Thursday, June 28, 2018


ഇടയ്ക്കൊരു ഒരു അർജെന്റൈൻ വീരഗാഥ

മറഡോണയുടെ കാലം മുതല്‍ക്കേ ആരാധകരുടെ ചങ്കിടിപ്പിച്ച്‌ ഇഞ്ചപ്പരുവമാക്കിയിട്ടേ അര്‍ജന്‍ന്റീന ഗ്രൂപ്പ്‌ റൗണ്ട്‌ കടന്ന്‌ കൂടാറുള്ളൂ. ഇത്തവണേം പതിവു തെറ്റിച്ചില്ല.

കഴിഞ്ഞകളിയ്ക്ക്‌ ഐസ്ഫ്രൂട്ട്‌ കച്ചവടക്കാര്‍ ഗോള്‍പോസ്റ്റിനു മുന്നില്‍ ബസ്സ്‌ പാര്‍ക്ക്‌ ചെയ്ത്‌ വഴിയടച്ചപ്പോള്‍ നൈജീരിയ ഇത്തിരി കൂടി കടന്ന്‌ ചിന്തിച്ചു. അഞ്ച്‌ ബോഗി വച്ച ട്രെയിന്‍ തന്നെ ഉണ്ടാക്കി ബോക്സിനു പുറത്ത്‌ കൊണ്ടുവന്നു പാര്‍ക്ക്‌ ചെയ്തു കളഞ്ഞു. നൂലു പിടിച്ച്‌ ലൈന്‍ വരയ്ക്കുന്ന കൃത്യതയോടെ നിന്ന ആ അഞ്ചു ബോഗികള്‍ക്കിടയിലൂടെ കടക്കാന്‍ മെസ്സിയ്ക്കും കൂട്ടര്‍ക്കും പിടിപ്പത്‌ പണിയായിരുന്നു. ജയിച്ചേ മതിയാവൂ എന്നതു കൊണ്ട്‌ തുടക്കത്തിലേ ആക്രമിച്ച്‌ കളിച്ച നീലപ്പടയ്ക്ക്‌ ഗോള്‍ മാത്രം കണ്ടെത്താനായില്ല. എന്നാല്‍ ട്രോളുകള്‍ വായിച്ചാവണം മെസ്സിയെ കാര്യമായി പൂട്ടാന്‍ നൈജൂസ്‌ നോക്കിയില്ല.

പറ്റിയ അബദ്ധം അവരു മനസ്സിലാക്കിയത്‌ ട്രെയിന്‍ കയറാന്‍ കാത്ത്‌ നിന്ന മെസ്സി ബനേഗാ ക്രോര്‍പതി നീട്ടിയ പന്തുമായി പാളവും കടന്ന്‌ മുന്നേറിയപ്പോഴാണ്‌. ഒരുകാലു തന്നെ മെസ്സിയുടെ പാന്റ്‌ സൈസിന്റെ വലിപ്പമുള്ള ഡിഫന്റര്‍ കൂടെ ഓടി തടുക്കാന്‍ പരമാവധി നോക്കിയെങ്കിലും മെസ്സി ഡിഫന്ററുടെ കാലിന്റെ അര ഇഞ്ച്‌ മുന്നിലൂടെയും ഗോളിയുടെ കൈയ്യുടെ അര ഇഞ്ച്‌ പുറത്തൂടെയും ഉള്ള ഗ്യാപ്പിലൂടെ ഗോളടിച്ച്‌ മിടുക്കനായി. ട്രോളില്‍ പറയും പോലെ ഉയിര്‍പ്പൊന്നുമല്ല എണ്ണം പറഞ്ഞ ഒരു കലകലക്കന്‍ ഗോള്‍

1-0.

അതുവരെ ടെന്‍ഷനോടെ കളിച്ച മെസ്സിയും കൂട്ടരും മഴക്കോളു മാറി വെയിലുവന്നതു പോലെ തെളിഞ്ഞു കളിച്ചു തുടങ്ങി. നൈജൂസ്‌ അതോടെ മെസ്സിയെ പൂട്ടി. എന്നാലും സമാധാനത്തോടെ അര്‍ജന്റീന ചായകുടിക്കാന്‍ പോയി, ആരാധകരു മൂത്രമൊഴിക്കാനും.

മാലാഖ മറിയ, ഗ്രീക്ക്‌ ദേവന്‍ താടിക്കാരന്‍ ഒക്കെ ഇത്തവണ ഒന്നിനും കൊള്ളൂലാന്ന്‌ പിന്നേം പിന്നേം തെളിയിച്ച്‌ കൊണ്ടിരുന്നു. ഇടയ്ക്ക്‌ മാലാഖ ഗോളിമാത്രമുള്ള പോസ്റ്റിലേയ്ക്ക്‌ ആട്‌ മേയ്ക്കാന്‍ പോയി. വല്ല ചെന്നായേം സൈഡിലുണ്ടോന്ന്‌ തുറിച്ച്‌ നോക്കി ഓടുന്നതിനിടയില്‍ ഏതോ ഡിഫന്റര്‍ ഒന്ന്‌ തൊട്ടു എന്നും പറഞ്ഞ്‌ മാലാഖ ബോക്സിനുള്ളിലേയ്ക്ക്‌ ചിറകൊടിഞ്ഞ്‌ വീണു.ഇച്ചിരി സല്‍മാന്‍ ഖാന്റെ നോക്ക്ഡ്‌ നീസ്‌ ഉണ്ടോ മാലാഖയ്ക്കെന്നൊരു സംശയമില്ലാതില്ല. പെനാല്‍റ്റിയ്ക്ക്‌ വേണ്ടി ഒത്തിരി കരഞ്ഞെങ്കിലും മെസ്സി "ആരാധകനായ" റഫറി സമ്മതിച്ചില്ല.

കഴിഞ്ഞ മത്സരങ്ങളിലേതുപോലെ ഗോളിയ്ക്കും ഡിഫന്റര്‍മാര്‍ക്കുമിടയിലുള്ള ബാക്ക്‌പാസുകള്‍ പലതും മൂസാക്കയും കൂട്ടരും ഇടയ്ക്കിടെ ഓടിപ്പിടിച്ചു. ഒരു ആകാശം നോക്കി നൈജു ആളില്ലാസമയത്ത്‌ കിട്ടിയ പന്ത്‌ ഇടത്തേക്കോ വലത്തേക്കോ ഏത്‌ പോസ്റ്റിലേയ്ക്കടിക്കണം എന്ന്‌ ഗണിയ്ക്കാന്‍ കാണിപ്പയ്യൂരിനെ വിളിച്ചാ മതിയോ എന്നാലോചിക്കുമ്പോഴേയ്ക്കും മഷ്രൂം തലയന്‍ മാഷറാനോ ഫുള്‍ ലെങ്ങ്ത്‌ ഡൈവ്‌ ചെയ്ത്‌ രക്ഷപ്പെടുത്തി. വീണുകിട്ടിയ കോര്‍ണര്‍ നൈജൂസ്‌ എടുക്കുമ്പോള്‍ ദംഗല്‍ സിനിമയില്‍ 5 പോയിന്റ്‌ ഒരുമിച്ച്‌ കിട്ടിയ ഗുസ്തി അടവ്‌, നേരത്തെ മാലാഖയെ ഞോണ്ടിയ ഡിഫന്റര്‍ക്കിട്ട്‌ കൂണ്‍ തലയന്റെ വഹ. അരയില്‍ ചുറ്റിപ്പിടിച്ച്‌ എടുത്ത്‌ മലര്‍ത്തി ഗോള്‍ ലൈനിന്റെ പുറത്തേക്കിട്ടു. റഫറി പിടിച്ച്‌ പെനാല്‍റ്റി കൊടുത്തു. ഗോളി ഞാനത്ര മിടുക്കനൊന്നുമല്ലാന്ന്‌ വന്ന പന്തിനോട്‌ പറഞ്ഞേച്ച്‌ എതിര്‍ദിശയിലേക്ക്‌ ചാടിയൊഴിഞ്ഞു.

1-1.

അപ്പുറത്തേ കണ്ടത്തില്‍ ക്രൊയേഷ്യന്‍ വയസ്സന്‍ പട 1-0 നു ലീഡ്‌ ചെയ്തോണ്ടിരുന്നതും 1-1 ആയി. അര്‍ജുവോ ഐസുവോ അടുത്ത റൗണ്ടിലേക്കെന്ന്‌ നോക്കിനില്‍ക്കുമ്പോള്‍ നൈജു ചാടി ഇടങ്കോലിട്ടിരിക്കുന്നു.

ഓടാനറിയാത്ത മാലാഖയേയും വേറൊരാളേയും മാറ്റിയിട്ടും ഗോള്‍ മാത്രം വന്നില്ല. മഷ്രൂം തലയന്റെ മണ്ടത്തരം കാരണമാണ്‌ പെനാല്‍റ്റി വഴങ്ങിയതെങ്കിലും പുരികം പൊട്ടി ചോര വാര്‍ന്നിട്ടും ബാഹുബലി സ്റ്റെയിലില്‍ മഷ്രു പൊരുതിയതുകൊണ്ടാണ്‌ ഒട്ടേറെ പ്രത്യാക്രമണങ്ങള്‍ ഹാഫ്‌ലൈന്‍ പോലും കടന്ന്‌ അര്‍ജന്റൈന്‍ സൈഡിലെത്താതിരുന്നത്‌. ആ ആത്മാര്‍ത്ഥതയ്ക്ക്‌ ഒരു സല്യൂട്ട്‌.

അര്‍ജന്റൈന്‍ ബോക്സില്‍ ഉയര്‍ന്ന്‌ ചാടിയ റോജോയുടെ തലയില്‍ കൊണ്ട പന്ത്‌ കയ്യിലും ഉരസി നൈജു ഫോര്‍വേഡിന്‌. അങ്ങേരത്‌ പൂക്കുറ്റിയാക്കി കളഞ്ഞിട്ട്‌ പിന്നെം പെനാല്‍റ്റി വേണോന്ന്‌ നിലവിളി. കൊടുക്കാന്‍ ഭാവമില്ലാന്ന്‌ റഫറി V R നോക്കാന്‍ പോവുമ്പോള്‍ തന്നെ മുഖത്തെഴുതി വച്ചിട്ടുണ്ടായിരുന്നു.

കളി തീരാന്‍ മിനിട്ടുകള്‍ ബാക്കി. ഫാന്‍സ്‌ റഷ്യേന്ന്‌ തിരിച്ച്‌ പോരാന്‍ irctc സൈറ്റില്‍ ലോഗിന്‍ ചെയ്യാന്‍ തുടങ്ങി.പിള്ളേരൊക്കെ കരച്ചിലിന്റെ വക്കത്തെത്തി, പുഴക്കരയില്‍ പോലീസ്‌ പെട്രോളിംഗ്‌ ഉച്ചസ്ഥായിയില്‍.

ഉറച്ച പെനാല്‍റ്റി റഫറി കൊടുക്കാഞ്ഞത്‌ കണ്ടപ്പോഴാണ് റോജോയ്ക്ക്‌ ഇത്‌ തന്റെ ദിവസമാണെന്ന്‌ ബോധോദയം ഉണ്ടായതും നൈജീരിയന്‍ ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടെ തന്റെ കാലില്‍ കിട്ടിയ പന്ത്‌ പതിവുപോലെ ഒന്ന്‌ ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചതും.

അതേ ഇന്നാ റോസാപ്പുവിന്റെ ദിവസമായിരുന്നു ക്ലിയര്‍ ചെയ്ത പന്ത്‌ വലയ്ക്കുള്ളില്‍ ! മെസ്സി റോജോടെ പുറത്ത്‌ കയറി horse man ആയി. ഫാന്‍സ്‌ ആനന്ദക്കണ്ണീരില്‍ മുങ്ങി. പോരാഞ്ഞ്‌ വയസ്സന്‍ പട ഐസ്ഫ്രൂട്ട്‌ കച്ചോടക്കാരെ അടിച്ചോടിച്ചെന്ന വാര്‍ത്തയും. സന്തോഷം സഹിക്കാനാവതെ മെസ്സി ഓടിപ്പോയി ഒരു മഞ്ഞക്കാര്‍ഡുവരെ ചോദിച്ചു വാങ്ങി.

ഫൈനല്‍ വിസില്‍ 2-1.

വാല്‍ക്കഷ്ണം: കേരളത്തിലെ കുറേ കോഴികള്‍ പതിവില്ലാതെ പാതിരാത്രിയ്ക്ക്‌ കൂട്ടക്കൂവല്‍ക്കരച്ചില്‍ നടത്തി. പുത്തന്‍ ഫ്ലക്സ്‌ മറ കിട്ടും മുന്‍പേ മിഥുനത്തിലെ മഴ ഇനിയും കുറേ കൊള്ളണമല്ലോ എന്നോര്‍ത്താവും.

Wednesday, March 17, 2010

അമേരിക്കാ അമേരിക്കാ - ഇമ്പ്രഷന്‍സ്‌ 3

പറഞ്ഞ സമയത്ത്‌ തന്നെ ചൈനക്കാരന്‍ വന്നു. 3000 ഡോളറിന്റെ കാറ്‌ എന്നു പറഞ്ഞാല്‍ ടി ദേഹത്തെപ്പറ്റി ഊഹിക്കാമല്ലോ. കാറില്‍ കയറിയപാടെ ജിപിഎസ്‌ ഡിവൈസ്‌ ഓണാക്കി അത്‌ ലെഫ്റ്റ്‌ റൈറ്റ്‌ എന്ന് വിളിച്ച്‌ പറയുന്നതിനനുസരിച്ച്‌ ഓടിച്ച്‌ തുടങ്ങി. വഴിയില്‍ ഒരു ട്രാഫിക്‌ സിഗ്നല്‍ ബോര്‍ഡില്‍ മാനിന്റെ പടം. അവിടൊക്കെ മാനുകള്‍ റോഡ്‌ ക്രോസ്‌ ചെയ്യാറുണ്ടത്രെ! ചാത്തന്‍ വിചാരിച്ചത്‌ സീബ്രാ ലൈന്‍ പോലെ വല്ലതുമായിരിക്കുമെന്നാ. കുറച്ച്‌ കഴിഞ്ഞപ്പോള്‍ അതേ ബോര്‍ഡില്‍ കരടിയുടെ പടം. അപ്പോള്‍ ഏതോ മൃഗസങ്കേതം ടൈപ്പ്‌ സംഭവത്തിലേക്കാണ്‌ പോക്ക്‌. പ്ലഷര്‍ ട്രിപ്പിന്റെ തുടക്കം കൊള്ളാം. ഇപ്പോള്‍ ജിപിഎസ്‌ ഓഫാക്കി. ഒരു ഒഴിഞ്ഞ പാര്‍ക്കിംഗ്‌ പ്ലേസില്‍ കാര്‍ നിര്‍ത്തി. ഓ ഡോക്ടറുടെ കാര്‍ അവിടെ കിടപ്പുണ്ട്‌. പുള്ളിയേയും കാണാം. എന്ന് ചൈനക്കാരന്‍. അപ്പോഴാണ്‌ മുന്നിലുള്ള കെട്ടിടത്തിന്റെ തലേക്കെട്ട്‌ ചാത്തന്‍ ശ്രദ്ധിച്ചത്‌. ചാത്തന്‍ മനസ്സില്‍ കെട്ടിപ്പൊക്കിയ ബുര്‍ജ്‌ ഖലീഫേടെ രണ്ടിരട്ടി ഉയരമുള്ള ഉല്ലാസയാത്രാ കൊട്ടാരത്തിന്റെ മുകളിലേക്കാണ്‌ അല്‍-ചൈനാ കാരന്‍ സ്വന്തം കാര്‍ ഫ്ലൈറ്റ്‌ ഇടിച്ചിറക്കിയത്‌. കാര്‍ നിര്‍ത്തിയിരിക്കുന്നത്‌ കാട്ടിനു നടുവിലെ സ്വന്തം കമ്പനിയുടെ കാര്‍ പാര്‍ക്ക്‌ ഏരിയായില്‍!

ദൈവമേ ഈ അമേരിക്ക മൊത്തം കാടാണോ!. അംബരചുംബികളായ കെട്ടിടങ്ങള്‍ക്ക്‌ ഇടയിലാകും ഓഫീസ്‌ എന്ന് വച്ചിട്ട്‌ ആകെ രണ്ട്‌ നിലയുള്ള ഓഫീസ്‌, ചുറ്റും കാട്‌. അകത്ത്‌ കയറി ഡോക്ടറെ പരിചയപ്പെട്ടു എന്നു വച്ചാല്‍ ഡോക്ടറേറ്റ്‌ കിട്ടിയ മറ്റൊരു ചൈനക്കാരന്‍ കുറച്ചൂടെ പ്രായമുണ്ട്‌. പക്ഷേ ദിവസോം കുപ്പായം മാറുന്ന ടൈപ്പായിരുന്നു. ഇനി ബാക്കി പരിചയപ്പെടാനുള്ളത്‌ ഒരു ഇന്ത്യാക്കാരനേയും(ബിഗ്‌ ബോസ്‌) മദാമ്മയേയും(കാണാന്‍ കൊള്ളാവുന്നതാവുമോ എന്തോ). ശനിയാഴ്ചയായതോണ്ട്‌ അവരു വന്നിട്ടില്ലാത്രെ. യുവചൈനീസ്‌ സ്വന്തം ക്യുബിക്കിളില്‍ കൂട്ടിക്കൊണ്ട്‌ പോയി, മൂന്നാലു കൊല്ലം പഴക്കമുള്ള ഒരു തടിയന്‍ കമ്പ്യൂട്ടറും 19 ഇഞ്ച്‌ മോണിറ്ററും കാട്ടിത്തന്ന് അതെന്റെയാ, തിങ്കളാഴ്ച വേറെ തരാം ഇന്നതില്‍ പണിഞ്ഞോളൂ എന്ന് പറഞ്ഞു. ദൈവമേ മുന്നേ പറഞ്ഞതെല്ലാം തിരിച്ചെടുത്തു. തിരിച്ച്‌ വന്നിട്ട്‌ വേണം നെഹൃൂന്റെ കല്ലറ മാന്തി ഒരു ഷേക്ക്‌ ഹാന്റ്‌ കൊടുക്കാന്‍.

യുവചൈന പിന്നെ വന്നത്‌ ഉച്ചയ്ക്കാണ്‌, ഒരു ബര്‍ഗറും പെപ്സിയും കൊണ്ട്‌. കൊല്ലാന്‍ കൊണ്ട്‌ കെട്ടുന്ന ആടിനും വെള്ളം കൊടുക്കുന്ന പതിവ്‌ അമേരിക്കേലുണ്ടത്രെ. അത്‌ കഴിക്കാന്‍ കഫറ്റേരിയയിലേക്കും കൊണ്ട്‌ പോയി. വെന്‍ഡിംഗ്‌ മെഷീനും കാണിച്ച്‌ തന്നു. ഫ്രീ ആയി കിട്ടുന്നത്‌ വെള്ളം മാത്രം. ബാംഗ്ലൂരിലെ കമ്പനിയിലെ ഹോര്‍ലിക്സും ബൂസ്റ്റും കോഫീ മെഷീനും ഇപ്പോള്‍ ചാത്തനെയോര്‍ത്ത്‌ കളിയാക്കിച്ചിരിക്കുന്നുണ്ടാവും.

മറ്റേ ചൈനീസ്‌ ഡോക്ടര്‍ തൊട്ടടുത്ത ക്യുബിക്കിളില്‍ ഇരുന്ന് പണിയുന്നുണ്ട്‌, പാവം ടി ദേഹം ഒരു ഡൊമെയില്‍ എക്സ്‌പെര്‍ട്ടാണ്‌, കമ്പ്യൂട്ടര്‍ ഉപയോഗിച്ച്‌ പരിചയം പോരാ, എവിടോ ലക്ചറായിരുന്നു ഇതുവരെ. പിന്നീടുള്ള ദിവസങ്ങളില്‍ അങ്ങോര്‍ക്ക്‌ ബേസിക്‌ കമ്പ്യൂട്ടര്‍ ക്ലാസും കൊടുക്കേണ്ടി വന്നു. വീണ്ടും ഒരു 'പാവം' ഇരിക്കട്ടെ ഇവിടെ വന്നു കയറും വരെ ടെലി കോണ്‍ഫറന്‍സുകളില്‍ അങ്ങോര്‍ തട്ടിമുട്ടി ഇംഗ്ലീഷ്‌ പറഞ്ഞ്‌ ഞങ്ങള്‍ക്ക്‌ പണിതന്നോണ്ടിരുന്നപ്പോള്‍ ഉണ്ടായിരുന്ന വെറുപ്പ്‌ മൊത്തം അലിഞ്ഞില്ലാണ്ടായി. ബാക്കിയുള്ളവന്മാരോട്‌ കുറച്ച്‌ വെറുപ്പ്‌ കൂടി. ഇത്രെം കാലമായിട്ടും ഒരു അഞ്ച്‌ മിനിറ്റ്‌ ചെലവഴിച്ച്‌ ബേസിക്‌ വിന്‍ഡോസ്‌ യൂസേജ്‌ അങ്ങേര്‍ക്ക്‌ പറഞ്ഞ്‌ കൊടുക്കാന്‍ ഇവര്‍ക്കൊന്നും കഴിഞ്ഞില്ലേ ഒന്നൂല്ലേലും സഹപ്രവര്‍ത്തകനല്ലേ?. പിന്നേം അവരു തനികൊണം കാണിച്ചത്‌ റിസഷന്‍ ടൈമില്‍ ഈ പാവത്തിന്റെ പണി ഏതാണ്ട്‌ കഴിയാനായതോണ്ട്‌, ഒന്നോ രണ്ടോ ദിവസത്തെ നോട്ടീസില്‍ ചവിട്ടിപ്പുറത്താക്കിക്കൊണ്ടാണ്‌. തൊട്ടടുത്ത ദിവസം നടന്ന മീറ്റിങ്ങില്‍ ബിഗ്‌ ബോസ്‌ ചാടിക്കടിച്ചതും ഇങ്ങേരെ തന്നെ. സ്പീഡില്‍ ഇംഗ്ലീഷ്‌ സംസാരിക്കാനറിയാത്ത കുറ്റം വല്ലാതെ വലയ്ക്കുന്നുണ്ട്‌. രണ്ടാഴ്ചത്തെ താമസത്തിനിടയില്‍ ചെയ്യാന്‍ പറ്റുന്ന സഹായമൊക്കെ അങ്ങോര്‍ക്ക്‌ ചെയ്ത്‌ കൊടുത്ത്‌ ബിഗ്‌ ബോസിനെക്കൊണ്ട്‌ അങ്ങേര്‍ക്കൊരു ചിരിച്ച മുഖം കാണിച്ച്‌ കൊടുക്കാന്‍ ചാത്തനു ഭാഗ്യമുണ്ടായി. പകരം കിട്ടിയ ഒരേ ഒരു വീക്കെന്റില്‍ ചാത്തനെ 30000 ഡോളറിന്റെ പുതുപുത്തന്‍ കാറില്‍(ഒരു പൂജ്യത്തിന്റെ വ്യത്യാസം സ്വഭാവത്തിലും ഉണ്ടാവും എന്ന് മനസ്സിലായി) ഒരു മിനി ട്രക്കിംഗ്‌ കം മലകയറി വെള്ളച്ചാട്ടം കാണലിനു കൊണ്ട്‌ പോയത്‌ ഡോക്ടറാണ്‌.

വൈകീട്ട്‌ ഒരു നാല്‌ മണിയായപ്പോള്‍ യുവചൈന വീണ്ടും രംഗത്തെത്തി. ഞാന്‍ പോവാണ്‌, ഒരു മണിക്കൂറും കൂടി വര്‍ക്ക്‌ ചെയ്യുന്നുണ്ടോ? നാളെ ഞായറല്ലേ ഇവിടെ ക്ലീനിങ്ങൊക്കെയാവും,(ബ്രേക്ക്‌ ഒരു ആത്മഗതം ഇനി അതും ചാത്തന്‍ ചെയ്യേണ്ടി വരുമോ) ഇതൊക്കെ പായ്ക്ക്‌ ചെയ്ത്‌ ഹോട്ടലില്‍ വച്ച്‌ ബാക്കി ചെയ്യുന്നതാവും നല്ലത്‌ അല്ലേ? ബാങ്ക്‌ അക്കൗണ്ട്‌ കാലിയായിപ്പോയി. അമേരിക്കയില്‍ നിന്ന് ഇന്ത്യേലേക്ക്‌ ഒരു കള്ളത്തീവണ്ടി സര്‍വീസ്‌ എങ്കിലും ഉണ്ടായിരുന്നെങ്കില്‍..ല്‍..ല്‍..ല്‍..

അപ്പോള്‍ ഓണ്‍സൈറ്റ്‌ എന്നു വച്ചാല്‍ പണി എടുക്കല്‍ മാത്രാണ്‌. വല്ല വീക്കെന്റിലും എവിടേലും കറങ്ങി മൂന്നാലു പടവും ഓര്‍ക്കുട്ടിലിട്ട്‌ ജാഡകാട്ടി നടക്കുന്നവരുടെ മിക്കവരുടെം കഥ ഇതു തന്നെയാവും. കണ്ടാലറിയാത്തോന്‍ ഓണ്‍സൈറ്റ്‌ പോയാലേ അറിയൂ. അങ്ങനെ അഞ്ച്‌ മണിയായപ്പോഴേക്ക്‌ എല്ലാം കെട്ടി വലിയൊരു പെട്ടിയേയും ചാത്തനേം തിരിച്ച്‌ ഹോട്ടലില്‍ എത്തിച്ചു. ആരെങ്കിലും പെട്ടി തുറന്ന് കണ്ടാല്‍ ശേഷിച്ച കാലം ജയിലഴി എണ്ണാം കുറേ ഇലക്ട്രോണിക്‌ സാധങ്ങള്‍ വയറുകള്‍ ബാറ്ററികള്‍ അതിന്റെ ചാര്‍ജേസ്‌ അങ്ങിനെ അങ്ങിനെ, കണ്ടാല്‍ ബോംബുണ്ടാക്കാനുള്ള ഒരുക്കം തന്നെ.

റൂമിലെത്തി അടച്ച്‌ പൂട്ടി കമ്പ്യൂട്ടറിന്റെ മുന്നില്‍ കുറ്റിയടിച്ചു.നാട്ടിലായിരുന്നെങ്കില്‍ ശനിയും ഞായറുമെങ്കിലും ചുമ്മാ ഇരിക്കാമായിരുന്നു. മാഗീ നൂഡില്‍സിനു പതിവില്‍ കൂടുതല്‍ സ്വാദ്‌. ഞായറും കടന്നുപോയി. 2 നേരം നൂഡില്‍സ്‌ തന്നെ വെറുത്തു. തിങ്കളാഴ്ച ഹോട്ടല്‍ വക വണ്ടിയില്‍ ഓഫീസിലേക്ക്‌ ഡ്രോപ്പ്‌. റിയര്‍ വ്യൂ മിറര്‍ വെറും കാഴ്ച വസ്തുവാണ്‌ ഡ്രൈവര്‍ ഇടക്കിടെ തിരിഞ്ഞ്‌ നോക്കിക്കൊണ്ടാ ലൈന്‍ മാറുന്നത്‌.റോഡിലുള്ള എല്ലാ വണ്ടികളിലും ഒരാള്‍ മാത്രം, ഓടിക്കുന്ന ആള്‍. എന്നിട്ടാണ്‌ അമേരിക്കക്കാരു ആളെ കുത്തിനിറച്ച്‌ ഓടിക്കുന്ന നമ്മുടെ നാട്‌ കൊണ്ടാണ്‌ പെട്രോള്‍ ക്ഷാമം വരുന്നതെന്ന് പറയുന്നത്‌. ജോലി തുടങ്ങി. പ്രൊജക്റ്റില്‍ ബാക്കിയുള്ളവരെ പരിചയപ്പെട്ടു. അമേരിക്കക്കാരെ ചീത്തപറയാന്‍ പറ്റാത്തതു കൊണ്ട്‌ ചൈനക്കാരെ ടീമിലെടുത്ത ഇന്ത്യന്‍ ബോസ്‌, മദാമ്മയെന്ന് ചുമ്മാ തെറ്റിദ്ധരിച്ച (കാണും മുന്‍പ്‌) കറുത്ത വര്‍ഗക്കാരി അമ്മൂമ്മ 60 ആകാറായത്രെ. വൈകീട്ട്‌ ഹോട്ടലുകാരുടെ പിക്കപ്പ്‌ വരുമ്പോഴേക്ക്‌ ഓഫീസ്‌ മൊത്തം കാലിയായി. വിരസമായ ദിവസങ്ങള്‍. ജയില്‍ ജീവിതത്തിനു ഒരു ആമുഖം പോലെ തോന്നി.

രാവിലെ താമസിക്കുന്ന ഹോട്ടലില്‍ നിന്ന് ഭക്ഷണം ഫ്രീ ആയതോണ്ട്‌, ബ്രേക്‍ഫാസ്റ്റ്‌ കം ഡിന്നര്‍(അടിച്ച്‌ മാറ്റുന്ന പഴങ്ങളും പാലും) ഫ്രീ. ഉച്ചയ്ക്ക്‌ മാത്രമാണ്‌ കാശു കൊടുത്തുള്ള തീറ്റ. 5 ഡോളറിന്റെ അടുത്ത്‌ ന്ന് വച്ചാല്‍ ഏകദേശം 200 രൂപ എണ്ണിക്കൊടുത്ത്‌ ഒരു ലഞ്ച്‌ കഴിക്കുന്നത്‌ മനസ്സില്‍ ദഹിച്ച്‌ കിട്ടാന്‍ കുറച്ച്‌ ദിവസമെടുത്തു. അതിനിടെ ഒരു ദിവസം കഴിച്ചോണ്ടിരുന്നപ്പോള്‍ സൈറണ്‍ അടിച്ചു. എല്ലാവരും തിന്നോണ്ടിരുന്നത്‌ പകുതിയ്ക്ക്‌ വച്ച്‌ പുറത്തേക്കോടി. എവിടോ തീ പിടിച്ചതാത്രെ. പുറത്ത്‌ വച്ച്‌ ഡിസ്കഷന്‍ തുറന്ന് വച്ച്‌ വന്ന ബാക്കി ഭക്ഷണം ഇനി കഴിക്കണോ അതോ തിരിച്ച്‌ എത്തുമ്പോഴേയ്ക്ക്‌ അവരതു വെയിസ്റ്റില്‍ തട്ടിക്കാണുമോ എന്നിങ്ങനെ. മനസ്സില്‍ ഒരായിരം ലഡു പൊട്ടി എന്റെ 5 ഡോളറേ. തിരിച്ചെത്തിയപ്പോള്‍ സാധനം അവിടെ തന്നെ ഉണ്ട്‌. സബ്‌വേ എന്ന കട ഇവിടെ ബാംഗ്ലൂരുണ്ട്‌. ഇവിടെ വച്ച്‌ അതിലെ ഒണക്കബണ്ണും പച്ചിലേം ചവച്ച്‌ നടക്കുന്നവരെ കാണുമ്പോള്‍ ഉണ്ടായിരുന്ന പുച്ഛച്ചിരി ഇനി കാണൂല. പാവങ്ങള്‍ വല്ല ഓണ്‍സൈറ്റിനും ഉള്ള പ്രിപ്പറേഷന്‍ ആവും. അതൊക്കെ എന്ത്‌ മെച്ചം ഒരു രക്ഷേമില്ലാത്ത സ്പൈസി ആയ ഫിഷ്‌ എന്ന് പറഞ്ഞ്‌ തന്ന സാധനത്തില്‍ ഒരു അരക്കിലോ കുരുമുളക്‌ പൊടി ഇട്ടാലും അത്‌ എരിവ്‌ വലിച്ചെടുത്ത്‌ കളയും എന്ന് തോന്നുന്നു, അതും പകുതി വെന്തത്‌.

ഇടയ്ക്കുള്ള വീക്കെന്റ്‌.വെള്ളിയാഴ്ച വൈകീട്ട്‌ ചൈനക്കാരന്‍ ഡോക്ടര്‍ പുറത്ത്‌ കൊണ്ട്‌ പോയി. ഏതോ ചൈനീസ്‌ റസ്റ്റോറന്റില്‍ പടം നോക്കി ഓര്‍ഡര്‍ ചെയ്യാന്‍ മെനു എടുത്ത്‌ തന്നു. അവസാനം അങ്ങേരെക്കൊണ്ടു തന്നെ ഓര്‍ഡര്‍ ചെയ്യിപ്പിച്ചു. കണവ ഒരു പകുതി വെന്ത രീതിയില്‍ എന്തിലൊക്കെയോ മുക്കിപ്പൊരിച്ചു കൊണ്ടു വന്നു. അതെനിക്കു വേണ്ടി ഓര്‍ഡര്‍ ചെയ്തതാന്ന് പറഞ്ഞ്‌ അങ്ങേര്‍ തിന്നില്ല. ചിക്കന്‍ ഫ്രൈഡ്‌ റൈസ്‌ ഉണ്ടായിരുന്നതു കൊണ്ട്‌ തല്‍ക്കാലം രക്ഷപ്പെട്ടും മറ്റതു പകുതി എങ്ങനെയൊക്കെയോ ശാപ്പിട്ടു. എഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ബാക്കി അങ്ങോരു പാര്‍സല്‍ ആക്കിത്തന്നു. മൊത്തം കഴിപ്പിച്ചേ അടങ്ങൂ. പിറ്റേന്ന് ടൂറു കൊണ്ട്‌ പോവാം ന്ന് പറഞ്ഞതോണ്ട്‌ പാര്‍സല്‍ തൂക്കിപ്പിടിച്ചു ഹോട്ടലില്‍ കൊണ്ടു വന്നു. രാവിലെ തന്നെ റെഡിയായി. ഡോക്ടര്‍ അങ്ങേരുടെ പുത്തന്‍ കാറുമായി വന്നു ഒരു വെള്ളച്ചാട്ടം കാണാന്‍ കൊണ്ടു പോയി. അവിടെവച്ചെടുത്ത ഫോട്ടോ ബ്ലോഗിലിട്ട്‌ ലിങ്ക്‌ വീട്ടിലേക്കയച്ചപ്പോള്‍ കിട്ടിയ കമന്റ്‌ നീ വയനാട്ടിലാണോടാ ഓണ്‍സൈറ്റെന്നു പറഞ്ഞ്‌ പോയത്‌ എന്ന്. കണ്ടത്‌ കണ്ടു തിരിച്ച്‌ നാട്ടിലെത്തിയാ മതീന്നായി. ഒരാഴ്ചത്തേക്കുള്ള മാഗി ബാക്കിയായി അത്‌ അതേഹോട്ടലില്‍ വച്ച്‌ പരിചയപ്പെട്ട വേറൊരു കമ്പനിയില്‍ നിന്നും വന്ന ഒരു ഇന്ത്യാക്കാരന്റെ തലേല്‍ കെട്ടി ഏല്‍പ്പിച്ചു.

