Thursday, October 01, 2009

അമേരിക്കാ അമേരിക്കാ - ഇംപ്രഷന്‍സ്‌

സോഫ്റ്റ്‌വേര്‍ എഞ്ചിനീയര്‍മാര്‍ക്ക്‌ പെണ്ണന്വേഷിക്കുമ്പോള്‍ പെണ്ണിന്റച്ഛന്‍ ആദ്യം ബ്രോക്കറോട്‌ ചോദിക്കുന്ന കാര്യമാ, ചെക്കനെത്ര ഓണ്‍സൈറ്റ്‌ പോയിട്ടുണ്ട്‌ എവിടൊക്കെ പോയിട്ടുണ്ട്‌ എന്ന്. ചാത്തനാ പ്രശ്നം ഒരു ജ്യോത്സ്യന്‍ മാറ്റിത്തന്നു. പെണ്ണ്‌ കെട്ടിയാലേ ഓണ്‍സൈറ്റ്‌ കിട്ടൂ എന്ന്. അന്നേ വരെ ജാതകത്തില്‍ പറഞ്ഞത്‌ മൊത്തം സംഭവിച്ച്‌ ചാത്തനെ ഞെട്ടിച്ചിരുന്നെങ്കിലും ഇതിത്തിരി കടന്ന കൈ ആയിപ്പോയി. പെണ്ണ്‌ കെട്ടിയാല്‍ കാലുകെട്ടീന്നാ. കാലും കെട്ടീട്ട്‌ കടലിനു കുറുകെ ചാടാന്‍ ചാത്തനാര്‌ ഹനുമാനോ?

എന്തായാലും ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്ന് ഓണ്‍സൈറ്റിനൊരു സ്കോപ്പുമില്ല. പിന്നെ ആദ്യം കമ്പനി ചാടണം. എല്ലാ ആഴ്ചേം പെണ്ണ്‌ കാണാന്‍ നാട്ടില്‍ പോവുമ്പോള്‍ പിന്നെ ഇന്റര്‍വ്യൂവിനു പോവാന്‍ എവിടെ സമയം? എന്നാപ്പിന്നെ ജ്യോല്‍സ്യന്റെ നാക്ക്‌ പൊന്നാകുന്നത്‌ എങ്ങനെ എന്ന് നോക്കാം.

ചെയ്തോണ്ടിരുന്ന സോഫ്റ്റ്‌വേറിനു അമേരിക്കയില്‍ ഒരു പ്രദര്‍ശനത്തിനു പങ്കെടുക്കാന്‍ അവസരം. പോകാനിരുന്ന മാനേജര്‍ക്ക്‌ വിസ കിട്ടീല. ആ പേരില്‍ കമ്പനി വഹ ചെലവില്‍ ഒരു ചെന്നൈ വിമാനയാത്രയും സ്റ്റാര്‍ ഹോട്ടല്‍ താമസവും ഒക്കുമല്ലോന്നോര്‍ത്ത്‌ ചാത്തന്‍ പോയിവരാന്‍ തീരുമാനിച്ചു. മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങാ വീണു. സായിപ്പിന്റെ ചീത്ത രണ്ടാഴ്ച കേള്‍ക്കാന്‍ ചാത്തനു തന്നെ കുറി വീണു.

അങ്ങനെ പഴയ ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് അമേരിക്കയ്ക്ക്‌ പുറപ്പെട്ട അവസാന മലയാളി വിമാനയാത്രികനായി ചാത്തന്‍ പുറപ്പെട്ടു.

