Monday, January 14, 2008

ആ രാത്രിയില്‍ -1- അവസാനത്തെ ബസ്സ്‌

തിരുവനന്തപുരത്ത്‌ ജോലിയില്‍ ചേര്‍ന്നിട്ട്‌ അധികമായില്ല. പെന്‍ഷന്‍ പറ്റാറായ മൂന്ന് അമ്മാവന്മാരോടും സമപ്രായക്കാരനും സഹപ്രവര്‍ത്തകനുമായ കോളേജ്‌ സുഹൃത്തിനുമോടൊപ്പം താമസം. പ്രായം ചെന്നവരോടൊപ്പം താമസിക്കുകയാണെങ്കില്‍ തുമ്മുന്നതിനും മൂക്ക്‌ ചീറ്റുന്നതിനും വരെ ലൈസന്‍സ്‌ വേണ്ടി വരും എന്നാല്‍ ചാത്തന്റെ കൂട്ടുകാരന്‍ ആളൊരു പക്കാ മാന്യന്‍ ആയതോണ്ട്‌ അവനു മോളില്‍ അങ്ങനെ ഒരു ശാസനയും വേണ്ടി വരൂല. ചാത്തനും ഒരു പഞ്ചപാവമാണെന്ന് പറഞ്ഞ്‌ കൂടെ താമസസൗകര്യമൊരുക്കിയതിനാല്‍ ചാത്തനും അവന്‍ പറയുന്നപോലൊക്കെ അടങ്ങിയൊതുങ്ങിക്കഴിയുന്നു.

അമ്മാവന്മാരൊക്കെ പത്ത്‌ മണിയാവുമ്പോഴേക്ക്‌ ലോകകാര്യചര്‍ച്ചകള്‍ക്ക്‌ ശേഷം ഉറക്കമാവും, താക്കോല്‍ പുറത്ത്‌ വച്ചേക്കും ഞങ്ങളെടുത്ത്‌ അകത്ത്‌ കയറി ശബ്ദമുണ്ടാക്കാതെ അടുക്കളേല്‍ വച്ചിരിക്കുന്ന ഭക്ഷണോം തട്ടി കിടന്നുറങ്ങണം.

മറ്റ്‌ തലതിരിഞ്ഞ സ്വഭാവം ഒന്നുമില്ലെങ്കിലും ഇത്രേം തീയേറ്ററുകളുള്ള സ്ഥലത്ത്‌ വന്നിട്ട്‌ ഒരു സിനിമ കാണാതെങ്ങനാ. കൂട്ടുകാരനാണെല്‍ സിനിമയില്‍ യാതൊരു താല്‍പര്യവുമില്ല. ചാത്തന്റെ പണിയൊക്കെ ആറ്‌ ഏഴ്‌ മണിയാവുമ്പോഴേക്കും കഴിയുമെങ്കിലും ഒന്‍പത്‌ പത്ത്‌ മണിയാവാതെ കൂട്ടുകാരനു പുറത്തിറങ്ങാന്‍ പറ്റൂല. എന്നും ഒരുമിച്ചാണ്‌ വരവും പോക്കും, അതുകൊണ്ട്‌ അവനെ തനിച്ചാക്കി പോവാനും പറ്റൂല.

അങ്ങനെയിരിക്കെ കൂട്ടുകാരന്‍ നാട്ടില്‍പോയി ചാത്തന്‍ തനിച്ചായി. "മമ്മി" യൊക്കെ കണ്ട്‌ ത്രില്ലടിച്ചിരിക്കുന്ന ചാത്തനു കാണാന്‍ അതുമായി ബന്ധമുള്ള "സ്കോര്‍പ്പിയണ്‍ കിംഗ്‌" എന്ന പടം റിലീസായി. എന്നും പത്ത്‌ മണിയാവുമ്പോഴേ വീട്ടിലെത്തൂ എന്നതിനാല്‍ ഫസ്റ്റ്ഷോയ്ക്ക്‌ പോയാല്‍ ഓഫീസില്‍ നിന്ന് സ്ഥിരം വരുന്ന ടൈമാവുമ്പോഴേക്ക്‌ വീട്ടിലെത്താം. എന്നാല്‍പ്പിന്നെ പോയിക്കളയാം.

