Wednesday, March 17, 2010

അമേരിക്കാ അമേരിക്കാ - ഇമ്പ്രഷന്‍സ്‌ 3

പറഞ്ഞ സമയത്ത്‌ തന്നെ ചൈനക്കാരന്‍ വന്നു. 3000 ഡോളറിന്റെ കാറ്‌ എന്നു പറഞ്ഞാല്‍ ടി ദേഹത്തെപ്പറ്റി ഊഹിക്കാമല്ലോ. കാറില്‍ കയറിയപാടെ ജിപിഎസ്‌ ഡിവൈസ്‌ ഓണാക്കി അത്‌ ലെഫ്റ്റ്‌ റൈറ്റ്‌ എന്ന് വിളിച്ച്‌ പറയുന്നതിനനുസരിച്ച്‌ ഓടിച്ച്‌ തുടങ്ങി. വഴിയില്‍ ഒരു ട്രാഫിക്‌ സിഗ്നല്‍ ബോര്‍ഡില്‍ മാനിന്റെ പടം. അവിടൊക്കെ മാനുകള്‍ റോഡ്‌ ക്രോസ്‌ ചെയ്യാറുണ്ടത്രെ! ചാത്തന്‍ വിചാരിച്ചത്‌ സീബ്രാ ലൈന്‍ പോലെ വല്ലതുമായിരിക്കുമെന്നാ. കുറച്ച്‌ കഴിഞ്ഞപ്പോള്‍ അതേ ബോര്‍ഡില്‍ കരടിയുടെ പടം. അപ്പോള്‍ ഏതോ മൃഗസങ്കേതം ടൈപ്പ്‌ സംഭവത്തിലേക്കാണ്‌ പോക്ക്‌. പ്ലഷര്‍ ട്രിപ്പിന്റെ തുടക്കം കൊള്ളാം. ഇപ്പോള്‍ ജിപിഎസ്‌ ഓഫാക്കി. ഒരു ഒഴിഞ്ഞ പാര്‍ക്കിംഗ്‌ പ്ലേസില്‍ കാര്‍ നിര്‍ത്തി. ഓ ഡോക്ടറുടെ കാര്‍ അവിടെ കിടപ്പുണ്ട്‌. പുള്ളിയേയും കാണാം. എന്ന് ചൈനക്കാരന്‍. അപ്പോഴാണ്‌ മുന്നിലുള്ള കെട്ടിടത്തിന്റെ തലേക്കെട്ട്‌ ചാത്തന്‍ ശ്രദ്ധിച്ചത്‌. ചാത്തന്‍ മനസ്സില്‍ കെട്ടിപ്പൊക്കിയ ബുര്‍ജ്‌ ഖലീഫേടെ രണ്ടിരട്ടി ഉയരമുള്ള ഉല്ലാസയാത്രാ കൊട്ടാരത്തിന്റെ മുകളിലേക്കാണ്‌ അല്‍-ചൈനാ കാരന്‍ സ്വന്തം കാര്‍ ഫ്ലൈറ്റ്‌ ഇടിച്ചിറക്കിയത്‌. കാര്‍ നിര്‍ത്തിയിരിക്കുന്നത്‌ കാട്ടിനു നടുവിലെ സ്വന്തം കമ്പനിയുടെ കാര്‍ പാര്‍ക്ക്‌ ഏരിയായില്‍!

ദൈവമേ ഈ അമേരിക്ക മൊത്തം കാടാണോ!. അംബരചുംബികളായ കെട്ടിടങ്ങള്‍ക്ക്‌ ഇടയിലാകും ഓഫീസ്‌ എന്ന് വച്ചിട്ട്‌ ആകെ രണ്ട്‌ നിലയുള്ള ഓഫീസ്‌, ചുറ്റും കാട്‌. അകത്ത്‌ കയറി ഡോക്ടറെ പരിചയപ്പെട്ടു എന്നു വച്ചാല്‍ ഡോക്ടറേറ്റ്‌ കിട്ടിയ മറ്റൊരു ചൈനക്കാരന്‍ കുറച്ചൂടെ പ്രായമുണ്ട്‌. പക്ഷേ ദിവസോം കുപ്പായം മാറുന്ന ടൈപ്പായിരുന്നു. ഇനി ബാക്കി പരിചയപ്പെടാനുള്ളത്‌ ഒരു ഇന്ത്യാക്കാരനേയും(ബിഗ്‌ ബോസ്‌) മദാമ്മയേയും(കാണാന്‍ കൊള്ളാവുന്നതാവുമോ എന്തോ). ശനിയാഴ്ചയായതോണ്ട്‌ അവരു വന്നിട്ടില്ലാത്രെ. യുവചൈനീസ്‌ സ്വന്തം ക്യുബിക്കിളില്‍ കൂട്ടിക്കൊണ്ട്‌ പോയി, മൂന്നാലു കൊല്ലം പഴക്കമുള്ള ഒരു തടിയന്‍ കമ്പ്യൂട്ടറും 19 ഇഞ്ച്‌ മോണിറ്ററും കാട്ടിത്തന്ന് അതെന്റെയാ, തിങ്കളാഴ്ച വേറെ തരാം ഇന്നതില്‍ പണിഞ്ഞോളൂ എന്ന് പറഞ്ഞു. ദൈവമേ മുന്നേ പറഞ്ഞതെല്ലാം തിരിച്ചെടുത്തു. തിരിച്ച്‌ വന്നിട്ട്‌ വേണം നെഹൃൂന്റെ കല്ലറ മാന്തി ഒരു ഷേക്ക്‌ ഹാന്റ്‌ കൊടുക്കാന്‍.

