Sunday, August 05, 2007

ഇന്റര്‍ നാഷണല്‍ ചാരക്കേസ്‌

ഒരു ദിവസം രാവിലെ (എന്തിനാ ഒരു ദിവസമാക്കുന്നത്‌ എല്ലാ ദിവസവും രാവിലെ)

ടര്‍ണീം ടര്‍ണീം.....

ഹലോ?

ഡാ കുഞ്ഞാട്‌ വന്നിട്ടുണ്ടോ?

ഒന്ന് ഏന്തി വലിഞ്ഞ്‌ നോക്കിയശേഷം

ആ വന്നിട്ടുണ്ട്‌.

എന്താ ഡ്രസ്സ്‌?

വെള്ളേലു നീലപ്പൂക്കളുള്ള കുപ്പായം.

എന്നാല്‍ നീല ജീന്‍സാവും ഉറപ്പാ... അല്ലേ?

അതിപ്പോ ഞാനെങ്ങനെ കാണാനാ ഇരിക്കുവല്ലേ അതും അടുത്ത ക്യുബിക്കിളില്‍.

നിനക്കൊന്നെണീച്ച്‌ നോക്കിക്കൂടെ?

നിന്നോട്‌ ഞാന്‍ പല പ്രാവശ്യം പറഞ്ഞിട്ടൊണ്ട്‌ എനിക്കീ ചാരപ്പണി മാത്രല്ലാ പണീന്ന്. നേരാം വണ്ണം സ്വന്തായിട്ട്‌ വായിനോക്കാനറീല പിന്നെയാ വല്ലവര്‍ക്കും വേണ്ടി എവളുമാരൊക്കെ എത്തിയോ എന്താ ഡ്രസ്സ്‌ എന്നൊക്കെ നോക്കുന്നത്‌.

ഞാന്‍ അതേ കമ്പനിയിലായിരുന്നെങ്കില്‍ നിന്റെ സഹായം എന്റെ --- നു വേണം, ഒന്നു നോക്കി പറയെടാ ചെക്കാ.

ഡും..(ഫോണ്‍ വെച്ചതാ)

ലൈവ്‌ വിവരണത്തീന്ന് ഇനി കഥയുടെ ആമുഖം.

ചാത്തന്റെ കമ്പനീലെ ഒരു ബംഗാളീപ്പെണ്‍കിടാവിനോട്‌ തൊട്ടടുത്ത കമ്പനിയില്‍ വര്‍ക്കുന്ന കൂട്ടുകാരനു എന്തോ ഒരു ഇത്‌. ഉച്ചയ്ക്ക്‌ ഒരുമിച്ച്‌ ഭക്ഷണം കഴിക്കാന്‍ ഇത്തിരി ദൂരെയുള്ള മലയാളി ഹോട്ടലില്‍ അവന്റെ ശകടത്തിലാ പോകേണ്ടത്‌ എന്നതു കൊണ്ട്‌ ചാത്തന്‍ ത്രിശങ്കു സ്വര്‍ഗത്തിലും.

വണ്‍വേ ആയി ഓടിക്കോണ്ടിരിക്കുന്ന ഈ ശകടം സ്റ്റാന്റിലെത്തിക്കാന്‍ ദൂതനായി വര്‍ത്തിക്കാന്‍ ചാത്തനോട്‌ ആവശ്യപ്പെടാറില്ല. ആവശ്യപ്പെട്ടാല്‍ ശകടം പാതിവഴീല്‍ ബ്രേക്‌ക്‍ഡൗണാവുംന്ന് അവനറിയാം. ഇന്തകാര്യത്തില്‍ ചാത്തന്‍ അത്ര എക്സ്‌പര്‍ട്ട്‌ ആണല്ലോ!.(പൊളിച്ച്‌ കൈയ്യില്‍ കൊടുക്കൂലെ:)) ദിവസേന രാവിലെയുള്ള വാര്‍ത്ത വായന മാത്രാ ചെയ്തു കൊടുക്കുന്ന ആകെയുള്ള സഹായം. അതും പ്രധാന വാര്‍ത്തകള്‍ മാത്രം.കൂടുതല്‍ വിശദമായി വാര്‍ത്ത വായിക്കാന്‍ പറഞ്ഞാല്‍ ചാത്തന്‍ വയലന്റാകും. അതിലൊന്നാണ്‌ നമ്മള്‍ ലൈവായി കേട്ടത്‌.

ഇനി കഥയിലേക്ക്‌.

ഒരു സാധാ സായാഹ്നം.
ഫോണ്‍ ശബ്ദിക്കുന്നു.

എടാ കുഞ്ഞാടിറങ്ങിയോ?

ഇല്ല ഇവിടുണ്ട്‌.

ഇന്ന് ആറ്‌ മണീടെ ബസ്സിനാവും നീ ഒരു ഉപകാരം ചെയ്യുവോ.

ഇറങ്ങുമ്പോള്‍ വിളിച്ച്‌ പറയാം പോരേ.

അതല്ല നീ ഇന്ന് അവളുടെ കൂടെ ഇറങ്ങാവോ.