ഓഫീസില്‍ നിന്നിറങ്ങിയപ്പോള്‍ ഇത്തിരി വൈകി. ഓടിപ്പിടച്ചെത്തിയപ്പോഴേക്കും ഫസ്റ്റ്ഷോ തുടങ്ങി. തുടക്കം മുതല്‍ കാണാതെങ്ങനാ. ഇംഗ്ലീഷ്‌ പടമല്ലേ ഒന്നര മണിക്കൂറേ കാണൂ. സെക്കന്റ്‌ ഷോ ആയാലും അഡ്‌ജസ്റ്റ്‌ ചെയ്യാം, എന്നാലും ഒന്ന് വിളിച്ച്‌ പറഞ്ഞേക്കാം ഇന്ന് കുറച്ച്‌ വൈകുമെന്ന്. വിളിച്ച്‌ പറഞ്ഞ്‌ പുറത്തെല്ലാം കറങ്ങിത്തിരിഞ്ഞ്‌ ഒന്‍പത്‌ മണിയാവുമ്പോഴേക്കും "ന്യൂ" തീയേറ്ററിന്റെ മുന്‍പിലെത്തി. പടം തുടങ്ങുന്നത്‌ ഒന്‍പതരയ്ക്ക്‌.

ഫസ്റ്റ്‌ ഷോ കഴിഞ്ഞ്‌ ആളുകളു വരുന്നു, കൂടെ ഒരു സഹപ്രവര്‍ത്തകനും ഇവനിന്ന് നേരത്തേ മുങ്ങിയത്‌ പടം കാണാനായിരുന്നോ? ഛെ അറിഞ്ഞിരുന്നെങ്കില്‍ കൂടെ വരാമായിരുന്നു.

എങ്ങനുണ്ട്‌ പടം?
കൊള്ളാം.

ടിക്കറ്റിനുള്ള കാശൊക്കെ തപ്പിയെടുത്ത്‌ കൊടുത്ത്‌ കഴിഞ്ഞപ്പോള്‍ ബാക്കി വെറും പത്ത്‌ രൂപ!
ആഹ്‌ പോകട്ടെ.. നൈറ്റ്‌ സര്‍വീസ്‌ ബസ്സായാലും പത്തില്‍ താഴെയെവരൂ തിരിച്ചുള്ള ടിക്കറ്റ്‌. പിന്നെ അറ്റകൈക്ക്‌ ഒരു 500 രൂപാ നോട്ടുണ്ട്‌ ആദ്യായിട്ട്‌ കൈയ്യില്‍ കിട്ടിയപ്പോള്‍ എടുത്ത്‌ വച്ചത്‌.

പടം തുടങ്ങി, ഇഫക്ടുള്ള ഇംഗ്ലീഷ്‌ പടങ്ങളൊക്കെ തീയേറ്ററില്‍ കാണണമെന്ന് പറയുന്നതിതാ. കൊള്ളാം കാശു മുതലായി. സമയം പോയതറിഞ്ഞില്ല. ലാസ്റ്റ്‌ ബസ്സ്‌ 11:30നാണെന്നാ കേട്ടത്‌. ഇത്രേം സ്പീഡിലിറങ്ങി ഓടിയാല്‍ വല്ലോരുടെം പോക്കറ്റടിച്ചോണ്ട്‌ ഓടുന്നതാന്ന് തെറ്റിദ്ധരിക്കുമോ? സ്പീഡില്‍ നടന്നേക്കാം. ഒരു വളവ്‌ തിരിഞ്ഞപ്പോള്‍ വീണ്ടും ഓട്ടം. തമ്പാനൂരെത്തി. ലാസ്റ്റ്‌ ബസ്സെവിടെ? അതു പോയിട്ട്‌ 10 മിനിട്ടായി. 11:20നായിരുന്നുവത്രെ!. കിഴക്കേകോട്ട പോയി നോക്കാം വല്ല സിറ്റിബസ്സും ഉണ്ടെങ്കില്‍?