മടക്കയാത്രയില്‍്‍ വിമാനത്താവളത്തില്‍ വച്ച്‌ പരിചയപ്പെട്ട ഒരു ഇന്ത്യക്കാരന്‍ തന്റെ കയ്യിലെ ലഗേജിനു കുറച്ച്‌ വെയിറ്റ്‌ കൂടുതലാ കുറച്ച്‌ സാധനങ്ങള്‍ തന്റേതില്‍ ഇടട്ടേന്ന്!!! ചോദിച്ചു. എന്ത്‌ പറഞ്ഞിട്ടാ ഊരിപ്പോന്നതെന്ന് ഓര്‍ക്കുന്നില്ല. പിന്നെ അങ്ങേരു കാണാതെ കള്ളനും പോലീസും കളിച്ചു. പാവത്തിന്റെ ഏതോ കട്ട ബുജി പുസ്തകമൊക്കെ ഉദ്യോഗസ്ഥര്‍ എടുത്ത്‌ തോട്ടില്‍ കളഞ്ഞു. അമേരിക്കേ വിട. വഴിയില്‍ ജര്‍മനിയില്‍ കാപ്പി കുടിക്കാന്‍ വീണ്ടും നിര്‍ത്തി. വൈഫൈ സോണെന്ന് എഴുതി വച്ചിട്ടുണ്ട്‌, ആക്സസില്ല. അനിയനെ ഫോണ്‍ വിളിക്കാന്‍ ശ്രമിച്ചു. നമ്മടെ നാട്ടിലെ കോയിന്‍ ബൂത്താ മോനേ ബൂത്ത്‌ ബാക്കിയൊക്കെ ചവറ്‌ സാധനം അമേരിക്കയുടെ കാര്യം മുന്‍പേ പറഞ്ഞതാ ഇത്‌ അതിലും കഷ്ടം. റോക്കറ്റ്‌ പോകുന്നപോലെയാ ഒരു ലോക്കല്‍ കാള്‍ വിളിച്ചാല്‍ കാശ്‌ തീരുന്നത്‌. എന്നാ വിളിച്ചിട്ടു അവനെ ഒട്ടു കിട്ടിയതുമില്ല.

തിരിച്ച്‌ ഇന്ത്യയിലെത്തിയപ്പോള്‍ രാത്രി ഒരു മണി. ഒരു ബോംബുണ്ടാക്കാനുള്ള സൈസ്‌ ഇലക്ട്രോണിക്‌ സാധനങ്ങള്‍ ചെക്ക്‌ ഇന്‍ ചെയ്ത പെട്ടിയിലുണ്ട്‌. ബാംഗ്ലൂര്‍ പുതിയ വിമാനത്താവളം അപ്പോഴേക്കും ഓടിത്തുടങ്ങിയിരുന്നു. തിരിച്ച്‌ കിട്ടിയ പെട്ടിയില്‍ ചോക്കുകൊണ്ട്‌ എന്തൊക്കെയോ കുത്തി വരച്ചിരിക്കുന്നു. മുന്‍പേ പോകുന്നവന്റെ പെട്ടിയിലും ഉണ്ട്‌. അവനെ ഏതോ കസ്റ്റംസ്‌കാര്‍ പൊക്കി. ഒരേ ഒരു നിമിഷം. എന്റെ പെട്ടിയുടെ ചോക്ക്‌ വെച്ച്‌ വരച്ച ഭാഗം ഒന്ന് കറങ്ങി. വീണ്ടും തിരിച്ച്‌ കറങ്ങി. അല്‍ഭുതം ഒരു പാടും കാണാനില്ല! . കസ്റ്റംസ്‌കാര്‍ തിരിഞ്ഞ്‌ അടുത്ത ആളെ പിടിക്കാന്‍ വരും മുന്‍പ്‌ ചാത്തന്‍ വിമാനത്താവളത്തിനു പുറത്ത്‌. പിന്നേ കിടന്നുറങ്ങാനുള്ള സമയത്ത്‌ കൊണ്ട്‌ വരുന്ന ഇലക്ട്രോണിക്‌ സാധനങ്ങള്‍ എന്തിനുള്ളതാണെന്ന് കസ്റ്റംസിനു സ്റ്റഡീക്ലാസ്‌ എടുക്കാന്‍ എന്റെ പട്ടി വരും.

വാല്‍ക്കഷ്ണം: എങ്ങനേം ഒന്ന് അവസാനിപ്പിക്കണം എന്ന് വച്ചെഴുതിയതാ.

Monday, January 11, 2010

അമേരിക്കാ അമേരിക്കാ - ഇംപ്രഷന്‍സ്‌ 2

ആദ്യഭാഗം വായിക്കാത്തവരും മറന്ന് പോയവരും എന്ത്‌ എപ്പോള്‍ എങ്ങനെ എന്ന് ചോദിക്കരുത്‌ ലിങ്ക്‌ കണ്ടുപിടിക്കാന്‍ മടിയാണേല്‍ ഇവിടുണ്ട്‌.

ചാത്തന്റെ സ്വന്തം അക്കൗണ്ടിലെ കാശ്‌ മൊത്തം വാടകയിനത്തില്‍ ഉരച്ചെടുത്തശേഷം റിസപ്ഷനിസ്റ്റ്‌ മദാമ്മ ഒരു വര്‍ണ്ണക്കടലാസ്‌ കൂട്ടം തന്നു. ബ്രോഷറാണെന്ന് തോന്നുന്നു. മുറീടെ പടം, സൗകര്യങ്ങള്‍ ഒക്കെ എഴുതീട്ടുണ്ട്‌. അടുത്തതായി സിനിമകളിലൊക്കെ കാണുമ്പോലെ ചാത്തന്റെ പെട്ടി ഉന്താനും ബാഗ്‌ ചുമക്കാനും വരാനിടയുള്ള കോട്ടും സൂട്ടുമിട്ട റൂംബോയിയെ പ്രതീക്ഷിച്ച്‌ ചാത്തന്‍ നെഞ്ചും വിരിച്ച്‌ നിന്നു. അക്കൗണ്ടിലെ കാശു മൊത്തം കൊടുത്ത്‌ ഒരാഴ്ച താമസിക്കുന്നവന്റെ കയ്യീന്ന് നയാ സെന്റ്‌ ടിപ്പ്‌ കിട്ടൂലാന്ന് കരുതീട്ടാണോ എന്തോ ഒരുത്തനും അടുക്കുന്നില്ല. എന്നാപ്പിന്നെ വരുത്തീട്ടെയുള്ളൂ എന്ന ചിന്തയില്‍ ചാത്തനവിടെ തന്നെ കുറ്റിയടിച്ചു. ഉണ്ടക്കണ്ണുകള്‍ ഒന്നൂടെ തുറിപ്പിച്ച്‌ അന്ധാളിച്ച്‌ നോക്കിയശേഷം മദാമ്മ ചാത്തന്റെ കയ്യീന്ന് ബ്രോഷര്‍ തിരിച്ചു വാങ്ങി അവസാന പുറം തുറന്ന് രണ്ട്‌ വട്ടം വരച്ചിട്ട്‌ കയ്യില്‍ തന്നു.

യു ആര്‍ ഹിയര്‍ എന്നെഴുതിയതിനു ഒരു വട്ടം, ചാത്തന്റെ റൂം നമ്പറിനു അടുത്ത വട്ടം. പറയാന്‍ മറന്നു ഹോട്ടലെന്നു വച്ചാല്‍ അംബരചുംബിയൊന്നുമല്ല ആകെ രണ്ട്‌ നില മാത്രം അതിങ്ങനെ കഷ്ണം കഷ്ണമായി ഒരേക്കറില്‍ അവിടവിടെയായി കിടക്കുകയാണ്‌. ഇടയിലു കുറേ വഴികളും. പണ്ട്‌ പൂമ്പാറ്റേലും ബാലരമയിലും വരുന്ന വഴി കണ്ടുപിടിക്കുക എന്ന പരിപാടി മുടങ്ങാതെ പയറ്റിത്തെളിഞ്ഞ ചാത്തനു ഇതൊക്കെ പുല്ലല്ലേ. പക്ഷേ അതിലൊക്കെ മൊത്തം മാപ്പിന്റെ ഏരിയല്‍ വ്യൂവിലൂടെയാ പെന്‍സില്‍ ഓടിക്കേണ്ടത്‌ ഇതിപ്പോള്‍ അതിന്റെ ഒരു സൈഡില്‍ ഇറക്കി വിട്ടിരിക്കുകയല്ലേ. ഒന്നു രണ്ട്‌ വട്ടം വഴി തെറ്റിയെങ്കിലും ഒടുക്കം ലക്ഷ്യത്തിലെത്തി. ദേ കിടക്കുന്നു അടുത്ത കടമ്പ താക്കോലിനു പകരം ഒരു കാര്‍ഡാണ്‌. അത്‌ തിരിച്ചും മറിച്ചും തലകുത്തിനിന്നും അതിന്റെ സ്വൈപ്പ്‌ ചെയ്യണ്ട ദ്വാരത്തില്‍ ഇട്ടിട്ട്‌ കതക്‌ തുറക്കുന്നില്ല. തിരിച്ച്‌ റിസപ്ഷനിസ്റ്റിന്റെ അടുത്തേക്ക്‌. ഇത്തവണ അവരും കൂടെ വന്ന് ശ്രമിച്ചു. നോ രക്ഷ. അപ്പോള്‍ തെറ്റ്‌ നമ്മടെ ഭാഗത്തല്ല ഭാഗ്യം. ചുളുവില്‍ കാര്‍ഡ്‌ ഇടണ്ടതെങ്ങനെയെന്നും പഠിച്ചു. അവരു പുതിയ ഒരു കാര്‍ഡ്‌ കൊണ്ട്‌ തന്നു. അതു വച്ച്‌ ചിരപരിചിതനെപ്പോലെ സ്വൈപ്പ്‌ ചെയ്യുന്നു, കതക്‌ തുറക്കുന്നു, താങ്ക്യൂ പറയുന്നു, അകത്ത്‌ കയറുന്നു, വാതിലടയ്ക്കുന്നൂ, നേരത്തേ സ്റ്റോക്ക്‌ ചെയ്ത്‌ വച്ച മൊത്തം ശ്വാസം വിടുന്നു.


ഒരു വിധത്തില്‍ ഹോട്ടലിലെത്തിപ്പെട്ട കാര്യം വീട്ടിലേക്കും, വെള്ളവണ്ടി കണ്ടുപിടിച്ച കാര്യം ചൈനക്കാരന്‍ ക്ലൈയന്റിനേയും ഫോണ്‍ വിളിച്ചറിയിച്ചു. ഇന്ന് വെള്ളിയാഴ്ച ഉച്ച കഴിഞ്ഞു അതുകൊണ്ട്‌ ഇനിയിന്ന് വിശ്രമിച്ചോളൂ നാളെ ഓഫീസില്ല, രാവിലെ കാണാം, പുറത്ത്‌ പോവാം എന്നും പറഞ്ഞ്‌ ചൈനക്കാരന്‍ വെച്ചു. വൗ അപ്പോള്‍ നാളെം മറ്റന്നാളും ചാത്തനെ അമേരിക്ക ചുറ്റിക്കാണാന്‍ കൊണ്ട്‌ പോവാന്‍ അങ്ങേരു വരും!! ആരെടാ പണ്ട്‌ ചൈനയുമായി യുദ്ധം നടത്തിയത്‌ നെഹൃവോ ശാസ്ത്രിയോ. അവരുടെ ഭാഗ്യത്തിനാ തട്ടിപ്പോയത്‌. ഇല്ലേല്‍ തിരിച്ചു വരുമ്പോള്‍ ചാത്തന്‍ കാണിച്ചു തന്നേനെ.

ഹോട്ടലില്‍ വയര്‍ലെസ്‌ ഇന്റര്‍നെറ്റ്‌ ഉണ്ട്‌. നാളെ നാളെ നാളെ എന്ന് പാട്ടും പാടി, മുറി ഒരു വിഹഗ വീക്ഷണം നടത്തി. നല്ല സൂപ്പര്‍ കിടക്ക മൊത്തം സ്പ്രിംഗ്‌ ആക്ഷന്‍ രണ്ട്‌ പുതപ്പ്‌, കൂട്ടിന്‌ കുറേ തലയിണകള്‍. മുറിയുടെ ഒരു ചുവരിന്റെ പകുതി ഗ്ലാസാ, സായിപ്പും മദാമ്മേം ഒന്നിച്ചെങ്ങനെ ഇതില്‍ കിടക്കും?. കര്‍ട്ടന്‍ മൊത്തം വലിച്ചിട്ടു. റൂം ഹീറ്റര്‍ ഉണ്ട്‌ അതില്‍ പിടിച്ച്‌ തിരിച്ച്‌ കേടാക്കാന്‍ ശ്രമിച്ചു ഒന്നും നടന്നില്ല. സായിപ്പിനു ബുദ്ധിയുണ്ട്‌. വാതിലിനു തൊട്ട്‌ ഒരു കൊച്ച്‌ മുറി പോലെ ഒരു അലമാര അതില്‍ അയണിംഗ്‌ ടേബിള്‍. എവിടെയോ തൊട്ടപ്പോള്‍ അതുരുണ്ട്‌ താഴെ വന്നു. തിരിച്ച്‌ കയറ്റാന്‍ ഭഗീരഥ പ്രയത്നം തന്നെ നടത്തി ഒരു രക്ഷേമില്ല. വല്ലവരേം സഹായത്തിന്‌ വിളിക്കാനും പറ്റൂല. അയണിംഗ്‌ ടേബിള്‍ തിരിച്ച്‌ കയറ്റിയാലേ വാതില്‍ തുറക്കാന്‍ പറ്റൂ. പണ്ടെങ്ങാണ്ട്‌ ഒരു സ്റ്റെപ്പ്‌ ലാഡറിന്റെ കഥ പഠിച്ചിട്ടുണ്ട്‌ ഒരേ സമയം അയണിംഗ്‌ ടേബിളും ഗോവണിയും വേറേ എന്തോ ഒരു സാധനവും കൂടി ആയി ഉപയോഗിക്കാവുന്ന ഒരു മള്‍ട്ടിപര്‍പ്പസ്‌ സാധനം. അതെവിടെയൊക്കെയോ തൊട്ടാല്‍ ഒരുപകരണത്തില്‍ നിന്നു മറ്റൊന്നാവും. അയണിംഗ്‌ ടേബിളിന്റെ എല്ലാ ഭാഗവും തൊട്ടു. ഒരു രക്ഷേമില്ല. അവസാനം ദേഷ്യത്തില്‍ അതിന്റെ കാലിനിട്ടൊരു ചവിട്ട്‌! ദേ അത്‌ പൂര്‍വ്വ സ്ഥിതി പ്രാപിച്ചു. സ്വസ്ഥം. പ്രൊജക്റ്റ്‌ ലീഡിനു അമേരിക്കന്‍ എക്സ്പ്രസ്‌ കാര്‍ഡ്‌ വര്‍ക്ക്‌ ചെയ്യുന്നില്ല എന്നും പറഞ്ഞ്‌ ഒരു ഇമെയിലും അയച്ച്‌ കിടക്കയിലേക്ക്‌ ചെരിഞ്ഞു.

ക്‍ര്‍ണീം ക്‍ര്‍ണീം. ഫോണടിക്കുന്നു. രാത്രി രണ്ട്‌ മണി കഴിഞ്ഞുകാണും. എന്നെ! ഇവിടെ! ആര്‌! ക്രെഡിറ്റ്‌ കാര്‍ഡ്കാരോ, ബാങ്ക്‌ ലോണ്‍കാരോ മൊബൈല്‍ ഫോണ്‍കാരോ ചാരന്മാരെ വിട്ടിരുന്നോ പിന്നാലെ? ക്ഷീണം കാരണം കണ്ണേ തുറക്കുന്നില്ല. തപ്പിത്തടഞ്ഞ്‌ ഫോണെടുത്തു. ഇന്ത്യേന്ന്! അമേരിക്കന്‍ എക്സ്പ്രസ്‌ കാര്‍ഡിന്റെ കസ്റ്റമര്‍ കെയര്‍ കാരന്‍. അവന്റെ പത്ത്‌ തലമുറയെ മനസ്സില്‍ തെറിപറഞ്ഞു. സംഭവം ശരിയാക്കിയിട്ടുണ്ട്‌ വര്‍ക്ക്‌ ചെയ്യുന്നുണ്ടോ എന്ന് നോക്കാന്‍ %@@&^%%&%#&*&$*%&^%&. അവനെ ഒരുവിധം പല്ലും കടിച്ച്‌ സമാധാനിപ്പിച്ച്‌ വീണ്ടും കിടന്നു. അടുത്ത ഫോണ്‍ പ്രൊജക്സ്റ്റ്‌ ലീഡിന്റെ വക സംഭവം ശരിയാക്കിയിട്ടുണ്ട്‌ ഒന്നും പേടിക്കണ്ടാന്ന്. ലീഡായിപ്പോയി. സന്തോഷം ഇനി ഞാന്‍ ഉറങ്ങട്ടെ. ദേ അടുത്ത ഫോണ്‍ എച്ച്‌ ആര്‍ മാനേജരുടെ വഹ എല്ലാം ശരിയാക്കിയിട്ടുണ്ട്‌ അവരു വിളിച്ചില്ലേ എന്ന്. വന്ന് ഒന്നാം ദിവസം തന്നെ ഫോണ്‍ എടുത്തെറിഞ്ഞ്‌ കേടാക്കി എന്ന് സല്‍പേര്‌ വാങ്ങിക്കാന്‍ ആഗ്രഹമില്ലാത്ത കാരണം റിസീവറെടുത്ത്‌ ദൂരെ മാറ്റിവച്ച്‌ ഉറങ്ങാന്‍ തുടങ്ങി. അടുത്ത ഫോണ്‍!, രണ്ട്‌ ഫോണുള്ള കാര്യം ഓര്‍ത്തില്ല!, അതു കുറച്ചകലെയാണ്‌ ഇരുട്ടത്ത്‌ തപ്പിത്തടഞ്ഞ്‌ ചെന്ന് എടുത്തു. വീണ്ടും ലീഡ്‌. എല്ലാം ശരിയാക്കിയെന്ന് കസ്റ്റമര്‍ കെയര്‍ അങ്ങേരെ വിളിച്ചു പറഞ്ഞത്‌ അറിയിക്കാന്‍ വിളിച്ചതാണ്‌. വരാനുള്ളത്‌ അമേരിക്കേലു ഫ്ലൈറ്റ്‌ പിടിച്ചാണേലും വരും.

നാട്ടിലെ പരപരാന്ന് വെളുക്കുന്ന സമയത്ത്‌ അമേരിക്കയില്‍ ഇത്തിരി നേരത്തേ ചറപറാന്ന് വെളുത്തു. പെട്ടന്ന് റെഡിയായി. പ്രാതല്‍ ഹോട്ടലീന്ന് ഫ്രീ ആണ്‌. അണ്ണാന്‍ കുഞ്ഞിനെ മരംകേറ്റവും, ഓസ്‌ ശാപ്പാട്‌ തിന്നാന്‍ മലയാളിയേയും ആരെങ്കിലും പഠിപ്പിക്കണോ. ഡൈനിംഗ്‌ ഹാളില്‍ അവിടവിടെ ചില കിളവന്‍ സായിപ്പന്മാരും മദാമ്മമാരും അതും ഇതും കൊറിച്ചോണ്ട്‌ കത്തിയടിക്കുന്നു. എന്തു തിന്നണം എവിടെ തുടങ്ങണം, ഏതോക്കെ വെജ്‌ നോണ്‍വെജ്‌ ഒന്നും പിടിയില്ല. കുറച്ച്‌ ബ്രഡ്‌ കഷ്ണങ്ങളും ജാമും കണ്ടു. ബാക്കിയൊന്നും ഒരു പിടീമില്ല. ചിലരു ഒരു തരം മാവ്‌ മെഷീനില്‍ കോരിയൊഴിച്ച്‌ വേഫര്‍ ആക്കി തിന്നുന്നു. എന്തായാലും ഒന്ന് കണ്ട്‌ പരിചയിച്ചിട്ടു മതി. ഹയ്യടാ ദേ കിടക്കുന്നു ഓംലെറ്റ്‌ മുറിച്ചിട്ട പോലെ ഒരു സാധനം, എന്തായാലും മുട്ടയാണ്‌ പേരെന്തോ ഫ്രഞ്ചാണ്‌ അടുത്ത്‌ തന്നെ സോസ്‌ പോലെ ഒരു സാധനോം റ്റൊമാറ്റോ എന്നെഴുതിയിട്ടുണ്ട്‌. രണ്ടും പ്ലേറ്റ്‌ നിറയെ കോരിയെടുത്തു. പാല്‍ തന്നെ മൂന്ന് വിധം നോര്‍മല്‍, ലോ ഫാറ്റ്‌ , ഫാറ്റേയില്ലാത്തത്‌. മൂന്നും ടെസ്റ്റ്‌ ചെയ്തു ആദ്യത്തേത്‌ പാലിന്റെ ഇത്തിരി ചൊവേം മണോം ഒക്കെയുണ്ട്‌. രണ്ടാമത്തേത്‌ ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരുസ്പൂണ്‍ പാല്‍ ചേര്‍ത്തതാവാം, മൂന്നാമത്തേതിനു ആ നേരിയ വെള്ളനിറം എങ്ങനെ കിട്ടി എന്നത്‌ കണിയാന്‍ വന്ന് ഗണിച്ചാല്‍ പോലും പറയാന്‍ പറ്റൂല. റ്റൊമാറ്റോ സോസ്‌ ഫ്രിഡ്ജീന്ന് തക്കാളിയെടുത്ത്‌ ചുമ്മാ മുറിച്ചിട്ടതാണെന്ന് തോന്നുന്നു. മുട്ടയ്ക്കിത്തിരി ചൂടുള്ളതു കൊണ്ട്‌ അഡ്ജസ്റ്റ്‌ ചെയ്യാം.

ഒരു ഇന്ത്യക്കാരി പെണ്‍കൊച്ച്‌! അവളു ഏതാണ്ട്‌ മിക്സ്ചറു മാതിരിയുള്ള കുറേ സാധനം ഒരു ടാപ്പ്‌ തിരിച്ച്‌ എടുക്കുന്നു അതില്‍ പാലൊഴിക്കുന്നു സ്പൂണ്‍ വച്ച്‌ കഴിക്കുന്നു.. ഓഹോ അപ്പോള്‍ അതങ്ങനെയാണ്‌ കഴിക്കേണ്ടത്‌. പിന്നെ ബാക്കിയുള്ളത്‌ പഴങ്ങളും ജ്യൂസും മാത്രം അതിപ്പോള്‍ ഓറഞ്ച്‌ മാത്രേ കുടിക്കാന്‍ പറ്റുന്ന ജ്യൂസ്‌ ഉള്ളൂ. അതിനിത്തിരി കൈപ്പാണെങ്കിലും കഴിക്കാം. പിന്നെ പഴങ്ങളും കൂടി തിന്നാന്‍ സ്ഥലമില്ല. ആരോ ഒരു ഓറഞ്ചെടുത്ത്‌ റൂമിലേക്ക്‌ കഴിക്കാന്‍ പോകുന്നത്‌ കണ്ടു. പരിണിതഫലം - രണ്ടാഴ്ച കഴിഞ്ഞ്‌ ചാത്തന്‍ നാട്ടിലേക്ക്‌ തിരിച്ച്‌ വിട്ടപ്പോള്‍ ഫ്രിഡ്ജിലിരുന്ന് ചീഞ്ഞ ഓറഞ്ചുകളും ആപ്പിളുകളും ക്ലീന്‍ ചെയ്യാന്‍ വന്നവന്‍ ഒരു മിനി ലോറി വിളിച്ചുകാണും. കഴിച്ചില്ലെങ്കിലും മുടിപ്പിക്കാതെ വരാന്‍ പറ്റുമോ?

പെണ്‍കൊച്ച്‌ ചാത്തനെ കണ്ടിട്ടും വല്യ മൈന്‍ഡില്ല. മലയാളിയല്ല, തല കണ്ടാലറിയാം എണ്ണ കാറോടിക്കാനും ചിക്കന്‍ പൊരിക്കാനുമുള്ളതാണെന്ന്. ചാത്തനും മൈന്‍ഡ്‌ ചെയ്തില്ല. അബദ്ധങ്ങള്‍ കൂടാതെ കഴിഞ്ഞ്‌ കൂടാന്‍ പഠിച്ചിട്ട്‌ സംസാരിക്കാം. ഭക്ഷണ ശേഷം ഓവര്‍കോട്ടിന്റെ പോക്കറ്റുകളില്‍ നിറച്ച പഴങ്ങളുമായി. തിരിച്ച്‌ റൂമിലെത്തി. കാഴ്ച കാണിക്കാന്‍ വരാമെന്നേറ്റ ചൈനക്കാരനേം പ്രതീക്ഷിച്ചിരിപ്പായി.

ഓടോ: ഈ എഴുതിയതിലൊന്നുമില്ലേലും ഇതൊക്കെ മറക്കുന്ന കാലത്ത്‌ സ്വന്തം വായിച്ച്‌ ഓര്‍ക്കാലോന്ന് വച്ച്‌ എഴുതിയതാ. തൊട്ട്‌ മുകളിലുള്ള പാരഗ്രാഫിലെ ചൈനക്കാരനെ പറ്റി ഒരു വാക്ക്‌. അമേരിക്കയില്‍ ഒരു യൂസ്‌ ആന്റ്‌ ത്രോ സംസ്കാരം ഉണ്ടെന്ന് കേട്ടിരുന്നെങ്കിലും ഇങ്ങോരത്‌ പ്രാവര്‍ത്തികമാക്കുന്നത്‌ നേരില്‍ കണ്ടു. രണ്ടാഴ്ച മൊത്തം(1 ദിവസം ഒഴികെ എന്നും ഞങ്ങള്‍ നേരില്‍ കണ്ടിട്ടുണ്ട്‌) എല്ലാദിവസവും ഒരേ ഷര്‍ട്ട്‌ ഒരേ പാന്റ്‌!!! അതു കീറിപ്പോകുന്നതുവരെ പണ്ടാരക്കാലന്‍ ഉപയോഗിക്കുമെന്നാ തോന്നുന്നത്‌!!!.

Thursday, October 01, 2009

അമേരിക്കാ അമേരിക്കാ - ഇംപ്രഷന്‍സ്‌

സോഫ്റ്റ്‌വേര്‍ എഞ്ചിനീയര്‍മാര്‍ക്ക്‌ പെണ്ണന്വേഷിക്കുമ്പോള്‍ പെണ്ണിന്റച്ഛന്‍ ആദ്യം ബ്രോക്കറോട്‌ ചോദിക്കുന്ന കാര്യമാ, ചെക്കനെത്ര ഓണ്‍സൈറ്റ്‌ പോയിട്ടുണ്ട്‌ എവിടൊക്കെ പോയിട്ടുണ്ട്‌ എന്ന്. ചാത്തനാ പ്രശ്നം ഒരു ജ്യോത്സ്യന്‍ മാറ്റിത്തന്നു. പെണ്ണ്‌ കെട്ടിയാലേ ഓണ്‍സൈറ്റ്‌ കിട്ടൂ എന്ന്. അന്നേ വരെ ജാതകത്തില്‍ പറഞ്ഞത്‌ മൊത്തം സംഭവിച്ച്‌ ചാത്തനെ ഞെട്ടിച്ചിരുന്നെങ്കിലും ഇതിത്തിരി കടന്ന കൈ ആയിപ്പോയി. പെണ്ണ്‌ കെട്ടിയാല്‍ കാലുകെട്ടീന്നാ. കാലും കെട്ടീട്ട്‌ കടലിനു കുറുകെ ചാടാന്‍ ചാത്തനാര്‌ ഹനുമാനോ?

എന്തായാലും ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്ന് ഓണ്‍സൈറ്റിനൊരു സ്കോപ്പുമില്ല. പിന്നെ ആദ്യം കമ്പനി ചാടണം. എല്ലാ ആഴ്ചേം പെണ്ണ്‌ കാണാന്‍ നാട്ടില്‍ പോവുമ്പോള്‍ പിന്നെ ഇന്റര്‍വ്യൂവിനു പോവാന്‍ എവിടെ സമയം? എന്നാപ്പിന്നെ ജ്യോല്‍സ്യന്റെ നാക്ക്‌ പൊന്നാകുന്നത്‌ എങ്ങനെ എന്ന് നോക്കാം.

ചെയ്തോണ്ടിരുന്ന സോഫ്റ്റ്‌വേറിനു അമേരിക്കയില്‍ ഒരു പ്രദര്‍ശനത്തിനു പങ്കെടുക്കാന്‍ അവസരം. പോകാനിരുന്ന മാനേജര്‍ക്ക്‌ വിസ കിട്ടീല. ആ പേരില്‍ കമ്പനി വഹ ചെലവില്‍ ഒരു ചെന്നൈ വിമാനയാത്രയും സ്റ്റാര്‍ ഹോട്ടല്‍ താമസവും ഒക്കുമല്ലോന്നോര്‍ത്ത്‌ ചാത്തന്‍ പോയിവരാന്‍ തീരുമാനിച്ചു. മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങാ വീണു. സായിപ്പിന്റെ ചീത്ത രണ്ടാഴ്ച കേള്‍ക്കാന്‍ ചാത്തനു തന്നെ കുറി വീണു.

അങ്ങനെ പഴയ ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് അമേരിക്കയ്ക്ക്‌ പുറപ്പെട്ട അവസാന മലയാളി വിമാനയാത്രികനായി ചാത്തന്‍ പുറപ്പെട്ടു.

പണ്ട്‌ ദാസനും വിജയനും അമേരിക്കയില്‍ പോയി സാധനം കയ്യില്‍ വച്ച്‌ ഉണ്ടാക്കിയതു പോലെ, ചാത്തനു തന്നു വിട്ടത്‌ ഒരു ചൈനാക്കാരന്റെ ഫോണ്‍ നമ്പറും ഹോട്ടലുകാര്‍ വന്ന് കൂട്ടി കൊണ്ട്‌ പോയിക്കോളും എന്ന ഒരു ഉറപ്പുമായിരുന്നു. പകുതി വഴിയില്‍ വച്ച്‌ വിമാനം മാറിക്കയറണം ജര്‍മനിയിലെ ഫ്രാങ്ക്‌ ഫര്‍ട്ടില്‍ വച്ച്‌. ആ സമയത്ത്‌ ജര്‍മനിയില്‍ അനിയന്‍ ചാത്തന്‍ ഉണ്ടായിരുന്നതു കൊണ്ട്‌ കണ്ടക്ടറില്ലാ തീവണ്ടിയില്‍ കയറിയിട്ടാണ്‌ അടുത്ത വിമാനത്തിന്റെ സ്റ്റോപ്പില്‍ പോവേണ്ടത്‌ എന്നൊക്കെ പറഞ്ഞ്‌ പഠിപ്പിച്ചിരുന്നു.

പറഞ്ഞപോലെ നല്ലൊരു ഉറക്കത്തിന്റെ സമയത്ത്‌ ചുമ്മാ ഒരു ശാപ്പാടും അടിച്ച്‌ ഇടക്കെപ്പോഴോ ഉറങ്ങി ജര്‍മനിയിലെത്താനായി. വാച്ചില്‍ ഇന്ത്യന്‍ സമയം വിമാനത്തിലും ടിക്കറ്റിലും ജര്‍മന്‍ സമയം . എങ്ങനെയൊക്കെ കണക്ക്‌ കൂട്ടിയാലും ഈ വിമാനം ലേറ്റാണ്‌. ആകെപ്പാടെ ഒരു മണിക്കൂറിന്റെ ഗ്യാപ്പില്‍ മാറിക്കയറേണ്ട വിമാനം പുറപ്പെടും. ദൈവമേ അനിയന്റെ കൂടെ താമസിക്കാമെന്നു വച്ചാല്‍ വിസയില്ലാതെ എങ്ങനെ പുറത്ത്‌ കടക്കും. ഒടുക്കം സംഭവം ലാന്‍ഡായി.

നാട്ടിലെ ബസ്സീന്ന് ആളിറങ്ങാന്‍ തിരക്കു കൂട്ടുന്നതു പോലെ തിരക്ക്‌ കൂട്ടണ്ടാന്നും മാന്യമായി ഇറങ്ങി വരാമെന്നും ഒക്കെ വിചാരിച്ചതാ. എന്താ ചെയ്യാ മറ്റേ വിമാനം ഒരാള്‍ക്കു വേണ്ടി കാത്ത്‌ നില്‍ക്കുമോ? പിന്നേ സായിപ്പന്മാരു കേരളത്തിലെ ബസ്സിലൊന്നും അധികം കയറാത്തത്‌ ഭാഗ്യം, ദ വെരി ഓള്‍ഡ്‌ ട്രിക്ക്‌ ആദ്യം തല, പിന്നെ ശരീരം അവസാനമായി വലിച്ചോണ്ടിരിക്കുന്ന പെട്ടിയ്ക്ക്‌ ഒരു എക്സ്ട്‌ട്രാ വലി. ഏതൊക്കെയോ സായിപ്പിന്റേം മദാമ്മേടേം ഷൂവിന്റെ പെയിന്റ്‌ പോയിക്കാണും.

പുറത്തേക്കിറങ്ങിയെത്തിയ ഗുഹയിലൂടെ അത്രേം സ്പീഡില്‍ ബെന്‍ ജോണ്‍സണ്‍ പോലും പോയിക്കാണില്ല. ട്രെയിനിന്റെ സ്റ്റോപ്പും ഇറങ്ങേണ്ട പ്ലാറ്റ്‌ഫോമിന്റെ സ്റ്റോപ്പുമൊക്കെ വിമാനത്തിലെ ടിവി സ്ക്രീനില്‍ മുന്‍പേ കാണിച്ചതു കൊണ്ട്‌ അതൊക്കെ പെട്ടന്ന് കണ്ട്‌ പിടിച്ചു. ട്രെയിനില്‍ കയറിയപ്പോള്‍ ശ്വാസം നേരെ വീണു. ഇനി മറ്റേ വിമാനം പുറപ്പെടാന്‍ വെറും പത്ത്‌ മിനിറ്റു മാത്രം. 5 മിനിറ്റ്‌ അവിടെത്താന്‍ എടുത്താലും 5 മിനിറ്റ്‌ ധാരാളം ഇനി ഒരു ഗുഹയിലൂടെയുള്ള ഓട്ടത്തിന്‌. ട്രെയിനിന്റെ വാതില്‍ ചാത്തനും പെട്ടിക്കും കടക്കാവുന്ന് തരത്തില്‍ തുറന്നപ്പോഴേ ചാടി ഓടി.

