Friday, April 06, 2007

അപൂര്‍വ്വം-ഏതോ ഒരു എപ്പിഡോസ്‌ -4

തുടര്‍ച്ച--ഒരു യാത്രയില്‍ നിന്ന്



കഴിഞ്ഞ ഭാഗത്തൂന്നുള്ള സസ്പെന്‍സ്‌ പെട്ടന്ന് തീര്‍ത്തേക്കാം.

തുടര്‍ന്ന് ചാത്തന്‍ ഷൂ കൂടി അഴിച്ച്‌ സീറ്റിനടിയിലേക്ക്‌ തട്ടുന്നു. ഇത്രേം ആയിട്ടും മനസ്സിലായില്ലേ? . ശരി, തിരിഞ്ഞ്‌ നിന്ന് കൂട്ടുകാരനോട്‌ ഇപ്രകാരം ഉ വാ ച.

"ഞാന്‍ മോളിലെ ബര്‍ത്തില്‍ കിടന്നുറങ്ങാന്‍ പോണു നീ നിന്റെ ബര്‍ത്തില്‍ കയറിക്കോ."

പിന്നെ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു സര്‍ക്കസ്‌ അഭ്യാസിയുടെ മെയ്‌ വഴക്കത്തോടെ ചാത്തന്‍ ബര്‍ത്തില്‍ പറന്നിറങ്ങുന്നു, അവിടിരുന്ന പുതപ്പു കൊണ്ട്‌ സാഷ്ടാംഗം മൂടിപ്പുതച്ച്‌ ഒരു ആമച്ചാത്തനാവുന്നു.

തുടര്‍ന്നുണ്ടായ ശബ്ദങ്ങളില്‍ നിന്നും കൂട്ടുകാരനും സമീപമുള്ള ബര്‍ത്തിലെത്തി എന്ന് വ്യക്തമായി. ഇനിപ്പോ താഴെ ഭൂമി കുലുങ്ങിയാലും എഴുന്നേല്‍ക്കുന്ന പ്രശ്നമില്ലാ.

സമയം ട്രെയിനിന്റെ വേഗതയില്‍ തന്നെ നീങ്ങി. ഒരു കുഞ്ഞിന്റെ കരച്ചില്‍ ഉറക്കത്തില്‍ നിന്നുണര്‍ത്തി. പുറന്തോടിനുള്ളില്‍ നിന്നും ആമ തല പുറത്തേക്ക്‌ നീട്ടി. അയ്യാളെ കാണാനില്ല. തമിഴ്‌ നാട്ടിലേക്ക്‌ കടന്നെന്നാ തോന്നണേ.താഴെ ഒരു കുടുംബം. അച്ഛന്‍, അമ്മ, രണ്ടോ മൂന്നോ വയസ്സുള്ള ഒരു കൊച്ചു പയ്യന്‍സ്‌,പിന്നെ മുതിര്‍ന്നവരില്‍ രണ്ടുപേരില്‍ ആരുടെയോ ചേച്ചി.രണ്ടാളും ചേച്ചീന്നാ വിളിക്കുന്നേ.

പയ്യന്‍സിന്റെ കരച്ചിലാണ്‌ ഉറക്കത്തീന്നെണീപ്പിച്ചത്‌. അപകട മേഖല കഴിഞ്ഞതു കാരണം ഞങ്ങളു രണ്ടും താഴെയിറങ്ങി ആസനസ്ഥരായി.

പയ്യന്‍സിന്റെ കരച്ചിലു നിര്‍ത്താന്‍ ഞങ്ങള്‍ രണ്ടുപേരും ആവുന്നത്ര കണ്ണുരുട്ടിയും നാവുകൊണ്ട്‌ പല ശബ്ദങ്ങളും പുറപ്പെടുവിച്ചും നോക്കി. എബടെ!. ഉത്തരേന്ത്യയിലെവിടെയോ ജനിച്ചു വളര്‍ന്ന പയ്യന്‍സിനുണ്ടോ മലയാളി കണ്ണുരുട്ടല്‍ മനസ്സിലാകുന്നു!!!

