തുടര്‍ച്ച--ഒരു യാത്രയില്‍ നിന്ന്
അവസാന ഭാഗം
വണ്ടി കൂടുതല്‍ വേഗത്തില്‍ കുതിച്ച് പാഞ്ഞു കൊണ്ടിരിക്കുന്നു.എല്ലാ സ്റ്റേഷനുകളിലും കൃത്യസമയത്ത് എത്തുന്നു. ഇനിയിപ്പോള്‍ ഇന്ത്യാചരിത്രത്തിലാദ്യമായി സമയത്തിനു മുന്‍പ് ഡല്‍ഹിയിലെത്തി ഇത് റെക്കോഡ് സൃഷ്ടിക്കുമോ?
ഒരുവിധം ലേറ്റായാലും വൈകീട്ട് ഒരു നാലു മണിക്ക് ഡല്‍ഹിയിലെത്തിയാല്‍ 5:15 നുള്ള ചണ്ഡീഗഡ് ട്രെയിനില്‍ കയറിപ്പറ്റാന്‍ സാധിക്കുമെന്നാണ് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍. ഇതിങ്ങനെ അമിത വേഗത്തില്‍ പോയാല്‍ ഒരുമണിക്കൂര്‍ ഡല്‍ഹിയില്‍ കറങ്ങാനും കൂടി അവസരം ലഭിക്കുമെന്നാ തോന്നുന്നേ.
മനോഗതങ്ങള്‍ വാക്കുകളായപ്പോള്‍ കൂടെയുള്ള ചേട്ടന് ചിരിച്ചു ഇതിപ്പോ മഞ്ഞുള്ള സമയമാ, ഈ വേഗതയൊന്നും ഡല്‍ഹിക്കടുത്തെത്തിയാല്‍ കാണില്ല. ഒരു 4:45നു എങ്കിലും എത്തിക്കിട്ടിയാല്‍ നിങ്ങള്‍ക്ക് വിചാരിച്ചപോലെ പോവാം.
പിന്നേ ചേട്ടന്റെ ഒരു പുളു. മഞ്ഞു പോയിട്ട് ഒരു കുഞ്ഞിനെപ്പോലും കാണാനില്ല. ചണ്ഡീഗഡില്‍ തണുപ്പാണെന്നും പറഞ്ഞ് വാങ്ങിയ സ്വറ്റര്‍ പോലും വെറുതെയാവുമെന്നാ തോന്നണേ. കയ്യൊറ വാങ്ങണമെന്ന് പറഞ്ഞിരുന്നു അതു മറന്നുപോയി. അതൊക്കെ ബൈക്കോടിക്കുന്നവര്‍ക്കല്ലേ വേണ്ടൂ, വേണമെങ്കില്‍ അവിടെ ചെന്നിട്ടു വാങ്ങാം എന്നാ വിചാരിച്ചേ. ഇനി ഇപ്പോള്‍ അതും വേണമെന്ന് തോന്നുന്നില്ല.
എല്ലാം കീഴ്മേല്‍ മറഞ്ഞത് പെട്ടന്നായിരുന്നു. മുതുനെല്ലിക്കയ്ക്ക് ഇപ്പോഴും ആദ്യം കയ്പ് തന്നെ. പുറത്ത് നോക്കിയിട്ടൊന്നും കാണാന്‍ വയ്യ, ഇത് നട്ടുച്ചയോ സന്ധ്യയോ! തീവണ്ടി ഒച്ചിന്റെ വേഗത്തിലായി. മഞ്ഞായാലും പാളം അവിടെത്തന്നെ കാണില്ലേ ഇവന്മാര്ക്കു കുറച്ചു വേഗത്തില്‍ പോയ്ക്കൂടെ. എ.സി യ്ക്കകത്തെ തണുപ്പിന് പുറത്തെ തണുപ്പിനേക്കാള്‍ ചൂട് കൂടുതലുണ്ടെന്ന് തോന്നിത്തുടങ്ങി.
ഇത്രവേഗം സ്വറ്ററിടാനോ ഛായ്. അതും നാട്ടില്‍ മഞ്ഞുകാലത്ത് ഊട്ടീലെ പോലത്തെ കാലാവസ്ഥയാണെന്ന് അവകാശപ്പെടുന്ന ചാത്തനോ. നെവര്‍..
