Friday, January 26, 2007

ആര്‍ത്തിക്കഥകള്‍ - ആഹാരമേള

ഈ സീരീസിലെ കഥകള്‍ സര്‍ദാര്‍ജിയുഗത്തിലാണ്‌ നടക്കുന്നതെന്നുകൊണ്ട്‌ പരിപൂര്‍ണ്ണമായും ആര്‍ത്തിക്കഥകള്‍ എന്നു വിളിക്കാന്‍ എനിക്കു താത്‌പര്യമില്ല. ഒരുപാട്‌ കാലം കിട്ടാതിരുന്ന്, കാത്തിരുന്നു കഴിക്കുമ്പോള്‍ ഇത്തിരികൊതിയൊക്കെ ആര്‍ക്കും കാണില്ലേ.

ഉത്തരേന്ത്യയില്‍ കുറച്ച്‌ കാലമെങ്കിലും ജീവിച്ചിട്ടുള്ളവര്‍ 'ഹിന്ദുസ്ഥാന്‍ ടൈംസ്‌' എന്ന പത്രത്തെപ്പറ്റി കണ്ടും കേട്ടും കാണും. ഒന്ന് വിഗ്രഹിച്ചാല്‍ നമ്മുടെ മനോരമയുടെ വകയിലൊരു വല്യമ്മാവനായി വരും. ആദ്യ താളില്‍ പൊടിപ്പും തൊങ്ങലും വച്ച വാര്‍ത്തകള്‍, ബാക്കി താളുകളില്‍ പൊടിപ്പും തൊങ്ങലും പരസ്യവും മാത്രം.

അത്ഭുതം അത്ഭുതം ആദ്യമായി ഒരു വാര്‍ത്താ ശകലം ഉള്‍താളില്‍ നിന്നും ചാത്തന്‍ കണ്ടുപിടിച്ചിരിക്കുന്നു.

"പോയി ഒരു ലോട്ടറി എടുക്കെടാ 100% അടിച്ചിരിക്കും"

വാര്‍ത്ത ഇപ്രകാരം - വരുന്ന ഞായറാഴ്ച മൊഹാലിയില്‍ (അതേന്നേ ആ ക്രിക്കറ്റ്‌ ഗ്രൗണ്ടൊക്കെയുള്ള ആ സ്ഥലം തന്നെ) കേരളാ ആഹാരമേള (Food Festival) നടക്കുന്നു. ഏവര്‍ക്കും സ്വാഗതം.

എത്രേം പെട്ടന്ന് ഞായറാഴ്ചയാവാന്‍, നടത്താന്‍ ഉദ്ദേശമില്ലാത്ത കുറെ വഴിപാടുകള്‍, പ്രാര്‍ത്‌ഥനകള്‍, ക്ലോക്കിന്റെ സൂചി മുന്നോട്ട്‌ തിരിക്കല്‍, കലണ്ടറില്‍ കളം വെട്ട്‌ മത്‌സരം, അങ്ങനെയങ്ങനെ ഒരുപാട്‌ വഴികളിലായി എല്ലാവരുടേയും തീവ്രശ്രമം.

"എടാ ഉച്ചയാവുമ്പോഴേയ്ക്ക്‌ അങ്ങെത്തിയാല്‍ പോരെ ചണ്ഡീഗഡ്‌ മുഴുവനും കറങ്ങിവേണം അങ്ങെത്താന്‍, സ്ഥലം പഞ്ചാബിലാ"

"ഏയ്‌ രാവിലെത്തെ ഐറ്റംസ്‌ ഒന്നും കഴിക്കേണ്ടെ? നമ്മള്‍ക്കു രാവിലെത്തന്നെ പോകാം ഒരു ദിവസം ഇത്തിരി നേരത്തെ എഴുന്നേറ്റൂടെ?"

ശനിയാഴ്ച രാത്രി.

"നീ ഒന്നും കഴിക്കുന്നില്ലേ!"

"ഏയ്‌ എനിക്കു നല്ല വിശപ്പില്ല"

എഴുന്നേല്‍ക്കാന്‍ അലാറമോ! ഛായ്‌!

ഉറങ്ങിയിട്ടുവേണ്ടെ.

വിശപ്പിന്റെ കോഴി കൂവി.

പതിവുള്ള മാരത്തോണ്‍ കുളിക്കുപകരം ഒരു F1 കാറിനെ 100mts റേസിനു ഓടിച്ചു.

മൊഹാലി സ്റ്റേഡിയത്തിനടുത്തെത്തിയപ്പോള്‍ത്തന്നെ 9 മണി കഴിഞ്ഞു.
കൃത്യമായ അഡ്രസ്സൊന്നും അറിയില്ല. വഴി "ചോതിച്ച്‌ ചോച്ച്‌" പോയിക്കൊണ്ടിരുന്നു.

മറ്റാരോട്‌ വഴി ചോദിച്ചാലും ട്രാഫിക്‌ പോലീസുകാരനോട്‌, ഊ ഹും.ചോദിക്കരുത്‌.
ഞങ്ങളു പുതുതായി ഒരു മൊഹാലി സ്റ്റേഡിയം കൂടി കണ്ടുപിടിച്ചു.

തലേന്നത്തെ തയ്യാറെടുപ്പും രാവിലത്തെ തണുപ്പും എല്ലാം കൂടി ചാത്തന്‍ ഒരു പരുവമായി.
ഇനി എന്തായാലും ആള്‍ കേരളാ പ്രാതല്‍ റിക്കാര്‍ഡ്‌ തിരുത്തിക്കുറിച്ചേ അടങ്ങൂ.

കുറച്ച്‌ സമയത്തെ അലച്ചിലിന്‌ ശേഷം ഞങ്ങള്‍ ശരിയായ വഴിക്കെത്തിയെന്ന് തോന്നുന്നു. എന്നാലും ഒന്ന് ഉറപ്പ്‌ വരുത്തിയേക്കാം.

ഹിന്ദിയില്‍.
"സഹോദരീ ഈ കേരളാ ഫുഡ്‌ ഫെസ്റ്റിവല്‍.......
ഇതു വഴി തന്നെയല്ലേ പോകേണ്ടത്‌?"

മറുപടി പച്ചയോ ചോപ്പോ..വിശന്നിരിക്കുമ്പോള്‍ ഇതൊക്കെ ആരോര്‍ക്കുന്നു!
ഏതോ ഒരു മലയാളത്തില്‍

"ഇതു തന്നെ വഴി, നേരെ പോയിട്ട്‌ രണ്ടാമത്തെ വലത്തോട്ട്‌. അവിടെ ബാനര്‍ കെട്ടിയിട്ടുണ്ട്‌"

" നന്ദി, നിങ്ങളെവിടുന്നാ?"

