Wednesday, February 28, 2007

മത്തി ബിരിയാണി

ങൂ ഹൂം എനിക്ക്‌ വേണ്ടാ.

എനിക്ക്‌ വേണ്ടാന്ന് പറഞ്ഞില്ലേ...

കുറച്ചെങ്കിലും കഴിക്കെടാ.
നല്ലകുട്ടിയല്ലേ..


ഇക്ക്‌ വേണ്ടാ വിശപ്പില്ല.

ദേ ഈ രണ്ടുരുളയെങ്കിലും അമ്മ വാരിത്തരുന്നതല്ലേ?

ഈ കറി എനിക്കിഷ്ടല്ലാന്നറീല്ലേ പിന്നേം എന്തിനാ ഇതന്നെ ഇണ്ടാക്കിയത്‌ ഇക്കു വേണ്ടാ

എന്നാല്‍ ആ കറി കൂട്ടേണ്ടാ മീന്‌ നിനക്കിഷ്ടമല്ലേ
ഈ പൊരിച്ച മീന്‍ കഷ്ണവും കൂട്ടി രണ്ടുരുള...


മാണ്ടാാ....(വേണ്ടാ)

ഇല്ലേല്‍ ദേ ഒരു പ്രാവിന്റെ ഇറച്ചി കുറയും..

ങൂഹൂ എന്നെ പറ്റിക്കാന്‍ നോക്കണ്ടാ അതു രാത്രി കഴിച്ചില്ലെങ്കിലാ..

അതു ശരിയാ.. പക്ഷേ ഉച്ചയ്ക്കു കഴിച്ചില്ലെങ്കില്‍ ഒരു അണ്ണാന്റെ അത്ര ഇറച്ചി കുറയും..


കുറേന്നെങ്കില്‍ കുറഞ്ഞോട്ടെ. ന്നാലും നിക്കു വേണ്ടാ..

നല്ലകുട്ടിയല്ലേ അമ്മ കഥ പറഞ്ഞു തരാലോ

ഇക്കു വേണ്ടാ ഈ മത്തി നെറച്ചും മുള്ളാ

മുള്ള്‌ ഞാന്‍ പോക്കിത്തരാലോ

എന്നാലും മുള്ളാ നിക്ക്‌ വേണ്ടാ

നിനക്ക്‌ കറുമുറ ഇഷ്ടല്ലേ ഈ പൊരിഞ്ഞ കഷ്ണം കറുമുറാന്ന് കഴിക്കാലോ

എന്നാല്‍ മീനു മാത്രം കഴിക്കാം ചോറുവേണ്ടാ.

നിനക്ക്‌ കറിയല്ലേ ഇഷ്ടമല്ലാതുള്ളൂ, ഞാനിപ്പോള്‍ വരാം.

.........................................

ഇതെന്താ?

ഇതാണ്‌ മത്തിബിരിയാണി. ഇതിനു കറിവേണ്ടാ

ദേ ഈ ഉരുള കഴിച്ചേ ഇതാണ്‌ കോഴിമുട്ട.
ഇനി ഒരു പ്രാവിന്റെ മുട്ട,
ഇതു ഒരു തത്ത മുട്ട.

ദേ ഇതും കൂടി ഇതു മയിലിന്റെ മുട്ട.

നിക്ക്‌ ദിനോചറിന്റെ മുട്ട വേണം
ദാ ദിനോസറു മുട്ട...

വാല്‍ക്കഷ്ണം:
മത്തിബിരിയാണി -ചാത്തന്‍'സ്‌ ഫേവറൈറ്റ്‌
പാചകവിധി ഇപ്രകാരം
മത്തി തന്നെ വേണമെന്നില്ല ഏതെങ്കിലും ഒരു മീന്‍ വറുത്ത ചട്ടി - ഒന്ന് (നോണ്‍ സ്റ്റിക്‌ പാടില്ല)
ആവശ്യത്തിനു ചോറ്‌.

ചോറ്‌ ചട്ടിയിലിട്ട്‌ നന്നായി ഇളക്കുക, ചട്ടിയില്‍ ബാക്കിയുള്ള മീന്‍ തരികളും എണ്ണയും ചോറുമായി നല്ലവണ്ണം മിക്സ്‌ ആകുന്നതുവരെ തുടരുക.

സ്വാദിഷ്ടമായ മത്തിബിരിയാണി റെഡി...