പരിചയപ്പെട്ടു, മലയാളികള്‍, അവരും ഡെല്‍ഹിക്കാ. അപ്പോഴാണ്‌ രണ്ട്‌ പേര്‍ക്കായുള്ള സൈഡ്‌ സീറ്റില്‍ ഞങ്ങളോടാരോടും സംസാരിക്കാതിരുന്ന ഒരു ജോഡിയെ ശ്രദ്ധിച്ചത്‌. ഒരു പുരുഷനും സ്ത്രീയും. ഭാര്യാ ഭര്‍ത്താക്കന്മാരല്ല. സഹോദരീസഹോദരന്മാരാണെന്ന് അല്‍പസമയം കൊണ്ട്‌ മനസ്സിലാക്കി. അനിയനാകാണ്‌ ചാന്‍സ്‌. കാരണം സ്ത്രീയുടെ ആജ്ഞാശക്തി പ്രകടമായിരുന്നു. അനിയന്‍ വല്ലതും തിന്നാന്‍ വാങ്ങിക്കൊണ്ടുവന്നാല്‍ അവന്‍ എന്തോ പാതകം ചെയ്ത മാതിരിയുള്ള പെരുമാറ്റം.

ഈ ബാച്ചിലര്‍ ചാത്തനെന്തറിയാം എന്ന് പറഞ്ഞ്‌ നെടുവീര്‍പ്പിടാന്‍ നോണ്‍ ബാച്ചികള്‍ക്കും, ഒന്ന് പുഞ്ചിരിക്കാന്‍ വായിച്ചുകൊണ്ടിരിക്കുന്ന ബാച്ചിലേര്‍സിനും കുറച്ച്‌ സമയം അനുവദിച്ചിരിക്കുന്നു.

പറയാന്‍ മറന്നു, പ്രസ്തുത സ്ത്രീ ജന്മം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അമ്മയായേക്കും, മാസം എത്രയായിന്നൊന്നും കണക്കുകൂട്ടിപ്പറയാന്‍ ചാത്തനാളല്ലേ. ഒരു പക്ഷേ ഈ സമയത്ത്‌ ഭര്‍ത്താവ്‌ കൂടെയില്ലാത്തതായിരിക്കും ഇങ്ങനെ അസ്വസ്ഥത പ്രകടിപ്പിക്കാന്‍ കാരണം.

മറ്റേതെങ്കിലും സമയത്തായിരുന്നെങ്കില്‍."നിന്നെ ഞാന്‍ ജനിച്ചപ്പോ മുതലു കാണുന്നതല്ലേടീ, വേണേ തിന്ന്," എന്നും പറഞ്ഞ്‌ വല്ല റൊട്ടിക്കഷ്ണോം വാങ്ങിക്കൊടുക്കാന്‍ ചാത്തനാ അനിയനെ ഉപദേശിച്ചേനെ. ഇതിപ്പോ ആള്‍ക്ക്‌ വിഐപി ട്രീറ്റ്‌മെന്റ്‌ ലഭിക്കേണ്ട ടൈമല്ലേ. പാവം അനിയന്‍സ്‌.

ദീര്‍ഘദൂരയാത്രയില്‍ ഒരു കൊച്ച്‌ പയ്യന്‍സ്‌ കൂടെയുണ്ടെങ്കില്‍ സമയം പോകുന്നതറീല. ആദ്യത്തെ കണ്ണുരുട്ടലിനുശേഷം പയ്യന്‍സ്‌ ഞങ്ങളോട്‌ പെട്ടന്ന് കമ്പനിയായി. ആ കുടുംബം കുറേക്കാലം കഴിഞ്ഞാ തിരിച്ച്‌ പോവുന്നേന്ന് തോന്നുന്നു. കാബിന്‍ നിറച്ചും അവരുടെ സാധനങ്ങള്‍ കൊണ്ടു നിറഞ്ഞിരുന്നു. കാലു കുത്താന്‍ ഇടയില്ല. ആര്‍ക്കെങ്കിലും പുറത്തേക്ക്‌ പോകണമെങ്കില്‍ ഇത്തിരി പൊയ്‌ക്കാല്‍ നടത്തം പഠിക്കണം.

