Monday, July 14, 2008

ആദ്യ ആകാശയാത്ര

കഴിഞ്ഞപോസ്റ്റ്‌ രണ്ടാമത്തെ പറക്കലെന്ന് പേരിട്ടതെന്താന്ന് ഒരാള്‍ പോലും ചോദിച്ചില്ല എന്ന വ്യസനത്തോടെ ചാത്തന്റെ ആദ്യത്തെ പറക്കല്‍ അനുഭവം ഇതാ.

സര്‍ദാര്‍ജിമാരുടെ നാട്ടില്‍ ചാത്തന്‍ ജോലി ചെയ്തിരുന്ന കാലം. ഹിമാലയ മുത്തച്ഛന്‍ തൊട്ടടുത്തായിരുന്നതോണ്ട്‌ അതുവരെ പോയി അദ്ദേഹത്തിനെ ഒന്ന് കണ്ട്‌ വരാമെന്ന് കൂടെ ജോലിചെയ്തിരുന്നവര്‍ ചിലര്‍ പ്ലാനിട്ടു. ഓ യെസ്‌ ചോദിക്കാനുണ്ടോ ചാത്തന്‍ എപ്പോഴേ റെഡി. പക്ഷേ അവരു പോകുന്നത്‌ ബൈക്കിലാണ്‌. മൂന്ന് പേര്‍ രണ്ട്‌ ബൈക്കുകളിലായി. രണ്ട്‌ പേര്‍ മാറി മാറി ഓടിക്കും ഒന്നില്‍ രണ്ട്‌ പേര്‍ മറ്റതില്‍ ഒരാളും ലഗേജും.

യാത്രയ്ക്കുള്ള മിനിമം യോഗ്യത ബൈക്കോടിക്കാനറിയണം അത്‌ ചാത്തനില്ലതാനും. എന്നാലും എന്നേം കൂട്ടണം ലഗേജിന്റെ കൂട്ടത്തില്‍ കെട്ടിയിട്ടാലും മതീന്ന് പറഞ്ഞു. ഒരു രക്ഷേമില്ല, ആ യാത്രയ്ക്കുള്ള മിനിമം യോഗ്യത 55 കിലോ തൂക്കമാണെന്ന് അവരു പറഞ്ഞു കളഞ്ഞു. പകരം പുതിയ ടയറുകളൊക്കെ ടെസ്റ്റ്‌ ചെയ്യാന്‍ അടുത്തുള്ള ഒരു ചിന്ന ട്രക്കിംഗ്‌ ഏരിയയായ 'മോര്‍നി' ഹില്‍സിലേക്ക്‌ ടെസ്റ്റ്‌ റൈഡിനു പോവുമ്പോള്‍ ചാത്തനെം കൂട്ടാം എന്ന്.

അതെങ്കില്‍ അത്‌. കഴിഞ്ഞ ദിവസങ്ങളിലൊക്കെ നേരിയ മഴയുള്ളതുകൊണ്ട്‌ മഴപെയ്തേക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട്‌ കടം വാങ്ങിയ മഞ്ഞ മഴക്കോട്ടും നീ കാപ്പുമൊക്കെയിട്ട്‌ റൈഡറേക്കാളും ഒരുങ്ങി ചാത്തന്‍ റെഡിയായി.

ചാത്തന്റെ റൈഡര്‍ ജെഎസ്‌ആര്‍ ഫോര്‍മുല വണിലെ ഷൂമാക്കറെ പോലെ ബൈക്കിന്റെ കാര്യത്തില്‍ ഒരു ചിന്നചെരുപ്പുകുത്തിയാണ്‌. ചണ്ഡീഗഡിലെ മധ്യമാര്‍ഗെന്ന തിരക്കുപിടിച്ച റോഡിലൂടെ വണ്ടിയോടിക്കുന്നത്‌ കണ്ടാല്‍ പഴയ ഒരു ദൂരദര്‍ശന്‍ പരസ്യത്തില്‍ ജാക്കിഷ്രോഫ്‌ നിര്‍ത്തിയിട്ടിരിക്കുന്ന വണ്ടികളുടെ ഇടയിലൂടെ ബൈക്കോടിച്ച്‌ ഒരു ലോറിയുടെ പുറകിലേക്ക്‌ ജമ്പ്‌ ചെയ്ത്‌ ഹെല്‍മെറ്റൂരി പറയുന്നത്‌ ഓര്‍മ്മവരും. "ഇത്‌ വെറും ഷൂട്ടിംഗ്‌ ജീവിതത്തിലാണെങ്കില്‍ നിങ്ങള്‍ നേരെ മുകളിലെത്തിയേനെ അതുകൊണ്ട്‌ സൂക്ഷിച്ച്‌ ഡ്രൈവ്‌ ചെയ്യൂ". ഡ്രൈവ്‌ ചെയ്യുന്നത്‌ ഇത്തിരി സ്പീഡിലാണെങ്കിലും ജെഎസ്‌ആറിന്റെ ബൈക്കിന്റെ പിന്നിലിരിക്കുമ്പോള്‍ അഞ്ചാറ്‌ ബ്ലാക്‌ക്‍ക്യാറ്റിന്റെ അകമ്പടിയോടെ ബുള്ളറ്റ്പ്രൂഫ്‌ കാറില്‍ പോകുന്ന തോന്നലാണ്‌. ബൈക്കിന്റെ ടയര്‍ ആണിവച്ച്‌ റോഡില്‍ അടിച്ചുറപ്പിച്ച പോലെ ഒരു ബൈക്ക്‌ യാത്ര.

