Sunday, August 10, 2008

അഞ്ചാം ക്ലാസും ഗുസ്തീം

"ഞാനിനി സ്കൂളീപ്പോവുന്നില്ലാ"

വൈകീട്ട്‌ വന്ന് പുസ്തകപ്പെട്ടി നിലത്തിട്ടോണ്ട്‌ ഒരഞ്ചാം ക്ലാസുകാരന്റെ വിലാപം.

എന്താടാ ഇന്നും അവന്‍ നിന്നെ തല്ലിയോ?

ഞാനിനി പോവുന്നില്ലാന്ന് പറഞ്ഞാല്‍ പോവുന്നില്ലാ.

ഈ ചെക്കന്റെ ഒരു കാര്യം നാണമില്ലേ വല്ലവന്റെം തല്ലും വാങ്ങി വന്ന് ചിണുങ്ങാന്‍.. ചേച്ചിമാരും അമ്മായിമാരും ഒക്കെ അമ്മേടെ ഭാഗം ചേര്‍ന്നു.

അമ്മ ടീച്ചറോട്‌ പറയുന്നുണ്ടോ ഇല്ലയോ?
-- കാര്യം നടക്കണേല്‍ ഇനിയിപ്പോള്‍ ഒറ്റക്കാലില്‍ നിന്നേ പറ്റൂ--

കാര്യം നിസാരം അഞ്ചാം ക്ലാസില്‍ ചാത്തന്‍ സ്കൂളു മാറി, പഴയ കൂട്ടുകാര്‍ കുറേപ്പേരൊക്കെ അതേ ഡിവിഷനില്‍ ഉണ്ടെങ്കിലും ഏറെപ്പേരും പുതുമുഖങ്ങള്‍. അതിലൊരാളാണ്‌ പക്രു. ആള്‍ പാസ്‌ ആയ ഒന്നാം ക്ലാസൊഴിച്ച്‌ ബാക്കി എല്ലാത്തിലും അവന്‍ എത്ര തവണ പഠിച്ചിട്ടുണ്ടെന്ന് കണക്കറിയില്ല. പൊക്കം അത്രയൊന്നുമില്ലെങ്കിലും ഇരുമ്പു പോലത്തെ ശരീരം., ക്ലാസിലെ അവനൊഴിച്ച്‌ ബാക്കി ആര്‍ക്കും അവനെ കണ്ടുകൂടാ. ബാക്കിയുള്ളവരെ ഉപദ്രവിക്കലാണ്‌ പ്രധാന വിനോദം.

എന്നും പക്രു ഷര്‍ട്ടില്‍ പേനകൊണ്ട്‌ വരച്ചു, തോണ്ടി, മാന്തി, പിച്ചി, ചെമ്പകം, എന്നിങ്ങനെയുള്ള പരാതികളൊന്നുമില്ലാതെ ചാത്തന്‍ വീട്ടിലെത്താറില്ല.

ചാത്തന്റെ അമ്മ ടീച്ചറായതോണ്ട്‌ സ്കൂളു വേറെയാണെങ്കിലും പുതിയ സ്കൂളിലെ ടീച്ചര്‍മാരെയൊക്കെ നന്നായി അറിയാം. തിരിച്ചു തല്ലിയാല്‍ വീട്ടിലറിയും എന്നത്‌ മൂന്നു തരം. പോരാഞ്ഞ്‌ ക്ലാസിലെ നല്ല കുട്ടി എന്ന പേര്‌ കളയുന്നതെങ്ങനെയാ? ടീച്ചര്‍മാരോട്‌ പരാതി പറയാമെന്ന് വച്ചാല്‍ അതറിഞ്ഞാല്‍ പക്രൂന്റെ വക ഇരട്ടി കിട്ടും. അല്ലാതെ പക്രൂനെ പേടിയായിട്ടൊന്നുമല്ല.

ക്ലാസ്‌ടീച്ചര്‍ ചാത്തന്റെ ഒരു ബന്ധുകൂടിയാണ്‌. അമ്മ ടീച്ചറെക്കണ്ടു പരാതി പറഞ്ഞു.

എന്തു ചെയ്യാനാ ടീച്ചറേ, അതങ്ങനൊരു സാധനം എത്ര തല്ലിയാലും ഉപദേശിച്ചാലും നന്നാവൂല. ടി സി കൊടുത്ത്‌ വിടാന്‍ പലതവണ രക്ഷിതാവിനെ വിളിപ്പിച്ചതാ. ഒരു പാവം മനുഷ്യന്‍, എങ്ങനേലും പത്താം ക്ലാസ്‌ വരെ എത്തിച്ച്‌ തരണം എന്ന് പറഞ്ഞ്‌ അയാളു എപ്പോഴും കരഞ്ഞ്‌ കാലുപിടിക്കുന്നതു കൊണ്ടാ ഇതുവരെ പറഞ്ഞ്‌ വിടാത്തത്‌. ഞാനിനി ഒന്നൂടെ ശ്രദ്ധിച്ചോളാം.

തല്ലു വാങ്ങുന്ന കാര്യത്തില്‍ ചാത്തന്‍ ഒറ്റയ്ക്കല്ലാ ക്ലാസിലെ എല്ലാ പിള്ളേരും പക്രൂന്റെ തല്ല് വാങ്ങാറുണ്ട്‌. പതിവു ക്വാട്ടാ വാങ്ങി ഡസ്കില്‍ തലേം വച്ച്‌ ചുമ്മാ ഇരിക്കുമ്പോഴാ(കരയുകയല്ല ;) ) ജിത്തു ചെവീല്‍ പറയുന്നത്‌ നമ്മള്‍ക്കവനെ തിരിച്ചു തല്ലിയാലോ?