പണ്ട്‌ ദാസനും വിജയനും അമേരിക്കയില്‍ പോയി സാധനം കയ്യില്‍ വച്ച്‌ ഉണ്ടാക്കിയതു പോലെ, ചാത്തനു തന്നു വിട്ടത്‌ ഒരു ചൈനാക്കാരന്റെ ഫോണ്‍ നമ്പറും ഹോട്ടലുകാര്‍ വന്ന് കൂട്ടി കൊണ്ട്‌ പോയിക്കോളും എന്ന ഒരു ഉറപ്പുമായിരുന്നു. പകുതി വഴിയില്‍ വച്ച്‌ വിമാനം മാറിക്കയറണം ജര്‍മനിയിലെ ഫ്രാങ്ക്‌ ഫര്‍ട്ടില്‍ വച്ച്‌. ആ സമയത്ത്‌ ജര്‍മനിയില്‍ അനിയന്‍ ചാത്തന്‍ ഉണ്ടായിരുന്നതു കൊണ്ട്‌ കണ്ടക്ടറില്ലാ തീവണ്ടിയില്‍ കയറിയിട്ടാണ്‌ അടുത്ത വിമാനത്തിന്റെ സ്റ്റോപ്പില്‍ പോവേണ്ടത്‌ എന്നൊക്കെ പറഞ്ഞ്‌ പഠിപ്പിച്ചിരുന്നു.

പറഞ്ഞപോലെ നല്ലൊരു ഉറക്കത്തിന്റെ സമയത്ത്‌ ചുമ്മാ ഒരു ശാപ്പാടും അടിച്ച്‌ ഇടക്കെപ്പോഴോ ഉറങ്ങി ജര്‍മനിയിലെത്താനായി. വാച്ചില്‍ ഇന്ത്യന്‍ സമയം വിമാനത്തിലും ടിക്കറ്റിലും ജര്‍മന്‍ സമയം . എങ്ങനെയൊക്കെ കണക്ക്‌ കൂട്ടിയാലും ഈ വിമാനം ലേറ്റാണ്‌. ആകെപ്പാടെ ഒരു മണിക്കൂറിന്റെ ഗ്യാപ്പില്‍ മാറിക്കയറേണ്ട വിമാനം പുറപ്പെടും. ദൈവമേ അനിയന്റെ കൂടെ താമസിക്കാമെന്നു വച്ചാല്‍ വിസയില്ലാതെ എങ്ങനെ പുറത്ത്‌ കടക്കും. ഒടുക്കം സംഭവം ലാന്‍ഡായി.

നാട്ടിലെ ബസ്സീന്ന് ആളിറങ്ങാന്‍ തിരക്കു കൂട്ടുന്നതു പോലെ തിരക്ക്‌ കൂട്ടണ്ടാന്നും മാന്യമായി ഇറങ്ങി വരാമെന്നും ഒക്കെ വിചാരിച്ചതാ. എന്താ ചെയ്യാ മറ്റേ വിമാനം ഒരാള്‍ക്കു വേണ്ടി കാത്ത്‌ നില്‍ക്കുമോ? പിന്നേ സായിപ്പന്മാരു കേരളത്തിലെ ബസ്സിലൊന്നും അധികം കയറാത്തത്‌ ഭാഗ്യം, ദ വെരി ഓള്‍ഡ്‌ ട്രിക്ക്‌ ആദ്യം തല, പിന്നെ ശരീരം അവസാനമായി വലിച്ചോണ്ടിരിക്കുന്ന പെട്ടിയ്ക്ക്‌ ഒരു എക്സ്ട്‌ട്രാ വലി. ഏതൊക്കെയോ സായിപ്പിന്റേം മദാമ്മേടേം ഷൂവിന്റെ പെയിന്റ്‌ പോയിക്കാണും.

പുറത്തേക്കിറങ്ങിയെത്തിയ ഗുഹയിലൂടെ അത്രേം സ്പീഡില്‍ ബെന്‍ ജോണ്‍സണ്‍ പോലും പോയിക്കാണില്ല. ട്രെയിനിന്റെ സ്റ്റോപ്പും ഇറങ്ങേണ്ട പ്ലാറ്റ്‌ഫോമിന്റെ സ്റ്റോപ്പുമൊക്കെ വിമാനത്തിലെ ടിവി സ്ക്രീനില്‍ മുന്‍പേ കാണിച്ചതു കൊണ്ട്‌ അതൊക്കെ പെട്ടന്ന് കണ്ട്‌ പിടിച്ചു. ട്രെയിനില്‍ കയറിയപ്പോള്‍ ശ്വാസം നേരെ വീണു. ഇനി മറ്റേ വിമാനം പുറപ്പെടാന്‍ വെറും പത്ത്‌ മിനിറ്റു മാത്രം. 5 മിനിറ്റ്‌ അവിടെത്താന്‍ എടുത്താലും 5 മിനിറ്റ്‌ ധാരാളം ഇനി ഒരു ഗുഹയിലൂടെയുള്ള ഓട്ടത്തിന്‌. ട്രെയിനിന്റെ വാതില്‍ ചാത്തനും പെട്ടിക്കും കടക്കാവുന്ന് തരത്തില്‍ തുറന്നപ്പോഴേ ചാടി ഓടി.

