Monday, November 27, 2006

കഥയ്ക്കുപിന്നിലെ കഥകള്‍

അഥവാ ബ്ലോഗറില്‍ അഹങ്കാരം ഉണ്ടാവുന്നത്‌.....
അഥവാ തലക്കനം ഒരു ക്ഷമാപണം....

കൊടകരപുരാണത്തിന്റെ pdf വായിച്ചാണ്‌ ഞാന്‍ മലയാളം ബ്ലോഗിനെപ്പറ്റി അറിഞ്ഞത്‌.പുരാണം മുഴുവനും അന്നുതന്നെ തീര്‍ത്തു. ഓഫീസിലില്‍ ആളില്ലാത്തപ്പോള്‍ ഇരുന്നു വായിക്കുന്നതു കൊണ്ട്‌ മറ്റ്‌ ബ്ലോഗുകളില്‍ അധികം പോയില്ല. പിന്നെ ഒരു കൂട്ടുകാരന്‍ പറഞ്ഞതനുസരിച്ച്‌. 'മൊത്തം ചില്ലറ' തീര്‍ത്തു.

അപ്പോളൊന്നും സ്വയം എഴുതുന്നതിനെപ്പറ്റി ഒരു ചിന്തയുമുണ്ടായിരുന്നില്ല. പണിത്തിരക്ക്‌ ഒന്നു കുറഞ്ഞപ്പോളാണ്‌ പൊന്നമ്പലം അവന്റെ ബ്ലോഗ്‌ വായിക്കാന്‍ പറഞ്ഞ്‌ ലിങ്ക്‌ അയക്കുന്നത്‌. അവന്‍ അവന്റെ കൂട്ടുകാര്‍ക്കു പറ്റിയ മണ്ടത്തരങ്ങള്‍ കഥയാക്കുന്നതു കണ്ടപ്പോള്‍ തലക്കുള്ളില്‍ ഒരു കൊച്ച്‌ ഫ്ലാഷ്‌.

വരമൊഴിയും കീമാനും ഒക്കെ ഡൗണ്‍ലോഡ്‌ ചെയ്ത്‌ വീട്ടിലെത്തിച്ചു.തമാശക്കഥയോ ഞാനോ!!!! ഹേയ്‌ അതുവേണ്ട സീരിയസ്സായി വല്ലതും എഴുതിക്കളയാം. എണ്ണിയാല്‍ തീരാത്ത കൂട്ടുകാരുണ്ട്‌ അപ്പോള്‍ പിന്നെ സൗഹൃദത്തെപ്പറ്റി ഒരു ലേഖനം ആയേക്കാം.

ഒന്നു രണ്ട്‌ വരികള്‍ എഴുതി.ടൈപ്പ്‌ ചെയ്യാന്‍ ഒരു ബുദ്ധിമുട്ട്‌. പോരാഞ്ഞ്‌ വായിച്ചിട്ട്‌ എനിക്കുതന്നെ ഛര്‍ദ്ദിക്കാന്‍ വരുന്നു. നിര്‍ത്തി. ഇതു നമുക്ക്‌ പറ്റിയ പണിയല്ലേ.

ദിവസങ്ങള്‍ കടന്നു പോയി. ഇടയ്ക്ക്‌ പൊന്നമ്പലത്തിന്റെ ബ്ലോഗ്‌ അപ്ഡേറ്റ്‌ വരും.വായിക്കും. അതിനിടയ്ക്ക്‌ എന്റെ പഴയ പ്രൊജക്റ്റ്‌ ലീഡ്‌. അദ്ദേഹത്തിന്റെ ഹിമാലയന്‍ മോട്ടോര്‍ സൈക്കിള്‍ പര്യടനത്തെക്കുറിച്ചുള്ള ഇംഗ്ലീഷ്‌ ബ്ലോഗ്‌ ലിങ്ക്‌ അയച്ചു തന്നു. പടങ്ങളും വിവരണവും മിക്സ്‌ ചെയ്തുകൊണ്ടുള്ള ഒരു കലക്കന്‍ സാധനം.

