Monday, January 28, 2008

ആ രാത്രിയില്‍ -3- എന്നെ തല്ലണ്ട ഞാന്‍ നന്നാവാം

നിഴലുകള്‍ക്ക്‌ നിറം വച്ചുതുടങ്ങി. ആ ജീവികള്‍ കുതിരകളാണ്‌. അതിന്റെ മോളില്‍ ഇരിക്കുന്നത്‌ കാക്കിധാരികളും. പോത്തുകള്‍ ഇപ്പോള്‍ കാലന്റെ സര്‍വീസില്‍ ഇല്ലേ?

കാക്കിധാരികളെ കണ്ടിട്ട്‌ ഒരു പോലീസ്‌ ഛായ. അതെ പോലീസുകാരു തന്നെ. [കുറച്ച്‌ മുന്‍പ്‌ ഈ കുതിരപ്പോലീസിന്റെ ഒരു പടം പോസ്റ്റ്‌ വന്നതും ചാത്തന്റെ വഹ ഒരു കമന്റ്‌ ഇട്ടതും വല്ലവരും ഓര്‍ക്കുന്നുണ്ടോ ആവോ?]

പോലീസുകാര്‍ അടുത്തെത്തി.

എന്താ ഇവിടെ?

സിനിമയ്ക്ക്‌ പോയിട്ട്‌ വരുന്ന വഴിയാ.

ടിക്കറ്റ്‌ കാണിച്ചേ.

ഉം ശരി ഇതെന്താ ഇത്രേം വൈകിയത്‌.

സത്യം പറഞ്ഞാല്‍ ഇവരു വിശ്വസിച്ചില്ലെങ്കിലോ?

അത്‌ എന്റെ കൂട്ടുകാരു കൂടെ ഉണ്ടായിരുന്നു. അവരെ വീട്ടിലാക്കി വരുന്ന വഴിയാ. ഇതിനടുത്താ ഞങ്ങളുടെ ഓഫീസ്‌ അതോണ്ട്‌ ഈ വഴി എപ്പോഴും നടക്കുകയാ പതിവ്‌.

ഐഡി കാര്‍ഡുണ്ടോ?

ഉണ്ട്‌ ദാ.

വിശ്വസിച്ചോ എന്തോ? വേഗം പോയിക്കൊള്ളാന്‍ പറഞ്ഞു.

ടിടിസിയില്‍ നിന്ന് അമ്പലമുക്കിലേക്ക്‌ രാത്രി ഓഫീസു വിട്ടാല്‍ നടപ്പ്‌ തന്നെയാണ്‌. പലപ്പോഴും വൈകാറുമുണ്ട്‌. അതോണ്ട്‌ പകുതി കള്ളമേ പറഞ്ഞിട്ടുള്ളൂ എന്നാശ്വസിക്കാം. കൂടുതല്‍ അപകടങ്ങളൊന്നുമില്ലാതെ വീട്ടിലെത്തി, പുറത്ത്‌ വച്ച താക്കോലെടുത്ത്‌ വാതില്‍ തുറന്ന് ഒച്ചയുണ്ടാക്കാതെ അടുക്കളയിലേക്ക്‌ നടന്നു. ചപ്പാത്തീം കറീമൊക്കെ തണുത്ത്‌ ഒരു പരുവമായിട്ടുണ്ട്‌. അടുക്കളയില്‍ വച്ച്‌ തന്നെ കഴിച്ച്‌, പുറത്ത്‌ വന്ന് സമയം നോക്കി. രണ്ട്‌ മണി കഴിഞ്ഞു.

കിടക്കയിലേക്ക്‌ വീണതേ ഓര്‍മ്മയുള്ളൂ. ഒരു സ്വപ്നം പോലും കാണാത്ത സുഖനിദ്ര.

പിറ്റേന്ന് ഉണര്‍ന്നപ്പോള്‍ കൂടെ താമസിക്കുന്ന അമ്മാവന്മാരുടെ ചോദ്യങ്ങള്‍. എപ്പോഴാ വന്നത്‌? എന്താ വൈകിയത്‌?
ഇനിമേലാല്‍ സിനിമയ്ക്ക്‌ പോകുകയോ വൈകുകയോ ചെയ്യുകയാണെങ്കില്‍ ആദ്യമേ ഫോണ്‍ ചെയ്ത്‌ പറഞ്ഞിരിക്കണം എന്ന കണ്ടീഷനില്‍ തലയൂരി.

