Sunday, April 29, 2007

രാവണനും ഗോകര്‍ണ്ണവും-കുട്ടി(ച്ചാത്തന്‍) കഥകള്‍

അപ്പുവേ ഉറങ്ങാറായില്ലേ? മണി പത്താവാറായി. ടിവി ഓഫ്‌ ചെയ്യൂ.

ഉറക്കം വരുന്നില്ലമ്മേ ഒരു കഥ പറഞ്ഞു തരാമോ?

പിന്നേ എനിക്കിവിടെ നൂറുകൂട്ടം പണിയാ നീ അച്ഛനോടു പറ.

പിന്നെ പിന്നെ അമ്മയ്ക്ക്‌ അറിയാഞ്ഞിട്ടല്ലേ അമ്മൂമ്മയോ അപ്പൂപ്പനോ ഉണ്ടായിരുന്നെങ്കില്‍?

അച്ഛാ എനിക്കൊരു കഥ പറഞ്ഞു തരാമോ? അച്ഛനെന്താ കമ്പ്യൂട്ടറില്‍ ചെയ്യുന്നത്‌?

അച്ഛന്‍ ബ്ലോഗു വായിക്കുകയാ മോനെ ഇതാണു കുറുമാന്‍ ചേട്ടന്റെ യൂറോപ്പ്‌ സ്വപ്നങ്ങള്‍ മോനു ഈ കഥ പറഞ്ഞു തന്നാല്‍ മതിയോ?
...............

ഈ കഥ വേണ്ടാ നിക്ക്‌ അപ്പൂപ്പന്‍ പറയുമ്പോലത്തെ കഥ വേണം.

ആ കഥയൊന്നും എനിക്കറീല നീ പോയിക്കിടന്നോ അല്ലേല്‍ ഇവിടെങ്ങാന്‍ മിണ്ടാതിരുന്നോ.

അച്ഛാ ഇതേതാ ഈ കുഞ്ഞു വാവേടെ പടം.

ഇതാണു കുട്ടിച്ചാത്തന്‍

അതാരാ കുട്ടിച്ചാത്തന്‍?

അതോ നീ പോയി കിടന്നിട്ട്‌ കണ്ണടച്ചിട്ട്‌ ഓം ഹ്രീം കുട്ടിച്ചാത്താ വായോന്ന് മനസ്സില്‍ പറഞ്ഞോണ്ട്‌ കിടന്നാല്‍ മതി. അപ്പോള്‍ കുട്ടിച്ചാത്തന്‍ വന്ന് നിനക്ക്‌ കഥ പറഞ്ഞു തരും. മോന്‍ പോയിക്കിടന്നേ.

(പിള്ളേരെ ഇങ്ങനെ പറ്റിക്കരുത്‌ അപ്പൂന്റച്ഛാ)

അപ്പുവേ അപ്പു ന്നെ വിളിച്ചോ?

അ ആ ആരാ?

അപ്പു വിളിച്ചിട്ടല്ലേ കുട്ടിച്ചാത്തന്‍ വന്നത്‌?

ഞാ വെറുതേ വിളിച്ചതാ.

അതു കള്ളം അപ്പു കഥ കേള്‍ക്കാനല്ലേ വിളിച്ചത്‌.

കുട്ടിച്ചാത്തന്‍ കഥ പറയ്‌വോ?

പിന്നേ അപ്പൂന്‌ എങ്ങനത്തെ കഥ വേണം?

അപ്പൂന്‌ അപ്പൂപ്പന്‍ പറയുമ്പോലത്തെ കഥ വേണം.

അപ്പൂപ്പന്‍ എന്തൊക്കെ കഥയാ പറയാറ്‌?

ശ്രീകൃഷ്ണന്റെ ശ്രീരാമന്റെ ശിവന്റെ ഗണപതീടെ.

അപ്പൂനു ശ്രീരാമന്റെ കഥ അറിയോ.

ഉവ്വ്‌ ശ്രീരാമന്റേം സീതേടെം രാവണന്റേം കഥ അതു അപ്പൂനറിയാം.

അപ്പൂനു പരശുരാമന്‍ ആരാന്നറിയോ?

മ്‌ പരശുരാമന്‍ മഴുവെറിഞ്ഞിട്ടാ കേരളം ഉണ്ടായതെന്ന് അപ്പൂപ്പന്‍ പറഞ്ഞിട്ടുണ്ട്‌.

പരശുരാമന്‍ എവിടെനിന്നാ മഴുവെറിഞ്ഞത്‌ എന്നറിയാവോ?

ഇല്ലാ

പരശുരാമന്‍ മഴുവെറിഞ്ഞത്‌ ഗോകര്‍ണ്ണം എന്ന സ്ഥലത്തു നിന്നിട്ടാ. ആ സ്ഥലത്തിനു ആ പേരു വരാന്‍ കുറെ കഥകളുണ്ട്‌ അതിലൊന്നു പറഞ്ഞു തരാം കേട്ടിട്ടുണ്ടോ?

ഇല്ലാ അതു മതി.

അപ്പൂനു രാവണനെ അറിയാലോ? രാവണന്‍ ഭയങ്കര ദുഷ്ടനായിരുന്നെങ്കിലും രാവണന്റെ അമ്മ വല്യ ഭക്തയായിരുന്നു. രാവണന്റെ അമ്മേടെ പേരാണു കൈകസി. എന്ത്‌?

കൈകസി.

കൈകസി സാക്ഷാല്‍ ശ്രീ പരമേശ്വരന്റെ ഭക്തയായിരുന്നു. ആരാ ശ്രീ പരമേശ്വരന്‍ ന്നു അപ്പൂനറിയാമോ?

ശിവന്‍ അല്ലേ?

അതേ സാക്ഷാല്‍ പരമശിവന്‍ തന്നെ.

കൈകസി ഒരു ശിവലിംഗത്തിനു മുന്‍പിലാ പൂജ ചെയ്തിരുന്നത്‌, രാക്ഷസനാണേലും രാവണനും ശിവഭക്തനായിരുന്നതിനാല്‍ പൂജചെയ്യുന്നതിന്‌ ഒരെതിര്‍പ്പും പ്രകടിപ്പിച്ചില്ല. മൂന്ന് ലോകങ്ങളിലും കൈകസിയുടെ ശിവ ഭക്തിയുടെ വാര്‍ത്ത പരന്നു.

അപ്പൂനു ദേവന്മാരുടെ രാജാവാരാന്നറിയോ?

അതു ദേവേന്ദ്രനല്ലേ?

അതെ ഇന്ദ്രന്‍ തന്നെ. ദേവന്മാരും അസുരന്മാരും ശത്രുക്കളാന്നറിയാലോ?

ഉവ്വ്‌.അവരു തമ്മിലു എപ്പളും അടിയല്ലേ?

ഉവ്വ്‌ . അങ്ങനെയിരിക്കെ ഒരു അസുരസ്ത്രീ ഇങ്ങനെ ശിവപൂജ ചെയ്ത്‌ പുണ്യം സമ്പാദിക്കുന്നത്‌ ഇന്ദ്രനു സഹിക്ക്വോ? ഇന്ദ്രന്‍ ഒരു ദിവസം ആരും കാണാതെ ആ ശിവലിംഗം കട്ടെടുത്തു.

അയ്യോ എന്നിട്ട്‌?

എന്തു ചെയ്യാന്‍ കൈകസി ഓടി രാവണന്റെ അടുത്ത്‌ വന്ന് പരാതി പറഞ്ഞു.സ്വന്തം അമ്മ വന്ന്‌ കരഞ്ഞോണ്ട്‌ പറയുന്നത്‌ കേട്ടാല്‍ രാക്ഷസനാണേലും ഏത്‌ മകനെങ്കിലും സഹിക്ക്വോ? രാവണന്‍ കോപം കൊണ്ട്‌ വിറച്ചു.

എന്നിട്ട്‌? യുദ്ധത്തിനു പോയോ?

ഏയ്‌ ഇന്ദ്രന്‍ പണ്ടേ, രാവണന്‍ വരുന്നു എന്ന് കേട്ടാലേ മുങ്ങിക്കളയുന്ന ആളാ. മുങ്ങി നടക്കുന്ന ആളെ കണ്ടു കിട്ടിയിട്ടല്ലേ പിന്നല്ലേ യുദ്ധം.

രാവണന്‍ പറഞ്ഞു ഞാന്‍ സാക്ഷാല്‍ പരമശിവനെ തപസ്സ്‌ ചെയ്ത്‌ പ്രീതിപ്പെടുത്തി അദ്ദേഹത്തിന്റെ കയ്യില്‍ നിന്നു തന്നെ അമ്മയ്ക്ക്‌ പൂജിക്കാന്‍ ഒരു ശിവലിംഗം വാങ്ങിക്കൊണ്ടു വരാം എന്ന്.

പിന്നെ കൈലാസത്തിനടുത്ത്‌ വലിയൊരു തീക്കുണ്ഡമുണ്ടാക്കി അതിന്റെ മോളില്‍ കുറുകെ ഒരു വടി കെട്ടിയിട്ട്‌ അതില്‍ തല കീഴായിക്കിടന്നു തപസ്സു തുടങ്ങി. പതിനായിരം സംവത്സരം രാവണന്‍ തപസ്സ്‌ ചെയ്തു.

ഈ സംവത്സരം ന്നു വച്ചാലെന്താ ചാത്താ?

(ന്റെ പടച്ചോനെ പുലിവാലായല്ലോ അബദ്ധത്തില്‍ നാക്കില്‍ നിന്നും വീണും പോയി.)

അത്‌ അത്‌ ഒരു സംവത്സരം ന്ന് വച്ചാല്‍ ഒരു വര്‍ഷം.

രാവണനു പത്തു തലയില്ലേ ഒരോ ആയിരം വര്‍ഷം കഴിയുമ്പോഴും രാവണന്‍ ഓരോ തലയറുത്ത്‌ താഴെ തീക്കുണ്ഡത്തിലിടും. അങ്ങനെ പതിനായിരം വര്‍ഷം കഴിഞ്ഞ ദിവസം രാവണന്‍ അവസാനത്തെ തല ഹോമിക്കാന്‍ തുടങ്ങും മുന്‍പ്‌ ശിവന്‍ പ്രത്യക്ഷപ്പെട്ട്‌ രാവണനു നഷ്ടപ്പെട്ട ഒന്‍പത്‌ തലകളും തിരിച്ചു നല്‍കി. എന്നിട്ട്‌ രാവണനോട്‌ എന്താ വരം വേണ്ടതെന്നു ചോദിച്ചു.

രാവണന്‍ മൂന്ന് വരങ്ങള്‍ ചോദിച്ചു

ഒന്നാമത്തേത്‌ അമ്മയ്ക്ക്‌ പൂജിക്കാന്‍ വേണ്ടി ഒരു ശിവലിംഗം.
രണ്ടാമത്‌ അമരത്വം മൂന്നാമത്‌ ശ്രീപാര്‍വ്വതിയെപ്പോലെ സുന്ദരിയായ ഒരു സ്ത്രീ.

അമരത്വം ന്നു വച്ചാലെന്താ?

അമരത്വം വരമായിക്കിട്ടിയാല്‍ മരണമുണ്ടാവില്ല.

ശിവന്‍ ഇപ്രകാരം അരുളിച്ചെയ്തു. ശിവലിംഗം തരാം പക്ഷേ അമ്മയുടെ അടുത്തെത്തും വരെ അത്‌ നിലത്ത്‌ വയ്ക്കരുത്‌. അമരത്വം, ആര്‍ക്കും കൊടുക്കാത്ത ആ വരം, നിനക്കു നാം തരാം പക്ഷേ എന്നെങ്കിലും നീ നമ്മെ ഉപദ്രവിക്കാന്‍ മുതിര്‍ന്നാല്‍ അമരത്വം നഷ്ടമാവും. മൂന്നാമത്തെ വരം മൂന്ന് ലോകങ്ങളിലും ശ്രീപാര്‍വ്വതിയോളം സുന്ദരിയായ ഒരേ ഒരു സ്ത്രീ പാര്‍വ്വതി മാത്രമാണ്‌ അതിനു പകരം മറ്റൊരു വരം ചോദിക്കൂ.

