Wednesday, October 03, 2007

സ്വര്‍ണ്ണത്തിളക്കം -- ഇന്ത്യന്‍ കായികചരിത്രത്തിലെ മൂന്ന് മൈല്‍ക്കുറ്റികള്‍ - അവസാന ഭാഗം

ഇത്‌ വായിക്കും മുന്‍പ്‌ കുട്ടിച്ചാത്തന്റെ കായിക ചരിത്രം അറിയാത്തവര്‍ ഇവിടെയും ഇതിനു തൊട്ടുമുന്‍പുള്ള പോസ്റ്റുകളും നോക്കുക.

ആറാം ക്ലാസിലെ കായിക മല്‍സരങ്ങളില്‍ ചാത്തന്‍ 50 മീറ്റര്‍ റേസിനു പുറമെ സ്ഥിരം നമ്പറായ ലോങ്ങ്‌ ജമ്പിനും പേരു കൊടുത്തിരുന്നു എന്ന കാര്യം കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞത്‌ ഓര്‍ക്കുമല്ലോ. പരിശീലനവും ആ ഇനത്തിനു മാത്രമായിരുന്നു.

രാവിലെ സ്ക്കൂള്‍ ഗ്രൗണ്ടില്‍ പോവും ലോങ്ങ്‌ ജമ്പ്‌ പിറ്റില്‍ ചാത്തന്‍ മാത്രേ കാണൂ. കുറച്ച്‌ ചേട്ടന്മാര്‍ രാവിലെ ഗ്രൗണ്ടില്‍ ഓടാന്‍ വരും. ഓടുന്നതിനിടയ്ക്ക്‌ സൈഡിലുള്ള പിറ്റില്‍ ഉരുണ്ട്‌ വീഴുന്ന ചാത്തനെക്കണ്ട്‌ സങ്കടം തോന്നീട്ടാണോ എന്തോ അവരൊക്കെ ഇങ്ങനെ ചാടണം, ഇത്ര ആംഗിളില്‍ ചാടണം, ആദ്യം മെല്ലെ തുടങ്ങി ജമ്പിംഗ്‌ ലൈനിലെത്തുമ്പോഴേക്ക്‌ ഓട്ടം പരമാവധി സ്പീഡിലെത്തണം, ചാടിത്തുടങ്ങുമ്പോള്‍ കാലു വീശണം, കൈ രണ്ടും മുന്നോട്ടേക്കായണം എന്നിങ്ങനെ ഉപദേശങ്ങളും പരിശീലന സഹായങ്ങളും ചെയ്തു തന്നു. എന്തോ ഒരു ആത്മവിശ്വാസം ചാത്തനില്‍ ദിനം പ്രതി വളര്‍ന്നു.

എന്നാലും കടമ്പകള്‍ അനവധിയായിരുന്നു. ആറാം ക്ലാസ്‌ രണ്ട്‌ ഡിവിഷനില്‍ നിന്നും കൂടി ചാത്തനുള്‍പ്പെടെ ആകെ രണ്ട്‌ പേര്‍മാത്രമെ ലോങ്ങ്‌ ജമ്പിനു പേരു കൊടുത്തുള്ളൂ. ഏഴാം ക്ലാസ്‌ രണ്ട്‌ ഡിവിഷനില്‍ നിന്നും കൂടി നാല്‌ പേര്‍. കിഡീസ്‌ വിഭാഗത്തില്‍ അത്രേം പേര്‍ മാത്രേ കയറിപ്പറ്റിയുള്ളൂ. ബാക്കി കുറേ ഏഴാം ക്ലാസുകാര്‍ സബ്‌ ജൂനിയര്‍ വിഭാഗത്തിലാണ്‌. കിഡീസ്‌ വിഭാഗത്തിന്റെ ജനനതീയ്യതി കട്ട്‌ ഓഫിന്റെ ആനുകൂല്യം!!!

ഏത്‌ ക്ലാസിലും ഒന്നാം ബെഞ്ചിലിരിക്കുന്ന ചാത്തന്‍ ബാക്ക്‌ ബെഞ്ചുകളിലിരിക്കുന്ന ജിറാഫ്‌ കാലന്മാരോടാണ്‌ മല്‍സരിക്കേണ്ടത്‌. ചാത്തന്റെ ക്ലാസിലെ ബാക്ക്‌ ബെഞ്ചിലാണേലും രാജേഷ്‌ ചാത്തന്റെ കൂട്ടുകാരനായിരുന്നു. ഒന്നാം സ്ഥാനം കിട്ടിയില്ലേലും രണ്ടും മൂന്നും ഞങ്ങളാവുന്നത്‌ ചാത്തന്‍ സ്വപ്നം കണ്ടിരുന്നു.

ഏഴാംക്ലാസിലെ ഉപേന്ദ്രന്റെ ജനനതീയതി കട്ട്‌ ഓഫ്‌ ഡേറ്റ്‌ തന്നെയാണെന്നറിഞ്ഞ ചാത്തനും കൂട്ടുകാരനും കൂട്ടത്തില്‍ ആജാനബാഹുവായ അവനെ സബ്‌ ജൂനിയര്‍ വിഭാഗത്തിലേക്ക്‌ മാറ്റണം എന്ന് നിവേദനം നടത്തിയെങ്കിലും ആകെ അത്രപേരെ കിഡീസ്‌ വിഭാഗത്തിലുള്ളൂ എന്നതിനാലും സബ്‌ ജൂനിയര്‍ വിഭാഗത്തിലെ എണ്ണക്കൂടുതലും കാരണം അത്‌ നിഷ്കരുണം തള്ളിപ്പോയി.

മല്‍സരം തുടങ്ങാന്‍ ഇനിയും സമയമുണ്ട്‌ ചാത്തനും കൂട്ടുകാരും മൈതാനത്ത്‌ കറങ്ങിനടപ്പാണ്‌. ഒരുത്തന്‍ ഓടി വരുന്നു.

എടാ നീയറിഞ്ഞോ ടീച്ചര്‍മാരുടെ ലോങ്ങ്‌ ജമ്പില്‍ നിന്റെ അമ്മയ്ക്കാ തേഡ്‌ പ്രൈസ്‌!