കുന്തം... വല്ലപ്പോഴും ഹലോ, ഗുഡ്‌മോണിംഗ്‌ എന്നു പറഞ്ഞിട്ടുണ്ടെന്നതല്ലാതെ സംസാരിക്കാന്‍ മാത്രം എനിക്ക്‌ പരിചയമില്ലെഡാ.

ഹിഹിഹി നീ സംസാരിച്ചോണ്ട്‌ കൂടെ ഇറങ്ങേണ്ട. പിന്നാലെ ഇറങ്ങി അവള്‍ കയറുന്ന ബസ്‌ നമ്പര്‍ എന്നെ ഫോണ്‍ വിളിച്ചറിയിച്ചാ മതി.

പിന്നാലെ നടക്കാനോ ഞാനോ! ഇറങ്ങുന്നെന്ന് വിളിച്ചു പറഞ്ഞാല്‍ നിനക്കു പോയി കണ്ടു പിടിച്ചൂടെ.

എടാ എന്നെയോ എന്റെ കൂടെയുള്ളവരെയോ കണ്ടാല്‍ അവള്‍ക്കു കാര്യം പിടികിട്ടും പിന്നെ അവളു വല്ല ടാക്സീം വിളിച്ചേ പോകൂ. നിന്നെയാകുമ്പോള്‍ സംശയം ഒന്നും തോന്നൂലാലോ.

[ഐടി പാര്‍ക്കില്‍ നിന്നും 6 മണിക്കും 8മണിക്കും ബാംഗ്ലൂരിന്റെ വിവിധഭാഗങ്ങളിലേക്ക്‌ ഐടി ജോലിക്കാര്‍ക്കായി ഗവണ്‍മന്റ്‌(BMTC) ബസ്‌ സര്‍വീസ്‌ ഉണ്ട്‌.ഈ സമയങ്ങളില്‍ സ്ക്കൂള്‍ വിട്ട മാതിരി ബസ്സ്‌ സ്റ്റേഷന്‍ മൊത്തം ആളുകള്‍ തിങ്ങി നിറഞ്ഞിരിക്കും. ചാത്തനു ഈ സര്‍വീസ്‌ കിട്ടിയില്ലെങ്കിലും അരമണിക്കൂര്‍ ഇടവിട്ടുള്ള പ്രത്യേക സര്‍വീസ്‌ ഉള്ളതോണ്ട്‌ ചാത്തനു തോന്നണ സമയത്ത്‌ ഓഫീസീന്നിറങ്ങാം]

പറ്റില്ല എനിക്കിന്ന് നേരത്തെ പോണം.

പ്ലീസ്‌ എടാ അത്രയ്ക്ക്‌ അത്യാവശ്യം ആയിട്ടാ നീ ജസ്റ്റ്‌ ആ ബസ്‌ നമ്പര്‍ എന്റെ മൊബെയിലിലോട്ട്‌ വിളിച്ച്‌ പറഞ്ഞാമതി.ഇതത്രേം വലിയ ആനക്കാര്യമൊന്നുമല്ലല്ലോ നിന്റെ അഭിമാനം അങ്ങുരുകിപ്പോവാന്‍.

അങ്ങനെ ഒരുപാട്‌ നിര്‍ബന്ധത്തിനുശേഷം ചാത്തന്‍ കേസ്‌ ഏറ്റെടുത്തു.

6 മണിയ്ക്ക്‌ മുന്‍പ്‌ തന്നെ ആറുവട്ടം ഫോണ്‍ വന്നു ആളവിടെതന്നെയില്ലേ, പിന്തുടരുന്ന കാര്യം മറക്കരുത്‌ എന്ന് ഓര്‍മിച്ചുകൊണ്ട്‌.

മരണമണി ആറാവാറായി. വംഗദേശപ്പെണ്‍കൊടി ബാഗും ഒക്കെയെടുത്തിറങ്ങി.കൂടെ അതേ പ്രൊജക്റ്റിലെ മറ്റൊരു വായനോക്കിയും, അല്‍പം പിറകിലായി ചാത്തനും. പിന്നാലെ ഒരുത്തന്‍ നടക്കുന്നത്‌ സ്വസ്ഥമായ പഞ്ചാരയടിക്ക്‌ തടസ്സമായതോണ്ടാവും പയ്യന്‍സ്‌ ഇടക്കിടെ തിരിഞ്ഞ്‌ ചാത്തനെ നോക്കുന്നുണ്ട്‌. ഇവനിത്രേം വേഗതപോരല്ലോ? ഇവനെന്താ ഞങ്ങളെ കടന്ന് മുന്നോട്ട്‌ പോയിക്കൂടെ എന്ന മുഖഭാവങ്ങള്‍ ചാത്തന്‍ എളുപ്പം വായിച്ചെടുത്തു.

