Monday, February 11, 2008

ഇല്ലാത്ത കുടയും മോഡേണ്‍ കുഞ്ഞുപെങ്ങളും

ഐടി പാര്‍ക്കില്‍ പുതിയ കമ്പനിയില്‍ ചേര്‍ന്ന ആദ്യദിവസം. ഒരുപാട്‌ കൂട്ടുകാരുടെ ഇടയില്‍ നിന്നും തികച്ചും അപരിചിതമായ അന്തരീക്ഷത്തിലേയ്ക്ക്‌. എന്നാലും താമസിക്കുന്നത്‌ ഒരുപിടി പഴയ കൂട്ടുകാരുടെ കൂടെയാണെന്ന ആശ്വാസമുണ്ട്‌. കമ്പനിയ്ക്കകത്ത്‌ തന്നെ പരിചയമുള്ള രണ്ട്‌ പേര്‍ വിളിച്ചാല്‍ കേള്‍ക്കാത്ത ദൂരെ. വൈകീട്ട്‌ അവരൊക്കെ നേരത്തെ തന്നെ ഇറങ്ങി. ജോയിന്‍ ചെയ്തത്‌ 11 മണിയ്ക്കെങ്ങാണ്ടാ പിന്നെങ്ങനെ 6 മണിയെങ്കിലും ആവാതെ ഇറങ്ങിപ്പോവും?

സ്വന്തം പ്രൊജക്റ്റിലുള്ള ആരും സ്ഥലം വിടുന്ന ലക്ഷണമില്ല. തിരക്കുള്ള പ്രൊജക്റ്റാണ്‌. ആണുങ്ങളും പെണ്ണുങ്ങളും സമയം പോലും നോക്കാതെ തിരക്കിട്ട പണിയിലാണ്‌. ഒരു പെണ്‍കുട്ടിയെങ്കിലും ഇറങ്ങിപ്പോവാതെ ആണായ ചാത്തനെങ്ങനെ ഇറങ്ങിപ്പോവും. ചെയ്യേണ്ട ജോലിയെക്കുറിച്ചും വലുതായൊന്നും ആരും പറഞ്ഞിട്ടുമില്ല. മണി എട്ടാവുന്നു.

എല്ലാവരും ബാഗെടുക്കുന്നു, പുറത്തേക്കോടുന്നു. അപ്പോഴാണത്രെ ഐടി പാര്‍ക്ക്‌ വക ബസ്സുകള്‍ പുറപ്പെടുന്നത്‌. ചാത്തനാ ബസ്സുകളില്‍ പോവാനാവില്ല. അടുത്ത മാസമേ അതില്‍ കയറാനുള്ള പാസ്‌ കിട്ടൂ. അതിനിനീം ഒരാഴ്ച കഴിയണം. ഓടുന്ന വഴി ആരോ പറഞ്ഞു പാര്‍ക്കിന്റെ മെയിന്‍ ഗേറ്റിനടുത്ത്‌ ബസ്സ്റ്റോപ്പുണ്ട്‌. അവിടുന്ന് എയര്‍പോര്‍ട്ട്‌ റോഡിലേക്ക്‌ ബസ്സ്‌ കിട്ടിയേക്കും. [അവിടേയ്ക്കാണ്‌ ചാത്തന്‌ പോവേണ്ടത്‌.]

മെയ്‌ മാസം, ചാത്തന്‍ പാര്‍ക്കിന്‌ പുറത്ത്‌ കടന്നതും ഇടിയും മിന്നലും കാറ്റും മഴയും. എങ്ങിനെയോ ഓടി ബസ്‌സ്റ്റോപ്പിലെത്തി. ഇത്തിരി നനഞ്ഞു. ബസ്‌സ്റ്റോപ്പിലാരുമില്ല. കാശിത്തിരി അധികമായാലും ഈ പരിചയമില്ലാത്ത സ്ഥലത്ത്‌ നില്‍ക്കുന്നതിലും നല്ലത്‌ ഓട്ടോയ്ക്ക്‌ പോകുന്നതാ. ഒന്ന് രണ്ട്‌ ഓട്ടോക്കാരോട്‌ എയര്‍പോര്‍ട്ട്‌ റോഡ്‌, കെമ്പ്‌ ഫോര്‍ട്ട്‌ എന്നൊക്കെപ്പറഞ്ഞതും അതൊക്കെ ഏതോ ഉഗാണ്ടയിലെ സ്ഥലങ്ങളാണെന്ന ഭാവത്തില്‍ പോവില്ലാന്ന് പറഞ്ഞ്‌ അവരു സ്ഥലം വിട്ടു.

