Friday, March 30, 2007

കമന്റുകള്‍ കഥ പറയുന്നു-ഏതോ ഒരു എപ്പിഡോസ്‌ -3

തുടര്‍ച്ച--ഒരു യാത്രയില്‍ നിന്ന്


വായിച്ചു കൊണ്ടിരുന്ന പുസ്തകത്തില്‍ നിന്നും തലയുയര്‍ത്തി ഒരു മുപ്പത്തഞ്ചു വയസ്സ്‌ വരുന്ന ചെറുപ്പക്കാരന്‍ ഞങ്ങളെ നോക്കിച്ചിരിച്ചു.

" കഴിഞ്ഞ തവണ ഇതേ ട്രെയിനില്‍ പോയപ്പോള്‍ ഏറണാകുളം വരെ ഈ ബോഗീത്തന്നെ കുറച്ചു പേരെ കണ്ടുള്ളൂ. അതാ പുസ്തകമെടുത്തത്‌. ഇനിപ്പോ മിണ്ടാനും പറയാനും ആളായല്ലോ. നിങ്ങളെവിടേക്കാ?"

ആദ്യമായിക്കാണുന്നവരോട്‌ ഇത്രേം വലിയ വാചകത്തില്‍ തുടങ്ങിയ ആളെ ചാത്തനെന്തോ ഇഷ്ടപ്പെട്ടില്ല. ഒരുപക്ഷേ ദീര്‍ഘദൂരയാത്രയിലൊക്കെ ഇങ്ങനെയായിരിക്കും. കൂട്ടുകാരന്‍ ഞങ്ങളുടെ വിവരണം തുടങ്ങിയപ്പോള്‍, ഏച്ചു കെട്ടിയ ഒരു ചിരിയില്‍ ചാത്തന്‍ മറുപടിയൊതുക്കി.

പേരു പറഞ്ഞശേഷം ജനാലയിലേയ്ക്ക്‌ മുഖം തിരിച്ച ചാത്തന്റെ അവഗണന അയാളും കണ്ടില്ലാന്നു നടിച്ചു. ഐടി രംഗത്തെ ജോലിയുടെ വിഷമങ്ങളെക്കുറിച്ച്‌ പറഞ്ഞ്‌ തുടങ്ങി പെട്ടന്ന് തന്നെ വഴി മാറി അയാളുടെ ചരിത്രോം ഭൂമിശാസ്ത്രോം കരഞ്ഞു തുടങ്ങിയപ്പോള്‍ മുഖം തിരിച്ചിരുന്നിട്ടും ചാത്തനത്‌ അരോചകമായിത്തോന്നി.ആള്‍ ഡെല്‍ഹിവരെയൊന്നുമില്ലാ തമിഴ്‌ നാട്ടിലെവിടെയോ ആണിറങ്ങുന്നത്‌. ഭാഗ്യം.

ആ കാബിനില്‍ ആകെ ഞങ്ങള്‍ മൂന്ന് പേര്‌ മാത്രം. ഇനി ബാക്കി കയറാനുള്ളത്‌ ഏറണാകുളത്തൂന്നാണെന്ന് ഇടയ്ക്ക്‌ വന്ന ടി ടി ആര്‍ പറഞ്ഞിട്ടു പോയി.ടി ടി ആര്‍ വന്നപ്പോള്‍ ഒരു ബ്രേക്കടിച്ചെങ്കിലും പിന്നേം അങ്ങേരുടെ അന്നനാളത്തീന്ന് വാക്കുകള്‍ അനര്‍ഗ്ഗള നിര്‍ഗ്ഗളം പ്രവഹിച്ചു. ഒന്നാമത്‌ നാട്ടീന്ന് വിട്ടുപോകുന്ന ദുഃഖം ഒരു വശത്ത്‌ അണപൊട്ടാന്‍ നില്‍ക്കുന്നു. മറ്റേവശത്ത്‌ ഈ ചെകുത്താന്റെ വചനങ്ങളും. മറ്റാരെങ്കിലും വരുന്ന വരെ ഈ കത്തി മുഴുവന്‍ ഞങ്ങളു തന്നേ സഹിക്കേണ്ടിവരുമല്ലോ!!

പട്ടാളക്കത്തി കേട്ട്‌ തഴമ്പിച്ച ചെവികളായതോണ്ടാവാം കൂട്ടുകാരന്‍ ഇടക്ക്‌ മൂളി സഹായിക്കുന്നുണ്ട്‌. ചാത്തന്റെ അസ്വസ്ഥത മിസ്റ്റര്‍ കത്തിയുടെ ആവേശം കൂട്ടി. സഹികെട്ടപ്പോള്‍ സണ്‍സ്ക്രീന്‍ ഒട്ടിച്ച ഗ്ലാസിലൂടെ(തേര്‍ഡ്‌ എ.സി ആയിരുന്നു) പുറത്തേക്ക്‌ നോക്കുന്നത്‌ ഒരു രസവുമില്ലാന്നും ഒരല്‍പം ശുദ്ധവായു ശ്വസിച്ചിട്ടു വരാമെന്നും പറഞ്ഞ്‌ ചാത്തന്‍ അവിടെ നിന്നും സ്ക്രോള്‍ ചെയ്തു.

ഉച്ചയായതോണ്ടാവും ആരെയും പുറത്തു കാണാനില്ലാ. വാതില്‍പ്പടിയില്‍ മുറുകെപ്പിടിച്ച്‌ കാറ്റും കൊണ്ട്‌ നില്‍ക്കാന്‍ നല്ല രസം. തോളില്‍ ഒരു സ്പര്‍ശം.

നീയാരുന്നോ എന്തേ ഇങ്ങോട്ട്‌ പോന്നത്‌? കത്തി തീര്‍ന്നോ?

നീയെത്ര സമയായി പോന്നിട്ട്‌? അങ്ങോട്ട്‌ വാ.

പിന്നേ എനിക്കയാളുടെ കത്തി കേള്‍ക്കാഞ്ഞിട്ടല്ലേ, നിനക്ക്‌ വേണേല്‍ പോയി കേള്‍ക്കെടാ. എനിക്ക്‌ വയ്യ അതു സഹിക്കാന്‍.

അതല്ല, നീ വാ..

എന്താ, ഇത്ര അത്യാവശ്യം?

അയാള്‌.. അയാള്‌..

അയാള്‌ക്കെന്താ?

അയാള്‌ ശരിയല്ലാ. നമ്മടെ പണി കളഞ്ഞ്‌ കൂടെ ചെല്ലാന്‍ പറയുന്നു അയാള്‌ വേറെ പണി ശരിയാക്കിത്തരാന്ന്.

