Tuesday, January 02, 2007

കല്ലു കൊണ്ടൊരു ചെക്കന്‍

കിറുക്കെട്ടുമായുള്ള ചാത്തന്റെ സുദൃഢ ബന്ധം തുടങ്ങുന്നത്‌ എട്ടാം തരത്തില്‍ വച്ചാണ്‌. അതുവരെ അവധിക്കാലത്ത്‌ അമ്മവീട്ടില്‍ വിരുന്നു പാര്‍ക്കാന്‍ പോകുമ്പോള്‍ അയലോക്കത്തെ കൂട്ടുകാരുടെ കൂടെ ഓലമടല്‍ ബാറ്റും റബ്ബര്‍ ബോളുമായി കളിച്ച മുന്‍പരിചയം മാത്രം കൈമുതലായുണ്ട്‌.

അന്നുവരെ സ്വന്തം രാജ്യത്തില്‍ രാജാവും രാജകുമാരനുമായി വിരാജിച്ചിരുന്ന സായാഹ്നങ്ങളോട്‌ ചാത്തന്‍ വിട പറഞ്ഞു.

ഒരു സ്ക്കൂള്‍ സുഹൃത്തിന്റെ ക്ഷണപ്രകാരം ഒരുപിടി നല്ല സുഹൃത്തുക്കളുടെ ഇടയില്‍ സായാഹ്നങ്ങള്‍ ചെലവഴിക്കാന്‍ കളമൊരുങ്ങി. പ്രായമായെങ്കിലും ശരീരം കൊണ്ടും സ്വഭാവം കൊണ്ടും ചാത്തനെ എല്ലാരും കൂട്ടത്തിലെ കുഞ്ഞു കുട്ടിയായി മാത്രമെ എണ്ണിയുള്ളൂ.

എന്തായാലും ചാത്തനും കൂട്ടത്തിലൊരാളായി. അവിടെയും മാറ്റത്തിന്റെ ശംഖൊലി മുഴങ്ങി. റബ്ബര്‍ ബോളില്‍ നിന്നും കോര്‍ക്ക്‌ ബോളിലേക്ക്‌.

സ്പിന്ന് മാത്രമേ ചാത്തനു നേരെ എറിയൂ എന്ന അലിഖിത നിയമമുണ്ട്‌. എന്നാലും ബോള്‍ വരുമ്പോള്‍ ചാത്തന്‍ ക്രീസിന്റെ ഒരറ്റത്തെത്തും; മെല്ലെ വരുന്ന ബോളിനെ ബാറ്റില്‍ കൊള്ളിച്ച്‌ ക്രീസിനു സമീപത്ത്‌ എവിടെയെങ്കിലും ഇട്ട്‌ അപ്പുറത്തെ ക്രീസിലെത്തുന്നതോടെ ചാത്തന്റെ ദൗത്യം വിജയകരമായി പൂര്‍ത്തിയാകുന്നു.

എത്രകാലം ഇങ്ങനെ കളിക്കും പാഡിനെപ്പറ്റി ചിന്തിക്കാന്‍ പോലും ആവതില്ല. ഈ ബോളും ചാത്തന്റെ ശരീരവളര്‍ച്ചയും ധൈര്യവും വച്ച്‌ കണക്കുകൂട്ടിയാല്‍ ഇന്ത്യക്ക്‌ അടുത്ത ലോകകപ്പ്‌ കിട്ടുന്ന കാലത്ത്‌ ചാത്തന്‍ തന്റെ ആദ്യ ബൗണ്ടറി അടിക്കും.

ചാത്തന്റെ കോമണ്‍സെന്‍സിനും ശരീരത്തിനും ഒരേ വളര്‍ച്ചയാണെങ്കിലും തലച്ചോറിന്റെ ഒരുഭാഗത്തിനു വളര്‍ച്ചാനിരക്ക്‌ കൂടുതലായിരുന്നു, കുരുട്ടുബുദ്ധിയ്ക്ക്‌. നരിത്തോലിന്റെ ഡിസൈനുള്ള, ഒരു അര ഇഞ്ച്‌ കട്ടിയുള്ള ജീന്‍സ്‌ അക്കാലത്ത്‌ ഫാഷനായിരുന്നു. മാസത്തിലൊരിക്കല്‍ മാത്രം അലക്കേണ്ടുന്ന അവനെ ചാത്തന്‍ സ്ഥിരം അംഗവസ്ത്രമാക്കി.

