Wednesday, March 17, 2010

അമേരിക്കാ അമേരിക്കാ - ഇമ്പ്രഷന്‍സ്‌ 3

പറഞ്ഞ സമയത്ത്‌ തന്നെ ചൈനക്കാരന്‍ വന്നു. 3000 ഡോളറിന്റെ കാറ്‌ എന്നു പറഞ്ഞാല്‍ ടി ദേഹത്തെപ്പറ്റി ഊഹിക്കാമല്ലോ. കാറില്‍ കയറിയപാടെ ജിപിഎസ്‌ ഡിവൈസ്‌ ഓണാക്കി അത്‌ ലെഫ്റ്റ്‌ റൈറ്റ്‌ എന്ന് വിളിച്ച്‌ പറയുന്നതിനനുസരിച്ച്‌ ഓടിച്ച്‌ തുടങ്ങി. വഴിയില്‍ ഒരു ട്രാഫിക്‌ സിഗ്നല്‍ ബോര്‍ഡില്‍ മാനിന്റെ പടം. അവിടൊക്കെ മാനുകള്‍ റോഡ്‌ ക്രോസ്‌ ചെയ്യാറുണ്ടത്രെ! ചാത്തന്‍ വിചാരിച്ചത്‌ സീബ്രാ ലൈന്‍ പോലെ വല്ലതുമായിരിക്കുമെന്നാ. കുറച്ച്‌ കഴിഞ്ഞപ്പോള്‍ അതേ ബോര്‍ഡില്‍ കരടിയുടെ പടം. അപ്പോള്‍ ഏതോ മൃഗസങ്കേതം ടൈപ്പ്‌ സംഭവത്തിലേക്കാണ്‌ പോക്ക്‌. പ്ലഷര്‍ ട്രിപ്പിന്റെ തുടക്കം കൊള്ളാം. ഇപ്പോള്‍ ജിപിഎസ്‌ ഓഫാക്കി. ഒരു ഒഴിഞ്ഞ പാര്‍ക്കിംഗ്‌ പ്ലേസില്‍ കാര്‍ നിര്‍ത്തി. ഓ ഡോക്ടറുടെ കാര്‍ അവിടെ കിടപ്പുണ്ട്‌. പുള്ളിയേയും കാണാം. എന്ന് ചൈനക്കാരന്‍. അപ്പോഴാണ്‌ മുന്നിലുള്ള കെട്ടിടത്തിന്റെ തലേക്കെട്ട്‌ ചാത്തന്‍ ശ്രദ്ധിച്ചത്‌. ചാത്തന്‍ മനസ്സില്‍ കെട്ടിപ്പൊക്കിയ ബുര്‍ജ്‌ ഖലീഫേടെ രണ്ടിരട്ടി ഉയരമുള്ള ഉല്ലാസയാത്രാ കൊട്ടാരത്തിന്റെ മുകളിലേക്കാണ്‌ അല്‍-ചൈനാ കാരന്‍ സ്വന്തം കാര്‍ ഫ്ലൈറ്റ്‌ ഇടിച്ചിറക്കിയത്‌. കാര്‍ നിര്‍ത്തിയിരിക്കുന്നത്‌ കാട്ടിനു നടുവിലെ സ്വന്തം കമ്പനിയുടെ കാര്‍ പാര്‍ക്ക്‌ ഏരിയായില്‍!

ദൈവമേ ഈ അമേരിക്ക മൊത്തം കാടാണോ!. അംബരചുംബികളായ കെട്ടിടങ്ങള്‍ക്ക്‌ ഇടയിലാകും ഓഫീസ്‌ എന്ന് വച്ചിട്ട്‌ ആകെ രണ്ട്‌ നിലയുള്ള ഓഫീസ്‌, ചുറ്റും കാട്‌. അകത്ത്‌ കയറി ഡോക്ടറെ പരിചയപ്പെട്ടു എന്നു വച്ചാല്‍ ഡോക്ടറേറ്റ്‌ കിട്ടിയ മറ്റൊരു ചൈനക്കാരന്‍ കുറച്ചൂടെ പ്രായമുണ്ട്‌. പക്ഷേ ദിവസോം കുപ്പായം മാറുന്ന ടൈപ്പായിരുന്നു. ഇനി ബാക്കി പരിചയപ്പെടാനുള്ളത്‌ ഒരു ഇന്ത്യാക്കാരനേയും(ബിഗ്‌ ബോസ്‌) മദാമ്മയേയും(കാണാന്‍ കൊള്ളാവുന്നതാവുമോ എന്തോ). ശനിയാഴ്ചയായതോണ്ട്‌ അവരു വന്നിട്ടില്ലാത്രെ. യുവചൈനീസ്‌ സ്വന്തം ക്യുബിക്കിളില്‍ കൂട്ടിക്കൊണ്ട്‌ പോയി, മൂന്നാലു കൊല്ലം പഴക്കമുള്ള ഒരു തടിയന്‍ കമ്പ്യൂട്ടറും 19 ഇഞ്ച്‌ മോണിറ്ററും കാട്ടിത്തന്ന് അതെന്റെയാ, തിങ്കളാഴ്ച വേറെ തരാം ഇന്നതില്‍ പണിഞ്ഞോളൂ എന്ന് പറഞ്ഞു. ദൈവമേ മുന്നേ പറഞ്ഞതെല്ലാം തിരിച്ചെടുത്തു. തിരിച്ച്‌ വന്നിട്ട്‌ വേണം നെഹൃൂന്റെ കല്ലറ മാന്തി ഒരു ഷേക്ക്‌ ഹാന്റ്‌ കൊടുക്കാന്‍.

യുവചൈന പിന്നെ വന്നത്‌ ഉച്ചയ്ക്കാണ്‌, ഒരു ബര്‍ഗറും പെപ്സിയും കൊണ്ട്‌. കൊല്ലാന്‍ കൊണ്ട്‌ കെട്ടുന്ന ആടിനും വെള്ളം കൊടുക്കുന്ന പതിവ്‌ അമേരിക്കേലുണ്ടത്രെ. അത്‌ കഴിക്കാന്‍ കഫറ്റേരിയയിലേക്കും കൊണ്ട്‌ പോയി. വെന്‍ഡിംഗ്‌ മെഷീനും കാണിച്ച്‌ തന്നു. ഫ്രീ ആയി കിട്ടുന്നത്‌ വെള്ളം മാത്രം. ബാംഗ്ലൂരിലെ കമ്പനിയിലെ ഹോര്‍ലിക്സും ബൂസ്റ്റും കോഫീ മെഷീനും ഇപ്പോള്‍ ചാത്തനെയോര്‍ത്ത്‌ കളിയാക്കിച്ചിരിക്കുന്നുണ്ടാവും.