മൂന്നാമതൊരു കണ്ണില്‍ 'ചോരയുള്ള' ഓട്ടോക്കാരന്‍(എല്ലാ അര്‍ത്ഥത്തിലും) അവന്റെ ചടാക്ക്‌ ഓട്ടോയുടെ വില തന്നെ പറഞ്ഞു കളഞ്ഞു. അവനോട്‌ ചാത്തന്‍ ബൈ ബൈ പറഞ്ഞിട്ടും പോവാതെ ചുറ്റിക്കറങ്ങിയപ്പോള്‍ ചാത്തന്‍ സിമ്മില്ലാത്ത മൊബൈലില്‍ ഡയല്‍ ചെയ്ത്‌ ആരോടോ ചുമ്മാ സംസാരിച്ചു. എന്നിട്ടവനോട്‌ തന്നെ കൂട്ടാന്‍ വേറെ ആളു വരുന്നുണ്ടെന്ന് പറഞ്ഞതോടെ അവനും സ്ഥലം വിട്ടു.

സമയം എട്ടര കഴിഞ്ഞു. അതിനിടെ അതിലൂടെ വന്ന 2 - 3 ബസ്സുകളിലും ചാത്തന്‍ ചോദ്യം ആവര്‍ത്തിച്ചു. ഒറ്റബസ്സും എയര്‍പോര്‍ട്ട്‌ റോഡ്‌ വഴി പോകുന്നില്ല. സത്യത്തില്‍ ചാത്തന്‍ ബസ്‌ കാത്ത്‌ നിന്ന സ്ഥലം തെറ്റിപ്പോയതായിരുന്നുവെന്ന് പിന്നീട്‌ മനസ്സിലായി. അതു വഴി വിരളമായേ എയര്‍പോര്‍ട്ട്‌ റോഡ്‌ ബസ്‌ വരാറുള്ളുവായിരുന്നു. ഐടി പാര്‍ക്കിന്റെ മുന്നിലായിട്ടും അവിടെ വെളിച്ചം വളരെ കുറവായിരുന്നു. പോരാഞ്ഞ്‌ മഴ കാരണം തെരുവ്‌ വിളക്കുകളൊന്നും കത്തുന്നുമില്ല.

ഇടയ്ക്കിടെ ഉണ്ടായിരുന്ന മിന്നല്‍പ്പിണറുകള്‍ വെളിച്ചമില്ലായ്മ പരിഹരിച്ചിരുന്നു. പെട്ടന്ന് തലയില്‍ ഒരു ബാഗ്‌ വച്ച്‌ മഴയെ തടഞ്ഞുകൊണ്ട്‌ ജീന്‍സും ടീഷര്‍ട്ടുമിട്ടൊരു പെണ്‍കുട്ടി വെയിറ്റിംഗ്‌ ഷെല്‍ട്ടറിലേക്കോടിക്കയറി. ഒറ്റനോട്ടത്തില്‍ ഒരു ടിപ്പിക്കല്‍ ബാംഗ്ലൂര്‍ സോഫ്റ്റ്‌വേര്‍ കൂലിപ്പണിക്കാരി(കട്‌: കൈപ്പള്ളി).

