Wednesday, December 06, 2006

അഖിലേന്ത്യാവോളീബാള്‍ ടൂര്‍ണ്ണമെന്‍റ്‌

ചാത്തന്‍ ഒരു കൊച്ചു സ്പോര്‍ട്‌സ്‌ പ്രേമിയാണ്‌.ഒരു കളിയും നന്നായിക്കളിക്കാനറിയില്ലെങ്കിലും ആരെന്തു കളിക്കാന്‍ വിളിച്ചാലും റെഡി.

അത്തള പിത്തള കളികളല്ലാതെ ആംഗലേയ നാമധേയമുള്ള, ആദ്യമായി കൈയ്യിട്ട ഔദ്യൊഗിക കളി ഷട്ടില്‍ ബാഡ്‌മിന്റണ്‍ ആണ്‌. അതും അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ മീശയുള്ള ചേട്ടന്മാരുടെ കൂടെ.

കുറെക്കാലം അവരു കളിക്കുന്നതിനു ചുറ്റും ഒരു കൊച്ചു ബാറ്റുമെടുത്ത്‌ കറങ്ങിനടന്നാണ്‌ ഇതു സാധിച്ചെടുത്തത്‌. കളിക്കുന്ന സ്ഥലം വീട്ടുകാര്‍ക്ക്‌ ഒന്നിങ്ങിറങ്ങിയാല്‍ വിളിപ്പുറത്താണെന്നുള്ളതുകൊണ്ട്‌ രാത്രി 8 -9 മണിവരെ കളിക്കാന്‍ അനുമതിയുണ്ട്‌.

ചേട്ടന്മാര്‍ എല്ലാവരും വരുമ്പോളേക്ക്‌ സമയം ഇരുട്ടും. അക്കാലത്ത്‌ ട്യൂഷന്‍ എന്ന പരിപാടി വ്യാപകമല്ലാത്തതിനാല്‍ ആ സമയമാകുമ്പോഴേയ്ക്കും ഹോംവര്‍ക്കൊക്കെ തീര്‍ത്താല്‍ മതി എന്നാണു കണ്ടീഷന്‍.

ഒരു ദിവസം ഞാന്‍ നെറ്റും പിടിച്ചു കുറേ സമയം കുത്തിയിരുന്നു. ആരെയും കാണാനില്ല. ഒരണ്ണന്‍ ദേ വരുന്നു.

"ഇന്ന് കളിയില്ലെടാ.. മൈതാനത്ത്‌ അഖിലേന്ത്യാവോളീബാള്‍ ടൂര്‍ണ്ണമെന്‍റ്‌ നടക്കുന്നു എല്ലാരും അങ്ങോട്ട്‌ പോവുകയാ"

"ഞാനും വരട്ടെ?"

"വീട്ടില്‍ ചോദിച്ചിട്ടു വാ ഞാനിവിടെ നില്‍ക്കാം"

മൈതാനം അടുത്തായതിനാലും, കൂടെ വരുന്ന ചേട്ടന്മാരെ വീട്ടുകാര്‍ക്ക്‌ നല്ലവണ്ണം അറിയാമായിരുന്നതിനാലും ദിവസേന അനുവാദം കിട്ടാന്‍ വല്യവിഷമമില്ലായിരുന്നു.

അഖിലേന്ത്യ എന്ന് പറഞ്ഞിട്ട്‌ ടീമിന്റെ പേരുകള്‍ക്ക്‌ ജില്ലാനാമങ്ങളുമായി മാത്രമേ എന്റെ കുഞ്ഞു തലയ്ക്ക്‌ എന്തെങ്കിലും പൊരുത്തം കാണാന്‍ കഴിഞ്ഞുള്ളൂ.(അതു ആള്‍ കേരള ആയിരുന്നു എന്ന് പറയേണ്ടതില്ലാലൊ?)

വോളീബാളു ഞാനാദ്യമായിട്ടു കാണുകയാ. പ്രാഥമിക റൗണ്ട്‌ കഴിഞ്ഞപ്പോഴേയ്ക്കും കളിയുടെ നിയമാവലി, ടീമുകളുടെ ജയസാധ്യത പ്രവചനം നടത്താനുള്ള കഴിവ്‌ ഇവയൊക്കെ ഞാന്‍ സ്വായത്തമാക്കി.

