Tuesday, September 11, 2007

ഇന്ത്യന്‍ കായികചരിത്രത്തിലെ മൂന്ന് മൈല്‍ക്കുറ്റികള്‍ -ഒന്ന്- കാള്‍ലൂയിസ്‌

ഇത്‌ വായിക്കും മുന്‍പ്‌ കുട്ടിച്ചാത്തന്റെ കായിക ചരിത്രം അറിയാത്തവര്‍ ഇവിടെ കൂടെ നോക്കുക.

എല്‍ പി സ്ക്കൂള്‍ കാലഘട്ടം കഴിഞ്ഞു. അല്‍പം ദൂരെയുള്ള യുപി സ്ക്കൂളില്‍ ഒരുപിടി പുതിയ കൂട്ടുകാരോടൊപ്പം ചാത്തനും. ഒരുപാട്‌ വിശേഷങ്ങളുണ്ടെങ്കിലും അതൊക്കെ പിന്നെ പറയാം.

യുപി സ്ക്കൂളിലെ കായിക ദിനം.

എല്‍ പി സ്ക്കൂളിലെ ഓട്ടമത്സരത്തിലെ വിജയകരമായ പരാജയത്തിനു ശേഷം കുട്ടിച്ചാത്തന്‍ ഓട്ടത്തോട്‌ വിടപറഞ്ഞേക്കാം എന്നും പുതിയ ഒരൈറ്റത്തില്‍ കാല്‍ വച്ച്‌ നോക്കാം എന്നും വിചാരിച്ചു.അക്കാലത്താണ്‌ കാള്‍ലൂയിസ്‌ 100 മീറ്റര്‍ ഓട്ടത്തില്‍ വിവാദ സ്വര്‍ണമെഡല്‍ നേടിയത്‌ പിന്നൊരു ഐറ്റത്തിലൂടെ അദ്ദേഹം സ്വര്‍ണ്ണം നേടി.

ലോങ്ങ്‌ ജമ്പ്‌!!!

കാലിനു ചെറുപ്പത്തിലേ നല്ല നീളം ഉള്ളവര്‍ക്ക്‌ പയറ്റാന്‍ പറ്റിയ ഐറ്റം(ചാത്തന്റെ കാര്യത്തില്‍ നാക്കിനായിരുന്നു നീളം എന്ന് മാത്രം). കാള്‍ലൂയിസിന്റേം ബെന്‍ജോണ്‍സന്റേം ഫ്രന്റ്‌ പേജ്‌ പടങ്ങള്‍ ചാത്തന്റെ ഇളം മനസ്സിനെ വല്ലാതെ സ്വാധീനിച്ചു. ഓട്ടം ഏതായാലും നമ്മളെക്കൊണ്ട്‌ പറ്റൂല. ഇതിലാവുമ്പോള്‍ പങ്കെടുക്കാന്‍ ആരും കാണുകേമില്ല, അതുകൊണ്ടൊരു സമ്മാനം എളുപ്പത്തില്‍ അടിച്ചെടുക്കുകേം ചെയ്യാം.

അങ്ങനെ ചാത്തന്‍ ആ ഒരൊറ്റ ഐറ്റത്തിനു മാത്രം പേരു കൊടുത്ത്‌ പരിശീലനം തുടങ്ങി. ഐറ്റത്തിന്റെ പേരും പൂഴി തെറിപ്പിച്ചോണ്ട്‌ വീഴുന്ന ലൂയിസിന്റെ പടം പത്രത്തിലു കണ്ടതുമേയുള്ളൂ. എന്താ സംഭവം എന്നൊന്നും അറീല. രണ്ട്‌ ദിവസം വീട്ടിലെ കസേരയുടേം മേശേടെം കിടക്കേടേം മുകളിലൂടെ ഓടീം ചാടീം വീടാകെ അലുക്കുലുത്താക്കിക്കൊണ്ടിരിക്കുന്നത്‌ കണ്ട വീട്ടുകാര്‌ പുല്‍ച്ചാടിയെ കയ്യോടേ പിടിച്ച്‌ അച്ഛനെ ഏല്‍പ്പിച്ചു.

പണ്ട്‌ ഓട്ട മല്‍സരത്തിനു അച്ഛന്റെ കോച്ചിംഗും വാങ്ങിപ്പോയി പരാജയശ്രീലാളിതനായി വന്നതോണ്ട്‌ ഇത്തവണ കോച്ചിംഗ്‌ വേണ്ട എന്താ ഇനം എന്ന് പറയൂല എന്നും പറഞ്ഞ്‌ ചാത്തന്‍ ഒറ്റക്കാലില്‍ നിന്നു.വേണ്ടെങ്കില്‍ വേണ്ട ഓട്ടവും ചാട്ടവും എന്തായാലും വീടിന്‌ പുറത്ത്‌ മതി, എന്ന ശാസന ചാത്തന്‍ ശിരസാ വഹിച്ചു.