അടുത്ത ഗേറ്റില്‍ ഒരു ചെറിയ ക്യൂ. ഭാഗ്യം വിമാനം വിട്ടില്ല ഇനി അരമണിക്കൂറു കൂടി ഉണ്ടത്രെ. ഇന്റര്‍നാഷണല്‍ സമയം നോക്കാന്‍ ഇനീം പഠിക്കാനിരിക്കുന്നു. ഫ്രാങ്ക്‌ ഫര്‍ട്ട്‌ വിമാനത്താവളത്തിലെ രണ്ട്‌ മൂന്ന് ലിറ്റര്‍ ഓക്സിജന്‍ ചൂടപ്പം പോലെ ചെലവായി. പോര്‍ട്ട്‌ ലാന്‍ഡ്‌ എന്ന അമേരിക്കന്‍ വിമാനത്താവളത്തിലേക്ക്‌ ഡയറക്റ്റ്‌ ഫ്ലൈറ്റായിരുന്നു. അതേതാണ്ട്‌ ഒരു ലോക്കല്‍ സ്ഥലമാണെന്ന് തോന്നുന്നു കൂടെയുള്ളവര്‍ മൊത്തം ഒരു മാതിരി അലുക്കുലുത്ത്‌ വേഷത്തില്‍ ഒന്ന് ഇസ്തിരിയിട്ട ഷര്‍ട്ട്‌ പോലും കാണാനില്ല. മൊത്തം കുഴീലേക്ക്‌ കാലും നീട്ടിയിരിക്കുന്നവര്‍. അവിടെന്താ പ്രായമായവരുടെ സംസ്ഥാന സമ്മേളനമോ?. അരമണിക്കൂര്‍ അവിടത്തെ വെയിറ്റിംഗ്‌ സ്ഥലത്ത്‌ ഇരിക്കുമ്പോഴാ എന്തായാലും ജര്‍മനിയുടെ ഒരു പടമെടുത്ത്‌ കളയാം എന്ന തോന്നിയത്‌. ക്യാമറയില്‍ ബാറ്ററിക്ക്‌ ചാര്‍ജില്ല. ഛെ ഇനിയിപ്പോള്‍ തിരിച്ചു വരുമ്പോഴാകാം.

