Wednesday, April 18, 2007

സര്‍ദാര്‍ജിമാരുടെ നാട്ടില്‍- ഏതോ ഒരു എപ്പിഡോസ്‌ -6-അവസാനിക്കുന്നു.

തുടര്‍ച്ച--ഒരു യാത്രയില്‍ നിന്ന്ഡല്‍ഹി കടന്നു, ഇരുട്ടത്ത്‌ ഗോതമ്പു പാടങ്ങള്‍ പൂക്കുന്നുണ്ടാവാം. ആര്‍ക്കറിയാം.ബസ്സിലുള്ള ബാക്കി എല്ലാവരും ഐസ്‌ ലാന്‍ഡിലേക്കാ പോകുന്നത്‌ എന്ന് തോന്നും. മുഴുവന്‍ മൂടിപ്പുതച്ചിരിക്കുന്നു. ഒരു പക്ഷേ സിംലയില്‍ അത്രേം തണുപ്പ്‌ കാണും. ചണ്ഡീഗഡിലേക്ക്‌ ഞങ്ങള്‍ രണ്ട്‌ പേരും മാത്രമെയുള്ളൂ എന്ന് മനസ്സിലായി.സ്വറ്ററിടണോ. ഏയ്‌.രണ്ട്‌ വര്‍ഷം മുന്‍പ്‌ ബാംഗ്ലൂര്‌ വച്ച്‌ മുഴുവന്‍ കന്നഡക്കാരും, ഈ തണുപ്പാണ്‌ ദക്ഷിണധ്രുവത്തിലെ തണുപ്പേ, എന്ന് പറഞ്ഞ്‌ മൂടിപ്പുതച്ച്‌ നടന്നപ്പോള്‍ നേരിയ ഷര്‍ട്ടും ഇട്ട്‌ ഹോട്ടായി ചെത്തി നടന്ന ചാത്തന്‍ ഇത്‌ കണ്ട്‌ ഭയപ്പെടുകയോ. ഛായ്‌ ലഞ്ഞാവഹം(ലജ്ജാവഹം). കൂട്ടുകാരനും അങ്ങനെ തന്നെ പുച്ഛത്തോടെ ഇരിപ്പുണ്ട്‌.

ചായ,കാപ്പി കുടിക്കാന്‍ നിര്‍ത്തി. എത്ര സമയമായി ഇവര്‍ക്കൊന്ന് പുറപ്പെട്ടൂടെ. അവസാനത്തേതിന്റെ ശേഷമുള്ള ബസ്സെങ്കിലും കിട്ടാനുള്ള ചാന്‍സ്‌ ഇല്ലാതാക്കുമെന്നാ തോന്നുന്നത്‌.ഹോ ഭാഗ്യം, വണ്ടി പുറപ്പെട്ടു.

രണ്ട്‌ മൂന്ന് നാളായി ദിവസത്തിന്റെ മുക്കാല്‍ ഭാഗവും ഉറങ്ങിത്തീര്‍ക്കുകയാണെങ്കിലും മുഴുവനായി അടയാത്ത ഗ്ലാസിന്റെ ഇടയിലൂടെ വരുന്ന നേര്‍ത്ത കാറ്റ്‌ ഉറക്കവും കൂടെ കൊണ്ടു വന്നു. പതുക്കെ പതുക്കെ കാറ്റിനു തണുപ്പ്‌ കൂടുന്നു. വിജനമായ വീഥിയില്‍ ബസ്സിനു വേഗത കൂടി. ചില്ലു ജാലകം കൂടുതല്‍ ഒച്ചപ്പാടുണ്ടാക്കി ഇളകിക്കൊണ്ടിരിക്കുന്നു. തണുപ്പ്‌ കാരണം ഉറക്കം നഷ്ടപ്പെട്ട്‌ തുടങ്ങി.

കണ്ണ്‌ തുറക്കാതെ വയ്യാന്നായി. അയ്യോ ഇതാരാ ഒരു ആജാനബാഹു ചാത്തന്റെ സൈഡില്‍ ഇരിക്കുന്നത്‌, കൂട്ടുകാരനെവിടെ, കണ്ണുതിരുമ്മിനോക്കി. മങ്കീക്യാപും പച്ച ജാക്കറ്റും ഇട്ടിരിക്കുന്നത്‌ കൂട്ടുകാരന്‍ തന്നെ!!!

ഇവനെപ്പോള്‍ കാല്‌ മാറി!!

അംജത്‌ ഖാന്റെ മിലിട്ടറി ജാക്കറ്റ്‌ മകന്‌ ഇത്തിരി വലുതാണെങ്കിലും നല്ല ചേര്‍ച്ച. ഒരു പട്ടാള ലുക്കൊക്കെയുണ്ട്‌. 'തണുപ്പ്‌' പോയിട്ട്‌ 'ത' പോലും അതിനുള്ളില്‍ കടക്കൂല. ഭാഗ്യവാന്‍. ചാത്തന്‍ വിറച്ച്‌ തുടങ്ങി. കുട്ടിക്കാലത്ത്‌ പനിവരുമ്പോള്‍ ഇടുന്ന ഒരു കൊച്ച്‌ സ്വറ്റര്‍ ഉണ്ട്‌ അതിട്ടേക്കാം. ഛെ ഇത്‌ ചെറുതായിപ്പോയി ഫുള്‍സ്ലീവായിട്ടും കൈമുട്ടിന്‌ തൊട്ട്‌ താഴെ വരെ മാത്രം. ഏയ്‌ ഇത്‌ മതീന്നേ.