ജാഹൂ കണ്ടന്റെ പ്രത്യേക ശ്രദ്ധയ്ക്ക്‌ പാചകക്കുറിപ്പ്‌ അടിച്ചുമാറ്റിയാല്‍ അറബിക്കടലു കടക്കുന്നതു വരെ ഞാന്‍ പിന്നാലെ ഓടി ഏറ്‌ നടത്തും...

Sunday, February 18, 2007

വീണതും വിദ്യ

ബിന്നു പാവാണ്‌. സ്വന്തമായി ലാര്‍ജ്‌ സ്കെയിലില്‍ സമ്പാദിക്കുന്നതുകൊണ്ട്‌ രൂപേടെ മൂല്യം എത്രയാന്നറിയാത്തതിലുള്ള ഒരു കുഞ്ഞു കുഴപ്പം മാത്രം.

മൊബൈലു കൊണ്ടു കളയുന്നതാണ്‌ ബിന്നൂന്റെ ഏറ്റവും ഇഷ്ടവിനോദം. ഓരോ തവണയും നൂതന വഴികളിലൂടെ എന്ന വ്യത്യാസം മാത്രം. ആദ്യ തവണ എല്ലാരും സഹതാപം പ്രകടിപ്പിച്ചെങ്കിലും ഇത്‌ ഒരു സ്ഥിരം നമ്പറായപ്പോള്‍ ആളുകള്‌ മൈന്‍ഡ്‌ ചെയ്യാതായി.

എന്തോ ഒരു മൊബൈലു ഒഴിയാബാധയായി കൂടെക്കൂടിയപ്പോള്‍ അവന്‍ അതിനെ തറയിലെറിഞ്ഞ്‌ ഡിസ്‌പ്ലേ പൊട്ടിച്ചു. പച്ചേം കറുപ്പും നിറങ്ങള്‍ കൊണ്ട്‌ മോഡേണ്‍ ആര്‍ട്ട്‌ പടം വരച്ചപോലെ മനോഹരമായ ഡിസ്‌പ്ലേയും പൊക്കിപ്പിടിച്ചായി പിന്നെയുള്ള നടപ്പ്‌.

ആരു വിളിച്ചാലും തിരിച്ചറിയാന്‍ പറ്റില്ല, നമ്പര്‍ മുഴുവന്‍ അറിയില്ലെങ്കില്‍ തിരിച്ചു വിളിക്കാനും പറ്റില്ല. അത്‌ ഇനി കൊണ്ടുകളഞ്ഞാലും കിട്ടുന്നവന്‍ തിരിച്ച്‌ കൊണ്ടുകൊടുക്കും പക്ഷേ ഉടമസ്ഥനെ തിരിച്ചറിയണേല്‍ അങ്ങോട്ട്‌ വിളിക്കേണ്ടിവരും എന്ന് മാത്രം.

ഒന്ന് രണ്ട്‌ തവണ ഉപേക്ഷിക്കാന്‍ ശ്രമിച്ചിട്ടും നടന്നില്ല. എക്സ്ചേഞ്ച്‌ ഓഫറിനു ശ്രമിച്ചപ്പോള്‍ കടക്കാര്‍ ആ മൊബൈലു വലിച്ചെറിഞ്ഞില്ലാന്നേയുള്ളൂ. അത്‌ വാങ്ങാതെ തന്നെ പുതിയ മൊബൈലിനു 100 രൂപ കുറച്ച്‌ കൊടുക്കാമെന്ന് പറഞ്ഞപ്പോള്‍ "എന്തോ സാധനം" വ്രണപ്പെട്ടു ന്ന് പറഞ്ഞ്‌ അവിടെ നിന്ന് ഇറങ്ങിപ്പോന്നു.

കുറച്ച്‌ ദിവസത്തെ തീവ്രയത്നപരിപാടിക്കു ശേഷം അതും എവിടോ കൊണ്ടു കളഞ്ഞു. ഇതിനിടെ ഒരുവിധം എല്ലാ മൊബൈല്‍ കമ്പനികളുടെയേയും പ്രീപെയ്ഡ്‌ കണക്ഷന്‍ ടെസ്റ്റ്‌ ചെയ്തതിനാല്‍ ഇത്തവണ പുതുതായി 'ക്ലിയറന്‍സ്‌' മൊബൈല്‍ കണക്ഷന്‍ എടുത്തു. അതിനാവട്ടെ സിം കാര്‍ഡ്‌ ഇന്‍ ബില്‍ട്ടാണ്‌. കളഞ്ഞ്‌ പോയാലും വേറെ സിം ഇട്ട്‌ ഉപയോഗിക്കാന്‍ പറ്റില്ല.