ചാത്തന്റെ പകുതി ബോധം മൈതാനത്തിലെ ഇളം കാറ്റിനൊപ്പം എവിടെയോ പോയി മറഞ്ഞു.

ആ ത..ത.. തടിയും വച്ച്‌ അമ്മയ്ക്കെങ്ങനെ.....ഒന്ന് മര്യാദയ്ക്ക്‌ ഓടാന്‍ പോലും പറ്റൂലല്ലോ ഇതെന്ത്‌ മറിമായം!!!ഇനിയിപ്പോ വെറും കയ്യോടെ ചാത്തന്‍ വീട്ടില്‍ ചെന്നാല്‍ എല്ലാവരും കൂടി കളിയാക്കിക്കൊല്ലും. ഭൂലോകസമ്മര്‍ദ്ദം...

ഒരു നിമിഷത്തെ നക്ഷത്രമെണ്ണലിനു ശേഷം ചാത്തന്‍ സമനില വീണ്ടെടുത്തു.
ആകെ എത്ര ടീച്ചര്‍മാരുണ്ടായിരുന്നു മല്‍സരത്തിന്‌?

മൂന്ന് പേര്‍ !

ചുമ്മാതല്ല.... സമാധാനം.

മല്‍സരം തുടങ്ങാറായി.

പഴയ ക്യൂ ... ഇത്തവണ ചെറുതാണെന്ന് മാത്രം.
ഉപേന്ദ്രന്‍ ഒന്നാമത്‌ മറ്റൊരു ഏഴാം ക്ലാസുകാരന്‍ രണ്ടാമത്‌ ചാത്തന്‍ മൂന്നാമത്‌ രാജേഷ്‌ നാലാമത്‌ മറ്റ്‌ രണ്ടേഴാം ക്ലാസുകാര്‍ അഞ്ചും ആറും പൊസിഷനില്‍. ക്യൂ തയ്യാറായി. ഒരാള്‍ക്ക്‌ മൂന്ന് ചാന്‍സ്‌ കിട്ടും അതില്‍ ഏറ്റവും കൂടുതല്‍ ദൂരം ചാടിയത്‌ എടുക്കും.

ജമ്പിംഗ്‌ പിറ്റിന്റെ അരമീറ്റര്‍ ദൂരത്തായി അടുപ്പിച്ചടുപ്പിച്ച്‌ കുമ്മായം കൊണ്ടും മണല്‍ കൊണ്ടും രണ്ട്‌ വരകള്‍ ഇട്ടിട്ടുണ്ട്‌. മണലില്‍ ചവിട്ടിക്കൊണ്ട്‌ ചാട്ടം തുടങ്ങാം.അതിനു തൊട്ട്‌ മുന്നിലിരിക്കുന്ന കുമ്മായ വരയില്‍ കാല്‍ വിരലു പതിഞ്ഞാല്‍ ഫൗളാകും.

ചാത്തന്റെ ഒന്നാമത്തെ ചാട്ടമാണ്‌ നന്നാവുക എന്ന് ചാത്തനറിയാം, കൂടാതെ ഫൗള്‍ ആവുന്നത്‌ എങ്ങനെയെന്നും ചേട്ടന്മാര്‍ പഠിപ്പിച്ച്‌ തന്നിട്ടുണ്ട്‌. എന്നാലും ആദ്യ ചാട്ടം ഫൗളാവരുതെന്നത്‌ ഉറപ്പാക്കാന്‍ അമ്മ പറഞ്ഞ്‌ തന്ന ജെസ്സി ഓവന്‍സിന്റെ കഥയിലെ ലെസ്‌ ലോങ്ങ്‌ ജെസ്സി ഓവന്‍സിനുപദേശിച്ച ബുദ്ധി ചാത്തനെടുത്തുപയോഗിച്ചു. കുതിപ്പ്‌ മണല്‍ വരയില്‍ നിന്നും അല്‍പം പിറകിലായി വീണ്‌ കിടന്ന മിഠായിക്കടലാസില്‍ നിന്നും ലക്ഷ്യം വച്ചു. അവിടുന്ന് തന്നെ കുതിക്കുകയും ചെയ്തു. ഫൗളായില്ല.

ഒന്നാം റൗണ്ട്‌ കഴിഞ്ഞപ്പോള്‍, ഉപേന്ദ്രന്‍ ഒന്നാമത്‌, ചാത്തന്‍ രണ്ടാമത്‌ മറ്റൊരു ഏഴാം ക്ലാസുകാരന്‍ മൂന്നാമത്‌ ബാക്കി മൂന്ന് പേരും ഫൗള്‍. രണ്ടാം റൗണ്ട്‌ കഴിഞ്ഞപ്പോള്‍ നാലാം സ്ഥാനത്തിനു കൂടെ ആളായി. മറ്റ്‌ സ്ഥാനങ്ങളില്‍ മാറ്റമില്ല.

രണ്ടെങ്കില്‍ രണ്ട്‌, ഒരു മെഡല്‍ ചാത്തന്റെ കഴുത്തിലും!!!

കുഞ്ഞ്‌ കുഞ്ഞ്‌ സന്തോഷത്തിരകളുമായി ശാന്തമായിരുന്ന ചാത്തന്റെ മനസ്സില്‍ സുനാമികള്‍ അലയടിച്ചു. വര്‍ഷങ്ങള്‍ക്ക്‌ ശേഷമുള്ള കാത്തിരിപ്പിനു ശേഷം ഏതെങ്കിലും സ്പോര്‍ട്‌സ്‌ ഇനത്തില്‍ ഒരു കൊച്ച്‌ മനുഷ്യന്‍ തന്റെ ഇരട്ടി ഉയരമുള്ളവരോട്‌ മല്‍സരിച്ച്‌ ഒരു സമ്മാനം നേടാന്‍ പോവുന്നു.