മറ്റൊരു കാര്യം കൂടി ഞാന്‍ ശ്രദ്ധിച്ചു. ജില്ല ഏതെന്ന വ്യത്യാസമില്ലാതെ കളിതുടങ്ങിക്കഴിഞ്ഞാല്‍ കാണികള്‍ രണ്ട്‌ ചേരി തിരിഞ്ഞ്‌ ഓരോ ചേരിയും ഓരോ ജില്ലയെ സപ്പോര്‍ട്ട്‌ ചെയ്യുന്നു. ജയിക്കാന്‍ ചാന്‍സുള്ളവരെ പിന്താങ്ങുക എന്ന പ്രപഞ്ച സത്യം മുറുകെപ്പിടിച്ച്‌ പുരുഷന്മാരുടെ വിഭാഗത്തില്‍ കണ്ണൂരിനെയും വനിതകളുടെ വിഭാഗത്തില്‍ ഏറണാകുളത്തെയും പിന്താങ്ങാന്‍ ഞങ്ങള്‍ ഏകകണ്ഠേന ബില്ല് പാസ്സാക്കി.

ദിവസങ്ങള്‍ക്കും സ്മാഷിന്റെ സ്പീഡ്‌.

അടുത്ത റൗണ്ട്‌ കഴിഞ്ഞപ്പോഴേക്കും ഞാനാ വേദനിപ്പിക്കുന്ന സത്യം മനസ്സിലാക്കി. എന്റെ കുഞ്ഞു സൗണ്ട്‌ വലിയവരുടെ 5.1 ഡോള്‍ബി സിസ്റ്റത്തിന്റെ മുന്നില്‍ വെറും ഇന്റെക്സിന്റെ ഇയര്‍ ഫോണാണ്‌.

എന്നിലെ ഷെര്‍ലൊക്ക്‌ ഹോംസ്‌ സടകുടഞ്ഞെഴുന്നേറ്റു. പരീക്ഷണ നിരീക്ഷണങ്ങള്‍ക്കൊടുവില്‍ ഒരു നിഗൂഢരഹസ്യം വെളിവായി. ഓരോ ചേരിക്കാരും സ്വന്തം ടീമിനെ സപ്പോര്‍ട്ടുന്ന പലതരം മുദ്രാവാക്യങ്ങള്‍ ഒരേ സമയത്ത്‌ വിളിക്കും. അവരു നിര്‍ത്തുമ്പോള്‍ എതിര്‍ ചേരി തുടങ്ങും.

ഇതിലെന്തോന്ന് രഹസ്യം ഹേ!!!!!!

രഹസ്യം ഇതല്ല. പലതരം മുദ്രാവാക്യങ്ങള്‍ക്കിടയില്‍ ചിലതിനു നീളം കൂടുതലായിരിക്കും. ഒറ്റപ്പെട്ട്‌ പോകുന്ന ആ ശബ്ദങ്ങള്‍ "കീ" "കൂ" എന്നൊക്കെയായി വേറിട്ടവസാനിക്കും.ആ ശബ്ദങ്ങള്‍ തെളിഞ്ഞു കേല്‍ക്കാന്‍ കാരണം എതിര്‍ചേരിക്കാര്‍ ആ സമയത്ത്‌ ശ്വാസം സംഭരിച്ചുകൊണ്ടിരിക്കുകയായിരിക്കും എന്നതിനാലാണ്‌.

ഇതുവരെ കൂട്ടത്തില്‍ കൂക്കിവിളിച്ച്‌ എന്റെ തൊണ്ട മൂന്നാലു ദിവസമായി ശരിക്കു വര്‍ക്ക്‌ ചെയ്യാത്തത്‌. വീട്ടില്‍ പലരും ചോദിച്ചു തുടങ്ങി.

"എന്തു പറ്റിയെടാ രണ്ടു മൂന്നു ദിവസമായി മിണ്ടാട്ടമില്ലാലോ"

"ഏയ്‌ എനിക്കോ"

എന്നിട്ട്‌ സകല ശക്തിയും സംഭരിച്ച്‌ കുറച്ച്‌ ഡെമോകള്‍.

"മതിയോ സമാധാനമായല്ലോ"

അങ്ങനെ സെമിഫൈനലായപ്പോഴേക്കും പരീക്ഷണങ്ങള്‍ ഒരു കരയ്ക്കടുത്തു. ഇനി PSLV സൗണ്ട്‌ റോക്കറ്റിന്റെ പരീക്ഷണ വിക്ഷേപണം മാത്രം. വിക്ഷേപണം വിജയകരമാകണമെങ്കില്‍ മറ്റാരും വിളിക്കാത്ത മുദ്രാവാക്യങ്ങളും വേണം എന്നാലേ ആള്‍ക്കൂട്ടത്തിനിടയില്‍ ഒരു വെയിറ്റുള്ളൂ.

