Monday, July 14, 2008

ആദ്യ ആകാശയാത്ര

കഴിഞ്ഞപോസ്റ്റ്‌ രണ്ടാമത്തെ പറക്കലെന്ന് പേരിട്ടതെന്താന്ന് ഒരാള്‍ പോലും ചോദിച്ചില്ല എന്ന വ്യസനത്തോടെ ചാത്തന്റെ ആദ്യത്തെ പറക്കല്‍ അനുഭവം ഇതാ.

സര്‍ദാര്‍ജിമാരുടെ നാട്ടില്‍ ചാത്തന്‍ ജോലി ചെയ്തിരുന്ന കാലം. ഹിമാലയ മുത്തച്ഛന്‍ തൊട്ടടുത്തായിരുന്നതോണ്ട്‌ അതുവരെ പോയി അദ്ദേഹത്തിനെ ഒന്ന് കണ്ട്‌ വരാമെന്ന് കൂടെ ജോലിചെയ്തിരുന്നവര്‍ ചിലര്‍ പ്ലാനിട്ടു. ഓ യെസ്‌ ചോദിക്കാനുണ്ടോ ചാത്തന്‍ എപ്പോഴേ റെഡി. പക്ഷേ അവരു പോകുന്നത്‌ ബൈക്കിലാണ്‌. മൂന്ന് പേര്‍ രണ്ട്‌ ബൈക്കുകളിലായി. രണ്ട്‌ പേര്‍ മാറി മാറി ഓടിക്കും ഒന്നില്‍ രണ്ട്‌ പേര്‍ മറ്റതില്‍ ഒരാളും ലഗേജും.

യാത്രയ്ക്കുള്ള മിനിമം യോഗ്യത ബൈക്കോടിക്കാനറിയണം അത്‌ ചാത്തനില്ലതാനും. എന്നാലും എന്നേം കൂട്ടണം ലഗേജിന്റെ കൂട്ടത്തില്‍ കെട്ടിയിട്ടാലും മതീന്ന് പറഞ്ഞു. ഒരു രക്ഷേമില്ല, ആ യാത്രയ്ക്കുള്ള മിനിമം യോഗ്യത 55 കിലോ തൂക്കമാണെന്ന് അവരു പറഞ്ഞു കളഞ്ഞു. പകരം പുതിയ ടയറുകളൊക്കെ ടെസ്റ്റ്‌ ചെയ്യാന്‍ അടുത്തുള്ള ഒരു ചിന്ന ട്രക്കിംഗ്‌ ഏരിയയായ 'മോര്‍നി' ഹില്‍സിലേക്ക്‌ ടെസ്റ്റ്‌ റൈഡിനു പോവുമ്പോള്‍ ചാത്തനെം കൂട്ടാം എന്ന്.

അതെങ്കില്‍ അത്‌. കഴിഞ്ഞ ദിവസങ്ങളിലൊക്കെ നേരിയ മഴയുള്ളതുകൊണ്ട്‌ മഴപെയ്തേക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട്‌ കടം വാങ്ങിയ മഞ്ഞ മഴക്കോട്ടും നീ കാപ്പുമൊക്കെയിട്ട്‌ റൈഡറേക്കാളും ഒരുങ്ങി ചാത്തന്‍ റെഡിയായി.