വന്നപാടെ ഒരു മൊബൈലെടുത്ത്‌ ചെവിയില്‍ വച്ച്‌ ഒരു സൈഡിലേക്ക്‌ ചെരിഞ്ഞ്‌ സംസാരം തുടങ്ങി. വീണ്ടും ഒന്ന് രണ്ട്‌ ഓട്ടോകള്‍ ആ വഴി വന്നു. ലേഡീസ്‌ ഫസ്റ്റ്‌ എന്ന പോളിസിപ്രകാരം കുഞ്ഞുപെങ്ങള്‍ ഓട്ടോക്കാരനോട്‌ സ്ഥലം പറഞ്ഞു. അവന്റെ മറുപടി കേട്ട ഉടനെ കന്നഡയില്‍ എന്തൊക്കെയോ തെറിവിളിച്ചു. പെങ്ങള്‍ക്ക്‌ പോകേണ്ട സ്ഥലം ചാത്തനു പോകേണ്ട സ്ഥലത്തിന്‌ തൊട്ട്‌ മുന്‍പുള്ള സ്റ്റോപ്പാണെന്നും മുന്‍പ്‌ ചാത്തനോട്‌ പറഞ്ഞ കൂലിയുടെ ഒരു മള്‍ട്ടിപ്പിള്‍ ആണ്‌ പെങ്ങളോട്‌ പറഞ്ഞതെന്നും മനസ്സിലായപ്പോള്‍ ആ കന്നഡതെറീടെ ഒരു വേവ്‌ ലെങ്ങ്ത്ത്‌ ചാത്തനു പിടികിട്ടി.

ഓട്ടോക്കാരെ ഇത്രേം വിറപ്പിക്കുന്ന ആര്‍ച്ചപ്പെങ്ങള്‍ ഒറ്റയ്ക്കായാലും പാതിരാത്രിയായാലും കൊടുംകാറ്റിലും നാടുപിടിക്കും എന്നോര്‍ത്ത്‌ ചാത്തന്‍ ആശ്വാസം കൊണ്ടു. ഇനിയിപ്പോള്‍ പെങ്ങളുടെ കൂടെ കൂടാം. പെങ്ങള്‍ക്കിറങ്ങേണ്ട സ്റ്റോപ്പ്‌ വരെ എത്തിക്കിട്ടിയാല്‍ ബാക്കിദൂരം കാല്‍നടയായെങ്കിലും എത്തിപ്പെടാം. ചുമ്മാ ഒരു ആശ്വാസ നെടുവീര്‍പ്പിട്ടു.

എന്നാലും ഈ ടൈപ്പ്‌ ഒരു മോഡേണ്‍ താടകയെ എങ്ങനെ പെങ്ങളാക്കും "മാഡ്‌ അം" എന്ന് വിളിച്ചാലോ. ചിലപ്പോള്‍ പ്രായം കൂട്ടുന്ന സംബോധന പിടിച്ചില്ലെങ്കിലോ? വേണ്ടാ.

"സി...സ്‌..സി... സിസ്റ്റര്‍..."
പാതിരാത്രി വീട്ടുവാതിലില്‍ മുട്ടിയ സോപ്പ്‌പൊടിയുടെ സെയില്‍സ്മാനെ നോക്കുന്നപോലെ ഒരു കൂര്‍ത്ത നോട്ടം. ഒന്നുരുകിയെങ്കിലും ആവശ്യം നമ്മുടെയല്ലേ.

പെങ്ങളേ..ഞാനിവിടെ ആദ്യായിട്ടാ.. പെങ്ങള്‍ക്ക്‌ പോകേണ്ട സ്റ്റോപ്പിന്റെ തൊട്ടടുത്ത സ്റ്റോപ്പിലേക്കാ എനിക്ക്‌ പോവേണ്ടത്‌. വിരോധമില്ലെങ്കില്‍ നമ്മള്‍ക്കൊരു ഓട്ടോ ഷെയര്‍ ചെയ്ത്‌ പോവാം..പെങ്ങളോട്‌ ചോദിച്ചതിന്റെ പകുതിക്കൂലിയേ എന്നോട്‌ പറഞ്ഞുള്ളൂ. ഇത്രേം ഒറ്റശ്വാസത്തില്‍ ആംഗലേയത്തില്‍ കഷ്ടിച്ച്‌ പറഞ്ഞ്‌ തീര്‍ത്ത ആശ്വാസത്തില്‍ ചാത്തന്‍ മുഖമുയര്‍ത്തി.

