Monday, January 15, 2007

സ്വപ്‌നത്തിന്റെ രഹസ്യം

ഹോ ഇന്നു മൂന്നാം ദിവസം ഒരേ സ്വപ്‌നം ഒരേ സമയം ഒരേ ഞാനും.

വല്ല ഭീകര സ്വപ്‌നവുമായിരുന്നു കണ്ടതെങ്കില്‍ വല്ലവരോടും പറയാനെങ്കിലും ഇത്തിരി ഗമയുണ്ടായിരുന്നു.ഇത്‌ വെറും ചീള്‌ സ്വപ്‌നം. ചുക്കിനും ചുണ്ണാമ്പിനും കൊള്ളൂല. പക്ഷേ ശല്യം "കലിപ്പുകള്‌ തീരണില്ലാലൊ" നാളെ രാവിലേം എന്റെ സ്വപ്‌നത്തില്‍ വന്ന് എന്റെ ഉറക്കം കളഞ്ഞിട്ടുണ്ടെങ്കില്‍ അതിനെ ഞാന്‍ ശരിയാക്കും.

പത്തിരുനൂറ്‌ രൂപേടെ സാധനം ഒന്നും അല്ലാലോ. പക്ഷേ കളഞ്ഞാലും സ്വപ്‌നം അതിന്റെ കൂടെ പോയില്ലെങ്കിലോ. കാശും പോവും കാശു വെറുതേ പോയതിന്റെ പേരില്‍ രണ്ടു ദിവസം ഉറക്കമേ വരാതാവുകയും ചെയ്യും.

അല്ല ഒന്നാലോചിച്ചാല്‍ കാര്യമായി ഉപദ്രവം ഒന്നുമില്ല.എന്നും എഴുന്നേല്‍ക്കുന്ന സമയത്തിന്റെ കുറച്ച്‌ മുന്‍പ്‌ മാത്രമേ ശല്യം വരൂ.ഞെട്ടിക്കഴിഞ്ഞാല്‍ അലാറം അടിക്കുന്നതു വരെ കിടക്കയില്‍ തന്നെ കിടക്കാവുന്നതേയുള്ളൂ. എന്നാലും അങ്ങനെയല്ലാലൊ ഇന്ന് നാലാം ദിവസം ആയി.

ഇതിനെപ്പറ്റി ആലോചിച്ച്‌ പകലുറക്കോം പോയിത്തുടങ്ങി. മതി വായനക്കാര്‍ക്കും മടുത്തുകാണും.സ്വപ്‌നത്തില്‍ കാര്യമായി ഒന്നുമില്ലാ. നമ്മളു പല്ല് തേയ്ക്കാനുപയോഗിക്കുന്ന ഒരു ബ്രഷ്‌ മാത്രം അതും ബ്രിസില്‍ ഉള്ള ഭാഗം കാണില്ല. കമ്പനീടെ പേരെഴുതിയ മറ്റേ അറ്റം മാത്രം. അതിങ്ങനെ സൂം ഇന്‍ ആന്‍ഡ്‌ ഔട്ട്‌ ചെയ്തോണ്ടിരിക്കും, മൂന്നാലു തവണയാവുമ്പോഴേയ്ക്കും ഞാന്‍ ഞെട്ടും.

വാങ്ങിയ അന്നു മുതല്‍ കാണാന്‍ തുടങ്ങിയതാ ഒടുക്കത്തെ സ്വപ്‌നം. ഇനി അതില്‍ വല്ല ഒറിജിനല്‍ ചാത്തനും കൂടിക്കാണുമോ എന്നിട്ടു സ്വന്തം പേര്‌ ചീത്തയാക്കുന്നതുകൊണ്ട്‌ എന്നോട്‌ വല്ല പ്രതികാരവും???

ഇനി തളത്തില്‍ ദിനേശന്‍ സ്റ്റൈല്‍ ഒന്ന് പരീക്ഷിച്ചാലോ, കാലം പുരോഗമിച്ച സ്ഥിതിക്ക്‌ ഇന്റര്‍നെറ്റില്‍ വല്ല മനഃശാസ്ത്രജ്ഞരും കാണുമോന്ന് തപ്പാം. അല്ലെങ്കില്‍ വേണ്ടാ വല്ലവരും കണ്ടാല്‍ പിന്നെ എനിക്കു തന്നെ ബ്ലോഗിലെഴുതാന്‍ പറ്റിയ ഒരു കഥയുണ്ടാക്കിക്കളയും.

എങ്ങനെയെങ്കിലും ഇതിനൊരു അവസാനമുണ്ടാക്കണമല്ലോ.
ഓര്‍മ്മ മുഴുവനായി ഒന്ന് റീവൈന്‍ഡ്‌ അടിച്ചു നോക്കാം.

