Monday, December 18, 2006

ആര്‍ത്തിക്കഥകള്‍ - മീന്‍ മോഹം

ഈ സീരീസിലെ കഥകള്‍ സര്‍ദാര്‍ജിയുഗത്തിലാണ്‌(ചാത്തന്‍ ഒരു വര്‍ഷം സര്‍ദാര്‍ജിമാരുടെ നാട്ടിലായിരുന്നു) നടക്കുന്നതെന്നതുകൊണ്ട്‌ പരിപൂര്‍ണ്ണമായും ആര്‍ത്തിക്കഥകള്‍ എന്നു വിളിക്കാന്‍ എനിക്കു താത്‌പര്യമില്ല. ഒരുപാട്‌ കാലം കിട്ടാതിരുന്ന്, കാത്തിരുന്നു കഴിക്കുമ്പോള്‍ ഇത്തിരികൊതിയൊക്കെ ആര്‍ക്കും കാണില്ലേ..

ചെയ്‌സ്‌ ചെയ്‌സ്‌ ചെയ്‌സില്‍ പരിചയപ്പെട്ട ചേട്ടന്‍ പിള്ളാരുടെ ബര്‍ത്ത്ഡേയ്ക്കും അല്ലാതെയും ആയി മൂന്നാലുതവണ ഞങ്ങളെ വീട്ടിലേക്ക്‌ വിളിച്ച്‌ കേരള സദ്യ തന്നിരുന്നു.ചേട്ടന്റെ ഫ്ലാറ്റ്‌ അടുത്തായിരുന്നതിനാല്‍ വല്ലപ്പോഴും നല്ല ചായ കുടിക്കണമെന്നുതോന്നുമ്പോള്‍ ചിലരൊക്കെ ഒറ്റയ്ക്കും തറ്റയ്ക്കും ആയി അവിടെ ചെല്ലാറുണ്ട്‌.

അങ്ങനെയിരിക്കെ ചേട്ടന്റെ നട്ടെല്ലിനു ചെറിയ ഡിസ്ക്‌ പ്രോബ്ലം. എല്ലാവരും ഹാജര്‍ വച്ചു. ഇന്റര്‍നാഷണല്‍ ചര്‍ച്ചകളൊക്കെക്കഴിഞ്ഞ്‌ എങ്ങിനെയോ ഒരു മീന്‍ ചര്‍ച്ചക്കിടയില്‍ കയറി. ആ പരിസരത്തൊന്നും കടലില്ലാത്തതുകൊണ്ട്‌ അവിടെ നല്ല മീന്‍ കിട്ടില്ലാന്നു ഞങ്ങള്‍. ഇത്തിരിദൂരെ ഒരു മാര്‍ക്കറ്റില്‍ നല്ലമീന്‍ കിട്ടുമെന്ന് ചേട്ടന്‍.എന്നാല്‍ പിന്നെ അതൊന്നു അറിഞ്ഞിട്ടു തന്നെ എന്നു ഞങ്ങളും.

ചെറിയൊരു പ്രശ്നം. ഞങ്ങള്‍ക്കുവഴിയറിയില്ല. ചേട്ടനു ലോങ്ങ്‌ ഡ്രൈവും പറ്റില്ല. ചാത്തനു നാലുചക്രശകടലൈസന്‍സ്‌ ഉണ്ട്‌.പക്ഷെ പ്ണ്ടെങ്ങാണ്ട്‌ ഒരു അരഭിത്തി ബോണ്ട്‌ സ്റ്റെയിലില്‍ അടിച്ചു തകര്‍ത്ത ആത്മവിശ്വാസം കാരണം പിന്നെ ആ സീറ്റിലിരുന്നിട്ടില്ല.

ഞങ്ങളുടെ പ്രൊജക്റ്റ്‌ ലീഡ്‌ കാര്യം ഏറ്റെടുത്തു. ചേട്ടന്റെ കാര്‍ പുള്ളിക്കാരന്‍ ഡ്രൈവ്‌ ചെയ്യും, ചേട്ടന്‍ നാവിഗേറ്റര്‍, ചേട്ടന്റെ പിള്ളാരും വരുന്നതു കാരണം അവരെ മേയ്ച്ചുനടക്കാന്‍ ആട്ടിടയന്‍ ചാത്തനും.