യുവചൈന പിന്നെ വന്നത്‌ ഉച്ചയ്ക്കാണ്‌, ഒരു ബര്‍ഗറും പെപ്സിയും കൊണ്ട്‌. കൊല്ലാന്‍ കൊണ്ട്‌ കെട്ടുന്ന ആടിനും വെള്ളം കൊടുക്കുന്ന പതിവ്‌ അമേരിക്കേലുണ്ടത്രെ. അത്‌ കഴിക്കാന്‍ കഫറ്റേരിയയിലേക്കും കൊണ്ട്‌ പോയി. വെന്‍ഡിംഗ്‌ മെഷീനും കാണിച്ച്‌ തന്നു. ഫ്രീ ആയി കിട്ടുന്നത്‌ വെള്ളം മാത്രം. ബാംഗ്ലൂരിലെ കമ്പനിയിലെ ഹോര്‍ലിക്സും ബൂസ്റ്റും കോഫീ മെഷീനും ഇപ്പോള്‍ ചാത്തനെയോര്‍ത്ത്‌ കളിയാക്കിച്ചിരിക്കുന്നുണ്ടാവും.

മറ്റേ ചൈനീസ്‌ ഡോക്ടര്‍ തൊട്ടടുത്ത ക്യുബിക്കിളില്‍ ഇരുന്ന് പണിയുന്നുണ്ട്‌, പാവം ടി ദേഹം ഒരു ഡൊമെയില്‍ എക്സ്‌പെര്‍ട്ടാണ്‌, കമ്പ്യൂട്ടര്‍ ഉപയോഗിച്ച്‌ പരിചയം പോരാ, എവിടോ ലക്ചറായിരുന്നു ഇതുവരെ. പിന്നീടുള്ള ദിവസങ്ങളില്‍ അങ്ങോര്‍ക്ക്‌ ബേസിക്‌ കമ്പ്യൂട്ടര്‍ ക്ലാസും കൊടുക്കേണ്ടി വന്നു. വീണ്ടും ഒരു 'പാവം' ഇരിക്കട്ടെ ഇവിടെ വന്നു കയറും വരെ ടെലി കോണ്‍ഫറന്‍സുകളില്‍ അങ്ങോര്‍ തട്ടിമുട്ടി ഇംഗ്ലീഷ്‌ പറഞ്ഞ്‌ ഞങ്ങള്‍ക്ക്‌ പണിതന്നോണ്ടിരുന്നപ്പോള്‍ ഉണ്ടായിരുന്ന വെറുപ്പ്‌ മൊത്തം അലിഞ്ഞില്ലാണ്ടായി. ബാക്കിയുള്ളവന്മാരോട്‌ കുറച്ച്‌ വെറുപ്പ്‌ കൂടി. ഇത്രെം കാലമായിട്ടും ഒരു അഞ്ച്‌ മിനിറ്റ്‌ ചെലവഴിച്ച്‌ ബേസിക്‌ വിന്‍ഡോസ്‌ യൂസേജ്‌ അങ്ങേര്‍ക്ക്‌ പറഞ്ഞ്‌ കൊടുക്കാന്‍ ഇവര്‍ക്കൊന്നും കഴിഞ്ഞില്ലേ ഒന്നൂല്ലേലും സഹപ്രവര്‍ത്തകനല്ലേ?. പിന്നേം അവരു തനികൊണം കാണിച്ചത്‌ റിസഷന്‍ ടൈമില്‍ ഈ പാവത്തിന്റെ പണി ഏതാണ്ട്‌ കഴിയാനായതോണ്ട്‌, ഒന്നോ രണ്ടോ ദിവസത്തെ നോട്ടീസില്‍ ചവിട്ടിപ്പുറത്താക്കിക്കൊണ്ടാണ്‌. തൊട്ടടുത്ത ദിവസം നടന്ന മീറ്റിങ്ങില്‍ ബിഗ്‌ ബോസ്‌ ചാടിക്കടിച്ചതും ഇങ്ങേരെ തന്നെ. സ്പീഡില്‍ ഇംഗ്ലീഷ്‌ സംസാരിക്കാനറിയാത്ത കുറ്റം വല്ലാതെ വലയ്ക്കുന്നുണ്ട്‌. രണ്ടാഴ്ചത്തെ താമസത്തിനിടയില്‍ ചെയ്യാന്‍ പറ്റുന്ന സഹായമൊക്കെ അങ്ങോര്‍ക്ക്‌ ചെയ്ത്‌ കൊടുത്ത്‌ ബിഗ്‌ ബോസിനെക്കൊണ്ട്‌ അങ്ങേര്‍ക്കൊരു ചിരിച്ച മുഖം കാണിച്ച്‌ കൊടുക്കാന്‍ ചാത്തനു ഭാഗ്യമുണ്ടായി. പകരം കിട്ടിയ ഒരേ ഒരു വീക്കെന്റില്‍ ചാത്തനെ 30000 ഡോളറിന്റെ പുതുപുത്തന്‍ കാറില്‍(ഒരു പൂജ്യത്തിന്റെ വ്യത്യാസം സ്വഭാവത്തിലും ഉണ്ടാവും എന്ന് മനസ്സിലായി) ഒരു മിനി ട്രക്കിംഗ്‌ കം മലകയറി വെള്ളച്ചാട്ടം കാണലിനു കൊണ്ട്‌ പോയത്‌ ഡോക്ടറാണ്‌.

