Wednesday, November 22, 2006

ഒരു വിഷു ടിക്കറ്റ്‌

വടക്കന്‍ കേരളത്തില്‍ ദീപാവലിയെക്കാള്‍ ആഘോഷം വിഷുവിനാണ്‌. ലോകത്തെവിടെയാണെങ്കിലും ഓണത്തിനും വിഷുവിനും മക്കളെല്ലാം വീട്ടിലെത്തണം എന്നത്‌ എല്ലാ അമ്മമാരുടെയും ആഗ്രഹവും ആ അമ്മമാരെ സ്നേഹിക്കുന്ന മക്കളുടെ സ്വപ്നവും ആണ്‌.

മറുനാടന്‍ മലയാളികള്‍ക്ക്‌ ഓണത്തിനും വിഷുവിനും നാട്ടിലേക്ക്‌ ഒരു ടിക്കറ്റ്‌ പലപ്പോഴും ഭാഗ്യത്തിന്റെയും ഭഗീരഥപ്രയത്നത്തിന്റെയും ഒത്തുചേരലാണ്‌.

ഇത്തവണത്തേത്‌ ബാംഗ്ലൂരില്‍ വന്നശേഷമുള്ള എന്റെ ആദ്യത്തെ വിഷുവാണ്‌. ടിക്കറ്റുകള്‍ രണ്ടു മാസം മുന്‍പെ കിട്ടാക്കനിയായി.

ട്രാവല്‍ ഏജന്റുമാരുടെ കൈയ്യുംകാലും പിടിച്ചും പടിക്കല്‍ സത്യാഗ്രഹമിരുന്നും വിഷുവിനു ഒരു ദിവസം മുന്‍പുള്ള ടിക്കറ്റുകള്‍ ഞാനും എന്റെ കുറച്ചു സുഹൃത്തുക്കളും സംഘടിപ്പിച്ചു.

എന്നാല്‍ ഒരാശാന്‍ ഈ സത്യാഗ്രഹങ്ങളില്‍ പങ്കെടുക്കാതെ കറങ്ങി നടന്നു. ഒരേ നാട്ടുകാരാണെങ്കിലും ഞങ്ങളാരും അത്ര വിശാലമനസ്കരായിരുന്നില്ല. അതുകൊണ്ട്‌ ആശാന്റെ ടിക്കറ്റിനു ഞങ്ങളാരും ശ്രമിച്ചില്ല.

വിഷുവിന്‌ ഒരാഴ്ച മുന്‍പ്‌ ആശാന്‍ അതാ ലോകം കീഴടക്കിയ സന്തോഷത്തോടെ ഒരു ടിക്കറ്റും പൊക്കിപ്പിടിച്ച്‌ ഓടി വരുന്നു. അതും സീറ്റ്‌ നമ്പര്‍ പത്ത്‌!!!!.

വെരി വെരി വി ഐ പി സീറ്റുകളായ 31ഉം 32ഉം ഒക്കെയായി, എങ്ങനെയെങ്കിലും അങ്ങ്‌ എത്തിയാല്‍ മതിയെന്ന് വിചാരിച്ചിരിക്കുന്ന ഞങ്ങളുടെ ഇടയിലേക്കാണ്‌ ഈ നമ്പര്‍ 10ഇന്റെ കടന്നാക്രമണം എന്നോര്‍ക്കണം. ആശാന്‍ പിന്നെ കുറേ ദിവസത്തേക്ക്‌ ഭൂമിയിലേക്ക്‌ ഇറങ്ങിയേ ഇല്ല.

അവന്റെ ഒടുക്കത്തെ ഭാഗ്യം ഉറങ്ങിക്കൊണ്ടു പോകാം. ഞങ്ങള്‍ക്കു തൊട്ടിലാടിക്കൊണ്ടും. ആ കിട്ടിയതാട്ടെ. അസൂയക്കു മരുന്നില്ലാലൊ.

ഒരുവശത്തു പാക്കിംഗ്‌ മറുവശത്ത്‌ പൊട്ടിക്കാനിരിക്കുന്ന പടക്കങ്ങളെ വെല്ലുന്ന പടക്കങ്ങള്‍, പോയിവരുമ്പോള്‍ കൊണ്ടുവരേണ്ട സാധനങ്ങളുടെ കണക്കുകള്‍.