ചേട്ടനും ലീഡും മാര്‍ക്കറ്റിലേക്ക്‌ കയറിപ്പോയി. പിള്ളേരു മലയാളികളായതിനാല്‍ മേയ്ക്കാന്‍ അത്ര ബുദ്ധിമുട്ടുണ്ടായില്ല. ഒരിക്കലും അവസാനിക്കാത്ത ഒരു കഥ പറഞ്ഞ്‌ പറഞ്ഞ്‌ അവരു രണ്ടുപേരും കൂടി എന്നെ കൈവയ്ക്കും എന്ന ഘട്ടം ആയപ്പോഴേയ്ക്കും മീന്‍ വാങ്ങാന്‍ പോയവര്‍ ഒരു വലിയ പ്ലാസ്റ്റിക്‌ സഞ്ചിയും പൊക്കിപ്പിടിച്ചോണ്ട്‌ വരുന്നു. സഞ്ചിയില്‍ ചാത്തന്‍ ഇതുവരെ കാണാത്ത ഒരു തരം മീന്‍.

മടിച്ച്‌ മടിച്ചാണെങ്കിലും ചോദിച്ചു.

"ഇത്‌ പുഴമീനാണോ?"

"അതേ ഇവിടെക്കിട്ടൂ, നല്ല രുചിയായിരിക്കും എന്നു കടക്കാരന്‍ പറഞ്ഞു"

അല്‍പ്പം ഫ്ലാഷ്ബാക്ക്‌. പുഴക്കടുത്താണ്‌ വീടെങ്കിലും ചാത്തന്‍ ഇതുവരെ പുഴമീന്‍ കഴിച്ചിട്ടില്ല. കാരണം പുഴയുടെ ആഴവും പുഴക്കരയിലെ ജനങ്ങളുടെ ആത്മഹത്യാ പ്രവണതയും ഞാനോ നീയോ എന്ന് നിരന്തരം മത്സരിച്ചുകൊണ്ടിരുന്നു. നരഭോജിപ്പുഴമീനുകള്‍ക്ക്‌ പൊതുവേ കുറച്ച്‌ സ്റ്റാന്‍ഡേര്‍ഡ്‌ കൂടുതലാണെന്ന വിശ്വാസം വച്ച്‌ പുലര്‍ത്തുന്നതിനാല്‍ വീട്ടില്‍ വാങ്ങാറില്ല.സ്വയം പര്യാപ്തമായി ചൂണ്ടയിട്ട്‌ പിടിച്ചൂടെ എന്നു വച്ചാല്‍ അതിന്റെ എ ബി സി ഡി പോലും ചാത്തനു പിടിയില്ല. അല്ലേലും ഉപ്പില്ലാത്ത മീന്‍ എന്തിനുകൊള്ളാം.

തിരിച്ച്‌ സീനിലേക്ക്‌.

"ഞാനിതുവരെ ഇതു കഴിച്ചിട്ടില്ലാ"

"ഇങ്ങനെയല്ലേ കഴിച്ചു പഠിക്കുന്നത്‌"

ശരി മുഴുവന്‍ കൈയ്യും നോക്കിക്കളയാം.

ബാറ്റണ്‍ ചേച്ചിയ്ക്ക്‌ കൈമാറി തിരിച്ച്‌ ഞങ്ങളുടെ ഫ്ലാറ്റിലേക്ക്‌.

"ആയിക്കഴിഞ്ഞാല്‍ ഞാന്‍ വിളിക്കാം"

അയ്യോ ഒരുകഷ്‌ണമെങ്കിലും ഒന്ന് നല്ലവണ്ണം പൊരിച്ചെടുക്കണം എന്നു പറയാന്‍ മറന്നു. ഇനിയിപ്പോള്‍ വൈദ്യന്‍ പാലു കല്‍പിക്കുന്നതും നോക്കിയിരിപ്പേ രക്ഷയുള്ളൂ.
മൊബൈലുകള്‍ എല്ലാം നടുക്ക്‌ കൂട്ടിയിട്ട്‌ ചുറ്റിലും എല്ലാരും മുഖത്തോടു മുഖം നോക്കിയിരിക്കാന്‍ തുടങ്ങി, മീനിന്റെ "പൂ ഹോയ്‌" വിളിയും പ്രതീക്ഷിച്ച്‌.

ഒച്ചിഴയും വേഗത്തിലാണോ സമയം പോകുന്നത്‌!!!!

അവസാനം വിളിവന്നു.