ചങ്കരന്‍ കുറച്ച്‌ ദിവസം പണിമുടക്ക്‌ കാരണം തെങ്ങേല്‍ കയറീല്ല.

എന്നാല്‍ ഒരു ദിവസം വൈകുന്നേരം ഇതാവരുന്നു കക്ഷി പുതു പുത്തന്‍ മൊബൈലും പൊക്കിപ്പിടിച്ച്‌.

എന്തു പറ്റിയെടാ പിന്നേം കൊണ്ട്‌ കളഞ്ഞോ?

ഏയ്‌ ഇത്‌ ഞാന്‍ എക്സ്ചേഞ്ച്‌ ചെയ്തതാ പുതിയ മോഡലാ എങ്ങനുണ്ട്‌?

നോക്കട്ടെ.

ദാണ്ടെടാ ഇത്‌ അടിക്കുന്നു. ലോക്കല്‍ നമ്പറാ ഇതാ നീ തന്നെ എടുത്തോ.

ഹലോ......സോറി റോങ്ങ്‌ നമ്പര്‍..
പിന്നേം. കിണി കിണി...
ഹലോ......സോറി റോങ്ങ്‌ നമ്പര്‍..
പിന്നേം....

ഇതെന്താടാ റോങ്ങ്‌ നമ്പര്‍ മഴയോ?

എന്താന്നറീല കുറേ തവണയായി. പറയുന്നതൊന്നും മനസ്സിലാവുന്നില്ല.ഒരേ നമ്പറീന്നാന്നാ തോന്നണേ.

വല്ല പെണ്‍പിള്ളാരും നിന്റെ ഗ്ലാമര്‍ കണ്ട്‌ മൊബൈല്‍ നമ്പര്‍ തെരഞ്ഞ്‌ പിടിച്ച്‌ വിളിക്കുന്നതായിരിക്കും.

എടാ ഭാഷ കന്നഡയാണെങ്കില്‍ അനിലിനു കൊട്‌ അവനറിയാം.

പിന്നേം കിണി കിണി....

ഇത്തവണ അനില്‍ കാര്യം ഏറ്റെടുത്തു.

എല്ലാരും അല്‍പസമയം അനിലിന്റെ മുഖത്ത്‌ നവരസങ്ങളില്‍ പലതും മാറിമാറി വരുന്നത്‌ ആസ്വദിച്ചു. കാര്യം ചിരിക്കാനുള്ള വകയാണെന്ന് അവന്‍ ഞങ്ങള്‍ക്ക്‌ സിഗ്നല്‍ തന്നു.

അവസാനം എന്തൊക്കെയോ ഭീഷണിയുടെ സ്വരത്തില്‍ പറഞ്ഞ്‌ അവന്‍ സംഭാഷണത്തിന്‌ വിരാമമിട്ടു.

എന്നിട്ടൊരു കള്ളച്ചിരിയോടെ ബിനുക്കുട്ടന്റെ നേരെ തിരിഞ്ഞു.

എടാ നീയിന്നെപ്പോഴാ നേരത്തെ പറഞ്ഞ എക്സ്ചേഞ്ച്‌ ഓഫര്‍ ചെയ്തത്‌?

അവന്റെ മറുപടിക്കായി ഞങ്ങളു കാത്തു നിന്നില്ലാ.

പോലീസ്‌ സ്റ്റേഷനീന്നാണോ വിളിച്ചത്‌?
നീ FIR റെജിസ്റ്റര്‍ ചെയ്തായിരുന്നോടാ?

അനിലിന്റെ മറുപടി ഇപ്രകാരം
"ഇവന്റെ മൊബൈലു കിട്ടിയവന്‍ അപ്പോള്‍ തന്നെ ഏതോ കന്നഡ ബുദ്ധിമാന്‌ അതു മറിച്ചു വിറ്റു. അയാളാ ഇപ്പോള്‍ വിളിച്ചത്‌. ഇവനു കുരുട്ടുബുദ്ധി കള്ളനേക്കാളും കൂടുതലായതോണ്ട്‌ ഇവന്‍ വരുന്ന വഴി ആ മൊബൈല്‍ കാന്‍സല്‍ ചെയ്ത്‌ അതേ നമ്പറിന്റെ ഡ്യൂപ്ലിക്കേറ്റ്‌ ചെയ്ത്‌ പുതിയ മൊബൈലും കൊണ്ടിറങ്ങിയിരിക്കുകയാ"

ഒന്ന് ശ്വാസം വിട്ടശേഷം തുടര്‍ന്നു.