സിറ്റി ലിമിറ്റ്‌ കഴിയുന്നതു വരെ യാത്ര നല്ല രസമായിരുന്നു. പിന്നിലേക്കോടിപ്പോവുന്ന വാഹനങ്ങളും മരങ്ങളും കെട്ടിടങ്ങളും. അല്‍പസമയം കൊണ്ട്‌ കൂടെ ഉണ്ടായിരുന്ന റൈഡറെ വളരെ പിന്നിലാക്കി ഞങ്ങള്‍ 100 നു മുകളില്‍ പറന്നു. മോര്‍നി ഹില്‍സ്‌ ഒരു ചെറിയ കുന്നായിരുന്നെങ്കിലും വഴി വയനാടന്‍ ചുരം പോലെ വളഞ്ഞു തിരിഞ്ഞതായിരുന്നു. പക്ഷേ ഒരു തിരിവുകഴിഞ്ഞാല്‍ കുറേ ദൂരം നേരെ ഓടിക്കാം. ആദ്യമാദ്യം വളവുകളില്‍ വേഗത കുറഞ്ഞിരുന്നെങ്കിലും പിന്നെപിന്നെ ബാങ്കിംഗ്‌ ഓഫ്‌ കര്‍വ്‌ എന്താണെന്ന് ചാത്തന്‍ അറിഞ്ഞ്‌ തുടങ്ങി.

വളവുകളില്‍ തറപറ്റിക്കിടന്നോടിച്ച്‌ നേരെയാവുമ്പോഴേയ്ക്ക്‌ റോഡിന്റെ വക്കിലെത്തും പോരാഞ്ഞ്‌ നേരിയ ചാറ്റല്‍ മഴയും. കുന്നിന്റെ താഴ്‌വരകളില്‍ ഇതത്ര പ്രശ്നമായി തോന്നിയില്ലെങ്കിലും ഉയരം കൂടുന്തോറും വളവുകളില്‍ നെഞ്ചിടിപ്പ്‌ കൂടിത്തുടങ്ങി. സ്പീഡ്‌ കുറയ്ക്കാന്‍ പറയുന്നത്‌ നാണക്കേടല്ലേ ഈ കൊച്ച്‌ കുന്നിന്റെ മോളില്‍ കയറുമ്പോള്‍ ഇത്രേം പേടിക്കുന്നവനാണോ ലഡാക്കില്‍ പോണമെന്ന് വാശിപിടിച്ചതെന്ന് ചോദിച്ചാലോ.

എന്നാലും പതുക്കെപ്പതുക്കെ ചാത്തനും ഒരു കാര്യം വ്യക്തമായിത്തുടങ്ങി പുത്തന്‍ പുതിയ രണ്ട്‌ ടയറുകളും ഇട്ട്‌ ചാറ്റല്‍ മഴയത്ത്‌ വഴുക്കുന്ന റോഡിലൂടെ 100നു മുകളില്‍ സ്പീഡില്‍ കുന്ന് കയറുന്ന വണ്ടി ഏത്‌ വമ്പന്‍ റൈഡറുടെയും കണ്‍ട്രോളില്‍ നില്‍ക്കണമെന്നില്ല. എവിടെയും പിടിക്കാതിരുന്ന കൈകള്‍ പതുക്കെ സീറ്റില്‍ ആണിയടിച്ചതു പോലെ പിടിച്ചു തുടങ്ങി. പിന്നെപ്പിന്നെ വളവുകളില്‍ ജെഎസ്‌ആറിന്റെ ദേഹത്തും പിടിമുറുക്കി. എതിരെ വണ്ടികളൊന്നും വരരുതേ എന്നായി പ്രാര്‍ത്ഥന.

പെട്ടന്നെതിരെ ഒരു കാര്‍, ഇടത്തോട്ട്‌ വെട്ടിച്ച വണ്ടി റോഡിന്റെ വക്കിലെത്തി. എന്നിട്ടും വേഗതയ്ക്കൊരു കുറവുമില്ല. പിന്നേം ആക്സിലേറ്റര്‍ തിരിഞ്ഞു. അടുത്ത കൊടും വളവ്‌, കാല്‍മുട്ടുകള്‍ തറയില്‍ തൊട്ടു തൊട്ടില്ലെന്നപോലെ കുറച്ചേറെ നേരമായി തിരിഞ്ഞുകൊണ്ടിരിക്കുന്നു. വീണ്ടും നേരെയായ വണ്ടി റോഡിന്റെ വക്കിലേയ്ക്ക്‌, വശത്തേയ്ക്ക്‌ നോക്കിയപ്പോള്‍ ഞെട്ടിപ്പോയി ഒരിഞ്ച്‌ തെറ്റിയാല്‍ കൊക്കയിലേക്ക്‌. മുഖം തിരിച്ച്‌ റോഡിലേക്ക്‌ നോക്കിയപ്പോള്‍ വയറ്റില്‍ നിന്നൊരു പുകച്ചില്‍. മുന്‍പിലുള്ള റോഡിന്റെ ഒരു ഭാഗം കാണാനില്ല. ആ ഭാഗം മുഴുവന്‍ കൊക്കയിലേക്ക്‌ ഇടിഞ്ഞ്‌ വീണിരിക്കുന്നു.

ഒരു ഞൊടിയിടയിലെടുത്ത തീരുമാനം വച്ച്‌ ജെഎസ്‌ആര്‍ വണ്ടി വലത്തേയ്ക്ക്‌ തിരിച്ചു. ബൈക്കിന്റെ പിന്‍ചക്രങ്ങളിന്റെ കീഴെ നിന്നും ചെറു കരിങ്കല്‍ക്കഷ്ണങ്ങള്‍ കൊക്കയിലേയ്ക്ക്‌ തെറിച്ചു. അല്‍പം മുന്നോട്ട്‌ വണ്ടി നിര്‍ത്തിയശേഷം ഒരു ചെറുചിരിയോടെ ജെഎസ്‌ആറു ചോദിച്ചു നീ പേടിച്ചോ.