വിമാനവും ഒരുവിധം കാലിയാണ്‌, കുറേ സീറ്റുകളില്‍ ആളില്ല. സൈഡ്‌ സീറ്റ്‌ വല്ലോം കിട്ടിയിരുന്നെങ്കില്‍! അപ്പോഴേക്കും പ്രധാന ഐറ്റം കൊണ്ടു വന്നു ഫുഡ്‌. ചാത്തനെ ഒന്ന് ഇരുത്തി നോക്കീട്ട്‌ ആ പെങ്കൊച്ച്‌ ബാക്കിയുള്ളവര്‍ക്ക്‌ ഫുഡും കൊടുത്ത്‌ തിരിച്ച്‌ പോയി. അതെന്താ നമ്മളെക്കണ്ടാല്‍ ഫുഡ്‌ കഴിക്കുന്ന നാട്ടീന്ന് വരുന്നതാന്ന് തോന്നൂലേ? അടുത്തിരുന്നവര്‍ കഴിക്കുന്നതും നോക്കി അധികം വെള്ളമിറക്കേണ്ടി വന്നില്ല, ചാത്തനൊരു സ്പെഷല്‍ പാക്കറ്റ്‌. ഒറ്റ നിമിഷം കൊണ്ട്‌ അത്‌ ആവിയായി. പാക്കറ്റല്ല സന്തോഷം ആവിയായീന്ന്. കൂടെയുള്ളവര്‍ ചിക്കനും ഓംലെറ്റുമൊക്കെ തട്ടുമ്പോള്‍, ഇന്ത്യന്‍ നോണ്‍ വെജ്‌ എന്ന് ടിക്കറ്റെടുക്കുമ്പോള്‍ എഴുതിയത്‌ കാരണമാവും കുറേ ചപ്പും ചവറും പുഴുങ്ങിയത്‌!! ആദ്യ വിമാനം ഇന്ത്യേന്ന് സ്റ്റാര്‍ട്ട്‌ ചെയ്തതോണ്ടാവും അതിലെ ആഹാരത്തിനൊരു ഇന്ത്യന്‍ ഛായയെങ്കിലുമുണ്ടായിരുന്നു. കൂടെക്കിട്ടിയ ഒണക്ക ബണ്‍ കടിച്ച്‌ ചവച്ച്‌ മധുരമില്ലാത്ത ഓറഞ്ച്‌ ജ്യൂസും കുടിച്ച്‌ ഒരു ഏമ്പക്കമിടാന്‍ ശ്രമിച്ചു. പറ്റണ്ടേ. ഒടുക്കം ഹോസ്റ്റസ്‌ കൊച്ച്‌ സൈഡിലൂടെ പോയപ്പോള്‍ വളരെ രഹസ്യമായി ചേച്ച്യേയ്‌ ആ ബാക്കിയുള്ളവര്‍ക്ക്‌ കൊടുത്ത പാക്കറ്റ്‌ ഒരെണ്ണം കിട്ടാന്‍ സാധ്യതയുണ്ടോന്ന് തിരക്കി. കൊച്ച്‌ നോക്കാമെന്നും പറഞ്ഞ്‌ തിരിച്ച്‌ പോയി. ഒന്ന് കൊണ്ട്‌ തന്നു. കൂടെ ഇരുന്ന മദാമ്മ രണ്ട്‌ സീറ്റ്‌ അപ്പുറം മാറിയിരുന്നു വിമാനത്തില്‍ കിട്ടിയ മാഗസീനില്‍ സൊമാലിയയുടെ മാപ്പ്‌ നോക്കി മനഃപാഠമാക്കി.

പരിചയമില്ലാത്ത ഭക്ഷണമായതു കൊണ്ടാവും കഴിച്ച ഉടനേ അതിനു പുറത്ത്‌ പോവണമെന്ന് പറഞ്ഞു. യൂറോപ്യന്‍ പേപ്പര്‍ പരിചയമില്ലാത്തോണ്‌ ഒരു പ്ലാസ്റ്റിക്‌ മഗ്ഗ്‌ എടുത്തിരുന്നു. അതു പക്ഷേ ചെക്ക്ഡ്‌ ഇന്‍ ലഗേജിലായിപ്പോയി. വരുന്നത്‌ വരട്ടേ കുറച്ചധികം പേപ്പര്‍ ചെലവാക്കിയേക്കാം അങ്ങനെ അതും കഴിഞ്ഞു. ഫ്ലഷ്‌ വലിച്ചപ്പോഴാണ്‌ ഞെട്ടിപ്പോയത്‌. ഭീകരമായ ഒച്ചേം കാറ്റും. അതു ശരി സായിപ്പന്മാരു ഇവിടെം വെള്ളം ഉപയോഗിക്കാറില്ല അല്ലേ. ഇനിയിപ്പോള്‍ കുളിയും ഇതു പോലെ വാക്വം ക്ലീനിംഗ്‌ ആവുമോ എന്തോ?

