തിരുവനന്തപുരത്ത് ജോലിയില്‍ ചേര്‍ന്നിട്ട് അധികമായില്ല. പെന്‍ഷന്‍ പറ്റാറായ മൂന്ന് അമ്മാവന്മാരോടും സമപ്രായക്കാരനും സഹപ്രവര്‍ത്തകനുമായ കോളേജ് സുഹൃത്തിനുമോടൊപ്പം താമസം. പ്രായം ചെന്നവരോടൊപ്പം താമസിക്കുകയാണെങ്കില്‍ തുമ്മുന്നതിനും മൂക്ക് ചീറ്റുന്നതിനും വരെ ലൈസന്‍സ് വേണ്ടി വരും എന്നാല്‍ ചാത്തന്റെ കൂട്ടുകാരന്‍ ആളൊരു പക്കാ മാന്യന്‍ ആയതോണ്ട് അവനു മോളില്‍ അങ്ങനെ ഒരു ശാസനയും വേണ്ടി വരൂല. ചാത്തനും ഒരു പഞ്ചപാവമാണെന്ന് പറഞ്ഞ് കൂടെ താമസസൗകര്യമൊരുക്കിയതിനാല്‍ ചാത്തനും അവന്‍ പറയുന്നപോലൊക്കെ അടങ്ങിയൊതുങ്ങിക്കഴിയുന്നു.
അമ്മാവന്മാരൊക്കെ പത്ത് മണിയാവുമ്പോഴേക്ക് ലോകകാര്യചര്‍ച്ചകള്‍ക്ക് ശേഷം ഉറക്കമാവും, താക്കോല്‍ പുറത്ത് വച്ചേക്കും ഞങ്ങളെടുത്ത് അകത്ത് കയറി ശബ്ദമുണ്ടാക്കാതെ അടുക്കളേല്‍ വച്ചിരിക്കുന്ന ഭക്ഷണോം തട്ടി കിടന്നുറങ്ങണം.
മറ്റ് തലതിരിഞ്ഞ സ്വഭാവം ഒന്നുമില്ലെങ്കിലും ഇത്രേം തീയേറ്ററുകളുള്ള സ്ഥലത്ത് വന്നിട്ട് ഒരു സിനിമ കാണാതെങ്ങനാ. കൂട്ടുകാരനാണെല്‍ സിനിമയില്‍ യാതൊരു താല്‍പര്യവുമില്ല. ചാത്തന്റെ പണിയൊക്കെ ആറ് ഏഴ് മണിയാവുമ്പോഴേക്കും കഴിയുമെങ്കിലും ഒന്‍പത് പത്ത് മണിയാവാതെ കൂട്ടുകാരനു പുറത്തിറങ്ങാന്‍ പറ്റൂല. എന്നും ഒരുമിച്ചാണ് വരവും പോക്കും, അതുകൊണ്ട് അവനെ തനിച്ചാക്കി പോവാനും പറ്റൂല.
അങ്ങനെയിരിക്കെ കൂട്ടുകാരന്‍ നാട്ടില്‍പോയി ചാത്തന്‍ തനിച്ചായി. "മമ്മി" യൊക്കെ കണ്ട് ത്രില്ലടിച്ചിരിക്കുന്ന ചാത്തനു കാണാന്‍ അതുമായി ബന്ധമുള്ള "സ്കോര്‍പ്പിയണ്‍ കിംഗ്" എന്ന പടം റിലീസായി. എന്നും പത്ത് മണിയാവുമ്പോഴേ വീട്ടിലെത്തൂ എന്നതിനാല്‍ ഫസ്റ്റ്ഷോയ്ക്ക് പോയാല്‍ ഓഫീസില്‍ നിന്ന് സ്ഥിരം വരുന്ന ടൈമാവുമ്പോഴേക്ക് വീട്ടിലെത്താം. എന്നാല്‍പ്പിന്നെ പോയിക്കളയാം.