ശരിക്കും ഞെട്ടിപ്പോയി. പരിചയമുള്ള എല്ലാവര്‍ക്കും ലിങ്ക്‌ അയച്ചു കൊടുത്തു. എന്തോ അവിടെ കമന്റിടാന്‍ ബ്ലോഗര്‍ ഐഡി വേണം. അങ്ങനെ ഐഡിയും (കുട്ടിച്ചാത്തന്‍ എന്നല്ല) ഒരു കൊച്ച്‌ ബ്ലോഗും(A small town Boy) ഉണ്ടാക്കി. അതുണ്ടാക്കി ഒരു സമയമായതിനാല്‍ പിന്നെ കമന്റ്‌ ഇട്ടില്ല. നേരിട്ടറിയിച്ചു.

പഴയ ആഗ്രഹങ്ങള്‍ പിന്നേം തികട്ടി വന്നു. ഇത്തവണ അരക്കൈ നോക്കിയിട്ടേ ഉള്ളൂ.

എന്നെങ്കിലും കഥയെഴുതുകയാണെങ്കില്‍ എഴുതാന്‍ വച്ചിരുന്ന ത്രഡ്‌ തന്നെ തലയുടെ ഏതോ കോണില്‍ നിന്നും പൊടിതട്ടിയെടുത്തു.ഒറ്റയിരിപ്പിനു പകുതി തീര്‍ത്തു. എന്നുവച്ചാല്‍ "ചുവന്ന തക്കാളിക്കു പകരം പച്ചതക്കാളിയുണ്ടായിട്ടും കൊല്ലാതെ വിടുന്നതുവരെ" പിറ്റേന്ന് ജി റ്റാക്കില്‍ പൊന്നമ്പലത്തിനു അയച്ചു കൊടുത്തു അഭിപ്രായം അറിയാന്‍.

"ഉം കൊള്ളാം എന്നിട്ട്‌ തക്കാളിക്കെന്തു സംഭവിച്ചു ചീഞ്ഞു പോയോ?"

ഒരു ഒഴുക്കന്‍ മറുപടിയാണെങ്കിലും കൊള്ളാം ഇതുവരെ എഴുതിയ പച്ചക്കള്ളത്തിനു ഒരു സസ്‌പെന്‍സ്‌ ഉണ്ടാക്കാന്‍ പറ്റി. അക്കാലത്തെ ഓര്‍മകളില്‍ മായാതെ കിടക്കുന്ന ഒന്നാണ്‌ വിരുന്നു പാര്‍ക്കാന്‍ പോയിട്ട്‌ അച്‌ഛന്‍ എന്നെ പിടിച്ച്‌ വലിച്ച്‌ കൊണ്ടുവന്നത്‌. അതും ഇത്തിരി മേമ്പോടിയും കൂടി മിക്സ്‌ ചെയ്ത്‌ ഒന്നു കണക്റ്റ്‌ ചെയ്തു.

കൊള്ളാം ഒരു പോസ്റ്റിനുള്ള വകയൊക്കെയുണ്ട്‌ ഇനി അഭിപ്രായം ഒന്നും വേണ്ട. എഴുതിയിട്ടില്ലെങ്കിലും വായിച്ചും കുറ്റം പറഞ്ഞും ഉള്ള എക്സ്‌പീരിയന്‍സ്‌ ഉണ്ടല്ലോ ഇതു ധാരാളം മതി.

പോസ്റ്റി. പൊന്നമ്പലത്തിനും ലിങ്കും അയച്ചു. കഷ്ടകാലം അവന്‍ അന്നു ലീവ്‌. ഇനി നാളെ വരെ കാത്തിരിക്കണം ഒരു കമന്റ്‌ കാണണം എങ്കില്‍. സ്വയം കമന്റിടുന്ന കാര്യം മോശമല്ലേ.

പക്ഷേ പിറ്റേന്ന് ഞെട്ടി ഹാര്‍ട്ട്‌ അറ്റാക്ക്‌ വന്നില്ലാന്നേയുള്ളൂ. സാക്ഷാല്‍ ശ്രീമാന്‍ ബ്ലോഗ്‌ കുലപതി വിശാലേട്ടന്‍ ഗണപതിക്ക്‌ കുറിച്ചിരിക്കുന്നു. അതും കൊള്ളാം ന്ന്!!!!! ആനന്ദലബ്ദിക്കിനിയെന്ത്‌ വേണം.