നാലു മണിയും കഴിഞ്ഞു. ഗണപതിക്കു കുറിക്കുന്നതു തന്നെ കാക്ക കൊണ്ടുപോകുന്നോ! ഒരുചെറിയ പരിഭ്രമം ഞങ്ങള്‍ക്കു ചൂടു പകരുന്നു.
ആ വണ്ടി കിട്ടീലെങ്കില്‍ സാരമില്ലാ കുറച്ച് സമയം കൂടുതലെടുക്കും എന്നേയുള്ളൂ നിങ്ങള്‍ക്ക് ചണ്ഡീഗഡിലേക്ക് ഒരുപാട് ബസ്സ് കിട്ടും. സിംലയ്ക്ക് പോകുന്നതും അല്ലാത്തതുമായി, പ്രൈവറ്റും ഗവണ്മെന്റ് ബസ്സുകളും ഉണ്ട്. ചേട്ടന് ആശ്വസിപ്പിച്ചു.
നാലേകാലു കഴിഞ്ഞു, നാലര കഴിഞ്ഞു നാലു മുക്കാലും കഴിഞ്ഞു. പെട്ടീം ബാഗുമൊക്കെയായി ഞങ്ങള്‍ വാതിലിനടുത്തെത്തി. നിര്‍ത്തിയാലുടനെ ചാടണം ഒരാള്‍ പോയി അടുത്ത വണ്ടിക്കുള്ള ടിക്കറ്റെടുത്ത് വരിക, മറ്റേയാള്‍ പ്ലാറ്റ്ഫോമില്‍ സാധനങ്ങള്‍ക്ക് കാവല്‍ നില്ക്കുക.സ്വാഭാവികമായും ലോകപരിചയം കുറവുള്ള കൂട്ടുകാരനെ ടിക്കറ്റെടുക്കാന്‍ പറഞ്ഞയക്കുകയും തണ്ടും തടിയും തന്റേടവും കൂടുതലുള്ള ചാത്തന് കാവല്‍ നില്‍ക്കുകയും ചെയ്യുന്നതായിരിക്കുമല്ലോ ഉചിതം.
മണി അഞ്ച് കഴിഞ്ഞു!!!
കിതച്ചും വലിച്ചും മൃതപ്രായനായ ട്രെയിന്‍ അന്ത്യശ്വാസം വിട്ടു.
കൂട്ടുകാരന് ചാടിയോടി.
ഭാഗ്യം ഒറ്റയ്ക്ക് നില്‍ക്കേണ്ടി വന്നില്ല. കൂട്ടത്തിലുണ്ടായിരുന്ന കുടുംബം വല്യേച്ചിയുടെ ഭര്‍ത്താവ് കാറുമായി വരുന്നതു വരെ ചാത്തനോടൊപ്പം അതേ പ്ലാറ്റ് ഫോമില്‍ നില്‍ക്കാമെന്ന് സമ്മതിച്ചു. ഞങ്ങള്‍ക്ക് പോകേണ്ട ട്രെയിന്‍ അടുത്ത പ്ലാറ്റ് ഫോമില്‍ ചാത്തനെ നോക്കി പല്ലിളിച്ചോണ്ട് നില്‍ക്കുന്നത് ചേട്ടന് ചൂണ്ടിക്കാട്ടി.
അഞ്ചേ കാലിനാണു ട്രെയിന്‍. ഇവനെവിടെപ്പോയിക്കിടക്കുന്നു. ദേ വരുന്നുണ്ട്.ചാത്തന് ഒറ്റയ്ക്ക് തന്നെ എല്ലാം വലിച്ച് മറ്റേ പ്ലാറ്റ്ഫോമിലേക്ക് നീങ്ങാനൊരുങ്ങി.
ടിക്കറ്റ് കിട്ടീല, എന്റെ തൊട്ട് മുന്നിലുണ്ടായിരുന്ന ആള്‍ക്ക് വരെ കിട്ടി. ട്രെയിന്‍ പുറപ്പെടാറായതോണ്ട് അവരു പെട്ടന്ന് കൗണ്ടര്‍ ക്ലോസ് ചെയ്തു. ഹോ ഭാഗ്യദേവത തലയ്ക്ക് മുകളീന്ന് വിട്ട് പോവുകയേ ഇല്ലാന്നാണ്.
