Tuesday, April 08, 2008

കടുവകള്‍ പിടിച്ച കിടു

റാഗിംഗ്‌ ചെയ്യപ്പെട്ട കഥകള്‍ എല്ലാവരും എഴുതുന്നതാണ്‌, അതുവേണേല്‍ പിന്നൊരിക്കല്‍ എഴുതാം ഇത്തവണ ഒരുത്തനെ റാഗ്‌ ചെയ്ത കഥയെഴുതാം.

കാത്ത്‌ കാത്തിരുന്ന് ജൂനിയേര്‍സ്‌ എത്തി, കഴിഞ്ഞ വര്‍ഷം ഞങ്ങളോട്‌ ചെയ്തതിനെല്ലാം പകരം ചെയ്യാനുള്ള അവസരം. താമസം ഹോസ്റ്റലില്‍ അല്ലാത്തതു കാരണം ചാത്തനും ഒരു കൂട്ടുകാരനും അല്ലറചില്ലറ കളിയാക്കലും പേടിപ്പിക്കലും മാത്രമേ കിട്ടിയിട്ടുള്ളൂ. എന്നാല്‍ റാഗിംഗ്‌ കാരണം പേടിച്ച്‌ പനിപിടിച്ച്‌ കിടപ്പിലായി പിന്നീട്‌ ചാത്തന്റെയൊപ്പം വന്ന് താമസിച്ചിരുന്ന ചിലരുണ്ട്‌ അവര്‍ക്ക്‌ അവരെ ചെയ്തയത്രയൊന്നും തിരിച്ച്‌ ചെയ്യണമെന്ന് ആഗ്രഹമില്ലെങ്കിലും ജൂനിയേര്‍സിനെയൊന്ന് പേടിപ്പിക്കണമെന്നൊരാഗ്രഹം.

പത്ത്‌ വീടുകളുള്ള ലൈന്‍ മുറികളിലായിരുന്നു ചാത്തന്റെയും കൂട്ടുകാരുടെയും താമസം. മിക്കതിലും എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥികള്‍ തന്നെ ചിലതില്‍ എഞ്ചിനീയറിംഗ്‌ ലാബിലേയും വര്‍ക്‌ക്‍ഷോപ്പിലേയും ഓഫീസിലേയും ജോലിക്കാരും. പുതുതായി വന്ന ജൂനിയേര്‍സൊക്കെ നല്ല തണ്ടും തടിയുമുള്ളവര്‍. അവരോടൊന്നും മിണ്ടാതെ വെയിറ്റിട്ട്‌ നടക്കുന്നത്‌ റാഗുചെയ്യാന്‍ പോയാല്‍ അവരെങ്ങാന്‍ തിരിച്ചു വല്ലോം ചെയ്യുമെന്ന് കരുതീട്ടാണെന്ന് അവരെങ്ങനെ അറിയാന്‍!.

സീനിയേര്‍സൊക്കെ കളിയാക്കിത്തുടങ്ങി, ഞങ്ങളുതന്നെ ഇവരേം കൈകാര്യം ചെയ്യേണ്ടി വരുമോന്ന്. കൂട്ടത്തില്‍ അല്‍പം തടീം വണ്ണമൊക്കെയുള്ളത്‌ സായിക്കാണ്‌, അവന്റെ നേതൃത്വത്തില്‍ ഞങ്ങളൊരു പയ്യന്‍സിനെ ട്രയല്‍സിനായി സെലക്റ്റ്‌ ചെയ്തു. അധികം സംസാരിക്കാത്ത എപ്പോഴും തലകുനിച്ച്‌ നടക്കുന്ന ഒരു പയ്യന്‍സ്‌, അവനെ നമ്മള്‍ക്ക്‌ പപ്പന്‍ എന്നു വിളിക്കാം. ബാക്കിയുള്ള ജൂനിയേര്‍സ്‌ നാട്ടില്‍ പോകുമ്പോള്‍ അവന്‍ പോകാറില്ല, കാരണം അവരൊക്കെ അടുത്തുള്ള ജില്ലകളിലാണ്‌. പപ്പനാകട്ടെ അങ്ങ്‌ തിരുവനന്തപുരം സ്വദേശിയും.

എല്ലാവരും അവനവന്‍ ചോദിക്കേണ്ട ചോദ്യങ്ങളൊക്കെ എത്രയും ഭീകരമായി എങ്ങനെ ചോദിക്കാമെന്ന് പലതവണ കണ്ണാടീടെ മുമ്പില്‍ റിഹേഴ്സലൊക്കെ എടുത്ത്‌ പഠിച്ചു. അങ്ങനെ അവന്‍ ഒറ്റയ്ക്കുള്ള ഒരു ദിവസം എല്ലാവരും കൂടി അവന്റെ വട്ടം കൂടി. പപ്പനപ്പോഴേ തലകുനിച്ചിരിപ്പായി.