വിമാനം അമേരിക്കന്‍ മണ്ണില്‍ എത്താനായി. ഒരു ഫോം കൊണ്ടു തന്നു പൂരിപ്പിക്കാന്‍. നിങ്ങള്‍ ആഹാരസാധനങ്ങള്‍ വല്ലോം കൊണ്ടു വരുന്നുണ്ടോ എന്ന്. ഒരു ലോഡ്‌ മാഗീം എം ടി ആര്‍ പാക്കറ്റുകളും ഏത്‌ സോഫ്റ്റ്‌ വേര്‍ എഞ്ചിനീയറേം പോലെ ചാത്തനും വിട്ടു കളഞ്ഞു. ഇത്തവണ തിരക്കൊന്നും കൂട്ടാതാണ്‌ ഇറങ്ങിയത്‌. ഇന്ന് അവിടെ വെള്ളിയാഴ്ചയാണ്‌ അതും ഉച്ചയാവാറായി. ഇനി രണ്ട്‌ ദിവസം റെസ്റ്റെടുത്ത്‌ തിങ്കളാഴ്ച പോയാല്‍ മതിയാവും ഓഫീസില്‍. ഫുഡ്‌ ഐറ്റംസ്‌ വല്ലോം ഉണ്ടോ ലഗേജില്‍ എന്ന് ചോദിച്ച ഓഫീസറോട്‌ ഫുഡോ അതെന്ത്‌ എന്ന ഭാവത്തില്‍ ഉത്തരോം പറഞ്ഞ്‌ ചാത്തന്‍ പുറത്തിറങ്ങി. ആദ്യം കണ്ട കടയില്‍ നിന്നൊരു ഫോണ്‍ കാര്‍ഡ്‌ വാങ്ങി. പക്ഷേ എയര്‍പോര്‍ട്ടില്‍ എവിടെം വിളിക്കാനൊരു ഫോണ്‍ കാണാനില്ല. പിന്നെ എന്‍ക്വയറിയില്‍ നില്‍ക്കുന്ന ഒരു അമ്മൂമ്മയോട്‌ സഹായം ചോദിച്ചു. അമ്മൂമ്മയെക്കാളും പ്രായമുള്ള ഒരു ഫോണ്‍ എടുത്ത്‌ തന്നിട്ടു ലോക്കല്‍ കാള്‍ വേണേല്‍ അതില്‍ വിളിച്ചോളാന്‍ പറഞ്ഞു.

ചൈനക്കാരനെ വിളിച്ചിട്ടു കിട്ടുന്നില്ല. താമസിക്കാനുള്ള ഹോട്ടലിന്റെ നമ്പറിലേക്ക്‌ വിളിച്ചു അതും സ്വാഹ. വേറേ എവിടെയെങ്കിലും ഫോണുണ്ടോ എന്നായി. ഒരു അരമൈലു ദൂരെ അടുത്ത ഫ്ലോറിലാണത്രേ കാര്‍ഡ്‌ വച്ച്‌ വിളിക്കാന്‍ പറ്റുന്ന ഫോണ്‍! എന്റെ അമേരിക്കാാ ആ ആ ആ!. ഫസ്റ്റ്‌ ഇമ്പ്രഷന്‍ എന്ന് തുടങ്ങുന്ന ചൊല്ല് ഇന്ത്യേലാണോ കണ്ട്‌ പിടിച്ചത്‌?

മെഷീന്‍ കണ്ടു പിടിച്ച്‌ കുറച്ച്‌ സമയം മല്‍പിടുത്തം നടത്തി. ഒരു രക്ഷേമില്ല ആ വഴിയൊന്നും മനുഷ്യന്മാരു നടക്കുന്നില്ല. പിന്നേ ഇത്തിരി മാറിനിന്ന് ഒരു സായിപ്പിനെ(ഏതോ എയര്‍പോര്‍ട്ട്‌ ഉദ്യോഗസ്ഥനാണെന്ന് തോന്നുന്നു) ചാക്കിട്ട്‌ പിടിച്ച്‌ മെഷീനിന്റെ അടുത്ത്‌ കൊണ്ട്‌ പോയി. അങ്ങേരും കുറച്ച്‌ കഷ്ടപ്പെട്ടു. പിന്നേം ഫലം സ്വാഹ. പാവം പരാജയം സമ്മതിച്ചു എന്റെ നേരെ സ്വന്തം മൊബൈലു നീട്ടി അതില്‍ വിളിച്ചോളാന്‍ പറഞ്ഞു . സ്വന്തം എയര്‍പോര്‍ട്ടിലെ ഫോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ സായിപ്പിനു തന്നെ പറ്റുന്നില്ല. ഇതാ അമേരിക്കാ സെക്കന്റ്‌ ഇമ്പ്രഷനും കൊള്ളാം.