അല്ലെങ്കിലും ബസ്‌ നമ്പര്‍ കണ്ടുപിടിക്കാന്‍ പിന്നാലെ നടക്കുന്നതെന്തിനാ?മുന്നില്‍ പോയി ബസ്സുകളുടെ അടുത്ത്‌ കാത്ത്‌ നിന്നാല്‍ പോരെ, ആള്‍ തിരക്കുണ്ടെങ്കിലും വരുന്ന വഴിയില്‍ നിന്നാല്‍ കാണാലോ അവിടെ വച്ച്‌ ബാക്കി പിന്തുടരാം. അങ്ങനെ ചാത്തന്‍ സ്വതസിദ്ധമായ വേഗത കൈവരിച്ച്‌ അവരെ കടന്ന് മുന്‍പില്‍ നടന്നു. ബസ്‌ സ്റ്റേഷന്റെ മുന്നിലെത്തിയപ്പോള്‍ ചാത്തന്‍ തിരിഞ്ഞു നിന്നു. അയ്യടാ പിന്നാലെ വന്നവരെ കാണാനില്ല!!! ഇതിനിടയില്‍ ഇവരെ ആരെങ്കിലും തട്ടിക്കൊണ്ടുപോയാ?

ദേ മൊബൈലു കിടന്നടിക്കുന്നു.
എടാ കണ്ടുപിടിച്ചാ?
ഇല്ല ഞാന്‍ അങ്ങോട്ട്‌ വിളിക്കാം.
.............
...................
ദേ അവന്‍ പിന്നേം വിളിക്കുന്നു.
കട്ട്‌ ചെയ്തു.

ദൈവമേ എത്രതവണ മൊബൈലു വിളിക്കുമ്പോള്‍ ഔട്ട്‌ ഓഫ്‌ റേഞ്ച്‌ ആയിപ്പോവുന്നു. ആവശ്യമുള്ളസമയത്ത്‌ ങേ ഹെ..

ബസ്സുകളോരോന്നായി അനങ്ങിത്തുടങ്ങി ഇനി ചാത്തനെങ്ങനെ കണ്ടുപിടിക്കും. ഓരോ ബസ്സിലും കയറി ഇറങ്ങ്വേ? ഛായ്‌ ലജ്ജാവഹം...
ദൈവമേ ഏറ്റും പോയല്ലോ.

പിന്നേം ഫോണ്‍...
എടാ ഒരു അബദ്ധം പറ്റി. കാര്യം എന്റെ കൈവിട്ട്‌ പോയി. പിന്നാലെ വന്ന ആളെ കാണാനില്ല.

നിന്നെയൊക്കെ ഈ കാര്യം ഏല്‍പിച്ച എന്നെവേണം തല്ലാന്‍. ഒരുപകാരം ചെയ്യാമെന്നേറ്റെടുത്ത്‌ ഇങ്ങനെ ആളെ വടിയാക്കരുത്‌. നിനക്കറിയോ വേറെ ആരെ ഏല്‍പ്പിച്ചാലും ഈ കാര്യം മണി മണിയായി ചെയ്തു തന്നേനെ.
ആത്മഗതന്‍--എന്നാപ്പിന്നെ ആ ആളെ അങ്ങേല്‍പ്പിച്ചാ പോരായിരുന്നോ എന്തിനാ എന്റെ കാലു പിടിച്ചത്‌---

ഉപകാരം ചെയ്യാന്‍ വന്നവനെ ചീത്തപറയുന്നത്‌ നന്ദികേടാവുമെന്ന ഒറ്റക്കാര്യം കൊണ്ടാ നിന്നെ ഞാന്‍ ചീത്ത പറയാത്തത്‌ *#$^$@%@^#$^!$&^.

-- ഇനി ഇതില്‍ കൂടുതല്‍ എന്നാ പറയാനാ---

ബസ്സുകള്‍ പോയിത്തുടങ്ങി ഞാനീ സൈഡില്‍ നിന്ന് നോക്കട്ടെ. നീ ഒന്ന് നിര്‍ത്ത്‌.

---അല്ല ചാത്തനെന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നേ ഏതേലും ഒരു ബസ്സിന്റെ നമ്പര്‍ പറഞ്ഞാല്‍ പോരെ.

അതന്നേ----

ടിക്‌ ടിക്‌ ടിക്‌ എടാ 5ബി.

തന്നേ!!! ടാങ്ങ്‌സ്‌ ടാ ബൈ ഞാനാ ബസ്സിനെ ഫോളോ ചെയ്യട്ടേ ബൈക്കില്‍, എവിടാ സ്റ്റോപ്പ്‌ എന്ന് കണ്ടു പിടിക്കണം.

അയ്യോ ഇവന്‍ പിന്തുടരാന്‍ റെഡിയായിരിപ്പായിരുന്നാ!!! പറഞ്ഞത്‌ കള്ളമാന്നറിയുമ്പോള്‍ നാളെ ചാത്തന്റെ പതിനാറും നാല്‍പ്പതും ഇവന്‍ ഒരുമിച്ച്‌ നടത്തും നാളെ ലീവെടുത്താലോ? 5 ബി എന്ന നമ്പറില്‍ ബസ്സ്‌ ഉണ്ടോ ആവോ!!!