പരിശീലനത്തിനു സഹായിച്ച ഓരോ ചേട്ടന്മാരോടും മനസ്സില്‍ നന്ദി പറഞ്ഞു. രണ്ടാം റൗണ്ടില്‍ എല്ലാവരുടെയും പെര്‍ഫോമന്‍സ്‌ ഗ്രാഫ്‌ കുത്തനെ താഴോട്ടാണ്‌ ആരും ആദ്യ റൗണ്ട്‌ പെര്‍ഫോമന്‍സിനടുത്ത്‌ എത്തിയില്ല. സ്ഥാനങ്ങള്‍ ഏറെക്കുറെ ഉറപ്പാണ്‌ ഉപേന്ദ്രന്റെ അവസാന ചാട്ടം കഴിഞ്ഞു.

രാജേഷിന്റെ രണ്ട്‌ ചാട്ടവും ഫൗളായിരുന്നു.
ചാത്തന്റെ മനസ്സില്‍ ഒരു മിന്നല്‍ എന്തുകൊണ്ട്‌ മൂന്നാം സ്ഥാനം രാജേഷിനു വാങ്ങിക്കൊടുക്കാന്‍ ശ്രമിച്ചൂടാ?

മൂന്നാം സ്ഥാനത്തിരിക്കുന്ന എഴാം ക്ലാസുകാരനേക്കാള്‍ അവനു ചാടാന്‍ കഴിയുന്നുണ്ട്‌,
മിഠായിക്കടലാസിന്റെ രഹസ്യം അവനൂടെ പറഞ്ഞ്‌ കൊടുത്താല്‍ ഫൗളാവുകയുമില്ല.

ഇനി അഥവാ അവന്‍ ചാത്തനേക്കാളും കൂടുതല്‍ ചാടിയാലും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ഏത്‌ കിട്ടിയാലും ഒരുപോലൊക്കെ തന്നെ.

തിരിഞ്ഞ്‌ നിന്ന് രാജേഷിന്റെ ചെവിയില്‍ ചാത്തന്‍ രഹസ്യം മന്ത്രിച്ചു. മിഠായിക്കടലാസ്‌ ചൂണ്ടിക്കാണിച്ച്‌ കൊടുക്കുകയും ചെയ്തു. അവന്റെ മുഖത്തെ സന്തോഷം കാണണമായിരുന്നു. ഇനിയിപ്പോള്‍ മൂന്നാമതായാലും വേണ്ടൂല. ചാത്തന്റെ സന്തോഷോം ഇരട്ടിച്ചു.

ചാത്തന്റെ ഊഴമായി. എന്തോ ആ സന്തോഷം കാരണമാവും ചാത്തന്‍ സ്വന്തം റെക്കോഡ്‌ മെച്ചപ്പെടുത്തി. പക്ഷേ ഇപ്പോഴും രണ്ടാം സ്ഥാനം തന്നെ. അടുത്തത്‌ രാജേഷിന്റെ ഊഴം. അവന്‍ സര്‍വ്വശക്തിയുമെടുത്ത്‌ ചാടി. ഉപേന്ദ്രനും മുന്നില്‍ ഒന്നാം സ്ഥാനം!!!

ഉപേന്ദ്രനും ചാത്തനും ഇനിയൊരൂഴമില്ല.! മൂന്നാമതായെങ്കിലും സന്തോഷം കൂടി. ചാത്തന്റെ കോച്ചിംഗ്‌ കൊണ്ട്‌ ഒരു ഒന്നാം സ്ഥാനമല്ലേ ആറാം ക്ലാസുകാരന്‍ അടിച്ചെടുത്തത്‌! പോരാഞ്ഞ്‌ ചാത്തനും മൂന്നാം സ്ഥാനമുണ്ട്‌. അഞ്ചാമന്റേയും ഊഴം കഴിഞ്ഞു. ഇനി ഒരാള്‍ മാത്രം അവന്റെയും രണ്ട്‌ ചാട്ടവും ഫൗളായിരുന്നു. ഏഴാംക്ലാസുകാരനു ജെസ്സി ഓവന്‍സിന്റെ രഹസ്യം ചാത്തന്റെ 'ബൗ ബൗ' പറഞ്ഞ്‌ കൊടുക്കും. ഈ ഊഴം കൂടി ഫൗളാവട്ടെ.

ഇവനെ...ന്താ ഈ .. കാണിക്കു...ച്ചത്‌ മിഠായിക്കടലാസിന്റെ മുകളില്‍ നിന്ന് തന്നെ... അവനും.....രഹസ്യം പറഞ്ഞത്‌ പരസ്യമായിപ്പോയി.

അയ്യോ... അവനെത്ര ദൂരം ചാടി? എന്ത്‌ ചാത്തനേക്കാള്‍ ഒന്ന് രണ്ട്‌ സെന്റീമീറ്ററുകള്‍ മുന്നിലോ? അങ്ങനെ വരാന്‍ വഴിയില്ലാ. ഒന്നൂടെ അളക്കൂ മാഷേ... ചാത്തന്‍ നാലാം സ്ഥാനത്തോ!

ദൈവമേ ഇനി എനിക്കെന്നാ ഒരു അവസരം?

സമ്മാനദാനം കഴിഞ്ഞ്‌ രാജേഷ്‌ മെഡലുമെടുത്ത്‌ വരുന്നു.
എനിക്ക്‌ 100 മീറ്ററിനും ഒന്ന് കിട്ടിയതാ എല്ലാ മെഡലും ഒരുപോലാ ഇത്‌ നീയെടുത്തോ. എനിക്ക്‌ സര്‍ട്ടിഫിക്കറ്റ്‌ മതി.

ഒന്ന് വാങ്ങി നോക്കിയ ശേഷം ചാത്തനത്‌ തിരിച്ച്‌ കൊടുത്തു.
വേണ്ടെടാ ഇനി അടുത്ത കൊല്ലമുണ്ടല്ലോ......

വാല്‍ക്കഷ്ണം:

ചില വാക്കുകള്‍ക്കും സൗഹൃദങ്ങള്‍ക്കും സ്വര്‍ണമെഡലുകളേക്കാള്‍ തിളക്കമുണ്ട്‌.
അന്നും ഇന്നും എന്നും....
പോരാഞ്ഞ്‌ എന്റെ മാവും ഒരുകാലത്ത്‌ പൂക്കൂലോ...

47 comments:

കുട്ടിച്ചാത്തന്‍ said...

