Saturday, March 03, 2007

അങ്ങനെ ചാത്തന്‍ ഭൂജാതനായി

വടക്കെ മലബാറിലെ ഒരു മലയോരഗ്രാമം. പുഴയും പച്ചപ്പും കോടമഞ്ഞും എല്ലാം ചേര്‍ന്ന് പ്രകൃതിദേവി കനിഞ്ഞനുഗ്രഹിച്ച ഒരു താഴ്‌വാരം. അഞ്ചെട്ടു കടകളും, കൃത്യ സമയത്ത്‌ വന്നു പോകുന്ന കുറച്ചു ബസ്സുകളും, ഏറെ ദൂരം മുഴങ്ങിക്കേള്‍ക്കുന്ന പള്ളിമണികളും ബാങ്കുവിളികളും. ഹോ അസൂയയാവുന്നു.

പേരു പറഞ്ഞാല്‍ നാട്ടിലെ ആബാലവൃദ്ധം ജനങ്ങളും "ഓ അവിടുത്തെ വറ്റും വെള്ളവും ഞാന്‍ ഒരുപാടു കുടിച്ചിട്ടുണ്ട്‌" എന്നുപറയുന്ന ഒരു തറവാട്‌. അവിടെ ഇന്നെല്ലാവരും നിറഞ്ഞ സന്തോഷത്തിലാണ്‌.ഒരു പാടുകാലത്തിനുശേഷം അവിടെ ഒരു പുതുമുഖം വരുന്നു എന്നുള്ള വാര്‍ത്ത എപ്പോള്‍ വേണമെങ്കിലും എത്താം. ആണായാലും പെണ്ണായാലും ആരോഗ്യത്തോടെ വേണം എന്നുള്ള പ്രാര്‍ത്ഥന മാത്രം.

പുതുമുഖം വരുമെന്ന് ഡോക്ടര്‍ പ്രവചിച്ച സമയോം ദിവസോം കഴിഞ്ഞു. ആശങ്കയുടെ നെരിപ്പോടുകള്‍ ചെറുതായി പുകഞ്ഞുതുടങ്ങി. എല്ലാവര്‍ക്കും പുതുമുഖത്തിന്റെ വരവു വൈകുന്നതില്‍ വേവലാതിയേറിക്കൊണ്ടിരിക്കുന്നു.

"ഡും ഡും ഡും"

പുതുമുഖം വന്നതല്ലാ..
ഒരാളുടെ ഹൃദയം മിടിക്കുന്നതാ..

ഏതാനും നിമിഷങ്ങള്‍ക്കുശേഷം 'നാള്‌' മാറുന്നു. അതായത്‌ 'രോഹിണി' നക്ഷത്രം അതും വെറും സാദാ രോഹിണിയല്ല അഷ്‌ടമി രോഹിണി സാക്ഷാല്‍ 'ശ്രീകൃഷ്ണ ജയന്തി'.ഇപ്പോള്‍ വേവലാതി പൂണ്ട ദേഹം ആരാണെന്നു മനസ്സിലായിക്കാണുമല്ലൊ. മറ്റാരുമല്ല വരാനിരിക്കുന്ന പുതുമുഖത്തിന്റെ ഒരേ ഒരു ഭാവി അമ്മാവന്‍.