പിന്നില്ലാതെ കാറ്റുപോയീന്നാ വിചാരിച്ചത്‌.

ഞാനും ഒന്നു പേടിച്ചുപുതിയ ടയറായതോണ്ട്‌ വീലു തീരെ വെട്ടുന്നില്ലാ. ഇനി അല്‍പം പതുക്കെ ഓടിക്കാം.

ആ വാക്കും പഴയ ചാക്കും ഒരുപോലെയായി കുറച്ച്‌ കഴിഞ്ഞപ്പോള്‍ സ്പീഡ്‌ പിന്നേം തഥൈവ. മഴ പിന്നേം കനത്തു. എന്നാലും സ്പീഡിനൊരു കുറവുമില്ല. വീണ്ടുമൊരു വളവു തിരിഞ്ഞപ്പോള്‍ റോഡ്‌ കാണാനില്ല. റോഡിന്റെ നടുവില്‍ ആരോ ഒരു തടാകം കുഴിച്ചതുപോലെ. മുഴുവന്‍ ചളി. മുട്ടോളം ചളി. അപ്പോഴത്തെ സ്പീഡില്‍ ബ്രേക്ക്‌ പിടിച്ചാല്‍ തെറിച്ച്‌ കൊക്കേല്‍ വീഴുമോ മറ്റേസൈഡിലുള്ള കുന്നിന്റെ വശത്ത്‌ പോസ്റ്ററാകുമോ എന്ന് ഉറപ്പില്ല.

ഇതിനകം ബൈക്ക്‌ ചെളിയില്‍ പ്രവേശിച്ചു കഴിഞ്ഞു. വാലിനടികിട്ടിയ പാമ്പിനെപ്പോലെ അത്‌ ചെളിയില്‍ നിന്ന് പുളഞ്ഞു. തന്റെ റൈഡിംഗ്‌ സ്കില്‍ മുഴുവന്‍ ഉപയോഗിച്ചാലും ചളിയ്ക്ക്‌ അക്കരെ എത്തുകില്ലാന്ന് മനസ്സിലാക്കിയ ജെഎസ്‌ആര്‍ ബ്രേക്ക്‌ പിടിച്ചു.

ദാറ്റ്‌സ്‌ ഇറ്റ്‌ . കുന്തവും ചൂലും വിമാനവുമില്ലാതെ ചാത്തന്റെ ആദ്യപറക്കല്‍. ചാത്തന്‍ ആകാശത്തേക്കുയര്‍ന്നു. ഒരു നിമിഷം അവിടെ തങ്ങി നിന്ന് ഒരു ഭൂമിനിരീക്ഷണം. സൂപ്പര്‍മാനെപ്പോലെ ഇടത്തേയ്ക്ക്‌ ഒരു കൈ ചെരിച്ചു പിടിച്ചാല്‍ കൊക്കയിലേയ്ക്ക്‌ പറക്കാം. അത്‌ വേണോ വേണ്ടയോ എന്ന് തീരുമാനമെടുക്കാന്‍ അല്‍പം വൈകി. അപ്പോഴേയ്ക്കും ചാത്തന്‍ ലാന്‍ഡ്‌ ചെയ്തു. മുട്ടോളം ചെളിയില്‍ പൂണ്ട്‌, ബ്രേക്ക്‌ പിടിച്ചിട്ടും അതിനിഷ്ടമുള്ള സമയത്ത്‌ നിന്ന്, ചെരിഞ്ഞ്‌ വീണ്‌ കിടക്കുന്ന ബൈക്കിന്റെയും അതിന്റെ മോളില്‍ തന്നെ കിടക്കുന്ന ജെഎസ്‌ആറിന്റേം തലേയിലേക്ക്‌.

ജെഎസ്‌ആറിന്റെ തലയെന്ന് പറയാന്‍ പറ്റൂല ഹെല്‍മെറ്റിന്റെ മുകളില്‍.അവിടെ റെസ്റ്റെടുത്തോണ്ടിരിക്കുമ്പോള്‍ ജെഎസ്‌ആറിന്റെ ശബ്ദം.

നിനക്ക്‌ വല്ലതും പറ്റിയോ?

ഇല്ലാ ഞാന്‍ ചുമ്മാ ഒന്ന് പറന്നു.

എന്നാ എന്റെ തലേടെ മുകളില്‍ നിന്ന് എണീക്കെടാ.

ഓ അത്‌ ശരി അത്‌ ഞാന്‍ ഓര്‍ത്തില്ല.

എഴുന്നേറ്റ്‌ നോക്കിയപ്പോള്‍ ചളിയില്‍ മുങ്ങിയെന്നല്ലാതെ ബൈക്കിനും വേറെ കുഴപ്പമൊന്നുമില്ല. എന്തോ ഭാഗ്യം അടുത്ത്‌ തന്നെ ഒരു വെള്ളക്കുഴി ബൈക്കും തള്ളി അവിടെ ചെന്ന് കഴുകി ആരും കാണും മുന്‍പ്‌ പിന്നേം അടിച്ച്‌ മിന്നിച്ചു. ഏതാനും മിനിറ്റുകള്‍ക്ക്‌ ശേഷം ഞങ്ങള്‍ കുന്നിന്റെ മുകളിലെത്തി. റെയിന്‍കോട്ട്‌ കൊണ്ട്‌ കുടപിടിച്ച്‌ കുറച്ച്‌ ഫോട്ടോയൊക്കെ എടുത്ത്‌ കുറേ സമയം കഴിഞ്ഞിട്ടും പിന്നാലെ വന്ന റൈഡറെ കാണാനില്ല.