കേരളാ എക്സ്പ്രസ്സ്‌ ശരിക്കും എക്സ്പ്രസ്സായി. വേഗത കൂടി. സ്റ്റോപ്പുകള്‍ക്കിടയിലുള്ള അകലം വര്‍ദ്ധിച്ചു. ജനവാസം കുറഞ്ഞ പ്രദേശങ്ങള്‍ ഇരുവശത്തും സ്ഥാനം പിടിച്ചു.

എ.സി യ്ക്കകത്ത്‌ ഒരു കൊതുകിനെപ്പോലെ ഉറക്കം മൂളിപ്പറന്നു.

ഇനി രാത്രിയായിട്ടു മുകളില്‍ കയറാം താഴെ ഇരുന്നൊറങ്ങാം.

എന്റമ്മച്ചീ..എന്റെ കാലേ... കൂട്ടത്തിലെ കുടുംബത്തിലെ വല്യേച്ചി ഇടനാഴിയിലേക്ക്‌ കടക്കാന്‍ വേണ്ടി ഹൈഹീല്‍ഡിട്ട്‌ ചവിട്ടീത്‌ ചാത്തന്റെ തൃപ്പാദത്തില്‍. ഒരു ഇളിഞ്ഞ സോറി, മനസ്സില്ലാ മനസ്സോടെ സ്വീകരിച്ചു. ഹോ ചവിട്ടി അരച്ചു കളഞ്ഞു. ഹൈഹീല്‍ഡ്‌ പണ്ടാരത്തിന്‌ ഇത്രേം മൂര്‍ച്ചയുണ്ടാവുമോ.

സൈഡ്‌ സീറ്റിലിരിക്കുന്ന ചേച്ചിയെം അനിയനേം കാണാനില്ല. പീഡനം സഹിക്കാതെ അവന്‍ പുറത്തേക്ക്‌ ചാടിയാ ആവോ?, എന്നാലും ചേച്ചി എവിടെപ്പോയോ എന്തോ? അനിയന്‍ ദാണ്ടെ വരുന്നു.അപ്പോള്‍ ഇറങ്ങിപ്പോയിട്ടില്ല.

ഹേ ഇതെന്താ നേരത്തെ ഓടിപ്പോയ വല്യേച്ചി അതിലും വേഗത്തില്‍ തിരിച്ചുവരുന്നോ, വല്ല തമനുക്കൊച്ചാട്ടനും ടോയിലറ്റിലടച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചാ. വന്നപാടെ രണ്ട്‌ അനിയന്മാരുടേയും ചെവിയില്‍ എന്തൊക്കെയോ പറയുന്നു. രണ്ടെണ്ണവും രണ്ട്‌ വഴിക്ക്‌ ഓടുന്നു. നാത്തൂനും നാത്തൂനും കൊച്ചിനെ ചാത്തനെ ഏല്‍പ്പിച്ച്‌, ഇപ്പോവരാം ഒന്ന് നോക്കിക്കോണേ എന്ന് പറഞ്ഞ്‌ പിന്നേം ഓടുന്നു. കാര്യം എന്താന്ന് ചോദിച്ചിട്ട്‌ ചോദ്യം കേള്‍ക്കാന്‍ പോലും ചെവി തന്നില്ലാ. മറ്റു കാബിനുകളില്‍ നിന്നും കുറേ പെണ്‍പടയും കൂടി അവരുടെ പിന്നാലെ ഓടുന്നു.