മറ്റേ ചൈനീസ്‌ ഡോക്ടര്‍ തൊട്ടടുത്ത ക്യുബിക്കിളില്‍ ഇരുന്ന് പണിയുന്നുണ്ട്‌, പാവം ടി ദേഹം ഒരു ഡൊമെയില്‍ എക്സ്‌പെര്‍ട്ടാണ്‌, കമ്പ്യൂട്ടര്‍ ഉപയോഗിച്ച്‌ പരിചയം പോരാ, എവിടോ ലക്ചറായിരുന്നു ഇതുവരെ. പിന്നീടുള്ള ദിവസങ്ങളില്‍ അങ്ങോര്‍ക്ക്‌ ബേസിക്‌ കമ്പ്യൂട്ടര്‍ ക്ലാസും കൊടുക്കേണ്ടി വന്നു. വീണ്ടും ഒരു 'പാവം' ഇരിക്കട്ടെ ഇവിടെ വന്നു കയറും വരെ ടെലി കോണ്‍ഫറന്‍സുകളില്‍ അങ്ങോര്‍ തട്ടിമുട്ടി ഇംഗ്ലീഷ്‌ പറഞ്ഞ്‌ ഞങ്ങള്‍ക്ക്‌ പണിതന്നോണ്ടിരുന്നപ്പോള്‍ ഉണ്ടായിരുന്ന വെറുപ്പ്‌ മൊത്തം അലിഞ്ഞില്ലാണ്ടായി. ബാക്കിയുള്ളവന്മാരോട്‌ കുറച്ച്‌ വെറുപ്പ്‌ കൂടി. ഇത്രെം കാലമായിട്ടും ഒരു അഞ്ച്‌ മിനിറ്റ്‌ ചെലവഴിച്ച്‌ ബേസിക്‌ വിന്‍ഡോസ്‌ യൂസേജ്‌ അങ്ങേര്‍ക്ക്‌ പറഞ്ഞ്‌ കൊടുക്കാന്‍ ഇവര്‍ക്കൊന്നും കഴിഞ്ഞില്ലേ ഒന്നൂല്ലേലും സഹപ്രവര്‍ത്തകനല്ലേ?. പിന്നേം അവരു തനികൊണം കാണിച്ചത്‌ റിസഷന്‍ ടൈമില്‍ ഈ പാവത്തിന്റെ പണി ഏതാണ്ട്‌ കഴിയാനായതോണ്ട്‌, ഒന്നോ രണ്ടോ ദിവസത്തെ നോട്ടീസില്‍ ചവിട്ടിപ്പുറത്താക്കിക്കൊണ്ടാണ്‌. തൊട്ടടുത്ത ദിവസം നടന്ന മീറ്റിങ്ങില്‍ ബിഗ്‌ ബോസ്‌ ചാടിക്കടിച്ചതും ഇങ്ങേരെ തന്നെ. സ്പീഡില്‍ ഇംഗ്ലീഷ്‌ സംസാരിക്കാനറിയാത്ത കുറ്റം വല്ലാതെ വലയ്ക്കുന്നുണ്ട്‌. രണ്ടാഴ്ചത്തെ താമസത്തിനിടയില്‍ ചെയ്യാന്‍ പറ്റുന്ന സഹായമൊക്കെ അങ്ങോര്‍ക്ക്‌ ചെയ്ത്‌ കൊടുത്ത്‌ ബിഗ്‌ ബോസിനെക്കൊണ്ട്‌ അങ്ങേര്‍ക്കൊരു ചിരിച്ച മുഖം കാണിച്ച്‌ കൊടുക്കാന്‍ ചാത്തനു ഭാഗ്യമുണ്ടായി. പകരം കിട്ടിയ ഒരേ ഒരു വീക്കെന്റില്‍ ചാത്തനെ 30000 ഡോളറിന്റെ പുതുപുത്തന്‍ കാറില്‍(ഒരു പൂജ്യത്തിന്റെ വ്യത്യാസം സ്വഭാവത്തിലും ഉണ്ടാവും എന്ന് മനസ്സിലായി) ഒരു മിനി ട്രക്കിംഗ്‌ കം മലകയറി വെള്ളച്ചാട്ടം കാണലിനു കൊണ്ട്‌ പോയത്‌ ഡോക്ടറാണ്‌.

വൈകീട്ട്‌ ഒരു നാല്‌ മണിയായപ്പോള്‍ യുവചൈന വീണ്ടും രംഗത്തെത്തി. ഞാന്‍ പോവാണ്‌, ഒരു മണിക്കൂറും കൂടി വര്‍ക്ക്‌ ചെയ്യുന്നുണ്ടോ? നാളെ ഞായറല്ലേ ഇവിടെ ക്ലീനിങ്ങൊക്കെയാവും,(ബ്രേക്ക്‌ ഒരു ആത്മഗതം ഇനി അതും ചാത്തന്‍ ചെയ്യേണ്ടി വരുമോ) ഇതൊക്കെ പായ്ക്ക്‌ ചെയ്ത്‌ ഹോട്ടലില്‍ വച്ച്‌ ബാക്കി ചെയ്യുന്നതാവും നല്ലത്‌ അല്ലേ? ബാങ്ക്‌ അക്കൗണ്ട്‌ കാലിയായിപ്പോയി. അമേരിക്കയില്‍ നിന്ന് ഇന്ത്യേലേക്ക്‌ ഒരു കള്ളത്തീവണ്ടി സര്‍വീസ്‌ എങ്കിലും ഉണ്ടായിരുന്നെങ്കില്‍..ല്‍..ല്‍..ല്‍..