നിങ്ങള്‍ക്ക് വേണേല്‍ ട്രെയിനില്‍ കയറാം ടിടിയോട് ടിക്കറ്റ് വാങ്ങിയാല്‍ മതി, ചേട്ടന്റെ വഹ ഉപദേശം രണ്ട് പേരും ഒറ്റശ്വാസത്തില്‍ നിഷേധിച്ചു. ഇനി ആ ഒരു പരീക്ഷണത്തിനു വയ്യേ.രണ്ടാളുടെം ഭാഗ്യം കത്തി നില്ക്കുന്ന ടൈമാ, അങ്ങനെ കള്ളവണ്ടി കയറിയാല്‍ അത് എവിടെച്ചെന്നവസാനിക്കുമെന്ന് രണ്ടാള്‍ക്കും ഏകദേശം ഉറപ്പായിരുന്നു.
എന്നാല്‍പ്പിന്നെ സ്റ്റേഷന്റെ പുറത്ത് നിന്ന് തന്നെ സിംലയിലേക്കുള്ള പ്രൈവറ്റ് ബസ്സിലേക്കുള്ള ടിക്കറ്റ് കിട്ടും വഴിക്ക് ചണ്ഡീഗഡ് ഇറങ്ങാം.അല്ലാന്നു വച്ചാല്‍ ഗവണ്മെന്റ് ബസ്സ്റ്റാന്‍ഡിലേക്ക് ഒരു ഓട്ടോ പിടിച്ചാല്‍ മതി. അരമണിക്കൂര്‍ ഇടവിട്ടെങ്കിലും ബസ്സ് കാണും.
സ്റ്റേഷനു പുറത്തെത്തി. വല്യേട്ടന് കാറുമായെത്തി. അപ്പോള്‍ വിട. അവസാന നിമിഷവും ചാത്തന് പ്രതീക്ഷിച്ചു. നിങ്ങള്‍ക്ക് വേണേല്‍ ഗവണ്മെന്റ് ബസ്സ് സ്റ്റാന്‍ഡില്‍ ഇറക്കിവിടാം എന്ന് ചേട്ടനോ വല്യേച്ചിയോ പറയുമെന്ന്. എബടെ, സമയം ഇരുളുന്നു അവര്‍ക്കും കൂട്ടിലെത്തേണ്ടേ.
ഇനി ഇപ്പോള്‍ ഡല്‍ഹിയിലെ ഓട്ടോക്കാരുടെ സഹൃദയത്വവും സത്യസന്ധതയും പരീക്ഷിക്കണോ? ഉത്തരമലബാറുകാര്‍ എന്ന നിലയില്‍ സര്‍ക്കാര്‍ ശകടം വേണ്ടാന്നു വച്ചാല്‍ ഓട്ടോ വേണ്ട. കൂടാതെ വഴിച്ചെലവു കമ്പനിയാ തരുന്നത് പിന്നെ ഇത്തിരി കൂടുതലായലെന്താ?
