Thursday, October 01, 2009

അമേരിക്കാ അമേരിക്കാ - ഇംപ്രഷന്‍സ്‌

സോഫ്റ്റ്‌വേര്‍ എഞ്ചിനീയര്‍മാര്‍ക്ക്‌ പെണ്ണന്വേഷിക്കുമ്പോള്‍ പെണ്ണിന്റച്ഛന്‍ ആദ്യം ബ്രോക്കറോട്‌ ചോദിക്കുന്ന കാര്യമാ, ചെക്കനെത്ര ഓണ്‍സൈറ്റ്‌ പോയിട്ടുണ്ട്‌ എവിടൊക്കെ പോയിട്ടുണ്ട്‌ എന്ന്. ചാത്തനാ പ്രശ്നം ഒരു ജ്യോത്സ്യന്‍ മാറ്റിത്തന്നു. പെണ്ണ്‌ കെട്ടിയാലേ ഓണ്‍സൈറ്റ്‌ കിട്ടൂ എന്ന്. അന്നേ വരെ ജാതകത്തില്‍ പറഞ്ഞത്‌ മൊത്തം സംഭവിച്ച്‌ ചാത്തനെ ഞെട്ടിച്ചിരുന്നെങ്കിലും ഇതിത്തിരി കടന്ന കൈ ആയിപ്പോയി. പെണ്ണ്‌ കെട്ടിയാല്‍ കാലുകെട്ടീന്നാ. കാലും കെട്ടീട്ട്‌ കടലിനു കുറുകെ ചാടാന്‍ ചാത്തനാര്‌ ഹനുമാനോ?

എന്തായാലും ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്ന് ഓണ്‍സൈറ്റിനൊരു സ്കോപ്പുമില്ല. പിന്നെ ആദ്യം കമ്പനി ചാടണം. എല്ലാ ആഴ്ചേം പെണ്ണ്‌ കാണാന്‍ നാട്ടില്‍ പോവുമ്പോള്‍ പിന്നെ ഇന്റര്‍വ്യൂവിനു പോവാന്‍ എവിടെ സമയം? എന്നാപ്പിന്നെ ജ്യോല്‍സ്യന്റെ നാക്ക്‌ പൊന്നാകുന്നത്‌ എങ്ങനെ എന്ന് നോക്കാം.

ചെയ്തോണ്ടിരുന്ന സോഫ്റ്റ്‌വേറിനു അമേരിക്കയില്‍ ഒരു പ്രദര്‍ശനത്തിനു പങ്കെടുക്കാന്‍ അവസരം. പോകാനിരുന്ന മാനേജര്‍ക്ക്‌ വിസ കിട്ടീല. ആ പേരില്‍ കമ്പനി വഹ ചെലവില്‍ ഒരു ചെന്നൈ വിമാനയാത്രയും സ്റ്റാര്‍ ഹോട്ടല്‍ താമസവും ഒക്കുമല്ലോന്നോര്‍ത്ത്‌ ചാത്തന്‍ പോയിവരാന്‍ തീരുമാനിച്ചു. മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങാ വീണു. സായിപ്പിന്റെ ചീത്ത രണ്ടാഴ്ച കേള്‍ക്കാന്‍ ചാത്തനു തന്നെ കുറി വീണു.

അങ്ങനെ പഴയ ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് അമേരിക്കയ്ക്ക്‌ പുറപ്പെട്ട അവസാന മലയാളി വിമാനയാത്രികനായി ചാത്തന്‍ പുറപ്പെട്ടു.

പണ്ട്‌ ദാസനും വിജയനും അമേരിക്കയില്‍ പോയി സാധനം കയ്യില്‍ വച്ച്‌ ഉണ്ടാക്കിയതു പോലെ, ചാത്തനു തന്നു വിട്ടത്‌ ഒരു ചൈനാക്കാരന്റെ ഫോണ്‍ നമ്പറും ഹോട്ടലുകാര്‍ വന്ന് കൂട്ടി കൊണ്ട്‌ പോയിക്കോളും എന്ന ഒരു ഉറപ്പുമായിരുന്നു. പകുതി വഴിയില്‍ വച്ച്‌ വിമാനം മാറിക്കയറണം ജര്‍മനിയിലെ ഫ്രാങ്ക്‌ ഫര്‍ട്ടില്‍ വച്ച്‌. ആ സമയത്ത്‌ ജര്‍മനിയില്‍ അനിയന്‍ ചാത്തന്‍ ഉണ്ടായിരുന്നതു കൊണ്ട്‌ കണ്ടക്ടറില്ലാ തീവണ്ടിയില്‍ കയറിയിട്ടാണ്‌ അടുത്ത വിമാനത്തിന്റെ സ്റ്റോപ്പില്‍ പോവേണ്ടത്‌ എന്നൊക്കെ പറഞ്ഞ്‌ പഠിപ്പിച്ചിരുന്നു.

പറഞ്ഞപോലെ നല്ലൊരു ഉറക്കത്തിന്റെ സമയത്ത്‌ ചുമ്മാ ഒരു ശാപ്പാടും അടിച്ച്‌ ഇടക്കെപ്പോഴോ ഉറങ്ങി ജര്‍മനിയിലെത്താനായി. വാച്ചില്‍ ഇന്ത്യന്‍ സമയം വിമാനത്തിലും ടിക്കറ്റിലും ജര്‍മന്‍ സമയം . എങ്ങനെയൊക്കെ കണക്ക്‌ കൂട്ടിയാലും ഈ വിമാനം ലേറ്റാണ്‌. ആകെപ്പാടെ ഒരു മണിക്കൂറിന്റെ ഗ്യാപ്പില്‍ മാറിക്കയറേണ്ട വിമാനം പുറപ്പെടും. ദൈവമേ അനിയന്റെ കൂടെ താമസിക്കാമെന്നു വച്ചാല്‍ വിസയില്ലാതെ എങ്ങനെ പുറത്ത്‌ കടക്കും. ഒടുക്കം സംഭവം ലാന്‍ഡായി.

നാട്ടിലെ ബസ്സീന്ന് ആളിറങ്ങാന്‍ തിരക്കു കൂട്ടുന്നതു പോലെ തിരക്ക്‌ കൂട്ടണ്ടാന്നും മാന്യമായി ഇറങ്ങി വരാമെന്നും ഒക്കെ വിചാരിച്ചതാ. എന്താ ചെയ്യാ മറ്റേ വിമാനം ഒരാള്‍ക്കു വേണ്ടി കാത്ത്‌ നില്‍ക്കുമോ? പിന്നേ സായിപ്പന്മാരു കേരളത്തിലെ ബസ്സിലൊന്നും അധികം കയറാത്തത്‌ ഭാഗ്യം, ദ വെരി ഓള്‍ഡ്‌ ട്രിക്ക്‌ ആദ്യം തല, പിന്നെ ശരീരം അവസാനമായി വലിച്ചോണ്ടിരിക്കുന്ന പെട്ടിയ്ക്ക്‌ ഒരു എക്സ്ട്‌ട്രാ വലി. ഏതൊക്കെയോ സായിപ്പിന്റേം മദാമ്മേടേം ഷൂവിന്റെ പെയിന്റ്‌ പോയിക്കാണും.

പുറത്തേക്കിറങ്ങിയെത്തിയ ഗുഹയിലൂടെ അത്രേം സ്പീഡില്‍ ബെന്‍ ജോണ്‍സണ്‍ പോലും പോയിക്കാണില്ല. ട്രെയിനിന്റെ സ്റ്റോപ്പും ഇറങ്ങേണ്ട പ്ലാറ്റ്‌ഫോമിന്റെ സ്റ്റോപ്പുമൊക്കെ വിമാനത്തിലെ ടിവി സ്ക്രീനില്‍ മുന്‍പേ കാണിച്ചതു കൊണ്ട്‌ അതൊക്കെ പെട്ടന്ന് കണ്ട്‌ പിടിച്ചു. ട്രെയിനില്‍ കയറിയപ്പോള്‍ ശ്വാസം നേരെ വീണു. ഇനി മറ്റേ വിമാനം പുറപ്പെടാന്‍ വെറും പത്ത്‌ മിനിറ്റു മാത്രം. 5 മിനിറ്റ്‌ അവിടെത്താന്‍ എടുത്താലും 5 മിനിറ്റ്‌ ധാരാളം ഇനി ഒരു ഗുഹയിലൂടെയുള്ള ഓട്ടത്തിന്‌. ട്രെയിനിന്റെ വാതില്‍ ചാത്തനും പെട്ടിക്കും കടക്കാവുന്ന് തരത്തില്‍ തുറന്നപ്പോഴേ ചാടി ഓടി.

അടുത്ത ഗേറ്റില്‍ ഒരു ചെറിയ ക്യൂ. ഭാഗ്യം വിമാനം വിട്ടില്ല ഇനി അരമണിക്കൂറു കൂടി ഉണ്ടത്രെ. ഇന്റര്‍നാഷണല്‍ സമയം നോക്കാന്‍ ഇനീം പഠിക്കാനിരിക്കുന്നു. ഫ്രാങ്ക്‌ ഫര്‍ട്ട്‌ വിമാനത്താവളത്തിലെ രണ്ട്‌ മൂന്ന് ലിറ്റര്‍ ഓക്സിജന്‍ ചൂടപ്പം പോലെ ചെലവായി. പോര്‍ട്ട്‌ ലാന്‍ഡ്‌ എന്ന അമേരിക്കന്‍ വിമാനത്താവളത്തിലേക്ക്‌ ഡയറക്റ്റ്‌ ഫ്ലൈറ്റായിരുന്നു. അതേതാണ്ട്‌ ഒരു ലോക്കല്‍ സ്ഥലമാണെന്ന് തോന്നുന്നു കൂടെയുള്ളവര്‍ മൊത്തം ഒരു മാതിരി അലുക്കുലുത്ത്‌ വേഷത്തില്‍ ഒന്ന് ഇസ്തിരിയിട്ട ഷര്‍ട്ട്‌ പോലും കാണാനില്ല. മൊത്തം കുഴീലേക്ക്‌ കാലും നീട്ടിയിരിക്കുന്നവര്‍. അവിടെന്താ പ്രായമായവരുടെ സംസ്ഥാന സമ്മേളനമോ?. അരമണിക്കൂര്‍ അവിടത്തെ വെയിറ്റിംഗ്‌ സ്ഥലത്ത്‌ ഇരിക്കുമ്പോഴാ എന്തായാലും ജര്‍മനിയുടെ ഒരു പടമെടുത്ത്‌ കളയാം എന്ന തോന്നിയത്‌. ക്യാമറയില്‍ ബാറ്ററിക്ക്‌ ചാര്‍ജില്ല. ഛെ ഇനിയിപ്പോള്‍ തിരിച്ചു വരുമ്പോഴാകാം.

വിമാനവും ഒരുവിധം കാലിയാണ്‌, കുറേ സീറ്റുകളില്‍ ആളില്ല. സൈഡ്‌ സീറ്റ്‌ വല്ലോം കിട്ടിയിരുന്നെങ്കില്‍! അപ്പോഴേക്കും പ്രധാന ഐറ്റം കൊണ്ടു വന്നു ഫുഡ്‌. ചാത്തനെ ഒന്ന് ഇരുത്തി നോക്കീട്ട്‌ ആ പെങ്കൊച്ച്‌ ബാക്കിയുള്ളവര്‍ക്ക്‌ ഫുഡും കൊടുത്ത്‌ തിരിച്ച്‌ പോയി. അതെന്താ നമ്മളെക്കണ്ടാല്‍ ഫുഡ്‌ കഴിക്കുന്ന നാട്ടീന്ന് വരുന്നതാന്ന് തോന്നൂലേ? അടുത്തിരുന്നവര്‍ കഴിക്കുന്നതും നോക്കി അധികം വെള്ളമിറക്കേണ്ടി വന്നില്ല, ചാത്തനൊരു സ്പെഷല്‍ പാക്കറ്റ്‌. ഒറ്റ നിമിഷം കൊണ്ട്‌ അത്‌ ആവിയായി. പാക്കറ്റല്ല സന്തോഷം ആവിയായീന്ന്. കൂടെയുള്ളവര്‍ ചിക്കനും ഓംലെറ്റുമൊക്കെ തട്ടുമ്പോള്‍, ഇന്ത്യന്‍ നോണ്‍ വെജ്‌ എന്ന് ടിക്കറ്റെടുക്കുമ്പോള്‍ എഴുതിയത്‌ കാരണമാവും കുറേ ചപ്പും ചവറും പുഴുങ്ങിയത്‌!! ആദ്യ വിമാനം ഇന്ത്യേന്ന് സ്റ്റാര്‍ട്ട്‌ ചെയ്തതോണ്ടാവും അതിലെ ആഹാരത്തിനൊരു ഇന്ത്യന്‍ ഛായയെങ്കിലുമുണ്ടായിരുന്നു. കൂടെക്കിട്ടിയ ഒണക്ക ബണ്‍ കടിച്ച്‌ ചവച്ച്‌ മധുരമില്ലാത്ത ഓറഞ്ച്‌ ജ്യൂസും കുടിച്ച്‌ ഒരു ഏമ്പക്കമിടാന്‍ ശ്രമിച്ചു. പറ്റണ്ടേ. ഒടുക്കം ഹോസ്റ്റസ്‌ കൊച്ച്‌ സൈഡിലൂടെ പോയപ്പോള്‍ വളരെ രഹസ്യമായി ചേച്ച്യേയ്‌ ആ ബാക്കിയുള്ളവര്‍ക്ക്‌ കൊടുത്ത പാക്കറ്റ്‌ ഒരെണ്ണം കിട്ടാന്‍ സാധ്യതയുണ്ടോന്ന് തിരക്കി. കൊച്ച്‌ നോക്കാമെന്നും പറഞ്ഞ്‌ തിരിച്ച്‌ പോയി. ഒന്ന് കൊണ്ട്‌ തന്നു. കൂടെ ഇരുന്ന മദാമ്മ രണ്ട്‌ സീറ്റ്‌ അപ്പുറം മാറിയിരുന്നു വിമാനത്തില്‍ കിട്ടിയ മാഗസീനില്‍ സൊമാലിയയുടെ മാപ്പ്‌ നോക്കി മനഃപാഠമാക്കി.

