പത്മനാഭ ദാസന്റെ നഗരം, ചാത്തന് ഇവിടെ എത്തിയിട്ടു മാസങ്ങളാകുന്നു. ഒരു പിടി നല്ല കൂട്ടുകാരുടെ ഇടയില്‍ ഇണങ്ങിയും പിണങ്ങിയും ഒരു വള്ളിനിക്കര്‍കാരന്റെ സ്വഭാവത്തോടെ സസുഖം വാഴുന്ന കാലം.
ലോകത്തിലെവിടേയും ഇന്ത്യയേയും ഇന്ത്യയിലെവിടെയും കേരളത്തേയും കേരളത്തില്‍ സ്വന്തം ജില്ലയേയും പറ്റി അഭിമാനവും അഹങ്കാരവും പ്രകടിപ്പിച്ചു നടക്കുന്ന ചാത്തന് തിരിച്ചടികളില്‍ നിന്നും ഒന്നും പുതുതായി പഠിക്കാറില്ല. പക്ഷെ ഒരു തവണ ഒരു തവണമാത്രം.
ചാത്തന് മറ്റൊരു സ്വന്തം ജില്ലക്കാരന്റെ കൂടെയാണ് താമസം. അവന് സഹപ്രവര്‍ത്തകനിലുപരി സഹപാഠിയും സഹമുറിയനും ഒരു നല്ല ചങ്ങായിയുമാണ്. അവനെപ്പറ്റിപ്പറയുകയാണെങ്കില്‍ ആര്‍നോള്‍ഡ് ശിവശങ്കരന്റെ ശരീരവും മഹാത്മാഗാന്ധിയുടെ മനസ്സും. അവന്റെ മൂക്കിനു താഴെ ആരേലും ചൊറിഞ്ഞോണ്ടിരുന്നാല്‍ ചൊറിയുന്നവര്‍ക്കു കൈ വേദനിക്കുന്നുണ്ടോന്ന് തിരക്കുന്ന സ്വഭാവം. എന്നും എല്ലാവരോടും ചിരിക്കുന്ന മുഖം മാത്രം.
സായാഹ്നങ്ങളില്‍ കമ്പനിക്ക് ചുറ്റും ഒരു നടത്തവും, മറ്റുസഹപ്രവര്‍ത്തകര്‍ തൊട്ടടുത്ത കടയില്‍ നിന്നും ചായകുടിക്കുന്നത് നോക്കി നില്‍ക്കലും പതിവ്.
അന്നെന്തോ മറ്റുള്ളവര്‍ വിളിച്ചപ്പോള്‍ സീറ്റ് വിട്ട് എഴുന്നേല്ക്കാന് വൈകി. ഓടുന്നത് ചാത്തന് ആസ്വദിക്കുന്ന കൂട്ടത്തിലായതിനാല്‍ ആ വൈകല്‍ ചാത്തനൊരു പ്രശ്നമായേ എടുത്തില്ല. പതിവുകാരൊക്കെ ചായകുടിച്ച് ഗ്ലാസ് തിരിച്ചു വച്ച് നടത്തം തുടങ്ങാന്‍ പോകുന്നത് ദൂരെ നിന്നു തന്നെ കാണാം.
പതിവ് ചിരിയും കളിയും ബഹളവും. കൂട്ടത്തിലൊരുത്തന് ചാത്തന്റെ സഹപാഠിയുടെ തോളത്ത് ശക്തമായ ഒരു തട്ട്. പ്രതീക്ഷിക്കാത്തതായതിനാല്‍ അവന്റെ ബാലന്‍സ് ഒന്ന് തെറ്റി,വീഴാന്‍ തുടങ്ങി, അപ്പോള്‍ത്തന്നെ നില വീണ്ടെടുത്തു.
എന്തോ കളിക്ക് ചെയ്തതാവണം. അവരെന്താ പറഞ്ഞു കൊണ്ടിരുന്നതെന്ന് ചാത്തനൊട്ട് കേട്ടതുമില്ല. ഇനി അഥവാ കാര്യമായിട്ടാണ് തട്ടെങ്കിലും സഹന് ഒന്നും തിരിച്ച് ചെയ്യാന്‍ പോകുന്നില്ല. എന്നാലും കണ്ണൂര്‍ക്കാരുടെ അഭിമാനമായ ചാത്തനിവിടെ നില്ക്കുമ്പോള് അതെങ്ങനെ ശരിയാവും.