അടുത്ത ഗേറ്റില്‍ ഒരു ചെറിയ ക്യൂ. ഭാഗ്യം വിമാനം വിട്ടില്ല ഇനി അരമണിക്കൂറു കൂടി ഉണ്ടത്രെ. ഇന്റര്‍നാഷണല്‍ സമയം നോക്കാന്‍ ഇനീം പഠിക്കാനിരിക്കുന്നു. ഫ്രാങ്ക്‌ ഫര്‍ട്ട്‌ വിമാനത്താവളത്തിലെ രണ്ട്‌ മൂന്ന് ലിറ്റര്‍ ഓക്സിജന്‍ ചൂടപ്പം പോലെ ചെലവായി. പോര്‍ട്ട്‌ ലാന്‍ഡ്‌ എന്ന അമേരിക്കന്‍ വിമാനത്താവളത്തിലേക്ക്‌ ഡയറക്റ്റ്‌ ഫ്ലൈറ്റായിരുന്നു. അതേതാണ്ട്‌ ഒരു ലോക്കല്‍ സ്ഥലമാണെന്ന് തോന്നുന്നു കൂടെയുള്ളവര്‍ മൊത്തം ഒരു മാതിരി അലുക്കുലുത്ത്‌ വേഷത്തില്‍ ഒന്ന് ഇസ്തിരിയിട്ട ഷര്‍ട്ട്‌ പോലും കാണാനില്ല. മൊത്തം കുഴീലേക്ക്‌ കാലും നീട്ടിയിരിക്കുന്നവര്‍. അവിടെന്താ പ്രായമായവരുടെ സംസ്ഥാന സമ്മേളനമോ?. അരമണിക്കൂര്‍ അവിടത്തെ വെയിറ്റിംഗ്‌ സ്ഥലത്ത്‌ ഇരിക്കുമ്പോഴാ എന്തായാലും ജര്‍മനിയുടെ ഒരു പടമെടുത്ത്‌ കളയാം എന്ന തോന്നിയത്‌. ക്യാമറയില്‍ ബാറ്ററിക്ക്‌ ചാര്‍ജില്ല. ഛെ ഇനിയിപ്പോള്‍ തിരിച്ചു വരുമ്പോഴാകാം.

വിമാനവും ഒരുവിധം കാലിയാണ്‌, കുറേ സീറ്റുകളില്‍ ആളില്ല. സൈഡ്‌ സീറ്റ്‌ വല്ലോം കിട്ടിയിരുന്നെങ്കില്‍! അപ്പോഴേക്കും പ്രധാന ഐറ്റം കൊണ്ടു വന്നു ഫുഡ്‌. ചാത്തനെ ഒന്ന് ഇരുത്തി നോക്കീട്ട്‌ ആ പെങ്കൊച്ച്‌ ബാക്കിയുള്ളവര്‍ക്ക്‌ ഫുഡും കൊടുത്ത്‌ തിരിച്ച്‌ പോയി. അതെന്താ നമ്മളെക്കണ്ടാല്‍ ഫുഡ്‌ കഴിക്കുന്ന നാട്ടീന്ന് വരുന്നതാന്ന് തോന്നൂലേ? അടുത്തിരുന്നവര്‍ കഴിക്കുന്നതും നോക്കി അധികം വെള്ളമിറക്കേണ്ടി വന്നില്ല, ചാത്തനൊരു സ്പെഷല്‍ പാക്കറ്റ്‌. ഒറ്റ നിമിഷം കൊണ്ട്‌ അത്‌ ആവിയായി. പാക്കറ്റല്ല സന്തോഷം ആവിയായീന്ന്. കൂടെയുള്ളവര്‍ ചിക്കനും ഓംലെറ്റുമൊക്കെ തട്ടുമ്പോള്‍, ഇന്ത്യന്‍ നോണ്‍ വെജ്‌ എന്ന് ടിക്കറ്റെടുക്കുമ്പോള്‍ എഴുതിയത്‌ കാരണമാവും കുറേ ചപ്പും ചവറും പുഴുങ്ങിയത്‌!! ആദ്യ വിമാനം ഇന്ത്യേന്ന് സ്റ്റാര്‍ട്ട്‌ ചെയ്തതോണ്ടാവും അതിലെ ആഹാരത്തിനൊരു ഇന്ത്യന്‍ ഛായയെങ്കിലുമുണ്ടായിരുന്നു. കൂടെക്കിട്ടിയ ഒണക്ക ബണ്‍ കടിച്ച്‌ ചവച്ച്‌ മധുരമില്ലാത്ത ഓറഞ്ച്‌ ജ്യൂസും കുടിച്ച്‌ ഒരു ഏമ്പക്കമിടാന്‍ ശ്രമിച്ചു. പറ്റണ്ടേ. ഒടുക്കം ഹോസ്റ്റസ്‌ കൊച്ച്‌ സൈഡിലൂടെ പോയപ്പോള്‍ വളരെ രഹസ്യമായി ചേച്ച്യേയ്‌ ആ ബാക്കിയുള്ളവര്‍ക്ക്‌ കൊടുത്ത പാക്കറ്റ്‌ ഒരെണ്ണം കിട്ടാന്‍ സാധ്യതയുണ്ടോന്ന് തിരക്കി. കൊച്ച്‌ നോക്കാമെന്നും പറഞ്ഞ്‌ തിരിച്ച്‌ പോയി. ഒന്ന് കൊണ്ട്‌ തന്നു. കൂടെ ഇരുന്ന മദാമ്മ രണ്ട്‌ സീറ്റ്‌ അപ്പുറം മാറിയിരുന്നു വിമാനത്തില്‍ കിട്ടിയ മാഗസീനില്‍ സൊമാലിയയുടെ മാപ്പ്‌ നോക്കി മനഃപാഠമാക്കി.

പരിചയമില്ലാത്ത ഭക്ഷണമായതു കൊണ്ടാവും കഴിച്ച ഉടനേ അതിനു പുറത്ത്‌ പോവണമെന്ന് പറഞ്ഞു. യൂറോപ്യന്‍ പേപ്പര്‍ പരിചയമില്ലാത്തോണ്‌ ഒരു പ്ലാസ്റ്റിക്‌ മഗ്ഗ്‌ എടുത്തിരുന്നു. അതു പക്ഷേ ചെക്ക്ഡ്‌ ഇന്‍ ലഗേജിലായിപ്പോയി. വരുന്നത്‌ വരട്ടേ കുറച്ചധികം പേപ്പര്‍ ചെലവാക്കിയേക്കാം അങ്ങനെ അതും കഴിഞ്ഞു. ഫ്ലഷ്‌ വലിച്ചപ്പോഴാണ്‌ ഞെട്ടിപ്പോയത്‌. ഭീകരമായ ഒച്ചേം കാറ്റും. അതു ശരി സായിപ്പന്മാരു ഇവിടെം വെള്ളം ഉപയോഗിക്കാറില്ല അല്ലേ. ഇനിയിപ്പോള്‍ കുളിയും ഇതു പോലെ വാക്വം ക്ലീനിംഗ്‌ ആവുമോ എന്തോ?

വിമാനം അമേരിക്കന്‍ മണ്ണില്‍ എത്താനായി. ഒരു ഫോം കൊണ്ടു തന്നു പൂരിപ്പിക്കാന്‍. നിങ്ങള്‍ ആഹാരസാധനങ്ങള്‍ വല്ലോം കൊണ്ടു വരുന്നുണ്ടോ എന്ന്. ഒരു ലോഡ്‌ മാഗീം എം ടി ആര്‍ പാക്കറ്റുകളും ഏത്‌ സോഫ്റ്റ്‌ വേര്‍ എഞ്ചിനീയറേം പോലെ ചാത്തനും വിട്ടു കളഞ്ഞു. ഇത്തവണ തിരക്കൊന്നും കൂട്ടാതാണ്‌ ഇറങ്ങിയത്‌. ഇന്ന് അവിടെ വെള്ളിയാഴ്ചയാണ്‌ അതും ഉച്ചയാവാറായി. ഇനി രണ്ട്‌ ദിവസം റെസ്റ്റെടുത്ത്‌ തിങ്കളാഴ്ച പോയാല്‍ മതിയാവും ഓഫീസില്‍. ഫുഡ്‌ ഐറ്റംസ്‌ വല്ലോം ഉണ്ടോ ലഗേജില്‍ എന്ന് ചോദിച്ച ഓഫീസറോട്‌ ഫുഡോ അതെന്ത്‌ എന്ന ഭാവത്തില്‍ ഉത്തരോം പറഞ്ഞ്‌ ചാത്തന്‍ പുറത്തിറങ്ങി. ആദ്യം കണ്ട കടയില്‍ നിന്നൊരു ഫോണ്‍ കാര്‍ഡ്‌ വാങ്ങി. പക്ഷേ എയര്‍പോര്‍ട്ടില്‍ എവിടെം വിളിക്കാനൊരു ഫോണ്‍ കാണാനില്ല. പിന്നെ എന്‍ക്വയറിയില്‍ നില്‍ക്കുന്ന ഒരു അമ്മൂമ്മയോട്‌ സഹായം ചോദിച്ചു. അമ്മൂമ്മയെക്കാളും പ്രായമുള്ള ഒരു ഫോണ്‍ എടുത്ത്‌ തന്നിട്ടു ലോക്കല്‍ കാള്‍ വേണേല്‍ അതില്‍ വിളിച്ചോളാന്‍ പറഞ്ഞു.

ചൈനക്കാരനെ വിളിച്ചിട്ടു കിട്ടുന്നില്ല. താമസിക്കാനുള്ള ഹോട്ടലിന്റെ നമ്പറിലേക്ക്‌ വിളിച്ചു അതും സ്വാഹ. വേറേ എവിടെയെങ്കിലും ഫോണുണ്ടോ എന്നായി. ഒരു അരമൈലു ദൂരെ അടുത്ത ഫ്ലോറിലാണത്രേ കാര്‍ഡ്‌ വച്ച്‌ വിളിക്കാന്‍ പറ്റുന്ന ഫോണ്‍! എന്റെ അമേരിക്കാാ ആ ആ ആ!. ഫസ്റ്റ്‌ ഇമ്പ്രഷന്‍ എന്ന് തുടങ്ങുന്ന ചൊല്ല് ഇന്ത്യേലാണോ കണ്ട്‌ പിടിച്ചത്‌?

മെഷീന്‍ കണ്ടു പിടിച്ച്‌ കുറച്ച്‌ സമയം മല്‍പിടുത്തം നടത്തി. ഒരു രക്ഷേമില്ല ആ വഴിയൊന്നും മനുഷ്യന്മാരു നടക്കുന്നില്ല. പിന്നേ ഇത്തിരി മാറിനിന്ന് ഒരു സായിപ്പിനെ(ഏതോ എയര്‍പോര്‍ട്ട്‌ ഉദ്യോഗസ്ഥനാണെന്ന് തോന്നുന്നു) ചാക്കിട്ട്‌ പിടിച്ച്‌ മെഷീനിന്റെ അടുത്ത്‌ കൊണ്ട്‌ പോയി. അങ്ങേരും കുറച്ച്‌ കഷ്ടപ്പെട്ടു. പിന്നേം ഫലം സ്വാഹ. പാവം പരാജയം സമ്മതിച്ചു എന്റെ നേരെ സ്വന്തം മൊബൈലു നീട്ടി അതില്‍ വിളിച്ചോളാന്‍ പറഞ്ഞു . സ്വന്തം എയര്‍പോര്‍ട്ടിലെ ഫോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ സായിപ്പിനു തന്നെ പറ്റുന്നില്ല. ഇതാ അമേരിക്കാ സെക്കന്റ്‌ ഇമ്പ്രഷനും കൊള്ളാം.

ഭാഗ്യം ചൈനക്കാരനെ കിട്ടി. അങ്ങേര്‍ ഹോട്ടലില്‍ വിളിച്ച്‌ വണ്ടി അയക്കാം എന്നു പറഞ്ഞു. ദൈവമേ അപ്പോള്‍ ചാത്തന്‍ വരുന്ന കാര്യം ഇങ്ങേര്‍ ഓര്‍ക്കുന്നുപോലുമുണ്ടായിരുന്നില്ലെ!. മൊബൈലു കൊടുത്ത്‌ സായിപ്പിനെ പറഞ്ഞ്‌ വിട്ടു. പിന്നേം കുറച്ച്‌ സമയം മെഷീനില്‍ കളിച്ചു വീട്ടുകാരുടെ ഭാഗ്യം ഇന്ത്യയിലേക്ക്‌ ഫോണ്‍ കിട്ടി! സുഖമായി എത്തിയ വിവരം പറഞ്ഞു. 20 ഡോളറിനു വാങ്ങിയ കാര്‍ഡിലെ കാശ്‌ റോക്കറ്റു പോകുന്ന സ്പീഡില്‍ തീരുന്നു. പുറത്തിറങ്ങി വണ്ടി കാത്തു നിന്നാലോ എന്നായി പക്ഷേ വണ്ടീടെ നമ്പറൊന്നുമില്ലാതെ എങ്ങനെ. അതിനിനി സായിപ്പിന്റെ മൊബൈലില്‍ ഓസണ്ട. ഒന്നു കൂടി ചൈനക്കാരനെ വിളിച്ചു. കിട്ടി. അങ്ങേര്‍ ഹോട്ടലില്‍ വിളിച്ച്‌ ചോദിച്ചു വയ്ക്കാം എന്ന് പറഞ്ഞ്‌ വച്ചു. 5 മിനിറ്റ്‌ കഴിഞ്ഞ്‌ പിന്നേം വിളിച്ചു. ഒരു വെളുത്ത വല്യ വണ്ടിയാണ്‌ നമ്പരൊന്നും അറീല. കണ്ടില്ലെങ്കില്‍ ടാക്സി പിടിച്ച്‌ വന്നാല്‍ മതി. അമേരിക്കാ ഇതാ മൂന്നാം ഇമ്പ്രഷന്‍. പുറത്തിറങ്ങി വണ്ടിയ്ക്ക്‌ കാത്തു നില്‍ക്കാന്‍ തുടങ്ങി. എനിക്കവരെ അറിയില്ലെങ്കിലും ആകെപ്പാടെ ഒറ്റയ്ക്ക്‌ നില്‍ക്കുന്ന ഒരു ഇന്ത്യാക്കാരനെ അവരെങ്ങാന്‍ തിരിച്ചറിഞ്ഞാലോ? ഒരു കോന്തന്‍ വെള്ള വണ്ടി നോക്കാന്‍ പറഞ്ഞിരിക്കുന്നു. അവിടെ കണ്ടതില്‍ വെള്ളയല്ലാത്ത വല്ല വണ്ടിയും കാണുന്നുണ്ടോന്നായി അടുത്ത അന്വേഷണം. കാരണം പുറത്ത്‌ കാണുന്നത്‌ മൊത്തം വെള്ള വണ്ടികള്‍!

ഒരു മണിക്കൂറിലധികം എയര്‍പോര്‍ട്ടിനു പുറത്ത്‌ തേരാപ്പാരാ നടന്നു. ഒരു വെള്ള വണ്ടിയും അടുത്ത്‌ വന്നില്ല. അവസാനം തിരിച്ച്‌ ഒന്നൂടെ ഫോണ്‍ ചെയ്യാമെന്ന് വച്ച്‌ തിരിച്ച്‌ കയറാന്‍ പോകുമ്പോള്‍ താമസിക്കാനുള്ള ഹോട്ടലിന്റെ പേര്‌ സൈഡിലെഴുതിയ ഒരു വെള്ള വണ്ടി അതിലൂടെ കറങ്ങുന്നത്‌ കണ്ടു. ഓടിച്ചെന്ന് അതിന്റെ കുറുകെ ചാടി ചോദിച്ചപ്പോള്‍ അതെന്നെ കാണാതെ തിരിച്ച്‌ പോവാന്‍ തുടങ്ങുവായിരുന്നത്രെ. ഭാഗ്യം. സാവി, ഫിലിപ്പീന്‍ കാരനായ ആ ഡ്രൈവര്‍ തന്നെയാണ്‌ വരും ദിവസങ്ങളില്‍ ഹോട്ടലില്‍ നിന്നും ഓഫീസിലേക്കുള്ള പിക്‌ അപ്‌ ആന്റ്‌ ഡ്രോപ്പ്‌ മിക്കവാറും നടത്തിയിരുന്നത്‌.

അങ്ങനെ ഉച്ചയോടെ ഹോട്ടലിലെത്തി. അതോടെ അടുത്ത പ്രശ്നം തലപൊക്കി. ഓണ്‍സൈറ്റ്‌ പ്രമാണിച്ച്‌ കമ്പനി തന്ന അമേരിക്കന്‍ എക്സ്പ്രസ്സ്‌ കാര്‍ഡ്‌ വര്‍ക്ക്‌ ചെയ്യുന്നില്ല. കാശു കൊടുക്കാതെ അവിടെ താമസിക്കാന്‍ പറ്റില്ലത്രേ. അവര്‍ക്കൊന്നും ചെയ്യാന്‍ പറ്റില്ല. അവിടെ നിന്നും ചൈനക്കാരനെ വീണ്ടും വിളിച്ചു. ആള്‍ സ്ഥലത്തില്ല. വേറേ കാര്‍ഡുണ്ടോ എന്നായി. സ്വന്തം ഡെബിറ്റ്‌ കാര്‍ഡല്ലാതെ വേറെ ഒരു കാര്‍ഡില്ല. അവസാനം ആ കാര്‍ഡിലെ അവസാന അണ പൈ തുടച്ചെടുത്ത്‌ ഒരാഴ്ചത്തെ അതാത്രെ മിനിമം വാടക കൊടുത്തു. ബാക്കി കാര്‍ഡ്‌ ശരിയാകുമ്പോള്‍ എന്നും പറഞ്ഞ്‌ ആ ഒണക്കച്ചണ്ടി(കാശില്ലാത്ത എന്റെ ഡെബിറ്റ്‌ കാര്‍ഡ്‌) ഒരു പുഞ്ചിരിയോടെ ആ മദാമ്മ തിരിച്ചു തന്നു. ഒരാഴചയ്ക്ക്‌ ശേഷം അമേരിക്കയില്‍ ഒരാഴ്ചത്തേക്ക്‌ ഹോട്ടലിലെ തൂപ്പ്‌ ജോലി സ്വപ്നം കണ്ട്‌ (രണ്ടാഴ്ചയ്ക്ക്‌ ശേഷമാണ്‌ മടക്ക ടിക്കറ്റ്‌) ചാത്തന്‍ റൂമിലേക്ക്‌ നടന്നു.

ഓടോ: ഇനിയിപ്പോള്‍ ബാക്കി കാര്യായിട്ടൊന്നുമില്ല. ഒരു രണ്ടാം ഭാഗം വേണ്ടി വരുമോ എന്തോ. പിന്നാവട്ടെ. 19-9-09 നു ഭൂമിയിലെത്തിയ കുഞ്ഞിച്ചാത്തനും അമേരിക്കയ്ക്ക്‌ വേണ്ടി ഘോരഘോരം വാദിക്കുന്ന വിന്‍സിനും വേണ്ടി ഈ പോസ്റ്റ്‌ വെടിക്കെട്ട്‌ ചെയ്യുന്നു.

Tuesday, August 11, 2009

ഒരു കാള സായാഹ്നം - 2

യാത്രയുടെ തുടക്കം ഇത്തിരി കട്ടിയായിരുന്നു പലരുടെയും വീടിനടുത്തുള്ള പറമ്പുകള്‍ വേലികള്‍ ചെറിയ മതിലുകള്‍ അങ്ങനെ തടസ്സങ്ങള്‍ ഒരുപാട്‌. പിന്നെ അന്നത്തെ പ്രത്യേക ചുറ്റുപാട്‌ എല്ലാവരും അറിഞ്ഞതു കൊണ്ടാവും അഞ്ചാറു യൂനിഫോംധാരികളെ, ഇതിലേ പോയിക്കോ മക്കളേ എന്ന മനോഭാവത്തോടെയാണ്‌ എല്ലാവരും കണ്ടത്‌.

പതുക്കെ പതുക്കെ ജനവാസം കുറഞ്ഞു, വീടുകള്‍ തമ്മിലുള്ള അകലം കൂടി. എല്ലായിടത്തും വഴി ചോദിച്ച്‌ ചോദിച്ച്‌ പോകേണ്ടി വരുമെന്നതിനാല്‍ ഞങ്ങള്‍ വേഗത കൂട്ടി, കിതപ്പ്‌, ദാഹം കൂടെ എടുത്ത വെള്ളം തീര്‍ന്നു. ദൂരെയായി ഒരു അരുവിയും വീടും. ഒരു പ്രായമായ സ്ത്രീ പുറത്ത്‌ നില്‍ക്കുന്നു. ഞങ്ങള്‍ വഴി ചോദിച്ചു. അരുവിയുടെ ഓരം ചേര്‍ന്ന് നടന്നാല്‍ മതി. കുറേ പോയിക്കഴിയുമ്പോള്‍ ഒരു കവുങ്ങിന്റെ പാലം കാണാം അവിടെ വച്ച്‌ അരുവി മുറിച്ച്‌ കടക്കണം. വെള്ളം കുറവാണെന്ന് വച്ച്‌ വേറേ എവിടെ നിന്നും മുറിച്ച്‌ കടന്നേക്കരുത്‌ മറുവശം ആറളം ഫാമിന്റെ കീഴിലാണ്‌. ചിലപ്പോള്‍ വല്ല പാമ്പോ മറ്റോ കാണും നേരം ഇരുട്ടിവരികയല്ലേ. പാലം കടന്നാല്‍ ഒരാള്‍ക്കു നടക്കാന്‍ പാകത്തില്‍ ഒരു ഇടവഴി കാണും അതിലൂടെ നേരെ നടന്നാല്‍ മതി ഫാമിന്റെ മെയിന്‍ ഗേറ്റിനടുത്ത്‌ എത്താം. അതു മതി അവിടെ നിന്ന് എന്റെ വീട്ടിലേക്ക്‌ അടുത്താണ്‌, വഴിയും അറിയാം എന്നായി കൂട്ടുകാരന്‍. പക്ഷേ വെയില്‍ മാഞ്ഞ്‌ തുടങ്ങുന്നു. വേഗത പോരാ.

നാട്ടില്‍ നടന്ന ദുരന്തം പ്രകൃതിയെപ്പോലും ബാധിച്ചോ എന്തോ പക്ഷികളുടെ ശബ്ദവും നിലച്ചു. മുട്ടുവരെ മാത്രം വെള്ളമുള്ള അരുവിയിലെ വെള്ളത്തിന്റെ നേര്‍ത്ത ശബ്ദം മാത്രം. ഇനി ഫാമിന്റെ ഗേറ്റിനടുത്തെത്തുന്നതു വരെ വീടുകളൊന്നുമില്ല. വഴിചോദിക്കാന്‍ മരങ്ങളും കുറ്റിക്കാടുകളും അരുവിയും മാത്രം. നടന്നിട്ടും നടന്നിട്ടും പാലം കാണാനില്ല. എല്ലാവരുടെയും ധൈര്യം വിയര്‍പ്പിന്റെ രൂപത്തില്‍ ചോര്‍ന്നു പോവാന്‍ തുടങ്ങി. ഒന്നു കിതപ്പടങ്ങുന്നവര്‍ മുന്‍പോട്ടോടി ദൂരെയെങ്ങാന്‍ പാലം കാണാനുണ്ടോ എന്ന് നോക്കും പിന്നെ ബാക്കിയുള്ളവര്‍ വരുന്നതു വരെ അവിടെ അണച്ചോണ്ടിരിക്കും. അരുവിയുടെ ആഴം കൂടിക്കൂടി വരുന്നു .പാലം കാണാത്ത സ്ഥിതിയ്ക്ക്‌ ഇവിടെ വച്ച്‌ തന്നെ പുഴ കടന്നാലോ? എന്ത്‌ വന്നാലും ആറു പേരില്ലേ?

വേണ്ട എന്ന് അഞ്ചു പേരും ഒരേ ശ്വാസത്തില്‍. വല്ല പാമ്പും വന്നാല്‍ വന്ന് കടിച്ചിട്ട്‌ പോയ്ക്കോ എന്നും പറഞ്ഞ്‌ വെറുതേ നില്‍ക്കാനുള്ള ത്രാണിയേ ഉള്ളൂ. ചെരുപ്പ്‌ ഉരഞ്ഞ്‌ വിരലുകള്‍ അവിടവിടെ വേദനിക്കുന്നു. അവസാനം പാലം കണ്ടു. അതാവണം പാലം എന്ന് ആ സ്ത്രീ ഉദ്ദേശിച്ചത്‌ ഒരു കവുങ്ങ്‌ രണ്ടായിക്കീറി പുഴയ്ക്ക്‌ കുറുകേ ഇട്ടിരിക്കുന്നു. ആഴം അധികമില്ലാത്തതിനാല്‍ വീണാല്‍ പുഴയിലെ കല്ലിലെവിടെങ്കിലും അടിച്ച്‌ കാലൊടിയുകയോ ഉളുക്കുകയോ ചെയ്യും. പോരാഞ്ഞ്‌ അതിനത്ര ഉറപ്പുമില്ല നടുവിലെത്തിയാല്‍ പാലം മൊത്തം ആടുമെന്നുറപ്പ്‌. ഒരു പരീക്ഷണത്തിനു ആരും തയ്യാറായില്ല. ഇരുന്നും നിരങ്ങിയും ഓരോരുത്തരായി പാലം കടന്നു. ഒന്നും സംഭവിച്ചില്ല. കവുങ്ങിന്റെ ആരുകള്‍ കൊണ്ടിട്ടാണോ എന്തോ കയ്യൊക്കെ പുകയുന്നു.

ഇടവഴി കണ്ടുപിടിച്ചു. ചുറ്റും കാടും മുള്ളും. അടുത്ത്‌ കണ്ട ശീമക്കൊന്നയുടെ കൊമ്പുകള്‍ പൊട്ടിച്ച്‌ ഞങ്ങള്‍ മുള്ളുകളോട്‌ വാള്‍പയറ്റ്‌ നടത്തി മുന്നോട്ട്‌ നീങ്ങി. പോക്കുവെയിലിന്റെ അവസാന കണങ്ങളും വിടപറയുന്നു. എത്തിപ്പോയീ. ഫാമിന്റെ ഗേറ്റ്‌ ദൂരെ കണ്ടപ്പോള്‍ തന്നെ ഞങ്ങള്‍ ആവേശഭരിതരായി. പിന്നെ കൂട്ടുകാരന്റെ വീട്ടിലേക്ക്‌ ഓട്ടമായിരുന്നു. ക്രിക്കറ്റ്‌ കളിച്ച്‌ തളര്‍ന്ന് വരുമ്പോള്‍ കിണറ്റിലെ വെള്ളത്തിന്‌ മധുരമുള്ളതായി ചാത്തന്‍ അറിഞ്ഞിരുന്നെങ്കിലും ഇതിനു മുന്‍പൊന്നും ഇത്രേം മധുരത്തോടെ വെള്ളം കുടിച്ചിട്ടില്ല.

അങ്ങനെ ആറുപേരിലൊരാള്‍ വീടെത്തിയെങ്കിലും അവിടെ താമസിക്കമെന്നവന്‍ പറഞ്ഞെങ്കിലും ഞങ്ങളുടെ പ്രശ്നം ബാക്കിയായി. ഇരുട്ടിയിട്ടും വീടെത്താത്ത അഞ്ച്‌ കൗമാരക്കാരുടെ വീടുകളില്‍ ഇപ്പോള്‍ എന്താവും നടന്നുകൊണ്ടിരിക്കുന്നത്‌?

വീട്ടിനു തൊട്ടടുത്ത്‌ പഠിച്ചുകൊണ്ടിരിക്കുന്ന അനിയന്മാരും അവിടെതന്നെ പഠിപ്പിച്ചിരുന്ന അമ്മയും ഒക്കെ നേരത്തേ വീടെത്തി. വഴിയിലേക്കും നോക്കിയിരിപ്പായിരുന്നു. കളിക്കാന്‍ നില്‍ക്കാതെ ജീപ്പില്‍ കയറി സ്ഥലം വിട്ട കരിങ്കാലികള്‍ വഴിയിലെവിടെവച്ചോ ജീപ്പിനെ കടത്തി വിടൂലാ എന്ന സ്ഥിതി വന്നപ്പോള്‍ ഇറങ്ങി നടന്ന് സന്ധ്യയോടടുത്ത്‌ ചാത്തന്റെ നാട്ടിലെത്തിയിരുന്നു. അവര്‍ക്ക്‌ ചാത്തന്റെ വീടറിയുന്നതു കൊണ്ട്‌ പോകുന്ന വഴി ഞങ്ങള്‍ അഞ്ചാറുപേര്‍ മൊത്തം നടന്നായിരിക്കും വരവെന്ന് വീട്ടിലറിയിച്ചിരുന്നു. കുറേപേര്‍ ഒരുമിച്ചായതു കാരണം വീട്ടുകാര്‍ക്കൊരു സമാധാനം.

പകുതി വഴിയ്ക്ക്‌ കൂട്ടുകാരന്റെ വീട്ടിലെത്തിയ ഞങ്ങള്‍ക്ക്‌ അവന്‍ പോകാവുന്നത്ര ദൂരം കൊണ്ടുപോയി വിടാന്‍ ഒരു മിനി ലോറി തരമാക്കി തന്നു. ആറളം ഫാമിന്റെ അടുത്ത്‌ നിന്നും മെയിന്‍ റോഡിലെത്തിയപ്പോഴേക്കും അതും മുന്നോട്ട്‌ പോകില്ല എന്നായി, പിന്നേം നടപ്പ്‌ തുടര്‍ന്നു. എന്നാല്‍ മെയിന്‍ റോഡില്‍ ഒടിഞ്ഞ്‌ തൂങ്ങി നാലഞ്ച്‌ പിള്ളേര്‍ നടക്കുന്നതു കണ്ട ഒരു ചേട്ടന്‍ തന്റെ ജീപ്പില്‍ അടുത്ത ജംഗ്ഷന്‍ വരെ എത്തിച്ചു. പിന്നേം റോഡ്‌ ബ്ലോക്ക്‌. പിന്നേം നടപ്പ്‌. ഇപ്പോള്‍ ഞങ്ങള്‍ റോഡ്‌ മുഴുവന്‍ ഞങ്ങള്‍ക്ക്‌ എഴുതിത്തന്നതു പോലായി നടപ്പ്‌. ഒരു മനുഷ്യനേം കാണാനില്ല.

അടുത്ത ജനവാസമുള്ള ജംഗ്ഷനിലെത്തിയപ്പോള്‍ ഞങ്ങള്‍ ഫോണ്‍ ചെയ്യാന്‍ സ്ഥലം അന്വേഷിച്ചു. എല്ലാ കടകളും അടഞ്ഞ്‌ കിടക്കുന്നു.കൂട്ടത്തിലൊരുത്തനു വിദൂരപരിചയമുള്ള ഒരു വീട്‌ അടുത്തുണ്ട്‌ അവിടെ കയറി ഫോണ്‍ ചെയ്യാമെന്നായി. അവിടാകെ ഒരു വയസ്സായ ഒരു അമ്മച്ചി മാത്രം വീടൊക്കെ അടച്ചുപൂട്ടി ഇരിക്കുന്നു. പയ്യന്‍സിനു പരിചയമുള്ള ആള്‍ അവിടില്ല. എന്നാലും കുറേ കരഞ്ഞ്‌ പറഞ്ഞപ്പോള്‍ അവര്‍ ഫോണ്‍ ജനലിനരികിലേക്ക്‌ നീക്കി വച്ച്‌ ജനല്‍ തുറന്ന് തന്നു. പിന്നേം തഥൈവ. ഒരിടത്തും ഫോണ്‍ ലൈന്‍ കിട്ടുന്നില്ല. വെള്ളം ചോദിച്ചപ്പോള്‍ കിണറ്റില്‍ നിന്നു കോരിക്കുടിച്ചോളാന്‍ പറഞ്ഞു.

കിണറ്റിന്‍ കരയിലേക്ക്‌ പോകാന്‍ ലൈറ്റ്‌ ഇട്ട്‌ തന്നപ്പോഴാണ്‌ ചാത്തനാ വീട്ടില്‍ അതിനു മുന്‍പ്‌ പോയതായി മനസ്സിലായത്‌. അച്ഛന്റെ കടയില്‍ മുന്‍പ്‌ ഫാര്‍മസിസ്റ്റായിരുന്ന നാന്‍സി ചേച്ചീടെ വീട്‌. ചേച്ചീടെ കല്യാണത്തിന്‌ ചാത്തനവിടെ വന്നിരുന്നു. ചാത്തന്‍ ആ അമ്മച്ചിയോട്‌ ചോദിച്ചു പിന്നെ സ്വന്തം പേരും വിലാസവും പറഞ്ഞു അവരപ്പോള്‍ തന്നെ വാതില്‍ തുറന്ന് പുറത്ത്‌ വന്നു വെള്ളം കൊണ്ടു തന്നു. ഞങ്ങള്‍ വെള്ളം കുടിക്കുമ്പോഴേക്കും അവരുതന്നെ ഫോണ്‍ വിളിച്ച്‌ വിളിച്ച്‌ ചാത്തന്റെ വീട്ടില്‍ ലൈന്‍ കിട്ടി. ഞങ്ങളെല്ലാരോടും അവിടെതന്നെ നിന്നോളാന്‍ അവര്‍ പറഞ്ഞു. പക്ഷേ അവിടെ വരെ എത്തിയ സ്ഥിതിയ്ക്ക്‌ ഇനി വല്ല ബൈക്കും അങ്ങോട്ട്‌ വിടാം നേരായ റോഡില്‍ തന്നെ നടന്നോളാന്‍ അമ്മ പറഞ്ഞു.

അച്ഛന്റെ ഒരു ബന്ധുവായ ദിനുവേട്ടന്‍ പെട്ടന്ന് തന്നെ ബൈക്കുമായെത്തി അഞ്ച്‌ പേരില്‍ രണ്ടെണ്ണം വച്ച്‌ കൊണ്ട്‌ പോയി ചാത്തന്റെ വീട്ടില്‍ വിട്ടു. ഏറ്റവും അവസാനം ചാത്തനും. ചാത്തനെത്തുമ്പോഴേക്ക്‌ കൂട്ടുകാരെയൊക്കെ പലവിധ വണ്ടികളിലായി അവരവരുടെ നാട്ടിലേക്ക്‌ പാര്‍സല്‍ ആക്കിയിരുന്നു. വീട്ടിലെത്തി നേരെ സോഫയിലേക്ക്‌ ചെരിഞ്ഞു. കാലെന്ന് പറയുന്ന സാധനത്തിന്റെ ബാക്കി വല്ലതും ഉണ്ടെങ്കില്‍ പെറുക്കി സോഫയുടെ ഒരു സൈഡില്‍ ഇട്ടേക്കാന്‍ പറഞ്ഞു.