അന്നു കിട്ടിയതിന്റെ വേദന എവിടെയോ പറന്ന് പോയി. എപ്പോള്‍? എവിടെ വച്ച്‌? വടി വേണ്ടേ?

ജിത്തു ആളു മിടുക്കനാ അവന്‍ ചാത്തന്റെ ഒരു ബന്ധു കൂടിയാ. അവന്റെ വീടിനടുത്ത്‌ കരാട്ടെ ക്ലാസുണ്ട്‌ അവനവിടെയൊക്കെ പോവാറുണ്ട്‌. എന്നാലും കരാട്ടെ മോഡലില്‍ പക്രൂന്റെ അടി തടുത്താല്‍ ഓടും ഇഷ്ടികയുമൊക്കെ പോലെ പൊട്ടുന്നത്‌ ജിത്തൂന്റെ കയ്യാവും. അവന്റെ ടീമില്‍ വേറെം മൂന്നാലു പേരുണ്ട്‌, ഇവരൊക്കെ ഇപ്പോള്‍ ഒരുമിച്ചാണ്‌ നടക്കാറ്‌, ഒറ്റയ്ക്ക്‌ കിട്ടുമ്പോഴാണ്‌ പക്രൂന്റെ പരാക്രമം കൂടുതല്‍. പക്രൂന്റെ തൊട്ട്‌ മുന്‍പില്‍ ഇരിക്കുന്നതു കൊണ്ട്‌ ഏറ്റവും ഉപദ്രവം ചാത്തനായിരുന്നു. പക്രൂനെ തല്ലാന്‍ ഒരു നല്ല സമയം നോക്കി നടക്കുകയായിരുന്നു ആ പാണ്ഡവ സംഘം. അവര്‍ക്ക്‌ വേണ്ടത്‌ ചൂണ്ടലില്‍ കോര്‍ക്കാന്‍ പറ്റിയ ഒരു ഇര മാത്രമായിരുന്നു.

അങ്ങനെ പക്രു വധം ബാലെയുടെ തിരക്കഥ ആരംഭിച്ചു. അരക്കൊല്ലപ്പരീക്ഷയുടെ അവസാന ദിവസം. പക്രു ഏറ്റവും അവസാനമേ പരീക്ഷ എഴുതി പുറത്തുവരൂ. ഞങ്ങളുടെ ക്ലാസുകളൊന്നും പരീക്ഷാഹാള്‍ ആക്കിയില്ലായിരുന്നു. പകരം ബഞ്ചും ഡസ്കും എല്ലാം ഹാളുകളിലേയ്ക്ക്‌ എടുത്ത്‌ കൊണ്ടുപോയിരുന്നു. ഹാളില്‍ നിന്ന് പുറത്തേക്കിറങ്ങിയ പക്രൂന്റെ തോളില്‍ അറിയാത്ത ഭാവത്തില്‍ ഒരു ചുമലു കൊണ്ട്‌ ഒരു തട്ടും തട്ടി മുന്നോട്ട്‌ നീങ്ങിയ ചാത്തന്‍ മുനോട്ട്‌ മൂക്കും കുത്തി വീണു പക്രു പിടിച്ച്‌ തള്ളിയതാണെന്ന് തിരിഞ്ഞ്‌ നോക്കാതെ തന്നെ മനസ്സിലായി. അടുത്ത ആക്രമണം ഉണ്ടാകും മുന്‍പ്‌ ചാത്തന്‍ ഒഴിഞ്ഞ്‌ കിടക്കുന്ന ക്ലാസിലേക്കോടിക്കയറി.

പറഞ്ഞുറപ്പിച്ചതുപോലെ അഞ്ചംഗസംഘം അവിടെ തയ്യാറായിരുന്നു. ചാത്തനവരുടെ പിന്നിലൊളിച്ചു. പിന്നാലെ ഓടിക്കയറിയ പക്രൂനെ എല്ലാവരും കൂടി വളഞ്ഞു. ആക്രമണം പിന്നില്‍ നിന്നാരംഭിച്ചു. ഒരു തള്ള്‌. മുന്നോട്ട്‌ ഒന്ന് ആഞ്ഞ പക്രു വെട്ടിത്തിരിഞ്ഞു തന്നെ തള്ളിയവനെ ഒന്ന് പൊട്ടിക്കാന്‍ തുടങ്ങിയപ്പോഴേയ്ക്ക്‌ പിന്നില്‍ നിന്നും അടുത്തവന്‍ ഒന്ന് പൊട്ടിച്ചു. പിന്നെ തലങ്ങും വിലങ്ങും അടി പിച്ച്‌ മാന്ത്‌. ക്ലാസ്‌ മുറി സിമന്റിട്ടതായതോണ്ട്‌ പക്രൂനു പൂഴിക്കടകന്‍ അടിച്ച്‌ രക്ഷപ്പെടാനും പറ്റീല. പക്രു ആരെ തിരിച്ചടിക്കാന്‍ ഒരുങ്ങിയാലും അവര്‍ പിന്നോട്ട്‌ ഒഴിഞ്ഞ്‌ മാറും ബാക്കിയുള്ളവര്‍ പിന്നില്‍ നിന്നാക്രമിക്കും.