കൂട്ടുകാരന്‍ ഇരുന്നൊറങ്ങുന്നു,വിളിച്ചാലോ?,ഓടിപ്പോയ ചേട്ടന്‍ ടിടിആറിനേം കൂട്ടി ഇതാ വരുന്നു.ഒന്നൂല്ലേലും അങ്ങേരുടെ കൊച്ചിനെ ചാത്തനല്ലേ നോക്കിക്കോണ്ടിരിക്കുന്നത്‌, തടഞ്ഞു നിര്‍ത്തി കാര്യം ചോദിച്ചു. "ആ സൈഡ്‌ സീറ്റിലുണ്ടായിരുന്ന സ്ത്രീക്ക്‌ പെയിന്‍, ടിടിആര്‍ ഒരു ഡോക്ടറെ അന്വേഷിച്ച്‌ പോകുവാ"

ചേട്ടന്‍ ഞങ്ങളുടെ അടുത്ത്‌ തന്നെയിരുന്നു. പിന്നെ എവിടെയും പോയില്ലാ. നാത്തൂനും നാത്തൂനും തുണി, ചൂട്‌ വെള്ളം എന്നൊക്കെപ്പറഞ്ഞ്‌ ഓടി നടക്കുന്നു.

എന്നാപ്പിന്നെ വണ്ടി നിര്‍ത്തി വല്ല ഹോസ്പിറ്റലിലും പോയിക്കൂടെ? ചാത്തനിലെ സംശയരോഗി തലപൊക്കി.

നീ പുറത്തേക്ക്‌ നോക്കീട്ട്‌ പറ അടുത്ത ഹോസ്പിറ്റല്‍ എവിടായിരിക്കും എന്ന്?

പുറത്ത്‌ ഒരു മനുഷ്യനെപ്പോലും കാണാനില്ല. ചാത്തനിതാദ്യമാ തീവണ്ടിയില്‍ ഇത്രെം ദൂരെയ്ക്ക്‌. കേരളത്തിലെപ്പോലെ പാളത്തിന്റെ ഓരത്ത്‌(സമീപത്ത്‌) ആള്‍ താമസം ഉള്ള സ്ഥലങ്ങള്‍ ഇന്ത്യയിലെല്ലായിടത്തും കാണില്ലാന്ന് പഠിച്ചു.ദീര്‍ഘ ദൂര ട്രെയിന്‍ യാത്രാ പാഠം ഒന്ന്.

ആരൊക്കെയോ സാരികള്‍ കൊണ്ട്‌ ആ ഭാഗം മുഴുവന്‍ മറച്ചു.പ്രാര്‍ത്ഥനകള്‍, ആശങ്കകള്‍, നെടുവീര്‍പ്പുകള്‍, ആകെ ബഹളം. ടിടിആര്‍ എവിടുന്നോ ഒരു ഡോക്ടറേം കൂട്ടി വരുന്നു. ഡോക്ടര്‍ സാരിമറയ്ക്കുള്ളില്‍ കടന്നതും ഒരു പിഞ്ച്‌ ശംഖനാദം കേട്ടതും ഒരുമിച്ച്‌. ഹൈഹീല്‍ഡ്‌ വല്യേച്ചി പുറത്തേക്ക്‌ വന്നു. ആണ്‍ കുട്ടിയാ ഒരു സുന്ദരക്കുട്ടന്‍.

ദൈവത്തോടുള്ള നന്ദിപ്രകടനങ്ങള്‍, ആശ്വാസനിശ്വാസങ്ങള്‍.

ചാത്തനാ അനിയച്ചാരെവിടെ എന്ന് നോക്കി, പയ്യന്‍സ്‌ ആകെ വിരണ്ടിരിക്കുകയാ എന്നാലും ഒരു ആശ്വാസം വിരിഞ്ഞു വരുന്നുണ്ട്‌. അപ്പോഴേക്കും അടുത്ത സ്റ്റേഷനെത്തി. സ്ട്രെക്ച്ചര്‍ കൊണ്ടുവന്നു. ആ ചേച്ചിയെ മൊത്തം തുണിയില്‍ പൊതിഞ്ഞിരിക്കുന്നു. പൊക്കിള്‍ക്കൊടി ബന്ധം ഇനിയും വേര്‍പെടുത്തിയില്ലാത്തതിനാല്‍ അമ്മയ്ക്ക്‌ കുഞ്ഞിനെ ശരിക്കു കാണാന്‍ മേല.