എന്നാല്‍ രാവണന്‍ വരം മാറ്റിച്ചോദിക്കാന്‍ തയ്യാറായില്ലാ. വരം ചോദിച്ചാല്‍ കൊടുക്കേണ്ടേ, അങ്ങനെ ഗത്യന്തരമില്ലാതെ ശിവനു പാര്‍വ്വതിയെക്കൂടി രാവണനു കൊടുക്കേണ്ടിവന്നു.

രാവണന്‍ മടക്കയാത്ര ആരംഭിച്ചു. അപ്പോഴേക്കും രാവണനു വരങ്ങള്‍ കിട്ടിയ കാര്യം എല്ലാവരും അറിഞ്ഞു. രാവണന്റെ അമരത്വം എങ്ങിനേയും നഷ്ടപ്പെടുത്താന്‍ ഇന്ദ്രന്‍ നാരദനെ രാവണന്റെ അടുത്തേക്കയച്ചു.

നാരദന്‍ രാവണനെ വഴിയില്‍ വച്ച്‌ കണ്ടു മുട്ടി.എന്നിട്ട്‌ രാവണനോട്‌ പറഞ്ഞു. അമരത്വം വരമായി നല്‍കാനുള്ള അധികാരമൊന്നും പരമശിവനില്ല.രാവണാ നീ വഞ്ചിക്കപ്പെട്ടു.

നാരദനല്ലേ ഈ പറയുന്നതു രാവണനു അല്‍പാല്‍പമായി വിശ്വാസവും അതോടോപ്പം കോപവും വന്നു തുടങ്ങി. ദേഷ്യം കാരണം രാവണന്‍ തന്റെ ഇരുപതു കൈകളും കൊണ്ട്‌ കൈലാസത്തിന്റെ ഒരു ഭാഗം ഇളക്കിയെടുത്തെറിഞ്ഞു. കൈലാസം ശിവന്റെ വാസസ്ഥലമല്ലേ അതു നശിപ്പിക്കുന്നതു ശിവനെ ഉപദ്രവിക്കുന്നതിനു തുല്യമല്ലേ. അതോടു കൂടി രാവണന്റെ അമരത്വം നഷ്ടപ്പെട്ടു. ഇത്‌ ബോധ്യമായ നാരദന്‍ സ്ഥലം വിട്ടു. അപ്പോഴാണ്‌ രാവണനു പറ്റിയ മണ്ടത്തരം മനസ്സിലായത്‌. ഇളിഭ്യനായ രാവണന്‍ പാര്‍വ്വതിയെ എടുത്ത്‌ തോളില്‍ വച്ച്‌ നടന്നു തുടങ്ങി.

അസുരന്റെ തോളില്‍ ഇരിക്കേണ്ടിവന്ന പാര്‍വ്വതി സ്ഥിതികര്‍ത്താവായ വിഷ്ണുവിനെ വിളിച്ചു വിലപിച്ചു. വൈകുണ്ഡത്തിലിരുന്ന് മഹാവിഷ്ണു ആ രോദനം കേട്ടു.

രാവണനു മുന്‍പില്‍ ഒരു വൃദ്ധബ്രാഹ്മണന്‍ പ്രത്യക്ഷപ്പെട്ടു.

ഇതാര്‌ ത്രിലോക വിജയി രാവണനോ? ഇതെന്താ ഒരു കിഴവിയേയും തോളിലേറ്റിപ്പോവുന്നത്‌?

കിഴവിയോ പടുവിഡ്ഢീ കണ്ണുതുറന്ന് നോക്ക്‌ ഇത്‌ ത്രിപുരസുന്ദരി ശ്രീപാര്‍വ്വതിയാണ്‌ ശ്രീപരമേശ്വരന്‍ തന്നെയാണ്‌ പാര്‍വ്വതിയെ വരമായി നല്‍കിയത്‌.

ഈ കണ്ണുവച്ച്‌ രാക്ഷസരാജാവ്‌ രാവണനെ എനിക്കു തിരിച്ചറിയാന്‍ പറ്റുമെങ്കില്‍ പാര്‍വ്വതിയെയും ഒരു കിഴവിയെയും തിരിച്ചറിയാനാണോ പ്രയാസം ശ്രീപരമേശ്വരന്‍ താങ്കളെ കബളിപ്പിച്ചതാ അങ്ങ്‌ തോളില്‍ കൊണ്ട്‌ നടക്കുന്നത്‌ ഒരു പടുകിഴവിയേയാ.

രാവണനു സംശയമായി. പത്ത തലകളും ഒരുമിച്ചുയര്‍ത്തിനോക്കി.
അതാ പാര്‍വ്വതിയുടെ സ്ഥാനത്ത്‌ ഒരു പടുകിഴവിയിരിക്കുന്നു!!!!.

അതെങ്ങനാ ചാത്താ പരമശിവന്‍ രാവണനെ പറ്റിച്ചതാണോ?\

ഏയ്‌ വൃദ്ധബ്രാഹ്മണന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അതു മഹാവിഷ്ണു തന്നെ രക്ഷിക്കാന്‍ വേഷം മാറിവന്നതാണെന്ന് പാര്‍വ്വതിക്കു മനസ്സിലായി. രാവണന്‍ മുകളിലേക്ക്‌ നോക്കുന്ന സമയത്ത്‌ പാര്‍വ്വതി തന്റെ മായാവിദ്യ ഉപയോഗിച്ച്‌ ഒരു വൃദ്ധയുടെ രൂപം എടുത്തു.

അതുകൊള്ളാലോ എന്നിട്ട്‌ രാവണന്‍ എന്തു ചെയ്തു?

രാവണന്‍ കിഴവിത്തള്ളയെ അവിടിറക്കിയിട്ടു പിന്നേം യാത്രതുടര്‍ന്നു.കഷ്ടപ്പെട്ട്‌ തപസ്സ്‌ ചെയ്ത്‌ സമ്പാദിച്ച രണ്ട്‌ വരങ്ങള്‍ ദേവന്മാര്‍ ചതിയില്‍ ഇല്ലാതാക്കി ഇനി ശിവലിംഗം മാത്രം ബാക്കി, അതിനുവേണ്ടിയാണ്‌ തപസ്സ്‌ തുടങ്ങിയതു തന്നെ അതും കൂടി ഇല്ലാതായാല്‍!!! അതോര്‍ത്ത്‌ രാവണനു പരിഭ്രമം കൂടി. അങ്ങനെ പരിഭ്രമം കൂടിയാല്‍ സാധാരണ എന്താണ്ടാവ്‌വാ?

എന്താണ്ടാവ്‌വാ?

രാവണന്റെ വയറിനകത്തൊരു കമ്പനോം ഉരുണ്ടുകയറ്റോം. രണ്ടിനു പോകാതെ നിവൃത്തിയില്ലാന്നായി.

ഹിഹിഹി എന്നിട്ട്‌?

ശിവലിംഗം കയ്യിലിരിക്കയല്ലേ അതും എടുത്തോണ്ട്‌ കാര്യം സാധിക്കാന്‍ പറ്റ്വോ പാപല്ലേ? ശിവലിംഗം അമ്മയുടെ അടുത്തെത്തും വരെ നിലത്ത്‌ വയ്ക്കുകയും ചെയ്യരുത്‌. രാവണന്‍ ആകെ ധര്‍മ്മസങ്കടത്തിലായി.

അയ്യോടാ പാവം രാവണന്‍..

രാവണന്‍ ചുറ്റും നോക്കി.അതാ ഒരു കൊച്ചു പയ്യന്‍ കന്നാലികളെയും തെളിച്ചോണ്ട്‌ വരുന്നു.

അപ്പൂനെപ്പോലിരിക്ക്വോ?

അപ്പൂനെക്കാളും ഇത്തിരികൂടി വല്യ പയ്യന്‍.

എന്നിട്ട്‌?

രാവണന്‍ ആ പയ്യന്റെ കൈയ്യില്‍ ശിവലിംഗം കൊടുത്തിട്ട്‌ പറഞ്ഞു ഞാനിപ്പോ വരാം മോന്‍ ഇതും പിടിച്ചോണ്ടിവിടെ നില്‍ക്കണം, എന്തു വന്നാലും താഴെ വയ്ക്കരുത്‌ എന്ന്.

പയ്യന്‍ പറഞ്ഞു അര നാഴിക നേരം കൊണ്ട്‌ വന്നില്ലെങ്കില്‍ ഞാനിത്‌ ഇവിടെ വച്ചിട്ട്‌ പോകും.

രാവണനു വേറെ ഒരു വഴിയുമില്ലാതിരുന്നതിനാല്‍ അതും സമ്മതിച്ച്‌ അവിടുന്ന് ഓടിപ്പോയി.

അരനാഴിക നേരം കഴിഞ്ഞു. രാവണനെ കാണാനില്ല. പയ്യന്‍ ശിവലിംഗം താഴെ വച്ച്‌ സ്വന്തം രൂപമെടുത്ത്‌ കൈകൂപ്പി ഇങ്ങനെ പറഞ്ഞു. അച്ഛാ ശിവലിംഗം താഴെ വച്ചതില്‍ ക്ഷമിക്കണം ആ രാക്ഷസനു ഇതു പൂജിക്കുവാനുള്ള അര്‍ഹതയില്ലായിരുന്നു.

അച്ഛാന്നോ അപ്പോള്‍ ആ കന്നാലിച്ചെക്കന്‍ ആരായിരുന്നു?

ആരാവും?

ഇങ്ങനെ ഒരു കുസൃതി കാണിക്കണമെങ്കില്‍ അതു അപ്പൂന്റെ സ്വന്തം ഗണപതി ഭഗവാനല്ലാതെ മറ്റാരുമാവില്ല.

അപ്പൂനു നൂറില്‍ നൂറ്‌ മാര്‍ക്ക്‌.

എന്നിട്ട രാവണനെന്തു ചെയ്തു.

രാവണന്‍ തിരിച്ചു വന്നപ്പോള്‍ പയ്യനെ കാണാനില്ല. താഴെയിരുന്ന ശിവലിംഗം പെട്ടന്ന് ഒരു പശുവായി മാറി ഭൂമിയിലേക്ക്‌ ആഴ്‌ന്നിറങ്ങി. രാവണന്‍ ഇത്തിരി ദൂരെയായിരുന്നു.അവിടുന്നും ഓടി വന്ന് ജോണ്ടി റോഡ്‌സ്‌ ചാടണ മാതിരി ഒരു ചാട്ടം.

പശു ഭൂമിയിലേക്ക്‌ താഴ്‌ന്നോണ്ടിരിക്കുകയല്ലേ.പിടിത്തം കിട്ടിയത്‌ പശൂന്റെ ചെവിയില്‍ മാത്രം അത്‌ മാത്രം ഭൂമിയിലേക്ക്‌ താഴ്‌ന്ന് പോവാതെ അവിടെ ഉറച്ചു നിന്നു.

എന്നിട്ട്‌?

എന്നിട്ടോ പതിനായിരം വര്‍ഷം തപസ്സ്‌ ചെയ്ത്‌ കിട്ടിയ മൂന്ന് വരങ്ങളും നഷ്ടപ്പെടുത്തിയ സങ്കടത്തോടെ, രാവണന്‍ ലങ്കയിലേക്ക്‌ നടന്നു. പശുവിന്റെ ചെവി അവിടെ ഉറച്ചുപോയതിനാല്‍ ആ സ്ഥലം പിന്നെ 'ഗോകര്‍ണ്ണം' എന്ന് അറിയപ്പെട്ടു. ഗോവ്‌ എന്നു വച്ചാല്‍ പശു. കര്‍ണ്ണം എന്നുവച്ചാല്‍ ചെവി.