പട തീന്മേശയ്ക്ക്‌ ചുറ്റും ഹാജര്‍. ഒരു കഷ്‌ണം മീന്‍ഫ്രൈ പ്രധാനകൊതിയന്റെ പ്ലേറ്റിലേക്ക്‌ ഇട്ടുകൊണ്ട്‌ ചേച്ചി പറഞ്ഞു.

"മീന്‍ നന്നാക്കാന്‍ കുറച്ചു സമയമെടുത്തു."

സാധാരണ ചാത്തന്‍ അധികം ചൂടുള്ളതൊന്നും കഴിക്കാറില്ല.പക്ഷേ ഫ്രൈയുടെ മണം കിടിലം. ആര്‍ത്തി കാണിച്ച്‌ അബദ്ധം പറ്റരുതല്ലോ. വിരലുകൊണ്ട്‌ ഞെക്കിചൂട്‌ പരിശോധിച്ചു.കഴിക്കാവുന്നതേയുള്ളൂ. ചേച്ചിക്ക്‌ എരിവിന്റെയും ഉപ്പിന്റെയും ഒന്നും കണക്ക്‌ തെറ്റാറില്ല. അത്‌ ഇത്തിരി മാറിയാലും അഡ്‌ജസ്റ്റ്‌ ചെയ്യാവുന്നതേയുള്ളൂ. വലിയ ഒരു കഷ്‌ണം തന്നെ വായിലേക്ക്‌ കുത്തിനിറച്ചു.

ഒരു കടി കടിച്ചു. ചൂട്‌ 110 ഡിഗ്രിയാണേലും ഒരു കിലോ മുളകുപൊടിയും ഉപ്പും ഇട്ടിരുന്നെങ്കിലും സഹിക്കാമായിരുന്നു.ഇതു കുറെ കടന്നുപോയി.

ഇതു മീനാണോ അതോ വല്ല മുള്ളന്‍പന്നിയോ!!!!!

ഒരിക്കലും വേണ്ട സമയത്ത്‌ അടിക്കാത്ത സ്ക്കൂള്‍ ബെല്ല് പോലെ ചേച്ചിയുടെ അശരീരി എവിടുന്നോ മുഴങ്ങുന്നു.

"നല്ല മുള്ളുള്ള ഇനമാണെന്നു തോന്നുന്നു നോക്കിക്കഴിക്കണേ എന്റെ കൈയ്യില്‍ ഒന്നു രണ്ടെണ്ണം കൊണ്ടു"

തുറന്ന വായ അടക്കാന്‍ പറ്റിയിരുന്നെങ്കില്‍ ഞാന്‍ വല്ലോം വിളിച്ചു പറഞ്ഞേനെ....


വാല്‍ക്കഷ്ണം:

സമര്‍പ്പണം - കഴിഞ്ഞ ദോശപ്പോസ്റ്റിന്റെ കമന്റായി എന്നെ ആര്‍ത്തിപ്പണ്ടാരം എന്ന് വിളിച്ച പടിപ്പുരച്ചേട്ടന്‌.
എങ്ങിനെയുണ്ട്‌ എന്റെ മധുര'മുള്ള്‌' പ്രതികാരം.

18 comments:

കുട്ടിച്ചാത്തന്‍ said...

ഈ കഥ ദോശപ്പോസ്റ്റിലും മുന്‍പേ എഴുതിയതാണ്..
പടിപ്പുരച്ചേട്ടാ അവസാന വരി ഞാന്‍ ചുമ്മാതെ കൂട്ടിച്ചേര്‍ത്തതാണേ...

സീരിയസ്സാകല്ലേ...

ഇടിവാള്‍ said...

ചാത്താ,
അപ്പോ, ആകെമൊത്തം ഭക്ഷണ കഥകളാണല്ലേ ഈ ബ്ലോഗില്‍ ഉദ്ദേശിക്കുന്നത്? പടിപ്പ്പുരയുടെ കമന്റു ഞാന്‍ കടമെടുക്കേണ്ടി വരുമോ?

അരവിന്ദന്‍ പണ്ടിതുപോലൊരു സ്പ്രിങ് റോള്‍ വായിലീട്ടു കരഞ്ഞ കഥ ഓര്‍മ്മ വന്നു. അതു പിന്നെ ആര്‍ത്തി മൂത്തിട്ടായിരുന്നില്ല, ബോസിന്റെ മുന്നില്‍ ഫോര്‍മാലിറ്റി കാട്ടിയതായിരുന്നു ;)

നന്നായിരിക്കുന്നു കേട്ടോ...