ഏറണാകുളവും പത്തനംതിട്ടയുമായുള്ള വനിതാ സെമിഫൈനല്‍. കീജയ്‌ വിളികള്‍ ദിഗന്തം പൊട്ടുമാറ്‌ അലയടിച്ചു.

ഗ്യാപ്പിനു വെയ്റ്റ്‌ ചെയ്തു. ആദ്യത്തെ ഒന്നു രണ്ടെണ്ണം മിസ്സായി.എന്നാലും ഒരുവിധം അടുത്ത ഊഴത്തില്‍ കാര്യം സാധിച്ചെടുത്തു. തിരമാലകള്‍ക്കിടയില്‍ ഒരു തിമിംഗലം.

"പത്തനംതിട്ടാ പൊട്ടണം തിട്ടം"

ആദ്യശ്രമം വിജയകരമായതോടെ ചാത്തന്‍ പുതിയ മുദ്രാവാക്യങ്ങളുടെ നിമിഷകവിയായി. മുദ്രാവാക്യങ്ങളുടെ പുതുമയും വൈവിധ്യവും കാരണം നിനച്ചിരിക്കാത്ത മറ്റൊരു സംഭവം കൂടി നടന്നു. ചാത്തനു കുറെ അനുയായികളെക്കിട്ടി.

ആവേശക്കൊടുമുടിയില്‍ കയറാന്‍ പിന്നെ താമസമുണ്ടായില്ല. തറ ഗ്യാലറിയില്‍ നിന്നും ചാത്തന്‍ പലരുടെയും തോളാകുന്ന ബാല്‍ക്കണിയിലെത്തി. തക്കാളിപ്പെട്ടിക്കും ഗോദ്‌റെജ്‌ പൂട്ടായി.

ഞങ്ങള്‍ പിന്താങ്ങിയ ടീമുകള്‍ സെമിഫൈനല്‍ ജയിച്ചു. ഗ്യാലറിയിലെ പുതിയ കവിയ്ക്ക്‌ രാജകീയമായ വിട. നാളെ കലാശക്കൊട്ട്‌. നാളെ നിമിഷകവിയാകേണ്ട. ഒരു 10,50 എണ്ണം എഴുതിക്കൊണ്ടുവരണം.

വീട്ടിനു മുന്‍പില്‍ വച്ച്‌ ചേട്ടന്മാര്‍ വിട പറഞ്ഞു. പകുതി ആകാശത്തിലും പകുതി ഭൂമിയിലുമായി അഴകിയ രാവണന്‍ വരാന്തയിലെത്തി. ഞങ്ങളുടേത്‌ കൂട്ടുകുടുംബമാണെന്ന് ഞാന്‍ മുന്‍പൊരു പോസ്റ്റില്‍ പറഞ്ഞതോര്‍ക്കുക.

ഒരു ചേച്ചിയാണ്‌ ആദ്യം എതിരിട്ടത്‌

"നീയെന്താടാ കന്നാലിപ്പിള്ളേരുടെ സ്വഭാവമായോ കൂക്കിവിളിച്ചു നടക്കുന്നു."

മൈന്‍ഡ്‌ ചെയ്തില്ല. ജസ്റ്റ്‌ ആന്‍ ഓര്‍ഡിനറി കമന്റ്‌ ദാറ്റ്‌ ഈസ്‌ ആള്‍.

ദേ വരുന്നു അടുത്തത്‌

"മുദ്രാവാക്യം വിളിക്കാനാണോടാ കളി കാണാന്‍ പോവുന്നത്‌?"

വാട്ടീസ്‌ ദിസ്‌? ഇന്നലെ വരെ ഞാന്‍ വിളിച്ചത്‌ ഞാന്‍ പോലും കേട്ടിട്ടില്ലാ. ഇന്നത്തെ കളിയുടെ തത്സമയ സംപ്രേഷണം റേഡിയോയില്‍ ഉണ്ടായിരുന്നൊ!!!!!

അതോ കൂടെ വന്നവരില്‍ എതിര്‍ചേരിയിലേക്ക്‌ മാറിയവര്‍ വല്ലതും ഒറ്റിയോ?ഹേയ്‌ അതിനു അവസരമെവിടെ. എല്ലാവരും ഒരുമിച്ചായിരുന്നു റിട്ടേണ്‍. ആരും വീട്ടിലേക്ക്‌ കയറിയുമില്ല. അല്ലേലും അവരൊന്നും അത്ര വിശ്വാസവഞ്ചകരല്ല.

അടുത്തതു അമ്മയുടെ വകയായിരുന്നു.