സീന്‍ നമ്പര്‍ 2

ചാത്തന്‍ മുന്‍കൂര്‍ ജാമ്യം വാങ്ങും മുന്‍പെ...

എടാ ഇന്നലെ ആ ബസ്സിനെ അതിനെ ലാസ്റ്റ്‌ സ്റ്റോപ്പ്‌ വരെ പിന്നാലെ പോയി നോക്കി.
(അവന്റെ മുഖം കണ്ടിട്ട്‌ 5 ബി എന്ന ബസ്സും അതില്‍ നായികയും ഉണ്ടായിരുന്നു പക്ഷേ വേറെ എന്തോ എടാകൂടം ഇടയ്ക്ക്‌ പെട്ട ഭാവം!!!)

ഏതായാലും ചാത്തന്‍ സേഫായി.

എന്നാപ്പിന്നെ സേഫിന്റെ താക്കോലുകൂടിയിരിക്കട്ടെ.
ടെണ്ടുല്‍ക്കര്‍ ഇത്രേം കഷ്ടപ്പെട്ട്‌ സെഞ്ചുറി അടിക്കാന്‍ ശ്രമിച്ചിട്ടും ഇന്ത്യ ജയിച്ചോ? എന്ന് ചോദിക്കുന്ന ആകാംഷയോടെ "എന്നിട്ട്‌?"

ആ ലാസ്റ്റ്‌ സ്റ്റോപ്പിനു തൊട്ട്‌ മുന്‍പ്‌ വന്‍ ട്രാഫിക്‌ ജാം ആയിരുന്നു. അവളാ ജാമില്‍ പെട്ടപ്പോള്‍ ഇറങ്ങിപ്പോയിക്കാണണം, അതുവരെ ഞാനാ വാതിലിന്റെ സൈഡിലായിരുന്നു. ആ ലാസ്റ്റ്‌ ജാമിലു മറ്റേ സൈഡായിപ്പോയി.

ദൈവമേ നീ താന്‍ തുണ..അല്ലേല്‍ ദൈവത്തിനെന്താ ഇവിടേ പൂട്ട്‌ കച്ചോടം?

ബാംഗ്ലൂര്‍ ട്രാഫിക്കേ നിന്നെക്കൊണ്ടിങ്ങനേം ഒരു ഉപകാരം ഉണ്ടാവുംന്ന് ചാത്തന്‍ സ്വപ്നേപി നിരീച്ചില്യാ...!!!!

ചാത്തന്റെ തടി തല്‍ക്കാലം കയ്ച്ചിലാക്കി.ഇനി രണ്ടീസം ഫുള്‍ ഇരുന്ന് തിന്നാന്‍ ചെലവെടുക്കാംന്ന് പറഞ്ഞാലും ചാരപ്പണിക്കില്ലേ............

വാല്‍ക്കഷ്ണം:
പിന്നേം ചാരപ്പണിക്ക്‌ ആളെ എടുക്കേണ്ടി വന്നില്ല. എന്നുവച്ചാല്‍ രണ്ടാളും ലൈന്‍ വലിച്ചു. കണക്ഷന്‍ കൊടുത്തു.


പക്ഷേ വെവ്വേറെ പോസ്റ്റിലായിപ്പോയീന്ന് മാത്രം.

33 comments:

കുട്ടിച്ചാത്തന്‍ said...

ഫ്രന്റ് ഷിപ്പ് വീക്ക് സ്പെഷല്‍...

ഒരു ഫ്രന്റിനു വേണ്ടി ചാത്തനിത്രയല്ലേ ചെയ്തു കൊടുക്കാന്‍ പറ്റിയുള്ളൂ..

ഇനി ആര്‍ക്കാ ചാത്തന്റെ ഫ്രന്റാവണ്ടേ?

ഇടിവാള്‍ said...

എന്നുവച്ചാല്‍ രണ്ടാളും ലൈന്‍ വലിച്ചു. കണക്ഷന്‍ കൊടുത്തു.


പക്ഷേ വെവ്വേറെ പോസ്റ്റിലായിപ്പോയീന്ന് മാത്രം. ithu kalakki ;)


Thenga ente vaka

സാല്‍ജോҐsaljo said...

രണ്ടും രണ്ടു വഴിക്കാക്കി ല്ലേ?

കൊള്ളാം... :D

ന്നാപ്പിന്നെ സൌഹൃദ ദിനാശംസകളും ഇരിക്കട്ടെ....

ഓ.ടോ.: ചാത്തനുംവലിക്കണ്ടേ ഒരു കണക്ഷന്‍.?!!

KuttanMenon said...

എന്നുവച്ചാല്‍ രണ്ടാളും ലൈന്‍ വലിച്ചു. കണക്ഷന്‍ കൊടുത്തു.
പക്ഷേ വെവ്വേറെ പോസ്റ്റിലായിപ്പോയീന്ന് മാത്രം.
ഇതു കലക്കി..::‌)

ദില്‍ബാസുരന്‍ said...