തമ്പാനൂരീന്ന് കിഴക്കേകോട്ടയിലെത്തി. ബസ്സ്‌ പോയിട്ട്‌ ബസ്സിന്റെ പൂടയായി ഒരു ആട്ടോ പോലുമില്ല! ഒരു സൈഡില്‍ കിടന്നുറങ്ങുന്ന പത്മനാഭ ഭഗവാനുണ്ട്‌, പാവം ഉറങ്ങിക്കാണും ഈ സമയത്ത്‌ വിളിച്ച്‌ ശല്യപ്പെടുത്തണോ? അല്ലെങ്കില്‍ തന്നെ പുള്ളിക്കാരന്‍ 24 മണിക്കൂറും കിടപ്പല്ലേ ഒന്ന് വിളിച്ച്‌ നോക്കിയാല്‍ വല്ല ആട്ടോക്കാരന്റെം രൂപത്തില്‍ വന്നേക്കുമോ?

കുറച്ച്‌ സമയം ക്ഷമിച്ച്‌ നോക്കി നോ രക്ഷ ഇന്ന് തിരക്ക്‌ കൂടുതലായതിനാല്‍ പുള്ളിക്കാരന്‍ നല്ല ഉറക്കത്തിലാവും. ചിന്തകള്‍ കാട്‌ കയറി. പത്ത്‌ രൂപയ്ക്ക്‌ ആട്ടോക്കാശ്‌ തികയില്ല. പിന്നെയുള്ള 500ന്റെ നോട്ടെടുത്ത്‌ നീട്ടിയാല്‍ ആട്ടോക്കാരന്‍ നമ്മളെ ചുമ്മാ ഒരു സ്പാനറുകൊണ്ട്‌ ഞോണ്ടി കാശും അടിച്ച്‌ പോവുമോ?

അടുത്തുള്ള ഭഗവാന്‍ കണ്ണുതുറക്കാത്ത സ്ഥിതിയ്ക്ക്‌ ഇനി ബാക്കി ഓരോരുത്തരെയായി വിളിച്ച്‌ നോക്കാം. അധികം വിളിക്കേണ്ടി വന്നില്ല.ശ്രീപരമേശ്വരനെ സ്മരിച്ചമാത്രയില്‍ അദ്ദേഹത്തിന്റെ പര്യായം ഓര്‍മ്മ വന്നു. നടരാജാ അതുതന്നെ വഴി. കിഴക്കേകോട്ടമുതല്‍ അമ്പലമുക്ക്‌ വരെ എത്രദൂരം കാണും? അതിനടുത്ത സ്റ്റോപ്പായ പേരൂര്‍ക്കട സിറ്റി ലിമിറ്റിന്റെ അവസാനമാണെന്നറിയാം. എന്തായാലും ഇവിടെ അസമയത്ത്‌ തനിച്ച്‌ കറങ്ങി നടക്കുന്നതിലും നല്ലത്‌ സ്വന്തം കാലുകളെ വിശ്വസിക്കുന്നതാണ്‌. ആയുര്‍വേദകോളേജ്‌, സ്റ്റാച്യൂ , പാളയം കഴിഞ്ഞപ്പോള്‍ ആകെ ഇരുട്ട്‌.