ഒന്നു രണ്ട് സ്ഥലങ്ങളില്‍ അന്വേഷിച്ച ശേഷം ഞങ്ങള്‍ ഒരു ട്രാവല്‍ ഏജന്‍സി തെരഞ്ഞെടുത്തു.ടിക്കറ്റ് എടുക്കുന്നതിനു മുന്‍പ് ചാത്തനെ ബാഗുകള്‍ക്ക് അടയിരിക്കാന്‍ വിട്ടിട്ട് കൂട്ടുകാരന് നാട്ടിലേക്കും ചണ്ഡീഗഡില്‍ ഞങ്ങളെ കാത്തിരുന്നേക്കാവുന്ന സഹപ്രവര്‍ത്തകരെയും അതുവരേയുള്ള വിവരങ്ങള്‍ അറിയിക്കാന്‍ പോയി. 8 മണിക്കാണെന്ന് പറഞ്ഞ ബസ്സിനുവേണ്ടി ടിക്കറ്റ് എടുക്കാന്‍ ഏജന്സിക്കാരന് ചാത്തനെ നിര്‍ബന്ധിച്ച് തുടങ്ങിയപ്പോള്‍ ഹിന്ദി എന്നത് ചാത്തനു കേട്ട് കേള്‍വി പോലുമില്ലാത്ത ഭാഷയാണെന്നും ഇംഗ്ലീഷും തഥൈവ ആണ് എന്ന തരത്തില്‍ ചാത്തന് പൊട്ടന് കളിച്ചു.(എത്ര സ്വാഭാവികമായ അഭിനയം ആ ഭരത് അവാര്‍ഡ് ഇങ്ങ് പോരട്ടേ)
കൂട്ടുകാരന് തിരിച്ചെത്തിയപ്പോള്‍ ചുവന്ന മലയാളത്തില്‍ കാര്യങ്ങളുടെ കിടപ്പ് വിശദീകരിച്ചു. എന്തോ സ്പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ട്. ടിക്കറ്റ് എടുക്കുന്നതിനു മുന്‍പ് ബസ് കാണണമെന്ന് പറയാനാവശ്യപ്പെട്ടു. അതുവരെ ബസ് ഏജന്‍സിയുടെ വാതില്ക്കല് വന്ന് ഞങ്ങളെ കൂട്ടിക്കൊണ്ട് പോകും എന്ന് പറഞ്ഞവര്‍ നിറം മാറുന്നു. ബസ് എന്തോ ട്രാഫിക് ബ്ലോക്ക് കാരണം അവിടെ വരില്ലെന്നും ഇത്തിരി മാറിയുള്ള അവരുടെ മറ്റൊരു ഓഫീസു വരെ അവരു തന്നെ കൊണ്ടുവിടാം അവിടെ ബസ് ഉണ്ടെന്നും പറഞ്ഞു.
വഴി പറഞ്ഞു തന്നാല്‍ മതീന്നും ഞങ്ങള്‍ ഭക്ഷണം കഴിച്ച ശേഷം അവിടെ സ്വയം വഴി കണ്ടുപിടിച്ച് എത്തിക്കോളാമെന്നും ടിക്കറ്റ് അവിടുന്നെടുത്തോളാമെന്നും ഞങ്ങള്‍ വാശിപിടിച്ചു. അവര്‍ക്ക് സമ്മതിക്കേണ്ടിവന്നു. പക്ഷേ അവര്‍ ഒരു വഴികാട്ടിയെ കൂടെ അയച്ചു. അത്യാവശ്യം വന്നാല്‍ വഴികാട്ടി അശുവിനെ(അര്‍ത്ഥം അറിയാലോ) ഞങ്ങള്‍ രണ്ടാള്‍ക്കും കൂടി കൈകാര്യം ചെയ്യാവുന്നതേയുള്ളൂ എന്ന് മനസ്സിലാക്കിയ ഞങ്ങള്‍ അവന്റെ പിന്നാലെ ഗമിച്ചു. ഓഫീസ് കാണിച്ച് തന്ന അശുവിനെ ഞങ്ങള്‍ ഭക്ഷണം കഴിഞ്ഞ് അവിടെപ്പോയിക്കോളാം എന്ന് പറഞ്ഞ് ഓടിച്ചു വിട്ടു.
അവിടെ ഇഷ്ടം പോലെ പ്രൈവറ്റ് ബസ്സുകള്‍ കിടക്കുന്നു.പ്രാഥമിക അന്വേഷണത്തില്‍ നിന്നു തന്നെ ചില സത്യങ്ങള്‍ വെളിവായി. ചണ്ഡീഗഡ് യാത്രക്കാര്‍ക്ക് വല്യ ഡിമാന്റൊന്നുമില്ല. ഏത് ബസ്സായാലും ഞങ്ങള്‍ക്ക് കിട്ടാന്‍ പോകുന്നത് മുന്നിലുള്ള കാബിന് സീറ്റോ ഏറ്റവും പിന്നിലുള്ള വിവിഐപി സീറ്റോ ആണ്. കൂടാതെ എല്ലാ ബസ്സും ഡല്‍ഹി വിടുമ്പോള്‍ വൈകും, കാരണം മിക്ക വണ്ടിയും സിംലയ്ക്ക് രാവിലെ എത്തുന്ന തരത്തിലാണ്, അപ്പോള്‍ പകുതി വഴിക്കുള്ള ചണ്ഡീഗഡില്‍ എവിടെയെങ്കിലും അവരു ഞങ്ങളെ നട്ടപ്പാതിരാക്കുശേഷം ഇറക്കിവിടും.