വല്യേച്ചി കുഞ്ഞിന്റെ മുഖം അമ്മയ്ക്കും മറ്റുള്ളവര്‍ക്കും ഒന്ന് പൊക്കിക്കാണിച്ച ശേഷം അമ്മയുടെ കാലിന്റെ അരികില്‍ കിടത്തി.ചേച്ചീം അനിയനും കുഞ്ഞും കാഴ്ചയില്‍ നിന്നും മറഞ്ഞു. വണ്ടി കുറച്ച്‌ സമയം അവിടെ നിര്‍ത്തിയിട്ടു, എല്ലാം കഴുകി വൃത്തിയാക്കി.

തിരിച്ച കാബിനില്‍ വന്ന വല്യേച്ചിയുടെ ആദ്യ വാചകങ്ങള്‍ ഇപ്രകാരം.

ആ സ്ത്രീയുടെ ധൈര്യത്തെ സമ്മതിക്കണം, ഞാന്‍ ചെല്ലുമ്പോള്‍ തന്നെ കുഞ്ഞിന്റെ തല പുറത്തു വന്നു തുടങ്ങിയിരുന്നു.

നാത്തൂന്‍ കൂട്ടിച്ചേര്‍ത്തു.

ഹോ എന്നാലും ഒറ്റയ്ക്ക്‌ പ്രസവിച്ച്‌ കളയാംന്ന് വിചാരിച്ചു കളഞ്ഞില്ലേ..

ചാത്തന്റെ വഹ ആത്മഗതം: ഹോ ഈ ഝാന്‍സി റാണിയെപ്പറ്റിയാണല്ലോ ചാത്തന്‍ അഹങ്കാരി എന്ന് നിനച്ചിരുന്നത്‌!!!ശിവ ശിവ !!

ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ ട്രെയിനിന്റെ ചൂളം വിളി മുഴങ്ങി.


(തുടരും)

(ഒരു എപ്പിസോഡും കൂടി സഹിക്കാന്‍ മാന്യ വായനക്കാര്‍ക്കു കരുത്തില്ലേ?)

വാല്‍ക്കഷ്ണം:
സസ്പെന്‍സ്‌ ഉണ്ടാക്കുന്ന പണി ചാത്തന്‍ നിര്‍ത്തി. എന്തിനാ നാട്ടുകാരുടെ കൈക്കു പണിയുണ്ടാക്കുന്നത്‌. ഇത്തവണേം കീ ബോര്‍ഡ്‌ തരിച്ചതാ പിന്നെ ഒരു വിധം തടുത്ത്‌ നിര്‍ത്തി സസ്പെന്‍സിനെ തല്ലിക്കൊന്നു ബൂലോഗത്ത്‌ ഇപ്പോള്‍ സാന്‍ഡോസിന്റെ തിരോധാനത്തേക്കാള്‍ വലിയ സസ്പെന്‍സ്‌ എങ്ങനെ ഉണ്ടാക്കാനാ.

19 comments:

കുട്ടിച്ചാത്തന്‍ said...

അവസാനത്തതിനു തൊട്ട് മുന്‍പുള്ള എപ്പിഡോസ്.

നാനാ ഭാഗങ്ങളില്‍ നിന്നുള്ള ഭീഷണികള്‍ കാരണം ഇത്തവണ സസ്പെന്‍സ് ഒഴിവാക്കിയിരിക്കുന്നു.

ഒരു മുഴുനീള ഭീകര സംഭവം...

Sathees Makkoth | Asha Revamma said...

ചാത്താ,
ഒന്ന് വേഗം പറഞ്ഞ് തീര്‍ക്ക്.
നന്നായിരിക്കുന്നു.

സു | Su said...

ഇതൊക്കെ കണ്ടും കേട്ടും ചാത്തന്‍ ബോധമില്ലാതെ കിടന്നു. ഡോക്ടര്‍ വന്നപ്പോള്‍, ചാത്തനെ ആദ്യം നോക്കേണ്ടിവന്നു എന്നൊക്കെ സുഹൃത്ത് പറഞ്ഞു. ;)

ആവനാഴി said...