"അയ്യാള്‌ രാവിലെയൊക്കെ ആ മൊബൈല്‍ വച്ച്‌ വിളിച്ചൂന്ന്. ഇപ്പോള്‍ ഇവന്‍ നമ്പര്‍ കാന്‍സല്‍ ചെയ്ത്‌ ഡ്യൂപ്ലിക്കേറ്റെടുത്തപ്പോള്‍ പാവം കറങ്ങിപ്പോയി. അത്‌ കട്ട മുതലാന്നറീല്ലായിരുന്നു, കാശ്‌ പോയീ, ഈ നമ്പര്‍ അയാള്‍ക്ക്‌ കൊടുക്കാവോന്ന്."

എന്നിട്ട്‌ നീ എന്തു പറഞ്ഞു?

വിറ്റവനോട്‌ പോയി പരാതി പറയാന്‍ അല്ലാതെന്താ?

എങ്ങനെയുണ്ട്‌ എന്റെ പുത്തി എന്ന സ്റ്റൈലില്‍ കോളറും പൊക്കി നിന്നവനെ കൂവി വെളുപ്പിക്കാന്‍ പിന്നെ താമസമില്ലായിരുന്നു

വാല്‍ക്കഷ്ണം: ഏതെങ്കിലും മൊബൈല്‍ കമ്പനീടെ പരസ്യമാവരുതെന്നുണ്ടായിരുന്നു. ആയില്ലാലൊ? ആയെങ്കില്‍ ഇപ്പോള്‍ എല്ലാ മൊബൈല്‍ കമ്പനീം ഈ സൗകര്യം ഒരുക്കുന്നുണ്ട്‌.

Sunday, February 11, 2007

ഘാര്‍ഘൂന്തലും വെട്ടാന്‍ വന്ന പോത്തും

കുട്ടിച്ചാത്തനും ഒരു കൊച്ചു സുന്ദരന്‍ ആയിരുന്നു.ഏത്‌ കാക്കക്കുഞ്ഞും പൊന്‍കുഞ്ഞായിരിക്കുന്ന, ഇഴഞ്ഞ്‌ നടക്കുന്ന പ്രായം തൊട്ട്‌ വള്ളിനിക്കര്‍ പ്രായം വരെ. പിന്നെപ്പോഴോ കാലത്തിന്റെ കുത്തൊഴുക്കില്‍ വല്യ ചാത്തനായപ്പോള്‍ ആ സുന്ദരന്‍ കുട്ടിച്ചാത്തന്‍ മനസ്സിന്റെ ഉള്ളില്‍ ഒളിച്ചിരിപ്പായി.

എന്നാല്‍ ചാത്തന്റെ സന്തത സഹചാരിയായി മാറ്റം വരാതെ ഒരാള്‍ കൂടെയുണ്ടായിരുന്നു. കുട്ടിച്ചാത്തന്റെ കാര്‍കൂന്തല്‍. കുട്ടിക്കാലത്ത്‌ കാച്ചിയ വെളിച്ചെണ്ണ തേച്ച്‌ മിനുക്കി, ചീകി വയ്ക്കാന്‍ ഒരുപാട്‌ മത്സരിച്ചിരുന്നു. അവരുടെ വാല്‍സല്യത്തിന്റെ തെളിനീരും ക്ലോറിന്‍ ചേരാത്ത കിണറ്റിലെ വെള്ളവും എല്ലാം ചേര്‍ന്ന് പരിചയപ്പെട്ട എല്ലാവര്‍ക്കും അസൂയ തോന്നിച്ച ചാത്തന്റെ കേശഭാരം.

