Sunday, March 25, 2007

കീരിയും കീരിയും ജൂനിയര്‍ അംജത്‌ ഖാനും-ഏതോ ഒരു എപ്പിഡോസ്‌ -2

തുടര്‍ച്ച-ഒരു യാത്രയില്‍ നിന്ന്


ഒരാളെ യാത്രയയക്കാന്‍ ഒരു സുഹൃത്ത്‌ വരുന്നത്‌ ഒരു പുതുമയുള്ള കാര്യമൊന്നുമല്ല. അതോണ്ട്‌ ഇത്തിരി കൂടെ പിറകേ പോയിട്ടു വരാം.

വീണ്ടും ഫ്ലാഷ്‌ ബാക്ക്‌.

കേരളത്തിന്റെ വടക്കേ അറ്റത്തെ നാട്ടിന്‍പുറത്തൂന്നും ഒരു കൊച്ചന്‍ അനന്തപുരിയിലെ ഒരു കമ്പനിയില്‍ ജോലിയില്‍ പ്രവേശിക്കുന്നു. എട്ടൊന്‍പത്‌ പേരിരിക്കുന്നതിനിടയില്‍ ആദ്യം കിട്ടിയ സീറ്റ്‌ എ. സി. യുടെ നേരെ താഴെ. ആദ്യമായിട്ടാ സാധനം ഇത്രേം അടുത്ത്‌ നിന്ന് കാണുന്നത്‌. അതിനാണെങ്കില്‍ ഒരുപാട്‌ അസുഖങ്ങളും തൊട്ട്‌ താഴെ ഇരിക്കുന്നവന്‍ വേണം അത്‌ ഇടക്കിടെ അഡ്‌ജസ്റ്റ്‌ ചെയ്യാന്‍. വെറുതെയല്ല ഈ സീറ്റ്‌ ഒഴിച്ചിട്ടതെന്നു മനസ്സിലായി.

എന്നാല്‍ അരക്കൈ നോക്കിക്കളയാം.

"നീയെന്താ ഇരുന്നുറങ്ങുന്നോ"

"ഏയ്‌ ഞാന്‍ അടുത്ത ടെസ്റ്റ്‌ കേസ്‌ (ചാത്തന്‍ അപ്പോള്‍ ടെസ്റ്റിങ്ങിലായിരുന്നു) എങ്ങനെ വേണമെന്ന് ആലോചിക്കുകയായിരുന്നു"

"ങും ശരി ശരി"

ദിവസം മൂന്ന് ബഗ്ഗ്‌ എങ്കിലും റിപ്പോര്‍ട്ട്‌ ചെയ്യണമെന്നാ. അതു സിമ്പിളല്ലേ. കുറേ ബഗ്ഗ്‌ കണ്ടുപിടിക്കുക. ഗുളിക കഴിക്കും പോലെ മൂന്ന് വീതം ഓരോ ദിവസവും റിപ്പോര്‍ട്ട്‌ ചെയ്യുക. ഒരാഴ്ചയ്ക്കുള്ളത്‌ എപ്പോഴും പെന്‍ഡിങ്ങില്‍ വച്ചേക്കും. ഇങ്ങനെ അച്ചടിച്ചപോലെ പണിയെടുക്കുന്ന ചാത്തന്‍ ജോലിസമയത്ത്‌ ഇരുന്നുറങ്ങുമെന്ന് എങ്ങനെ പരാതി പറയാന്‍ പറ്റും!!

ഗതികെട്ട ലീഡ്‌ അവസാനം ചാത്തനെ സ്ഥലം മാറ്റി പ്രതിഷ്ഠിച്ചു. പൊന്നമ്പലത്തിന്റെ സൈഡ്‌ സീറ്റില്‍. അന്നത്തോടെ പൊന്നമ്പലത്തിന്റെ കഷ്ടകാലോം തുടങ്ങി. എ സിയുടെ തണുപ്പ്‌ അധികം ഏല്‍ക്കാത്തതു കൊണ്ട്‌ ചാത്തന്റെ ഉറക്കം ആവിയായി. പകരം ക്രിയേറ്റീവ്‌ കാര്യങ്ങളില്‍ ശ്രദ്ധ തിരിച്ചു വിട്ടു.