പിന്നെ തോട്ടത്തിലായി പരിശീലനം. ചാഞ്ഞ മരങ്ങളുടെ കൊമ്പുകളില്‍ നിന്ന് താഴേക്ക്‌ മുകളിലേക്ക്‌. ഇവനെ വല്ല കുരങ്ങനും കടിച്ചാ എന്ന കിംവദന്തി കേട്ടില്ലാന്ന് നടിച്ചു.

അങ്ങനെ ആ സുദിനം വന്നെത്തി.ഓട്ടമല്‍സരങ്ങള്‍ ഒരു ഭാഗത്ത്‌ നിന്ന് നടക്കുന്നുണ്ട്‌. ചാത്തനും അകമ്പടിയായി കുറേ ഉപജാപകരും എവിടാ ലോങ്ങ്‌ജമ്പ്‌ നടക്കുന്നതെന്ന് അന്വേഷിച്ച്‌ നാലുപാടും ഓടിനടന്നു.ഒടുവില്‍ സ്ഥലം കണ്ട്‌ പിടിച്ചു സ്ക്കൂളിനു അടുത്തുള്ള തെങ്ങും പറമ്പാണ്‌ ജമ്പിംഗ്‌ പിറ്റ്‌!!!!

അതു തന്നെ ഒരേ നിരപ്പല്ല. ഒരു തെങ്ങും ചുറ്റുപാടും ഉള്ള സ്ഥലവും കഴിഞ്ഞാല്‍ അടുത്ത തെങ്ങും അതിനു ചുറ്റും ചതുരത്തിലുള്ള പറമ്പും ആ തറനിരപ്പില്‍ നിന്നും അല്‍പം താഴെയാണ്‌!!! അടുത്തത്‌ അതിലും അല്‍പം കൂടി താഴെ. എല്ലാ തെങ്ങുകള്‍ക്ക്‌ ചുറ്റിലും കിളച്ചിട്ടിട്ടുള്ളതോണ്ട്‌ പിറ്റിനായി ആര്‍ക്കും അധ്വാനിക്കേണ്ടി വന്നിട്ടുണ്ടാവില്ല. ഒരു പറമ്പിന്റെ അവസാനഭാഗത്ത്‌ ഒരു വര വരച്ചിട്ടുണ്ട്‌, അതിലു ചവിട്ടിക്കൊണ്ട്‌ തൊട്ട്‌ താഴെയുള്ള പറമ്പിലേക്കാണ്‌ ചാടേണ്ടത്‌. ചതുരത്തിലുള്ള പറമ്പുകളുടെ നടുവിലായിട്ടാണ്‌ തെങ്ങുകള്‍, കണ്ണുമടച്ച്‌ ചാടിയാല്‍ ചിലപ്പോള്‍ പിന്നോട്ട്‌ നോക്കി പറക്കുന്ന സൂപ്പര്‍മാന്‍ തെങ്ങിലടിച്ച്‌ വീഴുന്ന ലൈവ്‌ ഡെമോ നാട്ടുകാരു കാണും.

ശരി വച്ചകാല്‍ പിന്നോട്ടില്ല. ഇതെന്തൊരു പുരുഷാരം. പൂരത്തിനുള്ള ആളുണ്ട്‌. കാണാന്‍ വന്നവരു ഇങ്ങനെ ക്യൂ ആയി നില്‍ക്കുന്നതെന്തിനാ?

മാഷേ ചാത്തനും പേരു തന്നിരുന്നു ലോങ്ങ്‌ ജമ്പിന്‌?

ഈ ക്യൂവിന്റെ പിന്നില്‍ പോയി നിന്നോ. വിസിലടിക്കുമ്പോള്‍ ഓരോരുത്തരായി വന്ന് ചാടിയാല്‍ മതി.

മല്‍സരം തുടങ്ങി, മാഷയ്ക്കെന്തോ കണക്കു കൂട്ടലുണ്ട്‌ അടുത്ത പറമ്പിന്റെ നടുവിലെ തെങ്ങിന്റെ ലെവലിന്റെ അപ്പുറം ചാടിയവരോട്‌ തിരിച്ച്‌ ക്യൂവിന്റെ പിന്നില്‍ പോയി നില്‍ക്കാന്‍ പറഞ്ഞു. അത്രേം എത്താത്തവരോട്‌ കാണികളുടെ കൂട്ടത്തില്‍ പോവാനും.ഒടുക്കത്തെ ക്യൂ നിന്ന് നിന്ന് ഉറക്കം വരുന്നു ക്യൂവിന്റെ നീളം കുറയുന്നുണ്ട്‌. അങ്ങനെ അങ്ങനെ ചാത്തന്റെ ഊഴമെത്തി.

കാള്‍ലൂയിസ്‌ ഭഗവാന്റെ എനിക്ക്‌ മെഡല്‍ പോയല്ലോ എന്ന ഭാവത്തില്‍ പത്രത്തില്‍ വന്ന പടത്തിനെ മനസ്സില്‍ ധ്യാനിച്ച്‌, ആരെയെങ്കിലും കുത്താന്‍ വരുന്ന കാള കാലോണ്ട്‌ മണ്ണുമാന്തുന്ന സ്റ്റൈലില്‍ വലത്തേകാല്‍ വിരലുകള്‍ കൊണ്ട്‌ നിലത്തുരച്ച്‌ അല്‍പം മുന്‍പോട്ട്‌ കുനിഞ്ഞ്‌ വിസിലിനു വേണ്ടി കാതോര്‍ത്തു.