ഓഫീസിലെത്തിയപ്പോള്‍ തലേന്ന് തീയേറ്ററില്‍ വച്ച്‌ കണ്ടവന്‍ ചോദിച്ചു.

നീ എവിടെയാ താമസിക്കുന്നത്‌?

അമ്പലമുക്കില്‍.

ഇന്നലെ പടം കഴിഞ്ഞിട്ടെങ്ങനാ പോയത്‌?

നടന്നു.[ഓ ഞാനൊരു ചായ കുടിച്ചു എന്ന ടോണില്‍]

കേട്ടവന്‍ ഒന്ന് ഞെട്ടിയോ എന്തോ. പിന്നൊന്നും മിണ്ടീല.

പതുക്കെ പതുക്കെ ആളുകള്‍ ഒറ്റയായും കൂട്ടമായും വന്ന് ചോദിച്ചു തുടങ്ങി.

ഇതെന്താ ഇത്രേം വല്യ ആനക്കാര്യമോ മറ്റോ ആണോ ഒരു നാലഞ്ച്‌ കിലോമീറ്റര്‍ നടക്കുന്നത്‌?

കുട്ടിച്ചാത്തന്റെ കൂടെ താമസിക്കുന്ന കൂട്ടുകാരനാണ്‌ ആദ്യം ഈ കമ്പനിയില്‍ ജോയിന്‍ ചെയ്തത്‌. അവന്റെ കൂട്ടുകാരാണ്‌ ചാത്തന്റെ, കമ്പനിയിലെ ആദ്യ കൂട്ടുകാര്‍. അവന്‍ സ്ഥലത്തുമില്ലാലോ. ബാക്കിയുള്ളവരെ പരിചയപ്പെട്ട്‌ വരുന്നേയുള്ളൂ. [അവന്‍ നാട്ടില്‍ പോയ സമയത്താണ്‌ ചാത്തന്റെ ഈ കൃത്യം എന്നോര്‍ക്കുമല്ലോ]. ആ കൂട്ടുകാരൊക്കെ ഓടി വന്നു.

ഡാ നിനക്കു വട്ടാണോ? പാതിരായ്ക്ക്‌ ഇത്രേം ദൂരം നടക്കുകയോ!

ആ സിനിമ ഞായറാഴ്ച പകലെങ്ങാന്‍ കണ്ടാല്‍ പോരായിരുന്നോ?

നീ താമസിക്കുന്നിടത്തൂന്ന് ആരും ഒന്നും ചോദിച്ചില്ലേ?

നിന്റെ കൂട്ടുകാരന്‍ എന്തു പാവമാടാ? നീ ഇത്രേം തലതിരിഞ്ഞവനാണോ?

ചോദ്യങ്ങള്‍ പലവിധം എന്നാല്‍ അതില്‍ എന്നും ഓര്‍ക്കുന്ന ഒരു ശബ്ദം ഇങ്ങനെ ....

എടാ ഇനി നിനക്കിനി ഇതുപോലെ വല്ല പടോം കാണണമെന്നുണ്ടെങ്കില്‍ മുന്‍പേ പറയണം. ഞങ്ങളെല്ലാം മുന്‍പേ കണ്ടതാണെങ്കിലും, കാണാനാഗ്രഹമില്ലെങ്കിലും, നീ പോകണമെന്ന് പറഞ്ഞാല്‍ പടം തുടങ്ങുന്നതിനു മുന്‍പ്‌ അങ്ങോട്ടും കഴിഞ്ഞ്‌ തിരിച്ചും ബൈക്കില്‍ കൊണ്ടുവിട്ടുതരാം മേലാലിമ്മാതിരി സാഹസം കാണിച്ചേക്കരുത്‌.

വാല്‍ക്കഷ്ണം:
എന്തായാലും ആ ഒരു സംഭവത്തോടെ, ചേര്‍ന്നിട്ടധികം നാളാവാത്ത കുട്ടിച്ചാത്തനെ, 60ല്‍ പരം ആളുകളുള്ള കമ്പനിയില്‍ അറിയാത്തവരില്ലാതായി.