സംഗതി ഏറ്റു. ബൗണ്ടറി ഒന്നും അടിച്ചില്ലെങ്കിലും ആനവാല്‍ മോതിരം കൊള്ളാം. മെല്ലെ വരുന്ന ബോള്‍ കാലില്‍ കൊണ്ടാലും വേദനയില്ല. തല ഉയര്‍ത്തിപ്പിടിച്ച്‌ റണ്ണുകള്‍ എടുത്തു. പതുക്കെ കോപ്പി ബുക്ക്‌ ഷോട്ടുകളിലേക്ക്‌ കടന്നു. ജാക്ക്‌ കാലിസിന്റെ സ്വീപ്‌ ചാത്തന്റെ ഫേവറിറ്റായി.

പഴയ അലിഖിതനിയമം അപ്പോഴും പ്രാബല്യത്തിലുള്ള കാരണം ചാത്തന്‍ എതിര്‍ ടീമിനു കീറാമുട്ടിയായിത്തുടങ്ങി. അടിക്കുന്നതു മുഴുവന്‍ തറയിലൂടെ മാത്രം. വിക്കറ്റ്‌ മുഴുവന്‍ കാലുവച്ച്‌ മറയ്ക്കുന്നതു കാരണം ബൗള്‍ഡാവുകയും ഇല്ല. എല്‍ ബി ഡബ്ല്യു മൊത്തം നിയമത്തിലും ഇല്ല.

സഹികെട്ട ചില ബോളുകള്‍ക്ക്‌ വേഗം കൂടിത്തുടങ്ങി. പക്ഷേ ചാത്തന്‍ പിന്നെം പഴയ പടി തന്നെ തുടര്‍ന്നു.

ഒരാളെക്കൂടി ഔട്ടാക്കിയാല്‍ എതിര്‍ടീം വിജയിക്കും ഒരറ്റത്ത്‌ ചാത്തന്‍ കല്ലുപോലെ ഉറച്ച്‌ നില്‍ക്കുന്നു.മറ്റേ അറ്റത്തെ കളിക്കാരന്‍ നല്ല ഫോമിലാ അവനെ ഔട്ടാക്കുന്ന കാര്യം ഇനി ചിന്തിക്കേണ്ട.

സഹകളിക്കാരന്റെ ഫോം ചാത്തനിലേക്കും ഇത്തിരിശ്ശെ പകര്‍ന്നു തുടങ്ങി സ്വീപ്പുകള്‍ക്കു പിന്നിലെ അടികള്‍ക്കു ശക്തി കൂടിത്തുടങ്ങി. ഒരു മിന്നല്‍ സ്വീപ്‌ ഷോട്ട്‌. ക്യാമറക്കണ്ണുകള്‍ ബൗണ്ടറി ലൈനിലേക്ക്‌.

ക്യാമറക്കണ്ണുകള്‍ പോയതിലും വേഗത്തില്‍ തിരിച്ചു വന്നു.ബോള്‍ ക്രീസില്‍ തന്നെ കിടപ്പുണ്ട്‌.ഒരു കൈ കൊണ്ട്‌ ചെവി മറച്ചുകൊണ്ട്‌ ചാത്തനും.

"കൈയ്യെടുക്കെടാ നോക്കട്ടേ"

വെള്ളം കൊണ്ടുവരാന്‍ ഫയര്‍ ഫോഴ്‌സിനു ഓര്‍ഡര്‍.

ഫസ്റ്റ്‌ എയിഡ്‌ ബോക്സ്‌ സ്ക്വാഡ്‌ അടുത്ത കാട്ടിലേക്ക്‌ കുതിച്ചു.

ആദ്യം വന്നതു ഫസ്റ്റ്‌ എയിഡ്‌ - കമ്യൂണിസ്റ്റപ്പ അഥവാ കമ്യൂണിസ്റ്റ്‌ പച്ച.

കൈയ്യെടുത്തു. വേദനയൊന്നുമില്ല. പക്ഷെ കൈ നിറച്ചും ചോര.