വൈകീട്ട്‌ ഒരു നാല്‌ മണിയായപ്പോള്‍ യുവചൈന വീണ്ടും രംഗത്തെത്തി. ഞാന്‍ പോവാണ്‌, ഒരു മണിക്കൂറും കൂടി വര്‍ക്ക്‌ ചെയ്യുന്നുണ്ടോ? നാളെ ഞായറല്ലേ ഇവിടെ ക്ലീനിങ്ങൊക്കെയാവും,(ബ്രേക്ക്‌ ഒരു ആത്മഗതം ഇനി അതും ചാത്തന്‍ ചെയ്യേണ്ടി വരുമോ) ഇതൊക്കെ പായ്ക്ക്‌ ചെയ്ത്‌ ഹോട്ടലില്‍ വച്ച്‌ ബാക്കി ചെയ്യുന്നതാവും നല്ലത്‌ അല്ലേ? ബാങ്ക്‌ അക്കൗണ്ട്‌ കാലിയായിപ്പോയി. അമേരിക്കയില്‍ നിന്ന് ഇന്ത്യേലേക്ക്‌ ഒരു കള്ളത്തീവണ്ടി സര്‍വീസ്‌ എങ്കിലും ഉണ്ടായിരുന്നെങ്കില്‍..ല്‍..ല്‍..ല്‍..

അപ്പോള്‍ ഓണ്‍സൈറ്റ്‌ എന്നു വച്ചാല്‍ പണി എടുക്കല്‍ മാത്രാണ്‌. വല്ല വീക്കെന്റിലും എവിടേലും കറങ്ങി മൂന്നാലു പടവും ഓര്‍ക്കുട്ടിലിട്ട്‌ ജാഡകാട്ടി നടക്കുന്നവരുടെ മിക്കവരുടെം കഥ ഇതു തന്നെയാവും. കണ്ടാലറിയാത്തോന്‍ ഓണ്‍സൈറ്റ്‌ പോയാലേ അറിയൂ. അങ്ങനെ അഞ്ച്‌ മണിയായപ്പോഴേക്ക്‌ എല്ലാം കെട്ടി വലിയൊരു പെട്ടിയേയും ചാത്തനേം തിരിച്ച്‌ ഹോട്ടലില്‍ എത്തിച്ചു. ആരെങ്കിലും പെട്ടി തുറന്ന് കണ്ടാല്‍ ശേഷിച്ച കാലം ജയിലഴി എണ്ണാം കുറേ ഇലക്ട്രോണിക്‌ സാധങ്ങള്‍ വയറുകള്‍ ബാറ്ററികള്‍ അതിന്റെ ചാര്‍ജേസ്‌ അങ്ങിനെ അങ്ങിനെ, കണ്ടാല്‍ ബോംബുണ്ടാക്കാനുള്ള ഒരുക്കം തന്നെ.