Monday, January 21, 2008

ആ രാത്രിയില്‍ -2- നഗരവനം

പ്രതീക്ഷയുടെ അവസാനത്തെ കച്ചിത്തുരുമ്പും കാണാനില്ല. ആ തട്ടുകടയ്ക്കാരന്‍ എന്തോ മരീചികയായിരുന്നോ? പെട്ടന്ന് എതിരെ നിന്നും ഹെഡ്‌ ലൈറ്റുകളുടെ വെളിച്ചം. പോലീസ്‌ ജീപ്പാവാം എവിടെനിന്നോ ഇത്തിരി ധൈര്യം കളഞ്ഞു കിട്ടി. തിരിഞ്ഞ്‌ നിന്നു. ആരേം കാണാനില്ല. ഇനി ആ ജീപ്പ്‌ വരുന്നത്‌ കണ്ട്‌ ഒളിച്ചതോ മറ്റോ ആണോ? അങ്ങനെയാണെങ്കില്‍ അത്‌ പോയാല്‍ പിന്നേം അവരു തിരിച്ചു വന്നാലോ? പിന്നേ മണ്ടന്മാര്‍ ഇനി ചാത്തന്റെ പൊടി കാണണേല്‍ അവരു വല്ല മഷിനോട്ടക്കാരുടേം അടുത്ത്‌ ചെല്ലേണ്ടി വരും.

സ്റ്റേഡിയത്തിന്റെ അടുത്തെത്തിയപ്പോഴാണ്‌ ദൂരെ മ്യൂസിയം ഭാഗത്ത്‌ നിന്ന് വരുന്ന ജീപ്പിന്റെ വെളിച്ചം കണ്ടതെങ്കിലും അത്‌ ചാത്തനെ കടന്ന് പോയി അല്‍പം കഴിയുമ്പോഴേക്കും ചാത്തന്‍ മ്യൂസിയത്തിനടുത്തെത്തി. മ്യൂസിയത്തിന്റെയും കനകക്കുന്ന് കൊട്ടാരത്തിന്റെയും അടുത്ത്‌ നല്ല വെളിച്ചമാണ്‌ പിന്നാലെ വല്ലവരും വന്നാല്‍ അവര്‍ക്ക്‌ ചാത്തനെ കണ്ടുപിടിക്കാന്‍ എളുപ്പമാണ്‌ ഒളിക്കാന്‍ വഴിയുമില്ല.

വെള്ളയമ്പലം വഴിയാണ്‌ മിക്ക ബസ്സുകളും അമ്പലമുക്കിലേക്ക്‌ പോവുന്നത്‌. മ്യൂസിയത്തിന്റെ മറ്റൊരു സൈഡിലൂടെയുള്ള വഴിയിലൂടെ(നന്തന്‍കോട്‌ വഴി) പോയാലും ടിടിസി(ട്രിവാന്‍ഡ്രം ടെന്നീസ്‌ ക്ലബ്‌ ബസ്സ്റ്റോപ്പ്‌) എത്താം. അവിടുന്ന് ലക്ഷ്യസ്ഥാനമായ അമ്പലമുക്കിലേക്കും. നന്തന്‍കോട്‌ വഴി ആകെ ഒരു തവണ ബസ്സില്‍ പോയതേയുള്ളൂ. ശരിക്കറിയില്ല. ആ വഴിയിലാണെങ്കില്‍ കട്ടപിടിച്ച ഇരുട്ടും. ആ വഴി പോവുന്നത്‌ അബദ്ധമാവുമോ ഇല്ലയോ എന്ന് തെരഞ്ഞെടുക്കാന്‍ കിതപ്പ്‌ തീര്‍ക്കാന്‍ നിന്ന ഒരു നിമിഷാര്‍ദ്ധം മാത്രം.