പേര്‌ നാട്‌ പഠിച്ച സ്ഥലം എന്നിവയില്‍ തുടങ്ങി അല്ലറ ചില്ലറ നാട്ടു വിശേഷങ്ങളും ചോദിച്ച്‌ കഴിഞ്ഞപ്പോഴേയ്ക്ക്‌ അവനാകെ കരച്ചിലിന്റെ വക്കത്തെത്തി. എന്നാപ്പിന്നെ അവനിത്തിരി ആശ്വാസമായിക്കോട്ടേന്ന് കരുതി ഈ നാടൊക്കെ ഇഷ്ടമായോന്ന് ചാത്തന്‍ ചോദിച്ചു.

ഏത്‌ നാട്‌?

കാസര്‍ഗോഡ്‌.

അതേതാ സ്ഥലം?

എന്ത്‌ കോളേജിരിക്കുന്ന ജില്ല തന്നെ ഇവനറിയില്ലേ! ചാത്തനൊന്ന് ഞെട്ടി. കൂട്ടുകാരെ നോക്കിയപ്പോള്‍ അവരും ഷോക്കടിച്ചപോലെ നില്‍പ്പാണ്‌.

ഞങ്ങളു നാലുപേരും ഒറ്റശ്വാസത്തില്‍ അടുത്ത ചോദ്യം ചോദിച്ചു.

അപ്പോള്‍ കേരളത്തിലാകെ എത്ര ജില്ലയുണ്ട്‌?

കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത്‌ എന്ന് ചോദ്യത്തിന്‌ ഉത്തരമാലോചിക്കും പോലെ അവനിരുന്ന് ചിന്തിക്കുന്നു!!!

മു.. മൂൂന്നല്ലേ?

ചിരിക്കണോ കരയണോ അതോ ബോധം കെടണോ എന്ന കണ്‍ ഫ്യൂഷനിലായി നാല്‍വര്‍ റാഗിംഗ്‌ സംഘം.

പടച്ചോനേ എഞ്ചിനീയറിംഗ്‌ എന്‍ട്രന്‍സ്‌ എന്ന സാധനത്തിന്‌ കീറക്കടലാസിന്റെ വിലപോലുമില്ലേ! ഇവനെങ്ങനെ!!!!

ആദ്യം സ്ഥലകാലബോധം വീണത്‌ സായിയ്ക്കായിരുന്നു അവന്‍ ചോദിച്ചു.

എന്നാല്‍ ആ മൂന്ന് ജില്ലകളുടെ പേര്‌ പറഞ്ഞേ കേള്‍ക്കട്ടെ.

കൊ.കൊ..കൊച്ചി... പി..പിന്നെ പ....പത്തനംതിട്ട.

ദൈവമേ ഇതില്‍കൂടുതല്‍ എങ്ങിനാ സഹിക്കുക പതിമൂന്ന് ജില്ലകള്‍ വേറെയുണ്ടായിട്ടും പേരുപറയുമ്പോള്‍ മിക്കവാറും വിട്ടുപോകുന്ന പത്തനംതിട്ട!!!

മൂന്നാമത്തേത്‌?

ആ ആലുവ...

ദൈവമേ ഒരു കത്തി തരൂ..

ചാത്തന്‍ വയലന്റായി "ഡാ അപ്പോള്‍ നിന്റെ നാടോ അതങ്ങ്‌ ഇറാക്കിലാണോ?"

അയ്യോ മാറിപ്പോയി തിരുവനന്തപുരം.

ഭാഗ്യം

അപ്പോള്‍ ഈ കോളേജ്‌ നില്‍ക്കുന്ന ജില്ലയോ?

അത്‌ അത്‌ മറന്നുപോയി.

അപ്പോള്‍ ആകെ എത്രയായി?

മു.. മൂന്ന്..

കണക്കായി എവനോടൊന്നും ചോദിച്ചിട്ട്‌ കാര്യമില്ല. കേരളത്തിലെ എല്ലാജില്ലകളുടെ പേരും 500 തവണ എഴുതിക്കൊണ്ട്‌ വരാന്‍ പറഞ്ഞ്‌ നാല്‍വര്‍സംഘം വിടവാങ്ങി.

പുറത്തെത്തി സീനിയേര്‍സിനോട്‌ കാര്യം പറഞ്ഞപ്പോള്‍ അവരൊക്കെ കൂട്ടച്ചിരി.എടാ അവന്‍ നിങ്ങളെ ആക്കിയതല്ലേ? ആര്‍ക്കെങ്കിലും ഇതൊക്കെ അറിയാന്‍ പാടില്ലാതിരിക്കുവോ? അവനെ ഏതായാലും സമ്മതിച്ചു നിങ്ങളു നാലുപേരെം പറ്റിച്ച്‌ ഇത്ര എളുപ്പം തലയൂരിയല്ലേ.

ഒരു നാലരക്കുപ്പി രക്തം തിളച്ച്‌ ആവിയായി.