കണ്ണു കൊണ്ട്‌ കുറേ കഥകളി കളിച്ചെങ്കിലും ഒന്നും കാണാന്‍ പറ്റുന്നില്ല.
എങ്ങനെ കാണാന്‍ പറ്റും ചെവിയുടെയും തലയോട്ടിയുടെയും ജോയിന്റിലുള്ള മുറിവ്‌ സ്വയം കാണണമെങ്കില്‍ കുട്ടിച്ചാത്തന്‍ സാക്ഷാല്‍ ശ്രീമാന്‍ ചാത്തനാവണം.

ചാത്തനൊഴികെ എല്ലാരുടെയും മുഖങ്ങളില്‍ നവരസങ്ങളില്‍ ഹാസ്യം ഒഴികെ ബാക്കി മാറിമാറി മിന്നിക്കളിക്കുന്നു.

ഫസ്റ്റ്‌ എയിഡ്‌ വച്ചപ്പോള്‍ ചോര വരവുനിന്നു. വേദനയില്ലാത്തതിനാല്‍ ചാത്തന്‍ പിന്നെം ബാറ്റ്‌ കയ്യിലെടുത്തു. ആരും സമ്മതിച്ചില്ല.

"തലയിളക്കേണ്ട. ഇന്നത്തെ കളി മതി"

"വെള്ളം കുടിക്കെടാ"

"ഇത്തിരി സമയം അവിടെ ഇരി"

"ചോര മുഴുവന്‍ നിന്നിട്ടു വീട്ടില്‍ പോയാല്‍ മതി"

ഛെ ഛെ പ്രായം ഇത്രയൊക്കെ ആയിട്ടു ഇവന്മാര്‍ക്കൊന്നും ധൈര്യമില്ലേ!!!
ചാത്തനിതാ കല്ലു കല്ലു പോലെ നില്‍ക്കുന്നു. ഇതൊക്കെ ഇത്രെം കാര്യമാക്കാനുണ്ടോ. ഏതായാലും അനുസരിച്ചില്ലാന്നു വേണ്ട.

വീട്ടിലേക്ക്‌ വിട്ടു.

"എന്താടാ തലയിലൊരു പച്ചക്കെട്ട്‌?"

"തല്ലു കൂടിയോ?"

"ഇല്ല ബോളു കൊണ്ടതാ"

"റബ്ബര്‍ ബോളോ!!!"

"ഞങ്ങളിപ്പോ കോര്‍ക്കിലാ"

"ആ കമ്യൂണിസ്റ്റപ്പ മാറ്റിക്കേ നോക്കട്ടെ"

"അത്രക്കൊന്നും ഇല്ലാന്നേ ഇന്നാ കണ്ടോ"

"ഈശ്വരാ...."

അമ്മ ആളെക്കൂട്ടാനോടി.

തലയ്ക്കകത്തൂടെ ഒരു ചെറിയ മിന്നല്‍. എന്നാല്‍ പിന്നെ ഒന്നു കണ്ടു കളയാം.നേരെ കണ്ണാടീടെ മുന്നിലേക്ക്‌ വിട്ടു. മുറിയില്‍ വെളിച്ചമില്ല. ലൈറ്റിട്ടു.

ചെവിയുടെ മുകള്‍ഭാഗം ഇത്തിരി തലയോട്ടിയില്‍ നിന്നും വിട്ടു കിടക്കുന്നു. കാല്‍ വിരലില്‍ നിന്നും ഒരു തണുപ്പ്‌ അരിച്ച്‌ കയറുന്നു. വല്ലോരും ചെവിയില്‍ ഇപ്പോള്‍ പിടിച്ച്‌ വലിച്ചാല്‍ പഴത്തൊലി പോലെ ഉരിഞ്ഞുവരുമെന്നൊരു തോന്നല്‍. അതോ തലയൊന്നിളക്കിയാല്‍ താഴെ വീഴുമോ?

ഒരു അശരീരി "അമ്മേ വെള്‌....ളം"

കണ്ണാടി ശൂന്യം.

അടുത്തുള്ള കിടക്കയില്‍ ഒരു കൈ കൊണ്ട്‌ ചെവി താങ്ങി നിര്‍ത്തിക്കൊണ്ടുള്ള പോസില്‍ ഒരു കല്‍പ്രതിമ കിടക്കുന്നു. അനങ്ങിയാല്‍ ചെവി താഴെപ്പോയാലോ. ശരിക്കും കല്ലു കൊണ്ടൊരു ചെക്കന്‍....