പിറ്റേന്ന് എങ്ങനെ സ്ക്കൂളില്‍ പോകുമെന്ന് ആലോചിച്ചാണ്‌ എഴുന്നേറ്റത്‌. വൈദ്യന്‍ കല്‍പിച്ചതു മാത്രമല്ല മൊത്തം പാലു മയം. ഒരു മാസത്തേക്ക്‌ പിന്നെ സ്ക്കൂളുണ്ടായിരുന്നില്ല. ഒരുമാസം നഷ്ടപ്പെട്ട ക്രിക്കറ്റ്‌ ഗ്രൗണ്ടുകള്‍ക്കായി തീറെഴുതിക്കൊടുത്ത്‌ കളിച്ച്‌ തിമിര്‍ത്തു.

അന്നത്തെ യാത്രയില്‍ കുടിക്കാന്‍ വെള്ളം തന്നവര്‍, സഹതപിച്ചവര്‍, വഴികാണിച്ചു തന്നവര്‍, കുറച്ചെങ്കില്‍ കുറച്ച്‌ ദൂരം കൊണ്ട്‌ വിട്ടു തന്നവര്‍. അവരെല്ലാം ഇന്നും കണ്ണൂരില്‍ കാണും പാര്‍ട്ടികളും തമ്മില്‍ തല്ലും കൊലപാതക പരമ്പരകളും എപ്പോഴുമുണ്ടെങ്കിലും വഴിയില്‍ പെട്ടുപോകുന്നവര്‍ക്ക്‌ ഒരിക്കലും ഞങ്ങളുടെ നാട്ടില്‍ സഹായം കിട്ടാതിരിക്കില്ല. അതിനാരും പാര്‍ട്ടിയൊന്നും നോക്കില്ല.

കൃത്യമായ അജണ്ടകളോടെ ആളും തരവും നോക്കി മാത്രമാണ്‌ രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറുന്നത്‌. വാളെടുക്കുന്നവന്‍ മാത്രമേ വാളാല്‍ നശിക്കൂ. രാഷ്ട്രീയ മുതലെടുപ്പിനായി വിളിച്ച്‌ പറയാന്‍ എന്നും തോടാവുന്ന റോഡുകളും സര്‍ക്കാറിന്റെ അനാസ്ഥയും, അവശ്യ വസ്തുക്കളുടെ വിലയില്‍ ചാഞ്ചാട്ടവും മാധ്യമങ്ങള്‍ക്കാഘോഷിക്കാന്‍ കോടികളുടെ തിരിമറികേസുകളും ഉണ്ടാവട്ടെ, വാളെടുക്കാന്‍ ആര്‍ക്കും സമയമില്ലാതാവട്ടെ.


വാല്‍ക്കഷ്ണം: അന്ന് നംവബര്‍ 25 1994 കണ്ണൂരിലെ കൂത്തുപറമ്പില്‍ 5 പേര്‍ പോലീസ്‌ വെടിവയ്പില്‍ കൊല്ലപ്പെട്ടു.സഹകരണ ബാങ്ക്‌ ഉല്‍ഘാടനം ചെയ്യാന്‍ വന്ന മന്ത്രി എം വി രാഘവനെ തടയാന്‍ ചെന്നവര്‍ക്ക്‌ നേരെ നടത്തിയ വെടിവയ്പില്‍. അതൊരു രാഷ്ട്രീയ കൊലപാതകമല്ലായിരുന്നു. എന്നാല്‍ ബന്ദ്‌ രാഷ്ട്രീയം കണ്ണൂരില്‍ തുടങ്ങുന്നത്‌ അന്നു മുതലാണ്‌. അതിനു മുന്‍പ്‌ വണ്ടികളൊന്നും ഓടാത്ത വിജനമായ റോഡ്‌ കണ്ടത്‌ രാജീവ ഗാന്ധി കൊല്ലപ്പെട്ടപ്പോഴായിരുന്നു. പിന്നീടുള്ള ഒരു മാസം കണ്ണൂരുകാര്‍ക്കൊരു കോച്ചിംഗ്‌ ക്ലാസായിരുന്നു ബന്ദ്‌ എപ്പോള്‍ വേണമെങ്കിലും വരാം എങ്ങനെ കരുതിയിരിക്കണം എന്നതിനെ പറ്റി.

Wednesday, July 29, 2009

ഒരു കാള സായാഹ്നം - 1

ചാത്തന്‍ പ്ലസ്‌ വണ്‍നു ചേര്‍ന്ന കാലം. 18- 20 കിലോമീറ്റര്‍ ദൂരെയാണ്‌ സ്കൂള്‍. പത്താം ക്ലാസില്‍ കൂടെ പഠിച്ച ഒരു പെണ്‍കുട്ടി മാത്രമേ ക്ലാസില്‍ മുന്‍പരിചയമുള്ളതുള്ളൂ. വീട്ടില്‍ നിന്നും ആദ്യമായി ബസ്സില്‍ സ്ക്കൂളില്‍ പോകുന്നു. അതും രാവിലെ 8 മണിയ്ക്ക്‌. 9:15 മുതല്‍ വൈകീട്ട്‌ 4:30 വരെ ക്ലാസ്‌ അതും തുടര്‍ച്ചയായ പീര്യേഡുകള്‍, എണ്ണത്തില്‍ കൂടുതലും ഇടവേളകള്‍ കുറവും. ചെന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പിച്ചാനും തോണ്ടാനും ശത്രുക്കളെയുമുണ്ടാക്കി. രണ്ടാം ശനിയാഴ്ചയൊഴിച്ച്‌ ശനിയാഴ്ചയും ക്ലാസ്‌ ഉണ്ട്‌. ആകെപ്പാടെ ഒരു വല്ലായ്മ.

സ്ക്കൂള്‍ ഗ്രൗണ്ട്‌ ഹൈസ്ക്കൂള്‍കാരുടെ കുത്തകയാണ്‌. ശനിയാഴ്ചകളില്‍ പ്ലസ്‌ റ്റു കാരുടെയും. എന്നും വൈകീട്ട്‌ 4:15 ആകുമ്പോഴേക്കും വീട്ടിലെത്തി ചായയും വലിച്ച്‌ കുടിച്ച്‌ ക്രിക്കറ്റ്‌ കളിക്കാനോടിയിരുന്ന ചാത്തന്‍ മാത്രം ഒറ്റയ്ക്കായി. കൂടെ പഠിച്ചവരൊക്കെ കോളേജുകളില്‍ പ്രീഡിഗ്രിയ്ക്ക്‌. അവിടാണേല്‍ എന്നും സമരവും. വൈകി മാത്രം നാട്ടിലെ ഗ്രൗണ്ടിലെത്തുന്ന ചാത്തനെ അവസാനം 6-8 ഓവറുകള്‍ മാത്രമുള്ള ഒരു കളിയ്ക്ക്‌ കൂട്ടിയാലായി. ഒരേ തൂവല്‍പക്ഷികളായി 5-6 പേരെ സംഘടിപ്പിച്ചു പക്ഷേ സ്ക്കൂളില്‍ വച്ച്‌ കളിക്കാന്‍ ഗ്രൗണ്ട്‌ ഒഴിവ്‌ കിട്ടണ്ടേ. പ്ലസ്‌ റ്റു കാരാണേല്‍ ശനിയാഴ്ച അടുപ്പിക്കുകയുമില്ല.

അങ്ങനെയിരിക്കേ ഒരു ദിവസം, ഹൈസ്ക്കൂള്‍ എന്തോ കാരണവശാല്‍ ഉച്ചയ്ക്കേ വിട്ടു. പ്ലസ്‌ വണ്ണിനും റ്റുവിനും കൂടി ക്ലാസെടുക്കാന്‍ ആകെ ഒരു കണക്ക്‌ ടീച്ചര്‍ മാത്രം. ടീച്ചര്‍ക്കാണേല്‍ അന്ന് നേരത്തേ പോകണം. രാവിലെ ഞങ്ങള്‍ക്കായി രണ്ട്‌ പീര്യേഡ്‌ എടുത്തതു കൊണ്ട്‌. ഉച്ചയ്ക്ക്‌ ശേഷം പ്ലസ്‌ റ്റുകാര്‍ക്ക്‌ ഒരു അര മണിക്കൂര്‍ എടുത്ത്‌ പിന്നേം ഞങ്ങള്‍ക്ക്‌ കുറച്ചൂടെ ക്ലാസെടുത്ത്‌ വിട്ടേക്കാമെന്ന് ടീച്ചര്‍ പറഞ്ഞത്‌ കാരണം. ഉച്ചയൂണും കഴിച്ച്‌ ഞങ്ങളെല്ലാം കലപില കൂട്ടിയിരിപ്പായി.

പ്ലസ്‌ റ്റുകാരെ വിട്ടശേഷം ടീച്ചര്‍ ഞങ്ങടെ ക്ലാസിലെത്തി. ഇനി തനിക്ക്‌ ക്ലാസെടുക്കാന്‍ വയ്യാന്നും ആണ്‍പിള്ളേര്‍ ഗ്രൗണ്ടിലെങ്ങാന്‍ പോയി കളിച്ചിട്ട്‌ ഒരു പീര്യേഡിന്റെ സമയമാകാനാവുമ്പോള്‍ പോയിക്കോളൂ എന്നും പറഞ്ഞ്‌ ടീച്ചറും പെണ്‍പിള്ളാരും കുറച്ച്‌ കരിങ്കാലികളും ക്ലാസിലിരിപ്പായി. പ്ലസ്‌ റ്റു കാരാണേല്‍ എല്ലാം സ്ഥലം വിട്ടു. നല്ല പൊരിയുന്ന വെയില്‌. എന്നാലും 'സ്വര്‍ഗം താണിറങ്ങി വന്നതോ' എന്ന സ്റ്റൈലില്‍ ഞങ്ങളെല്ലാം ബാറ്റും സ്റ്റംപും എടുത്ത്‌ ഗ്രൗണ്ടിലേക്കോടി. കളിതുടങ്ങി. വെയിലേറ്റ്‌ വാടുന്നുണ്ടെങ്കിലും എന്നും പുളിക്കുന്ന മുന്തിരിങ്ങ മധുരിച്ചതിന്റെ ആവേശത്തിലായിരുന്നു എല്ലാവരും.

പീര്യേഡ്‌ കഴിയാനുള്ള സമയത്തിനും വളരെ മുന്‍പ്‌ തന്നെ കരിങ്കാലികളും പെണ്‍പിള്ളേരും ബാഗും കുടയുമെടുത്ത്‌ സ്ഥലം വിടുന്നത്‌ ഗ്രൗണ്ടില്‍ നിന്നും കാണാമായിരുന്നു. എന്നാലും ഞങ്ങള്‍ കളി തുടര്‍ന്നു. ബസ്‌ സ്റ്റോപ്പിലേക്ക്‌ ഒരു പത്ത്‌ മിനിറ്റ്‌ നടക്കണം. ഒരു അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കരിങ്കാലികളില്‍ രണ്ടെണ്ണം അതാ ഓടി വരുന്നു. ബസ്സുകളൊക്കെ പെട്ടെന്നെന്തോ മിന്നല്‍ പണിമുടക്കാത്രെ. ഇനിയിപ്പോള്‍ ജീപ്പുകള്‍ മാത്രേയുള്ളൂ. ആ വിവരം ഞങ്ങളെ അറിയിക്കാന്‍ വന്നതാ അവര്‌. ഓഹോ എന്തായാലും ജീപ്പേയുള്ളൂ പിന്നെ വൈകിയാലെന്താ വൈകിയില്ലെങ്കിലെന്താ. ഞങ്ങള്‍ കളി മുഴുവനാക്കിയിട്ടേയുള്ളൂ. അവര്‍ തിരിച്ചു പോയി കണക്ക്‌ ടീച്ചറും അവരോടൊപ്പം പോയി.

കളിയൊക്കെ കഴിഞ്ഞ്‌ വെള്ളം കുടിക്കാന്‍ ഞങ്ങള്‍ അടുത്തുള്ള ഒരു പ്ലസ്‌ റ്റുകാരന്‍ കുട്ടിയുടെ വീട്ടില്‍ ചെന്നു. അവന്‍ ടൗണില്‍ പോയിരിക്കുകയായിരുന്നു. വെള്ളം കുടിക്കാന്‍ കയറിയപ്പോള്‍ അവിടുണ്ടായിരുന്ന കണ്ണാടിയില്‍ സ്വന്തം രൂപം കണ്ട്‌ ചാത്തന്‍ ഞെട്ടി കറുത്ത്‌ കരുവാളിച്ച്‌ തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലായിരിക്കുന്നു. ഇനി മേലാല്‍ നട്ടുച്ച വെയിലത്ത്‌ കളിക്കുന്ന പരിപാടി ഇല്ല.

തിരിച്ച്‌ ബസ്‌സ്റ്റോപ്പിലേക്ക്‌ നടക്കാനൊരുങ്ങിയപ്പോള്‍ വീണ്ടും ഞെട്ടി. ഇത്തവണ ഒറ്റയ്ക്കായിരുന്നില്ല. ടൗണില്‍ പോയിരുന്ന പ്ലസ്‌ റ്റു ചേട്ടായി തിരിച്ചു വരുന്നു. കൂടെ കരഞ്ഞ്‌ ചുവന്ന കണ്ണുകളുമായി.....ബാക്കി അടുത്താഴ്ച ഇതേ ദിവസം. എന്ന് പറഞ്ഞാലോന്ന് വച്ചതാ പക്ഷേ ആകെ ഇത്രയല്ലേ എഴുതിയുള്ളൂ. ബാക്കീം കൂടി ഇതാ.

കൂടെ കരഞ്ഞ്‌ ചുവന്ന കണ്ണുകളുമായി കണക്ക്‌ ടീച്ചറും, തെറ്റിദ്ധരിക്കേണ്ട ടീച്ചര്‍ക്ക്‌ 50നു മുകളില്‍ പ്രായമുണ്ട്‌. അന്ന് സ്വന്തം വീട്ടില്‍ പോകുന്നതിനു പകരം ഏതോ ബന്ധുവീട്ടില്‍ പോകാനായിരുന്നു ടീച്ചറുടെ ഉദ്ദേശം. പക്ഷേ പെട്ടന്ന് വന്ന പണിമുടക്ക്‌ എല്ലാം തകിടം മറിച്ചു. ബന്ധുക്കള്‍ സമയത്ത്‌ തന്നെ കാണാതെ ബേജാറാകുമെന്നതായിരുന്നു ടീച്ചറുടെ വിഷമം. ഫോണ്‍ ചെയ്ത്‌ വിവരം അറിയിക്കാന്‍ നോക്കീട്ട്‌ പറ്റുന്നില്ല. അതുകൊണ്ട്‌ ആ പ്ലസ്‌ റ്റൂകുട്ടിയുടെ വീട്ടില്‍ താമസിക്കാനും അവിടെ നിന്ന് എങ്ങനെയെങ്കിലും സ്വന്തം വീട്ടില്‍ കാര്യങ്ങള്‍ അറിയിക്കാനുമാണ്‌ ടീച്ചര്‍ വരുന്നത്‌.

ബസ്‌ പണിമുടക്കെന്ന് പറഞ്ഞിട്ട്‌ ജീപ്പു പോയിട്ട്‌ കാളവണ്ടി പോലും കിട്ടൂലാന്ന് മനസ്സിലായപ്പോള്‍ ഞങ്ങളുടെയും കളിചിരി മാഞ്ഞു. പൊരിവെയിലത്ത്‌ കളിച്ച്‌ ആകെ വാടിയിരിക്കുകയാണ്‌ ഇനിയിപ്പോള്‍ 18- 20 കിലോമീറ്റര്‍ മിനിമം; നടക്കുകയേ വഴിയുള്ളൂ. കാരണം നാളെയും ഇതേ പണിമുടക്ക്‌ തുടരുമെന്നാണ്‌ കേട്ടത്‌. വീട്ടിലേക്ക്‌ ഫോണ്‍ ചെയ്യാന്‍ ഞങ്ങളും പ്ലസ്‌ റ്റൂ ചേട്ടന്റെ വീട്ടിലേക്ക്‌ പോയി. കേരളത്തിന്റെ സ്വന്തം ടെലിഫോണ്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌. ഒരൊറ്റ നമ്പര്‍ കിട്ടുന്നില്ല. പിന്നെ ടീച്ചറിനെങ്കിലും നമ്പര്‍ കിട്ടട്ടേയെന്നും പ്രാര്‍ത്ഥിച്ച്‌, വല്ലവിധേനയും നമ്പര്‍ കിട്ടിത്തുടങ്ങിയാല്‍ ഞങ്ങള്‍ ആരുടെയെങ്കിലും വീട്ടില്‍ വിളിച്ച്‌ ഞങ്ങള്‍ നടരാജാ മോട്ടോര്‍ സര്‍വീസിന്റെ സ്പെഷല്‍ വാഹനത്തില്‍ യാത്ര തുടങ്ങുന്നുണ്ടെന്ന് ഒന്നറിയിക്കണമെന്നും പറഞ്ഞ്‌ അവിടം വിട്ടു. വീണ്ടും ബസ്‌ സ്റ്റോപ്പില്‍ എത്തി.

ബസ്‌സ്റ്റോപ്പ്‌ ഏതാണ്ട്‌ ഒഴിഞ്ഞ മട്ടാണ്‌, കടപൂട്ടാന്‍ പോകുന്ന ഒരു ചേട്ടന്‍ കുറച്ച്‌ കാര്യങ്ങള്‍ വിശദീകരിച്ചു. കൂത്തുപറമ്പെങ്ങാന്‍ വെടിവയ്പുണ്ടായെന്നും മൂന്നാലുപേര്‍ കൊല്ലപ്പെട്ടെന്നും ഇനി കുറച്ച്‌ ദിവസങ്ങള്‍ ജില്ല മൊത്തം ഒരു കടയും തുറക്കില്ലെന്നും വാഹനങ്ങള്‍ ഓടില്ലെന്നും. എത്രയും പെട്ടന്ന് വീട്‌ പിടിച്ചോ മക്കളേ എന്നായിരുന്നു മൊത്തത്തിലുള്ള സാരം. നേരാം വഴി നടന്നാല്‍ പകുതിയ്ക്ക്‌ ആംബുലന്‍സിനെ വിളിക്കേണ്ടി വരുമെന്നായിരുന്നു ഞങ്ങളുടെ സ്ഥിതി. കളിച്ചു തകര്‍ത്തതിന്റെ ക്ഷീണം, വഴിയില്‍ ഇനി വേറേ വല്ല അടിപിടിയോ കല്ലേറോ ഉണ്ടാവുമോ എന്ന ഭയം, ഇനി നടക്കാനുള്ള ദൂരം, സമയവും അതിക്രമിക്കുന്നു. ഇനിയിപ്പോള്‍ ഇരുട്ടത്താവുമോ നടപ്പ്‌. എന്തു വന്നാലും ഒരുമിച്ച്‌ നില്‍ക്കണം ഞങ്ങള്‍ 6 പേരുണ്ട്‌ ഒരുത്തനു മാത്രം പകുതി ദൂരം പോയാല്‍ മതി വീടായി. അവിടെത്തിയാല്‍ എന്തെങ്കിലും വഴിയുണ്ടാക്കാന്‍ ശ്രമിക്കാമെന്നായി അവന്‍. മാത്രമല്ല ആറളം ഫാമിന്റെ അടുത്തുകൂടെ പോകുന്ന കാട്ടുവഴികളിലുടെ നടന്നാല്‍ പെട്ടന്ന് അവന്റെ വീടെത്താന്‍ വഴിയുണ്ട്‌ പോലും. പക്ഷേ വഴി അവനറിയില്ല. വരുന്നത്‌ വരട്ടെ എന്തായാലും ആറു പേരുണ്ടല്ലോ വഴി ചോദിച്ച്‌ ചോദിച്ച്‌ പോവാം എന്നായി ഞങ്ങള്‍.

കടപൂട്ടി പോവുന്ന ചേട്ടന്‍ തന്നെ വഴിയുടെ തുടക്കം പറഞ്ഞു തന്നു. സൂര്യേട്ടനോട്‌ അന്നല്‍പം വൈകിപോകുമോ എന്ന് അപേക്ഷാഭാവത്തില്‍ നോക്കി ഞങ്ങള്‍ കാടു കീഴടക്കാനുള്ള ആ യാത്ര തുടങ്ങി, മരിക്കുവോളം മറക്കാത്ത ഒരു ജൈത്രയാത്ര.

വാല്‍ക്കഷ്ണം: പിന്നീടുള്ള കുറേ ദിവസങ്ങള്‍ ഒരു തുടക്കമായിരുന്നു. കണ്ണൂരിന്റെ, കേരളത്തിന്റെ, ദിവസവും ബന്ദ്‌ എന്ന സംസ്കാരത്തിന്റെ..അന്ന് കണ്ണൂരിലെ മിക്ക വിദ്യാര്‍ത്ഥികള്‍ക്കും ഞങ്ങളുടെ അതേ അനുഭവമാണുണ്ടായത്‌. എന്നാല്‍ നേരാം വണ്ണം റോഡിലൂടെ തന്നെ നടന്നു പോയവര്‍ക്ക്‌ ഇടക്കിടെ നാട്ടുകാരുടെ സഹായം കുറേ ദൂരം വല്ല ലോറിയോ ജീപ്പോ ബൈക്കോ സൈക്കിളോ ആയി കിട്ടിയിരുന്നു.

ഗുണപാഠം:- വിവരക്കേടിനെ ചിലപ്പോള്‍ നമ്മള്‍ അതിബുദ്ധി എന്ന് തെറ്റിദ്ധരിക്കും.

Wednesday, July 15, 2009

വീണ്ടും രാഗം പാടി - (2)

പെങ്ങളുടെ കല്യാണം കഴിഞ്ഞ്‌ വീട്ടില്‍ വിരുന്നിനു വന്നപ്പോള്‍ അവള്‍ ചാത്തന്റെ കൈ പിടിച്ച്‌ വലിച്ച്‌ പുതിയ ബന്ധുക്കള്‍ക്ക്‌ മൊത്തം പരിചയപ്പെടുത്തിക്കൊണ്ട്‌ പറഞ്ഞതാ ഇനി ഞങ്ങളുടെ കുടുംബത്തില്‍ അടുത്ത കല്യാണം ഇവന്റെതാ എന്ന്. അപ്പോള്‍പിന്നെ അവള്‍ക്കും കൂടി നാണക്കേടല്ലേ ചാത്തന്‍ പുര നിറഞ്ഞ നില്‍ക്കുന്നത്‌ എന്ന് കരുതീട്ടാണോ എന്നറീലാ, ഗര്‍ഭിണിയായ ഭാര്യയെ കാണാന്‍ ഇല്ലാത്ത ലീവും ഉണ്ടാക്കി ഓടിപ്പിടിച്ചു വന്ന അളിയനേം ചാത്തന്റെ അനിയനേം കുത്തിപ്പൊക്കി വീണ്ടും പെണ്ണുകാണാനിറങ്ങിത്തിരിച്ചത്‌.

ഏതായാലും ഒരു വഴിക്ക്‌ പോണതല്ലേ ഒന്നിനെ മാത്രം ആയി കാണാന്‍ നില്‍ക്കണ്ടാ എന്നു വിചാരിച്ച്‌ വേറെ ഒരു അഡ്രസ്സും കൂടി സംഘടിപ്പിച്ചു. ചാത്തനും അനിയനും വണ്ടി ഓടിക്കാന്‍ കുടുംബ സുഹൃത്തായ ജയേട്ടനും കൂടി പെങ്ങളുടെ വീട്ടിലെത്തി. ആങ്ങളയ്ക്ക്‌ വേണ്ടി ആദ്യമായി പെണ്ണുകാണാന്‍ പോണ വഹ അണിഞ്ഞൊരുങ്ങിയിട്ടുണ്ടെങ്കിലും ഒന്ന് സൂക്ഷിച്ച്‌ നോക്കിയാല്‍ ചാത്തന്റെ കടിഞ്ഞൂല്‍ മരുമകളുടെ വരവറിയാം. പെണ്ണിന്റെ വീടിന്റെ അഡ്രസ്‌ പറഞ്ഞപ്പോള്‍ ആ ഭാഗം മൊത്തം തനിക്കറിയാമെന്ന് അളിയന്‍ പറഞ്ഞു. പിന്നീട്‌ പോയ വഴിയിലൊക്കെ ആ ഭാഗത്ത്‌ ഒരു വീടുണ്ട്‌ അവിടെ ഞാന്‍ പെണ്ണുകാണാന്‍ പോയിട്ടുണ്ട്‌ എന്നുള്ള അളിയന്റെ കമന്ററി കേട്ട്‌ കേട്ട്‌ പെങ്ങള്‍ വയലന്റായി.
ഒടുക്കം വീടെത്തി.ഗൃഹനാഥന്‍ തന്നെ സ്വീകരിച്ചാനയിച്ചു. വീടെന്ന് പറയാന്‍ പറ്റൂല ഒരു മിനി കൊട്ടാരം. വീടിനകത്ത്‌ ഒരു കുളവും. പെങ്ങളുടെ ചെവിയില്‍ പറഞ്ഞു നമ്മള്‍ക്ക്‌ സ്ഥലം വിട്ടേക്കാം ഈ പെണ്ണിനെ ഏതായാലും എനിക്കിഷ്ടപ്പെടൂല. എടാ വന്ന സ്ഥിതിയ്ക്ക്‌ കണ്ടേയ്ക്കാം.

കത്തി വച്ച്‌ വച്ച്‌ അളിയന്‍ അവസാനം ഗള്‍ഫീന്ന് വന്നത്‌ എപ്പോഴാ എന്ന് ഗൃഹനാഥന്‍ ചോദിച്ചു. അതിപ്പോള്‍ ഒരു 7-8 മാസമായിക്കാണും എന്ന് അളിയന്‍. ഒന്ന് ഞെട്ടിയ പെങ്ങള്‍ വയറിന്റെ മുകളില്‍ ഒന്നൂടെ സാരി വലിച്ചിട്ട്‌ അളിയനെ നോക്കി കണ്ണുരുട്ടി. അളിയന്‍ തിരുത്തി ഓ അല്ല 5 മാസം മുന്‍പാ അവസാനം വന്നത്‌. പാവം അളിയന്‍ ഇനി ഈ അവധി കഴിഞ്ഞ്‌ പോകുന്ന വരെ വല്ല തിരുമ്മ് ശാലയിലും കഴിച്ചു കൂട്ടേണ്ടി വരും.

അങ്ങനെ ആ ഇന്റര്‍ നാഷണല്‍ കത്തിയ്ക്ക്‌ ശേഷം പെണ്ണിനെ വിളിച്ചു. പാവം, ആ വീടിന്റെ ജാഡയൊന്നുമില്ല പക്ഷേ എന്നെ ഇഷ്ടപ്പെടാതിരിക്കണമെങ്കില്‍ പെണ്‍കുട്ടി മുഖത്തോട്ടൊന്ന് നോക്കണ്ടെ. വന്നപാടെ മച്ചിന്റെ മോളില്‍ വല്ല ചിലന്തിയുമുണ്ടോ എന്ന നോട്ടം പിന്നെ നിലത്തൂടെ വല്ല ഉറുമ്പും പോവുന്നുണ്ടോ എന്നായി. നിനക്ക്‌ ചെക്കനെ കാണണ്ടേ എന്ന് പെങ്ങള്‍ ചോദിച്ചപ്പോള്‍ ഒരു സെക്കന്റ്‌ ചാത്തനെ ഒന്ന് നോക്കി. ഒരു നിമിഷത്തെ നോട്ടത്തിനും ഒരായിരം അര്‍ത്ഥങ്ങള്‍, പക്ഷേ ചാത്തന്‍ വായിച്ചെടുത്തത്‌ ശരിയായിരുന്നു എന്ന് പിന്നീട്‌ മനസ്സിലായി. പാപദോഷം നിറഞ്ഞ ജാതകം, ഒരുപാട്‌ നാളായി പാവത്തിന്‌ ഈ പെണ്ണുകാണല്‍ നാടകം സഹിക്കേണ്ടി വരുന്നത്‌. എനിക്കിനിയും ഇങ്ങനെ മുന്‍പില്‍ വന്നു നില്‍ക്കാന്‍ മേല ഒന്നു പെട്ടന്ന് ഒഴിവാക്കിത്തരുവോ എന്നായിരുന്നു ആ നോട്ടത്തിന്റെ അര്‍ത്ഥം. പേരല്ലാതെ വേറൊന്നും ചോദിക്കാനും തോന്നിയില്ല.

തിരിച്ച്‌ അളിയനെം പെങ്ങളേം അവരുടെ വീട്ടിലാക്കി മൂവര്‍ സംഘം അടുത്ത മേച്ചില്‍ പുറത്തേക്ക്‌ വിട്ടു. ആ വീട്ടില്‍ ആരുമില്ല ഒരു തോട്ടക്കാരന്‍ ചെടി നനച്ചോണ്ട്‌ നില്‍ക്കുന്നു.

ഇവിടെ ആരുമില്ലേ?
----- പറഞ്ഞിട്ട്‌ വന്നതാ, ഇവിടുത്തെ കുട്ടിയെ പെണ്ണുകാണാന്‍.

ഓ അവരെല്ലാം ഒരു കല്യാണത്തിനു പോയിരിക്കുവാ ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ വരും എന്ന് ഇപ്പോള്‍ വിളിച്ച് പറഞ്ഞിരുന്നു. കയറിയിരിക്കൂ.

പെണ്‍കുട്ടിയുടെ ഫോട്ടോ വല്ലതുമുണ്ടോ? (അതില്‍ കാണാന്‍ കൊള്ളില്ലെങ്കില്‍ പിന്നെ ഒരു മണിക്കൂറു കഴിഞ്ഞ്‌ ഞങ്ങളെ മഷിയിട്ട്‌ നോക്കിയാല്‍ മതിയല്ലോ)

അല്‍പ സമയത്തിനുള്ളില്‍ അങ്ങേര്‍ ഒരു ഫോട്ടോയും പൊക്കിപ്പിടിച്ചു വന്നു, മുല്ലപ്പൂ ചൂടി സെറ്റ്‌ മുണ്ട്‌ ഒക്കെ യിട്ട ഒരു മലയാളി മങ്ക. കൊള്ളാം.

എന്നാല്‍ ഞങ്ങള്‍ ഒരു മണിക്കൂര്‍ കഴിഞ്ഞ്‌ വരാം.

മുന്‍പേ പറഞ്ഞ ആ പറഞ്ഞ്‌ വിട്ട ആളുടെ വീട്‌ അടുത്തായതിനാല്‍ ഞങ്ങള്‍ അങ്ങോട്ട്‌ വിട്ടു. ഒരു മണിക്കൂറിനു ശേഷം ഒരു ചായകുടിയൊക്കെ കഴിഞ്ഞ്‌ ആ വീട്ടിലെ ഗൃഹനാഥനുമൊത്ത്‌ തിരിച്ച്‌ പെണ്‍ വീട്ടിലേക്ക്‌.

ഞങ്ങളുടെ കൂടെ വന്ന പുതിയ ആളെക്കണ്ടപാടെ തോട്ടക്കാരന്‍ പെണ്ണിന്റെ അച്ഛനായി മാറി!!!! നേരത്തെ കണ്ട മലയാളി മങ്കയുടെ ഫോട്ടോയില്‍ ദൃംഷ്ടകള്‍ മുളയ്ക്കുന്നതും ചാത്തന്‍ അടുക്കളപ്പണി ചെയ്യുന്നതും ബോബനും മോളിയിലെ ചേട്ടനും ചേടത്തി കാര്‍ട്ടൂണുകളും മനസ്സിലൂടെ മിന്നി മറഞ്ഞു.

കല്യാണത്തിനു പോയവര്‍ ഇതുവരെ എത്തിയില്ല പെണ്ണും പെണ്ണിന്റമ്മയും അമ്മയുടെ അമ്മയും അനിയനും ആണ്‌ പോയിരിക്കുന്നത്‌. അച്ഛനെ വീടുനോക്കാന്‍ ഏല്‍പിച്ചിട്ട്‌. തന്റെ റബ്ബര്‍ എസ്റ്റേറ്റിന്റെ നീളവും കുരുമുളകിന്റെ മാര്‍ക്കറ്റ്‌ വിലയും മറ്റും ഞങ്ങളുടെ കൂടെ വന്ന ഗൃഹനാഥനോട്‌ പെണ്ണിന്റെ അച്ഛന്റെ വക ഒന്നാന്തരം പ്രസംഗം. ഞങ്ങളൊന്നും അവിടെ ഉള്ളതായേ തോന്നില്ല. കല്യാണം കഴിക്കുന്നത്‌ പെണ്ണിനെയാണേലും ജനറ്റിക്സ്‌ എന്ന സാധനം പണ്ടെങ്ങാണ്ട്‌ പഠിച്ചതു കൊണ്ട്‌ ചാത്തന്‍ ഇരുന്നിരുന്ന സോഫ ഭൂഗുരുത്വാകര്‍ഷണം മൂലം രണ്ടിഞ്ച്‌ താഴോട്ട്‌ പോയി. അടുത്തിരുന്ന അനിയന്‍ എന്തോ പറയുകയാണെന്ന ഭാവത്തില്‍ ചാത്തനെ പിന്നേം സീറ്റിലോട്ട്‌ ഒട്ടിച്ച്‌ വച്ചു.

അപ്പോഴേക്കും പുറത്ത്‌ ഒരു മാരുതി വാന്‍ വന്നു നിന്നു. സര്‍വ്വാലങ്കാര വിഭൂഷിതയായി ഒരു ജ്വല്ലറി പരസ്യത്തിലെ മോഡല്‍ സാരിയുടെ പരസ്യത്തിലെ മോഡലിനെപ്പോലെ സാരിയുടെ മുന്താണി(നിങ്ങളൊക്കെ എന്താ പറയുക എന്നെനിക്കറീലാട്ടാ) വീശിക്കൊണ്ട്‌ മുറിയിലേക്ക്‌ വന്നു. പെണ്ണിനല്‍പം പ്രായക്കൂടുതലുണ്ടോ അതോ ലിപ്‌സ്റ്റിക്കിന്റെ കളര്‍ കാരണം തോന്നുന്നതാണോ?

ഇതാണ്‌ പെണ്ണിന്റമ്മ. പെണ്ണിന്റച്ഛന്റെ അവസാന വാക്കുകള്‍. മുറിയില്‍ മൊത്തം നിശബ്ദതയും ഊമകളായ നെടുവീര്‍പ്പുകളും കൊണ്ട്‌ നിറഞ്ഞു.

അവളൊന്ന് മുഖം കഴുകാന്‍ പോയിരിക്കുവാ അമ്മേടെ കൂടെ, ഇപ്പോള്‍ വരും.

ഭാഗ്യം പെണ്ണപ്പോള്‍ മേക്കപ്പൊന്നും ഇടുന്ന കൂട്ടത്തിലല്ല. മലയാളി മങ്കയുടെ ദൃംഷ്ട്രകള്‍ പിന്നെം ചുരുങ്ങി.