"അതൊക്കെ അറിയാന്‍ നിന്നാല്‍ നിങ്ങള്‍ക്കൊന്നും കിട്ടില്ല വേഗം ചെല്ല്"

സ്ഥലത്തെത്തി. പറഞ്ഞപോലെ വലിയ തിരക്കൊന്നും കാണുന്നില്ല.

പിന്നേ അവരു എവിടുന്നാന്നറിയാഞ്ഞിട്ടു ഉറക്കം വരൂല പോലും ഒരു കുശലം ചോദിക്കാന്‍ പാടില്ലേ. ഉത്തരം പറയാന്‍ മേലേല്‍ കള്ളം പറയണോ?

സ്റ്റാളുകളില്‍ എടുത്ത്‌ കൊടുക്കാന്‍ നില്‍ക്കുന്നതെല്ലാം മലയാളി മുഖങ്ങള്‍. കുറച്ച്‌ സര്‍ദാര്‍ജി കുടുംബങ്ങള്‍ നടുവിലിട്ട ബെഞ്ചിലിരുന്നും നിന്നും എന്തൊക്കെയോ തട്ടിവിടുന്നുണ്ട്‌.കുറേ സ്റ്റാളുകള്‍ ഉണ്ട്‌. എല്ലാത്തിന്റെയും മുന്‍പില്‍ ആ സ്റ്റാളില്‍ നിന്നും കിട്ടുന്ന പലഹാരങ്ങളുടെ പേര്‌ ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും എഴുതിവച്ചിട്ടുണ്ട്‌.

അതിന്റെ ആവശ്യമുണ്ടായിരുന്നോ? വെറുതേ സ്ഥലം കളയാന്‍, പുട്ടും ദോശേം ഒക്കെ കണ്ടാല്‍ത്തന്നെ തിരിച്ചറിയാന്‍ ഏതു മലയാളിക്കും പറ്റില്ലേ.പക്ഷേ മലയാളി കസ്റ്റമേഴ്സിനെയൊന്നും കാണാനില്ല. എല്ലാം താടിക്കാര്‍ മാത്രം.

പുട്ടിന്റെ സ്റ്റാളിലേക്കു നടന്നു.
എന്നിട്ട്‌ ഇവിടെ സാധനം ഒന്നും കാണുന്നില്ലല്ലോ? ഓ ഓര്‍ഡര്‍ അനുസരിച്ച്‌ ചുടോടെ ഉണ്ടാക്കിത്തരുമായിരിക്കും.

"ചേച്ചീ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഓരോ കുറ്റി പുട്ട്‌. കറിയെന്തുണ്ട്‌?"

"അയ്യോ തീര്‍ന്നുപോയല്ലോ ദോശേം അപ്പവും ചിലപ്പോള്‍ കാണുമായിരിക്കും"

പുട്ടില്‍ തുടങ്ങാമെന്നത്‌ ഒരു കൂട്ടത്തീരുമാനമായിരുന്നു. ഇനി ഇപ്പോള്‍ എല്ലാവരും ഇഷ്ടമുള്ള വഴിയ്ക്ക്‌ പോട്ടെ. നടുക്ക്‌ കൊണ്ടുവന്ന് ഒരുമിച്ച്‌ കഴിക്കാം.

അല്‍പ്പസമയത്തിനുള്ളില്‍ പലവഴിയ്ക്കും പോയവര്‍ എല്ലാം നടുവില്‍ ഒന്നിച്ചു. എല്ലാവരും അന്യോന്യം മുഖത്ത്‌ നോക്കി മറ്റുള്ളവരുടെ കൈയ്യിലെന്താ കിട്ടിയതെന്ന് ഊഹിച്ചു.

അതാ വരുന്നു അവസാന സംഘാംഗം, പ്രതീക്ഷയുടെ മുല്ലമൊട്ടുകള്‍.

"അവിടൊരു സ്റ്റാളില്‍"

"സ്റ്റാളില്‍ സ്റ്റാളില്‍....."

"ചായേം കാപ്പീം ഉണ്ട്‌."

മനോഗതം--പ്പ പുല്ലേ ആര്‍ക്കു വേണം ആ ചാപ്പി--

"എനിക്കു വിശക്കുന്നേ എനിക്കു വിശക്കുന്നേ"

"ഇനീപ്പോ ചായകുടിച്ചിട്ട്‌ നമ്മള്‍ക്ക്‌ തിരിച്ച്‌ പോവാം അല്ലാതെന്താ ചെയ്യുക"

ഇഞ്ചി കടിച്ച കുരങ്ങന്മാര്‍ ചായേം വാങ്ങി ബെഞ്ചിലിരുന്നു.
................................................................
................................................................

കൂളിംഗ്‌ ഗ്ലാസുവച്ച ഒരു അപരിചിത മുഖം കൂട്ടത്തിലൊരുത്തനോട്‌.

"........ അല്ലേ! ഇപ്പോള്‍ ഇവിടെയാണോ? എന്നെ മനസ്സിലായോ?"

മനോഗതം-- മനസ്സിലായെടാ തടിയാ.. ഞങ്ങള്‍ക്കു മുന്‍പ്‌ ഇവിടെ വന്ന് എല്ലാം മൂക്ക്‌ മുട്ടെ തട്ടിയ പാര്‍ട്ടിയില്‍ പെട്ട ആളല്ലേ--

"അതെല്ലോ എനിക്ക്‌ മനസ്സിലായില്ല"

"നിനക്കൊരു മാറ്റവുമില്ല. അതോണ്ടല്ലേ എനിക്ക്‌ മനസ്സിലായത്‌. ഞാന്‍ നിന്റെ കൂടെ നഴ്‌സറിയില്‍ ഒരുമിച്ച്‌ പഠിച്ച........."

