ്ട്‌ പിറ്റിനായി ആര്‍ക്കും അധ്വാനിക്കേണ്ടി വന്നിട്ടുണ്ടാവില്ല. ഒരു പറമ്പിന്റെ അവസാനഭാഗത്ത്‌ ഒരു വര വരച്ചിട്ടുണ്ട്‌, അതിലു ചവിട്ടിക്കൊണ്ട്‌ തൊട്ട്‌ താഴെയുള്ള പറമ്പിലേക്കാണ്‌ ചാടേണ്ടത്‌. ചതുരത്തിലുള്ള പറമ്പുകളുടെ നടുവിലായിട്ടാണ്‌ തെങ്ങുകള്‍, കണ്ണുമടച്ച്‌ ചാടിയാല്‍ ചിലപ്പോള്‍ പിന്നോട്ട്‌ നോക്കി പറക്കുന്ന സൂപ്പര്‍മാന്‍ തെങ്ങിലടിച്ച്‌ വീഴുന്ന ലൈവ്‌ ഡെമോ നാട്ടുകാരു കാണും.

ശരി വച്ചകാല്‍ പിന്നോട്ടില്ല. ഇതെന്തൊരു പുരുഷാരം. പൂരത്തിനുള്ള ആളുണ്ട്‌. കാണാന്‍ വന്നവരു ഇങ്ങനെ ക്യൂ ആയി നില്‍ക്കുന്നതെന്തിനാ?

മാഷേ ചാത്തനും പേരു തന്നിരുന്നു ലോങ്ങ്‌ ജമ്പിന്‌?

ഈ ക്യൂവിന്റെ പിന്നില്‍ പോയി നിന്നോ. വിസിലടിക്കുമ്പോള്‍ ഓരോരുത്തരായി വന്ന് ചാടിയാല്‍ മതി.

മല്‍സരം തുടങ്ങി, മാഷയ്ക്കെന്തോ കണക്കു കൂട്ടലുണ്ട്‌ അടുത്ത പറമ്പിന്റെ നടുവിലെ തെങ്ങിന്റെ ലെവലിന്റെ അപ്പുറം ചാടിയവരോട്‌ തിരിച്ച്‌ ക്യൂവിന്റെ പിന്നില്‍ പോയി നില്‍ക്കാന്‍ പറഞ്ഞു. അത്രേം എത്താത്തവരോട്‌ കാണികളുടെ കൂട്ടത്തില്‍ പോവാനും.ഒടുക്കത്തെ ക്യൂ നിന്ന് നിന്ന് ഉറക്കം വരുന്നു ക്യൂവിന്റെ നീളം കുറയുന്നുണ്ട്‌. അങ്ങനെ അങ്ങനെ ചാത്തന്റെ ഊഴമെത്തി.

കാള്‍ലൂയിസ്‌ ഭഗവാന്റെ എനിക്ക്‌ മെഡല്‍ പോയല്ലോ എന്ന ഭാവത്തില്‍ പത്രത്തില്‍ വന്ന പടത്തിനെ മനസ്സില്‍ ധ്യാനിച്ച്‌, ആരെയെങ്കിലും കുത്താന്‍ വരുന്ന കാള കാലോണ്ട്‌ മണ്ണുമാന്തുന്ന സ്റ്റൈലില്‍ വലത്തേകാല്‍ വിരലുകള്‍ കൊണ്ട്‌ നിലത്തുരച്ച്‌ അല്‍പം മുന്‍പോട്ട്‌ കുനിഞ്ഞ്‌ വിസിലിനു വേണ്ടി കാതോര്‍ത്തു.

ഇടയ്ക്കൊന്ന് വശങ്ങളിലേക്ക്‌ പാളി നോക്കി അഞ്ചാം ക്ലാസിന്റെ അഭിമാനമായി ചാത്തന്‍ മാത്രമേയുള്ളൂ ബാക്കി മുഴുവന്‍ ആറും ഏഴും ക്ലാസുകാരാ. കൂട്ടുകാരു മൊത്തം വന്ന് പ്രതീക്ഷയോടെ നോക്കി നില്‍ക്കുന്നുണ്ട്‌. ഈ പരിപാടി എന്താന്ന് അവര്‍ക്കൊന്നും അറിഞ്ഞുകൂടായിരുന്നതു കൊണ്ടാ അല്ലേല്‍ വേറെ വല്ലോരും കൂടി പേരു കൊടുത്തേനെ. സംഭവം ഇത്രേയുള്ളൂ എന്നറിഞ്ഞപ്പോള്‍ പങ്കെടുക്കാന്‍ പലരും ശ്രമിച്ചെങ്കിലും മുന്‍പേ പേരു കൊടുത്തവര്‍ക്ക്‌ മാത്രമായി മാഷ്‌ മല്‍സരം ചുരുക്കിക്കളഞ്ഞു. അതോണ്ടിനി ഏകപ്രതീക്ഷ ചാത്തനാ. ചുമ്മാ ഒന്ന് കൈവീശിക്കാണിക്കണമെന്നുണ്ടായിരുന്നു. അഥവാ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായാല്‍ കേള്‍ക്കേണ്ടി വരുന്ന കൂക്കിവിളികളെ ഓര്‍ത്തപ്പോള്‍ കൈ താനെ താണു.

വിസില്‍ മുഴങ്ങി, ചാത്തന്‍ കുതിച്ചു. വരയില്‍ ചവിട്ടിക്കൊണ്ട്‌ ഉയരാന്‍ ശ്രമിച്ച അതേ നിമിഷം ചാത്തന്റെ കണ്ണിലെന്തോ പ്രാണി കയറി. എന്തായാലും ആംഗിളു കറക്റ്റായതോണ്ട്‌ തെങ്ങിലിടിച്ചില്ല. ചാട്ടം തുടങ്ങിയപ്പോള്‍ തന്നെ കണ്ണടച്ചതു കാരണം സംഭവം ക്രാഷ്‌ ലാന്‍ഡിങ്ങായി. തെങ്ങിനടുത്ത്‌ നിന്ന മാഷും സ്റ്റാര്‍ട്ടിംഗ്‌ പോയിന്റില്‍ നിന്ന മാഷും എല്ലാവരും ചാത്തന്‍ കണ്ണുതിരുമ്മി എഴുന്നേല്‍ക്കും മുന്‍പ്‌ മുന്നിലെത്തി.

എന്തെങ്കിലും പറ്റിയോ?

ആകാംഷാഭരിതരായ ഒരുകൂട്ടം കാണികള്‍ കയ്യടിക്കാന്‍ പോലും മറന്ന് വാ പൊളിച്ച്‌ നോക്കിനില്‍ക്കുന്നു. മുട്ടിന്റെ മോളീന്ന് അല്‍പം പ്ലാസ്റ്ററു പോയിട്ടുണ്ട്‌.അതൊക്കെ ആരു നോക്കുന്നു. തെങ്ങ്‌ കഴിഞ്ഞോ അത്‌ മാത്രമായിരുന്നു ചാത്തന്‍ പ്രാണിയിരിക്കുന്ന വലത്തേകണ്ണും അടച്ച്‌ പിടിച്ചോണ്ട്‌ നോക്കിയത്‌.

യെസ്‌ കഴിഞ്ഞിരിക്കുന്നു ചാത്തന്‍ മാത്രം തെങ്ങും തെങ്ങ്‌ നില്‍ക്കുന്ന പറമ്പും കഴിഞ്ഞ്‌ അടുത്ത്‌ പറമ്പിന്റെ തുടക്കത്തിലുള്ള താഴ്ചയില്‍ ലാന്‍ഡ്‌ ചെയ്തിരിക്കുന്നു!!! ലോകറിക്കോഡ്‌!!!. ഇനി എന്തിനാ ഈ മല്‍സര പ്രഹസനം ഒന്നാം സമ്മാനം ഇങ്ങെടുക്ക്‌ മാഷേ. എന്നാലും മൂന്ന് ചാന്‍സെന്നാ കേട്ടത്‌. അതും കൂടി ചാടിക്കളഞ്ഞേക്കാം. ക്യൂവിന്റെ പിന്നിലേക്ക്‌ നീങ്ങിയ ചാത്തനെ മാഷ്‌ വിളിച്ച്‌ വേറൊരു പയ്യന്റെ കൂടെ മുറിവിനു മരുന്നു വയ്ക്കാന്‍ പറഞ്ഞു വിട്ടു.

മരുന്ന് വച്ചിട്ട്‌ വന്നിട്ട്‌ ചാടാമായിരിക്കും അല്ലേ?

ചാത്തന്റെ ആത്മഗതം ഉച്ചത്തിലായിപ്പോയി.

എന്തിന്‌ നീ പുറത്തായില്ലേ?

ഡിഷ്‌ ക്യാം(ബാക്ക്‌ ഗ്രൗണ്ടില്‍ ഒരു ഇടിവെട്ടിയ സൗണ്ട്‌)

ഞാനോ അതെങ്ങനെ?

അതു മനസ്സിലായില്ലേ നീ ചാടാന്‍ തുടങ്ങിയ പറമ്പിന്റെ തൊട്ട്‌ താഴെ തന്നെയാ മൂക്കും കുത്തി വീണത്‌. തെങ്ങിന്റെ അടുത്ത്‌ പോലും എത്തീല.

ആരെങ്കിലും ആ നിലവിളി ശബ്ദമിടൂ(കട്‌ ജഗതി ഇന്‍ മിന്നാരം)

വാല്‍ക്കഷ്ണം:
അങ്ങനെ മൈല്‍ കുറ്റി ഒന്ന് ഇവിടെ അവസാനിക്കുന്നു. അടുത്ത ഭാഗം ആറാംക്ലാസില്‍ കിഡീസ്‌ 50 മീറ്റര്‍ റെയ്‌സ്‌ അഥവാ ഒരു വിശ്വാസ വഞ്ചന.(അടുത്തൊന്നും പ്രതീക്ഷിക്കേണ്ട)

Sunday, August 05, 2007

ഇന്റര്‍ നാഷണല്‍ ചാരക്കേസ്‌

ഒരു ദിവസം രാവിലെ (എന്തിനാ ഒരു ദിവസമാക്കുന്നത്‌ എല്ലാ ദിവസവും രാവിലെ)

ടര്‍ണീം ടര്‍ണീം.....

ഹലോ?

ഡാ കുഞ്ഞാട്‌ വന്നിട്ടുണ്ടോ?

ഒന്ന് ഏന്തി വലിഞ്ഞ്‌ നോക്കിയശേഷം

ആ വന്നിട്ടുണ്ട്‌.

എന്താ ഡ്രസ്സ്‌?

വെള്ളേലു നീലപ്പൂക്കളുള്ള കുപ്പായം.

എന്നാല്‍ നീല ജീന്‍സാവും ഉറപ്പാ... അല്ലേ?

അതിപ്പോ ഞാനെങ്ങനെ കാണാനാ ഇരിക്കുവല്ലേ അതും അടുത്ത ക്യുബിക്കിളില്‍.

നിനക്കൊന്നെണീച്ച്‌ നോക്കിക്കൂടെ?

നിന്നോട്‌ ഞാന്‍ പല പ്രാവശ്യം പറഞ്ഞിട്ടൊണ്ട്‌ എനിക്കീ ചാരപ്പണി മാത്രല്ലാ പണീന്ന്. നേരാം വണ്ണം സ്വന്തായിട്ട്‌ വായിനോക്കാനറീല പിന്നെയാ വല്ലവര്‍ക്കും വേണ്ടി എവളുമാരൊക്കെ എത്തിയോ എന്താ ഡ്രസ്സ്‌ എന്നൊക്കെ നോക്കുന്നത്‌.

ഞാന്‍ അതേ കമ്പനിയിലായിരുന്നെങ്കില്‍ നിന്റെ സഹായം എന്റെ --- നു വേണം, ഒന്നു നോക്കി പറയെടാ ചെക്കാ.

ഡും..(ഫോണ്‍ വെച്ചതാ)

ലൈവ്‌ വിവരണത്തീന്ന് ഇനി കഥയുടെ ആമുഖം.

ചാത്തന്റെ കമ്പനീലെ ഒരു ബംഗാളീപ്പെണ്‍കിടാവിനോട്‌ തൊട്ടടുത്ത കമ്പനിയില്‍ വര്‍ക്കുന്ന കൂട്ടുകാരനു എന്തോ ഒരു ഇത്‌. ഉച്ചയ്ക്ക്‌ ഒരുമിച്ച്‌ ഭക്ഷണം കഴിക്കാന്‍ ഇത്തിരി ദൂരെയുള്ള മലയാളി ഹോട്ടലില്‍ അവന്റെ ശകടത്തിലാ പോകേണ്ടത്‌ എന്നതു കൊണ്ട്‌ ചാത്തന്‍ ത്രിശങ്കു സ്വര്‍ഗത്തിലും.

വണ്‍വേ ആയി ഓടിക്കോണ്ടിരിക്കുന്ന ഈ ശകടം സ്റ്റാന്റിലെത്തിക്കാന്‍ ദൂതനായി വര്‍ത്തിക്കാന്‍ ചാത്തനോട്‌ ആവശ്യപ്പെടാറില്ല. ആവശ്യപ്പെട്ടാല്‍ ശകടം പാതിവഴീല്‍ ബ്രേക്‌ക്‍ഡൗണാവുംന്ന് അവനറിയാം. ഇന്തകാര്യത്തില്‍ ചാത്തന്‍ അത്ര എക്സ്‌പര്‍ട്ട്‌ ആണല്ലോ!.(പൊളിച്ച്‌ കൈയ്യില്‍ കൊടുക്കൂലെ:)) ദിവസേന രാവിലെയുള്ള വാര്‍ത്ത വായന മാത്രാ ചെയ്തു കൊടുക്കുന്ന ആകെയുള്ള സഹായം. അതും പ്രധാന വാര്‍ത്തകള്‍ മാത്രം.കൂടുതല്‍ വിശദമായി വാര്‍ത്ത വായിക്കാന്‍ പറഞ്ഞാല്‍ ചാത്തന്‍ വയലന്റാകും. അതിലൊന്നാണ്‌ നമ്മള്‍ ലൈവായി കേട്ടത്‌.

ഇനി കഥയിലേക്ക്‌.

ഒരു സാധാ സായാഹ്നം.
ഫോണ്‍ ശബ്ദിക്കുന്നു.

എടാ കുഞ്ഞാടിറങ്ങിയോ?

ഇല്ല ഇവിടുണ്ട്‌.

ഇന്ന് ആറ്‌ മണീടെ ബസ്സിനാവും നീ ഒരു ഉപകാരം ചെയ്യുവോ.

ഇറങ്ങുമ്പോള്‍ വിളിച്ച്‌ പറയാം പോരേ.

അതല്ല നീ ഇന്ന് അവളുടെ കൂടെ ഇറങ്ങാവോ.

കുന്തം... വല്ലപ്പോഴും ഹലോ, ഗുഡ്‌മോണിംഗ്‌ എന്നു പറഞ്ഞിട്ടുണ്ടെന്നതല്ലാതെ സംസാരിക്കാന്‍ മാത്രം എനിക്ക്‌ പരിചയമില്ലെഡാ.

ഹിഹിഹി നീ സംസാരിച്ചോണ്ട്‌ കൂടെ ഇറങ്ങേണ്ട. പിന്നാലെ ഇറങ്ങി അവള്‍ കയറുന്ന ബസ്‌ നമ്പര്‍ എന്നെ ഫോണ്‍ വിളിച്ചറിയിച്ചാ മതി.

പിന്നാലെ നടക്കാനോ ഞാനോ! ഇറങ്ങുന്നെന്ന് വിളിച്ചു പറഞ്ഞാല്‍ നിനക്കു പോയി കണ്ടു പിടിച്ചൂടെ.

എടാ എന്നെയോ എന്റെ കൂടെയുള്ളവരെയോ കണ്ടാല്‍ അവള്‍ക്കു കാര്യം പിടികിട്ടും പിന്നെ അവളു വല്ല ടാക്സീം വിളിച്ചേ പോകൂ. നിന്നെയാകുമ്പോള്‍ സംശയം ഒന്നും തോന്നൂലാലോ.

[ഐടി പാര്‍ക്കില്‍ നിന്നും 6 മണിക്കും 8മണിക്കും ബാംഗ്ലൂരിന്റെ വിവിധഭാഗങ്ങളിലേക്ക്‌ ഐടി ജോലിക്കാര്‍ക്കായി ഗവണ്‍മന്റ്‌(BMTC) ബസ്‌ സര്‍വീസ്‌ ഉണ്ട്‌.ഈ സമയങ്ങളില്‍ സ്ക്കൂള്‍ വിട്ട മാതിരി ബസ്സ്‌ സ്റ്റേഷന്‍ മൊത്തം ആളുകള്‍ തിങ്ങി നിറഞ്ഞിരിക്കും. ചാത്തനു ഈ സര്‍വീസ്‌ കിട്ടിയില്ലെങ്കിലും അരമണിക്കൂര്‍ ഇടവിട്ടുള്ള പ്രത്യേക സര്‍വീസ്‌ ഉള്ളതോണ്ട്‌ ചാത്തനു തോന്നണ സമയത്ത്‌ ഓഫീസീന്നിറങ്ങാം]

പറ്റില്ല എനിക്കിന്ന് നേരത്തെ പോണം.

പ്ലീസ്‌ എടാ അത്രയ്ക്ക്‌ അത്യാവശ്യം ആയിട്ടാ നീ ജസ്റ്റ്‌ ആ ബസ്‌ നമ്പര്‍ എന്റെ മൊബെയിലിലോട്ട്‌ വിളിച്ച്‌ പറഞ്ഞാമതി.ഇതത്രേം വലിയ ആനക്കാര്യമൊന്നുമല്ലല്ലോ നിന്റെ അഭിമാനം അങ്ങുരുകിപ്പോവാന്‍.

അങ്ങനെ ഒരുപാട്‌ നിര്‍ബന്ധത്തിനുശേഷം ചാത്തന്‍ കേസ്‌ ഏറ്റെടുത്തു.

6 മണിയ്ക്ക്‌ മുന്‍പ്‌ തന്നെ ആറുവട്ടം ഫോണ്‍ വന്നു ആളവിടെതന്നെയില്ലേ, പിന്തുടരുന്ന കാര്യം മറക്കരുത്‌ എന്ന് ഓര്‍മിച്ചുകൊണ്ട്‌.

മരണമണി ആറാവാറായി. വംഗദേശപ്പെണ്‍കൊടി ബാഗും ഒക്കെയെടുത്തിറങ്ങി.കൂടെ അതേ പ്രൊജക്റ്റിലെ മറ്റൊരു വായനോക്കിയും, അല്‍പം പിറകിലായി ചാത്തനും. പിന്നാലെ ഒരുത്തന്‍ നടക്കുന്നത്‌ സ്വസ്ഥമായ പഞ്ചാരയടിക്ക്‌ തടസ്സമായതോണ്ടാവും പയ്യന്‍സ്‌ ഇടക്കിടെ തിരിഞ്ഞ്‌ ചാത്തനെ നോക്കുന്നുണ്ട്‌. ഇവനിത്രേം വേഗതപോരല്ലോ? ഇവനെന്താ ഞങ്ങളെ കടന്ന് മുന്നോട്ട്‌ പോയിക്കൂടെ എന്ന മുഖഭാവങ്ങള്‍ ചാത്തന്‍ എളുപ്പം വായിച്ചെടുത്തു.

അല്ലെങ്കിലും ബസ്‌ നമ്പര്‍ കണ്ടുപിടിക്കാന്‍ പിന്നാലെ നടക്കുന്നതെന്തിനാ?മുന്നില്‍ പോയി ബസ്സുകളുടെ അടുത്ത്‌ കാത്ത്‌ നിന്നാല്‍ പോരെ, ആള്‍ തിരക്കുണ്ടെങ്കിലും വരുന്ന വഴിയില്‍ നിന്നാല്‍ കാണാലോ അവിടെ വച്ച്‌ ബാക്കി പിന്തുടരാം. അങ്ങനെ ചാത്തന്‍ സ്വതസിദ്ധമായ വേഗത കൈവരിച്ച്‌ അവരെ കടന്ന് മുന്‍പില്‍ നടന്നു. ബസ്‌ സ്റ്റേഷന്റെ മുന്നിലെത്തിയപ്പോള്‍ ചാത്തന്‍ തിരിഞ്ഞു നിന്നു. അയ്യടാ പിന്നാലെ വന്നവരെ കാണാനില്ല!!! ഇതിനിടയില്‍ ഇവരെ ആരെങ്കിലും തട്ടിക്കൊണ്ടുപോയാ?

ദേ മൊബൈലു കിടന്നടിക്കുന്നു.
എടാ കണ്ടുപിടിച്ചാ?
ഇല്ല ഞാന്‍ അങ്ങോട്ട്‌ വിളിക്കാം.
.............
...................
ദേ അവന്‍ പിന്നേം വിളിക്കുന്നു.
കട്ട്‌ ചെയ്തു.

ദൈവമേ എത്രതവണ മൊബൈലു വിളിക്കുമ്പോള്‍ ഔട്ട്‌ ഓഫ്‌ റേഞ്ച്‌ ആയിപ്പോവുന്നു. ആവശ്യമുള്ളസമയത്ത്‌ ങേ ഹെ..

ബസ്സുകളോരോന്നായി അനങ്ങിത്തുടങ്ങി ഇനി ചാത്തനെങ്ങനെ കണ്ടുപിടിക്കും. ഓരോ ബസ്സിലും കയറി ഇറങ്ങ്വേ? ഛായ്‌ ലജ്ജാവഹം...
ദൈവമേ ഏറ്റും പോയല്ലോ.

പിന്നേം ഫോണ്‍...
എടാ ഒരു അബദ്ധം പറ്റി. കാര്യം എന്റെ കൈവിട്ട്‌ പോയി. പിന്നാലെ വന്ന ആളെ കാണാനില്ല.

നിന്നെയൊക്കെ ഈ കാര്യം ഏല്‍പിച്ച എന്നെവേണം തല്ലാന്‍. ഒരുപകാരം ചെയ്യാമെന്നേറ്റെടുത്ത്‌ ഇങ്ങനെ ആളെ വടിയാക്കരുത്‌. നിനക്കറിയോ വേറെ ആരെ ഏല്‍പ്പിച്ചാലും ഈ കാര്യം മണി മണിയായി ചെയ്തു തന്നേനെ.
ആത്മഗതന്‍--എന്നാപ്പിന്നെ ആ ആളെ അങ്ങേല്‍പ്പിച്ചാ പോരായിരുന്നോ എന്തിനാ എന്റെ കാലു പിടിച്ചത്‌---

ഉപകാരം ചെയ്യാന്‍ വന്നവനെ ചീത്തപറയുന്നത്‌ നന്ദികേടാവുമെന്ന ഒറ്റക്കാര്യം കൊണ്ടാ നിന്നെ ഞാന്‍ ചീത്ത പറയാത്തത്‌ *#$^$@%@^#$^!$&^.

-- ഇനി ഇതില്‍ കൂടുതല്‍ എന്നാ പറയാനാ---

ബസ്സുകള്‍ പോയിത്തുടങ്ങി ഞാനീ സൈഡില്‍ നിന്ന് നോക്കട്ടെ. നീ ഒന്ന് നിര്‍ത്ത്‌.

---അല്ല ചാത്തനെന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നേ ഏതേലും ഒരു ബസ്സിന്റെ നമ്പര്‍ പറഞ്ഞാല്‍ പോരെ.

അതന്നേ----

ടിക്‌ ടിക്‌ ടിക്‌ എടാ 5ബി.

തന്നേ!!! ടാങ്ങ്‌സ്‌ ടാ ബൈ ഞാനാ ബസ്സിനെ ഫോളോ ചെയ്യട്ടേ ബൈക്കില്‍, എവിടാ സ്റ്റോപ്പ്‌ എന്ന് കണ്ടു പിടിക്കണം.

അയ്യോ ഇവന്‍ പിന്തുടരാന്‍ റെഡിയായിരിപ്പായിരുന്നാ!!! പറഞ്ഞത്‌ കള്ളമാന്നറിയുമ്പോള്‍ നാളെ ചാത്തന്റെ പതിനാറും നാല്‍പ്പതും ഇവന്‍ ഒരുമിച്ച്‌ നടത്തും നാളെ ലീവെടുത്താലോ? 5 ബി എന്ന നമ്പറില്‍ ബസ്സ്‌ ഉണ്ടോ ആവോ!!!

സീന്‍ നമ്പര്‍ 2

ചാത്തന്‍ മുന്‍കൂര്‍ ജാമ്യം വാങ്ങും മുന്‍പെ...

എടാ ഇന്നലെ ആ ബസ്സിനെ അതിനെ ലാസ്റ്റ്‌ സ്റ്റോപ്പ്‌ വരെ പിന്നാലെ പോയി നോക്കി.
(അവന്റെ മുഖം കണ്ടിട്ട്‌ 5 ബി എന്ന ബസ്സും അതില്‍ നായികയും ഉണ്ടായിരുന്നു പക്ഷേ വേറെ എന്തോ എടാകൂടം ഇടയ്ക്ക്‌ പെട്ട ഭാവം!!!)

ഏതായാലും ചാത്തന്‍ സേഫായി.

എന്നാപ്പിന്നെ സേഫിന്റെ താക്കോലുകൂടിയിരിക്കട്ടെ.
ടെണ്ടുല്‍ക്കര്‍ ഇത്രേം കഷ്ടപ്പെട്ട്‌ സെഞ്ചുറി അടിക്കാന്‍ ശ്രമിച്ചിട്ടും ഇന്ത്യ ജയിച്ചോ? എന്ന് ചോദിക്കുന്ന ആകാംഷയോടെ "എന്നിട്ട്‌?"

ആ ലാസ്റ്റ്‌ സ്റ്റോപ്പിനു തൊട്ട്‌ മുന്‍പ്‌ വന്‍ ട്രാഫിക്‌ ജാം ആയിരുന്നു. അവളാ ജാമില്‍ പെട്ടപ്പോള്‍ ഇറങ്ങിപ്പോയിക്കാണണം, അതുവരെ ഞാനാ വാതിലിന്റെ സൈഡിലായിരുന്നു. ആ ലാസ്റ്റ്‌ ജാമിലു മറ്റേ സൈഡായിപ്പോയി.

ദൈവമേ നീ താന്‍ തുണ..അല്ലേല്‍ ദൈവത്തിനെന്താ ഇവിടേ പൂട്ട്‌ കച്ചോടം?

ബാംഗ്ലൂര്‍ ട്രാഫിക്കേ നിന്നെക്കൊണ്ടിങ്ങനേം ഒരു ഉപകാരം ഉണ്ടാവുംന്ന് ചാത്തന്‍ സ്വപ്നേപി നിരീച്ചില്യാ...!!!!

ചാത്തന്റെ തടി തല്‍ക്കാലം കയ്ച്ചിലാക്കി.ഇനി രണ്ടീസം ഫുള്‍ ഇരുന്ന് തിന്നാന്‍ ചെലവെടുക്കാംന്ന് പറഞ്ഞാലും ചാരപ്പണിക്കില്ലേ............

വാല്‍ക്കഷ്ണം:
പിന്നേം ചാരപ്പണിക്ക്‌ ആളെ എടുക്കേണ്ടി വന്നില്ല. എന്നുവച്ചാല്‍ രണ്ടാളും ലൈന്‍ വലിച്ചു. കണക്ഷന്‍ കൊടുത്തു.


പക്ഷേ വെവ്വേറെ പോസ്റ്റിലായിപ്പോയീന്ന് മാത്രം.

Thursday, July 12, 2007

ജൂ‍നിയര്‍ ഗാനഗന്ധര്‍വ്വന്‍

അബദ്ധത്തിലെങ്ങാനും "എടാ ഒരു പാട്ട്‌ പാടിക്കേ..." എന്ന് പറഞ്ഞ്‌ പോയാല്‍, നാവെടുക്കും മുന്‍പ്‌ കര്‍ണ്ണകഠോരമായ ശബ്ദത്തില്‍ വച്ച്‌ കീറിയിരുന്നതിനാല്‍ വീട്ടുകാരും നാട്ടുകാരും ഒരു തവണയില്‍ കൂടുതല്‍ ആ സാഹസത്തിനു മുതിര്‍ന്നിരുന്നില്ല.

