Sunday, April 29, 2007

രാവണനും ഗോകര്‍ണ്ണവും-കുട്ടി(ച്ചാത്തന്‍) കഥകള്‍

അപ്പുവേ ഉറങ്ങാറായില്ലേ? മണി പത്താവാറായി. ടിവി ഓഫ്‌ ചെയ്യൂ.

ഉറക്കം വരുന്നില്ലമ്മേ ഒരു കഥ പറഞ്ഞു തരാമോ?

പിന്നേ എനിക്കിവിടെ നൂറുകൂട്ടം പണിയാ നീ അച്ഛനോടു പറ.

പിന്നെ പിന്നെ അമ്മയ്ക്ക്‌ അറിയാഞ്ഞിട്ടല്ലേ അമ്മൂമ്മയോ അപ്പൂപ്പനോ ഉണ്ടായിരുന്നെങ്കില്‍?

അച്ഛാ എനിക്കൊരു കഥ പറഞ്ഞു തരാമോ? അച്ഛനെന്താ കമ്പ്യൂട്ടറില്‍ ചെയ്യുന്നത്‌?

അച്ഛന്‍ ബ്ലോഗു വായിക്കുകയാ മോനെ ഇതാണു കുറുമാന്‍ ചേട്ടന്റെ യൂറോപ്പ്‌ സ്വപ്നങ്ങള്‍ മോനു ഈ കഥ പറഞ്ഞു തന്നാല്‍ മതിയോ?
...............

ഈ കഥ വേണ്ടാ നിക്ക്‌ അപ്പൂപ്പന്‍ പറയുമ്പോലത്തെ കഥ വേണം.

ആ കഥയൊന്നും എനിക്കറീല നീ പോയിക്കിടന്നോ അല്ലേല്‍ ഇവിടെങ്ങാന്‍ മിണ്ടാതിരുന്നോ.

അച്ഛാ ഇതേതാ ഈ കുഞ്ഞു വാവേടെ പടം.

ഇതാണു കുട്ടിച്ചാത്തന്‍

അതാരാ കുട്ടിച്ചാത്തന്‍?

അതോ നീ പോയി കിടന്നിട്ട്‌ കണ്ണടച്ചിട്ട്‌ ഓം ഹ്രീം കുട്ടിച്ചാത്താ വായോന്ന് മനസ്സില്‍ പറഞ്ഞോണ്ട്‌ കിടന്നാല്‍ മതി. അപ്പോള്‍ കുട്ടിച്ചാത്തന്‍ വന്ന് നിനക്ക്‌ കഥ പറഞ്ഞു തരും. മോന്‍ പോയിക്കിടന്നേ.

(പിള്ളേരെ ഇങ്ങനെ പറ്റിക്കരുത്‌ അപ്പൂന്റച്ഛാ)

അപ്പുവേ അപ്പു ന്നെ വിളിച്ചോ?

അ ആ ആരാ?

അപ്പു വിളിച്ചിട്ടല്ലേ കുട്ടിച്ചാത്തന്‍ വന്നത്‌?

ഞാ വെറുതേ വിളിച്ചതാ.

അതു കള്ളം അപ്പു കഥ കേള്‍ക്കാനല്ലേ വിളിച്ചത്‌.

കുട്ടിച്ചാത്തന്‍ കഥ പറയ്‌വോ?

പിന്നേ അപ്പൂന്‌ എങ്ങനത്തെ കഥ വേണം?

അപ്പൂന്‌ അപ്പൂപ്പന്‍ പറയുമ്പോലത്തെ കഥ വേണം.

അപ്പൂപ്പന്‍ എന്തൊക്കെ കഥയാ പറയാറ്‌?

ശ്രീകൃഷ്ണന്റെ ശ്രീരാമന്റെ ശിവന്റെ ഗണപതീടെ.

അപ്പൂനു ശ്രീരാമന്റെ കഥ അറിയോ.

ഉവ്വ്‌ ശ്രീരാമന്റേം സീതേടെം രാവണന്റേം കഥ അതു അപ്പൂനറിയാം.

അപ്പൂനു പരശുരാമന്‍ ആരാന്നറിയോ?