മനോഗതം-- വിശന്നിട്ട്‌ കണ്ണു കാണാന്‍ മേല. എവരിനി മുഴുവന്‍ ചരിത്രോം അങ്ങോട്ടുമിങ്ങോട്ടും ഫ്ലാഷ്‌ ബാക്ക്‌ അടിച്ച്‌ കളിക്കുമോ?--

"ഞാന്‍ ഇപ്പോള്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടറായി ജോലി ചെയ്യുകയാ. ഞാനാ ഇതിന്റെ കാര്യം പത്രത്തിലിട്ടത്‌"

മനോഗതം-- എടാ ദുഷ്‌ടാ നിന്നെ ഞാന്‍....... നീയാണല്ലെ എന്നെ പട്ടിണിക്കിട്ടവന്‍....
അവിടെ കുളിച്ച്‌ കുട്ടപ്പന്മാരായി എത്തിയ ഞങ്ങള്‍ക്കു മുന്‍പ്‌ പല്ലുപോലും തേയ്ക്കാതെ വന്ന് എല്ലാം തിന്നു തീര്‍ത്ത സര്‍ദാര്‍ജിമാരെ മനസ്സില്‍ ഹിന്ദിയിലും പുറത്ത്‌ മലയാളത്തിലും ചീത്ത വിളിച്ച്‌ തളര്‍ന്നിരിക്കുന്നതിനാല്‍ തത്‌കാലം ഒന്നും ചെയ്യുന്നില്ല.--

"അല്ലാ അപ്പോള്‍ നിങ്ങള്‍ക്കൊന്നും കിട്ടിയില്ലേ. ഞാനിതിന്റെ സംഘാടകന്‍ കൂടിയാ വല്ലതും ബാക്കിയുണ്ടോന്ന് നോക്കാം നിങ്ങളു വാ"

മനോഗതം-- ഈശ്വരാ പറഞ്ഞത്‌ മുഴുവന്‍ തിരിച്ചെടുത്തു. എന്തൊരു മഹാനുഭാവന്‍. അഞ്ചപ്പം കൊണ്ട്‌ അയ്യായിരം പേരെ തീറ്റിയ കര്‍ത്താവിന്റെ പുനര്‍ജന്മമേ--

ഏറ്റവും അടുത്തുള്ള പുട്ടിന്റെ അണിയറയിലേക്ക്‌ ഞങ്ങള്‍ കുതിച്ചു.

"ആരു പറഞ്ഞാലും ഇല്ലാത്ത സാധനം ഉണ്ടാക്കിത്തരാന്‍ പറ്റുമോ? ദാ ഇതു കണ്ടോ"

ആ ചേച്ചി 99 ശതമാനവും കാലിയായ ഒരു പുട്ടുപൊടി പാക്കറ്റ്‌ എടുത്ത്‌ കാണിച്ചു.

ചാത്തന്റെ വയറില്‍ നിന്ന് കരിഞ്ഞ്‌ മുറിഞ്ഞ കുറേ വാക്കുകള്‍ ആവിയായി ബഹിര്‍ഗമിച്ചു.

"ചേച്ചീ ആ ബാക്കിയുള്ള പൊടികൊണ്ട്‌ ഒരു കാല്‍ക്കഷ്ണം പുട്ടെങ്കിലും ഉണ്ടാക്കിത്തരാമോ??"

വാല്‍ക്കഷ്ണം:

പിറ്റേന്നത്തെ ഹിന്ദുസ്ഥാന്‍ ടൈംസില്‍ വാര്‍ത്ത.

"കേരളാ ആഹാര മേള വന്‍ വിജയമായിരുന്നു. എല്ലാ വര്‍ഷവും ഇത്‌ തുടരണമെന്നും അടുത്ത തവണ വിഭവങ്ങളുടെ എണ്ണം കൂടുതല്‍ കരുതണമെന്നും പഞ്ചാബീ റസിഡന്‍സ്‌ അസോസിയേഷന്റെ അഭ്യര്‍ത്ഥന. ഇത്തിരി വൈകിയതിനാല്‍, ചണ്ഡീഗഡിന്റെ ഒരറ്റത്തു നിന്നും വന്ന്, ഒന്നും കിട്ടാതെ നിരാശരായി മടങ്ങിയ ഒരു കൂട്ടം മലയാളീ യുവാക്കള്‍ ലേഖകനോട്‌ വിഭവങ്ങള്‍ അളവ്‌ കുറഞ്ഞു പോയതിനെപ്പറ്റി പരാതിയും പറയുകയുണ്ടായി"

Monday, January 15, 2007

സ്വപ്‌നത്തിന്റെ രഹസ്യം

ഹോ ഇന്നു മൂന്നാം ദിവസം ഒരേ സ്വപ്‌നം ഒരേ സമയം ഒരേ ഞാനും.

വല്ല ഭീകര സ്വപ്‌നവുമായിരുന്നു കണ്ടതെങ്കില്‍ വല്ലവരോടും പറയാനെങ്കിലും ഇത്തിരി ഗമയുണ്ടായിരുന്നു.ഇത്‌ വെറും ചീള്‌ സ്വപ്‌നം. ചുക്കിനും ചുണ്ണാമ്പിനും കൊള്ളൂല. പക്ഷേ ശല്യം "കലിപ്പുകള്‌ തീരണില്ലാലൊ" നാളെ രാവിലേം എന്റെ സ്വപ്‌നത്തില്‍ വന്ന് എന്റെ ഉറക്കം കളഞ്ഞിട്ടുണ്ടെങ്കില്‍ അതിനെ ഞാന്‍ ശരിയാക്കും.

പത്തിരുനൂറ്‌ രൂപേടെ സാധനം ഒന്നും അല്ലാലോ. പക്ഷേ കളഞ്ഞാലും സ്വപ്‌നം അതിന്റെ കൂടെ പോയില്ലെങ്കിലോ. കാശും പോവും കാശു വെറുതേ പോയതിന്റെ പേരില്‍ രണ്ടു ദിവസം ഉറക്കമേ വരാതാവുകയും ചെയ്യും.

അല്ല ഒന്നാലോചിച്ചാല്‍ കാര്യമായി ഉപദ്രവം ഒന്നുമില്ല.എന്നും എഴുന്നേല്‍ക്കുന്ന സമയത്തിന്റെ കുറച്ച്‌ മുന്‍പ്‌ മാത്രമേ ശല്യം വരൂ.ഞെട്ടിക്കഴിഞ്ഞാല്‍ അലാറം അടിക്കുന്നതു വരെ കിടക്കയില്‍ തന്നെ കിടക്കാവുന്നതേയുള്ളൂ. എന്നാലും അങ്ങനെയല്ലാലൊ ഇന്ന് നാലാം ദിവസം ആയി.

ഇതിനെപ്പറ്റി ആലോചിച്ച്‌ പകലുറക്കോം പോയിത്തുടങ്ങി. മതി വായനക്കാര്‍ക്കും മടുത്തുകാണും.സ്വപ്‌നത്തില്‍ കാര്യമായി ഒന്നുമില്ലാ. നമ്മളു പല്ല് തേയ്ക്കാനുപയോഗിക്കുന്ന ഒരു ബ്രഷ്‌ മാത്രം അതും ബ്രിസില്‍ ഉള്ള ഭാഗം കാണില്ല. കമ്പനീടെ പേരെഴുതിയ മറ്റേ അറ്റം മാത്രം. അതിങ്ങനെ സൂം ഇന്‍ ആന്‍ഡ്‌ ഔട്ട്‌ ചെയ്തോണ്ടിരിക്കും, മൂന്നാലു തവണയാവുമ്പോഴേയ്ക്കും ഞാന്‍ ഞെട്ടും.

