Tuesday, January 09, 2007

ദൈവത്തിന്റെ തമാശ

പഠിക്കുന്ന കാലത്ത്‌ തല്ലുകൊള്ളിത്തരത്തിനു പോകാത്തതിനാല്‍ ദൈവം ചാത്തനു ഒരു എഞ്ചിനീയറിംഗ്‌ സീറ്റ്‌ സമ്മാനിച്ചു.

ആദ്യ വര്‍ഷം സംഭവബഹുലമായിരുന്നു. അന്നേവരെ ഒരു നാണം കുണുങ്ങിയായിരുന്ന ചാത്തന്‍ ആ വര്‍ഷം കഴിഞ്ഞപ്പോഴേയ്ക്കും 'ഞാഞ്ഞൂലിനും ശീല്‍ക്കാരമോ' എന്ന സ്ഥിതിയിലെത്തി. റാഗിംഗിന്റെ ഓരോ ഗുണങ്ങളേ.

സത്യം പറഞ്ഞാല്‍ ചാത്തനെപ്പോലെ ഉള്ളവര്‍ക്കൊക്കെ റാഗിംഗ്‌ നിര്‍ബന്ധമാക്കണം എന്നാലേ ഇന്നത്തെ സമൂഹത്തില്‍ എവനൊക്കെ ജീവിക്കാന്‍ പറ്റൂ.

അന്നുവരെ ഒരു പഠിപ്പിസ്റ്റായി അഹങ്കരിച്ചു പോന്ന ചാത്തന്‍ രണ്ടാം വര്‍ഷം തുടങ്ങിയപ്പോഴേയ്ക്കും താന്‍ വെറും കിണറ്റിലെ തവളയാണെന്നു മനസ്സിലാക്കി. സിംഹങ്ങളും കടുവകളും പൊന്നുരുക്കുന്നിടത്ത്‌ തവളക്കെന്തു കാര്യം.

ആദ്യ വര്‍ഷപ്പരീക്ഷകള്‍ എല്ലാം എങ്ങിനെയോ കടന്നുകൂടി. വാല്‍മാക്രികള്‍ പലരും പരാജയപ്പെട്ടതുകണ്ട്‌ സമീപ ഭാവിയില്‍ വരാനിരിക്കുന്ന വിപത്തിനെ നേരിടാന്‍ സജ്ജമായി.

ഒരു വിഷയം മാത്രം ഒരു രക്ഷേമില്ല. മറ്റ്‌ പലര്‍ക്കും അതു എളുപ്പമുള്ള വിഷയം ആയിരുന്നെങ്കിലും ചാത്തന്‌ അത്‌ ഒരു കീറാമുട്ടിയായി. അന്നേവരെ സ്പൂണ്‍ ഫീഡിംഗ്‌ നടത്തിയിരുന്ന അദ്ധ്യാപകരെ മാത്രം കണ്ടുപരിചയമുള്ള ചാത്തന്‍ ക്ലാസില്‍ കാര്യമായിട്ടൊന്നും പഠിപ്പിക്കാത്ത 'മുഗള്‍ ഷാ' യുടെ ക്ലാസില്‍ അട്ടം നോക്കിയിരിപ്പായി.

ഇന്റേണല്‍ എക്സാമിനു മിനിമം മുപ്പത്തഞ്ച്‌ മാര്‍ക്ക്‌ വേണ്ടിടത്ത്‌ തിരിച്ചും മറിച്ചും ടെസ്റ്റുകളുടേയും അസൈന്‍മെന്റുകളുടെയും മാര്‍ക്ക്‌ കൂട്ടിയിട്ടും മുപ്പത്തിഒന്നേ ആവുന്നുള്ളൂ. കുറച്ചു തവളകളും വാല്‍മാക്രികളും ഷായുടെ പിന്നാലെ നടന്നു കരഞ്ഞു. ശല്യം സഹിക്കാനാവാതെ ഷാ കനിഞ്ഞു. ഞങ്ങള്‍ക്കായി ഒരു സ്പെഷല്‍ ടെസ്റ്റ്‌ നടത്തി എങ്ങിനെയെല്ലാമോ മുപ്പത്തഞ്ചിലെത്തിച്ചു. ഇനി യൂണിവേഴ്‌സിറ്റി പരീക്ഷയ്ക്ക്‌ നാല്‍പത്‌ മാര്‍ക്ക്‌ ഒപ്പിക്കണം.