എങ്കിലും ഗാനഗന്ധര്‍വ്വന്‍ തന്റെ സാധകം തുടര്‍ന്നുകൊണ്ടിരുന്നു. ശല്യം സഹിക്കാനാവാതെ വീട്ടുകാര്‍ കുത്തിയിരുന്ന് ആലോചിച്ച്‌ ഒരു മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി. പാട്ടു പെട്ടീം നഴ്‌സറിപ്പാട്ടുകളുടെ ഒരു കാസെറ്റും അത്‌ ഉപയോഗിക്കുന്ന രീതികളും ഗന്ധര്‍വ്വനു സ്വായത്തമാക്കിത്തന്നു. പാടാന്‍ തോന്നുമ്പോള്‍ പാട്ടു വച്ച്‌ അതിനൊപ്പം പാടാം. കേള്‍ക്കുന്നവര്‍ വിജയ്‌ യേശുദാസിന്റെയോ മറ്റോ ശബ്ദം സഹിച്ചാല്‍ മതി.അങ്ങനെ പാടിപ്പാടി ജൂനിയര്‍ ഗന്ധര്‍വ്വന്റെ സ്വരം നന്നായില്ലെങ്കിലും ആ നഴ്‌സറിപ്പാട്ടുകള്‍ മൊത്തം മനഃപാഠമായി.

പുതുതായി ഗളസ്ഥമാക്കിയ ജ്ഞാനം എവിടെയെങ്കിലും വിളമ്പാന്‍ കൊതിപൂണ്ട്‌ നടന്നിരുന്ന ചാത്തന്‍സിന്‌ അടുത്ത്‌ തന്നെ അവസരം കൈവന്നു.

ബാലകലോല്‍സവം വരുന്നു നിങ്ങള്‍ക്കാര്‍ക്കെങ്കിലും നല്ല പാട്ടറിയോ എന്ന ചോദ്യം ടീച്ചര്‍ മുഴുമിച്ചില്ല, ജീവനുള്ള പാട്ടുപുസ്തകം എഴുന്നേറ്റ്‌ നിന്ന് കച്ചേരി തുടങ്ങി.നിര്‍ത്ത്‌ നിര്‍ത്ത്‌ പാടാന്‍ പറഞ്ഞില്ലാ. കുട്ടിച്ചാത്തന്‍ ക്ലാസ്‌ കഴിഞ്ഞ്‌ സ്റ്റാഫ്‌ റൂമിലേക്ക്‌ വാ.

ഹോ ക്ഷണിക്കപ്പെട്ട സദസ്സിനു മുന്‍പിലുള്ള ആദ്യത്തെ കച്ചേരിയാ, ഒന്ന് മുരടനക്കി നമ്രശിരസ്കനായി ചാത്തന്‍ സ്റ്റാഫ്‌ റൂമിലെത്തി. ചാത്തന്‌ ഇങ്ങനൊരു കഴിവും കൂടിയുണ്ടോ എന്ന അത്ഭുതത്തോടെ ഒരു കൂട്ടം പരിചിതമുഖങ്ങള്‍ വീക്ഷിക്കുന്നു.

"പാടട്ടേ ടീച്ചര്‍?"

ചാത്തന്‍ ഇത്തിരി കൂടി വിനയാന്വിതനായി.

ഇപ്പോള്‍ മൊത്തം പാടണ്ട നീ ഓരോ വരിയായി പതുക്കെപ്പറയൂ ഞാന്‍ ഒന്ന് എഴുതിയെടുക്കട്ടേ.

ഓ ചിലപ്പോള്‍ വരികള്‍ക്ക്‌ വേറെ എവിടുന്നെങ്കിലും അനുമതി വേണ്ടി വരുമായിരിക്കും.

അതിനെന്താ ടീച്ചര്‍ അത്‌ ഞാന്‍ നാളെ എഴുതിക്കോണ്ട്‌ വരാം ഇപ്പോള്‍ പാടട്ടേ?

നീ എഴുതുന്നത്‌ നിനക്കല്ലാതാര്‍ക്കാ വായിക്കാന്‍ പറ്റുക, നീ ഇപ്പോള്‍ പാട്ട്‌ പറയൂ.

--അത്‌ ശരി അപ്പോള്‍ പരീക്ഷയ്ക്ക്‌ മാര്‍ക്കിടുന്നത്‌ ചാത്തന്റെ മൊഖത്തിന്റെ ചന്തം കണ്ടിട്ടാണോ??--

ശരി ടീച്ചര്‍.
"കൊടിയ വേനല്‍ക്കാലം കുളങ്ങള്‍ വറ്റിയ കാലം"
"കുതിച്ചും ചാടിയും രണ്ട്‌ തവളകള്‍"
"കുണ്ട്‌ കിണറ്റിന്നരികിലെത്തീ"
"മൂത്ത തവള പറഞ്ഞൂ........"

ഇനി എപ്പോഴാ ഇത്‌ പാടേണ്ടത്‌?

ഞാന്‍ പറയാം നീ ക്ലാസില്‍ ചെല്ലൂ.

ഇനി ഈ കാര്യത്തില്‍ പരിശീലനത്തിന്റെ കുറവ്‌ വേണ്ടാ രാവിലെ എഴുന്നേറ്റ്‌ പാടിയാല്‍ നല്ലതാന്ന് കേട്ടിട്ടുണ്ട്‌. പക്ഷേ പാട്ടുപെട്ടി വയ്ക്കാതെ വാ തുറന്നാല്‍ തല്ല് ഏതൊക്കെ ഭാഗത്തൂന്ന് കിട്ടിയെന്ന് ചോദിച്ചാല്‍ മതി.എന്നാലും ക്ലാസില്‍ അന്ന് ചാത്തന്‍ മാത്രേ എഴുന്നേറ്റ്‌ നിന്നുള്ളൂ വേറെ ആരും കാണൂല അല്ലായിരുന്നെങ്കില്‍ സ്ക്കൂള്‍ തലത്തിലെങ്കിലും ഒരു മല്‍സരം വയ്ക്കണ്ടായിരുന്നോ.മറ്റ്‌ സ്ക്കൂളുകളില്‍ നിന്നും ആരും ഉണ്ടാവരുതേ ഭഗവാനേ.

പാത്തും പതുങ്ങിയുമുള്ള പരീശീലനസെഷനുകള്‍ കടന്നുപോയി.

-------------------------


ഒരു ദിവസം രാവിലെ.

ക്ലാസില്‍ എല്ലാവരും പെണ്‍കുട്ടികളുടെ ഭാഗത്ത്‌ കൂട്ടം കൂടി നില്‍ക്കുന്നു. പെണ്‍പിള്ളാര്‍ എന്നു പറഞ്ഞാല്‍ അന്ന് ശത്രുക്കളാ അവിടെ എന്തായാല്‍ നമുക്കെന്താ?

ചിലരൊക്കെ ചാത്തനെ തിരിഞ്ഞ്‌ നോക്കി എന്തൊക്കെയോ കുശുകുശുക്കുന്നുണ്ട്‌.

ഈശ്വരാ വല്ലവനും വരുന്നവഴി വാലു കെട്ടിവച്ചിട്ടുണ്ടാ? അതോ ഇത്‌ പൊതു"---" എന്നെഴുതിയ കടലാസ്‌ പുറകില്‍ തൂക്കിയിട്ടുണ്ടോ? ഒന്നും അറിയാത്ത ഭാവത്തില്‍ മുതുകൊന്ന് ചൊറിഞ്ഞു.ഒന്നുമില്ല. അതാ ആള്‍ക്കൂട്ടത്തെ വകഞ്ഞു മാറ്റി ഒരു ചോപ്പ്‌ കുപ്പായം മുന്നോട്ട്‌ വരുന്നു.

ഇനി വല്ല ഐലവ്യൂ പറയാനോ മറ്റോ! ഛായ്‌ ആവാന്‍ വഴിയില്ല. ഞങ്ങളു തമ്മില്‍ ശത്രുതയൊന്നുമില്ലേലും ക്ലാസില്‍ കാണാന്‍ കൊള്ളാവുന്ന വേറെ എത്ര ആമ്പിള്ളേരിരിപ്പുണ്ട്‌. ഇനി ഇന്നലത്തെ കളിയാക്കലിനു പകരം വീട്ടാനോ മറ്റോ? അതിനു ഇവളു രണ്ട്‌ ദിവസായി ക്ലാസിലേ ഇല്ലായിരുന്നല്ലോ!

ചാത്താ ഇതു കണ്ടാ?

ഒരു കുഞ്ഞ്‌ ട്രോഫീം ഒരു സര്‍ട്ടിഫിക്കറ്റും.

എവിടുന്ന് കിട്ടീതാ?

ബാലകലോല്‍സവത്തിനു ഇന്നലെയായിരുന്നു മല്‍സരം.

ഹെന്ത്‌!!! എന്നിട്ടെന്താ ടീച്ചര്‍ ചാത്തനെ അറീക്കാതിരുന്നത്‌ ചാത്തന്റെ പാട്ടിന്‌ അനുമതി കിട്ടീലെ?

ആ കിട്ടിക്കാണില്ലായിരിക്കും.

ഇവളെന്തിനാ ഈ ട്രോഫീം പൊക്കി ചാത്തന്റെടുത്ത്‌ വരുന്നേ, ദുഷ്ട ട്രോഫി കാട്ടി ന്നെ കൊതിപ്പിക്കാനാവും

ഇതെന്തിനാണേ* എന്നെ കാണിക്കുന്നേ നിനക്കു വീട്ടില്‍ വച്ചാല്‍ പോരെ?

ഇത്‌ ഇത്‌ ചാത്തന്റെ പാട്ട്‌ പാടീതിനു കിട്ടിയതാ അതോണ്ടാ നിന്നെ കാണിക്കാന്‍ കൊണ്ടന്നത്‌.


മൂന്നാം ക്ലാസിലെ പയ്യന്‍സിനു ഹൃദയാഘാതം വരാന്‍ അന്തകാലത്തെ ജീവിത-ഭക്ഷണരീതികള്‍ ഇടവരുത്താത്തത്‌ നന്നായീ. ഇല്ലെങ്കില്‍ ഇന്നിതിഴുതാന്‍ ചാത്തന്റെ ആത്മാവിനു വരമൊഴി പഠിക്കേണ്ടി വന്നേനെ.

ഒരു നിമിഷത്തെ പിടച്ചിലിനു ശേഷം മനസ്സ്‌ താളം വീണ്ടെടുത്തു.

നന്നായീ എന്നിട്ടെനിക്ക്‌ മുട്ടായി ഒന്നൂല്ലേ?

പക ലോകത്തോട്‌ മുഴുവന്‍ പക. ഇനി ചാത്തനെന്തിന്‌ സ്ക്കൂളില്‍ പോണം ചാത്തന്റെ പാട്ടാ അതെന്ന് ലോകം മുഴുവന്‍ അറിയാം എന്നിട്ടും അത്‌ മുഴുവനായി പാടികേള്‍ക്കാനുള്ള സാവകാശം പോലും ടീച്ചറു കാണിച്ചില്ലാലോ?

വരുന്ന വഴി കല്ലുപെറുക്കി കുറേ കശുമാങ്ങയ്ക്കിട്ടെറിഞ്ഞു ഒന്നു പോലും കൊണ്ടില്ലാ. അതിനു മാത്രം ഒരു മാറ്റോമില്ല. ഒരിക്കലും കൊള്ളൂല.

മാസങ്ങള്‍ കടന്നു പോയി. അടുത്ത വര്‍ഷം ഏതാണ്ട്‌ അതേ സമയം അതേ ചോദ്യം. പാട്ടറിയോ?

വീണ്ടും ചാത്തന്‍ ചാടി എഴുന്നേറ്റു, ഇത്തവണ പാട്ട്‌ പറഞ്ഞ്‌ കൊടുക്കുന്ന പ്രശ്നമില്ല.
ഞാന്‍ പാടാം ടീച്ചര്‍, ചെറിയതാ, ടീവീലു കേട്ടതാ, കഴിഞ്ഞ തവണ പാട്ടുപെട്ടീന്ന് കേട്ടതല്ലേ. ഇപ്പോള്‍ ഇവിടെ വച്ച്‌ തന്നെ പാടാം.

വേണ്ടാന്ന് പറയാനോ ആംഗ്യം കാണിക്കാനോ ടീച്ചര്‍ക്ക്‌ ഇടകിട്ടും മുന്‍പേ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഏറ്റവും ഉയര്‍ന്ന വോള്യത്തില്‍ ചാത്തന്‍ വെച്ചലക്കി.

"വാഷിംഗ്‌ പൗഡര്‍ നിര്‍മ്മാ വാഷിംഗ്‌ പൗഡര്‍ നിര്‍മ്മാ"**

"ദൂത്‌ സേ സഫേദീ നിര്‍മ്മാ സേ ആത്തീ"
"രംഗീന്‍ കപ്ഡാ ഭീ ....."

പാവം ടീച്ചര്‍ ചെവീന്ന് കയ്യെടുത്തിട്ട്‌ വേണ്ടേ നിര്‍ത്താന്‍ പറയാന്‍.




*എടീന്ന് വിളിക്കുന്നതിലും വടക്കേ മലബാറില്‍ പ്രചാരം ഇണ കൂട്ടിവിളിക്കുന്നതിനാണ്‌
**ടീവീലു രാമായണത്തിന്റെ കൂടെ ഏറ്റവും അധികം വന്നിരുന്ന പരസ്യം ഇതാന്നാ ഓര്‍മ്മ.


വാല്‍ക്കഷ്ണം:
ഏച്ചുകെട്ടിയത്‌ എന്തായാലും മുഴച്ചിരിക്കും. എന്നാലും വില്ലന്റെ തല്ലും കൊണ്ടോടുന്ന നായകനെ ചാത്തനിഷ്ടല്ലാ...ക്ലൈമാക്സിനു മാത്രം കടപ്പാട്‌ വാഷിംഗ്‌ പൗഡര്‍ നിര്‍മ ആന്റ്‌ പഴയ ഒരു കോമിക്സ്‌.

Sunday, June 17, 2007

ആര്‍ത്തിക്കഥകള്‍ -- അന്നദാനം

ഈ സീരീസിലെ കഥകള്‍ സര്‍ദാര്‍ജിയുഗത്തിലാണ്‌ നടക്കുന്നതെന്നുകൊണ്ട്‌ പരിപൂര്‍ണ്ണമായും ആര്‍ത്തിക്കഥകള്‍ എന്നു വിളിക്കാന്‍ ചാത്തനു താത്‌പര്യമില്ല. ഒരുപാട്‌ കാലം കിട്ടാതിരുന്ന്, കാത്തിരുന്നു കഴിക്കുമ്പോള്‍ ഇത്തിരികൊതിയൊക്കെ ആര്‍ക്കും കാണില്ലേ..

ആര്‍ത്തിക്കഥകള്‍ പഴയ കഥകള്‍ സൈഡ്‌ ബാറില്‍, ചണ്ഡീഗഡ്‌ യാത്ര സീരീസ്‌ ഇവിടെ

ചാത്തനും ഒരു കൂട്ടുകാരനും ചണ്ഡീഗഡില്‍ എത്തീട്ട്‌ കുറച്ചായി. ഓഫീസിലെ മറ്റു സഹപ്രവര്‍ത്തകരിലെ ചിലര്‍ അവിടുത്തെ മലയാളി സമാജം നടത്തിയ ഓണാഘോഷത്തില്‍ പാട്ടൊക്കെ പാടി താരങ്ങളായതാ. അതോണ്ട്‌ സമാജം നടത്തുന്ന അയ്യപ്പന്റെ അമ്പലത്തില്‍ ഉത്സവമുണ്ട്‌ എല്ലാരും തീര്‍ച്ചയായും വരണം എന്ന് ക്ഷണം കിട്ടി.

ഒരു മോഡേണ്‍ അമ്പലത്തിലെ മോസ്റ്റ്‌ മോഡേണ്‍ ഉത്സവത്തിനു പോകാന്‍ ചാത്തനു വല്യ താല്‍പര്യമൊന്നുമില്ലായിരുന്നു.എല്ലാവരും പോകാന്‍ റെഡിയായി.തിരിച്ചു വരുമ്പോള്‍ രാത്രിയാവും ഭക്ഷണോം വരുന്ന വഴി കഴിച്ചേ വരൂ. അതു കൂടി കേട്ടപ്പോള്‍ വെറുതേ ഒറ്റക്കിരുന്ന്, ഫ്ലാറ്റ്‌ ഭേദനം നടത്താനുദ്ദേശിച്ച ഏതോ ഒരു സര്‍ദാര്‍ജീടെ എകെ 47 ന്റെ ഒരു ഉണ്ട വെറുതേ കളയണോ എന്ന് ധീരവീരശൂരപരാക്രമിക്കൊരു ശങ്കയുദിച്ചു.

ഒന്ന് നില്‍ക്ക്‌ ഞാനും വരുന്നുണ്ട്‌.

അങ്ങനെ ആറ്‌ ചെത്ത്‌ കുട്ടപ്പന്മാര്‍ 5 മണിയാവുമ്പോഴേക്ക്‌ കറങ്ങിത്തിരിഞ്ഞ്‌ അയ്യപ്പന്‍ കോവിലില്‍ എത്തി. മൊത്തം മലയാളികള്‍, അതും മുണ്ടിന്റെം കസവു സാരിടെം ഒരു ബഹളം. കളറുകുപ്പായം ഇട്ട്‌ വന്നവര്‍ ഞങ്ങളും കൊച്ച്‌ പിള്ളേരും മാത്രം. അല്ലാ വേണമെന്ന് വച്ചാലും മുണ്ട്‌ എവിടിരുന്നിട്ടാ??

അമ്പലത്തിന്റെ ഒരു വിഹഗവീക്ഷണം നടത്തി. ഒരു നല്ല മുല്ലപ്പൂചൂടിയ മലയാളിപ്പെണ്‍കൊടീല്‍ കണ്ണുടക്കി. "ആദ്യമായി കണ്ട നാള്‍" എന്ന പാട്ട്‌ പാടി നോക്കിയാലോ, വേണ്ടാ മനസ്സില്‍ പോലും പാടുന്നത്‌ അവളെങ്ങാന്‍ കേട്ടാല്‍ അവളു പാടുന്നത്‌ "ഒരു ചാത്തനെ വഴിയില്‍ മുട്ടും കണ്ടാലുടനെ തട്ടും" എന്നായിരിക്കും. അവളെങ്ങാന്‍ "ആരാദ്യം പറയും" എന്നോ മറ്റൊ പാടുന്നുണ്ടോന്ന് നോക്കിയിരിക്കാം. അവളൊന്ന് ചിരിച്ചത്‌ സൈഡില്‍ നിന്ന കൂട്ടുകാരനോടാണോ? ,അല്ലാതാവാന്‍ വഴിയൊന്നുമില്ല. അവനെക്കണ്ടാല്‍ ആരുമൊന്നു ചിരിക്കും, ഗ്ലാമറുള്ള കൂട്ടുകാരുണ്ടായാല്‍ അതും തലവേദന തന്നെ. ദേ വരുന്നു കൂട്ടത്തില്‍ പ്രായം കുറഞ്ഞ ചാത്തനും കൂട്ടുകാരനും ബാക്കിയുള്ളവരുടെ വഹ ഫ്രീ ആയി ഒരു ഉപദേശം, നാട്ടിലെ പോലെ വായിനോക്കി നടന്നേക്കരുത്‌. ഇവിടെ എല്ലാവര്‍ക്കും അന്യോന്യം അറിയാം.നിര്‍ത്തി, അല്ലേലും പൂച്ചയ്ക്കെന്തു പൊന്നുരുക്കുന്നിടത്ത്‌ കാര്യം.

പൂജാരി പൂജ തുടങ്ങി.എല്ലാവരും കണ്ണുമടച്ച്‌ പ്രാര്‍ത്ഥനയും. ഒരു കണ്ണടച്ചാലും പ്രാര്‍ത്ഥിക്കാന്‍ വളരെ എളുപ്പാ. എന്നാലും ആള്‌ അയ്യപ്പനല്ലേ എന്തിനാ പരീക്ഷിക്കുന്നത്‌. പൂജ കഴിഞ്ഞു, പ്രസാദവിതരണവും.പ്രസാദം അധികം കഴിക്കുന്നത്‌ നന്നല്ല. പിള്ളേരുടെ ഇടയിലൂടെയാണെങ്കിലും നാലാമത്തെ തവണ വാങ്ങുന്നത്‌ പൂജാരിക്ക്‌ മനസ്സിലായാല്‍ ഒരു ചമ്മലല്ലേ.

അയ്യപ്പന്റെ പടം ആനയ്ക്ക്‌ പകരം സ്വന്തം കുടവയര്‍ കൊണ്ട്‌ അഡ്ജസ്റ്റ്‌ ചെയ്ത്‌ പൂജാരി മൂന്ന് പ്രദക്ഷിണം കൂടി നടത്തി. സൂര്യന്‍ റ്റാറ്റാ പറഞ്ഞ്‌ പിരിഞ്ഞ്‌ പോയി. കുറച്ച്‌ മത്താപ്പ്‌, പടക്കം, ചിന്ന വെടിക്കെട്ട്‌, അതുംകൂടെ കഴിഞ്ഞപ്പോള്‍ സമയം വൈകി, ഓടിച്ചാടി നടന്ന് പ്രസാദം മുഴുവനും ദഹിച്ചു. വിശപ്പിന്റെ വിളി വീണ്ടും തുടങ്ങി അടുത്തെങ്ങും ഒരു ഹോട്ടലോ തട്ട്‌ കട പോലെ വല്ല സാധനോ ഇല്ല.

സ്വന്തായിട്ട്‌ ബൈക്ക്‌ ഓടിക്കാന്‍ അറിയുമായിരുന്നെങ്കില്‍ എവിടെങ്കിലും പോയി വല്ലോം കഴിച്ചിട്ടു വരായിരുന്നു. ചില കല്യാണസ്ഥലങ്ങളില്‍ കൊച്ച്‌ പിള്ളേര്‍ അച്ഛാപോവ്വാ അമ്മാ പോവ്വാ ന്ന് പറേണ മാതിരി, കൂടെ വന്ന ഓരോരുത്തന്റെം അടുത്ത്‌ പോയി ചാത്തന്‍ തോണ്ടല്‍ തുടങ്ങി. ഒരുത്തന്‍ തിരിഞ്ഞ്‌ നോക്കണല്ലോ. അവര്‍ക്കൊക്കെ പരിചയക്കാരുണ്ട്‌, ഓണാഘോഷത്തിന്റന്ന് പരിചയപ്പെട്ടത്‌.

അബദ്ധവശാല്‍ ചാത്തന്‍ പോവാന്ന് പറഞ്ഞത്‌ വേറാരോ കേട്ടു.

അല്ലാ ഇനിയിപ്പോ ഊണു കഴിക്കാതാണാ പോവണത്‌? അല്‍പ സമയം കൂടി നില്‍ക്കെന്നേ അന്നദാനം ഉണ്ട്‌. തനി കേരളാ സ്റ്റൈല്‍ ഊണ്‌.

പായസോം കാണ്വോ?

ഒരു കള്ളച്ചിരിയോടെ അദ്ദേഹം പറഞ്ഞു കാണും കാണും..

ചാത്തന്‍ ഒരു പതിനാറ്‌ നില ഫ്ലാറ്റായി രൂപാന്തരം പ്രാപിച്ചു.
വിശപ്പൊക്കെ എവിടെയോ പോയി മറഞ്ഞു. ഏയ്‌ ചാത്തനറിയാം ഒളിച്ചിരിക്കേണ്ട, പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരാനല്ലേ ഈ ഒളിച്ചു കളി.

അമ്പലത്തിന്റെ സൈഡില്‍ പകുതി ഉപയോഗിച്ച്‌ മാറ്റിവച്ചിരുന്ന അരക്കുപ്പി എണ്ണ എടുത്ത്‌ കണ്ണിലൊഴിച്ചു. ഉറക്കം വരരുതല്ലോ. ആളുകള്‌ അധികമൊന്നുമില്ലാ ഒരു പന്തലിട്ടിട്ടുണ്ട്‌ നാലു നിര ബഞ്ചും ഡസ്കും. മൂന്ന് പന്തിക്കുള്ള ആളു കാണും. കല്യാണച്ചെക്കന്റെ സൈഡായാലും പെണ്ണിന്റെ സൈഡായാലും ഒന്നാം പന്തിക്ക്‌ തന്നെ ഇരിക്കണം എന്നുള്ളത്‌ ഒരു വാശിയാ.

പന്തലിന്റെ മൂന്ന് ചുറ്റും തുണികൊണ്ട്‌ മറച്ചിട്ടുണ്ട്‌. ഒരു ചെറിയ പ്രവേശനകവാടം മാത്രം. എന്തായാലും നാട്ടിലെ പോലെ തിരക്കൊന്നും കാണില്ല എല്ലാവരും മാന്യന്മാര്‍ അല്ലേ പതുക്കെ തിരക്കൊന്നും കൂട്ടാതെ കയറിക്കോളുമായിരിക്കും.

നിമിഷങ്ങള്‍ ഇഴഞ്ഞിഴഞ്ഞ്‌ നീങ്ങുന്നു, വടിയെടുത്ത്‌ ഒന്ന് പൊട്ടിച്ചാല്‍ ഓടിക്കോളുവോ?

ഊണ്‌ റെഡി എന്ന് ആരെങ്കിലും പറഞ്ഞതു പോലെ തോന്നിയാ.

അയ്യോ തോന്നലല്ലാ പറഞ്ഞു. ആബാലവൃദ്ധം ജനങ്ങളും കൊച്ച്‌ കവാടത്തില്‍ തിക്കിത്തിരക്കുന്നു. പടച്ചോനെ നടുക്കടലിലായാലും ഹിമാലയത്തിന്റെ മോളിലായാലും മലയാളി മലയാളി തന്നെ.
ഒരു സൂചി കിട്ടിയിരുന്നെങ്കില്‍ ഇടയുണ്ടോന്ന് ഒന്ന് കുത്തി നോക്കാരുന്നു. ഒരു അപ്പൂപ്പന്‍ വല്ലോരും പറിച്ചെടുത്തോണ്ടിരിക്കുന്ന മുണ്ടില്‍ ഒരു വസ്ത്രാക്ഷേപം സ്റ്റൈലില്‍ തിരിച്ച്‌ പിടിച്ച്‌ വലിക്കുന്നു. നമ്മളു പാന്റാണെങ്കിലും ഇനി ഒരു പരീക്ഷണം വയ്യ കൂട്ടുകാരും അന്തം വിട്ട്‌ നോക്കി നില്‍ക്കുകയാ. എവന്മാരെന്താ തിരക്ക്‌ ആദ്യായിട്ടാ കാണുന്നേ?

ഒളിച്ചിരുന്ന മഹാന്‍ പുറത്തു വന്നു, അടുത്ത പന്തിക്കിരുന്നില്ലേല്‍ ശരിയാവില്ല. ഇല്ലെങ്കില്‍ കല്ല് മിക്സ്‌ ചെയ്ത ചോറും പായസത്തിന്റെ തവിയുമെ കിട്ടൂന്നാ തോന്നുന്നേ. അടുത്ത യുദ്ധത്തിനു വേണ്ടി കൊച്ചമ്മമാരും കൊച്ചുങ്ങളും വല്യപ്പന്മാരും മുണ്ട്‌ മാടിക്കെട്ടിയും സാരി ഊരയ്ക്ക്‌ എടുത്ത്‌ കുത്തിയും തയ്യാറാകുന്നത്‌ കണ്ട ചാത്തന്റെ നെഞ്ഞിടിപ്പ്‌ വര്‍ദ്ധിച്ചു. ഈ വിശപ്പും കടിച്ച്‌ പിടിച്ച്‌ ഒരു യുദ്ധത്തിനുള്ള ബാല്യം ഇനിയുണ്ടോ? അടുത്താ ആകെയുള്ള എല്ല് പൊടിയാവും എന്നുറപ്പാ, ഇവരൊക്കെ വര്‍ഷങ്ങളായി ഇവിടെ എക്സ്‌പീരിയന്‍സ്‌ ഉള്ളവരാകും താഴെയുള്ള ഓരോ മണല്‍ത്തരികളെയും പരിചയമുള്ളവര്‍. വേറേ വഴി വല്ലതും???

ഒന്ന് ചുറ്റി നടന്നു. പന്തലിനു ഒരു വിള്ളല്‍!!! വിള്ളലായിട്ടൊന്നുമില്ലാ ആ ഭാഗത്ത്‌ പന്തല്‍ ഇത്തിരി ലൂസാ. ചാരന്‍ എല്ലാവരേം വിവരമറിയിച്ചു.ആറുപേരുടെ സംഘം ഇരുളിന്റെ മറവില്‍ പന്തലിന്റെ ആ ഭാഗത്തേക്ക്‌ നീങ്ങി.