മ്‌ പരശുരാമന്‍ മഴുവെറിഞ്ഞിട്ടാ കേരളം ഉണ്ടായതെന്ന് അപ്പൂപ്പന്‍ പറഞ്ഞിട്ടുണ്ട്‌.

പരശുരാമന്‍ എവിടെനിന്നാ മഴുവെറിഞ്ഞത്‌ എന്നറിയാവോ?

ഇല്ലാ

പരശുരാമന്‍ മഴുവെറിഞ്ഞത്‌ ഗോകര്‍ണ്ണം എന്ന സ്ഥലത്തു നിന്നിട്ടാ. ആ സ്ഥലത്തിനു ആ പേരു വരാന്‍ കുറെ കഥകളുണ്ട്‌ അതിലൊന്നു പറഞ്ഞു തരാം കേട്ടിട്ടുണ്ടോ?

ഇല്ലാ അതു മതി.

അപ്പൂനു രാവണനെ അറിയാലോ? രാവണന്‍ ഭയങ്കര ദുഷ്ടനായിരുന്നെങ്കിലും രാവണന്റെ അമ്മ വല്യ ഭക്തയായിരുന്നു. രാവണന്റെ അമ്മേടെ പേരാണു കൈകസി. എന്ത്‌?

കൈകസി.

കൈകസി സാക്ഷാല്‍ ശ്രീ പരമേശ്വരന്റെ ഭക്തയായിരുന്നു. ആരാ ശ്രീ പരമേശ്വരന്‍ ന്നു അപ്പൂനറിയാമോ?

ശിവന്‍ അല്ലേ?

അതേ സാക്ഷാല്‍ പരമശിവന്‍ തന്നെ.

കൈകസി ഒരു ശിവലിംഗത്തിനു മുന്‍പിലാ പൂജ ചെയ്തിരുന്നത്‌, രാക്ഷസനാണേലും രാവണനും ശിവഭക്തനായിരുന്നതിനാല്‍ പൂജചെയ്യുന്നതിന്‌ ഒരെതിര്‍പ്പും പ്രകടിപ്പിച്ചില്ല. മൂന്ന് ലോകങ്ങളിലും കൈകസിയുടെ ശിവ ഭക്തിയുടെ വാര്‍ത്ത പരന്നു.

അപ്പൂനു ദേവന്മാരുടെ രാജാവാരാന്നറിയോ?

അതു ദേവേന്ദ്രനല്ലേ?

അതെ ഇന്ദ്രന്‍ തന്നെ. ദേവന്മാരും അസുരന്മാരും ശത്രുക്കളാന്നറിയാലോ?

ഉവ്വ്‌.അവരു തമ്മിലു എപ്പളും അടിയല്ലേ?

ഉവ്വ്‌ . അങ്ങനെയിരിക്കെ ഒരു അസുരസ്ത്രീ ഇങ്ങനെ ശിവപൂജ ചെയ്ത്‌ പുണ്യം സമ്പാദിക്കുന്നത്‌ ഇന്ദ്രനു സഹിക്ക്വോ? ഇന്ദ്രന്‍ ഒരു ദിവസം ആരും കാണാതെ ആ ശിവലിംഗം കട്ടെടുത്തു.

അയ്യോ എന്നിട്ട്‌?

എന്തു ചെയ്യാന്‍ കൈകസി ഓടി രാവണന്റെ അടുത്ത്‌ വന്ന് പരാതി പറഞ്ഞു.സ്വന്തം അമ്മ വന്ന്‌ കരഞ്ഞോണ്ട്‌ പറയുന്നത്‌ കേട്ടാല്‍ രാക്ഷസനാണേലും ഏത്‌ മകനെങ്കിലും സഹിക്ക്വോ? രാവണന്‍ കോപം കൊണ്ട്‌ വിറച്ചു.

എന്നിട്ട്‌? യുദ്ധത്തിനു പോയോ?

ഏയ്‌ ഇന്ദ്രന്‍ പണ്ടേ, രാവണന്‍ വരുന്നു എന്ന് കേട്ടാലേ മുങ്ങിക്കളയുന്ന ആളാ. മുങ്ങി നടക്കുന്ന ആളെ കണ്ടു കിട്ടിയിട്ടല്ലേ പിന്നല്ലേ യുദ്ധം.