ഓഫീസില്‍ നിന്നിറങ്ങിയപ്പോള്‍ ഇത്തിരി വൈകി. ഓടിപ്പിടച്ചെത്തിയപ്പോഴേക്കും ഫസ്റ്റ്ഷോ തുടങ്ങി. തുടക്കം മുതല്‍ കാണാതെങ്ങനാ. ഇംഗ്ലീഷ് പടമല്ലേ ഒന്നര മണിക്കൂറേ കാണൂ. സെക്കന്റ് ഷോ ആയാലും അഡ്‌ജസ്റ്റ് ചെയ്യാം, എന്നാലും ഒന്ന് വിളിച്ച് പറഞ്ഞേക്കാം ഇന്ന് കുറച്ച് വൈകുമെന്ന്. വിളിച്ച് പറഞ്ഞ് പുറത്തെല്ലാം കറങ്ങിത്തിരിഞ്ഞ് ഒന്‍പത് മണിയാവുമ്പോഴേക്കും "ന്യൂ" തീയേറ്ററിന്റെ മുന്‍പിലെത്തി. പടം തുടങ്ങുന്നത് ഒന്‍പതരയ്ക്ക്.
ഫസ്റ്റ് ഷോ കഴിഞ്ഞ് ആളുകളു വരുന്നു, കൂടെ ഒരു സഹപ്രവര്‍ത്തകനും ഇവനിന്ന് നേരത്തേ മുങ്ങിയത് പടം കാണാനായിരുന്നോ? ഛെ അറിഞ്ഞിരുന്നെങ്കില്‍ കൂടെ വരാമായിരുന്നു.
എങ്ങനുണ്ട് പടം?
കൊള്ളാം.
ടിക്കറ്റിനുള്ള കാശൊക്കെ തപ്പിയെടുത്ത് കൊടുത്ത് കഴിഞ്ഞപ്പോള്‍ ബാക്കി വെറും പത്ത് രൂപ!
ആഹ് പോകട്ടെ.. നൈറ്റ് സര്‍വീസ് ബസ്സായാലും പത്തില്‍ താഴെയെവരൂ തിരിച്ചുള്ള ടിക്കറ്റ്. പിന്നെ അറ്റകൈക്ക് ഒരു 500 രൂപാ നോട്ടുണ്ട് ആദ്യായിട്ട് കൈയ്യില്‍ കിട്ടിയപ്പോള്‍ എടുത്ത് വച്ചത്.
പടം തുടങ്ങി, ഇഫക്ടുള്ള ഇംഗ്ലീഷ് പടങ്ങളൊക്കെ തീയേറ്ററില്‍ കാണണമെന്ന് പറയുന്നതിതാ. കൊള്ളാം കാശു മുതലായി. സമയം പോയതറിഞ്ഞില്ല. ലാസ്റ്റ് ബസ്സ് 11:30നാണെന്നാ കേട്ടത്. ഇത്രേം സ്പീഡിലിറങ്ങി ഓടിയാല്‍ വല്ലോരുടെം പോക്കറ്റടിച്ചോണ്ട് ഓടുന്നതാന്ന് തെറ്റിദ്ധരിക്കുമോ? സ്പീഡില്‍ നടന്നേക്കാം. ഒരു വളവ് തിരിഞ്ഞപ്പോള്‍ വീണ്ടും ഓട്ടം. തമ്പാനൂരെത്തി. ലാസ്റ്റ് ബസ്സെവിടെ? അതു പോയിട്ട് 10 മിനിട്ടായി. 11:20നായിരുന്നുവത്രെ!. കിഴക്കേകോട്ട പോയി നോക്കാം വല്ല സിറ്റിബസ്സും ഉണ്ടെങ്കില്‍?
തമ്പാനൂരീന്ന് കിഴക്കേകോട്ടയിലെത്തി. ബസ്സ് പോയിട്ട് ബസ്സിന്റെ പൂടയായി ഒരു ആട്ടോ പോലുമില്ല! ഒരു സൈഡില്‍ കിടന്നുറങ്ങുന്ന പത്മനാഭ ഭഗവാനുണ്ട്, പാവം ഉറങ്ങിക്കാണും ഈ സമയത്ത് വിളിച്ച് ശല്യപ്പെടുത്തണോ? അല്ലെങ്കില്‍ തന്നെ പുള്ളിക്കാരന്‍ 24 മണിക്കൂറും കിടപ്പല്ലേ ഒന്ന് വിളിച്ച് നോക്കിയാല്‍ വല്ല ആട്ടോക്കാരന്റെം രൂപത്തില്‍ വന്നേക്കുമോ?