ഉച്ചിയില്‍ പശു നക്കിയ മാതിരി എന്നും പകുത്ത്‌ ചീകി വച്ചിരുന്നതിനാല്‍ അന്നാരും കണ്ണു വച്ചിരുന്നില്ല. തലയില്‍ കൈവച്ചാല്‍ മുടിക്കിടയില്‍ വിരലുകുടുങ്ങുന്ന സമയമാകുമ്പോള്‍ പോയി മിലിട്ടറി സ്റ്റൈലില്‍ വെട്ടും.വെറുതേ വെട്ടിക്കളയുന്ന സാധനത്തിനു വേണ്ടി ഇടക്കിടെ എന്തിനാ കാശു ചെലവാക്കുന്നത്‌.

കാലം കഴിയുന്തോറും മാറ്റത്തിന്റെ ശംഖൊലി മുഴങ്ങിക്കൊണ്ടിരുന്നു.ചാത്തന്റെ ശരീരത്തില്‍ കാണാന്‍ കൊള്ളാവുന്ന ഒരേ ഒരു ഭാഗം കൂന്തലണ്ണനാണെന്ന വിവേകമുദിച്ച ചാത്തന്‍ പരീക്ഷണങ്ങളിലേര്‍പ്പെട്ടു.ഒരു ദിവസം വലതന്‍ പിന്നൊരു ദിവസം ഇടതന്‍. മുന്നോട്ടും പിന്നോട്ടും ചീകുമ്പോള്‍ പിന്താങ്ങാന്‍ മുന്നണികളില്ലാത്തതിനാല്‍ തദവസരങ്ങളില്‍ സ്വതന്ത്രനായും മത്സരിച്ചു കൊണ്ടിരുന്നു.

മുന്‍പില്‍ ഒരുസൈഡില്‍ കുറച്ച്‌ ചുരുളുകള്‍ വട്ടത്തിലാക്കി ഉണ്ടാക്കുന്ന 'കിളിക്കൂട്‌' ചാത്തന്‍ പേറ്റന്റ്‌ എടുത്ത്‌ അഹങ്കരിച്ച്‌ പോന്ന സ്റ്റൈലായിരുന്നു

ജോലി അനന്തപുരിയിലായിട്ടും മുടിവെട്ട്‌ നാട്ടില്‍ സ്ഥിരം ആളുടെ അടുത്ത്‌ മാത്രം.പക്ഷേ സര്‍ദാര്‍ജിമാരുടെ നാട്ടിലെത്തിയപ്പോള്‍ മുടിവെട്ടാന്‍ തലവെട്ടുന്നതിനേക്കാള്‍ കാശ്‌. നാട്ടില്‍ വരും വരെ വളര്‍ത്തിയാലോ? ശ്രമിച്ചു നോക്കി. ഒടുക്കത്തെ ചൂട്‌. അവസാനം ഒരു വഴി കണ്ടുപിടിച്ചു അവിടെ റോഡ്‌ സൈഡില്‍ ഏതെങ്കിലും മരത്തിന്റെ തണലില്‍ ഒരു കസേരയുമിട്ട്‌ ഒരാള്‍ ഇരിപ്പുണ്ടാവും സര്‍ദാര്‍ സ്റ്റൈല്‍ മാഞ്ചോട്‌ അമ്പട്ടന്‍. വിലയും തുച്ഛം 10 രൂപ മാത്രം!!!

അങ്ങേര്‌ വെട്ടി വെട്ടി ചാത്തന്റെ കാര്‍കൂന്തല്‍ ഒരു ഗാര്‍ഗൂന്തല്‍ ആക്കി.
ഒടുക്കം തിരിച്ച്‌ അനന്തപുരിയിലേക്ക്‌. എന്നാല്‍ പിന്നെ മലയാളി അമ്പട്ടന്‍ തന്നെയായിക്കോട്ടെ അടുത്ത വെട്ട്‌.

സാങ്കേതിക തടസ്സങ്ങള്‍ കാരണം നാട്ടില്‍ പോകാന്‍ പറ്റീല.അതു നമ്മ ഗാര്‍ഗൂന്തലിനു പറഞ്ഞാല്‍ മനസ്സിലാവണ്ടേ അവന്‍ വളര്‍ന്നുകൊണ്ടേയിരുന്നു.

