Monday, January 21, 2008

ആ രാത്രിയില്‍ -2- നഗരവനം

പ്രതീക്ഷയുടെ അവസാനത്തെ കച്ചിത്തുരുമ്പും കാണാനില്ല. ആ തട്ടുകടയ്ക്കാരന്‍ എന്തോ മരീചികയായിരുന്നോ? പെട്ടന്ന് എതിരെ നിന്നും ഹെഡ്‌ ലൈറ്റുകളുടെ വെളിച്ചം. പോലീസ്‌ ജീപ്പാവാം എവിടെനിന്നോ ഇത്തിരി ധൈര്യം കളഞ്ഞു കിട്ടി. തിരിഞ്ഞ്‌ നിന്നു. ആരേം കാണാനില്ല. ഇനി ആ ജീപ്പ്‌ വരുന്നത്‌ കണ്ട്‌ ഒളിച്ചതോ മറ്റോ ആണോ? അങ്ങനെയാണെങ്കില്‍ അത്‌ പോയാല്‍ പിന്നേം അവരു തിരിച്ചു വന്നാലോ? പിന്നേ മണ്ടന്മാര്‍ ഇനി ചാത്തന്റെ പൊടി കാണണേല്‍ അവരു വല്ല മഷിനോട്ടക്കാരുടേം അടുത്ത്‌ ചെല്ലേണ്ടി വരും.

സ്റ്റേഡിയത്തിന്റെ അടുത്തെത്തിയപ്പോഴാണ്‌ ദൂരെ മ്യൂസിയം ഭാഗത്ത്‌ നിന്ന് വരുന്ന ജീപ്പിന്റെ വെളിച്ചം കണ്ടതെങ്കിലും അത്‌ ചാത്തനെ കടന്ന് പോയി അല്‍പം കഴിയുമ്പോഴേക്കും ചാത്തന്‍ മ്യൂസിയത്തിനടുത്തെത്തി. മ്യൂസിയത്തിന്റെയും കനകക്കുന്ന് കൊട്ടാരത്തിന്റെയും അടുത്ത്‌ നല്ല വെളിച്ചമാണ്‌ പിന്നാലെ വല്ലവരും വന്നാല്‍ അവര്‍ക്ക്‌ ചാത്തനെ കണ്ടുപിടിക്കാന്‍ എളുപ്പമാണ്‌ ഒളിക്കാന്‍ വഴിയുമില്ല.

വെള്ളയമ്പലം വഴിയാണ്‌ മിക്ക ബസ്സുകളും അമ്പലമുക്കിലേക്ക്‌ പോവുന്നത്‌. മ്യൂസിയത്തിന്റെ മറ്റൊരു സൈഡിലൂടെയുള്ള വഴിയിലൂടെ(നന്തന്‍കോട്‌ വഴി) പോയാലും ടിടിസി(ട്രിവാന്‍ഡ്രം ടെന്നീസ്‌ ക്ലബ്‌ ബസ്സ്റ്റോപ്പ്‌) എത്താം. അവിടുന്ന് ലക്ഷ്യസ്ഥാനമായ അമ്പലമുക്കിലേക്കും. നന്തന്‍കോട്‌ വഴി ആകെ ഒരു തവണ ബസ്സില്‍ പോയതേയുള്ളൂ. ശരിക്കറിയില്ല. ആ വഴിയിലാണെങ്കില്‍ കട്ടപിടിച്ച ഇരുട്ടും. ആ വഴി പോവുന്നത്‌ അബദ്ധമാവുമോ ഇല്ലയോ എന്ന് തെരഞ്ഞെടുക്കാന്‍ കിതപ്പ്‌ തീര്‍ക്കാന്‍ നിന്ന ഒരു നിമിഷാര്‍ദ്ധം മാത്രം.