വല്ല ആക്സിഡന്റും!!!

വീണ്ടും ബൈക്കുമെടുത്ത്‌ താഴോട്ട്‌ പാഞ്ഞു.

അതാ ഞങ്ങളു നേരത്തെ വീണ അതേസ്ഥലത്തിനടുത്ത വെള്ളക്കുഴിക്കടുത്ത്‌ ഒരു ആള്‍ക്കൂട്ടം. കാലുകളുടെ ഇടയിലൂടെ അവന്റെ ബൈക്കും കാണാം. ആള്‍ക്കൂട്ടത്തിനിടയിലൂടെ തിക്കിത്തിരക്കി ഉള്ളില്‍ കയറി. ഭാഗ്യം ഒന്നും പറ്റിയില്ല. ഞങ്ങള്‍ വീണപോലെ ചെളിയില്‍ പുതഞ്ഞിരിപ്പാണ്‌.

ഇതിനിടേ ആള്‍ക്കൂട്ടത്തില്‍ നിന്നാരോ ഒരു കമന്റ്‌

അതു ശരി നിങ്ങളൊക്കെ ഒരേടീമാ അല്ലേ...
രാവിലെ തന്നെ രണ്ടെണ്ണം പറന്ന് വീഴുന്നത്‌ കണ്ട്‌ വല്ലതും പറ്റിയോന്ന് നോക്കാന്‍ ഓടി വന്നതാ ഞങ്ങള്‍. അപ്പോഴേക്കും ചെളിയൊക്കെ കഴുകി നിങ്ങളു പിന്നേം പറന്നു. വല്ല സിനിമാഷൂട്ടിങ്ങുമാണെന്ന് കരുതി തിരിച്ചു പോവുമ്പോഴാ അടുത്ത കുരിശ്‌ അതേപോലെ വീഴുന്നത്‌. നിങ്ങള്‍ക്കൊന്നും വേറേ പണിയില്ലേ മക്കളേ...

വാല്‍ക്കഷ്ണം:
ചുമ്മാ ബൈക്കില്‍ നിന്നു വീഴുന്നതും പറക്കുന്നതും തമ്മില്‍ ഒരുപാട്‌ വ്യത്യാസമുണ്ട്‌. അതു പറന്നാലേ അറിയൂ...
ഓടോ ഈ 100 100 എന്ന് ഇടക്കിടെ പറയുന്നത്‌ ആ പണ്ടാരത്തിന്റെ സ്പീഡു നോക്കാന്‍ അതിനു സ്പീഡോമീറ്റര്‍ ഉണ്ടായിരുന്നില്ല പകരം ആര്‍പിഎം മീറ്ററായിരുന്നു. അതിലു നോക്കിയാല്‍ ബൈക്കിന്റെ എബിസിഡി അറിയാത്ത ചാത്തനെങ്ങനെ വേഗത മനസ്സിലാക്കാന്‍...

38 comments:

കുട്ടിച്ചാത്തന്‍ said...

ആദ്യ ആകാശയാത്ര കുട്ടിച്ചാത്തവിലാസങ്ങളില്‍ ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം പുതിയ പോസ്റ്റ്. ഒറ്റശ്വാസത്തില്‍ വായിക്കൂ..(ഇടയ്ക്ക് ശ്വാസം വിടാന്‍ തോന്നിയാല്‍ വിട്ടേക്കണം)

ശ്രീ said...

ചാത്താ...

ആദ്യ പറക്കലിനുള്ള തേങ്ങ ആദ്യം പിടി.
“ഠേ!”

എന്തായാലും ആദ്യത്തെ പറക്കലിനു വേറെ ഒന്നും പറ്റാതിരുന്നത് (കുറച്ചു മണ്ണു പറ്റി എന്നു മനസ്സിലായി) ഭാഗ്യം. :)

ഇസാദ്‌ said...

ഹ ഹഹ .ക്ഷ പിടിച്ചു.
നല്ല വിവരണം. ചിലയിടങ്ങളില്‍ ശരിക്കും ചിരി പൊട്ടി.

ഉഗ്രന്‍ ചാത്താ ഉഗ്രന്‍ :)

സുല്‍ |Sul said...

ജീസാര്‍ പറ പറാ
ബൈക്ക് പറ പറാ
ചാത്തന്‍ പറ പറാ

കൊള്ളാം എഴുത്ത് ചാത്താ. എന്നാലും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു അല്ലേ.
-സുല്‍

തമനു said...

ചാത്താ രസിച്ചു വായിച്ചു..

എന്നാലും ചാത്തന്‍ ആ ചെളിയില്‍ തലകുത്തി വീഴാഞ്ഞതു ഭാഗ്യം ... അകത്തും പുറത്തും ചെളിയാവുമ്പോ തലയോട്ടിക്കു കണ്‍ഫ്യൂഷന്‍ ആയേനേം..:)

ആര്‍പ്പിയെം 100 വന്നോ !!!! ചാത്തോ ...

പറയാന്‍ വന്നതു മറന്നു ... മൊത്തത്തില്‍ മന‍സ്സില്‍ കാണാന്‍ കഴിയുന്നുണ്ടു് .. അതു പോലെ സുന്ദരമായിത്തന്നെ എഴുതിയിരിക്കുന്നു. :) കൊള്ളാം.

:: VM :: said...

സൂപ്പര്‍മാനെപ്പോലെ ഇടത്തേയ്ക്ക്‌ ഒരു കൈ ചെരിച്ചു പിടിച്ചാല്‍ കൊക്കയിലേയ്ക്ക്‌ പറക്കാം

അതൊരു നല്ല ഓപ്ഷനായിരുന്നു.. ശോ..ചാന്‍സ് പോയി;)

ബ്ലോഗു വായനക്കാരും രക്ഷപ്പെട്ടേനേ!