അപ്പോള്‍ ഓണ്‍സൈറ്റ്‌ എന്നു വച്ചാല്‍ പണി എടുക്കല്‍ മാത്രാണ്‌. വല്ല വീക്കെന്റിലും എവിടേലും കറങ്ങി മൂന്നാലു പടവും ഓര്‍ക്കുട്ടിലിട്ട്‌ ജാഡകാട്ടി നടക്കുന്നവരുടെ മിക്കവരുടെം കഥ ഇതു തന്നെയാവും. കണ്ടാലറിയാത്തോന്‍ ഓണ്‍സൈറ്റ്‌ പോയാലേ അറിയൂ. അങ്ങനെ അഞ്ച്‌ മണിയായപ്പോഴേക്ക്‌ എല്ലാം കെട്ടി വലിയൊരു പെട്ടിയേയും ചാത്തനേം തിരിച്ച്‌ ഹോട്ടലില്‍ എത്തിച്ചു. ആരെങ്കിലും പെട്ടി തുറന്ന് കണ്ടാല്‍ ശേഷിച്ച കാലം ജയിലഴി എണ്ണാം കുറേ ഇലക്ട്രോണിക്‌ സാധങ്ങള്‍ വയറുകള്‍ ബാറ്ററികള്‍ അതിന്റെ ചാര്‍ജേസ്‌ അങ്ങിനെ അങ്ങിനെ, കണ്ടാല്‍ ബോംബുണ്ടാക്കാനുള്ള ഒരുക്കം തന്നെ.

റൂമിലെത്തി അടച്ച്‌ പൂട്ടി കമ്പ്യൂട്ടറിന്റെ മുന്നില്‍ കുറ്റിയടിച്ചു.നാട്ടിലായിരുന്നെങ്കില്‍ ശനിയും ഞായറുമെങ്കിലും ചുമ്മാ ഇരിക്കാമായിരുന്നു. മാഗീ നൂഡില്‍സിനു പതിവില്‍ കൂടുതല്‍ സ്വാദ്‌. ഞായറും കടന്നുപോയി. 2 നേരം നൂഡില്‍സ്‌ തന്നെ വെറുത്തു. തിങ്കളാഴ്ച ഹോട്ടല്‍ വക വണ്ടിയില്‍ ഓഫീസിലേക്ക്‌ ഡ്രോപ്പ്‌. റിയര്‍ വ്യൂ മിറര്‍ വെറും കാഴ്ച വസ്തുവാണ്‌ ഡ്രൈവര്‍ ഇടക്കിടെ തിരിഞ്ഞ്‌ നോക്കിക്കൊണ്ടാ ലൈന്‍ മാറുന്നത്‌.റോഡിലുള്ള എല്ലാ വണ്ടികളിലും ഒരാള്‍ മാത്രം, ഓടിക്കുന്ന ആള്‍. എന്നിട്ടാണ്‌ അമേരിക്കക്കാരു ആളെ കുത്തിനിറച്ച്‌ ഓടിക്കുന്ന നമ്മുടെ നാട്‌ കൊണ്ടാണ്‌ പെട്രോള്‍ ക്ഷാമം വരുന്നതെന്ന് പറയുന്നത്‌. ജോലി തുടങ്ങി. പ്രൊജക്റ്റില്‍ ബാക്കിയുള്ളവരെ പരിചയപ്പെട്ടു. അമേരിക്കക്കാരെ ചീത്തപറയാന്‍ പറ്റാത്തതു കൊണ്ട്‌ ചൈനക്കാരെ ടീമിലെടുത്ത ഇന്ത്യന്‍ ബോസ്‌, മദാമ്മയെന്ന് ചുമ്മാ തെറ്റിദ്ധരിച്ച (കാണും മുന്‍പ്‌) കറുത്ത വര്‍ഗക്കാരി അമ്മൂമ്മ 60 ആകാറായത്രെ. വൈകീട്ട്‌ ഹോട്ടലുകാരുടെ പിക്കപ്പ്‌ വരുമ്പോഴേക്ക്‌ ഓഫീസ്‌ മൊത്തം കാലിയായി. വിരസമായ ദിവസങ്ങള്‍. ജയില്‍ ജീവിതത്തിനു ഒരു ആമുഖം പോലെ തോന്നി.

രാവിലെ താമസിക്കുന്ന ഹോട്ടലില്‍ നിന്ന് ഭക്ഷണം ഫ്രീ ആയതോണ്ട്‌, ബ്രേക്‍ഫാസ്റ്റ്‌ കം ഡിന്നര്‍(അടിച്ച്‌ മാറ്റുന്ന പഴങ്ങളും പാലും) ഫ്രീ. ഉച്ചയ്ക്ക്‌ മാത്രമാണ്‌ കാശു കൊടുത്തുള്ള തീറ്റ. 5 ഡോളറിന്റെ അടുത്ത്‌ ന്ന് വച്ചാല്‍ ഏകദേശം 200 രൂപ എണ്ണിക്കൊടുത്ത്‌ ഒരു ലഞ്ച്‌ കഴിക്കുന്നത്‌ മനസ്സില്‍ ദഹിച്ച്‌ കിട്ടാന്‍ കുറച്ച്‌ ദിവസമെടുത്തു. അതിനിടെ ഒരു ദിവസം കഴിച്ചോണ്ടിരുന്നപ്പോള്‍ സൈറണ്‍ അടിച്ചു. എല്ലാവരും തിന്നോണ്ടിരുന്നത്‌ പകുതിയ്ക്ക്‌ വച്ച്‌ പുറത്തേക്കോടി. എവിടോ തീ പിടിച്ചതാത്രെ. പുറത്ത്‌ വച്ച്‌ ഡിസ്കഷന്‍ തുറന്ന് വച്ച്‌ വന്ന ബാക്കി ഭക്ഷണം ഇനി കഴിക്കണോ അതോ തിരിച്ച്‌ എത്തുമ്പോഴേയ്ക്ക്‌ അവരതു വെയിസ്റ്റില്‍ തട്ടിക്കാണുമോ എന്നിങ്ങനെ. മനസ്സില്‍ ഒരായിരം ലഡു പൊട്ടി എന്റെ 5 ഡോളറേ. തിരിച്ചെത്തിയപ്പോള്‍ സാധനം അവിടെ തന്നെ ഉണ്ട്‌. സബ്‌വേ എന്ന കട ഇവിടെ ബാംഗ്ലൂരുണ്ട്‌. ഇവിടെ വച്ച്‌ അതിലെ ഒണക്കബണ്ണും പച്ചിലേം ചവച്ച്‌ നടക്കുന്നവരെ കാണുമ്പോള്‍ ഉണ്ടായിരുന്ന പുച്ഛച്ചിരി ഇനി കാണൂല. പാവങ്ങള്‍ വല്ല ഓണ്‍സൈറ്റിനും ഉള്ള പ്രിപ്പറേഷന്‍ ആവും. അതൊക്കെ എന്ത്‌ മെച്ചം ഒരു രക്ഷേമില്ലാത്ത സ്പൈസി ആയ ഫിഷ്‌ എന്ന് പറഞ്ഞ്‌ തന്ന സാധനത്തില്‍ ഒരു അരക്കിലോ കുരുമുളക്‌ പൊടി ഇട്ടാലും അത്‌ എരിവ്‌ വലിച്ചെടുത്ത്‌ കളയും എന്ന് തോന്നുന്നു, അതും പകുതി വെന്തത്‌.