പരിചയമില്ലാത്ത ഭക്ഷണമായതു കൊണ്ടാവും കഴിച്ച ഉടനേ അതിനു പുറത്ത്‌ പോവണമെന്ന് പറഞ്ഞു. യൂറോപ്യന്‍ പേപ്പര്‍ പരിചയമില്ലാത്തോണ്‌ ഒരു പ്ലാസ്റ്റിക്‌ മഗ്ഗ്‌ എടുത്തിരുന്നു. അതു പക്ഷേ ചെക്ക്ഡ്‌ ഇന്‍ ലഗേജിലായിപ്പോയി. വരുന്നത്‌ വരട്ടേ കുറച്ചധികം പേപ്പര്‍ ചെലവാക്കിയേക്കാം അങ്ങനെ അതും കഴിഞ്ഞു. ഫ്ലഷ്‌ വലിച്ചപ്പോഴാണ്‌ ഞെട്ടിപ്പോയത്‌. ഭീകരമായ ഒച്ചേം കാറ്റും. അതു ശരി സായിപ്പന്മാരു ഇവിടെം വെള്ളം ഉപയോഗിക്കാറില്ല അല്ലേ. ഇനിയിപ്പോള്‍ കുളിയും ഇതു പോലെ വാക്വം ക്ലീനിംഗ്‌ ആവുമോ എന്തോ?

വിമാനം അമേരിക്കന്‍ മണ്ണില്‍ എത്താനായി. ഒരു ഫോം കൊണ്ടു തന്നു പൂരിപ്പിക്കാന്‍. നിങ്ങള്‍ ആഹാരസാധനങ്ങള്‍ വല്ലോം കൊണ്ടു വരുന്നുണ്ടോ എന്ന്. ഒരു ലോഡ്‌ മാഗീം എം ടി ആര്‍ പാക്കറ്റുകളും ഏത്‌ സോഫ്റ്റ്‌ വേര്‍ എഞ്ചിനീയറേം പോലെ ചാത്തനും വിട്ടു കളഞ്ഞു. ഇത്തവണ തിരക്കൊന്നും കൂട്ടാതാണ്‌ ഇറങ്ങിയത്‌. ഇന്ന് അവിടെ വെള്ളിയാഴ്ചയാണ്‌ അതും ഉച്ചയാവാറായി. ഇനി രണ്ട്‌ ദിവസം റെസ്റ്റെടുത്ത്‌ തിങ്കളാഴ്ച പോയാല്‍ മതിയാവും ഓഫീസില്‍. ഫുഡ്‌ ഐറ്റംസ്‌ വല്ലോം ഉണ്ടോ ലഗേജില്‍ എന്ന് ചോദിച്ച ഓഫീസറോട്‌ ഫുഡോ അതെന്ത്‌ എന്ന ഭാവത്തില്‍ ഉത്തരോം പറഞ്ഞ്‌ ചാത്തന്‍ പുറത്തിറങ്ങി. ആദ്യം കണ്ട കടയില്‍ നിന്നൊരു ഫോണ്‍ കാര്‍ഡ്‌ വാങ്ങി. പക്ഷേ എയര്‍പോര്‍ട്ടില്‍ എവിടെം വിളിക്കാനൊരു ഫോണ്‍ കാണാനില്ല. പിന്നെ എന്‍ക്വയറിയില്‍ നില്‍ക്കുന്ന ഒരു അമ്മൂമ്മയോട്‌ സഹായം ചോദിച്ചു. അമ്മൂമ്മയെക്കാളും പ്രായമുള്ള ഒരു ഫോണ്‍ എടുത്ത്‌ തന്നിട്ടു ലോക്കല്‍ കാള്‍ വേണേല്‍ അതില്‍ വിളിച്ചോളാന്‍ പറഞ്ഞു.

ചൈനക്കാരനെ വിളിച്ചിട്ടു കിട്ടുന്നില്ല. താമസിക്കാനുള്ള ഹോട്ടലിന്റെ നമ്പറിലേക്ക്‌ വിളിച്ചു അതും സ്വാഹ. വേറേ എവിടെയെങ്കിലും ഫോണുണ്ടോ എന്നായി. ഒരു അരമൈലു ദൂരെ അടുത്ത ഫ്ലോറിലാണത്രേ കാര്‍ഡ്‌ വച്ച്‌ വിളിക്കാന്‍ പറ്റുന്ന ഫോണ്‍! എന്റെ അമേരിക്കാാ ആ ആ ആ!. ഫസ്റ്റ്‌ ഇമ്പ്രഷന്‍ എന്ന് തുടങ്ങുന്ന ചൊല്ല് ഇന്ത്യേലാണോ കണ്ട്‌ പിടിച്ചത്‌?

മെഷീന്‍ കണ്ടു പിടിച്ച്‌ കുറച്ച്‌ സമയം മല്‍പിടുത്തം നടത്തി. ഒരു രക്ഷേമില്ല ആ വഴിയൊന്നും മനുഷ്യന്മാരു നടക്കുന്നില്ല. പിന്നേ ഇത്തിരി മാറിനിന്ന് ഒരു സായിപ്പിനെ(ഏതോ എയര്‍പോര്‍ട്ട്‌ ഉദ്യോഗസ്ഥനാണെന്ന് തോന്നുന്നു) ചാക്കിട്ട്‌ പിടിച്ച്‌ മെഷീനിന്റെ അടുത്ത്‌ കൊണ്ട്‌ പോയി. അങ്ങേരും കുറച്ച്‌ കഷ്ടപ്പെട്ടു. പിന്നേം ഫലം സ്വാഹ. പാവം പരാജയം സമ്മതിച്ചു എന്റെ നേരെ സ്വന്തം മൊബൈലു നീട്ടി അതില്‍ വിളിച്ചോളാന്‍ പറഞ്ഞു . സ്വന്തം എയര്‍പോര്‍ട്ടിലെ ഫോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ സായിപ്പിനു തന്നെ പറ്റുന്നില്ല. ഇതാ അമേരിക്കാ സെക്കന്റ്‌ ഇമ്പ്രഷനും കൊള്ളാം.

ഭാഗ്യം ചൈനക്കാരനെ കിട്ടി. അങ്ങേര്‍ ഹോട്ടലില്‍ വിളിച്ച്‌ വണ്ടി അയക്കാം എന്നു പറഞ്ഞു. ദൈവമേ അപ്പോള്‍ ചാത്തന്‍ വരുന്ന കാര്യം ഇങ്ങേര്‍ ഓര്‍ക്കുന്നുപോലുമുണ്ടായിരുന്നില്ലെ!. മൊബൈലു കൊടുത്ത്‌ സായിപ്പിനെ പറഞ്ഞ്‌ വിട്ടു. പിന്നേം കുറച്ച്‌ സമയം മെഷീനില്‍ കളിച്ചു വീട്ടുകാരുടെ ഭാഗ്യം ഇന്ത്യയിലേക്ക്‌ ഫോണ്‍ കിട്ടി! സുഖമായി എത്തിയ വിവരം പറഞ്ഞു. 20 ഡോളറിനു വാങ്ങിയ കാര്‍ഡിലെ കാശ്‌ റോക്കറ്റു പോകുന്ന സ്പീഡില്‍ തീരുന്നു. പുറത്തിറങ്ങി വണ്ടി കാത്തു നിന്നാലോ എന്നായി പക്ഷേ വണ്ടീടെ നമ്പറൊന്നുമില്ലാതെ എങ്ങനെ. അതിനിനി സായിപ്പിന്റെ മൊബൈലില്‍ ഓസണ്ട. ഒന്നു കൂടി ചൈനക്കാരനെ വിളിച്ചു. കിട്ടി. അങ്ങേര്‍ ഹോട്ടലില്‍ വിളിച്ച്‌ ചോദിച്ചു വയ്ക്കാം എന്ന് പറഞ്ഞ്‌ വച്ചു. 5 മിനിറ്റ്‌ കഴിഞ്ഞ്‌ പിന്നേം വിളിച്ചു. ഒരു വെളുത്ത വല്യ വണ്ടിയാണ്‌ നമ്പരൊന്നും അറീല. കണ്ടില്ലെങ്കില്‍ ടാക്സി പിടിച്ച്‌ വന്നാല്‍ മതി. അമേരിക്കാ ഇതാ മൂന്നാം ഇമ്പ്രഷന്‍. പുറത്തിറങ്ങി വണ്ടിയ്ക്ക്‌ കാത്തു നില്‍ക്കാന്‍ തുടങ്ങി. എനിക്കവരെ അറിയില്ലെങ്കിലും ആകെപ്പാടെ ഒറ്റയ്ക്ക്‌ നില്‍ക്കുന്ന ഒരു ഇന്ത്യാക്കാരനെ അവരെങ്ങാന്‍ തിരിച്ചറിഞ്ഞാലോ? ഒരു കോന്തന്‍ വെള്ള വണ്ടി നോക്കാന്‍ പറഞ്ഞിരിക്കുന്നു. അവിടെ കണ്ടതില്‍ വെള്ളയല്ലാത്ത വല്ല വണ്ടിയും കാണുന്നുണ്ടോന്നായി അടുത്ത അന്വേഷണം. കാരണം പുറത്ത്‌ കാണുന്നത്‌ മൊത്തം വെള്ള വണ്ടികള്‍!

ഒരു മണിക്കൂറിലധികം എയര്‍പോര്‍ട്ടിനു പുറത്ത്‌ തേരാപ്പാരാ നടന്നു. ഒരു വെള്ള വണ്ടിയും അടുത്ത്‌ വന്നില്ല. അവസാനം തിരിച്ച്‌ ഒന്നൂടെ ഫോണ്‍ ചെയ്യാമെന്ന് വച്ച്‌ തിരിച്ച്‌ കയറാന്‍ പോകുമ്പോള്‍ താമസിക്കാനുള്ള ഹോട്ടലിന്റെ പേര്‌ സൈഡിലെഴുതിയ ഒരു വെള്ള വണ്ടി അതിലൂടെ കറങ്ങുന്നത്‌ കണ്ടു. ഓടിച്ചെന്ന് അതിന്റെ കുറുകെ ചാടി ചോദിച്ചപ്പോള്‍ അതെന്നെ കാണാതെ തിരിച്ച്‌ പോവാന്‍ തുടങ്ങുവായിരുന്നത്രെ. ഭാഗ്യം. സാവി, ഫിലിപ്പീന്‍ കാരനായ ആ ഡ്രൈവര്‍ തന്നെയാണ്‌ വരും ദിവസങ്ങളില്‍ ഹോട്ടലില്‍ നിന്നും ഓഫീസിലേക്കുള്ള പിക്‌ അപ്‌ ആന്റ്‌ ഡ്രോപ്പ്‌ മിക്കവാറും നടത്തിയിരുന്നത്‌.

അങ്ങനെ ഉച്ചയോടെ ഹോട്ടലിലെത്തി. അതോടെ അടുത്ത പ്രശ്നം തലപൊക്കി. ഓണ്‍സൈറ്റ്‌ പ്രമാണിച്ച്‌ കമ്പനി തന്ന അമേരിക്കന്‍ എക്സ്പ്രസ്സ്‌ കാര്‍ഡ്‌ വര്‍ക്ക്‌ ചെയ്യുന്നില്ല. കാശു കൊടുക്കാതെ അവിടെ താമസിക്കാന്‍ പറ്റില്ലത്രേ. അവര്‍ക്കൊന്നും ചെയ്യാന്‍ പറ്റില്ല. അവിടെ നിന്നും ചൈനക്കാരനെ വീണ്ടും വിളിച്ചു. ആള്‍ സ്ഥലത്തില്ല. വേറേ കാര്‍ഡുണ്ടോ എന്നായി. സ്വന്തം ഡെബിറ്റ്‌ കാര്‍ഡല്ലാതെ വേറെ ഒരു കാര്‍ഡില്ല. അവസാനം ആ കാര്‍ഡിലെ അവസാന അണ പൈ തുടച്ചെടുത്ത്‌ ഒരാഴ്ചത്തെ അതാത്രെ മിനിമം വാടക കൊടുത്തു. ബാക്കി കാര്‍ഡ്‌ ശരിയാകുമ്പോള്‍ എന്നും പറഞ്ഞ്‌ ആ ഒണക്കച്ചണ്ടി(കാശില്ലാത്ത എന്റെ ഡെബിറ്റ്‌ കാര്‍ഡ്‌) ഒരു പുഞ്ചിരിയോടെ ആ മദാമ്മ തിരിച്ചു തന്നു. ഒരാഴചയ്ക്ക്‌ ശേഷം അമേരിക്കയില്‍ ഒരാഴ്ചത്തേക്ക്‌ ഹോട്ടലിലെ തൂപ്പ്‌ ജോലി സ്വപ്നം കണ്ട്‌ (രണ്ടാഴ്ചയ്ക്ക്‌ ശേഷമാണ്‌ മടക്ക ടിക്കറ്റ്‌) ചാത്തന്‍ റൂമിലേക്ക്‌ നടന്നു.

ഓടോ: ഇനിയിപ്പോള്‍ ബാക്കി കാര്യായിട്ടൊന്നുമില്ല. ഒരു രണ്ടാം ഭാഗം വേണ്ടി വരുമോ എന്തോ. പിന്നാവട്ടെ. 19-9-09 നു ഭൂമിയിലെത്തിയ കുഞ്ഞിച്ചാത്തനും അമേരിക്കയ്ക്ക്‌ വേണ്ടി ഘോരഘോരം വാദിക്കുന്ന വിന്‍സിനും വേണ്ടി ഈ പോസ്റ്റ്‌ വെടിക്കെട്ട്‌ ചെയ്യുന്നു.