Kaithamullu said...

തമനു എഴുതീത് തന്നെ ഞാനും ....
(ഈ സെയിം വേവ് ലെങ്ത് എന്നോക്കെ പറേണ സംഗതി വല്ലോമാണോ, ആവോ?)

Sathees Makkoth | Asha Revamma said...

ചാത്തൻ വീണെങ്കിലെന്താ ഞങ്ങള് ചിരിച്ചല്ലോ.

നന്നായി എഴുതിയിട്ടുണ്ട്. രസകരമായി.

Mr. K# said...

വിവരണം കലക്കി ചാത്താ. ഇനി പോയി ചാത്തന്റെ ഒന്നാമത്തെ പറക്കല്‍ വിശേഷങ്ങള്‍ വായിക്കട്ടെ.

Sherlock said...

പറക്കല്‍ ചാത്തന്റെ മാത്രം കുത്തകയല്ല.. ഒരു രണ്ടാഴ്ച്ച മുമ്പ് ഞാനും ഇതേ പോലെ പറന്നിരുന്നു...:)

Unknown said...

ആ ആക്സിഡന്റ് സ്പോട്ടിന്റെ ഫോട്ടോ എന്റെ കയ്യില്‍ ഉണ്ട്... പബ്ലിഷ് ചെയ്യട്ടെ?

എന്തായാലും വിവരണം നന്നായി...

കുട്ടിച്ചാത്തന്‍ said...

ശ്രീ: മണ്ണല്ല ചെളി..പിന്നെ എന്തൊക്കെ പറ്റി അതിനു ശേഷം....
ഇസാദ്: ഇനിയും വരൂ ഇതു വഴി...പഴയപോസ്റ്റുകളും വായിച്ചു നോക്കൂ

സുല്ലിക്കാ: ചെളിയായതോണ്ട് പരിക്കുപറ്റുമെന്നുള്ള പേടി ഉണ്ടായിരുന്നില്ല.

തമനുച്ചായോ: 100 rpm അല്ല kmph, rpm വച്ച് അതു കണ്ടുപിടിക്കാന്‍ എനിക്കറീലാന്നു മാത്രം, പിന്നെ തലയ്ക്ക് പുറത്ത് എനിക്കിത്തിരി മുടിയൊക്കെയുണ്ട് അതുകൊണ്ട് എന്റെ തലയോട്ടിയ്ക്ക് ആ കണ്‍ഫ്യൂഷന്‍ കാണാനിടയില്ല.

വാളേട്ടോ: ഇനീം ചാന്‍സ് കിട്ടുമോന്ന് നോക്കട്ടെ, വാളേട്ടന്‍ ഒരുഷോഗണ്‍ എടുക്ക് ഞാന്‍ പിന്നിലിരുന്ന് ചെളിയില്‍ ഉരുട്ടിയിടാമോന്ന് നോക്കാം.

കൈതമാഷേ: ആ വേവ്‌ലെങ്തിനു വേണ്ട്ത് കൊടുത്തിട്ടുണ്ട്. മാറ്റി എഴുതിക്കോ ;)

സതീഷേട്ടോ: അതേന്ന് ഇനി സതീഷേട്ടന്‍ ചെളീലു വീഴു ഞങ്ങളു ചിരിക്കാം.
കുതിരവട്ടന്‍ ചേട്ടോ: ഇതു താന്‍ ഒന്നാമത്തെ പറക്കല്‍ മറ്റത് ചീള്‌ അതു വിമാനത്തിലല്ലേ..

ജിഹേഷ്: ആശൂത്രിലേ ഫോട്ടോ അടക്കം പബ്ലിഷ് ചെയ് എന്നാ വിശ്വസിക്കാം.
മി. പൊന്നമ്പലം: ആ ആക്സിഡന്റ് സ്പോട്ടിന്റെ ഫോട്ടോ ആരും എടുത്തിട്ടില്ല. അതു വേ ഇതു റേ..

നവരുചിയന്‍ said...

എന്നാലും ഒരിച്ചിരി പെയിന്റ് പോലും പോയില്ലെ ..... കഷ്ടം .... എന്നാലും നിങ്ങളെ കണ്ടു സിനിമ ഷൂട്ടിങ് കാര് ആണ് എന്ന് വിചാരിച്ച ആ നാട്ടുകാരനെ എനികൊന്നു കാണണം ...അവന്‍റെ കണ്ണ് ഒന്നു ടെസ്റ്റ് ചെയ്യണം ......

സൂര്യോദയം said...

ചാത്താ.. കലക്കീട്ടോ.. വായിച്ചിട്ട്‌ പേടികൊണ്ടൊരു രോമാഞ്ചം.... എന്താ പറക്കല്‍.... :-) തീര്‍ന്നേനേ ല്ലേ? ;-)

ഉപാസന || Upasana said...

ഹൌ.>!
തട്ടിപ്പോയില്ലല്ലാ ഭാഗ്യം.

ഹിമാലയമൊക്കെ കണ്ട വാലാണ് ചാത്തന്റേതെന്ന് ഇപ്പഴാ മന്‍സിലായേ.
കൊള്ളാം ജാത്താ.
:-)
ഉപാസന

Rare Rose said...

ഹി..ഹി...ആദ്യ പറക്കല്‍ ചെളിയില്‍ ചെന്നവസാനിച്ചല്ലേ....ന്നാലും വായിച്ചിട്ടു ചിരിയും പേടിയും ഒക്കെ ഒരുമിച്ചു വന്നു...:)

അരവിന്ദ് :: aravind said...