ഇടയ്ക്കുള്ള വീക്കെന്റ്‌.വെള്ളിയാഴ്ച വൈകീട്ട്‌ ചൈനക്കാരന്‍ ഡോക്ടര്‍ പുറത്ത്‌ കൊണ്ട്‌ പോയി. ഏതോ ചൈനീസ്‌ റസ്റ്റോറന്റില്‍ പടം നോക്കി ഓര്‍ഡര്‍ ചെയ്യാന്‍ മെനു എടുത്ത്‌ തന്നു. അവസാനം അങ്ങേരെക്കൊണ്ടു തന്നെ ഓര്‍ഡര്‍ ചെയ്യിപ്പിച്ചു. കണവ ഒരു പകുതി വെന്ത രീതിയില്‍ എന്തിലൊക്കെയോ മുക്കിപ്പൊരിച്ചു കൊണ്ടു വന്നു. അതെനിക്കു വേണ്ടി ഓര്‍ഡര്‍ ചെയ്തതാന്ന് പറഞ്ഞ്‌ അങ്ങേര്‍ തിന്നില്ല. ചിക്കന്‍ ഫ്രൈഡ്‌ റൈസ്‌ ഉണ്ടായിരുന്നതു കൊണ്ട്‌ തല്‍ക്കാലം രക്ഷപ്പെട്ടും മറ്റതു പകുതി എങ്ങനെയൊക്കെയോ ശാപ്പിട്ടു. എഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ബാക്കി അങ്ങോരു പാര്‍സല്‍ ആക്കിത്തന്നു. മൊത്തം കഴിപ്പിച്ചേ അടങ്ങൂ. പിറ്റേന്ന് ടൂറു കൊണ്ട്‌ പോവാം ന്ന് പറഞ്ഞതോണ്ട്‌ പാര്‍സല്‍ തൂക്കിപ്പിടിച്ചു ഹോട്ടലില്‍ കൊണ്ടു വന്നു. രാവിലെ തന്നെ റെഡിയായി. ഡോക്ടര്‍ അങ്ങേരുടെ പുത്തന്‍ കാറുമായി വന്നു ഒരു വെള്ളച്ചാട്ടം കാണാന്‍ കൊണ്ടു പോയി. അവിടെവച്ചെടുത്ത ഫോട്ടോ ബ്ലോഗിലിട്ട്‌ ലിങ്ക്‌ വീട്ടിലേക്കയച്ചപ്പോള്‍ കിട്ടിയ കമന്റ്‌ നീ വയനാട്ടിലാണോടാ ഓണ്‍സൈറ്റെന്നു പറഞ്ഞ്‌ പോയത്‌ എന്ന്. കണ്ടത്‌ കണ്ടു തിരിച്ച്‌ നാട്ടിലെത്തിയാ മതീന്നായി. ഒരാഴ്ചത്തേക്കുള്ള മാഗി ബാക്കിയായി അത്‌ അതേഹോട്ടലില്‍ വച്ച്‌ പരിചയപ്പെട്ട വേറൊരു കമ്പനിയില്‍ നിന്നും വന്ന ഒരു ഇന്ത്യാക്കാരന്റെ തലേല്‍ കെട്ടി ഏല്‍പ്പിച്ചു.

മടക്കയാത്രയില്‍്‍ വിമാനത്താവളത്തില്‍ വച്ച്‌ പരിചയപ്പെട്ട ഒരു ഇന്ത്യക്കാരന്‍ തന്റെ കയ്യിലെ ലഗേജിനു കുറച്ച്‌ വെയിറ്റ്‌ കൂടുതലാ കുറച്ച്‌ സാധനങ്ങള്‍ തന്റേതില്‍ ഇടട്ടേന്ന്!!! ചോദിച്ചു. എന്ത്‌ പറഞ്ഞിട്ടാ ഊരിപ്പോന്നതെന്ന് ഓര്‍ക്കുന്നില്ല. പിന്നെ അങ്ങേരു കാണാതെ കള്ളനും പോലീസും കളിച്ചു. പാവത്തിന്റെ ഏതോ കട്ട ബുജി പുസ്തകമൊക്കെ ഉദ്യോഗസ്ഥര്‍ എടുത്ത്‌ തോട്ടില്‍ കളഞ്ഞു. അമേരിക്കേ വിട. വഴിയില്‍ ജര്‍മനിയില്‍ കാപ്പി കുടിക്കാന്‍ വീണ്ടും നിര്‍ത്തി. വൈഫൈ സോണെന്ന് എഴുതി വച്ചിട്ടുണ്ട്‌, ആക്സസില്ല. അനിയനെ ഫോണ്‍ വിളിക്കാന്‍ ശ്രമിച്ചു. നമ്മടെ നാട്ടിലെ കോയിന്‍ ബൂത്താ മോനേ ബൂത്ത്‌ ബാക്കിയൊക്കെ ചവറ്‌ സാധനം അമേരിക്കയുടെ കാര്യം മുന്‍പേ പറഞ്ഞതാ ഇത്‌ അതിലും കഷ്ടം. റോക്കറ്റ്‌ പോകുന്നപോലെയാ ഒരു ലോക്കല്‍ കാള്‍ വിളിച്ചാല്‍ കാശ്‌ തീരുന്നത്‌. എന്നാ വിളിച്ചിട്ടു അവനെ ഒട്ടു കിട്ടിയതുമില്ല.