ചാത്താ കലക്കി മോനേ (നിന്നെക്കൊണ്ട് പത്ത് പൈസേടെ ഉപകാരം ആര്‍ക്കെങ്കിലും ഉണ്ടോ? തട്ടുകടയില്‍ വരെ പറ്റല്ലേ?)

നിനക്ക് ഹെല്‍പ്പ് വേണം എന്ന് തോന്നുമ്പോള്‍ നീ എന്നെ വിളി. ബാംഗ്ലൂരില്‍ നമ്മടെ ചില പയ്യന്‍സ് ഇപ്പോഴും ഉണ്ട്. ഭയങ്കര ആത്മാര്‍ത്ഥതയാ ഈ വക കാര്യത്തില്‍. ഇന്ദിരാനഗറില്‍ ഇറങ്ങുന്ന ചുവന്ന പാവാടക്കാരിയെ നോക്കാന്‍ പറഞ്ഞാല്‍ ആ ഏരിയായിലെ മൊത്തം ചുവന്ന പാവാടക്കാരികളെ മാര്‍ക്ക് ചെയ്ത് തരും. (പിന്നെ അതില്‍ നിന്ന് നമ്മുടെ പാവാടയെ കിട്ടാന്‍ ഇരട്ടി പണിയാവും എന്ന് മാത്രം)

കുതിരവട്ടന്‍ :: kuthiravattan said...

:-)

കൊച്ചുത്രേസ്യ said...

ചാത്തനിടപെട്ടപ്പഴേ ഞാന്‍ വിചാരിച്ചതാ ഇതു രണ്ടു പോസ്റ്റില്‍ ചെന്നു മുട്ടുമെന്ന്‌.അവനവനെ കൊണ്ട്‌ ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ഏറ്റെടുത്താല്‍ പോരേ. കഴിഞ്ഞ ജന്മത്തിലെ ശത്രുക്കളാ ഈ ജന്മത്തിലെ ഫ്രണ്ടുക്കളായി ജനിക്കുന്നതെന്നതിന്‌ ഇതു തന്നെ ഉദാഹരണം.

വിവരണം കലക്കി :-)

വക്കാരിമഷ്‌ടാ said...

ചാ‍ത്തനിട്ടേറ്: ഇന്റര്‍‌ നാറ്റിക്കല്‍ ചാത്തന്‍‌കേസ് കൊള്ളാം :)

അഞ്ചല്‍കാരന്‍ said...

ഉത്തരവാദിത്തം വേണം, ഉത്തരവാദിത്തം.

ആവനാഴി said...

സര്‍ ചാത്തന്‍,

ഒരു കാര്യം ഏല്‍പ്പിച്ചാല്‍ അതു നേരെ ചൊവ്വേ ചെയ്യണം. ചെയ്യാന്‍ പറ്റൂല്ലെങ്കില്‍ അതു നേരെ പറയുക.“ദേ എനിക്കീ പണിക്കു കഴിവു പോരാ.കോളേജില്‍ ചേര്‍ന്നു ഈ വിദ്യകളൊക്കെ പഠിച്ചു വന്നിട്ട് ഞാന്‍ ശരിയാക്കി തരാം” എന്നെന്തുകൊണ്ടു പറഞ്ഞില്ല? ഏറ്റവും മുമ്പില്‍ കേറി നടന്നപ്പോള്‍ പുറകിലുള്ളവര്‍ വേറെ വല്ല ഊടുവഴിക്കും പോയേക്കാം എന്നു എന്തുകൊണ്ടു തോന്നിയില്ല?

I am totally disapponted in you.

സസ്നേഹം
ആവനാഴി

SAJAN | സാജന്‍ said...

ചാത്തനെയേറ്:‌
ഇതു കലക്കി, ദുഷ്ടന്‍ ചാത്താ,ആ വംഗനാട്ട് കാരി ദേബാശിഷ് സര്‍ക്കാര്‍ എന്ന പെണ്ണിനെ നീ ട്രൈ ചെയ്യുന്നു എന്നല്ലേ ഒരിക്കല്‍ ചാറ്റ് ചെയ്തപ്പോള്‍ എനിക്കെഴുതിയത്,
ഹൊ! അതാവും അവസാനം രണ്ടാളും വേറെ വേറെ പോസ്റ്റില്‍ ലൈന്‍ വലിച്ചു എന്നെഴുതിയത് അല്ലേ,
എഴുത്തൊക്കെ അടിപൊളി പക്ഷേ, ഇതും കൂടെ എഴുതണമായിരുന്നു
എനിവേ ഓള്‍ ദ ബെസ്റ്റ്!!!!
(ഞാന്‍ ഒരാഴ്ച കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യുന്നില്ല, വീട് മാറുന്നു)

G.manu said...

Friendship special chayayum vatayum gambheeram

കുട്ടിച്ചാത്തന്‍ said...

