ഒരു കാലത്ത് രാവിലെ എഴുന്നേറ്റാലുടനെ മൂക്കിലേക്ക് ഒരു വാസന തുളച്ചു കയറും, പകുതി അടഞ്ഞ കണ്ണുകളും തൂക്കി ആ മണവും വലിച്ച് കേറ്റി അടുക്കളയിലേക്കോടും.
തറയില്‍നിന്നും ഒരു അര മീറ്റര്‍ ഉയരത്തിലുള്ള അടുപ്പിന്റെ അരികില്‍ അത്ര തന്നെ ഉയരമുള്ള, സൂക്ഷിച്ചിരുന്നില്ലേല്‍ ഉരുണ്ട് വീഴാവുന്ന, സ്റ്റൂളിന്റെ മുകളില്‍ ചുരുണ്ട് കൂടി പൊരുന്നയിരിക്കുന്ന കോഴീടെ മാതിരി, കാലും കൈയ്യും എല്ലാം ചുരുട്ടിക്കൂട്ടി ഇരിപ്പുറപ്പിക്കും.
ഇടക്കിടെ കൈ നീട്ടി അടുപ്പില്‍ നിന്നും ചൂട് പിടിച്ചെടുക്കും. എന്നിട്ട് ആവിപറക്കുന്ന ദോശയെ നോക്കി വെള്ളമിറക്കും.
"പല്ല് തേയ്ക്കാതെ ഒരു തരി തരില്ല"
എന്ന അമ്മയുടെ പതിവു പല്ലവി കേട്ടു കഴിയുമ്പോള്‍ മുത്തശ്ശിയുടെ അടുത്ത് കൈനീട്ടും അപ്പോള്‍ കിട്ടും ദോശയല്ല. ഇത്തിരി ഉമിക്കരി. അതും എടുത്ത് സ്ലോ മോഷനില്‍ അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്. ആ പരുവത്തില്‍ വഴിയിലെങ്ങാന്‍ അച്ഛനെക്കണ്ടാല്‍ പല്ല് തേപ്പ് ഇരട്ടിപ്പണിയാകും. അച്ഛന് മാവില പറിച്ചു തരും. അതു കൊണ്ട് കൂടി തിരുമുത്ത് വിളക്കണം.
പല്ല് തേപ്പ് കഴിഞ്ഞ്, കുലുക്കിക്കുത്തി, മുഖവും ഒന്ന് കഴുകി, ഇതാ ഞാന്‍ വന്നൂ എന്ന് നാടൊട്ടുക്ക് വിളംബരം ചെയ്ത് അരങ്ങില്‍ നിന്നും അടുക്കളയിലേക്ക് പറന്നിറങ്ങും.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് ഒരു ദിവസം ഇരുട്ടിവെളുക്കുമ്പോളല്ല എന്ന കാര്യം പ്രായോഗികമായി ഞാന്‍ പഠിച്ചത് അടുക്കളയില്‍ വച്ചാണ്. രാജോചിതമായ കാഹളങ്ങളോടെ സ്ഥാനാരോഹണം ചെയ്താലും കോരനു ദോശ കോരന്റെ സമയത്തു തന്നെ.
വീട്ടിലെ മുതിര്‍ന്ന എല്ലാ ആണ് പ്രജകള്‍ക്കുള്ളതും ശരിയായിക്കഴിഞ്ഞാല്‍ ആ അട്ടി ദോശ മുന്നിലൂടെ പറന്ന് പോകുന്നത്, കാണാന്‍ കൊള്ളാവുന്ന പെണ്പിള്ളേര് ബസ്സ്റ്റോപ്പിനു മുന്നിലൂടെ പോകുമ്പോള്‍ കുടുംബത്തില്‍ പിറന്ന ആണ്പിള്ളേര് 180 ഡിഗ്രിയില്‍ തല തിരിച്ച് നോക്കുന്നതുപോലെ, വായില്‍ വെള്ളവുമിറക്കി 270 ഡിഗ്രിയില്‍ തിരിഞ്ഞു നോക്കിക്കൊണ്ടിരിക്കും.
ആര്‍ക്കും ആ കൊതിപറ്റാതിരിക്കാന്‍ അമ്മ കണ്ടുപിടിച്ച സൂത്രം ഉടന്‍ രംഗത്തിറങ്ങും.
"എടാ കറുമുറ വേണോ?"