Sul | സുല്‍ said...

“മൊബൈലുകള്‍ എല്ലാം നടുക്ക്‌ കൂട്ടിയിട്ട്‌ ചുറ്റിലും എല്ലാരും മുഖത്തോടു മുഖം നോക്കിയിരിക്കാന്‍ തുടങ്ങി, മീനിന്റെ "പൂ ഹോയ്‌" വിളിയും പ്രതീക്ഷിച്ച്‌.“

ആ ഇരുപ്പിന്റെ ഒരു സുഖം ഒന്നു വേറെതന്നെ അല്ലേ ചാത്താ.

നന്നായിരിക്കുന്നു.

-സുല്‍

Peelikkutty!!!!! said...

കുട്ടിച്ചാത്താ..ഒരു മീന്‍ കൊതിച്ചിയല്ലേന്ന് ചോയിച്ചാ ‘യെസ്‘ ന്ന് എനിക്കു പറയേണ്ടി വരും:)

വേണു venu said...

ചാത്തന്‍റെ ഭാഷയാണു്, ഇതെന്നെ വായിപ്പിച്ചതു്.
സരസമായി ഒരു നിസ്സാര സംഭവത്തെ സാരമാക്കി കാണിക്കുന്ന ഭാഷ. നന്നായി.

വിശാല മനസ്കന്‍ said...

അപ്പീസില്‍ ദിനമ്പ്രതി രൂക്ഷമായിക്കൊണ്ടിരിക്കുന്ന പണിത്തിരക്ക് മൂലന്‍ ബ്ലോഗിങ്ങ് ആഗ്രഹമുള്ള പോല്‍ നടക്കുന്നില്ല.

സഹായി കോലരി എടുക്കാന്‍ പോയതക്കത്തിന് വായിച്ചതാണിത്. സന്തോഷായി. ഇത് വായിച്ച് ഞാന്‍ ത്രില്ലടിച്ചു. രസികന്‍ എഴുത്ത്.

എഴുതുന്നതെല്ലാം സൂപ്പറായി മാറട്ടേ. ആള്‍ ദി ബെസ്റ്റ്.

പ്ര.ശ്ര: ഈ ചാത്തന്മാരെല്ലാം പുലികളാണല്ലീ!

ദേവന്‍ said...

അല്ലാ ഈ മീനിന്റെ പേരെന്തായിരുന്നു ചാത്താ? ഇനി കാണുമ്പോ ഒഴിഞ്ഞുപോകാനാ.

ഓ. ടോ.
എന്റെയൊരു ബന്ധു ചിക്കുന്‍ ഗുനിയക്ക്‌ ചികിത്സിച്ച്‌ ന്യൂമോണിയ ആയി ആശുപത്രിയില്‍ ആയിരുന്നു. ഡിസ്ച്ചാര്‍ജ്ജ്‌ ചെയ്തു വന്നെന്ന് അറിഞ്ഞു അവരുടെ വീട്ടില്‍ വിളിച്ചപ്പോല്‍ അവരെ വീണ്ടും അഡ്മിറ്റ്‌ ആക്കിയെന്ന്.

ന്യൂമോണിയ വീണ്ടും കൂടിയോ? ഞാന്‍ തിരക്കി.

"ഹേ അല്ലല്ല, അമ്മച്ചി രണ്ടുമാസം ആശുപത്രിയില്‍ ആയിരുന്നില്ലേ, ആ കൊതിക്ക്‌ വന്ന ദിവസം ഒരു മീന്‍ വറുത്തത്‌ തിന്നു. വലിയോരു മുള്ള്‌ തൊണ്ടയില്‍ കുടുങ്ങി "ലെയറിങ്ങ്സോ" "ഫെയറിങ്ങ്സോ" എന്താണ്ടൊക്കെ കീറിപ്പോയി ഇനിയിപ്പോ ഒരോപ്പറേഷന്‍ വേണമ്ന്നാ.."

ഒന്നും പറ്റിയില്ലല്ലോ. കുട്ടിച്ചാത്തന്റെ ഭാഗ്യം. (പ്രൊഫൈല്‍ ഫോട്ടോ അടിപൊളി)

കുട്ടിച്ചാത്തന്‍ said...