ഒന്നാം പന്തി കഴിഞ്ഞ്‌ ആളെ ഇറക്കി, വൃത്തിയാക്കി, ഇലയിട്ടു, കവാടം തുറന്നു ജനസമുദ്രം വീണ്ടും ആര്‍ത്തലച്ചു. ആളോള്‌ കടന്നു തുടങ്ങിയതും മറുഭാഗത്തെ തുണി പൊക്കി ആറ്‌ അല്ല ഏഴ്‌ അല്ലല്ല എട്ട്‌.... അയ്യോ ആ ഭാഗത്തെ തുണിയേ കാണാനില്ല. ഈ മലയാളികളുടെ ഒരു കാര്യേ..എന്തായാലും ആദ്യം ചാടിവീണതു കൊണ്ട്‌ ഒരു ഇലകിട്ടി.

സ്ഥിരം വിളമ്പക്കാരൊന്നുമല്ലാത്തതു കൊണ്ട്‌ ചോറു വിളമ്പലൊക്കെ പതുക്കെയാ. ആളോളെ നോക്കീം കണ്ടും ചിരിച്ചുമൊക്കെയാ വിളമ്പല്‍. ചാത്തന്റെ സൈസു നോക്കി ഇത്തിരീശെ ചോറും വിളമ്പി അടുത്ത ഇലയിലേക്ക്‌ കടന്ന ആളെക്കൊണ്ടു ചാത്തന്‍ പിന്നേം വിളമ്പിച്ചു പിന്നല്ലാതെ.

ജോലികിട്ടിയശേഷം കേരളത്തിലായിരുന്നിട്ടു പോലും അധികം സദ്യ കഴിക്കാനവസരം കിട്ടാത്തതാ, ഒന്നാന്തരം എ ക്ലാസ്‌ സദ്യ.. രണ്ടാം തവണയും ചോറിട്ടത്‌ ഒരേ ചേട്ടന്‍, ചാത്തനെ ഇരുത്തിയൊന്ന് നോക്കി. കൊക്കെത്ര കുളം കണ്ടതാ. ഛായ്‌. ഇല വീണ്ടും കാലിയായി. പായസമില്ലേ?

ദേ പിന്നേം അതേ ചേട്ടന്‍ പായസവുമായി വരുന്നു. ഹോ ഇത്തവണ എന്തായാലും ചേട്ടന്‍ പറയാതെ തന്നെ ഗൗനിച്ചോളും സന്തോഷം ചാത്തന്റെ മുഖത്തൊരു പുഞ്ചിരിയായി.

ഹെന്ത്‌ വെറും രണ്ട്‌ തവി പായസമോ ബാക്കി എല്ലാവര്‍ക്കും ഒന്നേ കൊടുത്തുള്ളൂ എന്നതൊന്നും ചാത്തന്‍ കാണുന്നില്ലാ.

ചേട്ടാ ഇത്തിരി പായസം കൂടെ....

ചേട്ടന്‍ തിരിഞ്ഞു നിന്നു. പിന്നെക്കേട്ടത്‌ വെള്ളിടിയായിരുന്നു.
.
.
.
.
.

മോനേ ഇത്‌ സദ്യയൊന്നുമല്ല അന്നദാനാ അന്നദാനം.
.
.
.
.
.

--(ട്രാന്‍സ്‌ലേഷന്‍- മോനേ ഇങ്ങനെ വെട്ടി വിഴുങ്ങാതെ തരുന്നതും തിന്നേച്ച്‌ എണീച്ചു പോടാ)


കൂടെ ഇരുന്ന സഹപ്രവര്‍ത്തകരെ തിരിഞ്ഞു നോക്കി ഒരു സപ്പോര്‍ട്ടിന്‌. ഇവനെ ഞാന്‍ കണ്ടത്‌ കഴിഞ്ഞ ആലുവാ ശിവരാത്രിക്കോ തൃശൂര്‍ പൂരത്തിനോ എന്ന് സംശയിച്ചോണ്ടിരിക്കുന്ന അഞ്ച്‌ മുഖങ്ങള്‍..!!!!!!!!!!!



മുന്നോട്ട്‌ നോക്കി. അമര്‍ത്തിപ്പിടിച്ച ചിരികള്‍, ഒരുത്തി കഴിച്ചത്‌ ചിരിച്ച്‌ തലേല്‍ കയറീട്ട്‌, ഒരു കൈകൊണ്ട്‌ സ്വന്തം വാ പൊത്തി, തലേല്‍ കയറിയവളുടെ തലയ്ക്കടിക്കുന്ന മുല്ലപ്പൂ പെണ്‍കൊടി.

ദൈവമേ!!! മനസ്സില്‍ ഒന്ന് അറിഞ്ഞ്‌ വിളിച്ചോണ്ട്‌ താഴോട്ട്‌ നോക്കി.
ഭൂമീലു വല്ല വിള്ളലും ഉണ്ടായിവരുന്നുണ്ടോ?...

പണ്ട്‌ സീതയെ ഭൂമീദേവി രക്ഷിച്ചപോലെ ഭൂമി പിളര്‍ന്ന് അങ്ങ്‌ താഴോട്ട്‌ പോയിരുന്നെങ്കില്‍!!

എബടെ!!!

അമ്പലം അയ്യപ്പന്റെയല്ലേ, അയ്യപ്പനു ഭൂമി പിളര്‍ക്കണ ജെസിബിയൊന്നും സ്വന്തായിട്ടില്ലാന്ന് തോന്നണു. ഇല്ലേല്‍ ചാത്തനെ ഒന്ന് സഹായിച്ചേനേ, അത്രയ്ക്ക്‌ ആത്മാര്‍ത്ഥമായ വിളിയല്ലായിരുന്നോ...........

വാല്‍ക്കഷ്ണം:

ഇരട്ടക്ക്ലൈമാക്സ്‌: വായനക്കാര്‍ക്ക്‌ ഇഷ്ടമുള്ള ക്ലൈമാക്സ്‌ തെരഞ്ഞെടുക്കാം.

ചേട്ടാ നിങ്ങളു കുഞ്ഞുകുട്ടി പരാധീനങ്ങളോടെ കഴിയുന്നവര്‍, നിങ്ങള്‍ക്കെപ്പോ വേണേലും എന്തും സ്വാദോടെ ഉണ്ടാക്കിക്കഴിക്കാം. ഞങ്ങളു പാവം തനിച്ച്‌ കഴിയുന്നവര്‍ പായസം വെച്ചാല്‍ നൂഡില്‍സും നൂഡില്‍സുവച്ചാല്‍ പായസവും ആകും ഇങ്ങനെയൊക്കെയല്ലേ കഴിക്കാന്‍ പറ്റൂ...

ഒരു കൂട്ടച്ചിരിയില്‍ കഴുകിക്കളയുന്ന ചമ്മലും എക്സ്‌ട്രാ രണ്ട്‌ തവി പായസോം മുല്ലപ്പൂവിന്റെ വഹ തമാശക്കാരനു ഒരു നിറഞ്ഞ പുഞ്ചിരിയും...

Thursday, June 07, 2007

ഒറ്റവാക്കില്‍ ഉത്തരം

ഡാ ഇന്ന് മമ്മൂട്ടിടെ സിബിഐ സീരീസിലെ പുതിയ പടം റിലീസാ നമ്മള്‍ക്കു പോകാം? ഇന്നു തന്നെ കണ്ടില്ലെങ്കില്‍ നാളെ വല്ല തലതെറിച്ചവന്മാരും കണ്ട്‌ സസ്പെന്‍സ്‌ പൊളിക്കും പിന്നെ കാണാന്‍ ഒരു രസവുമുണ്ടാവില്ലാ.

ഇനിയിപ്പോ സെക്കന്റ്‌ ഷോക്കെ പോകാന്‍ പറ്റൂ.ആദ്യ ദിവസല്ലേ എല്ലാരും അറിഞ്ഞറിഞ്ഞ്‌ വരണ്ടേ രാത്രിയാവുമ്പോള്‍ തിരക്കു കാണില്ല.

സമയം രാത്രി എട്ട്‌ മുപ്പത്‌, സ്ഥലം തിരുവനന്തപുരം കൃപ തീയേറ്ററിലേക്കുള്ള വഴി. നടന്മാര്‍ ചാത്തനും രണ്ട്‌ കൂട്ടുകാരും.

എടാ വഴീലൊന്നും ആരേം കാണാനില്ലാലോ. പടം അത്രേം തല്ലിപ്പൊളി വല്ലതും ആയിരിക്കുമോ? എന്തായാലും സിബിഐ പടമല്ലേ മോശായാലും ഒരു തവണയെങ്കിലും കണ്ടിരിക്കാം

ഹെന്ത്‌ ടിക്കറ്റ്‌ കൗണ്ടറിന്റെ പുറത്ത്‌ പോയിട്ട്‌ അകത്തു വരെ ആളില്ലാ!! പടം ഇന്നല്ലേ റിലീസ്‌!! അതേലൊ. ഇനി പ്രദര്‍ശനസമയം എങ്ങാനും മാറിയിരിക്കുമോ? ഏയ്‌ നോട്ടീസ്‌ ബോര്‍ഡിലു ഒന്‍പത്‌ മണീന്ന് തന്നെ. സെക്യൂരിറ്റിയോട്‌ ചോദിക്കാം.

ആളു നിറഞ്ഞതോണ്ട്‌ പടം നേരത്തേ തന്നെ തുടങ്ങി. ശ്ശെടാ ഇനീപ്പോ ഒരു ജ്യൂസും കുടിച്ച്‌ വീട്ടില്‍പോവാം. മോഹന്‍ലാലിന്റെ ഒരു പടൊം ഇന്നു തന്നെയല്ലെ റിലീസ്‌ അതിനു ടിക്കറ്റ്‌ കിട്ടുമോന്ന് നോക്കിയാലോ?

പിന്നേ... ഡാ ഇതു തിരുവനന്തോരാ മോഹന്‍ലാലിന്റെ പടം ഇക്കണക്കിനു എട്ട്‌ മണിക്കേ തുടങ്ങീട്ടുണ്ടാവും. എന്നാലും ഇതുവരെ വന്നതല്ലേ ഒന്നു പോയിനോക്കാം അടുത്തു തന്നെയാണല്ലോ.

പോകുന്നവഴി ഒരു കൂട്ടുകാരന്റെ കൂട്ടുകാരന്‍ വരുന്നു.കൂട്ടുകാരന്‍ കൂട്ടുകാരനുമായി സംസാരിച്ചുതുടങ്ങി.സായിപ്പിന്റെ മോന്‍ ഏത്‌ കമ്പനീലാണോ ജോലിചെയ്യുന്നത്‌.കൂടെപ്പഠിച്ചവനോട്‌ കേരളാത്തില്‍ വച്ച്‌ നടുറോട്ടില്‍ ഇംഗ്ലീഷില്‍ കത്തി വയ്ക്കുന്നോ, അവരായി അവരുടെ പാടായി. തീയേറ്ററിന്റെ വഴീന്നാണല്ലോ അവന്‍ വരുന്നത്‌ ചിന്നസായിപ്പ്‌ ഇനി ലാല്‍ പടം കാണാന്‍ പോയതാണോ? ഡാ അവന്‍ പടം കണ്ടിട്ടാ വരുന്നതെങ്കില്‍ അഭിപ്രായം ചോദീര്‌.

ചോദിച്ചു, ഇംഗ്ലീഷില്‍. മറുപടി ചാത്തനും കേട്ടു. അട്രോഷ്യസ്‌(atrocious). അടുത്ത്‌ നിന്ന മൂന്നാമത്തെ കൂട്ടുകാരനെ രഹസ്യായി തോണ്ടി അങ്ങനെ പറഞ്ഞാലെന്താടാ?. ആ അവനും കൈമലര്‍ത്തി, നമ്മള്‍ക്ക്‌ സായിപ്പിന്റെ മോനോടു തന്നെ ചോദിക്കാം മറ്റവന്‍ പോയിട്ട്‌.

മറ്റേ സായിപ്പിന്റെ മോന്‍ പോയി, എടാ എന്താ ഈ അട്രോഷ്യസ്‌ ന്ന് വച്ചാ? പടം കൊള്ളൂലാന്നാ?

ഏയ്‌ അടിപൊളിയാന്നാ തോന്നണത്‌.

ടിക്കറ്റിനു വല്യ ക്യൂ ഒന്നുമില്ല. ഒരു സംശയം പടം അലമ്പായിരിക്കുമോ റിവ്യൂ ഒന്നും കേട്ടിട്ടില്ല. വേണോ, ലാല്‍ പടമല്ലേ, മീശപിരി ആവുമോ?

അല്ല കോമഡിയാണെന്നാ അവന്‍ പറഞ്ഞത്‌.

ടിക്കറ്റെടുത്ത്‌ വാതില്‍ക്കലേക്ക്‌ നീങ്ങിയപ്പോള്‍ ഒരാള്‍ ടിക്കറ്റ്‌ വേണോ എന്റെ കൂട്ടുകാരിക്ക്‌ വരാന്‍ പറ്റിയില്ല, ബ്ലാക്കൊന്നുമല്ല കറക്റ്റ്‌ വില തന്നാല്‍ മതി.

അയ്യോ ചേട്ടാ ഞങ്ങള്‍ ടിക്കറ്റെടുത്തു.

പിന്നേം സംശയം, കൂട്ടുകാരി വരാഞ്ഞിട്ടോ അതോ പടം പൊളിയാന്നറിഞ്ഞിട്ട്‌ ടിക്കറ്റ്‌ മറിച്ചു വിറ്റ്‌ മുങ്ങുന്നതോ?

കുറേ സീറ്റൊക്കെ ഫുള്ളായി. വരുന്നവരു വരുന്നവരു ടിക്കറ്റെടുത്ത്‌ അകത്തുകേറുന്നതുകൊണ്ടാ പുറത്ത്‌ തിരക്കില്ലാത്തത്‌.. ഹോ സമാധാനമായി. ഈ പടവും നേരത്തേ തുടങ്ങാനായിരിക്കും ഉദ്ദേശം.

ഹൗസ്‌ ഫുള്‍!!! ഹാവൂ ശ്വാസം നേരെ വീണു.

പടം തുടങ്ങി.

ഇതെന്താ പഴേ പടമാണോ ആകെ ഒരു വശപ്പിശക്‌.ഇത്‌ റിലീസ്‌ ചെയ്യാന്‍ വൈകിയതാ എന്തൊക്കെയോ പ്രശ്നായിക്കിടക്കുകയായിരുന്നു.

ഒന്ന് രണ്ട്‌ സീനുകള്‍ കഴിഞ്ഞു. ലാല്‍ വന്നു കൂട്ടക്കയ്യടീം ബഹളോം. ഭാഗ്യം മീശപിരി ഇല്ലാ പക്ഷേ ആകെ ഒരു അഴകൊഴമ്പന്‍ ലുക്ക്‌!!!

കുറച്ച്‌ സീനുകളും കൂടിക്കഴിഞ്ഞു. ഒരുത്തനെക്കൊണ്ട്‌ ഇരിക്കുന്ന മരക്കൊമ്പ്‌ വെട്ടിക്കുന്നു!!! ഇവനേത്‌ കോത്താഴത്തുകാരന്‍ ഇങ്ങനെയാണോ കോമഡി ഉണ്ടാക്കുന്നത്‌.. തീയേറ്ററിന്റെ പല ഭാഗങ്ങളും കുറ്റിക്കാടുകളായി രൂപാന്തരം പ്രാപിച്ചു.. കുറുക്കന്മാര്‍ പശ്ചാത്തല സംഗീതമിട്ടു..

പല്ലിന്റെ ഇടയില്‍ രണ്ട്‌ കഷ്ണം കല്ലിട്ടിരുന്നെങ്കില്‍ ഇഡ്ഡലിപ്പാകത്തിനു പൊടിഞ്ഞു കിട്ടിയേനേ. അത്‌ അടുത്തിരിക്കുന്ന കൂട്ടുകാരനോട്‌ പറഞ്ഞപ്പോ അവന്‍ ഡ്രാക്കുളയായി.. അവനു ഇത്‌ അടിപൊളിയാന്ന് പറഞ്ഞവന്റെ ചങ്കുവേണത്രേ പല്ലിന്റെ ഇടയില്‍.

കുറുക്കന്മാരു പിന്നെ റെസ്റ്റെടുത്തില്ലാ.. ഇന്റര്‍വെല്ലിനു പുറത്തിറങ്ങി രക്ഷപ്പെടാം എന്നു വച്ചു.

അത്ഭുതം അത്ഭുതം സംവിധായകനും തീയേറ്റര്‍കാരും പ്രേക്ഷകര്‍ മനസ്സില്‍ കണ്ടതു ബഹിരാകാശത്തു കണ്ടു... ഇന്റര്‍വെല്‍ ഇട്ടില്ലാ...

സിനിമ തീര്‍ന്നു.മറ്റേ സായിപ്പിന്റെ മോനെവിടാടാ താമസിക്കുന്നത്‌ അവനെ ഇന്നിപ്പോ വീട്ടിക്കേറി തല്ലണം എന്ന് ഞങ്ങള്‍ രണ്ട്‌ പേര്‍. ജൂനിയര്‍ സായിപ്പിന്റെ മുഖം വിളറി വെളുത്തു.

അത്‌ അത്‌ അട്രോഷ്യസ്‌ എന്നു വച്ചാലെന്താന്ന് എനിക്കും അറീലാരുന്നു...

വാടകയ്ക്ക്‌ താമസിക്കുന്നിടത്ത്‌ ഡിക്‍ഷ്ണറിയൊന്നുമില്ലാ. പിറ്റേന്ന് നേരം വെളുത്ത്‌ പതിവിലും നേരത്തെ രണ്ട്‌ പേര്‍ ഓഫീസില്‍ ഹാജര്‍ വച്ച്‌, ബ്രൗസിംഗ്‌ മെഷിനിനു നേരെ കുതിച്ചു.

ഗൂഗിള്‍ മാലാഖ അട്രോഷ്യസിന്റെ അര്‍ത്ഥം ഒരു വാചകത്തിലൂടെ ഞങ്ങള്‍ക്ക്‌ പറഞ്ഞു തന്നു.

മര്‍ഡര്‍ ഈസ്‌ ആന്‍ അട്രോഷ്യസ്‌ ക്രൈം!!!!!!!!!

ആ പടത്തിനെപ്പറ്റി അഭിപ്രായം പറയാന്‍ ഏറ്റവും ചേര്‍ന്ന വാക്ക്‌.!!!

ചാത്തനതിനെ കൂട്ടിപ്പെരുക്കി മലയാളീകരിച്ചു---- 'അതിഭീകര വധം'


വാല്‍ക്കഷ്ണം:

പടത്തിന്റെ പേര്‌ കറക്റ്റാ ഊഹിക്കുന്നവനെ/ളെ ഈ വര്‍ഷത്തെ ഓസ്കാര്‍ അവാര്‍ഡിനു പരിഗണിക്കും..

Sunday, May 27, 2007

പാല്‍ നിലാവിനും ഒരു നൊമ്പരം

പത്മനാഭ ദാസന്റെ നഗരം, ചാത്തന്‍ ഇവിടെ എത്തിയിട്ടു മാസങ്ങളാകുന്നു. ഒരു പിടി നല്ല കൂട്ടുകാരുടെ ഇടയില്‍ ഇണങ്ങിയും പിണങ്ങിയും ഒരു വള്ളിനിക്കര്‍കാരന്റെ സ്വഭാവത്തോടെ സസുഖം വാഴുന്ന കാലം.

ലോകത്തിലെവിടേയും ഇന്ത്യയേയും ഇന്ത്യയിലെവിടെയും കേരളത്തേയും കേരളത്തില്‍ സ്വന്തം ജില്ലയേയും പറ്റി അഭിമാനവും അഹങ്കാരവും പ്രകടിപ്പിച്ചു നടക്കുന്ന ചാത്തന്‍ തിരിച്ചടികളില്‍ നിന്നും ഒന്നും പുതുതായി പഠിക്കാറില്ല. പക്ഷെ ഒരു തവണ ഒരു തവണമാത്രം.

ചാത്തന്‍ മറ്റൊരു സ്വന്തം ജില്ലക്കാരന്റെ കൂടെയാണ്‌ താമസം. അവന്‍ സഹപ്രവര്‍ത്തകനിലുപരി സഹപാഠിയും സഹമുറിയനും ഒരു നല്ല ചങ്ങായിയുമാണ്‌. അവനെപ്പറ്റിപ്പറയുകയാണെങ്കില്‍ ആര്‍നോള്‍ഡ്‌ ശിവശങ്കരന്റെ ശരീരവും മഹാത്മാഗാന്ധിയുടെ മനസ്സും. അവന്റെ മൂക്കിനു താഴെ ആരേലും ചൊറിഞ്ഞോണ്ടിരുന്നാല്‍ ചൊറിയുന്നവര്‍ക്കു കൈ വേദനിക്കുന്നുണ്ടോന്ന് തിരക്കുന്ന സ്വഭാവം. എന്നും എല്ലാവരോടും ചിരിക്കുന്ന മുഖം മാത്രം.

സായാഹ്നങ്ങളില്‍ കമ്പനിക്ക്‌ ചുറ്റും ഒരു നടത്തവും, മറ്റുസഹപ്രവര്‍ത്തകര്‍ തൊട്ടടുത്ത കടയില്‍ നിന്നും ചായകുടിക്കുന്നത്‌ നോക്കി നില്‍ക്കലും പതിവ്‌.

അന്നെന്തോ മറ്റുള്ളവര്‍ വിളിച്ചപ്പോള്‍ സീറ്റ്‌ വിട്ട്‌ എഴുന്നേല്‍ക്കാന്‍ വൈകി. ഓടുന്നത്‌ ചാത്തന്‍ ആസ്വദിക്കുന്ന കൂട്ടത്തിലായതിനാല്‍ ആ വൈകല്‍ ചാത്തനൊരു പ്രശ്നമായേ എടുത്തില്ല. പതിവുകാരൊക്കെ ചായകുടിച്ച്‌ ഗ്ലാസ്‌ തിരിച്ചു വച്ച്‌ നടത്തം തുടങ്ങാന്‍ പോകുന്നത്‌ ദൂരെ നിന്നു തന്നെ കാണാം.

പതിവ്‌ ചിരിയും കളിയും ബഹളവും. കൂട്ടത്തിലൊരുത്തന്‍ ചാത്തന്റെ സഹപാഠിയുടെ തോളത്ത്‌ ശക്തമായ ഒരു തട്ട്‌. പ്രതീക്ഷിക്കാത്തതായതിനാല്‍ അവന്റെ ബാലന്‍സ്‌ ഒന്ന് തെറ്റി,വീഴാന്‍ തുടങ്ങി, അപ്പോള്‍ത്തന്നെ നില വീണ്ടെടുത്തു.

എന്തോ കളിക്ക്‌ ചെയ്തതാവണം. അവരെന്താ പറഞ്ഞു കൊണ്ടിരുന്നതെന്ന് ചാത്തനൊട്ട്‌ കേട്ടതുമില്ല. ഇനി അഥവാ കാര്യമായിട്ടാണ്‌ തട്ടെങ്കിലും സഹന്‍ ഒന്നും തിരിച്ച്‌ ചെയ്യാന്‍ പോകുന്നില്ല. എന്നാലും കണ്ണൂര്‍ക്കാരുടെ അഭിമാനമായ ചാത്തനിവിടെ നില്‍ക്കുമ്പോള്‍ അതെങ്ങനെ ശരിയാവും.

"ആരാടാ കണ്ണൂര്‍ക്കാരെ തൊട്ട്‌ കളിക്കുന്നത്‌"

എന്ന് പറയലും ചാത്തന്‍ ചിരിച്ചു കൊണ്ട്‌ തട്ടിയവനെ പിടിച്ച്‌ തള്ളലും ഒരുമിച്ചായിരുന്നു. തമാശയ്ക്ക്‌ തള്ളിയതാണെങ്കിലും ഓടിവന്ന് തള്ളിയതു കാരണം ശക്തി അല്‍പം കൂടിപ്പോയി.

തള്ളുകൊണ്ട്‌ ഒന്ന് കറങ്ങിത്തിരിഞ്ഞ്‌ ബാലന്‍സ്‌ വീണ്ടെടുത്തുകൊണ്ടിരിക്കുന്നതിനിടയില്‍ മാന്യദേഹം കൈനീട്ടി ഒന്നു തന്നു. വീഴാന്‍ പോയവനെ പിടിക്കാന്‍ മുന്നോട്ടാഞ്ഞ ചാത്തന്റെ തിരുമോന്തയില്‍ തന്നെ.

യുറേക്കാാാ....

തെളിയിച്ചു. തെളിയിച്ചു.

പകലു നക്ഷത്രം കാണാന്‍ കിണറ്റിനകത്തിരിക്കണമെന്നത്‌ തികച്ചും തെറ്റായ ഒരു ശാസ്ത്ര സത്യം മാത്രം.

തെറ്റ്‌ ആരുടെ ഭാഗത്ത്‌ എന്നില്ല. കാരണം ഇവിടെ തെറ്റായിട്ടൊന്നും നടന്നില്ല. എല്ലാം ഒരു തമാശ മാത്രം. ചാത്തന്‍ ചിന്തിച്ചാല്‍ തെറ്റ്‌ ചാത്തന്റെ ഭാഗത്ത്‌ മാത്രം. അടികൊണ്ടത്‌ ചാത്തനാണെങ്കിലും അതിന്റെ ശബ്ദവും ചാത്തന്റെ മുഖത്തിന്റെ തുടിപ്പും കാരണം എല്ലാവരും പകച്ചു നില്‍ക്കുന്നു.ഇനി ഒരു കൂട്ടത്തല്ല് നടക്കുമോ!!!

ചുറ്റും മൂളിപ്പറന്ന പൊന്നീച്ച ഇരുമിഴികളുടെയും തുമ്പത്ത്‌ ഉപേക്ഷിച്ച്‌ പോയ തേന്‍തുള്ളികള്‍ മറ്റാരും കാണാതിരിക്കാന്‍ ഒരു ചിരി മുഖത്ത്‌ വാരിത്തേച്ച്‌ ചാത്തന്‍ മുഖമുയര്‍ത്തി.

പതിവു സായാഹ്ന സവാരിയ്ക്ക്‌ നില്‍ക്കാതെ തിരിച്ച്‌ ഓഫീസില്‍ കയറി സ്വന്തം ഡസ്കില്‍ മുഖം പൂഴ്‌ത്തിയിരിക്കുമ്പോള്‍ തോളില്‍ ഒരു നനുത്ത കരസ്പര്‍ശനം.

"നിനക്ക്‌ ശരിക്കും വേദനിച്ചു അല്ലേ? സാരമില്ലെടാ അതുപോട്ടെ വിട്ടുകള.."

ആരോ ഒരാള്‍ ഹൃദയത്തില്‍ കയറിയിരുന്ന് കൊഞ്ഞനം കുത്തുന്നു.

ആജീവനാന്ത സൗഹൃദങ്ങള്‍ പല സാഹചര്യങ്ങളില്‍ തുടങ്ങുന്നു. ചിലപ്പോള്‍ കേവലം ഒരു വാചകത്തില്‍ നിന്നും...

വാല്‍ക്കഷ്ണം:

ഇനിയും ഒരുപാടുണ്ട്‌. പക്ഷെ തല്ലു കൊണ്ടത്‌ ഇതു അവസാനത്തേത്‌. മുഖത്തും ഹൃദയത്തിലും കൊണ്ടത്‌ ആദ്യത്തേതും.

Friday, May 11, 2007

അയ്യയ്യേ എല്‍ പി സ്ക്കൂളും ചില്ലറ മായികപ്രകടനങ്ങളും

സ്വന്തം സ്ക്കൂളിനെ കളിയാക്കിയതല്ലാ. 'മാപ്പിള സ്ക്കൂള്‍' എന്ന കൂടുതല്‍ പ്രശസ്തമായ അപര നാമധേയത്തിലറിയപ്പെട്ടിരുന്ന ചാത്തന്റെ എല്‍ പി സ്ക്കൂളിന്റെ പേര്‌ അയ്യയ്യേ എല്‍ പി സ്ക്കൂള്‍ എന്ന് തന്നെയായിരുന്നു. പരത്തിപ്പറഞ്ഞാല്‍ ഇര്‍ഷാദുല്‍(I) ഇസ്ലാം(I) എയിഡഡ്‌(A) എല്‍പി സ്ക്കൂള്‍.