ആരോ പിന്നാലെ വരുന്നുണ്ടോ? കയ്യിലുള്ള പൊട്ടവാച്ചും 500 രൂപയുമാണ്‌ അതാര്‍ക്കെങ്കിലും വേണ്ടി വരുമോ? ഉണ്ട്‌ ഉണ്ട്‌ തിരിഞ്ഞ്‌ നോക്കി പേടിച്ചരണ്ട ഇരയുടെ മുഖം കണ്ടാല്‍ വേട്ടക്കാരനു ക്രൗര്യം കൂടും. തിരിഞ്ഞ്‌ നോക്കേണ്ട. വേഗത താനേ കൂടുന്നു. ദൂരെ ഏതോ തട്ടുകടയ്ക്കാരന്‍ വണ്ടീം കൊണ്ട്‌ പോകുന്നത്‌ പോലെ, അവിടെ വരെ ഓടിയാലോ. രണ്ടാമതൊന്ന് ചിന്തിച്ചില്ല. ഓടി. പിന്നാലെയുള്ള പാദപതനങ്ങളുടെ വേഗത കൂടും പോലെ. ദൈവമേ കാത്തോളണേ...

വാല്‍ക്കഷ്ണം:
2008 ലെ ആദ്യപോസ്റ്റ്, ഒത്തിരി എഴുതാനുള്ളതോണ്ട് മൂന്ന് പോസ്റ്റാക്കുന്നു. ബാക്കീ പിന്നെ വരും...
500 രൂപ ചില്ലറയാക്കാത്തത് പിശുക്ക് കാരണമാണെന്നുള്ള വാദത്തിന് മുന്‍‌കൂര്‍ ജാ‍മ്യം...

27 comments:

കുട്ടിച്ചാത്തന്‍ said...

ഒരു ഹൊറര്‍ പോസ്റ്റ് ,2008 ലെ ചാത്തന്റെ ആദ്യപോസ്റ്റ്. കല്യാണം കഴിഞ്ഞപ്പോള്‍ ജീവിതം കോമഡി വിട്ട് ഹൊറര്‍ ആയി എന്ന് ഇതിനര്‍ത്ഥമില്ലാട്ടോ ;)

ശ്രീ said...

ഹ ഹ...

ചാത്താ...

ഹൊറര്‍‌ കഥയ്ക്ക് ആദ്യത്തെ തേങ്ങ ദാ പിടിച്ചോ...

“ഠോ!”

ബാക്കി കൂടി എഴുതൂ... സൂപ്പര്‍‌ വിവരണം.

“ഒരു സൈഡില്‍ കിടന്നുറങ്ങുന്ന പത്മനാഭ ഭഗവാനുണ്ട്‌, പാവം ഉറങ്ങിക്കാണും ഈ സമയത്ത്‌ വിളിച്ച്‌ ശല്യപ്പെടുത്തണോ? അല്ലെങ്കില്‍ തന്നെ പുള്ളിക്കാരന്‍ 24 മണിക്കൂറും കിടപ്പല്ലേ ഒന്ന് വിളിച്ച്‌ നോക്കിയാല്‍ വല്ല ആട്ടോക്കാരന്റെം രൂപത്തില്‍ വന്നേക്കുമോ?”

ഇടയ്ക്കു പതിവു പോലെ ചിരിപ്പിച്ചു. :)

ന്റമ്മോ! എന്താ ഒരു ശബ്ദം? ഞാന്‍‌ പോയിട്ടു അടുത്ത പോസ്റ്റിനു വരാം.
;)

G.MANU said...

പാവം ഉറങ്ങിക്കാണും ഈ സമയത്ത്‌ വിളിച്ച്‌ ശല്യപ്പെടുത്തണോ?

hahah...........adutha episode poratate

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പിന്നെയുള്ള 500ന്റെ നോട്ടെടുത്ത്‌ നീട്ടിയാല്‍ ആട്ടോക്കാരന്‍ നമ്മളെ ചുമ്മാ ഒരു സ്പാനറുകൊണ്ട്‌ ഞോണ്ടി കാശും അടിച്ച്‌ പോവുമോ?


ha ha ha kollaam. aduthath vegam poratte.

RR said...

ബാക്കി വരട്ടെ! വാല്‍കഷ്ണം ആയപ്പോഴേക്കും ഒരു പൂജ്യം കൂടിയോ?

ഹരിത് said...