അങ്ങനെ പോകേണ്ട ദിവസവും വന്നു. ഓഫീസില്‍ നിന്നും എല്ലാരും നേരത്തെതന്നെ മുങ്ങി. കെട്ടും മുട്ടും എല്ലാം എടുത്ത്‌ ബസ്സ്‌ പുറപ്പെടുന്ന സ്ഥലത്തെത്തി.

എന്തോ വന്‍ ആള്‍ക്കൂട്ടം. കാക്കക്കൂട്ടില്‍ കല്ലിട്ട ബഹളവും.

സംഭവം ഇപ്രകാരം കന്നട നടന്‍ രാജ്‌ കുമാറിന്റെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തെ അവസാനമായി കാണാന്‍ കഴിയാത്ത ജനക്കൂട്ടം അക്രമാസക്തമായതിനാല്‍ കര്‍ണ്ണാടക 'രാജ്യം' മുഴുവന്‍ ഒരുമാതിരി ബന്ദാചരിക്കുന്നു.

എവിടെയും അക്രമം മാത്രം. ബൈക്കുകളില്‍ കൊടിയും പിടിച്ചു റോന്തു ചുറ്റുന്നവര്‍ കടകള്‍ എല്ലാം പൂട്ടിക്കുന്നു, ആള്‍ക്കാരെ ഓടിക്കുന്നു, അവിടെയും ഇവിടെയും ടയറുകള്‍ കത്തിക്കുന്നു, റോഡുകള്‍ ബ്ലോക്ക്‌ ചെയ്യുന്നു.

ബസ്സുകള്‍ക്കു കല്ലേറു കിട്ടുന്നതു കാരണം അന്നത്തെ എല്ലാ സര്‍വീസുകളും റദ്ദാക്കിയിരിക്കുന്നു. നാളെ വിഷുവിനു തൊട്ടുമുന്‍പുള്ള ദിവസം ആയതിനാല്‍ ഇനി നാളെ വീട്ടില്‍ പോകുന്ന കാര്യം "എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം".

നമ്പര്‍ 10ഉം 31ഉം 32ഉം എല്ലാമെല്ലാം ഒരേപോലെ നമ്രശിരസ്കരായി, മനസ്സില്‍ പേരറിയാത്ത ആരെയൊക്കെയോ ചീത്ത പറഞ്ഞുകൊണ്ട്‌ മടങ്ങി.

12 comments:

കുട്ടിച്ചാത്തന്‍ said...

എഴുതിക്കഴിഞ്ഞപ്പോള്‍ എണ്ണയും വെള്ളവും മിക്സാക്കിയപോലെ ഇരിക്കുന്നു. വേണ്ടായിരുന്നു എന്ന് ഒരു തോന്നല്‍....

Sul | സുല്‍ said...

എന്തായാലും എഴുതിയില്ലെ ചാത്താ അല്ല കുട്ടി ചാത്താ, ബൂലോകര് വായിക്കലും കഴിഞ്ഞു. ഇനി പറഞ്ഞിട്ടെന്താ. "എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം".


-സുല്‍

പാര്‍വതി said...

അതൊരു വല്ലാത്ത സംഭവം തന്നെയായിരുന്നു അല്ലെ....ഇങ്ങനെ കുറെ കഥകള്‍ കേട്ടു, എന്തെങ്കിലും സംഭവിക്കുമ്പോള്‍ നമ്മുടെ ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചോ എന്നല്ലേ ആദ്യം അന്വേഷിക്കൂ, ഇല്ലെന്നറീഞ്ഞാല്‍ പിന്നെ ആക്രമണത്തെ പറ്റിയുള്ള വിലയിരുത്തലും അഭിപ്രായപ്രകടനങ്ങളും ആയി.അന്നും അത് തന്നെയായിരുന്നു..

-പാര്‍വതി.

ഏറനാടന്‍ said...

കുട്ടിച്ചാത്തന്‍ സാധാരണ മറ്റുള്ളോരെയാണ്‌ കല്ലെറിയുന്നതും മായാവിലാസങ്ങളാല്‍ ഭയവിഹല്വരാക്കുന്നതും ഒക്കെ കേട്ടിട്ടുള്ളത്‌. ഇതിപ്പോ തിരിച്ചായല്ലോ. സാരമില്ലാന്നേ.. കന്നഡക്കാരുടെ പ്രിയനേതാവും നടനും മരിച്ചതിന്റെ പാരിതോഷികമായി കരുതിയാല്‍ മതീലോ!!

പൊന്നമ്പലം said...