ഓ ഇത്രേ ഉള്ളോ അതു നമ്മളു ഇത്രേം ദൂരെ പോകുന്നതു കണ്ടു സങ്കടം തോന്നീട്ടാവും.

അതല്ലാ, നീ ഇങ്ങു വന്നേപ്പിന്നെ അയാളുടെ നോട്ടോം സംസാരവും ഒന്നും ശരിയല്ലാന്ന് ഒരു തോന്നല്‍.

ചാത്തന്‍ ഞെട്ടി!!! കാബിനിലിരിക്കുന്നത്‌ നരഭോജിയോ, ചാന്തുപൊട്ടോ, കിഡ്‌നി മാഫിയക്കാരനോ ആരുമായിക്കൊള്ളട്ടെ, അതോര്‍ത്തല്ലാ ചാത്തന്‍ ഞെട്ടിയത്‌!

അടുത്ത കാബിനിലൊക്കെ ആളുകളിരിക്കുമ്പോള്‍ ആള്‍ക്ക്‌ ഞങ്ങളെ ഒന്നും ചെയ്യാനാവില്ലാ എന്ന സാമാന്യബോധം കൊണ്ടുള്ള ഒരു മിനിമം ധൈര്യമെങ്കിലും കൂട്ടുകാരനു വേണ്ടേ!!!!

ചാത്തനു സ്വതേ ധൈര്യം കുറവാണ്‌, ഇന്ത്യയുടെ ഒരറ്റത്ത്‌ നിന്നും മറ്റേ അറ്റത്തേക്കുള്ള യാത്രയില്‍ ഇന്ത്യ മൊത്തം കറങ്ങി നടന്ന, കുറേ ഭാഷകള്‍ അറിയുന്ന ഒരുത്തന്‍ കൂടെയുണ്ടല്ലോ എന്നതായിരുന്നു ചാത്തന്റെ ധൈര്യം. ആ ധൈര്യത്തിന്റെ കടയ്ക്കലാണിവന്‍ മണ്ണെണ്ണയൊഴിച്ച്‌ തീവച്ചിരിക്കുന്നത്‌.ചണ്ഡീഗഡ്‌ ഹിമാലയത്തിനും അപ്പുറമാണെന്ന് തോന്നിച്ച നിമിഷങ്ങള്‍.

ശരി നിര്‍ത്തി. ഇനി ഇപ്പോ ഇവനെ നമ്പീട്ട്‌ കാര്യമില്ലാ. പത്താം ക്ലാസുവരെ മുന്‍പിലെ ബഞ്ചിലിരുന്നിട്ടും, ക്ലാസിലെ പിന്‍ ബെഞ്ചിലിരിക്കുന്ന തലമൂത്ത പിള്ളാരുടെ കയ്യീന്ന് വരെ തല്ലു വാങ്ങിയ കാര്യം മനസ്സിലോര്‍ത്തു. അണ്ണാറക്കണ്ണനും തന്നാലായത്‌ എന്നത്‌ ഓര്‍മ്മയുള്ള കാര്യം മുതല്‍ക്കേ കൊണ്ടു നടക്കുന്ന മുദ്രാവാക്യമാണ്‌.

നീ വാടാ അയ്യാളെന്താ ചേയ്യുകേന്ന് നോക്കാലോ.

ചാത്തന്‍ മുന്നിലും എസ്കോര്‍ട്ട്‌ പിന്നിലുമായി കാബിനിലേക്ക്‌ നടന്നു.

എന്നാ കിടിലം സസ്പെന്‍സ്‌. ഇവിടെ നിര്‍ത്തിയേക്കട്ടെ? അതോ ഒരു തല്ലു കാണാനുള്ള ബൂലോഗരുടെ ആഗ്രഹം,ചാത്തനു തല്ലു കിട്ടുന്നതു വായിക്കാനുള്ള ശ്രീജിത്തിന്റെ ആഗ്രഹം ഇവയൊക്കെ മുന്‍ നിര്‍ത്തി പറഞ്ഞു തീര്‍ത്തേക്കാം അല്ലേ?

വീണ്ടും മുന്നില്‍ ചിരിക്കുന്ന മുഖം.

രൗദ്രം, ഭീകരം, ബീഭത്സം ഇതിലേതാ പകരം ചാത്തന്റെ മുഖത്തു വരുത്തേണ്ടേ? കഥകളി പഠിച്ചിരുന്നെങ്കില്‍ എളുപ്പമുണ്ടായിരുന്നു. ശരി എല്ലാം കൂടി കൂട്ടിപ്പെരുക്കി ഒരു ഭാവമായിക്കളയാം.

ഫുള്‍സ്ലീവ്‌ ഷര്‍ട്ടിന്റെ കൈയ്യുടെ ബട്ടണ്‍സഴിച്ചു. കൈ മുട്ടുവരെ തെറുത്ത്‌ കയറ്റി. വാച്ച്‌ ഊരാന്‍ നോക്കിയപ്പോഴാണ്‌ അത്‌ കെട്ടിയില്ലാന്ന് ഓര്‍മ്മവന്നത്‌.ബെല്‍റ്റൂരി വലത്തേ കൈപ്പത്തിയില്‍ ചുറ്റി. ഇത്രേം ആയപ്പോള്‍ പ്രതി വിരണ്ടെന്നാ തോന്നണേ. മുഖം, തിരിച്ച്‌ പുസ്തകത്തിലേക്ക്‌ താഴ്ത്തി.

കൂട്ടുകാരനും വിരണ്ടു നില്‍ക്കുകയാണ്‌. തന്റെ വാക്ക്‌ കേട്ട്‌ ഇവന്‍ ഇവിടെ ചോരപ്പുഴയെങ്ങാന്‍ ഒഴുക്കുമോ? വിശ്വസിച്ചൂടാ ഇത്തിരിയേ ഉള്ളുവെങ്കിലും ബോംബും വാളും കളിപ്പാട്ടത്തിനൊപ്പം കൊണ്ടു നടക്കുന്ന നാട്ടുകാരനാ.

മതി ബാക്കി പിന്നെ....
(തുടരും)

വാല്‍ക്കഷ്ണം:
നിനച്ചിരിക്കാതെ കഥാഗതിയില്‍ മാറ്റത്തിനിടയാക്കിയ കമന്റുകള്‍ക്ക്‌ നന്ദി. കൈതമുള്ളേ ഇതാ ആ കമന്റിനുള്ള മറുപടി. അടുത്ത ലക്കത്തില്‍ കഥ വീണ്ടും ചാത്തന്‍ ഉദ്ദേശിച്ചിരുന്ന ട്രാക്കിലേക്ക്‌ മാറ്റി ഓടിക്കും. ഇനി ഈ സസ്പെന്‍സും പൊളിക്കാന്‍ ശ്രമിച്ച്‌ പിന്നേം ചാത്തന്റെ ട്രാക്ക്‌ തെറ്റിക്കുമോ? ഇതിലിപ്പോ എന്താ സസ്പെന്‍സ്‌ അല്ലേ ഒന്നുകില്‍ തല്ലു "വാങ്ങും" അല്ലെങ്കില്‍ തല്ല് "കൊള്ളും" അത്രയല്ലേ ഉള്ളൂ???