ചാത്തന്റെ പിറകില്‍ മറുതയോ? അതോ മാടനോ? ദൈവമേ ചാത്തനെ കാത്തുകൊള്ളേണമേ.....

എന്നിട്ടു പിന്നെ എന്തു സംഭവിച്ചു????!!!!!!

അരവിന്ദ് :: aravind said...

ഓ..സമ്മതിച്ചെഡോ ചാത്താ..നിനക്ക് അഞ്ഞൂറിന്റെ നോട്ട് ഉണ്ട്...നമ്മളൊക്കെ പാവങ്ങള്‍! ;-)
സമയം കളയാതെ ബാക്കി പറ ചാത്തങ്കുട്ടീ..ചിത്തം മൊത്തം ഉദ്വേഗഭരിതമാകുന്നു:-)

(അമ്പത് രൂപ അഞ്ഞൂറ് ആക്കിയത് പോട്ടെ...കണ്ട സിനിമയുടെ പേര് സ്കോര്‍പ്പിയോണ്‍ കിംഗ് ആണത്രേ! ഉം ഉം...)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഹഹഹ സമ്മതിച്ചൂ മാഷെ...മാഷിനു 500 രൂപയുണ്ട്
എന്നാ പിന്നെ അടുത്തത് പോരട്ടെ...
ദൈവമേ ചാത്തനെ കാത്തുകൊള്ളേണമേ.....

അലി said...

ഈശ്വരാ...
കുട്ടിച്ചാത്തനെ പിന്തുടരുന്ന ഇവനാര്?

സാജന്‍| SAJAN said...

ചാത്തനെയേറ്:
കുറുന്തോട്ടിക്കും വാതമോ, ചങ്ങലക്കും ഭ്രാന്തോ?
ചാത്തന്റെ പിറകിലും ബാധയോ?
എന്തൊക്കെ കാണണം ഒരു പോസ്റ്റ് അവസാനിക്കുവാന്‍, ഈശ്ശ്ശ്വരാ‍ാ‍ാ‍ാ:)
ടേയ് ചാത്താ ഇതൊന്ന് , വേഗം അവസാനിപ്പിക്കേടേ മനുഷ്യരെ ഇങ്ങനെ ഉദ്വേഗത്തിന്റെ മൊട്ടുസൂചി പുറത്ത് നിര്‍ത്താതെ
പിന്നെ ആദ്യത്തെ കമന്റില്‍ കൊടുത്ത ഡിസ്ക്ലെയിമര്‍ ഇഷ്ടപ്പെട്ടു, അല്ലെങ്കില്‍ വിവാഹ ജീവിതത്തെ പറ്റി പാവം ബാച്ചികള്‍ തെറ്റിദ്ധരിച്ചേനേ, പണ്ട് ചാത്തന്‍ ധരിച്ചത് പോലെ:)

കുട്ടിച്ചാത്തന്‍ said...

ശ്രീ: “ഇടയ്ക്കു പതിവു പോലെ ചിരിപ്പിച്ചു” അതേ ഇനി വേറൊരു ചിരി കേള്‍പ്പിക്കാം ഒരു പ്രേതച്ചിരി.

മനുച്ചേട്ടോ: അതാ ഈ പോസ്റ്റിലാകെ ആസ്വദിച്ചെഴുതിയ ഭാഗം.

പ്രിയച്ചേച്ചീ: ആ ‘ഞോണ്ടി‘ എന്ന വാക്ക് എന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്റെ അടുത്തൂന്ന് അടിച്ച് മാറ്റിയതാ.
RR : തിരുത്തി നന്ദി.

ഹരിത്: ഒന്നും സംഭവിക്കൂലാന്ന് ഒറപ്പല്ലേ.
ആദ്യായല്ലേ ഈ വഴി നന്ദി ;)

അരവിന്ദേട്ടോ: സെക്കന്റ് ഷോയ്ക്ക് പിന്നെ ???? ;)

സജിച്ചേട്ടോ: ആദ്യായല്ലേ ഈ വഴി നന്ദി

അലീക്കോ: ഇവനെന്ന് ഒറപ്പിച്ചാ?
സാജന്‍‌ചേട്ടോ: പിന്നേ ടൌണിന്റെ നടൂലല്ലേ ബാധ.