നല്ലകഥ ഹ്‌ ഹാ വൂ.. അപ്പൂന്‌ ഒറക്കം വരുന്നു. ചാത്തന്‍ അപ്പൂന്റെ കൂടെ ഇവിടെ കിടന്നുറങ്ങുന്നോ?

ഏയ്‌ ചാത്തന്‍ പോവ്‌വാ. കടലിനക്കരെ നിന്നു ഒരു വിച്ചു ഇപ്പോ വിളിക്കുന്നുണ്ട്‌. അപ്പു ഉറങ്ങിക്കോ. ഇനി കഥ കേള്‍ക്കണം ന്ന് തോന്നുമ്പോള്‍ വിളിച്ചാ മതി...

വാല്‍ക്കഷണം:

വിച്ചൂ മിണ്ടാണ്ടവിടെ ഇരുന്നോണം, കഥകേള്‍ക്കണേല്‍ അച്ഛനോട്‌ ചോദിച്ചാല്‍ മതി..
പിന്നേ.. കടലു കടന്ന് കുട്ടിച്ചാത്തന്‍ വരണം പോലും, ചാത്തനാണെങ്കില്‍ നീന്തലും അറിയില്ലാ.

Wednesday, April 18, 2007

സര്‍ദാര്‍ജിമാരുടെ നാട്ടില്‍- ഏതോ ഒരു എപ്പിഡോസ്‌ -6-അവസാനിക്കുന്നു.

തുടര്‍ച്ച--ഒരു യാത്രയില്‍ നിന്ന്ഡല്‍ഹി കടന്നു, ഇരുട്ടത്ത്‌ ഗോതമ്പു പാടങ്ങള്‍ പൂക്കുന്നുണ്ടാവാം. ആര്‍ക്കറിയാം.ബസ്സിലുള്ള ബാക്കി എല്ലാവരും ഐസ്‌ ലാന്‍ഡിലേക്കാ പോകുന്നത്‌ എന്ന് തോന്നും. മുഴുവന്‍ മൂടിപ്പുതച്ചിരിക്കുന്നു. ഒരു പക്ഷേ സിംലയില്‍ അത്രേം തണുപ്പ്‌ കാണും. ചണ്ഡീഗഡിലേക്ക്‌ ഞങ്ങള്‍ രണ്ട്‌ പേരും മാത്രമെയുള്ളൂ എന്ന് മനസ്സിലായി.സ്വറ്ററിടണോ. ഏയ്‌.രണ്ട്‌ വര്‍ഷം മുന്‍പ്‌ ബാംഗ്ലൂര്‌ വച്ച്‌ മുഴുവന്‍ കന്നഡക്കാരും, ഈ തണുപ്പാണ്‌ ദക്ഷിണധ്രുവത്തിലെ തണുപ്പേ, എന്ന് പറഞ്ഞ്‌ മൂടിപ്പുതച്ച്‌ നടന്നപ്പോള്‍ നേരിയ ഷര്‍ട്ടും ഇട്ട്‌ ഹോട്ടായി ചെത്തി നടന്ന ചാത്തന്‍ ഇത്‌ കണ്ട്‌ ഭയപ്പെടുകയോ. ഛായ്‌ ലഞ്ഞാവഹം(ലജ്ജാവഹം). കൂട്ടുകാരനും അങ്ങനെ തന്നെ പുച്ഛത്തോടെ ഇരിപ്പുണ്ട്‌.

ചായ,കാപ്പി കുടിക്കാന്‍ നിര്‍ത്തി. എത്ര സമയമായി ഇവര്‍ക്കൊന്ന് പുറപ്പെട്ടൂടെ. അവസാനത്തേതിന്റെ ശേഷമുള്ള ബസ്സെങ്കിലും കിട്ടാനുള്ള ചാന്‍സ്‌ ഇല്ലാതാക്കുമെന്നാ തോന്നുന്നത്‌.ഹോ ഭാഗ്യം, വണ്ടി പുറപ്പെട്ടു.

രണ്ട്‌ മൂന്ന് നാളായി ദിവസത്തിന്റെ മുക്കാല്‍ ഭാഗവും ഉറങ്ങിത്തീര്‍ക്കുകയാണെങ്കിലും മുഴുവനായി അടയാത്ത ഗ്ലാസിന്റെ ഇടയിലൂടെ വരുന്ന നേര്‍ത്ത കാറ്റ്‌ ഉറക്കവും കൂടെ കൊണ്ടു വന്നു. പതുക്കെ പതുക്കെ കാറ്റിനു തണുപ്പ്‌ കൂടുന്നു. വിജനമായ വീഥിയില്‍ ബസ്സിനു വേഗത കൂടി. ചില്ലു ജാലകം കൂടുതല്‍ ഒച്ചപ്പാടുണ്ടാക്കി ഇളകിക്കൊണ്ടിരിക്കുന്നു. തണുപ്പ്‌ കാരണം ഉറക്കം നഷ്ടപ്പെട്ട്‌ തുടങ്ങി.

കണ്ണ്‌ തുറക്കാതെ വയ്യാന്നായി. അയ്യോ ഇതാരാ ഒരു ആജാനബാഹു ചാത്തന്റെ സൈഡില്‍ ഇരിക്കുന്നത്‌, കൂട്ടുകാരനെവിടെ, കണ്ണുതിരുമ്മിനോക്കി. മങ്കീക്യാപും പച്ച ജാക്കറ്റും ഇട്ടിരിക്കുന്നത്‌ കൂട്ടുകാരന്‍ തന്നെ!!!

ഇവനെപ്പോള്‍ കാല്‌ മാറി!!

അംജത്‌ ഖാന്റെ മിലിട്ടറി ജാക്കറ്റ്‌ മകന്‌ ഇത്തിരി വലുതാണെങ്കിലും നല്ല ചേര്‍ച്ച. ഒരു പട്ടാള ലുക്കൊക്കെയുണ്ട്‌. 'തണുപ്പ്‌' പോയിട്ട്‌ 'ത' പോലും അതിനുള്ളില്‍ കടക്കൂല. ഭാഗ്യവാന്‍. ചാത്തന്‍ വിറച്ച്‌ തുടങ്ങി. കുട്ടിക്കാലത്ത്‌ പനിവരുമ്പോള്‍ ഇടുന്ന ഒരു കൊച്ച്‌ സ്വറ്റര്‍ ഉണ്ട്‌ അതിട്ടേക്കാം. ഛെ ഇത്‌ ചെറുതായിപ്പോയി ഫുള്‍സ്ലീവായിട്ടും കൈമുട്ടിന്‌ തൊട്ട്‌ താഴെ വരെ മാത്രം. ഏയ്‌ ഇത്‌ മതീന്നേ.

തണുപ്പ്‌ കൂടിവരുന്നു. പുതുതായി വാങ്ങിയ ജാക്കറ്റ്‌ കൂടെ ഇട്ടേക്കാം. ഒരു വഴിക്ക്‌ പോകുവല്ലേ. അതൂടെ ഇരിക്കട്ടെ.ഇതെന്താ തണുപ്പ്‌ പിന്നേം കൂടിക്കൂടി വരുന്നു. ഇനിയിപ്പോള്‍ എന്താ ചെയ്യുക? കൂട്ടുകാരനോട്‌ അല്‍പസമയം ജാക്കറ്റ്‌ കടം ചോദിച്ചാലോ? അപ്പോള്‍ പിന്നെ അവനെന്തിടും?

ഒരു ചുവന്ന കുറച്ച്‌ കട്ടിയുള്ള ഒരു ടീഷര്‍ട്ട്‌ ഉണ്ട്‌, ബഹിരാകാശയാത്രികരെപ്പോലെ കഴുത്തിന്‌ ചുറ്റും കോളര്‍ ഒക്കെയുള്ളത്‌ അതൂടെ ഇട്ടേക്കാം. പതുക്കെ പതുക്കെ അലക്കി ഇസ്തിരിയിട്ട്‌ മടക്കിവച്ച ഷര്‍ട്ടുകളുടെ കാലി ബാഗ്‌ വേറെ ഒരു ബാഗിനുള്ളിലെത്തി. മെലിഞ്ഞിരിക്കുന്നതുകൊണ്ട്‌ എത്ര ഷര്‍ട്ട്‌ വേണേലും ഇടാലോ. എന്നാലും തണുപ്പങ്ങോട്ട്‌ വിട്ട്‌ മാറുന്നില്ലാ.

ഇടയ്ക്ക്‌ കണ്ണ്‌ തുറന്ന കൂട്ടുകാരന്‍ മെലിഞ്ഞുണങ്ങിയ ചാത്തന്‍ അങ്കിള്‍ ബണ്ണായിരിക്കുന്ന കാഴ്ച കണ്ട്‌ ഞെട്ടി. അവന്റെ കയ്യിലുള്ള ഒരു സ്വറ്റര്‍ ഓഫര്‍ ചെയ്തു. അതും കൂടിയായിട്ടും വല്യ വിശേഷമൊന്നുമില്ലാ. കാലില്‍ കിടക്കുന്ന ജീന്‍സിന്‌ അത്രയ്ക്കൊന്നും തണുപ്പ്‌ പ്രതിരോധിക്കാന്‍ വയ്യ അവിടം വഴിയും തണുപ്പ്‌ അരിച്ച്‌ കയറുന്നു.

മങ്കീക്യാപ്‌ എടുത്തോ എടുത്തോ ന്ന് അമ്മ നൂറ്‌ തവണ പറഞ്ഞതാ, അതിട്ടോണ്ട്‌ നടന്നാല്‍ ഹെയര്‍സ്റ്റൈല്‍ പുറത്ത്‌ കാണൂല. ഒടുക്കത്തെ ജാഡ കാരണം വേണ്ടാന്നു വച്ചു. ഒരു ബാഗ്‌ അമ്മയാ പാക്ക്‌ ചെയ്തത്‌ ഇനി ചാത്തന്‍ കാണാതെ എങ്ങാനും അതിലിട്ടിട്ടുണ്ടോ?. ങേ ഇതിന്റെ സൈഡ്‌ പോക്കറ്റിലൊരു കട്ടി. അതെ തന്നെ മങ്കീ ക്യാപ്പ്‌!!! ചാത്തനിപ്പോ നാട്ടില്‍പ്പോണം അമ്മേക്കാണണം. തണുപ്പുകൊണ്ടാവണം രോമമെല്ലാം എഴുന്ന് നില്‍ക്കുന്നു.

ഇടിമിന്നലുകള്‍ ബസ്സിനുള്ളില്‍ ചാത്തന്റെ തലക്കു മീതെ കറങ്ങി നടക്കുന്നു, "സ്‌ സ്‌ സ്‌" പാമ്പു കടിച്ചതാ. ശബ്ദമൊന്നുമുണ്ടാക്കാതെ ബസ്‌ നിന്നു. എന്തോ യന്ത്രത്തകരാറ്‌ അതിനും ജലദോഷം പിടിച്ചെന്നാ തോന്നുന്നേ. പുറത്തേക്ക്‌ വെറുതേ ഇറങ്ങി, തൊട്ടടുത്ത സെക്കന്റില്‍ തിരിച്ചു കയറി, പുറത്തെ കാലാവസ്ഥ വച്ച്‌ നോക്കുമ്പോള്‍ ബസ്സിനകം സ്വര്‍ഗ്ഗമാണേ. എന്തൊരു തണുപ്പ്‌, എന്തൊരു തണുപ്പ്‌..

