Tuesday, March 13, 2007

ഒരു യാത്രയില്‍ നിന്ന്-- എപ്പിഡോസ്‌ - 1

ചരടുവലികള്‍ക്കും കസേരകളികള്‍ക്കുമൊടുവില്‍ ചാത്തനു ചണ്ഡീഗഡ്‌ പോയി കമ്പനിയെ സേവിക്കാന്‍ നറുക്ക്‌ വീണു.

ഒരുകാലത്ത്‌ വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞ്‌ നടന്നിരുന്ന സ്ഥലത്തേക്കാണ്‌ സീമന്ത(അതോ വെറും മന്തനെന്നായിരുന്നോ അമ്മേടെ വിചാരം)പുത്രനെ പറഞ്ഞയക്കേണ്ടത്‌ എന്നോര്‍ത്ത്‌ മാതൃഹൃദയം വേവലാതി പൂണ്ടു.

ഇള്ളക്കുട്ടിയായി ഇത്രേം കാലം കഴിഞ്ഞതല്ലേ ഈ പ്രായത്തിലാ ലോകസഞ്ചാരം നടത്തി ജീവിക്കാന്‍ പഠിക്കുക എന്ന് ശരീരിയായി രക്ഷക്കെത്തിയ താതവാക്യം ശിരസ്സാവഹിച്ച്‌ ഒരു കോണ്‍ക്രീറ്റ്‌ വനവാസത്തിനായി ചാത്തന്‍ മരവുരി സെലക്ട്‌ ചെയ്തു.

എല്ലാ മുതിര്‍ന്ന ബന്ധുക്കളുടേയും കാലും, കാലം ചെയ്തവരുടെ ശവകുടീരങ്ങളിലും തൊട്ട്‌ തൊഴുത്‌, പിന്നില്‍ വീണ കണ്ണീര്‍പ്പൂക്കളെ കണ്ടില്ലെന്ന് നടിച്ച്‌, വണ്ടി കയറാനായി തിരിച്ച്‌ ജോലിസ്ഥലമായ അനന്തപുരിയിലേക്ക്‌.

പുറമേ ധൈര്യം അവലംബിച്ചെങ്കിലും ഒരു പാവം നാട്ടിന്‍പുറത്തുകാരന്റെ ഹൃദയം ഏത്‌ സൂപ്പര്‍ ഫാസ്റ്റ്‌ ട്രെയിനിനേക്കാളും വേഗത്തില്‍ മിടിച്ചുകൊണ്ടിരുന്നു.

നാട്ടില്‍ നിന്നും അനന്തപുരിയിലേക്കുള്ള യാത്രക്കിടയില്‍, ഒരു മഹദ്‌ കാര്യവും ചെയ്യാത്ത, തിരിച്ചു വന്നില്ലെങ്കില്‍ ഒരാളും ഓര്‍ക്കാത്ത(വീട്ടുകാരൊഴിച്ച്‌), തനി മലയാളിച്ചെക്കന്റെ കണ്ണുകള്‍ സജലങ്ങളായി. സഹയാത്രികര്‍ കാണും മുന്‍പ്‌ മുകളിലുള്ള ബെര്‍ത്തില്‍ മുഖം പൂഴ്‌ത്തി. ഇത്തിരിപ്പോന്ന ജീവിതത്തിനിടെ തെറ്റ്‌ ചെയ്തവരോടെല്ലാം മനസാ മാപ്പപേക്ഷിച്ചു. താഴെയിറങ്ങി അരണ്ട വെളിച്ചത്തില്‍ പിന്നോട്ടോടിപ്പോവുന്ന പ്രിയ നാടിനെ നിറഞ്ഞ മിഴികള്‍ തുടച്ച്‌ കൊതി തീരെ കണ്ടു.