സ്വതവേ പേടി ആജന്മമിത്രമാണെങ്കിലും കൂടുതലാലോചിക്കാതെ ചാത്തന്‍ ഇരുട്ടിലേക്ക്‌ ഓടിക്കയറി. ഒന്നും കാണുന്നില്ല സ്വന്തം കൈ എവിടെയുണ്ടെന്ന് തപ്പിനോക്കേണ്ട അവസ്ഥ. മുന്നോട്ട്‌ വല്ല അഴുക്ക്‌ ചാലുമാണോ എന്ന് പോലും ഒരു പിടിയുമില്ല. ചതുപ്പ്‌ നിലമാണോ എന്ന് ഉറപ്പിക്കാന്‍ വടിവച്ച്‌ അമര്‍ത്തി നടന്ന് നീങ്ങുന്ന പര്യവേഷകരുടെ കണക്കെ പതുക്കെപ്പതുക്കെ ടാര്‍ റോഡിന്റെ പരിധി കടന്നില്ലെന്ന് ഉറപ്പുവരുത്തി ചാത്തന്‍ മുന്നോട്ട്‌ നീങ്ങി.

രാത്രി ചീവീടുകളുടെ ശബ്ദം മാത്രം കേട്ടു പരിചയിച്ചവര്‍ക്ക്‌ പോകാന്‍ പറ്റിയ വഴി. സിംഹഗര്‍ജനങ്ങള്‍, ആനകളുടെ ചിന്നം വിളികള്‍, കടവാവലുകളുടെ പക്ഷികളുടെ ഇന്നേവരെ കേള്‍ക്കാത്ത ശബ്ദങ്ങള്‍. ആകെപ്പാടെ ഒരു ഘോരവനത്തിന്റെ നടുവിലകപ്പെട്ട പ്രതീതി. ചാത്തന്‍ കള്ളം പറയുന്നതല്ല. ആ വഴി രാത്രി പോയാല്‍ ഇതെല്ലാം കേള്‍ക്കാം. ആ വഴിയുടെ ഒരു ഭാഗത്ത്‌ വലിയ മതിലാണ്‌ അതിനപ്പുറമാണ്‌ തിരുവനന്തപുരം മൃഗശാല!!!. ഇടയ്ക്കുള്ള മതില്‍ മറ്റു മൃഗങ്ങള്‍ ചാടി വരില്ല എന്ന ഉറപ്പ്‌ നല്‍കിയിരുന്നെങ്കിലും, എന്തെല്ലാമോ ജീവികള്‍ മുഖത്തിനരികെക്കൂടെ പറക്കുന്നതായി മനസ്സിലായപ്പോഴാണ്‌ വാവലുകള്‍ക്ക്‌ ആ മതിലൊരുപ്രശ്നമേയല്ല എന്ന് മനസ്സിലായത്‌.

മനുഷ്യരക്തം കുടിക്കുന്ന വാവലുകളുടെം ഡ്രാക്കുളയുടെം കഥയ്ക്ക്‌ മനസ്സിനകത്തേക്ക്‌ ഓടിക്കയറിവരാന്‍ മറ്റൊരു സമയവുമൊട്ട്‌ കിട്ടിയില്ല. അറിയാതെ വേഗത കൂടി. ദൂരെ ദേവസ്വം ബോര്‍ഡ്‌ ജംഗ്ഷനിലെ വെളിച്ചം. അവിടെ വഴി രണ്ടോ മൂന്നോ ആയി തിരിയുന്നു.

ഏത്‌ വഴി പോകണം? ബസ്സില്‍പോയപ്പോള്‍ ഇതങ്ങനെ ശ്രദ്ധിച്ചിട്ടില്ല. കണ്ണടച്ച്‌ കറക്കിക്കുത്തി ഒരു വഴി തെരഞ്ഞെടുത്ത്‌ നടപ്പ്‌ തുടര്‍ന്നു. അല്‍പദൂരം പിന്നിട്ടു. കാണാത്ത വഴികള്‍, വീടുകള്‍, മതിലുകള്‍, വഴി തെറ്റിയിരിക്കുന്നു തിരിച്ച്‌ മ്യൂസിയം വരെ പോയി മെയിന്‍ റോഡ്‌ വഴി തന്നെ പോയാലോ? ഒന്ന് ചോദിക്കാന്‍ ആ വഴി ഒരു പട്ടിക്കുഞ്ഞ്‌ പോലുമില്ല. [വഴി ചോദിക്കാനല്ല പട്ടി പിന്നാലെ ഓടിയിരുന്നെങ്കില്‍ പെട്ടെന്നൊരു തീരുമാനമായേനെ]