ചെറുപ്പത്തിലെങ്ങാനും....
ഏയ്‌ ഇല്ല... പല്ലുതേയ്ക്കാന്‍ ഇന്നു വരെ മടികാണിച്ചിട്ടില്ല.
ആ ബ്രഷ്‌ വച്ച്‌ തല്ലും കിട്ടീട്ടില്ല.(തല്ലാന്‍ വേറെ എന്തൊക്കെക്കിടക്കുന്നു ഈ ഞാഞ്ഞൂല്‍ സാധനം ആര്‍ക്കുവേണം)
ഇനി പല്ല് തേയ്ക്കല്‍ പോരാ എന്ന് ദൈവം എങ്ങാനും ഓര്‍മ്മപ്പെടുത്താന്‍ വന്നതോ മറ്റോ???

അതെങ്ങനെ ശരിയാവും, പത്തു മിനിട്ടില്‍ കൂടുതല്‍ തേച്ചാല്‍ ഇനാമലൊക്കെ അടിച്ചു പോവില്ലേ? ഇനി അഥവാ അങ്ങനെ ആണെങ്കില്‍ ആ ബ്രിസിലുള്ള ഭാഗം ഒരു തവണ പോലും സ്വപ്‌നത്തില്‍ വന്നില്ലാലൊ? അപ്പോള്‍ അതല്ല കാര്യം.

എന്തോ ബ്രാന്‍ഡുകളില്‍ എനിക്കത്ര വിശ്വാസമൊന്നുമില്ലാത്തതു കൊണ്ട്‌ ഓരോ തവണയും ഓരോ ബ്രാന്‍ഡാ വാങ്ങുന്നതു എല്ലാം ടെസ്റ്റ്‌ ചെയ്യണ്ടെ. ഇത്തവണ വാങ്ങിയത്‌ അങ്ങനെ പേരുകേട്ട കമ്പനിയൊന്നുമല്ലാ. എന്നു വച്ചാല്‍ ഞാന്‍ അങ്ങനെ അധികം കേട്ടിട്ടില്ലാ.

'ജോര്‍ദ്ദാന്‍' അങ്ങനെ പ്രത്യേകതയൊന്നും ഇല്ലായിരുന്നു അതിന്‌, വെറും സീതാ സാതാ സാധാരണ ബ്രഷ്‌.ബ്രിസില്‍സിനു കുറച്ചു കട്ടിയുണ്ടെന്നു തോന്നുന്നു.എന്നാലും അങ്ങനെയൊന്നും കേള്‍ക്കാത്ത ഈ പേര്‌ എഴുതിയ ഭാഗം.. അല്ലല്ലാ കേട്ടു കേട്ടു ...

റബേക്കാ...റബേക്കാ...
അയ്യോ അങ്ങനെയല്ലാലൊ?
ഓ ശരി.. യുറേക്കാ... യുറേക്കാ...

അതു തന്നെ കാര്യം ഈ പേര്‌ ഞാന്‍ ഓര്‍ക്കുന്നുണ്ട്‌.

അതു ഒരു രാജ്യം മാത്രമല്ലേ? അതിലെന്താ പ്രത്യേകത? അല്ലാ വേറെ എന്തൊക്കെയോ തലയില്‍ മിന്നിമറയുന്നു. മാജിക്‌ ജോണ്‍സണ്‍.... മൈക്കല്‍ ജോര്‍ദാന്‍... വെറും ബാസ്കറ്റ്ബാള്‍ കളിക്കാര്‍ മാത്രം. അല്ലാ അല്ലാ അതു തന്നെ കിട്ടിപ്പോയീീ...

"മാജിക്‌ ജോര്‍ദ്ദാന്‍"......

മാജിക്‌ ജോര്‍ദ്ദാന്‍ ബ്രഷ്‌. ഇപ്പോള്‍ അതില്‍ മാജിക്‌ എന്നത്‌ ഇല്ലാന്നു മാത്രമേയുള്ളൂ. അതേ ബ്രഷ്‌ അതേ നിറം, വയലറ്റ്‌, അതു തന്നെ സംഭവം. ഏത്‌ നേരത്താണാവോ വയലറ്റ്‌ ബ്രഷ്‌ തന്നെ തിരഞ്ഞെടുക്കാന്‍ തോന്നിയത്‌?

പല്ല് തേയ്ക്കുമ്പോള്‍ നിറം മാറുന്ന മാജിക്‌ ജോര്‍ദ്ദാന്‍ ബ്രഷ്‌. പരസ്യം കണ്ട്‌ ആ ബ്രഷ്‌ തന്നെ വേണം പല്ലുതേയ്ക്കാനെന്നു പറഞ്ഞ്‌ ശാഠ്യം പിടിച്ചത്‌ ഇപ്പോള്‍ ഓര്‍മ്മവരുന്നു. എത്ര തേച്ചിട്ടും നിറം മാറാഞ്ഞ്‌ അതിന്റെ പേരെഴുതിയ അറ്റം ചൂടാക്കി നോക്കിയതും.