കുറേ സമയം ബസ്‌ അവിടെക്കിടന്നു. വിനാശകാലത്ത്‌ തോന്നുന്ന ബുദ്ധി മൊത്തം വിപരീതമാണെന്ന് മനസ്സിലാക്കി.എന്തിനാണാവോ സര്‍ക്കാര്‍ ശകടം തന്നെ തിരഞ്ഞെടുത്തത്‌!!. വീണ്ടും ഭാഗ്യം ആ വഴി വന്നു. വണ്ടി അനങ്ങിത്തുടങ്ങി. എപ്പോഴോ ഉറക്കം തിരിച്ചു വന്നു.

കണ്ടക്ടര്‍ കുലുക്കിവിളിക്കുന്നു. നിങ്ങളല്ലേ ചണ്ഡീഗഡ്‌ ഇറങ്ങണമെന്ന് പറഞ്ഞവര്‍. ഇവിടിറങ്ങിക്കോ. അയ്യോ ബസ്‌ സ്റ്റാന്‍ഡൊന്നും കാണുന്നില്ലാലോ. വണ്ടി കേടായതു കാരണം ലേറ്റായി. സ്റ്റാന്‍ഡില്‍ പോകുന്നില്ലാ, അല്ലാ അവിടെപ്പോയിട്ടും വല്യ കാര്യമൊന്നുമില്ലാലൊ അവിടേം ഇത്രയൊക്കെ ആളനക്കമൊക്കെയേ കാണുള്ളൂ. നിങ്ങള്‍ക്ക്‌ പോകാനുള്ള സ്ഥലത്തേക്ക്‌ ഇവിടുന്ന് ഓട്ടോ കിട്ടും.

എന്നാലും ചോദിക്കാനും പറയാനും ഇന്നാട്ടില്‍ ആളില്ലേ? സ്റ്റാന്‍ഡില്‍ പോവാതെങ്ങനാ?
ചാത്തനു ചോദിക്കണമെന്നുണ്ട്‌ പക്ഷേ ഹിന്ദിയില്‍ തെറിയൊന്നും പഠിച്ചിട്ടില്ലാലൊ.

ഇറങ്ങി, ഒരു ജംഗ്ഷന്‍. ആകെ ഒരു ഓട്ടോ കിടപ്പുണ്ട്‌.മറ്റൊരു മനുഷ്യജീവിയെപ്പോലും കാണാനില്ല. ഇതെന്ത്‌ ഓട്ടോ ആദ്യായിട്ട്‌ കാണുകയാ 6 പേര്‍ക്ക്‌ ഇരിക്കാവുന്ന തരം ഒന്ന്!!!എന്തായാലും ഞങ്ങള്‍ രണ്ട്‌ പേര്‍ക്കും പെട്ടി ബാഗുകള്‍ക്കും വിശാലമായ സൗകര്യം.അഡ്രസ്സ്‌ കാണിച്ചു കൊടുത്തു. അത്‌ അവിടെ അടുത്താണെന്ന് സര്‍ദാര്‍. സഹ പ്രവര്‍ത്തകരെ വിളിച്ച്‌ നോക്കാന്‍ ഒരു ടെലിഫോണ്‍ ബൂത്തും കാണാനില്ല. അയാള്‍ക്ക്‌ സ്ഥലം അറിയാന്നല്ലേ പറഞ്ഞത്‌. കാശെത്ര വേണമെന്ന് ചോദിക്ക്‌. 100 രൂപ. എങ്ങനെങ്കിലും ഈ തണുപ്പില്‍ നിന്ന് രക്ഷപ്പെടണം കൊടുത്തേക്കാം കൂടുതലാണോ അല്ലയോ എന്നറിയാനും വഴിയില്ലാലൊ.

മാനസാ ദേവി കോപ്ലക്സ്‌ അവിടെയാണ്‌ ഞങ്ങള്‍ക്ക്‌ പോകേണ്ടത്‌. ഒരു റെയില്‍ പാളവും കടന്ന് ഞങ്ങള്‍ യാത്ര തുടരുന്നു. ദൂരെയായി മനസാ ദേവിയുടേതാകാം(ആണ്‌) ഒരമ്പലം കണ്ട്‌ തുടങ്ങി. പക്ഷേ ഞങ്ങള്‍ക്കുള്ള അറിവു പ്രകാരം പോകേണ്ടത്‌ കുറേ ഫ്ലാറ്റുകള്‍ നിരന്ന് നില്‍ക്കുന്ന ഒരു സ്ഥലത്തേക്കാ ഇവിടെ ഫ്ലാറ്റ്‌ സമുച്ചയം പോയിട്ട്‌ ഒരെണ്ണം പോലും കാണുന്നില്ല. ഓട്ടോക്കാരനോട്‌ അടുത്ത വെളിച്ചം കാണുന്നിടത്ത്‌ വണ്ടി നിര്‍ത്താന്‍ പറഞ്ഞു. ഒരു ഗേറ്റും ഗേറ്റ്‌ കീപ്പറും അയ്യാളെം അഡ്രസ്സ്‌ കാണിച്ചു.

അയ്യോ നിങ്ങള്‍ വന്ന വഴി ഒരു പാളം കണ്ടില്ലേ അവിടുന്ന് വലത്തോട്ട്‌ പോണം.പാളം കടന്ന് ഇങ്ങോട്ട്‌ വരണ്ടായിരുന്നു. ഇത്‌ മനസാ ദേവി ക്ഷേത്രത്തിലേക്കുള്ള വഴിയാ.

ആ തണുപ്പിലും ഞങ്ങളുടെ ചോര തിളച്ചു. വഴിയൊക്കെ അറിയാം എന്ന് പറഞ്ഞവന്‌ രണ്ട്‌ പൊട്ടിച്ചാലോ?. വണ്ടിതിരിച്ച്‌ വിടാന്‍ പറഞ്ഞപ്പോള്‍,സര്‍ദാര്‍ക്ക്‌ ഇംഗ്ലീഷ്‌ അറിയില്ലാന്നും ഞങ്ങള്‍ അഡ്രസ്സ്‌ എഴുതിയ കടലാസ്‌ നോക്കി വായിച്ചോണ്ടിരുന്നത്‌ കേട്ടാണ്‌ സര്‍ദാര്‍ പോകേണ്ട സ്ഥലം ഊഹിച്ചതെന്നും ആളുടെ നിഷ്കളങ്കമുഖം, സര്‍ദാര്‍ പറയാതെ തന്നെ ഞങ്ങള്‍ക്ക്‌ മനസ്സിലാക്കിത്തന്നതിനാല്‍ ഞങ്ങളൊന്നും പറഞ്ഞില്ല.

വലത്തോട്ട്‌ അല്‍പദൂരം പോയപ്പോഴേക്കും ഒരു ഐഡിബിഐ എടിഎം കണ്ടു. ചണ്ഡിഗഡ്‌ മൊത്തം രണ്ട്‌ ഐഡിബിഐ എടിഎം മാത്രമെയുള്ളൂ എന്നും ഒന്ന് സഹപ്രവര്‍ത്തകര്‍ താമസിക്കുന്നതിനടുത്താണെന്നും ഓര്‍ത്തെടുത്തപ്പോള്‍ ആശ്വാസം തോന്നിത്തുടങ്ങി. ഫ്ലാറ്റ്‌ സമുച്ചയങ്ങള്‍ കണ്ട്‌ തുടങ്ങി. ആദ്യത്തേതിന്റെ തന്നെ വാച്ച്‌മാനോട്‌ 32ആം നമ്പര്‍ എവിടെന്നന്വേഷിച്ചു. കൃത്യമായി അറിയില്ല എല്ലാത്തിന്റെം പുറത്ത്‌ നമ്പര്‍ എഴുതീട്ടുണ്ട്‌ നോക്കി നോക്കിപ്പോവാന്‍ അയാള്‍ ഉപദേശിച്ചു.

ദേ കിടക്കുന്നു 32ആം നമ്പര്‍. അതിലെ വാച്ച്‌മാനോട്‌ ഫ്ലാറ്റ്‌ നമ്പര്‍ 302വിലേ ആള്‍ക്കാരെ വിളിക്കാന്‍ പറഞ്ഞു. അവരു വരുമ്പോഴേക്ക്‌ ഓട്ടോക്കാരനെ 100 രൂപകൊടുത്ത്‌ വിട്ടു. ഒരിക്കല്‍ പോയവഴി മൊത്തം തിരിച്ച്‌ വന്ന വഹ സര്‍ദാര്‍ കാശ്‌ കൂടുതല്‍ ചോദിച്ചാല്‍ അയാള്‍ക്കിട്ട്‌ ഒന്ന് പൊട്ടിക്കാനിരുന്നതാ. അയാള്‍ തര്‍ക്കിക്കാന്‍ നിന്നില്ല. സര്‍ദാരിന്റെ ഭാഗ്യമോ മണ്ടത്തരമോ എന്തോ..

വന്ന ഉടനെ എല്ലാരും കൂടി ഭാണ്ഡക്കെട്ടെല്ലാമെടുത്ത്‌ ഒറ്റ ഓട്ടം മുറിയിലെത്തിയ ഉടനെ റൂം ഹീറ്റര്‍ ന്ന് പറയുന്ന ഒരു കത്തിച്ചുവന്നിരിക്കുന്ന ഒരു വടിയുടെ അടുത്ത്‌ എല്ലാരും കൂടി. സമയം രണ്ട്‌ മണി കഴിഞ്ഞു. ഒരു മിനിറ്റ്‌ പുറത്തിറങ്ങിയ വഹയിലാ ഈ വെപ്രാളം അപ്പോള്‍ ആ തണുപ്പത്ത്‌ ബസ്സില്‍ വന്ന ഞങ്ങളുടെ കാര്യമോ!

ഒന്ന് വിറനിന്ന ശേഷം ആദ്യ ചോദ്യം- നിങ്ങളോട്‌ നാളെ വന്നാല്‍ മതീന്ന് പറഞ്ഞതല്ലെ?
ഇന്നിപ്പോ എങ്ങനാ സ്റ്റാന്‍ഡില്‍ നിന്നിവിടെ വന്നത്‌? ഓട്ടോക്കെത്ര രൂപകൊടുത്തു?

ഓട്ടോക്ക്‌ 100 രൂപയേ കൊടുത്തുള്ളൂ എന്ന് പറഞ്ഞപ്പോള്‍ എല്ലാരും മുഖത്തോട്‌ മുഖം നോക്കുന്നു. അതെങ്ങനെ ഇത്ര കുറച്ച്‌!!!!.

ബസ്സ്‌ സ്റ്റാന്‍ഡ്‌ വരെ പോയില്ലാ വഴിക്കിറക്കി, ഒരുപക്ഷേ അത്‌ അടുത്തായതോണ്ടാവാം. എന്നാലും വെറും 100 രൂപയോ അതും ഈ പാതിരായ്ക്ക്‌!!!!

എന്തോ ലാഭമാണല്ലേ, പിന്നെ എന്തിനാ ആലോചിച്ച്‌ തലപുണ്ണാക്കുന്നത്‌, ചിലപ്പോ വഴിതെറ്റിച്ച വക സര്‍ദാരിനെ കൈകാര്യം ചെയ്യുമെന്ന് പേടിച്ച്‌ കൂടുതല്‍ വാങ്ങാത്തതാവും. എന്തായാലും ബാക്കി കാര്യം നാളെ രാവിലെ.