വാങ്ങിയ അന്നു മുതല്‍ കാണാന്‍ തുടങ്ങിയതാ ഒടുക്കത്തെ സ്വപ്‌നം. ഇനി അതില്‍ വല്ല ഒറിജിനല്‍ ചാത്തനും കൂടിക്കാണുമോ എന്നിട്ടു സ്വന്തം പേര്‌ ചീത്തയാക്കുന്നതുകൊണ്ട്‌ എന്നോട്‌ വല്ല പ്രതികാരവും???

ഇനി തളത്തില്‍ ദിനേശന്‍ സ്റ്റൈല്‍ ഒന്ന് പരീക്ഷിച്ചാലോ, കാലം പുരോഗമിച്ച സ്ഥിതിക്ക്‌ ഇന്റര്‍നെറ്റില്‍ വല്ല മനഃശാസ്ത്രജ്ഞരും കാണുമോന്ന് തപ്പാം. അല്ലെങ്കില്‍ വേണ്ടാ വല്ലവരും കണ്ടാല്‍ പിന്നെ എനിക്കു തന്നെ ബ്ലോഗിലെഴുതാന്‍ പറ്റിയ ഒരു കഥയുണ്ടാക്കിക്കളയും.

എങ്ങനെയെങ്കിലും ഇതിനൊരു അവസാനമുണ്ടാക്കണമല്ലോ.
ഓര്‍മ്മ മുഴുവനായി ഒന്ന് റീവൈന്‍ഡ്‌ അടിച്ചു നോക്കാം.

ചെറുപ്പത്തിലെങ്ങാനും....
ഏയ്‌ ഇല്ല... പല്ലുതേയ്ക്കാന്‍ ഇന്നു വരെ മടികാണിച്ചിട്ടില്ല.
ആ ബ്രഷ്‌ വച്ച്‌ തല്ലും കിട്ടീട്ടില്ല.(തല്ലാന്‍ വേറെ എന്തൊക്കെക്കിടക്കുന്നു ഈ ഞാഞ്ഞൂല്‍ സാധനം ആര്‍ക്കുവേണം)
ഇനി പല്ല് തേയ്ക്കല്‍ പോരാ എന്ന് ദൈവം എങ്ങാനും ഓര്‍മ്മപ്പെടുത്താന്‍ വന്നതോ മറ്റോ???

അതെങ്ങനെ ശരിയാവും, പത്തു മിനിട്ടില്‍ കൂടുതല്‍ തേച്ചാല്‍ ഇനാമലൊക്കെ അടിച്ചു പോവില്ലേ? ഇനി അഥവാ അങ്ങനെ ആണെങ്കില്‍ ആ ബ്രിസിലുള്ള ഭാഗം ഒരു തവണ പോലും സ്വപ്‌നത്തില്‍ വന്നില്ലാലൊ? അപ്പോള്‍ അതല്ല കാര്യം.

എന്തോ ബ്രാന്‍ഡുകളില്‍ എനിക്കത്ര വിശ്വാസമൊന്നുമില്ലാത്തതു കൊണ്ട്‌ ഓരോ തവണയും ഓരോ ബ്രാന്‍ഡാ വാങ്ങുന്നതു എല്ലാം ടെസ്റ്റ്‌ ചെയ്യണ്ടെ. ഇത്തവണ വാങ്ങിയത്‌ അങ്ങനെ പേരുകേട്ട കമ്പനിയൊന്നുമല്ലാ. എന്നു വച്ചാല്‍ ഞാന്‍ അങ്ങനെ അധികം കേട്ടിട്ടില്ലാ.

'ജോര്‍ദ്ദാന്‍' അങ്ങനെ പ്രത്യേകതയൊന്നും ഇല്ലായിരുന്നു അതിന്‌, വെറും സീതാ സാതാ സാധാരണ ബ്രഷ്‌.ബ്രിസില്‍സിനു കുറച്ചു കട്ടിയുണ്ടെന്നു തോന്നുന്നു.എന്നാലും അങ്ങനെയൊന്നും കേള്‍ക്കാത്ത ഈ പേര്‌ എഴുതിയ ഭാഗം.. അല്ലല്ലാ കേട്ടു കേട്ടു ...

റബേക്കാ...റബേക്കാ...
അയ്യോ അങ്ങനെയല്ലാലൊ?
ഓ ശരി.. യുറേക്കാ... യുറേക്കാ...

അതു തന്നെ കാര്യം ഈ പേര്‌ ഞാന്‍ ഓര്‍ക്കുന്നുണ്ട്‌.

അതു ഒരു രാജ്യം മാത്രമല്ലേ? അതിലെന്താ പ്രത്യേകത? അല്ലാ വേറെ എന്തൊക്കെയോ തലയില്‍ മിന്നിമറയുന്നു. മാജിക്‌ ജോണ്‍സണ്‍.... മൈക്കല്‍ ജോര്‍ദാന്‍... വെറും ബാസ്കറ്റ്ബാള്‍ കളിക്കാര്‍ മാത്രം. അല്ലാ അല്ലാ അതു തന്നെ കിട്ടിപ്പോയീീ...

"മാജിക്‌ ജോര്‍ദ്ദാന്‍"......

മാജിക്‌ ജോര്‍ദ്ദാന്‍ ബ്രഷ്‌. ഇപ്പോള്‍ അതില്‍ മാജിക്‌ എന്നത്‌ ഇല്ലാന്നു മാത്രമേയുള്ളൂ. അതേ ബ്രഷ്‌ അതേ നിറം, വയലറ്റ്‌, അതു തന്നെ സംഭവം. ഏത്‌ നേരത്താണാവോ വയലറ്റ്‌ ബ്രഷ്‌ തന്നെ തിരഞ്ഞെടുക്കാന്‍ തോന്നിയത്‌?

പല്ല് തേയ്ക്കുമ്പോള്‍ നിറം മാറുന്ന മാജിക്‌ ജോര്‍ദ്ദാന്‍ ബ്രഷ്‌. പരസ്യം കണ്ട്‌ ആ ബ്രഷ്‌ തന്നെ വേണം പല്ലുതേയ്ക്കാനെന്നു പറഞ്ഞ്‌ ശാഠ്യം പിടിച്ചത്‌ ഇപ്പോള്‍ ഓര്‍മ്മവരുന്നു. എത്ര തേച്ചിട്ടും നിറം മാറാഞ്ഞ്‌ അതിന്റെ പേരെഴുതിയ അറ്റം ചൂടാക്കി നോക്കിയതും.