തിരിച്ച്‌ ഇന്ത്യയിലെത്തിയപ്പോള്‍ രാത്രി ഒരു മണി. ഒരു ബോംബുണ്ടാക്കാനുള്ള സൈസ്‌ ഇലക്ട്രോണിക്‌ സാധനങ്ങള്‍ ചെക്ക്‌ ഇന്‍ ചെയ്ത പെട്ടിയിലുണ്ട്‌. ബാംഗ്ലൂര്‍ പുതിയ വിമാനത്താവളം അപ്പോഴേക്കും ഓടിത്തുടങ്ങിയിരുന്നു. തിരിച്ച്‌ കിട്ടിയ പെട്ടിയില്‍ ചോക്കുകൊണ്ട്‌ എന്തൊക്കെയോ കുത്തി വരച്ചിരിക്കുന്നു. മുന്‍പേ പോകുന്നവന്റെ പെട്ടിയിലും ഉണ്ട്‌. അവനെ ഏതോ കസ്റ്റംസ്‌കാര്‍ പൊക്കി. ഒരേ ഒരു നിമിഷം. എന്റെ പെട്ടിയുടെ ചോക്ക്‌ വെച്ച്‌ വരച്ച ഭാഗം ഒന്ന് കറങ്ങി. വീണ്ടും തിരിച്ച്‌ കറങ്ങി. അല്‍ഭുതം ഒരു പാടും കാണാനില്ല! . കസ്റ്റംസ്‌കാര്‍ തിരിഞ്ഞ്‌ അടുത്ത ആളെ പിടിക്കാന്‍ വരും മുന്‍പ്‌ ചാത്തന്‍ വിമാനത്താവളത്തിനു പുറത്ത്‌. പിന്നേ കിടന്നുറങ്ങാനുള്ള സമയത്ത്‌ കൊണ്ട്‌ വരുന്ന ഇലക്ട്രോണിക്‌ സാധനങ്ങള്‍ എന്തിനുള്ളതാണെന്ന് കസ്റ്റംസിനു സ്റ്റഡീക്ലാസ്‌ എടുക്കാന്‍ എന്റെ പട്ടി വരും.

വാല്‍ക്കഷ്ണം: എങ്ങനേം ഒന്ന് അവസാനിപ്പിക്കണം എന്ന് വച്ചെഴുതിയതാ.

Monday, January 11, 2010

അമേരിക്കാ അമേരിക്കാ - ഇംപ്രഷന്‍സ്‌ 2

ആദ്യഭാഗം വായിക്കാത്തവരും മറന്ന് പോയവരും എന്ത്‌ എപ്പോള്‍ എങ്ങനെ എന്ന് ചോദിക്കരുത്‌ ലിങ്ക്‌ കണ്ടുപിടിക്കാന്‍ മടിയാണേല്‍ ഇവിടുണ്ട്‌.

ചാത്തന്റെ സ്വന്തം അക്കൗണ്ടിലെ കാശ്‌ മൊത്തം വാടകയിനത്തില്‍ ഉരച്ചെടുത്തശേഷം റിസപ്ഷനിസ്റ്റ്‌ മദാമ്മ ഒരു വര്‍ണ്ണക്കടലാസ്‌ കൂട്ടം തന്നു. ബ്രോഷറാണെന്ന് തോന്നുന്നു. മുറീടെ പടം, സൗകര്യങ്ങള്‍ ഒക്കെ എഴുതീട്ടുണ്ട്‌. അടുത്തതായി സിനിമകളിലൊക്കെ കാണുമ്പോലെ ചാത്തന്റെ പെട്ടി ഉന്താനും ബാഗ്‌ ചുമക്കാനും വരാനിടയുള്ള കോട്ടും സൂട്ടുമിട്ട റൂംബോയിയെ പ്രതീക്ഷിച്ച്‌ ചാത്തന്‍ നെഞ്ചും വിരിച്ച്‌ നിന്നു. അക്കൗണ്ടിലെ കാശു മൊത്തം കൊടുത്ത്‌ ഒരാഴ്ച താമസിക്കുന്നവന്റെ കയ്യീന്ന് നയാ സെന്റ്‌ ടിപ്പ്‌ കിട്ടൂലാന്ന് കരുതീട്ടാണോ എന്തോ ഒരുത്തനും അടുക്കുന്നില്ല. എന്നാപ്പിന്നെ വരുത്തീട്ടെയുള്ളൂ എന്ന ചിന്തയില്‍ ചാത്തനവിടെ തന്നെ കുറ്റിയടിച്ചു. ഉണ്ടക്കണ്ണുകള്‍ ഒന്നൂടെ തുറിപ്പിച്ച്‌ അന്ധാളിച്ച്‌ നോക്കിയശേഷം മദാമ്മ ചാത്തന്റെ കയ്യീന്ന് ബ്രോഷര്‍ തിരിച്ചു വാങ്ങി അവസാന പുറം തുറന്ന് രണ്ട്‌ വട്ടം വരച്ചിട്ട്‌ കയ്യില്‍ തന്നു.