വളരെക്കാലമായി ഒന്നു സുഖിക്കണം സന്തോഷിക്കണം എന്നു കരുതിയിരിക്കുകയായിരുന്നു. വെറും സുഖമല്ല, സാഡിസ്റ്റിക് സുഖം. ഇപ്പഴാണത് സംഭവിച്ചത്:

“എന്റമ്മച്ചീ..എന്റെ കാലേ... കൂട്ടത്തിലെ കുടുംബത്തിലെ വല്യേച്ചി ഇടനാഴിയിലേക്ക്‌ കടക്കാന്‍ വേണ്ടി ഹൈഹീല്‍ഡിട്ട്‌ ചവിട്ടീത്‌ ചാത്തന്റെ തൃപ്പാദത്തില്‍. ഒരു ഇളിഞ്ഞ സോറി, മനസ്സില്ലാ മനസ്സോടെ സ്വീകരിച്ചു. ഹോ ചവിട്ടി അരച്ചു കളഞ്ഞു. ഹൈഹീല്‍ഡ്‌ പണ്ടാരത്തിന്‌ ഇത്രേം മൂര്‍ച്ചയുണ്ടാവുമോ. ”

കരിക്കട്ട തോറ്റു പോകുന്ന നിറം, പ്രായം പത്തുമുപ്പതായെങ്കിലും കഷ്ടിച്ചു 3 അടി പൊക്കം വാ നിറയെ രണ്ടു നിര പല്ലുകള്‍- എന്റെ മനസിലെ കരിങ്കുട്ടിച്ചാത്തന്റെ ചിത്രമാണിത്. നിലവിളിക്കുന്ന കുഞ്ഞിനോട് ദേ കുട്ടിച്ചാത്തന്‍ വരും എന്നു പറഞ്ഞാല്‍ ഉടന്‍ കുഞ്ഞ് പേടിച്ച് കരച്ചില്‍ നിര്‍ത്തും. ചോറു വാരി കൊടുക്കുമ്പോള്‍ എനിച്ചു വേണ്ടാ എന്നു പറഞ്ഞു വാശി പിടിക്കുന്ന കുഞ്ഞിനോടു ദേ കുട്ടിച്ചാത്തന്‍ വരും എന്നു പറഞ്ഞാല്‍ കുഞ്ഞ് നാനാഴി അരിയുടെ ചോറു ഉപ്പും കൂടി ചേര്‍ക്കാതെ തിന്നും. അങ്ങിനെ അതിഭയങ്കരനായ കുട്ടിച്ചാത്തന്‍ ദേ ഒരു പെണ്ണിന്റെ ഹൈ ഹീല്‍ഡിന്റെ ചവിട്ടു കൊണ്ട് കീ കീ എന്നുള്ള നിലവിളി, പെമ്പ്രന്നോര്‍ ഈ നിലവിളി കേട്ടപ്പോള്‍ ഒന്നു കൂടി ചവിട്ടിയരച്ചു.

എനിക്കു എന്തോരു സുഖം. ആ നിലവിളി കേള്‍ക്കുമ്പോള്‍ ശെമ്മാങ്കുടിയുടെ കച്ചേരി കേള്‍ക്കുന്നതിനേക്കാള്‍ സുഖം കിട്ടുന്നുണ്ടെനിക്ക്. ഒന്നൂടി ചവിട്ടു പെണ്ണേ.

NOTE: സോറീട്ടോ കുട്ടിച്ചാത്താ. ഞാന്‍ വെറുതെ പറഞ്ഞതാട്ടോ. എനിക്കു സങ്കടം വന്നു. ചാത്തന്റെ നിലവിളി കേട്ട് സുഖിക്യേ. ശിവ, ശിവ.

ആഷ | Asha said...

ഈ എപ്പിസോഡ് നേരെ ചോവ്വെ പറഞ്ഞതിനാല്‍ എടുത്തു കൊണ്ടു വന്ന കല്ലു ഇവിടെ ഉപേക്ഷിക്കുന്നു.
എന്നിട്ട്?

