കൊയ്ത്തു കാലം കഴിഞ്ഞാല്‍ വീട്ടിലും പരിസരത്തും ചൂട് കൂടും, കാരണം ഞങ്ങള്‍ക്ക് പ്രത്യേകം വൈക്കോല്‍ത്തുറുവൊന്നും ഇല്ല; ഉള്ള നെല്‍ക്കറ്റകളെല്ലാം വരാന്തയിലും പരിസരത്തുമായി അടുക്കിവച്ചിരിക്കും. വൈക്കോലിന്റെ ചൂടും മറവും പറ്റി ഒരു പാടു ജീവജാലങ്ങള്‍ ഞങ്ങളുമായി സഹവര്‍ത്തിത്വത്തില്‍ കഴിഞ്ഞുപോന്നിരുന്നു.
ഒരുതവണ കൊയ്ത്ത് കഴിഞ്ഞപ്പോള്‍ ഒരു പുതിയ അതിഥി വന്നു. സ്ഥിരംകുറ്റിയായ ചുണ്ടെലിയുടെ വല്യേട്ടന് മിസ്റ്റര്‍ ബകന് അഥവാ പെരുച്ചാഴി. അട്ടത്തിരുന്ന് കീ കീ ഒച്ച വയ്ക്കുകയും ഒരു തുണ്ട് വിഷത്തേങ്ങാപ്പൂളിലോ എലിക്കെണിയിലോ ആത്മഹത്യ നടത്തുകയും ചെയ്തു പോന്നിരുന്ന ചുണ്ടെലികളെ ആരും മൈന്‍ഡ് ചെയ്തിരുന്നില്ല. എന്നാല്‍ ബകന് ആളൊരു വന്‍താരമായിരുന്നു.
ആദ്യമൊക്കെ ഓവുചാലിലൂടെ കുളിമുറിയിലും അവിടുന്ന് രാത്രി കുളിമുറിവാതിലിലൂടെ അടുക്കളയിലേക്കുമായിരുന്നു ബകന്റെ സ്ഥിരം റൂട്ട്. ചാണകം മെഴുകിയ അടുക്കളയില്‍, നനവും ആയുര്‍വേദ ഗുളികകളുമായി അവന്റെ സാന്നിധ്യം ഞങ്ങളറിഞ്ഞുതുടങ്ങി.
അടുക്കളവാതില്‍ സ്ഥിരമായി അടഞ്ഞുതുടങ്ങിയപ്പോള്‍ അവന് പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിച്ചു.കാറ്റടിച്ചാല്‍ കറന്റ് പോകുന്ന നാട്ടില്‍ മൂന്നാം തവണ ബള്‍ബുമിന്നുന്നതും കാത്ത് ഞങ്ങളിരിക്കുമ്പോള്‍ തുറന്നുകിടക്കുന്ന ഏതോ വാതിലിലൂടെ അവന് ലക്ഷ്യം സ്ഥാനത്തെത്തിക്കൊണ്ടിരുന്നു.
നാട്ടുകാരുടെ മുഴുവന്‍ പ്രാക്കും കേള്‍ക്കുന്ന മിന്നല്‍ വിഭാഗം അപ്രതീക്ഷിതമായി കനിഞ്ഞപ്പോള്‍, അഥവാ രണ്ടാം മിന്നല്‍ കെടാതെ നിന്നപ്പോള്‍, ഞങ്ങളവന്റെ രഹസ്യമാര്‍ഗ്ഗം കണ്ടുപിടിച്ചു. വരാന്തയില്‍ നിന്നും ഊണുമുറി വഴി അടുക്കളയിലേക്ക്.
ഭീരു...
അവന് വന്നവഴി തിരിച്ചോടിക്കളഞ്ഞു.
അവന്റെ അപഥസഞ്ചാര സമയം വൈകീട്ട് ആറുമുതല്‍ എട്ടുവരെയാണ് അതും ഇതിനിടയില്‍ കറന്റ് മിന്നല്‍ പണിമുടക്ക് നടത്തുമ്പോള്‍ മാത്രം. ഊണുമുറിയില്‍ നിന്നും അടുക്കളയിലേക്കുള്ള വാതില്‍ ഒരു കുഞ്ഞെലിക്കുപോലും തള്ളിയാല്‍ തുറക്കാവുന്നതുകൊണ്ട് ആ വാതില്‍ അടച്ചിട്ട് അവന് മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കാനുള്ള പെണ്‍പടയുടെയും ചാത്തന്റേം ശ്രമം വിജയിച്ചില്ല.