തിരിച്ച്‌ അനന്തപുരിയില്‍ വന്നപ്പോള്‍ പഴയ സഹപ്രവര്‍ത്തകര്‍ മിക്കവാറും സ്ഥലം വിട്ടിരുന്നു. പുതിയ കൂട്ടുകാരെ ഉണ്ടാക്കാന്‍ ചാത്തനു വല്യ വിഷമമൊന്നും ഉണ്ടായില്ല. അപ്പോഴേക്കും ഗാര്‍ഗൂന്തല്‍ ഘാര്‍ഘൂന്തല്‍ ആയി. ഇനിയിപ്പോള്‍ നാട്ടില്‍ പോകുന്നതു വരെ കാത്തിരിക്കാന്‍ പറ്റില്ല.

ഒരു പുതിയ കൂട്ടുകാരനും മുടിവെട്ടണം അവന്‍ സ്ഥിരമായി പോകുന്ന സ്ഥലമുണ്ട്‌, വേറെ പ്രത്യേകിച്ച്‌ കുഴപ്പമൊന്നുമില്ല. ശരി ഒരു തവണയല്ലേ ഇവിടേം ഒരു പരീക്ഷണം നടത്തിക്കളയാം.

അങ്ങനെ ഞങ്ങള്‍ രണ്ടുപേരും കൂടി രാഹു,കേതു, ഗുളികകാലമൊക്കെ നോക്കി പുറപ്പെട്ടു. വലിയ തിരക്കൊന്നുമില്ല. എന്നാല്‍ ഒരു സീറ്റ്‌ മാത്രം ഒഴിവുണ്ട്‌. കൂട്ടുകാരന്‌ മുന്‍ഗണന കൊടുത്ത്‌ ചാത്തന്‍ പേപ്പറും വായിച്ചിരിപ്പായി. ഒരു സീറ്റും കൂടി ഒഴിഞ്ഞു. ചാത്തന്‍ ഉപവിഷ്ടനായി.

സ്ഥിരം ശൈലിയില്‍ വച്ചു കാച്ചി.(ഇതു ഡിസംബര്‍ മാസം).

"നല്ല ചൂടല്ലേ, പറ്റെ വെട്ടിയേക്ക്‌ ഒരു മിലിട്ടറി സ്റ്റൈലില്‍"

----ഡിസംബറില്‍ ചൂടോ എടാ പിശുക്കാ----

അമ്പട്ടന്‍ തിരിച്ചടിച്ചു.

"അയ്യോ മിലിട്ടറി സ്റ്റൈല്‍ ഈ മുഖത്തിനു ചേരില്ല. അതൊക്കെ"

തൊട്ടടുത്തിരിക്കുന്ന കൂട്ടുകാരനെ ചൂണ്ടിക്കാണിച്ചുകൊണ്ട്‌.

"ഇതുപോലെ പേഴ്‌സണാലിറ്റിയുള്ളവര്‍ക്കേ ചേരൂ"
......................................

എല്ലാ ബാര്‍ബര്‍ ഷോപ്പിലേയും കസേരകള്‍ കറങ്ങുന്നതാ അല്ലേ...
അല്ലാതെ എനിക്ക്‌ തോന്നിയതല്ലേ അല്ല....ഉറപ്പ്‌

വെട്ടാന്‍ വരുന്ന പോത്തിനോട്‌ വേദമോതുക പോയിട്ട്‌ സംസാരിക്കാന്‍ പോലും പാടില്ലാന്ന് പറയുന്നത്‌
ഇതുകൊണ്ടാണ്‌, ഇത്‌ കൊണ്ട്‌ തന്നെയാണ്‌, ഇതുകൊണ്ട്‌ മാത്രമാണ്‌.

വാല്‍ക്കഷ്ണം:
അവനാണെന്റെ യഥാര്‍ത്ഥ കൂട്ടുകാരന്‍. ആത്മമിത്രം. അപ്പോളൊരു ചെറുപുഞ്ചിരി അവന്റെ മുഖത്തിനു മാറ്റു കൂട്ടിയെങ്കിലും.ഇന്നുവരെ ഇത്‌ ഞങ്ങള്‍ക്കിടയിലെ രഹസ്യം മാത്രം. ഇപ്പോള്‍ ഞാനും കക്ഷിയും ഇത്തിരി സൗന്ദര്യപ്പിണക്കത്തിലാണെങ്കിലും. അവനെന്റെ ബ്ലോഗുകള്‍ കാലുപിടിച്ചാല്‍ പോലും വായിക്കില്ലെങ്കിലും, ഇത്‌ എങ്ങാനും വായിച്ചെങ്കിലും അവന്റെ പിണക്കം മാറുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്‌...