നമ്മുടെ സിനിമാ നടി സുകുമാരിയേയോ ഫിലോമിനയേയോ പെണ്ണ് കാണാന്‍ കൂടെ കൊണ്ട്‌ പോവാഞ്ഞത്‌ നഷ്ടമായി എന്ന് തോന്നി അവര്‍ക്ക്‌ ഉര്‍വ്വശി അവാര്‍ഡ്‌ വാങ്ങിക്കൊടുക്കാന്‍ പറ്റിയ കഥാപാത്രം. പെണ്ണിന്റച്ചന്‍ തോട്ടക്കാനായില്ലെങ്കിലേ അല്‍ഭുതമുള്ളൂ. എന്തൊരു ബഹുമാനം, വിനയം, ഭാര്യാ- ഭര്‍തൃ ബന്ധത്തിനുള്ള ഉത്തമോദാഹരണം, വാമഭാഗം എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കിക്കൊണ്ട്‌ ഭര്‍ത്താവിരുന്ന സോഫയുടെ കൈപ്പിടിയില്‍ ഭാര്യ ഇരിപ്പുറപ്പിച്ചു. സാരി ഒന്ന് വീശി ടെക്സ്റ്റെയില്‍ ഷോപ്പിലെ സെയില്‍സ്‌ ഗേളായി. കല്യാണത്തിനു പോയിട്ട്‌ ഒന്നും കഴിക്കാതാണോ വരുന്നത്‌, കാലത്ത്‌ തേച്ച്‌ പിടിപ്പിച്ച അരക്കിലോ കുമ്മായവും കാല്‍ക്കിലോ ലിപ്‌സ്റ്റിക്കും ഇപ്പോഴും മുഖത്ത്‌ തന്നെയുണ്ടല്ലോ. അമ്മയുടെ ഓരോ വളയുടെയും മാലയുടെയും എടുത്തെടുത്ത്‌ കാണിച്ചോണ്ടുള്ള പ്രദര്‍ശനം കഴിഞ്ഞപ്പോഴേയ്ക്ക്‌ മകളുടെ വരവായി.

നേരത്തെ പടത്തില്‍ കണ്ട പെണ്‍കുട്ടി ഇതല്ലാാാാാാാാ. നിങ്ങള്‍ക്ക്‌ രണ്ട്‌ പെണ്‍കുട്ടികളാണോ? ചാത്തന്‍ ചോദിക്കും മുന്‍പേ അനിയന്‍ ചോദിച്ചു.

ഏയ്‌ ഒരാളേയുള്ളൂ.

അപ്പോള്‍ ഇവിടാര്‍ക്കോ ഫോട്ടോഷോപ്പിന്റെ സൈഡ്‌ ബിസിനസ്‌ ഉണ്ട്‌.

അമ്മയേക്കാള്‍ ഒരുപടി മുന്നിലാണോ മകള്‍ എന്ന് വര്‍ണ്യത്തിലാശങ്ക. അമ്മ ചുവപ്പാണെങ്കില്‍ മകള്‍ റോസ്‌ ലിപ്സ്റ്റിക്‌, അമ്മ സ്വര്‍ണത്തില്‍ കുളിച്ചിട്ടാണെങ്കില്‍ മകള്‍ മൊത്തം എന്തൊക്കെ ഇടാന്‍ പറ്റുമോ അതൊക്കെ ഇട്ടിട്ടുണ്ട്‌.

അതിനു മുന്‍പും അതിനു ശേഷവും കണ്ട പെണ്‍കുട്ടികളൊന്നും കാണിക്കാത്ത ഒരു പ്രകടനം കൂടി ആ കുട്ടിയില്‍ നിന്നുണ്ടായി. ഞങ്ങളുടെ മുന്നിലുള്ള കസേരയില്‍ നേരെ കാലിന്റെ മുകളില്‍ കാല്‍ കയറ്റി വച്ച്‌ രണ്ട്‌ കൈ കൊണ്ടും കൂടി മുകളിലുള്ള കാലിന്റെ മുട്ട്‌ വട്ടം പിടിച്ച്‌ ഒരിരുത്തം. പിന്നെ ചോദ്യങ്ങള്‍, അത്‌ ചെറുക്കനോടും കൂടെ വന്നവരോടെല്ലാരോടും!

ഇത്തവണ അനിയനിരുന്ന സോഫയ്ക്കാണ്‌ ഭൂഗുരുത്വാകര്‍ഷണം അനുഭവപ്പെട്ടത്‌.എന്നാപ്പിന്നെ അരക്കൈ നോക്കിക്കളയാം എന്നു വിചാരിച്ച്‌ ചാത്തന്‍ കത്തി തുടങ്ങി. പക്ഷേ അതൊരു കൊടുവാളാണെന്നും അതിനു മൂര്‍ച്ചകൂട്ടാന്‍ വക്കീല്‍ ഭാഗത്തിനു പഠിക്കുകയാണെന്നും കേട്ടതോടെ ചാത്തന്‍ സ്വന്തം പേനാക്കത്തി ദൂരെയെറിഞ്ഞ്‌ ആയുധം വച്ച്‌ കീഴടങ്ങി. എത്രയും പെട്ടന്ന് അവിടുന്നൊന്ന് കടന്നാല്‍ മതിയെന്നായി. ജാതകക്കുറിപ്പിന്റെ ഫോട്ടോസ്റ്റാറ്റും വാങ്ങി തടിതപ്പി. ഒരു വളവു കഴിഞ്ഞപ്പോഴേ ആ കടലാസ്‌ ചാത്തന്‍ കീറി കാറ്റില്‍ പറത്തി.

അനിയന്‍ ചോദിച്ചു. നിനക്ക്‌ നമ്മുടെ അമ്മയോട്‌ വല്ല ശത്രുതയുമുണ്ടോ?

ഇല്ല എന്തേ?

അല്ല ഉണ്ടെങ്കില്‍ നീ ഇവളെ തന്നെ കെട്ടണം മൂന്നാം ദിവസം അമ്മ അമ്മവീട്ടില്‍ പോയിക്കോളും.

വാല്‍ക്കഷ്ണം: ഇനീം ഒരുപാടുണ്ട്‌ പക്ഷേ വിഷയം എഴുതുന്ന ആള്‍ക്ക്‌ തന്നെ ബോറഡിയുണ്ടാക്കുന്നു. ഇനീം കാണാം ഒരു സംഭവ കഥയുമായി.

പരസ്യം: ഉടന്‍ വരുന്നു. കണ്ണൂരെന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മവരുന്ന രാഷ്ട്രീയ കൊലപാതക പരമ്പരകള്‍ തുടങ്ങുന്ന കാലത്തെ ഒരു കഥയുമായി. ഒരു പ്ലസ്‌ റ്റൂ വിദ്യാര്‍ത്ഥിയുടെ വാക്കുകളിലൂടെ ഇത്തിരി ചിരിയും ഇത്തിരി കാര്യവുമായി. മറക്കാനാവാത്ത ഒരു സായാഹ്നത്തിലൂടെ.

Saturday, January 03, 2009

ഒന്നാം രാഗം പാടി..(1)

ഭാഗം ഒന്ന് എന്നത്‌ ചുമ്മാ ഇട്ടതാ ഭാഗം രണ്ട്‌ വരുമോ എന്നുള്ളതിനു ഒരു തീര്‍ച്ചയുമില്ല. അത്‌ ഈ പോസ്റ്റിനുള്ള പ്രതികരണങ്ങള്‍ അനുസരിച്ചിരിക്കും. ഏയ്‌ അല്ലല്ല വായനക്കാരുടെ അല്ല ചാത്തന്റെ വീട്ടിലെ പ്രതികരണങ്ങള്‍.

പെണ്ണ്‌ കാണണം പെണ്ണ്‌ കാണണം എന്ന് പറഞ്ഞ്‌ വീട്ടുകാര്‍ ശല്യപ്പെടുത്താന്‍ തുടങ്ങീട്ട്‌ കാലം കുറേ ആയി. ഒരു പെങ്കൊച്ചിനെ കണ്ട്‌ ഇഷ്ടപ്പെട്ടില്ലാ എന്ന് പറയാന്‍ ഒരു സിംപിള്‍ കാരണം കണ്ടുപിടിക്കാന്‍ അത്ര ബുദ്ധിമുട്ടില്ലാലോ എന്ന് വച്ചാ ഒന്നിറങ്ങി പയറ്റിയേക്കാന്‍ തീരുമാനിച്ചത്‌.

എന്തിനും ഏതിനും ഒരു മുന്‍പരിചയം ഉണ്ടാവുന്നത്‌ നല്ലതല്ലേ. ബൂലോകത്തുള്ള പെണ്ണ്‌ കാണല്‍ സീരീസ്‌ പോസ്റ്റുകളെല്ലാം തിരഞ്ഞ്‌ പിടിച്ച്‌ ഒരാവര്‍ത്തി കൂടി മനഃപാഠമാക്കി. കൂടെ കൂട്ടാന്‍ കൂടെ താമസിക്കുന്നവന്മാര്‍ ഒരെണ്ണം ശരിയല്ല എല്ലാത്തിനും മുടിഞ്ഞ ഗ്ലാമറോ ഒടുക്കത്തെ പൊക്കമോ ഉണ്ട്‌.

ഉണ്ണിക്കുട്ടന്‍ മതി, മുന്‍പ്‌ ഞങ്ങളുടെ കൂടെ താമസിച്ചിരുന്നു എന്ന ഒരൊറ്റ ദോഷം മാത്രമേ കൈമുതലായുള്ളൂ. ആളൊരു ഗ്ലാമര്‍ താരമാണേലും അഞ്ച്‌ ഇഞ്ച്‌ ഉയരം കൂടുതലുള്ളത്‌ ചാത്തനല്ലേ. പോരാഞ്ഞ്‌ ഈ വിഷയത്തില്‍ ധാരാളം മുന്‍പരിചയോം. 20-25 പെണ്ണ്‌ കാണല്‍ നടത്തി, കെട്ടി, സുഖജീവിതം. സ്വന്തമായി ബൈക്കുമുണ്ട്‌, ഇനിയിപ്പോള്‍ അതിന്റെ പിന്നില്‍ കയറി ഇരിക്കുകയേ വേണ്ടൂ.

ബാംഗ്ലൂര്‍ തന്നെയാണ്‌ രംഗവേദി, ഇന്ദിരാ നഗര്‍ എന്ന് പറയുന്ന ഹൈക്ലാസ്‌ മലയാളികള്‍ താമസിക്കുന്ന സ്ഥലം. ഒരു ഞായറാഴ്ച രാവിലെ ഉണ്ണിക്കുട്ടന്റെ ബൈക്കില്‍ യാത്രതിരിച്ചു. ഇന്ദിരാ നഗറിന്റെ തുടക്കം എത്തിയപ്പോള്‍ തന്നെ മൊബെയിലില്‍ കുട്ടിയുടെ വീട്ടിലേക്ക്‌ വിളിച്ചു. പെണ്‍കുട്ടിയുടെ അമ്മയായിരുന്നു ഫോണെടുത്തത്‌. കുറച്ചൂടെ മുന്‍പോട്ട്‌ വന്നിട്ട്‌ വിളിക്കൂ എന്നായിരുന്നു മറുപടി. മൂന്നാലു തവണ അങ്ങനെ ഫോണ്‍ വിളിച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഇന്ദിരാ നഗറു കടന്ന് വെളിയിലെത്തി. വീണ്ടും വിളിച്ചു.

ഹലോ ഞങ്ങളിപ്പോള്‍ ഇന്ദിരാനഗറും കഴിഞ്ഞ്‌ അള്‍സൂരിലെ വണ്‍വേയില്‍ എത്തി, ഇനി തിരിച്ച്‌, വന്ന വഴിയിലൂടെ വരണമെന്ന് പറഞ്ഞേക്കരുത്‌. അതോടെ ഒരു കിളിനാദം കനാല്‍, അമ്പലം, ടെമ്പോസ്റ്റാന്‍ഡ്‌ എന്നൊക്കെ അമ്മയോട്‌ പറഞ്ഞ്‌ കൊടുക്കുന്നത്‌ കേട്ടു. ആപ്പറഞ്ഞതൊക്കെ തൊട്ട്‌ മുന്‍പേ കടന്ന് വന്ന ഞങ്ങള്‍ക്ക്‌ സ്ഥലമൊക്കെ പിടികിട്ടി. അടുത്ത്‌ കണ്ട ഊട്‌ വഴിയിലൂടെ പിന്നോട്ട്‌ തിരിഞ്ഞ ഞങ്ങള്‍ മുന്‍പ്‌ പറഞ്ഞ വഴിയുടെ നേര്‍വിപരീത വഴിയിലൂടെ സ്ഥലത്തെത്തി. ബാല്‍ക്കണിയില്‍ നിന്ന് പെണ്‍കുട്ടിയുടെ അമ്മ ഞങ്ങള്‍ക്ക്‌ വഴികാണിച്ചു.

ഭാഗ്യം വിചാരിച്ചത്ര ഹൈക്ലാസ്‌ പാര്‍ട്ടീസല്ല. രണ്ടാം നിലയിലുള്ള ഒരു കൊച്ച്‌വീട്‌. ഉണ്ണിക്കുട്ടനോട്‌ സ്വര്‍ണമാല അകത്തോട്ടും വിവാഹമോതിരമിട്ട കൈ മുന്നിലോട്ടും ആക്കി ഗോവണി കയറാന്‍ പറഞ്ഞിട്ടും മുകളിലെത്തിയ ഉടനേ അമ്മ ചോദിച്ചു ചെക്കനാരാണെന്ന് :(....

പെണ്‍കുട്ടിയുടെ അച്ഛന്‍ വീട്ടിലില്ല. ഉണ്ണിക്കുട്ടന്‍ അപ്പോഴേ പറഞ്ഞു എന്നാ നിനക്ക്‌ അച്ഛനുള്ള സമയം വല്ലോം വന്നാല്‍ പോരായിരുന്നോ എന്ന്. പിന്നേ എന്നിട്ട്‌ വേണം അങ്ങോരുടെ കത്തി മൊത്തം രാവിലെ വെറും വയറ്റില്‍ കേട്ടിരിക്കാന്‍. പക്ഷേ അല്‍പസമയത്തിനുള്ളില്‍ അച്ഛന്‍ ഏത്‌ നിമിഷവും കയറി വരണേ എന്നതായി ഞങ്ങളുടെ പ്രാര്‍ത്ഥന. ഒരു ചായ പോലും തരാതെ പെണ്ണിന്റമ്മ കത്തി തുടങ്ങി.

തുടക്കത്തില്‍ ഒന്നു പതറിയെങ്കിലും പെട്ടന്ന് ഫോമിലെത്തിയ ചാത്തന്‍ പിന്നെ ഇടക്കിടെ ബൗണ്ടറികളുമായി മുന്നേറി. ഒരു ചായപോലും കിട്ടാന്‍ സാധ്യതയില്ലേന്നോര്‍ത്ത്‌ നോണ്‍സ്ട്രൈക്കര്‍ എന്‍ഡില്‍ ഉണ്ണിക്കുട്ടന്‍ ബേജാറായി, ഇടക്കൊരു വൈഡ്‌ സിഗ്നല്‍ കാണിച്ചു.

അല്ല എനിക്ക്‌ പോയിട്ടല്‍പം പണിയുണ്ടായിരുന്നു.

ഓ അതു മറന്നു ഞാന്‍ ഇപ്പോള്‍ വരാം എന്നും പറഞ്ഞ്‌ പെണ്ണിന്റമ്മ അകത്തേക്ക്‌ പോയി. ആ ഡ്രിങ്ക്സ്‌ ബ്രേക്കില്‍ മുറി ഒട്ടാകെ ഒന്ന് നോക്കി. കരകൗശല വസ്തുക്കളുടെ ഒരു പ്രളയം. പണ്ട്‌ സ്വന്തം അമ്മാവന്‌ പെണ്ണ്‌ കാണാന്‍ കൂടെപ്പോയപ്പോള്‍ ഇതേപോലുള്ള മുറി കണ്ടതും നിനക്കെന്തേലും ചോദിക്കാനുണ്ടോ ഭാവി അമ്മായിയോട്‌ എന്ന് കേട്ടപ്പോള്‍ ചാടിക്കേറി ഇതൊക്കെ അമ്മായി ഉണ്ടാക്കിയതാണോ എന്ന് ചോദിച്ചതും, ഏയ്‌ അതൊക്കെ കാശുകൊടുത്ത്‌ വാങ്ങീതാ എന്ന് പറഞ്ഞ്‌ അമ്മായി എന്നെ ക്ലീന്‍ ബൗള്‍ഡാക്കീതും പിന്നെ ഒന്നും ചോദിക്കാനില്ലാതെ ഉത്തരം മുട്ടി നിന്നതും ഓര്‍മ്മയില്‍ മിന്നിമറഞ്ഞു.

ദാ വരുന്നു ചായട്രേയുമായി വളയിട്ട രണ്ട്‌ കൈകള്‍, പക്ഷേ എന്തോ ഒരു കുഴപ്പം, ങേ ഇത്‌ നേരത്തേ കണ്ട കൈകള്‍ തന്നെയാണല്ലോ പെണ്ണെവിടെ!!!

അവളൊരുങ്ങുകയാ ഇപ്പോള്‍ വരും നിങ്ങള്‍ ചായ കുടിക്കൂ.

അഞ്ചാറുവട്ടം റിഹേഴ്സലെടുത്ത മാന്യമായ സ്റ്റൈലില്‍ ചായഗ്ലാസ്‌ ചുണ്ടോടടുപ്പിച്ചു. ഒരിറക്ക്‌ കുടിച്ചു. ദൈവമേ പണ്ട്‌ ബയോളജി ടെക്സ്റ്റില്‍ പടത്തില്‍ കണ്ട അന്നനാളം എന്ന് പറയുന്ന സാധനം എനിക്കും ഉണ്ട്‌. നാവ്‌ ഞാനിത്തിരി കഴിഞ്ഞ്‌ വരാം എന്നും പറഞ്ഞ്‌ പാട്ടും പാടി ഒരു വഴിക്ക്‌ പോയി. ഒടുക്കത്തെ ചൂട്‌. മാനേഴ്സൊക്കെ കാറ്റില്‍ പറത്തി നല്ലവണ്ണം ഊതി ഒരു കവിള്‍ കൂടി കുടിച്ച്‌ ബാക്കി ഫാനിന്റെ കാറ്റില്‍ ഉണക്കാനിട്ടു.

പഴയ അബദ്ധം ആവര്‍ത്തിക്കേണ്ടാന്നു കരുതി ഇതൊക്കെ ആരുണ്ടാക്കിയതാണെന്ന ഭാവത്തില്‍ ചുറ്റുമൊന്ന് നോക്കി. റിസല്‍ട്ടും കിട്ടി. ഇതൊക്കെ അവളു ചുമ്മാ ഇരിക്കുമ്പോള്‍ ഉണ്ടാക്കി വയ്ക്കുന്നതാ. പിന്നേയും കത്തി തുടര്‍ന്നതല്ലാതെ ആരും വരുന്ന ലക്ഷണമൊന്നും കാണുന്നില്ല. ഒന്ന് നിര്‍ത്തെടാ എന്ന ഭാവത്തില്‍ ഉണ്ണിക്കുട്ടന്‍ നോക്കിയും കൈകൊണ്ട്‌ തോണ്ടിയും ഒക്കെ സിഗ്നലോട്‌ സിഗ്നല്‍. എന്തായാലും ഭാവി അമ്മായിയമ്മയ്ക്ക്‌ ചെറുക്കനെ ഇഷ്ടപ്പെടാതെ വരില്ല. അമ്മാതിരി കത്തിയല്ലായിരുന്നോ നാട്ടിലെ അവരുടെ വീട്ടിന്റെ മുന്നിലിരിക്കുന്ന പൂച്ചെടിയിലെ പൂക്കളുടെ എണ്ണം ചാത്തനെയും പകരം പൊട്ടാസ്യം പെര്‍മാംഗനേറ്റും സോഡിയം ക്ലോറൈഡും മിക്സാക്കി വളമാക്കുന്ന ടെക്നിക്ക്‌ ചാത്തനവരെയും പഠിപ്പിച്ചു.

ഉണ്ണിക്കുട്ടന്റെ തോണ്ടല്‍ അസഹ്യമായപ്പോഴാണ്‌ തലതിരിച്ച്‌ നോക്കിയത്‌ പെണ്ണ്‌ വാതിലിന്റെ അടുത്ത്‌ വന്ന് നില്‍ക്കുന്നു. ഇത്തിരികൂടി വല്യ നെറ്റിയുള്ള ഒരു മിനി ഐശ്വര്യാ റായ്‌!!!. ടി ജി രവിയും ജോസ്പ്രകാശുമൊന്നും നായികമാരെ നോക്കുന്ന തരത്തില്‍ നോക്കി ഇമ്പ്രഷന്‍ കളയരുതെന്ന് ഉണ്ണിക്കുട്ടന്റെ കര്‍ശന നിര്‍ദ്ദേശമുള്ളതിനാല്‍ പെട്ടന്ന് മുഖം തിരിച്ച്‌ അമ്മയെ നോക്കി.

നിങ്ങള്‍ക്ക്‌ വല്ലോം സംസാരിക്കാനുണ്ടാവില്ലേ എന്ന് അമ്മ പറഞ്ഞപ്പോള്‍ എണീച്ച്‌ പോടാ എന്ന് പറയാന്‍ തിരിയുന്നതിനു മുന്‍പ്‌ തന്നെ ഉണ്ണിക്കുട്ടന്‍ വാതില്‍ക്കലെത്തിയിരുന്നു. പക്ഷേ ഭാവി അമ്മായിയമ്മ പിന്നേം ഞെട്ടിച്ചു അല്ലാ താനെവിടെ പോകുന്നു ഇവിടെ തന്നെ ഇരുന്നോ. പുറത്ത്‌ നല്ല വെയിലാ..

അങ്ങനെ ക്രിക്കറ്റ്‌ നിര്‍ത്തി ടെന്നീസ്‌ കളി തുടങ്ങി. അമ്മയും മകളും ഒരു ടീമില്‍ ഞങ്ങളു മറ്റേ ടീമിലും.ഞങ്ങള്‍ എറിയുന്ന പന്തുകള്‍ മിക്കവാറും ലക്ഷ്യത്തില്‍ എത്തിയില്ല നേരെ പോയതൊക്കെ തിരിച്ചു വന്നപ്പോള്‍ പന്ത്‌ പെറുക്കാന്‍ പോലും കളത്തിലാളില്ലാത്ത അവസ്ഥയും. ഉണ്ണിക്കുട്ടന്‍ പത്തിരുപത്‌ പെണ്ണ്‌ കാണലിനു പോയിട്ടിങ്ങനെയാണോ ! ചാത്തന്‍ തന്നെ കളം നിറഞ്ഞ്‌ കളിക്കേണ്ട അവസ്ഥ.

ഇത്‌ തന്റെ ആദ്യ പെണ്ണ്‌ കാണലാണെന്ന് മുന്‍കൂര്‍ ജാമ്യം എടുത്തിട്ടാ തുടങ്ങിയതെങ്കിലും പെണ്‍കുട്ടി നിഷ്കരുണം ചാത്തനെറിഞ്ഞ പന്തുകള്‍ കോര്‍ട്ടിനു വെളിയിലെത്തിച്ചു കളഞ്ഞു, പോരാഞ്ഞ്‌ അമ്മയുടെ സഹായവും. ഇനീപ്പോ സാംപിള്‍ വേണമെന്നുള്ളവര്‍ക്ക്‌.

ഈ കാണുന്നതൊക്കെ സ്വന്തമായി ഉണ്ടാക്കിയതാണോ നന്നായിട്ടുണ്ട്‌.

ഓ അതൊക്കെ എല്ലാരും ചെയ്യുന്നതല്ലെ അത്ര വല്യ കാര്യമൊന്നുമല്ല. നെക്സ്റ്റ്‌ ക്വസ്റ്റ്യന്‍ പ്ലീസ്‌...

ആകെ സ്കോര്‍ ചെയ്യാന്‍ അവസരം കിട്ടിയത്‌ പാട്ട്‌ പാടാന്‍ അറിയുമോ എന്ന് ചോദിച്ചപ്പോള്‍ അല്‍പസ്വല്‍പം എന്ന മറുപടിയും കഴിഞ്ഞ്‌ പെണ്ണിന്റെ അമ്മ ആ റാലി നെറ്റില്‍ വീഴ്തിയപ്പോഴാണ്‌. എന്നാ നീ ഒരു പാട്ട്‌ പാടിക്കൊടുക്കു മോളേ ന്ന്. അത്രേം സമയം ഫോമില്‍ കളിച്ചുകൊണ്ടിരുന്ന താരം വഴുതിവീണു. പഴയ 'ശിഷ്യനും മകനും' പദ്യത്തിലെ കാണാതെ പഠിച്ച വരികള്‍ ഈ സന്ദര്‍ഭത്തില്‍ അല്‍പം എഡിറ്റിങ്ങോടെ എടുത്ത്‌ പ്രയോഗിക്കാവുന്നതാണ്‌

"ഉടന്‍ മഹാദേവിയിടത്തുകയ്യാലഴിഞ്ഞ കാര്‍കൂന്തലൊന്നൊതുക്കി ജ്വലിച്ച കണ്‍കൊണ്ടൊരു നോക്ക്‌ നോക്കി പാര്‍ശ്വസ്ഥയാകും മാതാവിനോടൊന്നുരച്ചു"

ശ്ശൊ ഈ അമ്മ...

ഏയ്‌ അതൊന്നും വേണ്ട. എന്ന് പറഞ്ഞ്‌ ചാത്തന്‍ രക്ഷകനായി അവതരിച്ചു.

മുന്‍പ്‌ "ശ്ശൊ ഈ അമ്മ" എന്ന് പതുക്കെ പറഞ്ഞ്‌ അമ്മയെ തോണ്ടിയത്‌ ചാത്തന്‍ കണ്ടു എന്നും മനസ്സിലാക്കിയതിനാല്‍ പിന്നീടങ്ങോട്ട്‌ മഹാദേവി ലജ്ജാമുഖിയായി. അതോടെ സൈക്കിള്‍ ടയറു പൊട്ടിയപ്പോള്‍ സ്ഥലം വിട്ട പ്രാവുകളെപ്പോലെ ചാത്തന്റെ മനസ്സില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടപ്പോള്‍ ഒളിച്ചോടിയ ചോദ്യശരങ്ങള്‍ ഓരോന്നായി തിരിച്ചു വന്നു.

ഇതിനിടെ സൈഡ്‌ ബെഞ്ചില്‍ കയറി ഇരിപ്പുണ്ടായ ഉണ്ണിക്കുട്ടന്‍ അക്ഷമനായി. പെണ്‍കുട്ടിയോടുള്ള കത്തി അരമണിക്കൂറില്‍ മീതെ ആയപ്പോള്‍ ഉണ്ണിക്കുട്ടന്റെ വക എങ്ങിനെയെങ്കിലും നിര്‍ത്തെടാ പോകാം എന്ന് തോണ്ടല്‍ മാന്തല്‍ പിച്ചല്‍ മുഖേന ലെവല്‍ കൂട്ടി തന്നു കൊണ്ടിരുന്നു. അവസാനം ഹൈറ്റ്‌ മാച്ച്‌ ചെയ്യുമോ എന്നറിയാനായി ഹൈറ്റ്‌ എത്ര സെന്റിമീറ്ററാണെന്നു കൂടി ചാത്തന്‍ ചോദിച്ചു കളഞ്ഞു. അതൂടെ കേട്ട ഉണ്ണിക്കുട്ടന്‍ ഗ്ലാസില്‍ ബാക്കി വന്ന ചായപ്പൊടിക്കൂടി ഒറ്റ വലിയ്ക്ക്‌ കുടിച്ച്‌ ചാടിയെഴുന്നേറ്റു.

ബാക്കി വിവരങ്ങള്‍ പിന്നെ അറിയിക്കാം എന്നും പറഞ്ഞ്‌ പുറത്തേക്ക്‌ കടന്ന ഉടനേ ഉണ്ണിക്കുട്ടന്‍ ബൈക്കിനടുത്തേക്ക്‌ കുതിക്കുകയായിരുന്നു.

ഒന്നും മിണ്ടാതെ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്ത്‌ ഒരല്‍പം അകലെ എത്തിയപ്പോള്‍ ചാത്തന്‍ ഉണ്ണിക്കുട്ടന്റെ അഭിപ്രായമാരാഞ്ഞു. എങ്ങനുണ്ട്‌ പെണ്‍കുട്ടി കൊള്ളാമോ? എനിക്ക്‌ ചേരുമോ? നെറ്റിയ്ക്ക്‌ ഒരല്‍പം വീതി കൂടുതലല്ലേ? ഇതു വേണോ അതോ ഒരു മൂന്നാലെണ്ണവും കൂടി കണ്ടിട്ട്‌ തീരുമാനിച്ചാല്‍ മതിയോ?

അധികം ട്രാഫിക്കില്ലാത്ത ഒരിടത്ത്‌ വണ്ടി സൈഡാക്കി ഉണ്ണിക്കുട്ടന്‍ ഹെല്‍മെറ്റൂരി. നിന്നോടൊന്നും വണ്ടിയോടിച്ചോണ്ട്‌ സംസാരിച്ചൂടാ ചുമ്മാ വല്ല കരിമ്പൂച്ചേം വന്ന് വട്ടം ചാടും. ഞാന്‍ വിചാരിച്ചു ആ ഹൈറ്റ്‌ ചോദ്യത്തിനു ശേഷം അടുത്തടുത്ത്‌ നിന്ന് ഹൈറ്റ്‌ മാച്ചാവുന്നുണ്ടോ എന്ന് നോക്കിയശേഷമേ നീ ഇറങ്ങി വരൂ എന്ന്.

ഛേയ്‌ അതൊക്കെ മോശമല്ലേ.

അപ്പോള്‍ നിനക്ക്‌ ബോധം മൊത്തമായി പോയിട്ടില്ല അല്ലേ. എടാ ഞാന്‍ 20 പെണ്ണ്‌ കാണാന്‍ എടുത്ത സമയം മൊത്തം നീ ഇന്ന് ഒരു പെണ്ണ്‌ കാണാന്‍ എടുത്തു അതറിയാമോ? ആ പെണ്ണിന്റച്ഛന്‍ അവിടെ ഇല്ലാത്തത്‌ ഭാഗ്യം അല്ലേല്‍ കോളറ്‌ പിടിച്ച്‌ വെളിയിലാക്കിയേനെ.

അത്‌ ഞാനവരോട്‌ പറഞ്ഞില്ലേ ഇതാദ്യത്തേതാണ്‌ പരിചയക്കുറവുണ്ടാകും എന്ന്.

പോടാ എന്ന് വച്ച്‌ ഒരു 5- 10 മിനിറ്റ്‌ സംസാരിക്കുക എന്നല്ലാതെ അരമണിക്കൂറിനു മോളിലാണോ കത്തി വയ്ക്കല്‍!!!
പിന്നെ പെണ്ണ്‌ എങ്ങനെ കൊള്ളാവോ എന്ന് ചോദിച്ചില്ലെ. അതിന്‌. ആ പെണ്ണിനു തലേല്‍ ഇത്തിരിയെങ്കിലും ആള്‍ താമസമുണ്ടേല്‍ നിന്നെപ്പോലൊരു ഭൂലോക കത്തിയെ വേണ്ടാന്ന് പറയും.അഥവാ സമ്മതിച്ചാല്‍ പിന്നെ ഒന്നും നോക്കെണ്ട കെട്ടിക്കോ പെണ്‍പിള്ളാര്‍ക്കു ഇത്തിരി ബുദ്ധി കൂടുതലാണെല്‍ നമ്മള്‍ക്കു പ്രശ്നമാവും. അപ്പോള്‍ ഇതാ നല്ലത്‌.

ഒന്നൂടെ മേലാല്‍ നിന്റൂടെ പെണ്ണ്‌ കാണാന്‍ എന്റെ ശത്രുക്കളെ വല്ലതും ഞാന്‍ ഏര്‍പ്പാടാക്കിത്തരാം.

വാല്‍ക്കഷ്ണം: ജാതകപ്പൊരുത്തത്തിന്റെ പേരില്‍ അത്‌ കലങ്ങിയെങ്കിലും .... ഹെന്ത്‌ വിശ്വാസമില്ലേ!!! ആ പോട്ട്‌ വിശ്വസിക്കേണ്ട. ഈ സീരീസിലെ ബാക്കി 29 എണ്ണവും ഒരു കഥയ്ക്കുള്ള വക തരുമോ എന്നറിയില്ല എന്നാലും ചിലതൊക്കെ രസകരമായിരുന്നു. ഒടുക്കത്തെ ക്ലൈമാക്സില്‍ എന്നെ ഇഷ്ടപ്പെട്ട വാമഭാഗം എന്തുകൊണ്ട്‌ എന്ന് വെളിപ്പെടുത്താത്തിടത്തോളം കാലം പ്രപഞ്ചരഹസ്യങ്ങളില്‍ ഒന്നും കൂടെ ഉണ്ടാവും...

Thursday, December 11, 2008

മറ്റൊരു ഓപ്പറേഷന്‍ വിജയ്‌

എഞ്ചിനീയറിംഗ്‌ ആദ്യ വര്‍ഷം കഴിയാന്‍ പോകുന്നു. റാഗിങ്ങിന്റെ കോലാഹലങ്ങളെല്ലാം അവസാനിച്ചു എഞ്ചിനീയറിംഗ്‌ ജീവിതം ആസ്വദിച്ചു തുടങ്ങിയ ചാത്തനും കൂട്ടുകാര്‍ക്കുമിടയില്‍ ഒരു പ്രശ്നം ഉടലെടുത്തു. പന്ത്രണ്ടാം ക്ലാസ്‌ വരെ *അസൈന്‍മെന്റ്‌ എന്ന സാധനത്തെപ്പറ്റി കേട്ട്‌ കേള്‍വി പോലുമില്ലായിരുന്നു. റാഗിംഗ്‌ സമയത്ത്‌ സീനിയേര്‍സ്‌ കൊണ്ടു തരുന്ന പേപ്പറുകള്‍ അവര്‍ കാണിക്കുന്ന കയ്യക്ഷരത്തിനു സാദൃശ്യം തോന്നുന്ന തരത്തില്‍ എഴുതിക്കൊടുത്ത പരിചയം മാത്രം. ആദ്യ വര്‍ഷം എല്ലാ ബ്രാഞ്ച്‌കാര്‍ക്കും ഒരേ വിഷയങ്ങള്‍ ആയതോണ്ട്‌ ഇലക്ട്രോണിക്സിലെ ബുജിയും ഞങ്ങളുടെ അയല്‍വാസിയുമായ ജോയ്‌ കാലേക്കൂട്ടി എഴുതിവയ്ക്കുന്ന അസൈന്‍മെന്റുകള്‍ കോപ്പിയടിച്ചാണ്‌ കഴിഞ്ഞ്‌ പോന്നിരുന്നത്‌.