ഇടയ്ക്കൊന്ന് വശങ്ങളിലേക്ക്‌ പാളി നോക്കി അഞ്ചാം ക്ലാസിന്റെ അഭിമാനമായി ചാത്തന്‍ മാത്രമേയുള്ളൂ ബാക്കി മുഴുവന്‍ ആറും ഏഴും ക്ലാസുകാരാ. കൂട്ടുകാരു മൊത്തം വന്ന് പ്രതീക്ഷയോടെ നോക്കി നില്‍ക്കുന്നുണ്ട്‌. ഈ പരിപാടി എന്താന്ന് അവര്‍ക്കൊന്നും അറിഞ്ഞുകൂടായിരുന്നതു കൊണ്ടാ അല്ലേല്‍ വേറെ വല്ലോരും കൂടി പേരു കൊടുത്തേനെ. സംഭവം ഇത്രേയുള്ളൂ എന്നറിഞ്ഞപ്പോള്‍ പങ്കെടുക്കാന്‍ പലരും ശ്രമിച്ചെങ്കിലും മുന്‍പേ പേരു കൊടുത്തവര്‍ക്ക്‌ മാത്രമായി മാഷ്‌ മല്‍സരം ചുരുക്കിക്കളഞ്ഞു. അതോണ്ടിനി ഏകപ്രതീക്ഷ ചാത്തനാ. ചുമ്മാ ഒന്ന് കൈവീശിക്കാണിക്കണമെന്നുണ്ടായിരുന്നു. അഥവാ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായാല്‍ കേള്‍ക്കേണ്ടി വരുന്ന കൂക്കിവിളികളെ ഓര്‍ത്തപ്പോള്‍ കൈ താനെ താണു.

വിസില്‍ മുഴങ്ങി, ചാത്തന്‍ കുതിച്ചു. വരയില്‍ ചവിട്ടിക്കൊണ്ട്‌ ഉയരാന്‍ ശ്രമിച്ച അതേ നിമിഷം ചാത്തന്റെ കണ്ണിലെന്തോ പ്രാണി കയറി. എന്തായാലും ആംഗിളു കറക്റ്റായതോണ്ട്‌ തെങ്ങിലിടിച്ചില്ല. ചാട്ടം തുടങ്ങിയപ്പോള്‍ തന്നെ കണ്ണടച്ചതു കാരണം സംഭവം ക്രാഷ്‌ ലാന്‍ഡിങ്ങായി. തെങ്ങിനടുത്ത്‌ നിന്ന മാഷും സ്റ്റാര്‍ട്ടിംഗ്‌ പോയിന്റില്‍ നിന്ന മാഷും എല്ലാവരും ചാത്തന്‍ കണ്ണുതിരുമ്മി എഴുന്നേല്‍ക്കും മുന്‍പ്‌ മുന്നിലെത്തി.

എന്തെങ്കിലും പറ്റിയോ?

ആകാംഷാഭരിതരായ ഒരുകൂട്ടം കാണികള്‍ കയ്യടിക്കാന്‍ പോലും മറന്ന് വാ പൊളിച്ച്‌ നോക്കിനില്‍ക്കുന്നു. മുട്ടിന്റെ മോളീന്ന് അല്‍പം പ്ലാസ്റ്ററു പോയിട്ടുണ്ട്‌.അതൊക്കെ ആരു നോക്കുന്നു. തെങ്ങ്‌ കഴിഞ്ഞോ അത്‌ മാത്രമായിരുന്നു ചാത്തന്‍ പ്രാണിയിരിക്കുന്ന വലത്തേകണ്ണും അടച്ച്‌ പിടിച്ചോണ്ട്‌ നോക്കിയത്‌.

യെസ്‌ കഴിഞ്ഞിരിക്കുന്നു ചാത്തന്‍ മാത്രം തെങ്ങും തെങ്ങ്‌ നില്‍ക്കുന്ന പറമ്പും കഴിഞ്ഞ്‌ അടുത്ത്‌ പറമ്പിന്റെ തുടക്കത്തിലുള്ള താഴ്ചയില്‍ ലാന്‍ഡ്‌ ചെയ്തിരിക്കുന്നു!!! ലോകറിക്കോഡ്‌!!!. ഇനി എന്തിനാ ഈ മല്‍സര പ്രഹസനം ഒന്നാം സമ്മാനം ഇങ്ങെടുക്ക്‌ മാഷേ. എന്നാലും മൂന്ന് ചാന്‍സെന്നാ കേട്ടത്‌. അതും കൂടി ചാടിക്കളഞ്ഞേക്കാം. ക്യൂവിന്റെ പിന്നിലേക്ക്‌ നീങ്ങിയ ചാത്തനെ മാഷ്‌ വിളിച്ച്‌ വേറൊരു പയ്യന്റെ കൂടെ മുറിവിനു മരുന്നു വയ്ക്കാന്‍ പറഞ്ഞു വിട്ടു.