ആ ഭീകര സമയം സമാഗതമായി.

കോപ്പിയടി പോലുള്ള ശാസ്ത്രീയ കലകളില്‍ ചാത്തന്‌ പ്രാവീണ്യമില്ലാത്തതിനാല്‍ പരീക്ഷത്തലേന്നും ഉറക്കമിളച്ചു പഠിച്ചു. ആകെ ഉണ്ടായിരുന്ന ആത്മവിശ്വാസം ദൈവത്തിന്റെ പാതി, അമ്പത്‌ മാര്‍ക്ക്‌, കിട്ടിയാല്‍ തന്നെ കടന്നുകൂടാം എന്നതായിരുന്നു.

ഹാളില്‍ കയറാനുള്ള ബെല്ലടിച്ചിട്ടും പുസ്തകം താഴെ വയ്ക്കാന്‍ ഒരു മടി. എന്നാല്‍ പിന്നെ പൊരുതിത്തോല്‍ക്കാം എന്ന് ഉറപ്പിച്ച്‌ ദൈവത്തെ ഒന്ന് നീട്ടി വിളിച്ച്‌ അകത്തേക്ക്‌ കടന്നു.

ചോദ്യപ്പേപ്പര്‍ കൈയ്യില്‍ കിട്ടിയാല്‍ എല്ലാ ചോദ്യങ്ങളും ഒന്ന് വായിച്ച്‌ നോക്കണം എന്ന് പണ്ടാരോ തന്ന ഉപദേശം ചാത്തന്‍ ഇന്നേവരെ ജീവിതത്തില്‍ പാലിച്ചിട്ടില്ല. ആദ്യത്തെ കുറച്ച്‌ ചോദ്യങ്ങള്‍ കണ്ട്‌ നല്ല പരിചയം. സന്തോഷം അലയടിച്ചു. ഉത്തരക്കടലാസില്‍ കമഴ്‌ന്ന് കിടന്ന് എഴുത്ത്‌ തുടങ്ങി.

നിമിഷങ്ങള്‍ കഴിയുന്തോറും എഴുത്തിന്റെ വേഗത കുറഞ്ഞു വന്നു. എന്നിട്ടും പരിഭ്രമം പുറത്ത്‌ കാണിച്ചില്ല. തുറന്നിട്ട ജനലിലൂടെ വീശുന്ന കാറ്റിനൊപ്പം തലേന്നത്തെ ഉറക്കം വീശുന്നുണ്ടോന്നൊരു സംശയം.

ചെറിയ മാര്‍ക്കുകളുടെ ചോദ്യങ്ങള്‍ അറിയാവുന്നതെല്ലാം എഴുതി.വലിയ മാര്‍ക്കുകളുടെ ചോദ്യങ്ങളിലേക്ക്‌ കടക്കുന്നതിനു മുന്നോടിയായി ഒരു കോട്ടുവാ.

പിന്നെ (P T O)

ഉറക്കച്ചടവാണോ !!!!
ഒന്നും കാണുന്നില്ല.
ചോദ്യക്കടലാസ്‌ ഉജാലയുടെ പരസ്യം മാതിരി തൂവെള്ളപ്പുഞ്ചിരി തൂവി നില്‍ക്കുന്നു.കണ്ണില്‍ ഇരുട്ട്‌ കയറുന്നു.

കണ്ണ്‌ രണ്ടാമതും മൂന്നാമതും തിരുമ്മി ഉറപ്പു വരുത്തി.
ഇല്ലാ. അക്ഷരങ്ങള്‍ തെളിഞ്ഞുവരുന്നില്ല.
ഈശ്വരാ എന്റെ ചോദ്യപ്പേപ്പറില്‍ ഒരു ഭാഗം മാത്രമേയുള്ളൂ!!!