രാവിലെ 10:30 മുതല്‍ വൈകീട്ട്‌ 4:30 വരെ ക്ലാസ്‌ സമയം.വെള്ളിയാഴ്ച അവധിയും.വീട്ടിനടുത്ത്‌ തന്നെയാണെങ്കിലും ഉച്ചയ്ക്ക്‌ വീട്ടില്‍ പോണ പരിപാടിയില്ല. കൊണ്ട്‌ വരുന്ന ചോറ്‌ കുറച്ച്‌ തിന്ന്, ബാക്കി കളഞ്ഞ്‌ കളിക്കാനോടും, 4 മുതല്‍ 4:30 വരെ എല്ലാ ദിവസവും ഡ്രില്‍ പീര്യേഡാണ്‌. ഉച്ചയ്ക്ക്‌ ബെല്ലടിക്കുമ്പോള്‍ നിറുത്തി വയ്ക്കുന്ന കളി വൈകീട്ട്‌ അതേ പോയിന്റില്‍ പുനരാരംഭിക്കും.

കളികളെന്നു പറഞ്ഞാല്‍ കള്ളനും പോലീസും, അപ്പപ്പന്ത്‌(ബോള്‍ ഓരോരുത്തരുടെ മേല്‍ എറിഞ്ഞു കളിക്കുന്ന കളി),തലമ(വിശദീകരിക്കാന്‍ പാടാ ഒരുപാട്‌ സ്റ്റെപ്‌സ്‌ ഉണ്ട്‌),കൊത്തിക്കളി(ഒറ്റക്കാലില്‍ രണ്ട്‌ ടീമായി കളിക്കുന്ന കളി), ഒളിച്ചു കളി,പെണ്‍പിള്ളാരും ഉണ്ടെങ്കില്‍ വല്ലപ്പോഴും 'ആരെ നിങ്ങള്‍ക്കാവശ്യം' കളി (സാധാരണ ലേഡീസ്‌ കൊത്തങ്കല്ല്, വളപ്പൊട്ട്‌ വച്ച്‌ എന്തോ കളി അങ്ങനെ ചീള്‌ കളിയിലേതെങ്കിലും ആയിരിക്കും അത്‌ ആമ്പിള്ളേര്‍ കളിക്കൂല), ക്രിക്കറ്റും ഫുട്ബോളും വല്ല അപൂര്‍വ്വ അവസരങ്ങളിലും വന്ന് എത്തിനോക്കിയിരുന്നു(അന്നത്‌ അത്ര പച്ചപിടിച്ചിട്ടില്ല).

ചാത്തന്‍ ഓടാന്‍ ബഹുമിടുക്കനായിരുന്നതോണ്ട്‌ കള്ളനും പോലീസും കളിക്കുമ്പോള്‍ മിക്കവാറും ഐ ജി, എസ്‌ ഐ തുടങ്ങിയ വന്‍ പോസ്റ്റുകളിലേ നടിക്കാറുള്ളൂ. അതാവുമ്പോള്‍ വല്ല സാധാ പോലീസുകാരും പോലീസ്‌ സ്റ്റേഷന്റെ അടുത്തൂടെ ഓടിച്ചു കൊണ്ടുവരുന്ന പ്രതികളെ ഒളിച്ചിരുന്ന് ചാടിപ്പിടിക്കുക, വല്ലവരും പിടിച്ചു കൊണ്ടുവരുന്ന പ്രതികളെ ലോക്കപ്പിലിട്ട്‌ തല്ലുക, അവരു പിന്നേം ചാടിപ്പോവാന്‍ ഉറങ്ങുന്നതായി അഭിനയിക്കുക തുടങ്ങിയ കനപ്പെട്ട പണികള്‍ മാത്രം ചെയ്താല്‍ മതി.

അങ്ങനെയിരിക്കേ ഒരുനാള്‍ ഞങ്ങളുടെ കായിക മത്സരങ്ങള്‍ നടത്തുന്നതായി വിവരം കിട്ടി. ഇന്ന് കാണുന്ന മാതിരി 100 മീറ്റര്‍ 200 മീറ്റര്‍.......5000മീറ്റര്‍ എന്നീ വാക്കുകളൊന്നും അന്ന് മത്സരയിനത്തിലുണ്ടായിരുന്നില്ല. ഓട്ടം ഉണ്ടായിരുന്നു ദൂരം എത്രയാന്ന് അറീല. പിന്നെ കുടം തല്ലിപ്പൊട്ടിക്കല്‍, അപ്പം കടി, വാലുപറിക്കല്‍, മിഠായി പെറുക്കല്‍ ഇത്യാദി ഐറ്റങ്ങളും. എന്താ വാലു പറിക്കല്‍ എന്നറീലെങ്കിലും അതിനും (എങ്ങനാ ഈ വാലു മുളപ്പിക്കുകാന്നൊന്നറിയണമല്ലോ) ഓട്ടത്തിനും ചാത്തനും പേരു കൊടുത്തു.

ഓട്ടം മാത്രം കുറച്ച്‌ ദൂരെയുള്ള ഒരു ഗ്രൗണ്ടിലും ബാക്കി സ്ക്കൂള്‍ പരിസരത്തും നടത്താന്‍ തീരുമാനിച്ചു. ഓട്ടത്തിനു ഒന്നാമന്‍ ഫാരിസാവാനേ വഴിയുള്ളൂ. അവന്‍ പോലീസാണെങ്കില്‍ അന്ന് ലോക്കപ്പ്‌ വേഗം നിറയും. കള്ളനാണേല്‍ അവനെ എന്നും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കേണ്ടി വരും. രണ്ടാം സ്ഥാനം ശ്രീജേഷി(ശ്രീ)നാവാനേ വഴിയുള്ളൂ ഒന്നു രണ്ടു തവണ ഫാരിസിനെ ഓടിപ്പിടിച്ചതവനാ. ഒന്നും രണ്ടും പോട്ടേ മൂന്നാം സ്ഥാനത്തിനു വേണ്ടി എന്തായാലും ചാത്തനും ഉണ്ട്‌ മത്സരത്തിനു പക്ഷേ ആ സ്ഥാനത്തിനു വേണ്ടിയാ ബാക്കി ഉള്ള എല്ലാ മഷ്‌കുണന്മാരും മത്സരിക്കുന്നത്‌.

എന്നാല്‍ മൂന്നാം സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ചാത്തന്‍ ശിഹാബിനെ മാത്രേ ഒരു എതിരാളിയായി കണ്ടിട്ടുള്ളൂ, അവന്‍ ഗള്‍ഫാ, സ്ലേറ്റ്‌ പെന്‍സിലിലും നെയിംസ്ലിപ്പിലും തീപ്പെട്ടിപ്പടത്തിലുമൊന്നും അവന്‍ വീഴൂലാ. ഏ എന്ത്‌ കേട്ടില്ലാ മാച്ച്‌ ഫിക്സിങ്ങാ ആര്‌ എന്ത്‌ എപ്പോള്‍ തെളിവുണ്ടാ? ഇല്ലേല്‍ ഒന്ന് പോ മാഷേ..

സാരമില്ല ഒന്ന് ശ്രമിച്ച്‌ നോക്കാം ശ്രീയോട്‌ പറഞ്ഞാല്‍ അവന്‍ ശിഹാബിന്റെ മുന്നില്‍ കയറി ഓടി അവനെ സ്ലോ ആക്കിക്കൊള്ളും.അവന്‍ നോക്കാം എന്ന് പറഞ്ഞു.അങ്ങനെ ഉറച്ച ഒരു മൂന്നാം സ്ഥാനവുമായി തുള്ളിച്ചാടി വീട്ടിലെത്തി. ബാഗു ടീപ്പോയില്‍ ഇട്ട്‌ നേരെ അടുക്കളയിലേക്ക്‌. കാര്യം പറഞ്ഞു. മൂന്നാം സ്ഥാനം എങ്കിലും ഉറപ്പാന്നും പറഞ്ഞു. മത്സരം കഴിയാതെ മൂന്നാം സ്ഥാനമാ അതെങ്ങനെ?

അതൊക്കെയുണ്ട്‌.
പിന്നേ അന്താരാഷ്ട്ര രഹസ്യങ്ങള്‍ പെണ്‍ പടയോട്‌ തുറന്ന് പറയുകയോ!!!

എന്തോ നമ്മടെ എല്ലാം ഉറച്ചമാതിരിയുള്ള സന്തോഷം, വീട്ടുകാര്‍ക്കങ്ങോട്ട്‌ പിടിച്ചില്ലാ. അച്ഛന്‍ വന്നപ്പോള്‍ കാര്യം അവതരിപ്പിച്ചു. അച്ഛന്‍ വിളിച്ചു. ചാത്തന്‍ ഹാജര്‍.

എടാ പേരു കൊടുത്താല്‍ മാത്രം മത്സരത്തില്‍ ജയിക്കൂല അതിനു പരിശീലിക്കണം നാളെ മുതല്‍ രാവിലെ എന്റൂടെ എക്സര്‍സൈസ്‌ ചെയ്യണം.

ഹോ പിന്നെന്താ അച്ഛന്‍ സൂര്യനമസ്കാരം ചെയ്യുമ്പോള്‍ പുറത്ത്‌ കയറി ഇരിക്കലല്ലേ ചാത്തന്‍ എപ്പോഴേ റെഡി.

കൂട്ടച്ചിരി..ഇതിലിപ്പോ എന്താ ഇത്ര ചിരിക്കാന്‍ ഇതെന്താ ചെയ്യാത്ത കാര്യാ?

ശരി നാളെ രാവിലെ എണീറ്റില്ലെങ്കില്‍ നിന്റെ മേത്ത്‌ ഞാന്‍ വെള്ളം കോരി ഒഴിക്കും ട്ടാ.

അച്ഛാ ഈ വാലു പറിക്കല്‍ മത്സരത്തിനു എങ്ങനാ പരിശീലിക്കുക?
പിന്നേം ചിരി..

അതിനു നിനക്കു വാലുണ്ടോ ?

ഇല്ലാ, (ഇനി പേരു കൊടുത്ത വഹ വാലു മുളയ്ക്കുന്നുണ്ടോ?, ഒരു സംശയം, തിരിഞ്ഞു നോക്കി)

പിന്നേം കൂട്ടച്ചിരികള്‍.

എന്നാല്‍ അതിനു പ്രത്യേകിച്ച്‌ പരിശീലനം വേണ്ടാ.വാലു വച്ച്‌ തരുമ്പോള്‍ പറിച്ചുകളഞ്ഞാല്‍ മതി.

...............

പിറ്റേന്ന് രാവിലെ വിളിക്കാന്‍ വരുന്ന അമ്മയുടെ കാലടികള്‍ക്ക്‌ ചെവിയോര്‍ത്ത്‌ കിടക്കുകയായിരുന്നു. അമ്മ വന്നില്ലാ. അമ്മ അടുക്കളേല്‍ തിരക്കിലാന്ന് തോന്നുന്നു. ഒരു ചേച്ചിയാ വന്നത്‌. അച്ഛന്‍ ഇന്ന് സൂര്യനമസ്കാരമൊക്കെ നേരത്തേ കഴിച്ച്‌ റെഡിയായിരിക്കുന്നു. അപ്പോള്‍ എന്റെ കാര്യം മറന്ന് പോയാ?

നീ ഓട്ടത്തിനല്ലേ പേര്‌ കൊടുത്തത്‌ മുറ്റത്തേക്കുവാ.

ഇവിടുന്ന് ഓടിപ്പോയി ആ മണ്‍തിട്ട തൊട്ടിട്ട്‌ തിരിച്ചുവന്ന് എന്റെ കൈ തൊട്ടിട്ട്‌ പിന്നേം തിരിച്ചു പോണം. ക്ഷീണിക്കും വരെ.

അയ്യേ ഇതാണോ പരിശീലനം ചാത്തന്‍ വിചാരിച്ചു വല്യ എന്തോ പരിപാടിയാണെന്ന്.
ശരി അനുസരിച്ചില്ലാന്ന് വേണ്ടാ.
ഹെന്ത്‌ ഇത്രേം ദൂരം നിര്‍ത്താണ്ട്‌ രണ്ട്‌ തവണ ഓടിയപ്പോഴേക്കും ക്ഷീണിച്ചാ!!!

ഇനി നാളെ മതി അച്ഛാ..

ദിവസവും തകൃതിയായി പരിശീലനം തുടര്‍ന്നു. ശിഹാബ്‌ പോട്ട്‌ ആരെടാ അവന്‍. പുല്ല്‌ വെറും തൃണം. ഇനി ഇപ്പോള്‍ രണ്ടാം സ്ഥാനത്തിനു ഒരു കൈ നോക്കിക്കളയാം ശ്രീജേഷു നല്ല സുഹൃത്താ. ഛായ്‌, യുദ്ധക്കളത്തില്‍ ബന്ധുക്കള്‍ സുഹൃത്തുക്കള്‍ എന്നൊന്നുമില്ലാന്നാ ശ്രീകൃഷ്ണന്‍ തന്നെ പറഞ്ഞിട്ടുള്ളത്‌.

അല്ലാ ഇനി ഒന്നാം സ്ഥാനത്തിനു തന്നെ നോക്കിയാലെന്താ? ആത്മവിശ്വാസം പൂക്കുറ്റിയെക്കാള്‍ വേഗത്തില്‍ കത്തി ഉയരുന്നു. പരിശീലനം നടത്തുന്ന കാര്യം പരമ രഹസ്യമായി സൂക്ഷിച്ചു. അറിയാതെ പോലും സ്ക്കൂളില്‍ വച്ച്‌ സ്പീഡില്‍ ഓടാതിരിക്കാന്‍ ശ്രദ്ധിച്ചു. ചാത്തന്റെ വേഗതകൂടിയ കാര്യം ആരെങ്കിലും അറിഞ്ഞ്‌ അവരും പരിശീലനം തുടങ്ങിയാലോ.

ഒന്നാം സമ്മാനമായി സോപ്പ്‌ പെട്ടിയാണോ അതോ കുട്ടിക്യൂറാ പൗഡറോ? സോപ്പ്‌ പെട്ടിയാണേല്‍ കുളിമുറിയില്‍ തന്നെ വച്ചേക്കാം പൗഡറാണെങ്കില്‍ ഒളിപ്പിച്ചു വയ്ക്കണം എല്ലാരും എടുത്തിട്ടാല്‍ പെട്ടന്നു തീര്‍ന്നു പോവൂലേ?

പൗഡര്‍ തന്നെയാവണം. സമ്മാനമായി കിട്ടുന്ന പൗഡറിനു ഒരു പ്രത്യേക വാസനയാ. എന്താ മണം... ഇത്തിരിനേരം കൂടി ആ മണം ആസ്വദിച്ചേനേ. പക്ഷേ ഉറക്കം ഞെട്ടി. അയ്യോ ഇന്നാണല്ലോ മത്സരങ്ങള്‍.

ഒന്നാം ഐറ്റം അപ്പം കടിക്കല്‍. ചാത്തന്‍ കാണി മാത്രം. അപ്പം ന്ന് പറഞ്ഞിട്ട്‌ ഇത്‌ വെറും ബാര്‍ലി ബിസ്കറ്റ്‌ ആണല്ലോ? കുറേ ബിസ്കറ്റ്‌ ഒരു ചരടില്‍ പലയിടത്തായി കെട്ടിത്തൂക്കി രണ്ടറ്റവും രണ്ട്‌ മാഷന്മാര്‍ പിടിക്കും. പിള്ളാരെ ഓരോരുത്തരേം ഓരോ ബിസ്കറ്റിന്റെ അടിയില്‍ കൃത്യമായി നിര്‍ത്തീട്ടുണ്ട്‌. സ്റ്റാര്‍ട്ട്‌ പറഞ്ഞാല്‍ എല്ലാരും ചാടിക്കടിച്ചെടുത്തു കൊള്ളണം.ഓ ഇത്രേ ഉള്ളായിരുന്നോ ഒരു ബിസ്കറ്റും കിട്ടും ഛെ ഇതിനൂടെ പങ്കെടുക്കാരുന്നു എത്ര എളുപ്പമുള്ള മത്സരം.

ങേ എന്ത്‌ അയ്യടാ... എളുപ്പമല്ലാ... സ്റ്റാര്‍ട്ട്‌ പറഞ്ഞ ഉടനെ ചരട്‌ ദേ മേല്‍പ്പോട്ട്‌ പൊങ്ങുന്നു. പിള്ളാര്‌ അടീല്‍ കിടന്ന് ചാടെടാ ചാട്ടം. എല്ലാരും തളര്‍ന്ന് നില്‍പ്പാവുമ്പോള്‍ ചരട്‌ താഴോട്ട്‌ വരും. പിന്നേം ചാട്ടം. ഹിഹിഹി ഇതു കൊള്ളാലോ, പാവങ്ങള്‍. പങ്കെടുക്കാഞ്ഞതു നന്നായി.പട്ടി ചാടുന്ന മാതിരി ചാടിച്ചാടി നാണം കെട്ടേനെ.

മുട്ടായി പെറുക്കലിനു പെറുക്കിയെടുക്കുന്ന മുട്ടായികളെല്ലാം പിള്ളേര്‍ക്കു തന്നെ എടുക്കാം. എന്താ ചെയ്യാ, ഒന്നാം ക്ലാസിലെ പിള്ളേര്‍ക്കു മാത്രേ പങ്കെടുക്കാന്‍ പറ്റൂ.അതൊരു കരിനിയമം ആയിപ്പോയി.സമ്മാനം കിട്ടിയില്ലെങ്കിലും കുറച്ചു മുട്ടായി എങ്കിലും കിട്ടിയേനെ. ഒന്നു രണ്ടെണ്ണത്തിനെ കണ്ണുരുട്ടിക്കാണിച്ച്‌ നോക്കി.പിള്ളേരെല്ലാം നമ്മളേക്കാളും തരികിടകളാ. മുട്ടായി പോയിട്ട്‌ പൊതിഞ്ഞിരുന്ന കടലാസ്‌ പോലും ങേഹെ..ഒരുത്തന്‍ മുട്ടായിക്കടലാസില്‍ അതേപോലെ കല്ല് പൊതിഞ്ഞ്‌ തരികയും വേറൊരുത്തന്‍ പൊതിഞ്ഞ കടലാസ്‌ ചുരുട്ടി എറിയേം ചെയ്തു. ദുഷ്ടന്മാര്‍. നിങ്ങളെ പിന്നെ കണ്ടോളാടാ..

ശ്രീ ആളു ജനസമ്മതനാ അവന്‍ എവിടുന്നോ കുറച്ച്‌ മുട്ടായി സംഘടിപ്പിച്ചു. രണ്ടെണ്ണം ചാത്തനും തന്നു. എവിടെ ചാത്തനെ എറിഞ്ഞവന്‍ അവന്റെ മുഖത്തു നോക്കി വേണം മുട്ടായി നുണയാന്‍.

ചാത്തന്‍ പങ്കെടുക്കാത്ത മത്സരങ്ങളെക്കുറിച്ചെന്തിനാ പറയുന്നത്‌. അതോണ്ട്‌ നമ്മള്‍ക്കിനി കാര്യത്തിലേക്ക്‌ കടക്കാം. ബോറടിച്ചോ. ഇന്റര്‍വെല്‍ ഇടട്ടേ? എന്ത്‌ തുടരനാക്കിയാല്‍ ചാത്തനെ തട്ടിക്കളയൂന്നോ.ഏയ്‌ ചാത്തന്‍ വെറുതേ പറഞ്ഞതല്ലേ. ഒന്നു ശ്വാസം വിട്ടോട്ടെ.


വാലു പറിക്കല്‍ മത്സരത്തിനു പേരു തന്നവരൊക്കെ വന്നേ.
അരയ്ക്കു ചുറ്റും കട്ടിയുള്ള ഒരു ചരടു കെട്ടിയിടും അതിലു ഈര്‍ക്കില്‍ മാറ്റിയ ഓല നെടുകെ രണ്ടാക്കി അറ്റം കൂട്ടിക്കെട്ടി കോര്‍ത്തിടും അത്‌ താന്‍ വാല്‍!!!.

ശ്ശെടാ സിനിമേല്‍ കാണണ മാതിരി യമണ്ടന്‍ വാലൊന്നുമില്ലേ.

അരഭിത്തി മാത്രം ഉള്ള ക്ലാസ്‌ മുറിക്കകത്തു വച്ചാ മത്സരം. കാണികളു തിങ്ങി നിറഞ്ഞിരിക്കുന്നു. മുറിക്ക്‌ ചുറ്റും ഭിത്തിക്ക്‌ മോളിലും എല്ലാം കരഘോഷ മുഖരിതം. ആളുകൂടുതലായതോണ്ട്‌ മുന്ന് ഗ്രൂപ്പായിട്ടാ മത്സരം. ജയിക്കുന്ന നാലുപേര്‍ വച്ച്‌ പന്ത്രണ്ട്‌ പേരുടെ ഫൈനല്‍. ചാത്തന്‍ മൂന്നാം ഗ്രൂപ്പില്‍. ആദ്യ കൂട്ടത്തിന്റെ മത്സരം തുടങ്ങി. ഓരോരുത്തരും സ്വന്തം വാല്‍ സംരക്ഷിച്ചോണ്ട്‌ മറ്റുള്ളവരുടെ വാലുപറിക്കണം.ഒരു വലിക്ക്‌ വാലു കയ്യില്‍ കിട്ടിയ പലരും വിജയശ്രീലാളിതരായി അത്‌ ഉയര്‍ത്തിക്കാട്ടുമ്പോഴേക്ക്‌ അവരുടെ വാലു വേറാരെങ്കിലും പറിച്ചിരിക്കും..

ഇളിഭ്യരായവര്‍ തിരിച്ചു വരുമ്പോള്‍ കൂട്ടച്ചിരികള്‍.

രണ്ടാം ഗ്രൂപ്പ്‌ കളത്തിലിറങ്ങി.കളത്തിന്റെ രണ്ട്‌ വശവും വളണ്ടിയര്‍മാരായി അദ്ധ്യാപികാദ്ധ്യാപകന്മാറും നില്‍ക്കുന്നു. സോളിടീച്ചര്‍ ചാത്തനെ നോക്കി തമ്പ്സ്‌ അപ്പ്‌ കാണിച്ചു, ടീച്ചര്‍ക്കു ചാത്തനെ വല്യ കാര്യാ, ബാലരമേം പൂമ്പാറ്റേം ഒക്കെ ടീച്ചര്‍ക്കു വായിക്കാന്‍ കൊണ്ടു കൊടുക്കുന്നതു ചാത്തനെല്ലേ. ഫൈനല്‍സിലെങ്കിലും കടന്നുകൂടിയാല്‍ മാനം രക്ഷിക്കാം.

കുരുട്ടു ബുദ്ധി പ്രവര്‍ത്തിച്ചു തുടങ്ങി.മൂന്നാം ഗ്രൂപ്പിന്റെ വിളി വന്നു. ഓരോരുത്തരായി കളത്തിലിറങ്ങി. ഏറ്റവും അവസാനമായി കള്ളച്ചിരിയോടെ ചാത്തനും. അരഭിത്തിയോട്‌ പിന്‍ഭാഗം ചേര്‍ത്ത്‌ ചേര്‍ത്ത്‌ നീങ്ങി. വാലു പറിക്കാന്‍ പിന്നില്‍ നിന്ന് ആളു വന്നാലല്ലേ തിരിച്ചറിയാന്‍ പറ്റാതുള്ളൂ. എല്ലാവരും ആദ്യായാ ഈ മത്സരത്തില്‍, ആവേശത്തിന്റെ പുറത്ത്‌ ഓരോരുത്തന്‍ കുരങ്ങു മാതിരി ചാടിക്കളിക്കുന്നുമുണ്ട്‌. വിസിലടിച്ചു. മത്സരം തുടങ്ങി. ചാത്തന്‍ പിന്‍ഭാഗം ഭിത്തിയോട്‌ ചേര്‍ത്ത്‌ പിടിച്ച്‌ ഒരു ഇട്ടാവട്ടത്തില്‍ സൈഡ്‌ വൈസ്‌ മാത്രം തുള്ളിക്കളിച്ചു. അതു വഴി പിന്‍ഭാഗോം കാട്ടി വന്നവരുടെ എല്ലാം വാലു പറിച്ചു. നടുവിലൊക്കെ കൂട്ടപ്പൊരിച്ചിലാ അതിലിടപെടാന്‍ നമ്മളെ കിട്ടൂല. മുന്നോട്ടാഞ്ഞാല്‍ നമ്മടെ സുരക്ഷാ കവചം പോവില്ലേ. അവസാന പന്ത്രണ്ടില്‍ ചാത്തനും.

ഫൈനല്‍സ്‌ തുടങ്ങി, ചാത്തന്‍ വീണ്ടും പഴയപടി തുടങ്ങി. ഇത്തവണ ആളുകുറവാ ചാത്തന്‍ സൈഡ്‌ പിടിച്ച്‌ നടക്കുന്നത്‌ ആളുകളു ശ്രദ്ധിച്ച്‌ തുടങ്ങി. നടുവിലേക്കിറങ്ങെടാ ആളോളുടെ ആക്രോശം കേട്ടില്ലാന്ന് നടിച്ചു.പക്ഷേ മാഷും പറഞ്ഞപ്പോള്‍ ഇനി ആ പേരില്‍ അയോഗ്യനാകുന്നതിലും നല്ലത്‌ വീരോചിത പരാജയമാണെന്ന് ചിന്തിച്ച്‌ നടുവിലേക്കിറങ്ങി. സുമേഷ്‌, ദുഷ്ടന്‍, ചാത്തനിറങ്ങുന്നത്‌ നോക്കിയിരിക്കുകയായിരുന്നു ചാത്തന്‍ ഉള്ളിലെത്തുമ്പോഴേക്ക്‌ ചാത്തന്റെ വാലവന്റെ കയ്യില്‍.

തലയും താഴ്ത്തി തിരിച്ച്‌ നടക്കുമ്പോള്‍ സോളിടീച്ചറുടെ ശബ്ദം, ചാത്താ നിന്റെ വാലു മുഴുവന്‍ പോയിട്ടില്ലാ അല്‍പം ബാക്കിയുണ്ട്‌, അതൂടെ പോകുന്നതുവരെ കളിക്കാം. 'ലഗാനിലെ' അവസാന പന്ത്‌ നോബോള്‍ വിളിച്ചപ്പോ തോന്നണമാതിരിയുള്ള സന്തോഷം.

സിംഹം സടകുടഞ്ഞു പ്രതികാരദുര്‍ഗനായി, ഇനി ഒരു ലക്ഷ്യം മാത്രം മുന്നില്‍, കളിയില്‍ ചാത്തനു ജയിക്കേണ്ടാ, പക്ഷേ ചാത്തനെ ചതിച്ചവന്‍ ഇനി പുറത്തായേ പറ്റൂ. ഒന്നു ചുറ്റും നോക്കി സിംഹം ഇരയെ കണ്ടുപിടിച്ചു, ഒരു കുതിപ്പ്‌, ഇരയുടെ മുന്നില്‍ നിന്ന് അവനെ ആക്കിയ മാതിരി ഒരു ചിരി. ബു ഹാ ഹാ. ഇവനെ ഞാന്‍ പുറത്താക്കിയതല്ലേ എന്ന് ഇര ചിന്തിക്കാനെടുത്ത ഞൊടിയിട തന്നെ ധാരാളം.

സിംഹം ഇരയുടെ ചോരപുരണ്ട വാലും അതുകെട്ടിയിട്ട ചരടുമടക്കം കളത്തിനു പുറത്തേക്ക്‌. ചാത്തനു ആയുസ്സ്‌ നീട്ടിത്തന്ന ആ ബാക്കിവാല്‍ക്കഷ്ണം തന്നെ താഴെപ്പോയോ അതോ വല്ലവനും പറിച്ചോ ആര്‍ക്കറിയാം. പ്രതികാരത്തിനു സമ്മാനത്തേക്കാള്‍ വിലയുണ്ട്‌.

ഓട്ടമത്സരം ഉച്ചയ്ക്കുശേഷം. പിള്ളാരെ മേച്ച്‌ എല്ലാവരും ഗ്രൗണ്ടിലെത്തി. പോസ്റ്റ്‌ വലുതാകുന്നു. ചുരുക്കാം. ഹീറ്റ്‌സ്‌ കഴിഞ്ഞു. പ്രതീക്ഷിച്ച എല്ലാവരും ഫൈനല്‍സില്‍ അണിനിരന്നു. ചാത്തന്റെ ഫൈനല്‍ പ്രവേശനം പലരുടേയും നെറ്റി ചുളിപ്പിച്ചു.