ദിവസവും കമ്പ്യൂട്ടറിന്റെ വാള്‍പേപ്പര്‍ മാറ്റുക. കളര്‍ സെറ്റിംഗ്‌സ്‌ മൊത്തം മാറ്റി മാറ്റി മോണിറ്റര്‍ കളര്‍ഫുള്‍ ആക്കുക. വന്ന് വന്ന് ആ പരിസരത്തിരിക്കുന്ന ആരും ചാത്തന്റെ മോണിറ്ററിലേക്ക്‌ തിരിഞ്ഞ്‌ നോക്കാതായി.

"നീ എങ്ങനാടാ ഇത്രേം കളറൊക്കെ ദിവസോം കണ്ടോണ്ടൊരിക്കുന്നേ"

"കണ്ണടിച്ചു പോവും ട്ടാ പറഞ്ഞില്ലാന്നു വേണ്ട"

പൊന്നമ്പലത്തിന്റെ വക ഇങ്ങനേയും" നീ എന്തിനാടാ എന്റെ മോണിറ്ററില്‍ നോക്കിയിരിക്കുന്നത്‌ നിനക്കു നിന്റെ മോണിറ്ററില്‍ നോക്കിയിരുന്നൂടെ" ഉത്തരവും പിന്നാലെയുണ്ടാവും. "ഒരുവിധത്തില്‍ ചിന്തിച്ചാല്‍ അതാ നല്ലത്‌ നിന്റെ മോണിറ്ററില്‍ നോക്കിയാല്‍ നോക്കിയവന്റെ കണ്ണടിച്ചു പോകും"

എന്നാലും പരീക്ഷയെഴുതുമ്പോള്‍ എക്സാമിനര്‍ ഉത്തരപ്പേപ്പറില്‍ പുറകേ നിന്നു നോക്കിയാല്‍ നമ്മടെ എഴുത്ത്‌ നടക്കുമോ. പതുക്കെ ചാത്തന്റെ നോട്ടം പൊന്നമ്പലത്തിന്റെ ജോലിയെ ബാധിച്ചു തുടങ്ങി.

"നിനക്കു നിന്റെ മോണിറ്ററില്‍ നോക്കിയിരുന്നൂടെ" എന്നത്‌ ചോദ്യത്തില്‍ നിന്ന് മാറി ആക്രോശമായി.

പകരത്തിനു പകരം പൊന്നമ്പലം ചാത്തന്റെ മോണിറ്ററിലേക്കും നോക്കിയിരിപ്പായി.

പതിവില്ലാതെ ഒരു ദിവസം

"നിനക്കെന്റെ കൂടെ ഒരു സ്ഥലത്ത്‌ വരാമോ?"

"ഓ യെസ്‌"

പൊന്നമ്പലത്തിനു ഡ്രൈവിംഗ്‌ ലൈസന്‍സ്‌ എടുക്കാന്‍ നേത്ര പരിശോധനാ സര്‍ട്ടീറ്റ്‌ വേണം.കൂട്ടുപോവാനാ ചാത്തനെ വിളിച്ചത്‌.
പൊന്നമ്പലവും ചാത്തനും കൂടി ഒരു ക്ലിനിക്കിലെത്തി. പരിശോധന കഴിഞ്ഞ്‌ വലിയ വായില്‍ നിലവിളിച്ചോണ്ട്‌ വരുന്നു പൊന്നമ്പലം.

"എന്താ പ്രശ്നം?"

"നിനക്കാ ബോര്‍ഡ്‌ കാണാവോ അതെന്താ നിറം?"

"അത്‌ നീല"

"ലോ ലത്‌?"

