കിറുക്കെട്ടുമായുള്ള ചാത്തന്റെ സുദൃഢ ബന്ധം തുടങ്ങുന്നത് എട്ടാം തരത്തില്‍ വച്ചാണ്. അതുവരെ അവധിക്കാലത്ത് അമ്മവീട്ടില്‍ വിരുന്നു പാര്‍ക്കാന്‍ പോകുമ്പോള്‍ അയലോക്കത്തെ കൂട്ടുകാരുടെ കൂടെ ഓലമടല്‍ ബാറ്റും റബ്ബര്‍ ബോളുമായി കളിച്ച മുന്‍പരിചയം മാത്രം കൈമുതലായുണ്ട്.
അന്നുവരെ സ്വന്തം രാജ്യത്തില്‍ രാജാവും രാജകുമാരനുമായി വിരാജിച്ചിരുന്ന സായാഹ്നങ്ങളോട് ചാത്തന്‍ വിട പറഞ്ഞു.
ഒരു സ്ക്കൂള്‍ സുഹൃത്തിന്റെ ക്ഷണപ്രകാരം ഒരുപിടി നല്ല സുഹൃത്തുക്കളുടെ ഇടയില്‍ സായാഹ്നങ്ങള്‍ ചെലവഴിക്കാന്‍ കളമൊരുങ്ങി. പ്രായമായെങ്കിലും ശരീരം കൊണ്ടും സ്വഭാവം കൊണ്ടും ചാത്തനെ എല്ലാരും കൂട്ടത്തിലെ കുഞ്ഞു കുട്ടിയായി മാത്രമെ എണ്ണിയുള്ളൂ.
എന്തായാലും ചാത്തനും കൂട്ടത്തിലൊരാളായി. അവിടെയും മാറ്റത്തിന്റെ ശംഖൊലി മുഴങ്ങി. റബ്ബര്‍ ബോളില്‍ നിന്നും കോര്‍ക്ക് ബോളിലേക്ക്.
സ്പിന്ന് മാത്രമേ ചാത്തനു നേരെ എറിയൂ എന്ന അലിഖിത നിയമമുണ്ട്. എന്നാലും ബോള്‍ വരുമ്പോള്‍ ചാത്തന്‍ ക്രീസിന്റെ ഒരറ്റത്തെത്തും; മെല്ലെ വരുന്ന ബോളിനെ ബാറ്റില്‍ കൊള്ളിച്ച് ക്രീസിനു സമീപത്ത് എവിടെയെങ്കിലും ഇട്ട് അപ്പുറത്തെ ക്രീസിലെത്തുന്നതോടെ ചാത്തന്റെ ദൗത്യം വിജയകരമായി പൂര്‍ത്തിയാകുന്നു.
എത്രകാലം ഇങ്ങനെ കളിക്കും പാഡിനെപ്പറ്റി ചിന്തിക്കാന്‍ പോലും ആവതില്ല. ഈ ബോളും ചാത്തന്റെ ശരീരവളര്‍ച്ചയും ധൈര്യവും വച്ച് കണക്കുകൂട്ടിയാല്‍ ഇന്ത്യക്ക് അടുത്ത ലോകകപ്പ് കിട്ടുന്ന കാലത്ത് ചാത്തന്‍ തന്റെ ആദ്യ ബൗണ്ടറി അടിക്കും.
ചാത്തന്റെ കോമണ്‍സെന്‍സിനും ശരീരത്തിനും ഒരേ വളര്‍ച്ചയാണെങ്കിലും തലച്ചോറിന്റെ ഒരുഭാഗത്തിനു വളര്‍ച്ചാനിരക്ക് കൂടുതലായിരുന്നു, കുരുട്ടുബുദ്ധിയ്ക്ക്. നരിത്തോലിന്റെ ഡിസൈനുള്ള, ഒരു അര ഇഞ്ച് കട്ടിയുള്ള ജീന്‍സ് അക്കാലത്ത് ഫാഷനായിരുന്നു. മാസത്തിലൊരിക്കല്‍ മാത്രം അലക്കേണ്ടുന്ന അവനെ ചാത്തന്‍ സ്ഥിരം അംഗവസ്ത്രമാക്കി.