ആദ്യമൊക്കെ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും പതുക്കെപ്പതുക്കെ കഴുതപ്പുലികളുടെ ആക്രമണത്തില്‍ സിംഹം തളര്‍ന്നു. പിന്നെ എങ്ങിനെയെങ്കിലും അടികള്‍ തടുക്കാനും രക്ഷപ്പെടാനുമായി ശ്രമം. അതോടെ തല്ലുസംഘത്തിനു ആവേശം കൂടി. പക്രു നിലത്തുവീണു. ചവിട്ടില്‍ നിന്നും തല്ലില്‍ നിന്നും രക്ഷപ്പെടാനായി ആകെ ചുരുണ്ടുകൂടി കിടപ്പായി. എല്ലാവരും കൂടി പക്രൂന്റെ ദേഹത്ത്‌ "കര - വെള്ളം" കളി കളിച്ചു തുടങ്ങി. സിമന്റ്‌ തറയില്‍ കിടന്ന പൂഴിമണ്ണില്‍ മുഖം ഉരഞ്ഞ്‌ ചോര പൊടിഞ്ഞ്‌ തുടങ്ങി. എന്നാലും തല്ലരുത്‌ എന്ന് പറയാന്‍ പക്രു തുനിഞ്ഞില്ല.

സിനിമയിലെ വില്ലന്മാര്‍ നായകനെ തല്ലി ചാവാറാക്കി നടന്നു നീങ്ങുന്ന ഭാവത്തില്‍ എല്ലാവരും ഇറങ്ങിപ്പോയി. വരുംവരായ്കകളെ കുറിച്ച്‌ ചിന്തിക്കാതെ. വീട്ടില്‍ വന്ന് അമ്മയോട്‌ കാര്യം പറഞ്ഞു. ടീച്ചറായാലും സ്വന്തം മോനെ ഉപദ്രവിച്ചോണ്ടിരുന്ന ഒരുത്തനു തല്ലു കിട്ടിയതല്ലേ അമ്മയ്ക്ക്‌ കണ്‍ഫ്യൂഷന്‍ ആയിക്കാണും, ക്ലാസ്ടീച്ചറെക്കണ്ട്‌ കാര്യം പറയണോ വേണ്ടയോ എന്ന്. എന്തായാലും അന്ന് പരീക്ഷയുടെ അവസാന ദിവസം ആയതിനാല്‍ ഇനി ഒരു കേസ്‌ പത്ത്‌ ദിവസം കഴിഞ്ഞേ കോടതിയിലെത്തൂ.. അത്രേം ആശ്വാസം, എന്നാലും അതിനിടെ ക്ലാസ്ടീച്ചറെ വഴീല്‍ കണ്ടപ്പോള്‍ അമ്മ കാര്യം പറഞ്ഞു. സാരമില്ല അങ്ങനെ രണ്ട്‌ കിട്ടിയാലൊന്നും അവനൊരു കൂസലുമുണ്ടാവൂല. ഇനി അവന്റെ ആരെങ്കിലും പരാതി തരുമ്പോഴല്ലേ അപ്പോള്‍ നോക്കാം. എന്ന് ടീച്ചര്‍ പറഞ്ഞെന്ന് അമ്മ പറഞ്ഞു.

സ്കൂള്‍ തുറന്നു. ചാത്തന്‍ അഞ്ചംഗസംഘത്തിനിടയിലേക്ക്‌ ഇരിപ്പിടം മാറ്റി. പക്രു ദാ വരുന്നു. മുഖത്ത്‌ മുറിവുണങ്ങിയ ഒരു ചെറിയ വെളുത്ത പാടുമാത്രം. പിന്നെ അങ്ങോട്ട്‌ നോക്കിയില്ല. കുറച്ച്‌ ദിവസം പ്രശ്നമൊന്നുമുണ്ടായിരുന്നില്ല. അവന്‍ പിന്നേം പഴയപടിയായി പക്ഷേ ഞങ്ങള്‍ ആറുപേരെം പിന്നെ തൊട്ടിട്ടില്ല. എന്നാലും ചിലപ്പോഴൊക്കെ ചാത്തനെ ഒരു നോട്ടമുണ്ട്‌ ഒറ്റയ്ക്കെങ്ങാനും കിട്ടിയാല്‍ നിന്നെ ഞാന്‍ ശരിയാക്കുമെടാ ചതിയാ എന്നായിരുന്നു ആ നോട്ടത്തിന്റെ അര്‍ത്ഥം. ഒറ്റയ്ക്ക്‌ കിട്ടിയിട്ട്‌ വേണ്ടേ.
അങ്ങനെ വാര്‍ഷികപരീക്ഷയും കഴിഞ്ഞു. റിസല്‍ട്ട്‌ അറിയാന്‍ കൂട്ടം കൂടി തന്നെ പോയി.

തിരിച്ചു വീട്ടിലേയ്ക്ക്‌ നിലവിളിച്ചോണ്ട്‌ കയറി വന്ന ചാത്തനെക്കണ്ട്‌ എല്ലാവരും ഞെട്ടി..