സ്വതവേ പേടി ആജന്മമിത്രമാണെങ്കിലും കൂടുതലാലോചിക്കാതെ ചാത്തന്‍ ഇരുട്ടിലേക്ക്‌ ഓടിക്കയറി. ഒന്നും കാണുന്നില്ല സ്വന്തം കൈ എവിടെയുണ്ടെന്ന് തപ്പിനോക്കേണ്ട അവസ്ഥ. മുന്നോട്ട്‌ വല്ല അഴുക്ക്‌ ചാലുമാണോ എന്ന് പോലും ഒരു പിടിയുമില്ല. ചതുപ്പ്‌ നിലമാണോ എന്ന് ഉറപ്പിക്കാന്‍ വടിവച്ച്‌ അമര്‍ത്തി നടന്ന് നീങ്ങുന്ന പര്യവേഷകരുടെ കണക്കെ പതുക്കെപ്പതുക്കെ ടാര്‍ റോഡിന്റെ പരിധി കടന്നില്ലെന്ന് ഉറപ്പുവരുത്തി ചാത്തന്‍ മുന്നോട്ട്‌ നീങ്ങി.

രാത്രി ചീവീടുകളുടെ ശബ്ദം മാത്രം കേട്ടു പരിചയിച്ചവര്‍ക്ക്‌ പോകാന്‍ പറ്റിയ വഴി. സിംഹഗര്‍ജനങ്ങള്‍, ആനകളുടെ ചിന്നം വിളികള്‍, കടവാവലുകളുടെ പക്ഷികളുടെ ഇന്നേവരെ കേള്‍ക്കാത്ത ശബ്ദങ്ങള്‍. ആകെപ്പാടെ ഒരു ഘോരവനത്തിന്റെ നടുവിലകപ്പെട്ട പ്രതീതി. ചാത്തന്‍ കള്ളം പറയുന്നതല്ല. ആ വഴി രാത്രി പോയാല്‍ ഇതെല്ലാം കേള്‍ക്കാം. ആ വഴിയുടെ ഒരു ഭാഗത്ത്‌ വലിയ മതിലാണ്‌ അതിനപ്പുറമാണ്‌ തിരുവനന്തപുരം മൃഗശാല!!!. ഇടയ്ക്കുള്ള മതില്‍ മറ്റു മൃഗങ്ങള്‍ ചാടി വരില്ല എന്ന ഉറപ്പ്‌ നല്‍കിയിരുന്നെങ്കിലും, എന്തെല്ലാമോ ജീവികള്‍ മുഖത്തിനരികെക്കൂടെ പറക്കുന്നതായി മനസ്സിലായപ്പോഴാണ്‌ വാവലുകള്‍ക്ക്‌ ആ മതിലൊരുപ്രശ്നമേയല്ല എന്ന് മനസ്സിലായത്‌.

മനുഷ്യരക്തം കുടിക്കുന്ന വാവലുകളുടെം ഡ്രാക്കുളയുടെം കഥയ്ക്ക്‌ മനസ്സിനകത്തേക്ക്‌ ഓടിക്കയറിവരാന്‍ മറ്റൊരു സമയവുമൊട്ട്‌ കിട്ടിയില്ല. അറിയാതെ വേഗത കൂടി. ദൂരെ ദേവസ്വം ബോര്‍ഡ്‌ ജംഗ്ഷനിലെ വെളിച്ചം. അവിടെ വഴി രണ്ടോ മൂന്നോ ആയി തിരിയുന്നു.

ഏത്‌ വഴി പോകണം? ബസ്സില്‍പോയപ്പോള്‍ ഇതങ്ങനെ ശ്രദ്ധിച്ചിട്ടില്ല. കണ്ണടച്ച്‌ കറക്കിക്കുത്തി ഒരു വഴി തെരഞ്ഞെടുത്ത്‌ നടപ്പ്‌ തുടര്‍ന്നു. അല്‍പദൂരം പിന്നിട്ടു. കാണാത്ത വഴികള്‍, വീടുകള്‍, മതിലുകള്‍, വഴി തെറ്റിയിരിക്കുന്നു തിരിച്ച്‌ മ്യൂസിയം വരെ പോയി മെയിന്‍ റോഡ്‌ വഴി തന്നെ പോയാലോ? ഒന്ന് ചോദിക്കാന്‍ ആ വഴി ഒരു പട്ടിക്കുഞ്ഞ്‌ പോലുമില്ല. [വഴി ചോദിക്കാനല്ല പട്ടി പിന്നാലെ ഓടിയിരുന്നെങ്കില്‍ പെട്ടെന്നൊരു തീരുമാനമായേനെ]