ഹോ ഒരു ചിന്ന വയലറ്റ്‌ ബ്രഷ്‌ എന്റെ നാലുദിവസത്തെ ഭീകര സ്വപ്‌നമായി വന്ന് എന്നോട്‌ പ്രതികാരം ചെയ്യുകയായിരുന്നു.

വാല്‍ക്കഷ്ണം:
രഹസ്യം ഞാന്‍ കണ്ടുപിടിച്ചതില്‍പ്പിന്നെ അത്‌ എന്നെ ശല്യം ചെയ്തിട്ടില്ല.അങ്ങനെ സ്വപ്‌നത്തിന്റെ രഹസ്യം സ്വപ്‌നത്തിലെ പ്രതികാരത്തിന്റെ അന്ത്യം കുറിച്ചു.

മാജിക് ജോര്‍ദ്ദാന്‍ ബ്രഷ്-- പല്ല് തേയ്ക്കുമ്പോള്‍ ആ ബ്രഷിന്റെ നിറം മാറുന്നതായി പരസ്യം ഉണ്ടായിരുന്നു, ഇത്തിരിയൊക്കെ ശരിയുമായിരുന്നു, വയലറ്റ് ബ്രഷ് ഒരു അഞ്ച് മിനിട്ട് കഴിഞ്ഞാല്‍ ബ്രിസില്‍‌സ് ഉള്ള ഭാഗം ഒരു നേരിയ പിങ്ക് നിറം ആകുമായിരുന്നു.

Tuesday, January 09, 2007

ദൈവത്തിന്റെ തമാശ

പഠിക്കുന്ന കാലത്ത്‌ തല്ലുകൊള്ളിത്തരത്തിനു പോകാത്തതിനാല്‍ ദൈവം ചാത്തനു ഒരു എഞ്ചിനീയറിംഗ്‌ സീറ്റ്‌ സമ്മാനിച്ചു.

ആദ്യ വര്‍ഷം സംഭവബഹുലമായിരുന്നു. അന്നേവരെ ഒരു നാണം കുണുങ്ങിയായിരുന്ന ചാത്തന്‍ ആ വര്‍ഷം കഴിഞ്ഞപ്പോഴേയ്ക്കും 'ഞാഞ്ഞൂലിനും ശീല്‍ക്കാരമോ' എന്ന സ്ഥിതിയിലെത്തി. റാഗിംഗിന്റെ ഓരോ ഗുണങ്ങളേ.

സത്യം പറഞ്ഞാല്‍ ചാത്തനെപ്പോലെ ഉള്ളവര്‍ക്കൊക്കെ റാഗിംഗ്‌ നിര്‍ബന്ധമാക്കണം എന്നാലേ ഇന്നത്തെ സമൂഹത്തില്‍ എവനൊക്കെ ജീവിക്കാന്‍ പറ്റൂ.

അന്നുവരെ ഒരു പഠിപ്പിസ്റ്റായി അഹങ്കരിച്ചു പോന്ന ചാത്തന്‍ രണ്ടാം വര്‍ഷം തുടങ്ങിയപ്പോഴേയ്ക്കും താന്‍ വെറും കിണറ്റിലെ തവളയാണെന്നു മനസ്സിലാക്കി. സിംഹങ്ങളും കടുവകളും പൊന്നുരുക്കുന്നിടത്ത്‌ തവളക്കെന്തു കാര്യം.

ആദ്യ വര്‍ഷപ്പരീക്ഷകള്‍ എല്ലാം എങ്ങിനെയോ കടന്നുകൂടി. വാല്‍മാക്രികള്‍ പലരും പരാജയപ്പെട്ടതുകണ്ട്‌ സമീപ ഭാവിയില്‍ വരാനിരിക്കുന്ന വിപത്തിനെ നേരിടാന്‍ സജ്ജമായി.

ഒരു വിഷയം മാത്രം ഒരു രക്ഷേമില്ല. മറ്റ്‌ പലര്‍ക്കും അതു എളുപ്പമുള്ള വിഷയം ആയിരുന്നെങ്കിലും ചാത്തന്‌ അത്‌ ഒരു കീറാമുട്ടിയായി. അന്നേവരെ സ്പൂണ്‍ ഫീഡിംഗ്‌ നടത്തിയിരുന്ന അദ്ധ്യാപകരെ മാത്രം കണ്ടുപരിചയമുള്ള ചാത്തന്‍ ക്ലാസില്‍ കാര്യമായിട്ടൊന്നും പഠിപ്പിക്കാത്ത 'മുഗള്‍ ഷാ' യുടെ ക്ലാസില്‍ അട്ടം നോക്കിയിരിപ്പായി.

ഇന്റേണല്‍ എക്സാമിനു മിനിമം മുപ്പത്തഞ്ച്‌ മാര്‍ക്ക്‌ വേണ്ടിടത്ത്‌ തിരിച്ചും മറിച്ചും ടെസ്റ്റുകളുടേയും അസൈന്‍മെന്റുകളുടെയും മാര്‍ക്ക്‌ കൂട്ടിയിട്ടും മുപ്പത്തിഒന്നേ ആവുന്നുള്ളൂ. കുറച്ചു തവളകളും വാല്‍മാക്രികളും ഷായുടെ പിന്നാലെ നടന്നു കരഞ്ഞു. ശല്യം സഹിക്കാനാവാതെ ഷാ കനിഞ്ഞു. ഞങ്ങള്‍ക്കായി ഒരു സ്പെഷല്‍ ടെസ്റ്റ്‌ നടത്തി എങ്ങിനെയെല്ലാമോ മുപ്പത്തഞ്ചിലെത്തിച്ചു. ഇനി യൂണിവേഴ്‌സിറ്റി പരീക്ഷയ്ക്ക്‌ നാല്‍പത്‌ മാര്‍ക്ക്‌ ഒപ്പിക്കണം.

ആ ഭീകര സമയം സമാഗതമായി.

കോപ്പിയടി പോലുള്ള ശാസ്ത്രീയ കലകളില്‍ ചാത്തന്‌ പ്രാവീണ്യമില്ലാത്തതിനാല്‍ പരീക്ഷത്തലേന്നും ഉറക്കമിളച്ചു പഠിച്ചു. ആകെ ഉണ്ടായിരുന്ന ആത്മവിശ്വാസം ദൈവത്തിന്റെ പാതി, അമ്പത്‌ മാര്‍ക്ക്‌, കിട്ടിയാല്‍ തന്നെ കടന്നുകൂടാം എന്നതായിരുന്നു.