വാളേട്ടോ തേങ്ങയ്ക്ക് നന്ദി.
സാല്‍ജോ ചേട്ടോ: നമ്മളെക്കൊണ്ടിത്രേം സഹായേ പറ്റൂ. ആ ഓടോ നുള്ള മറുപടി പരസ്യമായി പറയാന്‍ പറ്റൂല..എത്രയോ ആ‍രാധികമാരു നിരാശപ്പെടും.;)

മേനോന്‍ ചേട്ടോ: അതെ അങ്ങനെ തന്നെ അതു കലക്കി കൊളമാക്കി.

ദില്‍ബൂ: അതിലൊരു ചുവന്ന പാവാടക്കാരീടെ ആങ്ങളമാര് മഞ്ഞ ഷര്‍ട്ടും മഞ്ഞയില്‍ ചുവന്ന കുത്തുള്ള പാന്റുമിട്ട് ഒരു പൂവും കയ്യില്‍ പിടിച്ച് നില്‍ക്കുന്ന ആ പരിസരത്തുള്ള എല്ലാ സുന്ദരന്മാരെയും മാര്‍ക്ക് ചെയ്തപ്പോഴല്ലേ ഗള്‍ഫിലെ മലയാളി ബ്ലോഗര്‍ അംഗബലം കൂടിയത്?

കുതിരവട്ടന്‍ ചേട്ടോ നന്ദി.
ത്രേസ്യാകൊച്ചേ: കൊച്ചപ്പോള്‍ കഴിഞ്ഞ ജന്മത്തില്‍ അഡോള്‍ഫ് ഹിറ്റ്ലറായിരുന്നാ?

വക്കാരിസാന്‍: നന്ദി.
അഞ്ചല്‍ചേട്ടോ:വേറേതു കാര്യത്തിലും ഉണ്ടായാല്‍ പോരെ ഈ പറഞ്ഞ ഉത്തരവാദിത്വം.

ആവനാഴിമാഷേ:: ഒരാളെക്കൊണ്ട് ചെയ്യാന്‍ പറ്റൂലാന്ന് ഉറപ്പുള്ള കാര്യം ചെയ്യാനേല്‍പ്പിക്കുന്നവരെയല്ലേ പറയേണ്ടത്?

“പുറകിലുള്ളവര്‍ വേറെ വല്ല ഊടുവഴിക്കും പോയേക്കാം എന്നു എന്തുകൊണ്ടു തോന്നിയില്ല“--- എന്തു ചെയ്യാം അനുഭവക്കുറവ് അല്ലാതെന്ത്...

സാജന്‍ ചേട്ടോ : ആ പേര് പെണ്ണുങ്ങള്‍ക്കുള്ളതല്ലാട്ടാ..ദേബാശിഷ് മൊഹന്തി കേട്ടിട്ടില്ലേ?
അടുത്ത ആഴ്ച ഓണ്‍ ചെയ്യുമല്ലോ--“അടുത്ത വര്‍ഷമുണ്ടല്ലോ?“ ടോണില്‍-- കട് : ജഗതി ഇന്‍ യോദ്ധാ

ശ്രീ said...

ചാത്താ...
ഹിഹി... അങ്ങനെ അതൊരു വഴിക്കാക്കിയപ്പോള്‍ ഒരു സന്തോഷം തോന്നുന്നുണ്ടല്ലേ?
സത്യം പറയ്... ഇനിയും ലൈവ് ടെലകാസ്റ്റ് നടത്താത്തിരിക്കാനല്ലേ രണ്ടു പേരെയും രണ്ട് പോസ്റ്റിലാക്കിയത്???

പിന്നെ, സാജന്‍ ചേട്ടന്റെ കമന്റും കലക്കി.

ഇത്തിരിവെട്ടം said...

വേവ്വേറെ പോസ്റ്റില്‍... നീ ആ ദില്‍ബനെ വിളി.

:) :) :)

ജാസു said...

tyഓ എന്തൊരു ഉപകാര മനസ്കതയുള്ള മനുഷന്‍...:)

അഗ്രജന്‍... said...

“...ഇന്തകാര്യത്തില്‍ ചാത്തന്‍ അത്ര എക്സ്‌പര്‍ട്ട്‌ ആണല്ലോ!.(പൊളിച്ച്‌ കൈയ്യില്‍ കൊടുക്കൂലെ:))...”

ചാത്താ... മുന്‍കൂര്‍ ജാമ്യം എടുത്തോണ്ട് കൊയപ്പമില്ല...

ആ... പിന്നേയ് ഞാനൊരാളെ ചൂണ്ടിക്കാണിച്ച് തരാം... അവന്‍/ള്‍ കേറുന്ന ബ്ലോഗ് ഏതൊക്കെയാണെന്നൊന്ന് നോക്കിയേക്കണേ - ഹേയ്... ഇതതിനല്ല... ആ വഴി പോവാണ്ടിരിക്കാനാ :)

Dinkan-ഡിങ്കന്‍ said...

ഇത്രയ്ക്ക് വൃത്തികെട്ട കഥ ഞാനെന്റെ ആയുസ്സില്‍ വായിച്ചിട്ടില്ല. അത്ര മോശം.