തൊണ്ട വരളുന്നു, കാലുകള്‍ വേദനിക്കുന്നു നടന്ന ദൂരം കാരണമല്ല ഇനി നടക്കേണ്ട ദൂരം ഓര്‍ത്ത്‌. തിരിച്ച്‌ ദേവസ്വം ബോര്‍ഡ്‌ ജംഗ്ഷനില്‍ എത്തി. അടുത്ത വഴിയെ വിട്ടു. ഇത്തവണ തെറ്റിയില്ല. ഇടത്‌ വശത്ത്‌ കണ്ട അമ്പലം മുന്‍പ്‌ ബസ്സില്‍ വച്ച്‌ കണ്ടതു തന്നെ. പ്രതിഷ്ഠ ഏതാണെന്ന് നോക്കാതെ എല്ലാ ദൈവങ്ങള്‍ക്കും ഒരു കൂട്ട നന്ദി പ്രകാശിപ്പിച്ചു. ടിടിസിയുടെ മുന്നിലെ തെരുവുവിളക്കുകള്‍ പ്രതീക്ഷയുടെ നക്ഷത്രപ്പൊട്ടുകളായി ദൂരെ മിന്നിത്തുടങ്ങി.

ടിടിസി എത്തിപ്പോയി. ഇനി വഴിയറിയാം. കാലുകള്‍ക്ക്‌ തുള്ളിച്ചാടാന്‍ വയ്യെങ്കിലും മനസ്സ്‌ തുള്ളിച്ചാടി. വാച്ചിലേക്ക്‌ നോക്കാന്‍ മടിയായി. എന്തായാലും ഇനി പത്ത്‌ പതിനഞ്ച്‌ മിനിറ്റ്‌ കൊണ്ട്‌ വീട്ടിലെത്താം.

അതെന്താ ദൂരെ കുറച്ച്‌ നിഴലുകള്‍, എട്ട്‌ കാലുകള്‍, മനുഷ്യന്റെതല്ല പശുവിനെക്കാള്‍ ഉയരമുള്ള രണ്ട്‌ ജീവികള്‍. അതിന്റെ മുകളിലും ആരൊക്കെയോ ഇരിക്കുന്നതു പോലെയുണ്ട്‌. ദൈവമേ വല്ല യമദൂതന്മാരുമാണോ. അടിവച്ചടിവച്ച്‌ അവര്‍ ഇതാ മുന്നോട്ട്‌ വരുന്നു. ഓടാന്‍ പറ്റുന്നില്ല. കാലുകള്‍ നിലത്ത്‌ ആണിയടിച്ചുറപ്പിച്ചതുപോലെ. ദൈവമേ പരീക്ഷണങ്ങള്‍ അവസാനിച്ചില്ലേ?

വാല്‍ക്കഷ്ണം: കഴിഞ്ഞ ഭാഗത്തെ സസ്പെന്‍സ്‌ പോലെ സങ്കല്‍പിച്ച്‌ ഉണ്ടാക്കിയ കള്ളന്മാരും പ്രേതങ്ങളൊന്നുമല്ല ഇത്തവണ. ഒറിജിനലാ. കാത്തിരിക്കൂ. മറുമൊഴികള്‍ വിടാതെ വായിക്കുന്നവര്‍ക്ക്‌ ഈ സസ്പെന്‍സ്‌ ഊഹിക്കാം. ഈയിടെ ഒരു കമന്റില്‍ ചാത്തന്‍ ക്ലൂ പറഞ്ഞിട്ടുണ്ട്‌.