ശ്രീകൃഷ്ണന്റെ നാളില്‍ ജനിക്കുന്ന പൈതല്‍ ആണായാലും പെണ്ണായാലും അമ്മാവന്‌ ആപത്താണ്‌ എന്ന വിശ്വാസം മനസ്സില്‍ നിന്നും മായ്ചുകളയാന്‍ പറ്റാതെ മനസ്സില്‍ ദൈവത്തെ വിളിച്ചു കൊണ്ടിരിക്കുന്ന മാതുലവിലാപം കേട്ടിട്ടോ, ശ്രീകൃഷ്ണന്റെ സ്വഭാവഗുണങ്ങള്‍ മൊത്തമായും കിട്ടാഞ്ഞിട്ടോ എന്താണെന്നറിയില്ല ചാത്തനും ദൈവവും തമ്മിലുള്ള ഒരു അഡ്‌ജസ്റ്റ്‌മെന്റിന്റെ പുറത്ത്‌ അഷ്ടമിരോഹിണി ആരംഭിക്കുന്നതിന്റെ ഏതാനും നിമിഷങ്ങള്‍ക്കു മുന്‍പ്‌ സകലരുടെയും മനസ്സില്‍ ആശ്വാസക്കുളിര്‍മഴ പെയ്യിച്ചു കൊണ്ട്‌ കുട്ടിച്ചാത്തന്‍ ഭൂജാതനായി.

"ഡും ഡും ഡും"

ഇപ്പോള്‍ ഹൃദയം മിടിക്കുന്നതല്ലാട്ടോ, കുട്ടിച്ചാത്തന്‍ ഒരു പശ്ചാത്തല സംഗീതം ഇട്ടതാ...



വാല്‍ക്കഷ്ണം:
ഇന്ന് ശനിയാഴ്ചത്തെ പതിവ്‌ ക്രിക്കറ്റ്‌ കളി കഴിഞ്ഞ്‌ വന്നപ്പോള്‍ ഫോണടിക്കുന്നു...
അന്നത്തെ കുട്ടിച്ചാത്തനും ഇന്ന് ഒരു അമ്മാവന്‍ ചാത്തനായി.....

8 comments:

കുട്ടിച്ചാത്തന്‍ said...

ഇതങ്ങനെ കഥയൊന്നുമല്ലാട്ടോ.... ഒരു സംഭവം നടന്നു.. അതിന്റെ സന്തോഷത്തിന്....

മഹാവിഷ്ണു:Mahavishnu said...

മോനെ കുട്ടിച്ചാത്താ ... ഞാന്‍ ഇവിടുണ്ട്‌ കെട്ടോ.

Anonymous said...

കുട്ടിച്ചാത്താ, മബ്റൂക്.......

(മനസ്സിലായില്ലേല്‍ വിവരമുള്ളവരോട് ചോദിച്ചോളൂട്ടൊ.. ) ;)

ആവനാഴി said...

exyഎന്റെ പ്രിയപെട്ട കുട്ടിച്ചാത്താ,

"മാതുലവിലാപം കേട്ടിട്ടോ, ശ്രീകൃഷ്ണന്റെ സ്വഭാവഗുണങ്ങള്‍ മൊത്തമായും കിട്ടാഞ്ഞിട്ടോ എന്താണെന്നറിയില്ല ചാത്തനും ദൈവവും തമ്മിലുള്ള ഒരു അഡ്‌ജസ്റ്റ്‌മെന്റിന്റെ പുറത്ത്‌ അഷ്ടമിരോഹിണി ആരംഭിക്കുന്നതിന്റെ ഏതാനും നിമിഷങ്ങള്‍ക്കു മുന്‍പ്‌ സകലരുടെയും മനസ്സില്‍ ആശ്വാസക്കുളിര്‍മഴ പെയ്യിച്ചു കൊണ്ട്‌ കുട്ടിച്ചാത്തന്‍ ഭൂജാതനായി"