"പട്ടണംതിട്ട പൊട്ടണം അല്ലേ"

"നാളെ നീ ഈ പടിയിറങ്ങുന്നത്‌ എനിക്കൊന്നു കാണണം"

രാവണന്‍ ഫ്ലാറ്റ്‌. ഷെര്‍ലോക്കിന്റെ ട്യൂബ്‌ ലൈറ്റ്‌ ഒട്ട്‌ കത്തുന്നുമില്ല.

അറിയാതെ പറഞ്ഞുപോയി.

"ഇതൊക്കെ നിങ്ങള്‍ എവിടുന്ന് കേട്ടു?"

അതായിരുന്നു ശവപ്പെട്ടിയിലെ അവസാനത്തെ ആണി.അവര്‍ക്ക്‌ ഉണ്ടായിരുന്ന ഇത്തിരി സംശയം എന്റെ മണ്ടന്‍ ചോദ്യത്തോടെ മാറിക്കിട്ടി. വീട്ടുകാര്‍ ഒരുക്കിയ എലിക്കെണിയിലേക്ക്‌ കൂളായി ഞാന്‍ നടന്നുകയറി.

മിനിട്ടുകള്‍ക്കു മുന്‍പ്‌ കെട്ടിയ ചില്ലുകൊട്ടാരം മുഴുവനായും തകര്‍ന്ന് വീണ്‌, അതിലെ അവസാനത്തെ കണ്ണാടിക്കഷ്ണത്തിന്റെയും മുദ്രാവാക്യം നിലച്ചതോടെ ഞാന്‍ പ്രതികാര ദുര്‍ഗനായി.

എന്നെ ഒറ്റിയവന്റെ കൈയ്യില്‍ നിന്നും ഇന്നേക്ക്‌ മൂന്നാം ദിവസത്തിനുള്ളില്‍ തല്ലു വാങ്ങിയില്ലെങ്കില്‍ അവന്റെ പേരു ഞാന്‍ എന്റെ ഇല്ലാത്ത പട്ടിക്കിടും.

സത്യമറിയാന്‍ ഒരുവഴിയേയുള്ളൂ. ഇനി ഇത്തിരി ദയാവായ്പ്‌ ബാക്കി ഉണ്ടാകാന്‍ ചാന്‍സുള്ള ഒരേ ഒരാളേ ഉള്ളൂ മുത്തശ്ശി. അങ്ങോട്ട്‌ വച്ചു പിടിച്ചു.ആ ഹൃദയഭേദകമായ സത്യം വെളിപ്പെടാന്‍ പിന്നെ വൈകിയില്ല.

"എന്റെ കടിഞ്ഞൂല്‍ പൊട്ടാ നിനക്കാ കോളാമ്പീടെ(മൈക്ക്‌) തൊട്ട്‌ താഴെയിരുന്ന് തന്നെ ഒച്ചപ്പാടാക്കണമായിരുന്നോ"

സെമിഫൈനലിനു ആളെക്കൂട്ടാന്‍ നാടുമുഴുവന്‍ കണക്റ്റ്‌ ചെയ്ത കോളാമ്പി സ്പീക്കറാണപ്പോള്‍ വില്ലന്‍. പ്രതികാര ടൈറ്റാനിക്‌ മുങ്ങി. എന്നാലും എന്റെ സൗണ്ട്‌ ഇത്രേം വേറിട്ട ശബ്‌ദമായിരുന്നോ.......

വാല്‍ക്കഷ്ണം:
പിറ്റേന്നത്തെ ഫൈനല്‍ എന്റെ നഷ്‌ടസ്വപ്‌നങ്ങളുടെ ലിസ്റ്റില്‍ സസന്തോഷം ആഡ്‌ ചെയ്ത്‌ ഞാന്‍ സുഖമായി ഉറങ്ങി. എന്തായാലും ഒരു ദിവസമെങ്കില്‍ ഒരുദിവസം എന്റെ വേറിട്ട ശബ്‌ദം നാടിനെ പ്രകമ്പനം കൊള്ളിച്ചല്ലോ...

14 comments:

കുട്ടിച്ചാത്തന്‍ said...

കേരളത്തിലെ ഒരു ജില്ലയോടും ചാത്തനു വ്യക്തിപരമായി ഒരു വൈരാഗ്യവുമില്ല എന്നും ഒരു അഞ്ചാം ക്ലാസുകാരന്റെ പ്രാസം മാത്രമായി ഇതിനെ കണക്കാക്കണമെന്നും മുന്‍‌കൂര്‍ ജാമ്യം ഇതിനാല്‍ എടുത്തുകൊള്ളുന്നു.

പൊന്നമ്പലം said...