"ആരാടാ കണ്ണൂര്‍ക്കാരെ തൊട്ട് കളിക്കുന്നത്"
എന്ന് പറയലും ചാത്തന് ചിരിച്ചു കൊണ്ട് തട്ടിയവനെ പിടിച്ച് തള്ളലും ഒരുമിച്ചായിരുന്നു. തമാശയ്ക്ക് തള്ളിയതാണെങ്കിലും ഓടിവന്ന് തള്ളിയതു കാരണം ശക്തി അല്പം കൂടിപ്പോയി.
തള്ളുകൊണ്ട് ഒന്ന് കറങ്ങിത്തിരിഞ്ഞ് ബാലന്‍സ് വീണ്ടെടുത്തുകൊണ്ടിരിക്കുന്നതിനിടയില്‍ മാന്യദേഹം കൈനീട്ടി ഒന്നു തന്നു. വീഴാന്‍ പോയവനെ പിടിക്കാന്‍ മുന്നോട്ടാഞ്ഞ ചാത്തന്റെ തിരുമോന്തയില്‍ തന്നെ.
യുറേക്കാാാ....
തെളിയിച്ചു. തെളിയിച്ചു.
പകലു നക്ഷത്രം കാണാന്‍ കിണറ്റിനകത്തിരിക്കണമെന്നത് തികച്ചും തെറ്റായ ഒരു ശാസ്ത്ര സത്യം മാത്രം.
തെറ്റ് ആരുടെ ഭാഗത്ത് എന്നില്ല. കാരണം ഇവിടെ തെറ്റായിട്ടൊന്നും നടന്നില്ല. എല്ലാം ഒരു തമാശ മാത്രം. ചാത്തന് ചിന്തിച്ചാല്‍ തെറ്റ് ചാത്തന്റെ ഭാഗത്ത് മാത്രം. അടികൊണ്ടത് ചാത്തനാണെങ്കിലും അതിന്റെ ശബ്ദവും ചാത്തന്റെ മുഖത്തിന്റെ തുടിപ്പും കാരണം എല്ലാവരും പകച്ചു നില്ക്കുന്നു.ഇനി ഒരു കൂട്ടത്തല്ല് നടക്കുമോ!!!
ചുറ്റും മൂളിപ്പറന്ന പൊന്നീച്ച ഇരുമിഴികളുടെയും തുമ്പത്ത് ഉപേക്ഷിച്ച് പോയ തേന്തുള്ളികള് മറ്റാരും കാണാതിരിക്കാന്‍ ഒരു ചിരി മുഖത്ത് വാരിത്തേച്ച് ചാത്തന് മുഖമുയര്‍ത്തി.
പതിവു സായാഹ്ന സവാരിയ്ക്ക് നില്‍ക്കാതെ തിരിച്ച് ഓഫീസില്‍ കയറി സ്വന്തം ഡസ്കില്‍ മുഖം പൂഴ്ത്തിയിരിക്കുമ്പോള്‍ തോളില്‍ ഒരു നനുത്ത കരസ്പര്‍ശനം.
"നിനക്ക് ശരിക്കും വേദനിച്ചു അല്ലേ? സാരമില്ലെടാ അതുപോട്ടെ വിട്ടുകള.."
ആരോ ഒരാള്‍ ഹൃദയത്തില്‍ കയറിയിരുന്ന് കൊഞ്ഞനം കുത്തുന്നു.
ആജീവനാന്ത സൗഹൃദങ്ങള്‍ പല സാഹചര്യങ്ങളില്‍ തുടങ്ങുന്നു. ചിലപ്പോള്‍ കേവലം ഒരു വാചകത്തില്‍ നിന്നും...
വാല്‍ക്കഷ്ണം:
ഇനിയും ഒരുപാടുണ്ട്. പക്ഷെ തല്ലു കൊണ്ടത് ഇതു അവസാനത്തേത്. മുഖത്തും ഹൃദയത്തിലും കൊണ്ടത് ആദ്യത്തേതും.
സൃഷ്ടിപുരാണം
6 years ago
