Friday, November 24, 2006

തല്ലുകൊള്ളിച്ചാത്തനും ഡമോക്ലിസിന്റെ വാളും

ഒന്നാം ക്ലാസിലാണോ അതിനും മുന്‍പാണോ ചാത്തന്‍ തല്ലു വാങ്ങിത്തുടങ്ങിയത്‌ എന്നറിയില്ല. ഒന്ന് കൊടുത്താല്‍ പത്ത്‌ തിരിച്ചു വാങ്ങിയേ ചാത്തനു ഉറക്കം വരൂ. പത്താംക്ലാസ്‌ വരെ ഇതു നിര്‍ബാധം തുടര്‍ന്നിരുന്നു. പിന്നെ ചാത്തനു പ്രായത്തിന്റെ കുത്തൊഴുക്കില്‍പെട്ട്‌ ആ കഴിവു കൈമോശം വന്നു.

വിധിവശാല്‍ ആദ്യ ജോലി കിട്ടി ആറു മാസം കഴിഞ്ഞപ്പോള്‍ ചാത്തന്‍ വടക്കേ ഇന്ത്യയിലെത്തി. സര്‍ദാര്‍ജിമാരുടെ നാട്ടില്‍. സ്നേഹിച്ചാല്‍ ചങ്കും ദ്രോഹിച്ചാല്‍ കുടലും കൈമാറ്റം നടത്തുന്നവരുടെ നാട്ടില്‍. നാട്ടിലേക്ക്‌ വരണമെങ്കില്‍ രണ്ട്‌ ട്രയിന്‍ കയറണം.ആദ്യം ഡല്‍ഹിക്ക്‌ അവിടുന്ന് കേരളത്തിലേക്ക്‌.

കുറച്ചുകാലം കൊണ്ടു ചാത്തനും സഹമുറിയന്മാരും അവിടേം കുറേ കൂട്ടുകാരെ ഉണ്ടാക്കി. എല്ലാരും ചാത്തന്റെ സമപ്രായക്കാര്‍.ഒന്ന്, രണ്ട്‌ തുടങ്ങി പതിനൊന്നാം ക്ലാസില്‍ വരെ ഉള്ളവര്‍.ഈ പിള്ളേര്‍ക്കെല്ലാം പൊതുവായ ചില പ്രത്യേകതകള്‍ ഉണ്ട്‌. ഞങ്ങളിലാരെങ്കിലും വീട്ടിലെത്തിയാല്‍ പയ്യന്‍സെല്ലാം അവിടെ എത്തും. എല്ലാരുടെയും പോക്കറ്റില്‍ WWF ലെ മല്ലന്മാരുടെ പടമുള്ള കാര്‍ഡുകളും, കയ്യില്‍ അവരുടെ കൈത്തരിപ്പും കാണും. അതു തീര്‍ക്കുന്നതോ പാവം മലയാളി പഞ്ചിംഗ്‌ ബാഗുകളിലും.

അന്നൊരു 'ദുഃഖ' വെള്ളിയാഴ്ചയായിരുന്നു.ഓഫീസ്‌ കഴിഞ്ഞ്‌ വീട്ടില്‍ എത്തി. എന്തോ ഇന്നു ആകെ ഒരുത്തനേയുള്ളൂ ആ പതിനൊന്നാം ക്ലാസുകാരന്‍ സര്‍ദാര്‍.കയ്യാങ്കളി തുടങ്ങാന്‍ അധികം വൈകിയില്ല. ചാത്തനു നല്ല ഭാഗ്യം ആരുടെ നേരെ തിരിച്ചു വിട്ടിട്ടും തിരിച്ചു എന്റെ നേരെ തന്നെ വരുന്നു. എത്രാന്നുവച്ചാ കൈയ്യും കെട്ടി ഇരിക്കുന്നത്‌.

ഉപദ്രവം കൂടിക്കൂടിവരുന്നു. സഹമുറിയന്മാര്‍ക്കു സഹായിക്കണം എന്നുണ്ട്‌. പക്ഷെ സ്വന്തം തടിയുടെ രക്ഷ കൂടി നോക്കേണ്ടെ. ചെരുപ്പിട്ട കാലുകൊണ്ടുള്ള ചവിട്ടും കൂടി കിട്ടിത്തുടങ്ങിയപ്പോള്‍ മലയാളിയുടെ ആത്മാഭിമാനത്തില്‍ നിന്നും ഇത്തിരി ചോര പൊടിഞ്ഞു തുടങ്ങി. ഇനി ഇന്നീ സര്‍ദാര്‍ജി 'മലയാളീന്റെ കയ്യിന്റെ' ചൂടറിയും.