Sunday, March 25, 2007

കീരിയും കീരിയും ജൂനിയര്‍ അംജത്‌ ഖാനും-ഏതോ ഒരു എപ്പിഡോസ്‌ -2

തുടര്‍ച്ച-ഒരു യാത്രയില്‍ നിന്ന്


ഒരാളെ യാത്രയയക്കാന്‍ ഒരു സുഹൃത്ത്‌ വരുന്നത്‌ ഒരു പുതുമയുള്ള കാര്യമൊന്നുമല്ല. അതോണ്ട്‌ ഇത്തിരി കൂടെ പിറകേ പോയിട്ടു വരാം.

വീണ്ടും ഫ്ലാഷ്‌ ബാക്ക്‌.

കേരളത്തിന്റെ വടക്കേ അറ്റത്തെ നാട്ടിന്‍പുറത്തൂന്നും ഒരു കൊച്ചന്‍ അനന്തപുരിയിലെ ഒരു കമ്പനിയില്‍ ജോലിയില്‍ പ്രവേശിക്കുന്നു. എട്ടൊന്‍പത്‌ പേരിരിക്കുന്നതിനിടയില്‍ ആദ്യം കിട്ടിയ സീറ്റ്‌ എ. സി. യുടെ നേരെ താഴെ. ആദ്യമായിട്ടാ സാധനം ഇത്രേം അടുത്ത്‌ നിന്ന് കാണുന്നത്‌. അതിനാണെങ്കില്‍ ഒരുപാട്‌ അസുഖങ്ങളും തൊട്ട്‌ താഴെ ഇരിക്കുന്നവന്‍ വേണം അത്‌ ഇടക്കിടെ അഡ്‌ജസ്റ്റ്‌ ചെയ്യാന്‍. വെറുതെയല്ല ഈ സീറ്റ്‌ ഒഴിച്ചിട്ടതെന്നു മനസ്സിലായി.

എന്നാല്‍ അരക്കൈ നോക്കിക്കളയാം.

"നീയെന്താ ഇരുന്നുറങ്ങുന്നോ"

"ഏയ്‌ ഞാന്‍ അടുത്ത ടെസ്റ്റ്‌ കേസ്‌ (ചാത്തന്‍ അപ്പോള്‍ ടെസ്റ്റിങ്ങിലായിരുന്നു) എങ്ങനെ വേണമെന്ന് ആലോചിക്കുകയായിരുന്നു"

"ങും ശരി ശരി"

ദിവസം മൂന്ന് ബഗ്ഗ്‌ എങ്കിലും റിപ്പോര്‍ട്ട്‌ ചെയ്യണമെന്നാ. അതു സിമ്പിളല്ലേ. കുറേ ബഗ്ഗ്‌ കണ്ടുപിടിക്കുക. ഗുളിക കഴിക്കും പോലെ മൂന്ന് വീതം ഓരോ ദിവസവും റിപ്പോര്‍ട്ട്‌ ചെയ്യുക. ഒരാഴ്ചയ്ക്കുള്ളത്‌ എപ്പോഴും പെന്‍ഡിങ്ങില്‍ വച്ചേക്കും. ഇങ്ങനെ അച്ചടിച്ചപോലെ പണിയെടുക്കുന്ന ചാത്തന്‍ ജോലിസമയത്ത്‌ ഇരുന്നുറങ്ങുമെന്ന് എങ്ങനെ പരാതി പറയാന്‍ പറ്റും!!

ഗതികെട്ട ലീഡ്‌ അവസാനം ചാത്തനെ സ്ഥലം മാറ്റി പ്രതിഷ്ഠിച്ചു. പൊന്നമ്പലത്തിന്റെ സൈഡ്‌ സീറ്റില്‍. അന്നത്തോടെ പൊന്നമ്പലത്തിന്റെ കഷ്ടകാലോം തുടങ്ങി. എ സിയുടെ തണുപ്പ്‌ അധികം ഏല്‍ക്കാത്തതു കൊണ്ട്‌ ചാത്തന്റെ ഉറക്കം ആവിയായി. പകരം ക്രിയേറ്റീവ്‌ കാര്യങ്ങളില്‍ ശ്രദ്ധ തിരിച്ചു വിട്ടു.

ദിവസവും കമ്പ്യൂട്ടറിന്റെ വാള്‍പേപ്പര്‍ മാറ്റുക. കളര്‍ സെറ്റിംഗ്‌സ്‌ മൊത്തം മാറ്റി മാറ്റി മോണിറ്റര്‍ കളര്‍ഫുള്‍ ആക്കുക. വന്ന് വന്ന് ആ പരിസരത്തിരിക്കുന്ന ആരും ചാത്തന്റെ മോണിറ്ററിലേക്ക്‌ തിരിഞ്ഞ്‌ നോക്കാതായി.

"നീ എങ്ങനാടാ ഇത്രേം കളറൊക്കെ ദിവസോം കണ്ടോണ്ടൊരിക്കുന്നേ"

"കണ്ണടിച്ചു പോവും ട്ടാ പറഞ്ഞില്ലാന്നു വേണ്ട"

പൊന്നമ്പലത്തിന്റെ വക ഇങ്ങനേയും" നീ എന്തിനാടാ എന്റെ മോണിറ്ററില്‍ നോക്കിയിരിക്കുന്നത്‌ നിനക്കു നിന്റെ മോണിറ്ററില്‍ നോക്കിയിരുന്നൂടെ" ഉത്തരവും പിന്നാലെയുണ്ടാവും. "ഒരുവിധത്തില്‍ ചിന്തിച്ചാല്‍ അതാ നല്ലത്‌ നിന്റെ മോണിറ്ററില്‍ നോക്കിയാല്‍ നോക്കിയവന്റെ കണ്ണടിച്ചു പോകും"

എന്നാലും പരീക്ഷയെഴുതുമ്പോള്‍ എക്സാമിനര്‍ ഉത്തരപ്പേപ്പറില്‍ പുറകേ നിന്നു നോക്കിയാല്‍ നമ്മടെ എഴുത്ത്‌ നടക്കുമോ. പതുക്കെ ചാത്തന്റെ നോട്ടം പൊന്നമ്പലത്തിന്റെ ജോലിയെ ബാധിച്ചു തുടങ്ങി.

