Thursday, June 07, 2007

ഒറ്റവാക്കില്‍ ഉത്തരം

ഡാ ഇന്ന് മമ്മൂട്ടിടെ സിബിഐ സീരീസിലെ പുതിയ പടം റിലീസാ നമ്മള്‍ക്കു പോകാം? ഇന്നു തന്നെ കണ്ടില്ലെങ്കില്‍ നാളെ വല്ല തലതെറിച്ചവന്മാരും കണ്ട്‌ സസ്പെന്‍സ്‌ പൊളിക്കും പിന്നെ കാണാന്‍ ഒരു രസവുമുണ്ടാവില്ലാ.

ഇനിയിപ്പോ സെക്കന്റ്‌ ഷോക്കെ പോകാന്‍ പറ്റൂ.ആദ്യ ദിവസല്ലേ എല്ലാരും അറിഞ്ഞറിഞ്ഞ്‌ വരണ്ടേ രാത്രിയാവുമ്പോള്‍ തിരക്കു കാണില്ല.

സമയം രാത്രി എട്ട്‌ മുപ്പത്‌, സ്ഥലം തിരുവനന്തപുരം കൃപ തീയേറ്ററിലേക്കുള്ള വഴി. നടന്മാര്‍ ചാത്തനും രണ്ട്‌ കൂട്ടുകാരും.

എടാ വഴീലൊന്നും ആരേം കാണാനില്ലാലോ. പടം അത്രേം തല്ലിപ്പൊളി വല്ലതും ആയിരിക്കുമോ? എന്തായാലും സിബിഐ പടമല്ലേ മോശായാലും ഒരു തവണയെങ്കിലും കണ്ടിരിക്കാം

ഹെന്ത്‌ ടിക്കറ്റ്‌ കൗണ്ടറിന്റെ പുറത്ത്‌ പോയിട്ട്‌ അകത്തു വരെ ആളില്ലാ!! പടം ഇന്നല്ലേ റിലീസ്‌!! അതേലൊ. ഇനി പ്രദര്‍ശനസമയം എങ്ങാനും മാറിയിരിക്കുമോ? ഏയ്‌ നോട്ടീസ്‌ ബോര്‍ഡിലു ഒന്‍പത്‌ മണീന്ന് തന്നെ. സെക്യൂരിറ്റിയോട്‌ ചോദിക്കാം.

ആളു നിറഞ്ഞതോണ്ട്‌ പടം നേരത്തേ തന്നെ തുടങ്ങി. ശ്ശെടാ ഇനീപ്പോ ഒരു ജ്യൂസും കുടിച്ച്‌ വീട്ടില്‍പോവാം. മോഹന്‍ലാലിന്റെ ഒരു പടൊം ഇന്നു തന്നെയല്ലെ റിലീസ്‌ അതിനു ടിക്കറ്റ്‌ കിട്ടുമോന്ന് നോക്കിയാലോ?

പിന്നേ... ഡാ ഇതു തിരുവനന്തോരാ മോഹന്‍ലാലിന്റെ പടം ഇക്കണക്കിനു എട്ട്‌ മണിക്കേ തുടങ്ങീട്ടുണ്ടാവും. എന്നാലും ഇതുവരെ വന്നതല്ലേ ഒന്നു പോയിനോക്കാം അടുത്തു തന്നെയാണല്ലോ.

പോകുന്നവഴി ഒരു കൂട്ടുകാരന്റെ കൂട്ടുകാരന്‍ വരുന്നു.കൂട്ടുകാരന്‍ കൂട്ടുകാരനുമായി സംസാരിച്ചുതുടങ്ങി.സായിപ്പിന്റെ മോന്‍ ഏത്‌ കമ്പനീലാണോ ജോലിചെയ്യുന്നത്‌.കൂടെപ്പഠിച്ചവനോട്‌ കേരളാത്തില്‍ വച്ച്‌ നടുറോട്ടില്‍ ഇംഗ്ലീഷില്‍ കത്തി വയ്ക്കുന്നോ, അവരായി അവരുടെ പാടായി. തീയേറ്ററിന്റെ വഴീന്നാണല്ലോ അവന്‍ വരുന്നത്‌ ചിന്നസായിപ്പ്‌ ഇനി ലാല്‍ പടം കാണാന്‍ പോയതാണോ? ഡാ അവന്‍ പടം കണ്ടിട്ടാ വരുന്നതെങ്കില്‍ അഭിപ്രായം ചോദീര്‌.