"എന്താടാ നീ തോല്‍ക്കാന്‍ സാധ്യതയൊന്നുമില്ലാലോ? വരുന്ന വഴി പിന്നേം തല്ലു വാങ്ങിയോ? "

"ഇല്ലാ" തേങ്ങലടക്കിക്കൊണ്ട്‌ "ഞാന്‍ ജയിച്ചു".

"അതിനെന്തിനാ കരയുന്നേ?"

"പക്രൂം ജയിച്ചു.. അവനെന്റെ ക്ലാസില്‍ തന്നാ. ബാക്കി എല്ലാവരും ഡിവിഷന്‍ മാറി. ഞാനിനി സ്കൂളില്‍ പോവുന്നില്ലേ..."

കൂട്ടച്ചിരി...

വാല്‍ക്കഷ്ണം: എന്തായാലും അതോടെ ആ സ്കൂളിനോട്‌ ചാത്തന്‍ വിടപറഞ്ഞു. പേടിച്ചിട്ടൊന്നുമല്ല. പുതിയ സ്കൂളില്‍ ആറാം ക്ലാസ്‌ ഉണ്ടായിരുന്നു. അത്‌ വീടിനു കൂടുതല്‍ അടുത്തുമായിരുന്നു. എന്ത്‌ വിശ്വാസമില്ലാന്നോ.. വിശ്വസിച്ചില്ലേല്‍ ചാത്തനു പുല്ലാ..

45 comments:

കുട്ടിച്ചാത്തന്‍ said...

ഒരു സ്ക്കൂള്‍ സ്മരണ ...ചിരിക്കാനൊന്നുമില്ലാ ചുമ്മാ വായിക്കാന്

:: VM :: said...

ഹഹഹ! എന്നാധൈര്യം മച്ചൂ

ഞാന്‍ 3ഇല്‍ പഠിക്കുമ്പോ ഇതുപോലൊരു പക്രു ഉണ്ടാരുന്ന്, സതീശന്‍ എന്നാപേര്. ചുള്‍ലന്‍ ഇതുപോലെ മാന്ത് പിച്ച് മുതലായ സംഭാവനകള്‍ ഇടക്കിടക്ക് തരും. ക്ലാസില്‍ ഡീസന്റല്ലേന്നോര്‍ത്ത് നുമ്മ സഹിച്ചു. ഒരു ദിവസം ഓഓവറായപ്പോല്‍, അവന്റെ മാന്ന്തൊക്കെ കഴിഞ്ഞ് ചെക്കന്‍ ഗെഡി ഒരു സ്ഥലത്ത് ഡീസന്റായി ചെന്നിരുക്കുമ്പോ ഞാന്‍ പൊറകീചെന്നു അറിയാത്ത മാതിരി ഒന്നു ഷോള്‍ഡര്‍ ചെയ്തു, ചെക്കന്‍ ധടുപിടീം ന്നു ഡെസ്കിലേക്ക് തലയട്റ്റിച്ച് ചുണ്ടുപൊട്ടി ചോര..

അനിയമാഷ്ടെ കയ്യീന്നു കയ്യില്‍ ചൂരലു വച്ച് ഒരെണ്‍നം കിട്ടിയാലെന്ത്..

അതിനു ശേഷം ഞങ്ങളു ഫ്രണ്ഡ്സായ്..

അഗ്രജന്‍ said...

ഹഹഹഹ... അവസാനം തകര്‍ത്തൂ... തീരെ പ്രതീക്ഷിക്കാത്ത അന്ത്യം :)

Sharu (Ansha Muneer) said...

പക്രു ആള് കിടിലനാണല്ലോ, രസിച്ചുവായിച്ചു, നല്ല പോസ്റ്റ്

അനില്‍@ബ്ലോഗ് // anil said...

ഇതു പഴയകാല കഥയാണൊ?
എന്റെ കുട്ടിക്കാലത്തെ ചില അനുഭവങ്ങള്‍ പൊലുണ്ടല്ലൊ.

ഓ.ടൊ.
കുട്ടിച്ചാത്തന്റെ കുട്ടിക്കാല ഫോട്ടൊ ആണൊ അതൊ ചാത്തന്റെ കുട്ടിയുടെ ഫോട്ടോ ആണൊ ഇതു ?

ജിജ സുബ്രഹ്മണ്യൻ said...

പേടിച്ചിട്ടല്ലാ സ്കൂള്‍ മാറിയതെന്നു ചാത്തന്‍ പറഞ്ഞതു ഞാന്‍ വിശ്വസിച്ചേ !!!!!!

ഇല്ലാ" തേങ്ങലടക്കിക്കൊണ്ട്‌ "ഞാന്‍ ജയിച്ചു".

"അതിനെന്തിനാ കരയുന്നേ?"

"പക്രൂം ജയിച്ചു.. അവനെന്റെ ക്ലാസില്‍ തന്നാ. ബാക്കി എല്ലാവരും ഡിവിഷന്‍ മാറി. ഞാനിനി സ്കൂളില്‍ പോവുന്നില്ലേ..."

കൊള്ളാല്ലോ ചാത്താ !!!ചിരിപ്പിച്ചു @!!

തമനു said...

കലക്കി .... പ്രത്യേകിച്ചു ക്ലൈമാക്സ്.

