Monday, December 18, 2006

ആര്‍ത്തിക്കഥകള്‍ - മീന്‍ മോഹം

ഈ സീരീസിലെ കഥകള്‍ സര്‍ദാര്‍ജിയുഗത്തിലാണ്‌(ചാത്തന്‍ ഒരു വര്‍ഷം സര്‍ദാര്‍ജിമാരുടെ നാട്ടിലായിരുന്നു) നടക്കുന്നതെന്നതുകൊണ്ട്‌ പരിപൂര്‍ണ്ണമായും ആര്‍ത്തിക്കഥകള്‍ എന്നു വിളിക്കാന്‍ എനിക്കു താത്‌പര്യമില്ല. ഒരുപാട്‌ കാലം കിട്ടാതിരുന്ന്, കാത്തിരുന്നു കഴിക്കുമ്പോള്‍ ഇത്തിരികൊതിയൊക്കെ ആര്‍ക്കും കാണില്ലേ..

ചെയ്‌സ്‌ ചെയ്‌സ്‌ ചെയ്‌സില്‍ പരിചയപ്പെട്ട ചേട്ടന്‍ പിള്ളാരുടെ ബര്‍ത്ത്ഡേയ്ക്കും അല്ലാതെയും ആയി മൂന്നാലുതവണ ഞങ്ങളെ വീട്ടിലേക്ക്‌ വിളിച്ച്‌ കേരള സദ്യ തന്നിരുന്നു.ചേട്ടന്റെ ഫ്ലാറ്റ്‌ അടുത്തായിരുന്നതിനാല്‍ വല്ലപ്പോഴും നല്ല ചായ കുടിക്കണമെന്നുതോന്നുമ്പോള്‍ ചിലരൊക്കെ ഒറ്റയ്ക്കും തറ്റയ്ക്കും ആയി അവിടെ ചെല്ലാറുണ്ട്‌.

അങ്ങനെയിരിക്കെ ചേട്ടന്റെ നട്ടെല്ലിനു ചെറിയ ഡിസ്ക്‌ പ്രോബ്ലം. എല്ലാവരും ഹാജര്‍ വച്ചു. ഇന്റര്‍നാഷണല്‍ ചര്‍ച്ചകളൊക്കെക്കഴിഞ്ഞ്‌ എങ്ങിനെയോ ഒരു മീന്‍ ചര്‍ച്ചക്കിടയില്‍ കയറി. ആ പരിസരത്തൊന്നും കടലില്ലാത്തതുകൊണ്ട്‌ അവിടെ നല്ല മീന്‍ കിട്ടില്ലാന്നു ഞങ്ങള്‍. ഇത്തിരിദൂരെ ഒരു മാര്‍ക്കറ്റില്‍ നല്ലമീന്‍ കിട്ടുമെന്ന് ചേട്ടന്‍.എന്നാല്‍ പിന്നെ അതൊന്നു അറിഞ്ഞിട്ടു തന്നെ എന്നു ഞങ്ങളും.

ചെറിയൊരു പ്രശ്നം. ഞങ്ങള്‍ക്കുവഴിയറിയില്ല. ചേട്ടനു ലോങ്ങ്‌ ഡ്രൈവും പറ്റില്ല. ചാത്തനു നാലുചക്രശകടലൈസന്‍സ്‌ ഉണ്ട്‌.പക്ഷെ പ്ണ്ടെങ്ങാണ്ട്‌ ഒരു അരഭിത്തി ബോണ്ട്‌ സ്റ്റെയിലില്‍ അടിച്ചു തകര്‍ത്ത ആത്മവിശ്വാസം കാരണം പിന്നെ ആ സീറ്റിലിരുന്നിട്ടില്ല.