കൂടണയാന്‍ തിരക്കിട്ട്‌ പോവുന്ന പക്ഷിക്കൂട്ടങ്ങള്‍, അവസാന ഗോളും പ്രതീക്ഷിച്ചിരമ്പുന്ന ഫുട്ബാള്‍ ഗ്രൗണ്ടുകള്‍, ദൂരെയെങ്ങോ നേര്‍ത്ത അലയായി അവസാനിച്ച ബാങ്കുവിളി, സായാഹ്ന സൂര്യനും ഒരിളം കാറ്റും എല്ലാര്‍ക്കും ഒരേ ചോദ്യം മാത്രം ഞങ്ങളെ വിട്ട്‌ പോവുകയാണോ?

ജീവിതം കരുപ്പിടിപ്പിക്കാന്‍ സ്വജനങ്ങളെ വേര്‍പിരിഞ്ഞ്‌ കടലുകടക്കുന്ന മലയാളിയുടെ ആത്മവിശ്വാസം ചാത്തന്റെ രക്ഷക്കെത്തില്ലാ കാരണം വേണമെന്ന് വച്ചാല്‍ ഈ ജോലിയുപേക്ഷിച്ച്‌ അനന്തപുരിയില്‍ തന്നെ പുതിയതൊന്ന് കണ്ടെത്തിക്കൂടെ എന്ന മാതൃ വചനങ്ങള്‍.

ഇല്ലാ വച്ചകാല്‍ പിന്നോട്ടെടുക്കില്ലാ.

ഒരു രക്ഷിതാവിന്റെ സ്വാതന്ത്ര്യത്തോടെ, അനന്തപുരിയില്‍ ചാത്തന്റെ കൂടെ താമസിച്ചിരുന്ന തലനരച്ച അഭ്യുദയകാംക്ഷി മുന്നോട്ട്‌ വച്ച"ഞാന്‍ വേറെ എവിടെയെങ്കിലും ഒരു ജോലി ശരിയാക്കിത്തരാം" എന്ന വാഗ്ദാനം മനസ്സില്ലാമനസ്സോടെ നിരസിക്കുമ്പോഴും ഒരു പ്രതീക്ഷയുണ്ടായിരുന്നു.അവസാന നിമിഷം നീ പോവേണ്ടാ എന്ന് കമ്പനീന്ന് പറയുമെന്ന്.

ഔദാര്യങ്ങള്‍ വാങ്ങാന്‍ ചാത്തന്റെ ദുരഭിമാനം സമ്മതിക്കാറില്ലാ.

നാളെ ഉച്ചയ്ക്ക്‌ മുന്‍പാണ്‌ ട്രെയിന്‍.
സമ്മതം വാങ്ങാനും എല്ലാരേം ഒന്നൂടെ കാണാനും നാട്ടില്‍ പോകുന്നതിനു മുന്‍പ്‌ സാധനങ്ങളെല്ലാം പാക്ക്‌ ചെയ്തതോണ്ട്‌ ഇനി നാളെ എത്തീട്ട്‌ തിരക്കൊന്നുമില്ല. ഉച്ചയ്ക്ക്‌ മുന്‍പ്‌ എപ്പോളെങ്കിലും ഓഫീസില്‍ പോയി ഡല്‍ഹിക്കുള്ള ടിക്കറ്റ്‌ വാങ്ങണം. കൂടെ വരുന്ന കൂട്ടുകാരന്‍ സ്റ്റേഷനിലെത്തിക്കോളാമെന്നാ പറഞ്ഞത്‌.

ആരോ വരുന്നുണ്ട്‌. ഒരു പെണ്ണാണെന്ന് തോന്നുന്നു. നിളയെന്നോ നിദ്രയെന്നോ. രണ്ട്‌ കണ്ണും അടച്ചേക്കാം.

--------------------
ഒരുപക്ഷേ ജീവിതത്തിലവസാനമായി അനന്തപുരിയിലേക്ക്‌.