Tuesday, August 11, 2009

ഒരു കാള സായാഹ്നം - 2

യാത്രയുടെ തുടക്കം ഇത്തിരി കട്ടിയായിരുന്നു പലരുടെയും വീടിനടുത്തുള്ള പറമ്പുകള്‍ വേലികള്‍ ചെറിയ മതിലുകള്‍ അങ്ങനെ തടസ്സങ്ങള്‍ ഒരുപാട്‌. പിന്നെ അന്നത്തെ പ്രത്യേക ചുറ്റുപാട്‌ എല്ലാവരും അറിഞ്ഞതു കൊണ്ടാവും അഞ്ചാറു യൂനിഫോംധാരികളെ, ഇതിലേ പോയിക്കോ മക്കളേ എന്ന മനോഭാവത്തോടെയാണ്‌ എല്ലാവരും കണ്ടത്‌.

പതുക്കെ പതുക്കെ ജനവാസം കുറഞ്ഞു, വീടുകള്‍ തമ്മിലുള്ള അകലം കൂടി. എല്ലായിടത്തും വഴി ചോദിച്ച്‌ ചോദിച്ച്‌ പോകേണ്ടി വരുമെന്നതിനാല്‍ ഞങ്ങള്‍ വേഗത കൂട്ടി, കിതപ്പ്‌, ദാഹം കൂടെ എടുത്ത വെള്ളം തീര്‍ന്നു. ദൂരെയായി ഒരു അരുവിയും വീടും. ഒരു പ്രായമായ സ്ത്രീ പുറത്ത്‌ നില്‍ക്കുന്നു. ഞങ്ങള്‍ വഴി ചോദിച്ചു. അരുവിയുടെ ഓരം ചേര്‍ന്ന് നടന്നാല്‍ മതി. കുറേ പോയിക്കഴിയുമ്പോള്‍ ഒരു കവുങ്ങിന്റെ പാലം കാണാം അവിടെ വച്ച്‌ അരുവി മുറിച്ച്‌ കടക്കണം. വെള്ളം കുറവാണെന്ന് വച്ച്‌ വേറേ എവിടെ നിന്നും മുറിച്ച്‌ കടന്നേക്കരുത്‌ മറുവശം ആറളം ഫാമിന്റെ കീഴിലാണ്‌. ചിലപ്പോള്‍ വല്ല പാമ്പോ മറ്റോ കാണും നേരം ഇരുട്ടിവരികയല്ലേ. പാലം കടന്നാല്‍ ഒരാള്‍ക്കു നടക്കാന്‍ പാകത്തില്‍ ഒരു ഇടവഴി കാണും അതിലൂടെ നേരെ നടന്നാല്‍ മതി ഫാമിന്റെ മെയിന്‍ ഗേറ്റിനടുത്ത്‌ എത്താം. അതു മതി അവിടെ നിന്ന് എന്റെ വീട്ടിലേക്ക്‌ അടുത്താണ്‌, വഴിയും അറിയാം എന്നായി കൂട്ടുകാരന്‍. പക്ഷേ വെയില്‍ മാഞ്ഞ്‌ തുടങ്ങുന്നു. വേഗത പോരാ.

നാട്ടില്‍ നടന്ന ദുരന്തം പ്രകൃതിയെപ്പോലും ബാധിച്ചോ എന്തോ പക്ഷികളുടെ ശബ്ദവും നിലച്ചു. മുട്ടുവരെ മാത്രം വെള്ളമുള്ള അരുവിയിലെ വെള്ളത്തിന്റെ നേര്‍ത്ത ശബ്ദം മാത്രം. ഇനി ഫാമിന്റെ ഗേറ്റിനടുത്തെത്തുന്നതു വരെ വീടുകളൊന്നുമില്ല. വഴിചോദിക്കാന്‍ മരങ്ങളും കുറ്റിക്കാടുകളും അരുവിയും മാത്രം. നടന്നിട്ടും നടന്നിട്ടും പാലം കാണാനില്ല. എല്ലാവരുടെയും ധൈര്യം വിയര്‍പ്പിന്റെ രൂപത്തില്‍ ചോര്‍ന്നു പോവാന്‍ തുടങ്ങി. ഒന്നു കിതപ്പടങ്ങുന്നവര്‍ മുന്‍പോട്ടോടി ദൂരെയെങ്ങാന്‍ പാലം കാണാനുണ്ടോ എന്ന് നോക്കും പിന്നെ ബാക്കിയുള്ളവര്‍ വരുന്നതു വരെ അവിടെ അണച്ചോണ്ടിരിക്കും. അരുവിയുടെ ആഴം കൂടിക്കൂടി വരുന്നു .പാലം കാണാത്ത സ്ഥിതിയ്ക്ക്‌ ഇവിടെ വച്ച്‌ തന്നെ പുഴ കടന്നാലോ? എന്ത്‌ വന്നാലും ആറു പേരില്ലേ?

വേണ്ട എന്ന് അഞ്ചു പേരും ഒരേ ശ്വാസത്തില്‍. വല്ല പാമ്പും വന്നാല്‍ വന്ന് കടിച്ചിട്ട്‌ പോയ്ക്കോ എന്നും പറഞ്ഞ്‌ വെറുതേ നില്‍ക്കാനുള്ള ത്രാണിയേ ഉള്ളൂ. ചെരുപ്പ്‌ ഉരഞ്ഞ്‌ വിരലുകള്‍ അവിടവിടെ വേദനിക്കുന്നു. അവസാനം പാലം കണ്ടു. അതാവണം പാലം എന്ന് ആ സ്ത്രീ ഉദ്ദേശിച്ചത്‌ ഒരു കവുങ്ങ്‌ രണ്ടായിക്കീറി പുഴയ്ക്ക്‌ കുറുകേ ഇട്ടിരിക്കുന്നു. ആഴം അധികമില്ലാത്തതിനാല്‍ വീണാല്‍ പുഴയിലെ കല്ലിലെവിടെങ്കിലും അടിച്ച്‌ കാലൊടിയുകയോ ഉളുക്കുകയോ ചെയ്യും. പോരാഞ്ഞ്‌ അതിനത്ര ഉറപ്പുമില്ല നടുവിലെത്തിയാല്‍ പാലം മൊത്തം ആടുമെന്നുറപ്പ്‌. ഒരു പരീക്ഷണത്തിനു ആരും തയ്യാറായില്ല. ഇരുന്നും നിരങ്ങിയും ഓരോരുത്തരായി പാലം കടന്നു. ഒന്നും സംഭവിച്ചില്ല. കവുങ്ങിന്റെ ആരുകള്‍ കൊണ്ടിട്ടാണോ എന്തോ കയ്യൊക്കെ പുകയുന്നു.

ഇടവഴി കണ്ടുപിടിച്ചു. ചുറ്റും കാടും മുള്ളും. അടുത്ത്‌ കണ്ട ശീമക്കൊന്നയുടെ കൊമ്പുകള്‍ പൊട്ടിച്ച്‌ ഞങ്ങള്‍ മുള്ളുകളോട്‌ വാള്‍പയറ്റ്‌ നടത്തി മുന്നോട്ട്‌ നീങ്ങി. പോക്കുവെയിലിന്റെ അവസാന കണങ്ങളും വിടപറയുന്നു. എത്തിപ്പോയീ. ഫാമിന്റെ ഗേറ്റ്‌ ദൂരെ കണ്ടപ്പോള്‍ തന്നെ ഞങ്ങള്‍ ആവേശഭരിതരായി. പിന്നെ കൂട്ടുകാരന്റെ വീട്ടിലേക്ക്‌ ഓട്ടമായിരുന്നു. ക്രിക്കറ്റ്‌ കളിച്ച്‌ തളര്‍ന്ന് വരുമ്പോള്‍ കിണറ്റിലെ വെള്ളത്തിന്‌ മധുരമുള്ളതായി ചാത്തന്‍ അറിഞ്ഞിരുന്നെങ്കിലും ഇതിനു മുന്‍പൊന്നും ഇത്രേം മധുരത്തോടെ വെള്ളം കുടിച്ചിട്ടില്ല.

അങ്ങനെ ആറുപേരിലൊരാള്‍ വീടെത്തിയെങ്കിലും അവിടെ താമസിക്കമെന്നവന്‍ പറഞ്ഞെങ്കിലും ഞങ്ങളുടെ പ്രശ്നം ബാക്കിയായി. ഇരുട്ടിയിട്ടും വീടെത്താത്ത അഞ്ച്‌ കൗമാരക്കാരുടെ വീടുകളില്‍ ഇപ്പോള്‍ എന്താവും നടന്നുകൊണ്ടിരിക്കുന്നത്‌?

വീട്ടിനു തൊട്ടടുത്ത്‌ പഠിച്ചുകൊണ്ടിരിക്കുന്ന അനിയന്മാരും അവിടെതന്നെ പഠിപ്പിച്ചിരുന്ന അമ്മയും ഒക്കെ നേരത്തേ വീടെത്തി. വഴിയിലേക്കും നോക്കിയിരിപ്പായിരുന്നു. കളിക്കാന്‍ നില്‍ക്കാതെ ജീപ്പില്‍ കയറി സ്ഥലം വിട്ട കരിങ്കാലികള്‍ വഴിയിലെവിടെവച്ചോ ജീപ്പിനെ കടത്തി വിടൂലാ എന്ന സ്ഥിതി വന്നപ്പോള്‍ ഇറങ്ങി നടന്ന് സന്ധ്യയോടടുത്ത്‌ ചാത്തന്റെ നാട്ടിലെത്തിയിരുന്നു. അവര്‍ക്ക്‌ ചാത്തന്റെ വീടറിയുന്നതു കൊണ്ട്‌ പോകുന്ന വഴി ഞങ്ങള്‍ അഞ്ചാറുപേര്‍ മൊത്തം നടന്നായിരിക്കും വരവെന്ന് വീട്ടിലറിയിച്ചിരുന്നു. കുറേപേര്‍ ഒരുമിച്ചായതു കാരണം വീട്ടുകാര്‍ക്കൊരു സമാധാനം.

പകുതി വഴിയ്ക്ക്‌ കൂട്ടുകാരന്റെ വീട്ടിലെത്തിയ ഞങ്ങള്‍ക്ക്‌ അവന്‍ പോകാവുന്നത്ര ദൂരം കൊണ്ടുപോയി വിടാന്‍ ഒരു മിനി ലോറി തരമാക്കി തന്നു. ആറളം ഫാമിന്റെ അടുത്ത്‌ നിന്നും മെയിന്‍ റോഡിലെത്തിയപ്പോഴേക്കും അതും മുന്നോട്ട്‌ പോകില്ല എന്നായി, പിന്നേം നടപ്പ്‌ തുടര്‍ന്നു. എന്നാല്‍ മെയിന്‍ റോഡില്‍ ഒടിഞ്ഞ്‌ തൂങ്ങി നാലഞ്ച്‌ പിള്ളേര്‍ നടക്കുന്നതു കണ്ട ഒരു ചേട്ടന്‍ തന്റെ ജീപ്പില്‍ അടുത്ത ജംഗ്ഷന്‍ വരെ എത്തിച്ചു. പിന്നേം റോഡ്‌ ബ്ലോക്ക്‌. പിന്നേം നടപ്പ്‌. ഇപ്പോള്‍ ഞങ്ങള്‍ റോഡ്‌ മുഴുവന്‍ ഞങ്ങള്‍ക്ക്‌ എഴുതിത്തന്നതു പോലായി നടപ്പ്‌. ഒരു മനുഷ്യനേം കാണാനില്ല.

അടുത്ത ജനവാസമുള്ള ജംഗ്ഷനിലെത്തിയപ്പോള്‍ ഞങ്ങള്‍ ഫോണ്‍ ചെയ്യാന്‍ സ്ഥലം അന്വേഷിച്ചു. എല്ലാ കടകളും അടഞ്ഞ്‌ കിടക്കുന്നു.കൂട്ടത്തിലൊരുത്തനു വിദൂരപരിചയമുള്ള ഒരു വീട്‌ അടുത്തുണ്ട്‌ അവിടെ കയറി ഫോണ്‍ ചെയ്യാമെന്നായി. അവിടാകെ ഒരു വയസ്സായ ഒരു അമ്മച്ചി മാത്രം വീടൊക്കെ അടച്ചുപൂട്ടി ഇരിക്കുന്നു. പയ്യന്‍സിനു പരിചയമുള്ള ആള്‍ അവിടില്ല. എന്നാലും കുറേ കരഞ്ഞ്‌ പറഞ്ഞപ്പോള്‍ അവര്‍ ഫോണ്‍ ജനലിനരികിലേക്ക്‌ നീക്കി വച്ച്‌ ജനല്‍ തുറന്ന് തന്നു. പിന്നേം തഥൈവ. ഒരിടത്തും ഫോണ്‍ ലൈന്‍ കിട്ടുന്നില്ല. വെള്ളം ചോദിച്ചപ്പോള്‍ കിണറ്റില്‍ നിന്നു കോരിക്കുടിച്ചോളാന്‍ പറഞ്ഞു.

കിണറ്റിന്‍ കരയിലേക്ക്‌ പോകാന്‍ ലൈറ്റ്‌ ഇട്ട്‌ തന്നപ്പോഴാണ്‌ ചാത്തനാ വീട്ടില്‍ അതിനു മുന്‍പ്‌ പോയതായി മനസ്സിലായത്‌. അച്ഛന്റെ കടയില്‍ മുന്‍പ്‌ ഫാര്‍മസിസ്റ്റായിരുന്ന നാന്‍സി ചേച്ചീടെ വീട്‌. ചേച്ചീടെ കല്യാണത്തിന്‌ ചാത്തനവിടെ വന്നിരുന്നു. ചാത്തന്‍ ആ അമ്മച്ചിയോട്‌ ചോദിച്ചു പിന്നെ സ്വന്തം പേരും വിലാസവും പറഞ്ഞു അവരപ്പോള്‍ തന്നെ വാതില്‍ തുറന്ന് പുറത്ത്‌ വന്നു വെള്ളം കൊണ്ടു തന്നു. ഞങ്ങള്‍ വെള്ളം കുടിക്കുമ്പോഴേക്കും അവരുതന്നെ ഫോണ്‍ വിളിച്ച്‌ വിളിച്ച്‌ ചാത്തന്റെ വീട്ടില്‍ ലൈന്‍ കിട്ടി. ഞങ്ങളെല്ലാരോടും അവിടെതന്നെ നിന്നോളാന്‍ അവര്‍ പറഞ്ഞു. പക്ഷേ അവിടെ വരെ എത്തിയ സ്ഥിതിയ്ക്ക്‌ ഇനി വല്ല ബൈക്കും അങ്ങോട്ട്‌ വിടാം നേരായ റോഡില്‍ തന്നെ നടന്നോളാന്‍ അമ്മ പറഞ്ഞു.