ടാ കാക്കേ,

നീ ഫോണില്‍ വിളിച്ച് ഇത് ബോറാണെന്ന് പറഞ്ഞപ്പൊ വായിക്കണോ വേണ്ടയോ എന്ന് ആലോചിക്കുവാരുന്നു... പക്ഷെ കൊള്ളാമെടാ, 12, 30, 31 ഉം.

ഓ.ടോ: നീ കുട്ടിച്ചാത്തന്‍ എന്ന പേര് മാറ്റ്... പഴയ ‘പച്ചക്കാ‍ക്കാ‘ എന്ന പേര് മതി...

സു | Su said...

വിഷുവിന്റെ പടക്കം പൊട്ടിത്തീരുമ്പോഴേക്കും നാട്ടില്‍ എത്തിയോ പിന്നെ? :)

Anonymous said...

സാരല്യാന്നേ,
അനുഭവം ഹൃദയസ്പര്‍ശിയായിരുന്നതിനാല്‍ വായനയും മറിച്ചായില്ലാ.
-കുട്ടിച്ചാത്തന്‍ എഴുതിയെഴുതി എത്രയും വേഗം ഒരു ‘ചാത്തന്‍സോ ചത്തുണ്ണിയോ’ ആകട്ടെ!

KANNURAN - കണ്ണൂരാന്‍ said...

ഇങ്ങനെ ആണ് എഴുതി പഠിക്കുക... വീണ്ടും വീണ്ടും എഴുതുക... നല്ല പോസ്റ്റ്....

കുട്ടിച്ചാത്തന്‍ said...

സത്യം പറഞ്ഞാല്‍ മലയാളത്തില്‍ എഴുതുന്നതുകൊണ്ടാ ഇത്ര ധൈര്യമായി പോസ്റ്റിയത്.

സുല്‍ : അത് ഒരു മുന്‍‌കൂര്‍ ജാമ്യം എടുത്തതല്ലെ..

പാര്‍വതിചേച്ചി: കുറെ അല്ല. ഒട്ടുമുക്കാലും ബാംഗ്ലൂര്‍ മലയാളികളും അനുഭവിച്ചതാ..

ഏറനാടന്‍ ചേട്ടാ : അദ്ദേഹം ഒരു നല്ല മനുഷ്യനായിരുന്നു. അതു കൊണ്ടുമാത്രം .....

പൊന്നമ്പലം : ഓടെടാ.. നിന്നെ ആരു ഫോണ്‍ വിളിച്ചു. ഞാന്‍ ജിറ്റാകില്‍ പറഞ്ഞതല്ലെ?


സു ചേച്ചി: പടക്കം ഞാന്‍ അല്ലേലും കൈ കൊണ്ട് തൊടാറില്ല. അപ്പോള്‍ പിന്നെ എന്റെ ചെവി ആരു പൊത്തും!!!!

കൈതമുള്ള് : പുതുമുഖമാണല്ലെ.. ഒ കെ അപ്പോള്‍ എനിക്കൊരു കമ്പനിയായി പിച്ച വച്ച് നടക്കാന്‍.


കണ്ണൂരാന്‍ ചേട്ടാ: ഞാന്‍ ഇത്തിരി തിരുത്തുന്നു “ഇങ്ങനെയും എഴുതിപ്പഠിക്കാം”

Anonymous said...

ദാങ്ക്സ്, ട്ടാ!

ധൈര്യായിട്ട് ‘അന്യേങ്കുട്ടീ’ എന്നു വിളിച്ചോ...

mannuus said...

adipoli post.. njan oru puthiya blogger aanu.. malayalam fonts use cheythu thudangilla.. aa same day issu enikkum undayatha.. pinne mysore ayathinalum bike undayirunnathinalum eduthu vittu nattilekku.. vishuvum easterum ellam akhoshichu..

valare nala postukal.. njan orumatiri ellam thanne vayichu..

വാത്മീകി said...

നല്ല പോസ്റ്റ്. വളരെ വൈകിയാണ് കണ്ടത്. കഴിഞ്ഞ ആഴ്ച ഇടപ്പാളില്‍ തല്ല് കിട്ടിയ നാടോടികള്‍ കന്നഡികര്‍ ആണെന്നു പറഞ്ഞ് മഡിവാളയില്‍ കേരളത്തിലേക്കുള്ള ബസ്സുകള്‍ തടഞ്ഞു എന്നു കേട്ടു. സത്യമാണോ?