"അത്‌ പച്ചാള്‍സ്‌"

"ലത്‌?"

"ലത്‌ മഞ്ഞഞ്ഞ. എന്തുവാടെ ഇത്‌?"

"കുന്തം ഞാനും ഇതു തന്നാ പറഞ്ഞത്‌ എന്നിട്ടെനിക്ക്‌ വര്‍ണ്ണാന്ധതയുണ്ടെന്ന്. സര്‍ട്ടീറ്റ്‌ തന്നില്ല"

"ഇതുവരെ കണ്ണട പോലും ഉപയോഗിക്കാത്ത നിനക്കോ വര്‍ണ്ണാന്ധത ഒന്നു പോടെ"

പിറ്റേന്ന് രാവിലെ പൊന്നമ്പലം ലീഡിനടുത്ത്‌ ഹാജര്‍.

"ഒന്നുകില്‍ അവനെ അവിടുന്ന് മാറ്റണം അല്ലേല്‍ ഞാന്‍ ജോലി രാജിവയ്ക്കും അവന്റെ മോണിറ്ററീന്ന് വെളിച്ചമടിച്ച്‌ എന്റെ കണ്ണടിച്ചു പോയീ"

അന്ന് തന്നെ ചാത്തന്റെ പുനപ്രതിഷ്ഠാ കര്‍മ്മം നടന്നു. മോണിറ്ററില്‍ വീണ്ടും ആകാശനീലിമ തെളിഞ്ഞു.

ചാത്തന്‍ പാമ്പാവാറില്ല ചാത്തനറിയാവുന്ന പൊന്നമ്പലവും പാമ്പാവാറില്ല. അങ്ങനെയങ്ങനെ കീരിയും കീരിയും ആയി ഇവനെങ്ങനേലും ഇവിടുന്ന് കെട്ടിയെടുക്കണേ പൊന്നമ്പല വാസാ എന്ന പ്രാര്‍ത്ഥനയും കൊണ്ട്‌ നടന്നിരുന്ന മി.പൊന്നമ്പലമാണു ചാത്തനെ യാത്രയാക്കാന്‍ എത്തിയിരിക്കുന്നത്‌.

ഇനി ചാത്തന്റെ കൂടെ ചണ്ഡീഗഡ്‌ വരെ വരാന്‍(അതോ അവന്റെ കൂടെ ചാത്തനോ) ജീന്‍സും കെട്ടിയിറങ്ങിയിരിക്കുന്ന കൂട്ടുകാരനെപ്പറ്റി രണ്ട്‌ വാക്ക്‌.

ആദിവാസി എന്ന് പൊന്നമ്പലം ഇവനെ വിശേഷിപ്പിക്കുന്നത്‌ അസൂയ കൊണ്ട്‌ മാത്രം. പൊന്നമ്പലം മാത്രമേ അവനെ ഇങ്ങനെ സംബോധന ചെയ്ത്‌ കേട്ടിട്ടുള്ളൂ. ചാത്തന്റെ ഭാഷയില്‍ ഇവനെ ഇങ്ങനെ വിവരിക്കാം മലയാളം കുറച്ച്‌ കൊരച്ച്‌ അറിയാം എന്നു വച്ചാല്‍ മാതൃ ഭാഷ നന്നായി സംസാരിക്കാന്‍ മാത്രം അറിയാം.ആറടി പൊക്കത്തില്‍, ഏത്‌ പെണ്ണും ഒന്ന് തിരിഞ്ഞ്‌ നോക്കുന്ന, ഒരു ഹിന്ദി സിനിമാ നായകനാകാന്‍ എല്ലാ യോഗ്യതയുമുള്ള ചാത്തനെക്കാളും രണ്ടോണം കുറച്ച്‌ ഉണ്ടിട്ടുള്ള മാന്യദേഹത്തെ തത്‌കാലം കൂട്ടുകാരന്‍ എന്നു മാത്രം വിളിക്കുന്നു.