ചാത്തന്റെ റൈഡര്‍ ജെഎസ്‌ആര്‍ ഫോര്‍മുല വണിലെ ഷൂമാക്കറെ പോലെ ബൈക്കിന്റെ കാര്യത്തില്‍ ഒരു ചിന്നചെരുപ്പുകുത്തിയാണ്‌. ചണ്ഡീഗഡിലെ മധ്യമാര്‍ഗെന്ന തിരക്കുപിടിച്ച റോഡിലൂടെ വണ്ടിയോടിക്കുന്നത്‌ കണ്ടാല്‍ പഴയ ഒരു ദൂരദര്‍ശന്‍ പരസ്യത്തില്‍ ജാക്കിഷ്രോഫ്‌ നിര്‍ത്തിയിട്ടിരിക്കുന്ന വണ്ടികളുടെ ഇടയിലൂടെ ബൈക്കോടിച്ച്‌ ഒരു ലോറിയുടെ പുറകിലേക്ക്‌ ജമ്പ്‌ ചെയ്ത്‌ ഹെല്‍മെറ്റൂരി പറയുന്നത്‌ ഓര്‍മ്മവരും. "ഇത്‌ വെറും ഷൂട്ടിംഗ്‌ ജീവിതത്തിലാണെങ്കില്‍ നിങ്ങള്‍ നേരെ മുകളിലെത്തിയേനെ അതുകൊണ്ട്‌ സൂക്ഷിച്ച്‌ ഡ്രൈവ്‌ ചെയ്യൂ". ഡ്രൈവ്‌ ചെയ്യുന്നത്‌ ഇത്തിരി സ്പീഡിലാണെങ്കിലും ജെഎസ്‌ആറിന്റെ ബൈക്കിന്റെ പിന്നിലിരിക്കുമ്പോള്‍ അഞ്ചാറ്‌ ബ്ലാക്‌ക്‍ക്യാറ്റിന്റെ അകമ്പടിയോടെ ബുള്ളറ്റ്പ്രൂഫ്‌ കാറില്‍ പോകുന്ന തോന്നലാണ്‌. ബൈക്കിന്റെ ടയര്‍ ആണിവച്ച്‌ റോഡില്‍ അടിച്ചുറപ്പിച്ച പോലെ ഒരു ബൈക്ക്‌ യാത്ര.

സിറ്റി ലിമിറ്റ്‌ കഴിയുന്നതു വരെ യാത്ര നല്ല രസമായിരുന്നു. പിന്നിലേക്കോടിപ്പോവുന്ന വാഹനങ്ങളും മരങ്ങളും കെട്ടിടങ്ങളും. അല്‍പസമയം കൊണ്ട്‌ കൂടെ ഉണ്ടായിരുന്ന റൈഡറെ വളരെ പിന്നിലാക്കി ഞങ്ങള്‍ 100 നു മുകളില്‍ പറന്നു. മോര്‍നി ഹില്‍സ്‌ ഒരു ചെറിയ കുന്നായിരുന്നെങ്കിലും വഴി വയനാടന്‍ ചുരം പോലെ വളഞ്ഞു തിരിഞ്ഞതായിരുന്നു. പക്ഷേ ഒരു തിരിവുകഴിഞ്ഞാല്‍ കുറേ ദൂരം നേരെ ഓടിക്കാം. ആദ്യമാദ്യം വളവുകളില്‍ വേഗത കുറഞ്ഞിരുന്നെങ്കിലും പിന്നെപിന്നെ ബാങ്കിംഗ്‌ ഓഫ്‌ കര്‍വ്‌ എന്താണെന്ന് ചാത്തന്‍ അറിഞ്ഞ്‌ തുടങ്ങി.

വളവുകളില്‍ തറപറ്റിക്കിടന്നോടിച്ച്‌ നേരെയാവുമ്പോഴേയ്ക്ക്‌ റോഡിന്റെ വക്കിലെത്തും പോരാഞ്ഞ്‌ നേരിയ ചാറ്റല്‍ മഴയും. കുന്നിന്റെ താഴ്‌വരകളില്‍ ഇതത്ര പ്രശ്നമായി തോന്നിയില്ലെങ്കിലും ഉയരം കൂടുന്തോറും വളവുകളില്‍ നെഞ്ചിടിപ്പ്‌ കൂടിത്തുടങ്ങി. സ്പീഡ്‌ കുറയ്ക്കാന്‍ പറയുന്നത്‌ നാണക്കേടല്ലേ ഈ കൊച്ച്‌ കുന്നിന്റെ മോളില്‍ കയറുമ്പോള്‍ ഇത്രേം പേടിക്കുന്നവനാണോ ലഡാക്കില്‍ പോണമെന്ന് വാശിപിടിച്ചതെന്ന് ചോദിച്ചാലോ.