പിറ്റേന്ന് വെള്ളം ചൂടാക്കിക്കുളിച്ച്‌ കുറിതൊട്ട്‌ ഓഫീസിലേക്ക്‌.അവിടുന്ന് അടുത്താണ്‌. തൊട്ടറ്റുത്ത ജംഗ്ഷന്‍. നടക്കുകയാണെങ്കില്‍ 20 മിനിറ്റ്‌.ബൈക്കിലാണെങ്കില്‍ 2മിനിറ്റ്‌. ജംഗ്ഷനിലെത്തിയപ്പോള്‍ ചാത്തനും കൂട്ടുകാരനും ബോധോദയമുണ്ടായി. ഇത്‌ താന്‍ ഞങ്ങള്‍ രാത്രി വന്നിറങ്ങിയ ജംഗ്ഷന്‍.10 രൂപേടെ ദൂരം രാത്രിയായതോണ്ട്‌ ഒരു 5 ഇരട്ടി എടുത്താലും 50 രൂപ മാത്രേ വരൂ.

അങ്ങനെ ആദ്യ ദിനം തന്നെ അടിവരയിട്ടു. സര്‍ദാര്‍ജിമാരു മൊത്തം മണ്ടന്മാരാ. എന്നാല്‍ ചില മലയാളികളെ മണ്ടന്മാരാക്കാന്‍ ഒരു സര്‍ദാര്‍ തന്നെ ധാരാളം.

കുറച്ച്‌ കാലത്തിന്‌ ശേഷം ഒരു ചോദ്യം.

നിങ്ങള്‍ അന്ന് വന്നിറങ്ങിയത്‌ ഏത്‌ ജംഗ്ഷനിലാ?

അത്‌ അത്‌ അതങ്ങങ്ങ്‌ ദൂരെയാ...

വാല്‍ക്കഷ്ണം:

ഇനി ഈ തുടരന്‍ പരീക്ഷണത്തിന്‌ ചാത്തനില്ലേ....
ഇനീം ഒരു പാടുണ്ടായിരുന്നു. ആദ്യായിട്ട്‌ തിരിച്ച്‌ നാട്ടിലേക്ക്‌ വരുമ്പോള്‍, ഞങ്ങടെ വണ്ടി ബോംബെ കഴിഞ്ഞ ഉടനെ വന്ന വഴീലെ ഒരു തുരങ്കത്തില്‍നിന്ന് സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തത്‌, ആ വഴി അത്‌ കണ്ടെടുക്കുന്നതിനു തൊട്ട്‌ മുന്‍പ്‌ കടന്നുപോയ വണ്ടി ചാത്തന്‍ സഞ്ചരിച്ചത്‌,

കുംഭമേളക്ക്‌ പോകുന്നവര്‍ വണ്ടി നിറച്ചും കയറി ബസ്സിലെ പോലെ വാതിലില്‍ തൂങ്ങി നിന്നിട്ട്‌ ഓടിത്തുടങ്ങിയ വണ്ടി ചങ്ങല വലിച്ച്‌ നിര്‍ത്തീത്‌,

മഥുരയില്‍ നിന്ന് കയറിയ ഒരു പൂജാരി യാദവന്‍ തന്നെക്കാള്‍ കൂടുതല്‍ വിദ്യാഭ്യാസമുള്ള ഭാര്യയോട്‌ മറ്റുള്ളവരുടെ മുന്‍പില്‍ അടിമയോട്‌ എന്നപോലെ പെരുമാറുന്നത്‌...

ട്രെയിന്‍ സ്റ്റാഫിന്റെ കൂടെ എലിയെക്കൊല്ലാന്‍ ഓടി നടന്നത്‌.
അങ്ങനെ ഒത്തിരി ഒത്തിരി...

Monday, April 16, 2007

ഇപ്പോള്‍ തീരും ന്നേ-ഏതോ ഒരു എപ്പിഡോസ്‌ -5

തുടര്‍ച്ച--ഒരു യാത്രയില്‍ നിന്ന്


അവസാന ഭാഗം

വണ്ടി കൂടുതല്‍ വേഗത്തില്‍ കുതിച്ച്‌ പാഞ്ഞു കൊണ്ടിരിക്കുന്നു.എല്ലാ സ്റ്റേഷനുകളിലും കൃത്യസമയത്ത്‌ എത്തുന്നു. ഇനിയിപ്പോള്‍ ഇന്ത്യാചരിത്രത്തിലാദ്യമായി സമയത്തിനു മുന്‍പ്‌ ഡല്‍ഹിയിലെത്തി ഇത്‌ റെക്കോഡ്‌ സൃഷ്ടിക്കുമോ?

ഒരുവിധം ലേറ്റായാലും വൈകീട്ട്‌ ഒരു നാലു മണിക്ക്‌ ഡല്‍ഹിയിലെത്തിയാല്‍ 5:15 നുള്ള ചണ്ഡീഗഡ്‌ ട്രെയിനില്‍ കയറിപ്പറ്റാന്‍ സാധിക്കുമെന്നാണ്‌ കിട്ടിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍. ഇതിങ്ങനെ അമിത വേഗത്തില്‍ പോയാല്‍ ഒരുമണിക്കൂര്‍ ഡല്‍ഹിയില്‍ കറങ്ങാനും കൂടി അവസരം ലഭിക്കുമെന്നാ തോന്നുന്നേ.

മനോഗതങ്ങള്‍ വാക്കുകളായപ്പോള്‍ കൂടെയുള്ള ചേട്ടന്‍ ചിരിച്ചു ഇതിപ്പോ മഞ്ഞുള്ള സമയമാ, ഈ വേഗതയൊന്നും ഡല്‍ഹിക്കടുത്തെത്തിയാല്‍ കാണില്ല. ഒരു 4:45നു എങ്കിലും എത്തിക്കിട്ടിയാല്‍ നിങ്ങള്‍ക്ക്‌ വിചാരിച്ചപോലെ പോവാം.

പിന്നേ ചേട്ടന്റെ ഒരു പുളു. മഞ്ഞു പോയിട്ട്‌ ഒരു കുഞ്ഞിനെപ്പോലും കാണാനില്ല. ചണ്ഡീഗഡില്‍ തണുപ്പാണെന്നും പറഞ്ഞ്‌ വാങ്ങിയ സ്വറ്റര്‍ പോലും വെറുതെയാവുമെന്നാ തോന്നണേ. കയ്യൊറ വാങ്ങണമെന്ന് പറഞ്ഞിരുന്നു അതു മറന്നുപോയി. അതൊക്കെ ബൈക്കോടിക്കുന്നവര്‍ക്കല്ലേ വേണ്ടൂ, വേണമെങ്കില്‍ അവിടെ ചെന്നിട്ടു വാങ്ങാം എന്നാ വിചാരിച്ചേ. ഇനി ഇപ്പോള്‍ അതും വേണമെന്ന് തോന്നുന്നില്ല.

എല്ലാം കീഴ്‌മേല്‍ മറഞ്ഞത്‌ പെട്ടന്നായിരുന്നു. മുതുനെല്ലിക്കയ്ക്ക്‌ ഇപ്പോഴും ആദ്യം കയ്പ്‌ തന്നെ. പുറത്ത്‌ നോക്കിയിട്ടൊന്നും കാണാന്‍ വയ്യ, ഇത്‌ നട്ടുച്ചയോ സന്ധ്യയോ! തീവണ്ടി ഒച്ചിന്റെ വേഗത്തിലായി. മഞ്ഞായാലും പാളം അവിടെത്തന്നെ കാണില്ലേ ഇവന്മാര്‍ക്കു കുറച്ചു വേഗത്തില്‍ പോയ്ക്കൂടെ. എ.സി യ്ക്കകത്തെ തണുപ്പിന്‌ പുറത്തെ തണുപ്പിനേക്കാള്‍ ചൂട്‌ കൂടുതലുണ്ടെന്ന് തോന്നിത്തുടങ്ങി.

ഇത്രവേഗം സ്വറ്ററിടാനോ ഛായ്‌. അതും നാട്ടില്‍ മഞ്ഞുകാലത്ത്‌ ഊട്ടീലെ പോലത്തെ കാലാവസ്ഥയാണെന്ന് അവകാശപ്പെടുന്ന ചാത്തനോ. നെവര്‍..

നാലു മണിയും കഴിഞ്ഞു. ഗണപതിക്കു കുറിക്കുന്നതു തന്നെ കാക്ക കൊണ്ടുപോകുന്നോ! ഒരുചെറിയ പരിഭ്രമം ഞങ്ങള്‍ക്കു ചൂടു പകരുന്നു.

ആ വണ്ടി കിട്ടീലെങ്കില്‍ സാരമില്ലാ കുറച്ച്‌ സമയം കൂടുതലെടുക്കും എന്നേയുള്ളൂ നിങ്ങള്‍ക്ക്‌ ചണ്ഡീഗഡിലേക്ക്‌ ഒരുപാട്‌ ബസ്സ്‌ കിട്ടും. സിംലയ്ക്ക്‌ പോകുന്നതും അല്ലാത്തതുമായി, പ്രൈവറ്റും ഗവണ്‍മെന്റ്‌ ബസ്സുകളും ഉണ്ട്‌. ചേട്ടന്‍ ആശ്വസിപ്പിച്ചു.

നാലേകാലു കഴിഞ്ഞു, നാലര കഴിഞ്ഞു നാലു മുക്കാലും കഴിഞ്ഞു. പെട്ടീം ബാഗുമൊക്കെയായി ഞങ്ങള്‍ വാതിലിനടുത്തെത്തി. നിര്‍ത്തിയാലുടനെ ചാടണം ഒരാള്‍ പോയി അടുത്ത വണ്ടിക്കുള്ള ടിക്കറ്റെടുത്ത്‌ വരിക, മറ്റേയാള്‍ പ്ലാറ്റ്‌ഫോമില്‍ സാധനങ്ങള്‍ക്ക്‌ കാവല്‍ നില്‍ക്കുക.സ്വാഭാവികമായും ലോകപരിചയം കുറവുള്ള കൂട്ടുകാരനെ ടിക്കറ്റെടുക്കാന്‍ പറഞ്ഞയക്കുകയും തണ്ടും തടിയും തന്റേടവും കൂടുതലുള്ള ചാത്തന്‍ കാവല്‍ നില്‍ക്കുകയും ചെയ്യുന്നതായിരിക്കുമല്ലോ ഉചിതം.

മണി അഞ്ച്‌ കഴിഞ്ഞു!!!
കിതച്ചും വലിച്ചും മൃതപ്രായനായ ട്രെയിന്‍ അന്ത്യശ്വാസം വിട്ടു.
കൂട്ടുകാരന്‍ ചാടിയോടി.
ഭാഗ്യം ഒറ്റയ്ക്ക്‌ നില്‍ക്കേണ്ടി വന്നില്ല. കൂട്ടത്തിലുണ്ടായിരുന്ന കുടുംബം വല്യേച്ചിയുടെ ഭര്‍ത്താവ്‌ കാറുമായി വരുന്നതു വരെ ചാത്തനോടൊപ്പം അതേ പ്ലാറ്റ്‌ ഫോമില്‍ നില്‍ക്കാമെന്ന് സമ്മതിച്ചു. ഞങ്ങള്‍ക്ക്‌ പോകേണ്ട ട്രെയിന്‍ അടുത്ത പ്ലാറ്റ്‌ ഫോമില്‍ ചാത്തനെ നോക്കി പല്ലിളിച്ചോണ്ട്‌ നില്‍ക്കുന്നത്‌ ചേട്ടന്‍ ചൂണ്ടിക്കാട്ടി.