എപ്പോഴും ചിരിച്ച്‌ കളിച്ച്‌ നടക്കുന്ന അവന്റെ സ്വഭാവം കാരണം ചാത്തനു ഈ കൂട്ടുകാരനുമായി തല്ലുണ്ടാക്കാന്‍ പറ്റിയിട്ടില്ല. മൂന്ന് ദിവസത്തെ ഒരുമിച്ചുള്ള ട്രെയിന്‍ യാത്രക്കിടയില്‍ ഒരു തല്ല് ചാത്തന്റെ പ്രതീക്ഷയാണ്‌.

കൂട്ടുകാരന്റെ അപ്പന്‍ പട്ടാളത്തില്‍ അപ്പം ചുട്ട്‌ നടന്ന വകയില്‍ അവനും ഇന്ത്യ മുഴുവന്‍ കറങ്ങിനടന്നിട്ടുണ്ടെന്ന് ജനസംസാരം.സാധാരണ ഈ ചുറ്റുപാടില്‍ വളരുന്ന അമുല്‍ ബേബികള്‍ക്ക്‌ മലയാളം കൊരച്ച്‌ കൊരച്ചേ അരിയൂ. എന്നാല്‍ കൂട്ടുകാരന്‍ ഇത്തിരി കഷ്ടപ്പെട്ടാലും ഒരുവിധം നല്ല മലബാറി മലയാളമേ സംസാരിക്കൂ. ഈ ഒരൊറ്റക്കാരണത്താല്‍ അവനോടല്‍പം ബഹുമാനമുണ്ട്‌.

എടാ നീ അവന്റെ അപ്പനെ കണ്ടില്ലേ? ഓഫീസിലിരിപ്പുണ്ട്‌ നിങ്ങളെ യാത്രയയക്കാന്‍ വന്നതാ.കൂട്ടത്തില്‍ ഇവിടെം കയറി.കണ്ടവരു കണ്ടവരു ഞെട്ടിത്തെറിച്ചു വരുന്നതു കണ്ടില്ലേ നീ കാണാന്‍ പോണില്ലേ?

അതെന്താടാ പട്ടാളക്കാരെ കാണുമ്പോള്‍ ഞെട്ടണോ?

നീയൊന്ന് കണ്ടുനോക്ക്‌.

അല്ലേ ചാത്തനെന്തിനു ഞെട്ടണം അവനെ അപ്പം ചുട്ട കാര്യം പറഞ്ഞ്‌ കളിയാക്കാറുള്ള കൂട്ടത്തില്‍ ചാത്തനുണ്ടാവാറില്ലാലോ?

പക്ഷേ ആളെ ദൂരേന്ന് കണ്ടപ്പോള്‍ തന്നെ ചാത്തനും ഞെട്ടി. ആരോ പിന്നില്‍ നിന്ന് വിളിച്ച്‌ പറേണ പോലെ.

"തേരാ ക്യാ ഹോഗാ ചാത്താ"

ഇത്തിരി മെലിഞ്ഞ, ആറ്‌ ആറര അടിപ്പൊക്കമുള്ള, സാക്ഷാല്‍ അംജത്‌ ഖാന്‍ ഇതാ മുന്നില്‍ നില്‍ക്കുന്നു. കൂട്ടുകാരനെ കണ്ടാല്‍ തിരിഞ്ഞു നോക്കും എന്ന് പറഞ്ഞ പെണ്‍പിള്ളാരോട്‌ പുച്ഛം തോന്നി. ഇവന്റെ അപ്പനിങ്ങനെയാണെങ്കില്‍ ഇവനിതിന്റെ പത്തിരട്ടി ഗ്ലാമറസായിരിക്കേണ്ടവനായിരുന്നു.

കൂട്ടുകാരന്റെ അപ്പനെക്കണ്ട്‌ കുന്തം വിഴുങ്ങിയ മാതിരി മിഴുങ്ങസ്യാ നില്‍ക്കണ ചാത്തനെ കൂട്ടുകാരന്‍ അപ്പനു പരിചയപ്പെടുത്തി.