ഇനി ബൂലോഗത്തിലെ ആകെപ്പാടെയുള്ള കായികതാരത്തിനു ഒന്നും കിട്ടീല എന്നു പറഞ്ഞേക്കരുത്...

കുഞ്ഞന്‍ said...

ആദ്യത്തെ മെഡല്‍ എന്റെ വകയാകട്ടെ ചാത്താ..
മെഡലുകിട്ടിയില്ലെങ്കിലെന്താ കോച്ചാവാന്‍ പറ്റിയില്ലേ...

സഹയാത്രികന്‍ said...

"എടാ നീയറിഞ്ഞോ ടീച്ചര്‍മാരുടെ ലോങ്ങ്‌ ജമ്പില്‍ നിന്റെ അമ്മയ്ക്കാ തേഡ്‌ പ്രൈസ്‌!

ചാത്തന്റെ പകുതി ബോധം മൈതാനത്തിലെ ഇളം കാറ്റിനൊപ്പം എവിടെയോ പോയി മറഞ്ഞു.

ആകെ എത്ര ടീച്ചര്‍മാരുണ്ടായിരുന്നു മല്‍സരത്തിന്‌?

മൂന്ന് പേര്‍ !

ചുമ്മാതല്ല.... സമാധാനം"

ഹ..ഹ..ഹ രസിച്ചു ചാത്താ...

വാല്‍ക്കഷണം അതി മനോഹരം...

ആശംസകള്‍

:)

ശ്രീ said...

“ചില വാക്കുകള്‍ക്കും സൗഹൃദങ്ങള്‍ക്കും സ്വര്‍ണമെഡലുകളേക്കാള്‍ തിളക്കമുണ്ട്‌.
അന്നും ഇന്നും എന്നും...”

ചാത്താ...
ചാത്തനു സ്വര്‍‌ണ്ണമെഡലു തന്നെ...
ആ വാല്‍‌ക്കഷ്ണത്തിന്‍.
:)

R. said...

"തോല്‍വികളേറ്റു വാങ്ങാന്‍ ചാത്തന്റെ ജീവിതം ഇനിയും ബാക്കി!

ചാത്തനെ തോല്‍പ്പിക്കാന്‍ ഇനി നിങ്ങള്‍ക്കാവില്ല മക്കളേ. കാരണം, ചാത്തന്‍ ഇനി ആയുസ്സില്‍ ചാടില്ല !!"

ജാസൂട്ടി said...

അമ്മക്ക്‌ സമ്മാനം കിട്ടിയ ഭാഗം നന്നായിട്ടുണ്ട്.

നവോദയയിലെ സ്പോര്‍ട്സ് മീറ്റും ഗെയിംസ് മീറ്റും ഒക്കെ ഓര്‍മ വന്നിട്ടാവാം പോസ്റ്റിന്റെ വാല്‍കഷണം എവിടെയോ ഒന്നു കൊണ്ടു.

--ഓഫീസില്‍ സ്പോര്‍ട്സിനു പേരു കൊടുത്തിരുന്നു എന്നു കേട്ടു. അവര്‍ പ്ലാറ്റിനം മെഡല്‍ ആണോ സമ്മാനിച്ചത്?
:)

krish | കൃഷ് said...

അപ്പോള്‍ ചാത്തന്‍ മൂന്ന് മൈല്‍ക്കുറ്റികളും ചാടിക്കഴിഞ്ഞു. ഇനി അടുത്തത് എന്താ മതിലുകള്‍ ആണോ. എന്തായാലും ചാട്ടം നിര്‍ത്തരുത്, ചാത്തനല്ലേ.

ചന്ദ്രകാന്തം said...

ചാത്തന്‍ പറഞ്ഞതാണ്‌ ശരി... ചില വാക്കുകള്‍ക്കും, സൗഹൃദങ്ങള്‍ക്കും, സ്വര്‍ണ്ണമെഡലിനേക്കാള്‍ തിളക്കമുണ്ട്‌.
...ആശംസകള്‍.

G.MANU said...

എന്നാലും ആദ്യ ചാട്ടം ഫൗളാവരുതെന്നത്‌ ഉറപ്പാക്കാന്‍ അമ്മ പറഞ്ഞ്‌ തന്ന ജെസ്സി ഓവന്‍സിന്റെ കഥയിലെ ലെസ്‌ ലോങ്ങ്‌ ജെസ്സി ഓവന്‍സിനുപദേശിച്ച ബുദ്ധി ചാത്തനെടുത്തുപയോഗിച്ചു.

plus....... that last sentence kasari...
next entha.. sprint?

ഇടിവാള്‍ said...

മൂന്നു മൈല്‍ക്കുറ്റികള്‍ക്കും കൂടി ദേപിടിച്ചോ ഒരൊറ്റ കമന്റ് !

ന്നാലും അമ്മയെ മൂന്നാം സ്ഥാനത്താക്കി പിന്നീടതു വിശദീകരിച്ചത് അക്രമം!

എന്നെങ്കിലും കണ്ടാല്‍ ഞാന്‍ പറഞ്ഞോളാം!!

Murali K Menon said...

എന്റെ ചാത്താ പൊന്നും കുടത്തിനെന്തിനാ വേറൊരു പൊട്ട്. അതൊക്കെ ആ പൊട്ടന്മാരെടുത്തോട്ടെ, ചാത്തന്‍ എല്ലാവര്‍ക്കും ഉപകാരിയായി സന്തോഷിച്ചങ്ങനെ നടക്കൂ. അതിനെയാവും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് എന്ന് പറയുന്നത് അല്ലേ..

അരവിന്ദ് :: aravind said...

ഹഹ..കൊള്ളാം ചാത്താ.
ടീച്ചര്‍മാരുടെ അന്‍പത് മീറ്റര്‍ ഓട്ടത്തില്‍ എന്റെ അമ്മക്കായിരുന്നു സ്ഥിരം ഫസ്റ്റ്.

ഒറ്റക്ക് ഒന്നിലും മത്സരിച്ചിരുന്നില്ല, പ്രത്യേകിച്ച് ഓട്ടത്തില്‍. ജാവലിനില്‍ ഇത്തിരി പ്രയോഗം നടത്തീരുന്നു. ഷോട്ട് പുട്ടിലും..സാദാ പുട്ടിന്റെ ഗുമ്മില്ലാത്തത് കൊണ്ട് നിര്‍ത്തി.