സംഗതി ഏറ്റു. ബൗണ്ടറി ഒന്നും അടിച്ചില്ലെങ്കിലും ആനവാല്‍ മോതിരം കൊള്ളാം. മെല്ലെ വരുന്ന ബോള്‍ കാലില്‍ കൊണ്ടാലും വേദനയില്ല. തല ഉയര്‍ത്തിപ്പിടിച്ച് റണ്ണുകള്‍ എടുത്തു. പതുക്കെ കോപ്പി ബുക്ക് ഷോട്ടുകളിലേക്ക് കടന്നു. ജാക്ക് കാലിസിന്റെ സ്വീപ് ചാത്തന്റെ ഫേവറിറ്റായി.
പഴയ അലിഖിതനിയമം അപ്പോഴും പ്രാബല്യത്തിലുള്ള കാരണം ചാത്തന്‍ എതിര്‍ ടീമിനു കീറാമുട്ടിയായിത്തുടങ്ങി. അടിക്കുന്നതു മുഴുവന്‍ തറയിലൂടെ മാത്രം. വിക്കറ്റ് മുഴുവന്‍ കാലുവച്ച് മറയ്ക്കുന്നതു കാരണം ബൗള്‍ഡാവുകയും ഇല്ല. എല്‍ ബി ഡബ്ല്യു മൊത്തം നിയമത്തിലും ഇല്ല.
സഹികെട്ട ചില ബോളുകള്‍ക്ക് വേഗം കൂടിത്തുടങ്ങി. പക്ഷേ ചാത്തന്‍ പിന്നെം പഴയ പടി തന്നെ തുടര്‍ന്നു.
ഒരാളെക്കൂടി ഔട്ടാക്കിയാല്‍ എതിര്‍ടീം വിജയിക്കും ഒരറ്റത്ത് ചാത്തന്‍ കല്ലുപോലെ ഉറച്ച് നില്‍ക്കുന്നു.മറ്റേ അറ്റത്തെ കളിക്കാരന്‍ നല്ല ഫോമിലാ അവനെ ഔട്ടാക്കുന്ന കാര്യം ഇനി ചിന്തിക്കേണ്ട.
സഹകളിക്കാരന്റെ ഫോം ചാത്തനിലേക്കും ഇത്തിരിശ്ശെ പകര്‍ന്നു തുടങ്ങി സ്വീപ്പുകള്‍ക്കു പിന്നിലെ അടികള്‍ക്കു ശക്തി കൂടിത്തുടങ്ങി. ഒരു മിന്നല്‍ സ്വീപ് ഷോട്ട്. ക്യാമറക്കണ്ണുകള്‍ ബൗണ്ടറി ലൈനിലേക്ക്.
ക്യാമറക്കണ്ണുകള്‍ പോയതിലും വേഗത്തില്‍ തിരിച്ചു വന്നു.ബോള്‍ ക്രീസില്‍ തന്നെ കിടപ്പുണ്ട്.ഒരു കൈ കൊണ്ട് ചെവി മറച്ചുകൊണ്ട് ചാത്തനും.
"കൈയ്യെടുക്കെടാ നോക്കട്ടേ"
വെള്ളം കൊണ്ടുവരാന്‍ ഫയര്‍ ഫോഴ്‌സിനു ഓര്‍ഡര്‍.
ഫസ്റ്റ് എയിഡ് ബോക്സ് സ്ക്വാഡ് അടുത്ത കാട്ടിലേക്ക് കുതിച്ചു.
ആദ്യം വന്നതു ഫസ്റ്റ് എയിഡ് - കമ്യൂണിസ്റ്റപ്പ അഥവാ കമ്യൂണിസ്റ്റ് പച്ച.
കൈയ്യെടുത്തു. വേദനയൊന്നുമില്ല. പക്ഷെ കൈ നിറച്ചും ചോര.
കണ്ണു കൊണ്ട് കുറേ കഥകളി കളിച്ചെങ്കിലും ഒന്നും കാണാന്‍ പറ്റുന്നില്ല.
എങ്ങനെ കാണാന്‍ പറ്റും ചെവിയുടെയും തലയോട്ടിയുടെയും ജോയിന്റിലുള്ള മുറിവ് സ്വയം കാണണമെങ്കില്‍ കുട്ടിച്ചാത്തന്‍ സാക്ഷാല്‍ ശ്രീമാന്‍ ചാത്തനാവണം.