വാല്‍ക്കഷ്ണം:

മുറിവു തുന്നേണ്ടി വന്നില്ല. പക്ഷേ അതൊരു വിപ്ലവത്തിനു തുടക്കം കുറിച്ചു. കോര്‍ക്ക്‌ ബോളില്‍ നിന്നും ടെന്നീസ്‌ ബോളിലേയ്ക്ക്‌. ആ വിപ്ലവത്തിന്‌ ഒരേ ഒരു രക്തസാക്ഷി മാത്രം സ്വന്തം.

15 comments:

കുട്ടിച്ചാത്തന്‍ said...

മലയാളികള്‍ക്ക് കുട്ടിച്ചാത്തന്റെ പുതുവത്‌സര ആശംസകള്‍...

പുതുവത്‌സര ‍സമ്മാനം ആയി ഈ ”ചെക്കന്‍ പോരെ“

ഇടിവാള്‍ said...

ചാത്താ, നന്നായീട്ടാ..

വളര്‍ച്ചയും, ബുധിവികാസവും, കുരുട്ടു ബുദ്ധിവികാസവും എല്ലാം രസിച്ചു!
അതു പോളെ, മിന്നല്‍ ഷോട്ടു കഴിഞ്ഞ് ക്യാമറ ബൌണ്ടറിയിലേക്കു പാഞ്ഞതും, തിരിച്ചു വന്നതുമെല്ലാം ഭേഷായി!

നവവത്സരാശംസകള്‍!
2007 ഇല്‍ ആദ്യം വായിച്ച പോസ്റ്റ് ചാത്തന്റെയാ! രാശീയുണ്ടോന്നു നോക്കട്ടേ ;)

ikkaas|ഇക്കാസ് said...

ഹായ്..
അനുഭവം നന്നായി വിവരിച്ചിരിക്കുന്നു.
ചാത്തന് ആശംസകള്‍.

sandoz said...

ചാത്താ,
കലക്കി.പഴയ ഓര്‍മ്മകളുടെ ഒരു സുഖമേ...

സു | Su said...

കുട്ടിച്ചാത്താ :) ക്രിക്കറ്റിനു വേണ്ടി സഹിച്ച ത്യാഗങ്ങള്‍ എല്ലാവരും അറിയട്ടെ.

Anonymous said...

ചാത്താ.. ക്രിക്ക്‌ അനുഭവം നന്നായിരിക്കുന്നു.
പണ്ട്‌ എനിക്ക്‌ കോര്‍ക്ക്‌ ബോളുകൊണ്ട്‌ നെഞ്ചിനു കിട്ടിയതാ. അന്നു നിര്‍ത്തി, പേസ്‌ ബോള്‍ നേരിടല്‍. മതി മതി.. നമുക്കു ടെന്നീസ്‌ ബോള്‍ മതി.. വല്ലപ്പോഴും.
നവവല്‍സര ആശംസകള്‍.

കൃഷ്‌ | krish

കുട്ടിച്ചാത്തന്‍ said...

വാളേട്ടാ എന്റെ പോസ്റ്റില് എന്നും ആദ്യത്തെ തേങ്ങേടെ കരാറ് ഞാന്‍ ഫ്രീആയിട്ട് ഏല്‍പ്പിച്ചിരിക്കുന്നു..രാശീണ്ടോന്ന് എനിക്കും നോക്കാലോ..നവവത്സര ആശംസകളും..പിന്നെ വിച്ചൂന്റെ ബര്‍ത്ത് ഡെ പായസം എനിക്കു ഇമെ‌യില്‍ അറ്റാച്ച്മെന്റായിട്ട് അയ്ക്കണേ...നന്ദി ..

ഇക്കാസ് : നന്ദി .. ഇനീം ഏറ് കൊള്ളാനാണോ ആശംസകള്‍?

sandoz ചേട്ടാ: നന്ദി .. ചില ഓര്‍മ്മകളു സുഖമാ..

സൂ ചേച്ചീ: എന്തു ത്യാഗം സഹിച്ചിട്ടെന്താ..ഇപ്പോഴും ഞാന്‍ എറിയുന്ന ഓവറില്‍ ബോളുകളുടെ എണ്ണം 20നു മോളിലാ...ഇതൊക്കെ എല്ലാരെം അറിയിക്കാന്‍ പറ്റുമൊ? നന്ദി...