Monday, January 14, 2008

ആ രാത്രിയില്‍ -1- അവസാനത്തെ ബസ്സ്‌

തിരുവനന്തപുരത്ത്‌ ജോലിയില്‍ ചേര്‍ന്നിട്ട്‌ അധികമായില്ല. പെന്‍ഷന്‍ പറ്റാറായ മൂന്ന് അമ്മാവന്മാരോടും സമപ്രായക്കാരനും സഹപ്രവര്‍ത്തകനുമായ കോളേജ്‌ സുഹൃത്തിനുമോടൊപ്പം താമസം. പ്രായം ചെന്നവരോടൊപ്പം താമസിക്കുകയാണെങ്കില്‍ തുമ്മുന്നതിനും മൂക്ക്‌ ചീറ്റുന്നതിനും വരെ ലൈസന്‍സ്‌ വേണ്ടി വരും എന്നാല്‍ ചാത്തന്റെ കൂട്ടുകാരന്‍ ആളൊരു പക്കാ മാന്യന്‍ ആയതോണ്ട്‌ അവനു മോളില്‍ അങ്ങനെ ഒരു ശാസനയും വേണ്ടി വരൂല. ചാത്തനും ഒരു പഞ്ചപാവമാണെന്ന് പറഞ്ഞ്‌ കൂടെ താമസസൗകര്യമൊരുക്കിയതിനാല്‍ ചാത്തനും അവന്‍ പറയുന്നപോലൊക്കെ അടങ്ങിയൊതുങ്ങിക്കഴിയുന്നു.

അമ്മാവന്മാരൊക്കെ പത്ത്‌ മണിയാവുമ്പോഴേക്ക്‌ ലോകകാര്യചര്‍ച്ചകള്‍ക്ക്‌ ശേഷം ഉറക്കമാവും, താക്കോല്‍ പുറത്ത്‌ വച്ചേക്കും ഞങ്ങളെടുത്ത്‌ അകത്ത്‌ കയറി ശബ്ദമുണ്ടാക്കാതെ അടുക്കളേല്‍ വച്ചിരിക്കുന്ന ഭക്ഷണോം തട്ടി കിടന്നുറങ്ങണം.

മറ്റ്‌ തലതിരിഞ്ഞ സ്വഭാവം ഒന്നുമില്ലെങ്കിലും ഇത്രേം തീയേറ്ററുകളുള്ള സ്ഥലത്ത്‌ വന്നിട്ട്‌ ഒരു സിനിമ കാണാതെങ്ങനാ. കൂട്ടുകാരനാണെല്‍ സിനിമയില്‍ യാതൊരു താല്‍പര്യവുമില്ല. ചാത്തന്റെ പണിയൊക്കെ ആറ്‌ ഏഴ്‌ മണിയാവുമ്പോഴേക്കും കഴിയുമെങ്കിലും ഒന്‍പത്‌ പത്ത്‌ മണിയാവാതെ കൂട്ടുകാരനു പുറത്തിറങ്ങാന്‍ പറ്റൂല. എന്നും ഒരുമിച്ചാണ്‌ വരവും പോക്കും, അതുകൊണ്ട്‌ അവനെ തനിച്ചാക്കി പോവാനും പറ്റൂല.

അങ്ങനെയിരിക്കെ കൂട്ടുകാരന്‍ നാട്ടില്‍പോയി ചാത്തന്‍ തനിച്ചായി. "മമ്മി" യൊക്കെ കണ്ട്‌ ത്രില്ലടിച്ചിരിക്കുന്ന ചാത്തനു കാണാന്‍ അതുമായി ബന്ധമുള്ള "സ്കോര്‍പ്പിയണ്‍ കിംഗ്‌" എന്ന പടം റിലീസായി. എന്നും പത്ത്‌ മണിയാവുമ്പോഴേ വീട്ടിലെത്തൂ എന്നതിനാല്‍ ഫസ്റ്റ്ഷോയ്ക്ക്‌ പോയാല്‍ ഓഫീസില്‍ നിന്ന് സ്ഥിരം വരുന്ന ടൈമാവുമ്പോഴേക്ക്‌ വീട്ടിലെത്താം. എന്നാല്‍പ്പിന്നെ പോയിക്കളയാം.