"നിനക്കു നിന്റെ മോണിറ്ററില്‍ നോക്കിയിരുന്നൂടെ" എന്നത്‌ ചോദ്യത്തില്‍ നിന്ന് മാറി ആക്രോശമായി.

പകരത്തിനു പകരം പൊന്നമ്പലം ചാത്തന്റെ മോണിറ്ററിലേക്കും നോക്കിയിരിപ്പായി.

പതിവില്ലാതെ ഒരു ദിവസം

"നിനക്കെന്റെ കൂടെ ഒരു സ്ഥലത്ത്‌ വരാമോ?"

"ഓ യെസ്‌"

പൊന്നമ്പലത്തിനു ഡ്രൈവിംഗ്‌ ലൈസന്‍സ്‌ എടുക്കാന്‍ നേത്ര പരിശോധനാ സര്‍ട്ടീറ്റ്‌ വേണം.കൂട്ടുപോവാനാ ചാത്തനെ വിളിച്ചത്‌.
പൊന്നമ്പലവും ചാത്തനും കൂടി ഒരു ക്ലിനിക്കിലെത്തി. പരിശോധന കഴിഞ്ഞ്‌ വലിയ വായില്‍ നിലവിളിച്ചോണ്ട്‌ വരുന്നു പൊന്നമ്പലം.

"എന്താ പ്രശ്നം?"

"നിനക്കാ ബോര്‍ഡ്‌ കാണാവോ അതെന്താ നിറം?"

"അത്‌ നീല"

"ലോ ലത്‌?"

"അത്‌ പച്ചാള്‍സ്‌"

"ലത്‌?"

"ലത്‌ മഞ്ഞഞ്ഞ. എന്തുവാടെ ഇത്‌?"

"കുന്തം ഞാനും ഇതു തന്നാ പറഞ്ഞത്‌ എന്നിട്ടെനിക്ക്‌ വര്‍ണ്ണാന്ധതയുണ്ടെന്ന്. സര്‍ട്ടീറ്റ്‌ തന്നില്ല"

"ഇതുവരെ കണ്ണട പോലും ഉപയോഗിക്കാത്ത നിനക്കോ വര്‍ണ്ണാന്ധത ഒന്നു പോടെ"

പിറ്റേന്ന് രാവിലെ പൊന്നമ്പലം ലീഡിനടുത്ത്‌ ഹാജര്‍.

"ഒന്നുകില്‍ അവനെ അവിടുന്ന് മാറ്റണം അല്ലേല്‍ ഞാന്‍ ജോലി രാജിവയ്ക്കും അവന്റെ മോണിറ്ററീന്ന് വെളിച്ചമടിച്ച്‌ എന്റെ കണ്ണടിച്ചു പോയീ"

അന്ന് തന്നെ ചാത്തന്റെ പുനപ്രതിഷ്ഠാ കര്‍മ്മം നടന്നു. മോണിറ്ററില്‍ വീണ്ടും ആകാശനീലിമ തെളിഞ്ഞു.

ചാത്തന്‍ പാമ്പാവാറില്ല ചാത്തനറിയാവുന്ന പൊന്നമ്പലവും പാമ്പാവാറില്ല. അങ്ങനെയങ്ങനെ കീരിയും കീരിയും ആയി ഇവനെങ്ങനേലും ഇവിടുന്ന് കെട്ടിയെടുക്കണേ പൊന്നമ്പല വാസാ എന്ന പ്രാര്‍ത്ഥനയും കൊണ്ട്‌ നടന്നിരുന്ന മി.പൊന്നമ്പലമാണു ചാത്തനെ യാത്രയാക്കാന്‍ എത്തിയിരിക്കുന്നത്‌.

ഇനി ചാത്തന്റെ കൂടെ ചണ്ഡീഗഡ്‌ വരെ വരാന്‍(അതോ അവന്റെ കൂടെ ചാത്തനോ) ജീന്‍സും കെട്ടിയിറങ്ങിയിരിക്കുന്ന കൂട്ടുകാരനെപ്പറ്റി രണ്ട്‌ വാക്ക്‌.

ആദിവാസി എന്ന് പൊന്നമ്പലം ഇവനെ വിശേഷിപ്പിക്കുന്നത്‌ അസൂയ കൊണ്ട്‌ മാത്രം. പൊന്നമ്പലം മാത്രമേ അവനെ ഇങ്ങനെ സംബോധന ചെയ്ത്‌ കേട്ടിട്ടുള്ളൂ. ചാത്തന്റെ ഭാഷയില്‍ ഇവനെ ഇങ്ങനെ വിവരിക്കാം മലയാളം കുറച്ച്‌ കൊരച്ച്‌ അറിയാം എന്നു വച്ചാല്‍ മാതൃ ഭാഷ നന്നായി സംസാരിക്കാന്‍ മാത്രം അറിയാം.ആറടി പൊക്കത്തില്‍, ഏത്‌ പെണ്ണും ഒന്ന് തിരിഞ്ഞ്‌ നോക്കുന്ന, ഒരു ഹിന്ദി സിനിമാ നായകനാകാന്‍ എല്ലാ യോഗ്യതയുമുള്ള ചാത്തനെക്കാളും രണ്ടോണം കുറച്ച്‌ ഉണ്ടിട്ടുള്ള മാന്യദേഹത്തെ തത്‌കാലം കൂട്ടുകാരന്‍ എന്നു മാത്രം വിളിക്കുന്നു.

എപ്പോഴും ചിരിച്ച്‌ കളിച്ച്‌ നടക്കുന്ന അവന്റെ സ്വഭാവം കാരണം ചാത്തനു ഈ കൂട്ടുകാരനുമായി തല്ലുണ്ടാക്കാന്‍ പറ്റിയിട്ടില്ല. മൂന്ന് ദിവസത്തെ ഒരുമിച്ചുള്ള ട്രെയിന്‍ യാത്രക്കിടയില്‍ ഒരു തല്ല് ചാത്തന്റെ പ്രതീക്ഷയാണ്‌.

കൂട്ടുകാരന്റെ അപ്പന്‍ പട്ടാളത്തില്‍ അപ്പം ചുട്ട്‌ നടന്ന വകയില്‍ അവനും ഇന്ത്യ മുഴുവന്‍ കറങ്ങിനടന്നിട്ടുണ്ടെന്ന് ജനസംസാരം.സാധാരണ ഈ ചുറ്റുപാടില്‍ വളരുന്ന അമുല്‍ ബേബികള്‍ക്ക്‌ മലയാളം കൊരച്ച്‌ കൊരച്ചേ അരിയൂ. എന്നാല്‍ കൂട്ടുകാരന്‍ ഇത്തിരി കഷ്ടപ്പെട്ടാലും ഒരുവിധം നല്ല മലബാറി മലയാളമേ സംസാരിക്കൂ. ഈ ഒരൊറ്റക്കാരണത്താല്‍ അവനോടല്‍പം ബഹുമാനമുണ്ട്‌.