ഞങ്ങളുടെ പ്രൊജക്റ്റ്‌ ലീഡ്‌ കാര്യം ഏറ്റെടുത്തു. ചേട്ടന്റെ കാര്‍ പുള്ളിക്കാരന്‍ ഡ്രൈവ്‌ ചെയ്യും, ചേട്ടന്‍ നാവിഗേറ്റര്‍, ചേട്ടന്റെ പിള്ളാരും വരുന്നതു കാരണം അവരെ മേയ്ച്ചുനടക്കാന്‍ ആട്ടിടയന്‍ ചാത്തനും.

ചേട്ടനും ലീഡും മാര്‍ക്കറ്റിലേക്ക്‌ കയറിപ്പോയി. പിള്ളേരു മലയാളികളായതിനാല്‍ മേയ്ക്കാന്‍ അത്ര ബുദ്ധിമുട്ടുണ്ടായില്ല. ഒരിക്കലും അവസാനിക്കാത്ത ഒരു കഥ പറഞ്ഞ്‌ പറഞ്ഞ്‌ അവരു രണ്ടുപേരും കൂടി എന്നെ കൈവയ്ക്കും എന്ന ഘട്ടം ആയപ്പോഴേയ്ക്കും മീന്‍ വാങ്ങാന്‍ പോയവര്‍ ഒരു വലിയ പ്ലാസ്റ്റിക്‌ സഞ്ചിയും പൊക്കിപ്പിടിച്ചോണ്ട്‌ വരുന്നു. സഞ്ചിയില്‍ ചാത്തന്‍ ഇതുവരെ കാണാത്ത ഒരു തരം മീന്‍.

മടിച്ച്‌ മടിച്ചാണെങ്കിലും ചോദിച്ചു.

"ഇത്‌ പുഴമീനാണോ?"

"അതേ ഇവിടെക്കിട്ടൂ, നല്ല രുചിയായിരിക്കും എന്നു കടക്കാരന്‍ പറഞ്ഞു"

അല്‍പ്പം ഫ്ലാഷ്ബാക്ക്‌. പുഴക്കടുത്താണ്‌ വീടെങ്കിലും ചാത്തന്‍ ഇതുവരെ പുഴമീന്‍ കഴിച്ചിട്ടില്ല. കാരണം പുഴയുടെ ആഴവും പുഴക്കരയിലെ ജനങ്ങളുടെ ആത്മഹത്യാ പ്രവണതയും ഞാനോ നീയോ എന്ന് നിരന്തരം മത്സരിച്ചുകൊണ്ടിരുന്നു. നരഭോജിപ്പുഴമീനുകള്‍ക്ക്‌ പൊതുവേ കുറച്ച്‌ സ്റ്റാന്‍ഡേര്‍ഡ്‌ കൂടുതലാണെന്ന വിശ്വാസം വച്ച്‌ പുലര്‍ത്തുന്നതിനാല്‍ വീട്ടില്‍ വാങ്ങാറില്ല.സ്വയം പര്യാപ്തമായി ചൂണ്ടയിട്ട്‌ പിടിച്ചൂടെ എന്നു വച്ചാല്‍ അതിന്റെ എ ബി സി ഡി പോലും ചാത്തനു പിടിയില്ല. അല്ലേലും ഉപ്പില്ലാത്ത മീന്‍ എന്തിനുകൊള്ളാം.

തിരിച്ച്‌ സീനിലേക്ക്‌.

"ഞാനിതുവരെ ഇതു കഴിച്ചിട്ടില്ലാ"

"ഇങ്ങനെയല്ലേ കഴിച്ചു പഠിക്കുന്നത്‌"

ശരി മുഴുവന്‍ കൈയ്യും നോക്കിക്കളയാം.

ബാറ്റണ്‍ ചേച്ചിയ്ക്ക്‌ കൈമാറി തിരിച്ച്‌ ഞങ്ങളുടെ ഫ്ലാറ്റിലേക്ക്‌.