രാവണന്‍ പറഞ്ഞു ഞാന്‍ സാക്ഷാല്‍ പരമശിവനെ തപസ്സ്‌ ചെയ്ത്‌ പ്രീതിപ്പെടുത്തി അദ്ദേഹത്തിന്റെ കയ്യില്‍ നിന്നു തന്നെ അമ്മയ്ക്ക്‌ പൂജിക്കാന്‍ ഒരു ശിവലിംഗം വാങ്ങിക്കൊണ്ടു വരാം എന്ന്.

പിന്നെ കൈലാസത്തിനടുത്ത്‌ വലിയൊരു തീക്കുണ്ഡമുണ്ടാക്കി അതിന്റെ മോളില്‍ കുറുകെ ഒരു വടി കെട്ടിയിട്ട്‌ അതില്‍ തല കീഴായിക്കിടന്നു തപസ്സു തുടങ്ങി. പതിനായിരം സംവത്സരം രാവണന്‍ തപസ്സ്‌ ചെയ്തു.

ഈ സംവത്സരം ന്നു വച്ചാലെന്താ ചാത്താ?

(ന്റെ പടച്ചോനെ പുലിവാലായല്ലോ അബദ്ധത്തില്‍ നാക്കില്‍ നിന്നും വീണും പോയി.)

അത്‌ അത്‌ ഒരു സംവത്സരം ന്ന് വച്ചാല്‍ ഒരു വര്‍ഷം.

രാവണനു പത്തു തലയില്ലേ ഒരോ ആയിരം വര്‍ഷം കഴിയുമ്പോഴും രാവണന്‍ ഓരോ തലയറുത്ത്‌ താഴെ തീക്കുണ്ഡത്തിലിടും. അങ്ങനെ പതിനായിരം വര്‍ഷം കഴിഞ്ഞ ദിവസം രാവണന്‍ അവസാനത്തെ തല ഹോമിക്കാന്‍ തുടങ്ങും മുന്‍പ്‌ ശിവന്‍ പ്രത്യക്ഷപ്പെട്ട്‌ രാവണനു നഷ്ടപ്പെട്ട ഒന്‍പത്‌ തലകളും തിരിച്ചു നല്‍കി. എന്നിട്ട്‌ രാവണനോട്‌ എന്താ വരം വേണ്ടതെന്നു ചോദിച്ചു.

രാവണന്‍ മൂന്ന് വരങ്ങള്‍ ചോദിച്ചു

ഒന്നാമത്തേത്‌ അമ്മയ്ക്ക്‌ പൂജിക്കാന്‍ വേണ്ടി ഒരു ശിവലിംഗം.
രണ്ടാമത്‌ അമരത്വം മൂന്നാമത്‌ ശ്രീപാര്‍വ്വതിയെപ്പോലെ സുന്ദരിയായ ഒരു സ്ത്രീ.

അമരത്വം ന്നു വച്ചാലെന്താ?

അമരത്വം വരമായിക്കിട്ടിയാല്‍ മരണമുണ്ടാവില്ല.

ശിവന്‍ ഇപ്രകാരം അരുളിച്ചെയ്തു. ശിവലിംഗം തരാം പക്ഷേ അമ്മയുടെ അടുത്തെത്തും വരെ അത്‌ നിലത്ത്‌ വയ്ക്കരുത്‌. അമരത്വം, ആര്‍ക്കും കൊടുക്കാത്ത ആ വരം, നിനക്കു നാം തരാം പക്ഷേ എന്നെങ്കിലും നീ നമ്മെ ഉപദ്രവിക്കാന്‍ മുതിര്‍ന്നാല്‍ അമരത്വം നഷ്ടമാവും. മൂന്നാമത്തെ വരം മൂന്ന് ലോകങ്ങളിലും ശ്രീപാര്‍വ്വതിയോളം സുന്ദരിയായ ഒരേ ഒരു സ്ത്രീ പാര്‍വ്വതി മാത്രമാണ്‌ അതിനു പകരം മറ്റൊരു വരം ചോദിക്കൂ.