തണുപ്പ്‌ കൂടിവരുന്നു. പുതുതായി വാങ്ങിയ ജാക്കറ്റ്‌ കൂടെ ഇട്ടേക്കാം. ഒരു വഴിക്ക്‌ പോകുവല്ലേ. അതൂടെ ഇരിക്കട്ടെ.ഇതെന്താ തണുപ്പ്‌ പിന്നേം കൂടിക്കൂടി വരുന്നു. ഇനിയിപ്പോള്‍ എന്താ ചെയ്യുക? കൂട്ടുകാരനോട്‌ അല്‍പസമയം ജാക്കറ്റ്‌ കടം ചോദിച്ചാലോ? അപ്പോള്‍ പിന്നെ അവനെന്തിടും?

ഒരു ചുവന്ന കുറച്ച്‌ കട്ടിയുള്ള ഒരു ടീഷര്‍ട്ട്‌ ഉണ്ട്‌, ബഹിരാകാശയാത്രികരെപ്പോലെ കഴുത്തിന്‌ ചുറ്റും കോളര്‍ ഒക്കെയുള്ളത്‌ അതൂടെ ഇട്ടേക്കാം. പതുക്കെ പതുക്കെ അലക്കി ഇസ്തിരിയിട്ട്‌ മടക്കിവച്ച ഷര്‍ട്ടുകളുടെ കാലി ബാഗ്‌ വേറെ ഒരു ബാഗിനുള്ളിലെത്തി. മെലിഞ്ഞിരിക്കുന്നതുകൊണ്ട്‌ എത്ര ഷര്‍ട്ട്‌ വേണേലും ഇടാലോ. എന്നാലും തണുപ്പങ്ങോട്ട്‌ വിട്ട്‌ മാറുന്നില്ലാ.

ഇടയ്ക്ക്‌ കണ്ണ്‌ തുറന്ന കൂട്ടുകാരന്‍ മെലിഞ്ഞുണങ്ങിയ ചാത്തന്‍ അങ്കിള്‍ ബണ്ണായിരിക്കുന്ന കാഴ്ച കണ്ട്‌ ഞെട്ടി. അവന്റെ കയ്യിലുള്ള ഒരു സ്വറ്റര്‍ ഓഫര്‍ ചെയ്തു. അതും കൂടിയായിട്ടും വല്യ വിശേഷമൊന്നുമില്ലാ. കാലില്‍ കിടക്കുന്ന ജീന്‍സിന്‌ അത്രയ്ക്കൊന്നും തണുപ്പ്‌ പ്രതിരോധിക്കാന്‍ വയ്യ അവിടം വഴിയും തണുപ്പ്‌ അരിച്ച്‌ കയറുന്നു.

മങ്കീക്യാപ്‌ എടുത്തോ എടുത്തോ ന്ന് അമ്മ നൂറ്‌ തവണ പറഞ്ഞതാ, അതിട്ടോണ്ട്‌ നടന്നാല്‍ ഹെയര്‍സ്റ്റൈല്‍ പുറത്ത്‌ കാണൂല. ഒടുക്കത്തെ ജാഡ കാരണം വേണ്ടാന്നു വച്ചു. ഒരു ബാഗ്‌ അമ്മയാ പാക്ക്‌ ചെയ്തത്‌ ഇനി ചാത്തന്‍ കാണാതെ എങ്ങാനും അതിലിട്ടിട്ടുണ്ടോ?. ങേ ഇതിന്റെ സൈഡ്‌ പോക്കറ്റിലൊരു കട്ടി. അതെ തന്നെ മങ്കീ ക്യാപ്പ്‌!!! ചാത്തനിപ്പോ നാട്ടില്‍പ്പോണം അമ്മേക്കാണണം. തണുപ്പുകൊണ്ടാവണം രോമമെല്ലാം എഴുന്ന് നില്‍ക്കുന്നു.

ഇടിമിന്നലുകള്‍ ബസ്സിനുള്ളില്‍ ചാത്തന്റെ തലക്കു മീതെ കറങ്ങി നടക്കുന്നു, "സ്‌ സ്‌ സ്‌" പാമ്പു കടിച്ചതാ. ശബ്ദമൊന്നുമുണ്ടാക്കാതെ ബസ്‌ നിന്നു. എന്തോ യന്ത്രത്തകരാറ്‌ അതിനും ജലദോഷം പിടിച്ചെന്നാ തോന്നുന്നേ. പുറത്തേക്ക്‌ വെറുതേ ഇറങ്ങി, തൊട്ടടുത്ത സെക്കന്റില്‍ തിരിച്ചു കയറി, പുറത്തെ കാലാവസ്ഥ വച്ച്‌ നോക്കുമ്പോള്‍ ബസ്സിനകം സ്വര്‍ഗ്ഗമാണേ. എന്തൊരു തണുപ്പ്‌, എന്തൊരു തണുപ്പ്‌..