ഭാഗ്യം ചൈനക്കാരനെ കിട്ടി. അങ്ങേര്‍ ഹോട്ടലില്‍ വിളിച്ച്‌ വണ്ടി അയക്കാം എന്നു പറഞ്ഞു. ദൈവമേ അപ്പോള്‍ ചാത്തന്‍ വരുന്ന കാര്യം ഇങ്ങേര്‍ ഓര്‍ക്കുന്നുപോലുമുണ്ടായിരുന്നില്ലെ!. മൊബൈലു കൊടുത്ത്‌ സായിപ്പിനെ പറഞ്ഞ്‌ വിട്ടു. പിന്നേം കുറച്ച്‌ സമയം മെഷീനില്‍ കളിച്ചു വീട്ടുകാരുടെ ഭാഗ്യം ഇന്ത്യയിലേക്ക്‌ ഫോണ്‍ കിട്ടി! സുഖമായി എത്തിയ വിവരം പറഞ്ഞു. 20 ഡോളറിനു വാങ്ങിയ കാര്‍ഡിലെ കാശ്‌ റോക്കറ്റു പോകുന്ന സ്പീഡില്‍ തീരുന്നു. പുറത്തിറങ്ങി വണ്ടി കാത്തു നിന്നാലോ എന്നായി പക്ഷേ വണ്ടീടെ നമ്പറൊന്നുമില്ലാതെ എങ്ങനെ. അതിനിനി സായിപ്പിന്റെ മൊബൈലില്‍ ഓസണ്ട. ഒന്നു കൂടി ചൈനക്കാരനെ വിളിച്ചു. കിട്ടി. അങ്ങേര്‍ ഹോട്ടലില്‍ വിളിച്ച്‌ ചോദിച്ചു വയ്ക്കാം എന്ന് പറഞ്ഞ്‌ വച്ചു. 5 മിനിറ്റ്‌ കഴിഞ്ഞ്‌ പിന്നേം വിളിച്ചു. ഒരു വെളുത്ത വല്യ വണ്ടിയാണ്‌ നമ്പരൊന്നും അറീല. കണ്ടില്ലെങ്കില്‍ ടാക്സി പിടിച്ച്‌ വന്നാല്‍ മതി. അമേരിക്കാ ഇതാ മൂന്നാം ഇമ്പ്രഷന്‍. പുറത്തിറങ്ങി വണ്ടിയ്ക്ക്‌ കാത്തു നില്‍ക്കാന്‍ തുടങ്ങി. എനിക്കവരെ അറിയില്ലെങ്കിലും ആകെപ്പാടെ ഒറ്റയ്ക്ക്‌ നില്‍ക്കുന്ന ഒരു ഇന്ത്യാക്കാരനെ അവരെങ്ങാന്‍ തിരിച്ചറിഞ്ഞാലോ? ഒരു കോന്തന്‍ വെള്ള വണ്ടി നോക്കാന്‍ പറഞ്ഞിരിക്കുന്നു. അവിടെ കണ്ടതില്‍ വെള്ളയല്ലാത്ത വല്ല വണ്ടിയും കാണുന്നുണ്ടോന്നായി അടുത്ത അന്വേഷണം. കാരണം പുറത്ത്‌ കാണുന്നത്‌ മൊത്തം വെള്ള വണ്ടികള്‍!