ഓഫീസിലേക്ക്‌ ഒരു പത്ത്‌ മണിക്ക്‌ പോയാല്‍ മതിയോ. വേണ്ട സാധാരണ പോലെ പോണം, എന്നാലേ അമ്മയുടെ ഇരുവശത്തും തൂങ്ങി നഴ്‌സറീല്‍ പോവാന്‍ എതിരേ വരുന്ന ആ രണ്ട്‌ ഇരട്ടക്കുരുന്നുങ്ങളോടും, കോലായിലിരുന്ന് പത്രം വായിച്ചോണ്ട്‌ വഴിയേ പോവുന്നവരുടെ കണക്കെടുക്കുന്ന അപ്പൂപ്പനോടും, കുളിച്ച്‌ കുറിതൊട്ട്‌ വന്ന് വര്‍ക്ക്ഷോപ്പിലെ കരിപുരണ്ട കുപ്പായത്തിനുള്ളില്‍ കയറി എന്നും കൃത്യമായി ഒരു ചിരി തിരിച്ച്‌ തരാറുള്ള പയ്യന്‍സിനോടും, പരിചയം ഒരു ചിരിയില്‍ നിലനിര്‍ത്തുന്ന മറ്റു പല നമ്രമുഖങ്ങളോടും അവസാനമായി ചിരിക്കാന്‍ (ഇന്നിപ്പോള്‍ ചിരിച്ചു കാണിക്കാന്‍) പറ്റൂ.

പണ്ടെങ്ങോ കയറിക്കൊന്ന ഒരു പട്ടീടെ ശബ്ദത്തിന്റെ മിമിക്രി കാണിച്ച്‌ കൊണ്ട്‌ ഒരു ബസ്സ്‌, റോഡ്‌ മുറിച്ച്‌ കടന്നുകൊണ്ടിരുന്ന ചാത്തന്റെ സമീപം സഡന്‍ ബ്രേക്കിട്ടു. തലേന്ന് ഇറക്കിയത്‌ പുളിച്ച്‌ തികട്ടുന്ന മുഖഭാവവുമായി പുറത്തേക്ക്‌ തല നീട്ടിയ ഡ്രൈവറുടേയും ചാത്തന്റെയും കണ്ണുകള്‍ തമ്മിലിടഞ്ഞു. കൂടുതല്‍ വല്ലതും പറഞ്ഞാല്‍ ഇവന്‍ ഈ വണ്ടിക്ക്‌ തന്നെ അടവച്ച്‌ ചത്ത്‌ കളയുമെന്ന് തോന്നിയ കൊമ്പന്‍ മീശ കടന്നുപോകാന്‍ കൈ കാണിച്ചുകൊണ്ട്‌ ഉള്ളിലേക്ക്‌ വലിഞ്ഞു.

വിടപറയുമ്പോള്‍ പലരും വിങ്ങിപ്പൊട്ടി(ച്ചിരിച്ചു).
"വണ്ടിക്ക്‌ സമയമായില്ലേ" എന്ന ചോദ്യം "ശല്യം ഒഴിവാകാനായില്ലേ" എന്ന് ചാത്തന്റെ ചെവി തര്‍ജമ ചെയ്തു മടുത്തു.

പരമാവധി ബാംഗ്ലൂര്‌ വരെ മാത്രം പോയിട്ടുള്ള ചാത്തന്റെ ജീവിതത്തിലെ ആദ്യ ദീര്‍ഘദൂര ട്രെയിന്‍ യാത്ര സമാഗതമായി. ആദ്യം ഡല്‍ഹിയ്ക്ക്‌ അവിടുന്ന് ചണ്ഡീഗഡിലേയ്ക്ക്‌.

ജോലിസമയം കഴിഞ്ഞിട്ടില്ലാത്തതിനാലും ചാത്തന്റെ സ്വഭാവവിശേഷം അത്രയ്ക്ക്‌ നന്നായിരുന്നതിനാലും ചാത്തനേയും കൂട്ടുകാരനേയും യാത്രയയക്കാന്‍ ആകെപ്പാടെ ഒരു സഹപ്രവര്‍ത്തകന്‍, പൊന്നമ്പലം(ബ്ലോഗര്‍), മാത്രം സ്റ്റേഷനില്‍ എത്തി.

അല്‍പം ഫ്ലാഷ്‌ ബാക്ക്‌.