എടാ നീ അവന്റെ അപ്പനെ കണ്ടില്ലേ? ഓഫീസിലിരിപ്പുണ്ട്‌ നിങ്ങളെ യാത്രയയക്കാന്‍ വന്നതാ.കൂട്ടത്തില്‍ ഇവിടെം കയറി.കണ്ടവരു കണ്ടവരു ഞെട്ടിത്തെറിച്ചു വരുന്നതു കണ്ടില്ലേ നീ കാണാന്‍ പോണില്ലേ?

അതെന്താടാ പട്ടാളക്കാരെ കാണുമ്പോള്‍ ഞെട്ടണോ?

നീയൊന്ന് കണ്ടുനോക്ക്‌.

അല്ലേ ചാത്തനെന്തിനു ഞെട്ടണം അവനെ അപ്പം ചുട്ട കാര്യം പറഞ്ഞ്‌ കളിയാക്കാറുള്ള കൂട്ടത്തില്‍ ചാത്തനുണ്ടാവാറില്ലാലോ?

പക്ഷേ ആളെ ദൂരേന്ന് കണ്ടപ്പോള്‍ തന്നെ ചാത്തനും ഞെട്ടി. ആരോ പിന്നില്‍ നിന്ന് വിളിച്ച്‌ പറേണ പോലെ.

"തേരാ ക്യാ ഹോഗാ ചാത്താ"

ഇത്തിരി മെലിഞ്ഞ, ആറ്‌ ആറര അടിപ്പൊക്കമുള്ള, സാക്ഷാല്‍ അംജത്‌ ഖാന്‍ ഇതാ മുന്നില്‍ നില്‍ക്കുന്നു. കൂട്ടുകാരനെ കണ്ടാല്‍ തിരിഞ്ഞു നോക്കും എന്ന് പറഞ്ഞ പെണ്‍പിള്ളാരോട്‌ പുച്ഛം തോന്നി. ഇവന്റെ അപ്പനിങ്ങനെയാണെങ്കില്‍ ഇവനിതിന്റെ പത്തിരട്ടി ഗ്ലാമറസായിരിക്കേണ്ടവനായിരുന്നു.

കൂട്ടുകാരന്റെ അപ്പനെക്കണ്ട്‌ കുന്തം വിഴുങ്ങിയ മാതിരി മിഴുങ്ങസ്യാ നില്‍ക്കണ ചാത്തനെ കൂട്ടുകാരന്‍ അപ്പനു പരിചയപ്പെടുത്തി.

ഇവനാണെന്റെ കൂടെ വരുന്നവന്‍.
കൈപിടിച്ച്‌ കുലുക്കിക്കൊണ്ടുള്ള ചോദ്യം.

"... എന്നാണല്ലേ പേര്‌? ഇതിനു മുന്‍പ്‌ ഇത്രേം ദൂരെ പോയിട്ടുണ്ടോ?"

അതെ, ഇല്ലാ ബാംഗ്ലൂരു വരെയേ പോയിട്ടുള്ളൂ.

"എന്താ പേടീണ്ടോ മുഖത്തൊരു വിഷമം?"

ഏയ്‌

"തനിച്ചല്ലല്ലോ! ഇവനാണെങ്കില്‍ അങ്ങു കല്‍ക്കട്ട വരെ ഒറ്റയ്ക്കു വന്നിട്ടുണ്ട്‌"

ശരി എന്നാല്‍ ഞാന്‍ അങ്ങോട്ട്‌..
പിന്നേ അന്‍പത്തൊന്‍പതാം മിനിട്ടില്‍ പട്ടാളക്കത്തി കേള്‍ക്കാന്‍ പോവുകയല്ലേ.

ചാത്തനും പൊന്നമ്പലവും സ്റ്റേഷനിലെത്തിയപ്പോഴേയ്ക്കും കൂട്ടുകാരനും കുടുംബോം കയറേണ്ട ബോഗിയൊക്കെ കണ്ടുപിടിച്ച്‌ മുന്നില്‍ തന്നെ നില്‍പ്പുണ്ടായിരുന്നു.

ലഗേജൊക്കെ സീറ്റില്‍ കൊണ്ടുവച്ചു. ബോഗി ഏറെക്കുറെ ശൂന്യം എന്നു പറയാം. ബാക്കിയൊക്കെ വഴിയില്‍ നിന്നും കയറാനുള്ളതായിരിക്കും. ഏതായാലും ഞങ്ങളുടെ സീറ്റിനടുത്തൊന്നും ആളില്ലായിരുന്നു. തിരിച്ച്‌ വെളിയില്‍ വന്ന് എല്ലാരോടും സംസാരിച്ചോണ്ടിരുന്നു. കേള്‍ക്കാനാഗ്രഹമില്ലാതിരുന്ന ചൂളം വിളി മുഴങ്ങി. രണ്ടു പേരും വാതില്‍ക്കല്‍ നിന്നു കൈ വീശിക്കാണിച്ചു.

വണ്ടി ഇളകിത്തുടങ്ങി. ചാത്തനും കൂട്ടുകാരനും സീറ്റിനടുത്തേക്ക്‌ നീങ്ങി. ഞങ്ങളുടെ സീറ്റിനടുത്ത്‌ ചിരിച്ചുകൊണ്ട്‌ മറ്റൊരു മുഖം. ആ മുഖത്തിനുടമ സഹയാത്രികനോ സഹയാത്രികയോ എന്നത്‌ അടുത്ത തവണ...

(തുടരും)

വാല്‍ക്കഷ്ണം:
ഹോ എത്ര കഷ്ടപ്പെട്ടാ ഒരു സീരിയല്‍ സസ്പെന്‍സ്‌ ഉണ്ടാക്കിയത്‌. ഇനി ഈ സസ്പെന്‍സ്‌ വെറും പുളുവാണെന്നറിയുമ്പോള്‍ ബൂലോഗം ചാത്തനെ ഓടിച്ചിട്ടെറിയുമോ എന്തോ?.

Tuesday, March 13, 2007

ഒരു യാത്രയില്‍ നിന്ന്-- എപ്പിഡോസ്‌ - 1

ചരടുവലികള്‍ക്കും കസേരകളികള്‍ക്കുമൊടുവില്‍ ചാത്തനു ചണ്ഡീഗഡ്‌ പോയി കമ്പനിയെ സേവിക്കാന്‍ നറുക്ക്‌ വീണു.