കളരിപരമ്പര ദൈവങ്ങളെ മനസ്സില്‍ ധ്യാനിച്ച്‌, 'യോദ്ധ'യില്‍ മോഹന്‍ലാല്‍ 'ഇതു വടക്കന്‍ ഇതു തെക്കന്‍'എന്നു പറഞ്ഞു കൊണ്ടു കാണിക്കുന്ന അടവു തന്നെ പ്രയോഗിച്ചു. ചവിട്ടാന്‍ കാലുയര്‍ത്തിയ സര്‍ദാര്‍ജിയുടെ വലത്തേക്കാല്‍ ഇടത്തേ കൈ കൊണ്ട്‌ പിടിച്ച്‌, ഇത്തിരി കുനിഞ്ഞ്‌ സര്‍ദാര്‍ജിയുടെ തറയിലുള്ള കാലിനു കാലുകൊണ്ടൊരു തട്ട്‌. സര്‍ദാര്‍ജി, വാഴ വെട്ടിയതുപോലെ മാര്‍ബിള്‍ തറയില്‍ ചളുക്കൊ പിളുക്കോന്നു കിടക്കുന്നു.

ഒരു കയ്യടി പ്രതീക്ഷിച്ച്‌ തല ഉയര്‍ത്തിയ ഞാന്‍ ഒന്നു ഞെട്ടി എല്ലാവരും ആകെ വിരണ്ടിരിക്കുന്നു. ആ വീഴ്ച ഇത്തിരി കടന്നുപോയി. അവന്‍ സര്‍ദാര്‍ജി ആയതുകൊണ്ടോ അവന്റെ പ്രായത്തിന്റെ പക്വത പെട്ടന്നു പൊങ്ങിവന്നതുകൊണ്ടോ എന്നറിയില്ല. അവന്‍ കരഞ്ഞില്ല. കൈമുട്ട്‌ തറയില്‍ കുത്തിയാ വീണത്‌. അവിടം തടവിക്കൊണ്ട്‌ ഒരക്ഷരം മിണ്ടാതെ എഴുന്നേറ്റ്‌ പോയി. ഏയ്‌ ഒന്നും പറ്റിക്കാണില്ല.

പിറ്റേന്ന് രാവിലെ പല്ലുതേച്ചുകൊണ്ട്‌ ബാല്‍ക്കണിയിലേക്കിറങ്ങി. ഒന്നേ നോക്കിയുള്ളൂ എതിര്‍ വശത്തെ ബാല്‍ക്കണിയില്‍ കഥാനായകന്‍ ഒരു കൈ മുഴുവന്‍ ബാന്‍ഡേജും സ്ലിങ്ങും ഇട്ട്‌ ഇരിക്കുന്നു.

അയ്യോ എന്റെ പാതിജീവനുമായി ഒരു കിളി ദേ പോകുന്നു.

വേറെ ആരും എഴുന്നേറ്റിട്ടില്ല. അടിവയറ്റില്‍ നിന്നും ഒരു ഉരുണ്ടുകയറ്റം. നേരെ പോയി പുതച്ചു മൂടിക്കിടന്നു. പല്ലു കൂട്ടിയടിക്കുന്ന ശബ്ദം പൊങ്ങിത്തുടങ്ങി.

"എന്താടാ പുറത്തു നല്ല തണുപ്പായിരുന്നോ?"

"എനിക്കു തീരെ സുഖമില്ല. വീട്ടില്‍ പോകണം"

"വീട്ടില്‍ പോകാനോ!! ലീവ്‌ കിട്ടിയാല്‍ത്തന്നെ ട്രെയിന്‍ ടിക്കറ്റ്‌ കിട്ടേണ്ടെ?? ആട്ടെ എന്താ അസുഖം?"

"പനിയുണ്ടോന്നറിയില്ല. തീരെ വയ്യ എനിക്കു വീട്ടില്‍ പോണം തത്‌കാലില്‍ ടിക്കറ്റ്‌ കിട്ടൂലെ"

"നീയവിടെ അടങ്ങിക്കിടക്കെടാ മഞ്ഞ്‌ ഒന്നു തെളിയട്ടെ വല്ല ഡോക്‍ടറെയും കാണാം"

"നാളത്തെ വണ്ടിക്ക്‌ ഇന്ന് തത്‌കാലില്‍ ബുക്ക്‌ ചെയ്ത്‌ ഇന്ന് വൈകീട്ട്‌ തന്നെ ഡല്‍ഹിക്ക്‌ പോകാം അല്ലെ?"