കുറേ സമയം ബസ്‌ അവിടെക്കിടന്നു. വിനാശകാലത്ത്‌ തോന്നുന്ന ബുദ്ധി മൊത്തം വിപരീതമാണെന്ന് മനസ്സിലാക്കി.എന്തിനാണാവോ സര്‍ക്കാര്‍ ശകടം തന്നെ തിരഞ്ഞെടുത്തത്‌!!. വീണ്ടും ഭാഗ്യം ആ വഴി വന്നു. വണ്ടി അനങ്ങിത്തുടങ്ങി. എപ്പോഴോ ഉറക്കം തിരിച്ചു വന്നു.

കണ്ടക്ടര്‍ കുലുക്കിവിളിക്കുന്നു. നിങ്ങളല്ലേ ചണ്ഡീഗഡ്‌ ഇറങ്ങണമെന്ന് പറഞ്ഞവര്‍. ഇവിടിറങ്ങിക്കോ. അയ്യോ ബസ്‌ സ്റ്റാന്‍ഡൊന്നും കാണുന്നില്ലാലോ. വണ്ടി കേടായതു കാരണം ലേറ്റായി. സ്റ്റാന്‍ഡില്‍ പോകുന്നില്ലാ, അല്ലാ അവിടെപ്പോയിട്ടും വല്യ കാര്യമൊന്നുമില്ലാലൊ അവിടേം ഇത്രയൊക്കെ ആളനക്കമൊക്കെയേ കാണുള്ളൂ. നിങ്ങള്‍ക്ക്‌ പോകാനുള്ള സ്ഥലത്തേക്ക്‌ ഇവിടുന്ന് ഓട്ടോ കിട്ടും.

എന്നാലും ചോദിക്കാനും പറയാനും ഇന്നാട്ടില്‍ ആളില്ലേ? സ്റ്റാന്‍ഡില്‍ പോവാതെങ്ങനാ?
ചാത്തനു ചോദിക്കണമെന്നുണ്ട്‌ പക്ഷേ ഹിന്ദിയില്‍ തെറിയൊന്നും പഠിച്ചിട്ടില്ലാലൊ.

ഇറങ്ങി, ഒരു ജംഗ്ഷന്‍. ആകെ ഒരു ഓട്ടോ കിടപ്പുണ്ട്‌.മറ്റൊരു മനുഷ്യജീവിയെപ്പോലും കാണാനില്ല. ഇതെന്ത്‌ ഓട്ടോ ആദ്യായിട്ട്‌ കാണുകയാ 6 പേര്‍ക്ക്‌ ഇരിക്കാവുന്ന തരം ഒന്ന്!!!എന്തായാലും ഞങ്ങള്‍ രണ്ട്‌ പേര്‍ക്കും പെട്ടി ബാഗുകള്‍ക്കും വിശാലമായ സൗകര്യം.അഡ്രസ്സ്‌ കാണിച്ചു കൊടുത്തു. അത്‌ അവിടെ അടുത്താണെന്ന് സര്‍ദാര്‍. സഹ പ്രവര്‍ത്തകരെ വിളിച്ച്‌ നോക്കാന്‍ ഒരു ടെലിഫോണ്‍ ബൂത്തും കാണാനില്ല. അയാള്‍ക്ക്‌ സ്ഥലം അറിയാന്നല്ലേ പറഞ്ഞത്‌. കാശെത്ര വേണമെന്ന് ചോദിക്ക്‌. 100 രൂപ. എങ്ങനെങ്കിലും ഈ തണുപ്പില്‍ നിന്ന് രക്ഷപ്പെടണം കൊടുത്തേക്കാം കൂടുതലാണോ അല്ലയോ എന്നറിയാനും വഴിയില്ലാലൊ.

മാനസാ ദേവി കോപ്ലക്സ്‌ അവിടെയാണ്‌ ഞങ്ങള്‍ക്ക്‌ പോകേണ്ടത്‌. ഒരു റെയില്‍ പാളവും കടന്ന് ഞങ്ങള്‍ യാത്ര തുടരുന്നു. ദൂരെയായി മനസാ ദേവിയുടേതാകാം(ആണ്‌) ഒരമ്പലം കണ്ട്‌ തുടങ്ങി. പക്ഷേ ഞങ്ങള്‍ക്കുള്ള അറിവു പ്രകാരം പോകേണ്ടത്‌ കുറേ ഫ്ലാറ്റുകള്‍ നിരന്ന് നില്‍ക്കുന്ന ഒരു സ്ഥലത്തേക്കാ ഇവിടെ ഫ്ലാറ്റ്‌ സമുച്ചയം പോയിട്ട്‌ ഒരെണ്ണം പോലും കാണുന്നില്ല. ഓട്ടോക്കാരനോട്‌ അടുത്ത വെളിച്ചം കാണുന്നിടത്ത്‌ വണ്ടി നിര്‍ത്താന്‍ പറഞ്ഞു. ഒരു ഗേറ്റും ഗേറ്റ്‌ കീപ്പറും അയ്യാളെം അഡ്രസ്സ്‌ കാണിച്ചു.