യു ആര്‍ ഹിയര്‍ എന്നെഴുതിയതിനു ഒരു വട്ടം, ചാത്തന്റെ റൂം നമ്പറിനു അടുത്ത വട്ടം. പറയാന്‍ മറന്നു ഹോട്ടലെന്നു വച്ചാല്‍ അംബരചുംബിയൊന്നുമല്ല ആകെ രണ്ട്‌ നില മാത്രം അതിങ്ങനെ കഷ്ണം കഷ്ണമായി ഒരേക്കറില്‍ അവിടവിടെയായി കിടക്കുകയാണ്‌. ഇടയിലു കുറേ വഴികളും. പണ്ട്‌ പൂമ്പാറ്റേലും ബാലരമയിലും വരുന്ന വഴി കണ്ടുപിടിക്കുക എന്ന പരിപാടി മുടങ്ങാതെ പയറ്റിത്തെളിഞ്ഞ ചാത്തനു ഇതൊക്കെ പുല്ലല്ലേ. പക്ഷേ അതിലൊക്കെ മൊത്തം മാപ്പിന്റെ ഏരിയല്‍ വ്യൂവിലൂടെയാ പെന്‍സില്‍ ഓടിക്കേണ്ടത്‌ ഇതിപ്പോള്‍ അതിന്റെ ഒരു സൈഡില്‍ ഇറക്കി വിട്ടിരിക്കുകയല്ലേ. ഒന്നു രണ്ട്‌ വട്ടം വഴി തെറ്റിയെങ്കിലും ഒടുക്കം ലക്ഷ്യത്തിലെത്തി. ദേ കിടക്കുന്നു അടുത്ത കടമ്പ താക്കോലിനു പകരം ഒരു കാര്‍ഡാണ്‌. അത്‌ തിരിച്ചും മറിച്ചും തലകുത്തിനിന്നും അതിന്റെ സ്വൈപ്പ്‌ ചെയ്യണ്ട ദ്വാരത്തില്‍ ഇട്ടിട്ട്‌ കതക്‌ തുറക്കുന്നില്ല. തിരിച്ച്‌ റിസപ്ഷനിസ്റ്റിന്റെ അടുത്തേക്ക്‌. ഇത്തവണ അവരും കൂടെ വന്ന് ശ്രമിച്ചു. നോ രക്ഷ. അപ്പോള്‍ തെറ്റ്‌ നമ്മടെ ഭാഗത്തല്ല ഭാഗ്യം. ചുളുവില്‍ കാര്‍ഡ്‌ ഇടണ്ടതെങ്ങനെയെന്നും പഠിച്ചു. അവരു പുതിയ ഒരു കാര്‍ഡ്‌ കൊണ്ട്‌ തന്നു. അതു വച്ച്‌ ചിരപരിചിതനെപ്പോലെ സ്വൈപ്പ്‌ ചെയ്യുന്നു, കതക്‌ തുറക്കുന്നു, താങ്ക്യൂ പറയുന്നു, അകത്ത്‌ കയറുന്നു, വാതിലടയ്ക്കുന്നൂ, നേരത്തേ സ്റ്റോക്ക്‌ ചെയ്ത്‌ വച്ച മൊത്തം ശ്വാസം വിടുന്നു.


ഒരു വിധത്തില്‍ ഹോട്ടലിലെത്തിപ്പെട്ട കാര്യം വീട്ടിലേക്കും, വെള്ളവണ്ടി കണ്ടുപിടിച്ച കാര്യം ചൈനക്കാരന്‍ ക്ലൈയന്റിനേയും ഫോണ്‍ വിളിച്ചറിയിച്ചു. ഇന്ന് വെള്ളിയാഴ്ച ഉച്ച കഴിഞ്ഞു അതുകൊണ്ട്‌ ഇനിയിന്ന് വിശ്രമിച്ചോളൂ നാളെ ഓഫീസില്ല, രാവിലെ കാണാം, പുറത്ത്‌ പോവാം എന്നും പറഞ്ഞ്‌ ചൈനക്കാരന്‍ വെച്ചു. വൗ അപ്പോള്‍ നാളെം മറ്റന്നാളും ചാത്തനെ അമേരിക്ക ചുറ്റിക്കാണാന്‍ കൊണ്ട്‌ പോവാന്‍ അങ്ങേരു വരും!! ആരെടാ പണ്ട്‌ ചൈനയുമായി യുദ്ധം നടത്തിയത്‌ നെഹൃവോ ശാസ്ത്രിയോ. അവരുടെ ഭാഗ്യത്തിനാ തട്ടിപ്പോയത്‌. ഇല്ലേല്‍ തിരിച്ചു വരുമ്പോള്‍ ചാത്തന്‍ കാണിച്ചു തന്നേനെ.

ഹോട്ടലില്‍ വയര്‍ലെസ്‌ ഇന്റര്‍നെറ്റ്‌ ഉണ്ട്‌. നാളെ നാളെ നാളെ എന്ന് പാട്ടും പാടി, മുറി ഒരു വിഹഗ വീക്ഷണം നടത്തി. നല്ല സൂപ്പര്‍ കിടക്ക മൊത്തം സ്പ്രിംഗ്‌ ആക്ഷന്‍ രണ്ട്‌ പുതപ്പ്‌, കൂട്ടിന്‌ കുറേ തലയിണകള്‍. മുറിയുടെ ഒരു ചുവരിന്റെ പകുതി ഗ്ലാസാ, സായിപ്പും മദാമ്മേം ഒന്നിച്ചെങ്ങനെ ഇതില്‍ കിടക്കും?. കര്‍ട്ടന്‍ മൊത്തം വലിച്ചിട്ടു. റൂം ഹീറ്റര്‍ ഉണ്ട്‌ അതില്‍ പിടിച്ച്‌ തിരിച്ച്‌ കേടാക്കാന്‍ ശ്രമിച്ചു ഒന്നും നടന്നില്ല. സായിപ്പിനു ബുദ്ധിയുണ്ട്‌. വാതിലിനു തൊട്ട്‌ ഒരു കൊച്ച്‌ മുറി പോലെ ഒരു അലമാര അതില്‍ അയണിംഗ്‌ ടേബിള്‍. എവിടെയോ തൊട്ടപ്പോള്‍ അതുരുണ്ട്‌ താഴെ വന്നു. തിരിച്ച്‌ കയറ്റാന്‍ ഭഗീരഥ പ്രയത്നം തന്നെ നടത്തി ഒരു രക്ഷേമില്ല. വല്ലവരേം സഹായത്തിന്‌ വിളിക്കാനും പറ്റൂല. അയണിംഗ്‌ ടേബിള്‍ തിരിച്ച്‌ കയറ്റിയാലേ വാതില്‍ തുറക്കാന്‍ പറ്റൂ. പണ്ടെങ്ങാണ്ട്‌ ഒരു സ്റ്റെപ്പ്‌ ലാഡറിന്റെ കഥ പഠിച്ചിട്ടുണ്ട്‌ ഒരേ സമയം അയണിംഗ്‌ ടേബിളും ഗോവണിയും വേറേ എന്തോ ഒരു സാധനവും കൂടി ആയി ഉപയോഗിക്കാവുന്ന ഒരു മള്‍ട്ടിപര്‍പ്പസ്‌ സാധനം. അതെവിടെയൊക്കെയോ തൊട്ടാല്‍ ഒരുപകരണത്തില്‍ നിന്നു മറ്റൊന്നാവും. അയണിംഗ്‌ ടേബിളിന്റെ എല്ലാ ഭാഗവും തൊട്ടു. ഒരു രക്ഷേമില്ല. അവസാനം ദേഷ്യത്തില്‍ അതിന്റെ കാലിനിട്ടൊരു ചവിട്ട്‌! ദേ അത്‌ പൂര്‍വ്വ സ്ഥിതി പ്രാപിച്ചു. സ്വസ്ഥം. പ്രൊജക്റ്റ്‌ ലീഡിനു അമേരിക്കന്‍ എക്സ്പ്രസ്‌ കാര്‍ഡ്‌ വര്‍ക്ക്‌ ചെയ്യുന്നില്ല എന്നും പറഞ്ഞ്‌ ഒരു ഇമെയിലും അയച്ച്‌ കിടക്കയിലേക്ക്‌ ചെരിഞ്ഞു.