Mubarak Merchant said...

കൊള്ളാല്ലോടേ ചാത്തന്‍.
നീയിതെന്താ ഒറ്റ തീവണ്ടി യാത്രയില്‍ ജനനം മുതല്‍ മരണം വരെയുള്ള എല്ലാ അവതാരങ്ങളും കണ്ടാ?
എഴ്‌ത്, എഴ്‌ത്. ബാക്കി കൂടി എഴ്‌ത്.

Kaithamullu said...

ഇതെന്താ, റേഷനാ?
-ചാത്താ, ചാത്താ, നിറുത്തല്ലേ!

വല്യമ്മായി said...

:)

സാജന്‍| SAJAN said...

അപ്പൊ സസ്പെന്‍സ് ഇല്ലാതെ എഴുതാന്‍ അറിയാം അല്ലേ ? ഭീഷണി ഫലിച്ചു...
ഇത്തവണ പോസ്റ്റ് അവസാനിച്ചതു സസ്പെന്‍സിലായിരുന്നെങ്കില്‍ കാണാമായിരുന്നു..
(എന്തു കാണാന്‍, അടുത്ത പോസ്റ്റ് ഇടുന്നതു വരെ വായി നോക്കിയിരുന്നേനേ)
:)

കുട്ടിച്ചാത്തന്‍ said...

സതീശേട്ടോ: തിരക്കു പിടിക്കല്ലേ അടുത്തത് എഴുതീ‍ട്ടും എഴുതീട്ടും തീരുന്നില്ലാ, രണ്ടായി മുറിക്കണോന്നാ ഇപ്പോള്‍ ചിന്ത.

സൂചേച്ചീ: അവനെ ചാത്തന്‍ ശരിയാക്കുന്നുണ്ട് വിടുവായന്‍.

ആവനാഴി മാഷേ: മനസ്സിലെ ചാത്തന്‍ ഒരു സുന്ദരനാണല്ലോ? മാഷിന്റെ രൂപം ഇങ്ങനെ. തീരെ മെലിഞ്ഞ്,കറുത്ത കട്ടി ഫ്രെയിമുള്ള കണ്ണടവച്ച്, തുണികൊണ്ടുള്ള ചാരുകസേരയില്‍ കിടന്ന് പത്രം വായിക്കുന്ന ഒരു രൂപം.

ആഷേച്ചി കല്ല് ഉപേക്ഷിക്കുന്നു എന്ന് പറഞ്ഞിട്ട് വഴിയിലിട്ടിട്ട് ആരാണ്ടും തടഞ്ഞു വീണു.

ഇക്കാസേ ഒരു യാത്രയില്‍ നിന്ന് എന്നേ ചാത്തന്‍ പറഞ്ഞുള്ളൂ എല്ലാം ഇതേ യാത്രയില്‍ നിന്ന് ആകണമെന്നില്ല, സീരീസായതോണ്ട് കൂട്ടിച്ചേര്‍ത്തതാവാം.

കൈതമുള്ളേ: റേഷന്‍ കടയിലൊക്കെ ആളുകേറാതായിട്ട് കാലമെത്രയായി.അതോണ്ട് ഇന്റര്‍ നെറ്റ് വഴി റേഷനാകാം ന്ന് വച്ചു.

വല്യമ്മായീ :) ഒപ്പാണല്ലേ ചാത്തന്റെ ഒപ്പ് ഇങ്ങനെ :D

സാജന്‍ ചേട്ടോ: തന്നെ തന്നെ ഭീഷണി തന്നെ രാത്രീലൊന്നും പുറത്തിറങ്ങി നടക്കാന്‍ വയ്യാതായി.

കുറുമാന്‍ said...

ചാത്താ, നന്നാവുന്നുണ്ട്. ഇത്തരം ഒരനുഭവം എനിക്കും കേരള എക്സ്പ്രെസ്സില്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

അടുത്തത് പോരട്ടെ.

സുല്‍ |Sul said...