തൊണ്ട വരളുന്നു, കാലുകള്‍ വേദനിക്കുന്നു നടന്ന ദൂരം കാരണമല്ല ഇനി നടക്കേണ്ട ദൂരം ഓര്‍ത്ത്‌. തിരിച്ച്‌ ദേവസ്വം ബോര്‍ഡ്‌ ജംഗ്ഷനില്‍ എത്തി. അടുത്ത വഴിയെ വിട്ടു. ഇത്തവണ തെറ്റിയില്ല. ഇടത്‌ വശത്ത്‌ കണ്ട അമ്പലം മുന്‍പ്‌ ബസ്സില്‍ വച്ച്‌ കണ്ടതു തന്നെ. പ്രതിഷ്ഠ ഏതാണെന്ന് നോക്കാതെ എല്ലാ ദൈവങ്ങള്‍ക്കും ഒരു കൂട്ട നന്ദി പ്രകാശിപ്പിച്ചു. ടിടിസിയുടെ മുന്നിലെ തെരുവുവിളക്കുകള്‍ പ്രതീക്ഷയുടെ നക്ഷത്രപ്പൊട്ടുകളായി ദൂരെ മിന്നിത്തുടങ്ങി.

ടിടിസി എത്തിപ്പോയി. ഇനി വഴിയറിയാം. കാലുകള്‍ക്ക്‌ തുള്ളിച്ചാടാന്‍ വയ്യെങ്കിലും മനസ്സ്‌ തുള്ളിച്ചാടി. വാച്ചിലേക്ക്‌ നോക്കാന്‍ മടിയായി. എന്തായാലും ഇനി പത്ത്‌ പതിനഞ്ച്‌ മിനിറ്റ്‌ കൊണ്ട്‌ വീട്ടിലെത്താം.

അതെന്താ ദൂരെ കുറച്ച്‌ നിഴലുകള്‍, എട്ട്‌ കാലുകള്‍, മനുഷ്യന്റെതല്ല പശുവിനെക്കാള്‍ ഉയരമുള്ള രണ്ട്‌ ജീവികള്‍. അതിന്റെ മുകളിലും ആരൊക്കെയോ ഇരിക്കുന്നതു പോലെയുണ്ട്‌. ദൈവമേ വല്ല യമദൂതന്മാരുമാണോ. അടിവച്ചടിവച്ച്‌ അവര്‍ ഇതാ മുന്നോട്ട്‌ വരുന്നു. ഓടാന്‍ പറ്റുന്നില്ല. കാലുകള്‍ നിലത്ത്‌ ആണിയടിച്ചുറപ്പിച്ചതുപോലെ. ദൈവമേ പരീക്ഷണങ്ങള്‍ അവസാനിച്ചില്ലേ?

വാല്‍ക്കഷ്ണം: കഴിഞ്ഞ ഭാഗത്തെ സസ്പെന്‍സ്‌ പോലെ സങ്കല്‍പിച്ച്‌ ഉണ്ടാക്കിയ കള്ളന്മാരും പ്രേതങ്ങളൊന്നുമല്ല ഇത്തവണ. ഒറിജിനലാ. കാത്തിരിക്കൂ. മറുമൊഴികള്‍ വിടാതെ വായിക്കുന്നവര്‍ക്ക്‌ ഈ സസ്പെന്‍സ്‌ ഊഹിക്കാം. ഈയിടെ ഒരു കമന്റില്‍ ചാത്തന്‍ ക്ലൂ പറഞ്ഞിട്ടുണ്ട്‌.