റൂമിലെത്തി അടച്ച്‌ പൂട്ടി കമ്പ്യൂട്ടറിന്റെ മുന്നില്‍ കുറ്റിയടിച്ചു.നാട്ടിലായിരുന്നെങ്കില്‍ ശനിയും ഞായറുമെങ്കിലും ചുമ്മാ ഇരിക്കാമായിരുന്നു. മാഗീ നൂഡില്‍സിനു പതിവില്‍ കൂടുതല്‍ സ്വാദ്‌. ഞായറും കടന്നുപോയി. 2 നേരം നൂഡില്‍സ്‌ തന്നെ വെറുത്തു. തിങ്കളാഴ്ച ഹോട്ടല്‍ വക വണ്ടിയില്‍ ഓഫീസിലേക്ക്‌ ഡ്രോപ്പ്‌. റിയര്‍ വ്യൂ മിറര്‍ വെറും കാഴ്ച വസ്തുവാണ്‌ ഡ്രൈവര്‍ ഇടക്കിടെ തിരിഞ്ഞ്‌ നോക്കിക്കൊണ്ടാ ലൈന്‍ മാറുന്നത്‌.റോഡിലുള്ള എല്ലാ വണ്ടികളിലും ഒരാള്‍ മാത്രം, ഓടിക്കുന്ന ആള്‍. എന്നിട്ടാണ്‌ അമേരിക്കക്കാരു ആളെ കുത്തിനിറച്ച്‌ ഓടിക്കുന്ന നമ്മുടെ നാട്‌ കൊണ്ടാണ്‌ പെട്രോള്‍ ക്ഷാമം വരുന്നതെന്ന് പറയുന്നത്‌. ജോലി തുടങ്ങി. പ്രൊജക്റ്റില്‍ ബാക്കിയുള്ളവരെ പരിചയപ്പെട്ടു. അമേരിക്കക്കാരെ ചീത്തപറയാന്‍ പറ്റാത്തതു കൊണ്ട്‌ ചൈനക്കാരെ ടീമിലെടുത്ത ഇന്ത്യന്‍ ബോസ്‌, മദാമ്മയെന്ന് ചുമ്മാ തെറ്റിദ്ധരിച്ച (കാണും മുന്‍പ്‌) കറുത്ത വര്‍ഗക്കാരി അമ്മൂമ്മ 60 ആകാറായത്രെ. വൈകീട്ട്‌ ഹോട്ടലുകാരുടെ പിക്കപ്പ്‌ വരുമ്പോഴേക്ക്‌ ഓഫീസ്‌ മൊത്തം കാലിയായി. വിരസമായ ദിവസങ്ങള്‍. ജയില്‍ ജീവിതത്തിനു ഒരു ആമുഖം പോലെ തോന്നി.

രാവിലെ താമസിക്കുന്ന ഹോട്ടലില്‍ നിന്ന് ഭക്ഷണം ഫ്രീ ആയതോണ്ട്‌, ബ്രേക്‍ഫാസ്റ്റ്‌ കം ഡിന്നര്‍(അടിച്ച്‌ മാറ്റുന്ന പഴങ്ങളും പാലും) ഫ്രീ. ഉച്ചയ്ക്ക്‌ മാത്രമാണ്‌ കാശു കൊടുത്തുള്ള തീറ്റ. 5 ഡോളറിന്റെ അടുത്ത്‌ ന്ന് വച്ചാല്‍ ഏകദേശം 200 രൂപ എണ്ണിക്കൊടുത്ത്‌ ഒരു ലഞ്ച്‌ കഴിക്കുന്നത്‌ മനസ്സില്‍ ദഹിച്ച്‌ കിട്ടാന്‍ കുറച്ച്‌ ദിവസമെടുത്തു. അതിനിടെ ഒരു ദിവസം കഴിച്ചോണ്ടിരുന്നപ്പോള്‍ സൈറണ്‍ അടിച്ചു. എല്ലാവരും തിന്നോണ്ടിരുന്നത്‌ പകുതിയ്ക്ക്‌ വച്ച്‌ പുറത്തേക്കോടി. എവിടോ തീ പിടിച്ചതാത്രെ. പുറത്ത്‌ വച്ച്‌ ഡിസ്കഷന്‍ തുറന്ന് വച്ച്‌ വന്ന ബാക്കി ഭക്ഷണം ഇനി കഴിക്കണോ അതോ തിരിച്ച്‌ എത്തുമ്പോഴേയ്ക്ക്‌ അവരതു വെയിസ്റ്റില്‍ തട്ടിക്കാണുമോ എന്നിങ്ങനെ. മനസ്സില്‍ ഒരായിരം ലഡു പൊട്ടി എന്റെ 5 ഡോളറേ. തിരിച്ചെത്തിയപ്പോള്‍ സാധനം അവിടെ തന്നെ ഉണ്ട്‌. സബ്‌വേ എന്ന കട ഇവിടെ ബാംഗ്ലൂരുണ്ട്‌. ഇവിടെ വച്ച്‌ അതിലെ ഒണക്കബണ്ണും പച്ചിലേം ചവച്ച്‌ നടക്കുന്നവരെ കാണുമ്പോള്‍ ഉണ്ടായിരുന്ന പുച്ഛച്ചിരി ഇനി കാണൂല. പാവങ്ങള്‍ വല്ല ഓണ്‍സൈറ്റിനും ഉള്ള പ്രിപ്പറേഷന്‍ ആവും. അതൊക്കെ എന്ത്‌ മെച്ചം ഒരു രക്ഷേമില്ലാത്ത സ്പൈസി ആയ ഫിഷ്‌ എന്ന് പറഞ്ഞ്‌ തന്ന സാധനത്തില്‍ ഒരു അരക്കിലോ കുരുമുളക്‌ പൊടി ഇട്ടാലും അത്‌ എരിവ്‌ വലിച്ചെടുത്ത്‌ കളയും എന്ന് തോന്നുന്നു, അതും പകുതി വെന്തത്‌.