മൂന്ന് കമ്പ്യൂട്ടര്‍ വാനരന്മാരും കൂട്ടം കൂടി കൂലങ്കഷമായി ചിന്തിച്ചു തുടങ്ങി. മൂന്ന്പേര്‍ക്ക്‌ ഞങ്ങള്‍ ഇപ്പോള്‍ അനുഭവിച്ച്‌ പോന്നുകൊണ്ടിരിക്കുന്ന സൗകര്യങ്ങളില്‍ നാലാമതൊരു വാനരനെ ചേര്‍ക്കുന്നതില്‍ കുഴപ്പമില്ല. സാമാന്യം ബുജിയും അസൈന്‍മെന്റുകള്‍ നേരത്തും കാലത്തും എഴുതി വയ്ക്കാറുള്ളതും എന്നാല്‍ സഹവാനരന്മാരുടെ സ്വൈര്യജീവിതത്തെ ബാധിക്കാനിടയില്ലാത്തതുമായ ക്ലാസിലെ ബുജികളുടെ കണക്കെടുപ്പ്‌ തുടങ്ങി.

ബാക്കിയുള്ളവരെപ്പറ്റി ഞങ്ങള്‍ വിലയിരുത്തിയത്‌ ഇവിടെ എഴുതുന്നില്ല, എങ്ങാനും അവന്മാരെങ്ങാന്‍ വായിച്ചാലോ. വിജയ്‌ ആയാലോ, ക്ലാസിലിരുന്ന് ഉറങ്ങുമെങ്കിലും ടീച്ചര്‍മാരെ മണ്ടന്‍ ചോദ്യങ്ങള്‍ ചോദിച്ച്‌ ബുദ്ധിമുട്ടിക്കുക, ബാക്കിയുള്ളവരുടെ സംശയം തീര്‍ക്കാന്‍ അവരെക്കാള്‍ കൂടുതല്‍ അധ്വാനിക്കുക, അസൈന്‍മെന്റൊക്കെ ഏറ്റവും ആദ്യം കാഴ്ച വയ്ക്കുക, മണിയടിച്ചാണേലും സെഷണല്‍ മാര്‍ക്കുകള്‍ ഒപ്പിച്ചെടുക്കുക എന്നീ പല ഗുണഗണങ്ങള്‍ നിറഞ്ഞ്‌ കവിഞ്ഞ്‌ ഇരിക്കുന്നവനാണ്‌. വിജയ്‌ മതി. പോരാഞ്ഞ്‌ കോളേജിനു കുറേ ദൂരെ ആണ്‌ ഇപ്പോഴത്തെ താമസം എന്ന് അവന്‍ എപ്പോഴും പരാതി പറയുകയും ചെയ്യാറുണ്ട്‌.

പക്ഷേ അവനാളൊരു കൊച്ചു ശ്രീകൃഷ്ണനാണ്‌. മറ്റെല്ലാവരും ആദ്യവര്‍ഷം റാഗിംഗ്‌, വീട്ടില്‍ നിന്ന് ആദ്യമായി വിട്ട്‌ നില്‍ക്കല്‍, പുതിയ അന്തരീക്ഷം ഇവയൊക്കെ കാരണം ഒതുങ്ങിക്കഴിയുമ്പോള്‍ വന്ന് ചേര്‍ന്ന് ഒരു മാസത്തിനുള്ളില്‍ മറ്റൊരു ദുര്‍ബലയ്ക്ക്‌ തന്റെ ദുര്‍ബലഹൃദയം തുറന്ന് കാണിച്ച്‌ കത്തെഴുതി താരമായതാണ്‌ വിജയ്‌. എപ്പോഴും പെണ്‍പിള്ളാരുടെ ഇടയില്‍ കറങ്ങിനടക്കുന്ന ആ ജൂനിയര്‍ ശ്രീകൃഷ്ണനെ തന്നെ വേണോ എന്ന ചാത്തന്റെ പോള്‍ ഒന്നിനെതിരെ രണ്ട്‌ വോട്ടിനു തള്ളിപ്പോയി.

കോളേജിനടുത്ത്‌ താമസിക്കുന്ന ഒരുപാട്‌ ഗ്രൂപ്പുകളുണ്ട്‌, ഞങ്ങളുടേത്‌ മൂന്ന് മുറികള്‍ ഒരു വീടിന്‌ എന്ന കണക്കില്‍ വച്ചു പണിത പത്ത്‌ ലൈന്‍ വീടുകളില്‍ ആദ്യത്തേതാണ്‌. ബാക്കി വീടുകളില്‍ കുറച്ച്‌ മറ്റ്‌ ബ്രാഞ്ച്‌കാരും സീനിയേഴ്സും ലാബിലെയും ഓഫീസിലെയും ജീവനക്കാരും ഒക്കെയാണ്‌ താമസം. സീനിയേഴ്സും ഞങ്ങളും ചേര്‍ന്ന് മറ്റേ അറ്റത്തുള്ള മുറിയില്‍ ഒരു മെസ്സ്‌ നടത്തുന്നുണ്ട്‌. രാവിലെയും വൈകീട്ടും ഭക്ഷണം അവിടെ നിന്നായിരുന്നു. കീരികളും പാമ്പുകളും കൂടി വളര്‍ത്തുന്ന മുയല്‍കുഞ്ഞിന്റെ ആയുസ്സേ ആ മെസ്സിനു ഞങ്ങള്‍ കല്‍പിച്ചു കൊടുത്തിരുന്നുള്ളൂ എങ്കിലും ഈ കാലഘട്ടത്തില്‍ അതൊരുവിധം രമ്യതയില്‍ നടന്നോണ്ട്‌ പോവുകയായിരുന്നു.

വിജയ്‌യെ അങ്ങോട്ട്‌ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഒരു ദിവസം വീടു കാണിക്കാന്‍ വിളിച്ചോണ്ട്‌ വന്നു. ഭക്ഷണം, സ്ഥലം, സര്‍വോപരി ശരിക്കും മാന്യന്മാരായ മൂന്ന് കൂട്ടുകാര്‍; അവനെല്ലാം ഇഷ്ടപ്പെട്ടു.

ആ ദിവസങ്ങളില്‍ ബസ്‌ സമരം നടക്കുകയായിരുന്നതിനാല്‍ അവന്റെ പോക്കും വരവും ജീപ്പിനായിരുന്നു. അന്ന് വൈകുന്നേരം തന്നെ വീടുമാറിക്കളയാമെന്നായി അവന്റെ ചിന്ത. വെറുതേ ഇനിയും ജീപ്പിനു കാശ്‌ കളയണ്ടാലോ. നിങ്ങള്‍ മൂന്ന് പേരും ഇപ്പോള്‍ തന്നെ എന്റെ കൂടെവാ എല്ലാം പായ്ക്ക്‌ ചെയ്ത്‌ അങ്ങോട്ട്‌ പോകുന്ന ജീപ്പ്‌ തന്നെ തിരിച്ച്‌ പ്രൈവറ്റ്‌ ട്രിപ്പാക്കി മടങ്ങി വരാം.

ഒരു ബുജിയെ കൂടെ താമസിപ്പിക്കണം എന്ന് തീരുമാനമെടുത്തതല്ലാതെ അത്‌ ഇന്ന ആളെ വേണം എപ്പോള്‍ മുതല്‍ വേണം എന്ന് ഞങ്ങള്‍ തീരുമാനിച്ചിട്ടില്ലായിരുന്നു. ഒന്നൂല്ലേലും കിടക്ക വിരിക്കാനെങ്കിലും ഇത്തിരി സ്ഥലം പൊടിതട്ടിയെടുക്കണ്ടേ. ഇവനിങ്ങനെ ചാടിക്കേറി വന്നാലെങ്ങനാ?

ശരി, നിങ്ങള്‍ക്ക്‌ ഞാന്‍ സമയം തരാം, ഞാന്‍ ഇപ്പോള്‍ പോയി സാധനങ്ങളൊക്കെ പായ്ക്ക്‌ ചെയ്ത്‌ റെഡിയായിരിക്കാം നിങ്ങളു മൂന്ന്പേരും കൂടി ഇവിടൊക്കെ ശരിയാക്കി, ഒരു ജീപ്പില്‍ അങ്ങോട്ട്‌ വാ അതില്‍ തന്നെ തിരിച്ച്‌ വരാം. പിന്നേം ചങ്കരന്‍ തെങ്ങേലാണെങ്കിലും ഒന്ന് ശ്വാസം വിടാന്‍ സാവകാശം കിട്ടി. ജോബി കാണാതെ വേണം വരാന്‍ അവനെന്നെ താമസം മാറാന്‍ സമ്മതിക്കൂല, അവന്‌ ഞാനാ സംശയം ഒക്കെ പറഞ്ഞ്‌ കൊടുക്കുന്നത്‌. ഇത്രേം പറഞ്ഞ്‌ വിജയ്‌ പോയി. ജോബി ഞങ്ങളുടെ ക്ലാസില്‍ തന്നെയാ അവന്‍ വിജയിന്റെ വീടിന്റെ അടുത്തെങ്ങാനുമാണ്‌ താമസം അവനെ ഒളിച്ച്‌ വേണം ജീപ്പും കൊണ്ട്‌ അങ്ങെത്താന്‍ എന്നു സാരം.

വിജയ്‌ പോയപ്പോള്‍ മറ്റൊരു വീട്ടില്‍ താമസിക്കുന്ന രണ്ട്‌ സഹപാഠികള്‍ ഓടി വന്നു. നിങ്ങള്‍ വിജയ്‌യെ ഇങ്ങോട്ട്‌ കൊണ്ട്‌ വരാന്‍ പോകുവാണോ സീനിയേര്‍സിനോടൊന്നും ചോദിക്കാതെ? എന്നാല്‍ അവനെ ഞങ്ങളുടെ റൂമിലാക്കുമോ ഞങ്ങള്‍ രണ്ടാളല്ലേ ഉള്ളൂ വാടക ഷെയര്‍ ചെയ്യാന്‍ ഒരാളൂടെ ആയിരുന്നെങ്കില്‍.

വിജയ്‌യെ മറ്റൊരു ബ്രാഞ്ച്‌കാരുടെ കൂടെ ആക്കുന്നത്‌ ശരിയല്ല അതു കൊണ്ട്‌ സായ്‌(ഞങ്ങള്‍ മൂവരില്‍ ഒരാള്‍) അങ്ങോട്ട്‌ മാറി അനുപാതം ശരിയാക്കാന്‍ തീരുമാനിച്ചു. എന്നിട്ട്‌ ഞങ്ങള്‍ ജോബി കാണാതെ ഓപ്പറേഷന്‍ വിജയ്‌ നടപ്പാക്കാന്‍ കുതിച്ചു. ജോബിയുടെ വീടിനു മുന്നിലൂടെയാണ്‌ വിജയിന്റെ വീട്ടിലെത്തേണ്ടത്‌. അതിനു കുറച്ച്‌ മുന്‍പ്‌ ജീപ്പ്‌ നിര്‍ത്തി സായ്‌യെ അങ്ങോട്ടിറക്കി വിട്ടു. അവന്‍ ജോബിയെ വാചകമടിച്ച്‌ ഇരുത്തിക്കോളും. അങ്ങനെ ഞങ്ങള്‍ വിജയ്‌യെ മൊത്തം ചില്ലറയായി പായ്ക്ക്‌ ചെയ്ത്‌ പുറപ്പെട്ടു. വിജയ്‌യുടെ കൂടെ താമസിച്ചിരുന്നവന്മാര്‍ക്കൊക്കെ അവന്‍ സ്ഥലം വിട്ടുപോകുന്നതില്‍ യാതൊരു എതിര്‍പ്പുമില്ലാത്തത്‌ ഞങ്ങളെ അത്ഭുതപ്പെടുത്താതിരുന്നില്ല. ജോബിയുടെ വീടിനു അല്‍പം മുന്നോട്ട്‌ കടന്ന് നിന്ന് ഞങ്ങള്‍ ഹോണടിച്ചു.

സായ്‌യുടെ കൂടെ പുറത്തിറങ്ങി വന്ന ജോബിയ്ക്ക്‌ വിജയ്‌യേയും സാധനങ്ങളെയും കണ്ട്‌ ഞെട്ടാന്‍ സമയം നല്‍കാതെ ഞങ്ങള്‍ മുന്നോട്ട്‌ കുതിച്ചു. കുറച്ച്‌ സമയത്തേക്ക്‌ ജോബി പിന്നിലൂടെ ഓടി വരുന്നത്‌ കാണാമായിരുന്നു. പെട്ടന്ന് കാണാതായി. ഒരു വളവ്‌ കഴിഞ്ഞപ്പോള്‍ മോഹന്‍ലാലു വില്ലന്റെ ജീപ്പിനു കൈകാണിക്കുന്നതു പോലെ രണ്ട്‌ കൈയ്യും വീശി റോഡിനു നടുവില്‍ ജോബി.

നിങ്ങളിവനെ കൊണ്ടുപോവാണല്ലേ ശരി. വേണോ എന്ന് ഒന്നൂടെ ആലോചിച്ചോ. വിടെടാ എല്ലാം പായ്ക്ക്‌ ചെയ്ത്‌ ജീപ്പ്‌ വരെ സ്പെഷല്‍ പിടിച്ചതാ ഇനി വേണ്ടാന്ന് വയ്ക്കാന്‍ പറ്റൂല. അങ്ങനെ അവസാനം ജോബി ഞങ്ങള്‍ക്ക്‌ വഴിമാറി. എന്നാല്‍ ശരിക്കുമുള്ള പ്രശ്നങ്ങള്‍ അതിനുശേഷമാണ്‌ തുടങ്ങിയത്‌.

തങ്ങളോട്‌ ചോദിക്കാതെ ഒരുത്തനെ കൊണ്ടുവന്നതുകൊണ്ട്‌ വിജയ്‌യെ മെസ്സില്‍ ചേര്‍ക്കാന്‍ പറ്റൂല എന്ന് സീനിയേര്‍സ്‌. ഒന്നുകില്‍ അവന്‌ അല്ലെങ്കില്‍ ഞങ്ങള്‍ക്ക്‌ മെസ്സില്‍ നിന്നും കഴിക്കാമെന്ന്. വിജയ്‌ അതൊന്നും പ്രശ്നമല്ല അവന്‍ പുറത്ത്‌ നിന്നും കഴിച്ചോളാമെന്ന് സമ്മതിച്ചു.

ഒന്ന് രണ്ട്‌ ദിവസം അങ്ങനെ പോയി, പിന്നെ ഞങ്ങള്‍ക്കു വിഷമമായി. ഞങ്ങളായിട്ടു വിളിച്ചുകൊണ്ടു വന്നവന്‍ പുറത്തൂന്നും ഞങ്ങള്‍ മെസ്സില്‍ നിന്നും കഴിക്കുക, ഞങ്ങള്‍ രണ്ടാമത്തെ ഓപ്ഷനിലേക്ക്‌ മാറി. അങ്ങനെ അവന്‍ അകത്തും ഞങ്ങള്‍ മൂവരും പുറത്തും ആയി. കുറച്ചു ദിവസത്തിനിടെ വിജയ്‌ സീനിയേര്‍സിനെ മുഴുവന്‍ കയ്യിലെടുത്തു. ഞങ്ങളുടെ ക്ലാസിലെ ശ്രീകൃഷ്ണനെക്കൊണ്ട്‌ സീനിയേര്‍സിനു നല്ല ഉപകാരമല്ലേ.

ഇനി ഞാന്‍ പറഞ്ഞു ശരിയാക്കിത്തരാം നിങ്ങളെ തിരിച്ചു മെസ്സിലെടുക്കുന്ന കാര്യം എന്ന് അവന്‍ പറയുന്നതുവരെയെത്തി സ്ഥിതിഗതികള്‍. വെളുക്കാന്‍ തേച്ചത്‌ മൊത്തം വൈറ്റ്‌വാഷ്‌ ചെയ്തതുപോലെയായല്ലോ പടച്ചോനെ എന്നായി ഞങ്ങളുടെ ചിന്ത.

അങ്ങനെയിരിക്കെ അടുത്തൊരു ദിവസം വിജയ്‌യുടെ അവതാരോദ്ദേശം വന്ന് ചേര്‍ന്നു. ഒരു അസൈന്‍മെന്റ്‌. പേപ്പറുകള്‍ എടുത്ത്‌ ഭംഗിയായി മാര്‍ജിനുകളും തലേക്കെട്ടും എല്ലാം വരച്ച്‌ ഞങ്ങള്‍ റെഡിയാക്കി. ഭക്ഷണം കഴിച്ച്‌ വരുമ്പോഴേയ്ക്ക്‌ ഒന്ന് രണ്ട്‌ പേജെങ്കിലും എഴുതിത്തീര്‍ക്കാന്‍ വിജയിന്‌ സമയവും കൊടുത്ത്‌ ഞങ്ങള്‍ യാത്രയായി.

തിരിച്ച്‌ വരുമ്പോള്‍ വിജയ്‌ ആകെ ചൂടിലാണ്‌. നിങ്ങളെന്ത്‌ പണിയാ കാണിച്ചത്‌ ഈ മാര്‍ജിനും തലേക്കെട്ടും വരച്ച്‌ വയ്ക്കാനാണോ നേരത്തെ മൂന്നും കൂടി തിരക്കിട്ട്‌ പണിഞ്ഞോണ്ടിരുന്നത്‌, ഞാന്‍ വിചാരിച്ചു പകുതിയെങ്കിലും അസൈന്‍മന്റ്‌ എഴുതിത്തീര്‍ത്തിട്ടുണ്ടാവുമെന്ന്. പെട്ടന്നൊരു പേജെങ്കിലും മുഴുവനാക്കി താ. എനിക്കെഴുതണ്ടേ !.

ഞങ്ങള്‍ മൂന്നു വാനരന്മാരും മുഖത്തോടുമുഖം നോക്കി. അപ്പോള്‍ നിന്റെ അസൈന്‍മെന്റൊന്നും നീ സ്വന്തമായി എഴുതുന്നതല്ലേ???

ഏയ്‌ അതൊക്കെ ജോബിയാ എഴുതുന്നത്‌ ഞാനവനു സംശയം തീര്‍ത്തുകൊടുക്കുന്നതിനു പകരമായിട്ട്‌.

ഭാ... ഫുല്ലേ.....ഞങ്ങള്‍ മൂവരും സുരേഷ് ഗോപീടെ ഫേമസ്‌ ഡയലോഗ്‌ അന്യോന്യം മനസ്സില്‍ പറഞ്ഞു. ഒരുമിച്ചെടുത്ത തീരുമാനത്തിന്‌ ഒരാളെ മാത്രമായി പഴിക്കാന്‍ പറ്റൂലല്ലോ.

വരച്ചു വെച്ച പേപ്പര്‍ കെട്ടുകളുമായി മറ്റേതെങ്കിലും ബുജിമട ലക്ഷ്യമാക്കി ആ ഇരുട്ടില്‍ ഞങ്ങള്‍ പുറപ്പെട്ടു.

വാല്‍ക്കഷ്ണം: അതിനുശേഷം അസൈന്‍മെന്റ്‌ എഴുതാന്‍ ഞങ്ങള്‍ സ്വയം പര്യാപ്തരായി.

*അസൈന്‍മെന്റ്‌ : സാറന്മാര്‍ തരുന്ന ചോദ്യങ്ങള്‍ക്ക്‌ ഏതെങ്കിലും ടെക്സ്റ്റ്‌ പുസ്തകം റെഫര്‍ചെയ്ത്‌ ഉത്തരം അട്ടിഅട്ടിയായി പേപ്പറുകള്‍ നിറച്ച്‌ എഴുതിക്കൊണ്ട്‌ കൊടുക്കുക. സാധാരണ ഇത്‌ ആരേലും ഒന്നോ രണ്ടോ ബുജികള്‍ ചെയ്യും ബാക്കിയുള്ളവര്‍ മനോഹരമായ തലേക്കെട്ട്‌ സ്വന്തമായി വ‍രച്ച്‌ ചേര്‍ത്ത്‌ അതു മുഴുവന്‍ പകര്‍ത്തി എഴുതി കൊണ്ട്‌ കൊടുക്കും.

Sunday, November 02, 2008

ഹോട്ടല്‍ വല്യമ്മ ഇന്റര്‍ നാഷണല്‍

സെക്രട്ടേറിയറ്റിന്റെ മുന്‍വശത്ത്‌ സമരപ്പന്തലുകള്‍ ഒരു സ്ഥിരം കാഴ്ചയാണ്‌. സാധാരണ ബസ്സിലായിരിക്കുമ്പോള്‍ അതങ്ങനെ ശ്രദ്ധിക്കുക പതിവില്ല. എന്നാല്‍ അന്നൊരു ദിവസം വൈകീട്ട്‌ സമരപ്പന്തലില്‍ എങ്ങോ കണ്ട്‌ മറന്ന ഒരു മുഖം മിന്നി മറഞ്ഞപോലെ.

താമസസ്ഥലത്തെത്തി, കണ്ടുമറന്ന മുഖങ്ങള്‍ മനസ്സിലേക്ക്‌ വീണ്ടും വീണ്ടും കയറ്റിയിറക്കി. അതേ അതവര്‍ തന്നെ സഹമുറിയന്‍ സഹപാഠിയും കൂടെയായതോണ്ട്‌ അവനോട്‌ ചോദിച്ച്‌ ഉറപ്പ്‌ വരുത്തിയേക്കാം.

എടാ നമ്മളുടെ കോളേജിനടുത്ത്‌ കുറച്ച്‌ കാലം ഒരു വല്യമ്മ ഹോട്ടല്‍ നടത്തിയിരുന്നില്ലേ നിനക്കാ ഹോട്ടലിന്റെ പേര്‌ ഓര്‍മ്മയുണ്ടോ? ആ വല്യമ്മയെ ഇന്നു ഞാന്‍ സെക്രട്ടേറിയേറ്റിന്റെ മുന്നിലെ ഏതോ സമരപ്പന്തലില്‍ കണ്ടു.

ഒന്നു പോടാ അവരങ്ങ്‌ കേരളത്തിന്റെ മറ്റേ അറ്റത്ത്‌ അവരെപ്പോലെ വേറെ വല്ലോരും ആയിരിക്കും. വല്യമ്മയുടെയും വല്യമ്മയുടെ പകുതി സന്യാസിയെപ്പോലിരിക്കുന്ന താടിക്കാരന്‍ ഭര്‍ത്താവിന്റെ പേര്‌ അന്ന് രാത്രി ചുമ്മാ ഓര്‍ത്തെടുത്തു.

രണ്ട്‌ ദിവസം കഴിഞ്ഞ്‌ ഒരു രാവിലെ പത്രവുമെടുത്ത്‌ സഹമുറിയന്‍ ഓടിവന്നപ്പോള്‍ ഞങ്ങള്‍ രണ്ട്‌ പേരും ശരിക്കും ഞെട്ടി, വല്യമ്മയുടെയും ഭര്‍ത്താവിന്റെയും പേരും വാര്‍ത്തയും!. അവരു കാസര്‍ഗോഡ്‌ നിന്നാണെന്നും ഭര്‍ത്താവിന്റെ എന്തോ പെന്‍ഷന്‍ ശരിയാക്കാന്‍ വേണ്ടി കുടുംബം മൊത്തം സെക്രട്ടേറിയേറ്റിന്റെ പടിക്കല്‍ കുറച്ച്‌ ദിവസമായി സമരത്തിലായിരുന്നെന്നും കഴിഞ്ഞ ദിവസം രോഗം ബാധിച്ച്‌ അവരുടെ ഭര്‍ത്താവ്‌ മെഡിക്കല്‍ കോളേജില്‍ വച്ച്‌ മരിച്ചെന്നും ഒക്കെയായിരുന്നു വാര്‍ത്ത.

ഞങ്ങള്‍ അന്വേഷിച്ച്‌ ചെന്നപ്പോഴേക്ക്‌ അവരൊക്കെ തിരിച്ച്‌ നാട്ടിലേക്ക്‌ പോയിരുന്നു. തിരിച്ചു വരും വഴി വീണ്ടും ആ വാല്‍സല്യം നിറഞ്ഞ ചിരി മനസ്സില്‍ മിന്നിമറഞ്ഞു, ഒരു നിസ്സഹായത മനസ്സില്‍ തളം കെട്ടി നിന്നു.

സിനിമയിലെ ഫ്ലാഷ്‌ ബാക്ക്‌ പോലെ കോളേജുകാലം വീണ്ടും മനസ്സില്‍ തെളിഞ്ഞു. കോളേജ്‌ ക്യാന്റീനു പിന്നിലായി അല്‍പം മാറിയായിരുന്നു വല്യമ്മയുടെ ഹോട്ടല്‍. ഒരു വര്‍ഷമേ അവര്‍ അവിടെ ഉണ്ടായിരുന്നുള്ളൂ. രാവിലെ അവിടെ ആകെ പുട്ടും കടലയും മാത്രമേ കാണൂ. ഉച്ചയ്ക്ക്‌ ഊണും. നല്ല രുചിയായിരുന്നെങ്കിലും രാവിലെ എല്ലാവരും താമസസ്ഥലത്തിനടുത്ത്‌ നിന്ന് കഴിച്ചിട്ട്‌ വരുന്നതു കൊണ്ട്‌ തിരക്ക്‌ തുലോം കുറവായിരുന്നു. വല്യപ്പന്‍ അന്നേ ഒരു സന്യാസി മാതിരി താടിയൊക്കെ നീട്ടി പുറത്ത്‌ കാഷ്‌ കൗണ്ടറില്‍ ഇരിപ്പ്‌ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാചകവും വിളമ്പലും ഒക്കെ വല്യമ്മ തനിച്ചും.

ചാത്തനും കൂട്ടരും കോളേജില്‍ നിന്ന് നടക്കാവുന്ന ദൂരത്ത്‌ താമസിച്ചിരുന്നതിനാല്‍ രാവിലെ ഞങ്ങള്‍ വല്യമ്മയുടെ ഹോട്ടലില്‍ പതിവുകാരായിരുന്നു. അവിടെ നിന്നാണ്‌ ചാത്തന്‍ വെള്ളക്കടല കൊണ്ട്‌ കടലക്കറിയുണ്ടാവും എന്ന് പഠിക്കുന്നത്‌, കറിക്കൊപ്പം പഞ്ചസാര കൂട്ടാന്‍ തന്നതും അവിടെ നിന്ന് തന്നെ!!!.

അപ്പോള്‍ പറഞ്ഞ്‌ വന്നത്‌ പുട്ടിന്റെ കാര്യം, ഒരു കുറ്റിയില്‍ മൂന്ന് പുട്ടുണ്ടാവും രണ്ടെണ്ണം വലുതും ഒരേ അളവിലുള്ളതും ഒരെണ്ണം ഇത്തിരി ചെറുതും. ഒരു പ്ലേറ്റ്‌ പുട്ടും കറിയും ചോദിച്ചാല്‍ ഒരു വല്യപുട്ടും ഒരു ചെറിയപുട്ടും കറിയുമോ രണ്ട്‌ വല്യപുട്ടും കറിയുമോ ആണ്‌ സാധാരണ കിട്ടുക. ഭക്ഷണത്തിന്റെ കാര്യത്തില്‍ തീരെ ആര്‍ത്തിയില്ലാത്തതു കൊണ്ടോ ആസ്വദിച്ച്‌ കഴിക്കണമെന്ന വാശിയുള്ളതു കൊണ്ടോ എന്താന്നറിയില്ല ഏറ്റവും ആദ്യം ചാത്തനു വിളമ്പിയാലും ഏറ്റവും അവസാനമേ ചാത്തന്‍ ഉണ്ടെണീക്കാറുള്ളൂ. അല്ലാതെ അവിടുള്ളതു മൊത്തം തിന്നു തീര്‍ത്തിട്ടേ എഴുന്നേല്‍ക്കൂ എന്ന് അര്‍ത്ഥമില്ലാ എന്ന് ഊന്നി ഊന്നി പറയുകയാണ്‌.

കുറച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ ചാത്തനൊരു കാര്യം കണ്ടുപിടിച്ചു കൂടെ കഴിക്കാനിരിക്കുന്നവര്‍ക്കെല്ലാം പുട്ടിന്റെ മേല്‍ പറഞ്ഞ അളവുകളിലാണ്‌ കിട്ടിക്കോണ്ടിരുന്നതെങ്കിലും ചാത്തനുമാത്രം രണ്ട്‌ കഷ്ണം പുട്ടും ചെറുത്‌ തന്നെയാണ്‌ കിട്ടുന്നത്‌.

ഒരു ദിവസം ക്ഷമിച്ചു, തിരക്കിനിടയില്‍ മാറിപ്പോയതാവാം.പിന്നേം രണ്ട്‌ മൂന്ന് ദിവസം കൂടി ക്ഷമിച്ചു, യാദൃശ്ചികമാവാം. പിന്നേം ആവര്‍ത്തിച്ചപ്പോള്‍ ചാത്തന്റെ ക്ഷമ നശിച്ചു. പൊട്ടിത്തെറിച്ചു.

ഇതെന്തു പരിപാടിയാ എനിക്കെപ്പോഴും പുട്ടിന്റെ ചെറിയ കഷ്ണങ്ങള്‍ മാത്രം. ഒന്നെങ്കിലും വലുതു തരണം.

പെട്ടന്നുണ്ടായ ഒരു ഞെട്ടലില്‍ നിന്നും മോചിതയായ വല്യമ്മ ഒരു ചിരിചിരിച്ചു, എന്നിട്ട്‌ പുറത്തുള്ള ഭര്‍ത്താവിനെ നീട്ടി വിളിച്ചു. ദേ ഈ കൊച്ചന്‍ പറയുന്നതു കേട്ടോ. ഞാന്‍ പറയാറില്ലേ ഇവന്‍ നമ്മുടെ അനിക്കുട്ടന്റെ പോലെയാ എന്ന്, ഇപ്പോള്‍ അവനെപ്പോലെ തന്നെ കണക്കുപറഞ്ഞതും കണ്ടോ....

വല്യപ്പനും അകത്തേക്കു വന്നു. നീ അവനു രണ്ട്‌ വല്യകഷ്ണം പുട്ട്‌ തന്നെ കൊടുക്കെടീ.

ചാത്തനാകെ ഐസായി, പിന്നെ വീണുകിടക്കുന്നിടത്തൂന്ന് കരകയറാനുള്ള ശ്രമമെന്ന നിലയില്‍ ചോദിച്ചു, ആരാ ഈ അനിക്കുട്ടന്‍.

അവന്‍ ഞങ്ങളുടെ രണ്ടാമത്തെ മകനാ, നിന്നെപ്പോലെ മെലിഞ്ഞുണങ്ങിയിരുന്നെങ്കിലും ഭക്ഷണക്കാര്യത്തില്‍ ഇതേപോലെ കണക്കുപറഞ്ഞിരുന്നു.

ഇപ്പോളെവിടാ?

ഇല്ല....വല്യപ്പന്‍ തിരിച്ച്‌ പുറത്തേക്ക്‌ പോയി.

പിന്നെ എല്ലാദിവസവും ചാത്തനവിടെ വിവിഐപി പരിഗണനയായിരുന്നു.

എടാ സ്റ്റോപ്പെത്തി ഇറങ്ങുന്നില്ലേ.

രണ്ടാമത്തെ മകനല്ലേ ഇല്ലാതിരുന്നുള്ളൂ അവരുടെ മറ്റു മക്കള്‍ കാണില്ലേ? അവരൊക്കെ ഉപേക്ഷിച്ചു പോയതോണ്ടാവുമോ വയസ്സുകാലത്ത്‌ ഉപവാസത്തിനു വരേണ്ടിവന്നത്‌? ഉത്തരമില്ലാത്ത ഒരു പിടി ചോദ്യങ്ങള്‍......

Sunday, August 10, 2008

അഞ്ചാം ക്ലാസും ഗുസ്തീം

"ഞാനിനി സ്കൂളീപ്പോവുന്നില്ലാ"

വൈകീട്ട്‌ വന്ന് പുസ്തകപ്പെട്ടി നിലത്തിട്ടോണ്ട്‌ ഒരഞ്ചാം ക്ലാസുകാരന്റെ വിലാപം.

എന്താടാ ഇന്നും അവന്‍ നിന്നെ തല്ലിയോ?

ഞാനിനി പോവുന്നില്ലാന്ന് പറഞ്ഞാല്‍ പോവുന്നില്ലാ.

ഈ ചെക്കന്റെ ഒരു കാര്യം നാണമില്ലേ വല്ലവന്റെം തല്ലും വാങ്ങി വന്ന് ചിണുങ്ങാന്‍.. ചേച്ചിമാരും അമ്മായിമാരും ഒക്കെ അമ്മേടെ ഭാഗം ചേര്‍ന്നു.

അമ്മ ടീച്ചറോട്‌ പറയുന്നുണ്ടോ ഇല്ലയോ?
-- കാര്യം നടക്കണേല്‍ ഇനിയിപ്പോള്‍ ഒറ്റക്കാലില്‍ നിന്നേ പറ്റൂ--

കാര്യം നിസാരം അഞ്ചാം ക്ലാസില്‍ ചാത്തന്‍ സ്കൂളു മാറി, പഴയ കൂട്ടുകാര്‍ കുറേപ്പേരൊക്കെ അതേ ഡിവിഷനില്‍ ഉണ്ടെങ്കിലും ഏറെപ്പേരും പുതുമുഖങ്ങള്‍. അതിലൊരാളാണ്‌ പക്രു. ആള്‍ പാസ്‌ ആയ ഒന്നാം ക്ലാസൊഴിച്ച്‌ ബാക്കി എല്ലാത്തിലും അവന്‍ എത്ര തവണ പഠിച്ചിട്ടുണ്ടെന്ന് കണക്കറിയില്ല. പൊക്കം അത്രയൊന്നുമില്ലെങ്കിലും ഇരുമ്പു പോലത്തെ ശരീരം., ക്ലാസിലെ അവനൊഴിച്ച്‌ ബാക്കി ആര്‍ക്കും അവനെ കണ്ടുകൂടാ. ബാക്കിയുള്ളവരെ ഉപദ്രവിക്കലാണ്‌ പ്രധാന വിനോദം.

എന്നും പക്രു ഷര്‍ട്ടില്‍ പേനകൊണ്ട്‌ വരച്ചു, തോണ്ടി, മാന്തി, പിച്ചി, ചെമ്പകം, എന്നിങ്ങനെയുള്ള പരാതികളൊന്നുമില്ലാതെ ചാത്തന്‍ വീട്ടിലെത്താറില്ല.

ചാത്തന്റെ അമ്മ ടീച്ചറായതോണ്ട്‌ സ്കൂളു വേറെയാണെങ്കിലും പുതിയ സ്കൂളിലെ ടീച്ചര്‍മാരെയൊക്കെ നന്നായി അറിയാം. തിരിച്ചു തല്ലിയാല്‍ വീട്ടിലറിയും എന്നത്‌ മൂന്നു തരം. പോരാഞ്ഞ്‌ ക്ലാസിലെ നല്ല കുട്ടി എന്ന പേര്‌ കളയുന്നതെങ്ങനെയാ? ടീച്ചര്‍മാരോട്‌ പരാതി പറയാമെന്ന് വച്ചാല്‍ അതറിഞ്ഞാല്‍ പക്രൂന്റെ വക ഇരട്ടി കിട്ടും. അല്ലാതെ പക്രൂനെ പേടിയായിട്ടൊന്നുമല്ല.