മരുന്ന് വച്ചിട്ട്‌ വന്നിട്ട്‌ ചാടാമായിരിക്കും അല്ലേ?

ചാത്തന്റെ ആത്മഗതം ഉച്ചത്തിലായിപ്പോയി.

എന്തിന്‌ നീ പുറത്തായില്ലേ?

ഡിഷ്‌ ക്യാം(ബാക്ക്‌ ഗ്രൗണ്ടില്‍ ഒരു ഇടിവെട്ടിയ സൗണ്ട്‌)

ഞാനോ അതെങ്ങനെ?

അതു മനസ്സിലായില്ലേ നീ ചാടാന്‍ തുടങ്ങിയ പറമ്പിന്റെ തൊട്ട്‌ താഴെ തന്നെയാ മൂക്കും കുത്തി വീണത്‌. തെങ്ങിന്റെ അടുത്ത്‌ പോലും എത്തീല.

ആരെങ്കിലും ആ നിലവിളി ശബ്ദമിടൂ(കട്‌ ജഗതി ഇന്‍ മിന്നാരം)

വാല്‍ക്കഷ്ണം:
അങ്ങനെ മൈല്‍ കുറ്റി ഒന്ന് ഇവിടെ അവസാനിക്കുന്നു. അടുത്ത ഭാഗം ആറാംക്ലാസില്‍ കിഡീസ്‌ 50 മീറ്റര്‍ റെയ്‌സ്‌ അഥവാ ഒരു വിശ്വാസ വഞ്ചന.(അടുത്തൊന്നും പ്രതീക്ഷിക്കേണ്ട)

34 comments:

കുട്ടിച്ചാത്തന്‍ said...

ഇന്ത്യന്‍ കാള്‍ലൂയിസിനെ പരിചയപ്പെടാന്‍ വരൂ‍...

Anonymous said...

ഗ്ലാഡ് റ്റു മീറ്റ് യു... ;)

ശ്രീ said...

"കണ്ണുമടച്ച്‌ ചാടിയാല്‍ ചിലപ്പോള്‍ പിന്നോട്ട്‌ നോക്കി പറക്കുന്ന സൂപ്പര്‍മാന്‍ തെങ്ങിലടിച്ച്‌ വീഴുന്ന ലൈവ്‌ ഡെമോ നാട്ടുകാരു കാണും."

ചാത്താ...
ഈ സംഭവം മനസ്സിലാലോചിച്ചിട്ട് ചിരിച്ചു പോയി.

ആ &*%$# പ്രാ‍ണി കാരണം ഇന്ത്യയുടെ ഒരു ഭാവി വാഗ്ദാനമാണ്‍ നഷ്ടപ്പെട്ടത് എന്ന് ആരോര്‍‌ക്കാന്‍‌!
;)

മനോജ് കുമാർ വട്ടക്കാട്ട് said...

ചിലപ്പോള്‍ നമ്മുടെ എന്തൊക്കെ പ്രതീക്ഷകളാണ് അസ്ഥാനത്തായിപ്പോകുന്നത്! :)

Mr. K# said...

:-|

Praju and Stella Kattuveettil said...

hahaha :)

ചന്ദ്രകാന്തം said...

..ന്നാലും ചാത്താ..
ആ "പ്രാണി വിമതന്‍" ചെയ്തത്‌ കൊലച്ചതിയായല്ലോ..

കുട്ടന്‍സ്‌ | S.i.j.i.t.h said...

ഈ കുട്ടിച്ചാത്തനുള്ളില്‍ ഒരു കുട്ടി കായികതാരം ഒളിഞ്ഞിരിപ്പുണ്ടായിരുന്നൂ അല്ലെ..
അടുത്തതും പോരട്ടെ..
:)

കുഞ്ഞന്‍ said...

ഹൊ.. ഒരു ഭാവി വാഗ്ദാനം പൊഴിഞ്ഞ വഴി, ഇല്ലെങ്കില്‍, അഞ്ജൂ ബേബി ജോര്‍ജ്ജിന്റെ പൊടിപോലും കണ്ടുപിടിക്കാനുണ്ടാവില്ലായിരുന്നു,കാരണം ചാത്തനല്ലേ താരം..!

Unknown said...

പ്രാണി കേറിയാലെന്ത്‌ കേറീലെങ്കിലെന്ത്‌??കണ്ണും കൊണ്ടല്ലല്ലോ കാലും കൊണ്ടല്ലേ ചാടുന്നത്‌. എന്നാലും പോട്ടെ അഭിനവ കാള്‍ലൂയിസിന്റെ പതനം നല്ല രസമുണ്ടായിരുന്നു. :-)

R. said...

ചാത്തന്‍സ്,
യെന്തിന് ബെര്‍തേ പ്രാണി, കീണിന്നൊക്കെ പറഞ്ഞ് മിണ്ടാപ്രാണികള്‍ടെ മേല്‍ പഴി ചാരുന്നൂ...?
ശോദിക്കാനും പറ്യാനും യിവിടാരുമില്ലേ...? ഇല്ലേ?