വാളേട്ടാ: ഒറിജിനല്‍ ഗണപതി തന്നെയാ ആദ്യ കമന്റ് അല്ലേ!!! നന്ദി നന്ദി നന്ദി...ഇത്തവണ മൂന്നും എടുത്തോ
നിര്‍ത്തി.. ഈ സീരീസിലെ ബാക്കി കഥകള്‍ ഇനി അടുത്ത കാലത്തൊന്നും പോസ്റ്റ് ചെയ്യൂല...നല്ലപേരു മാറ്റീട്ടേയുള്ളൂ..

സുല്‍ ചേട്ടാ: ഏനിക്കു വേറെ ഒരു കൊതിയുണ്ടായിരുന്നു. എല്ലാരും എഴുത്ത് ക്വോട്ട് ചെയ്യുന്നതു കണ്ട് എന്റേതും ആരെങ്കിലും ക്വോട്ട് ചെയ്യണേ എന്ന്...അങ്ങനെ അതും സാധിച്ചു..നന്ദി..

പീലിക്കുട്ടീ : ഞാന്‍ ചോദിക്കില്ലാ.. വേറൊരു കൊതിച്ചിയോ കൊതിയനോ വായില്‍ നോക്കി ഇരിക്കുമ്പോള്‍ ഞാന്‍ എങ്ങനെ സ്വൈര്യത്തോടെ തട്ടിവിടും!!! നന്ദി...

വേണുച്ചേട്ടാ: സംഭവം നിസ്സാരമല്ലാന്നു ദേവേട്ടന്റെ കമന്റു വായിച്ചാല്‍ മനസ്സിലാവും.. നന്ദി...

വിശാലേട്ടാ‍: ഇന്നലെ ശ്രീശാന്ത് കാണിച്ചമാതിരിയൊക്കെ ഞാനിപ്പം കാണിക്കും കേട്ടോ..കമന്റ് വായിച്ച് ഞാനും അത്രേം ത്രില്ലടിച്ചു...ആള്‍ ദി ബെസ്റ്റിനു ഒരു സ്പെഷല്‍ നന്ദി..

ദേവേട്ടാ : മീനിന്റെ പേരു അറിയില്ല.. കടലു കാണാത്ത വല്ലവരോടും തന്നെ ചോദിക്കണം.
ഒന്നും പറ്റിയില്ലാന്ന് ആരു പറഞ്ഞു!!!
പിന്നേം ആ മീനു വാങ്ങിയായിരുന്നു.
“മീനോ?
എനിക്കോ?
ഞാന്‍ ഒരു വ്രതത്തിലാ അടുത്ത തവണയാവാം”

അവിടുന്ന് തിരിച്ചു വരുന്നതു വരെ അതായിരുന്നു സ്ഥിതി. നന്ദി..

Anonymous said...

mvehnnyചാത്തങ്കുട്ടീ,

വായിച്ചു കഴിഞ്ഞിട്ട് ഒന്നും മിണ്ടാതെ പോകാന്‍ തോന്നുന്നില്ലാ- അത്ര സുന്ദരം!
സംഭവം നിസ്സാരം, പക്ഷെ ചാത്തണ്ന്റെ വിവരണം ഗംഭീരം.
-നിര്‍ത്തല്ലേ?
വീണ്ടും കാണാം

സു | Su said...

അപ്പോ, ദോശയ്ക്ക് മാത്രമല്ല കൊതി അല്ലേ? മീനിനും ഉണ്ട്. ഇനിയേതാ? പോരട്ടെ.

Anonymous said...

ആ തുറന്ന വായ എപ്പോഴാ അടച്ചത്‌?

ശ്രീജിത്ത്‌ കെ said...

അങ്ങിനെ തന്നെ വേണം.

Anonymous said...

ചാത്താ.. പോസ്റ്റ്‌ വായിച്ചപ്പോളെ ഒരു മീന്റെ മണം.. ഹാ ഹാ നല്ല മസാലയിട്ടു പൊരിച്ച മീന്‍ പോസ്റ്റ്‌.

കൃഷ്‌ | krish

Anonymous said...

ചാത്താ.. പോസ്റ്റ്‌ വായിച്ചപ്പോളെ ഒരു മീന്റെ മണം.. ഹാ ഹാ നല്ല മസാലയിട്ടു പൊരിച്ച മീന്‍ പോസ്റ്റ്‌.