ഒരു മണിക്കൂറിലധികം എയര്‍പോര്‍ട്ടിനു പുറത്ത്‌ തേരാപ്പാരാ നടന്നു. ഒരു വെള്ള വണ്ടിയും അടുത്ത്‌ വന്നില്ല. അവസാനം തിരിച്ച്‌ ഒന്നൂടെ ഫോണ്‍ ചെയ്യാമെന്ന് വച്ച്‌ തിരിച്ച്‌ കയറാന്‍ പോകുമ്പോള്‍ താമസിക്കാനുള്ള ഹോട്ടലിന്റെ പേര്‌ സൈഡിലെഴുതിയ ഒരു വെള്ള വണ്ടി അതിലൂടെ കറങ്ങുന്നത്‌ കണ്ടു. ഓടിച്ചെന്ന് അതിന്റെ കുറുകെ ചാടി ചോദിച്ചപ്പോള്‍ അതെന്നെ കാണാതെ തിരിച്ച്‌ പോവാന്‍ തുടങ്ങുവായിരുന്നത്രെ. ഭാഗ്യം. സാവി, ഫിലിപ്പീന്‍ കാരനായ ആ ഡ്രൈവര്‍ തന്നെയാണ്‌ വരും ദിവസങ്ങളില്‍ ഹോട്ടലില്‍ നിന്നും ഓഫീസിലേക്കുള്ള പിക്‌ അപ്‌ ആന്റ്‌ ഡ്രോപ്പ്‌ മിക്കവാറും നടത്തിയിരുന്നത്‌.

അങ്ങനെ ഉച്ചയോടെ ഹോട്ടലിലെത്തി. അതോടെ അടുത്ത പ്രശ്നം തലപൊക്കി. ഓണ്‍സൈറ്റ്‌ പ്രമാണിച്ച്‌ കമ്പനി തന്ന അമേരിക്കന്‍ എക്സ്പ്രസ്സ്‌ കാര്‍ഡ്‌ വര്‍ക്ക്‌ ചെയ്യുന്നില്ല. കാശു കൊടുക്കാതെ അവിടെ താമസിക്കാന്‍ പറ്റില്ലത്രേ. അവര്‍ക്കൊന്നും ചെയ്യാന്‍ പറ്റില്ല. അവിടെ നിന്നും ചൈനക്കാരനെ വീണ്ടും വിളിച്ചു. ആള്‍ സ്ഥലത്തില്ല. വേറേ കാര്‍ഡുണ്ടോ എന്നായി. സ്വന്തം ഡെബിറ്റ്‌ കാര്‍ഡല്ലാതെ വേറെ ഒരു കാര്‍ഡില്ല. അവസാനം ആ കാര്‍ഡിലെ അവസാന അണ പൈ തുടച്ചെടുത്ത്‌ ഒരാഴ്ചത്തെ അതാത്രെ മിനിമം വാടക കൊടുത്തു. ബാക്കി കാര്‍ഡ്‌ ശരിയാകുമ്പോള്‍ എന്നും പറഞ്ഞ്‌ ആ ഒണക്കച്ചണ്ടി(കാശില്ലാത്ത എന്റെ ഡെബിറ്റ്‌ കാര്‍ഡ്‌) ഒരു പുഞ്ചിരിയോടെ ആ മദാമ്മ തിരിച്ചു തന്നു. ഒരാഴചയ്ക്ക്‌ ശേഷം അമേരിക്കയില്‍ ഒരാഴ്ചത്തേക്ക്‌ ഹോട്ടലിലെ തൂപ്പ്‌ ജോലി സ്വപ്നം കണ്ട്‌ (രണ്ടാഴ്ചയ്ക്ക്‌ ശേഷമാണ്‌ മടക്ക ടിക്കറ്റ്‌) ചാത്തന്‍ റൂമിലേക്ക്‌ നടന്നു.

ഓടോ: ഇനിയിപ്പോള്‍ ബാക്കി കാര്യായിട്ടൊന്നുമില്ല. ഒരു രണ്ടാം ഭാഗം വേണ്ടി വരുമോ എന്തോ. പിന്നാവട്ടെ. 19-9-09 നു ഭൂമിയിലെത്തിയ കുഞ്ഞിച്ചാത്തനും അമേരിക്കയ്ക്ക്‌ വേണ്ടി ഘോരഘോരം വാദിക്കുന്ന വിന്‍സിനും വേണ്ടി ഈ പോസ്റ്റ്‌ വെടിക്കെട്ട്‌ ചെയ്യുന്നു.