ഈശ്വരാ പരീക്ഷിച്ചതു മതിയായില്ലേ?
അരമണിക്കൂര്‍ അരമണിക്കൂര്‍ ഇടവിട്ട് സര്‍ക്കാരു വണ്ടിയില്ലേ ഇനി അതിലു പോണം അല്ലേല്‍ ഇന്ന് ഡല്‍ഹിയില്‍ താമസിച്ച് നാളെ രാവിലെ പോവണം. അത് ശരിയാവില്ല അല്ലെങ്കില്‍ തന്നെ വണ്ടിയില്‍ വച്ച് ഒരനുഭവമുള്ളതാ(മൂന്നാം ഭാഗം കാണുക), ഫ്ലാറ്റ് നിറഞ്ഞ് നില്ക്കുന്ന ഇവനേം കൊണ്ടെങ്ങനെ ഒരു ഹോട്ടല്‍ മുറീല് തങ്ങും. ചാത്തനു സ്വന്തം തടി നോക്കാം പക്ഷേ ഒന്നൂല്ലേലും എവനു ചാത്തനേക്കാളും പ്രായം കുറവല്ലേ ഒരു ഉത്തരവാദിത്വമൊക്കെ വേണ്ടേ.പോരാഞ്ഞ് വഴിച്ചെലവിനുള്ള വകേല് ഹോട്ടല്‍ ബില്‍ ഉള്‍ക്കൊള്ളിക്കാന്‍ പറ്റുമോ എന്ന സംശയവും.
ഉടന്‍ ഒരു ഓട്ടോയില്‍ ഞങ്ങള്‍ സര്‍ക്കാര്‍ ശകടങ്ങളുടെ പാര്‍പ്പിടം തേടിപ്പുറപ്പെട്ടു. വീണു കിട്ടിയ ആ സമയത്ത് ചാത്തന് ആദ്യമായി ഒരു മെട്രോയെ കണ്‍കുളിര്‍ക്കെ കണ്ടു. പോയ വഴിയൊന്നും ഓര്‍മ്മയില്ലെങ്കിലും ഇന്ദിരാ ഗാന്ധിയേയോ രാജീവ് ഗാന്ധിയേയോ അടക്കം ചെയ്ത ഏതോ സ്ഥലം ആ വഴിയില്‍ ഉണ്ടായതായി ഒരു ഓര്‍മ്മ.(ഡല്‍ഹി പരിചയമുള്ളവര്‍ ചാത്തന് പോയ വഴി ഏതായിരുന്നു എന്ന് കമന്റിട്ടാല്‍ നല്ലതായേനെ).
അരണ്ട വെളിച്ചത്തില്‍ കണ്ട പുത്തന്‍ പുതിയ വാഹനങ്ങള്‍(റജി നമ്പ്ര് പോലും കിട്ടാത്തവ) എല്ലാത്തിനും പൊതുവായി ഒരു പ്രത്യേകതയുണ്ടായിരുന്നു. അവിടല്ലെങ്കില്‍ ഇവിടെ പൊട്ടിയോ ഉരഞ്ഞോ ചളുങ്ങിയോ ഇരിക്കുന്നു. ഓട്ടോയില്‍ നിന്ന് തല പുറത്തേക്കിട്ട് ഇതിന്റെ കാരണം ചികഞ്ഞോണ്ടിരുന്ന ചാത്തന് ഉത്തരം കിട്ടിയത് വളരെപ്പെട്ടന്നായിരുന്നു. ഓട്ടോക്കാരന് ഒരു വെട്ടിക്കല്‍, എന്തോ ഒരു വാഹനം ചാത്തന്റെ മുഖത്തിനു സമീപത്തൂടെ മിന്നല്‍പ്പിണര്‍പോലെ കടന്നുപോയി. ചാത്തന്റെ ഇരിപ്പ് ഓട്ടോയുടെ നടുവിലേക്ക് മാറി.