അഞ്ചേ കാലിനാണു ട്രെയിന്‍. ഇവനെവിടെപ്പോയിക്കിടക്കുന്നു. ദേ വരുന്നുണ്ട്‌.ചാത്തന്‍ ഒറ്റയ്ക്ക്‌ തന്നെ എല്ലാം വലിച്ച്‌ മറ്റേ പ്ലാറ്റ്‌ഫോമിലേക്ക്‌ നീങ്ങാനൊരുങ്ങി.
ടിക്കറ്റ്‌ കിട്ടീല, എന്റെ തൊട്ട്‌ മുന്നിലുണ്ടായിരുന്ന ആള്‍ക്ക്‌ വരെ കിട്ടി. ട്രെയിന്‍ പുറപ്പെടാറായതോണ്ട്‌ അവരു പെട്ടന്ന് കൗണ്ടര്‍ ക്ലോസ്‌ ചെയ്തു. ഹോ ഭാഗ്യദേവത തലയ്ക്ക്‌ മുകളീന്ന് വിട്ട്‌ പോവുകയേ ഇല്ലാന്നാണ്‌.

നിങ്ങള്‍ക്ക്‌ വേണേല്‍ ട്രെയിനില്‍ കയറാം ടിടിയോട്‌ ടിക്കറ്റ്‌ വാങ്ങിയാല്‍ മതി, ചേട്ടന്റെ വഹ ഉപദേശം രണ്ട്‌ പേരും ഒറ്റശ്വാസത്തില്‍ നിഷേധിച്ചു. ഇനി ആ ഒരു പരീക്ഷണത്തിനു വയ്യേ.രണ്ടാളുടെം ഭാഗ്യം കത്തി നില്‍ക്കുന്ന ടൈമാ, അങ്ങനെ കള്ളവണ്ടി കയറിയാല്‍ അത്‌ എവിടെച്ചെന്നവസാനിക്കുമെന്ന് രണ്ടാള്‍ക്കും ഏകദേശം ഉറപ്പായിരുന്നു.

എന്നാല്‍പ്പിന്നെ സ്റ്റേഷന്റെ പുറത്ത്‌ നിന്ന് തന്നെ സിംലയിലേക്കുള്ള പ്രൈവറ്റ്‌ ബസ്സിലേക്കുള്ള ടിക്കറ്റ്‌ കിട്ടും വഴിക്ക്‌ ചണ്ഡീഗഡ്‌ ഇറങ്ങാം.അല്ലാന്നു വച്ചാല്‍ ഗവണ്‍മെന്റ്‌ ബസ്സ്റ്റാന്‍ഡിലേക്ക്‌ ഒരു ഓട്ടോ പിടിച്ചാല്‍ മതി. അരമണിക്കൂര്‍ ഇടവിട്ടെങ്കിലും ബസ്സ്‌ കാണും.

സ്റ്റേഷനു പുറത്തെത്തി. വല്യേട്ടന്‍ കാറുമായെത്തി. അപ്പോള്‍ വിട. അവസാന നിമിഷവും ചാത്തന്‍ പ്രതീക്ഷിച്ചു. നിങ്ങള്‍ക്ക്‌ വേണേല്‍ ഗവണ്‍മെന്റ്‌ ബസ്സ്‌ സ്റ്റാന്‍ഡില്‍ ഇറക്കിവിടാം എന്ന് ചേട്ടനോ വല്യേച്ചിയോ പറയുമെന്ന്. എബടെ, സമയം ഇരുളുന്നു അവര്‍ക്കും കൂട്ടിലെത്തേണ്ടേ.

ഇനി ഇപ്പോള്‍ ഡല്‍ഹിയിലെ ഓട്ടോക്കാരുടെ സഹൃദയത്വവും സത്യസന്ധതയും പരീക്ഷിക്കണോ? ഉത്തരമലബാറുകാര്‍ എന്ന നിലയില്‍ സര്‍ക്കാര്‍ ശകടം വേണ്ടാന്നു വച്ചാല്‍ ഓട്ടോ വേണ്ട. കൂടാതെ വഴിച്ചെലവു കമ്പനിയാ തരുന്നത്‌ പിന്നെ ഇത്തിരി കൂടുതലായലെന്താ?

ഒന്നു രണ്ട്‌ സ്ഥലങ്ങളില്‍ അന്വേഷിച്ച ശേഷം ഞങ്ങള്‍ ഒരു ട്രാവല്‍ ഏജന്‍സി തെരഞ്ഞെടുത്തു.ടിക്കറ്റ്‌ എടുക്കുന്നതിനു മുന്‍പ്‌ ചാത്തനെ ബാഗുകള്‍ക്ക്‌ അടയിരിക്കാന്‍ വിട്ടിട്ട്‌ കൂട്ടുകാരന്‍ നാട്ടിലേക്കും ചണ്ഡീഗഡില്‍ ഞങ്ങളെ കാത്തിരുന്നേക്കാവുന്ന സഹപ്രവര്‍ത്തകരെയും അതുവരേയുള്ള വിവരങ്ങള്‍ അറിയിക്കാന്‍ പോയി. 8 മണിക്കാണെന്ന് പറഞ്ഞ ബസ്സിനുവേണ്ടി ടിക്കറ്റ്‌ എടുക്കാന്‍ ഏജന്‍സിക്കാരന്‍ ചാത്തനെ നിര്‍ബന്ധിച്ച്‌ തുടങ്ങിയപ്പോള്‍ ഹിന്ദി എന്നത്‌ ചാത്തനു കേട്ട്‌ കേള്‍വി പോലുമില്ലാത്ത ഭാഷയാണെന്നും ഇംഗ്ലീഷും തഥൈവ ആണ്‌ എന്ന തരത്തില്‍ ചാത്തന്‍ പൊട്ടന്‍ കളിച്ചു.(എത്ര സ്വാഭാവികമായ അഭിനയം ആ ഭരത്‌ അവാര്‍ഡ്‌ ഇങ്ങ്‌ പോരട്ടേ)

കൂട്ടുകാരന്‍ തിരിച്ചെത്തിയപ്പോള്‍ ചുവന്ന മലയാളത്തില്‍ കാര്യങ്ങളുടെ കിടപ്പ്‌ വിശദീകരിച്ചു. എന്തോ സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌ ഉണ്ട്‌. ടിക്കറ്റ്‌ എടുക്കുന്നതിനു മുന്‍പ്‌ ബസ്‌ കാണണമെന്ന് പറയാനാവശ്യപ്പെട്ടു. അതുവരെ ബസ്‌ ഏജന്‍സിയുടെ വാതില്‍ക്കല്‍ വന്ന് ഞങ്ങളെ കൂട്ടിക്കൊണ്ട്‌ പോകും എന്ന് പറഞ്ഞവര്‍ നിറം മാറുന്നു. ബസ്‌ എന്തോ ട്രാഫിക്‌ ബ്ലോക്ക്‌ കാരണം അവിടെ വരില്ലെന്നും ഇത്തിരി മാറിയുള്ള അവരുടെ മറ്റൊരു ഓഫീസു വരെ അവരു തന്നെ കൊണ്ടുവിടാം അവിടെ ബസ്‌ ഉണ്ടെന്നും പറഞ്ഞു.

വഴി പറഞ്ഞു തന്നാല്‍ മതീന്നും ഞങ്ങള്‍ ഭക്ഷണം കഴിച്ച ശേഷം അവിടെ സ്വയം വഴി കണ്ടുപിടിച്ച്‌ എത്തിക്കോളാമെന്നും ടിക്കറ്റ്‌ അവിടുന്നെടുത്തോളാമെന്നും ഞങ്ങള്‍ വാശിപിടിച്ചു. അവര്‍ക്ക്‌ സമ്മതിക്കേണ്ടിവന്നു. പക്ഷേ അവര്‍ ഒരു വഴികാട്ടിയെ കൂടെ അയച്ചു. അത്യാവശ്യം വന്നാല്‍ വഴികാട്ടി അശുവിനെ(അര്‍ത്ഥം അറിയാലോ) ഞങ്ങള്‍ രണ്ടാള്‍ക്കും കൂടി കൈകാര്യം ചെയ്യാവുന്നതേയുള്ളൂ എന്ന് മനസ്സിലാക്കിയ ഞങ്ങള്‍ അവന്റെ പിന്നാലെ ഗമിച്ചു. ഓഫീസ്‌ കാണിച്ച്‌ തന്ന അശുവിനെ ഞങ്ങള്‍ ഭക്ഷണം കഴിഞ്ഞ്‌ അവിടെപ്പോയിക്കോളാം എന്ന് പറഞ്ഞ്‌ ഓടിച്ചു വിട്ടു.

അവിടെ ഇഷ്ടം പോലെ പ്രൈവറ്റ്‌ ബസ്സുകള്‍ കിടക്കുന്നു.പ്രാഥമിക അന്വേഷണത്തില്‍ നിന്നു തന്നെ ചില സത്യങ്ങള്‍ വെളിവായി. ചണ്ഡീഗഡ്‌ യാത്രക്കാര്‍ക്ക്‌ വല്യ ഡിമാന്റൊന്നുമില്ല. ഏത്‌ ബസ്സായാലും ഞങ്ങള്‍ക്ക്‌ കിട്ടാന്‍ പോകുന്നത്‌ മുന്നിലുള്ള കാബിന്‍ സീറ്റോ ഏറ്റവും പിന്നിലുള്ള വിവിഐപി സീറ്റോ ആണ്‌. കൂടാതെ എല്ലാ ബസ്സും ഡല്‍ഹി വിടുമ്പോള്‍ വൈകും, കാരണം മിക്ക വണ്ടിയും സിംലയ്ക്ക്‌ രാവിലെ എത്തുന്ന തരത്തിലാണ്‌, അപ്പോള്‍ പകുതി വഴിക്കുള്ള ചണ്ഡീഗഡില്‍ എവിടെയെങ്കിലും അവരു ഞങ്ങളെ നട്ടപ്പാതിരാക്കുശേഷം ഇറക്കിവിടും.

ഈശ്വരാ പരീക്ഷിച്ചതു മതിയായില്ലേ?

അരമണിക്കൂര്‍ അരമണിക്കൂര്‍ ഇടവിട്ട്‌ സര്‍ക്കാരു വണ്ടിയില്ലേ ഇനി അതിലു പോണം അല്ലേല്‍ ഇന്ന് ഡല്‍ഹിയില്‍ താമസിച്ച്‌ നാളെ രാവിലെ പോവണം. അത്‌ ശരിയാവില്ല അല്ലെങ്കില്‍ തന്നെ വണ്ടിയില്‍ വച്ച്‌ ഒരനുഭവമുള്ളതാ(മൂന്നാം ഭാഗം കാണുക), ഫ്ലാറ്റ്‌ നിറഞ്ഞ്‌ നില്‍ക്കുന്ന ഇവനേം കൊണ്ടെങ്ങനെ ഒരു ഹോട്ടല്‍ മുറീല്‍ തങ്ങും. ചാത്തനു സ്വന്തം തടി നോക്കാം പക്ഷേ ഒന്നൂല്ലേലും എവനു ചാത്തനേക്കാളും പ്രായം കുറവല്ലേ ഒരു ഉത്തരവാദിത്വമൊക്കെ വേണ്ടേ.പോരാഞ്ഞ്‌ വഴിച്ചെലവിനുള്ള വകേല്‍ ഹോട്ടല്‍ ബില്‍ ഉള്‍ക്കൊള്ളിക്കാന്‍ പറ്റുമോ എന്ന സംശയവും.

ഉടന്‍ ഒരു ഓട്ടോയില്‍ ഞങ്ങള്‍ സര്‍ക്കാര്‍ ശകടങ്ങളുടെ പാര്‍പ്പിടം തേടിപ്പുറപ്പെട്ടു. വീണു കിട്ടിയ ആ സമയത്ത്‌ ചാത്തന്‍ ആദ്യമായി ഒരു മെട്രോയെ കണ്‍കുളിര്‍ക്കെ കണ്ടു. പോയ വഴിയൊന്നും ഓര്‍മ്മയില്ലെങ്കിലും ഇന്ദിരാ ഗാന്ധിയേയോ രാജീവ്‌ ഗാന്ധിയേയോ അടക്കം ചെയ്ത ഏതോ സ്ഥലം ആ വഴിയില്‍ ഉണ്ടായതായി ഒരു ഓര്‍മ്മ.(ഡല്‍ഹി പരിചയമുള്ളവര്‍ ചാത്തന്‍ പോയ വഴി ഏതായിരുന്നു എന്ന് കമന്റിട്ടാല്‍ നല്ലതായേനെ).