(കാറ്റ് വീശല്‍ നിനക്കനുകൂലമായിരുന്നെങ്കില്‍, ഫസ്റ്റ് അടിച്ചേനെ..ട്ടാ)

Unknown said...

ഈ ലോങ് ജമ്പും, 50 മീറ്റര്‍ ഓട്ടവും ഒന്നും രക്ഷയില്ല എന്ന തിരിച്ചറിവു വന്നപ്പോള്‍, ഈ ചാത്തന്‍, ക്രിക്കറ്റ് പരീക്ഷിക്കാം എന്ന് കരുതി. വമ്പന്‍ സിക്സറുകളും വിക്കറ്റും കാണണമെങ്കില്‍ ചാത്തന്‍ വന്നാലേ മതിയാകൂ എന്ന അവസ്ഥ വരെ എത്തി. പൂജപ്പുര ഗ്രൌണ്ടിന്റെയും കരമന സ്കൂളിന്റെയും മുക്കിലും മൂലയിലും വരെ സിക്സര്‍ പാഞ്ഞു, ചാത്തന്‍ ബൌള്‍ ചെയ്തപ്പോള്‍. പക്ഷെ ബാറ്റിങ്ങില്‍ ചാത്തന്‍ ഭേദമായിരുന്നു എന്ന് തന്നെ പറയാം. ഡക്ക് ആവില്ല! പൊന്നമ്പലത്തിന്റെ എത്ര ഏറാ ചാത്തന്റെ മണ്ടക്ക് കൊണ്ടിരിക്കുന്നത്.!! ചാത്താ നമ്മുടെ ക്രിക്കറ്റ് പരീക്ഷണ കഥകള്‍ കൂടെ എഴുതിക്കോ..!!!

കുട്ടന്‍സ്‌ | S.i.j.i.t.h said...

:)
ചാത്താ..
ഇതൊക്കെ എങ്ങിനെ ഓര്‍ത്തു വെയ്ക്കുന്നൂ...

സൂര്യോദയം said...

പൂക്കാത്ത മാവാണേല്‍ വെട്ടിക്കള ചാത്താ :-)

sandoz said...

ഊവ്വാ...മാവ്‌ പൂത്തത്‌ തന്നെ..കാത്തിരുന്നോ...
ആ മാവ്‌ വെട്ടിവിറ്റ്‌ കാശാക്കെടെയ്‌....

കുടുമ്പത്തോടെ ലോങ്ങ്‌ ജമ്പാണോ...

സൗഹൃദത്തെക്കുറിച്ച്‌ പറഞ്ഞത്‌ ഒരു ഒന്നൊന്നര ഒന്നേമുക്കാല്‍ വരും...
കൊടടാ കൈ....
[ബൂലോകത്ത്‌ ആകപ്പാടെയുള്ള കായികതാരം എന്നുപറഞ്ഞത്‌ മാത്രം എനിക്കങ്ങട്‌ ഇഷ്ടപ്പെട്ടില്ലാ.....ചീട്ടുകളി,കറക്കിക്കുത്ത്‌..അങ്ങനെയങ്ങനെ ഒരു മുഴുനീള ചമ്പ്യന്‍ ഇവിടെയുള്ളപ്പോള്‍..ശ്ശെ]

ഉപാസന || Upasana said...

chaaththanu vENTi ithaa upaasanayuTe orite kaNNeer...
vivaranam nannaayi.
:)
upaasana

കുട്ടിച്ചാത്തന്‍ said...

കുഞ്ഞന്‍ ചേട്ടോ: അതെ കോച്ചല്ലേ ഇപ്പോള്‍ സ്റ്റാര്‍ (‘ചക് ദേ’)

സഹയാത്രികന്‍ ചേട്ടോ: എല്ലാം മനസ്സിലായി എന്നാലും 10-15 കൊല്ലം മുന്‍പു നടന്ന സംഭവത്തിനെന്തിനാ ‘ആശംസകള്‍’!

ശ്രീക്കുട്ടാ: അതൊക്കെ ചുമ്മാതാ ആത്മാര്‍ത്ഥ സൌഹൃദം എന്നാല്‍ പണ്ട് ശ്രീകൃഷ്ണനും അര്‍ജുനനും തമ്മിലുണ്ടായതെങ്ങാനുമാ. ഇക്കാലത്ത് കാര്യം കാണാതെ സൌഹൃദമോ?

രജീഷേ: അയ്യടാ, ഞാനെന്താ തോല്‍‌വീടെ മൊത്തം കോണ്ട്രാക്റ്റ് എടുത്തിരിക്കുവാണോ? കമന്റിന്റെ രണ്ടാം ഭാഗം കലക്കി.
ജാസൂട്ടീ: വാല്‍ക്കഷ്ണം കൊണ്ട് മുറിഞ്ഞാ സെപ്റ്റിക്കാകും ഡെറ്റോള്‍ വച്ചോ. തിങ്കളാഴ്ചയാ മത്സരം റിസല്‍ട്ട് പോസിറ്റീവായാല്‍ പറയാം.

കൃഷ് ചേട്ടോ:ഇനി അടുത്തത് ... പറയാന്‍ മനസ്സില്ല . കുരങ്ങനെക്കൊണ്ട് ചാടിക്കുന്നത് കണ്ട് ചിരിക്കുവാ അല്ലേ?

ചന്ദ്രകാന്തം ചേച്ചീ (ആരൊക്കെയോ ചേട്ടാന്ന് വിളിക്കുന്നത് കണ്ടു) ആശംസകളെന്തിനാന്ന് മാത്രം ങൂ ഹും...:)
മനുച്ചേട്ടായീ: നന്ദി :)

വാളേട്ടോ:പിന്നേ സമ്മാനം ചുളൂലു കിട്ടിയതും പോരാ എനിക്കൊന്നു കളിയാക്കീം കൂടേ?
എനിക്കു വെങ്കിടങ് വരാനും അറിയാട്ടോ. പിന്നെ അമ്മ തല്ലിയാല്‍ സാരമില്ല, വാളേട്ടന്റെ കാര്യത്തില്‍, ഞാന്‍ കഥയൊക്കെ പുറത്താക്കിയാല്‍ നാട്ടുകാരു കൈ വയ്ക്കൂലെ?