ക്ലാസ്‌ടീച്ചര്‍ ചാത്തന്റെ ഒരു ബന്ധുകൂടിയാണ്‌. അമ്മ ടീച്ചറെക്കണ്ടു പരാതി പറഞ്ഞു.

എന്തു ചെയ്യാനാ ടീച്ചറേ, അതങ്ങനൊരു സാധനം എത്ര തല്ലിയാലും ഉപദേശിച്ചാലും നന്നാവൂല. ടി സി കൊടുത്ത്‌ വിടാന്‍ പലതവണ രക്ഷിതാവിനെ വിളിപ്പിച്ചതാ. ഒരു പാവം മനുഷ്യന്‍, എങ്ങനേലും പത്താം ക്ലാസ്‌ വരെ എത്തിച്ച്‌ തരണം എന്ന് പറഞ്ഞ്‌ അയാളു എപ്പോഴും കരഞ്ഞ്‌ കാലുപിടിക്കുന്നതു കൊണ്ടാ ഇതുവരെ പറഞ്ഞ്‌ വിടാത്തത്‌. ഞാനിനി ഒന്നൂടെ ശ്രദ്ധിച്ചോളാം.

തല്ലു വാങ്ങുന്ന കാര്യത്തില്‍ ചാത്തന്‍ ഒറ്റയ്ക്കല്ലാ ക്ലാസിലെ എല്ലാ പിള്ളേരും പക്രൂന്റെ തല്ല് വാങ്ങാറുണ്ട്‌. പതിവു ക്വാട്ടാ വാങ്ങി ഡസ്കില്‍ തലേം വച്ച്‌ ചുമ്മാ ഇരിക്കുമ്പോഴാ(കരയുകയല്ല ;) ) ജിത്തു ചെവീല്‍ പറയുന്നത്‌ നമ്മള്‍ക്കവനെ തിരിച്ചു തല്ലിയാലോ?

അന്നു കിട്ടിയതിന്റെ വേദന എവിടെയോ പറന്ന് പോയി. എപ്പോള്‍? എവിടെ വച്ച്‌? വടി വേണ്ടേ?

ജിത്തു ആളു മിടുക്കനാ അവന്‍ ചാത്തന്റെ ഒരു ബന്ധു കൂടിയാ. അവന്റെ വീടിനടുത്ത്‌ കരാട്ടെ ക്ലാസുണ്ട്‌ അവനവിടെയൊക്കെ പോവാറുണ്ട്‌. എന്നാലും കരാട്ടെ മോഡലില്‍ പക്രൂന്റെ അടി തടുത്താല്‍ ഓടും ഇഷ്ടികയുമൊക്കെ പോലെ പൊട്ടുന്നത്‌ ജിത്തൂന്റെ കയ്യാവും. അവന്റെ ടീമില്‍ വേറെം മൂന്നാലു പേരുണ്ട്‌, ഇവരൊക്കെ ഇപ്പോള്‍ ഒരുമിച്ചാണ്‌ നടക്കാറ്‌, ഒറ്റയ്ക്ക്‌ കിട്ടുമ്പോഴാണ്‌ പക്രൂന്റെ പരാക്രമം കൂടുതല്‍. പക്രൂന്റെ തൊട്ട്‌ മുന്‍പില്‍ ഇരിക്കുന്നതു കൊണ്ട്‌ ഏറ്റവും ഉപദ്രവം ചാത്തനായിരുന്നു. പക്രൂനെ തല്ലാന്‍ ഒരു നല്ല സമയം നോക്കി നടക്കുകയായിരുന്നു ആ പാണ്ഡവ സംഘം. അവര്‍ക്ക്‌ വേണ്ടത്‌ ചൂണ്ടലില്‍ കോര്‍ക്കാന്‍ പറ്റിയ ഒരു ഇര മാത്രമായിരുന്നു.

അങ്ങനെ പക്രു വധം ബാലെയുടെ തിരക്കഥ ആരംഭിച്ചു. അരക്കൊല്ലപ്പരീക്ഷയുടെ അവസാന ദിവസം. പക്രു ഏറ്റവും അവസാനമേ പരീക്ഷ എഴുതി പുറത്തുവരൂ. ഞങ്ങളുടെ ക്ലാസുകളൊന്നും പരീക്ഷാഹാള്‍ ആക്കിയില്ലായിരുന്നു. പകരം ബഞ്ചും ഡസ്കും എല്ലാം ഹാളുകളിലേയ്ക്ക്‌ എടുത്ത്‌ കൊണ്ടുപോയിരുന്നു. ഹാളില്‍ നിന്ന് പുറത്തേക്കിറങ്ങിയ പക്രൂന്റെ തോളില്‍ അറിയാത്ത ഭാവത്തില്‍ ഒരു ചുമലു കൊണ്ട്‌ ഒരു തട്ടും തട്ടി മുന്നോട്ട്‌ നീങ്ങിയ ചാത്തന്‍ മുനോട്ട്‌ മൂക്കും കുത്തി വീണു പക്രു പിടിച്ച്‌ തള്ളിയതാണെന്ന് തിരിഞ്ഞ്‌ നോക്കാതെ തന്നെ മനസ്സിലായി. അടുത്ത ആക്രമണം ഉണ്ടാകും മുന്‍പ്‌ ചാത്തന്‍ ഒഴിഞ്ഞ്‌ കിടക്കുന്ന ക്ലാസിലേക്കോടിക്കയറി.

പറഞ്ഞുറപ്പിച്ചതുപോലെ അഞ്ചംഗസംഘം അവിടെ തയ്യാറായിരുന്നു. ചാത്തനവരുടെ പിന്നിലൊളിച്ചു. പിന്നാലെ ഓടിക്കയറിയ പക്രൂനെ എല്ലാവരും കൂടി വളഞ്ഞു. ആക്രമണം പിന്നില്‍ നിന്നാരംഭിച്ചു. ഒരു തള്ള്‌. മുന്നോട്ട്‌ ഒന്ന് ആഞ്ഞ പക്രു വെട്ടിത്തിരിഞ്ഞു തന്നെ തള്ളിയവനെ ഒന്ന് പൊട്ടിക്കാന്‍ തുടങ്ങിയപ്പോഴേയ്ക്ക്‌ പിന്നില്‍ നിന്നും അടുത്തവന്‍ ഒന്ന് പൊട്ടിച്ചു. പിന്നെ തലങ്ങും വിലങ്ങും അടി പിച്ച്‌ മാന്ത്‌. ക്ലാസ്‌ മുറി സിമന്റിട്ടതായതോണ്ട്‌ പക്രൂനു പൂഴിക്കടകന്‍ അടിച്ച്‌ രക്ഷപ്പെടാനും പറ്റീല. പക്രു ആരെ തിരിച്ചടിക്കാന്‍ ഒരുങ്ങിയാലും അവര്‍ പിന്നോട്ട്‌ ഒഴിഞ്ഞ്‌ മാറും ബാക്കിയുള്ളവര്‍ പിന്നില്‍ നിന്നാക്രമിക്കും.

ആദ്യമൊക്കെ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും പതുക്കെപ്പതുക്കെ കഴുതപ്പുലികളുടെ ആക്രമണത്തില്‍ സിംഹം തളര്‍ന്നു. പിന്നെ എങ്ങിനെയെങ്കിലും അടികള്‍ തടുക്കാനും രക്ഷപ്പെടാനുമായി ശ്രമം. അതോടെ തല്ലുസംഘത്തിനു ആവേശം കൂടി. പക്രു നിലത്തുവീണു. ചവിട്ടില്‍ നിന്നും തല്ലില്‍ നിന്നും രക്ഷപ്പെടാനായി ആകെ ചുരുണ്ടുകൂടി കിടപ്പായി. എല്ലാവരും കൂടി പക്രൂന്റെ ദേഹത്ത്‌ "കര - വെള്ളം" കളി കളിച്ചു തുടങ്ങി. സിമന്റ്‌ തറയില്‍ കിടന്ന പൂഴിമണ്ണില്‍ മുഖം ഉരഞ്ഞ്‌ ചോര പൊടിഞ്ഞ്‌ തുടങ്ങി. എന്നാലും തല്ലരുത്‌ എന്ന് പറയാന്‍ പക്രു തുനിഞ്ഞില്ല.

സിനിമയിലെ വില്ലന്മാര്‍ നായകനെ തല്ലി ചാവാറാക്കി നടന്നു നീങ്ങുന്ന ഭാവത്തില്‍ എല്ലാവരും ഇറങ്ങിപ്പോയി. വരുംവരായ്കകളെ കുറിച്ച്‌ ചിന്തിക്കാതെ. വീട്ടില്‍ വന്ന് അമ്മയോട്‌ കാര്യം പറഞ്ഞു. ടീച്ചറായാലും സ്വന്തം മോനെ ഉപദ്രവിച്ചോണ്ടിരുന്ന ഒരുത്തനു തല്ലു കിട്ടിയതല്ലേ അമ്മയ്ക്ക്‌ കണ്‍ഫ്യൂഷന്‍ ആയിക്കാണും, ക്ലാസ്ടീച്ചറെക്കണ്ട്‌ കാര്യം പറയണോ വേണ്ടയോ എന്ന്. എന്തായാലും അന്ന് പരീക്ഷയുടെ അവസാന ദിവസം ആയതിനാല്‍ ഇനി ഒരു കേസ്‌ പത്ത്‌ ദിവസം കഴിഞ്ഞേ കോടതിയിലെത്തൂ.. അത്രേം ആശ്വാസം, എന്നാലും അതിനിടെ ക്ലാസ്ടീച്ചറെ വഴീല്‍ കണ്ടപ്പോള്‍ അമ്മ കാര്യം പറഞ്ഞു. സാരമില്ല അങ്ങനെ രണ്ട്‌ കിട്ടിയാലൊന്നും അവനൊരു കൂസലുമുണ്ടാവൂല. ഇനി അവന്റെ ആരെങ്കിലും പരാതി തരുമ്പോഴല്ലേ അപ്പോള്‍ നോക്കാം. എന്ന് ടീച്ചര്‍ പറഞ്ഞെന്ന് അമ്മ പറഞ്ഞു.

സ്കൂള്‍ തുറന്നു. ചാത്തന്‍ അഞ്ചംഗസംഘത്തിനിടയിലേക്ക്‌ ഇരിപ്പിടം മാറ്റി. പക്രു ദാ വരുന്നു. മുഖത്ത്‌ മുറിവുണങ്ങിയ ഒരു ചെറിയ വെളുത്ത പാടുമാത്രം. പിന്നെ അങ്ങോട്ട്‌ നോക്കിയില്ല. കുറച്ച്‌ ദിവസം പ്രശ്നമൊന്നുമുണ്ടായിരുന്നില്ല. അവന്‍ പിന്നേം പഴയപടിയായി പക്ഷേ ഞങ്ങള്‍ ആറുപേരെം പിന്നെ തൊട്ടിട്ടില്ല. എന്നാലും ചിലപ്പോഴൊക്കെ ചാത്തനെ ഒരു നോട്ടമുണ്ട്‌ ഒറ്റയ്ക്കെങ്ങാനും കിട്ടിയാല്‍ നിന്നെ ഞാന്‍ ശരിയാക്കുമെടാ ചതിയാ എന്നായിരുന്നു ആ നോട്ടത്തിന്റെ അര്‍ത്ഥം. ഒറ്റയ്ക്ക്‌ കിട്ടിയിട്ട്‌ വേണ്ടേ.
അങ്ങനെ വാര്‍ഷികപരീക്ഷയും കഴിഞ്ഞു. റിസല്‍ട്ട്‌ അറിയാന്‍ കൂട്ടം കൂടി തന്നെ പോയി.

തിരിച്ചു വീട്ടിലേയ്ക്ക്‌ നിലവിളിച്ചോണ്ട്‌ കയറി വന്ന ചാത്തനെക്കണ്ട്‌ എല്ലാവരും ഞെട്ടി..

"എന്താടാ നീ തോല്‍ക്കാന്‍ സാധ്യതയൊന്നുമില്ലാലോ? വരുന്ന വഴി പിന്നേം തല്ലു വാങ്ങിയോ? "

"ഇല്ലാ" തേങ്ങലടക്കിക്കൊണ്ട്‌ "ഞാന്‍ ജയിച്ചു".

"അതിനെന്തിനാ കരയുന്നേ?"

"പക്രൂം ജയിച്ചു.. അവനെന്റെ ക്ലാസില്‍ തന്നാ. ബാക്കി എല്ലാവരും ഡിവിഷന്‍ മാറി. ഞാനിനി സ്കൂളില്‍ പോവുന്നില്ലേ..."

കൂട്ടച്ചിരി...

വാല്‍ക്കഷ്ണം: എന്തായാലും അതോടെ ആ സ്കൂളിനോട്‌ ചാത്തന്‍ വിടപറഞ്ഞു. പേടിച്ചിട്ടൊന്നുമല്ല. പുതിയ സ്കൂളില്‍ ആറാം ക്ലാസ്‌ ഉണ്ടായിരുന്നു. അത്‌ വീടിനു കൂടുതല്‍ അടുത്തുമായിരുന്നു. എന്ത്‌ വിശ്വാസമില്ലാന്നോ.. വിശ്വസിച്ചില്ലേല്‍ ചാത്തനു പുല്ലാ..

Monday, July 14, 2008

ആദ്യ ആകാശയാത്ര

കഴിഞ്ഞപോസ്റ്റ്‌ രണ്ടാമത്തെ പറക്കലെന്ന് പേരിട്ടതെന്താന്ന് ഒരാള്‍ പോലും ചോദിച്ചില്ല എന്ന വ്യസനത്തോടെ ചാത്തന്റെ ആദ്യത്തെ പറക്കല്‍ അനുഭവം ഇതാ.

സര്‍ദാര്‍ജിമാരുടെ നാട്ടില്‍ ചാത്തന്‍ ജോലി ചെയ്തിരുന്ന കാലം. ഹിമാലയ മുത്തച്ഛന്‍ തൊട്ടടുത്തായിരുന്നതോണ്ട്‌ അതുവരെ പോയി അദ്ദേഹത്തിനെ ഒന്ന് കണ്ട്‌ വരാമെന്ന് കൂടെ ജോലിചെയ്തിരുന്നവര്‍ ചിലര്‍ പ്ലാനിട്ടു. ഓ യെസ്‌ ചോദിക്കാനുണ്ടോ ചാത്തന്‍ എപ്പോഴേ റെഡി. പക്ഷേ അവരു പോകുന്നത്‌ ബൈക്കിലാണ്‌. മൂന്ന് പേര്‍ രണ്ട്‌ ബൈക്കുകളിലായി. രണ്ട്‌ പേര്‍ മാറി മാറി ഓടിക്കും ഒന്നില്‍ രണ്ട്‌ പേര്‍ മറ്റതില്‍ ഒരാളും ലഗേജും.

യാത്രയ്ക്കുള്ള മിനിമം യോഗ്യത ബൈക്കോടിക്കാനറിയണം അത്‌ ചാത്തനില്ലതാനും. എന്നാലും എന്നേം കൂട്ടണം ലഗേജിന്റെ കൂട്ടത്തില്‍ കെട്ടിയിട്ടാലും മതീന്ന് പറഞ്ഞു. ഒരു രക്ഷേമില്ല, ആ യാത്രയ്ക്കുള്ള മിനിമം യോഗ്യത 55 കിലോ തൂക്കമാണെന്ന് അവരു പറഞ്ഞു കളഞ്ഞു. പകരം പുതിയ ടയറുകളൊക്കെ ടെസ്റ്റ്‌ ചെയ്യാന്‍ അടുത്തുള്ള ഒരു ചിന്ന ട്രക്കിംഗ്‌ ഏരിയയായ 'മോര്‍നി' ഹില്‍സിലേക്ക്‌ ടെസ്റ്റ്‌ റൈഡിനു പോവുമ്പോള്‍ ചാത്തനെം കൂട്ടാം എന്ന്.

അതെങ്കില്‍ അത്‌. കഴിഞ്ഞ ദിവസങ്ങളിലൊക്കെ നേരിയ മഴയുള്ളതുകൊണ്ട്‌ മഴപെയ്തേക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട്‌ കടം വാങ്ങിയ മഞ്ഞ മഴക്കോട്ടും നീ കാപ്പുമൊക്കെയിട്ട്‌ റൈഡറേക്കാളും ഒരുങ്ങി ചാത്തന്‍ റെഡിയായി.

ചാത്തന്റെ റൈഡര്‍ ജെഎസ്‌ആര്‍ ഫോര്‍മുല വണിലെ ഷൂമാക്കറെ പോലെ ബൈക്കിന്റെ കാര്യത്തില്‍ ഒരു ചിന്നചെരുപ്പുകുത്തിയാണ്‌. ചണ്ഡീഗഡിലെ മധ്യമാര്‍ഗെന്ന തിരക്കുപിടിച്ച റോഡിലൂടെ വണ്ടിയോടിക്കുന്നത്‌ കണ്ടാല്‍ പഴയ ഒരു ദൂരദര്‍ശന്‍ പരസ്യത്തില്‍ ജാക്കിഷ്രോഫ്‌ നിര്‍ത്തിയിട്ടിരിക്കുന്ന വണ്ടികളുടെ ഇടയിലൂടെ ബൈക്കോടിച്ച്‌ ഒരു ലോറിയുടെ പുറകിലേക്ക്‌ ജമ്പ്‌ ചെയ്ത്‌ ഹെല്‍മെറ്റൂരി പറയുന്നത്‌ ഓര്‍മ്മവരും. "ഇത്‌ വെറും ഷൂട്ടിംഗ്‌ ജീവിതത്തിലാണെങ്കില്‍ നിങ്ങള്‍ നേരെ മുകളിലെത്തിയേനെ അതുകൊണ്ട്‌ സൂക്ഷിച്ച്‌ ഡ്രൈവ്‌ ചെയ്യൂ". ഡ്രൈവ്‌ ചെയ്യുന്നത്‌ ഇത്തിരി സ്പീഡിലാണെങ്കിലും ജെഎസ്‌ആറിന്റെ ബൈക്കിന്റെ പിന്നിലിരിക്കുമ്പോള്‍ അഞ്ചാറ്‌ ബ്ലാക്‌ക്‍ക്യാറ്റിന്റെ അകമ്പടിയോടെ ബുള്ളറ്റ്പ്രൂഫ്‌ കാറില്‍ പോകുന്ന തോന്നലാണ്‌. ബൈക്കിന്റെ ടയര്‍ ആണിവച്ച്‌ റോഡില്‍ അടിച്ചുറപ്പിച്ച പോലെ ഒരു ബൈക്ക്‌ യാത്ര.

സിറ്റി ലിമിറ്റ്‌ കഴിയുന്നതു വരെ യാത്ര നല്ല രസമായിരുന്നു. പിന്നിലേക്കോടിപ്പോവുന്ന വാഹനങ്ങളും മരങ്ങളും കെട്ടിടങ്ങളും. അല്‍പസമയം കൊണ്ട്‌ കൂടെ ഉണ്ടായിരുന്ന റൈഡറെ വളരെ പിന്നിലാക്കി ഞങ്ങള്‍ 100 നു മുകളില്‍ പറന്നു. മോര്‍നി ഹില്‍സ്‌ ഒരു ചെറിയ കുന്നായിരുന്നെങ്കിലും വഴി വയനാടന്‍ ചുരം പോലെ വളഞ്ഞു തിരിഞ്ഞതായിരുന്നു. പക്ഷേ ഒരു തിരിവുകഴിഞ്ഞാല്‍ കുറേ ദൂരം നേരെ ഓടിക്കാം. ആദ്യമാദ്യം വളവുകളില്‍ വേഗത കുറഞ്ഞിരുന്നെങ്കിലും പിന്നെപിന്നെ ബാങ്കിംഗ്‌ ഓഫ്‌ കര്‍വ്‌ എന്താണെന്ന് ചാത്തന്‍ അറിഞ്ഞ്‌ തുടങ്ങി.

വളവുകളില്‍ തറപറ്റിക്കിടന്നോടിച്ച്‌ നേരെയാവുമ്പോഴേയ്ക്ക്‌ റോഡിന്റെ വക്കിലെത്തും പോരാഞ്ഞ്‌ നേരിയ ചാറ്റല്‍ മഴയും. കുന്നിന്റെ താഴ്‌വരകളില്‍ ഇതത്ര പ്രശ്നമായി തോന്നിയില്ലെങ്കിലും ഉയരം കൂടുന്തോറും വളവുകളില്‍ നെഞ്ചിടിപ്പ്‌ കൂടിത്തുടങ്ങി. സ്പീഡ്‌ കുറയ്ക്കാന്‍ പറയുന്നത്‌ നാണക്കേടല്ലേ ഈ കൊച്ച്‌ കുന്നിന്റെ മോളില്‍ കയറുമ്പോള്‍ ഇത്രേം പേടിക്കുന്നവനാണോ ലഡാക്കില്‍ പോണമെന്ന് വാശിപിടിച്ചതെന്ന് ചോദിച്ചാലോ.

എന്നാലും പതുക്കെപ്പതുക്കെ ചാത്തനും ഒരു കാര്യം വ്യക്തമായിത്തുടങ്ങി പുത്തന്‍ പുതിയ രണ്ട്‌ ടയറുകളും ഇട്ട്‌ ചാറ്റല്‍ മഴയത്ത്‌ വഴുക്കുന്ന റോഡിലൂടെ 100നു മുകളില്‍ സ്പീഡില്‍ കുന്ന് കയറുന്ന വണ്ടി ഏത്‌ വമ്പന്‍ റൈഡറുടെയും കണ്‍ട്രോളില്‍ നില്‍ക്കണമെന്നില്ല. എവിടെയും പിടിക്കാതിരുന്ന കൈകള്‍ പതുക്കെ സീറ്റില്‍ ആണിയടിച്ചതു പോലെ പിടിച്ചു തുടങ്ങി. പിന്നെപ്പിന്നെ വളവുകളില്‍ ജെഎസ്‌ആറിന്റെ ദേഹത്തും പിടിമുറുക്കി. എതിരെ വണ്ടികളൊന്നും വരരുതേ എന്നായി പ്രാര്‍ത്ഥന.

പെട്ടന്നെതിരെ ഒരു കാര്‍, ഇടത്തോട്ട്‌ വെട്ടിച്ച വണ്ടി റോഡിന്റെ വക്കിലെത്തി. എന്നിട്ടും വേഗതയ്ക്കൊരു കുറവുമില്ല. പിന്നേം ആക്സിലേറ്റര്‍ തിരിഞ്ഞു. അടുത്ത കൊടും വളവ്‌, കാല്‍മുട്ടുകള്‍ തറയില്‍ തൊട്ടു തൊട്ടില്ലെന്നപോലെ കുറച്ചേറെ നേരമായി തിരിഞ്ഞുകൊണ്ടിരിക്കുന്നു. വീണ്ടും നേരെയായ വണ്ടി റോഡിന്റെ വക്കിലേയ്ക്ക്‌, വശത്തേയ്ക്ക്‌ നോക്കിയപ്പോള്‍ ഞെട്ടിപ്പോയി ഒരിഞ്ച്‌ തെറ്റിയാല്‍ കൊക്കയിലേക്ക്‌. മുഖം തിരിച്ച്‌ റോഡിലേക്ക്‌ നോക്കിയപ്പോള്‍ വയറ്റില്‍ നിന്നൊരു പുകച്ചില്‍. മുന്‍പിലുള്ള റോഡിന്റെ ഒരു ഭാഗം കാണാനില്ല. ആ ഭാഗം മുഴുവന്‍ കൊക്കയിലേക്ക്‌ ഇടിഞ്ഞ്‌ വീണിരിക്കുന്നു.

ഒരു ഞൊടിയിടയിലെടുത്ത തീരുമാനം വച്ച്‌ ജെഎസ്‌ആര്‍ വണ്ടി വലത്തേയ്ക്ക്‌ തിരിച്ചു. ബൈക്കിന്റെ പിന്‍ചക്രങ്ങളിന്റെ കീഴെ നിന്നും ചെറു കരിങ്കല്‍ക്കഷ്ണങ്ങള്‍ കൊക്കയിലേയ്ക്ക്‌ തെറിച്ചു. അല്‍പം മുന്നോട്ട്‌ വണ്ടി നിര്‍ത്തിയശേഷം ഒരു ചെറുചിരിയോടെ ജെഎസ്‌ആറു ചോദിച്ചു നീ പേടിച്ചോ.

പിന്നില്ലാതെ കാറ്റുപോയീന്നാ വിചാരിച്ചത്‌.

ഞാനും ഒന്നു പേടിച്ചുപുതിയ ടയറായതോണ്ട്‌ വീലു തീരെ വെട്ടുന്നില്ലാ. ഇനി അല്‍പം പതുക്കെ ഓടിക്കാം.

ആ വാക്കും പഴയ ചാക്കും ഒരുപോലെയായി കുറച്ച്‌ കഴിഞ്ഞപ്പോള്‍ സ്പീഡ്‌ പിന്നേം തഥൈവ. മഴ പിന്നേം കനത്തു. എന്നാലും സ്പീഡിനൊരു കുറവുമില്ല. വീണ്ടുമൊരു വളവു തിരിഞ്ഞപ്പോള്‍ റോഡ്‌ കാണാനില്ല. റോഡിന്റെ നടുവില്‍ ആരോ ഒരു തടാകം കുഴിച്ചതുപോലെ. മുഴുവന്‍ ചളി. മുട്ടോളം ചളി. അപ്പോഴത്തെ സ്പീഡില്‍ ബ്രേക്ക്‌ പിടിച്ചാല്‍ തെറിച്ച്‌ കൊക്കേല്‍ വീഴുമോ മറ്റേസൈഡിലുള്ള കുന്നിന്റെ വശത്ത്‌ പോസ്റ്ററാകുമോ എന്ന് ഉറപ്പില്ല.

ഇതിനകം ബൈക്ക്‌ ചെളിയില്‍ പ്രവേശിച്ചു കഴിഞ്ഞു. വാലിനടികിട്ടിയ പാമ്പിനെപ്പോലെ അത്‌ ചെളിയില്‍ നിന്ന് പുളഞ്ഞു. തന്റെ റൈഡിംഗ്‌ സ്കില്‍ മുഴുവന്‍ ഉപയോഗിച്ചാലും ചളിയ്ക്ക്‌ അക്കരെ എത്തുകില്ലാന്ന് മനസ്സിലാക്കിയ ജെഎസ്‌ആര്‍ ബ്രേക്ക്‌ പിടിച്ചു.

ദാറ്റ്‌സ്‌ ഇറ്റ്‌ . കുന്തവും ചൂലും വിമാനവുമില്ലാതെ ചാത്തന്റെ ആദ്യപറക്കല്‍. ചാത്തന്‍ ആകാശത്തേക്കുയര്‍ന്നു. ഒരു നിമിഷം അവിടെ തങ്ങി നിന്ന് ഒരു ഭൂമിനിരീക്ഷണം. സൂപ്പര്‍മാനെപ്പോലെ ഇടത്തേയ്ക്ക്‌ ഒരു കൈ ചെരിച്ചു പിടിച്ചാല്‍ കൊക്കയിലേയ്ക്ക്‌ പറക്കാം. അത്‌ വേണോ വേണ്ടയോ എന്ന് തീരുമാനമെടുക്കാന്‍ അല്‍പം വൈകി. അപ്പോഴേയ്ക്കും ചാത്തന്‍ ലാന്‍ഡ്‌ ചെയ്തു. മുട്ടോളം ചെളിയില്‍ പൂണ്ട്‌, ബ്രേക്ക്‌ പിടിച്ചിട്ടും അതിനിഷ്ടമുള്ള സമയത്ത്‌ നിന്ന്, ചെരിഞ്ഞ്‌ വീണ്‌ കിടക്കുന്ന ബൈക്കിന്റെയും അതിന്റെ മോളില്‍ തന്നെ കിടക്കുന്ന ജെഎസ്‌ആറിന്റേം തലേയിലേക്ക്‌.

ജെഎസ്‌ആറിന്റെ തലയെന്ന് പറയാന്‍ പറ്റൂല ഹെല്‍മെറ്റിന്റെ മുകളില്‍.അവിടെ റെസ്റ്റെടുത്തോണ്ടിരിക്കുമ്പോള്‍ ജെഎസ്‌ആറിന്റെ ശബ്ദം.

നിനക്ക്‌ വല്ലതും പറ്റിയോ?

ഇല്ലാ ഞാന്‍ ചുമ്മാ ഒന്ന് പറന്നു.

എന്നാ എന്റെ തലേടെ മുകളില്‍ നിന്ന് എണീക്കെടാ.

ഓ അത്‌ ശരി അത്‌ ഞാന്‍ ഓര്‍ത്തില്ല.

എഴുന്നേറ്റ്‌ നോക്കിയപ്പോള്‍ ചളിയില്‍ മുങ്ങിയെന്നല്ലാതെ ബൈക്കിനും വേറെ കുഴപ്പമൊന്നുമില്ല. എന്തോ ഭാഗ്യം അടുത്ത്‌ തന്നെ ഒരു വെള്ളക്കുഴി ബൈക്കും തള്ളി അവിടെ ചെന്ന് കഴുകി ആരും കാണും മുന്‍പ്‌ പിന്നേം അടിച്ച്‌ മിന്നിച്ചു. ഏതാനും മിനിറ്റുകള്‍ക്ക്‌ ശേഷം ഞങ്ങള്‍ കുന്നിന്റെ മുകളിലെത്തി. റെയിന്‍കോട്ട്‌ കൊണ്ട്‌ കുടപിടിച്ച്‌ കുറച്ച്‌ ഫോട്ടോയൊക്കെ എടുത്ത്‌ കുറേ സമയം കഴിഞ്ഞിട്ടും പിന്നാലെ വന്ന റൈഡറെ കാണാനില്ല.

വല്ല ആക്സിഡന്റും!!!

വീണ്ടും ബൈക്കുമെടുത്ത്‌ താഴോട്ട്‌ പാഞ്ഞു.

അതാ ഞങ്ങളു നേരത്തെ വീണ അതേസ്ഥലത്തിനടുത്ത വെള്ളക്കുഴിക്കടുത്ത്‌ ഒരു ആള്‍ക്കൂട്ടം. കാലുകളുടെ ഇടയിലൂടെ അവന്റെ ബൈക്കും കാണാം. ആള്‍ക്കൂട്ടത്തിനിടയിലൂടെ തിക്കിത്തിരക്കി ഉള്ളില്‍ കയറി. ഭാഗ്യം ഒന്നും പറ്റിയില്ല. ഞങ്ങള്‍ വീണപോലെ ചെളിയില്‍ പുതഞ്ഞിരിപ്പാണ്‌.

ഇതിനിടേ ആള്‍ക്കൂട്ടത്തില്‍ നിന്നാരോ ഒരു കമന്റ്‌

അതു ശരി നിങ്ങളൊക്കെ ഒരേടീമാ അല്ലേ...
രാവിലെ തന്നെ രണ്ടെണ്ണം പറന്ന് വീഴുന്നത്‌ കണ്ട്‌ വല്ലതും പറ്റിയോന്ന് നോക്കാന്‍ ഓടി വന്നതാ ഞങ്ങള്‍. അപ്പോഴേക്കും ചെളിയൊക്കെ കഴുകി നിങ്ങളു പിന്നേം പറന്നു. വല്ല സിനിമാഷൂട്ടിങ്ങുമാണെന്ന് കരുതി തിരിച്ചു പോവുമ്പോഴാ അടുത്ത കുരിശ്‌ അതേപോലെ വീഴുന്നത്‌. നിങ്ങള്‍ക്കൊന്നും വേറേ പണിയില്ലേ മക്കളേ...

വാല്‍ക്കഷ്ണം:
ചുമ്മാ ബൈക്കില്‍ നിന്നു വീഴുന്നതും പറക്കുന്നതും തമ്മില്‍ ഒരുപാട്‌ വ്യത്യാസമുണ്ട്‌. അതു പറന്നാലേ അറിയൂ...
ഓടോ ഈ 100 100 എന്ന് ഇടക്കിടെ പറയുന്നത്‌ ആ പണ്ടാരത്തിന്റെ സ്പീഡു നോക്കാന്‍ അതിനു സ്പീഡോമീറ്റര്‍ ഉണ്ടായിരുന്നില്ല പകരം ആര്‍പിഎം മീറ്ററായിരുന്നു. അതിലു നോക്കിയാല്‍ ബൈക്കിന്റെ എബിസിഡി അറിയാത്ത ചാത്തനെങ്ങനെ വേഗത മനസ്സിലാക്കാന്‍...

Friday, May 02, 2008

രണ്ടാമത്തെ പറക്കല്‍

എടാ വിമാനം പോണ കാണണേല്‍ ഓടിവാ.

എവിട്യാ ഏച്ചീ?

അദോ ആ വെള്ള വര പോണ കണ്ടാ ജറ്റാ ജറ്റ്‌.

ഏച്ചി നോക്കിക്കോ ഒരീസം ഞാനും ജെറ്റിലു പോകും മോളീന്ന് കൈ കാണിക്കാം ട്ടാ.

.....................................................

ഒരു ഫോണ്‍ കോളിനിടയില്‍ നിന്ന്.

എടാ എല്ലാ കമ്പ്യൂട്ടര്‍ എഞ്ചിനിയര്‍മാരും ഫോറിനിലൊക്കെ പോണില്ലെ നിനക്കെന്താ എവിടേം പോണ്ടേ?

പോവണമെന്ന് ആഗ്രഹമുണ്ട്‌ പക്ഷെ നിങ്ങളെ ഒക്കെ ഇടക്കിടെ കാണാന്‍ തോന്നുമ്പോള്‍ ഓടിവരാന്‍ പറ്റൂലാലോ.

അതിനു നിന്നോടു കാലാകാലം അവിടെപ്പോയി നില്‍ക്കാനല്ല പറയുന്നത്‌, ചുമ്മാ ഒന്ന് രണ്ട്‌ മാസമൊക്കെ പോയി വന്നൂടെ. അങ്ങനെ നീ പണ്ട്‌ പറയാറുള്ളതു പോലെ വിമാനത്തിലും കയറാലോ?

ഒന്ന് രണ്ട്‌ മാസമൊക്കെ പോയി ഒന്ന് കറങ്ങി വരാന്‍ ആഗ്രഹമില്ലാഞ്ഞാണോ കമ്പനി വിടണ്ടേ?

എന്നാപ്പിന്നെ നിനക്കു ചുമ്മാ ചെറിയ ദൂരത്തേക്ക്‌ ഒന്ന് വിമാനത്തിലു കയറിക്കൂടെ?