കുറച്ച് സമയം ക്ഷമിച്ച് നോക്കി നോ രക്ഷ ഇന്ന് തിരക്ക് കൂടുതലായതിനാല്‍ പുള്ളിക്കാരന്‍ നല്ല ഉറക്കത്തിലാവും. ചിന്തകള്‍ കാട് കയറി. പത്ത് രൂപയ്ക്ക് ആട്ടോക്കാശ് തികയില്ല. പിന്നെയുള്ള 500ന്റെ നോട്ടെടുത്ത് നീട്ടിയാല്‍ ആട്ടോക്കാരന്‍ നമ്മളെ ചുമ്മാ ഒരു സ്പാനറുകൊണ്ട് ഞോണ്ടി കാശും അടിച്ച് പോവുമോ?
അടുത്തുള്ള ഭഗവാന്‍ കണ്ണുതുറക്കാത്ത സ്ഥിതിയ്ക്ക് ഇനി ബാക്കി ഓരോരുത്തരെയായി വിളിച്ച് നോക്കാം. അധികം വിളിക്കേണ്ടി വന്നില്ല.ശ്രീപരമേശ്വരനെ സ്മരിച്ചമാത്രയില്‍ അദ്ദേഹത്തിന്റെ പര്യായം ഓര്‍മ്മ വന്നു. നടരാജാ അതുതന്നെ വഴി. കിഴക്കേകോട്ടമുതല്‍ അമ്പലമുക്ക് വരെ എത്രദൂരം കാണും? അതിനടുത്ത സ്റ്റോപ്പായ പേരൂര്‍ക്കട സിറ്റി ലിമിറ്റിന്റെ അവസാനമാണെന്നറിയാം. എന്തായാലും ഇവിടെ അസമയത്ത് തനിച്ച് കറങ്ങി നടക്കുന്നതിലും നല്ലത് സ്വന്തം കാലുകളെ വിശ്വസിക്കുന്നതാണ്. ആയുര്‍വേദകോളേജ്, സ്റ്റാച്യൂ , പാളയം കഴിഞ്ഞപ്പോള്‍ ആകെ ഇരുട്ട്.
ആരോ പിന്നാലെ വരുന്നുണ്ടോ? കയ്യിലുള്ള പൊട്ടവാച്ചും 500 രൂപയുമാണ് അതാര്‍ക്കെങ്കിലും വേണ്ടി വരുമോ? ഉണ്ട് ഉണ്ട് തിരിഞ്ഞ് നോക്കി പേടിച്ചരണ്ട ഇരയുടെ മുഖം കണ്ടാല്‍ വേട്ടക്കാരനു ക്രൗര്യം കൂടും. തിരിഞ്ഞ് നോക്കേണ്ട. വേഗത താനേ കൂടുന്നു. ദൂരെ ഏതോ തട്ടുകടയ്ക്കാരന്‍ വണ്ടീം കൊണ്ട് പോകുന്നത് പോലെ, അവിടെ വരെ ഓടിയാലോ. രണ്ടാമതൊന്ന് ചിന്തിച്ചില്ല. ഓടി. പിന്നാലെയുള്ള പാദപതനങ്ങളുടെ വേഗത കൂടും പോലെ. ദൈവമേ കാത്തോളണേ...
വാല്‍ക്കഷ്ണം:
2008 ലെ ആദ്യപോസ്റ്റ്, ഒത്തിരി എഴുതാനുള്ളതോണ്ട് മൂന്ന് പോസ്റ്റാക്കുന്നു. ബാക്കീ പിന്നെ വരും...
500 രൂപ ചില്ലറയാക്കാത്തത് പിശുക്ക് കാരണമാണെന്നുള്ള വാദത്തിന് മുന്‍കൂര്‍ ജാമ്യം...
സൃഷ്ടിപുരാണം
6 years ago