അയ്യോ നിങ്ങള്‍ വന്ന വഴി ഒരു പാളം കണ്ടില്ലേ അവിടുന്ന് വലത്തോട്ട്‌ പോണം.പാളം കടന്ന് ഇങ്ങോട്ട്‌ വരണ്ടായിരുന്നു. ഇത്‌ മനസാ ദേവി ക്ഷേത്രത്തിലേക്കുള്ള വഴിയാ.

ആ തണുപ്പിലും ഞങ്ങളുടെ ചോര തിളച്ചു. വഴിയൊക്കെ അറിയാം എന്ന് പറഞ്ഞവന്‌ രണ്ട്‌ പൊട്ടിച്ചാലോ?. വണ്ടിതിരിച്ച്‌ വിടാന്‍ പറഞ്ഞപ്പോള്‍,സര്‍ദാര്‍ക്ക്‌ ഇംഗ്ലീഷ്‌ അറിയില്ലാന്നും ഞങ്ങള്‍ അഡ്രസ്സ്‌ എഴുതിയ കടലാസ്‌ നോക്കി വായിച്ചോണ്ടിരുന്നത്‌ കേട്ടാണ്‌ സര്‍ദാര്‍ പോകേണ്ട സ്ഥലം ഊഹിച്ചതെന്നും ആളുടെ നിഷ്കളങ്കമുഖം, സര്‍ദാര്‍ പറയാതെ തന്നെ ഞങ്ങള്‍ക്ക്‌ മനസ്സിലാക്കിത്തന്നതിനാല്‍ ഞങ്ങളൊന്നും പറഞ്ഞില്ല.

വലത്തോട്ട്‌ അല്‍പദൂരം പോയപ്പോഴേക്കും ഒരു ഐഡിബിഐ എടിഎം കണ്ടു. ചണ്ഡിഗഡ്‌ മൊത്തം രണ്ട്‌ ഐഡിബിഐ എടിഎം മാത്രമെയുള്ളൂ എന്നും ഒന്ന് സഹപ്രവര്‍ത്തകര്‍ താമസിക്കുന്നതിനടുത്താണെന്നും ഓര്‍ത്തെടുത്തപ്പോള്‍ ആശ്വാസം തോന്നിത്തുടങ്ങി. ഫ്ലാറ്റ്‌ സമുച്ചയങ്ങള്‍ കണ്ട്‌ തുടങ്ങി. ആദ്യത്തേതിന്റെ തന്നെ വാച്ച്‌മാനോട്‌ 32ആം നമ്പര്‍ എവിടെന്നന്വേഷിച്ചു. കൃത്യമായി അറിയില്ല എല്ലാത്തിന്റെം പുറത്ത്‌ നമ്പര്‍ എഴുതീട്ടുണ്ട്‌ നോക്കി നോക്കിപ്പോവാന്‍ അയാള്‍ ഉപദേശിച്ചു.

ദേ കിടക്കുന്നു 32ആം നമ്പര്‍. അതിലെ വാച്ച്‌മാനോട്‌ ഫ്ലാറ്റ്‌ നമ്പര്‍ 302വിലേ ആള്‍ക്കാരെ വിളിക്കാന്‍ പറഞ്ഞു. അവരു വരുമ്പോഴേക്ക്‌ ഓട്ടോക്കാരനെ 100 രൂപകൊടുത്ത്‌ വിട്ടു. ഒരിക്കല്‍ പോയവഴി മൊത്തം തിരിച്ച്‌ വന്ന വഹ സര്‍ദാര്‍ കാശ്‌ കൂടുതല്‍ ചോദിച്ചാല്‍ അയാള്‍ക്കിട്ട്‌ ഒന്ന് പൊട്ടിക്കാനിരുന്നതാ. അയാള്‍ തര്‍ക്കിക്കാന്‍ നിന്നില്ല. സര്‍ദാരിന്റെ ഭാഗ്യമോ മണ്ടത്തരമോ എന്തോ..

വന്ന ഉടനെ എല്ലാരും കൂടി ഭാണ്ഡക്കെട്ടെല്ലാമെടുത്ത്‌ ഒറ്റ ഓട്ടം മുറിയിലെത്തിയ ഉടനെ റൂം ഹീറ്റര്‍ ന്ന് പറയുന്ന ഒരു കത്തിച്ചുവന്നിരിക്കുന്ന ഒരു വടിയുടെ അടുത്ത്‌ എല്ലാരും കൂടി. സമയം രണ്ട്‌ മണി കഴിഞ്ഞു. ഒരു മിനിറ്റ്‌ പുറത്തിറങ്ങിയ വഹയിലാ ഈ വെപ്രാളം അപ്പോള്‍ ആ തണുപ്പത്ത്‌ ബസ്സില്‍ വന്ന ഞങ്ങളുടെ കാര്യമോ!