(ദൈവമേ ബ്ലോഗില്‍ ഇങ്ങനെ ഒരു കമെന്റ് വന്നാല്‍ ഒരു ബ്ലോഗെര്‍ എങ്ങനെ പ്രതികരിക്കും എന്നറിയാനുള്ള ടെസ്റ്റ് ആണേ)

കൃഷ്‌ | krish said...

ഇനി അഥവാ ലൈന്‍ ശരിക്കും ഉള്ള പോസ്റ്റില്‍ കെട്ടിയാലും ഫ്യൂസ് ഊരണം എന്ന് കരുതിയിരിക്കയായിരുന്നില്ലേ ചാത്താ..
മോഹം നടക്കാതെയായല്ലേ.
ഇതാണ് ഫ്രണ്ട്ഷിപ്പ് വീക്കില്‍ ചാത്തന്റെ വക ഫ്രണ്ടിനുള്ള “വീക്ക്‌“.

സുനീഷ് തോമസ് / SUNISH THOMAS said...

ഒരുമാതിരി പോക്രിത്തരമായിപ്പോയി.
ചാത്തനിനി ഇതൊക്കെ എന്നാ പഠിക്കുക? അവരു രണ്ടുപേരും കണക്ഷനെടുത്ത സ്ഥിതിക്ക് കൂടുതല്‍ പ്രതികരിക്കുന്നില്ല.

വായിച്ചെത്താന്‍ വൈകി.
നല്ല പോസ്റ്റ്. രസികന്‍.

കുട്ടിച്ചാത്തന്‍ said...

മനുച്ചേട്ടോ നന്ദി.
ശ്രീക്കുട്ടാ പറഞ്ഞത് കേട്ടാല്‍ വെവ്വേറെ പോസ്റ്റിലാക്കിയത് ചാത്തനാണെന്ന് തോന്നൂലോ.

ഇത്തിരിമാഷേ: എന്നിട്ട് വേണം ചാത്തനേം നാട്ടുകാര് കടലു കടത്താന്‍.
ജാസൂട്ടീ: തന്നെ തന്നെ ഇനി ആര്‍ക്കാ ഉപകാരം ചെയ്യേണ്ടേ?

അഗ്രൂ: തല്ലു വാങ്ങിത്തരാനുള്ള അടവാ അല്ലേ?
ഡിങ്കോ: അത് ശരി അപ്പോള്‍ ഇവിടെ ആദ്യായിട്ടാ അല്ലേ? ചാത്തന്റെ പഴയ പോസ്റ്റൊന്നും വായിച്ചിട്ടില്ലേ!!

കൃഷ് ചേട്ടോ: ഫ്രണ്ട് വീക്കാത്തതു ഭാഗ്യം.
സുനീഷേ: ഭരണങ്ങാനത്തെങ്ങാന്‍ ജനിച്ചാ മതിയായിരുന്നു. എന്നാല്‍ ഒരു മൂന്ന് വയസ്സാവുമ്പോഴേക്ക് ഇക്കാര്യത്തിലൊക്കെ ഒരു ഡിഗ്രി എടുക്കാമായിരുന്നു അല്ലേ?

ഏറനാടന്‍ said...

ചാരം വാരാന്‍ ആളെയെടുക്കുന്നുവെന്നുകേട്ടു. ഹ ഹ ഹ കൊള്ളാംട്ടാ..

Rajeesh || നമ്പ്യാര്‍ said...

ചാത്തന്‍സേ !
:-)

ഉണ്ണിക്കുട്ടന്‍ said...

ഡാ ചാത്താ ഇതു പോലൊരുത്തന്റെ കൂടെ എനിക്കും പോകേണ്ട് വന്നിട്ടുണ്ട്. അവന്‍ അവളെ എല്‍.കെ.ജി മുതല്‍ പ്രേമിക്കുവാ. അവാള്‍ ചേരുന്ന് സ്കൂളില്‍, കോളേജില്‍ എല്ലായിടത്തും അവനും ചേരും.പക്ഷെ ഇതു വരെ അവളുടെ മുന്‍പില്‍ ചെല്ലുകയോ ഒരക്ഷരം മിണ്ടുകയോ ചെയ്തിട്ടില്ല. അവള്‍ക്ക് ഇതറിയുകയുമില്ല. ആ അത്മാര്‍ഥത് കണ്ടു ഞാനും അവന്റെ കൂടെ അവള്‍ക്ക് എസ്കോര്‍ട്ടു പോയി. അവളറിയാതെ ഒരു 20 മീറ്റര്‍ പിന്നില്‍ ബസ് സ്റ്റോപ്പു വരെ. അവള്‍ കേറിയ ബസ് വിട്ടതും അവനു പിന്നേം അവളെ കാണാന്‍ തോന്നീത്രേ..എന്നേം വലിച്ചോണ്ടവന്‍ ആ ഓടുന്ന ബസില്‍ ചാടി കേറി. ആത്മപ്രണയത്തിന്റെ രക്ത്സാക്ഷി ആവാതെ അന്ന് രക്ഷപെട്ടത് ഭാഗ്യം കൊണ്ടു മാത്രമായിരുന്നു

Sunil M V said...
This comment has been removed by the author.
കുട്ടന്‍സ്‌ | S.i.j.i.t.h said...