അരണ്ട വെളിച്ചത്തില്‍ കണ്ട പുത്തന്‍ പുതിയ വാഹനങ്ങള്‍(റജി നമ്പ്ര് പോലും കിട്ടാത്തവ) എല്ലാത്തിനും പൊതുവായി ഒരു പ്രത്യേകതയുണ്ടായിരുന്നു. അവിടല്ലെങ്കില്‍ ഇവിടെ പൊട്ടിയോ ഉരഞ്ഞോ ചളുങ്ങിയോ ഇരിക്കുന്നു. ഓട്ടോയില്‍ നിന്ന് തല പുറത്തേക്കിട്ട്‌ ഇതിന്റെ കാരണം ചികഞ്ഞോണ്ടിരുന്ന ചാത്തന്‌ ഉത്തരം കിട്ടിയത്‌ വളരെപ്പെട്ടന്നായിരുന്നു. ഓട്ടോക്കാരന്‍ ഒരു വെട്ടിക്കല്‍, എന്തോ ഒരു വാഹനം ചാത്തന്റെ മുഖത്തിനു സമീപത്തൂടെ മിന്നല്‍പ്പിണര്‍പോലെ കടന്നുപോയി. ചാത്തന്റെ ഇരിപ്പ്‌ ഓട്ടോയുടെ നടുവിലേക്ക്‌ മാറി.

ബസ്‌ സ്റ്റാന്‍ഡെത്തി, ഓട്ടോയിറങ്ങുമ്പോള്‍ തന്നെ ഒരു ബസ്‌ പുറത്തേക്ക്‌, സിംലയിലേക്കുള്ളത്‌. അതു പോട്ടെ ഇടവിട്ടിടവിട്ടുണ്ടല്ലോ. എന്തേലും കഴിച്ചിട്ടാവാം. ചണ്ഡീഗഡിലേക്ക്‌ ഒന്നൂടെ വിളിച്ചു. അവരുടെ ഉപദേശം ഇനി ഇപ്പോള്‍ പുറപ്പെട്ടാല്‍ ചണ്ഡീഗഡ്‌ ബസ്‌സ്റ്റാന്‍ഡില്‍ നിന്ന് അവരുടെ താമസ സ്ഥലത്തേക്ക്‌ ബസ്‌ കിട്ടില്ല.നാളെ വന്നാല്‍ മതീന്ന്.

ഇതിപ്പോള്‍ ഇവിടെ വരെ എത്തീട്ട്‌, വരുന്നിടത്തു വച്ച്‌ വരട്ടെ, അവിടെ ഓട്ടോയെങ്കിലും കാണില്ലെ നമുക്ക്‌ ഇന്ന് തന്നെ പോവ്വാടാ. ഇടക്കിടെ ഒന്നുമില്ലെങ്കിലും അല്‍പസമയത്തെ കാത്തിരിപ്പിനു ശേഷം സിംലയ്ക്ക്‌ പോകുന്ന ഒരു സര്‍ക്കാര്‍ ശകടം സ്റ്റാന്‍ഡ്‌ പിടിച്ചു. തിരക്കൊന്നുമില്ല. മൂന്ന് പേര്‍ക്ക്‌ ഇരിക്കാവുന്ന ഒരു സീറ്റില്‍ ചാത്തനും കൂട്ടുകാരനും പെട്ടീം ബാഗുകളും ഇടം നേടി. വണ്ടിയിലാകെ പത്ത്‌ പതിനഞ്ച്‌ പേര്‍ മാത്രം. കൂട്ടുകാരനു നീളം കൂടുതലുള്ള കാലു ചുരുട്ടി വയ്ക്കാന്‍ പറ്റാത്തതിനാല്‍ ഒരു ത്യാഗമായി ചാത്തന്‍ ബാഗുകള്‍ക്കിടയിലായി സൈഡ്‌ സീറ്റില്‍ സ്ഥാനാരോഹണം ചെയ്തു.

പിന്നേ ഒരു ത്യാഗം! സൈഡ്‌ സീറ്റ്‌ ചാത്തനും ഇഷ്ടാട്ടോ.

ബസ്‌ ഇളകിത്തുടങ്ങി.

വാല്‍ക്കഷ്ണം:
അവസാന ഭാഗത്തിന്റെ ആദ്യ പകുതി-- ഇന്റര്‍വെല്‍-- ഹി ഹി ഹി പറ്റിച്ചേ...
അവസാനഭാഗം എന്നേ പറഞ്ഞുള്ളൂ ഇന്റര്‍വെല്‍ ഉണ്ടാവൂലാന്ന് ചാത്തന്‍ പറഞ്ഞില്ലാ.

Friday, April 06, 2007

അപൂര്‍വ്വം-ഏതോ ഒരു എപ്പിഡോസ്‌ -4

തുടര്‍ച്ച--ഒരു യാത്രയില്‍ നിന്ന്കഴിഞ്ഞ ഭാഗത്തൂന്നുള്ള സസ്പെന്‍സ്‌ പെട്ടന്ന് തീര്‍ത്തേക്കാം.

തുടര്‍ന്ന് ചാത്തന്‍ ഷൂ കൂടി അഴിച്ച്‌ സീറ്റിനടിയിലേക്ക്‌ തട്ടുന്നു. ഇത്രേം ആയിട്ടും മനസ്സിലായില്ലേ? . ശരി, തിരിഞ്ഞ്‌ നിന്ന് കൂട്ടുകാരനോട്‌ ഇപ്രകാരം ഉ വാ ച.

"ഞാന്‍ മോളിലെ ബര്‍ത്തില്‍ കിടന്നുറങ്ങാന്‍ പോണു നീ നിന്റെ ബര്‍ത്തില്‍ കയറിക്കോ."

പിന്നെ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു സര്‍ക്കസ്‌ അഭ്യാസിയുടെ മെയ്‌ വഴക്കത്തോടെ ചാത്തന്‍ ബര്‍ത്തില്‍ പറന്നിറങ്ങുന്നു, അവിടിരുന്ന പുതപ്പു കൊണ്ട്‌ സാഷ്ടാംഗം മൂടിപ്പുതച്ച്‌ ഒരു ആമച്ചാത്തനാവുന്നു.

തുടര്‍ന്നുണ്ടായ ശബ്ദങ്ങളില്‍ നിന്നും കൂട്ടുകാരനും സമീപമുള്ള ബര്‍ത്തിലെത്തി എന്ന് വ്യക്തമായി. ഇനിപ്പോ താഴെ ഭൂമി കുലുങ്ങിയാലും എഴുന്നേല്‍ക്കുന്ന പ്രശ്നമില്ലാ.

സമയം ട്രെയിനിന്റെ വേഗതയില്‍ തന്നെ നീങ്ങി. ഒരു കുഞ്ഞിന്റെ കരച്ചില്‍ ഉറക്കത്തില്‍ നിന്നുണര്‍ത്തി. പുറന്തോടിനുള്ളില്‍ നിന്നും ആമ തല പുറത്തേക്ക്‌ നീട്ടി. അയ്യാളെ കാണാനില്ല. തമിഴ്‌ നാട്ടിലേക്ക്‌ കടന്നെന്നാ തോന്നണേ.താഴെ ഒരു കുടുംബം. അച്ഛന്‍, അമ്മ, രണ്ടോ മൂന്നോ വയസ്സുള്ള ഒരു കൊച്ചു പയ്യന്‍സ്‌,പിന്നെ മുതിര്‍ന്നവരില്‍ രണ്ടുപേരില്‍ ആരുടെയോ ചേച്ചി.രണ്ടാളും ചേച്ചീന്നാ വിളിക്കുന്നേ.

പയ്യന്‍സിന്റെ കരച്ചിലാണ്‌ ഉറക്കത്തീന്നെണീപ്പിച്ചത്‌. അപകട മേഖല കഴിഞ്ഞതു കാരണം ഞങ്ങളു രണ്ടും താഴെയിറങ്ങി ആസനസ്ഥരായി.

പയ്യന്‍സിന്റെ കരച്ചിലു നിര്‍ത്താന്‍ ഞങ്ങള്‍ രണ്ടുപേരും ആവുന്നത്ര കണ്ണുരുട്ടിയും നാവുകൊണ്ട്‌ പല ശബ്ദങ്ങളും പുറപ്പെടുവിച്ചും നോക്കി. എബടെ!. ഉത്തരേന്ത്യയിലെവിടെയോ ജനിച്ചു വളര്‍ന്ന പയ്യന്‍സിനുണ്ടോ മലയാളി കണ്ണുരുട്ടല്‍ മനസ്സിലാകുന്നു!!!

പരിചയപ്പെട്ടു, മലയാളികള്‍, അവരും ഡെല്‍ഹിക്കാ. അപ്പോഴാണ്‌ രണ്ട്‌ പേര്‍ക്കായുള്ള സൈഡ്‌ സീറ്റില്‍ ഞങ്ങളോടാരോടും സംസാരിക്കാതിരുന്ന ഒരു ജോഡിയെ ശ്രദ്ധിച്ചത്‌. ഒരു പുരുഷനും സ്ത്രീയും. ഭാര്യാ ഭര്‍ത്താക്കന്മാരല്ല. സഹോദരീസഹോദരന്മാരാണെന്ന് അല്‍പസമയം കൊണ്ട്‌ മനസ്സിലാക്കി. അനിയനാകാണ്‌ ചാന്‍സ്‌. കാരണം സ്ത്രീയുടെ ആജ്ഞാശക്തി പ്രകടമായിരുന്നു. അനിയന്‍ വല്ലതും തിന്നാന്‍ വാങ്ങിക്കൊണ്ടുവന്നാല്‍ അവന്‍ എന്തോ പാതകം ചെയ്ത മാതിരിയുള്ള പെരുമാറ്റം.

ഈ ബാച്ചിലര്‍ ചാത്തനെന്തറിയാം എന്ന് പറഞ്ഞ്‌ നെടുവീര്‍പ്പിടാന്‍ നോണ്‍ ബാച്ചികള്‍ക്കും, ഒന്ന് പുഞ്ചിരിക്കാന്‍ വായിച്ചുകൊണ്ടിരിക്കുന്ന ബാച്ചിലേര്‍സിനും കുറച്ച്‌ സമയം അനുവദിച്ചിരിക്കുന്നു.

പറയാന്‍ മറന്നു, പ്രസ്തുത സ്ത്രീ ജന്മം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അമ്മയായേക്കും, മാസം എത്രയായിന്നൊന്നും കണക്കുകൂട്ടിപ്പറയാന്‍ ചാത്തനാളല്ലേ. ഒരു പക്ഷേ ഈ സമയത്ത്‌ ഭര്‍ത്താവ്‌ കൂടെയില്ലാത്തതായിരിക്കും ഇങ്ങനെ അസ്വസ്ഥത പ്രകടിപ്പിക്കാന്‍ കാരണം.

മറ്റേതെങ്കിലും സമയത്തായിരുന്നെങ്കില്‍."നിന്നെ ഞാന്‍ ജനിച്ചപ്പോ മുതലു കാണുന്നതല്ലേടീ, വേണേ തിന്ന്," എന്നും പറഞ്ഞ്‌ വല്ല റൊട്ടിക്കഷ്ണോം വാങ്ങിക്കൊടുക്കാന്‍ ചാത്തനാ അനിയനെ ഉപദേശിച്ചേനെ. ഇതിപ്പോ ആള്‍ക്ക്‌ വിഐപി ട്രീറ്റ്‌മെന്റ്‌ ലഭിക്കേണ്ട ടൈമല്ലേ. പാവം അനിയന്‍സ്‌.