ഒന്ന് വിറനിന്ന ശേഷം ആദ്യ ചോദ്യം- നിങ്ങളോട്‌ നാളെ വന്നാല്‍ മതീന്ന് പറഞ്ഞതല്ലെ?
ഇന്നിപ്പോ എങ്ങനാ സ്റ്റാന്‍ഡില്‍ നിന്നിവിടെ വന്നത്‌? ഓട്ടോക്കെത്ര രൂപകൊടുത്തു?

ഓട്ടോക്ക്‌ 100 രൂപയേ കൊടുത്തുള്ളൂ എന്ന് പറഞ്ഞപ്പോള്‍ എല്ലാരും മുഖത്തോട്‌ മുഖം നോക്കുന്നു. അതെങ്ങനെ ഇത്ര കുറച്ച്‌!!!!.

ബസ്സ്‌ സ്റ്റാന്‍ഡ്‌ വരെ പോയില്ലാ വഴിക്കിറക്കി, ഒരുപക്ഷേ അത്‌ അടുത്തായതോണ്ടാവാം. എന്നാലും വെറും 100 രൂപയോ അതും ഈ പാതിരായ്ക്ക്‌!!!!

എന്തോ ലാഭമാണല്ലേ, പിന്നെ എന്തിനാ ആലോചിച്ച്‌ തലപുണ്ണാക്കുന്നത്‌, ചിലപ്പോ വഴിതെറ്റിച്ച വക സര്‍ദാരിനെ കൈകാര്യം ചെയ്യുമെന്ന് പേടിച്ച്‌ കൂടുതല്‍ വാങ്ങാത്തതാവും. എന്തായാലും ബാക്കി കാര്യം നാളെ രാവിലെ.

പിറ്റേന്ന് വെള്ളം ചൂടാക്കിക്കുളിച്ച്‌ കുറിതൊട്ട്‌ ഓഫീസിലേക്ക്‌.അവിടുന്ന് അടുത്താണ്‌. തൊട്ടറ്റുത്ത ജംഗ്ഷന്‍. നടക്കുകയാണെങ്കില്‍ 20 മിനിറ്റ്‌.ബൈക്കിലാണെങ്കില്‍ 2മിനിറ്റ്‌. ജംഗ്ഷനിലെത്തിയപ്പോള്‍ ചാത്തനും കൂട്ടുകാരനും ബോധോദയമുണ്ടായി. ഇത്‌ താന്‍ ഞങ്ങള്‍ രാത്രി വന്നിറങ്ങിയ ജംഗ്ഷന്‍.10 രൂപേടെ ദൂരം രാത്രിയായതോണ്ട്‌ ഒരു 5 ഇരട്ടി എടുത്താലും 50 രൂപ മാത്രേ വരൂ.

അങ്ങനെ ആദ്യ ദിനം തന്നെ അടിവരയിട്ടു. സര്‍ദാര്‍ജിമാരു മൊത്തം മണ്ടന്മാരാ. എന്നാല്‍ ചില മലയാളികളെ മണ്ടന്മാരാക്കാന്‍ ഒരു സര്‍ദാര്‍ തന്നെ ധാരാളം.

കുറച്ച്‌ കാലത്തിന്‌ ശേഷം ഒരു ചോദ്യം.

നിങ്ങള്‍ അന്ന് വന്നിറങ്ങിയത്‌ ഏത്‌ ജംഗ്ഷനിലാ?

അത്‌ അത്‌ അതങ്ങങ്ങ്‌ ദൂരെയാ...

വാല്‍ക്കഷ്ണം:

ഇനി ഈ തുടരന്‍ പരീക്ഷണത്തിന്‌ ചാത്തനില്ലേ....
ഇനീം ഒരു പാടുണ്ടായിരുന്നു. ആദ്യായിട്ട്‌ തിരിച്ച്‌ നാട്ടിലേക്ക്‌ വരുമ്പോള്‍, ഞങ്ങടെ വണ്ടി ബോംബെ കഴിഞ്ഞ ഉടനെ വന്ന വഴീലെ ഒരു തുരങ്കത്തില്‍നിന്ന് സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തത്‌, ആ വഴി അത്‌ കണ്ടെടുക്കുന്നതിനു തൊട്ട്‌ മുന്‍പ്‌ കടന്നുപോയ വണ്ടി ചാത്തന്‍ സഞ്ചരിച്ചത്‌,

കുംഭമേളക്ക്‌ പോകുന്നവര്‍ വണ്ടി നിറച്ചും കയറി ബസ്സിലെ പോലെ വാതിലില്‍ തൂങ്ങി നിന്നിട്ട്‌ ഓടിത്തുടങ്ങിയ വണ്ടി ചങ്ങല വലിച്ച്‌ നിര്‍ത്തീത്‌,

മഥുരയില്‍ നിന്ന് കയറിയ ഒരു പൂജാരി യാദവന്‍ തന്നെക്കാള്‍ കൂടുതല്‍ വിദ്യാഭ്യാസമുള്ള ഭാര്യയോട്‌ മറ്റുള്ളവരുടെ മുന്‍പില്‍ അടിമയോട്‌ എന്നപോലെ പെരുമാറുന്നത്‌...