ഹാളില്‍ കയറാനുള്ള ബെല്ലടിച്ചിട്ടും പുസ്തകം താഴെ വയ്ക്കാന്‍ ഒരു മടി. എന്നാല്‍ പിന്നെ പൊരുതിത്തോല്‍ക്കാം എന്ന് ഉറപ്പിച്ച്‌ ദൈവത്തെ ഒന്ന് നീട്ടി വിളിച്ച്‌ അകത്തേക്ക്‌ കടന്നു.

ചോദ്യപ്പേപ്പര്‍ കൈയ്യില്‍ കിട്ടിയാല്‍ എല്ലാ ചോദ്യങ്ങളും ഒന്ന് വായിച്ച്‌ നോക്കണം എന്ന് പണ്ടാരോ തന്ന ഉപദേശം ചാത്തന്‍ ഇന്നേവരെ ജീവിതത്തില്‍ പാലിച്ചിട്ടില്ല. ആദ്യത്തെ കുറച്ച്‌ ചോദ്യങ്ങള്‍ കണ്ട്‌ നല്ല പരിചയം. സന്തോഷം അലയടിച്ചു. ഉത്തരക്കടലാസില്‍ കമഴ്‌ന്ന് കിടന്ന് എഴുത്ത്‌ തുടങ്ങി.

നിമിഷങ്ങള്‍ കഴിയുന്തോറും എഴുത്തിന്റെ വേഗത കുറഞ്ഞു വന്നു. എന്നിട്ടും പരിഭ്രമം പുറത്ത്‌ കാണിച്ചില്ല. തുറന്നിട്ട ജനലിലൂടെ വീശുന്ന കാറ്റിനൊപ്പം തലേന്നത്തെ ഉറക്കം വീശുന്നുണ്ടോന്നൊരു സംശയം.

ചെറിയ മാര്‍ക്കുകളുടെ ചോദ്യങ്ങള്‍ അറിയാവുന്നതെല്ലാം എഴുതി.വലിയ മാര്‍ക്കുകളുടെ ചോദ്യങ്ങളിലേക്ക്‌ കടക്കുന്നതിനു മുന്നോടിയായി ഒരു കോട്ടുവാ.

പിന്നെ (P T O)

ഉറക്കച്ചടവാണോ !!!!
ഒന്നും കാണുന്നില്ല.
ചോദ്യക്കടലാസ്‌ ഉജാലയുടെ പരസ്യം മാതിരി തൂവെള്ളപ്പുഞ്ചിരി തൂവി നില്‍ക്കുന്നു.കണ്ണില്‍ ഇരുട്ട്‌ കയറുന്നു.

കണ്ണ്‌ രണ്ടാമതും മൂന്നാമതും തിരുമ്മി ഉറപ്പു വരുത്തി.
ഇല്ലാ. അക്ഷരങ്ങള്‍ തെളിഞ്ഞുവരുന്നില്ല.
ഈശ്വരാ എന്റെ ചോദ്യപ്പേപ്പറില്‍ ഒരു ഭാഗം മാത്രമേയുള്ളൂ!!!

ഇന്‍വിജിലേറ്ററുടെ കൈയ്യില്‍ സ്പെയര്‍ കാണുമോ എന്തോ!!!
വേറെ ആരും പേജ്‌ മറിച്ചില്ലേ. ഇനി വേറെ ആര്‍ക്കെങ്കിലും ഇതുപോലെ പറ്റി ഉള്ള സ്പെയര്‍ അവര്‍ അടിച്ചു മാറ്റുന്നതിനുമുന്‍പ്‌ സാധനം കരസ്ഥമാക്കണം.

മുന്നിലിരിക്കുന്ന പയ്യന്‍സിനെ എത്തിനോക്കി അവന്‍ ആദ്യ പേജ്‌ മറിച്ചിട്ടില്ല. മനസ്സില്ലാ മനസ്സോടെ പിന്നിലിരിക്കുന്ന ബുജിപ്പെണ്ണ്‌ എവിടെ വരെ എത്തി എന്ന് നോക്കാനായിത്തിരിഞ്ഞു.

നീട്ടിവലിച്ചെഴുതിയ ഒരു ചിരിയും മുഖത്തൊട്ടിച്ച്‌ എന്റെ സഹായം എന്തേലും വേണോ എന്ന ഭാവത്തില്‍ ചാത്തന്റെ തലയുടെ ഭ്രമണപഥം വീക്ഷിച്ചുകൊണ്ടിരുന്ന കക്ഷിയുടെ മുഖത്ത്‌ തന്നെയായിപ്പോയി എന്റെ നോട്ടം.

ചമ്മല്‍ മാറ്റാനായി ചോദ്യപ്പേപ്പര്‍ ചൂണ്ടിക്കാണിച്ച്‌ ആംഗ്യഭാഷയില്‍ വിശദീകരണം കൊടുത്തു. സ്വന്തം ചോദ്യപ്പേപ്പറിലും പിന്നെ ചുറ്റുപാടും അവളും ചൂണ്ടിക്കാണിച്ചു. അപ്പോഴാണ്‌ പകുതി മുക്കാല്‍ ഭാഗം പേരും ആകാശം നോക്കിയിരിക്കുകയാണെന്ന് മനസ്സിലായത്‌.

ഏതോ ഒരു "ബോബനും മോളിയില്‍" ഉപ്പായി മാപ്ല ഇപ്രകാരം പറയുന്നുണ്ട്‌. വര്‍ഷത്തില്‍ 365 ദിവസവും സമരം....... ചോദ്യപ്പേപ്പര്‍ വന്നപ്പോള്‍ സിലബസ്സിലുള്ള ചോദ്യങ്ങളല്ല..... വാലുവേഷന്‍ സെന്ററില്‍ സൊറ പറച്ചില്‍....എന്നിട്ടും റിസല്‍ട്ട്‌ വന്നപ്പോള്‍ മകന്‍ ജയിച്ചു... ദൈവം ഉണ്ടെന്നുള്ളതിനു ഇതില്‍ കൂടുതല്‍ എന്തു തെളിവു വേണം എന്ന്.

എന്നാല്‍പ്പിന്നെ ചാത്തന്റെ വകയായി ഒരു തെളിവുകൂടി ഇരിക്കട്ടെ.. അല്ലെ...

ദൈവത്തിനും തമാശ ഇഷ്‌ടമാ...

വാല്‍ക്കഷ്ണം:

റിസല്‍ട്ട്‌ വന്നപ്പോള്‍ ചാത്തനും കടന്നുകൂടി. ഒരിക്കലും പ്രതീക്ഷിക്കാത്തത്രയും മാര്‍ക്കും കിട്ടി.