"മിണ്ടാതെ കിടക്കെടാ"

ഇന്ന് ശനിയാഴ്‌ച ഓഫീസില്ല. എല്ലാവരും എഴുന്നേറ്റപ്പോഴേയ്ക്കും സര്‍ദാര്‍ സംഘം കമ്പും കോലുമായി ഹാജര്‍ വച്ചു. കിറുക്കെട്ട്‌ കളിക്കണം. എല്ലാവരും പുറത്തെത്തി.

"ആ മെലിഞ്ഞ ഭയ്യാ എവിടെപ്പോയി."

"അവനു സുഖമില്ല കിടപ്പിലാ"

"എന്നാല്‍ നമ്മള്‍ക്കു കണ്ടുകളയാം"

എല്ലാവരും കൂടി ഓടി മുറിയില്‍ക്കയറി.പുതപ്പിനടിയിലൂടെ ഒളികണ്ണിട്ടു നോക്കി. കഥാനായകനെ മാത്രം കാണാനില്ല. എതോ സഹമുറിയന്റെ ഒടുക്കത്തെ സംശയം.

"കഥാനായകന്‍ സര്‍ദാര്‍ എവിടെ?"

ആരോ അവനെ വിളിക്കാനോടി. ഈശ്വരാ അപ്പോള്‍ ഇവരൊന്നും ഇതുവരെ അവനെക്കണ്ടില്ലായിരുന്നു. കണക്കുകൂട്ടല്‍ തുടങ്ങി. ആദ്യം ഇവന്മാരുടെ കൈയ്യിലുള്ള ബാറ്റും സ്റ്റംപും കൊണ്ട്‌, പിന്നെ കയ്യില്‍ കിട്ടുന്നതെന്തും കൊണ്ട്‌, അവസാനം തന്ത സര്‍ദാര്‍ജിയുടെ കൃപാണ്‍(ഒരു കൊച്ചു കത്തി- ചോര കണ്ടാല്‍ മാത്രം ഉറയിലിടുന്ന ടൈപ്പ്‌) കൊണ്ടാവും.

ഇനി ഏതായാലും ടിക്കറ്റ്‌ വേണ്ട. ആകെപ്പാടെ 40 കിലോ മാത്രം ഉള്ളതു കൊണ്ട്‌ പാര്‍സലിനേക്കാള്‍ ലാഭം കൊറിയര്‍ ആയിരിക്കും.ഒന്നുകൂടി പെട്ടന്നെത്തും. ഭാവിപ്രവചനം ഇത്രയുമായപ്പോഴേക്കും കഥാനായകന്‍ രംഗപ്രവേശം ചെയ്തു.

സഹമുറിയന്മാര്‍ക്കു എന്റെ രോഗം പിടികിട്ടി.എല്ലാരും അവരവരുടെ ഏറ്റവും വിലപിടിച്ച ജംഗമവസ്തുക്കളുടെ സമീപത്തേക്കു നീങ്ങി. കയ്യില്‍ കിട്ടിയതും എടുത്ത്‌ ആദ്യം വാതിലിനു പുറത്തു കടക്കുന്നതിനുള്ള ഊഴം ആരുടെ എന്ന് മാത്രമേ ഇനി തീര്‍ച്ചപ്പെടുത്താനുള്ളൂ.

നായകന്‍ പഞ്ചാബിയില്‍ എന്തൊക്കെയോ പറഞ്ഞു.എന്നെ കുട്ടിപ്പട്ടാളം വളഞ്ഞു. നേരത്തെ പകുതിയും കൊണ്ട്‌ പോയ കിളി ദേ പിന്നേം വരുന്നു. രജായിയുടെ(കട്ടിയുള്ള പുതപ്പ്‌) രക്ഷാകവചം പതുക്കെ മാറുന്നു. ഒരു സെക്കന്റ്‌ കണ്ണുതുറന്നപ്പോള്‍ നായകന്റെ കുടുമ താഴ്‌ന്ന് വരുന്നതാണ്‌ കണ്ടത്‌. അറക്കാന്‍ കൊണ്ടുപോകുന്ന ആടിനു അവസാന ഉപദേശം തരാനാണൊ എന്തൊ?

ഈശ്വരാ എന്റെ ഭാവി ഭാര്യെം കുട്ടികളും അനാഥരായല്ലോ.

അനുനിമിഷം അശരീരി ആയിക്കൊണ്ടിരിക്കുന്നതിനിടയില്‍ ചെവിയില്‍ ഒരു യഥാര്‍ത്ഥ അശരീരി.

"നമ്മളു കളിക്കുമ്പോള്‍ കാലുതെറ്റി വീണതാന്നാ ഞാന്‍ വീട്ടില്‍ പറഞ്ഞത്‌"

കിടന്ന കിടപ്പില്‍ നിന്നും ചാടിയെഴുന്നേറ്റ്‌ അവനെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാന്‍ തോന്നി.