ഓഫീസില്‍ നിന്നിറങ്ങിയപ്പോള്‍ ഇത്തിരി വൈകി. ഓടിപ്പിടച്ചെത്തിയപ്പോഴേക്കും ഫസ്റ്റ്ഷോ തുടങ്ങി. തുടക്കം മുതല്‍ കാണാതെങ്ങനാ. ഇംഗ്ലീഷ്‌ പടമല്ലേ ഒന്നര മണിക്കൂറേ കാണൂ. സെക്കന്റ്‌ ഷോ ആയാലും അഡ്‌ജസ്റ്റ്‌ ചെയ്യാം, എന്നാലും ഒന്ന് വിളിച്ച്‌ പറഞ്ഞേക്കാം ഇന്ന് കുറച്ച്‌ വൈകുമെന്ന്. വിളിച്ച്‌ പറഞ്ഞ്‌ പുറത്തെല്ലാം കറങ്ങിത്തിരിഞ്ഞ്‌ ഒന്‍പത്‌ മണിയാവുമ്പോഴേക്കും "ന്യൂ" തീയേറ്ററിന്റെ മുന്‍പിലെത്തി. പടം തുടങ്ങുന്നത്‌ ഒന്‍പതരയ്ക്ക്‌.

ഫസ്റ്റ്‌ ഷോ കഴിഞ്ഞ്‌ ആളുകളു വരുന്നു, കൂടെ ഒരു സഹപ്രവര്‍ത്തകനും ഇവനിന്ന് നേരത്തേ മുങ്ങിയത്‌ പടം കാണാനായിരുന്നോ? ഛെ അറിഞ്ഞിരുന്നെങ്കില്‍ കൂടെ വരാമായിരുന്നു.

എങ്ങനുണ്ട്‌ പടം?
കൊള്ളാം.

ടിക്കറ്റിനുള്ള കാശൊക്കെ തപ്പിയെടുത്ത്‌ കൊടുത്ത്‌ കഴിഞ്ഞപ്പോള്‍ ബാക്കി വെറും പത്ത്‌ രൂപ!
ആഹ്‌ പോകട്ടെ.. നൈറ്റ്‌ സര്‍വീസ്‌ ബസ്സായാലും പത്തില്‍ താഴെയെവരൂ തിരിച്ചുള്ള ടിക്കറ്റ്‌. പിന്നെ അറ്റകൈക്ക്‌ ഒരു 500 രൂപാ നോട്ടുണ്ട്‌ ആദ്യായിട്ട്‌ കൈയ്യില്‍ കിട്ടിയപ്പോള്‍ എടുത്ത്‌ വച്ചത്‌.

പടം തുടങ്ങി, ഇഫക്ടുള്ള ഇംഗ്ലീഷ്‌ പടങ്ങളൊക്കെ തീയേറ്ററില്‍ കാണണമെന്ന് പറയുന്നതിതാ. കൊള്ളാം കാശു മുതലായി. സമയം പോയതറിഞ്ഞില്ല. ലാസ്റ്റ്‌ ബസ്സ്‌ 11:30നാണെന്നാ കേട്ടത്‌. ഇത്രേം സ്പീഡിലിറങ്ങി ഓടിയാല്‍ വല്ലോരുടെം പോക്കറ്റടിച്ചോണ്ട്‌ ഓടുന്നതാന്ന് തെറ്റിദ്ധരിക്കുമോ? സ്പീഡില്‍ നടന്നേക്കാം. ഒരു വളവ്‌ തിരിഞ്ഞപ്പോള്‍ വീണ്ടും ഓട്ടം. തമ്പാനൂരെത്തി. ലാസ്റ്റ്‌ ബസ്സെവിടെ? അതു പോയിട്ട്‌ 10 മിനിട്ടായി. 11:20നായിരുന്നുവത്രെ!. കിഴക്കേകോട്ട പോയി നോക്കാം വല്ല സിറ്റിബസ്സും ഉണ്ടെങ്കില്‍?

തമ്പാനൂരീന്ന് കിഴക്കേകോട്ടയിലെത്തി. ബസ്സ്‌ പോയിട്ട്‌ ബസ്സിന്റെ പൂടയായി ഒരു ആട്ടോ പോലുമില്ല! ഒരു സൈഡില്‍ കിടന്നുറങ്ങുന്ന പത്മനാഭ ഭഗവാനുണ്ട്‌, പാവം ഉറങ്ങിക്കാണും ഈ സമയത്ത്‌ വിളിച്ച്‌ ശല്യപ്പെടുത്തണോ? അല്ലെങ്കില്‍ തന്നെ പുള്ളിക്കാരന്‍ 24 മണിക്കൂറും കിടപ്പല്ലേ ഒന്ന് വിളിച്ച്‌ നോക്കിയാല്‍ വല്ല ആട്ടോക്കാരന്റെം രൂപത്തില്‍ വന്നേക്കുമോ?