ഇവനാണെന്റെ കൂടെ വരുന്നവന്‍.
കൈപിടിച്ച്‌ കുലുക്കിക്കൊണ്ടുള്ള ചോദ്യം.

"... എന്നാണല്ലേ പേര്‌? ഇതിനു മുന്‍പ്‌ ഇത്രേം ദൂരെ പോയിട്ടുണ്ടോ?"

അതെ, ഇല്ലാ ബാംഗ്ലൂരു വരെയേ പോയിട്ടുള്ളൂ.

"എന്താ പേടീണ്ടോ മുഖത്തൊരു വിഷമം?"

ഏയ്‌

"തനിച്ചല്ലല്ലോ! ഇവനാണെങ്കില്‍ അങ്ങു കല്‍ക്കട്ട വരെ ഒറ്റയ്ക്കു വന്നിട്ടുണ്ട്‌"

ശരി എന്നാല്‍ ഞാന്‍ അങ്ങോട്ട്‌..
പിന്നേ അന്‍പത്തൊന്‍പതാം മിനിട്ടില്‍ പട്ടാളക്കത്തി കേള്‍ക്കാന്‍ പോവുകയല്ലേ.

ചാത്തനും പൊന്നമ്പലവും സ്റ്റേഷനിലെത്തിയപ്പോഴേയ്ക്കും കൂട്ടുകാരനും കുടുംബോം കയറേണ്ട ബോഗിയൊക്കെ കണ്ടുപിടിച്ച്‌ മുന്നില്‍ തന്നെ നില്‍പ്പുണ്ടായിരുന്നു.

ലഗേജൊക്കെ സീറ്റില്‍ കൊണ്ടുവച്ചു. ബോഗി ഏറെക്കുറെ ശൂന്യം എന്നു പറയാം. ബാക്കിയൊക്കെ വഴിയില്‍ നിന്നും കയറാനുള്ളതായിരിക്കും. ഏതായാലും ഞങ്ങളുടെ സീറ്റിനടുത്തൊന്നും ആളില്ലായിരുന്നു. തിരിച്ച്‌ വെളിയില്‍ വന്ന് എല്ലാരോടും സംസാരിച്ചോണ്ടിരുന്നു. കേള്‍ക്കാനാഗ്രഹമില്ലാതിരുന്ന ചൂളം വിളി മുഴങ്ങി. രണ്ടു പേരും വാതില്‍ക്കല്‍ നിന്നു കൈ വീശിക്കാണിച്ചു.

വണ്ടി ഇളകിത്തുടങ്ങി. ചാത്തനും കൂട്ടുകാരനും സീറ്റിനടുത്തേക്ക്‌ നീങ്ങി. ഞങ്ങളുടെ സീറ്റിനടുത്ത്‌ ചിരിച്ചുകൊണ്ട്‌ മറ്റൊരു മുഖം. ആ മുഖത്തിനുടമ സഹയാത്രികനോ സഹയാത്രികയോ എന്നത്‌ അടുത്ത തവണ...

(തുടരും)

വാല്‍ക്കഷ്ണം:
ഹോ എത്ര കഷ്ടപ്പെട്ടാ ഒരു സീരിയല്‍ സസ്പെന്‍സ്‌ ഉണ്ടാക്കിയത്‌. ഇനി ഈ സസ്പെന്‍സ്‌ വെറും പുളുവാണെന്നറിയുമ്പോള്‍ ബൂലോഗം ചാത്തനെ ഓടിച്ചിട്ടെറിയുമോ എന്തോ?.

12 comments:

കുട്ടിച്ചാത്തന്‍ said...

ബൂലോഗം അത്യധികം ആകാംഷയുടെ മുള്‍മുനയില്‍ നിന്ന് കാത്തിരിക്കുന്ന ഒരു തുടര്‍ക്കഥയുടെ രണ്ടാം എപ്പിഡോസ്...(ചാത്തനെ കല്ലെറിയല്ലേ...)