എനിക്കു മാറാന്‍ അടുത്തു വേറേ സ്കൂള്‍ ഇല്ലാഞ്ഞതു കൊണ്ടു്, ഇവന്മാരെ ഒക്കെ സോപ്പിട്ടു നടക്കേണ്ടി വന്ന ഒരു ഹതഭാഗ്യന്‍ ആണു ഞാനും. :( . എന്നാലും ഇവരൊക്കെ പലപ്പോഴും നമ്മുടെ രക്ഷകരായിരുന്നു. പലകാര്യങ്ങളിലും. പ്രത്യേകിച്ചു ശശിക്കുട്ടനെപ്പോലെ ഉള്ളവര്‍

കുഞ്ഞന്‍ said...

ചാത്താ...

ക്ലൈമാക്സ് കലക്കി...ഇതിപ്പോള്‍ എലിയെ പേടിച്ച് ഇല്ലം ചുട്ട കഥ പോലുണ്ടല്ലൊ. അല്ല സ്കൂള്‍ മാറിയതുകൊണ്ടു പറഞ്ഞതാണെ

420 said...

രസികന്‍...

പതിവു ക്വാട്ടാ വാങ്ങി ഡസ്കില്‍ തലേം വച്ച്‌
ചുമ്മാ ഇരിക്കുമ്പോഴാ(കരയുകയല്ല ;) )--
പിന്നല്ലാതെ!!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

“എന്നും പക്രു ഷര്‍ട്ടില്‍ പേനകൊണ്ട്‌ വരച്ചു, തോണ്ടി, മാന്തി, പിച്ചി, ചെമ്പകം, എന്നിങ്ങനെയുള്ള പരാതികളൊന്നുമില്ലാതെ ചാത്തന്‍ വീട്ടിലെത്താറില്ല. “

അതിക്രമം

അല്ഫോന്‍സക്കുട്ടി said...

"പക്രൂം ജയിച്ചു.. അവനെന്റെ ക്ലാസില്‍ തന്നാ. ബാക്കി എല്ലാവരും ഡിവിഷന്‍ മാറി. ഞാനിനി സ്കൂളില്‍ പോവുന്നില്ലേ..."

ചാത്തനേറ് കലക്കി.

Sarija NS said...

നന്നായി കഥ പറയുന്ന ചാത്തന് ധൈര്യം കമ്മിയാ അല്ലെ :). ഒറിജിനല്‍ ചാത്തന് നാണക്കേടാവൂലൊ ചാത്തന്‍ ഭഗവാനെ!!!

ബിന്ദു കെ പി said...

കലക്കന്‍ പോസ്റ്റ് ചാത്താ..

സൂര്യോദയം said...

ചാത്താ... ഇതാണ്‌ ധൈര്യം, :-)
ഇത്തരം കേസില്‍ പെടാത്തവര്‍ ചുരുക്കമാണെന്ന് തൊന്നുന്നു. ഏഴാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ ക്ളാസ്സിലെ അല്‍പം അഭ്യാസിയായ ജയനെ ഞാനടക്കമുള്ള അഞ്ചംഗസംഘം ഗ്രൌണ്ടില്‍ വച്ച്‌ ഒന്ന് മുട്ടി. അവസാനം ജയന്‍ കരഞ്ഞുകൊണ്ട്‌ പറഞ്ഞ ഡയലോഗുണ്ട്‌ .. "ഒറ്റയ്ക്കൊറ്റയ്ക്ക്‌ ഉണ്ടെങ്കില്‍ വാടാ..".
പിന്നേയ്‌, ഒറ്റയ്ക്‌ ചെല്ലാന്‍ നമുക്കെന്താ പ്രാന്തുണ്ടൊ? (പിന്നീട്‌ ജയന്‍ വല്ല്യ കൂട്ടുകാരനായിത്തീര്‍ന്നൂ ട്ടൊ)

Praveen said...

hahhaa...adipoli katha...
chirich marichu:D
chaathante dhairyam bhayangaram thanne;)

OAB/ഒഎബി said...

എല്ലാ സ്കൂളിലും ഉണ്ടാവും ഇതു മാതിരി ഓരോ വിത്തുകള്‍. പണ്ട്, പെന്‍സില്‍ കുറി വച്ച് മുങ്ങിയ അബുവിനെ കൈകാര്യം ചെയ്തത് പറഞ്ഞാല്‍ ദിവസവും ഓരോ പെന്‍സിലുമായി സ്കൂളിലേക്ക് പോവുന്ന ഇന്നത്തെ പുള്ളാറ്ക്ക് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും.

ദിലീപ് വിശ്വനാഥ് said...

അവസാനം പറഞ്ഞത് ഞാന്‍ എന്തായാലും വിശ്വസിച്ചു. കണ്ണുമടച്ച് വിശ്വസിച്ചു. എനിക്ക് ചാത്തനെ അത്രയ്ക്ക് അങ്ങട്ട് വിശ്വാസമാണ്...

അരുണ്‍ കരിമുട്ടം said...

ചാത്തനിട്ടൊരു തിരിച്ചേറ്:
"ഞാന്‍ ജയിച്ചു"
ചാത്താ ഇത് കലക്കി.അറിയാതെ ചിരിച്ചു പോയി

കുട്ടിച്ചാത്തന്‍ said...