ചാത്തന്റെ ഐടി ജീവിതത്തിന്റെ തുടക്കം ഒരു ടെസ്റ്ററായാണ്‌. മുന്‍പ്‌ പല തവണ അതേ കമ്പനിയുടെ ഡെവലപ്പ്‌മന്റ്‌ വിഭാഗത്തിലേക്ക്‌ മാറാന്‍ ഏറ്റവും മുകളില്‍ നിന്നും വിളി വന്നെങ്കിലും ഒന്ന് രണ്ട്‌ തവണ ചാത്തന്റെ ചുണ്ടിനും ചായക്കപ്പിനുമിടയ്ക്ക്‌ വരെ ഏന്തിവലിഞ്ഞെത്തിയിരുന്നെങ്കിലും അദൃശ്യമായ ചരടുകള്‍ ചാത്തന്റെ പാദങ്ങളെ കെട്ടിയിട്ടു.

ഇത്തവണ ഓഫര്‍(ഡെവലപ്പ്‌മന്റ്‌) സ്വീകരിക്കാന്‍ ടെസ്റ്റിംഗ്‌ ടീമില്‍ ആരും തയ്യാറല്ല കാരണം ആര്‍ക്കും ഇത്രേം ദൂരം പോവാന്‍ മേല. ചുരുങ്ങിയ കാലം കൊണ്ട്‌ ഡവലപ്പേര്‍സിന്റെ അപ്രീതിക്കു പാത്രമായ ചാത്തനെന്ന ടെസ്റ്ററുടെ കാലിലെ ചങ്ങലക്കണ്ണികളുടെ ബലം പരീക്ഷിക്കാന്‍ തന്നെ ചാത്തന്‍ തീരുമാനിച്ചു.

ചണ്ഡീഗഡിലേക്കല്ല ഉഗാണ്ടയിലേക്കാണെങ്കിലും ഡെവലപ്പ്‌മെന്റിലേക്കാണെങ്കില്‍ ചാത്തന്‍ റെഡി.അത്രേം ദൂരെ പോവണമെന്ന് ചാത്തനു ആഗ്രഹമൊന്നുമുണ്ടായിരുന്നില്ല. അതും ഒരു ടെസ്റ്റിംഗ്‌ ചങ്ങലക്കണ്ണിയുടെ ബലം എത്രയുണ്ടെന്ന്, അത്രമാത്രേ ഉദ്ദേശിച്ചിരുന്നുള്ളൂ. ആ പേരും പറഞ്ഞ്‌ ആളാകാമല്ലോന്നും കരുതി. പക്ഷേ പദ്ധതി തിരിച്ചടിച്ചു. ഇന്നിപ്പോള്‍ ഊരിപ്പോവാനും പറ്റുന്നില്ലാ.

ഒരുപക്ഷേ മറ്റൊരു അടിയുറച്ച ഈശ്വരവിശ്വാസിയുടെ പ്രാര്‍ത്ഥനയുടെ ഫലമായാവും ഈ തിരിച്ചടി. ഒരു സഹപ്രവര്‍ത്തകന്റെ ഹൃദയം തുറന്നുള്ള വിളി "ഈ പണ്ടാരക്കാലനെ ഇവിടുന്ന് എങ്ങനേലും കെട്ടിയെടുക്കണേ എന്റെ സ്വാമിയേ" .
(തുടരണോ)

വാല്‍ക്കഷ്ണം: കുട്ടിച്ചാത്തന്റെ വിലാസങ്ങളില്‍ പെടുന്നില്ലാന്ന് തോന്നുവാണേല്‍ തുടരൂല്ല.

19 comments:

കുട്ടിച്ചാത്തന്‍ said...

കുട്ടിച്ചാത്തന്റെ വിലാസങ്ങളില്‍ പെടുന്നില്ലാന്ന് തോന്നുവാണേല്‍ തുടരൂല്ല.

sandoz said...