ദീര്‍ഘദൂരയാത്രയില്‍ ഒരു കൊച്ച്‌ പയ്യന്‍സ്‌ കൂടെയുണ്ടെങ്കില്‍ സമയം പോകുന്നതറീല. ആദ്യത്തെ കണ്ണുരുട്ടലിനുശേഷം പയ്യന്‍സ്‌ ഞങ്ങളോട്‌ പെട്ടന്ന് കമ്പനിയായി. ആ കുടുംബം കുറേക്കാലം കഴിഞ്ഞാ തിരിച്ച്‌ പോവുന്നേന്ന് തോന്നുന്നു. കാബിന്‍ നിറച്ചും അവരുടെ സാധനങ്ങള്‍ കൊണ്ടു നിറഞ്ഞിരുന്നു. കാലു കുത്താന്‍ ഇടയില്ല. ആര്‍ക്കെങ്കിലും പുറത്തേക്ക്‌ പോകണമെങ്കില്‍ ഇത്തിരി പൊയ്‌ക്കാല്‍ നടത്തം പഠിക്കണം.

കേരളാ എക്സ്പ്രസ്സ്‌ ശരിക്കും എക്സ്പ്രസ്സായി. വേഗത കൂടി. സ്റ്റോപ്പുകള്‍ക്കിടയിലുള്ള അകലം വര്‍ദ്ധിച്ചു. ജനവാസം കുറഞ്ഞ പ്രദേശങ്ങള്‍ ഇരുവശത്തും സ്ഥാനം പിടിച്ചു.

എ.സി യ്ക്കകത്ത്‌ ഒരു കൊതുകിനെപ്പോലെ ഉറക്കം മൂളിപ്പറന്നു.

ഇനി രാത്രിയായിട്ടു മുകളില്‍ കയറാം താഴെ ഇരുന്നൊറങ്ങാം.

എന്റമ്മച്ചീ..എന്റെ കാലേ... കൂട്ടത്തിലെ കുടുംബത്തിലെ വല്യേച്ചി ഇടനാഴിയിലേക്ക്‌ കടക്കാന്‍ വേണ്ടി ഹൈഹീല്‍ഡിട്ട്‌ ചവിട്ടീത്‌ ചാത്തന്റെ തൃപ്പാദത്തില്‍. ഒരു ഇളിഞ്ഞ സോറി, മനസ്സില്ലാ മനസ്സോടെ സ്വീകരിച്ചു. ഹോ ചവിട്ടി അരച്ചു കളഞ്ഞു. ഹൈഹീല്‍ഡ്‌ പണ്ടാരത്തിന്‌ ഇത്രേം മൂര്‍ച്ചയുണ്ടാവുമോ.

സൈഡ്‌ സീറ്റിലിരിക്കുന്ന ചേച്ചിയെം അനിയനേം കാണാനില്ല. പീഡനം സഹിക്കാതെ അവന്‍ പുറത്തേക്ക്‌ ചാടിയാ ആവോ?, എന്നാലും ചേച്ചി എവിടെപ്പോയോ എന്തോ? അനിയന്‍ ദാണ്ടെ വരുന്നു.അപ്പോള്‍ ഇറങ്ങിപ്പോയിട്ടില്ല.

ഹേ ഇതെന്താ നേരത്തെ ഓടിപ്പോയ വല്യേച്ചി അതിലും വേഗത്തില്‍ തിരിച്ചുവരുന്നോ, വല്ല തമനുക്കൊച്ചാട്ടനും ടോയിലറ്റിലടച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചാ. വന്നപാടെ രണ്ട്‌ അനിയന്മാരുടേയും ചെവിയില്‍ എന്തൊക്കെയോ പറയുന്നു. രണ്ടെണ്ണവും രണ്ട്‌ വഴിക്ക്‌ ഓടുന്നു. നാത്തൂനും നാത്തൂനും കൊച്ചിനെ ചാത്തനെ ഏല്‍പ്പിച്ച്‌, ഇപ്പോവരാം ഒന്ന് നോക്കിക്കോണേ എന്ന് പറഞ്ഞ്‌ പിന്നേം ഓടുന്നു. കാര്യം എന്താന്ന് ചോദിച്ചിട്ട്‌ ചോദ്യം കേള്‍ക്കാന്‍ പോലും ചെവി തന്നില്ലാ. മറ്റു കാബിനുകളില്‍ നിന്നും കുറേ പെണ്‍പടയും കൂടി അവരുടെ പിന്നാലെ ഓടുന്നു.

കൂട്ടുകാരന്‍ ഇരുന്നൊറങ്ങുന്നു,വിളിച്ചാലോ?,ഓടിപ്പോയ ചേട്ടന്‍ ടിടിആറിനേം കൂട്ടി ഇതാ വരുന്നു.ഒന്നൂല്ലേലും അങ്ങേരുടെ കൊച്ചിനെ ചാത്തനല്ലേ നോക്കിക്കോണ്ടിരിക്കുന്നത്‌, തടഞ്ഞു നിര്‍ത്തി കാര്യം ചോദിച്ചു. "ആ സൈഡ്‌ സീറ്റിലുണ്ടായിരുന്ന സ്ത്രീക്ക്‌ പെയിന്‍, ടിടിആര്‍ ഒരു ഡോക്ടറെ അന്വേഷിച്ച്‌ പോകുവാ"

ചേട്ടന്‍ ഞങ്ങളുടെ അടുത്ത്‌ തന്നെയിരുന്നു. പിന്നെ എവിടെയും പോയില്ലാ. നാത്തൂനും നാത്തൂനും തുണി, ചൂട്‌ വെള്ളം എന്നൊക്കെപ്പറഞ്ഞ്‌ ഓടി നടക്കുന്നു.

എന്നാപ്പിന്നെ വണ്ടി നിര്‍ത്തി വല്ല ഹോസ്പിറ്റലിലും പോയിക്കൂടെ? ചാത്തനിലെ സംശയരോഗി തലപൊക്കി.

നീ പുറത്തേക്ക്‌ നോക്കീട്ട്‌ പറ അടുത്ത ഹോസ്പിറ്റല്‍ എവിടായിരിക്കും എന്ന്?

പുറത്ത്‌ ഒരു മനുഷ്യനെപ്പോലും കാണാനില്ല. ചാത്തനിതാദ്യമാ തീവണ്ടിയില്‍ ഇത്രെം ദൂരെയ്ക്ക്‌. കേരളത്തിലെപ്പോലെ പാളത്തിന്റെ ഓരത്ത്‌(സമീപത്ത്‌) ആള്‍ താമസം ഉള്ള സ്ഥലങ്ങള്‍ ഇന്ത്യയിലെല്ലായിടത്തും കാണില്ലാന്ന് പഠിച്ചു.ദീര്‍ഘ ദൂര ട്രെയിന്‍ യാത്രാ പാഠം ഒന്ന്.

ആരൊക്കെയോ സാരികള്‍ കൊണ്ട്‌ ആ ഭാഗം മുഴുവന്‍ മറച്ചു.പ്രാര്‍ത്ഥനകള്‍, ആശങ്കകള്‍, നെടുവീര്‍പ്പുകള്‍, ആകെ ബഹളം. ടിടിആര്‍ എവിടുന്നോ ഒരു ഡോക്ടറേം കൂട്ടി വരുന്നു. ഡോക്ടര്‍ സാരിമറയ്ക്കുള്ളില്‍ കടന്നതും ഒരു പിഞ്ച്‌ ശംഖനാദം കേട്ടതും ഒരുമിച്ച്‌. ഹൈഹീല്‍ഡ്‌ വല്യേച്ചി പുറത്തേക്ക്‌ വന്നു. ആണ്‍ കുട്ടിയാ ഒരു സുന്ദരക്കുട്ടന്‍.

ദൈവത്തോടുള്ള നന്ദിപ്രകടനങ്ങള്‍, ആശ്വാസനിശ്വാസങ്ങള്‍.

ചാത്തനാ അനിയച്ചാരെവിടെ എന്ന് നോക്കി, പയ്യന്‍സ്‌ ആകെ വിരണ്ടിരിക്കുകയാ എന്നാലും ഒരു ആശ്വാസം വിരിഞ്ഞു വരുന്നുണ്ട്‌. അപ്പോഴേക്കും അടുത്ത സ്റ്റേഷനെത്തി. സ്ട്രെക്ച്ചര്‍ കൊണ്ടുവന്നു. ആ ചേച്ചിയെ മൊത്തം തുണിയില്‍ പൊതിഞ്ഞിരിക്കുന്നു. പൊക്കിള്‍ക്കൊടി ബന്ധം ഇനിയും വേര്‍പെടുത്തിയില്ലാത്തതിനാല്‍ അമ്മയ്ക്ക്‌ കുഞ്ഞിനെ ശരിക്കു കാണാന്‍ മേല.

വല്യേച്ചി കുഞ്ഞിന്റെ മുഖം അമ്മയ്ക്കും മറ്റുള്ളവര്‍ക്കും ഒന്ന് പൊക്കിക്കാണിച്ച ശേഷം അമ്മയുടെ കാലിന്റെ അരികില്‍ കിടത്തി.ചേച്ചീം അനിയനും കുഞ്ഞും കാഴ്ചയില്‍ നിന്നും മറഞ്ഞു. വണ്ടി കുറച്ച്‌ സമയം അവിടെ നിര്‍ത്തിയിട്ടു, എല്ലാം കഴുകി വൃത്തിയാക്കി.

തിരിച്ച കാബിനില്‍ വന്ന വല്യേച്ചിയുടെ ആദ്യ വാചകങ്ങള്‍ ഇപ്രകാരം.

ആ സ്ത്രീയുടെ ധൈര്യത്തെ സമ്മതിക്കണം, ഞാന്‍ ചെല്ലുമ്പോള്‍ തന്നെ കുഞ്ഞിന്റെ തല പുറത്തു വന്നു തുടങ്ങിയിരുന്നു.

നാത്തൂന്‍ കൂട്ടിച്ചേര്‍ത്തു.

ഹോ എന്നാലും ഒറ്റയ്ക്ക്‌ പ്രസവിച്ച്‌ കളയാംന്ന് വിചാരിച്ചു കളഞ്ഞില്ലേ..

ചാത്തന്റെ വഹ ആത്മഗതം: ഹോ ഈ ഝാന്‍സി റാണിയെപ്പറ്റിയാണല്ലോ ചാത്തന്‍ അഹങ്കാരി എന്ന് നിനച്ചിരുന്നത്‌!!!ശിവ ശിവ !!

ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ ട്രെയിനിന്റെ ചൂളം വിളി മുഴങ്ങി.


(തുടരും)

(ഒരു എപ്പിസോഡും കൂടി സഹിക്കാന്‍ മാന്യ വായനക്കാര്‍ക്കു കരുത്തില്ലേ?)

വാല്‍ക്കഷ്ണം:
സസ്പെന്‍സ്‌ ഉണ്ടാക്കുന്ന പണി ചാത്തന്‍ നിര്‍ത്തി. എന്തിനാ നാട്ടുകാരുടെ കൈക്കു പണിയുണ്ടാക്കുന്നത്‌. ഇത്തവണേം കീ ബോര്‍ഡ്‌ തരിച്ചതാ പിന്നെ ഒരു വിധം തടുത്ത്‌ നിര്‍ത്തി സസ്പെന്‍സിനെ തല്ലിക്കൊന്നു ബൂലോഗത്ത്‌ ഇപ്പോള്‍ സാന്‍ഡോസിന്റെ തിരോധാനത്തേക്കാള്‍ വലിയ സസ്പെന്‍സ്‌ എങ്ങനെ ഉണ്ടാക്കാനാ.