മുരളിച്ചേട്ടോ: സന്തോഷം, സ്പിരിറ്റെന്നൊന്നും ഇവിടെ പറഞ്ഞേക്കരുത് സാന്‍ഡോ ഇപ്പോ ഓടിവരും.

അരവിന്ദേട്ടോ: നമ്മളു സേം പിഞ്ച് പാര്‍ട്ടീസല്ലേ.. ചേട്ടനെ അമ്മ പഠിപ്പിച്ചിട്ടുണ്ടോ സ്ക്കൂളില്‍?

മി. പൊന്നമ്പലം:എന്റെ ക്രിക്കറ്റ് കളിയേപ്പറ്റി നീ തന്നെയല്ലേ പണ്ടെങ്ങാണ്ട് പൊക്കിക്കമന്റിട്ടത് ഇപ്പോള്‍ നിറം മാറിയാ?

കുട്ടന്‍സേ: ഓര്‍ത്ത് വയ്ക്കുകയോ? ഇതൊക്കെ തട്ടിപ്പല്ലേ ആകെ ഒരു 4ആം സ്ഥാ‍നം കിട്ടീതും അമ്മയ്ക്ക് പ്രൈസ് കിട്ടീതും ഉപേന്ദ്രന്‍ എന്ന പേരും ഓര്‍മ്മയുണ്ട്.

സൂര്യോദയം ചേട്ടാ മാവ് ഒരു കാലത്ത് പൂക്കും ഉറപ്പാ..

സാന്‍ഡോ: മുരളിച്ചേട്ടന്‍ സ്പിരിറ്റ് എന്ന് പറഞ്ഞപ്പോഴേ ഓര്‍ത്തതാ ഇത്തവണ വിളിക്കും മുന്‍പ് ആള്‍ ഹാജര്‍ വയ്ക്കും എന്ന്.
ആദ്യം പറഞ്ഞത് മാറ്റിപ്പറഞ്ഞു. ബൂലോഗ ഗായിഗ ചാമ്പ്യന്മാരായ സാന്ഡോയോടും ചാത്തനോടും മുട്ടാന്‍ ആരുണ്ടെടാ ഇവിടെ?(കട്: മാമുക്കോയ ഇന്‍ കണ്‍കെട്ട്)

മനോജ് കുമാർ വട്ടക്കാട്ട് said...

വീട്ടിലൊരാള്‍ക്കെങ്കിലും സ്പോര്‍ട്സില്‍ സമ്മാനം കിട്ടിയല്ലോ. സമാധാനിക്കുക :)

(ആ മാവ് പിന്നെപ്പോഴെങ്കിലും പൂത്തോ?)

Sethunath UN said...

ചാത്താ.. ദേ ആ തുറ‌ന്നു വിരിഞ്ഞു പൂത്തുല‌ഞ്ഞ മ‌നസ്സ്.. അതാണ് ചാത്താ ചാത്ത‌ന്‍. ചങ്ങാത്തത്തില്‍ ചാത്ത‌ത്ത‌ം ചേ‌ര്‍ക്കാത്ത‌വ‌ന്‍ ചാത്ത‌ന്‍.
വ‌ള‌രെ നിഷ്ക‌ള‌ങ്കമായ എഴുത്ത്.

ന‌ന്നായി കുട്ടിച്ചാത്താ.

ഗിരീഷ്‌ എ എസ്‌ said...

നന്നായിട്ടുണ്ട്‌
അഭിനന്ദനങ്ങള്‍

മെലോഡിയസ് said...

ചാത്താ‍..വിഷമിക്കണ്ടാ ട്ടാ..ചാത്തന്റെ മാവും ഒരിക്കല്‍ പൂക്കും..( സ്വര്‍ണ്ണമെഡല്‍ ന്റെ കാര്യം പറഞ്ഞതാ)

പിന്നെ, എന്തൊക്കെ തന്നെ ആയാലും രാജേഷ് തന്ന ആ സ്വര്‍ണ്ണമെഡലിന്റെ തിളക്കം ഒന്ന് വേറെ തന്നെയാണേ..

നന്നായിട്ടുണ്ട് ട്ടാ ചാത്താ..

ഉണ്ണിക്കുട്ടന്‍ said...

ചാത്താ നീ ആളൊരു താരം തന്നെ.. മുട്ടായി കടലാസ്സു ഒന്നും പിടിച്ചല്ലേ ചാട്ടം.അപ്പോ ഹൈ ജമ്പായിരുന്നെങ്കില്‍ നീ മുട്ടായി കടലാസ്സു കെട്ടി തൂക്കിയിട്ടു ഒന്നം പിടിച്ചു ചാടിയേനെ അല്ലേ..ആ ക്രിക്കറ്റ് അനുഭവം കൂടിങ്ങു പോരട്ടെ.. :)

RR said...

ഇതു കഴിഞ്ഞിട്ടു ജയിക്കാന്‍ ആ വര്‍ഷം വേറേ മത്സരം ഒന്നുമില്ലായിരുന്നോ? ;) (കട : യോദ്ധാ)

കുട്ടിച്ചാത്തന്‍ said...

സുനില്‍: ആ ഒരിറ്റു കണ്ണീരിനുപകരം രണ്ട് ഐസ്ക്രീം വാങ്ങിത്താ:)

പടിപ്പുരച്ചേട്ടോ: എനിക്കിനിയും സമയമുണ്ട്. പൂത്തില്ലെങ്കില്‍ ഉത്തേജക മരുന്നടിച്ചെങ്കിലും ഒരു മെഡല്‍ ഷുവറാ..

നിഷ്കളങ്കന്‍ ചേട്ടോ: ആ പേര് മറിച്ച് കൊടുക്കവാണോ?