ചാത്താ......നീ പഞ്ചാബില്‍ പോയപ്പോള്‍ ഭീകരര്‍ ഒന്നും ഉണ്ടായില്ലേ....അതോ നിന്നെ കണ്ട്‌ അവരു പണി നിര്‍ത്തിയാ.....നീ ഒരു ബ്ലോഗ്ഗര്‍ ആണെന്ന് അറിഞ്ഞ്‌ കാണും.......പ്രത്യേകിച്ചും മല്ലു ബ്ലോഗര്‍.......എന്നിട്ട്‌ അവസാനം അവരു മാപ്പ്‌ പറഞ്ഞാ.......

ഈ ജീവിതയാത്രയില്‍ നിന്നുള്ളത്‌ നമ്മുടെ ഇക്കാസിന്റെ ഒരു ബ്ലോഗിന്റെ പേരാണു.സാരമില്ലാ....രാവിലേ ഒരു മാപ്പ്‌ പറഞ്ഞേക്ക്‌.

അപ്പോ കാര്യം പറഞ്ഞില്ലല്ലാ....എന്ത്‌ കാര്യോന്നാ.....ഇത്‌ തുടരണം എന്ന്.....

സു | Su said...

തുടരണം. :) ചാത്തനേറ് കൊണ്ടിട്ടുള്ള നിര്‍ഭാഗ്യവാന്മാരെയൊക്കെ ഈ യാത്രയില്‍ നിന്ന് പരിചയപ്പെടാലോ എന്ന് വെച്ചിട്ടാണ്.

qw_er_ty

വേണു venu said...

തുടരണം....എന്തുകൊണ്ടു്.?
വേണ്ട സാധാരണ പോലെ പോണം, എന്നാലേ അമ്മയുടെ ഇരുവശത്തും തൂങ്ങി നഴ്‌സറീല്‍ പോവാന്‍ എതിരേ വരുന്ന ആ രണ്ട്‌ ഇരട്ടക്കുരുന്നുങ്ങളോടും, കോലായിലിരുന്ന് പത്രം വായിച്ചോണ്ട്‌ വഴിയേ പോവുന്നവരുടെ കണക്കെടുക്കുന്ന അപ്പൂപ്പനോടും, കുളിച്ച്‌ കുറിതൊട്ട്‌ വന്ന് വര്‍ക്ക്ഷോപ്പിലെ കരിപുരണ്ട കുപ്പായത്തിനുള്ളില്‍ കയറി എന്നും കൃത്യമായി ഒരു ചിരി തിരിച്ച്‌ തരാറുള്ള പയ്യന്‍സിനോടും, പരിചയം ഒരു ചിരിയില്‍ നിലനിര്‍ത്തുന്ന മറ്റു പല നമ്രമുഖങ്ങളോടും അവസാനമായി ചിരിക്കാന്‍ (ഇന്നിപ്പോള്‍ ചിരിച്ചു കാണിക്കാന്‍) പറ്റൂ.
ഇനിയുമിങ്ങനെയുള്ള കാഴ്ച്ചകള്‍‍ കാണാന്‍ ഇഷ്ടപ്പെടുന്നതു കൊണ്ടു്..തുടരുക.

Siju | സിജു said...

തുടരൂ..

qw_er_ty

പടിപ്പുര said...

ചുമ്മാ തുടരഡേയ്‌, ചാത്ത്‌സ്‌ :)

കഥ പറയുമ്പോള്‍ 'ചാത്തന്‍' എന്നതിന്ന് പകരം 'ഞാന്‍', 'എനിക്ക്‌' എന്നൊക്കെ ഉപയോഗിക്കുന്നതായിരിക്കും ഒരു ഭംഗി എന്ന് തോനുന്നു.

(വെറുതെ തോനുന്നു. വെറും അഭിപ്രായം :)

kaithamullu - കൈതമുള്ള് said...

ഇതെന്തര് ചാത്തൂസേ, പഞ്ചാബ് ദാ ഇവ്ടെ അടുത്തല്ലേ?
ചാത്തനേറ് കിട്ടാന്‍ കാത്തിരിക്യല്ലേ സര്‍ദാര്‍ജീസ്!
തംബ്സ് അപ്!

പൊന്നമ്പലം said...