നഷ്ടങ്ങളും തോല്‍‌വികളും ഏറ്റുവാങ്ങാന്‍ ഇനിയും ചാ‍ത്തന്റെ ജന്മം ബാക്കി.

Siju | സിജു said...

:-)
സ്വന്തം ജില്ലയെ പ്രോത്സാഹിപ്പിക്കാതെ എറണാകുളത്തെ വനിതകളുടെ പുറകെ പോയത്...
നടക്കട്ടെ..
qw_er_ty

സു | Su said...

പത്തനം തിട്ടയെ പൊട്ടിച്ചിട്ട് വീട്ടില്‍ പൊട്ടി അല്ലേ? ;)

കുട്ടിച്ചാത്തന്‍ said...

പൊന്നമ്പലം: ഓടെടാ. ഇതിലെന്തു നഷ്ടം!!!

സിജുച്ചേട്ടാ: സ്വന്തം ജില്ലയിലെ വനിതകളുടെ പ്രകടനം അത്രേം മികച്ചതായിരുന്നു. പിന്നെ ഇതൊന്നും എന്റെ മാത്രം തീരുമാനമായിരുന്നില്ലാലോ.

സൂചേച്ചീ: വീട്ടിന്നങ്ങനെ തല്ലുകൊണ്ടിട്ടില്ല. ഒരു ലക്ഷ്മണ രേഖ വരച്ചാല്‍ അതു ഒന്നുകൂടി അടുപ്പിച്ച് വരച്ച് അതിനുള്ളിലേ ചാത്തന്‍ നടക്കാറുള്ളൂ. ഇക്കാര്യത്തില്‍ ആദ്യമായതു കൊണ്ട് രേഖ എവിടെയാന്നറിയില്ലായിരുന്നു.

Adithyan said...

കടിഞ്ഞൂല്‍പ്പൊട്ടനാണല്ലെ? ;)

നല്ല എഴുത്ത്.

കുട്ടിച്ചാത്തന്‍ said...

ആ‍ദിത്യേട്ടാ: നല്ല എഴുത്തോ..നന്ദി

പിന്നെ ആ വിളി, അമ്മേം മുത്തശ്ശീം ചെറുപ്പത്തില്‍ ഒരു പാടുതവണ വിളിച്ചിട്ടുണ്ട്. ശരിയായ വിളി ഇങ്ങനെ
“ന്റെ കടിഞ്ഞിപ്പൊട്ടാ” എന്താ ഏട്ടനും ‘ആദി‘ ത്യനാണോ?

ഇടിവാള്‍ said...

“എന്നെ ഒറ്റിയവന്റെ കൈയ്യില്‍ നിന്നും ഇന്നേക്ക്‌ മൂന്നാം ദിവസത്തിനുള്ളില്‍ തല്ലു വാങ്ങിയില്ലെങ്കില്‍ അവന്റെ പേരു ഞാന്‍ എന്റെ ഇല്ലാത്ത പട്ടിക്കിടും.“ ഹി ഹി..അതലക്കി.

പടിപ്പുര said...

വോളീബാളു ഞാനാദ്യമായിട്ടു കാണുകയാ. പ്രാഥമിക റൗണ്ട്‌ കഴിഞ്ഞപ്പോഴേയ്ക്കും കളിയുടെ നിയമാവലി, ടീമുകളുടെ ജയസാധ്യത പ്രവചനം നടത്താനുള്ള കഴിവ്‌ ഇവയൊക്കെ ഞാന്‍ സ്വായത്തമാക്കി

അത്‌ കുറച്ച്‌ ഓവറായോ എന്നൊരു സംശയം!

ഉം ഉം നടക്കട്ടെ. നന്നായിരിക്കുന്നു.

ദില്‍ബാസുരന്‍ said...

കുട്ടിച്ചാത്താ,
രസികന്‍ വിവരണം. ഇടിഗഡി പറഞ്ഞ വരി തന്നെ എന്റെയും ചോയ്സ്. :-)

വിശാല മനസ്കന്‍ said...

കുറെ കലക്കന്‍ നമ്പറുകള്‍ ഉണ്ടല്ലോ ഗഡീ കയ്യില്‍. ഉഗ്രന്‍ എഴുത്ത്. ആള് പുലിയാട്ടോ!

ദിവ (diva) said...

ഹ ഹ... ഒരു പുലിമണം വരുന്നുണ്ടല്ലോ കുട്ടിച്ചാത്താ...

ഞാനുമൊരു കടിഞ്ഞൂല്‍... ആണ്.

:)

ആശംസകള്‍

Sunil MV said...

:)
upaasana

സുധി അറയ്ക്കൽ said...

ഹാ ഹാ ഹാ.കൊള്ളാം.