ഇടയ്ക്കുള്ള വീക്കെന്റ്‌.വെള്ളിയാഴ്ച വൈകീട്ട്‌ ചൈനക്കാരന്‍ ഡോക്ടര്‍ പുറത്ത്‌ കൊണ്ട്‌ പോയി. ഏതോ ചൈനീസ്‌ റസ്റ്റോറന്റില്‍ പടം നോക്കി ഓര്‍ഡര്‍ ചെയ്യാന്‍ മെനു എടുത്ത്‌ തന്നു. അവസാനം അങ്ങേരെക്കൊണ്ടു തന്നെ ഓര്‍ഡര്‍ ചെയ്യിപ്പിച്ചു. കണവ ഒരു പകുതി വെന്ത രീതിയില്‍ എന്തിലൊക്കെയോ മുക്കിപ്പൊരിച്ചു കൊണ്ടു വന്നു. അതെനിക്കു വേണ്ടി ഓര്‍ഡര്‍ ചെയ്തതാന്ന് പറഞ്ഞ്‌ അങ്ങേര്‍ തിന്നില്ല. ചിക്കന്‍ ഫ്രൈഡ്‌ റൈസ്‌ ഉണ്ടായിരുന്നതു കൊണ്ട്‌ തല്‍ക്കാലം രക്ഷപ്പെട്ടും മറ്റതു പകുതി എങ്ങനെയൊക്കെയോ ശാപ്പിട്ടു. എഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ബാക്കി അങ്ങോരു പാര്‍സല്‍ ആക്കിത്തന്നു. മൊത്തം കഴിപ്പിച്ചേ അടങ്ങൂ. പിറ്റേന്ന് ടൂറു കൊണ്ട്‌ പോവാം ന്ന് പറഞ്ഞതോണ്ട്‌ പാര്‍സല്‍ തൂക്കിപ്പിടിച്ചു ഹോട്ടലില്‍ കൊണ്ടു വന്നു. രാവിലെ തന്നെ റെഡിയായി. ഡോക്ടര്‍ അങ്ങേരുടെ പുത്തന്‍ കാറുമായി വന്നു ഒരു വെള്ളച്ചാട്ടം കാണാന്‍ കൊണ്ടു പോയി. അവിടെവച്ചെടുത്ത ഫോട്ടോ ബ്ലോഗിലിട്ട്‌ ലിങ്ക്‌ വീട്ടിലേക്കയച്ചപ്പോള്‍ കിട്ടിയ കമന്റ്‌ നീ വയനാട്ടിലാണോടാ ഓണ്‍സൈറ്റെന്നു പറഞ്ഞ്‌ പോയത്‌ എന്ന്. കണ്ടത്‌ കണ്ടു തിരിച്ച്‌ നാട്ടിലെത്തിയാ മതീന്നായി. ഒരാഴ്ചത്തേക്കുള്ള മാഗി ബാക്കിയായി അത്‌ അതേഹോട്ടലില്‍ വച്ച്‌ പരിചയപ്പെട്ട വേറൊരു കമ്പനിയില്‍ നിന്നും വന്ന ഒരു ഇന്ത്യാക്കാരന്റെ തലേല്‍ കെട്ടി ഏല്‍പ്പിച്ചു.