പൊന്നമ്പലത്തിന് ഇതില്‍ കമന്റാന്‍ വോയിസില്ല... എന്തൊ... ചാത്തനെ യാത്രയാക്കിയ രംഗം... ഇന്നലെ എന്ന പോലെ ഞാന്‍ ഓര്‍ക്കുന്നു... ചാത്താ...

RR said...

ചുമ്മാ തുടരെന്നേ....
qw_er_ty

കുട്ടിച്ചാത്തന്‍ said...

സാന്‍ഡോസേ കണ്ണൂരുകാരു അതിലും ഭീകരരാന്നവര്‍ക്കറിയാം. പേര് അപ്പത്തന്നെ തിരുത്തി.. മാപ്പ് വേണാ?

സൂചേച്ചീ ചാത്തനേറ് കൊള്ളുന്നവരൊക്കെ ഭാഗ്യവാന്മാരാ :)

വേണുച്ചേട്ടാ സിജുച്ചേട്ടാ :)

പടിപ്പുരച്ചേട്ടാ ഉപദേശം കൊള്ളാം. പക്ഷേ എഴുതിക്കഴിഞ്ഞ് 'ഞാന്‍', 'എനിക്ക്‌' എന്നൊക്കെ എവിടൊക്കെ ഉണ്ട് എന്ന് നോക്കി അതിനെ ചാത്തനാക്കി മാറ്റലാ ഇപ്പോള്‍ :)

കൈതമുള്ളേ പെപ്സി :)

പൊന്നമ്പലം : നിന്റെ ഓര്‍മ്മശക്തി അപാരം!!!!

RR :-)

കുറുമാന്‍ said...

അടുത്ത ഭാഗം വന്നില്ലല്ലോ ചാത്താ ഇതുവരെ :(

കുട്ടിച്ചാത്തന്‍ said...

കുറുമാഞ്ചേട്ടോ ഇന്നലെ രാത്രി എന്റെ ബ്ലോഗില്‍ പുലി കയറിയതു അപ്പോള്‍ തന്നെ ചാത്തന്‍ കണ്ടതാ, ഉറങ്ങാന്‍ തുടങ്ങേരുന്നു, അതാ കല്ലെറിയാഞ്ഞത്. എല്ലാ കമന്റും വായിച്ചു. മത്തി ബിരിയാണി (കഥയല്ല) ഇഷ്ടമുള്ള ഒരാളെക്കൂടി പരിചയപ്പെട്ടതില്‍ സന്തോഷം.ബാക്കി ഭാഗം ഭൂരിപക്ഷത്തിനും താല്പര്യമില്ലാന്ന് തോന്നീട്ട് മാറ്റി വച്ചിരിക്കുകയായിരുന്നു. ഇന്നലെ തന്നെ പൊടി തട്ടി. പക്ഷേ റൂട്ട് പിന്നേം പഴയ വഴിക്കാക്കി.

അഗ്രജന്‍ said...

കു.ചാ.

“കൂടണയാന്‍ തിരക്കിട്ട്‌ പോവുന്ന പക്ഷിക്കൂട്ടങ്ങള്‍, അവസാന ഗോളും പ്രതീക്ഷിച്ചിരമ്പുന്ന ഫുട്ബാള്‍ ഗ്രൗണ്ടുകള്‍, ദൂരെയെങ്ങോ നേര്‍ത്ത അലയായി അവസാനിച്ച ബാങ്കുവിളി, സായാഹ്ന സൂര്യനും ഒരിളം കാറ്റും...“

ആ സന്ധ്യാവര്‍ണ്ണനയിലെ അവസാന ഗോള്‍ പ്രതീക്ഷ... തകര്‍ത്തു :)

ഇത്തിരിവെട്ടം|Ithiri said...

ഒരുകാലത്ത്‌ വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞ്‌ നടന്നിരുന്ന സ്ഥലത്തേക്കാണ്‌ സീമന്ത(അതോ വെറും മന്തനെന്നായിരുന്നോ അമ്മേടെ വിചാരം)പുത്രനെ പറഞ്ഞയക്കേണ്ടത്‌ എന്നോര്‍ത്ത്‌ മാതൃഹൃദയം വേവലാതി പൂണ്ടു.