പെണ് പടയോ!!!
അതെ എട്ടായാല്‍ മാത്രമേ മുതിര്‍ന്ന ആണ്കിളികള് കൂടണയൂ.
അതുവരെയുള്ള ചാത്തന്റെ രാജപദവിയുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്തു കൊണ്ടുള്ള ബകന്റെ ഈ കടന്നാക്രമണത്തെ നേരിടാന്‍ അവസാനം ചാത്തന് തന്നെ ചക്രവ്യൂഹം ചമച്ചു.
മുതിര്‍ന്നവരാരെങ്കിലും ഉള്ളപ്പോള്‍ തികച്ചും വിജയകരമായി നടപ്പാക്കാവുന്ന ഒരു പ്ലാനായിരുന്നു അത്. പക്ഷെ അപ്പോള്‍ ചാത്തന് ആളാവുന്നതെങ്ങനെ?
പദ്ധതിയുടെ കര്‍മ്മപരിപാടി ഇങ്ങനെ.
ഊണുമുറിക്ക് നാലാണു വാതിലുകള്‍. അടുക്കളയിലേക്ക്, വരാന്തയിലേക്ക്, സ്റ്റോര്‍ മുറിയിലേക്ക്, പിന്നെ നടുമുറിയിലേക്കും.
അടുക്കളവാതിലാണ് താരതമ്യേന ദുര്‍ബലം. ചാത്തനു തനിച്ചുതന്നെ അടക്കാനും കൊളുത്തിടാനും പറ്റുമെങ്കിലും രണ്ടു പാളിയായ, കൊളുത്തിട്ട വാതില്‍ ഒന്നു തള്ളിയാല്‍ താഴെ രഹസ്യ മാര്‍ഗ്ഗം തുറക്കപ്പെടും. സേനയില്‍ നിന്ന് ആരോഗ്യമുള്ള ഒരു വിഭാഗത്തെ തിരഞ്ഞെടുത്ത് ആ വാതില്‍ അടുക്കളയില്‍ നിന്നും തള്ളിപ്പിടിക്കാന്‍ ഏര്‍പ്പാടാക്കി.
അങ്ങനെ മൂന്നു വാതിലുകളും അടച്ചു ഭദ്രമാക്കുന്നു.മെയിന്‍ സ്വിച്ച് ഓഫ് ചെയ്ത് കൃത്രിമ സൂര്യ ഗ്രഹണം സൃഷ്ടിച്ച്, വരാന്തയിലേക്കുള്ള വാതില്‍ തുറന്നിട്ട്, ബകന് ഊണുമുറിയില്‍ പ്രവേശിക്കുന്നതും കാത്തിരിക്കുക. ബകന് മുറിയിലേക്ക് കടന്നാല്‍ പിന്നാലെ എല്ലും കൊള്ളി ചാത്തഭീമന്‍ വിറകും കൊള്ളിയുമായി അകത്തു കടക്കുക, മറ്റുള്ളവര്‍ ചക്രവ്യൂഹത്തിന്റെ പ്രവേശന കവാടം ബന്ധിക്കുക, സുദര്‍ശനം മെയിന്‍ സ്വിച്ചിന്റെ മുകളില്‍ നിന്നും മാറ്റുക.
ശേഷം ചാത്തന്റെ നിര്‍ദേശം ലഭിക്കുമ്പോള്‍ വാതില്‍ തുറന്ന് ബകന്റെ മൃതദേഹം ദര്‍ശിക്കുക.
സൂര്യഗ്രഹണം ആരംഭിച്ചു. നിര്‍ണ്ണായക സമയം അടുക്കുന്തോറും ശേഖരിച്ചു വച്ച ധൈര്യം ചോര്‍ന്നുകൊണ്ടേയിരിക്കുന്നു.
നിശബ്ദത തളം കെട്ടി ചീഞ്ഞുനാറിക്കിടക്കുന്നു. നടുമുറിയിലെ ക്ലോക്കിന്റെ ടിക് ടിക് ശബ്ദമോ ചാത്തന്റെ ഹൃദയമിടിപ്പോ ഏതോ ഒന്ന് അതിനെ കീറിമുറിച്ച് ഓപ്പറേഷന് ചെയ്തുകൊണ്ടിരിക്കുന്നു.