32 ഒന്നും കാണില്ലെങ്കിലും ആകെയുള്ള 10 - 20 പല്ലുകളും ബാക്കിയ്ക്ക് മോണയും കാട്ടി വെളുക്കെയുള്ളൊരു ചിരി കറുമുറെയുടെ കൂലി മാത്രമല്ല, പല്ലു തേച്ചതിനുള്ള തെളിവും കൂടിയാണ്. കറുമുറ എന്നു വച്ചാല്‍ മുഴുവന്‍ ദോശയല്ല. ദോശ എടുത്തു കഴിഞ്ഞാല്‍ കല്ലില്‍ ബാക്കിവരുന്ന ഉറച്ച ഭാഗങ്ങള്‍.
അതൊരു അടയാളമാണ്. ഇനി ബാക്കി പെണ് പ്രജകളും ഞാനുമേയുള്ളൂ. പുതിയ അടുക്കള സാമ്രാജ്യത്തിന്റെ അവകാശിയുടെ അന്നത്തെ കിരീടധാരണം.അമൃതേത്ത് തുടങ്ങുകയായി.
അതിനുമുന്‍പ് ആ ദോശയുടെ സൗന്ദര്യ വര്‍ണ്ണന.
ഉരുളക്കിഴങ്ങ് കുത്തിനിറച്ച തമിഴ് മദാലസയല്ലിവള്‍.
ഇഞ്ച് കനത്തില്‍ മേക്കപ്പിട്ട കന്നഡ 'സെറ്റ്' അപ്പുമല്ലിവള്‍.
ഗ്യാസ് സ്റ്റൗവ്വിലെ നോണ്‍സ്റ്റിക്കില്‍ പറ്റിപ്പിടിക്കാത്ത മോഡേണ്‍ കേരള സുന്ദരിയും ഇവളുടെ എട്ടയലത്ത് വരില്ല.
ചകിരിയും വിറകും ഉണക്കോലയും അലങ്കാരമേറ്റുന്ന ശ്യാമസുന്ദരി കല്ലടുപ്പിന്റെ മുകളില്‍ വിരാജിക്കുന്ന ദോശക്കല്ലിന്റെ മുകളില്‍, മൂന്ന് വിരലുകൊണ്ട് പിടിക്കാവുന്ന ചെറിയ ചകിരിക്കുച്ചിനാല്‍ എണ്ണ പുരട്ടി,അതില്‍ നിന്ന് വെള്ള ആവി പൊങ്ങുമ്പോള്‍ ചിരട്ടക്കയ്യിലില്‍ കൊണ്ട് ഒന്നരത്തവി മാവൊഴിച്ച്, രണ്ട് തവണ ഘടികാര ദിശയിലും ഒരു തവണ തിരിച്ചും അതിനു മുകളിലൂടെ ചിരട്ടക്കയ്യിലോടിച്ച്, അടപ്പിന്റെകൊളുത്തിന് കടലാസുവച്ച് നീളം കൂട്ടി ചൂടിനെച്ചെറുക്കാന്‍ സജ്ജമാക്കിയ മൂടിവച്ച് മൂടി, അല്പം കഴിഞ്ഞ് മൂടി തുറക്കുമ്പോള്‍ ഏഴയലത്തും കൊതിപ്പിക്കുന്ന മണം പരത്തിച്ച്, ഒന്നു തിരിഞ്ഞ് കിടന്ന്, സര്‍വ്വാലങ്കാരഭൂഷിതയായി ഇവള് വരുമ്പോള്‍ സാക്ഷാല്‍ ഐശ്വര്യാ റായി പോലും ആ വഴി നടക്കില്ല.
തീര്‍ന്നില്ലാ. എനിക്കു ബ്ലോഗരെ കൊതി പിടിപ്പിച്ച് മതിയായില്ല. അമൃതേത്ത് തുടങ്ങുന്നതേയുള്ളൂ.
ഐശ്വര്യാറായിയും അഭിഷേക് തേങ്ങാച്ചമ്മന്തിയും ഇപ്പോള്‍ കിട്ടില്ല. അതു കുളികഴിഞ്ഞ് മേശയ്ക്ക് മുന്നില്‍ എത്തിയാല്‍ മാത്രം. പകരം ....
ദേ ഒരു വിളി..