അച്ഛന്റെ ഒരു ബന്ധുവായ ദിനുവേട്ടന്‍ പെട്ടന്ന് തന്നെ ബൈക്കുമായെത്തി അഞ്ച്‌ പേരില്‍ രണ്ടെണ്ണം വച്ച്‌ കൊണ്ട്‌ പോയി ചാത്തന്റെ വീട്ടില്‍ വിട്ടു. ഏറ്റവും അവസാനം ചാത്തനും. ചാത്തനെത്തുമ്പോഴേക്ക്‌ കൂട്ടുകാരെയൊക്കെ പലവിധ വണ്ടികളിലായി അവരവരുടെ നാട്ടിലേക്ക്‌ പാര്‍സല്‍ ആക്കിയിരുന്നു. വീട്ടിലെത്തി നേരെ സോഫയിലേക്ക്‌ ചെരിഞ്ഞു. കാലെന്ന് പറയുന്ന സാധനത്തിന്റെ ബാക്കി വല്ലതും ഉണ്ടെങ്കില്‍ പെറുക്കി സോഫയുടെ ഒരു സൈഡില്‍ ഇട്ടേക്കാന്‍ പറഞ്ഞു.

പിറ്റേന്ന് എങ്ങനെ സ്ക്കൂളില്‍ പോകുമെന്ന് ആലോചിച്ചാണ്‌ എഴുന്നേറ്റത്‌. വൈദ്യന്‍ കല്‍പിച്ചതു മാത്രമല്ല മൊത്തം പാലു മയം. ഒരു മാസത്തേക്ക്‌ പിന്നെ സ്ക്കൂളുണ്ടായിരുന്നില്ല. ഒരുമാസം നഷ്ടപ്പെട്ട ക്രിക്കറ്റ്‌ ഗ്രൗണ്ടുകള്‍ക്കായി തീറെഴുതിക്കൊടുത്ത്‌ കളിച്ച്‌ തിമിര്‍ത്തു.

അന്നത്തെ യാത്രയില്‍ കുടിക്കാന്‍ വെള്ളം തന്നവര്‍, സഹതപിച്ചവര്‍, വഴികാണിച്ചു തന്നവര്‍, കുറച്ചെങ്കില്‍ കുറച്ച്‌ ദൂരം കൊണ്ട്‌ വിട്ടു തന്നവര്‍. അവരെല്ലാം ഇന്നും കണ്ണൂരില്‍ കാണും പാര്‍ട്ടികളും തമ്മില്‍ തല്ലും കൊലപാതക പരമ്പരകളും എപ്പോഴുമുണ്ടെങ്കിലും വഴിയില്‍ പെട്ടുപോകുന്നവര്‍ക്ക്‌ ഒരിക്കലും ഞങ്ങളുടെ നാട്ടില്‍ സഹായം കിട്ടാതിരിക്കില്ല. അതിനാരും പാര്‍ട്ടിയൊന്നും നോക്കില്ല.

കൃത്യമായ അജണ്ടകളോടെ ആളും തരവും നോക്കി മാത്രമാണ്‌ രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറുന്നത്‌. വാളെടുക്കുന്നവന്‍ മാത്രമേ വാളാല്‍ നശിക്കൂ. രാഷ്ട്രീയ മുതലെടുപ്പിനായി വിളിച്ച്‌ പറയാന്‍ എന്നും തോടാവുന്ന റോഡുകളും സര്‍ക്കാറിന്റെ അനാസ്ഥയും, അവശ്യ വസ്തുക്കളുടെ വിലയില്‍ ചാഞ്ചാട്ടവും മാധ്യമങ്ങള്‍ക്കാഘോഷിക്കാന്‍ കോടികളുടെ തിരിമറികേസുകളും ഉണ്ടാവട്ടെ, വാളെടുക്കാന്‍ ആര്‍ക്കും സമയമില്ലാതാവട്ടെ.


വാല്‍ക്കഷ്ണം: അന്ന് നംവബര്‍ 25 1994 കണ്ണൂരിലെ കൂത്തുപറമ്പില്‍ 5 പേര്‍ പോലീസ്‌ വെടിവയ്പില്‍ കൊല്ലപ്പെട്ടു.സഹകരണ ബാങ്ക്‌ ഉല്‍ഘാടനം ചെയ്യാന്‍ വന്ന മന്ത്രി എം വി രാഘവനെ തടയാന്‍ ചെന്നവര്‍ക്ക്‌ നേരെ നടത്തിയ വെടിവയ്പില്‍. അതൊരു രാഷ്ട്രീയ കൊലപാതകമല്ലായിരുന്നു. എന്നാല്‍ ബന്ദ്‌ രാഷ്ട്രീയം കണ്ണൂരില്‍ തുടങ്ങുന്നത്‌ അന്നു മുതലാണ്‌. അതിനു മുന്‍പ്‌ വണ്ടികളൊന്നും ഓടാത്ത വിജനമായ റോഡ്‌ കണ്ടത്‌ രാജീവ ഗാന്ധി കൊല്ലപ്പെട്ടപ്പോഴായിരുന്നു. പിന്നീടുള്ള ഒരു മാസം കണ്ണൂരുകാര്‍ക്കൊരു കോച്ചിംഗ്‌ ക്ലാസായിരുന്നു ബന്ദ്‌ എപ്പോള്‍ വേണമെങ്കിലും വരാം എങ്ങനെ കരുതിയിരിക്കണം എന്നതിനെ പറ്റി.

Wednesday, July 29, 2009

ഒരു കാള സായാഹ്നം - 1

ചാത്തന്‍ പ്ലസ്‌ വണ്‍നു ചേര്‍ന്ന കാലം. 18- 20 കിലോമീറ്റര്‍ ദൂരെയാണ്‌ സ്കൂള്‍. പത്താം ക്ലാസില്‍ കൂടെ പഠിച്ച ഒരു പെണ്‍കുട്ടി മാത്രമേ ക്ലാസില്‍ മുന്‍പരിചയമുള്ളതുള്ളൂ. വീട്ടില്‍ നിന്നും ആദ്യമായി ബസ്സില്‍ സ്ക്കൂളില്‍ പോകുന്നു. അതും രാവിലെ 8 മണിയ്ക്ക്‌. 9:15 മുതല്‍ വൈകീട്ട്‌ 4:30 വരെ ക്ലാസ്‌ അതും തുടര്‍ച്ചയായ പീര്യേഡുകള്‍, എണ്ണത്തില്‍ കൂടുതലും ഇടവേളകള്‍ കുറവും. ചെന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പിച്ചാനും തോണ്ടാനും ശത്രുക്കളെയുമുണ്ടാക്കി. രണ്ടാം ശനിയാഴ്ചയൊഴിച്ച്‌ ശനിയാഴ്ചയും ക്ലാസ്‌ ഉണ്ട്‌. ആകെപ്പാടെ ഒരു വല്ലായ്മ.

സ്ക്കൂള്‍ ഗ്രൗണ്ട്‌ ഹൈസ്ക്കൂള്‍കാരുടെ കുത്തകയാണ്‌. ശനിയാഴ്ചകളില്‍ പ്ലസ്‌ റ്റു കാരുടെയും. എന്നും വൈകീട്ട്‌ 4:15 ആകുമ്പോഴേക്കും വീട്ടിലെത്തി ചായയും വലിച്ച്‌ കുടിച്ച്‌ ക്രിക്കറ്റ്‌ കളിക്കാനോടിയിരുന്ന ചാത്തന്‍ മാത്രം ഒറ്റയ്ക്കായി. കൂടെ പഠിച്ചവരൊക്കെ കോളേജുകളില്‍ പ്രീഡിഗ്രിയ്ക്ക്‌. അവിടാണേല്‍ എന്നും സമരവും. വൈകി മാത്രം നാട്ടിലെ ഗ്രൗണ്ടിലെത്തുന്ന ചാത്തനെ അവസാനം 6-8 ഓവറുകള്‍ മാത്രമുള്ള ഒരു കളിയ്ക്ക്‌ കൂട്ടിയാലായി. ഒരേ തൂവല്‍പക്ഷികളായി 5-6 പേരെ സംഘടിപ്പിച്ചു പക്ഷേ സ്ക്കൂളില്‍ വച്ച്‌ കളിക്കാന്‍ ഗ്രൗണ്ട്‌ ഒഴിവ്‌ കിട്ടണ്ടേ. പ്ലസ്‌ റ്റു കാരാണേല്‍ ശനിയാഴ്ച അടുപ്പിക്കുകയുമില്ല.

അങ്ങനെയിരിക്കേ ഒരു ദിവസം, ഹൈസ്ക്കൂള്‍ എന്തോ കാരണവശാല്‍ ഉച്ചയ്ക്കേ വിട്ടു. പ്ലസ്‌ വണ്ണിനും റ്റുവിനും കൂടി ക്ലാസെടുക്കാന്‍ ആകെ ഒരു കണക്ക്‌ ടീച്ചര്‍ മാത്രം. ടീച്ചര്‍ക്കാണേല്‍ അന്ന് നേരത്തേ പോകണം. രാവിലെ ഞങ്ങള്‍ക്കായി രണ്ട്‌ പീര്യേഡ്‌ എടുത്തതു കൊണ്ട്‌. ഉച്ചയ്ക്ക്‌ ശേഷം പ്ലസ്‌ റ്റുകാര്‍ക്ക്‌ ഒരു അര മണിക്കൂര്‍ എടുത്ത്‌ പിന്നേം ഞങ്ങള്‍ക്ക്‌ കുറച്ചൂടെ ക്ലാസെടുത്ത്‌ വിട്ടേക്കാമെന്ന് ടീച്ചര്‍ പറഞ്ഞത്‌ കാരണം. ഉച്ചയൂണും കഴിച്ച്‌ ഞങ്ങളെല്ലാം കലപില കൂട്ടിയിരിപ്പായി.

പ്ലസ്‌ റ്റുകാരെ വിട്ടശേഷം ടീച്ചര്‍ ഞങ്ങടെ ക്ലാസിലെത്തി. ഇനി തനിക്ക്‌ ക്ലാസെടുക്കാന്‍ വയ്യാന്നും ആണ്‍പിള്ളേര്‍ ഗ്രൗണ്ടിലെങ്ങാന്‍ പോയി കളിച്ചിട്ട്‌ ഒരു പീര്യേഡിന്റെ സമയമാകാനാവുമ്പോള്‍ പോയിക്കോളൂ എന്നും പറഞ്ഞ്‌ ടീച്ചറും പെണ്‍പിള്ളാരും കുറച്ച്‌ കരിങ്കാലികളും ക്ലാസിലിരിപ്പായി. പ്ലസ്‌ റ്റു കാരാണേല്‍ എല്ലാം സ്ഥലം വിട്ടു. നല്ല പൊരിയുന്ന വെയില്‌. എന്നാലും 'സ്വര്‍ഗം താണിറങ്ങി വന്നതോ' എന്ന സ്റ്റൈലില്‍ ഞങ്ങളെല്ലാം ബാറ്റും സ്റ്റംപും എടുത്ത്‌ ഗ്രൗണ്ടിലേക്കോടി. കളിതുടങ്ങി. വെയിലേറ്റ്‌ വാടുന്നുണ്ടെങ്കിലും എന്നും പുളിക്കുന്ന മുന്തിരിങ്ങ മധുരിച്ചതിന്റെ ആവേശത്തിലായിരുന്നു എല്ലാവരും.

പീര്യേഡ്‌ കഴിയാനുള്ള സമയത്തിനും വളരെ മുന്‍പ്‌ തന്നെ കരിങ്കാലികളും പെണ്‍പിള്ളേരും ബാഗും കുടയുമെടുത്ത്‌ സ്ഥലം വിടുന്നത്‌ ഗ്രൗണ്ടില്‍ നിന്നും കാണാമായിരുന്നു. എന്നാലും ഞങ്ങള്‍ കളി തുടര്‍ന്നു. ബസ്‌ സ്റ്റോപ്പിലേക്ക്‌ ഒരു പത്ത്‌ മിനിറ്റ്‌ നടക്കണം. ഒരു അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കരിങ്കാലികളില്‍ രണ്ടെണ്ണം അതാ ഓടി വരുന്നു. ബസ്സുകളൊക്കെ പെട്ടെന്നെന്തോ മിന്നല്‍ പണിമുടക്കാത്രെ. ഇനിയിപ്പോള്‍ ജീപ്പുകള്‍ മാത്രേയുള്ളൂ. ആ വിവരം ഞങ്ങളെ അറിയിക്കാന്‍ വന്നതാ അവര്‌. ഓഹോ എന്തായാലും ജീപ്പേയുള്ളൂ പിന്നെ വൈകിയാലെന്താ വൈകിയില്ലെങ്കിലെന്താ. ഞങ്ങള്‍ കളി മുഴുവനാക്കിയിട്ടേയുള്ളൂ. അവര്‍ തിരിച്ചു പോയി കണക്ക്‌ ടീച്ചറും അവരോടൊപ്പം പോയി.

കളിയൊക്കെ കഴിഞ്ഞ്‌ വെള്ളം കുടിക്കാന്‍ ഞങ്ങള്‍ അടുത്തുള്ള ഒരു പ്ലസ്‌ റ്റുകാരന്‍ കുട്ടിയുടെ വീട്ടില്‍ ചെന്നു. അവന്‍ ടൗണില്‍ പോയിരിക്കുകയായിരുന്നു. വെള്ളം കുടിക്കാന്‍ കയറിയപ്പോള്‍ അവിടുണ്ടായിരുന്ന കണ്ണാടിയില്‍ സ്വന്തം രൂപം കണ്ട്‌ ചാത്തന്‍ ഞെട്ടി കറുത്ത്‌ കരുവാളിച്ച്‌ തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലായിരിക്കുന്നു. ഇനി മേലാല്‍ നട്ടുച്ച വെയിലത്ത്‌ കളിക്കുന്ന പരിപാടി ഇല്ല.