Tuesday, January 02, 2007

കല്ലു കൊണ്ടൊരു ചെക്കന്‍

കിറുക്കെട്ടുമായുള്ള ചാത്തന്റെ സുദൃഢ ബന്ധം തുടങ്ങുന്നത്‌ എട്ടാം തരത്തില്‍ വച്ചാണ്‌. അതുവരെ അവധിക്കാലത്ത്‌ അമ്മവീട്ടില്‍ വിരുന്നു പാര്‍ക്കാന്‍ പോകുമ്പോള്‍ അയലോക്കത്തെ കൂട്ടുകാരുടെ കൂടെ ഓലമടല്‍ ബാറ്റും റബ്ബര്‍ ബോളുമായി കളിച്ച മുന്‍പരിചയം മാത്രം കൈമുതലായുണ്ട്‌.

അന്നുവരെ സ്വന്തം രാജ്യത്തില്‍ രാജാവും രാജകുമാരനുമായി വിരാജിച്ചിരുന്ന സായാഹ്നങ്ങളോട്‌ ചാത്തന്‍ വിട പറഞ്ഞു.

ഒരു സ്ക്കൂള്‍ സുഹൃത്തിന്റെ ക്ഷണപ്രകാരം ഒരുപിടി നല്ല സുഹൃത്തുക്കളുടെ ഇടയില്‍ സായാഹ്നങ്ങള്‍ ചെലവഴിക്കാന്‍ കളമൊരുങ്ങി. പ്രായമായെങ്കിലും ശരീരം കൊണ്ടും സ്വഭാവം കൊണ്ടും ചാത്തനെ എല്ലാരും കൂട്ടത്തിലെ കുഞ്ഞു കുട്ടിയായി മാത്രമെ എണ്ണിയുള്ളൂ.

എന്തായാലും ചാത്തനും കൂട്ടത്തിലൊരാളായി. അവിടെയും മാറ്റത്തിന്റെ ശംഖൊലി മുഴങ്ങി. റബ്ബര്‍ ബോളില്‍ നിന്നും കോര്‍ക്ക്‌ ബോളിലേക്ക്‌.

സ്പിന്ന് മാത്രമേ ചാത്തനു നേരെ എറിയൂ എന്ന അലിഖിത നിയമമുണ്ട്‌. എന്നാലും ബോള്‍ വരുമ്പോള്‍ ചാത്തന്‍ ക്രീസിന്റെ ഒരറ്റത്തെത്തും; മെല്ലെ വരുന്ന ബോളിനെ ബാറ്റില്‍ കൊള്ളിച്ച്‌ ക്രീസിനു സമീപത്ത്‌ എവിടെയെങ്കിലും ഇട്ട്‌ അപ്പുറത്തെ ക്രീസിലെത്തുന്നതോടെ ചാത്തന്റെ ദൗത്യം വിജയകരമായി പൂര്‍ത്തിയാകുന്നു.

എത്രകാലം ഇങ്ങനെ കളിക്കും പാഡിനെപ്പറ്റി ചിന്തിക്കാന്‍ പോലും ആവതില്ല. ഈ ബോളും ചാത്തന്റെ ശരീരവളര്‍ച്ചയും ധൈര്യവും വച്ച്‌ കണക്കുകൂട്ടിയാല്‍ ഇന്ത്യക്ക്‌ അടുത്ത ലോകകപ്പ്‌ കിട്ടുന്ന കാലത്ത്‌ ചാത്തന്‍ തന്റെ ആദ്യ ബൗണ്ടറി അടിക്കും.

ചാത്തന്റെ കോമണ്‍സെന്‍സിനും ശരീരത്തിനും ഒരേ വളര്‍ച്ചയാണെങ്കിലും തലച്ചോറിന്റെ ഒരുഭാഗത്തിനു വളര്‍ച്ചാനിരക്ക്‌ കൂടുതലായിരുന്നു, കുരുട്ടുബുദ്ധിയ്ക്ക്‌. നരിത്തോലിന്റെ ഡിസൈനുള്ള, ഒരു അര ഇഞ്ച്‌ കട്ടിയുള്ള ജീന്‍സ്‌ അക്കാലത്ത്‌ ഫാഷനായിരുന്നു. മാസത്തിലൊരിക്കല്‍ മാത്രം അലക്കേണ്ടുന്ന അവനെ ചാത്തന്‍ സ്ഥിരം അംഗവസ്ത്രമാക്കി.

സംഗതി ഏറ്റു. ബൗണ്ടറി ഒന്നും അടിച്ചില്ലെങ്കിലും ആനവാല്‍ മോതിരം കൊള്ളാം. മെല്ലെ വരുന്ന ബോള്‍ കാലില്‍ കൊണ്ടാലും വേദനയില്ല. തല ഉയര്‍ത്തിപ്പിടിച്ച്‌ റണ്ണുകള്‍ എടുത്തു. പതുക്കെ കോപ്പി ബുക്ക്‌ ഷോട്ടുകളിലേക്ക്‌ കടന്നു. ജാക്ക്‌ കാലിസിന്റെ സ്വീപ്‌ ചാത്തന്റെ ഫേവറിറ്റായി.

പഴയ അലിഖിതനിയമം അപ്പോഴും പ്രാബല്യത്തിലുള്ള കാരണം ചാത്തന്‍ എതിര്‍ ടീമിനു കീറാമുട്ടിയായിത്തുടങ്ങി. അടിക്കുന്നതു മുഴുവന്‍ തറയിലൂടെ മാത്രം. വിക്കറ്റ്‌ മുഴുവന്‍ കാലുവച്ച്‌ മറയ്ക്കുന്നതു കാരണം ബൗള്‍ഡാവുകയും ഇല്ല. എല്‍ ബി ഡബ്ല്യു മൊത്തം നിയമത്തിലും ഇല്ല.

സഹികെട്ട ചില ബോളുകള്‍ക്ക്‌ വേഗം കൂടിത്തുടങ്ങി. പക്ഷേ ചാത്തന്‍ പിന്നെം പഴയ പടി തന്നെ തുടര്‍ന്നു.

ഒരാളെക്കൂടി ഔട്ടാക്കിയാല്‍ എതിര്‍ടീം വിജയിക്കും ഒരറ്റത്ത്‌ ചാത്തന്‍ കല്ലുപോലെ ഉറച്ച്‌ നില്‍ക്കുന്നു.മറ്റേ അറ്റത്തെ കളിക്കാരന്‍ നല്ല ഫോമിലാ അവനെ ഔട്ടാക്കുന്ന കാര്യം ഇനി ചിന്തിക്കേണ്ട.