കണ്ടി/കേട്ടി ടത്തോളം ഇഹലോക സുഖങ്ങള്‍ പൂര്‍‌ണമായും അനുഭവിച്ചു കഴിഞ്ഞിട്ടില്ലാത്തതും ദൌത്യങ്ങള്‍ പലതും ബാക്കി കിടക്കുന്നതുമായ മാതുലന്‍ ദയനീയമായി അലറിവിളീച്ചത് അങ്ങ് വിഷ്ണുലോകം വരെയെത്തിയതു കൊണ്ടു മാത്രം കരുണാമയനും ഭക്തവത്സലനുമായ ഭഗവാന്‍ തന്റെ തൃപ്പാദപങ്കജത്തിന്റെ ഒരിതള്‍ കൊണ്ട് അഷ്ടമിരോഹിണി തുടങ്ങുന്നതിന്റെ കൃത്യം രണ്ടു സെക്കന്‍ഡുകള്‍ക്കു മുമ്പു തലോടലോടൊപ്പം ഒരു തള്ളലും കൊടുത്തവാറെ സാക്ഷാല്‍ ശ്രീകൃഷ്ണന്റെ സര്‍‌വ ഗുണഗണങ്ങളും സിദ്ധിച്ചിരിക്കുന്ന കുറ്റിച്ചാറ്റന്‍ ക്ഷിതിയിതില്‍ ജാതനാവുകയും ഒരു വേള നേരത്തെ ആയതുകൊണ്ട്‍ ‘ശരികിട്ടന്റെ’ കൊണവതിയാരങ്ങള്‍ മുഴുവനുമങ്ങ് പ്രയോഗിക്കാന്‍ കഴിയാത്തതിന്റെ വിഷമത്തില്‍ ആ നിമിഷം മുതല്‍ ദൃശ്യമായതും അദൃശ്യമായതുമായ പലതരം ദ്രവ്യങ്ങള്‍ എടുത്തെറിയുകയും തദ്വാരാ “ബൂ”ലോകനിവാസികളെ കിടുകിടെ വിറപ്പിച്ച് വാസം ചെയ്യുകയും ചെയ്തു വരുന്നൂ എ‍ന്നു ചിന്തിക്കുന്നതില്‍ യുക്തിഭംഗമുണ്ടോ? .

സസ്നേഹം
ആവനാഴി

Kaithamullu said...

ചാത്തുട്ടീ,
ഇപ്പോ ജനിച്ച മരുമോന്റെ നാളെന്താ? അല്ല, അറിഞ്ഞിരിക്കാനാ....

കുട്ടിച്ചാത്തന്‍ said...

മഹവിഷ്ണുച്ചേട്ടോ : നന്ദി, ഇങ്ങേരു ‘മഹാ‘ വിഷ്ണുവിന്റെ ആരായിട്ടു വരും?

നൌഷറേ: അര്‍ത്ഥം മനസ്സിലായില്ല. വിവരമുള്ളവരോട് ചോദിച്ചു മനസ്സിലാക്കി. ഇത് എന്നോട് പറയുന്നതിലും ഉചിതം അളിയനോട് പറയുന്നതല്ലേ.. അറിയിച്ചേക്കാം, അഭിനന്ദനങ്ങള്‍ക്കു നന്ദി.

ആവനാഴി അമ്മാവോ: ““ബൂ”ലോകനിവാസികളെ കിടുകിടെ വിറപ്പിച്ച് വാസം ചെയ്യുകയും ചെയ്തു “ ചാത്തനെ ഒരു പതിനൊന്നാം നിലേല്‍ കൊണ്ടുപോയിട്ടു താഴെ തള്ളിയിടാനാ ഉദ്ദേശം അല്ലേ...:) നന്ദി.

കൈതമുള്ളേ: മരുമോനല്ല മരുമോളാ... അപ്പോള്‍ പേടിക്കാനേയില്ല.. അവിടെ കലണ്ടറില്ലേ നാളു നോക്കാന്‍...:) മകം-നന്ദി.

ഇടിവാള്‍ said...

ചാത്തന്റെ അമ്മാവന്റെ റ്റെന്‍ഷന്‍ വായിച്ചപ്പോ ചിരിപൊട്ടി ;)

ചാത്തനമ്മാവനു ആശംസകള്‍!

Tomkid! said...

hello...
i knew u...ur bro. has send ur blog link to me...i've read ur blogs...gud ones.

thanks for your suggestion...

-kutty