ഒരുകാലത്ത്‌ വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞ്‌ നടന്നിരുന്ന സ്ഥലത്തേക്കാണ്‌ സീമന്ത(അതോ വെറും മന്തനെന്നായിരുന്നോ അമ്മേടെ വിചാരം)പുത്രനെ പറഞ്ഞയക്കേണ്ടത്‌ എന്നോര്‍ത്ത്‌ മാതൃഹൃദയം വേവലാതി പൂണ്ടു.

ഇള്ളക്കുട്ടിയായി ഇത്രേം കാലം കഴിഞ്ഞതല്ലേ ഈ പ്രായത്തിലാ ലോകസഞ്ചാരം നടത്തി ജീവിക്കാന്‍ പഠിക്കുക എന്ന് ശരീരിയായി രക്ഷക്കെത്തിയ താതവാക്യം ശിരസ്സാവഹിച്ച്‌ ഒരു കോണ്‍ക്രീറ്റ്‌ വനവാസത്തിനായി ചാത്തന്‍ മരവുരി സെലക്ട്‌ ചെയ്തു.

എല്ലാ മുതിര്‍ന്ന ബന്ധുക്കളുടേയും കാലും, കാലം ചെയ്തവരുടെ ശവകുടീരങ്ങളിലും തൊട്ട്‌ തൊഴുത്‌, പിന്നില്‍ വീണ കണ്ണീര്‍പ്പൂക്കളെ കണ്ടില്ലെന്ന് നടിച്ച്‌, വണ്ടി കയറാനായി തിരിച്ച്‌ ജോലിസ്ഥലമായ അനന്തപുരിയിലേക്ക്‌.

പുറമേ ധൈര്യം അവലംബിച്ചെങ്കിലും ഒരു പാവം നാട്ടിന്‍പുറത്തുകാരന്റെ ഹൃദയം ഏത്‌ സൂപ്പര്‍ ഫാസ്റ്റ്‌ ട്രെയിനിനേക്കാളും വേഗത്തില്‍ മിടിച്ചുകൊണ്ടിരുന്നു.

നാട്ടില്‍ നിന്നും അനന്തപുരിയിലേക്കുള്ള യാത്രക്കിടയില്‍, ഒരു മഹദ്‌ കാര്യവും ചെയ്യാത്ത, തിരിച്ചു വന്നില്ലെങ്കില്‍ ഒരാളും ഓര്‍ക്കാത്ത(വീട്ടുകാരൊഴിച്ച്‌), തനി മലയാളിച്ചെക്കന്റെ കണ്ണുകള്‍ സജലങ്ങളായി. സഹയാത്രികര്‍ കാണും മുന്‍പ്‌ മുകളിലുള്ള ബെര്‍ത്തില്‍ മുഖം പൂഴ്‌ത്തി. ഇത്തിരിപ്പോന്ന ജീവിതത്തിനിടെ തെറ്റ്‌ ചെയ്തവരോടെല്ലാം മനസാ മാപ്പപേക്ഷിച്ചു. താഴെയിറങ്ങി അരണ്ട വെളിച്ചത്തില്‍ പിന്നോട്ടോടിപ്പോവുന്ന പ്രിയ നാടിനെ നിറഞ്ഞ മിഴികള്‍ തുടച്ച്‌ കൊതി തീരെ കണ്ടു.

കൂടണയാന്‍ തിരക്കിട്ട്‌ പോവുന്ന പക്ഷിക്കൂട്ടങ്ങള്‍, അവസാന ഗോളും പ്രതീക്ഷിച്ചിരമ്പുന്ന ഫുട്ബാള്‍ ഗ്രൗണ്ടുകള്‍, ദൂരെയെങ്ങോ നേര്‍ത്ത അലയായി അവസാനിച്ച ബാങ്കുവിളി, സായാഹ്ന സൂര്യനും ഒരിളം കാറ്റും എല്ലാര്‍ക്കും ഒരേ ചോദ്യം മാത്രം ഞങ്ങളെ വിട്ട്‌ പോവുകയാണോ?

ജീവിതം കരുപ്പിടിപ്പിക്കാന്‍ സ്വജനങ്ങളെ വേര്‍പിരിഞ്ഞ്‌ കടലുകടക്കുന്ന മലയാളിയുടെ ആത്മവിശ്വാസം ചാത്തന്റെ രക്ഷക്കെത്തില്ലാ കാരണം വേണമെന്ന് വച്ചാല്‍ ഈ ജോലിയുപേക്ഷിച്ച്‌ അനന്തപുരിയില്‍ തന്നെ പുതിയതൊന്ന് കണ്ടെത്തിക്കൂടെ എന്ന മാതൃ വചനങ്ങള്‍.

ഇല്ലാ വച്ചകാല്‍ പിന്നോട്ടെടുക്കില്ലാ.

ഒരു രക്ഷിതാവിന്റെ സ്വാതന്ത്ര്യത്തോടെ, അനന്തപുരിയില്‍ ചാത്തന്റെ കൂടെ താമസിച്ചിരുന്ന തലനരച്ച അഭ്യുദയകാംക്ഷി മുന്നോട്ട്‌ വച്ച"ഞാന്‍ വേറെ എവിടെയെങ്കിലും ഒരു ജോലി ശരിയാക്കിത്തരാം" എന്ന വാഗ്ദാനം മനസ്സില്ലാമനസ്സോടെ നിരസിക്കുമ്പോഴും ഒരു പ്രതീക്ഷയുണ്ടായിരുന്നു.അവസാന നിമിഷം നീ പോവേണ്ടാ എന്ന് കമ്പനീന്ന് പറയുമെന്ന്.

ഔദാര്യങ്ങള്‍ വാങ്ങാന്‍ ചാത്തന്റെ ദുരഭിമാനം സമ്മതിക്കാറില്ലാ.

നാളെ ഉച്ചയ്ക്ക്‌ മുന്‍പാണ്‌ ട്രെയിന്‍.
സമ്മതം വാങ്ങാനും എല്ലാരേം ഒന്നൂടെ കാണാനും നാട്ടില്‍ പോകുന്നതിനു മുന്‍പ്‌ സാധനങ്ങളെല്ലാം പാക്ക്‌ ചെയ്തതോണ്ട്‌ ഇനി നാളെ എത്തീട്ട്‌ തിരക്കൊന്നുമില്ല. ഉച്ചയ്ക്ക്‌ മുന്‍പ്‌ എപ്പോളെങ്കിലും ഓഫീസില്‍ പോയി ഡല്‍ഹിക്കുള്ള ടിക്കറ്റ്‌ വാങ്ങണം. കൂടെ വരുന്ന കൂട്ടുകാരന്‍ സ്റ്റേഷനിലെത്തിക്കോളാമെന്നാ പറഞ്ഞത്‌.

ആരോ വരുന്നുണ്ട്‌. ഒരു പെണ്ണാണെന്ന് തോന്നുന്നു. നിളയെന്നോ നിദ്രയെന്നോ. രണ്ട്‌ കണ്ണും അടച്ചേക്കാം.