ഹഹഹ..
ബൈ ദ ബൈ 100നു മുകളില്‍ സ്പീഡില്‍ കുന്ന് കയറുന്ന വണ്ടി...ഡബിള് വെച്ച് നൂറില്‍ കുന്നു കയറുന്ന ഏത് ഇന്ത്യന്‍ ബൈക്കെടേയ്? പ്രത്യേകിച്ച് അന്തകാലത്ത്...വെറുതേ തള്ളരുത്! (ബുള്ളറ്റ് എന്നു പറയരുത്)

പണ്ട് പറഞ്ഞതാണ്, എന്നാലും ഒന്നൂടി പറയാം:
ഞാനും എന്റെയൊരു ചങ്ങാതീം മ്മടെ ബാംഗ്ലൂരില്‍ ഇന്നവേഷന്‍ മള്‍ട്ടിപ്ലെക്സില്‍ സിനിമ കണ്ട് പാതിരാത്രിക്ക് മിന്നിച്ച് വീട്ടിലേക്ക് വരികയാണ്. റോട്ടില്‍ ഒടുക്കത്തെ ഒരു ഹമ്പ്. കണ്ടില്ല.
മുകളിലോട്ട് പൊങ്ങിയതോര്‍മ്മയുണ്ട്...ആരുടെയോ ഭാഗ്യത്തിന് തിരിച്ച് വണ്ടീല്‍ തന്നെയിരുന്നു. നന്നായി വെട്ടിയെങ്കിലും വണ്ടി മറിഞ്ഞില്ല.
ഞെട്ടല്‍ മാറിയ ശേഷം "ഹേയ് ഇതൊക്കെ ഞാന്‍ എത്ര കണ്ടതാ" എന്ന മട്ടില്‍ അല്പം വിറക്കുന്ന ശബ്ദത്തോടെ പിന്നിലെ ചങ്ങാതിയോട് പറഞ്ഞു : "കണ്ടോടാ എന്റെ കണ്ട്റോള്‍? സീറ്റില്‍ നിന്ന് പൊങ്ങിപ്പോയിട്ടും ബൈക്ക് മറിയാതെ ബാലന്‍സ് ചെയ്തത് കണ്ടോ.."
അപ്പോള്‍ പിന്നില്‍ നിന്ന് അവന്‍ : "സീറ്റില്‍ നിന്ന് പൊങ്ങിപ്പോയിട്ടും പിന്നേം കറക്റ്റ് പിന്നില്‍ വന്നിരുന്ന എന്റെ ബാലന്‍‌സോ?" ന്ന്.
ചിരിച്ചിട്ടേയ്.

കുട്ടിച്ചാത്തന്‍ said...

നവരുചിയന്‍:ഊശാന്താടീം കണ്ണടേം വച്ചവരു മാത്രാണോ സിനിമാക്കാരു(നിന്റെ പ്രൊഫൈല്‍ പടം ഞാന്‍ കണ്ടിട്ടേയില്ല)

സൂര്യോദയം ചേട്ടോ: ഏയ് ചെളിയല്ലേ..ഓടോ:ഒരു അവശകാമുകനെ ആ വഴി പറഞ്ഞു വിട്ടിട്ടുണ്ട്.

ഉപാസന: അതേ ഹിമാലയത്തിന്റെ ഒരു വാലു മാത്രം കണ്ടു.

Rare Rose: ചിരിമാത്രം മതി, എഴുതാന്‍ ഞാനിപ്പഴും ബാക്കീണ്ടല്ലോ പിന്നെന്തിനാ പേടി.

മി. അര: അതു ബൈക്ക് ഷോഗണ്‍.ഒരു തിരിവു കഴിഞ്ഞ് റേയ്സാകാന്‍ പുള്ളിക്കിഷ്ടം പോലെ ദൂരം കിട്ടും. 90+ എന്നാ ഇന്നലെ ചോദിച്ചപ്പോഴും പറഞ്ഞത് 90+ നെ ഒന്നു റൌണ്ട് ചെയ്ത് 100+ ആക്കാനുള്ള എന്റെ മൌലികാവകാശത്തെ ചോദ്യം ചെയ്യരുത്.. പിന്നെ ഡബിള്‍... അക്കാലത്തുള്ള ചാത്തന്‍ പിന്നിലിരിപ്പുണ്ടോന്ന് ഇടക്കിടെ തപ്പിയോ വിളിച്ചോ ഉറപ്പു വരുത്തണം എന്നാലേ പാറിപ്പോയില്ലാന്ന് പറയാന്‍ പറ്റൂ.

അരവിന്ദ് :: aravind said...

നൂറിനും തൊണ്ണൂറിനുമൊന്നും ഈ നാട്ടില്‍ യാ..തൊരു വെലേം ഇല്ലേടേയ്!
ഷോഗണ്ണിന്റെ മാക്സ് സ്പീഡ് നൂറല്ലേ? ഒറ്റയ്കാണെങ്കില്‍?
ഇനി നിങ്ങള്‍ ചക്കക്കുരു തിന്നിട്ട് വണ്ടി വിട്ടാല്‍ പോലും മാക്സിമം നൂറ്റഞ്ച്-നൂറ്റിപ്പത്തല്ലേ വരൂ ചാത്താ?
(ഞാനങ്ങനാരുന്നോ എന്ന് ചോദിക്കരുത്..ബുജുര്‍ഗ്ഗോം കോ റ്സ്പെക്റ്റ് കരോ ബേട്ടാ)
പിന്നേണ് മലകേറ്റത്തില്‍. (ഒരറുപത്തഞ്ചിനു ഞാനടങ്ങും).

;-)

ദിലീപ് വിശ്വനാഥ് said...

ഹഹഹ.. അതായിരുന്നല്ലേ ആദ്യത്തെ പറക്കല്‍? എന്നിട്ട് പെയിന്റ് പോയില്ലേ?