എന്നാലും പതുക്കെപ്പതുക്കെ ചാത്തനും ഒരു കാര്യം വ്യക്തമായിത്തുടങ്ങി പുത്തന്‍ പുതിയ രണ്ട്‌ ടയറുകളും ഇട്ട്‌ ചാറ്റല്‍ മഴയത്ത്‌ വഴുക്കുന്ന റോഡിലൂടെ 100നു മുകളില്‍ സ്പീഡില്‍ കുന്ന് കയറുന്ന വണ്ടി ഏത്‌ വമ്പന്‍ റൈഡറുടെയും കണ്‍ട്രോളില്‍ നില്‍ക്കണമെന്നില്ല. എവിടെയും പിടിക്കാതിരുന്ന കൈകള്‍ പതുക്കെ സീറ്റില്‍ ആണിയടിച്ചതു പോലെ പിടിച്ചു തുടങ്ങി. പിന്നെപ്പിന്നെ വളവുകളില്‍ ജെഎസ്‌ആറിന്റെ ദേഹത്തും പിടിമുറുക്കി. എതിരെ വണ്ടികളൊന്നും വരരുതേ എന്നായി പ്രാര്‍ത്ഥന.

പെട്ടന്നെതിരെ ഒരു കാര്‍, ഇടത്തോട്ട്‌ വെട്ടിച്ച വണ്ടി റോഡിന്റെ വക്കിലെത്തി. എന്നിട്ടും വേഗതയ്ക്കൊരു കുറവുമില്ല. പിന്നേം ആക്സിലേറ്റര്‍ തിരിഞ്ഞു. അടുത്ത കൊടും വളവ്‌, കാല്‍മുട്ടുകള്‍ തറയില്‍ തൊട്ടു തൊട്ടില്ലെന്നപോലെ കുറച്ചേറെ നേരമായി തിരിഞ്ഞുകൊണ്ടിരിക്കുന്നു. വീണ്ടും നേരെയായ വണ്ടി റോഡിന്റെ വക്കിലേയ്ക്ക്‌, വശത്തേയ്ക്ക്‌ നോക്കിയപ്പോള്‍ ഞെട്ടിപ്പോയി ഒരിഞ്ച്‌ തെറ്റിയാല്‍ കൊക്കയിലേക്ക്‌. മുഖം തിരിച്ച്‌ റോഡിലേക്ക്‌ നോക്കിയപ്പോള്‍ വയറ്റില്‍ നിന്നൊരു പുകച്ചില്‍. മുന്‍പിലുള്ള റോഡിന്റെ ഒരു ഭാഗം കാണാനില്ല. ആ ഭാഗം മുഴുവന്‍ കൊക്കയിലേക്ക്‌ ഇടിഞ്ഞ്‌ വീണിരിക്കുന്നു.

ഒരു ഞൊടിയിടയിലെടുത്ത തീരുമാനം വച്ച്‌ ജെഎസ്‌ആര്‍ വണ്ടി വലത്തേയ്ക്ക്‌ തിരിച്ചു. ബൈക്കിന്റെ പിന്‍ചക്രങ്ങളിന്റെ കീഴെ നിന്നും ചെറു കരിങ്കല്‍ക്കഷ്ണങ്ങള്‍ കൊക്കയിലേയ്ക്ക്‌ തെറിച്ചു. അല്‍പം മുന്നോട്ട്‌ വണ്ടി നിര്‍ത്തിയശേഷം ഒരു ചെറുചിരിയോടെ ജെഎസ്‌ആറു ചോദിച്ചു നീ പേടിച്ചോ.

പിന്നില്ലാതെ കാറ്റുപോയീന്നാ വിചാരിച്ചത്‌.

ഞാനും ഒന്നു പേടിച്ചുപുതിയ ടയറായതോണ്ട്‌ വീലു തീരെ വെട്ടുന്നില്ലാ. ഇനി അല്‍പം പതുക്കെ ഓടിക്കാം.