സു | Su said...

അത് സഹയാത്രികയും സഹയാത്രികനും ഒന്നും ആവില്ല. ചാത്തനും കൂട്ടുകാരനും ടിക്കറ്റ് എടുത്തോന്ന് നോക്കാന്‍ വന്ന ആള്‍ ആവും.

ഇത്തിരിവെട്ടം|Ithiri said...

ഇപ്പോഴും വണ്ടി ഇളകിയിട്ടേ ഉള്ളൂ അല്ലേ...

ചത്ത്വോ ആകെ മൊത്തം ടോട്ടല്‍ എത്ര എപ്പിഡോസാ... ?

kaithamullu - കൈതമുള്ള് said...

ഓ, പുടി കിട്ടീ,ചാത്തൂസ്,
അത് നമ്മ്‌ടെ ദിലീപല്ലായിരുന്നോ?-ചാന്ത്പൊട്ട്?

Satheesh :: സതീഷ് said...

ചാത്താ, ഇതാണ്‍ സസ്പെന്‍സ് , സസ്പെന്‍സ് എന്നു പറയുന്ന സാധനം! നന്നായി എഴുതിയിരിക്കുന്നു. കിട്ടുന്നിടത്തെല്ലാം പൊന്നമ്പലത്തിനിട്ട് ഒന്നു താങ്ങുക എന്നത് ചാത്തന്റെ ഒരു ദൌര്‍ബല്യമായിപ്പോയി, അല്ലേ!!! ?
എപ്പോഴാ ഇതിന്റെ ബാക്കി...!

sandoz said...

നീയാരു...'ചാത്തന്‍ മാത്യു മറ്റമോ'...സസ്പെന്‍സിട്ടു കളിക്കാന്‍.......
നീ പഞ്ചാബിലോട്ടല്ലേ പോണത്‌.........പാവം സിക്ക്‌ ഭീകരര്‍......

ആ പൊന്നമ്പലത്തിനു അന്ധത ഉണ്ടല്ലേ....വെറുതെ അല്ല..എന്റെ പോസ്റ്റ്‌ കാണാനില്ലേ...ബ്ലോഗ്‌ കാണാനില്ലേ എന്നൊക്കെ പറഞ്ഞ്‌ ബഹളം ഉണ്ടാക്കിയത്‌.....

[വലിയ ചാത്തന്റെ പോസ്റ്റ്‌ കണ്ടു....അഛനും മോനും കൂടി ഒരുമിച്ച്‌ ഞങ്ങളെ ഒരു വഴിയാക്കീട്ടേ അടങ്ങൂ അല്ലേ......]

പൊന്നമ്പലം said...

മക്കളേ മനോഹരാ... നീ കത്തിച്ച് കത്തിച്ച് ബാപ്പാന്റെ താടിക്ക് തീ കൊളുത്തിക്കളിക്കുവാണോ?
ഞാന്‍ വര്‍ണ്ണാന്ധനാണെന്ന് പറഞ്ഞ് എന്നെ അപകീര്‍ത്തിപ്പെടുത്തിയതിനു നിന്നോട് ഞാന്‍ പകരം വീട്ടട്ടെ?
;-)
നിന്റെ തിരുവനന്തപുരപര്‍‌വ്വത്തിലെ മുഴുവന്‍ കാര്യങ്ങളും വച്ച് ഒരു മറുപടി പോസ്റ്റ് ഇടട്ടാടാ? നിന്റെ മറ്റേ കൊച്ചുമായുള്ള ചുറ്റിക്കളീം... നിന്റെ പഴയ പേരും, ഉല്‍‌പ്രേക്ഷാഖ്യാലങ്കൃതീം... ങെ?

ചുമ്മാ... ഒന്നു വിരട്ടാന്‍ നോക്കിയതാ..!!

കുട്ടിച്ചാത്തന്‍ said...