കൃഷ്‌ ചേട്ടാ:എനിക്ക് കിട്ടിയതു പേസ് അല്ലാ. ചാത്തന്‍ കൂട്ടത്തില്‍ കുഞ്ഞായിരുന്നു. വല്ലപ്പോഴും എന്നുദ്ദേശിച്ചതു കൊര്‍ക്കിനേയോ കളിയെയൊ? അല്ല ഇപ്പോഴും എല്ലാ ശനിയാഴ്ചയും രാവിലെ 7:45 നു നമ്മളു അങ്കം തുടങ്ങും പക്ഷേ ടെന്നീസ്‌ ബോളു മാത്രം.. നന്ദി..

ദില്‍ബാസുരന്‍ said...

കുട്ടിച്ചാത്താ,
നല്ല രസികന്‍ പോസ്റ്റ്!കാലിസിന്റെ സ്വീപ്പ് ഷോട്ട് കളിയ്ക്കും അല്ലേ.. ഭയങ്കരാ.. ഏത് ഷോട്ട്? ഓഫ് സ്റ്റെമ്പില്‍ പിച്ച് ചെയ്ത് ഔട്ട്സ്വിങ് ചെയ്ത് പുറത്തേയ്ക്ക് പോകുന്ന പന്തിനെ ഒരു മുട്ട് കുത്തിയിരുന്ന് ലെഗ് സൈഡ് സ്ക്വയര്‍ലെഗ്ഗ് ബൌണ്ടറിയിലെ പരസ്യപ്പലകയില്‍ ‘പ്ലങ്’ എന്ന് അടിയ്ക്കുന്ന ആ സ്വീപ്പ് ഷോട്ടോ? കേമാ.. :)

ഓടോ: ഞാന്‍ പണ്ട് ഒരു വട്ടം കളിയ്ക്കാന്‍ നോക്കിയിട്ടുണ്ട് ഈ ഷോട്ട്. മൂക്കിലാണ് പന്ത് കൊണ്ടത് :-(

Anonymous said...

ഓം ഹ്രീം കുട്ടിച്ചാത്താ.. ഓം ഹ്രീം ..

ചാത്തനെ ഇന്നാ ആദ്യമായി കണ്ടത്. കല്ലു കൊണ്ടൊരു ചെക്കന്‍ കോര്‍ക്ക് ബോള്‍ കൊണ്ട് കളിക്കാന്‍ തുടങ്ങിയപ്പൊ ഒരു സംശയം എവിടെയോ ഒരു പുലി മണം വരുന്നുണ്ടോ ന്നു.

ചെക്കനെ അവിടെത്തന്നെ നിര്‍ത്തി പുറകോട്ടോടി കൊച്ചു തക്കാളി തൊട്ടിങ്ങു അടിച്ചുവാരിക്കൂട്ടി തിരിച്ചെത്തിയപ്പോ സംശയം തീര്‍ത്തും മാറി..

ജ്ജാളു ശുജ്ജായിന്നേടാ.. ഒരു തമിശും മേണ്ടാ..

Nousher

പൊന്നമ്പലം said...

kuttichaathan ippozhum puliyaanu. kazhinja thavana njangal bangalore-il vachu oru match kalichu. striking end-il njan, mate end-il chaathan. oru over, jayikkaan oru run, randu wicket. last man batting undu.6 adiche jayikkoo ennu enikku vaasi. oru thaaram bowl cheyyaan ethi. first ball... step out cheythu mid-on ilekku bat veesi... adi kondu kondillaa ennu keeper-ude kayyil. second ball... extra bounce... ente kayyil!! puram kai, putharikandamaayi... nalla ookkulla eri!! third ball... bhayankara loose ball... njan front foot chaadi irangi, batil kondilla! unnam pizhachu... enikku... off stump dhim tharikida thom!!! moonnu ball oru run oru wicket... chaathan under extreme preassure. mock runner aayi njan apurathu ninnum vilichu paranju.. "daa kaakke ee kaliyengaanum thotaal njan ninte kaalu thalli odikkum..."... chaathan: "entamme... njan sramichu nokkaam"....