വാളേട്ടോ: സ്ക്കൂള്‍ജീവിതത്തില്‍ പിന്നൊരുത്തനേം ചാത്തന്‍ പേടിച്ചിട്ടില്ലാ..“ക്ലാസില്‍ ഡീസന്റല്ലേന്നോര്‍ത്ത് “ അതെ അതെ ഭയങ്കര ഡീസന്റ് ... അച്ഛന്റെ സ്വഭാവം വച്ച് നോക്കുമ്പോള്‍ വിച്ചുവൊക്കെ എത്ര ഡീസന്റ്!!!!
ഷോള്‍ഡര്‍ ചെയ്ത് ഡസ്കിലിട്വേ!!!! ഹെന്റമ്മോ!!!
അഗ്രജോ: സത്യത്തില്‍ ക്ലൈമാക്സ് മാത്രം എനിക്കത്ര ഓര്‍മ്മയില്ല. ആകെ ഓര്‍മയുള്ളത് റിസല്‍ട്ടറിയാന്‍ പോവുമ്പോള്‍ അമ്മ പറഞ്ഞതാ നീ എന്തിനാ പോണേ അവന്‍ ജയിച്ചോന്നറിയാനാണോ എന്ന്...

Sharu: പക്രു ആളു കിടിലന്‍ തന്നാ പിന്നെ 8ആം ക്ലാസില്‍ അവന്‍ വീണ്ടും എന്റെ സ്ക്കൂളിലെത്തി.... അതുപക്ഷേ എന്റെ അമ്മേം കൂടി പഠിപ്പിക്കുന്ന സ്കൂളായതോണ്ട് മുന്‍‌കൂട്ടി സുന്ദരമായി ചാത്തന്‍ ഡിവിഷന്‍ മാറി.

അനില്‍ജി: അഞ്ചാംക്ലാസ് എന്നു വച്ചാല്‍ പഴേതാവൂലേ? , അതു ചാത്തന്റെ ഫോട്ടോ തന്നെ.
കാന്താരിച്ചേച്ചീ: വിശ്വസിച്ച വഹേല്‍ ഒരു നാരങ്ങാ മിഠായീ....

തമനുച്ചായോ: ഞാന്‍ സോപ്പിടാറേയില്ല പിന്നെ കൊറേ തല്ലുമ്പോള്‍ അവര്‍ക്കു മടുത്തോ‍ളും..നിന്ന് കൊള്ളുവല്ല്ലേ...

കുഞ്ഞന്‍സ്:സ്ക്കൂള്‍ മാറീതു അതു അമ്മ പഠിപ്പിക്കുന്ന സ്ക്കൂളായത്തോണ്ടാ...വിശ്വസിച്ചില്ലാല്ലേ ;(

ഹരിപ്രസാദണ്ണോ:സ്വാഗതം പഴേപോസ്റ്റുകളും വായിക്കൂ
പ്രിയച്ചേച്ചീ: അതേ അതേ അതിക്രമം അക്രമം.. പിന്നേ സഹതപിക്കാന്‍ അന്നേരോം ഒരുപാട് പെണ്‍പിള്ളാര്‍ ഉണ്ടാരുന്നു അതു കാണുമ്പോള്‍ പക്രൂനു ചൊരുക്ക് കൂടും...:)

അല്പുച്ചേച്ചീ: അതവിടെ നിക്കട്ടെ, ചേച്ചീടെ കൊച്ചിനെ ശല്യപ്പെടുത്തുന്ന ഒരു പൂവാലന്‍ ബ്ലോഗറെപ്പറ്റി അറിയുന്ന ചില ഭീകര രഹസ്യങ്ങള്‍ എപ്പോള്‍ വെളിപ്പെടുത്തും? അവന്റെ ഭീഷണിയൊന്നും നോക്കേണ്ടാ ധൈര്യമായി പോസ്റ്റൂ :)

ഏറനാടന്‍ ചേട്ടോ നന്ദി...
Sarija: ഒറിജിനല്‍ ചാത്തന്റെ പേര്‌ ചാനലുകളില്‍ രണ്ടെണ്ണം കളഞ്ഞോണ്ടിരിക്കുന്നതിനോളം വരൂലല്ലോ?

ബിന്ദുച്ചേച്ചീ:നന്ദി.
സൂര്യോദയം ചേട്ടോ: അതന്നെ ഒറ്റയ്ക്ക് ചെല്ലാന്‍ നമുക്കെന്താ..
Praveen: നന്ദി സ്വാഗതം.
OAB:എപ്പോഴും കാണും.. നമ്മളറിയാഞ്ഞല്ലേ..
വാല്‍മീകിയണ്ണോ: നന്ദി നന്ദി..താങ്കളുടെ വിശ്വാസ് താങ്കളെ രക്ഷിക്കട്ടെ..

അരുണ്‍: നീ ചിരിച്ചെന്ന് പ്രത്യേകം പറയണ്ടാ. ആ ഫോട്ടോ കണ്ടാലറിയില്ലേ 24 മണിക്കൂറും ക്ലോസറ്റിന്റെ സോറി ക്ലോസപ്പിന്റെ പരസ്യത്തിലഭിനയിച്ചോണ്ടിരിപ്പാണെന്ന്...

ശ്രീ said...

ന്യായമായ ആവശ്യം...

ഇപ്പോ ഈ പക്രു എന്തെടുക്കുകയാ? വല്ല പിടിയുമുണ്ടോ?

സ്കൂള്‍ സ്മരണകള്‍ നന്നായീട്ടോ
:)

G.MANU said...