--------------------
ഒരുപക്ഷേ ജീവിതത്തിലവസാനമായി അനന്തപുരിയിലേക്ക്‌.

ഓഫീസിലേക്ക്‌ ഒരു പത്ത്‌ മണിക്ക്‌ പോയാല്‍ മതിയോ. വേണ്ട സാധാരണ പോലെ പോണം, എന്നാലേ അമ്മയുടെ ഇരുവശത്തും തൂങ്ങി നഴ്‌സറീല്‍ പോവാന്‍ എതിരേ വരുന്ന ആ രണ്ട്‌ ഇരട്ടക്കുരുന്നുങ്ങളോടും, കോലായിലിരുന്ന് പത്രം വായിച്ചോണ്ട്‌ വഴിയേ പോവുന്നവരുടെ കണക്കെടുക്കുന്ന അപ്പൂപ്പനോടും, കുളിച്ച്‌ കുറിതൊട്ട്‌ വന്ന് വര്‍ക്ക്ഷോപ്പിലെ കരിപുരണ്ട കുപ്പായത്തിനുള്ളില്‍ കയറി എന്നും കൃത്യമായി ഒരു ചിരി തിരിച്ച്‌ തരാറുള്ള പയ്യന്‍സിനോടും, പരിചയം ഒരു ചിരിയില്‍ നിലനിര്‍ത്തുന്ന മറ്റു പല നമ്രമുഖങ്ങളോടും അവസാനമായി ചിരിക്കാന്‍ (ഇന്നിപ്പോള്‍ ചിരിച്ചു കാണിക്കാന്‍) പറ്റൂ.

പണ്ടെങ്ങോ കയറിക്കൊന്ന ഒരു പട്ടീടെ ശബ്ദത്തിന്റെ മിമിക്രി കാണിച്ച്‌ കൊണ്ട്‌ ഒരു ബസ്സ്‌, റോഡ്‌ മുറിച്ച്‌ കടന്നുകൊണ്ടിരുന്ന ചാത്തന്റെ സമീപം സഡന്‍ ബ്രേക്കിട്ടു. തലേന്ന് ഇറക്കിയത്‌ പുളിച്ച്‌ തികട്ടുന്ന മുഖഭാവവുമായി പുറത്തേക്ക്‌ തല നീട്ടിയ ഡ്രൈവറുടേയും ചാത്തന്റെയും കണ്ണുകള്‍ തമ്മിലിടഞ്ഞു. കൂടുതല്‍ വല്ലതും പറഞ്ഞാല്‍ ഇവന്‍ ഈ വണ്ടിക്ക്‌ തന്നെ അടവച്ച്‌ ചത്ത്‌ കളയുമെന്ന് തോന്നിയ കൊമ്പന്‍ മീശ കടന്നുപോകാന്‍ കൈ കാണിച്ചുകൊണ്ട്‌ ഉള്ളിലേക്ക്‌ വലിഞ്ഞു.

വിടപറയുമ്പോള്‍ പലരും വിങ്ങിപ്പൊട്ടി(ച്ചിരിച്ചു).
"വണ്ടിക്ക്‌ സമയമായില്ലേ" എന്ന ചോദ്യം "ശല്യം ഒഴിവാകാനായില്ലേ" എന്ന് ചാത്തന്റെ ചെവി തര്‍ജമ ചെയ്തു മടുത്തു.

പരമാവധി ബാംഗ്ലൂര്‌ വരെ മാത്രം പോയിട്ടുള്ള ചാത്തന്റെ ജീവിതത്തിലെ ആദ്യ ദീര്‍ഘദൂര ട്രെയിന്‍ യാത്ര സമാഗതമായി. ആദ്യം ഡല്‍ഹിയ്ക്ക്‌ അവിടുന്ന് ചണ്ഡീഗഡിലേയ്ക്ക്‌.

ജോലിസമയം കഴിഞ്ഞിട്ടില്ലാത്തതിനാലും ചാത്തന്റെ സ്വഭാവവിശേഷം അത്രയ്ക്ക്‌ നന്നായിരുന്നതിനാലും ചാത്തനേയും കൂട്ടുകാരനേയും യാത്രയയക്കാന്‍ ആകെപ്പാടെ ഒരു സഹപ്രവര്‍ത്തകന്‍, പൊന്നമ്പലം(ബ്ലോഗര്‍), മാത്രം സ്റ്റേഷനില്‍ എത്തി.

അല്‍പം ഫ്ലാഷ്‌ ബാക്ക്‌.

ചാത്തന്റെ ഐടി ജീവിതത്തിന്റെ തുടക്കം ഒരു ടെസ്റ്ററായാണ്‌. മുന്‍പ്‌ പല തവണ അതേ കമ്പനിയുടെ ഡെവലപ്പ്‌മന്റ്‌ വിഭാഗത്തിലേക്ക്‌ മാറാന്‍ ഏറ്റവും മുകളില്‍ നിന്നും വിളി വന്നെങ്കിലും ഒന്ന് രണ്ട്‌ തവണ ചാത്തന്റെ ചുണ്ടിനും ചായക്കപ്പിനുമിടയ്ക്ക്‌ വരെ ഏന്തിവലിഞ്ഞെത്തിയിരുന്നെങ്കിലും അദൃശ്യമായ ചരടുകള്‍ ചാത്തന്റെ പാദങ്ങളെ കെട്ടിയിട്ടു.

ഇത്തവണ ഓഫര്‍(ഡെവലപ്പ്‌മന്റ്‌) സ്വീകരിക്കാന്‍ ടെസ്റ്റിംഗ്‌ ടീമില്‍ ആരും തയ്യാറല്ല കാരണം ആര്‍ക്കും ഇത്രേം ദൂരം പോവാന്‍ മേല. ചുരുങ്ങിയ കാലം കൊണ്ട്‌ ഡവലപ്പേര്‍സിന്റെ അപ്രീതിക്കു പാത്രമായ ചാത്തനെന്ന ടെസ്റ്ററുടെ കാലിലെ ചങ്ങലക്കണ്ണികളുടെ ബലം പരീക്ഷിക്കാന്‍ തന്നെ ചാത്തന്‍ തീരുമാനിച്ചു.