udwega janakamaaya nimishangal... next ball- full tose, chaathante thalakku nere... chaathan side vaaram vetti neengi, bhaagyam athu kondilla... oru vidhathil tharkkichu athine NO BALL aayi prakhyaapichu... 4aamathe ball... yorker on the popping crease. chathan randaamathonnu nokkeella... oru kaalu veliyilirakki apaara shakthiyil balline adichu nilathottichu... panthu creaseil, chaathante call... "easy... easy..." njan mind cheythilla... ee ponna thadiyum kondu athu vare odiyethaan enne kondu patilla... avan kaakkayaayathu kondu parannu varum!! ball number 5... same length.pakshe off stumpinu veliyil. chaathan leg stumpilekku maari, clusner style-il oru chethu... ho anthareekshaththil karaghoshangal mukharithamaayi... boundary pokum ennu karuthiya ball extra coveril urulal nirthi... ninnu enna nagma sathyam manassilaaya aa kshanathil, ente call... "easy... easy..." njaan appozhekkum, striking crease-il ethi. chaathan thirinju nokkiyappo njan avante pinnil ninnu "easy easy" ennu kaarunnu... enikkittu naalu theriyum vilichu avan non striking crease-lekku parannu... applekkum fielder, ball eduthu bowler end-ilekku erinju... ente bhagyam kaakka(chaathan) aadyam land cheythu!! udan njan: "And it is party time... ha ha ha"... kalippaaya kaakka.. "ninte !@#$!@#$@%!@$%-de party time... pirake vannu ninnittaanoda runninu call tharunnathu..."

~~ THE END ~~

PS: English-nu maappu

കുട്ടിച്ചാത്തന്‍ said...

ദില്‍ബാ: അതു ക്രിക്കറ്റ് ഇത്തിരി അറിയാവുന്ന ആര്‍ക്കും തിരിച്ചറിയാന്‍ പറ്റിയ ഒരു ഷോട്ട് എഴുതാന്‍ തിരഞ്ഞെടുത്തതാ..അന്നെന്താ കളിച്ചതെന്ന് എനിക്കൊരു പിടീമില്ല. കൊണ്ടതു മാത്രം അറിയാം. നന്ദി...

Nousher : പേരില്‍ നിന്നും പ്രായം ഊഹിക്കുകയാണെങ്കില്‍ ഞാന്‍ ചേട്ടാ or ഇക്കാ വിളിക്കുന്നില്ല..പഴയ പോസ്റ്റുകളും വായിച്ചൂന്നറിഞ്ഞതില്‍ സന്തോഷം .. നന്ദി.. ഇനീം വരണം.. ബ്ലോഗര്‍ അല്ലല്ലേ? ചുമ്മാ ഒന്നു തുടങ്ങിഷ്ടാ..

മി.പൊന്നമ്പലം : നിനക്കു സ്വന്തമായി ഇതങ്ങു പോസ്റ്റാക്കിയാല്‍ പോരെ..

Sul | സുല്‍ said...

മി.കു.ചാ.

വായിക്കാന്‍ പറഞ്ഞാല്‍ പിന്നെ വായിക്കാതിരിക്ക്യൊ?
ചാത്തനു വേദനിച്ചെങ്കിലും എഴുതി ചിരിച്ചല്ലൊ, ചിരിപ്പിച്ചല്ലൊ. വിവരണം കൊള്ളാം. ഏതായാലും ചെവി പശുതിന്നാഞ്ഞത് ഭാഗ്യം (പഴത്തൊലിപോലെ ഉലിഞ്ഞുപോന്നാല്‍ പിന്നെ എന്താ ചെയ്യാല്ലെ)

-സുല്‍

കുട്ടിച്ചാത്തന്‍ said...

സുല്‍ ചേട്ടാ: ഇവിടേം കടന്നതില്‍ ഒരുപാട് സന്തോഷം..
ഈ പോസ്റ്റ് ചാത്തനു ഒരു പാട് ഇഷ്ടാ..അന്നത്തെ ഒരു വിറയല്‍ ഇപ്പോഴും മാറീട്ടില്ല.. ഈ പോസ്റ്റ് 99.99% സത്യസന്ധമാ...

raa said...

ആരെടാ ചാത്തനിട്ട് എറിഞ്ഞതു...
പോട്ടെ ചാത്താ ഇനി ഏറുവരുമ്പൊള്‍ മാറിക്കളഞ്ഞാല്‍ മതി :)

ശ്രീ said...

ചാത്തന്‍ ഏറു കൊള്ളുന്നതിനാണോ ചാത്തനേറ് എന്നു പറയുന്നത്?

സംഗതി കൊള്ളാം...