:)ചിരിച്ചു സ്വാമീ...ധൈര്യശാലീ....”

Rare Rose said...

ആ അവസാനം വായിച്ചപ്പോഴാണു ചിരി പൊട്ടിയതു....പാവം ചാത്തന്‍..പിന്നെ അടുത്തുള്ള സ്കൂളില്‍ അഭയം തേടിയതോണ്ടു പിന്നീട് വേറെ പക്രൂസ് മാരെ കൊണ്ട് അനിഷ്ട സംഭവംസ് ഉണ്ടായിക്കാണില്ലായിരിക്കും ല്ലേ..:)

Areekkodan | അരീക്കോടന്‍ said...

ക്ലൈമാക്സ് കലക്കി

മച്ചുനന്‍/കണ്ണന്‍ said...

ചാത്താ..

നന്നായി, വളരേ നന്നായി..
സാധാരണ ബാല കാണാന്‍ പോകുമ്പൊ ഉറക്കാമാ പതിവ്.
ഈ ബ്ലോഗ് ബാല കണ്ട് ഞാന്‍ ഉറങ്ങിയതേയില്ല..

രസികന്‍ said...

ഹ ഹ പക്രുവിന്റെ ജയം എനിക്കിഷ്ടമായി

ഏതായലും സ്കൂൾ മാറിയത് പേടിച്ചിട്ടല്ലാ എന്നത് ഞങ്ങൾക്കെല്ലാവർക്കും മനസ്സിലായി ......

നന്നായിരുന്നു വിവരണം

Unknown said...

ഛെ, ഛെ ചാത്താ, സാമം ദാനം, ഇതൊക്കെ കഴിഞ്ഞിട്ടേ ഭേദവും ദണ്ഡവുമൊക്കെ നോക്കാവൂ... പാവം പക്രു..

എന്നാലും മുന്നില് പോയി ഇരുന്നു എന്ന ഒറ്റക്കാരണത്തിനു അവന് നിന്നെ ഇത്രയും ഉപദ്രവിച്ചെന്നോ, വിശ്വസിക്കാന് പ്രയാസമാണു്‌.. നീ അണ്ടര്ഗ്രൗണ്ട് ആയി വേറെ വല്ല പാരയുമൊക്കെ വയ്ക്കുന്നുണ്ടായിരുന്നിരിക്കും അല്ലേ.. )

നവരുചിയന്‍ said...

കൊള്ളാം ..വെരി ഗുഡ് ..എനിക്കും ഉണ്ടായിരുന്നു ഇതു പോലെ ഒരു ശത്രു ... എന്നെ ദിവസവും ഇടിക്കും .. ഒരു ദിവസം അവന്‍ ബോര്‍ഡിന്റെ അടുത്ത് നില്‍ക്കുക ആയിരുന്നു ... പതുകെ ചെന്നു ഒരു തിരി (കറങ്ങുന്ന ബോര്‍ഡ് ആയിരുന്നു ) .... കറക്റ്റ് ആയി അവന്റെ തലേല്‍ തന്നെ കൊണ്ടു ..... തലപൊട്ടി ... തകാളി ചടിണി വെളിയില്‍ വന്നു .. അത് കഴിഞു അടുത്ത നാലു ദിവസം എനിക്ക് പനി ആയിരുന്നു

sandoz said...

നിന്റെ ഇഷ്ടപ്പെട്ട അലക്കുകളില്‍ ഒന്ന്....
നിഷ്കളങ്കമായ ചിരി...
ഞാന്‍ ശരിക്കും സീരിയസ്സായി...
പഴയ സ്കൂള്‍ കാലങ്ങള്‍ ഓര്‍ത്ത് പോയി...
നൊസ്റ്റാള്‍ജിയ..നൊസ്റ്റാള്‍ജിയ...
ചാത്താ....
വേറെ വിശെഷോന്നും ഇല്ലല്ലോ അല്ലേ..യേത്...

മേരിക്കുട്ടി(Marykutty) said...

ശരിക്കും ഇഷ്ടപ്പെട്ടു... എന്റെ പഴയ സ്കൂളിലെ ദുഷ്ട കഥാപാത്രങ്ങളെ ഓര്‍മ വരുന്നു..

കുട്ടിച്ചാത്തന്‍ said...

ശ്രീ:പക്രു സ്വാഭാവികമായി ഗള്‍ഫില്‍ കാണും നാട്ടിലങ്ങനെ കാണാറില്ല.
മനുസ്വാമീ റൊമ്പ നന്ദ്രി..

Rare Rose:: പിന്നേം പക്രുമാര്‍ ഒട്ടനവധി. എഞ്ചിനീയറിങ് എത്തുമ്പോഴാണു നിന്നതെന്ന് തോന്നുന്നു.
അരീക്കോടന്‍ മാഷേ നന്ദി.

കണ്ണന്‍സ്: നന്ദി, പിന്നെന്തിനാ കഷ്ടപ്പെട്ട് ഉറക്കമൊഴിച്ച് ബാലെ കാണാന്‍ പോണെ?... ഉവ്വൂവ്വേ ആരെ കാണാനാ പോയേ?
രസികന്‍ ചേട്ടോ: നന്ദി, ഇനിയും വരൂ ഇതുവഴി.