" ആ പശൂനെയ്യിന്റെ കുപ്പിയെടുത്തോണ്ടാടാ "
ചാത്തന്റെ എക്കാലത്തെയും വലിയ ഫേവറിറ്റ് ഇതാ ജന്മം കൊള്ളുകയായി.
5 സെക്കന്റില്‍ ഇളം ബ്രൗണ്‍ നിറമുള്ള പശുവിന് നെയ്യ് കുപ്പിയുമായി ചാത്തന് സമക്ഷം പ്രത്യക്ഷം.
ഇത്തിരിനേരം തിരിച്ചും മറിച്ചും അടുപ്പിന്റെ മൂട്ടില് കാണിക്കുമ്പോഴേക്കും കുപ്പിയിലേയും എന്റുള്ളിലേയും മഞ്ഞുരുകും.
ജയിംസ് കാമറൂണിന് ടൈറ്റാനിക് കുറച്ച് വര്‍ഷങ്ങള്‍ മുന്‍പ് ഉണ്ടാക്കാന്‍ തോന്നിയിരുന്നെങ്കില്‍ ഇത്രെം കാശുമുടക്കി സെറ്റിടേണ്ട ഒരു കാര്യവുമില്ലായിരുന്നു. ഒന്നല്ല ഒരഞ്ച് ടൈറ്റാനിക്കിനെ മുക്കാനുള്ള വെള്ളം ചാത്തന്റെ കുഞ്ഞ് വായില്‍ത്തന്നെ കണ്ടേനെ.
കുറച്ച് മുന്‍പ് ദോശക്കല്ലില്‍ നിന്നും ഇളകി, തിരിച്ചും പിന്നെ ഒന്നുകൂടി മറിഞ്ഞും കിടന്ന് കൂടുതല്‍ മൊരുമൊരുപ്പായിക്കൊണ്ടിരിക്കുന്ന ദോശസുന്ദരിയില്‍ നെയ്യൊഴിച്ച് ചട്ടുകം കൊണ്ട് എല്ലായിടത്തും എത്തിച്ച് മേമ്പൊടിയായി കുറച്ച് പഞ്ചസാരയും തൂവി, ചുരുട്ടിയെടുത്ത് എന്റെ കുഞ്ഞുകൈയ്യില്‍ വച്ചു തരുമ്പോള്‍, അമ്മയുടെ കണ്ണില്‍ കാണുന്ന വാല്‍സല്യത്തിന്റെ തിളക്കത്തിനോ, എന്റെ കണ്ണില്‍ കാണുന്ന കൊതിയുടെ തിളക്കത്തിനോ, അതോ ദോശസുന്ദരിയുടെ ഉള്ളില്‍ നെയ്യിന്റെ മയം കൊണ്ട് തിളങ്ങുന്ന പഞ്ചാരപ്പരലുകള്‍ക്കോ ഏതിനാണ് പത്തരമാറ്റ്???
സൃഷ്ടിപുരാണം
4 years ago
20 comments:
ഇത്തവണ കഥയല്ല..ദോശപ്രേമികള്ക്കായി രണ്ടു വരി...വരിക.. ദോശയെ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും...
മി. ചാത്തന്, ബാച്ചികള് വളരെ അധികമുള്ള, അത്hഉം വീട്ടില്‍ നിന്നും മാറി താമസിക്കുന്ന ബാച്ചികള് ഉള്ള ഈ ബൂലോഗത്തില്‍, ദോശ കണ്ടാല്‍ വേറെ ആശകള്‍ മറക്കുന്ന എന്നെ പോലത്തെ മാന്യ ദേഹങ്ങള്‍ ഉള്ളിടത്ത് ഇതു പോലെ ഒരു പോസ്റ്റിട്ട് മോഹിപ്പിച്ചത് ഒരു ക്രിമിനല്‍ കുറ്റമായി തന്നെ കാണണം എന്ന് ഞാന്‍ ബൂലോഗ മനസ്സാക്ഷി കോടതി മുമ്പാകെ താണ് വീണ് കേണ് അപേക്ഷിച്ച് കൊള്ളുന്നു... പച്ചാളം, ബാക്കി കോടതി ഭാഷയും കൂടി ഉപയോഗിച്ച് ഒരു കുറ്റപത്രം തയ്യാറാക്കൂ...