ഇരുളിന്റെ മറക്കുടപിടിച്ച് ഇതാ വരുന്നു ബകന്.
ബകന് പോര്‍ക്കളത്തിലേക്ക് കയറി. പിന്നാലെ ഭീമനും.
ചക്രവ്യൂഹം അടഞ്ഞു. സൂര്യന് മറനീക്കി പുറത്തു വന്നു.
ഒരു വലിയ ഊണ് മേശ, അതില്‍ ഒറ്റച്ചാട്ടത്തിനു കയറാന്‍ ചാത്തനു പറ്റാത്തതുകൊണ്ട്, ചവിട്ടിക്കയറാന്‍ ഒരു കസേര. പിന്നെ മേശയോട് ചര്‍ന്ന് പഴയപാത്രങ്ങള്‍ വച്ചിരിക്കുന്ന ഒരു അലമാര. ഇത്രയുമാണ് അങ്കത്തട്ടിലെ സാമഗ്രികള്‍.
എണ്ണം പറഞ്ഞ എതിരാളികള്‍ നേര്‍ക്കുനേര്‍ നോക്കി കച്ച മുറുക്കി.
ഒരു കൊലപാതകം നടത്തി ബ്രഹ്മഹത്യാപാപം(അതു താന്‍ അന്തകാലത്തെ കേട്ടറിഞ്ഞ വല്യാവല്യ പാപം) ആ ചെറുപ്രായത്തില്‍ തലയിലേറ്റാന്‍ മിഥ്യാഭിമാനം കിണഞ്ഞു ശുപാര്‍ശ ചെയ്തെങ്കിലും മനഃസാക്ഷി അനുവദിക്കുന്നില്ല. അതിനാലാവണം 270 ഡിഗ്രിയില്‍ കറക്കിയടിച്ച അടികളൊന്നും ബകന്റെ വാലില്‍ പോലും കൊണ്ടില്ല.
"ഇവനാരെടാ... ഒരു അടി പോലും ലക്ഷ്യത്തില്‍ കൊള്ളിക്കാന്‍ പറ്റാത്ത ഇവനോടു ഈ ഇട്ടാവട്ടത്തില്‍ക്കിടന്ന് കള്ളനും പോലീസും കളിക്കാന്‍ ഞാനില്ല." എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ബകന് ഊണുമേശക്കടിയിലേക്ക് സ്ഥലംമാറ്റം വാങ്ങി.
പട്ടാളമുറപ്രകാരം ഒളിച്ചിരിക്കുന്ന ശത്രുവിനെ മാളത്തില്‍ നിന്നും പുറത്തു കൊണ്ടുവന്നു വേണം മാന്യനായ പോരാളി യുദ്ധം ചെയ്യാന്‍. പോരാഞ്ഞ് മേശയ്ക്കും ചാത്തനും ഒരേ ഉയരമായതിനാല്‍ അടവുകള്‍ ഫലവത്താവുകയുമില്ല. അതിനുള്ള ശ്രമങ്ങളായി.
പാലേ തേനേ പുറത്തുവരൂ വിളികള്‍ ഫലം കാണാത്തതിനാല്‍ വീണ്ടും ആയുധം കൈയ്യിലെടുത്തു.
വീണ്ടും ഭീരു... അവന് മേശയുടെ എതിര് വശത്തൂടെ പുറത്തേക്ക് കടന്നു.
എന്നാല്‍ മേശയ്ക്ക് വെളിയിലിറങ്ങി, വര്‍ദ്ധിത വീര്യവുമായി, മേശയ്ക്ക് വലം വച്ച്, ഗദയും തോളിലിട്ട്, അലറിയടുത്ത ഭീമനെ തീരെ പ്രതീക്ഷിക്കാത്ത തരത്തിലാണ് ബകന് നേരിട്ടത്.
ചോരക്കണ്ണുകളുമായി ബകന് മുന്നോട്ടേക്ക് കുതിച്ചു.