ട്രെയിന്‍ സ്റ്റാഫിന്റെ കൂടെ എലിയെക്കൊല്ലാന്‍ ഓടി നടന്നത്‌.
അങ്ങനെ ഒത്തിരി ഒത്തിരി...

19 comments:

കുട്ടിച്ചാത്തന്‍ said...

അവസാനത്തെ ഇടവേളക്കു ശേഷം കര്‍ട്ടന്‍ ഇതാ പൊങ്ങുന്നു. താഴുന്നു. മുഴുവന്‍ വായിച്ചിട്ട് അഭിപ്രായം പറയാന്‍ കാത്തിരിക്കുന്നവരേ. തുടര്‍ന്നെഴുതാന്‍ പ്രേരിപ്പിച്ചവരേ, തുടരാനും നിര്‍ത്താനും ഭീഷണി മുഴക്കിയവരേ.അങ്ങനെ ചാത്തന്‍ സര്‍ദാര്‍ജിമാരുടെ നാട്ടില്‍ എത്തി.

സര്‍ദാര്‍ജിമാരുടെ ഒരു കഷ്ടകാലമേ...

തുടരന്‍ അവസാനിക്കുന്നു, ബൂലോഗരുടെ കഷ്ടകാലവും

Dinkan-ഡിങ്കന്‍ said...


“ഠേ..യ്...ടെ..ട്ടെ.ഠെഠേഠേ.ശ്..ര്‍...
ട്ടൊ...ഠൊയ്യ്..ശ്.സ്സ്...ഠോ”

ഇത് തീര്‍ന്നതിന്റെ സന്തോഷത്തില്‍ ഒരു പടക്കക്കടയ്ക്ക് തന്നെ ഡിങ്കന്‍ തീകൊടുത്തു [ഇനി പോലീസ് അണ്ണന്മാര് ആ കേസും കൊണ്ട് വരുമോ?]

പണ്ട് മധുമോഹന്റെ “മാനസി” സീരിയല് തീര്‍ന്നപ്പോള്‍ ഡിങ്കനും, കേരകനും കൂടി മാനാഞ്ചിറ മൈതാനത്ത് മാലപ്പടക്കം പൊട്ടിച്ചാഘോഷിച്ചത്.

ഞങ്ങടെ വണ്ടി ബോംബെ കഴിഞ്ഞ ഉടനെ വന്ന വഴീലെ ഒരു തുരങ്കത്തില്‍നിന്ന് സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തത്‌
അല്ലെങ്കിലും നീയൊന്നും ഒരു നടയ്ക്ക് പോവില്ല.
ഈ ഭൂമീമലയാളത്തില് എന്തോരം മണ്ടത്തരവും,തോന്ന്യാസവും കാണിക്കാനുള്ളതാ നിനക്ക്
ഓഫ്.ടൊപ്പിക്
ചാത്താ.. പോസ്റ്റ് കൊള്ളാം :)
[ഇത് ഡിങ്കനു ശാപം കിട്ടാതിരിക്കാനാ]

SAJAN | സാജന്‍ said...

ചാത്താ ബാക്കി യാത്രകള്‍ കൂടെ എഴുതൂ..
നന്നായിട്ടുണ്ടല്ലൊ.. വേഗം ഒന്നും വേണ്ട സമയമെടുത്ത് എഴുതിയാല്‍ മതി..
ഞങ്ങള്‍ക്ക് ധൃതി ഒന്നുമില്ലാ.. ഒന്നു രണ്ട് ദിവസം കൊണ്ടീ ..ബൂലോഗം അങ്ങവസാനിച്ചുപോകുകയൊന്നുമില്ലല്ലോ..
പക്ഷേ എഴുതണം..:)

salim | സാലിം said...

ചാത്താ ഇതല്ലെ കഴിഞ്ഞുള്ളൂ അടുത്ത ചാത്തയാത്ര തുടങ്ങൂ...

തമനു said...

ഇടയ്ക്ക്‌ കണ്ണ്‌ തുറന്ന കൂട്ടുകാരന്‍ മെലിഞ്ഞുണങ്ങിയ ചാത്തന്‍ അങ്കിള്‍ ബണ്ണായിരിക്കുന്ന കാഴ്ച കണ്ട്‌ ഞെട്ടി

വായിച്ച്‌ ഞാനും ഞെട്ടി, അല്ല പൊട്ടി(ച്ചിരിച്ചു).

നന്നായിട്ടുണ്ട് ചാത്താ. വീണ്ടും പോരട്ടെ

ഓടോ: ഈ എപ്പിസോഡ് 6 ആണോ 5b അല്ലേ ..?

ikkaas|ഇക്കാസ് said...

കൊള്ളാമെട ചാത്താ. നിന്റെ എഴുത്ത് നല്ലതാ, അതോന്റ് നിര്‍ത്തണ്ട. എല്ലാക്കഥേം എഴുത്.

കുതിരവട്ടന്‍ | kuthiravattan said...

ചാത്തന്‍ ചേട്ടാ, (ബഹുമാനം) തുടരന്‍ നിര്‍ത്തീല്ലേ :-). എഴുത്തു നിരുത്തണ്ടാ.