തിരിച്ച്‌ ബസ്‌സ്റ്റോപ്പിലേക്ക്‌ നടക്കാനൊരുങ്ങിയപ്പോള്‍ വീണ്ടും ഞെട്ടി. ഇത്തവണ ഒറ്റയ്ക്കായിരുന്നില്ല. ടൗണില്‍ പോയിരുന്ന പ്ലസ്‌ റ്റു ചേട്ടായി തിരിച്ചു വരുന്നു. കൂടെ കരഞ്ഞ്‌ ചുവന്ന കണ്ണുകളുമായി.....ബാക്കി അടുത്താഴ്ച ഇതേ ദിവസം. എന്ന് പറഞ്ഞാലോന്ന് വച്ചതാ പക്ഷേ ആകെ ഇത്രയല്ലേ എഴുതിയുള്ളൂ. ബാക്കീം കൂടി ഇതാ.

കൂടെ കരഞ്ഞ്‌ ചുവന്ന കണ്ണുകളുമായി കണക്ക്‌ ടീച്ചറും, തെറ്റിദ്ധരിക്കേണ്ട ടീച്ചര്‍ക്ക്‌ 50നു മുകളില്‍ പ്രായമുണ്ട്‌. അന്ന് സ്വന്തം വീട്ടില്‍ പോകുന്നതിനു പകരം ഏതോ ബന്ധുവീട്ടില്‍ പോകാനായിരുന്നു ടീച്ചറുടെ ഉദ്ദേശം. പക്ഷേ പെട്ടന്ന് വന്ന പണിമുടക്ക്‌ എല്ലാം തകിടം മറിച്ചു. ബന്ധുക്കള്‍ സമയത്ത്‌ തന്നെ കാണാതെ ബേജാറാകുമെന്നതായിരുന്നു ടീച്ചറുടെ വിഷമം. ഫോണ്‍ ചെയ്ത്‌ വിവരം അറിയിക്കാന്‍ നോക്കീട്ട്‌ പറ്റുന്നില്ല. അതുകൊണ്ട്‌ ആ പ്ലസ്‌ റ്റൂകുട്ടിയുടെ വീട്ടില്‍ താമസിക്കാനും അവിടെ നിന്ന് എങ്ങനെയെങ്കിലും സ്വന്തം വീട്ടില്‍ കാര്യങ്ങള്‍ അറിയിക്കാനുമാണ്‌ ടീച്ചര്‍ വരുന്നത്‌.

ബസ്‌ പണിമുടക്കെന്ന് പറഞ്ഞിട്ട്‌ ജീപ്പു പോയിട്ട്‌ കാളവണ്ടി പോലും കിട്ടൂലാന്ന് മനസ്സിലായപ്പോള്‍ ഞങ്ങളുടെയും കളിചിരി മാഞ്ഞു. പൊരിവെയിലത്ത്‌ കളിച്ച്‌ ആകെ വാടിയിരിക്കുകയാണ്‌ ഇനിയിപ്പോള്‍ 18- 20 കിലോമീറ്റര്‍ മിനിമം; നടക്കുകയേ വഴിയുള്ളൂ. കാരണം നാളെയും ഇതേ പണിമുടക്ക്‌ തുടരുമെന്നാണ്‌ കേട്ടത്‌. വീട്ടിലേക്ക്‌ ഫോണ്‍ ചെയ്യാന്‍ ഞങ്ങളും പ്ലസ്‌ റ്റൂ ചേട്ടന്റെ വീട്ടിലേക്ക്‌ പോയി. കേരളത്തിന്റെ സ്വന്തം ടെലിഫോണ്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌. ഒരൊറ്റ നമ്പര്‍ കിട്ടുന്നില്ല. പിന്നെ ടീച്ചറിനെങ്കിലും നമ്പര്‍ കിട്ടട്ടേയെന്നും പ്രാര്‍ത്ഥിച്ച്‌, വല്ലവിധേനയും നമ്പര്‍ കിട്ടിത്തുടങ്ങിയാല്‍ ഞങ്ങള്‍ ആരുടെയെങ്കിലും വീട്ടില്‍ വിളിച്ച്‌ ഞങ്ങള്‍ നടരാജാ മോട്ടോര്‍ സര്‍വീസിന്റെ സ്പെഷല്‍ വാഹനത്തില്‍ യാത്ര തുടങ്ങുന്നുണ്ടെന്ന് ഒന്നറിയിക്കണമെന്നും പറഞ്ഞ്‌ അവിടം വിട്ടു. വീണ്ടും ബസ്‌ സ്റ്റോപ്പില്‍ എത്തി.

ബസ്‌സ്റ്റോപ്പ്‌ ഏതാണ്ട്‌ ഒഴിഞ്ഞ മട്ടാണ്‌, കടപൂട്ടാന്‍ പോകുന്ന ഒരു ചേട്ടന്‍ കുറച്ച്‌ കാര്യങ്ങള്‍ വിശദീകരിച്ചു. കൂത്തുപറമ്പെങ്ങാന്‍ വെടിവയ്പുണ്ടായെന്നും മൂന്നാലുപേര്‍ കൊല്ലപ്പെട്ടെന്നും ഇനി കുറച്ച്‌ ദിവസങ്ങള്‍ ജില്ല മൊത്തം ഒരു കടയും തുറക്കില്ലെന്നും വാഹനങ്ങള്‍ ഓടില്ലെന്നും. എത്രയും പെട്ടന്ന് വീട്‌ പിടിച്ചോ മക്കളേ എന്നായിരുന്നു മൊത്തത്തിലുള്ള സാരം. നേരാം വഴി നടന്നാല്‍ പകുതിയ്ക്ക്‌ ആംബുലന്‍സിനെ വിളിക്കേണ്ടി വരുമെന്നായിരുന്നു ഞങ്ങളുടെ സ്ഥിതി. കളിച്ചു തകര്‍ത്തതിന്റെ ക്ഷീണം, വഴിയില്‍ ഇനി വേറേ വല്ല അടിപിടിയോ കല്ലേറോ ഉണ്ടാവുമോ എന്ന ഭയം, ഇനി നടക്കാനുള്ള ദൂരം, സമയവും അതിക്രമിക്കുന്നു. ഇനിയിപ്പോള്‍ ഇരുട്ടത്താവുമോ നടപ്പ്‌. എന്തു വന്നാലും ഒരുമിച്ച്‌ നില്‍ക്കണം ഞങ്ങള്‍ 6 പേരുണ്ട്‌ ഒരുത്തനു മാത്രം പകുതി ദൂരം പോയാല്‍ മതി വീടായി. അവിടെത്തിയാല്‍ എന്തെങ്കിലും വഴിയുണ്ടാക്കാന്‍ ശ്രമിക്കാമെന്നായി അവന്‍. മാത്രമല്ല ആറളം ഫാമിന്റെ അടുത്തുകൂടെ പോകുന്ന കാട്ടുവഴികളിലുടെ നടന്നാല്‍ പെട്ടന്ന് അവന്റെ വീടെത്താന്‍ വഴിയുണ്ട്‌ പോലും. പക്ഷേ വഴി അവനറിയില്ല. വരുന്നത്‌ വരട്ടെ എന്തായാലും ആറു പേരുണ്ടല്ലോ വഴി ചോദിച്ച്‌ ചോദിച്ച്‌ പോവാം എന്നായി ഞങ്ങള്‍.

കടപൂട്ടി പോവുന്ന ചേട്ടന്‍ തന്നെ വഴിയുടെ തുടക്കം പറഞ്ഞു തന്നു. സൂര്യേട്ടനോട്‌ അന്നല്‍പം വൈകിപോകുമോ എന്ന് അപേക്ഷാഭാവത്തില്‍ നോക്കി ഞങ്ങള്‍ കാടു കീഴടക്കാനുള്ള ആ യാത്ര തുടങ്ങി, മരിക്കുവോളം മറക്കാത്ത ഒരു ജൈത്രയാത്ര.

വാല്‍ക്കഷ്ണം: പിന്നീടുള്ള കുറേ ദിവസങ്ങള്‍ ഒരു തുടക്കമായിരുന്നു. കണ്ണൂരിന്റെ, കേരളത്തിന്റെ, ദിവസവും ബന്ദ്‌ എന്ന സംസ്കാരത്തിന്റെ..അന്ന് കണ്ണൂരിലെ മിക്ക വിദ്യാര്‍ത്ഥികള്‍ക്കും ഞങ്ങളുടെ അതേ അനുഭവമാണുണ്ടായത്‌. എന്നാല്‍ നേരാം വണ്ണം റോഡിലൂടെ തന്നെ നടന്നു പോയവര്‍ക്ക്‌ ഇടക്കിടെ നാട്ടുകാരുടെ സഹായം കുറേ ദൂരം വല്ല ലോറിയോ ജീപ്പോ ബൈക്കോ സൈക്കിളോ ആയി കിട്ടിയിരുന്നു.

ഗുണപാഠം:- വിവരക്കേടിനെ ചിലപ്പോള്‍ നമ്മള്‍ അതിബുദ്ധി എന്ന് തെറ്റിദ്ധരിക്കും.

Wednesday, July 15, 2009

വീണ്ടും രാഗം പാടി - (2)

പെങ്ങളുടെ കല്യാണം കഴിഞ്ഞ്‌ വീട്ടില്‍ വിരുന്നിനു വന്നപ്പോള്‍ അവള്‍ ചാത്തന്റെ കൈ പിടിച്ച്‌ വലിച്ച്‌ പുതിയ ബന്ധുക്കള്‍ക്ക്‌ മൊത്തം പരിചയപ്പെടുത്തിക്കൊണ്ട്‌ പറഞ്ഞതാ ഇനി ഞങ്ങളുടെ കുടുംബത്തില്‍ അടുത്ത കല്യാണം ഇവന്റെതാ എന്ന്. അപ്പോള്‍പിന്നെ അവള്‍ക്കും കൂടി നാണക്കേടല്ലേ ചാത്തന്‍ പുര നിറഞ്ഞ നില്‍ക്കുന്നത്‌ എന്ന് കരുതീട്ടാണോ എന്നറീലാ, ഗര്‍ഭിണിയായ ഭാര്യയെ കാണാന്‍ ഇല്ലാത്ത ലീവും ഉണ്ടാക്കി ഓടിപ്പിടിച്ചു വന്ന അളിയനേം ചാത്തന്റെ അനിയനേം കുത്തിപ്പൊക്കി വീണ്ടും പെണ്ണുകാണാനിറങ്ങിത്തിരിച്ചത്‌.

ഏതായാലും ഒരു വഴിക്ക്‌ പോണതല്ലേ ഒന്നിനെ മാത്രം ആയി കാണാന്‍ നില്‍ക്കണ്ടാ എന്നു വിചാരിച്ച്‌ വേറെ ഒരു അഡ്രസ്സും കൂടി സംഘടിപ്പിച്ചു. ചാത്തനും അനിയനും വണ്ടി ഓടിക്കാന്‍ കുടുംബ സുഹൃത്തായ ജയേട്ടനും കൂടി പെങ്ങളുടെ വീട്ടിലെത്തി. ആങ്ങളയ്ക്ക്‌ വേണ്ടി ആദ്യമായി പെണ്ണുകാണാന്‍ പോണ വഹ അണിഞ്ഞൊരുങ്ങിയിട്ടുണ്ടെങ്കിലും ഒന്ന് സൂക്ഷിച്ച്‌ നോക്കിയാല്‍ ചാത്തന്റെ കടിഞ്ഞൂല്‍ മരുമകളുടെ വരവറിയാം. പെണ്ണിന്റെ വീടിന്റെ അഡ്രസ്‌ പറഞ്ഞപ്പോള്‍ ആ ഭാഗം മൊത്തം തനിക്കറിയാമെന്ന് അളിയന്‍ പറഞ്ഞു. പിന്നീട്‌ പോയ വഴിയിലൊക്കെ ആ ഭാഗത്ത്‌ ഒരു വീടുണ്ട്‌ അവിടെ ഞാന്‍ പെണ്ണുകാണാന്‍ പോയിട്ടുണ്ട്‌ എന്നുള്ള അളിയന്റെ കമന്ററി കേട്ട്‌ കേട്ട്‌ പെങ്ങള്‍ വയലന്റായി.
ഒടുക്കം വീടെത്തി.ഗൃഹനാഥന്‍ തന്നെ സ്വീകരിച്ചാനയിച്ചു. വീടെന്ന് പറയാന്‍ പറ്റൂല ഒരു മിനി കൊട്ടാരം. വീടിനകത്ത്‌ ഒരു കുളവും. പെങ്ങളുടെ ചെവിയില്‍ പറഞ്ഞു നമ്മള്‍ക്ക്‌ സ്ഥലം വിട്ടേക്കാം ഈ പെണ്ണിനെ ഏതായാലും എനിക്കിഷ്ടപ്പെടൂല. എടാ വന്ന സ്ഥിതിയ്ക്ക്‌ കണ്ടേയ്ക്കാം.

കത്തി വച്ച്‌ വച്ച്‌ അളിയന്‍ അവസാനം ഗള്‍ഫീന്ന് വന്നത്‌ എപ്പോഴാ എന്ന് ഗൃഹനാഥന്‍ ചോദിച്ചു. അതിപ്പോള്‍ ഒരു 7-8 മാസമായിക്കാണും എന്ന് അളിയന്‍. ഒന്ന് ഞെട്ടിയ പെങ്ങള്‍ വയറിന്റെ മുകളില്‍ ഒന്നൂടെ സാരി വലിച്ചിട്ട്‌ അളിയനെ നോക്കി കണ്ണുരുട്ടി. അളിയന്‍ തിരുത്തി ഓ അല്ല 5 മാസം മുന്‍പാ അവസാനം വന്നത്‌. പാവം അളിയന്‍ ഇനി ഈ അവധി കഴിഞ്ഞ്‌ പോകുന്ന വരെ വല്ല തിരുമ്മ് ശാലയിലും കഴിച്ചു കൂട്ടേണ്ടി വരും.