ക്‍ര്‍ണീം ക്‍ര്‍ണീം. ഫോണടിക്കുന്നു. രാത്രി രണ്ട്‌ മണി കഴിഞ്ഞുകാണും. എന്നെ! ഇവിടെ! ആര്‌! ക്രെഡിറ്റ്‌ കാര്‍ഡ്കാരോ, ബാങ്ക്‌ ലോണ്‍കാരോ മൊബൈല്‍ ഫോണ്‍കാരോ ചാരന്മാരെ വിട്ടിരുന്നോ പിന്നാലെ? ക്ഷീണം കാരണം കണ്ണേ തുറക്കുന്നില്ല. തപ്പിത്തടഞ്ഞ്‌ ഫോണെടുത്തു. ഇന്ത്യേന്ന്! അമേരിക്കന്‍ എക്സ്പ്രസ്‌ കാര്‍ഡിന്റെ കസ്റ്റമര്‍ കെയര്‍ കാരന്‍. അവന്റെ പത്ത്‌ തലമുറയെ മനസ്സില്‍ തെറിപറഞ്ഞു. സംഭവം ശരിയാക്കിയിട്ടുണ്ട്‌ വര്‍ക്ക്‌ ചെയ്യുന്നുണ്ടോ എന്ന് നോക്കാന്‍ %@@&^%%&%#&*&$*%&^%&. അവനെ ഒരുവിധം പല്ലും കടിച്ച്‌ സമാധാനിപ്പിച്ച്‌ വീണ്ടും കിടന്നു. അടുത്ത ഫോണ്‍ പ്രൊജക്സ്റ്റ്‌ ലീഡിന്റെ വക സംഭവം ശരിയാക്കിയിട്ടുണ്ട്‌ ഒന്നും പേടിക്കണ്ടാന്ന്. ലീഡായിപ്പോയി. സന്തോഷം ഇനി ഞാന്‍ ഉറങ്ങട്ടെ. ദേ അടുത്ത ഫോണ്‍ എച്ച്‌ ആര്‍ മാനേജരുടെ വഹ എല്ലാം ശരിയാക്കിയിട്ടുണ്ട്‌ അവരു വിളിച്ചില്ലേ എന്ന്. വന്ന് ഒന്നാം ദിവസം തന്നെ ഫോണ്‍ എടുത്തെറിഞ്ഞ്‌ കേടാക്കി എന്ന് സല്‍പേര്‌ വാങ്ങിക്കാന്‍ ആഗ്രഹമില്ലാത്ത കാരണം റിസീവറെടുത്ത്‌ ദൂരെ മാറ്റിവച്ച്‌ ഉറങ്ങാന്‍ തുടങ്ങി. അടുത്ത ഫോണ്‍!, രണ്ട്‌ ഫോണുള്ള കാര്യം ഓര്‍ത്തില്ല!, അതു കുറച്ചകലെയാണ്‌ ഇരുട്ടത്ത്‌ തപ്പിത്തടഞ്ഞ്‌ ചെന്ന് എടുത്തു. വീണ്ടും ലീഡ്‌. എല്ലാം ശരിയാക്കിയെന്ന് കസ്റ്റമര്‍ കെയര്‍ അങ്ങേരെ വിളിച്ചു പറഞ്ഞത്‌ അറിയിക്കാന്‍ വിളിച്ചതാണ്‌. വരാനുള്ളത്‌ അമേരിക്കേലു ഫ്ലൈറ്റ്‌ പിടിച്ചാണേലും വരും.