ചോദിച്ചു, ഇംഗ്ലീഷില്‍. മറുപടി ചാത്തനും കേട്ടു. അട്രോഷ്യസ്‌(atrocious). അടുത്ത്‌ നിന്ന മൂന്നാമത്തെ കൂട്ടുകാരനെ രഹസ്യായി തോണ്ടി അങ്ങനെ പറഞ്ഞാലെന്താടാ?. ആ അവനും കൈമലര്‍ത്തി, നമ്മള്‍ക്ക്‌ സായിപ്പിന്റെ മോനോടു തന്നെ ചോദിക്കാം മറ്റവന്‍ പോയിട്ട്‌.

മറ്റേ സായിപ്പിന്റെ മോന്‍ പോയി, എടാ എന്താ ഈ അട്രോഷ്യസ്‌ ന്ന് വച്ചാ? പടം കൊള്ളൂലാന്നാ?

ഏയ്‌ അടിപൊളിയാന്നാ തോന്നണത്‌.

ടിക്കറ്റിനു വല്യ ക്യൂ ഒന്നുമില്ല. ഒരു സംശയം പടം അലമ്പായിരിക്കുമോ റിവ്യൂ ഒന്നും കേട്ടിട്ടില്ല. വേണോ, ലാല്‍ പടമല്ലേ, മീശപിരി ആവുമോ?

അല്ല കോമഡിയാണെന്നാ അവന്‍ പറഞ്ഞത്‌.

ടിക്കറ്റെടുത്ത്‌ വാതില്‍ക്കലേക്ക്‌ നീങ്ങിയപ്പോള്‍ ഒരാള്‍ ടിക്കറ്റ്‌ വേണോ എന്റെ കൂട്ടുകാരിക്ക്‌ വരാന്‍ പറ്റിയില്ല, ബ്ലാക്കൊന്നുമല്ല കറക്റ്റ്‌ വില തന്നാല്‍ മതി.

അയ്യോ ചേട്ടാ ഞങ്ങള്‍ ടിക്കറ്റെടുത്തു.

പിന്നേം സംശയം, കൂട്ടുകാരി വരാഞ്ഞിട്ടോ അതോ പടം പൊളിയാന്നറിഞ്ഞിട്ട്‌ ടിക്കറ്റ്‌ മറിച്ചു വിറ്റ്‌ മുങ്ങുന്നതോ?

കുറേ സീറ്റൊക്കെ ഫുള്ളായി. വരുന്നവരു വരുന്നവരു ടിക്കറ്റെടുത്ത്‌ അകത്തുകേറുന്നതുകൊണ്ടാ പുറത്ത്‌ തിരക്കില്ലാത്തത്‌.. ഹോ സമാധാനമായി. ഈ പടവും നേരത്തേ തുടങ്ങാനായിരിക്കും ഉദ്ദേശം.

ഹൗസ്‌ ഫുള്‍!!! ഹാവൂ ശ്വാസം നേരെ വീണു.

പടം തുടങ്ങി.

ഇതെന്താ പഴേ പടമാണോ ആകെ ഒരു വശപ്പിശക്‌.ഇത്‌ റിലീസ്‌ ചെയ്യാന്‍ വൈകിയതാ എന്തൊക്കെയോ പ്രശ്നായിക്കിടക്കുകയായിരുന്നു.

ഒന്ന് രണ്ട്‌ സീനുകള്‍ കഴിഞ്ഞു. ലാല്‍ വന്നു കൂട്ടക്കയ്യടീം ബഹളോം. ഭാഗ്യം മീശപിരി ഇല്ലാ പക്ഷേ ആകെ ഒരു അഴകൊഴമ്പന്‍ ലുക്ക്‌!!!