ഇന്‍വിജിലേറ്ററുടെ കൈയ്യില്‍ സ്പെയര്‍ കാണുമോ എന്തോ!!!
വേറെ ആരും പേജ്‌ മറിച്ചില്ലേ. ഇനി വേറെ ആര്‍ക്കെങ്കിലും ഇതുപോലെ പറ്റി ഉള്ള സ്പെയര്‍ അവര്‍ അടിച്ചു മാറ്റുന്നതിനുമുന്‍പ്‌ സാധനം കരസ്ഥമാക്കണം.

മുന്നിലിരിക്കുന്ന പയ്യന്‍സിനെ എത്തിനോക്കി അവന്‍ ആദ്യ പേജ്‌ മറിച്ചിട്ടില്ല. മനസ്സില്ലാ മനസ്സോടെ പിന്നിലിരിക്കുന്ന ബുജിപ്പെണ്ണ്‌ എവിടെ വരെ എത്തി എന്ന് നോക്കാനായിത്തിരിഞ്ഞു.

നീട്ടിവലിച്ചെഴുതിയ ഒരു ചിരിയും മുഖത്തൊട്ടിച്ച്‌ എന്റെ സഹായം എന്തേലും വേണോ എന്ന ഭാവത്തില്‍ ചാത്തന്റെ തലയുടെ ഭ്രമണപഥം വീക്ഷിച്ചുകൊണ്ടിരുന്ന കക്ഷിയുടെ മുഖത്ത്‌ തന്നെയായിപ്പോയി എന്റെ നോട്ടം.

ചമ്മല്‍ മാറ്റാനായി ചോദ്യപ്പേപ്പര്‍ ചൂണ്ടിക്കാണിച്ച്‌ ആംഗ്യഭാഷയില്‍ വിശദീകരണം കൊടുത്തു. സ്വന്തം ചോദ്യപ്പേപ്പറിലും പിന്നെ ചുറ്റുപാടും അവളും ചൂണ്ടിക്കാണിച്ചു. അപ്പോഴാണ്‌ പകുതി മുക്കാല്‍ ഭാഗം പേരും ആകാശം നോക്കിയിരിക്കുകയാണെന്ന് മനസ്സിലായത്‌.

ഏതോ ഒരു "ബോബനും മോളിയില്‍" ഉപ്പായി മാപ്ല ഇപ്രകാരം പറയുന്നുണ്ട്‌. വര്‍ഷത്തില്‍ 365 ദിവസവും സമരം....... ചോദ്യപ്പേപ്പര്‍ വന്നപ്പോള്‍ സിലബസ്സിലുള്ള ചോദ്യങ്ങളല്ല..... വാലുവേഷന്‍ സെന്ററില്‍ സൊറ പറച്ചില്‍....എന്നിട്ടും റിസല്‍ട്ട്‌ വന്നപ്പോള്‍ മകന്‍ ജയിച്ചു... ദൈവം ഉണ്ടെന്നുള്ളതിനു ഇതില്‍ കൂടുതല്‍ എന്തു തെളിവു വേണം എന്ന്.

എന്നാല്‍പ്പിന്നെ ചാത്തന്റെ വകയായി ഒരു തെളിവുകൂടി ഇരിക്കട്ടെ.. അല്ലെ...

ദൈവത്തിനും തമാശ ഇഷ്‌ടമാ...

വാല്‍ക്കഷ്ണം:

റിസല്‍ട്ട്‌ വന്നപ്പോള്‍ ചാത്തനും കടന്നുകൂടി. ഒരിക്കലും പ്രതീക്ഷിക്കാത്തത്രയും മാര്‍ക്കും കിട്ടി.

17 comments:

കുട്ടിച്ചാത്തന്‍ said...

ഒരു കുഞ്ഞു പോസ്റ്റ്. എല്ലാവരുടെ ജീവിതത്തിലും ദൈവം തമാശ കാണിക്കും. ഇത് എന്റെ വെര്‍ഷന്‍..

Rasheed Chalil said...

ഹ ഹ ഹ ചാത്താന്റെ ലീലാവിലാസങ്ങള്‍ക്കായി ദൈവത്തിന്റെ ഓരോ ലീലാവിലാസങ്ങള്‍ അല്ലേ... നന്നായിരിക്കുന്നു.

സു | Su said...