ദ്രൌപതി: നന്ദി. :)

മെലോഡിയസ് : കമന്റ്സും വിടാതെ വായിക്കുന്നുണ്ടല്ലേ. രാജേഷല്ലാ രജീഷ്. ഒന്നു ചേട്ടാന്ന് വിളിച്ചപ്പോള്‍ ചൂടായ മനുഷ്യനാ. നീ പേരേ മാറ്റിക്കളഞ്ഞാല്‍ സഹിക്കുവോ?

ഉണ്ണിക്കുട്ടാ: ക്രിക്കറ്റിന്റെ കാര്യം ചുമ്മാതാ ഞാന്‍ വല്ലപ്പോഴുമേ ബോള്‍ ചെയ്യാറുള്ളൂ.;)
RR : അടുത്തകൊല്ലം എന്നെഴുതുമ്പോള്‍ അതേ രംഗം തന്നെയായിരുന്നു മനസ്സില്‍

കൊച്ചുത്രേസ്യ said...

കഷ്ടം അവസാനത്തെ ചാന്‍സും കളഞ്ഞുകുളിച്ചു അല്ലേ. മെഡല്‍ നഷ്ടപ്പെട്ടതിലുള്ള ദുഖത്തില്‍ പങ്കുചേരുന്നു. അമ്മേടെ കായികപാരമ്പര്യം തുടരാന്‍ ചാത്തനു പറ്റീല്ലല്ലോ ..

എന്നാലും അവസാനത്തെ ആ മാവു പൂക്കുംന്നുള്ള സ്വപ്നം..അതൊരതിമോഹമായിപ്പോയില്ലേ :-)

ആഷ | Asha said...

എന്റെ വക ഒരു സ്വര്‍ണ്ണമെഡല്‍ ചാത്തന്‍സിന് :)

MG said...

chathetta.. adipoli post.. pinne njan innu thankalude pazhaya postinu commentittundu "oru vishu tickettil" pls read if time permits :)

K.P.Sukumaran said...

:)

ഹരിശ്രീ said...

കുട്ടിച്ചാത്താ,

നന്നായിട്ടുണ്ട്. ആശംസകള്‍

കുട്ടിച്ചാത്തന്‍ said...

ത്രേസ്യാക്കൊച്ചേ: അതിമോഹമോ? ഒളിമ്പിക് മെഡലു വാങ്ങാമെന്നൊന്നും സ്വപ്നം കാണുന്നില്ലാലൊ?

ആഷേച്ചീ: സ്വര്‍ണ്ണമെഡല്‍ വരവു വെച്ചു (എത്ര പവന്‍ വരും ഇത്? അതോ സ്വര്‍ണ്ണം പൂശീയതാണോ)

മന്നൂസ്: ആ കമന്റും വായിച്ചു. നന്ദി, വീണ്ടും വരിക.

ജയ് ഹനുമാന്‍: ജയ് ഹിന്ദ്.(അതോ ജയ് ശ്രീരാം വേണോ)

ഹരിശ്രീചേട്ടോ: നന്ദി.

payyans said...

എന്റെ കുട്ടിച്ചാത്താ..ഈ പോസ്റ്റ് ഒക്കെ വായിക്കാന്‍ ചുമ്മാ ഒടുക്കത്തെ സുഖമാ..നാട്ടില്‍ ചെല്ലുബോള്‍..ഈ കലിഗിന്റെ ഒക്കെ മെലെ ഒള്ളെ പടിയില്‍ ഇരുന്ന് പറയുന്ന ആ കഥകളില്ലെ..പഴയ കൂട്ടുകാരൊക്കെ ചേര്‍ന്നിരുന്ന്..!.. അതെ പോലെ ഒരു സന്തോഷവും ഒക്കെ തോന്നുന്നു..
ആ‍ മെഡലു പോകട്ടെ...ചാത്തന് എന്റ്റെ വക..മുട്ടന്‍ മെഡല്‍.. ഇതാ പിടിച്ചോ....
:) :) :)

പ്രയാസി said...

വല്ല കൂടോത്രോം ആണെന്നുകരുതിയാ ഇങ്ങോട്ടു കേറാത്തതു..! ഇപ്പോഴല്ലെ മനസ്സിലായതു മൊത്തം സ്പോര്‍ട്സ് ആണെന്നു..
ഞാന്റെ ചെറിയ പുത്തീ തോന്നണ ഒരു കാര്യം പറയാം..
ആദ്യത്തെ മൂന്നു സ്ഥാനക്കാരുടെയും യുറേക്ക പരിശോധിക്കണം..!
ഉറപ്പായിട്ടും അവന്മാര്‍ മെഡലു തിരിച്ചു തരും.. ഇപ്പൊ എല്ലാം ഉത്തേജനം അല്ലെ..
അല്ലാതെ ആര്‍ക്കാ ഈ കുട്ടിച്ചാത്തനെ തോല്‍പ്പിക്കാന്‍ പറ്റുന്നെ..:)
അല്ലാ ഒരു തംശയം ഏതു ബ്ലോഗുവീട്ടില്‍ ചെന്നാലും പാവം സാന്‍ഡോസിനെ #%^&%%#$#@ ഇങ്ങനെയൊക്കെയാ സംബോധന്‍ ചെയ്യുന്നത്..!
ആള്‍ മണിച്ചന്റെ അനിയനാ..:)

സാജന്‍| SAJAN said...

ചാത്താ ഇപ്പോഴാണ് ഇത് വായിക്കാന്‍ കഴിഞ്ഞത്, ആദ്യത്തെ രണ്ട് ഭാഗത്തെ ക്കാളും കൂടുതല്‍ എനിക്കിഷ്ടപ്പെട്ടത്, ഈ മൂന്നാഭാഗമാണ്. ഇതില്‍ സ്നേഹവും നൊമ്പരവും ഉണ്ട്, ഒപ്പം ഒരു ചെറുപുഞ്ചിരിയും, ആശംസകള്‍!!!

ഡി .പ്രദീപ് കുമാർ said...

കുട്ടിചാത്താ
ആഭിചാരം സ്വായത്തമാക്കുക.നല്ല മാര്‍ക്കറ്റുണ്ടു.കേട്ടോ.

Raji Chandrasekhar said...

കുട്ടിച്ചാത്തവിലാസങ്ങള്‍ കാണാന്‍ തുടങ്ങി.