ഹോ ഒരു ചിന്ന വയലറ്റ്‌ ബ്രഷ്‌ എന്റെ നാലുദിവസത്തെ ഭീകര സ്വപ്‌നമായി വന്ന് എന്നോട്‌ പ്രതികാരം ചെയ്യുകയായിരുന്നു.

വാല്‍ക്കഷ്ണം:
രഹസ്യം ഞാന്‍ കണ്ടുപിടിച്ചതില്‍പ്പിന്നെ അത്‌ എന്നെ ശല്യം ചെയ്തിട്ടില്ല.അങ്ങനെ സ്വപ്‌നത്തിന്റെ രഹസ്യം സ്വപ്‌നത്തിലെ പ്രതികാരത്തിന്റെ അന്ത്യം കുറിച്ചു.

മാജിക് ജോര്‍ദ്ദാന്‍ ബ്രഷ്-- പല്ല് തേയ്ക്കുമ്പോള്‍ ആ ബ്രഷിന്റെ നിറം മാറുന്നതായി പരസ്യം ഉണ്ടായിരുന്നു, ഇത്തിരിയൊക്കെ ശരിയുമായിരുന്നു, വയലറ്റ് ബ്രഷ് ഒരു അഞ്ച് മിനിട്ട് കഴിഞ്ഞാല്‍ ബ്രിസില്‍‌സ് ഉള്ള ഭാഗം ഒരു നേരിയ പിങ്ക് നിറം ആകുമായിരുന്നു.

6 comments:

കുട്ടിച്ചാത്തന്‍ said...

ഒരു കുഞ്ഞൂഞ്ഞ് പോസ്റ്റ്.. പക്ഷേ നല്ല ചൂടാ ഇപ്പോള്‍ അടുപ്പീന്നെടുത്തതേയുള്ളൂ...

സു | Su said...

അയ്യേ... സ്വപ്നം കാണാന്‍ കണ്ട ഒരു വസ്തു. കുട്ടിച്ചാത്താ, വല്ല ദന്തിസ്റ്റിനേം ആയിരുന്നെങ്കില്‍ ഒരു രസമുണ്ടായിരുന്നു.

sandoz said...

ചാത്താ,
എന്നോടു ദ്വേഷ്യം ഒന്നും തോന്നരുത്‌.ഒരു സത്യം പറയട്ടെ......എനിക്കൊന്നും മനസ്സിലായില്ല.
മാഷ്‌ ബ്രഷിനെ സ്വപ്നം കണ്ടു എന്നുള്ളത്‌ ഒ.കെ, അതിനുള്ള ഹേതു ചാത്തനു പിടികിട്ടി എന്നുള്ളതും ഒ.കെ...പക്ഷെ എനിക്കൊന്നും പിടികിട്ടിയില്ല.

വിശദീകരിച്ചാല്‍ നന്നായിരുന്നു[പേടിക്കണ്ട ചാത്താ...വിശദീകരണം ഇപ്പോ ഒരു ഫാഷനാണു]

കുട്ടിച്ചാത്തന്‍ said...

സൂ ചേച്ചീ ചാത്തന്‍ സാധാരണ സ്വപ്‌നം കാണാറേയില്ല. നല്ല ഉറക്കമാ.ആഴമുള്ള ഉറക്കത്തില്‍ സ്വപ്‌നം ഉണ്ടാവില്ല. അപ്പോള്‍ പിന്നെ എന്ത് സ്വപ്‌നം കാണണമെന്ന് തീരുമാനിക്കുന്നതെങ്ങനാ?
sandoz ചേട്ടാ: വിശദീകരണം ചേര്‍ത്തിട്ടുണ്ട്. ഒരബദ്ധം പറ്റിയതാ സാധാരണ മൂന്നാമതൊരാളായി സ്വന്തം പോസ്റ്റ് വായിക്കാറുണ്ട്. വിശദീകരണം പോരെങ്കില്‍...
my phone number is 2255...:)

Anonymous said...

-ന്റെ കുട്ടീ,
എന്തു പറ്റീ?
-കൂടെയുണ്ടായിരുന്ന ചാത്തനെവിടെപ്പോയി?

സൂ, സാന്‍ഡോസ്,
കുട്ടിച്ചാത്തന്‍ ഇപ്പൊഴാ ഒന്നു നോര്‍മലായ ഒരു പോസ്റ്റിട്ടത്. അതില്‍കേറി പിടിക്കാതെ...

Anonymous said...

അല്‍പം വൈകിയാലും വന്നു.. വായിച്ചു..

Nousher