എന്നാല്‍ രാവണന്‍ വരം മാറ്റിച്ചോദിക്കാന്‍ തയ്യാറായില്ലാ. വരം ചോദിച്ചാല്‍ കൊടുക്കേണ്ടേ, അങ്ങനെ ഗത്യന്തരമില്ലാതെ ശിവനു പാര്‍വ്വതിയെക്കൂടി രാവണനു കൊടുക്കേണ്ടിവന്നു.

രാവണന്‍ മടക്കയാത്ര ആരംഭിച്ചു. അപ്പോഴേക്കും രാവണനു വരങ്ങള്‍ കിട്ടിയ കാര്യം എല്ലാവരും അറിഞ്ഞു. രാവണന്റെ അമരത്വം എങ്ങിനേയും നഷ്ടപ്പെടുത്താന്‍ ഇന്ദ്രന്‍ നാരദനെ രാവണന്റെ അടുത്തേക്കയച്ചു.

നാരദന്‍ രാവണനെ വഴിയില്‍ വച്ച്‌ കണ്ടു മുട്ടി.എന്നിട്ട്‌ രാവണനോട്‌ പറഞ്ഞു. അമരത്വം വരമായി നല്‍കാനുള്ള അധികാരമൊന്നും പരമശിവനില്ല.രാവണാ നീ വഞ്ചിക്കപ്പെട്ടു.

നാരദനല്ലേ ഈ പറയുന്നതു രാവണനു അല്‍പാല്‍പമായി വിശ്വാസവും അതോടോപ്പം കോപവും വന്നു തുടങ്ങി. ദേഷ്യം കാരണം രാവണന്‍ തന്റെ ഇരുപതു കൈകളും കൊണ്ട്‌ കൈലാസത്തിന്റെ ഒരു ഭാഗം ഇളക്കിയെടുത്തെറിഞ്ഞു. കൈലാസം ശിവന്റെ വാസസ്ഥലമല്ലേ അതു നശിപ്പിക്കുന്നതു ശിവനെ ഉപദ്രവിക്കുന്നതിനു തുല്യമല്ലേ. അതോടു കൂടി രാവണന്റെ അമരത്വം നഷ്ടപ്പെട്ടു. ഇത്‌ ബോധ്യമായ നാരദന്‍ സ്ഥലം വിട്ടു. അപ്പോഴാണ്‌ രാവണനു പറ്റിയ മണ്ടത്തരം മനസ്സിലായത്‌. ഇളിഭ്യനായ രാവണന്‍ പാര്‍വ്വതിയെ എടുത്ത്‌ തോളില്‍ വച്ച്‌ നടന്നു തുടങ്ങി.

അസുരന്റെ തോളില്‍ ഇരിക്കേണ്ടിവന്ന പാര്‍വ്വതി സ്ഥിതികര്‍ത്താവായ വിഷ്ണുവിനെ വിളിച്ചു വിലപിച്ചു. വൈകുണ്ഡത്തിലിരുന്ന് മഹാവിഷ്ണു ആ രോദനം കേട്ടു.

രാവണനു മുന്‍പില്‍ ഒരു വൃദ്ധബ്രാഹ്മണന്‍ പ്രത്യക്ഷപ്പെട്ടു.

ഇതാര്‌ ത്രിലോക വിജയി രാവണനോ? ഇതെന്താ ഒരു കിഴവിയേയും തോളിലേറ്റിപ്പോവുന്നത്‌?

കിഴവിയോ പടുവിഡ്ഢീ കണ്ണുതുറന്ന് നോക്ക്‌ ഇത്‌ ത്രിപുരസുന്ദരി ശ്രീപാര്‍വ്വതിയാണ്‌ ശ്രീപരമേശ്വരന്‍ തന്നെയാണ്‌ പാര്‍വ്വതിയെ വരമായി നല്‍കിയത്‌.