ഓണ്‍ യുവര്‍ മാര്‍ക്ക്‌, ഗെറ്റ്‌ സെറ്റ്‌, ഫ്യൂ(വിസില്‍), ഇത്രയുമാണ്‌ അടയാളങ്ങള്‍ ഓണ്‍ യുവര്‍ മാര്‍ക്കില്‍ കുനിയുക, ഗെറ്റ്‌ സെറ്റില്‍ നിവര്‍ന്ന് തുടങ്ങുക, വിസിലടിച്ചാലുടന്‍ ഓടുക.

ഹീറ്റ്‌സിലെ എല്ലാവരുടേം പ്രകടനം കഴിഞ്ഞപ്പോള്‍ സോളിടീച്ചര്‍ വന്നു പറഞ്ഞതാ സമ്മാനം നിനക്കു തന്നെ എന്ന്. ആത്മവിശ്വാസം അഹങ്കാരമാകുന്നോന്നൊരു സംശയം. എന്തായാലും മൂന്നാം സ്ഥാനം എങ്കിലും ഉറപ്പാ, പക്ഷേ ശിഹാബ്‌, അവന്‍ ശ്രീയുടെ അടുത്ത ട്രാക്കിലല്ല ആ തന്ത്രം ചീറ്റി. ഇനി ഓടിത്തന്നെ പിടിക്കണം. ഹീറ്റ്‌സിലെ പ്രകടനം അവനേം അമ്പരപ്പിച്ചിട്ടുണ്ട്‌, ഇടക്കിടെ തിരിഞ്ഞ്‌ ചാത്തനെ നോക്കുന്നുണ്ട്‌.

ഓണ്‍ യുവര്‍ മാര്‍ക്ക്‌.. ഗെറ്റ്‌ സെറ്റ്‌...

ദേ ശിഹാബ്‌ ഓടുന്നു.. വിസിലടിച്ചില്ലാ.

അറബിമാഷ്‌ അവനെപ്പിടിച്ചോണ്ട്‌ വരുന്നു.

തിരിച്ച്‌ സ്റ്റാര്‍ട്ടിംഗ്‌ പോയിന്റിലേക്ക്‌.

പിന്നേം ഓണ്‍ യുവര്‍ മാര്‍ക്ക്‌.. ഗെറ്റ്‌ സെറ്റ്‌...

വിസിലടിച്ചില്ലാ..

ദേ ശിഹാബ്‌ പിന്നേം ചാടി ഓടുന്നു.. .

എവനിതെന്താ കാണിക്കുന്നത്‌!!!

ഇനീം ഇതുപോലെ കാണിച്ചാല്‍ നിന്നെ ഓടിക്കൂല കേട്ടോടാ. അറബിമാഷിന്റെ വാക്കുകള്‍ കുളിര്‍മഴയായി.. മൂന്നാം സ്ഥാനം എങ്കിലും ഉറച്ചു...ഹയ്യടാ ഹയ്യാ..

പിന്നേം ഓണ്‍ യുവര്‍ മാര്‍ക്ക്‌.. ഗെറ്റ്‌ സെറ്റ്‌...

എവനെന്താ ഓടാത്തത്‌?

ഫ്യൂ..............

വിസിലടിച്ചു ...

അയ്യോ മാഷേ ചാത്തനോടീല്ലാ.....
ഒന്നൂടെ എല്ലാരേം പിടിച്ചോണ്ട്‌ വരട്ടേ?

ഇനി നിനക്കു അടുത്ത കൊല്ലം ഓടാം, ഒന്നു പോയിനെടാ ചെക്കാ എവിടെ നോക്കി ഇരിക്കുവാരുന്നു..

ഭൂമി കറങ്ങുന്നുണ്ടോ.. ഇത്രയും നാളത്തെ അദ്ധ്വാനം, സ്വപ്നക്കൊട്ടാരങ്ങള്‍, പൗഡര്‍ടിന്നുകള്‍, സോപ്പുപെട്ടികള്‍ എല്ലാം ചാത്തനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നു..

വാല്‍ക്കഷ്ണം:
തുടര്‍ന്ന് വെറും വെള്ളത്തിലായ ഒരു പത്തൊമ്പതാം അടവും.സോളിടീച്ചറുടെ സാന്ത്വനവും...

വാലിന്റെ ബാക്കി കഷ്ണം:
ചാത്തനുവേണ്ടി കണ്ണീരൊഴുക്കിയവര്‍ക്കു മാത്രം വായിക്കാന്‍.

പിറ്റേന്ന് അസംബ്ലിയില്‍ സമ്മാന ദാനം. എല്ലാവര്‍ക്കും കൈ നിറയെ സമ്മാനങ്ങള്‍. മൂന്നാലു പൗഡര്‍ ടിന്ന് കിട്ടിയ ശ്രീ ഒന്ന് ചാത്തനോട്‌ എടുത്തോളാന്‍ പറഞ്ഞു. വേണ്ടാ. പിന്നേ ഈ കുട്ടിക്യൂറാ പൗഡറിന്‌ ഒരു ചീഞ്ഞ നാറ്റാ ചാത്തന്‍ പോന്‍ഡ്‌സ്‌ മാത്രേ ഉപയോഗിക്കൂ.

ഈ സമ്മാന ദാനമൊക്കെ ആരു ശ്രദ്ധിക്കാന്‍, ഇന്നത്തെ കളീലു ഒന്ന് ഓടുന്ന പോലീസായി നോക്കാം.

അനൗണ്‍സ്‌മന്റ്‌: പ്രൊവിഷന്‍സി പ്രൈസ്‌ :സെക്കന്റ്‌ സ്റ്റാന്‍ഡേര്‍ഡ്‌: ഫസ്റ്റ്‌ കുട്ടിച്ചാത്തന്‍
കയ്യടി!!!!!

പ്രൊവിഷന്‍സി പ്രൈസാ അതെന്തൂട്ട്‌ സാധനം!! ഇനി തോല്‍ക്കുന്നവര്‍ക്ക്‌ ആശ്വാസമായി കൊടുക്കുന്ന വല്ലോം ആണാ. കുട്ടിച്ചാത്തന്റെ അതേ പേരിലു സ്ക്കൂളിലു വേറാരുമില്ലാ അപ്പോള്‍ ചാത്തന്റെ പേരു തന്നെ വിളിച്ചത്‌. എല്ലാരും തിരിഞ്ഞു നോക്കുന്നു!!!

എവനെന്താ പോവാത്തത്‌.

ശ്രീ പിന്നീന്ന് തള്ളുന്നു. വിറച്ചകാല്‍പാദങ്ങളോടെ മുന്നോട്ട്‌.

പൊതി പിടിച്ചു പറിച്ച്‌ അഴിച്ചു.

ഒരു കുഞ്ഞ്‌ സ്റ്റീല്‍ഗ്ലാസ്‌!!!

ലോകം കീഴടക്കിയ സന്തോഷത്തോടെ വീട്ടിലേക്ക്‌.

അമ്മേ ഈ പ്രൊവിഷന്‍സി പ്രൈസ്‌* എന്നു വച്ചാലെന്താ?

നിനക്കു തന്നെ ഇതു കിട്ടണം എന്റെ കടിഞ്ഞിപ്പൊട്ടാ.(കടിഞ്ഞൂല്‍പ്പൊട്ടാ).

(ബാ ബാ ബ്ലാക്ക്‌ ഷീപ്പും, ട്വിങ്കിള്‍ ട്വിങ്കിളും, എ ബി സി ഡിയും അറിയുമെങ്കിലും നാലാം ക്ലാസില്‍ ഇംഗ്ലീഷ്‌ ഔദ്യോഗികമായി പഠിച്ചു തുടങ്ങാന്‍ പോകുന്ന ചാത്തനെങ്ങനാ പ്രൊവിഷന്‍സി പ്രൈസിന്റെ*(പ്രൊഫിഷന്‍സി പ്രൈസ് == ക്ലാസ് ഫസ്റ്റ് ,റാങ്ക്) അര്‍ത്ഥം രണ്ടാം ക്ലാസില്‍ അറിയുന്നതെന്റെ ഒരേ ഒരു അമ്മേ... )

Sunday, April 29, 2007

രാവണനും ഗോകര്‍ണ്ണവും-കുട്ടി(ച്ചാത്തന്‍) കഥകള്‍

അപ്പുവേ ഉറങ്ങാറായില്ലേ? മണി പത്താവാറായി. ടിവി ഓഫ്‌ ചെയ്യൂ.

ഉറക്കം വരുന്നില്ലമ്മേ ഒരു കഥ പറഞ്ഞു തരാമോ?

പിന്നേ എനിക്കിവിടെ നൂറുകൂട്ടം പണിയാ നീ അച്ഛനോടു പറ.

പിന്നെ പിന്നെ അമ്മയ്ക്ക്‌ അറിയാഞ്ഞിട്ടല്ലേ അമ്മൂമ്മയോ അപ്പൂപ്പനോ ഉണ്ടായിരുന്നെങ്കില്‍?

അച്ഛാ എനിക്കൊരു കഥ പറഞ്ഞു തരാമോ? അച്ഛനെന്താ കമ്പ്യൂട്ടറില്‍ ചെയ്യുന്നത്‌?

അച്ഛന്‍ ബ്ലോഗു വായിക്കുകയാ മോനെ ഇതാണു കുറുമാന്‍ ചേട്ടന്റെ യൂറോപ്പ്‌ സ്വപ്നങ്ങള്‍ മോനു ഈ കഥ പറഞ്ഞു തന്നാല്‍ മതിയോ?
...............

ഈ കഥ വേണ്ടാ നിക്ക്‌ അപ്പൂപ്പന്‍ പറയുമ്പോലത്തെ കഥ വേണം.

ആ കഥയൊന്നും എനിക്കറീല നീ പോയിക്കിടന്നോ അല്ലേല്‍ ഇവിടെങ്ങാന്‍ മിണ്ടാതിരുന്നോ.

അച്ഛാ ഇതേതാ ഈ കുഞ്ഞു വാവേടെ പടം.

ഇതാണു കുട്ടിച്ചാത്തന്‍

അതാരാ കുട്ടിച്ചാത്തന്‍?

അതോ നീ പോയി കിടന്നിട്ട്‌ കണ്ണടച്ചിട്ട്‌ ഓം ഹ്രീം കുട്ടിച്ചാത്താ വായോന്ന് മനസ്സില്‍ പറഞ്ഞോണ്ട്‌ കിടന്നാല്‍ മതി. അപ്പോള്‍ കുട്ടിച്ചാത്തന്‍ വന്ന് നിനക്ക്‌ കഥ പറഞ്ഞു തരും. മോന്‍ പോയിക്കിടന്നേ.

(പിള്ളേരെ ഇങ്ങനെ പറ്റിക്കരുത്‌ അപ്പൂന്റച്ഛാ)

അപ്പുവേ അപ്പു ന്നെ വിളിച്ചോ?

അ ആ ആരാ?

അപ്പു വിളിച്ചിട്ടല്ലേ കുട്ടിച്ചാത്തന്‍ വന്നത്‌?

ഞാ വെറുതേ വിളിച്ചതാ.

അതു കള്ളം അപ്പു കഥ കേള്‍ക്കാനല്ലേ വിളിച്ചത്‌.

കുട്ടിച്ചാത്തന്‍ കഥ പറയ്‌വോ?

പിന്നേ അപ്പൂന്‌ എങ്ങനത്തെ കഥ വേണം?

അപ്പൂന്‌ അപ്പൂപ്പന്‍ പറയുമ്പോലത്തെ കഥ വേണം.

അപ്പൂപ്പന്‍ എന്തൊക്കെ കഥയാ പറയാറ്‌?

ശ്രീകൃഷ്ണന്റെ ശ്രീരാമന്റെ ശിവന്റെ ഗണപതീടെ.

അപ്പൂനു ശ്രീരാമന്റെ കഥ അറിയോ.

ഉവ്വ്‌ ശ്രീരാമന്റേം സീതേടെം രാവണന്റേം കഥ അതു അപ്പൂനറിയാം.

അപ്പൂനു പരശുരാമന്‍ ആരാന്നറിയോ?

മ്‌ പരശുരാമന്‍ മഴുവെറിഞ്ഞിട്ടാ കേരളം ഉണ്ടായതെന്ന് അപ്പൂപ്പന്‍ പറഞ്ഞിട്ടുണ്ട്‌.

പരശുരാമന്‍ എവിടെനിന്നാ മഴുവെറിഞ്ഞത്‌ എന്നറിയാവോ?

ഇല്ലാ

പരശുരാമന്‍ മഴുവെറിഞ്ഞത്‌ ഗോകര്‍ണ്ണം എന്ന സ്ഥലത്തു നിന്നിട്ടാ. ആ സ്ഥലത്തിനു ആ പേരു വരാന്‍ കുറെ കഥകളുണ്ട്‌ അതിലൊന്നു പറഞ്ഞു തരാം കേട്ടിട്ടുണ്ടോ?

ഇല്ലാ അതു മതി.

അപ്പൂനു രാവണനെ അറിയാലോ? രാവണന്‍ ഭയങ്കര ദുഷ്ടനായിരുന്നെങ്കിലും രാവണന്റെ അമ്മ വല്യ ഭക്തയായിരുന്നു. രാവണന്റെ അമ്മേടെ പേരാണു കൈകസി. എന്ത്‌?

കൈകസി.

കൈകസി സാക്ഷാല്‍ ശ്രീ പരമേശ്വരന്റെ ഭക്തയായിരുന്നു. ആരാ ശ്രീ പരമേശ്വരന്‍ ന്നു അപ്പൂനറിയാമോ?

ശിവന്‍ അല്ലേ?

അതേ സാക്ഷാല്‍ പരമശിവന്‍ തന്നെ.

കൈകസി ഒരു ശിവലിംഗത്തിനു മുന്‍പിലാ പൂജ ചെയ്തിരുന്നത്‌, രാക്ഷസനാണേലും രാവണനും ശിവഭക്തനായിരുന്നതിനാല്‍ പൂജചെയ്യുന്നതിന്‌ ഒരെതിര്‍പ്പും പ്രകടിപ്പിച്ചില്ല. മൂന്ന് ലോകങ്ങളിലും കൈകസിയുടെ ശിവ ഭക്തിയുടെ വാര്‍ത്ത പരന്നു.

അപ്പൂനു ദേവന്മാരുടെ രാജാവാരാന്നറിയോ?

അതു ദേവേന്ദ്രനല്ലേ?

അതെ ഇന്ദ്രന്‍ തന്നെ. ദേവന്മാരും അസുരന്മാരും ശത്രുക്കളാന്നറിയാലോ?

ഉവ്വ്‌.അവരു തമ്മിലു എപ്പളും അടിയല്ലേ?

ഉവ്വ്‌ . അങ്ങനെയിരിക്കെ ഒരു അസുരസ്ത്രീ ഇങ്ങനെ ശിവപൂജ ചെയ്ത്‌ പുണ്യം സമ്പാദിക്കുന്നത്‌ ഇന്ദ്രനു സഹിക്ക്വോ? ഇന്ദ്രന്‍ ഒരു ദിവസം ആരും കാണാതെ ആ ശിവലിംഗം കട്ടെടുത്തു.

അയ്യോ എന്നിട്ട്‌?

എന്തു ചെയ്യാന്‍ കൈകസി ഓടി രാവണന്റെ അടുത്ത്‌ വന്ന് പരാതി പറഞ്ഞു.സ്വന്തം അമ്മ വന്ന്‌ കരഞ്ഞോണ്ട്‌ പറയുന്നത്‌ കേട്ടാല്‍ രാക്ഷസനാണേലും ഏത്‌ മകനെങ്കിലും സഹിക്ക്വോ? രാവണന്‍ കോപം കൊണ്ട്‌ വിറച്ചു.

എന്നിട്ട്‌? യുദ്ധത്തിനു പോയോ?

ഏയ്‌ ഇന്ദ്രന്‍ പണ്ടേ, രാവണന്‍ വരുന്നു എന്ന് കേട്ടാലേ മുങ്ങിക്കളയുന്ന ആളാ. മുങ്ങി നടക്കുന്ന ആളെ കണ്ടു കിട്ടിയിട്ടല്ലേ പിന്നല്ലേ യുദ്ധം.

രാവണന്‍ പറഞ്ഞു ഞാന്‍ സാക്ഷാല്‍ പരമശിവനെ തപസ്സ്‌ ചെയ്ത്‌ പ്രീതിപ്പെടുത്തി അദ്ദേഹത്തിന്റെ കയ്യില്‍ നിന്നു തന്നെ അമ്മയ്ക്ക്‌ പൂജിക്കാന്‍ ഒരു ശിവലിംഗം വാങ്ങിക്കൊണ്ടു വരാം എന്ന്.

പിന്നെ കൈലാസത്തിനടുത്ത്‌ വലിയൊരു തീക്കുണ്ഡമുണ്ടാക്കി അതിന്റെ മോളില്‍ കുറുകെ ഒരു വടി കെട്ടിയിട്ട്‌ അതില്‍ തല കീഴായിക്കിടന്നു തപസ്സു തുടങ്ങി. പതിനായിരം സംവത്സരം രാവണന്‍ തപസ്സ്‌ ചെയ്തു.

ഈ സംവത്സരം ന്നു വച്ചാലെന്താ ചാത്താ?

(ന്റെ പടച്ചോനെ പുലിവാലായല്ലോ അബദ്ധത്തില്‍ നാക്കില്‍ നിന്നും വീണും പോയി.)

അത്‌ അത്‌ ഒരു സംവത്സരം ന്ന് വച്ചാല്‍ ഒരു വര്‍ഷം.

രാവണനു പത്തു തലയില്ലേ ഒരോ ആയിരം വര്‍ഷം കഴിയുമ്പോഴും രാവണന്‍ ഓരോ തലയറുത്ത്‌ താഴെ തീക്കുണ്ഡത്തിലിടും. അങ്ങനെ പതിനായിരം വര്‍ഷം കഴിഞ്ഞ ദിവസം രാവണന്‍ അവസാനത്തെ തല ഹോമിക്കാന്‍ തുടങ്ങും മുന്‍പ്‌ ശിവന്‍ പ്രത്യക്ഷപ്പെട്ട്‌ രാവണനു നഷ്ടപ്പെട്ട ഒന്‍പത്‌ തലകളും തിരിച്ചു നല്‍കി. എന്നിട്ട്‌ രാവണനോട്‌ എന്താ വരം വേണ്ടതെന്നു ചോദിച്ചു.

രാവണന്‍ മൂന്ന് വരങ്ങള്‍ ചോദിച്ചു

ഒന്നാമത്തേത്‌ അമ്മയ്ക്ക്‌ പൂജിക്കാന്‍ വേണ്ടി ഒരു ശിവലിംഗം.
രണ്ടാമത്‌ അമരത്വം മൂന്നാമത്‌ ശ്രീപാര്‍വ്വതിയെപ്പോലെ സുന്ദരിയായ ഒരു സ്ത്രീ.

അമരത്വം ന്നു വച്ചാലെന്താ?

അമരത്വം വരമായിക്കിട്ടിയാല്‍ മരണമുണ്ടാവില്ല.

ശിവന്‍ ഇപ്രകാരം അരുളിച്ചെയ്തു. ശിവലിംഗം തരാം പക്ഷേ അമ്മയുടെ അടുത്തെത്തും വരെ അത്‌ നിലത്ത്‌ വയ്ക്കരുത്‌. അമരത്വം, ആര്‍ക്കും കൊടുക്കാത്ത ആ വരം, നിനക്കു നാം തരാം പക്ഷേ എന്നെങ്കിലും നീ നമ്മെ ഉപദ്രവിക്കാന്‍ മുതിര്‍ന്നാല്‍ അമരത്വം നഷ്ടമാവും. മൂന്നാമത്തെ വരം മൂന്ന് ലോകങ്ങളിലും ശ്രീപാര്‍വ്വതിയോളം സുന്ദരിയായ ഒരേ ഒരു സ്ത്രീ പാര്‍വ്വതി മാത്രമാണ്‌ അതിനു പകരം മറ്റൊരു വരം ചോദിക്കൂ.

എന്നാല്‍ രാവണന്‍ വരം മാറ്റിച്ചോദിക്കാന്‍ തയ്യാറായില്ലാ. വരം ചോദിച്ചാല്‍ കൊടുക്കേണ്ടേ, അങ്ങനെ ഗത്യന്തരമില്ലാതെ ശിവനു പാര്‍വ്വതിയെക്കൂടി രാവണനു കൊടുക്കേണ്ടിവന്നു.

രാവണന്‍ മടക്കയാത്ര ആരംഭിച്ചു. അപ്പോഴേക്കും രാവണനു വരങ്ങള്‍ കിട്ടിയ കാര്യം എല്ലാവരും അറിഞ്ഞു. രാവണന്റെ അമരത്വം എങ്ങിനേയും നഷ്ടപ്പെടുത്താന്‍ ഇന്ദ്രന്‍ നാരദനെ രാവണന്റെ അടുത്തേക്കയച്ചു.

നാരദന്‍ രാവണനെ വഴിയില്‍ വച്ച്‌ കണ്ടു മുട്ടി.എന്നിട്ട്‌ രാവണനോട്‌ പറഞ്ഞു. അമരത്വം വരമായി നല്‍കാനുള്ള അധികാരമൊന്നും പരമശിവനില്ല.രാവണാ നീ വഞ്ചിക്കപ്പെട്ടു.

നാരദനല്ലേ ഈ പറയുന്നതു രാവണനു അല്‍പാല്‍പമായി വിശ്വാസവും അതോടോപ്പം കോപവും വന്നു തുടങ്ങി. ദേഷ്യം കാരണം രാവണന്‍ തന്റെ ഇരുപതു കൈകളും കൊണ്ട്‌ കൈലാസത്തിന്റെ ഒരു ഭാഗം ഇളക്കിയെടുത്തെറിഞ്ഞു. കൈലാസം ശിവന്റെ വാസസ്ഥലമല്ലേ അതു നശിപ്പിക്കുന്നതു ശിവനെ ഉപദ്രവിക്കുന്നതിനു തുല്യമല്ലേ. അതോടു കൂടി രാവണന്റെ അമരത്വം നഷ്ടപ്പെട്ടു. ഇത്‌ ബോധ്യമായ നാരദന്‍ സ്ഥലം വിട്ടു. അപ്പോഴാണ്‌ രാവണനു പറ്റിയ മണ്ടത്തരം മനസ്സിലായത്‌. ഇളിഭ്യനായ രാവണന്‍ പാര്‍വ്വതിയെ എടുത്ത്‌ തോളില്‍ വച്ച്‌ നടന്നു തുടങ്ങി.

അസുരന്റെ തോളില്‍ ഇരിക്കേണ്ടിവന്ന പാര്‍വ്വതി സ്ഥിതികര്‍ത്താവായ വിഷ്ണുവിനെ വിളിച്ചു വിലപിച്ചു. വൈകുണ്ഡത്തിലിരുന്ന് മഹാവിഷ്ണു ആ രോദനം കേട്ടു.

രാവണനു മുന്‍പില്‍ ഒരു വൃദ്ധബ്രാഹ്മണന്‍ പ്രത്യക്ഷപ്പെട്ടു.

ഇതാര്‌ ത്രിലോക വിജയി രാവണനോ? ഇതെന്താ ഒരു കിഴവിയേയും തോളിലേറ്റിപ്പോവുന്നത്‌?

കിഴവിയോ പടുവിഡ്ഢീ കണ്ണുതുറന്ന് നോക്ക്‌ ഇത്‌ ത്രിപുരസുന്ദരി ശ്രീപാര്‍വ്വതിയാണ്‌ ശ്രീപരമേശ്വരന്‍ തന്നെയാണ്‌ പാര്‍വ്വതിയെ വരമായി നല്‍കിയത്‌.

ഈ കണ്ണുവച്ച്‌ രാക്ഷസരാജാവ്‌ രാവണനെ എനിക്കു തിരിച്ചറിയാന്‍ പറ്റുമെങ്കില്‍ പാര്‍വ്വതിയെയും ഒരു കിഴവിയെയും തിരിച്ചറിയാനാണോ പ്രയാസം ശ്രീപരമേശ്വരന്‍ താങ്കളെ കബളിപ്പിച്ചതാ അങ്ങ്‌ തോളില്‍ കൊണ്ട്‌ നടക്കുന്നത്‌ ഒരു പടുകിഴവിയേയാ.

രാവണനു സംശയമായി. പത്ത തലകളും ഒരുമിച്ചുയര്‍ത്തിനോക്കി.
അതാ പാര്‍വ്വതിയുടെ സ്ഥാനത്ത്‌ ഒരു പടുകിഴവിയിരിക്കുന്നു!!!!.

അതെങ്ങനാ ചാത്താ പരമശിവന്‍ രാവണനെ പറ്റിച്ചതാണോ?\

ഏയ്‌ വൃദ്ധബ്രാഹ്മണന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അതു മഹാവിഷ്ണു തന്നെ രക്ഷിക്കാന്‍ വേഷം മാറിവന്നതാണെന്ന് പാര്‍വ്വതിക്കു മനസ്സിലായി. രാവണന്‍ മുകളിലേക്ക്‌ നോക്കുന്ന സമയത്ത്‌ പാര്‍വ്വതി തന്റെ മായാവിദ്യ ഉപയോഗിച്ച്‌ ഒരു വൃദ്ധയുടെ രൂപം എടുത്തു.

അതുകൊള്ളാലോ എന്നിട്ട്‌ രാവണന്‍ എന്തു ചെയ്തു?

രാവണന്‍ കിഴവിത്തള്ളയെ അവിടിറക്കിയിട്ടു പിന്നേം യാത്രതുടര്‍ന്നു.കഷ്ടപ്പെട്ട്‌ തപസ്സ്‌ ചെയ്ത്‌ സമ്പാദിച്ച രണ്ട്‌ വരങ്ങള്‍ ദേവന്മാര്‍ ചതിയില്‍ ഇല്ലാതാക്കി ഇനി ശിവലിംഗം മാത്രം ബാക്കി, അതിനുവേണ്ടിയാണ്‌ തപസ്സ്‌ തുടങ്ങിയതു തന്നെ അതും കൂടി ഇല്ലാതായാല്‍!!! അതോര്‍ത്ത്‌ രാവണനു പരിഭ്രമം കൂടി. അങ്ങനെ പരിഭ്രമം കൂടിയാല്‍ സാധാരണ എന്താണ്ടാവ്‌വാ?

എന്താണ്ടാവ്‌വാ?

രാവണന്റെ വയറിനകത്തൊരു കമ്പനോം ഉരുണ്ടുകയറ്റോം. രണ്ടിനു പോകാതെ നിവൃത്തിയില്ലാന്നായി.

ഹിഹിഹി എന്നിട്ട്‌?

ശിവലിംഗം കയ്യിലിരിക്കയല്ലേ അതും എടുത്തോണ്ട്‌ കാര്യം സാധിക്കാന്‍ പറ്റ്വോ പാപല്ലേ? ശിവലിംഗം അമ്മയുടെ അടുത്തെത്തും വരെ നിലത്ത്‌ വയ്ക്കുകയും ചെയ്യരുത്‌. രാവണന്‍ ആകെ ധര്‍മ്മസങ്കടത്തിലായി.

അയ്യോടാ പാവം രാവണന്‍..

രാവണന്‍ ചുറ്റും നോക്കി.അതാ ഒരു കൊച്ചു പയ്യന്‍ കന്നാലികളെയും തെളിച്ചോണ്ട്‌ വരുന്നു.

അപ്പൂനെപ്പോലിരിക്ക്വോ?

അപ്പൂനെക്കാളും ഇത്തിരികൂടി വല്യ പയ്യന്‍.

എന്നിട്ട്‌?

രാവണന്‍ ആ പയ്യന്റെ കൈയ്യില്‍ ശിവലിംഗം കൊടുത്തിട്ട്‌ പറഞ്ഞു ഞാനിപ്പോ വരാം മോന്‍ ഇതും പിടിച്ചോണ്ടിവിടെ നില്‍ക്കണം, എന്തു വന്നാലും താഴെ വയ്ക്കരുത്‌ എന്ന്.

പയ്യന്‍ പറഞ്ഞു അര നാഴിക നേരം കൊണ്ട്‌ വന്നില്ലെങ്കില്‍ ഞാനിത്‌ ഇവിടെ വച്ചിട്ട്‌ പോകും.

രാവണനു വേറെ ഒരു വഴിയുമില്ലാതിരുന്നതിനാല്‍ അതും സമ്മതിച്ച്‌ അവിടുന്ന് ഓടിപ്പോയി.