കുഞ്ഞന്‍ said...

ചാത്താ...

ഞാന്‍ ശ്വാസം വിടാതെ വായിച്ചൂ..ടിക് ടിക്..നെഞ്ചിടിപ്പ് ഇപ്പോഴും കുറഞ്ഞിട്ടില്ല. വായിക്കുമ്പോള്‍ ഇങ്ങനെ അപ്പോള്‍ അനുഭവിച്ചപ്പോള്‍...

അപ്പോള്‍ ഹിമാലയത്തിലല്ലേ പോയത്..? ദൂരേലേക്കു വിരല്‍ ചൂണ്ടി പറഞ്ഞിരിക്കും,, ദാണ്ട്... ദേ ലതാണ് ഹിമവന്‍..സാക്ഷാല്‍ കൈലാസ നാഥന്‍ വാഴുന്ന സ്ഥലം..!

ഇനി പുളു പറഞ്ഞതിലേക്കു വരാം.. ഒരു അറുപത്..വേണ്ട അന്‍പത് കി.മി വേഗതയില്‍ പോലും ഹെയര്‍ പിന്‍ വളവുകള്‍ ബൈക്കിനാല്‍ ഓടിക്കാന്‍ പറ്റില്ല... എന്തായാലും നൂറിനെ ഞാന്‍ ഒരു മൂന്നുകൊണ്ട് ഹരിച്ചിട്ടുണ്ട്.

Unknown said...

ചാത്താ ഇത് വായിച്ചിട്ട് ഒന്ന് പറക്കാന്‍ കൊതിയാകുന്നു.
ചാത്തന്‍ സൂപ്പര്‍

Sarija NS said...

പല ബ്ലോഗുകളിലും ചാത്തനേറ് കണ്ടെങ്കിലും ഇപ്പോഴാണ് ചാത്തണ്ടെ ലോകത്ത് വന്നു നോക്കാന്‍ തോന്നിയത്. കൊള്ളാട്ടൊ കുട്ടിച്ചാത്താ.... കുറെ ചിരിച്ചു

കുട്ടിച്ചാത്തന്‍ said...

അരവിന്ദേട്ടോ: സമ്മതിച്ചു. മുന്‍‌കൂര്‍ ജാമ്യം ഉണ്ട് അതില്‍ സ്പീഡോമീറ്റര്‍ ഇല്ലാരുന്നു എന്ന്. ചക്കക്കുരു :) പ്ലീസ് എനിക്ക് തല്ലുകൂടാന്‍ വോയിസില്ലാതെ പോയി.. ഇമ്മാതിരി മൂന്നാലു കമന്റ് വീണാല്‍ പിന്നെ ഇനി അതു വായിക്കാനാവും ആള്‍ത്തിരക്ക്.

വാല്‍മീകി അണ്ണോ പെയിന്റ് പോയ ഒരു പാട് കഥകള്‍ ഉണ്ട് അതൊരു സീരീസാക്കാന്‍ മാത്രം കാണും... പിന്നെഴുതാം അതില്‍ ഒന്ന് ചിത്രം സഹിതം ഇരിപ്പുണ്ട്....

കുഞ്ഞന്‍സ്: വളവുകള്‍ ഇവിടുള്ളത്ര ഹെയര്‍ പിന്‍ അല്ലായിരുന്നു. പിന്നെ സാമാന്യം വീതിയുള്ള റോഡും. 100 വിശ്വസിക്കേണ്ട പക്ഷേ 50 എന്നെ കൊന്നാലും സമ്മതിക്കൂല..ആളിപ്പോള്‍ ബാംഗ്ലൂരുണ്ട് ഒന്ന് പുറകെ ഇരുന്ന് പോയശേഷം മറുപടി പറഞ്ഞാല്‍ മതി.

അനൂപണ്ണോ: ശരി വീട്ടുകാരോടൊക്കെ പറഞ്ഞിട്ട് വന്നാല്‍ മതി.

സരിജ: ചാത്തനേറ് കണ്ട സ്ഥലം ഞാനൂഹിച്ചു. ഫസ്റ്റ് ഇമ്പ്രഷന്‍ നല്ല കലക്കനാണല്ലേ ..ഈശ്വരോ രക്ഷതു...:)

സജീവ് കടവനാട് said...

എങ്ങിനെ വീണാലും ചാത്തന്‍ മൂന്നുകാലില്‍ ;)

കുറ്റ്യാടിക്കാരന്‍|Suhair said...

ഹ്ഹൊ... ശ്വാസം വിട്ടു..

കുട്ടിച്ചാത്തന്‍ said...

കിനാവേ: ഭാഗ്യം നാലുകാലിലെന്ന് പറയാത്തത്.

കുറ്റ്യാടിക്കാരന്‍ : നന്നായി ഇനി ശ്വാസം ഉള്ളിലേയ്ക്ക് വലിച്ചോ.

ജയരാജന്‍ said...

കൊള്ളാമല്ലോ ചാത്താ (പറക്കലിനെയല്ല ഉദ്ദേശിച്ചത്, പോസ്റ്റിനെയാ :)). അരവിന്ദ്ജീയുടെ അല്ലറ ചില്ലറയില്‍ നിന്നുമാ ഇവിടെയെത്തിയേ;

അരുണ്‍ രാജ R. D said...

പറക്കുന്ന വ്യത്യാസം വായിച്ചപ്പോഴേ ഫീല്‍ ചെയ്തു...മനോഹരമായിരിക്കുന്നു..

രസികന്‍ said...

നിനക്ക്‌ വല്ലതും പറ്റിയോ?

ഇല്ലാ ഞാന്‍ ചുമ്മാ ഒന്ന് പറന്നു.