മടക്കയാത്രയില്‍്‍ വിമാനത്താവളത്തില്‍ വച്ച്‌ പരിചയപ്പെട്ട ഒരു ഇന്ത്യക്കാരന്‍ തന്റെ കയ്യിലെ ലഗേജിനു കുറച്ച്‌ വെയിറ്റ്‌ കൂടുതലാ കുറച്ച്‌ സാധനങ്ങള്‍ തന്റേതില്‍ ഇടട്ടേന്ന്!!! ചോദിച്ചു. എന്ത്‌ പറഞ്ഞിട്ടാ ഊരിപ്പോന്നതെന്ന് ഓര്‍ക്കുന്നില്ല. പിന്നെ അങ്ങേരു കാണാതെ കള്ളനും പോലീസും കളിച്ചു. പാവത്തിന്റെ ഏതോ കട്ട ബുജി പുസ്തകമൊക്കെ ഉദ്യോഗസ്ഥര്‍ എടുത്ത്‌ തോട്ടില്‍ കളഞ്ഞു. അമേരിക്കേ വിട. വഴിയില്‍ ജര്‍മനിയില്‍ കാപ്പി കുടിക്കാന്‍ വീണ്ടും നിര്‍ത്തി. വൈഫൈ സോണെന്ന് എഴുതി വച്ചിട്ടുണ്ട്‌, ആക്സസില്ല. അനിയനെ ഫോണ്‍ വിളിക്കാന്‍ ശ്രമിച്ചു. നമ്മടെ നാട്ടിലെ കോയിന്‍ ബൂത്താ മോനേ ബൂത്ത്‌ ബാക്കിയൊക്കെ ചവറ്‌ സാധനം അമേരിക്കയുടെ കാര്യം മുന്‍പേ പറഞ്ഞതാ ഇത്‌ അതിലും കഷ്ടം. റോക്കറ്റ്‌ പോകുന്നപോലെയാ ഒരു ലോക്കല്‍ കാള്‍ വിളിച്ചാല്‍ കാശ്‌ തീരുന്നത്‌. എന്നാ വിളിച്ചിട്ടു അവനെ ഒട്ടു കിട്ടിയതുമില്ല.

തിരിച്ച്‌ ഇന്ത്യയിലെത്തിയപ്പോള്‍ രാത്രി ഒരു മണി. ഒരു ബോംബുണ്ടാക്കാനുള്ള സൈസ്‌ ഇലക്ട്രോണിക്‌ സാധനങ്ങള്‍ ചെക്ക്‌ ഇന്‍ ചെയ്ത പെട്ടിയിലുണ്ട്‌. ബാംഗ്ലൂര്‍ പുതിയ വിമാനത്താവളം അപ്പോഴേക്കും ഓടിത്തുടങ്ങിയിരുന്നു. തിരിച്ച്‌ കിട്ടിയ പെട്ടിയില്‍ ചോക്കുകൊണ്ട്‌ എന്തൊക്കെയോ കുത്തി വരച്ചിരിക്കുന്നു. മുന്‍പേ പോകുന്നവന്റെ പെട്ടിയിലും ഉണ്ട്‌. അവനെ ഏതോ കസ്റ്റംസ്‌കാര്‍ പൊക്കി. ഒരേ ഒരു നിമിഷം. എന്റെ പെട്ടിയുടെ ചോക്ക്‌ വെച്ച്‌ വരച്ച ഭാഗം ഒന്ന് കറങ്ങി. വീണ്ടും തിരിച്ച്‌ കറങ്ങി. അല്‍ഭുതം ഒരു പാടും കാണാനില്ല! . കസ്റ്റംസ്‌കാര്‍ തിരിഞ്ഞ്‌ അടുത്ത ആളെ പിടിക്കാന്‍ വരും മുന്‍പ്‌ ചാത്തന്‍ വിമാനത്താവളത്തിനു പുറത്ത്‌. പിന്നേ കിടന്നുറങ്ങാനുള്ള സമയത്ത്‌ കൊണ്ട്‌ വരുന്ന ഇലക്ട്രോണിക്‌ സാധനങ്ങള്‍ എന്തിനുള്ളതാണെന്ന് കസ്റ്റംസിനു സ്റ്റഡീക്ലാസ്‌ എടുക്കാന്‍ എന്റെ പട്ടി വരും.

വാല്‍ക്കഷ്ണം: എങ്ങനേം ഒന്ന് അവസാനിപ്പിക്കണം എന്ന് വച്ചെഴുതിയതാ.

29 comments:

ശ്രീ said...