രജി മാഷ്.

സാല്‍ജോҐsaljo said...

പോട്ട്രാ.. നമ്മക്കിനീ ചാടാം...


നല്ല ഓര്‍മ്മ

;)

സുല്‍ |Sul said...

ചാത്താ
ചാട്ടരഹസ്യം പറഞ്ഞുകൊടുത്ത് ചാത്തന്‍ പുറത്തായി ലേ. സാരല്യാട്ടോ നമ്മുക്കടുത്തകൊല്ലണ്ടല്ലോ :)
നന്നാ‍യിരിക്കുന്നു.
-സുല്‍

തെന്നാലിരാമന്‍‍ said...

ന്റെ ചങ്ങായീ, ഇങ്ങളാളൊരു ഒന്നൊന്നര മൊതലാണ്‌ട്ടാ...ആ വാല്‍ക്കഷ്ണത്തിന്‌ മാത്രം തരണമല്ലോ മെഡല്‍...:-) കലക്കി മാഷേ...പ്രത്യേകിച്ച്‌ അമ്മക്കു കിട്ടിയ മൂന്നാം സ്ഥാനത്തിനുള്ള മകന്റെ വിവരണം...അതിലല്‍പ്പം അസൂയയോ കുശുമ്പോ ഉണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ അതു അസൂയ കൊണ്ടാണെന്ന് പറയരുത്‌...:-)

കുട്ടിച്ചാത്തന്‍ said...

പയ്യന്‍സ്: സന്തോഷം മെഡലിനു നന്ദി.
പ്രയാസിച്ചേട്ടോ: ഇന്നിപ്പോ ആ മരിയന്‍ ജോണ്‍സ്മെഡല് തിരിച്ചു കൊടുത്തില്ലേ അതുപോലെ വല്ലോം സംഭവിക്കും എന്ന് പ്രതീക്ഷിക്കാം.
സാന്‍ഡോയെ ശരിക്കറീല അല്ലേ? ;)

സാജന്‍ ചേട്ടോ: എനിക്കും ഇതു തന്നെയാ ഇഷ്ടം. ആലോചിച്ചപ്പോള്‍ മറ്റത് രണ്ടും എഴുതാതെ ഇതെങ്ങനെ എഴുതും എന്ന് കരുതി.
പ്രദീപ് കുമാര്‍ ചേട്ടോ: കുട്ടിച്ചാത്തനു ആഭിചാരം ഇല്യാട്ടോ.:)

രജി മാഷേ: നന്ദി. ആദ്യപോസ്റ്റുകളും കാണുന്നുണ്ടാവുമല്ലോ?

സാല്‍ജോ: പിന്നെന്താ ഒരു മത്സരം വയ്ക്ക് ഞാന്‍ റെഡി.

സുല്ലിക്കോ: ഇനീം എത്ര കൊല്ലം കിടക്കുന്നു?
തെന്നാലിച്ചേട്ടോ: ആ അസൂയ വായിക്കുന്നവര്‍ക്ക് ഫീല്‍ ചെയ്യണം എന്ന് കരുതിത്തന്നെയാ എഴുതീത് :)

ധ്വനി | Dhwani said...

കുതിപ്പ്‌ മണല്‍ വരയില്‍ നിന്നും അല്‍പം പിറകിലായി വീണ്‌ കിടന്ന മിഠായിക്കടലാസില്‍ നിന്നും ലക്ഷ്യം വച്ചു. അവിടുന്ന് തന്നെ കുതിക്കുകയും ചെയ്തു....

നല്ല ശൈലി!! :)

അതെ, ചില വാക്കുകള്‍ക്കും സൗഹൃദങ്ങള്‍ക്കും സ്വര്‍ണമെഡലുകളേക്കാള്‍ തിളക്കമുണ്ട്‌

കുട്ടിച്ചാത്തന്‍ said...

ധ്വനിച്ചേച്ചീ നന്ദി വീണ്ടും വരിക.

ഗിരീഷ്‌ എ എസ്‌ said...

നല്ലൊരു പോസ്റ്റ്‌
അഭിനന്ദനങ്ങള്‍
ഭാവുകങ്ങള്‍...

അജയ്‌ ശ്രീശാന്ത്‌.. said...

"ചില വാക്കുകള്‍ക്കും സൗഹൃദങ്ങള്‍ക്കും സ്വര്‍ണമെഡലുകളേക്കാള്‍ തിളക്കമുണ്ട്‌.
അന്നും ഇന്നും എന്നും...."

തീര്‍ച്ചയായും...

"പോരാഞ്ഞ്‌ എന്റെ മാവും ഒരുകാലത്ത്‌ പൂക്കൂലോ..."
ഇതാണ്‌ പ്രതീക്ഷയുടെ പൂക്കാലം

നവരുചിയന്‍ said...

ആ കാലം ഉടനെ വരും ... മാവ് പൂകുന്ന കാലം!! നമുക്ക് ബ്ലോഗ്ഗര്‍ മാര്‍ക്കു മാത്രം ആയി ഒരു മത്സരം നടത്താം ...

Dr. Prasanth Krishna said...

സമയം കിട്ടിയാല്‍ ഒന്നുകണ്ണോടിക്കുവാന്‍ ലിങ്കിലൊന്നു ക്ലിക്കുചെയ്യുമന്ന വിശ്വാസത്തില്‍ ...വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങലും പ്രതീക്ഷിച്ചുകൊണ്ട്...


http://Prasanth R Krishna/watch?v=P_XtQvKV6lc

അഭിലാഷങ്ങള്‍ said...

ഈ കുട്ടിച്ചാ‍ത്തന്റെ വിലാസം കണ്ടെത്താന്‍ അല്പം വൈകി.

എന്നാലും ഞാന്‍ ഇവിടെയൊക്കെ ഒന്നു കറങ്ങിത്തിരിയട്ടെ. കുട്ടിച്ചാത്തന്‍ എന്തൊക്കെയായിരുന്നു ഇതുവരെ നടത്തിയ പരാക്രമങ്ങള്‍ എന്ന് ഒന്ന് അറിയണമല്ലൊ..

:-)