~അഖില്‍‌ലോക് പ്രാണി അസോ.(കുത്ത്)

G.MANU said...

ഹഹ.....മസിലുപിടിച്ചു ചാടുമ്പോള്‍ കണ്ണില്‍ ഈച്ച വീഴുക..എന്തൊരു ഫീലിംഗ്‌ ആയിരിക്കും അത്‌.. കലക്കി ചാത്താ..

വിഷ്വലസ്‌ ചെയ്ത്‌ ചിരി ഇനിയും മാഞ്ഞില്ല

സു | Su said...

ചാത്താ, ചാടിയത് അവിടെത്തന്നെയാണെങ്കില്‍, മുട്ടിലെ തൊലിയെന്തിനു കൊണ്ടുപോയി എന്നും ചോദിച്ച് ദൈവത്തിനോടൊരു ചാട്ടം വേണ്ടായിരുന്നോ? ;)

അപ്പു ആദ്യാക്ഷരി said...

ഒരു അഞ്ചാം ക്ലാസുകാരന്റെ മനോഗതങ്ങള്‍ നന്നായി എഴുതിയിരിക്കുന്നു ചാത്താ. :-)

സുല്‍ |Sul said...

കൊള്ളാം ചാത്താ.
അന്നു ചൂലൊന്നും കയ്യിലുണ്ടായിരുന്നില്ലേ? അതില്‍ കേറി ഒന്നു പറപറക്കാമായിരുന്നല്ലോ. എല്ലാവരേക്കാളും മുന്നില്‍, അവരുടെ ഒരു ഇരട്ടി ദൂരം കൂടുതലില്‍ ചാടി.... :)
എന്തെന്തു മോഹങ്ങള്‍... പ്രാണി.
-സുല്‍

മുസ്തഫ|musthapha said...

മനസ്സ് കൊണ്ട് ചാത്തന്‍ വിജയശ്രീലാളിതനായിരുന്നല്ലോ...
അത് മതി, നമ്മുടെ വിശ്വാസമാണ് എല്ലാറ്റിലും വലുത് :)
ഈ ചാട്ടം ഭാവിയിലേക്ക് ഒരു മുതല്‍ക്കൂട്ടയിക്കാണും എന്ന് കരുതുന്നു :)

സൂര്യോദയം said...

ചാത്താ.... ഉഗ്രന്‍.... വല്ല്യ കായികപ്രേമി തന്നെ.... എല്ലാ കൊല്ലവും മാറി മാറി ഐറ്റംസ്‌ പരീക്ഷണമായിരുന്നിരിക്കും അല്ലേ.... ബാകി ഐറ്റംസ്‌ പോരട്ടേ... :-)

Rasheed Chalil said...

ചാത്താ ചാട്ടം കൊള്ളാം... പാവം ഈച്ച.

:) :) :)

ഓടോ: കൊള്ളാമഡേയ്

ഉണ്ണിക്കുട്ടന്‍ said...

നിന്റെ കഥ വായിച്ചപ്പോള്‍ നമ്മുടെ അഞ്ചു ബോബി ജോര്‍ജിനെ ഓര്‍ത്തു പോയി ചാടിയാല്‍ ഒരിക്കലും എത്തത്തുമില്ല ഒരോ മത്സരം കഴിയുമ്പോഴും ഒരോ എക്സ്ക്യൂസും പറയാന്‍ ഉണ്ടാകും. കാറ്റു വലത്തോട്ടു വീശി, ചൂടായിരുന്നു, തണുപ്പായിരുന്നു, യാത്രക്ഷീണം !! പെണ്‍പിള്ളേര്‍ 7 മീറ്റര്‍ കൂളായിട്ടു ചാടീട്ടു പോകുന്നു. ഇതു വരെ 6.7 കടക്കാത്ത അഞ്ചുവിനെ ഇനീം ലോകമീറ്റുകള്‍ക്ക് എഴുന്നള്ളിക്കണോ..?

ബൈ ദി ബൈ പറഞ്ഞു കാടു കയറി. പ്രാണി കേറില്ലാരുന്നെങ്കില്‍ നീ ചാടിയങ്ങ് തെങ്ങിന്റെ മോളീ കേറിയേനെ...പോടെയ്.. എഴുത്തു കലക്കീട്ടാ.. :)

സാജന്‍| SAJAN said...