സഹകളിക്കാരന്റെ ഫോം ചാത്തനിലേക്കും ഇത്തിരിശ്ശെ പകര്‍ന്നു തുടങ്ങി സ്വീപ്പുകള്‍ക്കു പിന്നിലെ അടികള്‍ക്കു ശക്തി കൂടിത്തുടങ്ങി. ഒരു മിന്നല്‍ സ്വീപ്‌ ഷോട്ട്‌. ക്യാമറക്കണ്ണുകള്‍ ബൗണ്ടറി ലൈനിലേക്ക്‌.

ക്യാമറക്കണ്ണുകള്‍ പോയതിലും വേഗത്തില്‍ തിരിച്ചു വന്നു.ബോള്‍ ക്രീസില്‍ തന്നെ കിടപ്പുണ്ട്‌.ഒരു കൈ കൊണ്ട്‌ ചെവി മറച്ചുകൊണ്ട്‌ ചാത്തനും.

"കൈയ്യെടുക്കെടാ നോക്കട്ടേ"

വെള്ളം കൊണ്ടുവരാന്‍ ഫയര്‍ ഫോഴ്‌സിനു ഓര്‍ഡര്‍.

ഫസ്റ്റ്‌ എയിഡ്‌ ബോക്സ്‌ സ്ക്വാഡ്‌ അടുത്ത കാട്ടിലേക്ക്‌ കുതിച്ചു.

ആദ്യം വന്നതു ഫസ്റ്റ്‌ എയിഡ്‌ - കമ്യൂണിസ്റ്റപ്പ അഥവാ കമ്യൂണിസ്റ്റ്‌ പച്ച.

കൈയ്യെടുത്തു. വേദനയൊന്നുമില്ല. പക്ഷെ കൈ നിറച്ചും ചോര.

കണ്ണു കൊണ്ട്‌ കുറേ കഥകളി കളിച്ചെങ്കിലും ഒന്നും കാണാന്‍ പറ്റുന്നില്ല.
എങ്ങനെ കാണാന്‍ പറ്റും ചെവിയുടെയും തലയോട്ടിയുടെയും ജോയിന്റിലുള്ള മുറിവ്‌ സ്വയം കാണണമെങ്കില്‍ കുട്ടിച്ചാത്തന്‍ സാക്ഷാല്‍ ശ്രീമാന്‍ ചാത്തനാവണം.

ചാത്തനൊഴികെ എല്ലാരുടെയും മുഖങ്ങളില്‍ നവരസങ്ങളില്‍ ഹാസ്യം ഒഴികെ ബാക്കി മാറിമാറി മിന്നിക്കളിക്കുന്നു.

ഫസ്റ്റ്‌ എയിഡ്‌ വച്ചപ്പോള്‍ ചോര വരവുനിന്നു. വേദനയില്ലാത്തതിനാല്‍ ചാത്തന്‍ പിന്നെം ബാറ്റ്‌ കയ്യിലെടുത്തു. ആരും സമ്മതിച്ചില്ല.

"തലയിളക്കേണ്ട. ഇന്നത്തെ കളി മതി"

"വെള്ളം കുടിക്കെടാ"

"ഇത്തിരി സമയം അവിടെ ഇരി"

"ചോര മുഴുവന്‍ നിന്നിട്ടു വീട്ടില്‍ പോയാല്‍ മതി"

ഛെ ഛെ പ്രായം ഇത്രയൊക്കെ ആയിട്ടു ഇവന്മാര്‍ക്കൊന്നും ധൈര്യമില്ലേ!!!
ചാത്തനിതാ കല്ലു കല്ലു പോലെ നില്‍ക്കുന്നു. ഇതൊക്കെ ഇത്രെം കാര്യമാക്കാനുണ്ടോ. ഏതായാലും അനുസരിച്ചില്ലാന്നു വേണ്ട.

വീട്ടിലേക്ക്‌ വിട്ടു.

"എന്താടാ തലയിലൊരു പച്ചക്കെട്ട്‌?"

"തല്ലു കൂടിയോ?"

"ഇല്ല ബോളു കൊണ്ടതാ"

"റബ്ബര്‍ ബോളോ!!!"

"ഞങ്ങളിപ്പോ കോര്‍ക്കിലാ"

"ആ കമ്യൂണിസ്റ്റപ്പ മാറ്റിക്കേ നോക്കട്ടെ"

"അത്രക്കൊന്നും ഇല്ലാന്നേ ഇന്നാ കണ്ടോ"

"ഈശ്വരാ...."

അമ്മ ആളെക്കൂട്ടാനോടി.

തലയ്ക്കകത്തൂടെ ഒരു ചെറിയ മിന്നല്‍. എന്നാല്‍ പിന്നെ ഒന്നു കണ്ടു കളയാം.നേരെ കണ്ണാടീടെ മുന്നിലേക്ക്‌ വിട്ടു. മുറിയില്‍ വെളിച്ചമില്ല. ലൈറ്റിട്ടു.

ചെവിയുടെ മുകള്‍ഭാഗം ഇത്തിരി തലയോട്ടിയില്‍ നിന്നും വിട്ടു കിടക്കുന്നു. കാല്‍ വിരലില്‍ നിന്നും ഒരു തണുപ്പ്‌ അരിച്ച്‌ കയറുന്നു. വല്ലോരും ചെവിയില്‍ ഇപ്പോള്‍ പിടിച്ച്‌ വലിച്ചാല്‍ പഴത്തൊലി പോലെ ഉരിഞ്ഞുവരുമെന്നൊരു തോന്നല്‍. അതോ തലയൊന്നിളക്കിയാല്‍ താഴെ വീഴുമോ?

ഒരു അശരീരി "അമ്മേ വെള്‌....ളം"

കണ്ണാടി ശൂന്യം.

അടുത്തുള്ള കിടക്കയില്‍ ഒരു കൈ കൊണ്ട്‌ ചെവി താങ്ങി നിര്‍ത്തിക്കൊണ്ടുള്ള പോസില്‍ ഒരു കല്‍പ്രതിമ കിടക്കുന്നു. അനങ്ങിയാല്‍ ചെവി താഴെപ്പോയാലോ. ശരിക്കും കല്ലു കൊണ്ടൊരു ചെക്കന്‍....

വാല്‍ക്കഷ്ണം:

മുറിവു തുന്നേണ്ടി വന്നില്ല. പക്ഷേ അതൊരു വിപ്ലവത്തിനു തുടക്കം കുറിച്ചു. കോര്‍ക്ക്‌ ബോളില്‍ നിന്നും ടെന്നീസ്‌ ബോളിലേയ്ക്ക്‌. ആ വിപ്ലവത്തിന്‌ ഒരേ ഒരു രക്തസാക്ഷി മാത്രം സ്വന്തം.