വാല്‍ക്കഷ്‌ണം:

ഒരു അരദിവസത്തിനുള്ളില്‍ പനീം സൂക്കേടും ഞാന്‍ കൊറിയര്‍ അയച്ചു. അതിലും കുറഞ്ഞ സമയത്തിനുള്ളില്‍ വീട്ടില്‍ വന്നു കയറിയ അതിഥികളെ എങ്ങിനെയാ പറഞ്ഞയക്കുക മോശമല്ലേ......

12 comments:

കുട്ടിച്ചാത്തന്‍ said...

തല്ലുകൊള്ളുന്നതും കൊടുക്കുന്നതും ഒ കെ പക്ഷെ കിട്ടാനിരിക്കുന്ന തല്ലിനെ കാത്ത്, രക്ഷപ്പെടാന്‍ ഒരു വഴിയുമില്ലാതെ, പുതച്ചുമൂടിക്കിടക്കുന്ന സുഖം അതു ഒന്നു വേറെതന്നെയാണെ......

Anonymous said...

തല്ലു കൊള്ളാനും ഒരു ഭാഗ്യം വേണം അതും സര്‍ദാര്‍ജിയുടെ കയ്യില്‍നിന്നു.
നന്നായി അവതരിപ്പിച്ചു.

KANNURAN - കണ്ണൂരാന്‍ said...

എന്തായാലും കണ്ണൂര്‍ക്കരനല്ലെ? സര്‍ദാറും വിരണ്ടു കാണും....!!!!

പൊന്നമ്പലം said...

കാക്കാ, ഇതൊക്കെ ഇപ്പൊളാണോ പുറത്ത് വിടുന്നത്... എന്നിട്ട് ആ ആദിവാസി സന്ദീപും ആരോടും പറഞ്ഞില്ലല്ലൊ...!

പാര്‍വതി said...

കുട്ടിച്ചാത്തന്‍ കുഞ്ഞ് വയസില്ല് നല്ല പോളിങ്ങ് ആയിരുന്നൂ അപ്പോ അല്ലേ??

രസകരമായി തന്നെ എഴുതിയിരിക്കുന്നു.

-പാര്‍വതി.

പാര്‍വതി said...

പൊന്നമ്പലം, അപ്പോ നിങ്ങളൊക്കെ പണ്ടേപരിചയക്കാരാണോ?

കൊള്ളാല്ലോ..

-പാര്‍വതി.

വേണു venu said...

രസകരമായ എഴുത്തു്. നന്നായിരിക്കുന്നു.

ഡാലി said...

ഹായ് ചാത്തന്‍കുട്ടി, നന്നായി രസിച്ചു വായിച്ചു. ഓരോ ചാത്തന്‍ വിലാസങ്ങളേ
ഇന്ത്യയിലെ ഏറ്റവും നല്ല പ്ലാന്‍ഡ് സിറ്റി ആണ് ചണ്ഡിഗഡ് എന്ന് കേട്ടീട്ടുണ്ട് ( കണ്ടീട്ടും ഉണ്ട് ;))
ഇപ്പളും അവിടെയാ? അവിടത്തെ കുറിച്ചൊക്കെ എഴുതും എന്ന് പ്രതിക്ഷിക്കുന്നു.

വല്യമ്മായി said...

നന്നായിരിക്കുന്നു,ചാത്തനും പൊന്നമ്പലവും എന്താ കണക്ഷന്‍ ?

Siju | സിജു said...

എന്നാലും ആ പാവം ചെക്കന്റെ കാലു തല്ലിയൊടിച്ചത് മോശമായിപ്പോയി

കുട്ടിച്ചാത്തന്‍ said...

ഡാലിച്ചേച്ചി: ഞാന്‍ ഇപ്പോള്‍ ബാംഗ്ലൂരില്‍, പഴയ കഥകള്‍ വഴിയെ എഴുതാം.

വല്യമ്മായി: ഞങ്ങളു തമ്മിലുള്ള കണക്ഷന്‍ ഒരു കമന്റില്‍ തീരൂല്ല . പോസ്റ്റ് വരുന്നുണ്ട്.

സിജുച്ചേട്ടാ: കാലല്ല... കൈ... എന്റെ തലക്കകത്ത് ആള്‍താമസം ഇല്ലാത്തതുകൊണ്ട് പറ്റിയതല്ലേ..

Jithin V said...

ചാത്തനേറുകല്‍ എല്ലാം കലക്കി. ആഖ്യാന ശൈലി നന്നായിരിക്കുന്നു. ഇഷ്ടായി ട്ടോ!..