കുട്ടന്‍സേറ് (ഇരിക്കട്ടെ ഒരു പേറ്റന്റ് എനിക്കും..):

ചാത്താ..ചതിയാ..ദുഷ്ടാ....$@#5$432^@#@#@^#

ഇങ്ങിനെയാണോ ഒരു ഫ്രണ്ടിനെ സഹായിക്കുന്നെ...
എങ്ങിനെ നിങ്ങളെ ഒക്കെ വിശ്വസിച്ചൊരു കാര്യമേപ്പിക്കും..ഛേ മോശം..ലജ്ജാവഹം..ജുഗുപ്സാവഹം....ഒരു വക ബര്‍ളിത്തരമായില്ലേ ചാത്താ ഇത്..ഛേ..

അതുപോട്ടെ ആ പെണ്ണിപ്പൊളും കമ്പനീലുണ്ടോ..
പണ്ടേ എനിക്ക് ബംഗാളികളെ വല്യ ഇഷ്ടമാ..( ഒരു ക്യൂബാ മുകുന്ദന്‍ സ്റ്റൈല്‍..) ചാത്തന് ഞാനൊരു ചാന്‍സൂടെത്തരാം..

ഒ.ടോ : അപ്പൊ, അവന്‍ എന്നുള്ളിടത്ത് ചാത്തന്‍ എന്നു മാറ്റി വായിക്കണോ, വേണ്ടയോ..

സുനീഷ് തോമസ് / SUNISH THOMAS said...

കുട്ടന്‍സേ,
എനിക്കപ്പോഴേ സംശയമുണ്ടായിരുന്നു. ഇപ്പോള്‍ അതു മാറിക്കിട്ടി.
സ്വന്തം കഥയാ.. ഏതോ പാവത്തിന്‍റെ മണ്ടയ്ക്ക് അടിച്ചു വച്ചിരിക്കുവാ..
ചാത്താ പോയതു പോട്ടെ, ബംഗാളി പോയാല്‍ നേപ്പാളിയെങ്കിലും വരും. വരാതിരിക്കില്ല!!

കുട്ടിച്ചാത്തന്‍ said...

ഏറനാടാന്‍ ചേട്ടോ, Rajeesh ചേട്ടോ നന്ദി,

ഉണ്ണിക്കുട്ടോ ആല്‍മാര്‍ത്തത കൊള്ളാം
സുനില്‍ നന്ദി, ടാലന്റുണ്ടോന്നൊക്കെ പറയാന്‍ ചാത്തനാളല്ലാട്ടോ(ആദ്യം എനിക്കുണ്ടോന്ന് കണ്ട് പിടിക്കട്ടെ)

കുട്ടന്‍സേ ദുഷ്ടാ ഇല്ലാ വചനം പറഞ്ഞുണ്ടാക്കുന്നോ..
കേട്ടപാതി കേള്‍ക്കാത്ത പാതി ദേണ്ടേ ഒരുത്തന്‍ നേപ്പാളി തല്ലിപ്പൊളിന്നൊക്കെ പറഞ്ഞ് വന്നേക്കുന്നു..

ബാജി ഓടംവേലി said...

ക്വ്ക്ഷ്ശ്വ്ക് ഗ്ദ്ഗ് ദ്ഗ് ഗ്സ്ദ്

Murali Menon (മുരളി മേനോന്‍) said...

ഞാന്‍ തിരക്കുപിടിച്ച് പോസ്റ്റ് ചെയ്യുകയും, പിന്നെ മറുമൊഴികളില്‍ ഒരോട്ടപ്രദക്ഷിണം നടത്തി കുറച്ചു വായന - ഇതിനിടയില്‍ ചാത്തന്‍ വിക്രിയകള്‍ കാണാന്‍ മറന്നു പോയി. ഇന്ന് കാലത്തു തന്നെ ചാത്തനേറിന്റെ ഉറവിടം തേടി പോകുകയും കാണുകയും ചെയ്തു. സ്റ്റൈലന്‍ ശൈലിയില്‍ രസകരമായ് എഴുതിയ കാര്യങ്ങള്‍ വായിച്ചിരിക്കാന്‍ ബഹുരസം. പഴയ താളുകളിലേക്ക് താമസിയാതെ മുങ്ങാംകുഴിയിടാം.

alappuzhakaran said...

:)

സതീശ് മാക്കോത്ത് | sathees makkoth said...

രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്പിച്ചതും പാല്‍!


satheesan & asha

കുട്ടിച്ചാത്തന്‍ said...

ബാജിച്ചേട്ടോ തെറിവിളിച്ചതാണോ?
ആലപ്പുഴക്കാ‍രന്‍‌ചേട്ടോ :)

സതീഷേട്ടോ ആഷേച്ചീ ഇത് മൊത്തം തട്ടിപ്പാരുന്നു ട്ടാ :)

നന്ദി..