തറയില്‍ നിന്ന് ഒരു രണ്ടിഞ്ച്‌ പൊങ്ങിയോന്നൊരു സംശയം.പോരാഞ്ഞ്‌ പിന്നേം അറിയാത്ത പലരുടേം പ്രശംസ. ലിങ്കും മലയാളം ഫോണ്ടും നാടു മുഴുവന്‍ വിതരണം ചെയ്തു. ഓഫീസിലെ എല്ലാമലയാളികളെയും നേരിട്ടറിയിച്ചു. ബാംഗ്ലൂര്‍ മൊത്തം ഫോണ്‍ ചെയ്തും ഇ മെയില്‍ ചെയ്തും.

അതിനിടയില്‍ അവതരിപ്പിച്ച്‌ വിജയിച്ച ഒരു നാടകത്തെ ആകെ കുളമാക്കി പരാജയപ്പെടുത്തി എന്ന രീതിയില്‍ രണ്ടാമത്തെ പോസ്റ്റും. അറിയിച്ചവരില്‍ മുക്കാല്‍ പങ്കും വിശ്വസിക്കുന്നില്ല ഞാനാണെഴുതുന്നതെന്ന്. എന്റെ തൊട്ടടുത്തിരിക്കുന്ന മലയാളി പോലും.ആരാടാ നിനക്കിതെഴുതിത്തരുന്നതെന്നവന്‍.

കാലു തറയില്‍ തീരെ തൊടാതായി. അമ്മ പണ്ടെപ്പോഴൊ പറഞ്ഞ ഒരു സ്ക്കൂള്‍ തമാശ അടിച്ചു മാറ്റി സ്വന്തമാക്കി മൂന്നാമത്തെ പോസ്റ്റും. ജര്‍മ്മനിയില്‍ നിന്നും രണ്ടാമത്തെ പോസ്റ്റിലെ നാടകത്തില്‍ അഭിനയിച്ച കൂട്ടുകാരന്റെ അഭിനന്ദനങ്ങള്‍.

"നീയാണെഴുതുന്നതെന്ന് വിശ്വസിക്കാന്‍ മേല. ഇപ്പോഴത്തെ പണിപോയാലും എഴുത്ത്‌ കൊണ്ട്‌ ജീവിക്കാം"

ഫോണിലും ഇമെയിലിലും അഭിനന്ദനപ്രവാഹം.എത്ര നില മുകളിലെത്തിയെന്ന് ഒരു പിടിയുമില്ല. മലയാളം തപ്പിപ്പിടിച്ച്‌ വായിക്കുന്ന സഹമുറിയനെപ്പോലും വെറുതെ വിട്ടില്ല.

"ഒന്ന് വായിച്ച്‌ അഭിപ്രായം പറയെടോ..."

സൈറ്റ്‌ കൗണ്ടര്‍ ഫിറ്റ്‌ ചെയ്തു. ഓരോ മണിക്കൂറും കമന്റിന്റെ എണ്ണം നോക്കി നോക്കി ഞാന്‍ തന്നെ മെയിന്‍ കൗണ്ടറായി. അനുഭവകഥയും ഇത്തിരി ധാര്‍മികരോഷവും ഒരു ചളി തമാശയും മിക്സ്‌ ചെയ്ത്‌ നാലാമത്തെ പോസ്റ്റ്‌.അത്ര നന്നായില്ലാന്ന് എനിക്കുതന്നെ തോന്നി.പക്ഷെ കാരണം മാത്രം അപ്പോള്‍ അജ്ഞാതം.

അവസാനം ഒരു ഫോണ്‍ കാള്‍. കേരളത്തില്‍ നിന്നും സുധിയുടെ.

"വായിക്കാന്‍ കുറച്ച്‌ വൈകി. കൊള്ളാമെടാ നന്നായിട്ടുണ്ട്‌. നല്ല ഭാഷ. ഞാന്‍ എന്റെ കുറച്ച്‌ സുഹൃത്തുക്കളോടും പറഞ്ഞിട്ടുണ്ട്‌ വായിക്കാന്‍"

"താങ്‌ക്‍യൂ താങ്‌ക്‍യൂ"

"പിന്നെ"

"പിന്നെ???"