അരനാഴിക നേരം കഴിഞ്ഞു. രാവണനെ കാണാനില്ല. പയ്യന്‍ ശിവലിംഗം താഴെ വച്ച്‌ സ്വന്തം രൂപമെടുത്ത്‌ കൈകൂപ്പി ഇങ്ങനെ പറഞ്ഞു. അച്ഛാ ശിവലിംഗം താഴെ വച്ചതില്‍ ക്ഷമിക്കണം ആ രാക്ഷസനു ഇതു പൂജിക്കുവാനുള്ള അര്‍ഹതയില്ലായിരുന്നു.

അച്ഛാന്നോ അപ്പോള്‍ ആ കന്നാലിച്ചെക്കന്‍ ആരായിരുന്നു?

ആരാവും?

ഇങ്ങനെ ഒരു കുസൃതി കാണിക്കണമെങ്കില്‍ അതു അപ്പൂന്റെ സ്വന്തം ഗണപതി ഭഗവാനല്ലാതെ മറ്റാരുമാവില്ല.

അപ്പൂനു നൂറില്‍ നൂറ്‌ മാര്‍ക്ക്‌.

എന്നിട്ട രാവണനെന്തു ചെയ്തു.

രാവണന്‍ തിരിച്ചു വന്നപ്പോള്‍ പയ്യനെ കാണാനില്ല. താഴെയിരുന്ന ശിവലിംഗം പെട്ടന്ന് ഒരു പശുവായി മാറി ഭൂമിയിലേക്ക്‌ ആഴ്‌ന്നിറങ്ങി. രാവണന്‍ ഇത്തിരി ദൂരെയായിരുന്നു.അവിടുന്നും ഓടി വന്ന് ജോണ്ടി റോഡ്‌സ്‌ ചാടണ മാതിരി ഒരു ചാട്ടം.

പശു ഭൂമിയിലേക്ക്‌ താഴ്‌ന്നോണ്ടിരിക്കുകയല്ലേ.പിടിത്തം കിട്ടിയത്‌ പശൂന്റെ ചെവിയില്‍ മാത്രം അത്‌ മാത്രം ഭൂമിയിലേക്ക്‌ താഴ്‌ന്ന് പോവാതെ അവിടെ ഉറച്ചു നിന്നു.

എന്നിട്ട്‌?

എന്നിട്ടോ പതിനായിരം വര്‍ഷം തപസ്സ്‌ ചെയ്ത്‌ കിട്ടിയ മൂന്ന് വരങ്ങളും നഷ്ടപ്പെടുത്തിയ സങ്കടത്തോടെ, രാവണന്‍ ലങ്കയിലേക്ക്‌ നടന്നു. പശുവിന്റെ ചെവി അവിടെ ഉറച്ചുപോയതിനാല്‍ ആ സ്ഥലം പിന്നെ 'ഗോകര്‍ണ്ണം' എന്ന് അറിയപ്പെട്ടു. ഗോവ്‌ എന്നു വച്ചാല്‍ പശു. കര്‍ണ്ണം എന്നുവച്ചാല്‍ ചെവി.

നല്ലകഥ ഹ്‌ ഹാ വൂ.. അപ്പൂന്‌ ഒറക്കം വരുന്നു. ചാത്തന്‍ അപ്പൂന്റെ കൂടെ ഇവിടെ കിടന്നുറങ്ങുന്നോ?

ഏയ്‌ ചാത്തന്‍ പോവ്‌വാ. കടലിനക്കരെ നിന്നു ഒരു വിച്ചു ഇപ്പോ വിളിക്കുന്നുണ്ട്‌. അപ്പു ഉറങ്ങിക്കോ. ഇനി കഥ കേള്‍ക്കണം ന്ന് തോന്നുമ്പോള്‍ വിളിച്ചാ മതി...

വാല്‍ക്കഷണം:

വിച്ചൂ മിണ്ടാണ്ടവിടെ ഇരുന്നോണം, കഥകേള്‍ക്കണേല്‍ അച്ഛനോട്‌ ചോദിച്ചാല്‍ മതി..
പിന്നേ.. കടലു കടന്ന് കുട്ടിച്ചാത്തന്‍ വരണം പോലും, ചാത്തനാണെങ്കില്‍ നീന്തലും അറിയില്ലാ.

Wednesday, April 18, 2007

സര്‍ദാര്‍ജിമാരുടെ നാട്ടില്‍- ഏതോ ഒരു എപ്പിഡോസ്‌ -6-അവസാനിക്കുന്നു.

തുടര്‍ച്ച--ഒരു യാത്രയില്‍ നിന്ന്



ഡല്‍ഹി കടന്നു, ഇരുട്ടത്ത്‌ ഗോതമ്പു പാടങ്ങള്‍ പൂക്കുന്നുണ്ടാവാം. ആര്‍ക്കറിയാം.ബസ്സിലുള്ള ബാക്കി എല്ലാവരും ഐസ്‌ ലാന്‍ഡിലേക്കാ പോകുന്നത്‌ എന്ന് തോന്നും. മുഴുവന്‍ മൂടിപ്പുതച്ചിരിക്കുന്നു. ഒരു പക്ഷേ സിംലയില്‍ അത്രേം തണുപ്പ്‌ കാണും. ചണ്ഡീഗഡിലേക്ക്‌ ഞങ്ങള്‍ രണ്ട്‌ പേരും മാത്രമെയുള്ളൂ എന്ന് മനസ്സിലായി.സ്വറ്ററിടണോ. ഏയ്‌.രണ്ട്‌ വര്‍ഷം മുന്‍പ്‌ ബാംഗ്ലൂര്‌ വച്ച്‌ മുഴുവന്‍ കന്നഡക്കാരും, ഈ തണുപ്പാണ്‌ ദക്ഷിണധ്രുവത്തിലെ തണുപ്പേ, എന്ന് പറഞ്ഞ്‌ മൂടിപ്പുതച്ച്‌ നടന്നപ്പോള്‍ നേരിയ ഷര്‍ട്ടും ഇട്ട്‌ ഹോട്ടായി ചെത്തി നടന്ന ചാത്തന്‍ ഇത്‌ കണ്ട്‌ ഭയപ്പെടുകയോ. ഛായ്‌ ലഞ്ഞാവഹം(ലജ്ജാവഹം). കൂട്ടുകാരനും അങ്ങനെ തന്നെ പുച്ഛത്തോടെ ഇരിപ്പുണ്ട്‌.

ചായ,കാപ്പി കുടിക്കാന്‍ നിര്‍ത്തി. എത്ര സമയമായി ഇവര്‍ക്കൊന്ന് പുറപ്പെട്ടൂടെ. അവസാനത്തേതിന്റെ ശേഷമുള്ള ബസ്സെങ്കിലും കിട്ടാനുള്ള ചാന്‍സ്‌ ഇല്ലാതാക്കുമെന്നാ തോന്നുന്നത്‌.ഹോ ഭാഗ്യം, വണ്ടി പുറപ്പെട്ടു.

രണ്ട്‌ മൂന്ന് നാളായി ദിവസത്തിന്റെ മുക്കാല്‍ ഭാഗവും ഉറങ്ങിത്തീര്‍ക്കുകയാണെങ്കിലും മുഴുവനായി അടയാത്ത ഗ്ലാസിന്റെ ഇടയിലൂടെ വരുന്ന നേര്‍ത്ത കാറ്റ്‌ ഉറക്കവും കൂടെ കൊണ്ടു വന്നു. പതുക്കെ പതുക്കെ കാറ്റിനു തണുപ്പ്‌ കൂടുന്നു. വിജനമായ വീഥിയില്‍ ബസ്സിനു വേഗത കൂടി. ചില്ലു ജാലകം കൂടുതല്‍ ഒച്ചപ്പാടുണ്ടാക്കി ഇളകിക്കൊണ്ടിരിക്കുന്നു. തണുപ്പ്‌ കാരണം ഉറക്കം നഷ്ടപ്പെട്ട്‌ തുടങ്ങി.

കണ്ണ്‌ തുറക്കാതെ വയ്യാന്നായി. അയ്യോ ഇതാരാ ഒരു ആജാനബാഹു ചാത്തന്റെ സൈഡില്‍ ഇരിക്കുന്നത്‌, കൂട്ടുകാരനെവിടെ, കണ്ണുതിരുമ്മിനോക്കി. മങ്കീക്യാപും പച്ച ജാക്കറ്റും ഇട്ടിരിക്കുന്നത്‌ കൂട്ടുകാരന്‍ തന്നെ!!!

ഇവനെപ്പോള്‍ കാല്‌ മാറി!!

അംജത്‌ ഖാന്റെ മിലിട്ടറി ജാക്കറ്റ്‌ മകന്‌ ഇത്തിരി വലുതാണെങ്കിലും നല്ല ചേര്‍ച്ച. ഒരു പട്ടാള ലുക്കൊക്കെയുണ്ട്‌. 'തണുപ്പ്‌' പോയിട്ട്‌ 'ത' പോലും അതിനുള്ളില്‍ കടക്കൂല. ഭാഗ്യവാന്‍. ചാത്തന്‍ വിറച്ച്‌ തുടങ്ങി. കുട്ടിക്കാലത്ത്‌ പനിവരുമ്പോള്‍ ഇടുന്ന ഒരു കൊച്ച്‌ സ്വറ്റര്‍ ഉണ്ട്‌ അതിട്ടേക്കാം. ഛെ ഇത്‌ ചെറുതായിപ്പോയി ഫുള്‍സ്ലീവായിട്ടും കൈമുട്ടിന്‌ തൊട്ട്‌ താഴെ വരെ മാത്രം. ഏയ്‌ ഇത്‌ മതീന്നേ.

തണുപ്പ്‌ കൂടിവരുന്നു. പുതുതായി വാങ്ങിയ ജാക്കറ്റ്‌ കൂടെ ഇട്ടേക്കാം. ഒരു വഴിക്ക്‌ പോകുവല്ലേ. അതൂടെ ഇരിക്കട്ടെ.ഇതെന്താ തണുപ്പ്‌ പിന്നേം കൂടിക്കൂടി വരുന്നു. ഇനിയിപ്പോള്‍ എന്താ ചെയ്യുക? കൂട്ടുകാരനോട്‌ അല്‍പസമയം ജാക്കറ്റ്‌ കടം ചോദിച്ചാലോ? അപ്പോള്‍ പിന്നെ അവനെന്തിടും?

ഒരു ചുവന്ന കുറച്ച്‌ കട്ടിയുള്ള ഒരു ടീഷര്‍ട്ട്‌ ഉണ്ട്‌, ബഹിരാകാശയാത്രികരെപ്പോലെ കഴുത്തിന്‌ ചുറ്റും കോളര്‍ ഒക്കെയുള്ളത്‌ അതൂടെ ഇട്ടേക്കാം. പതുക്കെ പതുക്കെ അലക്കി ഇസ്തിരിയിട്ട്‌ മടക്കിവച്ച ഷര്‍ട്ടുകളുടെ കാലി ബാഗ്‌ വേറെ ഒരു ബാഗിനുള്ളിലെത്തി. മെലിഞ്ഞിരിക്കുന്നതുകൊണ്ട്‌ എത്ര ഷര്‍ട്ട്‌ വേണേലും ഇടാലോ. എന്നാലും തണുപ്പങ്ങോട്ട്‌ വിട്ട്‌ മാറുന്നില്ലാ.

ഇടയ്ക്ക്‌ കണ്ണ്‌ തുറന്ന കൂട്ടുകാരന്‍ മെലിഞ്ഞുണങ്ങിയ ചാത്തന്‍ അങ്കിള്‍ ബണ്ണായിരിക്കുന്ന കാഴ്ച കണ്ട്‌ ഞെട്ടി. അവന്റെ കയ്യിലുള്ള ഒരു സ്വറ്റര്‍ ഓഫര്‍ ചെയ്തു. അതും കൂടിയായിട്ടും വല്യ വിശേഷമൊന്നുമില്ലാ. കാലില്‍ കിടക്കുന്ന ജീന്‍സിന്‌ അത്രയ്ക്കൊന്നും തണുപ്പ്‌ പ്രതിരോധിക്കാന്‍ വയ്യ അവിടം വഴിയും തണുപ്പ്‌ അരിച്ച്‌ കയറുന്നു.

മങ്കീക്യാപ്‌ എടുത്തോ എടുത്തോ ന്ന് അമ്മ നൂറ്‌ തവണ പറഞ്ഞതാ, അതിട്ടോണ്ട്‌ നടന്നാല്‍ ഹെയര്‍സ്റ്റൈല്‍ പുറത്ത്‌ കാണൂല. ഒടുക്കത്തെ ജാഡ കാരണം വേണ്ടാന്നു വച്ചു. ഒരു ബാഗ്‌ അമ്മയാ പാക്ക്‌ ചെയ്തത്‌ ഇനി ചാത്തന്‍ കാണാതെ എങ്ങാനും അതിലിട്ടിട്ടുണ്ടോ?. ങേ ഇതിന്റെ സൈഡ്‌ പോക്കറ്റിലൊരു കട്ടി. അതെ തന്നെ മങ്കീ ക്യാപ്പ്‌!!! ചാത്തനിപ്പോ നാട്ടില്‍പ്പോണം അമ്മേക്കാണണം. തണുപ്പുകൊണ്ടാവണം രോമമെല്ലാം എഴുന്ന് നില്‍ക്കുന്നു.

ഇടിമിന്നലുകള്‍ ബസ്സിനുള്ളില്‍ ചാത്തന്റെ തലക്കു മീതെ കറങ്ങി നടക്കുന്നു, "സ്‌ സ്‌ സ്‌" പാമ്പു കടിച്ചതാ. ശബ്ദമൊന്നുമുണ്ടാക്കാതെ ബസ്‌ നിന്നു. എന്തോ യന്ത്രത്തകരാറ്‌ അതിനും ജലദോഷം പിടിച്ചെന്നാ തോന്നുന്നേ. പുറത്തേക്ക്‌ വെറുതേ ഇറങ്ങി, തൊട്ടടുത്ത സെക്കന്റില്‍ തിരിച്ചു കയറി, പുറത്തെ കാലാവസ്ഥ വച്ച്‌ നോക്കുമ്പോള്‍ ബസ്സിനകം സ്വര്‍ഗ്ഗമാണേ. എന്തൊരു തണുപ്പ്‌, എന്തൊരു തണുപ്പ്‌..

കുറേ സമയം ബസ്‌ അവിടെക്കിടന്നു. വിനാശകാലത്ത്‌ തോന്നുന്ന ബുദ്ധി മൊത്തം വിപരീതമാണെന്ന് മനസ്സിലാക്കി.എന്തിനാണാവോ സര്‍ക്കാര്‍ ശകടം തന്നെ തിരഞ്ഞെടുത്തത്‌!!. വീണ്ടും ഭാഗ്യം ആ വഴി വന്നു. വണ്ടി അനങ്ങിത്തുടങ്ങി. എപ്പോഴോ ഉറക്കം തിരിച്ചു വന്നു.

കണ്ടക്ടര്‍ കുലുക്കിവിളിക്കുന്നു. നിങ്ങളല്ലേ ചണ്ഡീഗഡ്‌ ഇറങ്ങണമെന്ന് പറഞ്ഞവര്‍. ഇവിടിറങ്ങിക്കോ. അയ്യോ ബസ്‌ സ്റ്റാന്‍ഡൊന്നും കാണുന്നില്ലാലോ. വണ്ടി കേടായതു കാരണം ലേറ്റായി. സ്റ്റാന്‍ഡില്‍ പോകുന്നില്ലാ, അല്ലാ അവിടെപ്പോയിട്ടും വല്യ കാര്യമൊന്നുമില്ലാലൊ അവിടേം ഇത്രയൊക്കെ ആളനക്കമൊക്കെയേ കാണുള്ളൂ. നിങ്ങള്‍ക്ക്‌ പോകാനുള്ള സ്ഥലത്തേക്ക്‌ ഇവിടുന്ന് ഓട്ടോ കിട്ടും.

എന്നാലും ചോദിക്കാനും പറയാനും ഇന്നാട്ടില്‍ ആളില്ലേ? സ്റ്റാന്‍ഡില്‍ പോവാതെങ്ങനാ?
ചാത്തനു ചോദിക്കണമെന്നുണ്ട്‌ പക്ഷേ ഹിന്ദിയില്‍ തെറിയൊന്നും പഠിച്ചിട്ടില്ലാലൊ.

ഇറങ്ങി, ഒരു ജംഗ്ഷന്‍. ആകെ ഒരു ഓട്ടോ കിടപ്പുണ്ട്‌.മറ്റൊരു മനുഷ്യജീവിയെപ്പോലും കാണാനില്ല. ഇതെന്ത്‌ ഓട്ടോ ആദ്യായിട്ട്‌ കാണുകയാ 6 പേര്‍ക്ക്‌ ഇരിക്കാവുന്ന തരം ഒന്ന്!!!എന്തായാലും ഞങ്ങള്‍ രണ്ട്‌ പേര്‍ക്കും പെട്ടി ബാഗുകള്‍ക്കും വിശാലമായ സൗകര്യം.അഡ്രസ്സ്‌ കാണിച്ചു കൊടുത്തു. അത്‌ അവിടെ അടുത്താണെന്ന് സര്‍ദാര്‍. സഹ പ്രവര്‍ത്തകരെ വിളിച്ച്‌ നോക്കാന്‍ ഒരു ടെലിഫോണ്‍ ബൂത്തും കാണാനില്ല. അയാള്‍ക്ക്‌ സ്ഥലം അറിയാന്നല്ലേ പറഞ്ഞത്‌. കാശെത്ര വേണമെന്ന് ചോദിക്ക്‌. 100 രൂപ. എങ്ങനെങ്കിലും ഈ തണുപ്പില്‍ നിന്ന് രക്ഷപ്പെടണം കൊടുത്തേക്കാം കൂടുതലാണോ അല്ലയോ എന്നറിയാനും വഴിയില്ലാലൊ.

മാനസാ ദേവി കോപ്ലക്സ്‌ അവിടെയാണ്‌ ഞങ്ങള്‍ക്ക്‌ പോകേണ്ടത്‌. ഒരു റെയില്‍ പാളവും കടന്ന് ഞങ്ങള്‍ യാത്ര തുടരുന്നു. ദൂരെയായി മനസാ ദേവിയുടേതാകാം(ആണ്‌) ഒരമ്പലം കണ്ട്‌ തുടങ്ങി. പക്ഷേ ഞങ്ങള്‍ക്കുള്ള അറിവു പ്രകാരം പോകേണ്ടത്‌ കുറേ ഫ്ലാറ്റുകള്‍ നിരന്ന് നില്‍ക്കുന്ന ഒരു സ്ഥലത്തേക്കാ ഇവിടെ ഫ്ലാറ്റ്‌ സമുച്ചയം പോയിട്ട്‌ ഒരെണ്ണം പോലും കാണുന്നില്ല. ഓട്ടോക്കാരനോട്‌ അടുത്ത വെളിച്ചം കാണുന്നിടത്ത്‌ വണ്ടി നിര്‍ത്താന്‍ പറഞ്ഞു. ഒരു ഗേറ്റും ഗേറ്റ്‌ കീപ്പറും അയ്യാളെം അഡ്രസ്സ്‌ കാണിച്ചു.

അയ്യോ നിങ്ങള്‍ വന്ന വഴി ഒരു പാളം കണ്ടില്ലേ അവിടുന്ന് വലത്തോട്ട്‌ പോണം.പാളം കടന്ന് ഇങ്ങോട്ട്‌ വരണ്ടായിരുന്നു. ഇത്‌ മനസാ ദേവി ക്ഷേത്രത്തിലേക്കുള്ള വഴിയാ.

ആ തണുപ്പിലും ഞങ്ങളുടെ ചോര തിളച്ചു. വഴിയൊക്കെ അറിയാം എന്ന് പറഞ്ഞവന്‌ രണ്ട്‌ പൊട്ടിച്ചാലോ?. വണ്ടിതിരിച്ച്‌ വിടാന്‍ പറഞ്ഞപ്പോള്‍,സര്‍ദാര്‍ക്ക്‌ ഇംഗ്ലീഷ്‌ അറിയില്ലാന്നും ഞങ്ങള്‍ അഡ്രസ്സ്‌ എഴുതിയ കടലാസ്‌ നോക്കി വായിച്ചോണ്ടിരുന്നത്‌ കേട്ടാണ്‌ സര്‍ദാര്‍ പോകേണ്ട സ്ഥലം ഊഹിച്ചതെന്നും ആളുടെ നിഷ്കളങ്കമുഖം, സര്‍ദാര്‍ പറയാതെ തന്നെ ഞങ്ങള്‍ക്ക്‌ മനസ്സിലാക്കിത്തന്നതിനാല്‍ ഞങ്ങളൊന്നും പറഞ്ഞില്ല.

വലത്തോട്ട്‌ അല്‍പദൂരം പോയപ്പോഴേക്കും ഒരു ഐഡിബിഐ എടിഎം കണ്ടു. ചണ്ഡിഗഡ്‌ മൊത്തം രണ്ട്‌ ഐഡിബിഐ എടിഎം മാത്രമെയുള്ളൂ എന്നും ഒന്ന് സഹപ്രവര്‍ത്തകര്‍ താമസിക്കുന്നതിനടുത്താണെന്നും ഓര്‍ത്തെടുത്തപ്പോള്‍ ആശ്വാസം തോന്നിത്തുടങ്ങി. ഫ്ലാറ്റ്‌ സമുച്ചയങ്ങള്‍ കണ്ട്‌ തുടങ്ങി. ആദ്യത്തേതിന്റെ തന്നെ വാച്ച്‌മാനോട്‌ 32ആം നമ്പര്‍ എവിടെന്നന്വേഷിച്ചു. കൃത്യമായി അറിയില്ല എല്ലാത്തിന്റെം പുറത്ത്‌ നമ്പര്‍ എഴുതീട്ടുണ്ട്‌ നോക്കി നോക്കിപ്പോവാന്‍ അയാള്‍ ഉപദേശിച്ചു.

ദേ കിടക്കുന്നു 32ആം നമ്പര്‍. അതിലെ വാച്ച്‌മാനോട്‌ ഫ്ലാറ്റ്‌ നമ്പര്‍ 302വിലേ ആള്‍ക്കാരെ വിളിക്കാന്‍ പറഞ്ഞു. അവരു വരുമ്പോഴേക്ക്‌ ഓട്ടോക്കാരനെ 100 രൂപകൊടുത്ത്‌ വിട്ടു. ഒരിക്കല്‍ പോയവഴി മൊത്തം തിരിച്ച്‌ വന്ന വഹ സര്‍ദാര്‍ കാശ്‌ കൂടുതല്‍ ചോദിച്ചാല്‍ അയാള്‍ക്കിട്ട്‌ ഒന്ന് പൊട്ടിക്കാനിരുന്നതാ. അയാള്‍ തര്‍ക്കിക്കാന്‍ നിന്നില്ല. സര്‍ദാരിന്റെ ഭാഗ്യമോ മണ്ടത്തരമോ എന്തോ..

വന്ന ഉടനെ എല്ലാരും കൂടി ഭാണ്ഡക്കെട്ടെല്ലാമെടുത്ത്‌ ഒറ്റ ഓട്ടം മുറിയിലെത്തിയ ഉടനെ റൂം ഹീറ്റര്‍ ന്ന് പറയുന്ന ഒരു കത്തിച്ചുവന്നിരിക്കുന്ന ഒരു വടിയുടെ അടുത്ത്‌ എല്ലാരും കൂടി. സമയം രണ്ട്‌ മണി കഴിഞ്ഞു. ഒരു മിനിറ്റ്‌ പുറത്തിറങ്ങിയ വഹയിലാ ഈ വെപ്രാളം അപ്പോള്‍ ആ തണുപ്പത്ത്‌ ബസ്സില്‍ വന്ന ഞങ്ങളുടെ കാര്യമോ!

ഒന്ന് വിറനിന്ന ശേഷം ആദ്യ ചോദ്യം- നിങ്ങളോട്‌ നാളെ വന്നാല്‍ മതീന്ന് പറഞ്ഞതല്ലെ?
ഇന്നിപ്പോ എങ്ങനാ സ്റ്റാന്‍ഡില്‍ നിന്നിവിടെ വന്നത്‌? ഓട്ടോക്കെത്ര രൂപകൊടുത്തു?

ഓട്ടോക്ക്‌ 100 രൂപയേ കൊടുത്തുള്ളൂ എന്ന് പറഞ്ഞപ്പോള്‍ എല്ലാരും മുഖത്തോട്‌ മുഖം നോക്കുന്നു. അതെങ്ങനെ ഇത്ര കുറച്ച്‌!!!!.

ബസ്സ്‌ സ്റ്റാന്‍ഡ്‌ വരെ പോയില്ലാ വഴിക്കിറക്കി, ഒരുപക്ഷേ അത്‌ അടുത്തായതോണ്ടാവാം. എന്നാലും വെറും 100 രൂപയോ അതും ഈ പാതിരായ്ക്ക്‌!!!!

എന്തോ ലാഭമാണല്ലേ, പിന്നെ എന്തിനാ ആലോചിച്ച്‌ തലപുണ്ണാക്കുന്നത്‌, ചിലപ്പോ വഴിതെറ്റിച്ച വക സര്‍ദാരിനെ കൈകാര്യം ചെയ്യുമെന്ന് പേടിച്ച്‌ കൂടുതല്‍ വാങ്ങാത്തതാവും. എന്തായാലും ബാക്കി കാര്യം നാളെ രാവിലെ.

പിറ്റേന്ന് വെള്ളം ചൂടാക്കിക്കുളിച്ച്‌ കുറിതൊട്ട്‌ ഓഫീസിലേക്ക്‌.അവിടുന്ന് അടുത്താണ്‌. തൊട്ടറ്റുത്ത ജംഗ്ഷന്‍. നടക്കുകയാണെങ്കില്‍ 20 മിനിറ്റ്‌.ബൈക്കിലാണെങ്കില്‍ 2മിനിറ്റ്‌. ജംഗ്ഷനിലെത്തിയപ്പോള്‍ ചാത്തനും കൂട്ടുകാരനും ബോധോദയമുണ്ടായി. ഇത്‌ താന്‍ ഞങ്ങള്‍ രാത്രി വന്നിറങ്ങിയ ജംഗ്ഷന്‍.10 രൂപേടെ ദൂരം രാത്രിയായതോണ്ട്‌ ഒരു 5 ഇരട്ടി എടുത്താലും 50 രൂപ മാത്രേ വരൂ.

അങ്ങനെ ആദ്യ ദിനം തന്നെ അടിവരയിട്ടു. സര്‍ദാര്‍ജിമാരു മൊത്തം മണ്ടന്മാരാ. എന്നാല്‍ ചില മലയാളികളെ മണ്ടന്മാരാക്കാന്‍ ഒരു സര്‍ദാര്‍ തന്നെ ധാരാളം.

കുറച്ച്‌ കാലത്തിന്‌ ശേഷം ഒരു ചോദ്യം.

നിങ്ങള്‍ അന്ന് വന്നിറങ്ങിയത്‌ ഏത്‌ ജംഗ്ഷനിലാ?

അത്‌ അത്‌ അതങ്ങങ്ങ്‌ ദൂരെയാ...

വാല്‍ക്കഷ്ണം:

ഇനി ഈ തുടരന്‍ പരീക്ഷണത്തിന്‌ ചാത്തനില്ലേ....
ഇനീം ഒരു പാടുണ്ടായിരുന്നു. ആദ്യായിട്ട്‌ തിരിച്ച്‌ നാട്ടിലേക്ക്‌ വരുമ്പോള്‍, ഞങ്ങടെ വണ്ടി ബോംബെ കഴിഞ്ഞ ഉടനെ വന്ന വഴീലെ ഒരു തുരങ്കത്തില്‍നിന്ന് സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തത്‌, ആ വഴി അത്‌ കണ്ടെടുക്കുന്നതിനു തൊട്ട്‌ മുന്‍പ്‌ കടന്നുപോയ വണ്ടി ചാത്തന്‍ സഞ്ചരിച്ചത്‌,

കുംഭമേളക്ക്‌ പോകുന്നവര്‍ വണ്ടി നിറച്ചും കയറി ബസ്സിലെ പോലെ വാതിലില്‍ തൂങ്ങി നിന്നിട്ട്‌ ഓടിത്തുടങ്ങിയ വണ്ടി ചങ്ങല വലിച്ച്‌ നിര്‍ത്തീത്‌,

മഥുരയില്‍ നിന്ന് കയറിയ ഒരു പൂജാരി യാദവന്‍ തന്നെക്കാള്‍ കൂടുതല്‍ വിദ്യാഭ്യാസമുള്ള ഭാര്യയോട്‌ മറ്റുള്ളവരുടെ മുന്‍പില്‍ അടിമയോട്‌ എന്നപോലെ പെരുമാറുന്നത്‌...