ചാത്തനൊഴികെ എല്ലാരുടെയും മുഖങ്ങളില്‍ നവരസങ്ങളില്‍ ഹാസ്യം ഒഴികെ ബാക്കി മാറിമാറി മിന്നിക്കളിക്കുന്നു.
ഫസ്റ്റ് എയിഡ് വച്ചപ്പോള്‍ ചോര വരവുനിന്നു. വേദനയില്ലാത്തതിനാല്‍ ചാത്തന്‍ പിന്നെം ബാറ്റ് കയ്യിലെടുത്തു. ആരും സമ്മതിച്ചില്ല.
"തലയിളക്കേണ്ട. ഇന്നത്തെ കളി മതി"
"വെള്ളം കുടിക്കെടാ"
"ഇത്തിരി സമയം അവിടെ ഇരി"
"ചോര മുഴുവന്‍ നിന്നിട്ടു വീട്ടില്‍ പോയാല്‍ മതി"
ഛെ ഛെ പ്രായം ഇത്രയൊക്കെ ആയിട്ടു ഇവന്മാര്‍ക്കൊന്നും ധൈര്യമില്ലേ!!!
ചാത്തനിതാ കല്ലു കല്ലു പോലെ നില്‍ക്കുന്നു. ഇതൊക്കെ ഇത്രെം കാര്യമാക്കാനുണ്ടോ. ഏതായാലും അനുസരിച്ചില്ലാന്നു വേണ്ട.
വീട്ടിലേക്ക് വിട്ടു.
"എന്താടാ തലയിലൊരു പച്ചക്കെട്ട്?"
"തല്ലു കൂടിയോ?"
"ഇല്ല ബോളു കൊണ്ടതാ"
"റബ്ബര്‍ ബോളോ!!!"
"ഞങ്ങളിപ്പോ കോര്‍ക്കിലാ"
"ആ കമ്യൂണിസ്റ്റപ്പ മാറ്റിക്കേ നോക്കട്ടെ"
"അത്രക്കൊന്നും ഇല്ലാന്നേ ഇന്നാ കണ്ടോ"
"ഈശ്വരാ...."
അമ്മ ആളെക്കൂട്ടാനോടി.
തലയ്ക്കകത്തൂടെ ഒരു ചെറിയ മിന്നല്‍. എന്നാല്‍ പിന്നെ ഒന്നു കണ്ടു കളയാം.നേരെ കണ്ണാടീടെ മുന്നിലേക്ക് വിട്ടു. മുറിയില്‍ വെളിച്ചമില്ല. ലൈറ്റിട്ടു.
ചെവിയുടെ മുകള്‍ഭാഗം ഇത്തിരി തലയോട്ടിയില്‍ നിന്നും വിട്ടു കിടക്കുന്നു. കാല്‍ വിരലില്‍ നിന്നും ഒരു തണുപ്പ് അരിച്ച് കയറുന്നു. വല്ലോരും ചെവിയില്‍ ഇപ്പോള്‍ പിടിച്ച് വലിച്ചാല്‍ പഴത്തൊലി പോലെ ഉരിഞ്ഞുവരുമെന്നൊരു തോന്നല്‍. അതോ തലയൊന്നിളക്കിയാല്‍ താഴെ വീഴുമോ?
ഒരു അശരീരി "അമ്മേ വെള്....ളം"
കണ്ണാടി ശൂന്യം.
അടുത്തുള്ള കിടക്കയില്‍ ഒരു കൈ കൊണ്ട് ചെവി താങ്ങി നിര്‍ത്തിക്കൊണ്ടുള്ള പോസില്‍ ഒരു കല്‍പ്രതിമ കിടക്കുന്നു. അനങ്ങിയാല്‍ ചെവി താഴെപ്പോയാലോ. ശരിക്കും കല്ലു കൊണ്ടൊരു ചെക്കന്‍....
വാല്‍ക്കഷ്ണം:
മുറിവു തുന്നേണ്ടി വന്നില്ല. പക്ഷേ അതൊരു വിപ്ലവത്തിനു തുടക്കം കുറിച്ചു. കോര്‍ക്ക് ബോളില്‍ നിന്നും ടെന്നീസ് ബോളിലേയ്ക്ക്. ആ വിപ്ലവത്തിന് ഒരേ ഒരു രക്തസാക്ഷി മാത്രം സ്വന്തം.
സൃഷ്ടിപുരാണം
5 years ago