എനിക്ക് ഈ പോസ്റ്റ് വായിച്ചിട്ട് വിഷമം തോന്നിയില്ല;)
ഞാന്‍ ദിവസവും വെട്ടിവിഴുങ്ങുന്നതല്ലേ ദോശ. എന്നാലും ഈ ദോശയ്ക്ക് പത്തരമാറ്റ് തന്നെ.
പത്തരമാറ്റുള്ള പോസ്റ്റ്തന്നെ ചാത്താ :)
ദൊശയെപ്പറ്റിയും ഒരു പോസ്റ്റ്,പുട്ടു ഫാന്‍സ് പോലെ ഇനി ദോശ ഫാന്‍സും ഉണ്ട്ാവുമായിരിക്കും.
ചാത്താ.. കുട്ടിച്ചാത്തനെ പ്രീതിപ്പെടുത്തണമെങ്കില്‍ കള്ളും കോഴിയുമല്ലാ... നെയ്ദോശ തന്നെ വേണമല്ലേ.. ഹ. ഹാ. നെയ്ദോശയുടെ മണമടിക്കുന്നു..
കൃഷ് | krish
വായിച്ചു തുടങ്ങിയപ്പോ മുതല്‍ പറയുന്നതാ....’വേണ്ടാ, വേണ്ടാ...’
പക്ഷേ, വായിച്ചു കഴിഞ്ഞപ്പോഴേക്കും ഒരു കൊച്ചു വള്ളം ഇറക്കാനുള്ള നീര് വായിനുള്ളില്‍....
കുട്ടിച്ചാത്താ, കൊച്ചുകള്ളാ;
-കുട്ടിക്കാലം,അഛന്, അമ്മ, അടുക്കള, ചട്ടി, തേങ്ങാച്ചമ്മന്തി....എല്ലാം ഇതാ ആ ദോശവട്ടത്തിനുള്ളില് തെളിഞ്ഞു കാണുന്നു.
നന്ദി!
ചാത്താ....
ഇന്നലെ കണ്ട ആ സൂക്ഷ്മ ശരീരത്തിനുള്ളില്‍ ഇങനെ ഒരു സ്ഥൂല മാനസം ഉണ്ടാകുമെന്ന് ഞാന്‍ നിരീച്ചില്ല..
ദോശകൊതിയന് കുട്ടിച്ചാത്താ...
:-)
-പാര്‍വതി.
ആ ദോശ വിവരണം കേട്ട് വായില്‍ വെള്ളമൂറി !
നോസ്റ്റാള്ജിക്ക് ;)
മി.പൊന്നമ്പലം: നീ പോയി കേസു കൊടെടാ.മുന്‍കൂര്‍ ജാമ്യത്തിനിപ്പോള് പുല്ലിന്റെ വില പോലുമില്ല.
സൂ ചേച്ചീ: അപ്പോള്‍ ഈ ദോശ എന്റെ വക പിറന്നാള്‍ സമ്മാനം.
Peelikkutty: കഴിഞ്ഞ മീറ്റിനു ഞാന്‍ വന്നിരുന്നേല്‍ കാണാമായിരുന്നു. നന്ദി.
മുസാഫിര്‍ സാബ്: ഞാന്‍ പ്രാതലിനുള്ള എല്ലാ ഐറ്റത്തിന്റെം ഫാനാ...ഈ വഴി വന്നതില്‍ സന്തോഷം
കൃഷ്ണേട്ടാ: അവിടെ ഉണ്ടാക്കാറുണ്ടോ? നന്ദി.
കൈതമുള്ള് - അന്യേങ്കുട്ടീ: വിളി അവകാശം തന്നതു ഓര്‍മ്മയുണ്ട്. പലതും ഓര്‍മ്മ വന്നെങ്കില്‍ അതു പങ്കു വയ്ക്കിഷ്ടാ...
തഥാഗതന് മാഷേ: മാഷിന്റെ ഖസാക്ക് കഷ്ണങ്ങള്‍ ഇത്തിരി വായിച്ചു. നായകനു പാമ്പുകടിയേല്‍ക്കുന്ന കാര്യം വേറൊരാളു പറഞ്ഞതിനു ശേഷം വീണ്ടും വായിച്ചപ്പോഴാ എനിക്ക് മനസ്സിലായത്. സ്ഥൂല മാനസത്തിന്റെ വലിപ്പം മനസ്സിലാവാന്‍ പറഞ്ഞതാ.ഉള്ളില്‍ ആള്‍ത്താമസം കുറവാ. അതാ അധികം സംസാരിക്കാത്തത്.