കുറുമാന്റെ കഥകള്‍ പോലെ സംഭവ ബഹുലമാണല്ലൊ യാത്ര. ഏതായാലും പെട്ടെന്ന് തീര്‍ക്കേണ്ട.

“പറയാന്‍ മറന്നു, പ്രസ്തുത സ്ത്രീ ജന്മം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അമ്മയായേക്കും, മാസം എത്രയായിന്നൊന്നും കണക്കുകൂട്ടിപ്പറയാന്‍ ചാത്തനാളല്ലേ.“ ദുര്‍ബലനോട് ചോദിച്ചാല്‍ മതി ചാത്താ :)

-സുല്‍

ഇടിവാള്‍ said...

“”“ പ്രസ്തുത സ്ത്രീ ജന്മം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അമ്മയായേക്കും “”“

അപ്പോ, ഇതൊക്കെയായിരുന്നു മെയിന്‍ നോട്ടങ്ങള്‍ ....

അല്ലാ, ബ്യാചിലേഴ്സിനെ മൊത്തം പറഞ്ഞാ പോരേ ;)

അതു പ്രധാന കഥാ തന്തു ആയതുനാല്‍, ഇത്തവണ ഷെമിച്ചു.. ഇനി കണ്ണീക്കണ്ട പെണ്ണൂങ്ങടെ വയറു നോക്കാന്‍ നടന്നാ, വീട്ടിലേക്കു ഞാന്‍ ഈമെയിലയക്കും ട്ടാ

Siju | സിജു said...

ഭീകരം തന്നെ

Unknown said...

ഇടിവാള്‍ said...
“”“ പ്രസ്തുത സ്ത്രീ ജന്മം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അമ്മയായേക്കും “”“

അപ്പോ, ഇതൊക്കെയായിരുന്നു മെയിന്‍ നോട്ടങ്ങള്‍ ....

അല്ലാ, ബ്യാചിലേഴ്സിനെ മൊത്തം പറഞ്ഞാ പോരേ ;)


ചാത്താ,
ബാച്ചികളെ പറയിപ്പിച്ചപ്പൊ സമാധാനമായോഡേയ്?

അടുത്ത ഭാഗം പോരട്ടെ. :-)

കുട്ടിച്ചാത്തന്‍ said...

കുറു അണ്ണോ ഗുരോ പ്രണാമം .. ആ കഥ പോരട്ടെ.

സുല്ലിക്കാ :) പിന്നേ ഡയറിയില്‍ ചോദ്യമില്ലാന്നു പറഞ്ഞ് കുട്ടിസാത്തനെ രണ്ടീസം മുന്‍പ് ഓടിച്ചതാ ദുര്‍ബല്‍.

വാളേട്ടാ : ഒരു കാര്യം പറയാന്‍ പറ്റാവുന്ന ഏറ്റവും മാന്യമായിപ്പറഞ്ഞാല്‍ ഇങ്ങനെ തന്നെ വേണം ഭീഷണി.

സിജുച്ചേട്ടോ : :)

ദില്‍ബൂ: വിട്ടു കള കൊച്ചിലേ വട വട ന്നു പറഞ്ഞ് തെക്കു വടക്കു നടന്ന നോണ്‍ ബാച്ചികള്‍ അങ്ങനെ പലതും പറയും കൊതിക്കെറുവാ... qw_er_ty

padmanabhan namboodiri said...

ചാത്താ,
ഒന്ന് വേഗം പറഞ്ഞ് തീര്‍ക്ക്.
എന്നു പറയിപ്പിക്കുന്നു ചില. അതു വേണോ?

മുല്ലപ്പൂ said...

കുട്ടിച്ചാത്തോ,
ബാക്കി ...?
എറിഞ്ഞ കല്ലുകള്‍ ഒക്കെ ഞാന്‍ എടുത്ത് വെച്ചിട്ടുണ്ട്. ബാക്കി വേഗം ആയിക്കൊട്ട്.

സുധി അറയ്ക്കൽ said...

ങേ?????പ്രസവത്തിനു സാക്ഷിയായോ????