അങ്ങനെ ആ ഇന്റര്‍ നാഷണല്‍ കത്തിയ്ക്ക്‌ ശേഷം പെണ്ണിനെ വിളിച്ചു. പാവം, ആ വീടിന്റെ ജാഡയൊന്നുമില്ല പക്ഷേ എന്നെ ഇഷ്ടപ്പെടാതിരിക്കണമെങ്കില്‍ പെണ്‍കുട്ടി മുഖത്തോട്ടൊന്ന് നോക്കണ്ടെ. വന്നപാടെ മച്ചിന്റെ മോളില്‍ വല്ല ചിലന്തിയുമുണ്ടോ എന്ന നോട്ടം പിന്നെ നിലത്തൂടെ വല്ല ഉറുമ്പും പോവുന്നുണ്ടോ എന്നായി. നിനക്ക്‌ ചെക്കനെ കാണണ്ടേ എന്ന് പെങ്ങള്‍ ചോദിച്ചപ്പോള്‍ ഒരു സെക്കന്റ്‌ ചാത്തനെ ഒന്ന് നോക്കി. ഒരു നിമിഷത്തെ നോട്ടത്തിനും ഒരായിരം അര്‍ത്ഥങ്ങള്‍, പക്ഷേ ചാത്തന്‍ വായിച്ചെടുത്തത്‌ ശരിയായിരുന്നു എന്ന് പിന്നീട്‌ മനസ്സിലായി. പാപദോഷം നിറഞ്ഞ ജാതകം, ഒരുപാട്‌ നാളായി പാവത്തിന്‌ ഈ പെണ്ണുകാണല്‍ നാടകം സഹിക്കേണ്ടി വരുന്നത്‌. എനിക്കിനിയും ഇങ്ങനെ മുന്‍പില്‍ വന്നു നില്‍ക്കാന്‍ മേല ഒന്നു പെട്ടന്ന് ഒഴിവാക്കിത്തരുവോ എന്നായിരുന്നു ആ നോട്ടത്തിന്റെ അര്‍ത്ഥം. പേരല്ലാതെ വേറൊന്നും ചോദിക്കാനും തോന്നിയില്ല.

തിരിച്ച്‌ അളിയനെം പെങ്ങളേം അവരുടെ വീട്ടിലാക്കി മൂവര്‍ സംഘം അടുത്ത മേച്ചില്‍ പുറത്തേക്ക്‌ വിട്ടു. ആ വീട്ടില്‍ ആരുമില്ല ഒരു തോട്ടക്കാരന്‍ ചെടി നനച്ചോണ്ട്‌ നില്‍ക്കുന്നു.

ഇവിടെ ആരുമില്ലേ?
----- പറഞ്ഞിട്ട്‌ വന്നതാ, ഇവിടുത്തെ കുട്ടിയെ പെണ്ണുകാണാന്‍.

ഓ അവരെല്ലാം ഒരു കല്യാണത്തിനു പോയിരിക്കുവാ ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ വരും എന്ന് ഇപ്പോള്‍ വിളിച്ച് പറഞ്ഞിരുന്നു. കയറിയിരിക്കൂ.

പെണ്‍കുട്ടിയുടെ ഫോട്ടോ വല്ലതുമുണ്ടോ? (അതില്‍ കാണാന്‍ കൊള്ളില്ലെങ്കില്‍ പിന്നെ ഒരു മണിക്കൂറു കഴിഞ്ഞ്‌ ഞങ്ങളെ മഷിയിട്ട്‌ നോക്കിയാല്‍ മതിയല്ലോ)

അല്‍പ സമയത്തിനുള്ളില്‍ അങ്ങേര്‍ ഒരു ഫോട്ടോയും പൊക്കിപ്പിടിച്ചു വന്നു, മുല്ലപ്പൂ ചൂടി സെറ്റ്‌ മുണ്ട്‌ ഒക്കെ യിട്ട ഒരു മലയാളി മങ്ക. കൊള്ളാം.

എന്നാല്‍ ഞങ്ങള്‍ ഒരു മണിക്കൂര്‍ കഴിഞ്ഞ്‌ വരാം.

മുന്‍പേ പറഞ്ഞ ആ പറഞ്ഞ്‌ വിട്ട ആളുടെ വീട്‌ അടുത്തായതിനാല്‍ ഞങ്ങള്‍ അങ്ങോട്ട്‌ വിട്ടു. ഒരു മണിക്കൂറിനു ശേഷം ഒരു ചായകുടിയൊക്കെ കഴിഞ്ഞ്‌ ആ വീട്ടിലെ ഗൃഹനാഥനുമൊത്ത്‌ തിരിച്ച്‌ പെണ്‍ വീട്ടിലേക്ക്‌.

ഞങ്ങളുടെ കൂടെ വന്ന പുതിയ ആളെക്കണ്ടപാടെ തോട്ടക്കാരന്‍ പെണ്ണിന്റെ അച്ഛനായി മാറി!!!! നേരത്തെ കണ്ട മലയാളി മങ്കയുടെ ഫോട്ടോയില്‍ ദൃംഷ്ടകള്‍ മുളയ്ക്കുന്നതും ചാത്തന്‍ അടുക്കളപ്പണി ചെയ്യുന്നതും ബോബനും മോളിയിലെ ചേട്ടനും ചേടത്തി കാര്‍ട്ടൂണുകളും മനസ്സിലൂടെ മിന്നി മറഞ്ഞു.

കല്യാണത്തിനു പോയവര്‍ ഇതുവരെ എത്തിയില്ല പെണ്ണും പെണ്ണിന്റമ്മയും അമ്മയുടെ അമ്മയും അനിയനും ആണ്‌ പോയിരിക്കുന്നത്‌. അച്ഛനെ വീടുനോക്കാന്‍ ഏല്‍പിച്ചിട്ട്‌. തന്റെ റബ്ബര്‍ എസ്റ്റേറ്റിന്റെ നീളവും കുരുമുളകിന്റെ മാര്‍ക്കറ്റ്‌ വിലയും മറ്റും ഞങ്ങളുടെ കൂടെ വന്ന ഗൃഹനാഥനോട്‌ പെണ്ണിന്റെ അച്ഛന്റെ വക ഒന്നാന്തരം പ്രസംഗം. ഞങ്ങളൊന്നും അവിടെ ഉള്ളതായേ തോന്നില്ല. കല്യാണം കഴിക്കുന്നത്‌ പെണ്ണിനെയാണേലും ജനറ്റിക്സ്‌ എന്ന സാധനം പണ്ടെങ്ങാണ്ട്‌ പഠിച്ചതു കൊണ്ട്‌ ചാത്തന്‍ ഇരുന്നിരുന്ന സോഫ ഭൂഗുരുത്വാകര്‍ഷണം മൂലം രണ്ടിഞ്ച്‌ താഴോട്ട്‌ പോയി. അടുത്തിരുന്ന അനിയന്‍ എന്തോ പറയുകയാണെന്ന ഭാവത്തില്‍ ചാത്തനെ പിന്നേം സീറ്റിലോട്ട്‌ ഒട്ടിച്ച്‌ വച്ചു.

അപ്പോഴേക്കും പുറത്ത്‌ ഒരു മാരുതി വാന്‍ വന്നു നിന്നു. സര്‍വ്വാലങ്കാര വിഭൂഷിതയായി ഒരു ജ്വല്ലറി പരസ്യത്തിലെ മോഡല്‍ സാരിയുടെ പരസ്യത്തിലെ മോഡലിനെപ്പോലെ സാരിയുടെ മുന്താണി(നിങ്ങളൊക്കെ എന്താ പറയുക എന്നെനിക്കറീലാട്ടാ) വീശിക്കൊണ്ട്‌ മുറിയിലേക്ക്‌ വന്നു. പെണ്ണിനല്‍പം പ്രായക്കൂടുതലുണ്ടോ അതോ ലിപ്‌സ്റ്റിക്കിന്റെ കളര്‍ കാരണം തോന്നുന്നതാണോ?

ഇതാണ്‌ പെണ്ണിന്റമ്മ. പെണ്ണിന്റച്ഛന്റെ അവസാന വാക്കുകള്‍. മുറിയില്‍ മൊത്തം നിശബ്ദതയും ഊമകളായ നെടുവീര്‍പ്പുകളും കൊണ്ട്‌ നിറഞ്ഞു.

അവളൊന്ന് മുഖം കഴുകാന്‍ പോയിരിക്കുവാ അമ്മേടെ കൂടെ, ഇപ്പോള്‍ വരും.

ഭാഗ്യം പെണ്ണപ്പോള്‍ മേക്കപ്പൊന്നും ഇടുന്ന കൂട്ടത്തിലല്ല. മലയാളി മങ്കയുടെ ദൃംഷ്ട്രകള്‍ പിന്നെം ചുരുങ്ങി.

നമ്മുടെ സിനിമാ നടി സുകുമാരിയേയോ ഫിലോമിനയേയോ പെണ്ണ് കാണാന്‍ കൂടെ കൊണ്ട്‌ പോവാഞ്ഞത്‌ നഷ്ടമായി എന്ന് തോന്നി അവര്‍ക്ക്‌ ഉര്‍വ്വശി അവാര്‍ഡ്‌ വാങ്ങിക്കൊടുക്കാന്‍ പറ്റിയ കഥാപാത്രം. പെണ്ണിന്റച്ചന്‍ തോട്ടക്കാനായില്ലെങ്കിലേ അല്‍ഭുതമുള്ളൂ. എന്തൊരു ബഹുമാനം, വിനയം, ഭാര്യാ- ഭര്‍തൃ ബന്ധത്തിനുള്ള ഉത്തമോദാഹരണം, വാമഭാഗം എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കിക്കൊണ്ട്‌ ഭര്‍ത്താവിരുന്ന സോഫയുടെ കൈപ്പിടിയില്‍ ഭാര്യ ഇരിപ്പുറപ്പിച്ചു. സാരി ഒന്ന് വീശി ടെക്സ്റ്റെയില്‍ ഷോപ്പിലെ സെയില്‍സ്‌ ഗേളായി. കല്യാണത്തിനു പോയിട്ട്‌ ഒന്നും കഴിക്കാതാണോ വരുന്നത്‌, കാലത്ത്‌ തേച്ച്‌ പിടിപ്പിച്ച അരക്കിലോ കുമ്മായവും കാല്‍ക്കിലോ ലിപ്‌സ്റ്റിക്കും ഇപ്പോഴും മുഖത്ത്‌ തന്നെയുണ്ടല്ലോ. അമ്മയുടെ ഓരോ വളയുടെയും മാലയുടെയും എടുത്തെടുത്ത്‌ കാണിച്ചോണ്ടുള്ള പ്രദര്‍ശനം കഴിഞ്ഞപ്പോഴേയ്ക്ക്‌ മകളുടെ വരവായി.

നേരത്തെ പടത്തില്‍ കണ്ട പെണ്‍കുട്ടി ഇതല്ലാാാാാാാാ. നിങ്ങള്‍ക്ക്‌ രണ്ട്‌ പെണ്‍കുട്ടികളാണോ? ചാത്തന്‍ ചോദിക്കും മുന്‍പേ അനിയന്‍ ചോദിച്ചു.

ഏയ്‌ ഒരാളേയുള്ളൂ.

അപ്പോള്‍ ഇവിടാര്‍ക്കോ ഫോട്ടോഷോപ്പിന്റെ സൈഡ്‌ ബിസിനസ്‌ ഉണ്ട്‌.

അമ്മയേക്കാള്‍ ഒരുപടി മുന്നിലാണോ മകള്‍ എന്ന് വര്‍ണ്യത്തിലാശങ്ക. അമ്മ ചുവപ്പാണെങ്കില്‍ മകള്‍ റോസ്‌ ലിപ്സ്റ്റിക്‌, അമ്മ സ്വര്‍ണത്തില്‍ കുളിച്ചിട്ടാണെങ്കില്‍ മകള്‍ മൊത്തം എന്തൊക്കെ ഇടാന്‍ പറ്റുമോ അതൊക്കെ ഇട്ടിട്ടുണ്ട്‌.

അതിനു മുന്‍പും അതിനു ശേഷവും കണ്ട പെണ്‍കുട്ടികളൊന്നും കാണിക്കാത്ത ഒരു പ്രകടനം കൂടി ആ കുട്ടിയില്‍ നിന്നുണ്ടായി. ഞങ്ങളുടെ മുന്നിലുള്ള കസേരയില്‍ നേരെ കാലിന്റെ മുകളില്‍ കാല്‍ കയറ്റി വച്ച്‌ രണ്ട്‌ കൈ കൊണ്ടും കൂടി മുകളിലുള്ള കാലിന്റെ മുട്ട്‌ വട്ടം പിടിച്ച്‌ ഒരിരുത്തം. പിന്നെ ചോദ്യങ്ങള്‍, അത്‌ ചെറുക്കനോടും കൂടെ വന്നവരോടെല്ലാരോടും!

ഇത്തവണ അനിയനിരുന്ന സോഫയ്ക്കാണ്‌ ഭൂഗുരുത്വാകര്‍ഷണം അനുഭവപ്പെട്ടത്‌.എന്നാപ്പിന്നെ അരക്കൈ നോക്കിക്കളയാം എന്നു വിചാരിച്ച്‌ ചാത്തന്‍ കത്തി തുടങ്ങി. പക്ഷേ അതൊരു കൊടുവാളാണെന്നും അതിനു മൂര്‍ച്ചകൂട്ടാന്‍ വക്കീല്‍ ഭാഗത്തിനു പഠിക്കുകയാണെന്നും കേട്ടതോടെ ചാത്തന്‍ സ്വന്തം പേനാക്കത്തി ദൂരെയെറിഞ്ഞ്‌ ആയുധം വച്ച്‌ കീഴടങ്ങി. എത്രയും പെട്ടന്ന് അവിടുന്നൊന്ന് കടന്നാല്‍ മതിയെന്നായി. ജാതകക്കുറിപ്പിന്റെ ഫോട്ടോസ്റ്റാറ്റും വാങ്ങി തടിതപ്പി. ഒരു വളവു കഴിഞ്ഞപ്പോഴേ ആ കടലാസ്‌ ചാത്തന്‍ കീറി കാറ്റില്‍ പറത്തി.