ദിഗന്തങ്ങള്‍ പൊട്ടുമാറ് അപ്പോളുയര്ന്ന 'കീ' ശബ്ദം ജീവിതത്തിലാദ്യമായും അവസാനമായും ചാത്തന് നടത്തിയ പെരുച്ചാഴി മിമിക്രിയാണോ,അതോ ഒറിജിനല്‍ ബകന്റെ കൊലവിളിയോ ദീനരോദനമോ ആണോ എന്ന കാര്യം ഇന്നും രണ്ടു ചെവികള്‍ക്കിടയിലെ നിഗൂഢ രഹസ്യമാണ്.
ഒളിമ്പിക്സില്‍ മരംകയറ്റം ഒരു മത്സരയിനമാക്കിയിരുന്നെങ്കില്‍ ആ ചെറുപ്രായത്തില്‍ തന്നെ ചാത്തന് ഒരു ഭാവി വാഗ്ദാനമായി വാഴ്ത്തപ്പെട്ടേനെ. തറയില്‍ നിന്നും കസേരയിലേക്കും കസേരയില്‍ നിന്നും മേശയിലേക്കും കൂടുതല്‍ സുരക്ഷിതത്വത്തിനായി അടുത്തുള്ള അലമാരയുടെ മുകളിലേക്കും എത്തിപ്പെടാന്‍ ചാത്തന് കണ്ണടച്ചു തുറക്കുന്ന സമയമേ എടുത്തുള്ളൂ.
പ്രതിപ്രവര്‍ത്തനം എന്ന നിലയില്‍ അലമാരയുടെ മുകളില്‍ നിന്നും ഒരു പഴയ പാത്രം താഴേക്കും കുതിച്ചു.പാത്രം താഴെവീണ ശബ്ദം കേട്ട് ആശങ്കാകുലരായിത്തീര്‍ന്ന പ്രജകളെ. ഒന്നുമില്ല ഒരു പാത്രം വീണതാ എന്ന് സമാശ്വസിപ്പിച്ച്, വാതിലുകള്‍ അകത്തു നിന്ന് തഴുതിടാന്‍ ബുദ്ധിതോന്നിപ്പിച്ച ദൈവത്തോട് നന്ദി പറഞ്ഞു.
സമനില വീണ്ടെടുത്ത് പേടിച്ചോടിയ എതിരാളിയെ അന്വേഷിച്ചു.
ഉപയോഗിക്കനറിയാത്തവന്റെ കൈയ്യില്‍ ആയുധം കിട്ടിയാല്‍ എപ്പോഴും പ്രയോജനം ശത്രുവിനല്ല എന്ന പുതിയ ശാസ്ത്രസത്യത്തിന്റെ സ്ഥിരീകരണം ഇതാ നടന്നിരിക്കുന്നു. ചാത്തന്റെ പ്രഥമ പറക്കലിനിടെ നഷ്ടപ്പെട്ട ഗദ ബകന്റെ മസ്തകം പിളര്‍ന്നിട്ടില്ല,എങ്കിലും അവിടെത്തന്നെ കൊണ്ടുകാണണം. അതിനടുത്തു തന്നെ ഗദ കിടപ്പുണ്ട്.
"ഹേ കവികളേ വാഴ്ത്തുവിന്‍
നവനായകന്‍ തന് വീരചരിതങ്ങള്‍"
പതുക്കെ താഴെയിറങ്ങി, പ്രതീക്ഷിച്ചതുപോലെ ചോരപ്രളയം ഒന്നുമില്ല.
വാലനങ്ങുന്നു ഈശ്വരാ ഇതു ചത്തില്ലേ!!!
പുറത്ത് വിളികള്‍ ഉയരുന്നു.ഇനി വാതില്‍ തുറക്കാതെ പറ്റില്ല. താഴെവീണ പാത്രം പരിശോധിച്ചു.പാത്രം വില്പ്പനക്കാരന് വരുമ്പോള്‍ കൊടുക്കാന്‍ വച്ചിരിക്കുന്ന ഒരു ചളുങ്ങിയ സാധനം. അതെടുത്ത് ബോധം മറഞ്ഞിരിക്കുന്ന എതിരാളിയെ മൂടി. മുഴുവന്‍ കൊള്ളുന്നില്ല. വാല് ബകനു വേദനയാകാത്തവണ്ണം പാത്രത്തിന്റെ ചളുങ്ങിയ ഭാഗത്തൂടെ പുറത്തേക്കാക്കി. അവിടിരുന്ന കസേര കൂടി പാത്രത്തിനു മേല്‍ ചരിച്ചു വച്ചു.