ബസ് സ്റ്റാന്‍ഡെത്തി, ഓട്ടോയിറങ്ങുമ്പോള്‍ തന്നെ ഒരു ബസ് പുറത്തേക്ക്, സിംലയിലേക്കുള്ളത്. അതു പോട്ടെ ഇടവിട്ടിടവിട്ടുണ്ടല്ലോ. എന്തേലും കഴിച്ചിട്ടാവാം. ചണ്ഡീഗഡിലേക്ക് ഒന്നൂടെ വിളിച്ചു. അവരുടെ ഉപദേശം ഇനി ഇപ്പോള്‍ പുറപ്പെട്ടാല്‍ ചണ്ഡീഗഡ് ബസ്സ്റ്റാന്‍ഡില്‍ നിന്ന് അവരുടെ താമസ സ്ഥലത്തേക്ക് ബസ് കിട്ടില്ല.നാളെ വന്നാല്‍ മതീന്ന്.
ഇതിപ്പോള്‍ ഇവിടെ വരെ എത്തീട്ട്, വരുന്നിടത്തു വച്ച് വരട്ടെ, അവിടെ ഓട്ടോയെങ്കിലും കാണില്ലെ നമുക്ക് ഇന്ന് തന്നെ പോവ്വാടാ. ഇടക്കിടെ ഒന്നുമില്ലെങ്കിലും അല്പസമയത്തെ കാത്തിരിപ്പിനു ശേഷം സിംലയ്ക്ക് പോകുന്ന ഒരു സര്‍ക്കാര്‍ ശകടം സ്റ്റാന്‍ഡ് പിടിച്ചു. തിരക്കൊന്നുമില്ല. മൂന്ന് പേര്‍ക്ക് ഇരിക്കാവുന്ന ഒരു സീറ്റില്‍ ചാത്തനും കൂട്ടുകാരനും പെട്ടീം ബാഗുകളും ഇടം നേടി. വണ്ടിയിലാകെ പത്ത് പതിനഞ്ച് പേര് മാത്രം. കൂട്ടുകാരനു നീളം കൂടുതലുള്ള കാലു ചുരുട്ടി വയ്ക്കാന്‍ പറ്റാത്തതിനാല്‍ ഒരു ത്യാഗമായി ചാത്തന് ബാഗുകള്‍ക്കിടയിലായി സൈഡ് സീറ്റില്‍ സ്ഥാനാരോഹണം ചെയ്തു.
പിന്നേ ഒരു ത്യാഗം! സൈഡ് സീറ്റ് ചാത്തനും ഇഷ്ടാട്ടോ.
ബസ് ഇളകിത്തുടങ്ങി.
വാല്‍ക്കഷ്ണം:
അവസാന ഭാഗത്തിന്റെ ആദ്യ പകുതി-- ഇന്റര്‍വെല്‍-- ഹി ഹി ഹി പറ്റിച്ചേ...
അവസാനഭാഗം എന്നേ പറഞ്ഞുള്ളൂ ഇന്റര്‍വെല്‍ ഉണ്ടാവൂലാന്ന് ചാത്തന് പറഞ്ഞില്ലാ.
കൊറോണ ചൊല്ലുകൾ
4 years ago
14 comments:
പഠിച്ച പണി പത്തൊന്‍പതും നോക്കി, നാട്ടീന്നു ബ്ലോഗറില്‍ കയറാന്‍ ഒരു രക്ഷേമില്ലാ.അതാ വൈകിയത്.
ഠേ!!
ഇതിപ്പൊ ചാത്തന് ഞങ്ങളുടെ കൈയില്‍ നിന്നും നല്ലായിട്ട് ഏറു വാങ്ങുന്ന ലക്ഷണമാണ്..
മനുഷ്യന്റെ ക്ഷമയെ ഇങ്ങനെ പരീക്ഷിക്കാമോ?