ആ വാക്കും പഴയ ചാക്കും ഒരുപോലെയായി കുറച്ച്‌ കഴിഞ്ഞപ്പോള്‍ സ്പീഡ്‌ പിന്നേം തഥൈവ. മഴ പിന്നേം കനത്തു. എന്നാലും സ്പീഡിനൊരു കുറവുമില്ല. വീണ്ടുമൊരു വളവു തിരിഞ്ഞപ്പോള്‍ റോഡ്‌ കാണാനില്ല. റോഡിന്റെ നടുവില്‍ ആരോ ഒരു തടാകം കുഴിച്ചതുപോലെ. മുഴുവന്‍ ചളി. മുട്ടോളം ചളി. അപ്പോഴത്തെ സ്പീഡില്‍ ബ്രേക്ക്‌ പിടിച്ചാല്‍ തെറിച്ച്‌ കൊക്കേല്‍ വീഴുമോ മറ്റേസൈഡിലുള്ള കുന്നിന്റെ വശത്ത്‌ പോസ്റ്ററാകുമോ എന്ന് ഉറപ്പില്ല.

ഇതിനകം ബൈക്ക്‌ ചെളിയില്‍ പ്രവേശിച്ചു കഴിഞ്ഞു. വാലിനടികിട്ടിയ പാമ്പിനെപ്പോലെ അത്‌ ചെളിയില്‍ നിന്ന് പുളഞ്ഞു. തന്റെ റൈഡിംഗ്‌ സ്കില്‍ മുഴുവന്‍ ഉപയോഗിച്ചാലും ചളിയ്ക്ക്‌ അക്കരെ എത്തുകില്ലാന്ന് മനസ്സിലാക്കിയ ജെഎസ്‌ആര്‍ ബ്രേക്ക്‌ പിടിച്ചു.

ദാറ്റ്‌സ്‌ ഇറ്റ്‌ . കുന്തവും ചൂലും വിമാനവുമില്ലാതെ ചാത്തന്റെ ആദ്യപറക്കല്‍. ചാത്തന്‍ ആകാശത്തേക്കുയര്‍ന്നു. ഒരു നിമിഷം അവിടെ തങ്ങി നിന്ന് ഒരു ഭൂമിനിരീക്ഷണം. സൂപ്പര്‍മാനെപ്പോലെ ഇടത്തേയ്ക്ക്‌ ഒരു കൈ ചെരിച്ചു പിടിച്ചാല്‍ കൊക്കയിലേയ്ക്ക്‌ പറക്കാം. അത്‌ വേണോ വേണ്ടയോ എന്ന് തീരുമാനമെടുക്കാന്‍ അല്‍പം വൈകി. അപ്പോഴേയ്ക്കും ചാത്തന്‍ ലാന്‍ഡ്‌ ചെയ്തു. മുട്ടോളം ചെളിയില്‍ പൂണ്ട്‌, ബ്രേക്ക്‌ പിടിച്ചിട്ടും അതിനിഷ്ടമുള്ള സമയത്ത്‌ നിന്ന്, ചെരിഞ്ഞ്‌ വീണ്‌ കിടക്കുന്ന ബൈക്കിന്റെയും അതിന്റെ മോളില്‍ തന്നെ കിടക്കുന്ന ജെഎസ്‌ആറിന്റേം തലേയിലേക്ക്‌.

ജെഎസ്‌ആറിന്റെ തലയെന്ന് പറയാന്‍ പറ്റൂല ഹെല്‍മെറ്റിന്റെ മുകളില്‍.അവിടെ റെസ്റ്റെടുത്തോണ്ടിരിക്കുമ്പോള്‍ ജെഎസ്‌ആറിന്റെ ശബ്ദം.

നിനക്ക്‌ വല്ലതും പറ്റിയോ?

ഇല്ലാ ഞാന്‍ ചുമ്മാ ഒന്ന് പറന്നു.

എന്നാ എന്റെ തലേടെ മുകളില്‍ നിന്ന് എണീക്കെടാ.

ഓ അത്‌ ശരി അത്‌ ഞാന്‍ ഓര്‍ത്തില്ല.