എങ്ങനേം അവസാനിപ്പിയ്ക്കണമെന്ന് കരുതി എഴുതിയതു കൊണ്ടാകും അവസാനം സൂപ്പര്‍ ഫാസ്റ്റില്‍ കയറി സ്ഥലത്തെത്തിയതു പോലെ ഓടിച്ച് എഴുതിയത് ല്ലേ?

ചുരുക്കി പറഞ്ഞാല്‍ 'ഓണ്‍സൈറ്റ്' എന്ന് പറയുമ്പോള്‍ കേള്‍ക്കുന്ന സുഖമൊന്നും പോകുമ്പോള്‍ ഇല്ല എന്നര്‍ത്ഥം...

G.manu said...

Chey.. pettennu nirthyo chathaa..
saramilla.. bakki ullathu vazhiye paranju thaa.

Enjoyed....

അരുണ്‍ കായംകുളം said...

തിരിച്ച്‌ വന്നിട്ട്‌ വേണം നെഹൃൂന്റെ കല്ലറ മാന്തി ഒരു ഷേക്ക്‌ ഹാന്റ്‌ കൊടുക്കാന്‍.

ഹ..ഹ..ഹ
(കഴിഞ്ഞ പോസ്റ്റുമായി ചേര്‍ത്ത് വായിക്കുമ്പോള്‍ ഇത് അടിപൊളി)

വിശദമായി ഒരു പോസ്റ്റ് കൂടി ആകാമായിരുന്നു

കണ്ണനുണ്ണി said...

ശ്ശൊ അമേരിക്കയെ വെറുപ്പിച്ചു കളഞ്ഞല്ലോ..ചാത്താ
ഞാനിനി അവിടേക്ക് ഓണ്‍ സയിറിനു ഇല്ലാ..

Captain Haddock said...

"..എങ്ങനേം ഒന്ന് അവസാനിപ്പിക്കണം എന്ന് വച്ചെഴുതിയതാ." - സ്പീഡ്‌ കണ്ടപ്പോ തോന്നി.

ഇനി എപ്പോഴാ അടുത്ത ഓണ്‍ സൈറ്റ് ? ;)

കുട്ടിച്ചാത്തന്‍ said...

ശ്രീ: ഇതു തന്നെ എഴുതുകാന്ന് വെച്ചാല്‍ ഒരുപാടുണ്ട്. ബോറഡിച്ചേക്കും.

മനുച്ചേട്ടോ: അനുബന്ധമായി ഒരു പോസ്റ്റിനൂടെ സ്കോപ്പുണ്ട് ചൈനാക്കാരന് ‍ഡോക്ടറുടെ കൂടെ കറങ്ങാന്‍ പോയ വീക്കെന്റ്.

അരുണ്‍:ഒന്നൂടെ കാണും പക്ഷേ സീരീസാക്കൂല.
കണ്ണനുണ്ണീ: ദൊക്കെ ഒരു നമ്പറല്ലേ ഇനി നമ്മള്‍ക്ക് വേറേ സ്ഥലത്ത് മതി ഓണ്‍സൈറ്റ്;)

ക്യാപ്റ്റന്‍::) അടുത്ത സീരീസിറക്കിപ്പിക്കാനാണോ?

അബ്‌കാരി said...

പെട്ടെന്ന് തീര്‍ത്തു കളഞ്ഞല്ലോ ചാത്താ... ഒന്ന് കൂടി എല്ലാം ചേര്‍ത്തു വായിക്കണം.. നന്നായിട്ടുണ്ട്

കുമാരന്‍ | kumaran said...

തീര്‍ക്കാന്‍ പെട്ട പാട്..! പതുക്കെ എഴുതിയാ മതിയല്ലോ.

Vayady said...

എനിക്ക് ഇതിലെഴുതിയ പലതും "കൊണ്ടു". സാരല്യ... നമ്മുടെ ചാത്തനല്ലേ എന്നു കരുതി ഞാന്‍ ഇത്തവണത്തേയ്ക്ക് ക്ഷമിച്ചിരിക്കുന്നു.
അമേരിക്കന്‍ വിശേഷങ്ങളുടെ മൂന്നാം ഭാഗം കുറച്ചു വേഗം പറഞ്ഞു തീര്‍ത്തോ എന്നൊരു സംശയം.. എങ്കിലും നന്നായിരുന്നു.

കൊച്ചു മുതലാളി said...

ജന്മ നാടിനെ മറന്നുള്ള കളി പറ്റില്ല അല്ലേ.. ഈ തലച്ചോറ് ഇന്ത്യക്ക് വേണം.. അങ്ങനെ ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു...

ഇനി അടുത്ത ഓണ്‍സൈറ്റ് എങ്ങോട്ടാ?

Satheesh Haripad said...