ചാത്തനെയേറ്:

ചാത്താ ഒന്നാഞ്ഞു പിടിച്ചിരുന്നെങ്കില്‍ ഒളിമ്പിക്സിലെ സ്വര്‍ണ്ണമോ വെള്ളിയോ ഒരെണ്ണം വീട്ടിലെ ഷോകേസിലിരുന്നേനേയല്ലോ, സാരമില്ല ചാത്തന്റെ പ്രൊഫൈലിലെ പടവും കേട്ട പരിചയവും വച്ച് ഇനിയും സമയമുണ്ട്,
പ്ലീസ് ട്രൈ എഗയിന്‍:)
ഓടോ:- എഴുതിയത് ഇഷ്ടപ്പെട്ടു:)

Ziya said...

പണ്ടത്തെ ഒരു ലോംഗ് ജമ്പിന്റെ പരിണിത ഫല ഞാന്‍ ഇന്നുമനുഭവിച്ചു കൊണ്ടിരിക്കുകയാ...
എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരൊന്നൊന്നര ചാട്ടം..
കൈയും കാലും ആകാശത്ത്...
ബട്ടക്സ് മാത്രം നിലത്തടിച്ചു കൊണ്ട്
സ്‌മൂത്ത് ലാന്‍‌ഡിംഗ്... ബോധം തന്നെ പോയി...സാറന്മാര്‍ ആരെയോ വിട്ട് സോഡാമേടിപ്പിച്ചു.
മുതിര്‍ന്നപ്പൊള്‍ ഡിസ്‌കിനു പ്രോബ്ലം.

എന്നാലും ശരി ചാത്തലൂയിസിന്റെ വിക്രിയ പൊട്ടിച്ചിരിപ്പിച്ചു :)

Murali K Menon said...

ചാത്തന്‍ ഒന്നാം സമ്മാനം കൊണ്ടുപോകുമെന്നുറപ്പുള്ള എതിര്‍ടീം വിട്ട കൊട്ടേഷന്‍ ടീമായിരുന്നു പ്രാണിയെന്ന് ഇപ്പോഴെങ്കിലും മനസ്സിലായില്ലേ? ഇനിയെങ്കിലും തന്റെ കഴിവുകളെ തളക്കാന്‍ ശ്രമിക്കുന്നവരെ ഉപരോധിച്ചുകൊണ്ട് മുന്നേറാന്‍ കഴിയട്ടെ എന്നാശംസിച്ചുകൊണ്ട്,
NB: ചിരിക്കാനും ചിരിപ്പിക്കാനും കഴിയുക അപാരമായ ഒരു സിദ്ധിയാണ്, കൈമോശം വരാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ,

Anonymous said...

എല്ലാരും ചാത്തന്റെ വീഴ്ച്ച കണ്ട് ചിച്ചു.. ഇനി ചാത്തനു വേണ്ടി ഒരിറ്റ് കണ്ണീര്‍ ഞാന്‍ വീഴ്ത്തിക്കോട്ടേ പ്ലീസ്.. പ്ലീസ്.. എന്നെ അതിനനുവദിക്കൂ.. :‘(


ഹോ സന്തോഷാശ്രൂ സന്തോഷാശ്രൂ .. :)

കുറുമാന്‍ said...

പിന്നെ തോട്ടത്തിലായി പരിശീലനം. ചാഞ്ഞ മരങ്ങളുടെ കൊമ്പുകളില്‍ നിന്ന് താഴേക്ക്‌ മുകളിലേക്ക്‌. ഇവനെ വല്ല കുരങ്ങനും കടിച്ചാ എന്ന കിംവദന്തി കേട്ടില്ലാന്ന് നടിച്ചു - അങ്ങനെ നടിക്കാന്‍ നിനക്കാവുമോ ചാത്താ :)

കുട്ടിച്ചാത്തന്‍ said...

നൌഷറേ അത് ഞാനല്ലേ പറയേണ്ടത്? എത്ര കാലമായി കണ്ടിട്ട്. കാണാതിരുന്ന് കാണുന്നതും ഒരു രസമാ.
ശ്രീക്കുട്ടോ ഈ ഒളിമ്പിക് മെഡലൊന്നും 916 അല്ലെന്നേ പിന്നെന്തിനാ?

പടിപ്പുരച്ചേട്ടോ: വായിക്കാന്‍ തുടങ്ങിയപ്പോള്‍ കൂടുതല്‍ വല്ലോം പ്രതീക്ഷിച്ചാ :)
കുതിരവട്ടന്‍ ചേട്ടോ നന്ദി.

സ്റ്റെല്ലൂസ് അങ്ങനെയല്ല ഇങ്ങനെ ഹിഹിഹി:)
RR :)

ചന്ദ്രകാന്തം ചേച്ചീ: അല്ലേലും ഈ പ്രാണികളൊക്കെ ഇങ്ങനാ ഒരു ‘വേട്ടാളന്‍’(കടന്നല്‍ ടൈപ്പ് ഒന്ന്) ഉണ്ടാരുന്നു, വീട്ടിലു വേറേ എത്ര ആളുണ്ടേലും എന്നെ മാത്രാ അതിനു പഥ്യം :(

കുട്ടന്‍സ്: കായികതാരത്തിനു ഒരു അവസരം തരൂ അടുത്ത മീറ്റിലു ഒരു ലോങ്ങ് ജമ്പ് മത്സരമാവാം?
കുഞ്ഞന്‍ ചേട്ടോ: ഇപ്പോഴും അഞ്ജൂ ബോബി ജോര്‍ജ്ജിന്റെ പൊടിപോലും കാണാനില്ലാലോ(മനോരമയിലൊഴികെ)

ത്രേസ്യാക്കൊച്ചേ: പതനത്തില്‍ നിന്നാ ഫീനിക്സ് പക്ഷികളൊക്കെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നേ.