ചണ്ഡീഗഡിലേക്കല്ല ഉഗാണ്ടയിലേക്കാണെങ്കിലും ഡെവലപ്പ്‌മെന്റിലേക്കാണെങ്കില്‍ ചാത്തന്‍ റെഡി.അത്രേം ദൂരെ പോവണമെന്ന് ചാത്തനു ആഗ്രഹമൊന്നുമുണ്ടായിരുന്നില്ല. അതും ഒരു ടെസ്റ്റിംഗ്‌ ചങ്ങലക്കണ്ണിയുടെ ബലം എത്രയുണ്ടെന്ന്, അത്രമാത്രേ ഉദ്ദേശിച്ചിരുന്നുള്ളൂ. ആ പേരും പറഞ്ഞ്‌ ആളാകാമല്ലോന്നും കരുതി. പക്ഷേ പദ്ധതി തിരിച്ചടിച്ചു. ഇന്നിപ്പോള്‍ ഊരിപ്പോവാനും പറ്റുന്നില്ലാ.

ഒരുപക്ഷേ മറ്റൊരു അടിയുറച്ച ഈശ്വരവിശ്വാസിയുടെ പ്രാര്‍ത്ഥനയുടെ ഫലമായാവും ഈ തിരിച്ചടി. ഒരു സഹപ്രവര്‍ത്തകന്റെ ഹൃദയം തുറന്നുള്ള വിളി "ഈ പണ്ടാരക്കാലനെ ഇവിടുന്ന് എങ്ങനേലും കെട്ടിയെടുക്കണേ എന്റെ സ്വാമിയേ" .
(തുടരണോ)

വാല്‍ക്കഷ്ണം: കുട്ടിച്ചാത്തന്റെ വിലാസങ്ങളില്‍ പെടുന്നില്ലാന്ന് തോന്നുവാണേല്‍ തുടരൂല്ല.

Saturday, March 03, 2007

അങ്ങനെ ചാത്തന്‍ ഭൂജാതനായി

വടക്കെ മലബാറിലെ ഒരു മലയോരഗ്രാമം. പുഴയും പച്ചപ്പും കോടമഞ്ഞും എല്ലാം ചേര്‍ന്ന് പ്രകൃതിദേവി കനിഞ്ഞനുഗ്രഹിച്ച ഒരു താഴ്‌വാരം. അഞ്ചെട്ടു കടകളും, കൃത്യ സമയത്ത്‌ വന്നു പോകുന്ന കുറച്ചു ബസ്സുകളും, ഏറെ ദൂരം മുഴങ്ങിക്കേള്‍ക്കുന്ന പള്ളിമണികളും ബാങ്കുവിളികളും. ഹോ അസൂയയാവുന്നു.

പേരു പറഞ്ഞാല്‍ നാട്ടിലെ ആബാലവൃദ്ധം ജനങ്ങളും "ഓ അവിടുത്തെ വറ്റും വെള്ളവും ഞാന്‍ ഒരുപാടു കുടിച്ചിട്ടുണ്ട്‌" എന്നുപറയുന്ന ഒരു തറവാട്‌. അവിടെ ഇന്നെല്ലാവരും നിറഞ്ഞ സന്തോഷത്തിലാണ്‌.ഒരു പാടുകാലത്തിനുശേഷം അവിടെ ഒരു പുതുമുഖം വരുന്നു എന്നുള്ള വാര്‍ത്ത എപ്പോള്‍ വേണമെങ്കിലും എത്താം. ആണായാലും പെണ്ണായാലും ആരോഗ്യത്തോടെ വേണം എന്നുള്ള പ്രാര്‍ത്ഥന മാത്രം.

പുതുമുഖം വരുമെന്ന് ഡോക്ടര്‍ പ്രവചിച്ച സമയോം ദിവസോം കഴിഞ്ഞു. ആശങ്കയുടെ നെരിപ്പോടുകള്‍ ചെറുതായി പുകഞ്ഞുതുടങ്ങി. എല്ലാവര്‍ക്കും പുതുമുഖത്തിന്റെ വരവു വൈകുന്നതില്‍ വേവലാതിയേറിക്കൊണ്ടിരിക്കുന്നു.

"ഡും ഡും ഡും"

പുതുമുഖം വന്നതല്ലാ..
ഒരാളുടെ ഹൃദയം മിടിക്കുന്നതാ..

ഏതാനും നിമിഷങ്ങള്‍ക്കുശേഷം 'നാള്‌' മാറുന്നു. അതായത്‌ 'രോഹിണി' നക്ഷത്രം അതും വെറും സാദാ രോഹിണിയല്ല അഷ്‌ടമി രോഹിണി സാക്ഷാല്‍ 'ശ്രീകൃഷ്ണ ജയന്തി'.ഇപ്പോള്‍ വേവലാതി പൂണ്ട ദേഹം ആരാണെന്നു മനസ്സിലായിക്കാണുമല്ലൊ. മറ്റാരുമല്ല വരാനിരിക്കുന്ന പുതുമുഖത്തിന്റെ ഒരേ ഒരു ഭാവി അമ്മാവന്‍.

ശ്രീകൃഷ്ണന്റെ നാളില്‍ ജനിക്കുന്ന പൈതല്‍ ആണായാലും പെണ്ണായാലും അമ്മാവന്‌ ആപത്താണ്‌ എന്ന വിശ്വാസം മനസ്സില്‍ നിന്നും മായ്ചുകളയാന്‍ പറ്റാതെ മനസ്സില്‍ ദൈവത്തെ വിളിച്ചു കൊണ്ടിരിക്കുന്ന മാതുലവിലാപം കേട്ടിട്ടോ, ശ്രീകൃഷ്ണന്റെ സ്വഭാവഗുണങ്ങള്‍ മൊത്തമായും കിട്ടാഞ്ഞിട്ടോ എന്താണെന്നറിയില്ല ചാത്തനും ദൈവവും തമ്മിലുള്ള ഒരു അഡ്‌ജസ്റ്റ്‌മെന്റിന്റെ പുറത്ത്‌ അഷ്ടമിരോഹിണി ആരംഭിക്കുന്നതിന്റെ ഏതാനും നിമിഷങ്ങള്‍ക്കു മുന്‍പ്‌ സകലരുടെയും മനസ്സില്‍ ആശ്വാസക്കുളിര്‍മഴ പെയ്യിച്ചു കൊണ്ട്‌ കുട്ടിച്ചാത്തന്‍ ഭൂജാതനായി.

"ഡും ഡും ഡും"

ഇപ്പോള്‍ ഹൃദയം മിടിക്കുന്നതല്ലാട്ടോ, കുട്ടിച്ചാത്തന്‍ ഒരു പശ്ചാത്തല സംഗീതം ഇട്ടതാ...വാല്‍ക്കഷ്ണം:
ഇന്ന് ശനിയാഴ്ചത്തെ പതിവ്‌ ക്രിക്കറ്റ്‌ കളി കഴിഞ്ഞ്‌ വന്നപ്പോള്‍ ഫോണടിക്കുന്നു...
അന്നത്തെ കുട്ടിച്ചാത്തനും ഇന്ന് ഒരു അമ്മാവന്‍ ചാത്തനായി.....