കുഞ്ഞന്‍സ്: അതേന്ന് പക്രൂനെ ഞാനങ്ങ് പറഞ്ഞ് വിട്ടേക്കാം ചേട്ടായി ഒന്ന് നോക്കിയേ ആ പറഞ്ഞ പരിപാടിയൊക്കെ.
നവരുചിയന്‍: അതുശരി ചോര കണ്ടാല്‍ പനിക്കുമല്ലേ?

സാന്‍ഡോ‍ാ‍ാ‍ാ‍ാ‍ാ:ആ കമന്റെനിക്കൊരുപാടിഷ്ടായി.. “നിഷ്കളങ്കമായ ചിരി...”

കുട്ടിച്ചാത്തന്‍ said...

മേരിച്ചേച്യേയ്: അതിനിടയ്ക്കു വന്ന് കമന്റിട്ടാ... നന്ദി...

പ്രയാസി said...

ആ പക്രൂനെങ്ങാനും ഒരു ബ്ലോഗുണ്ടാരുന്നെങ്കില്‍..ഓന്‍ ബ്ലോഗു വഴി നിന്നെ അടിച്ചേനെ..;)

സാജന്‍| SAJAN said...

ചാത്തനെയേറ്:
ഏടേ ചാത്തന്‍ ഇതൊക്കെ ഒള്ളത് തന്ന്യേ? ചിരിക്കാന്‍ ഒന്നുമില്ലെന്ന് എഴുതിയിട്ടും
അവസാനം ചിരിപ്പിച്ചു കേട്ടോ:)
നല്ല കൈമള് മാക്സ്

Kichu $ Chinnu | കിച്ചു $ ചിന്നു said...

കലക്കി.. ചാത്തന്‍സ്... വായിച്ചു കഴിഞ്ഞപ്പോ ലേശം മറ്റവന്റെ ഒരസ്ക്യത... നൊസ്റ്റാള്‍ജിയേടെ .. :)

j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

പേരുകേട്ടു......ചുട്ട കോഴിയെ പറപ്പിക്കാനറിയില്ലെങ്കിലും.......പേടിക്കു നൂലു ജബിച്ചു കെട്ടാനെങ്കിലും അറിയുമെന്നു കറുതിയെങ്കിലും.... വായിച്ചപ്പോഴാണു..........ശരിക്കും കക്ഷ്ടം തോന്നി......

സ്‌പന്ദനം said...

ചാത്താ ഒടുവില്‍ കാര്യം സാധിച്ചൂല്ല്യേ....
പക്രുവിന്റെ തല്ലില്‍ നിന്നു രക്ഷപ്പെടുകയും ചെയ്‌തു, സ്‌കൂളും മാറി. (ഒരു വെടിക്ക്‌ രണ്ടുപക്ഷി)

Anil cheleri kumaran said...

kalakki machu...
climax adichu polichu.!!

Pongummoodan said...

കുട്ടിച്ചാത്താ,

വരാനിത്തിരി താമസിച്ചു. എന്തായാലും രസിച്ചു. ഇനി ഞാനും ഇതുവഴിയൊക്കെ ഉണ്ടാവും :)

Minnu said...

വിശ്വസിച്ചില്ലേല്‍ ചാത്തനു പുല്ലാ..vishwa????sichirikkunnu...anyway nice post

Kunjipenne - കുഞ്ഞിപെണ്ണ് said...

പക്രു അങ്ങനാകാന്‍ എന്താ ചാത്താ കാരണം
ഒന്നുമില്ലേലും അവന്‍റച്ഛന്‍ ഒരു പാവമല്ലെ അപ്പം പിന്നെന്താ കാര്യം?

വാല്‍നക്ഷത്രം said...

nice post

[ nardnahc hsemus ] said...

ഇതിലെ പക്രൂന്റേം ചാത്തന്റേം റോള്‍ മാറിമാറിക്കളിച്ചിരുന്ന ഒരു കുട്ടിക്കാലവും സ്കൂളും മതില്‍ക്കെട്ടും ടീചര്‍മാരേം, പിന്നെ തല്ലുകൊള്ളികളായിരുന്ന സകല ഗുണ്ടാ-ഗുണ്ടുമണികളേയും ഓര്‍ത്തുപോയി!

:)

രായപ്പന്‍ said...

ഹി ഹി.....

പാവം പക്രു........

എനിക്ക് എന്റെ സ്കൂൾ കാലം ഓർമ്മവന്നു......
സ്കൂളിൽ പഠിക്കുമ്പോ പണ്ടാരം ഇതൊന്ന് തീർന്ന് കിട്ടണേന്നായിരുന്നു പ്രാർഥന ഇപ്പോഴാ അതിന്റെ ഒക്കെ വില അറിയുന്നേ.......

കുട്ടിച്ചാത്തന്‍ said...

പ്രയാസി, സാജന്‍‌ചേട്ടായി,കിച്ചു $ ചിന്നു ,jp,സ്‌പന്ദനം ,കുമാരന്‍സ്, പോങ്ങുമ്മൂടന്‍സ്,മീനു, കുഞ്ഞിപ്പെണ്ണ്,Little Star ,nardnahc hsemus , രജീഷ്,

നന്ദി. പുതിയ ഒരു കൊച്ച് പോസ്റ്റ് സമയമുണ്ടേല്‍ വന്ന് വായിക്കൂ.

Sathees Makkoth | Asha Revamma said...

ചാത്തന്റെ ദൈര്യത്തിനു മുന്നിൽ നമിക്കുന്നു