സംശയിക്കണ്ട അമ്മ ഉദ്ദേശിച്ചത് മന്തന്‍ എന്നാണ്... വെറുതെ കണ്‍ഫ്യൂഷനാവണ്ട.

ചാത്തനേറ് തുടരട്ടേ... ചാത്തന് നിര്‍ത്തണ്ട എന്നും ബൂലോഗത്തിന് നിര്‍ത്തണം എന്ന് തോന്നുമ്പോള്‍ ബൂലോഗ മന്ത്രവാദികളായ ദില്‍ബന്‍ ശ്രീജിത്ത് അഗ്രജന്‍ ഇവര്‍ക്ക് ക്വൊട്ടേഷന്‍ കൊടുക്കാം... എന്നിട്ടും ഫലമില്ലങ്കില്‍ പിന്നെ പച്ചാളമില്ലേ...

Sul | സുല്‍ said...

“ആരോ വരുന്നുണ്ട്‌. ഒരു പെണ്ണാണെന്ന് തോന്നുന്നു. നിളയെന്നോ നിദ്രയെന്നോ. രണ്ട്‌ കണ്ണും അടച്ചേക്കാം.“
സെല്‍ഫ് കണ്ട്രോളിനു പഠിക്കുകയാണോ കു.ചാ? ചന്‍ഢീഗഡില്‍ പോയിട്ടടി വാങ്ങാതിരിക്കാനുള്ള അടവാണോ?

ഇപ്പോഴാ കണ്ടത്. തുടര്‍ന്നെഴുതുക.

-സുല്‍

ശ്രീജിത്ത്‌ കെ said...

നിന്നെ ഭീകരര്‍ എന്ത് ചെയ്തെന്നറിയാന്‍ കൊതിയാകുന്നു. അവര്‍ കോമ്പറ്റീഷനില്‍ തോറ്റതിനാല്‍ പണി നിര്‍ത്തിപ്പോയി എന്നൂഹിക്കാമെങ്കിലും ...

തുടരൂ ചാത്താ. എന്നെങ്കിലും നിന്നെ ആരെങ്കിലും തളയ്ക്കുന്നത് വരെ ധൈര്യമായി തുടരൂ

ikkaas|ഇക്കാസ് said...

ഇനി അല്‍പം ചാത്തന്‍ സേവ ആകാം.
എന്നിട്ട് ട്രെയിനിലെന്ത് സംഭവിച്ചു? പഞ്ചാബിലെന്ത് സംഭവിച്ചു? ഗോതമ്പുപാടങ്ങള്‍ ഇപ്പോളും പൂത്തുലയുന്നില്ലേ? തുടരൂ ചാത്തന്‍, തുടരൂ..

കുട്ടിച്ചാത്തന്‍ said...

അഗ്രജോ നന്ദി

ഇത്തിരിച്ചേട്ടോ നന്ദി, ചാത്തനൊരു കണ്‍ഫ്യൂഷനുമില്ലേ...

സുല്ലിക്കാ നന്ദി, സെല്‍ഫ് കണ്ട്രോളിനു ആരാ പഠിക്കേണ്ടത് ന്നു മനസ്സിലായേ...

ശ്രീജിത്തേ ചാത്തനു തല്ലു കിട്ടുന്ന കാര്യം വായിക്കാനല്ലേ കൊതി..ശരി ശരി... നന്ദി.

ഇക്കാസേ നന്ദി, ട്രെയിനില്‍ കാര്യായിട്ടൊന്നും സംഭവിച്ചില്ലാട്ടോ തുടരുന്നു.. ഇപ്പോഴും ട്രെയിന്‍ ഇളകിത്തുടങ്ങിട്ടേയുള്ളൂ.

ആഷ | Asha said...

ഒപ്പ്
2മത്തെ ഭാഗത്തിലേക്ക് പോവുന്നു.