Anonymous said...

ബാച്ചിയായിരിക്കുമ്പോള്‍ തമാശെഴുതി നടന്ന പയ്യന്‍ കല്ല്യാണം കഴിഞ്ഞ് ഒരു മാസം തികയുന്നതിനു മുന്നേ പ്രേതകഥ എഴുതാന്‍ തുടങ്ങി. ശിവ ശിവ!!

Murali K Menon said...

എന്തായാലും പിന്തുടര്‍ന്നത് റിപ്പറല്ലെന്ന് ബോദ്ധ്യമായി. അല്ലെങ്കില്‍ തുടരന്‍ എഴുതാന്‍ കുട്ടിച്ചാത്തനുണ്ടാവില്ലായിരുന്നല്ലോ.. മനുഷ്യനെ പേടിപ്പിക്കാന്‍ ഓരോ കാര്യങ്ങളേ.. എന്തായാലും വരട്ടെ അടുത്തത്.

കൊച്ചുമുതലാളി said...

ചാത്തനും പേടിയോ?? നോ.. നെവര്‍...

ബാക്കി കൂടി പോസ്റ്റ്ന്നേ..

:)

പപ്പൂസ് said...

പേടിച്ചരണ്ട ഇരയുടെ മുഖം കണ്ടാല്‍ വേട്ടക്കാരനു ക്രൗര്യം കൂടും:- കലക്കി!

തന്നെ തന്നെ... ചാത്തന്റെ മുഖം കണ്ട് രണ്ടു മുന്‍കൂര്‍ ജാമ്യങ്ങളും ബൂലോക ജൂറി തള്ളി! 500ന്റെ ചില്ലറയും ജീവിതത്തിലെ ഹൊറര്‍ ഏടുകളും! :)

ദിലീപ് വിശ്വനാഥ് said...

ചാത്താ... ആ കുന്തം കൂടെ കൊണ്ടു നടക്കണ്ടേ.. അപ്പോള്‍ സെക്കന്റ് ഷോ കഴിഞ്ഞാല്‍ അതില്‍ വീട്ടില്‍ പൊയ്ക്കൂടെ...
എന്തരായാലും ഞാന്‍ കവടി‌‌യാര്‍ കാത്തു നില്‍ക്കാം..

ശ്രീലാല്‍ said...

പ്രേതമോ.. ഹേയ്, നോ പ്രോബ്ലം. ധൈര്യം സംഭരിച്ച് അങ്ങ്‌ഡ് ഓടാ..

പ്രയാസി said...

"ചാത്തന്റെ പണിയൊക്കെ ആറ്‌ ഏഴ്‌ മണിയാവുമ്പോഴേക്കും കഴിയുമെങ്കിലും"
ഉവ്വാ..!

“കറങ്ങിത്തിരിഞ്ഞ്‌ ഒന്‍പത്‌ മണിയാവുമ്പോഴേക്കും "ന്യൂ" തീയേറ്ററിന്റെ മുന്‍പിലെത്തി.“
സ്കോര്‍പ്പിയന്‍ കിംഗ് കാണാനെ..! ഉവ്വവ്വ..!

“ആ രാത്രിയില്‍“ ആദ്യ രാത്രിയിലെന്നാ വായിച്ചത്..ആവേശത്തില്‍ ഓടി വന്നതാ..പറ്റിച്ച്..;)

കുട്ടിച്ചാത്തന്‍ said...

ഗുപ്തന്‍‌ചേട്ടോ: ആദ്യ കമന്റ് ഡിസ്കൈമളേട്ടനെ കണ്ടില്ലേ.
മുരളിച്ചേട്ടോ: റിപ്പറൊക്കെ പുല്ലാണ് തട്ടിക്കളയല്ലേ ഉള്ളൂ കാശടിച്ച് മാറ്റൂലല്ലോ ;)

കൊച്ച് മൊതലാളീ: പേടിയോ എനിക്കോ നെവര്‍...