അനിയന്‍ ചോദിച്ചു. നിനക്ക്‌ നമ്മുടെ അമ്മയോട്‌ വല്ല ശത്രുതയുമുണ്ടോ?

ഇല്ല എന്തേ?

അല്ല ഉണ്ടെങ്കില്‍ നീ ഇവളെ തന്നെ കെട്ടണം മൂന്നാം ദിവസം അമ്മ അമ്മവീട്ടില്‍ പോയിക്കോളും.

വാല്‍ക്കഷ്ണം: ഇനീം ഒരുപാടുണ്ട്‌ പക്ഷേ വിഷയം എഴുതുന്ന ആള്‍ക്ക്‌ തന്നെ ബോറഡിയുണ്ടാക്കുന്നു. ഇനീം കാണാം ഒരു സംഭവ കഥയുമായി.

പരസ്യം: ഉടന്‍ വരുന്നു. കണ്ണൂരെന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മവരുന്ന രാഷ്ട്രീയ കൊലപാതക പരമ്പരകള്‍ തുടങ്ങുന്ന കാലത്തെ ഒരു കഥയുമായി. ഒരു പ്ലസ്‌ റ്റൂ വിദ്യാര്‍ത്ഥിയുടെ വാക്കുകളിലൂടെ ഇത്തിരി ചിരിയും ഇത്തിരി കാര്യവുമായി. മറക്കാനാവാത്ത ഒരു സായാഹ്നത്തിലൂടെ.

Saturday, January 03, 2009

ഒന്നാം രാഗം പാടി..(1)

ഭാഗം ഒന്ന് എന്നത്‌ ചുമ്മാ ഇട്ടതാ ഭാഗം രണ്ട്‌ വരുമോ എന്നുള്ളതിനു ഒരു തീര്‍ച്ചയുമില്ല. അത്‌ ഈ പോസ്റ്റിനുള്ള പ്രതികരണങ്ങള്‍ അനുസരിച്ചിരിക്കും. ഏയ്‌ അല്ലല്ല വായനക്കാരുടെ അല്ല ചാത്തന്റെ വീട്ടിലെ പ്രതികരണങ്ങള്‍.

പെണ്ണ്‌ കാണണം പെണ്ണ്‌ കാണണം എന്ന് പറഞ്ഞ്‌ വീട്ടുകാര്‍ ശല്യപ്പെടുത്താന്‍ തുടങ്ങീട്ട്‌ കാലം കുറേ ആയി. ഒരു പെങ്കൊച്ചിനെ കണ്ട്‌ ഇഷ്ടപ്പെട്ടില്ലാ എന്ന് പറയാന്‍ ഒരു സിംപിള്‍ കാരണം കണ്ടുപിടിക്കാന്‍ അത്ര ബുദ്ധിമുട്ടില്ലാലോ എന്ന് വച്ചാ ഒന്നിറങ്ങി പയറ്റിയേക്കാന്‍ തീരുമാനിച്ചത്‌.

എന്തിനും ഏതിനും ഒരു മുന്‍പരിചയം ഉണ്ടാവുന്നത്‌ നല്ലതല്ലേ. ബൂലോകത്തുള്ള പെണ്ണ്‌ കാണല്‍ സീരീസ്‌ പോസ്റ്റുകളെല്ലാം തിരഞ്ഞ്‌ പിടിച്ച്‌ ഒരാവര്‍ത്തി കൂടി മനഃപാഠമാക്കി. കൂടെ കൂട്ടാന്‍ കൂടെ താമസിക്കുന്നവന്മാര്‍ ഒരെണ്ണം ശരിയല്ല എല്ലാത്തിനും മുടിഞ്ഞ ഗ്ലാമറോ ഒടുക്കത്തെ പൊക്കമോ ഉണ്ട്‌.

ഉണ്ണിക്കുട്ടന്‍ മതി, മുന്‍പ്‌ ഞങ്ങളുടെ കൂടെ താമസിച്ചിരുന്നു എന്ന ഒരൊറ്റ ദോഷം മാത്രമേ കൈമുതലായുള്ളൂ. ആളൊരു ഗ്ലാമര്‍ താരമാണേലും അഞ്ച്‌ ഇഞ്ച്‌ ഉയരം കൂടുതലുള്ളത്‌ ചാത്തനല്ലേ. പോരാഞ്ഞ്‌ ഈ വിഷയത്തില്‍ ധാരാളം മുന്‍പരിചയോം. 20-25 പെണ്ണ്‌ കാണല്‍ നടത്തി, കെട്ടി, സുഖജീവിതം. സ്വന്തമായി ബൈക്കുമുണ്ട്‌, ഇനിയിപ്പോള്‍ അതിന്റെ പിന്നില്‍ കയറി ഇരിക്കുകയേ വേണ്ടൂ.

ബാംഗ്ലൂര്‍ തന്നെയാണ്‌ രംഗവേദി, ഇന്ദിരാ നഗര്‍ എന്ന് പറയുന്ന ഹൈക്ലാസ്‌ മലയാളികള്‍ താമസിക്കുന്ന സ്ഥലം. ഒരു ഞായറാഴ്ച രാവിലെ ഉണ്ണിക്കുട്ടന്റെ ബൈക്കില്‍ യാത്രതിരിച്ചു. ഇന്ദിരാ നഗറിന്റെ തുടക്കം എത്തിയപ്പോള്‍ തന്നെ മൊബെയിലില്‍ കുട്ടിയുടെ വീട്ടിലേക്ക്‌ വിളിച്ചു. പെണ്‍കുട്ടിയുടെ അമ്മയായിരുന്നു ഫോണെടുത്തത്‌. കുറച്ചൂടെ മുന്‍പോട്ട്‌ വന്നിട്ട്‌ വിളിക്കൂ എന്നായിരുന്നു മറുപടി. മൂന്നാലു തവണ അങ്ങനെ ഫോണ്‍ വിളിച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഇന്ദിരാ നഗറു കടന്ന് വെളിയിലെത്തി. വീണ്ടും വിളിച്ചു.

ഹലോ ഞങ്ങളിപ്പോള്‍ ഇന്ദിരാനഗറും കഴിഞ്ഞ്‌ അള്‍സൂരിലെ വണ്‍വേയില്‍ എത്തി, ഇനി തിരിച്ച്‌, വന്ന വഴിയിലൂടെ വരണമെന്ന് പറഞ്ഞേക്കരുത്‌. അതോടെ ഒരു കിളിനാദം കനാല്‍, അമ്പലം, ടെമ്പോസ്റ്റാന്‍ഡ്‌ എന്നൊക്കെ അമ്മയോട്‌ പറഞ്ഞ്‌ കൊടുക്കുന്നത്‌ കേട്ടു. ആപ്പറഞ്ഞതൊക്കെ തൊട്ട്‌ മുന്‍പേ കടന്ന് വന്ന ഞങ്ങള്‍ക്ക്‌ സ്ഥലമൊക്കെ പിടികിട്ടി. അടുത്ത്‌ കണ്ട ഊട്‌ വഴിയിലൂടെ പിന്നോട്ട്‌ തിരിഞ്ഞ ഞങ്ങള്‍ മുന്‍പ്‌ പറഞ്ഞ വഴിയുടെ നേര്‍വിപരീത വഴിയിലൂടെ സ്ഥലത്തെത്തി. ബാല്‍ക്കണിയില്‍ നിന്ന് പെണ്‍കുട്ടിയുടെ അമ്മ ഞങ്ങള്‍ക്ക്‌ വഴികാണിച്ചു.

ഭാഗ്യം വിചാരിച്ചത്ര ഹൈക്ലാസ്‌ പാര്‍ട്ടീസല്ല. രണ്ടാം നിലയിലുള്ള ഒരു കൊച്ച്‌വീട്‌. ഉണ്ണിക്കുട്ടനോട്‌ സ്വര്‍ണമാല അകത്തോട്ടും വിവാഹമോതിരമിട്ട കൈ മുന്നിലോട്ടും ആക്കി ഗോവണി കയറാന്‍ പറഞ്ഞിട്ടും മുകളിലെത്തിയ ഉടനേ അമ്മ ചോദിച്ചു ചെക്കനാരാണെന്ന് :(....

പെണ്‍കുട്ടിയുടെ അച്ഛന്‍ വീട്ടിലില്ല. ഉണ്ണിക്കുട്ടന്‍ അപ്പോഴേ പറഞ്ഞു എന്നാ നിനക്ക്‌ അച്ഛനുള്ള സമയം വല്ലോം വന്നാല്‍ പോരായിരുന്നോ എന്ന്. പിന്നേ എന്നിട്ട്‌ വേണം അങ്ങോരുടെ കത്തി മൊത്തം രാവിലെ വെറും വയറ്റില്‍ കേട്ടിരിക്കാന്‍. പക്ഷേ അല്‍പസമയത്തിനുള്ളില്‍ അച്ഛന്‍ ഏത്‌ നിമിഷവും കയറി വരണേ എന്നതായി ഞങ്ങളുടെ പ്രാര്‍ത്ഥന. ഒരു ചായ പോലും തരാതെ പെണ്ണിന്റമ്മ കത്തി തുടങ്ങി.

തുടക്കത്തില്‍ ഒന്നു പതറിയെങ്കിലും പെട്ടന്ന് ഫോമിലെത്തിയ ചാത്തന്‍ പിന്നെ ഇടക്കിടെ ബൗണ്ടറികളുമായി മുന്നേറി. ഒരു ചായപോലും കിട്ടാന്‍ സാധ്യതയില്ലേന്നോര്‍ത്ത്‌ നോണ്‍സ്ട്രൈക്കര്‍ എന്‍ഡില്‍ ഉണ്ണിക്കുട്ടന്‍ ബേജാറായി, ഇടക്കൊരു വൈഡ്‌ സിഗ്നല്‍ കാണിച്ചു.

അല്ല എനിക്ക്‌ പോയിട്ടല്‍പം പണിയുണ്ടായിരുന്നു.

ഓ അതു മറന്നു ഞാന്‍ ഇപ്പോള്‍ വരാം എന്നും പറഞ്ഞ്‌ പെണ്ണിന്റമ്മ അകത്തേക്ക്‌ പോയി. ആ ഡ്രിങ്ക്സ്‌ ബ്രേക്കില്‍ മുറി ഒട്ടാകെ ഒന്ന് നോക്കി. കരകൗശല വസ്തുക്കളുടെ ഒരു പ്രളയം. പണ്ട്‌ സ്വന്തം അമ്മാവന്‌ പെണ്ണ്‌ കാണാന്‍ കൂടെപ്പോയപ്പോള്‍ ഇതേപോലുള്ള മുറി കണ്ടതും നിനക്കെന്തേലും ചോദിക്കാനുണ്ടോ ഭാവി അമ്മായിയോട്‌ എന്ന് കേട്ടപ്പോള്‍ ചാടിക്കേറി ഇതൊക്കെ അമ്മായി ഉണ്ടാക്കിയതാണോ എന്ന് ചോദിച്ചതും, ഏയ്‌ അതൊക്കെ കാശുകൊടുത്ത്‌ വാങ്ങീതാ എന്ന് പറഞ്ഞ്‌ അമ്മായി എന്നെ ക്ലീന്‍ ബൗള്‍ഡാക്കീതും പിന്നെ ഒന്നും ചോദിക്കാനില്ലാതെ ഉത്തരം മുട്ടി നിന്നതും ഓര്‍മ്മയില്‍ മിന്നിമറഞ്ഞു.

ദാ വരുന്നു ചായട്രേയുമായി വളയിട്ട രണ്ട്‌ കൈകള്‍, പക്ഷേ എന്തോ ഒരു കുഴപ്പം, ങേ ഇത്‌ നേരത്തേ കണ്ട കൈകള്‍ തന്നെയാണല്ലോ പെണ്ണെവിടെ!!!

അവളൊരുങ്ങുകയാ ഇപ്പോള്‍ വരും നിങ്ങള്‍ ചായ കുടിക്കൂ.

അഞ്ചാറുവട്ടം റിഹേഴ്സലെടുത്ത മാന്യമായ സ്റ്റൈലില്‍ ചായഗ്ലാസ്‌ ചുണ്ടോടടുപ്പിച്ചു. ഒരിറക്ക്‌ കുടിച്ചു. ദൈവമേ പണ്ട്‌ ബയോളജി ടെക്സ്റ്റില്‍ പടത്തില്‍ കണ്ട അന്നനാളം എന്ന് പറയുന്ന സാധനം എനിക്കും ഉണ്ട്‌. നാവ്‌ ഞാനിത്തിരി കഴിഞ്ഞ്‌ വരാം എന്നും പറഞ്ഞ്‌ പാട്ടും പാടി ഒരു വഴിക്ക്‌ പോയി. ഒടുക്കത്തെ ചൂട്‌. മാനേഴ്സൊക്കെ കാറ്റില്‍ പറത്തി നല്ലവണ്ണം ഊതി ഒരു കവിള്‍ കൂടി കുടിച്ച്‌ ബാക്കി ഫാനിന്റെ കാറ്റില്‍ ഉണക്കാനിട്ടു.