കുറച്ച്‌ സീനുകളും കൂടിക്കഴിഞ്ഞു. ഒരുത്തനെക്കൊണ്ട്‌ ഇരിക്കുന്ന മരക്കൊമ്പ്‌ വെട്ടിക്കുന്നു!!! ഇവനേത്‌ കോത്താഴത്തുകാരന്‍ ഇങ്ങനെയാണോ കോമഡി ഉണ്ടാക്കുന്നത്‌.. തീയേറ്ററിന്റെ പല ഭാഗങ്ങളും കുറ്റിക്കാടുകളായി രൂപാന്തരം പ്രാപിച്ചു.. കുറുക്കന്മാര്‍ പശ്ചാത്തല സംഗീതമിട്ടു..

പല്ലിന്റെ ഇടയില്‍ രണ്ട്‌ കഷ്ണം കല്ലിട്ടിരുന്നെങ്കില്‍ ഇഡ്ഡലിപ്പാകത്തിനു പൊടിഞ്ഞു കിട്ടിയേനേ. അത്‌ അടുത്തിരിക്കുന്ന കൂട്ടുകാരനോട്‌ പറഞ്ഞപ്പോ അവന്‍ ഡ്രാക്കുളയായി.. അവനു ഇത്‌ അടിപൊളിയാന്ന് പറഞ്ഞവന്റെ ചങ്കുവേണത്രേ പല്ലിന്റെ ഇടയില്‍.

കുറുക്കന്മാരു പിന്നെ റെസ്റ്റെടുത്തില്ലാ.. ഇന്റര്‍വെല്ലിനു പുറത്തിറങ്ങി രക്ഷപ്പെടാം എന്നു വച്ചു.

അത്ഭുതം അത്ഭുതം സംവിധായകനും തീയേറ്റര്‍കാരും പ്രേക്ഷകര്‍ മനസ്സില്‍ കണ്ടതു ബഹിരാകാശത്തു കണ്ടു... ഇന്റര്‍വെല്‍ ഇട്ടില്ലാ...

സിനിമ തീര്‍ന്നു.മറ്റേ സായിപ്പിന്റെ മോനെവിടാടാ താമസിക്കുന്നത്‌ അവനെ ഇന്നിപ്പോ വീട്ടിക്കേറി തല്ലണം എന്ന് ഞങ്ങള്‍ രണ്ട്‌ പേര്‍. ജൂനിയര്‍ സായിപ്പിന്റെ മുഖം വിളറി വെളുത്തു.

അത്‌ അത്‌ അട്രോഷ്യസ്‌ എന്നു വച്ചാലെന്താന്ന് എനിക്കും അറീലാരുന്നു...

വാടകയ്ക്ക്‌ താമസിക്കുന്നിടത്ത്‌ ഡിക്‍ഷ്ണറിയൊന്നുമില്ലാ. പിറ്റേന്ന് നേരം വെളുത്ത്‌ പതിവിലും നേരത്തെ രണ്ട്‌ പേര്‍ ഓഫീസില്‍ ഹാജര്‍ വച്ച്‌, ബ്രൗസിംഗ്‌ മെഷിനിനു നേരെ കുതിച്ചു.

ഗൂഗിള്‍ മാലാഖ അട്രോഷ്യസിന്റെ അര്‍ത്ഥം ഒരു വാചകത്തിലൂടെ ഞങ്ങള്‍ക്ക്‌ പറഞ്ഞു തന്നു.

മര്‍ഡര്‍ ഈസ്‌ ആന്‍ അട്രോഷ്യസ്‌ ക്രൈം!!!!!!!!!

ആ പടത്തിനെപ്പറ്റി അഭിപ്രായം പറയാന്‍ ഏറ്റവും ചേര്‍ന്ന വാക്ക്‌.!!!

ചാത്തനതിനെ കൂട്ടിപ്പെരുക്കി മലയാളീകരിച്ചു---- 'അതിഭീകര വധം'


വാല്‍ക്കഷ്ണം:

പടത്തിന്റെ പേര്‌ കറക്റ്റാ ഊഹിക്കുന്നവനെ/ളെ ഈ വര്‍ഷത്തെ ഓസ്കാര്‍ അവാര്‍ഡിനു പരിഗണിക്കും..