വാതിലുകളുടെ കൊളുത്തുകള്‍ ശബ്ദം കേള്‍പ്പിക്കാതെ എടുത്തു മാറ്റി, ഗദാധാരിയായി,ഒരുകാല് പാത്രത്തിനു മുകളില്‍ എടുത്ത് വച്ച് വിളിച്ചു പറഞ്ഞു.
"ഇനി കാണേണ്ടവരെല്ലാം വന്ന് കണ്ടോളൂ"
അപ്പോഴും ഹൃദയം പിടക്കുന്നു. "ഇവനെങ്ങാന്‍ പുറത്തേക്ക് ചാടുമോ" എത്രയും പെട്ടന്ന് തെളിവു നശിപ്പിക്കണം.
"ഞാന്‍പോയി കുഴിച്ചിടാന്‍ ആരെയെങ്കിലും വിളിച്ചിട്ടു വരാം"
"വേണ്ടെടാ മുതിര്‍ന്നവരാരെങ്കിലും വരട്ടെ."
"പറ്റില്ല. ചോര കട്ടപിടിക്കും,ആ പാത്രം പൊക്കരുതേ"
ഇതു പറഞ്ഞത് മുറ്റത്തെത്തിയിട്ടാണെന്നു തോന്നുന്നു.
അപ്പോളതു വഴി വന്ന ഞങ്ങളുടെ ഒരു ബന്ധു ബകനെ ഒരു ചാക്കിലാക്കി ശ്മശാനത്തിലേക്ക് ചാത്തന് അകമ്പടി സേവിച്ചു. കുഴിയെടുത്ത് കൊണ്ടിരിക്കുമ്പോള്‍ ചാക്കിനകത്ത് അനക്കം കണ്ടതിലേക്ക് ചാത്തന് അദ്ദേഹത്തിന്റെ ശ്രദ്ധ ക്ഷണിച്ചു. കൈക്കോട്ട്(മമ്മട്ടി)കൊണ്ടുതന്നെ അതു നിര്‍ത്തലാക്കി ടിയാന് പണി തുടര്‍ന്നപ്പോള്‍, ചാത്തന് മണ്മറഞ്ഞ മറ്റൊരു രഹസ്യത്തിന്റെ മധുരാലസ്യത്തില്‍ മുങ്ങിത്താഴുകയായിരുന്നു. ബക ബധം അങ്ങനെ ബക വധമായിക്കലാശിച്ചു.
വാല്‍ക്കഷ്ണം:
മറ്റൊരു വീരനായകന് ഉദയം കൊള്ളുന്നതുവരെ പുല്ലിനും പുല്‍ച്ചാടിക്കും പോലും ചാത്തന്റെ വീരഗാഥ പാടി നടക്കാനേ നേരമുണ്ടായുള്ളൂ. വീരപ്പന്റെ നാട്ടില്‍നിന്നും വന്ന ആ സാധാ നായകന്റെ വീരകൃത്യം ഇനിയൊരിക്കല്‍...
സൃഷ്ടിപുരാണം
4 years ago
7 comments:
കഥ കൊള്ളാമായിരുന്നു.എഴുതി വന്നപ്പോള്‍ വായിക്കാന്‍ ഒരു രസവുമില്ലാതായി. എന്നാലും ഇന്ന് ക്രിസ്മസ് ആയിട്ട്...
മോശമായിട്ടില്ല ചാത്താ..
കുറച്ചുകൂടി ചുരുക്കാമായിരുന്നു എന്നു അഭിപ്രായം..
കത്രിക വച്ച് കുറെ വട്ടം ആദ്യമേ വരഞ്ഞതാ കുറച്ച് ഇതാ മുറിച്ചിരിക്കുന്നു...
Owesome......One of the best blogs i have read...
ബക വധം ബാലെ നന്നായി കേട്ടൊ ചാത്തന് ചേട്ടാ...
അല്ല ചാത്താ, ഒരു സംശയം. ഈ ബകന് എന്നു വച്ചാല്‍ കൊറ്റി അല്ലേ? പണ്ടെങ്ങോ വായിച്ച പോലെ ഒരു തോന്നല്‍ !..
ഹാ ഹാ.കൊള്ളാരുന്നു.
Post a Comment