കുറച്ച്‌ സമയം ക്ഷമിച്ച്‌ നോക്കി നോ രക്ഷ ഇന്ന് തിരക്ക്‌ കൂടുതലായതിനാല്‍ പുള്ളിക്കാരന്‍ നല്ല ഉറക്കത്തിലാവും. ചിന്തകള്‍ കാട്‌ കയറി. പത്ത്‌ രൂപയ്ക്ക്‌ ആട്ടോക്കാശ്‌ തികയില്ല. പിന്നെയുള്ള 500ന്റെ നോട്ടെടുത്ത്‌ നീട്ടിയാല്‍ ആട്ടോക്കാരന്‍ നമ്മളെ ചുമ്മാ ഒരു സ്പാനറുകൊണ്ട്‌ ഞോണ്ടി കാശും അടിച്ച്‌ പോവുമോ?

അടുത്തുള്ള ഭഗവാന്‍ കണ്ണുതുറക്കാത്ത സ്ഥിതിയ്ക്ക്‌ ഇനി ബാക്കി ഓരോരുത്തരെയായി വിളിച്ച്‌ നോക്കാം. അധികം വിളിക്കേണ്ടി വന്നില്ല.ശ്രീപരമേശ്വരനെ സ്മരിച്ചമാത്രയില്‍ അദ്ദേഹത്തിന്റെ പര്യായം ഓര്‍മ്മ വന്നു. നടരാജാ അതുതന്നെ വഴി. കിഴക്കേകോട്ടമുതല്‍ അമ്പലമുക്ക്‌ വരെ എത്രദൂരം കാണും? അതിനടുത്ത സ്റ്റോപ്പായ പേരൂര്‍ക്കട സിറ്റി ലിമിറ്റിന്റെ അവസാനമാണെന്നറിയാം. എന്തായാലും ഇവിടെ അസമയത്ത്‌ തനിച്ച്‌ കറങ്ങി നടക്കുന്നതിലും നല്ലത്‌ സ്വന്തം കാലുകളെ വിശ്വസിക്കുന്നതാണ്‌. ആയുര്‍വേദകോളേജ്‌, സ്റ്റാച്യൂ , പാളയം കഴിഞ്ഞപ്പോള്‍ ആകെ ഇരുട്ട്‌.

ആരോ പിന്നാലെ വരുന്നുണ്ടോ? കയ്യിലുള്ള പൊട്ടവാച്ചും 500 രൂപയുമാണ്‌ അതാര്‍ക്കെങ്കിലും വേണ്ടി വരുമോ? ഉണ്ട്‌ ഉണ്ട്‌ തിരിഞ്ഞ്‌ നോക്കി പേടിച്ചരണ്ട ഇരയുടെ മുഖം കണ്ടാല്‍ വേട്ടക്കാരനു ക്രൗര്യം കൂടും. തിരിഞ്ഞ്‌ നോക്കേണ്ട. വേഗത താനേ കൂടുന്നു. ദൂരെ ഏതോ തട്ടുകടയ്ക്കാരന്‍ വണ്ടീം കൊണ്ട്‌ പോകുന്നത്‌ പോലെ, അവിടെ വരെ ഓടിയാലോ. രണ്ടാമതൊന്ന് ചിന്തിച്ചില്ല. ഓടി. പിന്നാലെയുള്ള പാദപതനങ്ങളുടെ വേഗത കൂടും പോലെ. ദൈവമേ കാത്തോളണേ...

വാല്‍ക്കഷ്ണം:
2008 ലെ ആദ്യപോസ്റ്റ്, ഒത്തിരി എഴുതാനുള്ളതോണ്ട് മൂന്ന് പോസ്റ്റാക്കുന്നു. ബാക്കീ പിന്നെ വരും...
500 രൂപ ചില്ലറയാക്കാത്തത് പിശുക്ക് കാരണമാണെന്നുള്ള വാദത്തിന് മുന്‍‌കൂര്‍ ജാ‍മ്യം...