"പിന്നെയൊന്നുമില്ല ഇനീം പറഞ്ഞാല്‍ നീ ഇനീം പൊങ്ങിപ്പോകും"

ചാത്തന്‍ ഫ്ലാറ്റ്‌. പതുക്കെ ഒന്ന് എത്തിനോക്കി. ഇപ്പോള്‍ തന്നെ പതിനൊന്നാം നിലയില്‍ എത്തി. താഴെ വീണാല്‍ എല്ലുപൊടി പോലും കിട്ടില്ല. ലിഫ്റ്റ്‌ വേണ്ട. ഏണി മതി. ആരും കാണാതെ താഴോട്ടിറങ്ങി. അടുത്ത പോസ്റ്റെഴുതി അഞ്ചാമത്തേത്‌. തലക്കനം കുറഞ്ഞുവരുന്നതേയുള്ളൂ. എന്നാലും കൊള്ളാം ആകെ മൊത്തം ഒരു ചന്തമൊക്കെയുണ്ട്‌. നാലാമത്തെ പോസ്റ്റിന്റെ വകതിരിവില്ലായ്മയുടെ അജ്ഞാതമായ കാരണം പിടികിട്ടി.

എന്നാലും മുഴുവനായിട്ടങ്ങോട്ട്‌ വിട്ട്‌ മാറിയിട്ടില്യാന്ന് തോന്നുന്നു. സാരമില്ല ബോദോധയം ഉണ്ടായല്ലോ പതുക്കെ ശരിയായിക്കൊള്ളും. മൂപ്പിളമയോ ആണ്‍പെണ്‍ ഭേദമോ നോക്കേണ്ട ചാത്തന്റെ ചെവി റെഡിയാ ഒന്നു പിടിച്ച്‌ തിരിക്കൂ.

കൂട്ടരെ വിവേചനബുദ്ധിയില്ലാത്തവരെ പ്രശംസിച്ചാല്‍ ഇങ്ങനിരിക്കും. ഒരു തരി അഹങ്കാരം പോലും ഇല്ലാത്തതു കൊണ്ടാ വിശാലേട്ടനൊക്കെ ഓരോ പോസ്റ്റും മുന്‍പത്തേതിനേക്കാളും കിടിലം ആക്കുന്നതു എന്ന രഹസ്യം പിടികിട്ടി.

എന്തായാലും ചാത്തന്‍ ഭാഗ്യവാനാ, എന്റെ കണ്ണു തുറപ്പിക്കാനും ആരെങ്കിലും ഉണ്ടായല്ലോ....

വാല്‍ക്കഷ്ണം:

ചാത്തന്‍ ആദ്യമായി എഴുതാനിരുന്ന ലേഖനത്തെപ്പറ്റി ഓര്‍ക്കുന്നുണ്ടല്ലോ. അതിനെപ്പറ്റി ഇനിയെന്തു കൂടുതലെഴുതാനാ!!!!ചാത്തന്‍ കണ്ണുമടച്ച്‌ വിശ്വസിക്കുന്ന, ഇപ്പോഴും അതിന്റെ പേരിലഹങ്കരിക്കുന്ന, വിരലിലെണ്ണാവുന്നതെങ്കിലും ജീവനുതുല്യം കരുതുന്ന, "നിനക്ക്‌ നല്ലതു മാത്രം വരട്ടെ" എന്ന് ഹൃദയം കൊണ്ടെനിക്കാശംസകള്‍ നേര്‍ന്ന ഒരുപിടി സൗഹൃദങ്ങളുടെ ഓര്‍മ്മയ്ക്കല്ല, അത്‌ വെറും ഓര്‍മ്മയായി തരം താഴ്‌ത്താന്‍ ചാത്തന്‍ ആഗ്രഹിക്കുന്നില്ല. ഇപ്പോഴും ജീവിക്കുന്ന ആ സൗഹൃദങ്ങളുടെ നിത്യയൗവ്വനത്തിനു വേണ്ടി ബ്ലോഗേര്‍സ്‌ പ്രാര്‍ത്ഥിക്കുമെന്നും കുട്ടിച്ചാത്തന്റെ വിവരക്കേടിനു മാപ്പു തരുമെന്നും വിശ്വസിച്ചു കൊണ്ട്‌ നിര്‍ത്തുന്നു.

വാലിന്റെ ബാക്കിക്കഷ്ണം:

അഹങ്കാരം എഴുത്തില്‍ പ്രതിഫലിക്കുമ്പോള്‍ ചൂണ്ടിക്കാണിക്കുമെന്നും വിചാരിക്കുന്നു.