--പിന്നേ ഇന്ത്യേടെ ഒരറ്റത്തൂന്ന് മറ്റേ അറ്റത്ത്‌ പോയപ്പോള്‍ പോലും വിമാനത്തിലു പോയിട്ടില്ല. പിന്നാ. കാശെത്ര ചെലവാകുമ്ന്ന് വെച്ചിട്ടാ. ഇനി എങ്ങനേലും ഐടി കൂലിപ്പണിക്കാരന്റെ മാനം രക്ഷിക്കണമല്ലോ--

ഞാന്‍ അടുത്ത തവണ തിരുവനന്തപുരത്തിനു പോകുന്നത്‌ വിമാനത്തിലാ.

എന്നിട്ട്‌ വന്നിട്ട്‌ വിശേഷം പറയണേഡാ.

ശരി.
............................................................

കൂട്ടുകാരില്‍ പലരും നാട്ടിലു പോണതു എയര്‍ഡക്കാനിലാ, ബസ്സിന്റെ കാശിലും ഇത്തിരി കൂടുതലേ ആവൂ.പിന്നെന്താ ഒരിക്കലെങ്കിലും ചാത്തനും ഒന്ന് വിമാനത്തില്‍ കയറിയാല്‍? എന്തായാലും ഒരു വാക്ക്‌ പറഞ്ഞതല്ലേ പോയിക്കളയാം. ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു. ഒരു ശനിയാഴ്ച രാവിലെ ബാംഗ്ലൂരീന്ന് തിരുവനന്തപുരത്തേക്ക്‌. തിരിച്ച്‌ ഞായറാഴ്ച വൈകീട്ട്‌ ബസ്സിനുള്ള ടിക്കറ്റ്‌ തിരുവനന്തപുരത്തുള്ള സുഹൃത്തുക്കളെക്കൊണ്ട്‌ ബുക്ക്‌ ചെയ്യിച്ചു. അങ്ങനെ കാത്ത്‌ കാത്ത്‌ ആ ദിവസം വരാനായി.

ഒരാഴ്ച മുന്‍പ്‌ ഒരു ദിവസം വൈകീട്ട്‌ എയര്‍ഡക്കാനില്‍ നിന്ന് മൊബൈലില്‍ ഒരു എസ്‌ എം എസ്‌. നിങ്ങള്‍ ബുക്ക്‌ ചെയ്ത ഫ്ലൈറ്റ്‌ കാന്‍സല്‍ ചെയ്തു. വേണമെങ്കില്‍ ശനിയാഴ്ച വൈകീട്ടുള്ള ഫ്ലൈറ്റില്‍ പോകാം, അല്ലെങ്കില്‍ ഞായറാഴ്ച രാവിലെ!!!. ടിക്കറ്റ്‌ റീഷെഡ്യൂള്‍ ചെയ്യാനോ കാന്‍സല്‍ ചെയ്യാനോ കസ്റ്റമര്‍ സര്‍വീസ്‌ നമ്പറില്‍ വിളിക്കുക. വെറും ഒന്നര ദിവസത്തേക്ക്‌ പോകുന്നവനോട്‌ വേണ്ടിയിരുന്നില്ല ഡക്കാനേ നിന്റെ ആനമയിലൊട്ടകം. ഇതിലും ഭേദം അങ്ങോട്ട്‌ കൊണ്ട്‌ പോകുന്ന വിമാനത്തില്‍ തന്നെ തിരിച്ചു കൊണ്ടുവരുന്നതായിരുന്നു.

എന്തായാലും പോയേ പറ്റൂ, അതിനി ശനിയാഴ്ച വൈകീട്ടുള്ള സര്‍വീസില്‍ പറ്റൂല. അതുമല്ല ഇങ്ങനെ അവസാന നിമിഷം ആളെപ്പറ്റിക്കുന്ന സര്‍വീസില്‍ ഇല്ലേയില്ല. എന്നാല്‍ പിന്നെ ഇരട്ടിക്കാശായാലും കൂടുതല്‍ വിശ്വാസയോഗ്യമായ മീന്‍ കൊത്തി ഫ്ലൈറ്റ്‌ സര്‍വീസില്‍ തന്നെയായിക്കളയാം. അതിനു ബുക്ക്‌ ചെയ്തു.

റീഫണ്ട്‌ കസ്റ്റമര്‍ സര്‍വീസ്‌ രാവിലെ 9 മുതല്‍ 5 വരെ മാത്രം. പിറ്റേന്ന് രാവിലെ മുതല്‍ ഫോണ്‍ വിളി തുടങ്ങി. എപ്പോള്‍ വിളിച്ചാലും എന്‍ഗേജ്‌ ടോണ്‍. അവസാനം കിട്ടി. രണ്ട്‌ മൂന്ന് കമ്പ്യൂട്ടര്‍ വഴിതിരിച്ചു വിടല്‍. അവസാനം ഒരിടത്ത്‌ നിന്ന്. നിങ്ങളുടെ സര്‍വീസ്‌ നമ്പര്‍ 19 അതെത്തുന്നതു വരെ ഫോണ്‍ ചെവിയില്‍ പിടിച്ചോണ്ട്‌ നില്‍ക്കൂ.

അഞ്ച്‌ മിനിറ്റ്‌ ചെവീല്‍ പിടിച്ച്‌ മ്യൂസിക്കും കേട്ടോണ്ട്‌ നിന്നു. ഇത്‌ ശരിയാവൂല തലച്ചോറോക്കെ (എന്ത്‌ അങ്ങനൊന്നില്ലല്ലോന്നാ എന്നാല്‍ തലച്ചേറൊക്കെ) ഉരുകിയൊലിച്ച്‌ വരും. ഹാന്‍ഡ്‌സ്ഫ്രീ എടുത്ത്‌ കുത്തി ചെവീല്‍ വച്ചു. ഓഫീസ്‌ ജോലി തുടങ്ങി. കുറച്ച്‌ കഴിഞ്ഞപ്പോള്‍ അതിന്റെ കാര്യം തന്നെ മറന്നപോലായി. പെട്ടന്ന് മ്യൂസിക്കും നിലച്ചു. ശ്ശോ അരമണിക്കൂറു കഴിഞ്ഞു. തന്നെ കട്ടായതെങ്ങനെ? വീണ്ടും വിളിച്ചു. മൊബൈലില്‍ കാശു തീര്‍ന്നു.

ഉച്ചയ്ക്ക്‌ പിന്നേം വിളിച്ചു, തഥൈവ. അവസാനം വിളിച്ച്‌ വിളിച്ച്‌ മൊബൈലിലെ വീണ്ടും നിറച്ച കാശ്‌ തീരാറാവുമ്പോഴേയ്ക്ക്‌ കിട്ടി. റീഫണ്ട്‌ ചെയ്തോളാം എന്ന് മറുപടി കിട്ടി പക്ഷേ ഒരു മാസമാവും. അതുശരി ബുക്ക്‌ ചെയ്യുമ്പോള്‍ ഒരുമാസം കഴിഞ്ഞ്‌ കാശ്‌ തന്നാല്‍ മതി എന്ന ഓഫറൊന്നുമില്ലായിരുന്നില്ലാലോ. കാശ്‌ കിട്ടേണ്ടത്‌ എനിക്കല്ലേ, കിട്ടിയിട്ടാവാം ചീത്തപറയല്‍.

അങ്ങനെ ആ ദിവസവുമെത്തി. എയര്‍പോര്‍ട്ടിലെ നടപടികള്‍ പലരോടും ചോദിച്ച്‌ പഠിച്ചു വച്ചു. പ്രിന്റഡ്‌ ടിക്കറ്റും കൊണ്ട്‌ ചെല്ലുക, ക്യൂ നില്‍ക്കുക, ബോര്‍ഡിംഗ്‌ പാസ്‌ വാങ്ങുക, പറക്കുക. ലഗേജ്‌ തോളിലിടാവുന്ന ഒരു ബാഗ്‌ മാത്രം അതാവുമ്പോള്‍ വേറെ ഗുലുമാലൊന്നുമില്ല, കയ്യില്‍ തന്നെ വയ്ക്കാം.

പോകേണ്ടതിനു തലേന്ന് രാത്രി വീണ്ടുമൊരു ഫോണ്‍, മീന്‍കൊത്തി വഹ. ചാത്തനു പോകാനുള്ള മീന്‍ കൊത്തി ഫ്ലൈറ്റും കാന്‍സലായീന്ന്!. പകരം അല്‍പം കഴിഞ്ഞുള്ള കൊച്ചി ഫ്ലൈറ്റിലുവിടാം അത്‌ പിന്നെ തിരുവനന്തപുരത്ത്‌ പോകുമെന്നും. ഭാഗ്യം ടേക്കോഫും ലാന്‍ഡിംഗുമൊക്കെ രണ്ട്‌ തവണ ആസ്വദിക്കാം അതും ഒരു ടിക്കറ്റിന്റെ ചിലവില്‍!. അടുത്ത സെക്കന്റില്‍ സമ്മതിച്ചു.

വെളുപ്പിന്‌ 5 മണിയ്ക്ക്‌ എഴുന്നേറ്റു. ഷേവ്‌ ചെയ്ത്‌ കുളിച്ച്‌ കുട്ടപ്പനായി എയര്‍പോര്‍ട്ടിലെത്തി. ക്യൂവില്‍ സ്ഥാനം പിടിച്ചു. സമാധാനം ബോര്‍ഡിംഗ്‌ പാസ്‌ കിട്ടി അതും സൈഡ്‌ സീറ്റ്‌!. പിന്നെ ഒരു ടാഗ്‌ തന്നു ബാഗിന്റെ സൈഡില്‍ കെട്ടിയിടാനുള്ളത്‌ . അത്‌ ഒറ്റക്കൈ കൊണ്ട്‌ കെട്ടാന്‍ നോക്കീട്ട്‌ പറ്റുന്നില്ല. മുന്‍പ്‌ കണ്ടിട്ടുണ്ട്‌ എയര്‍പോര്‍ട്ടീന്ന് (അതോ അങ്ങ്‌ സ്വര്‍ഗത്തൂന്നോ) വരുന്നതാന്ന് കാണിക്കാന്‍ ഇമ്മാതിരി ടാഗും കെട്ടി നടക്കുന്നവരെ. ചാത്തനങ്ങനെ ജാഡ കാണിക്കേണ്ട കാര്യമൊന്നുമില്ല. എന്നാലും കിട്ടിയതല്ലേ ഇരിക്കട്ടേ, അതെടുത്ത്‌ ബാഗിന്റെ ഉള്ളിലിട്ടു.

ചെക്ക്‌ ഇന്നിനുപോയപ്പോള്‍ ആ സെക്യൂരിറ്റി എന്തോ കള്ളക്കടത്തുകാരന്റെ മാതിരി എന്റെ ബാഗെടുത്ത്‌ തിരിച്ചും മറിച്ചും നോക്കുന്നു. മുന്‍പേ പോയവരുടേതൊന്നും ഇങ്ങനെ നോക്കീട്ടില്ല. അവസാനം സഹികെട്ട്‌ അവിടെങ്ങാണ്ട്‌ കിടന്ന ഒരു ജെറ്റ്‌ എയര്‍വേസിന്റെ ടാഗെടുത്ത്‌ കെട്ടി, അതിലൊരു സീലും വച്ച്‌ തന്നു. അയ്യടാ ഇതിനായിരുന്നോ ബാഗ്‌ തപ്പിയത്‌!

സീറ്റ്‌ കണ്ടുപിടിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടി. 1, 2 എന്ന് എണ്ണമിടാന്‍ ഇവന്മാര്‍ക്കറിഞ്ഞൂടെ. ബാഗിനു വലിപ്പം ഇത്തിരി കൂടിപ്പോയതോണ്ട്‌ മുകളില്‍ വയ്ക്കാന്‍ പറ്റിയില്ല. കാലിന്റടിയില്‍ അതു വച്ചപ്പോള്‍ പിന്നെ സീറ്റ്‌ ബെല്‍റ്റിട്ടില്ലേലും കുഴപ്പമില്ലാ. അയ്യോടാ സീറ്റ്‌ ബെല്‍റ്റ്‌ അതിന്റെ കാര്യം മറന്നു ഇട്ടേക്കാം . രാവിലെ ഒന്നും കഴിക്കാത്തതുകൊണ്ടാവും ബെല്‍റ്റിനകത്ത്‌ ചാത്തനെപ്പോലെ രണ്ടാള്‍ക്ക്‌ ഇനിയും കയറാം. ഇതൊന്ന് ചെറുതാക്കാന്‍ ആരോടാ ഒന്ന് ചോദിക്കുക. അടുത്തിരിക്കാന്‍ വരുന്ന ആളോട്‌ ചോദിക്കാം.

ഒരു ചെറുപ്പക്കാരന്‍ ഒരു ചെറുഷോള്‍ഡര്‍ ബാഗുമെടുത്ത്‌, ഐടി സന്തതി തന്നെ. ചോദിക്കാന്‍ ചെറിയൊരു അപകര്‍ഷതാബോധം. പക്ഷേ ഇതെന്താ അങ്ങേര്‍ക്ക്‌ എന്നെക്കാളും ഒരു ചമ്മല്‍ ഇങ്ങോട്ട്‌ നോക്കാന്‍!! കുറച്ച്‌ സമയമായി സീറ്റ്‌ ബെല്‍റ്റിന്റെ ഒരറ്റം പിടിച്ച്‌ തിരിച്ചും മറിച്ചും നോക്കുന്നു, എന്തോ പിടിച്ച്‌ വലിച്ചപ്പോള്‍ ആ സൈഡ്‌ നീളം കൂടി എന്നാലും മറ്റേ സൈഡിലേക്ക്‌ എത്തുന്നില്ല. ഓഹോ അങ്ങനെയാണല്ലേ. യുറേക്കാാാാ...

എന്താ മാഷേ പ്രശ്നം സീറ്റ്‌ ബെല്‍ട്ടിടാനാണോ? അറീലെങ്കില്‍ ഇതൊക്കെ ചോദിക്കേണ്ടേ. ആദ്യമായിട്ടാണോ ഫ്ലൈറ്റില്‍? ബെല്‍റ്റിന്റെ നീളം കൂട്ടുന്നതെങ്ങനെ എന്ന് അപ്പോഴേക്കും ചാത്തന്‍ മനസ്സിലാക്കി. ചുവന്ന ഉടുപ്പിട്ട ഒരു എയര്‍ ഹോസ്റ്റസ്‌ (വാമഭാഗം സൈഡിലിരിക്കുന്നതു കൊണ്ട്‌ അതിനെപ്പറ്റി നോ കമന്റ്സ്‌ വേണേല്‍ പണ്ടാരോ പറഞ്ഞത്‌ ഒന്ന് ക്വോട്ട്‌ ചെയ്യാം വിമാനത്തീനിറങ്ങുമ്പോ എയര്‍ ഹോസ്റ്റസ്‌ ചിരിച്ചു കാണിച്ചാ പലരും തിരിച്ചു കയറും എന്ന്(എന്നോട്‌ പറഞ്ഞത്‌ കൂളിങ്ഗ്ലാസൊക്കെ വച്ച്‌ പാരാ പാരാ(തേരാ പാരാ അല്ല, പാരകള്‍ പാരഗ്രാഫുകളായി എന്നര്‍ത്ഥം) കമന്റിട്ട്‌ നടക്കുന്ന ഒരു ബാച്ചിയാണ്‌) ) സീറ്റ്‌ ബെല്‍റ്റിടാനും സേഫ്റ്റിമെഷേര്‍സും പഠിപ്പിക്കാന്‍ തുടങ്ങി.

വിമാനം പൊങ്ങി. ഓ അത്ര വല്യ പ്രശ്നമൊന്നുമില്ല. ജനലിലൂടെ താഴെ കളിവീടുകള്‍ പുല്‍മേടുകള്‍ വെള്ളച്ചാലുകള്‍. സൈഡിലിരിക്കണ പാര്‍ട്ടി സീറ്റിന്റെ മോളില്‍ അള്ളിപ്പിടിച്ചിരിപ്പാണ്‌, ഓ ഇത്രേം ഒന്നും പേടിക്കാനെന്തിരിക്കുന്നു. ഇനി താഴോട്ട്‌ പോവുമ്പോളാത്രേ കൂടുതല്‍ പ്രശ്നം.

കഴിക്കാനെന്താ വേണ്ടത്‌ വെജ്‌ ഓര്‍ നോണ്‍വെജ്‌ -- രണ്ടും വേണമെന്ന് പറഞ്ഞാലോ രാവിലെ ഒന്നും കഴിച്ചിട്ടില്ല. മെനു നോക്കി വെജ്‌ വെറും വടെം ചപ്പും ചവറും ഫ്രീ അല്ലേ നോണ്‍ വെജ്‌ മതി--ജീവിതത്തിലാദ്യമായിട്ടാവും ചിക്കന്‍ ബ്രേക്‌ക്‍ഫാസ്റ്റിന്‌!!!!
കൂടെ ഒരു ഫ്രൂട്ട്ജ്യൂസും കിട്ടി വെള്ളം കുടിച്ചപ്പോള്‍ തന്നെ ദാഹം മാറി ഇതിനി ബാഗിലിരിക്കട്ടെ.

കൊച്ചി എത്താനായി. യാത്രയ്ക്കാര്‍ സീറ്റ്‌ ബെല്‍ട്ടിടുക. ബെല്‍റ്റിട്ടു കുറച്ച്‌ സമയമായി ഇറങ്ങുന്ന ലക്ഷണമൊന്നുമില്ല. നല്ല മഴ പെയ്യുന്നുണ്ടെന്ന് തോന്നുന്നു. താഴെ ഒന്നും കാണാന്‍ മേലാ. വിമാനത്തിന്റെ ചില്ലില്‍ ഒരു സൈഡിലേക്ക്‌ നീങ്ങുന്ന വെള്ളത്തുള്ളികള്‍. പെട്ടന്ന് വിമാനം ഒന്നിളകി.പിന്നെ തുടര്‍ച്ചയായി ഇളക്കങ്ങള്‍. തൊണ്ടവരെ എത്തുന്ന അനേകം നിലവിളിശബ്ദങ്ങള്‍ പുറത്തുവരാതെ പലരുടേയും കണ്ണില്‍ കാണാം.

വീ ആര്‍ എക്സ്‌പീരിയന്‍സിംഗ്‌ എ മൈനര്‍ ടര്‍ബുലന്‍സ്‌.

അയ്യടാ അതിതായിരുന്നോ കോളടിച്ചു ആദ്യവിമാനയാത്രയില്‍ തന്നെ ഫ്രീ ആയി ടര്‍ബുലന്‍സും. ചാത്തനാകെ ത്രില്ലടിച്ചിരിപ്പായി. ഇനി മോളില്‍ വച്ച ബാഗുകളൊക്കെ ഇപ്പോള്‍ ഉരുണ്ടു താഴെ വീഴും, ഓക്സിജന്‍ മാസ്ക്‌ താഴോട്ടേയ്ക്ക്‌ വരും ആകെ ബഹളമാകും ഹായ്‌ ഹായ്‌.

ഒന്നും സംഭവിച്ചില്ല. പക്ഷെ വിമാനം പിന്നേം ശക്തമായി ഇളകിക്കൊണ്ടിരുന്നു. ഇതിനിടയിലെപ്പോഴോ വിമാനം താഴോട്ടേയ്ക്ക്‌ കുതിച്ചു. താഴെയെത്തി നിര്‍ത്തിയതും ആളുകളെല്ലാം എണീച്ച്‌ റ്റോയ്‌ലറ്റിനടുത്തേയ്ക്ക്‌ ഓട്ടം പിടിച്ചു. അതിലാകെ ഒന്നേയുള്ളൂ അവിടൊരു ക്യൂ തന്നെയായി. കോട്ടും സൂട്ടുമണിഞ്ഞ്‌ ക്യൂ നിന്ന ഒരു മാന്യന്‍ എയര്‍ ഹോസ്റ്റസ്‌മാരെ തെറി വിളിക്കുന്നു. പല ടര്‍ബുലന്‍സും ഞാന്‍ കണ്ടിട്ടുണ്ട്‌. ഇങ്ങനാണോ ഓടിക്കുന്നത്‌ അവിടെ വച്ച്‌ തന്നെ തീര്‍ന്നെന്നാ വിചാരിച്ചത്‌. ദൈവത്തിന്റെ കൃപ. ഇതാണോ വെറും മൈനര്‍ ടര്‍ബുലന്‍സ്‌!!!!!

"അയ്യോ വെയിറ്റ്‌ വെയിറ്റ്‌ ക്യൂവില്‍ ഇനീം ആളു കേറാനുണ്ടേ....."

വാല്‍ക്കഷ്ണം: വീണ്ടും പൊങ്ങിത്താണ്‌ തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തി. ഒരു വിഷമം മാത്രം താഴെ നോക്കി കൈ കാണിക്കാന്‍ വിമാനത്തിന്റെ ചില്ലുജാലകം പൊട്ടിക്കാന്‍ പറ്റീല്ല.

Tuesday, April 08, 2008

കടുവകള്‍ പിടിച്ച കിടു

റാഗിംഗ്‌ ചെയ്യപ്പെട്ട കഥകള്‍ എല്ലാവരും എഴുതുന്നതാണ്‌, അതുവേണേല്‍ പിന്നൊരിക്കല്‍ എഴുതാം ഇത്തവണ ഒരുത്തനെ റാഗ്‌ ചെയ്ത കഥയെഴുതാം.

കാത്ത്‌ കാത്തിരുന്ന് ജൂനിയേര്‍സ്‌ എത്തി, കഴിഞ്ഞ വര്‍ഷം ഞങ്ങളോട്‌ ചെയ്തതിനെല്ലാം പകരം ചെയ്യാനുള്ള അവസരം. താമസം ഹോസ്റ്റലില്‍ അല്ലാത്തതു കാരണം ചാത്തനും ഒരു കൂട്ടുകാരനും അല്ലറചില്ലറ കളിയാക്കലും പേടിപ്പിക്കലും മാത്രമേ കിട്ടിയിട്ടുള്ളൂ. എന്നാല്‍ റാഗിംഗ്‌ കാരണം പേടിച്ച്‌ പനിപിടിച്ച്‌ കിടപ്പിലായി പിന്നീട്‌ ചാത്തന്റെയൊപ്പം വന്ന് താമസിച്ചിരുന്ന ചിലരുണ്ട്‌ അവര്‍ക്ക്‌ അവരെ ചെയ്തയത്രയൊന്നും തിരിച്ച്‌ ചെയ്യണമെന്ന് ആഗ്രഹമില്ലെങ്കിലും ജൂനിയേര്‍സിനെയൊന്ന് പേടിപ്പിക്കണമെന്നൊരാഗ്രഹം.

പത്ത്‌ വീടുകളുള്ള ലൈന്‍ മുറികളിലായിരുന്നു ചാത്തന്റെയും കൂട്ടുകാരുടെയും താമസം. മിക്കതിലും എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥികള്‍ തന്നെ ചിലതില്‍ എഞ്ചിനീയറിംഗ്‌ ലാബിലേയും വര്‍ക്‌ക്‍ഷോപ്പിലേയും ഓഫീസിലേയും ജോലിക്കാരും. പുതുതായി വന്ന ജൂനിയേര്‍സൊക്കെ നല്ല തണ്ടും തടിയുമുള്ളവര്‍. അവരോടൊന്നും മിണ്ടാതെ വെയിറ്റിട്ട്‌ നടക്കുന്നത്‌ റാഗുചെയ്യാന്‍ പോയാല്‍ അവരെങ്ങാന്‍ തിരിച്ചു വല്ലോം ചെയ്യുമെന്ന് കരുതീട്ടാണെന്ന് അവരെങ്ങനെ അറിയാന്‍!.

സീനിയേര്‍സൊക്കെ കളിയാക്കിത്തുടങ്ങി, ഞങ്ങളുതന്നെ ഇവരേം കൈകാര്യം ചെയ്യേണ്ടി വരുമോന്ന്. കൂട്ടത്തില്‍ അല്‍പം തടീം വണ്ണമൊക്കെയുള്ളത്‌ സായിക്കാണ്‌, അവന്റെ നേതൃത്വത്തില്‍ ഞങ്ങളൊരു പയ്യന്‍സിനെ ട്രയല്‍സിനായി സെലക്റ്റ്‌ ചെയ്തു. അധികം സംസാരിക്കാത്ത എപ്പോഴും തലകുനിച്ച്‌ നടക്കുന്ന ഒരു പയ്യന്‍സ്‌, അവനെ നമ്മള്‍ക്ക്‌ പപ്പന്‍ എന്നു വിളിക്കാം. ബാക്കിയുള്ള ജൂനിയേര്‍സ്‌ നാട്ടില്‍ പോകുമ്പോള്‍ അവന്‍ പോകാറില്ല, കാരണം അവരൊക്കെ അടുത്തുള്ള ജില്ലകളിലാണ്‌. പപ്പനാകട്ടെ അങ്ങ്‌ തിരുവനന്തപുരം സ്വദേശിയും.

എല്ലാവരും അവനവന്‍ ചോദിക്കേണ്ട ചോദ്യങ്ങളൊക്കെ എത്രയും ഭീകരമായി എങ്ങനെ ചോദിക്കാമെന്ന് പലതവണ കണ്ണാടീടെ മുമ്പില്‍ റിഹേഴ്സലൊക്കെ എടുത്ത്‌ പഠിച്ചു. അങ്ങനെ അവന്‍ ഒറ്റയ്ക്കുള്ള ഒരു ദിവസം എല്ലാവരും കൂടി അവന്റെ വട്ടം കൂടി. പപ്പനപ്പോഴേ തലകുനിച്ചിരിപ്പായി.

പേര്‌ നാട്‌ പഠിച്ച സ്ഥലം എന്നിവയില്‍ തുടങ്ങി അല്ലറ ചില്ലറ നാട്ടു വിശേഷങ്ങളും ചോദിച്ച്‌ കഴിഞ്ഞപ്പോഴേയ്ക്ക്‌ അവനാകെ കരച്ചിലിന്റെ വക്കത്തെത്തി. എന്നാപ്പിന്നെ അവനിത്തിരി ആശ്വാസമായിക്കോട്ടേന്ന് കരുതി ഈ നാടൊക്കെ ഇഷ്ടമായോന്ന് ചാത്തന്‍ ചോദിച്ചു.

ഏത്‌ നാട്‌?

കാസര്‍ഗോഡ്‌.

അതേതാ സ്ഥലം?

എന്ത്‌ കോളേജിരിക്കുന്ന ജില്ല തന്നെ ഇവനറിയില്ലേ! ചാത്തനൊന്ന് ഞെട്ടി. കൂട്ടുകാരെ നോക്കിയപ്പോള്‍ അവരും ഷോക്കടിച്ചപോലെ നില്‍പ്പാണ്‌.

ഞങ്ങളു നാലുപേരും ഒറ്റശ്വാസത്തില്‍ അടുത്ത ചോദ്യം ചോദിച്ചു.

അപ്പോള്‍ കേരളത്തിലാകെ എത്ര ജില്ലയുണ്ട്‌?

കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത്‌ എന്ന് ചോദ്യത്തിന്‌ ഉത്തരമാലോചിക്കും പോലെ അവനിരുന്ന് ചിന്തിക്കുന്നു!!!

മു.. മൂൂന്നല്ലേ?

ചിരിക്കണോ കരയണോ അതോ ബോധം കെടണോ എന്ന കണ്‍ ഫ്യൂഷനിലായി നാല്‍വര്‍ റാഗിംഗ്‌ സംഘം.

പടച്ചോനേ എഞ്ചിനീയറിംഗ്‌ എന്‍ട്രന്‍സ്‌ എന്ന സാധനത്തിന്‌ കീറക്കടലാസിന്റെ വിലപോലുമില്ലേ! ഇവനെങ്ങനെ!!!!

ആദ്യം സ്ഥലകാലബോധം വീണത്‌ സായിയ്ക്കായിരുന്നു അവന്‍ ചോദിച്ചു.

എന്നാല്‍ ആ മൂന്ന് ജില്ലകളുടെ പേര്‌ പറഞ്ഞേ കേള്‍ക്കട്ടെ.

കൊ.കൊ..കൊച്ചി... പി..പിന്നെ പ....പത്തനംതിട്ട.

ദൈവമേ ഇതില്‍കൂടുതല്‍ എങ്ങിനാ സഹിക്കുക പതിമൂന്ന് ജില്ലകള്‍ വേറെയുണ്ടായിട്ടും പേരുപറയുമ്പോള്‍ മിക്കവാറും വിട്ടുപോകുന്ന പത്തനംതിട്ട!!!

മൂന്നാമത്തേത്‌?

ആ ആലുവ...

ദൈവമേ ഒരു കത്തി തരൂ..

ചാത്തന്‍ വയലന്റായി "ഡാ അപ്പോള്‍ നിന്റെ നാടോ അതങ്ങ്‌ ഇറാക്കിലാണോ?"

അയ്യോ മാറിപ്പോയി തിരുവനന്തപുരം.

ഭാഗ്യം

അപ്പോള്‍ ഈ കോളേജ്‌ നില്‍ക്കുന്ന ജില്ലയോ?

അത്‌ അത്‌ മറന്നുപോയി.

അപ്പോള്‍ ആകെ എത്രയായി?

മു.. മൂന്ന്..

കണക്കായി എവനോടൊന്നും ചോദിച്ചിട്ട്‌ കാര്യമില്ല. കേരളത്തിലെ എല്ലാജില്ലകളുടെ പേരും 500 തവണ എഴുതിക്കൊണ്ട്‌ വരാന്‍ പറഞ്ഞ്‌ നാല്‍വര്‍സംഘം വിടവാങ്ങി.

പുറത്തെത്തി സീനിയേര്‍സിനോട്‌ കാര്യം പറഞ്ഞപ്പോള്‍ അവരൊക്കെ കൂട്ടച്ചിരി.എടാ അവന്‍ നിങ്ങളെ ആക്കിയതല്ലേ? ആര്‍ക്കെങ്കിലും ഇതൊക്കെ അറിയാന്‍ പാടില്ലാതിരിക്കുവോ? അവനെ ഏതായാലും സമ്മതിച്ചു നിങ്ങളു നാലുപേരെം പറ്റിച്ച്‌ ഇത്ര എളുപ്പം തലയൂരിയല്ലേ.

ഒരു നാലരക്കുപ്പി രക്തം തിളച്ച്‌ ആവിയായി.

കയ്യാങ്കളി വേണ്ടാന്നായിരുന്നെങ്കിലും വാതിലും ചവിട്ടിത്തുറന്ന് നാല്‍വര്‍സംഘം പപ്പന്റെ മുറിയിലേക്കോടിക്കയറി.

പപ്പനിരുന്ന് ഇമ്പോസിഷനെഴുതുന്നു.

ഡാ നിനക്ക്‌ തെറിയറിയാമോ?

അറിയാം.

എന്നാലാ എഴുതുന്ന കൂട്ടത്തില്‍ അറിയാവുന്ന തെറികൂടി ഒരു 500 തവണ എഴുതിക്കോ. പോരാന്നു വച്ചാല്‍ കുറച്ച്‌ എഞ്ചിനീയറിംഗ്‌ സ്പെഷല്‍ തെറികളു ഞങ്ങളു പറഞ്ഞ്‌ തരാം അതും കൂടി ചേര്‍ത്തെഴുതിക്കോ. ആട്ടെ ആദ്യം നിനക്കറിയുന്ന തെറിയൊക്കെ പറഞ്ഞേ നിന്റെ സ്റ്റാന്‍ഡേര്‍ഡൊന്നറിയട്ടേ.

എഴുതിക്കോണ്ടിരുന്നവന്‍ കസേര പിന്നോട്ട്‌ വലിച്ചിട്ട്‌ ചാടിയെഴുന്നേറ്റ്‌ തിരിഞ്ഞ്‌ നിന്നു.

പ്പ പുല്ലേ.... ....

അത്രേം കേട്ടപ്പോള്‍ തന്നെ വാതിലും ചവിട്ടി ഓടിക്കയറിയ രണ്ടെണ്ണത്തിന്റെ പൊടിപോലുമില്ല.

%%$%്‌$$്‌!!്‌%^&^*&^

മധുരോദാത്തമായ വാക്കുകള്‍ പപ്പന്റെ വായില്‍ നിന്ന് അനര്‍ഗ്ഗളനിര്‍ഗ്ഗളം പ്രവഹിക്കുകയാണ്‌. വെള്ളം ചേര്‍ക്കാത്ത മോസ്റ്റ്‌ മോഡേണ്‍ തെറികള്‍!!!
'വൗ' എന്ന സായിപ്പിന്റെ ആശ്ചര്യചിഹ്നം അന്തരീക്ഷത്തില്‍ അവിടവിടെയായി തത്തിക്കളിക്കുന്നു. ചെവി പൂഴിയിട്ട്‌ തുടച്ചാല്‍ പോലും ഇനി വൃത്തിയാകുമെന്ന് സംശയമാണ്‌. ചാത്തന്‍ മുന്‍പില്‍ നിന്ന സായിയുടെ ഷര്‍ട്ടില്‍ പിടിച്ച്‌ വലിച്ചു..വാടാ പോവാം എന്റെ ഇയര്‍ ബഡ്‌സ്‌ ഇന്നലയേ തീര്‍ന്നിരിക്കുകയാ. നീ കടംതരേണ്ടി വരും.

അവനാകട്ടെ മുഖത്തടിയേറ്റതു പോലെ നില്‍പ്പാണ്‌.

നിന്നെപ്പിന്നെ എടുത്തോളാം എന്ന് പറഞ്ഞ്‌ പുറത്തേക്ക്‌ ചാടിയ ചാത്തനും കൂട്ടുകാരനും ഒച്ചേം ബഹളോം കേട്ട്‌ ഓടി വന്ന സീനിയേര്‍സിന്റെ അമ്പരന്ന് നില്‍ക്കുന്ന മുഖത്തേയ്ക്ക്‌ ഒരു ചമ്മിയ ചിരിയും പാസാക്കി തിരിഞ്ഞു നടന്നു.

സായി ചാത്തന്റെ കാതില്‍ പറഞ്ഞു നാട്ടില്‍ പോകുമ്പോള്‍ ഞാന്‍ കുറേ ബോര്‍ഡെഴുതി ഹൈവേയില്‍ വയ്ക്കാന്‍ പോവുകയാ.

എന്ത്‌ ബോര്‍ഡ്‌?

ഭരണിയ്ക്ക്‌ വരുന്നവര്‍ കാവില്‍ കയറണമെങ്കില്‍ തിരുവനന്തപുരത്തേക്കുള്ള ടു ആന്റ്‌ ഫ്രോ ട്രെയിന്‍ ടിക്കറ്റിന്റെ ബാക്കിക്കഷ്ണം കാണിച്ചിരിക്കണം എന്ന്.

വാല്‍ക്കഷ്ണം: അളമുറ്റിയാല്‍ ചേരയും കടിക്കും. നീര്‍ക്കോലികള്‍ക്ക്‌ കടിക്കാന്‍ പറ്റൂലല്ലോ. പാവങ്ങള്‍...(അത്താഴം മുടങ്ങുന്നതൊക്കെ ഔട്ട്‌ ഓഫ്‌ ഫാഷനാ)