രജീഷ് ചേട്ടോ: പ്രാണി അസോ. പ്രസിഡന്റാവാനാണോ ശ്രമം?

മനുച്ചേട്ടോ: അഞ്ചാം ക്ലാസിലു പോയിട്ടു ഇപ്പോള്‍ വരെയില്ല മസില്‍ പിന്നെവിടുന്നാ :)

സൂ ചേച്ചീ എന്നിട്ടു വേണം മറ്റേമുട്ടിലെ തൊലീം കൂടി പുള്ളിക്കാരന്‍ ഊരിക്കൊണ്ടു പോവാന്‍.

അപ്പ്വേട്ടോ മനോഗതം? പകുതി മുക്കാലും നടന്നതാ.:)

സുല്ലിക്കോ ചൂലു ലോങ്ങ് ജമ്പില്‍ അലൌഡല്ലാ :(
അഗ്രജോ ഓട്ടമായിരുന്നേല്‍ എന്തായാലും മുതല്‍ക്കൂട്ടായേനേ.

സൂര്യോദയം ചേട്ടാ:തന്നെ തന്നെ കായികപ്രേമിതന്നെ.എന്നാലും കായികതാരം എന്നു പറയൂലല്ലേ :(

ഇത്തിരിച്ചേട്ടോ: ഉരുണ്ടു വീഴുന്നതാണോ കൊള്ളാമെന്ന് പറഞ്ഞത്!!!

ഉണ്ണിക്കുട്ടോ: ചാടി തെങ്ങിന്റെ മോളില്‍ കയറാന്‍ ഒരു ബുദ്ധിമുട്ടുമില്ല (ആ തെങ്ങാരേലും ആദ്യം വെട്ടിയിടണം എന്നു മാത്രം)
സാജന്‍ ചേട്ടോ: അതിപ്പോ കാശു കൊടുത്താലും മെഡലു വാങ്ങി ഷോകേസിലു വയ്ക്കാം ആരറിയാനാ?

സിയാ--- കമന്റ് കലക്കി ഡിസ്കും കലക്കി അല്ലേ?എന്നാലും പൂഴീലല്ലേ വീഴുന്നത്???:(

മുരളിച്ചേട്ടോ: ക്വട്ടേഷന്‍ വിടേണ്ട താരം പിന്നേ..:)
ആലപ്പുഴക്കാരന്‍‌ചേട്ടോ: സന്തോഷാശ്രു വരവു വെച്ചൂട്ടാ :)

കുറു അണ്ണോ: കിംവദന്തി എന്ന് പറഞ്ഞാല്‍ ആരും നേരിട്ട് പറയൂല അതോണ്ട് കേട്ടില്ലെന്നാവാം.:)

Vanaja said...

കണ്ണില്‍ പ്രാണി കയറിയെന്നൊക്കെ ചുമ്മ പറയുന്നതെല്ലേ...
അല്ലാരുന്നേലങ് ഗോകര്‍ണം വരെ ചാടിയേനെ....
:)

ജാസൂട്ടി said...

കണ്ടാ പറയില്ലാട്ടോ ഇത്രക്ക് വലിയ ജംബറാണെന്നു...:)

ആരാ ഗുരുവെന്നാ പറഞ്ഞേ???

--അനുഭവം കൊള്ളാമായിരുന്നൂട്ടോ ചാത്താ.

കുട്ടിച്ചാത്തന്‍ said...

വനജേച്ചീ: പ്രാണി വെറും നമ്പറാന്ന് മനസ്സിലായി അല്ലേ :)

ജാസൂട്ടീ:കണ്ടാല്‍ പിന്നെ എന്തു പറയും എന്നു ഞാന്‍ ചോദിക്കുന്നില്ല (എന്തിനാ വടി കൊടുക്കണേ അടിക്കാന്‍)

ഉപാസന || Upasana said...

ചാത്തന്,
കാള്‍ ലൂയിസ് ഇന്ത്യയിലേക്ക് വരുന്നു. അദ്ദേഹത്തെ ആരോ കുറച്ചു കാണിച്ചു എന്നറിഞ്ഞ്. ഉത്തേജകമായി എന്തേലും അടിക്കാമായിരുന്നില്ലേ ചാത്താ, അവലോസുണ്ടയോ മറ്റോ..?
:)
ഉപാസന

ഓ. ടോ: ഒരു കാര്യം ഓരോ വാചകത്ത്ന്റേയും അവസാനം ഒരു കുത്തുണ്ട്. ശരി തന്നെ. പക്ഷെ അതിന് ശേഷം അടുത്ത വാചകം തുടങ്ങുന്നതിന് മുന്‍പ് ഒരു സ്പേസ് ഇടുന്നത് നല്ലതല്ലെ..?