കുട്ടിച്ചാത്തന്‍ ഒന്നും പഠിച്ചില്ലാന്ന് ദൈവത്തിന് അറിയാമായിരുന്നു. അതുകൊണ്ട് ചെറിയ ചോദ്യങ്ങളും വല്യ മാര്‍ക്കും ഒരുപുറത്തില്‍ത്തന്നെ വെച്ചതാണ്. ബാക്കിയെല്ലാവര്‍ക്കും രണ്ടുപുറത്തില്‍ ഉണ്ടായിരുന്നു എന്നെനിക്ക് ഉറപ്പാണ്. :)

Anonymous said...

ഇതു സത്യമായും ദൈവത്തിന്റെ തമാശയാണോ അതോ കുട്ടിച്ചാത്തന്റെ തമാശയാണോ എന്നു സംശയമുണ്ട്. ഏതായാലും ഈ വെര്‍ഷന്‍  അടിപൊളിയായി. കൂടുതല്‍ വിക്രിയകള്‍ക്കായി കാത്തിരിക്കുന്നു.

Nousher

സുല്‍ |Sul said...

ഹെ ഹെ ഹെ മി.കു.ചാത്താ,

ഏതായാലും കടന്നു കൂടിയല്ലോ. എന്നാലും എനിക്കൊരു കണ്‍ഫ്യൂഷന്‍; ഇനി വല്ല ചാത്തനും‍ കടന്ന് കൂടിയൊ?

-സുല്‍

വേണു venu said...

ഇങ്ങനെ ഒക്കെയും ദൈവം പഠിപ്പിക്കുന്നു.

sandoz said...

ഇത്‌ എല്ലാ ഇഞ്ചിനീരുകള്‍ക്കുമിട്ട്‌ ഒരു താങ്ങ്‌ താങ്ങീതോ അതോ...

Anonymous said...

ദൈവത്തിന്റെ തമാശ കൊള്ളാം.കുട്ടിച്ചാത്തന്റേം.....

സ്വാര്‍ത്ഥന്‍ said...

ഹ ഹ, ഈ പ്രൊഡ്യൂസറുടെ ഓരോ തമാശകളേ...
കുട്ടിച്ചാത്തന്‍ വരെ രക്ഷപ്പെട്ടു!

കുട്ടിച്ചാത്തന്‍ said...

ഇത്തിരിവെട്ടം: നന്ദി...ഞാന്‍ വിചാരിച്ചു ആരും വിശ്വസിക്കില്ലാ‍ന്ന്!!!

സൂചേച്ചീ : എന്തായാലും സൂചേച്ചിക്ക് കുട്ടിച്ചാത്തനെ വിശ്വാസമില്ലാന്ന് ഉറപ്പായി. :) നന്ദി..

നൌഷറേ: കുട്ടിച്ചാത്തന്‍ പറയുന്നതെന്തും പകുതി വിശസിച്ചാല്‍ മതി. ഇഷ്ടപ്പെട്ടതില്‍ സന്തോഷം...

സുല്‍ ചേട്ടാ: കുറേക്കാലമാ‍യി ഇതുവഴി വന്നിട്ടെന്നു തോന്നുന്നു. തൊട്ടുമുന്നിലുള്ള പോസ്റ്റ് എനിക്കുതന്നെ ഇതിലും കൂടുതല്‍ ഇഷ്ടപ്പെട്ടതാ അതിലും കൂടി കടന്നേക്കണേ.. നന്ദി..

വേണുച്ചേട്ടാ : ഇതിനെ ഭാഗ്യം എന്നും പറയാം അല്ലേ? നന്ദി...

sandoz ചേട്ടാ: ബൂലോഗത്ത് ഒരു എസ്കോബാറിന്റെ(ആളെ അറിയാലോ) കുറവുണ്ടായിരുന്നത് ഇതോടെ തീര്‍ന്നോട്ടെ...അറിയാതെ പറ്റീതാ...ഇനി ആവര്‍ത്തിക്കാതെ നോക്കാം... നന്ദി..

ചേച്ചിയമ്മേ: നന്ദി... കുട്ടിച്ചാത്തന്‍ തമാശയൊന്നും ഇന്നു കാട്ടീലല്ലോ!!!