സൂചേച്ചീ: ആളെ ഞാന്‍ മാറ്റി.

ഇത്തിരിച്ചേട്ടോ:ആകെ മൊത്തം ടോട്ടല്‍ 3 ആയിരുന്നു ഉദ്ദേശിച്ചതു, പക്ഷേ ഒരു എപ്പിഡോസ് വീണുകിട്ടി.

കൈതമുള്ളേ: ഇതിന്റെ മറുപടി അടുത്ത എപ്പിഡോസിലെ വാല്‍ക്കഷ്ണത്തില്‍..

സതീഷേട്ടോ : നമ്മ നാട്ടുകാരനാ അല്ലേ. “ഇതാണോ സസ്പെന്‍സ് , സസ്പെന്‍സ് “ ഇതിനെയൊക്കെ സസ്പെന്‍സ് എന്ന് പറയാന്‍ മാത്രം ഉണ്ടോ? പൊന്നമ്പലത്തിനിട്ട് താങ്ങുകേ !!! ഇത് അവനു ഒരു ഫ്രീ പബ്ലിസിറ്റിയല്ലേ?

സാന്‍ഡോസെ: മാത്യുമറ്റമല്ല സരോജ് കുമാര്‍ കോട്ടപ്പുറം... എന്നാലും നീ കാരണമാണ്ടാ പൊന്നമ്പലം എന്നെ ഭീഷണിപ്പെടുത്തിയത് :(

വലിയ ചാത്തന്റെ പോസ്റ്റ് കാണാത്തവര്‍ക്ക് വേണ്ടി ഒരു പരസ്യം ഒട്ടിക്കുന്നു.

വലിയ ചാത്തന്റെ പോസ്റ്റ്

മി. പൊന്നമ്പലം:അപകീര്‍ത്തിപ്പെടുത്തിയതിനു നീ കേസ് കൊട്. എന്നിട്ടു നിനക്കു പബ്ലിസിറ്റി നടത്തിയ വക എനിക്കു തരാനുള്ളതില്‍ നിന്ന് നഷ്ടപരിഹാരത്തുക കഴിച്ച് ബാക്കി എത്രേം പെട്ടന്ന് അയച്ചു തരിക.

Anonymous said...

“എങ്ങനെ-- എങ്ങനെ -- എങ്ങനെ.., വര്‍ണ്ണാന്ധതയുണ്ടാവുന്നത് എങ്ങനെ.. എയ്ഡ്സ് ഉണ്ടാവുന്നതെങ്ങനെ, സൂര്യന്‍ കിഴക്കുദിക്കുന്നത് എങ്ങനെ, ഇന്ത്യന്‍ ടീം തോല്‍ക്കുന്നത് എങ്ങനെ..


ഇതിനെല്ലാത്തിനും ഉത്തരം നല്‍കുന്ന “10001 എംങ്ങനെകള്‍” എന്ന ബുക്ക് വില്‍ക്കുന്ന ചേട്ടനായിരുന്നു അത് അല്ലേ ചാത്താ ?

അല്ലെങ്കില്‍, ഏതെങ്കിലും പിച്ചക്കാരന്‍...
അല്ലെങ്കില്‍ വയറ്റത്തടിച്ചു പാടുന്നവര്‍...
അല്ലെങ്കില്‍ വട-ചായ സപ്പ്ലയര്‍....

ശ്ശേ. സസ്പെന്‍സ് ഞാന്‍ പൊളിച്ചോ ?

-ഇടിവാള്‍-

ആഷ | Asha said...

ഞാന്‍ ഒരു കല്ലുമെടുത്തുകൊണ്ട് അടുത്ത എപ്പിസോഡിലേക്ക് പോവുന്നു.

Anonymous said...

Ivante computerinte "colour full" ness njan onnara kollatholam sahichathane... kanenda kazhchaya ivante desktop.. Chekuthan

സുധി അറയ്ക്കൽ said...

വായിക്കട്ടെ.