കയ്യാങ്കളി വേണ്ടാന്നായിരുന്നെങ്കിലും വാതിലും ചവിട്ടിത്തുറന്ന് നാല്‍വര്‍സംഘം പപ്പന്റെ മുറിയിലേക്കോടിക്കയറി.

പപ്പനിരുന്ന് ഇമ്പോസിഷനെഴുതുന്നു.

ഡാ നിനക്ക്‌ തെറിയറിയാമോ?

അറിയാം.

എന്നാലാ എഴുതുന്ന കൂട്ടത്തില്‍ അറിയാവുന്ന തെറികൂടി ഒരു 500 തവണ എഴുതിക്കോ. പോരാന്നു വച്ചാല്‍ കുറച്ച്‌ എഞ്ചിനീയറിംഗ്‌ സ്പെഷല്‍ തെറികളു ഞങ്ങളു പറഞ്ഞ്‌ തരാം അതും കൂടി ചേര്‍ത്തെഴുതിക്കോ. ആട്ടെ ആദ്യം നിനക്കറിയുന്ന തെറിയൊക്കെ പറഞ്ഞേ നിന്റെ സ്റ്റാന്‍ഡേര്‍ഡൊന്നറിയട്ടേ.

എഴുതിക്കോണ്ടിരുന്നവന്‍ കസേര പിന്നോട്ട്‌ വലിച്ചിട്ട്‌ ചാടിയെഴുന്നേറ്റ്‌ തിരിഞ്ഞ്‌ നിന്നു.

പ്പ പുല്ലേ.... ....

അത്രേം കേട്ടപ്പോള്‍ തന്നെ വാതിലും ചവിട്ടി ഓടിക്കയറിയ രണ്ടെണ്ണത്തിന്റെ പൊടിപോലുമില്ല.

%%$%്‌$$്‌!!്‌%^&^*&^

മധുരോദാത്തമായ വാക്കുകള്‍ പപ്പന്റെ വായില്‍ നിന്ന് അനര്‍ഗ്ഗളനിര്‍ഗ്ഗളം പ്രവഹിക്കുകയാണ്‌. വെള്ളം ചേര്‍ക്കാത്ത മോസ്റ്റ്‌ മോഡേണ്‍ തെറികള്‍!!!
'വൗ' എന്ന സായിപ്പിന്റെ ആശ്ചര്യചിഹ്നം അന്തരീക്ഷത്തില്‍ അവിടവിടെയായി തത്തിക്കളിക്കുന്നു. ചെവി പൂഴിയിട്ട്‌ തുടച്ചാല്‍ പോലും ഇനി വൃത്തിയാകുമെന്ന് സംശയമാണ്‌. ചാത്തന്‍ മുന്‍പില്‍ നിന്ന സായിയുടെ ഷര്‍ട്ടില്‍ പിടിച്ച്‌ വലിച്ചു..വാടാ പോവാം എന്റെ ഇയര്‍ ബഡ്‌സ്‌ ഇന്നലയേ തീര്‍ന്നിരിക്കുകയാ. നീ കടംതരേണ്ടി വരും.

അവനാകട്ടെ മുഖത്തടിയേറ്റതു പോലെ നില്‍പ്പാണ്‌.

നിന്നെപ്പിന്നെ എടുത്തോളാം എന്ന് പറഞ്ഞ്‌ പുറത്തേക്ക്‌ ചാടിയ ചാത്തനും കൂട്ടുകാരനും ഒച്ചേം ബഹളോം കേട്ട്‌ ഓടി വന്ന സീനിയേര്‍സിന്റെ അമ്പരന്ന് നില്‍ക്കുന്ന മുഖത്തേയ്ക്ക്‌ ഒരു ചമ്മിയ ചിരിയും പാസാക്കി തിരിഞ്ഞു നടന്നു.

സായി ചാത്തന്റെ കാതില്‍ പറഞ്ഞു നാട്ടില്‍ പോകുമ്പോള്‍ ഞാന്‍ കുറേ ബോര്‍ഡെഴുതി ഹൈവേയില്‍ വയ്ക്കാന്‍ പോവുകയാ.

എന്ത്‌ ബോര്‍ഡ്‌?

ഭരണിയ്ക്ക്‌ വരുന്നവര്‍ കാവില്‍ കയറണമെങ്കില്‍ തിരുവനന്തപുരത്തേക്കുള്ള ടു ആന്റ്‌ ഫ്രോ ട്രെയിന്‍ ടിക്കറ്റിന്റെ ബാക്കിക്കഷ്ണം കാണിച്ചിരിക്കണം എന്ന്.

വാല്‍ക്കഷ്ണം: അളമുറ്റിയാല്‍ ചേരയും കടിക്കും. നീര്‍ക്കോലികള്‍ക്ക്‌ കടിക്കാന്‍ പറ്റൂലല്ലോ. പാവങ്ങള്‍...(അത്താഴം മുടങ്ങുന്നതൊക്കെ ഔട്ട്‌ ഓഫ്‌ ഫാഷനാ)