12 comments:

കുട്ടിച്ചാത്തന്‍ said...

എല്ലാവരും ജൂണ് മാസം ന്നു പറഞ്ഞ് കരഞ്ഞോണ്ടിരിക്കുവാ.. വിഷയം മാറ്റാന്‍ ഒരു ഇടക്കാലാശ്വാസം പ്രഖ്യാപിക്കുന്നു...

പെട്ടന്ന് തട്ടിക്കൂട്ടിയതാണേ വിഷയം മാറ്റാന്‍ മാത്രം.

ഉണ്ണിക്കുട്ടന്‍ said...

'അത്രോഷ്യസ്' എന്നു കേട്ടപ്പോ 'അത്യുഗ്രന്‍ ' ആണെന്നു കരുതിയല്ലേ..
ആ സിനിമേടെ പേര്‍ എത്ര അലോചിച്ചിട്ടും പിടി കിട്ടുന്നില്ല. വടക്കുംനാഥന്‍ ആണോ..പക്ഷെ അതത്ര മോശം സിനിമ ഒന്നുമല്ലല്ലോ..? പിന്നെ എനിക്കാലോചിക്കാന്‍ വേറെ എന്തൊക്കെ കിടക്കുന്നു. ഒന്നു പോടാ ചാത്താ..

Siju | സിജു said...

ആരെടാ മോഹന്‍ലാലിന്റെ വാമനപുരം ബസ് റൂട്ട്
മോശമാണെന്നു പറഞ്ഞത്
അതു ശരിക്കും അട്ടാര്‍ട്ടൂഷ്യസാ..

ഉണ്ണിക്കുട്ടന്‍ said...

ഈശ്വരാ ആ പടമായിരുന്നോ എന്നിട്ടു നിങ്ങളാ സായിപ്പിനെ കൊല്ലാതെ വിട്ടോ..
ഛേ..മോശമായിപ്പോയി.

പുള്ളി said...

ചാത്താ... അട്രോഷ്യസ് പോസ്റ്റ്!
എന്റെ നാട്ടിന്‍പുറത്ത് ആകെ വന്നിരുന്നത് ഒറ്റ കോപ്പി ഹിന്ദു പത്രം. അതു മാത്രം വായിക്കുന്ന ഒരു റിട്ടയേഡ് പുലി. ക്രിക്കറ്റ് കളിയ്ക്കുമ്പോള്‍ എന്നും ‍അങ്ങേരുടെ വിട്ടില്‍ പന്തുപോകും. പറഞ്ഞ് പറഞ്ഞ് മടുത്ത അദ്ദേഹം ഒരിക്കല്‍ ഉറക്കെ ആത്മഗതം ചെയ്യുനത് കേട്ടു. "ഹോ, ഈ പിള്ളെര് ഇന്‌കൊറിജിബിള്‍!" ഇംഗ്ലീഷില്‍ എന്തോ വലിയ തെറിവിളിച്ചതാണെന്നു കരുതി കുറേ വലുതകുന്നതു വരെ ഞങ്ങളും ദേഷ്യം വരുമ്പോള്‍‍ അതുപയോഗിക്കാറുണ്ടായിരുന്നു. ചാത്താ യൂ ആറ് ഇന്‍‌കൊറിജിബിള്‍!

സാജന്‍| SAJAN said...

എന്തായാലും പുള്ളി ചാത്തനെ ഇന്‍കൊറിജിബിള്‍ എന്നൊക്കെ വിളിച്ചത് അട്രോഷിയസ് ആയി പോയി...:):)
അല്ലേലും ചാത്താ അതങ്ങനെയാ പടം കാണണം, എന്ന് തീരുമാനിച്ചു പോയാല്‍ നമ്മള്‍ ഉദ്ദേശിക്കുന്നത് കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എപ്പോഴും ചെന്നു വീഴുന്നത് ഇത്തരം വധങ്ങളില്‍ ആയിരിക്കും അര്‍ത്ഥം എന്തെന്നറിഞ്ഞാലും മിക്കവാറും ഒന്നു കണ്ടു കളയാം എന്ന് കരുതി പോവും...:):)

കുട്ടിച്ചാത്തന്‍ said...