12 comments:

കുട്ടിച്ചാത്തന്‍ said...

ഇത്തവണ കലക്കി, കൊള്ളാം, രസായിട്ടുണ്ട് എന്നൊന്നും ആര്‍ക്കും കമന്റിടാന്‍ പറ്റില്ലാലോ....

സു | Su said...

പിന്നെ പറ്റാതെന്താ ? ബ്ലോഗിന്റെ തിരക്കിലും കൊച്ചുകൊച്ചു സൌഹൃദങ്ങള്‍ക്ക് മനസ്സില്‍ സ്ഥാനമുണ്ടെന്നറിയിക്കുന്ന ഈ പോസ്റ്റ് നന്നായിരിക്കുന്നു. :)

Anonymous said...

കുട്ടിച്ചാത്തന്‍,
എനിക്ക് കുട്ടിച്ചാത്തന്‍ എന്ന പേരു കേക്കുമ്പൊ തന്നെ ഭയങ്കര നൊവാള്‍ജിയ വരും. ഒരു കുഞ്ഞു വിഷമം വരും..ആ 3-ഡി കുട്ടിച്ചാത്തന്‍ സിനിമയില്ലേ? എന്നിട്ട് മന്ത്രവാദി പാവം കുട്ടിച്ചാത്തനെ ഒരു കുപ്പിയിലാക്കി? :(

ഈ പോസ്റ്റ് എനിക്ക് ഭയങ്കര ഇഷ്ടായി. നല്ല രസായിട്ടുണ്ട്.

kusruthikkutukka said...

കലക്കി, കൊള്ളാം, രസായിട്ടുണ്ട് :D (CTRL C + CTRL V)
കഥക്കു പിന്നിലെ കഥകള്‍ നോക്കിയിരുന്നാല്‍ കുട്ടിച്ചാത്താ , ചാത്തന്‍ സേവക്കു വരെ പിന്നെ രക്ഷിക്കാന്‍ കഴിയില്ല.:)

ഏറനാടന്‍ said...

കുട്ടിച്ചാത്തന്റെ ഓരോ മായാവിലാസങ്ങളേയ്‌! ബാലരമയിലുള്ള മായാവീം, ലുട്ടാപ്പീം മൂപ്പരെ ചേട്ടന്‍ പുട്ടാലു എല്ലാം ഈ ചാത്തന്റെ മുന്നില്‍ നമിച്ചുപോവും! കുട്ടൂസനും ഡാകിനീം കുപ്പിയിലാക്കാണ്ട്‌ നോക്കിയാല്‍ മതി.

കുട്ടിച്ചാത്തന്‍ said...

എന്നാലും എന്നെ ബ്ലോഗെഴുതാന്‍ പ്രേരിപ്പിച്ച ബ്ലോഗിനെ ക്കുറിച്ചാരും ചോദിച്ചില്ലാ‍ലോ. ചാത്തന്‍ പിണക്കമാ...

മല നമ്മളുടെ അടുത്തു വന്നില്ലേല്‍ നമ്മളങ്ങോട്ട്...

http://jayansr.blogspot.com/2006/08/himalayan-motorcycle-expedition-2006.html

Anonymous said...

ഹൌ!! ആ ബ്ലോഗ് കണ്ടിട്ട് ആര്‍ക്കെങ്കിലും കമ്പ്യൂട്ടറിന്റെ മുന്നില്‍ ചടഞ്ഞിരുന്ന് ബ്ലോഗെഴുതാന്‍ തോന്നുവൊ? ഒരു ബാക്ക്പാക്കും എടുത്ത് എറങ്ങാല്ലേ വേണ്ടേ? ഹൌ അടിപൊളി! എന്താ സ്റ്റൈല്....അതും ലേഹിലേക്ക് ബൈക്കില്‍.ഞാനും ഒരൂസം ലേഹ് കാണാന്‍ പോവൂല്ലൊ..

ബൈക്കാണെനിക്കേറ്റവും ഇഷ്ടമുള്ള വാഹനം.
പക്ഷെ ഇപ്പൊ വയസ്സായിപ്പോയി :(

Unknown said...