പാര്വതിച്ചേച്ചീ: ഫോട്ടോയില്‍ കാണുന്ന കൊതിയനു ഇത് ഉണ്ടാക്കിക്കൊടുക്കാറുണ്ടോ?
അയ് ശെരി, അപ്പ എനിക്കു നന്ദിയില്ലേ:)
ഒരു കവി ഹൃദയത്തിന്റെ തേങ്ങലുകള്‍.. കവിതക്കുള്ള കോപ്പായി ;)
വാളേട്ടാ : ഞാന്‍ കള്ളം പറഞ്ഞതിനു ഒരു ലോകമാപ്പ് അയക്കാന്‍ പോയതല്ലേ. കവിതയുടെ കോപ്പി എന്റെ കൈയ്യിലില്ല.മെയിലു കിട്ടീലേ?
നന്ദി നന്ദി നന്ദി.
രണ്ടെണ്ണം വിട്ടുപോയ ബാക്കി ആള്‍ക്കാര്‍ക്ക്.
അമ്പട ലുട്ടാപ്പിക്കുട്ടിച്ചാത്താ..ദോശക്ക് ഇത്രെം രുചിയുണ്ടെന്ന് മനസിലാക്കാന്‍ ഈ പോസ്റ്റ് വായിക്കേണ്ടി വന്നല്ലോ,അടുത്ത തിങ്കളാഴ്ച ദോശ ഉണ്ടാക്കുമ്പോള്‍ ഞാന്‍ കുട്ടിച്ചാത്താനാവും ഈ രുചി കിട്ടാന്‍ :)
നന്ദി കിരണ്‍സ്... അതെന്താ ടൈംടേബിള്‍ അനുസരിച്ചാണോ.. തിങ്കളാഴ്ച ദോശ..ചൊവ്വാഴ്ച പുട്ട്....അങ്ങനെയാണോ???
എന്തായാലും ഭാഗ്യവാന്..
ദൈവമേ, ഒരു ദോശയെക്കൊണ്ടാണോ ഇപ്പറഞ്ഞതൊക്കെയും!
(ഇങ്ങിനോരാര്ത്തിപണ്ടാരം.)
“ചകിരിയും വിറകും ഉണക്കോലയും അലങ്കാരമേറ്റുന്ന ശ്യാമസുന്ദരി കല്ലടുപ്പിന്റെ മുകളില്‍ വിരാജിക്കുന്ന ദോശക്കല്ലിന്റെ മുകളില്‍, മൂന്ന് വിരലുകൊണ്ട് പിടിക്കാവുന്ന ചെറിയ ചകിരിക്കുച്ചിനാല്‍ എണ്ണ പുരട്ടി,അതില്‍ നിന്ന് വെള്ള ആവി പൊങ്ങുമ്പോള്‍ ചിരട്ടക്കയ്യിലില്‍ കൊണ്ട് ഒന്നരത്തവി മാവൊഴിച്ച്, രണ്ട് തവണ ഘടികാര ദിശയിലും ഒരു തവണ തിരിച്ചും അതിനു മുകളിലൂടെ ചിരട്ടക്കയ്യിലോടിച്ച്, അടപ്പിന്റെകൊളുത്തിന് കടലാസുവച്ച് നീളം കൂട്ടി ചൂടിനെച്ചെറുക്കാന്‍ സജ്ജമാക്കിയ മൂടിവച്ച് മൂടി, അല്പം കഴിഞ്ഞ് മൂടി തുറക്കുമ്പോള്‍ ഏഴയലത്തും കൊതിപ്പിക്കുന്ന മണം പരത്തിച്ച്, ഒന്നു തിരിഞ്ഞ് കിടന്ന്, സര്‍വ്വാലങ്കാരഭൂഷിതയായി ഇവള് വരുമ്പോള്‍ സാക്ഷാല്‍ ഐശ്വര്യാ റായി പോലും ആ വഴി നടക്കില്ല.“
- നല്ല മനോഹരമായ വിവരണം...ഒരു സാധാ ദോശയെ ഇങ്ങനെയും വിവരിക്കാം, അല്ലേ... അഭിനന്ദനങ്ങള്‍...
super......... thats all
ഹാവൂൂൂൂൂ.
ദോശ തിന്നുമ്പോൾ thanne വായിക്കാൻ ഒരു sukam
Post a Comment