ട്രെയിന്‍ സ്റ്റാഫിന്റെ കൂടെ എലിയെക്കൊല്ലാന്‍ ഓടി നടന്നത്‌.
അങ്ങനെ ഒത്തിരി ഒത്തിരി...

Monday, April 16, 2007

ഇപ്പോള്‍ തീരും ന്നേ-ഏതോ ഒരു എപ്പിഡോസ്‌ -5

തുടര്‍ച്ച--ഒരു യാത്രയില്‍ നിന്ന്


അവസാന ഭാഗം

വണ്ടി കൂടുതല്‍ വേഗത്തില്‍ കുതിച്ച്‌ പാഞ്ഞു കൊണ്ടിരിക്കുന്നു.എല്ലാ സ്റ്റേഷനുകളിലും കൃത്യസമയത്ത്‌ എത്തുന്നു. ഇനിയിപ്പോള്‍ ഇന്ത്യാചരിത്രത്തിലാദ്യമായി സമയത്തിനു മുന്‍പ്‌ ഡല്‍ഹിയിലെത്തി ഇത്‌ റെക്കോഡ്‌ സൃഷ്ടിക്കുമോ?

ഒരുവിധം ലേറ്റായാലും വൈകീട്ട്‌ ഒരു നാലു മണിക്ക്‌ ഡല്‍ഹിയിലെത്തിയാല്‍ 5:15 നുള്ള ചണ്ഡീഗഡ്‌ ട്രെയിനില്‍ കയറിപ്പറ്റാന്‍ സാധിക്കുമെന്നാണ്‌ കിട്ടിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍. ഇതിങ്ങനെ അമിത വേഗത്തില്‍ പോയാല്‍ ഒരുമണിക്കൂര്‍ ഡല്‍ഹിയില്‍ കറങ്ങാനും കൂടി അവസരം ലഭിക്കുമെന്നാ തോന്നുന്നേ.

മനോഗതങ്ങള്‍ വാക്കുകളായപ്പോള്‍ കൂടെയുള്ള ചേട്ടന്‍ ചിരിച്ചു ഇതിപ്പോ മഞ്ഞുള്ള സമയമാ, ഈ വേഗതയൊന്നും ഡല്‍ഹിക്കടുത്തെത്തിയാല്‍ കാണില്ല. ഒരു 4:45നു എങ്കിലും എത്തിക്കിട്ടിയാല്‍ നിങ്ങള്‍ക്ക്‌ വിചാരിച്ചപോലെ പോവാം.

പിന്നേ ചേട്ടന്റെ ഒരു പുളു. മഞ്ഞു പോയിട്ട്‌ ഒരു കുഞ്ഞിനെപ്പോലും കാണാനില്ല. ചണ്ഡീഗഡില്‍ തണുപ്പാണെന്നും പറഞ്ഞ്‌ വാങ്ങിയ സ്വറ്റര്‍ പോലും വെറുതെയാവുമെന്നാ തോന്നണേ. കയ്യൊറ വാങ്ങണമെന്ന് പറഞ്ഞിരുന്നു അതു മറന്നുപോയി. അതൊക്കെ ബൈക്കോടിക്കുന്നവര്‍ക്കല്ലേ വേണ്ടൂ, വേണമെങ്കില്‍ അവിടെ ചെന്നിട്ടു വാങ്ങാം എന്നാ വിചാരിച്ചേ. ഇനി ഇപ്പോള്‍ അതും വേണമെന്ന് തോന്നുന്നില്ല.

എല്ലാം കീഴ്‌മേല്‍ മറഞ്ഞത്‌ പെട്ടന്നായിരുന്നു. മുതുനെല്ലിക്കയ്ക്ക്‌ ഇപ്പോഴും ആദ്യം കയ്പ്‌ തന്നെ. പുറത്ത്‌ നോക്കിയിട്ടൊന്നും കാണാന്‍ വയ്യ, ഇത്‌ നട്ടുച്ചയോ സന്ധ്യയോ! തീവണ്ടി ഒച്ചിന്റെ വേഗത്തിലായി. മഞ്ഞായാലും പാളം അവിടെത്തന്നെ കാണില്ലേ ഇവന്മാര്‍ക്കു കുറച്ചു വേഗത്തില്‍ പോയ്ക്കൂടെ. എ.സി യ്ക്കകത്തെ തണുപ്പിന്‌ പുറത്തെ തണുപ്പിനേക്കാള്‍ ചൂട്‌ കൂടുതലുണ്ടെന്ന് തോന്നിത്തുടങ്ങി.

ഇത്രവേഗം സ്വറ്ററിടാനോ ഛായ്‌. അതും നാട്ടില്‍ മഞ്ഞുകാലത്ത്‌ ഊട്ടീലെ പോലത്തെ കാലാവസ്ഥയാണെന്ന് അവകാശപ്പെടുന്ന ചാത്തനോ. നെവര്‍..

നാലു മണിയും കഴിഞ്ഞു. ഗണപതിക്കു കുറിക്കുന്നതു തന്നെ കാക്ക കൊണ്ടുപോകുന്നോ! ഒരുചെറിയ പരിഭ്രമം ഞങ്ങള്‍ക്കു ചൂടു പകരുന്നു.

ആ വണ്ടി കിട്ടീലെങ്കില്‍ സാരമില്ലാ കുറച്ച്‌ സമയം കൂടുതലെടുക്കും എന്നേയുള്ളൂ നിങ്ങള്‍ക്ക്‌ ചണ്ഡീഗഡിലേക്ക്‌ ഒരുപാട്‌ ബസ്സ്‌ കിട്ടും. സിംലയ്ക്ക്‌ പോകുന്നതും അല്ലാത്തതുമായി, പ്രൈവറ്റും ഗവണ്‍മെന്റ്‌ ബസ്സുകളും ഉണ്ട്‌. ചേട്ടന്‍ ആശ്വസിപ്പിച്ചു.

നാലേകാലു കഴിഞ്ഞു, നാലര കഴിഞ്ഞു നാലു മുക്കാലും കഴിഞ്ഞു. പെട്ടീം ബാഗുമൊക്കെയായി ഞങ്ങള്‍ വാതിലിനടുത്തെത്തി. നിര്‍ത്തിയാലുടനെ ചാടണം ഒരാള്‍ പോയി അടുത്ത വണ്ടിക്കുള്ള ടിക്കറ്റെടുത്ത്‌ വരിക, മറ്റേയാള്‍ പ്ലാറ്റ്‌ഫോമില്‍ സാധനങ്ങള്‍ക്ക്‌ കാവല്‍ നില്‍ക്കുക.സ്വാഭാവികമായും ലോകപരിചയം കുറവുള്ള കൂട്ടുകാരനെ ടിക്കറ്റെടുക്കാന്‍ പറഞ്ഞയക്കുകയും തണ്ടും തടിയും തന്റേടവും കൂടുതലുള്ള ചാത്തന്‍ കാവല്‍ നില്‍ക്കുകയും ചെയ്യുന്നതായിരിക്കുമല്ലോ ഉചിതം.

മണി അഞ്ച്‌ കഴിഞ്ഞു!!!
കിതച്ചും വലിച്ചും മൃതപ്രായനായ ട്രെയിന്‍ അന്ത്യശ്വാസം വിട്ടു.
കൂട്ടുകാരന്‍ ചാടിയോടി.
ഭാഗ്യം ഒറ്റയ്ക്ക്‌ നില്‍ക്കേണ്ടി വന്നില്ല. കൂട്ടത്തിലുണ്ടായിരുന്ന കുടുംബം വല്യേച്ചിയുടെ ഭര്‍ത്താവ്‌ കാറുമായി വരുന്നതു വരെ ചാത്തനോടൊപ്പം അതേ പ്ലാറ്റ്‌ ഫോമില്‍ നില്‍ക്കാമെന്ന് സമ്മതിച്ചു. ഞങ്ങള്‍ക്ക്‌ പോകേണ്ട ട്രെയിന്‍ അടുത്ത പ്ലാറ്റ്‌ ഫോമില്‍ ചാത്തനെ നോക്കി പല്ലിളിച്ചോണ്ട്‌ നില്‍ക്കുന്നത്‌ ചേട്ടന്‍ ചൂണ്ടിക്കാട്ടി.

അഞ്ചേ കാലിനാണു ട്രെയിന്‍. ഇവനെവിടെപ്പോയിക്കിടക്കുന്നു. ദേ വരുന്നുണ്ട്‌.ചാത്തന്‍ ഒറ്റയ്ക്ക്‌ തന്നെ എല്ലാം വലിച്ച്‌ മറ്റേ പ്ലാറ്റ്‌ഫോമിലേക്ക്‌ നീങ്ങാനൊരുങ്ങി.
ടിക്കറ്റ്‌ കിട്ടീല, എന്റെ തൊട്ട്‌ മുന്നിലുണ്ടായിരുന്ന ആള്‍ക്ക്‌ വരെ കിട്ടി. ട്രെയിന്‍ പുറപ്പെടാറായതോണ്ട്‌ അവരു പെട്ടന്ന് കൗണ്ടര്‍ ക്ലോസ്‌ ചെയ്തു. ഹോ ഭാഗ്യദേവത തലയ്ക്ക്‌ മുകളീന്ന് വിട്ട്‌ പോവുകയേ ഇല്ലാന്നാണ്‌.

നിങ്ങള്‍ക്ക്‌ വേണേല്‍ ട്രെയിനില്‍ കയറാം ടിടിയോട്‌ ടിക്കറ്റ്‌ വാങ്ങിയാല്‍ മതി, ചേട്ടന്റെ വഹ ഉപദേശം രണ്ട്‌ പേരും ഒറ്റശ്വാസത്തില്‍ നിഷേധിച്ചു. ഇനി ആ ഒരു പരീക്ഷണത്തിനു വയ്യേ.രണ്ടാളുടെം ഭാഗ്യം കത്തി നില്‍ക്കുന്ന ടൈമാ, അങ്ങനെ കള്ളവണ്ടി കയറിയാല്‍ അത്‌ എവിടെച്ചെന്നവസാനിക്കുമെന്ന് രണ്ടാള്‍ക്കും ഏകദേശം ഉറപ്പായിരുന്നു.

എന്നാല്‍പ്പിന്നെ സ്റ്റേഷന്റെ പുറത്ത്‌ നിന്ന് തന്നെ സിംലയിലേക്കുള്ള പ്രൈവറ്റ്‌ ബസ്സിലേക്കുള്ള ടിക്കറ്റ്‌ കിട്ടും വഴിക്ക്‌ ചണ്ഡീഗഡ്‌ ഇറങ്ങാം.അല്ലാന്നു വച്ചാല്‍ ഗവണ്‍മെന്റ്‌ ബസ്സ്റ്റാന്‍ഡിലേക്ക്‌ ഒരു ഓട്ടോ പിടിച്ചാല്‍ മതി. അരമണിക്കൂര്‍ ഇടവിട്ടെങ്കിലും ബസ്സ്‌ കാണും.

സ്റ്റേഷനു പുറത്തെത്തി. വല്യേട്ടന്‍ കാറുമായെത്തി. അപ്പോള്‍ വിട. അവസാന നിമിഷവും ചാത്തന്‍ പ്രതീക്ഷിച്ചു. നിങ്ങള്‍ക്ക്‌ വേണേല്‍ ഗവണ്‍മെന്റ്‌ ബസ്സ്‌ സ്റ്റാന്‍ഡില്‍ ഇറക്കിവിടാം എന്ന് ചേട്ടനോ വല്യേച്ചിയോ പറയുമെന്ന്. എബടെ, സമയം ഇരുളുന്നു അവര്‍ക്കും കൂട്ടിലെത്തേണ്ടേ.

ഇനി ഇപ്പോള്‍ ഡല്‍ഹിയിലെ ഓട്ടോക്കാരുടെ സഹൃദയത്വവും സത്യസന്ധതയും പരീക്ഷിക്കണോ? ഉത്തരമലബാറുകാര്‍ എന്ന നിലയില്‍ സര്‍ക്കാര്‍ ശകടം വേണ്ടാന്നു വച്ചാല്‍ ഓട്ടോ വേണ്ട. കൂടാതെ വഴിച്ചെലവു കമ്പനിയാ തരുന്നത്‌ പിന്നെ ഇത്തിരി കൂടുതലായലെന്താ?

ഒന്നു രണ്ട്‌ സ്ഥലങ്ങളില്‍ അന്വേഷിച്ച ശേഷം ഞങ്ങള്‍ ഒരു ട്രാവല്‍ ഏജന്‍സി തെരഞ്ഞെടുത്തു.ടിക്കറ്റ്‌ എടുക്കുന്നതിനു മുന്‍പ്‌ ചാത്തനെ ബാഗുകള്‍ക്ക്‌ അടയിരിക്കാന്‍ വിട്ടിട്ട്‌ കൂട്ടുകാരന്‍ നാട്ടിലേക്കും ചണ്ഡീഗഡില്‍ ഞങ്ങളെ കാത്തിരുന്നേക്കാവുന്ന സഹപ്രവര്‍ത്തകരെയും അതുവരേയുള്ള വിവരങ്ങള്‍ അറിയിക്കാന്‍ പോയി. 8 മണിക്കാണെന്ന് പറഞ്ഞ ബസ്സിനുവേണ്ടി ടിക്കറ്റ്‌ എടുക്കാന്‍ ഏജന്‍സിക്കാരന്‍ ചാത്തനെ നിര്‍ബന്ധിച്ച്‌ തുടങ്ങിയപ്പോള്‍ ഹിന്ദി എന്നത്‌ ചാത്തനു കേട്ട്‌ കേള്‍വി പോലുമില്ലാത്ത ഭാഷയാണെന്നും ഇംഗ്ലീഷും തഥൈവ ആണ്‌ എന്ന തരത്തില്‍ ചാത്തന്‍ പൊട്ടന്‍ കളിച്ചു.(എത്ര സ്വാഭാവികമായ അഭിനയം ആ ഭരത്‌ അവാര്‍ഡ്‌ ഇങ്ങ്‌ പോരട്ടേ)

കൂട്ടുകാരന്‍ തിരിച്ചെത്തിയപ്പോള്‍ ചുവന്ന മലയാളത്തില്‍ കാര്യങ്ങളുടെ കിടപ്പ്‌ വിശദീകരിച്ചു. എന്തോ സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌ ഉണ്ട്‌. ടിക്കറ്റ്‌ എടുക്കുന്നതിനു മുന്‍പ്‌ ബസ്‌ കാണണമെന്ന് പറയാനാവശ്യപ്പെട്ടു. അതുവരെ ബസ്‌ ഏജന്‍സിയുടെ വാതില്‍ക്കല്‍ വന്ന് ഞങ്ങളെ കൂട്ടിക്കൊണ്ട്‌ പോകും എന്ന് പറഞ്ഞവര്‍ നിറം മാറുന്നു. ബസ്‌ എന്തോ ട്രാഫിക്‌ ബ്ലോക്ക്‌ കാരണം അവിടെ വരില്ലെന്നും ഇത്തിരി മാറിയുള്ള അവരുടെ മറ്റൊരു ഓഫീസു വരെ അവരു തന്നെ കൊണ്ടുവിടാം അവിടെ ബസ്‌ ഉണ്ടെന്നും പറഞ്ഞു.

വഴി പറഞ്ഞു തന്നാല്‍ മതീന്നും ഞങ്ങള്‍ ഭക്ഷണം കഴിച്ച ശേഷം അവിടെ സ്വയം വഴി കണ്ടുപിടിച്ച്‌ എത്തിക്കോളാമെന്നും ടിക്കറ്റ്‌ അവിടുന്നെടുത്തോളാമെന്നും ഞങ്ങള്‍ വാശിപിടിച്ചു. അവര്‍ക്ക്‌ സമ്മതിക്കേണ്ടിവന്നു. പക്ഷേ അവര്‍ ഒരു വഴികാട്ടിയെ കൂടെ അയച്ചു. അത്യാവശ്യം വന്നാല്‍ വഴികാട്ടി അശുവിനെ(അര്‍ത്ഥം അറിയാലോ) ഞങ്ങള്‍ രണ്ടാള്‍ക്കും കൂടി കൈകാര്യം ചെയ്യാവുന്നതേയുള്ളൂ എന്ന് മനസ്സിലാക്കിയ ഞങ്ങള്‍ അവന്റെ പിന്നാലെ ഗമിച്ചു. ഓഫീസ്‌ കാണിച്ച്‌ തന്ന അശുവിനെ ഞങ്ങള്‍ ഭക്ഷണം കഴിഞ്ഞ്‌ അവിടെപ്പോയിക്കോളാം എന്ന് പറഞ്ഞ്‌ ഓടിച്ചു വിട്ടു.

അവിടെ ഇഷ്ടം പോലെ പ്രൈവറ്റ്‌ ബസ്സുകള്‍ കിടക്കുന്നു.പ്രാഥമിക അന്വേഷണത്തില്‍ നിന്നു തന്നെ ചില സത്യങ്ങള്‍ വെളിവായി. ചണ്ഡീഗഡ്‌ യാത്രക്കാര്‍ക്ക്‌ വല്യ ഡിമാന്റൊന്നുമില്ല. ഏത്‌ ബസ്സായാലും ഞങ്ങള്‍ക്ക്‌ കിട്ടാന്‍ പോകുന്നത്‌ മുന്നിലുള്ള കാബിന്‍ സീറ്റോ ഏറ്റവും പിന്നിലുള്ള വിവിഐപി സീറ്റോ ആണ്‌. കൂടാതെ എല്ലാ ബസ്സും ഡല്‍ഹി വിടുമ്പോള്‍ വൈകും, കാരണം മിക്ക വണ്ടിയും സിംലയ്ക്ക്‌ രാവിലെ എത്തുന്ന തരത്തിലാണ്‌, അപ്പോള്‍ പകുതി വഴിക്കുള്ള ചണ്ഡീഗഡില്‍ എവിടെയെങ്കിലും അവരു ഞങ്ങളെ നട്ടപ്പാതിരാക്കുശേഷം ഇറക്കിവിടും.

ഈശ്വരാ പരീക്ഷിച്ചതു മതിയായില്ലേ?

അരമണിക്കൂര്‍ അരമണിക്കൂര്‍ ഇടവിട്ട്‌ സര്‍ക്കാരു വണ്ടിയില്ലേ ഇനി അതിലു പോണം അല്ലേല്‍ ഇന്ന് ഡല്‍ഹിയില്‍ താമസിച്ച്‌ നാളെ രാവിലെ പോവണം. അത്‌ ശരിയാവില്ല അല്ലെങ്കില്‍ തന്നെ വണ്ടിയില്‍ വച്ച്‌ ഒരനുഭവമുള്ളതാ(മൂന്നാം ഭാഗം കാണുക), ഫ്ലാറ്റ്‌ നിറഞ്ഞ്‌ നില്‍ക്കുന്ന ഇവനേം കൊണ്ടെങ്ങനെ ഒരു ഹോട്ടല്‍ മുറീല്‍ തങ്ങും. ചാത്തനു സ്വന്തം തടി നോക്കാം പക്ഷേ ഒന്നൂല്ലേലും എവനു ചാത്തനേക്കാളും പ്രായം കുറവല്ലേ ഒരു ഉത്തരവാദിത്വമൊക്കെ വേണ്ടേ.പോരാഞ്ഞ്‌ വഴിച്ചെലവിനുള്ള വകേല്‍ ഹോട്ടല്‍ ബില്‍ ഉള്‍ക്കൊള്ളിക്കാന്‍ പറ്റുമോ എന്ന സംശയവും.

ഉടന്‍ ഒരു ഓട്ടോയില്‍ ഞങ്ങള്‍ സര്‍ക്കാര്‍ ശകടങ്ങളുടെ പാര്‍പ്പിടം തേടിപ്പുറപ്പെട്ടു. വീണു കിട്ടിയ ആ സമയത്ത്‌ ചാത്തന്‍ ആദ്യമായി ഒരു മെട്രോയെ കണ്‍കുളിര്‍ക്കെ കണ്ടു. പോയ വഴിയൊന്നും ഓര്‍മ്മയില്ലെങ്കിലും ഇന്ദിരാ ഗാന്ധിയേയോ രാജീവ്‌ ഗാന്ധിയേയോ അടക്കം ചെയ്ത ഏതോ സ്ഥലം ആ വഴിയില്‍ ഉണ്ടായതായി ഒരു ഓര്‍മ്മ.(ഡല്‍ഹി പരിചയമുള്ളവര്‍ ചാത്തന്‍ പോയ വഴി ഏതായിരുന്നു എന്ന് കമന്റിട്ടാല്‍ നല്ലതായേനെ).

അരണ്ട വെളിച്ചത്തില്‍ കണ്ട പുത്തന്‍ പുതിയ വാഹനങ്ങള്‍(റജി നമ്പ്ര് പോലും കിട്ടാത്തവ) എല്ലാത്തിനും പൊതുവായി ഒരു പ്രത്യേകതയുണ്ടായിരുന്നു. അവിടല്ലെങ്കില്‍ ഇവിടെ പൊട്ടിയോ ഉരഞ്ഞോ ചളുങ്ങിയോ ഇരിക്കുന്നു. ഓട്ടോയില്‍ നിന്ന് തല പുറത്തേക്കിട്ട്‌ ഇതിന്റെ കാരണം ചികഞ്ഞോണ്ടിരുന്ന ചാത്തന്‌ ഉത്തരം കിട്ടിയത്‌ വളരെപ്പെട്ടന്നായിരുന്നു. ഓട്ടോക്കാരന്‍ ഒരു വെട്ടിക്കല്‍, എന്തോ ഒരു വാഹനം ചാത്തന്റെ മുഖത്തിനു സമീപത്തൂടെ മിന്നല്‍പ്പിണര്‍പോലെ കടന്നുപോയി. ചാത്തന്റെ ഇരിപ്പ്‌ ഓട്ടോയുടെ നടുവിലേക്ക്‌ മാറി.

ബസ്‌ സ്റ്റാന്‍ഡെത്തി, ഓട്ടോയിറങ്ങുമ്പോള്‍ തന്നെ ഒരു ബസ്‌ പുറത്തേക്ക്‌, സിംലയിലേക്കുള്ളത്‌. അതു പോട്ടെ ഇടവിട്ടിടവിട്ടുണ്ടല്ലോ. എന്തേലും കഴിച്ചിട്ടാവാം. ചണ്ഡീഗഡിലേക്ക്‌ ഒന്നൂടെ വിളിച്ചു. അവരുടെ ഉപദേശം ഇനി ഇപ്പോള്‍ പുറപ്പെട്ടാല്‍ ചണ്ഡീഗഡ്‌ ബസ്‌സ്റ്റാന്‍ഡില്‍ നിന്ന് അവരുടെ താമസ സ്ഥലത്തേക്ക്‌ ബസ്‌ കിട്ടില്ല.നാളെ വന്നാല്‍ മതീന്ന്.

ഇതിപ്പോള്‍ ഇവിടെ വരെ എത്തീട്ട്‌, വരുന്നിടത്തു വച്ച്‌ വരട്ടെ, അവിടെ ഓട്ടോയെങ്കിലും കാണില്ലെ നമുക്ക്‌ ഇന്ന് തന്നെ പോവ്വാടാ. ഇടക്കിടെ ഒന്നുമില്ലെങ്കിലും അല്‍പസമയത്തെ കാത്തിരിപ്പിനു ശേഷം സിംലയ്ക്ക്‌ പോകുന്ന ഒരു സര്‍ക്കാര്‍ ശകടം സ്റ്റാന്‍ഡ്‌ പിടിച്ചു. തിരക്കൊന്നുമില്ല. മൂന്ന് പേര്‍ക്ക്‌ ഇരിക്കാവുന്ന ഒരു സീറ്റില്‍ ചാത്തനും കൂട്ടുകാരനും പെട്ടീം ബാഗുകളും ഇടം നേടി. വണ്ടിയിലാകെ പത്ത്‌ പതിനഞ്ച്‌ പേര്‍ മാത്രം. കൂട്ടുകാരനു നീളം കൂടുതലുള്ള കാലു ചുരുട്ടി വയ്ക്കാന്‍ പറ്റാത്തതിനാല്‍ ഒരു ത്യാഗമായി ചാത്തന്‍ ബാഗുകള്‍ക്കിടയിലായി സൈഡ്‌ സീറ്റില്‍ സ്ഥാനാരോഹണം ചെയ്തു.

പിന്നേ ഒരു ത്യാഗം! സൈഡ്‌ സീറ്റ്‌ ചാത്തനും ഇഷ്ടാട്ടോ.

ബസ്‌ ഇളകിത്തുടങ്ങി.

വാല്‍ക്കഷ്ണം:
അവസാന ഭാഗത്തിന്റെ ആദ്യ പകുതി-- ഇന്റര്‍വെല്‍-- ഹി ഹി ഹി പറ്റിച്ചേ...
അവസാനഭാഗം എന്നേ പറഞ്ഞുള്ളൂ ഇന്റര്‍വെല്‍ ഉണ്ടാവൂലാന്ന് ചാത്തന്‍ പറഞ്ഞില്ലാ.

Friday, April 06, 2007

അപൂര്‍വ്വം-ഏതോ ഒരു എപ്പിഡോസ്‌ -4

തുടര്‍ച്ച--ഒരു യാത്രയില്‍ നിന്ന്



കഴിഞ്ഞ ഭാഗത്തൂന്നുള്ള സസ്പെന്‍സ്‌ പെട്ടന്ന് തീര്‍ത്തേക്കാം.

തുടര്‍ന്ന് ചാത്തന്‍ ഷൂ കൂടി അഴിച്ച്‌ സീറ്റിനടിയിലേക്ക്‌ തട്ടുന്നു. ഇത്രേം ആയിട്ടും മനസ്സിലായില്ലേ? . ശരി, തിരിഞ്ഞ്‌ നിന്ന് കൂട്ടുകാരനോട്‌ ഇപ്രകാരം ഉ വാ ച.

"ഞാന്‍ മോളിലെ ബര്‍ത്തില്‍ കിടന്നുറങ്ങാന്‍ പോണു നീ നിന്റെ ബര്‍ത്തില്‍ കയറിക്കോ."

പിന്നെ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു സര്‍ക്കസ്‌ അഭ്യാസിയുടെ മെയ്‌ വഴക്കത്തോടെ ചാത്തന്‍ ബര്‍ത്തില്‍ പറന്നിറങ്ങുന്നു, അവിടിരുന്ന പുതപ്പു കൊണ്ട്‌ സാഷ്ടാംഗം മൂടിപ്പുതച്ച്‌ ഒരു ആമച്ചാത്തനാവുന്നു.

തുടര്‍ന്നുണ്ടായ ശബ്ദങ്ങളില്‍ നിന്നും കൂട്ടുകാരനും സമീപമുള്ള ബര്‍ത്തിലെത്തി എന്ന് വ്യക്തമായി. ഇനിപ്പോ താഴെ ഭൂമി കുലുങ്ങിയാലും എഴുന്നേല്‍ക്കുന്ന പ്രശ്നമില്ലാ.

സമയം ട്രെയിനിന്റെ വേഗതയില്‍ തന്നെ നീങ്ങി. ഒരു കുഞ്ഞിന്റെ കരച്ചില്‍ ഉറക്കത്തില്‍ നിന്നുണര്‍ത്തി. പുറന്തോടിനുള്ളില്‍ നിന്നും ആമ തല പുറത്തേക്ക്‌ നീട്ടി. അയ്യാളെ കാണാനില്ല. തമിഴ്‌ നാട്ടിലേക്ക്‌ കടന്നെന്നാ തോന്നണേ.താഴെ ഒരു കുടുംബം. അച്ഛന്‍, അമ്മ, രണ്ടോ മൂന്നോ വയസ്സുള്ള ഒരു കൊച്ചു പയ്യന്‍സ്‌,പിന്നെ മുതിര്‍ന്നവരില്‍ രണ്ടുപേരില്‍ ആരുടെയോ ചേച്ചി.രണ്ടാളും ചേച്ചീന്നാ വിളിക്കുന്നേ.

പയ്യന്‍സിന്റെ കരച്ചിലാണ്‌ ഉറക്കത്തീന്നെണീപ്പിച്ചത്‌. അപകട മേഖല കഴിഞ്ഞതു കാരണം ഞങ്ങളു രണ്ടും താഴെയിറങ്ങി ആസനസ്ഥരായി.