പഴയ അബദ്ധം ആവര്‍ത്തിക്കേണ്ടാന്നു കരുതി ഇതൊക്കെ ആരുണ്ടാക്കിയതാണെന്ന ഭാവത്തില്‍ ചുറ്റുമൊന്ന് നോക്കി. റിസല്‍ട്ടും കിട്ടി. ഇതൊക്കെ അവളു ചുമ്മാ ഇരിക്കുമ്പോള്‍ ഉണ്ടാക്കി വയ്ക്കുന്നതാ. പിന്നേയും കത്തി തുടര്‍ന്നതല്ലാതെ ആരും വരുന്ന ലക്ഷണമൊന്നും കാണുന്നില്ല. ഒന്ന് നിര്‍ത്തെടാ എന്ന ഭാവത്തില്‍ ഉണ്ണിക്കുട്ടന്‍ നോക്കിയും കൈകൊണ്ട്‌ തോണ്ടിയും ഒക്കെ സിഗ്നലോട്‌ സിഗ്നല്‍. എന്തായാലും ഭാവി അമ്മായിയമ്മയ്ക്ക്‌ ചെറുക്കനെ ഇഷ്ടപ്പെടാതെ വരില്ല. അമ്മാതിരി കത്തിയല്ലായിരുന്നോ നാട്ടിലെ അവരുടെ വീട്ടിന്റെ മുന്നിലിരിക്കുന്ന പൂച്ചെടിയിലെ പൂക്കളുടെ എണ്ണം ചാത്തനെയും പകരം പൊട്ടാസ്യം പെര്‍മാംഗനേറ്റും സോഡിയം ക്ലോറൈഡും മിക്സാക്കി വളമാക്കുന്ന ടെക്നിക്ക്‌ ചാത്തനവരെയും പഠിപ്പിച്ചു.

ഉണ്ണിക്കുട്ടന്റെ തോണ്ടല്‍ അസഹ്യമായപ്പോഴാണ്‌ തലതിരിച്ച്‌ നോക്കിയത്‌ പെണ്ണ്‌ വാതിലിന്റെ അടുത്ത്‌ വന്ന് നില്‍ക്കുന്നു. ഇത്തിരികൂടി വല്യ നെറ്റിയുള്ള ഒരു മിനി ഐശ്വര്യാ റായ്‌!!!. ടി ജി രവിയും ജോസ്പ്രകാശുമൊന്നും നായികമാരെ നോക്കുന്ന തരത്തില്‍ നോക്കി ഇമ്പ്രഷന്‍ കളയരുതെന്ന് ഉണ്ണിക്കുട്ടന്റെ കര്‍ശന നിര്‍ദ്ദേശമുള്ളതിനാല്‍ പെട്ടന്ന് മുഖം തിരിച്ച്‌ അമ്മയെ നോക്കി.

നിങ്ങള്‍ക്ക്‌ വല്ലോം സംസാരിക്കാനുണ്ടാവില്ലേ എന്ന് അമ്മ പറഞ്ഞപ്പോള്‍ എണീച്ച്‌ പോടാ എന്ന് പറയാന്‍ തിരിയുന്നതിനു മുന്‍പ്‌ തന്നെ ഉണ്ണിക്കുട്ടന്‍ വാതില്‍ക്കലെത്തിയിരുന്നു. പക്ഷേ ഭാവി അമ്മായിയമ്മ പിന്നേം ഞെട്ടിച്ചു അല്ലാ താനെവിടെ പോകുന്നു ഇവിടെ തന്നെ ഇരുന്നോ. പുറത്ത്‌ നല്ല വെയിലാ..

അങ്ങനെ ക്രിക്കറ്റ്‌ നിര്‍ത്തി ടെന്നീസ്‌ കളി തുടങ്ങി. അമ്മയും മകളും ഒരു ടീമില്‍ ഞങ്ങളു മറ്റേ ടീമിലും.ഞങ്ങള്‍ എറിയുന്ന പന്തുകള്‍ മിക്കവാറും ലക്ഷ്യത്തില്‍ എത്തിയില്ല നേരെ പോയതൊക്കെ തിരിച്ചു വന്നപ്പോള്‍ പന്ത്‌ പെറുക്കാന്‍ പോലും കളത്തിലാളില്ലാത്ത അവസ്ഥയും. ഉണ്ണിക്കുട്ടന്‍ പത്തിരുപത്‌ പെണ്ണ്‌ കാണലിനു പോയിട്ടിങ്ങനെയാണോ ! ചാത്തന്‍ തന്നെ കളം നിറഞ്ഞ്‌ കളിക്കേണ്ട അവസ്ഥ.

ഇത്‌ തന്റെ ആദ്യ പെണ്ണ്‌ കാണലാണെന്ന് മുന്‍കൂര്‍ ജാമ്യം എടുത്തിട്ടാ തുടങ്ങിയതെങ്കിലും പെണ്‍കുട്ടി നിഷ്കരുണം ചാത്തനെറിഞ്ഞ പന്തുകള്‍ കോര്‍ട്ടിനു വെളിയിലെത്തിച്ചു കളഞ്ഞു, പോരാഞ്ഞ്‌ അമ്മയുടെ സഹായവും. ഇനീപ്പോ സാംപിള്‍ വേണമെന്നുള്ളവര്‍ക്ക്‌.

ഈ കാണുന്നതൊക്കെ സ്വന്തമായി ഉണ്ടാക്കിയതാണോ നന്നായിട്ടുണ്ട്‌.

ഓ അതൊക്കെ എല്ലാരും ചെയ്യുന്നതല്ലെ അത്ര വല്യ കാര്യമൊന്നുമല്ല. നെക്സ്റ്റ്‌ ക്വസ്റ്റ്യന്‍ പ്ലീസ്‌...

ആകെ സ്കോര്‍ ചെയ്യാന്‍ അവസരം കിട്ടിയത്‌ പാട്ട്‌ പാടാന്‍ അറിയുമോ എന്ന് ചോദിച്ചപ്പോള്‍ അല്‍പസ്വല്‍പം എന്ന മറുപടിയും കഴിഞ്ഞ്‌ പെണ്ണിന്റെ അമ്മ ആ റാലി നെറ്റില്‍ വീഴ്തിയപ്പോഴാണ്‌. എന്നാ നീ ഒരു പാട്ട്‌ പാടിക്കൊടുക്കു മോളേ ന്ന്. അത്രേം സമയം ഫോമില്‍ കളിച്ചുകൊണ്ടിരുന്ന താരം വഴുതിവീണു. പഴയ 'ശിഷ്യനും മകനും' പദ്യത്തിലെ കാണാതെ പഠിച്ച വരികള്‍ ഈ സന്ദര്‍ഭത്തില്‍ അല്‍പം എഡിറ്റിങ്ങോടെ എടുത്ത്‌ പ്രയോഗിക്കാവുന്നതാണ്‌

"ഉടന്‍ മഹാദേവിയിടത്തുകയ്യാലഴിഞ്ഞ കാര്‍കൂന്തലൊന്നൊതുക്കി ജ്വലിച്ച കണ്‍കൊണ്ടൊരു നോക്ക്‌ നോക്കി പാര്‍ശ്വസ്ഥയാകും മാതാവിനോടൊന്നുരച്ചു"

ശ്ശൊ ഈ അമ്മ...

ഏയ്‌ അതൊന്നും വേണ്ട. എന്ന് പറഞ്ഞ്‌ ചാത്തന്‍ രക്ഷകനായി അവതരിച്ചു.

മുന്‍പ്‌ "ശ്ശൊ ഈ അമ്മ" എന്ന് പതുക്കെ പറഞ്ഞ്‌ അമ്മയെ തോണ്ടിയത്‌ ചാത്തന്‍ കണ്ടു എന്നും മനസ്സിലാക്കിയതിനാല്‍ പിന്നീടങ്ങോട്ട്‌ മഹാദേവി ലജ്ജാമുഖിയായി. അതോടെ സൈക്കിള്‍ ടയറു പൊട്ടിയപ്പോള്‍ സ്ഥലം വിട്ട പ്രാവുകളെപ്പോലെ ചാത്തന്റെ മനസ്സില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടപ്പോള്‍ ഒളിച്ചോടിയ ചോദ്യശരങ്ങള്‍ ഓരോന്നായി തിരിച്ചു വന്നു.

ഇതിനിടെ സൈഡ്‌ ബെഞ്ചില്‍ കയറി ഇരിപ്പുണ്ടായ ഉണ്ണിക്കുട്ടന്‍ അക്ഷമനായി. പെണ്‍കുട്ടിയോടുള്ള കത്തി അരമണിക്കൂറില്‍ മീതെ ആയപ്പോള്‍ ഉണ്ണിക്കുട്ടന്റെ വക എങ്ങിനെയെങ്കിലും നിര്‍ത്തെടാ പോകാം എന്ന് തോണ്ടല്‍ മാന്തല്‍ പിച്ചല്‍ മുഖേന ലെവല്‍ കൂട്ടി തന്നു കൊണ്ടിരുന്നു. അവസാനം ഹൈറ്റ്‌ മാച്ച്‌ ചെയ്യുമോ എന്നറിയാനായി ഹൈറ്റ്‌ എത്ര സെന്റിമീറ്ററാണെന്നു കൂടി ചാത്തന്‍ ചോദിച്ചു കളഞ്ഞു. അതൂടെ കേട്ട ഉണ്ണിക്കുട്ടന്‍ ഗ്ലാസില്‍ ബാക്കി വന്ന ചായപ്പൊടിക്കൂടി ഒറ്റ വലിയ്ക്ക്‌ കുടിച്ച്‌ ചാടിയെഴുന്നേറ്റു.

ബാക്കി വിവരങ്ങള്‍ പിന്നെ അറിയിക്കാം എന്നും പറഞ്ഞ്‌ പുറത്തേക്ക്‌ കടന്ന ഉടനേ ഉണ്ണിക്കുട്ടന്‍ ബൈക്കിനടുത്തേക്ക്‌ കുതിക്കുകയായിരുന്നു.

ഒന്നും മിണ്ടാതെ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്ത്‌ ഒരല്‍പം അകലെ എത്തിയപ്പോള്‍ ചാത്തന്‍ ഉണ്ണിക്കുട്ടന്റെ അഭിപ്രായമാരാഞ്ഞു. എങ്ങനുണ്ട്‌ പെണ്‍കുട്ടി കൊള്ളാമോ? എനിക്ക്‌ ചേരുമോ? നെറ്റിയ്ക്ക്‌ ഒരല്‍പം വീതി കൂടുതലല്ലേ? ഇതു വേണോ അതോ ഒരു മൂന്നാലെണ്ണവും കൂടി കണ്ടിട്ട്‌ തീരുമാനിച്ചാല്‍ മതിയോ?

അധികം ട്രാഫിക്കില്ലാത്ത ഒരിടത്ത്‌ വണ്ടി സൈഡാക്കി ഉണ്ണിക്കുട്ടന്‍ ഹെല്‍മെറ്റൂരി. നിന്നോടൊന്നും വണ്ടിയോടിച്ചോണ്ട്‌ സംസാരിച്ചൂടാ ചുമ്മാ വല്ല കരിമ്പൂച്ചേം വന്ന് വട്ടം ചാടും. ഞാന്‍ വിചാരിച്ചു ആ ഹൈറ്റ്‌ ചോദ്യത്തിനു ശേഷം അടുത്തടുത്ത്‌ നിന്ന് ഹൈറ്റ്‌ മാച്ചാവുന്നുണ്ടോ എന്ന് നോക്കിയശേഷമേ നീ ഇറങ്ങി വരൂ എന്ന്.

ഛേയ്‌ അതൊക്കെ മോശമല്ലേ.

അപ്പോള്‍ നിനക്ക്‌ ബോധം മൊത്തമായി പോയിട്ടില്ല അല്ലേ. എടാ ഞാന്‍ 20 പെണ്ണ്‌ കാണാന്‍ എടുത്ത സമയം മൊത്തം നീ ഇന്ന് ഒരു പെണ്ണ്‌ കാണാന്‍ എടുത്തു അതറിയാമോ? ആ പെണ്ണിന്റച്ഛന്‍ അവിടെ ഇല്ലാത്തത്‌ ഭാഗ്യം അല്ലേല്‍ കോളറ്‌ പിടിച്ച്‌ വെളിയിലാക്കിയേനെ.

അത്‌ ഞാനവരോട്‌ പറഞ്ഞില്ലേ ഇതാദ്യത്തേതാണ്‌ പരിചയക്കുറവുണ്ടാകും എന്ന്.

പോടാ എന്ന് വച്ച്‌ ഒരു 5- 10 മിനിറ്റ്‌ സംസാരിക്കുക എന്നല്ലാതെ അരമണിക്കൂറിനു മോളിലാണോ കത്തി വയ്ക്കല്‍!!!
പിന്നെ പെണ്ണ്‌ എങ്ങനെ കൊള്ളാവോ എന്ന് ചോദിച്ചില്ലെ. അതിന്‌. ആ പെണ്ണിനു തലേല്‍ ഇത്തിരിയെങ്കിലും ആള്‍ താമസമുണ്ടേല്‍ നിന്നെപ്പോലൊരു ഭൂലോക കത്തിയെ വേണ്ടാന്ന് പറയും.അഥവാ സമ്മതിച്ചാല്‍ പിന്നെ ഒന്നും നോക്കെണ്ട കെട്ടിക്കോ പെണ്‍പിള്ളാര്‍ക്കു ഇത്തിരി ബുദ്ധി കൂടുതലാണെല്‍ നമ്മള്‍ക്കു പ്രശ്നമാവും. അപ്പോള്‍ ഇതാ നല്ലത്‌.

ഒന്നൂടെ മേലാല്‍ നിന്റൂടെ പെണ്ണ്‌ കാണാന്‍ എന്റെ ശത്രുക്കളെ വല്ലതും ഞാന്‍ ഏര്‍പ്പാടാക്കിത്തരാം.

വാല്‍ക്കഷ്ണം: ജാതകപ്പൊരുത്തത്തിന്റെ പേരില്‍ അത്‌ കലങ്ങിയെങ്കിലും .... ഹെന്ത്‌ വിശ്വാസമില്ലേ!!! ആ പോട്ട്‌ വിശ്വസിക്കേണ്ട. ഈ സീരീസിലെ ബാക്കി 29 എണ്ണവും ഒരു കഥയ്ക്കുള്ള വക തരുമോ എന്നറിയില്ല എന്നാലും ചിലതൊക്കെ രസകരമായിരുന്നു. ഒടുക്കത്തെ ക്ലൈമാക്സില്‍ എന്നെ ഇഷ്ടപ്പെട്ട വാമഭാഗം എന്തുകൊണ്ട്‌ എന്ന് വെളിപ്പെടുത്താത്തിടത്തോളം കാലം പ്രപഞ്ചരഹസ്യങ്ങളില്‍ ഒന്നും കൂടെ ഉണ്ടാവും...