"ആയിക്കഴിഞ്ഞാല്‍ ഞാന്‍ വിളിക്കാം"

അയ്യോ ഒരുകഷ്‌ണമെങ്കിലും ഒന്ന് നല്ലവണ്ണം പൊരിച്ചെടുക്കണം എന്നു പറയാന്‍ മറന്നു. ഇനിയിപ്പോള്‍ വൈദ്യന്‍ പാലു കല്‍പിക്കുന്നതും നോക്കിയിരിപ്പേ രക്ഷയുള്ളൂ.
മൊബൈലുകള്‍ എല്ലാം നടുക്ക്‌ കൂട്ടിയിട്ട്‌ ചുറ്റിലും എല്ലാരും മുഖത്തോടു മുഖം നോക്കിയിരിക്കാന്‍ തുടങ്ങി, മീനിന്റെ "പൂ ഹോയ്‌" വിളിയും പ്രതീക്ഷിച്ച്‌.

ഒച്ചിഴയും വേഗത്തിലാണോ സമയം പോകുന്നത്‌!!!!

അവസാനം വിളിവന്നു.

പട തീന്മേശയ്ക്ക്‌ ചുറ്റും ഹാജര്‍. ഒരു കഷ്‌ണം മീന്‍ഫ്രൈ പ്രധാനകൊതിയന്റെ പ്ലേറ്റിലേക്ക്‌ ഇട്ടുകൊണ്ട്‌ ചേച്ചി പറഞ്ഞു.

"മീന്‍ നന്നാക്കാന്‍ കുറച്ചു സമയമെടുത്തു."

സാധാരണ ചാത്തന്‍ അധികം ചൂടുള്ളതൊന്നും കഴിക്കാറില്ല.പക്ഷേ ഫ്രൈയുടെ മണം കിടിലം. ആര്‍ത്തി കാണിച്ച്‌ അബദ്ധം പറ്റരുതല്ലോ. വിരലുകൊണ്ട്‌ ഞെക്കിചൂട്‌ പരിശോധിച്ചു.കഴിക്കാവുന്നതേയുള്ളൂ. ചേച്ചിക്ക്‌ എരിവിന്റെയും ഉപ്പിന്റെയും ഒന്നും കണക്ക്‌ തെറ്റാറില്ല. അത്‌ ഇത്തിരി മാറിയാലും അഡ്‌ജസ്റ്റ്‌ ചെയ്യാവുന്നതേയുള്ളൂ. വലിയ ഒരു കഷ്‌ണം തന്നെ വായിലേക്ക്‌ കുത്തിനിറച്ചു.

ഒരു കടി കടിച്ചു. ചൂട്‌ 110 ഡിഗ്രിയാണേലും ഒരു കിലോ മുളകുപൊടിയും ഉപ്പും ഇട്ടിരുന്നെങ്കിലും സഹിക്കാമായിരുന്നു.ഇതു കുറെ കടന്നുപോയി.

ഇതു മീനാണോ അതോ വല്ല മുള്ളന്‍പന്നിയോ!!!!!

ഒരിക്കലും വേണ്ട സമയത്ത്‌ അടിക്കാത്ത സ്ക്കൂള്‍ ബെല്ല് പോലെ ചേച്ചിയുടെ അശരീരി എവിടുന്നോ മുഴങ്ങുന്നു.

"നല്ല മുള്ളുള്ള ഇനമാണെന്നു തോന്നുന്നു നോക്കിക്കഴിക്കണേ എന്റെ കൈയ്യില്‍ ഒന്നു രണ്ടെണ്ണം കൊണ്ടു"

തുറന്ന വായ അടക്കാന്‍ പറ്റിയിരുന്നെങ്കില്‍ ഞാന്‍ വല്ലോം വിളിച്ചു പറഞ്ഞേനെ....


വാല്‍ക്കഷ്ണം:

സമര്‍പ്പണം - കഴിഞ്ഞ ദോശപ്പോസ്റ്റിന്റെ കമന്റായി എന്നെ ആര്‍ത്തിപ്പണ്ടാരം എന്ന് വിളിച്ച പടിപ്പുരച്ചേട്ടന്‌.
എങ്ങിനെയുണ്ട്‌ എന്റെ മധുര'മുള്ള്‌' പ്രതികാരം.