കാക്കാ... നീ ആള് കൊള്ളാമല്ലോടേയ്... ജെയെസ്സാറിന്റെ ആ ട്രിപ്പിന്റെ ഫോട്ടോസ് മുഴുവന്‍ എന്റെ കയ്യില്‍ ഉണ്ട്... പിന്നെ നീയും, ബിജേഷും സന്ദീപും ബ്രഹനും ഒക്കെ പോയ ട്രിപ്പിന്റെയും...! ഇപ്പൊഴും ഞാന്‍ എന്റെ കൂട്ടുകാരോട് വീരസ്യം വിളമ്പാറുണ്ട്... കണ്ടോ, ഇതൊക്കെ എന്റെ കൂട്ടുകാരാ... ഹിമാലയത്തിലൊക്കെ പോയവരാ എന്ന് പറയുമ്പൊ എനിക്കും ഒരു അഭിമാനമാ..!! ഹ ഹ ഹാ...

പിന്നെ, ഏണിക്ക് നല്ല ബലമുണ്ടോ എന്ന് നോക്കിക്കോ. അല്ലെങ്കില്‍ വിയറ്റ്നാം കോളനിയില്‍ ഇന്നസന്റ് കോണിപ്പടി ഇറങ്ങിയ മാതിരി ആകും!

ലിഡിയ said...

ഇത്തവണ മനസ്സിലെ ചിന്തകളാണ് എഴുതിയിരിക്കുന്നത് എന്നത് കൊണ്ട് കൂടുതല്‍ ഹൃദ്യമായിരിക്കുന്നു...

-പാര്‍വതി..

Siju | സിജു said...

അപ്പോ അങ്ങിനെയാണ് പട്ടാമ്പി റെയില്‍‌വേ സ്റ്റേഷനുണ്ടായത്
qw_er_ty

കുട്ടിച്ചാത്തന്‍ said...

സൂചേച്ചി: സൌഹൃദങ്ങള്‍ക്ക് എല്ലാവരുടെ മനസ്സിലും സ്ഥാനമുണ്ട്. കുട്ടിച്ചാത്തന്‍ന്റെ എല്ലാ പോസ്റ്റും വായിക്കുന്നുണ്ടെന്നറിഞ്ഞതില്‍ സന്തോഷം.

Inji Pennu : ചേച്ചീന്നു വിളിക്കാം അല്ലെ? “ബൈക്കാണേറ്റവും ഇഷ്ടവാഹനം”!!!!
ബാക്പാക്കും എടുത്ത് ഇറങ്ങാന്‍ ഞാന്‍ റെഡിയാ.. ബൈക്കോടിക്കാന്‍ അറിയാത്ത ഞാന്‍ പക്ഷേ അവര്‍ക്കൊരു അധികപ്പറ്റാവും. അല്ലാത്തപ്പോള്‍ എന്നെം കൊണ്ടു പോകാറുണ്ട്. see comment from പൊന്നമ്പലം.

kusruthikkutukka : ആണൊ പെണ്ണോ എന്നൊന്നും പ്രൊഫൈലില്‍ ഇല്ലാ‍ലൊ? അതെങ്കിലും കൊടുക്കാമായിരുന്നു. കമന്റിനു നന്ദി.

ഏറനാടന്‍ ചേട്ടാ: ഇങ്ങനെ പൊക്കുന്നതു കുപ്പീലാക്കാനാണല്ലേ...ഞാന്‍ സൂക്ഷിച്ചോളാം..

പാര്‍വതി ചേച്ചീ:
“ഇത്തവണ മനസ്സിലെ ചിന്തകളാണ് എഴുതിയിരിക്കുന്നത് “ ഇത്രേം മതിയായിരുന്നു കമന്റ്. അതു മനസ്സിലാക്കിയല്ലോ. കമന്റിനു സമ്മാനമുണ്ടെല്‍ ഞാന്‍ അയച്ചു തന്നേനെ...

സിജുചേട്ടാ: എന്റെ തലേല്‍ ആള്‍ത്താമസം കുറവാണെന്നു ഞാന്‍ പറഞ്ഞതാ..അങ്ങനാണോ പട്ടാമ്പി റെയില്‍‌വേ സ്റ്റേഷനുണ്ടായത്!!!!!

ഇടിവാള്‍ said...

ഏതൊരു ബ്ലോഗറുടേയും ആദ്യകാല അനുഭവങ്ങള്ിതു തന്ന്യാ, ചാത്താ..

പിന്നെ ഗ്രാജ്വലി ശര്യായ്ക്കോളും ;)