പയ്യന്‍സിന്റെ കരച്ചിലു നിര്‍ത്താന്‍ ഞങ്ങള്‍ രണ്ടുപേരും ആവുന്നത്ര കണ്ണുരുട്ടിയും നാവുകൊണ്ട്‌ പല ശബ്ദങ്ങളും പുറപ്പെടുവിച്ചും നോക്കി. എബടെ!. ഉത്തരേന്ത്യയിലെവിടെയോ ജനിച്ചു വളര്‍ന്ന പയ്യന്‍സിനുണ്ടോ മലയാളി കണ്ണുരുട്ടല്‍ മനസ്സിലാകുന്നു!!!

പരിചയപ്പെട്ടു, മലയാളികള്‍, അവരും ഡെല്‍ഹിക്കാ. അപ്പോഴാണ്‌ രണ്ട്‌ പേര്‍ക്കായുള്ള സൈഡ്‌ സീറ്റില്‍ ഞങ്ങളോടാരോടും സംസാരിക്കാതിരുന്ന ഒരു ജോഡിയെ ശ്രദ്ധിച്ചത്‌. ഒരു പുരുഷനും സ്ത്രീയും. ഭാര്യാ ഭര്‍ത്താക്കന്മാരല്ല. സഹോദരീസഹോദരന്മാരാണെന്ന് അല്‍പസമയം കൊണ്ട്‌ മനസ്സിലാക്കി. അനിയനാകാണ്‌ ചാന്‍സ്‌. കാരണം സ്ത്രീയുടെ ആജ്ഞാശക്തി പ്രകടമായിരുന്നു. അനിയന്‍ വല്ലതും തിന്നാന്‍ വാങ്ങിക്കൊണ്ടുവന്നാല്‍ അവന്‍ എന്തോ പാതകം ചെയ്ത മാതിരിയുള്ള പെരുമാറ്റം.

ഈ ബാച്ചിലര്‍ ചാത്തനെന്തറിയാം എന്ന് പറഞ്ഞ്‌ നെടുവീര്‍പ്പിടാന്‍ നോണ്‍ ബാച്ചികള്‍ക്കും, ഒന്ന് പുഞ്ചിരിക്കാന്‍ വായിച്ചുകൊണ്ടിരിക്കുന്ന ബാച്ചിലേര്‍സിനും കുറച്ച്‌ സമയം അനുവദിച്ചിരിക്കുന്നു.

പറയാന്‍ മറന്നു, പ്രസ്തുത സ്ത്രീ ജന്മം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അമ്മയായേക്കും, മാസം എത്രയായിന്നൊന്നും കണക്കുകൂട്ടിപ്പറയാന്‍ ചാത്തനാളല്ലേ. ഒരു പക്ഷേ ഈ സമയത്ത്‌ ഭര്‍ത്താവ്‌ കൂടെയില്ലാത്തതായിരിക്കും ഇങ്ങനെ അസ്വസ്ഥത പ്രകടിപ്പിക്കാന്‍ കാരണം.

മറ്റേതെങ്കിലും സമയത്തായിരുന്നെങ്കില്‍."നിന്നെ ഞാന്‍ ജനിച്ചപ്പോ മുതലു കാണുന്നതല്ലേടീ, വേണേ തിന്ന്," എന്നും പറഞ്ഞ്‌ വല്ല റൊട്ടിക്കഷ്ണോം വാങ്ങിക്കൊടുക്കാന്‍ ചാത്തനാ അനിയനെ ഉപദേശിച്ചേനെ. ഇതിപ്പോ ആള്‍ക്ക്‌ വിഐപി ട്രീറ്റ്‌മെന്റ്‌ ലഭിക്കേണ്ട ടൈമല്ലേ. പാവം അനിയന്‍സ്‌.

ദീര്‍ഘദൂരയാത്രയില്‍ ഒരു കൊച്ച്‌ പയ്യന്‍സ്‌ കൂടെയുണ്ടെങ്കില്‍ സമയം പോകുന്നതറീല. ആദ്യത്തെ കണ്ണുരുട്ടലിനുശേഷം പയ്യന്‍സ്‌ ഞങ്ങളോട്‌ പെട്ടന്ന് കമ്പനിയായി. ആ കുടുംബം കുറേക്കാലം കഴിഞ്ഞാ തിരിച്ച്‌ പോവുന്നേന്ന് തോന്നുന്നു. കാബിന്‍ നിറച്ചും അവരുടെ സാധനങ്ങള്‍ കൊണ്ടു നിറഞ്ഞിരുന്നു. കാലു കുത്താന്‍ ഇടയില്ല. ആര്‍ക്കെങ്കിലും പുറത്തേക്ക്‌ പോകണമെങ്കില്‍ ഇത്തിരി പൊയ്‌ക്കാല്‍ നടത്തം പഠിക്കണം.

കേരളാ എക്സ്പ്രസ്സ്‌ ശരിക്കും എക്സ്പ്രസ്സായി. വേഗത കൂടി. സ്റ്റോപ്പുകള്‍ക്കിടയിലുള്ള അകലം വര്‍ദ്ധിച്ചു. ജനവാസം കുറഞ്ഞ പ്രദേശങ്ങള്‍ ഇരുവശത്തും സ്ഥാനം പിടിച്ചു.

എ.സി യ്ക്കകത്ത്‌ ഒരു കൊതുകിനെപ്പോലെ ഉറക്കം മൂളിപ്പറന്നു.

ഇനി രാത്രിയായിട്ടു മുകളില്‍ കയറാം താഴെ ഇരുന്നൊറങ്ങാം.

എന്റമ്മച്ചീ..എന്റെ കാലേ... കൂട്ടത്തിലെ കുടുംബത്തിലെ വല്യേച്ചി ഇടനാഴിയിലേക്ക്‌ കടക്കാന്‍ വേണ്ടി ഹൈഹീല്‍ഡിട്ട്‌ ചവിട്ടീത്‌ ചാത്തന്റെ തൃപ്പാദത്തില്‍. ഒരു ഇളിഞ്ഞ സോറി, മനസ്സില്ലാ മനസ്സോടെ സ്വീകരിച്ചു. ഹോ ചവിട്ടി അരച്ചു കളഞ്ഞു. ഹൈഹീല്‍ഡ്‌ പണ്ടാരത്തിന്‌ ഇത്രേം മൂര്‍ച്ചയുണ്ടാവുമോ.

സൈഡ്‌ സീറ്റിലിരിക്കുന്ന ചേച്ചിയെം അനിയനേം കാണാനില്ല. പീഡനം സഹിക്കാതെ അവന്‍ പുറത്തേക്ക്‌ ചാടിയാ ആവോ?, എന്നാലും ചേച്ചി എവിടെപ്പോയോ എന്തോ? അനിയന്‍ ദാണ്ടെ വരുന്നു.അപ്പോള്‍ ഇറങ്ങിപ്പോയിട്ടില്ല.

ഹേ ഇതെന്താ നേരത്തെ ഓടിപ്പോയ വല്യേച്ചി അതിലും വേഗത്തില്‍ തിരിച്ചുവരുന്നോ, വല്ല തമനുക്കൊച്ചാട്ടനും ടോയിലറ്റിലടച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചാ. വന്നപാടെ രണ്ട്‌ അനിയന്മാരുടേയും ചെവിയില്‍ എന്തൊക്കെയോ പറയുന്നു. രണ്ടെണ്ണവും രണ്ട്‌ വഴിക്ക്‌ ഓടുന്നു. നാത്തൂനും നാത്തൂനും കൊച്ചിനെ ചാത്തനെ ഏല്‍പ്പിച്ച്‌, ഇപ്പോവരാം ഒന്ന് നോക്കിക്കോണേ എന്ന് പറഞ്ഞ്‌ പിന്നേം ഓടുന്നു. കാര്യം എന്താന്ന് ചോദിച്ചിട്ട്‌ ചോദ്യം കേള്‍ക്കാന്‍ പോലും ചെവി തന്നില്ലാ. മറ്റു കാബിനുകളില്‍ നിന്നും കുറേ പെണ്‍പടയും കൂടി അവരുടെ പിന്നാലെ ഓടുന്നു.

കൂട്ടുകാരന്‍ ഇരുന്നൊറങ്ങുന്നു,വിളിച്ചാലോ?,ഓടിപ്പോയ ചേട്ടന്‍ ടിടിആറിനേം കൂട്ടി ഇതാ വരുന്നു.ഒന്നൂല്ലേലും അങ്ങേരുടെ കൊച്ചിനെ ചാത്തനല്ലേ നോക്കിക്കോണ്ടിരിക്കുന്നത്‌, തടഞ്ഞു നിര്‍ത്തി കാര്യം ചോദിച്ചു. "ആ സൈഡ്‌ സീറ്റിലുണ്ടായിരുന്ന സ്ത്രീക്ക്‌ പെയിന്‍, ടിടിആര്‍ ഒരു ഡോക്ടറെ അന്വേഷിച്ച്‌ പോകുവാ"

ചേട്ടന്‍ ഞങ്ങളുടെ അടുത്ത്‌ തന്നെയിരുന്നു. പിന്നെ എവിടെയും പോയില്ലാ. നാത്തൂനും നാത്തൂനും തുണി, ചൂട്‌ വെള്ളം എന്നൊക്കെപ്പറഞ്ഞ്‌ ഓടി നടക്കുന്നു.

എന്നാപ്പിന്നെ വണ്ടി നിര്‍ത്തി വല്ല ഹോസ്പിറ്റലിലും പോയിക്കൂടെ? ചാത്തനിലെ സംശയരോഗി തലപൊക്കി.

നീ പുറത്തേക്ക്‌ നോക്കീട്ട്‌ പറ അടുത്ത ഹോസ്പിറ്റല്‍ എവിടായിരിക്കും എന്ന്?

പുറത്ത്‌ ഒരു മനുഷ്യനെപ്പോലും കാണാനില്ല. ചാത്തനിതാദ്യമാ തീവണ്ടിയില്‍ ഇത്രെം ദൂരെയ്ക്ക്‌. കേരളത്തിലെപ്പോലെ പാളത്തിന്റെ ഓരത്ത്‌(സമീപത്ത്‌) ആള്‍ താമസം ഉള്ള സ്ഥലങ്ങള്‍ ഇന്ത്യയിലെല്ലായിടത്തും കാണില്ലാന്ന് പഠിച്ചു.ദീര്‍ഘ ദൂര ട്രെയിന്‍ യാത്രാ പാഠം ഒന്ന്.

ആരൊക്കെയോ സാരികള്‍ കൊണ്ട്‌ ആ ഭാഗം മുഴുവന്‍ മറച്ചു.പ്രാര്‍ത്ഥനകള്‍, ആശങ്കകള്‍, നെടുവീര്‍പ്പുകള്‍, ആകെ ബഹളം. ടിടിആര്‍ എവിടുന്നോ ഒരു ഡോക്ടറേം കൂട്ടി വരുന്നു. ഡോക്ടര്‍ സാരിമറയ്ക്കുള്ളില്‍ കടന്നതും ഒരു പിഞ്ച്‌ ശംഖനാദം കേട്ടതും ഒരുമിച്ച്‌. ഹൈഹീല്‍ഡ്‌ വല്യേച്ചി പുറത്തേക്ക്‌ വന്നു. ആണ്‍ കുട്ടിയാ ഒരു സുന്ദരക്കുട്ടന്‍.

ദൈവത്തോടുള്ള നന്ദിപ്രകടനങ്ങള്‍, ആശ്വാസനിശ്വാസങ്ങള്‍.

ചാത്തനാ അനിയച്ചാരെവിടെ എന്ന് നോക്കി, പയ്യന്‍സ്‌ ആകെ വിരണ്ടിരിക്കുകയാ എന്നാലും ഒരു ആശ്വാസം വിരിഞ്ഞു വരുന്നുണ്ട്‌. അപ്പോഴേക്കും അടുത്ത സ്റ്റേഷനെത്തി. സ്ട്രെക്ച്ചര്‍ കൊണ്ടുവന്നു. ആ ചേച്ചിയെ മൊത്തം തുണിയില്‍ പൊതിഞ്ഞിരിക്കുന്നു. പൊക്കിള്‍ക്കൊടി ബന്ധം ഇനിയും വേര്‍പെടുത്തിയില്ലാത്തതിനാല്‍ അമ്മയ്ക്ക്‌ കുഞ്ഞിനെ ശരിക്കു കാണാന്‍ മേല.

വല്യേച്ചി കുഞ്ഞിന്റെ മുഖം അമ്മയ്ക്കും മറ്റുള്ളവര്‍ക്കും ഒന്ന് പൊക്കിക്കാണിച്ച ശേഷം അമ്മയുടെ കാലിന്റെ അരികില്‍ കിടത്തി.ചേച്ചീം അനിയനും കുഞ്ഞും കാഴ്ചയില്‍ നിന്നും മറഞ്ഞു. വണ്ടി കുറച്ച്‌ സമയം അവിടെ നിര്‍ത്തിയിട്ടു, എല്ലാം കഴുകി വൃത്തിയാക്കി.

തിരിച്ച കാബിനില്‍ വന്ന വല്യേച്ചിയുടെ ആദ്യ വാചകങ്ങള്‍ ഇപ്രകാരം.

ആ സ്ത്രീയുടെ ധൈര്യത്തെ സമ്മതിക്കണം, ഞാന്‍ ചെല്ലുമ്പോള്‍ തന്നെ കുഞ്ഞിന്റെ തല പുറത്തു വന്നു തുടങ്ങിയിരുന്നു.

നാത്തൂന്‍ കൂട്ടിച്ചേര്‍ത്തു.

ഹോ എന്നാലും ഒറ്റയ്ക്ക്‌ പ്രസവിച്ച്‌ കളയാംന്ന് വിചാരിച്ചു കളഞ്ഞില്ലേ..

ചാത്തന്റെ വഹ ആത്മഗതം: ഹോ ഈ ഝാന്‍സി റാണിയെപ്പറ്റിയാണല്ലോ ചാത്തന്‍ അഹങ്കാരി എന്ന് നിനച്ചിരുന്നത്‌!!!ശിവ ശിവ !!

ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ ട്രെയിനിന്റെ ചൂളം വിളി മുഴങ്ങി.


(തുടരും)

(ഒരു എപ്പിസോഡും കൂടി സഹിക്കാന്‍ മാന്യ വായനക്കാര്‍ക്കു കരുത്തില്ലേ?)

വാല്‍ക്കഷ്ണം:
സസ്പെന്‍സ്‌ ഉണ്ടാക്കുന്ന പണി ചാത്തന്‍ നിര്‍ത്തി. എന്തിനാ നാട്ടുകാരുടെ കൈക്കു പണിയുണ്ടാക്കുന്നത്‌. ഇത്തവണേം കീ ബോര്‍ഡ്‌ തരിച്ചതാ പിന്നെ ഒരു വിധം തടുത്ത്‌ നിര്‍ത്തി സസ്പെന്‍സിനെ തല്ലിക്കൊന്നു ബൂലോഗത്ത്‌ ഇപ്പോള്‍ സാന്‍ഡോസിന്റെ തിരോധാനത്തേക്കാള്‍ വലിയ സസ്പെന്‍സ്‌ എങ്ങനെ ഉണ്ടാക്കാനാ.

Friday, March 30, 2007

കമന്റുകള്‍ കഥ പറയുന്നു-ഏതോ ഒരു എപ്പിഡോസ്‌ -3

തുടര്‍ച്ച--ഒരു യാത്രയില്‍ നിന്ന്


വായിച്ചു കൊണ്ടിരുന്ന പുസ്തകത്തില്‍ നിന്നും തലയുയര്‍ത്തി ഒരു മുപ്പത്തഞ്ചു വയസ്സ്‌ വരുന്ന ചെറുപ്പക്കാരന്‍ ഞങ്ങളെ നോക്കിച്ചിരിച്ചു.

" കഴിഞ്ഞ തവണ ഇതേ ട്രെയിനില്‍ പോയപ്പോള്‍ ഏറണാകുളം വരെ ഈ ബോഗീത്തന്നെ കുറച്ചു പേരെ കണ്ടുള്ളൂ. അതാ പുസ്തകമെടുത്തത്‌. ഇനിപ്പോ മിണ്ടാനും പറയാനും ആളായല്ലോ. നിങ്ങളെവിടേക്കാ?"

ആദ്യമായിക്കാണുന്നവരോട്‌ ഇത്രേം വലിയ വാചകത്തില്‍ തുടങ്ങിയ ആളെ ചാത്തനെന്തോ ഇഷ്ടപ്പെട്ടില്ല. ഒരുപക്ഷേ ദീര്‍ഘദൂരയാത്രയിലൊക്കെ ഇങ്ങനെയായിരിക്കും. കൂട്ടുകാരന്‍ ഞങ്ങളുടെ വിവരണം തുടങ്ങിയപ്പോള്‍, ഏച്ചു കെട്ടിയ ഒരു ചിരിയില്‍ ചാത്തന്‍ മറുപടിയൊതുക്കി.

പേരു പറഞ്ഞശേഷം ജനാലയിലേയ്ക്ക്‌ മുഖം തിരിച്ച ചാത്തന്റെ അവഗണന അയാളും കണ്ടില്ലാന്നു നടിച്ചു. ഐടി രംഗത്തെ ജോലിയുടെ വിഷമങ്ങളെക്കുറിച്ച്‌ പറഞ്ഞ്‌ തുടങ്ങി പെട്ടന്ന് തന്നെ വഴി മാറി അയാളുടെ ചരിത്രോം ഭൂമിശാസ്ത്രോം കരഞ്ഞു തുടങ്ങിയപ്പോള്‍ മുഖം തിരിച്ചിരുന്നിട്ടും ചാത്തനത്‌ അരോചകമായിത്തോന്നി.ആള്‍ ഡെല്‍ഹിവരെയൊന്നുമില്ലാ തമിഴ്‌ നാട്ടിലെവിടെയോ ആണിറങ്ങുന്നത്‌. ഭാഗ്യം.

ആ കാബിനില്‍ ആകെ ഞങ്ങള്‍ മൂന്ന് പേര്‌ മാത്രം. ഇനി ബാക്കി കയറാനുള്ളത്‌ ഏറണാകുളത്തൂന്നാണെന്ന് ഇടയ്ക്ക്‌ വന്ന ടി ടി ആര്‍ പറഞ്ഞിട്ടു പോയി.ടി ടി ആര്‍ വന്നപ്പോള്‍ ഒരു ബ്രേക്കടിച്ചെങ്കിലും പിന്നേം അങ്ങേരുടെ അന്നനാളത്തീന്ന് വാക്കുകള്‍ അനര്‍ഗ്ഗള നിര്‍ഗ്ഗളം പ്രവഹിച്ചു. ഒന്നാമത്‌ നാട്ടീന്ന് വിട്ടുപോകുന്ന ദുഃഖം ഒരു വശത്ത്‌ അണപൊട്ടാന്‍ നില്‍ക്കുന്നു. മറ്റേവശത്ത്‌ ഈ ചെകുത്താന്റെ വചനങ്ങളും. മറ്റാരെങ്കിലും വരുന്ന വരെ ഈ കത്തി മുഴുവന്‍ ഞങ്ങളു തന്നേ സഹിക്കേണ്ടിവരുമല്ലോ!!

പട്ടാളക്കത്തി കേട്ട്‌ തഴമ്പിച്ച ചെവികളായതോണ്ടാവാം കൂട്ടുകാരന്‍ ഇടക്ക്‌ മൂളി സഹായിക്കുന്നുണ്ട്‌. ചാത്തന്റെ അസ്വസ്ഥത മിസ്റ്റര്‍ കത്തിയുടെ ആവേശം കൂട്ടി. സഹികെട്ടപ്പോള്‍ സണ്‍സ്ക്രീന്‍ ഒട്ടിച്ച ഗ്ലാസിലൂടെ(തേര്‍ഡ്‌ എ.സി ആയിരുന്നു) പുറത്തേക്ക്‌ നോക്കുന്നത്‌ ഒരു രസവുമില്ലാന്നും ഒരല്‍പം ശുദ്ധവായു ശ്വസിച്ചിട്ടു വരാമെന്നും പറഞ്ഞ്‌ ചാത്തന്‍ അവിടെ നിന്നും സ്ക്രോള്‍ ചെയ്തു.

ഉച്ചയായതോണ്ടാവും ആരെയും പുറത്തു കാണാനില്ലാ. വാതില്‍പ്പടിയില്‍ മുറുകെപ്പിടിച്ച്‌ കാറ്റും കൊണ്ട്‌ നില്‍ക്കാന്‍ നല്ല രസം. തോളില്‍ ഒരു സ്പര്‍ശം.

നീയാരുന്നോ എന്തേ ഇങ്ങോട്ട്‌ പോന്നത്‌? കത്തി തീര്‍ന്നോ?

നീയെത്ര സമയായി പോന്നിട്ട്‌? അങ്ങോട്ട്‌ വാ.

പിന്നേ എനിക്കയാളുടെ കത്തി കേള്‍ക്കാഞ്ഞിട്ടല്ലേ, നിനക്ക്‌ വേണേല്‍ പോയി കേള്‍ക്കെടാ. എനിക്ക്‌ വയ്യ അതു സഹിക്കാന്‍.

അതല്ല, നീ വാ..

എന്താ, ഇത്ര അത്യാവശ്യം?

അയാള്‌.. അയാള്‌..

അയാള്‌ക്കെന്താ?

അയാള്‌ ശരിയല്ലാ. നമ്മടെ പണി കളഞ്ഞ്‌ കൂടെ ചെല്ലാന്‍ പറയുന്നു അയാള്‌ വേറെ പണി ശരിയാക്കിത്തരാന്ന്.

ഓ ഇത്രേ ഉള്ളോ അതു നമ്മളു ഇത്രേം ദൂരെ പോകുന്നതു കണ്ടു സങ്കടം തോന്നീട്ടാവും.

അതല്ലാ, നീ ഇങ്ങു വന്നേപ്പിന്നെ അയാളുടെ നോട്ടോം സംസാരവും ഒന്നും ശരിയല്ലാന്ന് ഒരു തോന്നല്‍.

ചാത്തന്‍ ഞെട്ടി!!! കാബിനിലിരിക്കുന്നത്‌ നരഭോജിയോ, ചാന്തുപൊട്ടോ, കിഡ്‌നി മാഫിയക്കാരനോ ആരുമായിക്കൊള്ളട്ടെ, അതോര്‍ത്തല്ലാ ചാത്തന്‍ ഞെട്ടിയത്‌!

അടുത്ത കാബിനിലൊക്കെ ആളുകളിരിക്കുമ്പോള്‍ ആള്‍ക്ക്‌ ഞങ്ങളെ ഒന്നും ചെയ്യാനാവില്ലാ എന്ന സാമാന്യബോധം കൊണ്ടുള്ള ഒരു മിനിമം ധൈര്യമെങ്കിലും കൂട്ടുകാരനു വേണ്ടേ!!!!

ചാത്തനു സ്വതേ ധൈര്യം കുറവാണ്‌, ഇന്ത്യയുടെ ഒരറ്റത്ത്‌ നിന്നും മറ്റേ അറ്റത്തേക്കുള്ള യാത്രയില്‍ ഇന്ത്യ മൊത്തം കറങ്ങി നടന്ന, കുറേ ഭാഷകള്‍ അറിയുന്ന ഒരുത്തന്‍ കൂടെയുണ്ടല്ലോ എന്നതായിരുന്നു ചാത്തന്റെ ധൈര്യം. ആ ധൈര്യത്തിന്റെ കടയ്ക്കലാണിവന്‍ മണ്ണെണ്ണയൊഴിച്ച്‌ തീവച്ചിരിക്കുന്നത്‌.ചണ്ഡീഗഡ്‌ ഹിമാലയത്തിനും അപ്പുറമാണെന്ന് തോന്നിച്ച നിമിഷങ്ങള്‍.

ശരി നിര്‍ത്തി. ഇനി ഇപ്പോ ഇവനെ നമ്പീട്ട്‌ കാര്യമില്ലാ. പത്താം ക്ലാസുവരെ മുന്‍പിലെ ബഞ്ചിലിരുന്നിട്ടും, ക്ലാസിലെ പിന്‍ ബെഞ്ചിലിരിക്കുന്ന തലമൂത്ത പിള്ളാരുടെ കയ്യീന്ന് വരെ തല്ലു വാങ്ങിയ കാര്യം മനസ്സിലോര്‍ത്തു. അണ്ണാറക്കണ്ണനും തന്നാലായത്‌ എന്നത്‌ ഓര്‍മ്മയുള്ള കാര്യം മുതല്‍ക്കേ കൊണ്ടു നടക്കുന്ന മുദ്രാവാക്യമാണ്‌.

നീ വാടാ അയ്യാളെന്താ ചേയ്യുകേന്ന് നോക്കാലോ.

ചാത്തന്‍ മുന്നിലും എസ്കോര്‍ട്ട്‌ പിന്നിലുമായി കാബിനിലേക്ക്‌ നടന്നു.

എന്നാ കിടിലം സസ്പെന്‍സ്‌. ഇവിടെ നിര്‍ത്തിയേക്കട്ടെ? അതോ ഒരു തല്ലു കാണാനുള്ള ബൂലോഗരുടെ ആഗ്രഹം,ചാത്തനു തല്ലു കിട്ടുന്നതു വായിക്കാനുള്ള ശ്രീജിത്തിന്റെ ആഗ്രഹം ഇവയൊക്കെ മുന്‍ നിര്‍ത്തി പറഞ്ഞു തീര്‍ത്തേക്കാം അല്ലേ?

വീണ്ടും മുന്നില്‍ ചിരിക്കുന്ന മുഖം.

രൗദ്രം, ഭീകരം, ബീഭത്സം ഇതിലേതാ പകരം ചാത്തന്റെ മുഖത്തു വരുത്തേണ്ടേ? കഥകളി പഠിച്ചിരുന്നെങ്കില്‍ എളുപ്പമുണ്ടായിരുന്നു. ശരി എല്ലാം കൂടി കൂട്ടിപ്പെരുക്കി ഒരു ഭാവമായിക്കളയാം.

ഫുള്‍സ്ലീവ്‌ ഷര്‍ട്ടിന്റെ കൈയ്യുടെ ബട്ടണ്‍സഴിച്ചു. കൈ മുട്ടുവരെ തെറുത്ത്‌ കയറ്റി. വാച്ച്‌ ഊരാന്‍ നോക്കിയപ്പോഴാണ്‌ അത്‌ കെട്ടിയില്ലാന്ന് ഓര്‍മ്മവന്നത്‌.ബെല്‍റ്റൂരി വലത്തേ കൈപ്പത്തിയില്‍ ചുറ്റി. ഇത്രേം ആയപ്പോള്‍ പ്രതി വിരണ്ടെന്നാ തോന്നണേ. മുഖം, തിരിച്ച്‌ പുസ്തകത്തിലേക്ക്‌ താഴ്ത്തി.

കൂട്ടുകാരനും വിരണ്ടു നില്‍ക്കുകയാണ്‌. തന്റെ വാക്ക്‌ കേട്ട്‌ ഇവന്‍ ഇവിടെ ചോരപ്പുഴയെങ്ങാന്‍ ഒഴുക്കുമോ? വിശ്വസിച്ചൂടാ ഇത്തിരിയേ ഉള്ളുവെങ്കിലും ബോംബും വാളും കളിപ്പാട്ടത്തിനൊപ്പം കൊണ്ടു നടക്കുന്ന നാട്ടുകാരനാ.

മതി ബാക്കി പിന്നെ....
(തുടരും)

വാല്‍ക്കഷ്ണം:
നിനച്ചിരിക്കാതെ കഥാഗതിയില്‍ മാറ്റത്തിനിടയാക്കിയ കമന്റുകള്‍ക്ക്‌ നന്ദി. കൈതമുള്ളേ ഇതാ ആ കമന്റിനുള്ള മറുപടി. അടുത്ത ലക്കത്തില്‍ കഥ വീണ്ടും ചാത്തന്‍ ഉദ്ദേശിച്ചിരുന്ന ട്രാക്കിലേക്ക്‌ മാറ്റി ഓടിക്കും. ഇനി ഈ സസ്പെന്‍സും പൊളിക്കാന്‍ ശ്രമിച്ച്‌ പിന്നേം ചാത്തന്റെ ട്രാക്ക്‌ തെറ്റിക്കുമോ? ഇതിലിപ്പോ എന്താ സസ്പെന്‍സ്‌ അല്ലേ ഒന്നുകില്‍ തല്ലു "വാങ്ങും" അല്ലെങ്കില്‍ തല്ല് "കൊള്ളും" അത്രയല്ലേ ഉള്ളൂ???