സ്വാര്‍ത്ഥന്‍ ചേട്ടാ: നന്ദി... “കുട്ടിച്ചാത്തന്‍ വരെ “ യോ... താഴെ വീണു കിടക്കുന്നവരെ ചവീട്ടുകയും കൂടിവേണോ :)....

sandoz said...

അറിയാതെ പറ്റീതോ....സെല്‍ഫ്‌ ഗോളുകളല്ലേ ചാത്താ നമ്മളെയൊക്കെ നിലനിര്‍ത്തുന്നത്‌.ഇനീം അടിക്കണം ഗോള്‍-സെല്‍ഫ്‌ ഗോള്‍[കയ്യടിക്കാന്‍ ഞാനുണ്ടാവും]

Siju | സിജു said...

ഇതൊരു തമാശയാണെങ്കില്‍ ഞാന്‍ ജയിച്ചു പോന്നതു ഒരു വല്യകാട്ട പ്രൊജക്റ്റ് ആയിരുന്നിരിക്കും

RR said...

അങ്ങനെ കുട്ടിച്ചാത്തന്റെ ഇതു വരെ ഉള്ള എല്ലാ പോസ്റ്റും ഒറ്റ അടിക്കു വായിച്ചു തീര്‍ത്തു. കൊള്ളാം. രസകരമായിട്ടു പറഞ്ഞിരിക്കുന്നു. :)

qw_er_ty

ഇട്ടിമാളു അഗ്നിമിത്ര said...

അപ്പൊ കുട്ടിച്ചാത്തന്‍ ദൈവത്തിന്റെ ആളാണല്ലെ... ചാത്തന്‍ സേവ എന്നൊക്കെ പറാഞ്ഞ് ആളക്കാരെ പറ്റിക്ക്യ.. :(

കുട്ടിച്ചാത്തന്‍ said...

sandoz ചേട്ടാ:ആ ഗോള്‍ മൊത്തം ഇഞ്ചിനീര്‍മാര്‍ക്കു നേരെ ആയിപ്പോയോന്നായിരുന്നു സംശയം..സെല്‍ഫ് ഗോള്‍ ഒകെ അതു എപ്പോള്‍ അടിച്ചെന്നു ചോദിച്ചാല്‍ പോരെ...:)

സിജുച്ചേട്ടാ : ഒരു പറിച്ചുമാറ്റലിനിടയിലായിരുന്നു അല്ലെ?എങ്ങനെയുണ്ട് പുതിയസ്ഥലം..ചെന്നായ് മാ നഗരം? നന്ദി...

RR ഏ: പ്രൊഫൈലില്‍ എന്തേലും ഒന്ന് വയ്ക്ക്..
എന്തു വിളിക്കണമെന്നുതന്നെ അറിയില്ല..മെയ്2004 മുതല്‍?
എന്തായാലൂം “ചേ‌...” കൂട്ടി വിളിച്ചിരീക്കുന്നു. നന്ദി..

ഇട്ടിമാളൂ: അങ്ങനെയൊന്നുമില്ലാ.. മനസ്സില്‍ നല്ലതു ചിന്തിക്കുമ്പോള്‍ നമ്മളു ദൈവത്തിന്റെ ആളു അല്ലാത്തപ്പോള്‍ ചെകുത്താന്റേം.... നന്ദി...

Siju | സിജു said...

ചെന്നൈ പുതിയ സ്ഥലമെന്നു പറയാന്‍ പറ്റില്ല
ഇവിടെ നിന്നും തല്‍ക്കാലത്തെ ഇടവേളക്ക് പോയതായിരുന്നു
തിരികെ വന്നു, കാര്യമായ മാറ്റങ്ങളൊന്നും കൂടാതെ, എനിക്കും ചെന്നൈക്കും

മുസ്തഫ|musthapha said...

കുട്ടിച്ചാത്താ... കുട്ടിച്ചാത്തന്‍ കുട്ടുച്ചാത്തനൊന്നുമല്ല... അസ്സല് മൂത്ത ചാത്തനാ :)


കുട്ടിച്ചാത്താ... നല്ല പോസ്റ്റ് :)





“സുല്‍: ഹെ ഹെ ഹെ മി.കു.ചാത്താ,“

മി.കു.ചാത്താ... ജോസ് പ്രകാശ് സ്റ്റൈല്‍ കലക്കി :)