ഉണ്ണിക്കുട്ടാ: സിനിമാക്കാര്യത്തില്‍ വളരെ വീക്കാട്ടോ...
സിജുച്ചേട്ടോ : ഇതിനു സിജുച്ചേട്ടന്‍ കമന്റിടാന്‍ പാടില്ലാന്ന് ഇടണമെന്നുണ്ടാരുന്നു.
പുള്ളിച്ചേട്ടോ:ചാത്തനെ അങ്ങനെ വിളിക്കാന്‍ കാരണമെന്താ?
സാജന്‍‌ചേട്ടോ:ചാത്തനു സിനിമാക്കാര്യത്തില്‍ അധികം അബദ്ധമൊന്നും പറ്റീട്ടില്ലാ.ഇതെന്റെ അനുഭവമല്ലാ.
കട് : കുട്ടിച്ചാത്തന്റെ കുഞ്ഞനിയനു, അവന്‍ വേറേതോ പടം കാണാന്‍ പോയപ്പോ പറ്റീതാ. ചാത്തനിത് അടിച്ചു മാറ്റി സ്വന്തമാക്കി എന്ന് മാത്രം.

Rasheed Chalil said...

ചാത്താ...

ആ ഇരിക്കും കൊമ്പ് മുറിപ്പിക്കുന്ന വളിപ്പ് ഏഷ്യാനെറ്റിലെ ‘ചിരിക്കും തളിക’ യില്‍ കണ്ട് കരഞ്ഞിട്ടുണ്ട്...

Kaithamullu said...

ചാത്തങ്കുട്ടീI,
-ഇടക്കാലാശ്വാസത്തിന് നന്ദി!
പിന്മൊഴീന്നൊന്നെറങ്ങാ‍ന്‍ ഒരു വഴിയൊരുക്കിയല്ലോ. അവിടെ ഭയങ്കര ചവിട്ട് നാടകമാ:
“പിന്മൊഴി എന്തുകൊണ്ട് ഉപേക്ഷിക്കേണ്ടതാകുന്നു?"
പിന്നെ റീലുകള്‍മാറിമറഞ്ഞ ഒരു നീലപ്പടം:
“മലയാളം ബ്ലോഗിങ്ങും നാഡീരോഗികളും!":

ശ്രീ said...

“പല്ലിന്റെ ഇടയില്‍ രണ്ട്‌ കഷ്ണം കല്ലിട്ടിരുന്നെങ്കില്‍ ഇഡ്ഡലിപ്പാകത്തിനു പൊടിഞ്ഞു കിട്ടിയേനേ. അത്‌ അടുത്തിരിക്കുന്ന കൂട്ടുകാരനോട്‌ പറഞ്ഞപ്പോ അവന്‍ ഡ്രാക്കുളയായി.. അവനു ഇത്‌ അടിപൊളിയാന്ന് പറഞ്ഞവന്റെ ചങ്കുവേണത്രേ പല്ലിന്റെ ഇടയില്‍.“
ഇതു തന്നെ അതെപ്പറ്റി പറയാവുന്ന ഏറ്റവും നല്ല കമന്റ്...

അതു വളാര ശരി തന്നെ ചാത്താ....
ആ പടം സത്യത്തില്‍‌ അതിക്രൂരമായിപ്പോയി...

SUNISH THOMAS said...

ഓസ്കാര്‍ അവാര്‍ഡ് എനിക്കു തരുമോ?

ഏറു മാത്രം തരരുത്... (പൊയ്ക്കോളാം)

Kunjunnooly said...

boologathile oru puthumukham anee njan ... chathanvilasangal ravile mutal vayikkan tudangiyitte ivide vare ayate ullu .....
Eriyaruthe.... pakshe,arkkum koduthilla enkil ......aa Oscar enikku tarumo ???