കൊള്ളാം മാഷെ.
അമേരിക്കന്‍ യാത്രാനുഭവങ്ങള്‍ക്കു ചുറ്റും ഒരു ഓട്ട പ്രദക്ഷിണം. വായിക്കാന്‍ നല്ല രസമുണ്ട്.

Jishad Cronic™ said...

ആശംസകള്‍..!

അലി said...

നന്നാ‍യി ചാത്താ...

ആശംസകൾ!

നവരുചിയന്‍ said...

ഇതാണ് ഞാന്‍ പറയുന്നത് അമേരിക്ക ശെരി അല്ല എന്ന് . പറ്റിയാല്‍ ക്യൂബ , ചൈന ഒക്കെ പോകു ,,,,,, അതാകുമ്പോ ആഗ്യ ഭാഷ എങ്കിലും പഠിക്കാം .

Echmukutty said...

കുട്ടിച്ചാത്തനെ കാണാൻ വൈകി. അപ്പോ ഇങ്ങനെയാണ് അമേരിയ്ക്കയിൽ കാര്യങ്ങൾ നടക്കുന്നത്.
കൊള്ളാം.
അതേയ്, ലേശം ഓവർസ്പീഡ് ആയിരുന്നു, എന്നാലും സാരമില്ല.

വരയും വരിയും : സിബു നൂറനാട് said...

ഓണ്‍സൈറ്റ് ഓണ്‍സൈറ്റ്-ന്ന് പറഞ്ഞു ഞാന്‍ മാനെജരുമായിട്ടു ഗുസ്തി പിടുത്തമാ....ചാത്താ....ഞാന്‍ ഇനി തിരിച്ചു ചിന്തിക്കണോ...!!!?
സംഭവം കലക്കി.

സുമേഷ് | Sumesh Menon said...

ഇതാണ് അമേരിക്കാ അമേരിക്കാ എന്ന് പറയാണ സാധനം.. കമ്പ്ലീറ്റ്‌ ഇംപ്രഷനും പോയല്ലോ ചാത്താ...

എറക്കാടൻ / Erakkadan said...

ഇപ്പം മനസ്സിലായാ ഹൗ മെനി കിലോമീറ്റേഴ്സ്‌ വാഷിംഗ്ടൺ ടു മിയാമി ബീച്ച്‌

ഒഴാക്കന്‍. said...

:)

രഘു said...

തിരിച്ച്‌ വന്നിട്ട്‌ വേണം നെഹൃൂന്റെ കല്ലറ മാന്തി ഒരു ഷേക്ക്‌ ഹാന്റ്‌ കൊടുക്കാന്
അത് കലക്കി!!!
ഓൺസൈറ്റ് പോകാൻ യാതൊരു സാധ്യതയുമില്ലാത്തതുകൊണ്ട് ഇത് വായിച്ചപ്പോൾ ഭയങ്കര സന്തോഷം തോന്നി!!!
ഹഹഹ... ആശ്വസിക്കാൻ കിട്ടാത്ത മുന്തിരി പുളിക്കും എന്ന സാമാന്യതത്വത്തെക്കാൾ സോളിഡായ ഒരു കാരണം കിട്ടീല്ലോ!

കണ്ണൂരാന്‍ / Kannooraan said...

അമേരിക്ക കല്ലിവല്ലി..
താന്കള്‍ നീണാള്‍ വാഴ്ക.
ആശംസകള്‍.

Echmukutty said...

post onnum idaathathenda?

ശ്രീ said...

എവിടെ പോയി?

shafeeq said...

it's good...check out this http://www.shafeeqts.co.cc/

പുന്നക്കാടൻ said...

http://punnakaadan.blogspot.com/2011/06/blog-post.html

രായപ്പന്‍ said...

എന്നതാ ചാത്താ ഇത് പുതിയ പോസ്റ്റൊന്നുമില്ലേ??........ ഇപ്പോഴും ബാങ്കളുരു ഉണ്ടോ?.... ഞാനും ഇപ്പോ ബങ്കളുരു ചൊറിയും കുത്തി നടപ്പാ..

Jithin V said...

Hey where are you? Still being alive?

RH said...

Hi, I enjoy reading your site! Is it okay if I contact you through email? Please email me back.

Thanks!

Harry
harry.roger10 gmail.com

സുധി അറയ്ക്കൽ said...

ചാത്താ.മുയ്മൻ ഏറും ഞാൻ കൊണ്ടു.ഇപ്പോൾ പുതിയതൊന്നുമില്ലേ???അതോ കുട്ടിച്ചാത്തൻ മൂത്തു മൂത്തു വെല്ലിച്ചാത്തൻ ആയപ്പോളേക്കും എഴുത്തു മറന്നോ??