Sathees Makkoth | Asha Revamma said...

ആ രംഗം നേരിട്ട് കാണാന്‍ എനിക്ക് പറ്റിയില്ലല്ലോ!
ചാത്താ സംഭവവും വിവരണവും കൊള്ളാം
സതീശന്‍, ആഷ.
(ഇവള് നിന്ന് ബഹളം വെയ്ക്കുന്നതിനാല്‍ പേരുകൂടിവെയ്ക്കുന്നു. അല്ലെങ്കില്‍ ഞാനീ മൂന്നാം നിലയില്‍ നിന്ന് ഹൈജമ്പ് ചാടേണ്ടിവരും.)

കുട്ടിച്ചാത്തന്‍ said...

സുനിലിന്റെ അഭിപ്രായം മാനിച്ചിരിക്കുന്നു(ഇതൊക്കെ എങ്ങനെ കണ്ടുപിടിക്കുന്നിഷ്ടാ വല്ല മൈക്രോസ്കോപ്പും വച്ചാണോ വായന :))

സതീഷേട്ടന്‍ ആശേച്ചി നന്ദി. മൂന്നാം നിലേന്നോ പതിനൊന്നാം നിലേന്നോ എവിടുന്ന് വേണെലും ഹൈജമ്പാവാം. താഴേക്ക് ചാടരുതെന്ന് മാത്രം.
(ഓടോ: ടെറസിന്റെ മോളിലാണോ ഇപ്പോള്‍)

ബാജി ഓടംവേലി said...

ഈ ക്യൂവിന്റെ പിന്നില്‍ പോയി നിന്നോ. വിസിലടിക്കുമ്പോള്‍ ഓരോരുത്തരായി വന്ന് ചാടിയാല്‍ മതി.

ആവനാഴി said...

സര്‍ ചാത്തന്‍,
അല്ല മനസ്സിലായില്ല. നാക്കിന്റെ നീളത്തിന്റെ പിന്‍ബലത്തിലല്ലേ ചാട്ടമത്സരത്തിനു പേരു കൊടുത്തത്.
ലോംഗ് ജമ്പിനാണു പേരു കൊടുത്തത് എന്നു പൂഴി പറത്തി വീഴുന്ന കാള്‍ ലൂയീസ്, ബെന്‍ ജോണ്‍സണ്‍ എന്നീ ബിംബങ്ങളിലൂടെ ഭംഗ്യന്തരേണ പ്രസ്താവിച്ചിട്ടുള്ളതിനാല്‍ ഹൈ ജമ്പല്ല എന്നു നിര്‍ണ്ണയമായി. പിന്നെ എന്തിനാ മരത്തിന്റെ കൊമ്പില്‍ കേറി താഴേക്കും പിന്നെ മോളിലേക്കും ചാടിയത്?

എന്തു കാര്യം ചെയ്യുമ്പഴും എന്താണു തന്റെ ഉദ്ദേശലക്ഷ്യം എന്നറിഞ്ഞിട്ട് അതിനു തക്ക വിധം വേണ്ടേ സ്ട്രാറ്റജൈസ് ചെയ്യാന്‍. ലോംഗ് ജമ്പില്‍ പങ്കെടുത്ത് വിജയശ്രീലാളിതനാകണമെന്നു ആഗ്രഹിക്കുന്ന അത്‌ലീറ്റ് മരത്തിന്റെ കൊമ്പത്തു കേറി താഴോട്ടൂം മോളോട്ടും ചാടിയാണോ പ്രാക്റ്റീസ് ചെയ്യുന്നത്? കുരങ്ങു കടിച്ചോ എന്നല്ലേ ആളുകള്‍ ചോദിച്ചുള്ളു. കുരങ്ങ്യന്‍, എന്നു വിളിച്ചില്ലല്ലോ.

പിന്നെ വേറൊന്നുണ്ട്. ജയിക്കുക എന്നതിലുപരി “പാര്‍ട്ടിസിപേറ്റ്” എന്നതിലാണു “സ്പോര്‍ട്സ്മാന്‍സ്പിരിറ്റ്” എന്ന സാധനം സ്ഥിതി ചെയ്യുന്നത്.

സത്യത്തില്‍ ആ തത്സമയത്ത് കണ്ണില്‍ പ്രാണി കേറിപ്പറ്റിയത് എത്ര നന്നായി! അല്ലെങ്കില്‍ വനജ പറഞ്ഞ മാതിരി ഗോകര്‍ണ്ണം വരെ ചാടിയേനെ!

സസ്നേഹം
ആവനാഴി.

കുട്ടിച്ചാത്തന്‍ said...

ബാജിച്ചേട്ടനോടും ആവനാഴിമാഷിനോടും നന്ദി പ്രകാശിപ്പിക്കുന്നു. 2ണ്ടാ‍ം ഭാഗം ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ വരുന്നു.