എന്നാ എന്റെ തലേടെ മുകളില്‍ നിന്ന് എണീക്കെടാ

ഹ ഹ .. നല്ല രസികന്‍ വിവരണം .
ചാത്തന്റെ പറക്കല്‍ നന്നായിരുന്നു .

സുമയ്യ said...

എന്താ ചാത്താ കുന്തമൊന്നും എടുത്തില്ലായിരുന്നോ...?

ഹി..ഹി..ഹി. ശെരിക്കും രസിച്ചൂട്ടൊ..

OAB/ഒഎബി said...

കഴിഞ്ഞ പ്രാവശ്യം ടിക്കറ്റെടുത്ത് പറന്നപ്പോള്‍ ഇപ്പ്രാവശ്യം ഓസിയില്‍ പറന്നു. ആദ്യമേ സുഹൃത്തിന്റെ തലയില്‍, വീണിട്ടും തലയില്‍ എന്ന് വെച്ചാ ന്താ ചെയ്യാ...അതിന്‍ ചാത്തന്‍ സേവ തന്നെ പഠിക്കണമെന്ന് ഇപ്പോള്‍ മനസ്സിലായി.

നന്ദി, വൈകിയാണെങ്കിലും.

പ്രയാസി said...

"ചുമ്മാ ബൈക്കില്‍ നിന്നു വീഴുന്നതും പറക്കുന്നതും തമ്മില്‍ ഒരുപാട്‌ വ്യത്യാസമുണ്ട്‌. അതു പറന്നാലേ അറിയൂ..."
അതെ ആ‍ പറക്കലിന്റെ സ്വൊഖം അനുഭവിച്ചാലേ അറിയൂ..പ്രയാസിയും പറന്നിട്ടുണ്ട്
നല്ല വിവരണം ചാത്താ..
ഓഫ്:പക്ഷേങ്കി ഒരു തംശം ചാത്താ.. ഇതെങനെ ഇത്ര ക്ര്യത്യമായി ലവന്റെ തലയില്‍ തന്നെ ലാന്‍ഡു ചെയ്തു..:)

കുട്ടിച്ചാത്തന്‍ said...

ജയരാജന്‍ ചേട്ടോ:നന്ദി വീണ്ടും വരിക.
അരുണ്‍ രാജ: നന്ദി, ഒന്നു പറന്നു നോക്കാന്‍ തോന്നുന്നുണ്ടോ?

രസികന്‍ ചേട്ടോ: നന്ദി വീണ്ടും വരിക.
സുമയ്യ ചേച്ചീ: നന്ദി കുന്തമില്ലാതാ പറക്കാറ്.

OAB: നന്ദി, ടിക്കറ്റില്ലാതെ പറക്കാന്‍ ഇത്തിരി ഭാഗ്യോം കൂടെ വേണം..
പ്രയാസി അണ്ണോ: നന്ദി. പിന്നെ ഓഫിനുള്ള മറുപടി സീക്രട്ടാ... മുഖം കുത്തി ചെളിയില്‍ വീഴുന്നതോ അതോ ആദ്യേ ചെളിയില്‍ പൂണ്ട് കിടക്കുന്ന സുഹൃത്തിന്റെ തലേല്‍ വീഴുന്നതോ നല്ലത് എന്ന് തീരുമാനിക്കാന്‍ അത്രേം സമയമൊന്നും വേണ്ട.

Kichu $ Chinnu | കിച്ചു $ ചിന്നു said...

ആദ്യ പറക്കല്‍ കലക്കി....
ഇതു പോലെ ചെലവന്മാര്‍ എന്റെ കോളേജിലും ഉണ്ടാര്‍ന്നു... എത്ര തിരക്കുണ്ടേളും 90കിമി മിനിമം പിടിക്കുനവന്മാര്‍.. എന്തോ ഭാഗ്യത്തിന്‍ പറക്കാനുള്ള അവസരം സിദ്ധിച്ചില്ല.. :)

അരുണ്‍ കരിമുട്ടം said...

ലുട്ടാപ്പിക്ക് കുന്തം.ചാത്തനു ബൈക്കുമോ?

കുട്ടിച്ചാത്തന്‍ said...

കിച്ചു &ചിന്നു , അരുണ്‍ നന്ദി,

പുതിയ പോസ്റ്റ് വായിച്ചിരിക്കുമല്ലോ “ അഞ്ചാം ക്ലാസും ഗുസ്തീം”...

ഏകാന്ത പഥികന്‍ said...

ചാത്തൻ ചേട്ടാ,
ഒറിജിനൽ ചാത്തനെ (പോത്തും കയറും) മുഖാമുഖം കണ്ട നിമിഷത്തെ ഈ ചാത്തൻ എത്ര നിസ്സാരമായാണ്‌ എഴുതിക്കളഞ്ഞത്‌? ശ്വാസമടക്കിപ്പിടിച്ചാണ്‌ വായിച്ചത്‌? എന്താണാവോ സംഭവിക്കാൻ പോവുന്നത്‌ എന്നായിരുന്നു മനസ്സുമുഴുവൻ. പിന്നെ ചാത്തൻ ആകാശത്ത്‌ തങ്ങിനിന്ന് കാഴ്ച്ചകൾ കാണുന്ന രംഗം വായിച്ചപ്പോൾ മാട്രിക്സ്‌ മൂവിയിൽ ആകാശത്ത്‌ തങ്ങിനിന്ന് വില്ലന്മാരെ ഇടിക്കുന്ന നിയോയെയാണ്‌ ഒ‍ാർമ്മവന്നത്‌... ഈ പോസ്റ്റ്‌ എനിക്ക്‌ ഒരുപാട്‌ ഇഷ്ടപ്പെട്ടു കേട്ടൊ...