നാട്ടിലെ പരപരാന്ന് വെളുക്കുന്ന സമയത്ത്‌ അമേരിക്കയില്‍ ഇത്തിരി നേരത്തേ ചറപറാന്ന് വെളുത്തു. പെട്ടന്ന് റെഡിയായി. പ്രാതല്‍ ഹോട്ടലീന്ന് ഫ്രീ ആണ്‌. അണ്ണാന്‍ കുഞ്ഞിനെ മരംകേറ്റവും, ഓസ്‌ ശാപ്പാട്‌ തിന്നാന്‍ മലയാളിയേയും ആരെങ്കിലും പഠിപ്പിക്കണോ. ഡൈനിംഗ്‌ ഹാളില്‍ അവിടവിടെ ചില കിളവന്‍ സായിപ്പന്മാരും മദാമ്മമാരും അതും ഇതും കൊറിച്ചോണ്ട്‌ കത്തിയടിക്കുന്നു. എന്തു തിന്നണം എവിടെ തുടങ്ങണം, ഏതോക്കെ വെജ്‌ നോണ്‍വെജ്‌ ഒന്നും പിടിയില്ല. കുറച്ച്‌ ബ്രഡ്‌ കഷ്ണങ്ങളും ജാമും കണ്ടു. ബാക്കിയൊന്നും ഒരു പിടീമില്ല. ചിലരു ഒരു തരം മാവ്‌ മെഷീനില്‍ കോരിയൊഴിച്ച്‌ വേഫര്‍ ആക്കി തിന്നുന്നു. എന്തായാലും ഒന്ന് കണ്ട്‌ പരിചയിച്ചിട്ടു മതി. ഹയ്യടാ ദേ കിടക്കുന്നു ഓംലെറ്റ്‌ മുറിച്ചിട്ട പോലെ ഒരു സാധനം, എന്തായാലും മുട്ടയാണ്‌ പേരെന്തോ ഫ്രഞ്ചാണ്‌ അടുത്ത്‌ തന്നെ സോസ്‌ പോലെ ഒരു സാധനോം റ്റൊമാറ്റോ എന്നെഴുതിയിട്ടുണ്ട്‌. രണ്ടും പ്ലേറ്റ്‌ നിറയെ കോരിയെടുത്തു. പാല്‍ തന്നെ മൂന്ന് വിധം നോര്‍മല്‍, ലോ ഫാറ്റ്‌ , ഫാറ്റേയില്ലാത്തത്‌. മൂന്നും ടെസ്റ്റ്‌ ചെയ്തു ആദ്യത്തേത്‌ പാലിന്റെ ഇത്തിരി ചൊവേം മണോം ഒക്കെയുണ്ട്‌. രണ്ടാമത്തേത്‌ ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരുസ്പൂണ്‍ പാല്‍ ചേര്‍ത്തതാവാം, മൂന്നാമത്തേതിനു ആ നേരിയ വെള്ളനിറം എങ്ങനെ കിട്ടി എന്നത്‌ കണിയാന്‍ വന്ന് ഗണിച്ചാല്‍ പോലും പറയാന്‍ പറ്റൂല. റ്റൊമാറ്റോ സോസ്‌ ഫ്രിഡ്ജീന്ന് തക്കാളിയെടുത്ത്‌ ചുമ്മാ മുറിച്ചിട്ടതാണെന്ന് തോന്നുന്നു. മുട്ടയ്ക്കിത്തിരി ചൂടുള്ളതു കൊണ്ട്‌ അഡ്ജസ്റ്റ്‌ ചെയ്യാം.

ഒരു ഇന്ത്യക്കാരി പെണ്‍കൊച്ച്‌! അവളു ഏതാണ്ട്‌ മിക്സ്ചറു മാതിരിയുള്ള കുറേ സാധനം ഒരു ടാപ്പ്‌ തിരിച്ച്‌ എടുക്കുന്നു അതില്‍ പാലൊഴിക്കുന്നു സ്പൂണ്‍ വച്ച്‌ കഴിക്കുന്നു.. ഓഹോ അപ്പോള്‍ അതങ്ങനെയാണ്‌ കഴിക്കേണ്ടത്‌. പിന്നെ ബാക്കിയുള്ളത്‌ പഴങ്ങളും ജ്യൂസും മാത്രം അതിപ്പോള്‍ ഓറഞ്ച്‌ മാത്രേ കുടിക്കാന്‍ പറ്റുന്ന ജ്യൂസ്‌ ഉള്ളൂ. അതിനിത്തിരി കൈപ്പാണെങ്കിലും കഴിക്കാം. പിന്നെ പഴങ്ങളും കൂടി തിന്നാന്‍ സ്ഥലമില്ല. ആരോ ഒരു ഓറഞ്ചെടുത്ത്‌ റൂമിലേക്ക്‌ കഴിക്കാന്‍ പോകുന്നത്‌ കണ്ടു. പരിണിതഫലം - രണ്ടാഴ്ച കഴിഞ്ഞ്‌ ചാത്തന്‍ നാട്ടിലേക്ക്‌ തിരിച്ച്‌ വിട്ടപ്പോള്‍ ഫ്രിഡ്ജിലിരുന്ന് ചീഞ്ഞ ഓറഞ്ചുകളും ആപ്പിളുകളും ക്ലീന്‍ ചെയ്യാന്‍ വന്നവന്‍ ഒരു മിനി ലോറി വിളിച്ചുകാണും. കഴിച്ചില്ലെങ്കിലും മുടിപ്പിക്കാതെ വരാന്‍ പറ്റുമോ?

പെണ്‍കൊച്ച്‌ ചാത്തനെ കണ്ടിട്ടും വല്യ മൈന്‍ഡില്ല. മലയാളിയല്ല, തല കണ്ടാലറിയാം എണ്ണ കാറോടിക്കാനും ചിക്കന്‍ പൊരിക്കാനുമുള്ളതാണെന്ന്. ചാത്തനും മൈന്‍ഡ്‌ ചെയ്തില്ല. അബദ്ധങ്ങള്‍ കൂടാതെ കഴിഞ്ഞ്‌ കൂടാന്‍ പഠിച്ചിട്ട്‌ സംസാരിക്കാം. ഭക്ഷണ ശേഷം ഓവര്‍കോട്ടിന്റെ പോക്കറ്റുകളില്‍ നിറച്ച പഴങ്ങളുമായി. തിരിച്ച്‌ റൂമിലെത്തി. കാഴ്ച കാണിക്കാന്‍ വരാമെന്നേറ്റ ചൈനക്കാരനേം പ്രതീക്ഷിച്ചിരിപ്പായി.

ഓടോ: ഈ എഴുതിയതിലൊന്നുമില്ലേലും ഇതൊക്കെ മറക്കുന്ന കാലത്ത്‌ സ്വന്തം വായിച്ച്‌ ഓര്‍ക്കാലോന്ന് വച്ച്‌ എഴുതിയതാ. തൊട്ട്‌ മുകളിലുള്ള പാരഗ്രാഫിലെ ചൈനക്കാരനെ പറ്റി ഒരു വാക്ക്‌. അമേരിക്കയില്‍ ഒരു യൂസ്‌ ആന്റ്‌ ത്രോ സംസ്കാരം ഉണ്ടെന്ന് കേട്ടിരുന്നെങ്കിലും ഇങ്ങോരത്‌ പ്രാവര്‍ത്തികമാക്കുന്നത്‌ നേരില്‍ കണ്ടു. രണ്ടാഴ്ച മൊത്തം(1 ദിവസം ഒഴികെ എന്നും ഞങ്ങള്‍ നേരില്‍ കണ്ടിട്ടുണ്ട്‌) എല്ലാദിവസവും ഒരേ ഷര്‍ട്ട്‌ ഒരേ പാന്റ്‌!!! അതു കീറിപ്പോകുന്നതുവരെ പണ്ടാരക്കാലന്‍ ഉപയോഗിക്കുമെന്നാ തോന്നുന്നത്‌!!!.