ങ്ഹാ ഒരു തവണ കൂടെ ക്ഷമിച്ചിരിക്കുന്നു..
അടുത്ത തവണ ലാസ്റ്റ് ചാന്‍സാണ് .. ഓര്‍മ്മയിരിക്കട്ടെ!
പിന്നെ എഴുത്തിന്റെ കാര്യം .. വായിക്കാന്‍ ഒരു രസവും ഇല്ല എതെന്തു ചവറാണ് ഇങ്ങനെ എഴുതുന്നേ എന്നൊക്കെ പറഞ്ഞാല്‍ മറഞ്ഞിരുന്ന് എന്നെ ചാത്തനേറ് എറിഞ്ഞാലോ..
അതുകൊണ്ട് സത്യം പറഞേക്കാം..
കൊള്ളാം .. നന്നായിട്ടൂണ്ട്..:)
ഹാവൂ, ഇനിയെങ്കിലും ഇന്റര്‍വെല്‍ ഇല്ലാതെ ചണ്ഡീഗഡില്‍ എത്തിക്കണം, വെറുതെ മനുഷ്യന്മാരെ മണ്ടരാക്കരുത്.
വായിച്ച് വായിച്ച് അവസാനം.....
ഹിഹി....ചമ്മിപ്പോയേ....
നിന്നെ ഇന്ന് ഞാന്‍ കുപ്പീലാക്കും.......തീര്‍ക്കാന്‍ പോണെന്ന് പറഞ്ഞ് വെറുതേ മനുഷ്യനെ ആശിപ്പിക്കല്ലേ......
ഉന്തുവണ്ടീല് കേറിയാലും സൈഡ് സീറ്റ് വേണോന്ന് പറയണ സൈസ് ആണല്ലേ നീ....
ചാത്തന് കുട്ടീ..ഈ ഒറ്റ എപിസോഡു വായിച്ച് അഭിപ്രായം പറയണോ അതൊ എല്ലാം വായിച്ചതിനു ശേഷം പറയണോ?
ഈ പണ്ടാരമൊന്ന് തീര്‍ത്ത് തരാന്‍ എന്ത് തരണം? (ഈയിടെയായി സത്യസന്ധമായി ചോദ്യം ചോദിക്കാന്‍ പഠിച്ചിരിക്കുന്നു. സത്യസന്ധമായി ഉത്തരം പറയാന്‍ ഇപ്പോഴും അറിയില്ല) :-)
ചാത്തന് പറ്റിച്ചതു പോലെ ചാത്തനെയും ഒന്നു പറ്റിക്കേണ്ടി വരും എന്നാ തോന്നുന്നത് ;)
--RR--
qw_er_ty
ബ്ലോഗ്ഗെറിന് എന്തു പറ്റിയോ എന്തോ? :(
qw_er_ty
ഇപ്പം ചാത്തനെ എറിയണോ അതോ എറി വാങ്ങൂമോ..?
കൊള്ളാം ഇഷ്ടപ്പ്പ്പെടുന്നു എന്നോക്കെ ദില്ബുവൊന്നും കേള്‍ക്കാതെ പറഞ്ഞേക്കാം.:)
കുട്ടിചാത്തേട്ടോ.. അവസാനഭാഗം കാണാനുള്ള 3D കണ്ണട ക്ലീനാക്കി റെഡിയാക്കി മൂക്കിന് പാലത്തിന്മേല് വെച്ചിരിക്കുകയാ.. വേഗം തന്നേക്ക്.. ഇല്ലെങ്കില്‍ ചാത്തനേറ് അങ്ങോട്ടും വരൂലയെന്ന് കരുതാതെ.
സാജന് ചേട്ടന് ,സൂചേച്ചി, കൈതമുള്ള്, സാന്ഡോ, പ്രമോദ്, ദില്‍ബൂ, RR, വേണുവേട്ടന്, ഏറെനാളുകള്‍ക്ക് ശേഷം ഈ വഴി വന്ന ഏറനാടന്‍ ചേട്ടന്, എല്ലാവര്ക്കും നന്ദി റ്റൈപ്പ് ചെയ്യുന്നു.
ഹ ഹ ഹ.ചാത്താ.....
Post a Comment