ദൈവമേ പെങ്ങള്‍ എന്ന് തന്നെയല്ലേ സംബോധന ചെയ്തത്‌, ആവുന്നത്ര ദയനീയഭാവം മുഖത്ത്‌ വരുത്തിയല്ലേ സഹായം ചോദിച്ചത്‌!!! എന്നിട്ടെന്താ ഇതിങ്ങനെ? കൂടെ വരുമോ? ഞാന്‍ നിന്നെ ഒന്ന് പീഡിപ്പിച്ചോട്ടെ എന്ന് ചോദിച്ചപോലെ!!!!.

"എനിക്ക്‌ തനിച്ച്‌ പോകാനറിയാം" എന്ന് വിളിച്ച്‌പറയുന്ന, ഇരുട്ടത്തും കത്തുന്ന കണ്ണുകള്‍... ചാത്തന്റെ കഴുത്തില്‍ പടരുന്ന നനവ്‌ നേരത്തെ കൊണ്ട മഴയുടെ ബാക്കിയോ അതോ മഴയുടെ തണുപ്പിലും പൊടിയുന്ന വിയര്‍പ്പോ?

പെട്ടന്നൊരു ബസ്‌ ആ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട്‌ വന്നു. മുന്‍പ്‌ വന്ന ബസ്സുകളെല്ലാം എവിടേക്കാണ്‌ പോകുന്നതെന്ന് ചോദിച്ച്‌ ഉറപ്പ്‌ വരുത്തിയിരുന്ന പെങ്ങള്‍, ഇത്തവണ ഒന്നും മിണ്ടാതെ അവസാനമായി ഒരു തീയുണ്ട ചാത്തന്റെ നേര്‍ക്ക്‌ പായിച്ച്‌ സ്റ്റോപ്പില്‍ നിന്ന് വിട്ട്‌ പോയിക്കൊണ്ടിരുന്ന ബസ്സിന്റെ ഫുട്ബോര്‍ഡിലേക്ക്‌ ചാടിക്കയറി. ഓടുന്ന ബസിന്റെ ‘കിളി‘കളു ഇമ്മാതിരി ചാടിക്കയറുന്നത് കണ്ടിട്ടുണ്ട്. എന്നാലും ഒരു പെണ്ണ്!!!

ഇത്തിരി ഓടിനോക്കിയെങ്കിലും കാലൊന്ന് വഴുതിയത്‌ കൊണ്ട്‌ ചാത്തനാ ബസ്സില്‍ കയറാനായില്ല. അകന്ന് പോകുന്ന ബസ്സും നോക്കി, ചാത്തന്‍ ഇനിയെന്ത്‌ എന്ന ചോദ്യചിഹ്നമായി നിന്നു.

വാല്‍ക്കഷ്ണം:
പിന്നാലെ വന്ന ഒരു വാനില്‍ കയറി കൃത്യം സ്റ്റോപ്പില്‍ ഇറങ്ങി, ചാത്തന്‍ വീട്ടിലെത്തി. നടന്ന സംഭവങ്ങള്‍ കൂട്ടുകാരോട്‌ പറഞ്ഞപ്പോള്‍ എല്ലാവരും നാലുവഴിക്കും ഓടി. വാതില്‍ക്കല്‍ പോയി നോക്കി വന്ന ഒരുത്തന്‍ പറഞ്ഞു. ഭാഗ്യം പോലീസൊന്നും പിന്നാലെ വന്നില്ലാന്ന് തോന്നുന്നു. നീ പെട്ടന്ന് അവിടുന്ന് കമ്പനി മാറിക്കോ. ഇനി ആപെണ്ണിനെ നേരിട്ടു കണ്ടാല്‍ നിന്റെ കാര്യം പോക്കാ.