എഴുന്നേറ്റ്‌ നോക്കിയപ്പോള്‍ ചളിയില്‍ മുങ്ങിയെന്നല്ലാതെ ബൈക്കിനും വേറെ കുഴപ്പമൊന്നുമില്ല. എന്തോ ഭാഗ്യം അടുത്ത്‌ തന്നെ ഒരു വെള്ളക്കുഴി ബൈക്കും തള്ളി അവിടെ ചെന്ന് കഴുകി ആരും കാണും മുന്‍പ്‌ പിന്നേം അടിച്ച്‌ മിന്നിച്ചു. ഏതാനും മിനിറ്റുകള്‍ക്ക്‌ ശേഷം ഞങ്ങള്‍ കുന്നിന്റെ മുകളിലെത്തി. റെയിന്‍കോട്ട്‌ കൊണ്ട്‌ കുടപിടിച്ച്‌ കുറച്ച്‌ ഫോട്ടോയൊക്കെ എടുത്ത്‌ കുറേ സമയം കഴിഞ്ഞിട്ടും പിന്നാലെ വന്ന റൈഡറെ കാണാനില്ല.

വല്ല ആക്സിഡന്റും!!!

വീണ്ടും ബൈക്കുമെടുത്ത്‌ താഴോട്ട്‌ പാഞ്ഞു.

അതാ ഞങ്ങളു നേരത്തെ വീണ അതേസ്ഥലത്തിനടുത്ത വെള്ളക്കുഴിക്കടുത്ത്‌ ഒരു ആള്‍ക്കൂട്ടം. കാലുകളുടെ ഇടയിലൂടെ അവന്റെ ബൈക്കും കാണാം. ആള്‍ക്കൂട്ടത്തിനിടയിലൂടെ തിക്കിത്തിരക്കി ഉള്ളില്‍ കയറി. ഭാഗ്യം ഒന്നും പറ്റിയില്ല. ഞങ്ങള്‍ വീണപോലെ ചെളിയില്‍ പുതഞ്ഞിരിപ്പാണ്‌.

ഇതിനിടേ ആള്‍ക്കൂട്ടത്തില്‍ നിന്നാരോ ഒരു കമന്റ്‌

അതു ശരി നിങ്ങളൊക്കെ ഒരേടീമാ അല്ലേ...
രാവിലെ തന്നെ രണ്ടെണ്ണം പറന്ന് വീഴുന്നത്‌ കണ്ട്‌ വല്ലതും പറ്റിയോന്ന് നോക്കാന്‍ ഓടി വന്നതാ ഞങ്ങള്‍. അപ്പോഴേക്കും ചെളിയൊക്കെ കഴുകി നിങ്ങളു പിന്നേം പറന്നു. വല്ല സിനിമാഷൂട്ടിങ്ങുമാണെന്ന് കരുതി തിരിച്ചു പോവുമ്പോഴാ അടുത്ത കുരിശ്‌ അതേപോലെ വീഴുന്നത്‌. നിങ്ങള്‍ക്കൊന്നും വേറേ പണിയില്ലേ മക്കളേ...

വാല്‍ക്കഷ്ണം:
ചുമ്മാ ബൈക്കില്‍ നിന്നു വീഴുന്നതും പറക്കുന്നതും തമ്മില്‍ ഒരുപാട്‌ വ്യത്യാസമുണ്ട്‌. അതു പറന്നാലേ അറിയൂ...
ഓടോ ഈ 100 100 എന്ന് ഇടക്കിടെ പറയുന്നത്‌ ആ പണ്ടാരത്തിന്റെ സ്പീഡു നോക്കാന്‍ അതിനു സ്പീഡോമീറ്റര്‍ ഉണ്ടായിരുന്നില്ല പകരം ആര്‍പിഎം മീറ്ററായിരുന്നു. അതിലു നോക്കിയാല്‍ ബൈക്കിന്റെ എബിസിഡി അറിയാത്ത ചാത്തനെങ്ങനെ വേഗത മനസ്സിലാക്കാന്‍...