പപ്പൂസ് ചേട്ടായീ: എന്റെ മുഖം കണ്ടിട്ടുണ്ടോ ..അപ്പീലിനു പോയിട്ടൊണ്ട്.

വാല്‍മീകിച്ചേട്ടോ: കവടിയാറ് അതിനു ‘സൂ‘ വില്ലാലോ. അതങ്ങ് മ്യൂസിയത്തിനടുത്ത്. പിന്നെ ആ ആല്‍മരത്തിന്റെ മോളിലാണോ?

ശ്രീലാലേ: ഓടാന്‍ ധൈര്യമേ വേണ്ടാ
പ്രയാസിച്ചേട്ടോ: ആ രാത്രിക്ക് പകരം പതിനൊന്നരയ്ക്കുള്ള ബസ്സ് എന്നിട്ടാല്‍ മതിയായിരുന്നു അല്ലേ?

ഇടിവാള്‍ said...

ആ ഡിസ്ക്ലെയ്മര്‍ കമന്റ് ഞാനങ്ങോട്ട് ചോദിക്കാന്‍ വരുവായിരുന്നു! ;)


തുടരൂ

Sherlock said...

ചാത്തോ, അപ്പ കുന്തം എടുക്കാന് മറന്നോ? :)

പുട്ടാലു said...

എന്നെ കടത്തിവെട്ടുന്ന ചാത്തനോ
അഹ...........

ഏ.ആര്‍. നജീം said...

ശോ, ചില വാരികകളില്‍ തുടര്‍ക്കഥകള്‍ എഴുതുന്നത് പോലായല്ലോ..ഇനിയിപ്പോ ഇതിന്റെ ബാക്കി ഒന്നറിയാന്‍ എത്ര ദിവസം കാത്തിരിക്കണോ ആവോ...

വായിച്ചു തീര്‍ന്നതറിഞ്ഞില്ല...

ഉപാസന || Upasana said...

ചാത്തന്‍ ഈ ചതി ചെയ്യുമെന്ന് ഞാന്‍ കരുതിയില്ല.
എന്റെ അടുത്ത പോസ്റ്റും ഒരു ഹൊറര്‍ ആണ്. :( അത് ഇട്ടു കഴിഞ്ഞു..!

നല്ല വിവരണം ഭായ്.
ഭഗവാനെ ഇടപെടുത്തി വേഗം രക്ഷപ്പെടാന്‍ നോക്ക് ചാത്ത. പിന്നെ പിന്നാലെ വരുന്നത് വൈഫ് അല്ലല്ലോ അല്ലേ..?
:)
എന്നും സ്നേഹത്തോടെ
ഉപാസന

ഓ. ടോ: അപ്പോ തിരുവനന്തപുരത്തേക്ക് മാറിയോ. ബാംഗ്ലൂര്‍ ന്ന്..?

Eccentric said...

അഞ്ഞൂറിന്റെ നോട്ടെ!!!! ആയിക്കോട്ടെ...
നന്നായിരിക്കുന്നു...എന്നിട്ട് പിന്നെ എന്തായി???

കുട്ടിച്ചാത്തന്‍ said...

വാളേട്ടോ: അത് നുമ്മ മാനത്ത് കണ്ടു.
ജിഹേഷ്: തീയേറ്ററില്‍ കുന്തം കടത്തിവിടൂല.

പുട്ടാലു അമ്മാവോ: ഇത് വെറും കുട്ടിച്ചാത്തനാണേ.
നജീമിക്കോ: രണ്ടാം ഭാഗം അടുത്ത ആഴ്ച.

ഉപാസനേ: ഇതൊരു പഴയ കഥയാ.
Eccentric: ബാക്കി തുടരും....
നന്ദി എല്ലാവര്‍ക്കും

കുതിരവട്ടന്‍ | kuthiravattan said...

:-)