ഓടൊ: ഈ വേഡ് വെരിഫിക്കേഷന്‍ എടുത്തു കളയാമോ? കണ്ണു പിടിക്കുന്നില്ല. വയസ്സായി.

ഇടിവാള്‍ said...

ഡേയ് ഡിങ്കന്‍.. നീ പടക്കക്കടക്ക് കത്തിച്ച പൊട്ടിത്തെറിയുടെ ശബ്ദം കേട്ടാണു ഞാണോടിയെത്തിയത് ! എന്നാലും എന്റെ ഡിങ്കാ...


ശ്ശേ ചാത്താ.. നമ്മ ഈ സര്‍ദാര്‍ജിമാരെ കളിയാക്കുന്ന മാതിരി , അവരും ഈ കഥയൊക്കെ പറഞ്ഞ് മലബാറികളെ കളിയാക്കുന്നുണ്ടാവും !

6 ലക്കത്തില്‍ അവസാനിപ്പിച്ചോ ? ഒരു 10-14 എണ്ണമുണ്ടെങ്കില്‍ നമുക്ക് ബുക്ക് ആക്കാന്‍ നോക്കാമായിരുന്നു ;)

ശിശു said...


അതെ തന്നെ മങ്കീ ക്യാപ്പ്‌!!! ചാത്തനിപ്പോ നാട്ടില്‍പ്പോണം അമ്മേക്കാണണം. തണുപ്പുകൊണ്ടാവണം രോമമെല്ലാം എഴുന്ന് നില്‍ക്കുന്നു.

ചാത്തനേറ്‌..
ക്യാപ്പു വെച്ചന്ന് പറഞ്ഞാല്‍ പോരെ, അപ്പോള്‍ തന്നെ എല്ലാവര്‍ക്കും മനസ്സിലാകില്ലെ മങ്കിയാണ്‌ ക്യാപ്പ്‌ വെച്ചതെന്ന്?

ഈ രോമം എഴുന്നേറ്റ്‌ നിന്നത്‌ തണുപ്പുകൊണ്ടല്ല ചാത്താ. അതാ മങ്കി ക്യാപ്പ്‌ വെച്ചതിന്റെയാ. ക്യാപ്പതിന്റെ വര്‍ഗ്ഗഗുണം കാണിച്ചുതുടങ്ങിയതാകും..

ചാത്താ നിര്‍ത്തല്ലെ.. തുടരണെ,.

Siju | സിജു said...

തിരിച്ചുവരവ് അടുത്ത തുടരനാക്കിക്കോ..

sandoz said...

ടാ..ചാത്താ...നിര്‍ത്തിക്കളഞ്ഞാ.....പഞ്ചാബ്‌ വിശേഷങ്ങള്‍ കുറച്ച്‌ കൂടി എഴുതാമായിരുന്നു.ഇതിപ്പൊ നിന്റെ മണ്ടത്തരങ്ങള്‍ മാത്രമല്ലേ ആയോള്ളൂ...പിന്നെ കാലവസ്ഥാ വിശേഷങ്ങളും....നീ ആ പഞ്ചാബിയെ തല്ലിയ കഥയും ബോണ്ടയാണെന്ന് കരുതി ബോംബ്‌ പോക്കറ്റില്‍ ഇട്ടു നടന്ന കഥയും ഒക്കെ എഴുതാമായിരുന്നു.നീ ഒരു ജംഗന്‍ മഹാമേരു ആണെന്ന് നാലുപേര്‍ അറിയട്ടടാ......

ടാ..അടുത്തത്‌ ഒരു ചെറുകഥ പത്ത്‌ എപ്പിസോഡ്‌ തുടരന്‍ ആയിക്കോട്ടെ....

അരവിന്ദ് :: aravind said...

നിര്‍ത്ത്യോ?
ചുമ്മാ എഴുത് ചാത്താ...

വായിക്കാന്‍ നല്ല്ല രസം.

അഗ്രജന്‍ said...

"ട്രെയിന്‍ സ്റ്റാഫിന്റെ കൂടെ എലിയെക്കൊല്ലാന്‍ ഓടി നടന്നത്‌"

ഇതെങ്കിലും എഴുത് ചാത്താ...

ചുമ്മാ മസിലു പിടിക്കല്ലേട്ടോ :)

kaithamullu - കൈതമുള്ള് said...

നാട്ടിലെത്തിയപ്പോ കഥ തീര്‍ന്നോ?
നാട്ടിലെ കഥ കെള്‍ക്കാനല്ലേ ഞങ്ങള്‍ കാത്തിരിക്കുന്നത്?
ചാത്താ, പ്ലീസ്, എഴുതെടാ, കുട്ടി....

Sul | സുല്‍ said...

കുട്ടിച്ചാത്താ
മടിച്ചു നില്‍കാതെ
ശങ്കിചു നില്‍ക്കാതെ
പോയി മൂത്രമൊഴിച്ചു വന്ന്
അടുത്ത പരമ്പര തുടങ്ങു.

-സുല്‍

Anonymous said...