കൃഷ്‌ | krish

കുട്ടിച്ചാത്തന്‍ said...

കൈതമുള്ളേ അന്യേങ്കുട്ടീ:
നന്ദി.. നിര്‍ത്തുകയൊന്നുമില്ല. ഇമ്മാതിരി ആര്‍ത്തി പോസ്റ്റുകള്‍ ഇടവേളയ്ക്ക് ശേഷം എന്നു മാത്രം. വീണ്ടും കാണാം.

സൂചേച്ചീ: ഇനിയൊന്നുമില്ല. ചാത്തന്‍ പിണക്കമാ..
ആദ്യം കമന്റു നോക്കുമ്പോള്‍ തന്നെ എപ്പോഴും സൂചേച്ചീടെ കമന്റു കാണുന്നതാ.. ഇന്നു വൈകീല്ലേ..
...നന്ദി...

ചേച്ചിയമ്മേ: അന്നു തന്നെ അടച്ചു. സര്‍ദാര്‍ജിമാരുടെ നാട്ടില്‍ വച്ച് മീന്‍ കാണുമ്പോള്‍ പിന്നെ തുറന്നതുമില്ല.
...നന്ദി..

ശ്രീജിത്തേ : ദുഷ്‌ടാ.. കണ്ണില്‍ ചോരയില്ലാത്ത കണ്ണൂരുകാരാ.. ഒന്നൂല്ലേലും നമ്മളു തമ്മില്‍ ഇനീം കാണേണ്ടതല്ലേ...ഇവിടെ ആദ്യ കമന്‍റാ‍ അല്ലെ ..
വന്നതില്‍ സന്തോഷം, ഇമ്മാതിരി കമന്റടിച്ചതില്‍ അതിലേറെ ‌‌‌‌------ ബാക്കി താന്‍ ചേര്‍ത്തോ..

കൃഷ്‌ ചേട്ടാ: അങ്ങിനെയൊന്നും പറയല്ലേ. വെജിറ്റേറിയന്‍സ് ഈ വഴി വരില്ല.. നന്ദി...

atulya said...

അതോണ്ടല്ലേ കുറ്റിച്ചാറ്റാ ഞാനീ വഴി വരാണ്ടേ ഇരുന്നത്‌... മീനും മുട്ടേം കോഴീം ഇല്ല്യാണ്ടെ എഴുതു ഇനി..

കള്ളും മുള്ളും കാലുക്ക്‌ മെത്തെ..
സ്വാമിയേ അയ്യപ്പോ...
അയ്യപ്പോ ..സ്വാമിയേ...

പ്രൊഫെലിലെ പോട്ടം കണ്ടപ്പോ ഞാനാദ്യം ഒന്ന് ഞെട്ടി.. സേം സേം എന്റെ വീട്ടിലൂണ്ട്‌. ഇടാട്ടോ ചെക്കന്റെ പിറന്നാളു വരുമ്പോ...

പടിപ്പുര said...

എനിക്കുവയ്യ.
ഇയാള്‌ പിന്നെയും തീറ്റക്കഥ എഴുതിയോ!

(പഴയ കമന്റ്‌ ഞാന്‍ ആവര്‍ത്തിക്കുന്നു)

കുട്ടിച്ചാത്തന്‍ said...

അതുല്യച്ചേച്ചീ: ഒരു പ്യുവര്‍ വെജ് ദോശ തൊട്ടു മുന്‍പിലെ പോസ്റ്റില്‍ കരിഞ്ഞ് കിടന്ന മണം കിട്ടിയില്ലായിരുന്നോ അതു പമ്പ സ്പെഷലാ.. നന്ദി..

പോട്ടം ഞമ്മന്റെ തന്നെ..ഇതാവുമ്പോള്‍ ആളെ തിരിച്ചറിയാന്‍ മോര്‍ഫിങ് വച്ചാലും പറ്റില്ല.എന്നാല്‍ ചാത്തന്‍ അരൂപിയല്ല. ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് കണ്ടിട്ടുണ്ട്.

പടിപ്പുരച്ചേട്ടാ: എഴുതാതിരിക്കാന്‍ വയ്യ.
പിന്നെം കമന്റ് ആവര്‍ത്തിച്ചാല്‍ ഞാന്‍ പിന്നേം പ്രതികാരം ചെയ്യുമേ..നന്ദി...