ഇനി ഈ തുടരന്‍ പരീക്ഷണത്തിന്‌ ചാത്തനില്ലേ....
ഇനീം ഒരു പാടുണ്ടായിരുന്നു. .............
ini athu parayappa , enthinaapaa weight idunnath?

കുട്ടിച്ചാത്തന്‍ said...

ഡിങ്കാ‍ാ‍ാ‍ാ: “നീയൊന്നും ഒരു നടയ്ക്ക് പോവില്ല‘
ചാത്തനും പലപ്പോഴും ഉപയോഗിക്കാറുള്ള വാചകം തിരിച്ചും.മലബാറിയാണല്ലേ? പടക്കം പൊട്ടിച്ചിട്ട് കൈ പൊള്ളിയാ?

സാജന്‍ ചേട്ടോ::)
സാലിമിക്കോ: അതെ, ഇനി തുടരനായിട്ടെഴുതൂല:)
തമനുക്കൊച്ചാട്ടോ: 5b തന്നെ.കണ്ടുപിടിച്ചല്ലേ :)
ഇക്കാസ്: എഴുത്ത് നിര്‍ത്തുന്നില്ല.
കുതിരവട്ടേട്ടോ : ഈ ബഹു നാനം എന്നു പറേന്നതെന്താ? വേഡ് വെരി നീക്കാം

വാളേട്ടോ: അതു ശരിയാ അവിടൂന്നൊരുത്തന്‍ എന്തു മലയാളി തമാശകളും കിട്ടിയാലുടന്‍ ഇങ്ങോട്ടയക്കും.

ആക്കിക്കോ പക്ഷേ ആ‍ാ‍ാക്കരുത് ;)

ശിശു: ചാത്തനിട്ടും ചാത്തനേറാ .. കലികാലവൈഭവം..:( :)

സിജുച്ചേട്ടോ:: തിരിച്ചു വരാന്‍ ഞാനേടെം പോണില്ലാ. ഇവിടൊക്കെത്തന്നെ കാണും

സാന്‍ഡോ: ബോംബ് ഒരെണ്ണം ചാത്തനിപ്പോഴും കൊണ്ട് നടക്കുന്നുണ്ട്. എന്തിനാന്നോ? ഒരു പാട്ട് പാടാം”ഒരു സാന്‍ഡോയെ വഴിയില്‍ മുട്ടും കണ്ടാലുടനെ തട്ടും “ (അല്ലേല്‍ നീ ചാത്തനെ തട്ടൂലെ)

അരവിന്ദേട്ടോ: ആദ്യായിട്ടാ ഈ വഴി അല്ലേ. എന്നാലും ആ മാമാങ്കത്തിലു നമ്മളു കണ്ടു മുട്ടീലാല്ലോ :( (അല്ലറ ചില്ലറയില്‍ ഒരു ഡൌട്ട് ഉണ്ട് ചാത്തന്റെ ജി മെയില്‍ യില്‍ ഒരു ചാറ്റിനു വരാമോ)

അഗ്രജോ: കൊലപാതകം വായിക്കണേല്‍ വല്ല ക്രൈമും വാങ്ങിക്കോ..മസിലാ!!! എവിടുന്നെടുത്ത് പിടിക്കാനാ? കുറച്ച കടം തര്വോ? :)

കൈതമുള്ളേ :: കഥ എഴുതും തുടരന്‍ വയ്യാന്നു മാത്രം

സുല്ലിക്കോ:ഭാഗ്യം അതിനെങ്കിലും സമയം അനുവദിച്ചല്ലോ. :)

അനോണീ : വെയിറ്റ് ഇട്ടേ മതിയാവൂ.. ആകെ 57 കിലോവാ തൂക്കം :)

ആവനാഴി said...

എന്റെ കുട്ടിച്ചാത്താ,

“മങ്കീക്യാപ്‌ എടുത്തോ എടുത്തോ ന്ന് അമ്മ നൂറ്‌ തവണ പറഞ്ഞതാ, അതിട്ടോണ്ട്‌ നടന്നാല്‍ ഹെയര്‍സ്റ്റൈല്‍ പുറത്ത്‌ കാണൂല. ഒടുക്കത്തെ ജാഡ കാരണം വേണ്ടാന്നു വച്ചു. ”

അതു ശരി. ജാഡ കൂടി “കുരങ്ങന്‍ തൊപ്പി” വക്കാത്തതുകൊണ്ട് തണുത്തു മരവിച്ചു എന്നല്ലേ ഉള്ളു. എന്നാലെന്താ, ആ ഹെയര്‍ സ്റ്റയിലു നാലാളു കണ്ടില്ലേ!

എന്തു സ്റ്റയിലായിരുന്നത്? ഷാരൂക്കട്ടോ അതോ അംജദ്ഖാന്‍ കട്ടോ? :)

സസ്നേഹം
ആവനാഴി

കുട്ടിച്ചാത്തന്‍ said...

ആവനാഴി മാഷേ ആ കട്ട് വിശാലേട്ടന്‍ സ്റ്റൈല്‍ ’കുരുവിക്കൂട്’