ഈ കണ്ണുവച്ച്‌ രാക്ഷസരാജാവ്‌ രാവണനെ എനിക്കു തിരിച്ചറിയാന്‍ പറ്റുമെങ്കില്‍ പാര്‍വ്വതിയെയും ഒരു കിഴവിയെയും തിരിച്ചറിയാനാണോ പ്രയാസം ശ്രീപരമേശ്വരന്‍ താങ്കളെ കബളിപ്പിച്ചതാ അങ്ങ്‌ തോളില്‍ കൊണ്ട്‌ നടക്കുന്നത്‌ ഒരു പടുകിഴവിയേയാ.

രാവണനു സംശയമായി. പത്ത തലകളും ഒരുമിച്ചുയര്‍ത്തിനോക്കി.
അതാ പാര്‍വ്വതിയുടെ സ്ഥാനത്ത്‌ ഒരു പടുകിഴവിയിരിക്കുന്നു!!!!.

അതെങ്ങനാ ചാത്താ പരമശിവന്‍ രാവണനെ പറ്റിച്ചതാണോ?\

ഏയ്‌ വൃദ്ധബ്രാഹ്മണന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അതു മഹാവിഷ്ണു തന്നെ രക്ഷിക്കാന്‍ വേഷം മാറിവന്നതാണെന്ന് പാര്‍വ്വതിക്കു മനസ്സിലായി. രാവണന്‍ മുകളിലേക്ക്‌ നോക്കുന്ന സമയത്ത്‌ പാര്‍വ്വതി തന്റെ മായാവിദ്യ ഉപയോഗിച്ച്‌ ഒരു വൃദ്ധയുടെ രൂപം എടുത്തു.

അതുകൊള്ളാലോ എന്നിട്ട്‌ രാവണന്‍ എന്തു ചെയ്തു?

രാവണന്‍ കിഴവിത്തള്ളയെ അവിടിറക്കിയിട്ടു പിന്നേം യാത്രതുടര്‍ന്നു.കഷ്ടപ്പെട്ട്‌ തപസ്സ്‌ ചെയ്ത്‌ സമ്പാദിച്ച രണ്ട്‌ വരങ്ങള്‍ ദേവന്മാര്‍ ചതിയില്‍ ഇല്ലാതാക്കി ഇനി ശിവലിംഗം മാത്രം ബാക്കി, അതിനുവേണ്ടിയാണ്‌ തപസ്സ്‌ തുടങ്ങിയതു തന്നെ അതും കൂടി ഇല്ലാതായാല്‍!!! അതോര്‍ത്ത്‌ രാവണനു പരിഭ്രമം കൂടി. അങ്ങനെ പരിഭ്രമം കൂടിയാല്‍ സാധാരണ എന്താണ്ടാവ്‌വാ?

എന്താണ്ടാവ്‌വാ?

രാവണന്റെ വയറിനകത്തൊരു കമ്പനോം ഉരുണ്ടുകയറ്റോം. രണ്ടിനു പോകാതെ നിവൃത്തിയില്ലാന്നായി.

ഹിഹിഹി എന്നിട്ട്‌?

ശിവലിംഗം കയ്യിലിരിക്കയല്ലേ അതും എടുത്തോണ്ട്‌ കാര്യം സാധിക്കാന്‍ പറ്റ്വോ പാപല്ലേ? ശിവലിംഗം അമ്മയുടെ അടുത്തെത്തും വരെ നിലത്ത്‌ വയ്ക്കുകയും ചെയ്യരുത്‌. രാവണന്‍ ആകെ ധര്‍മ്മസങ്കടത്തിലായി.

അയ്യോടാ പാവം രാവണന്‍..

രാവണന്‍ ചുറ്റും നോക്കി.അതാ ഒരു കൊച്ചു പയ്യന്‍ കന്നാലികളെയും തെളിച്ചോണ്ട്‌ വരുന്നു.

അപ്പൂനെപ്പോലിരിക്ക്വോ?

അപ്പൂനെക്കാളും ഇത്തിരികൂടി വല്യ പയ്യന്‍.

എന്നിട്ട്‌?

രാവണന്‍ ആ പയ്യന്റെ കൈയ്യില്‍ ശിവലിംഗം കൊടുത്തിട്ട്‌ പറഞ്ഞു ഞാനിപ്പോ വരാം മോന്‍ ഇതും പിടിച്ചോണ്ടിവിടെ നില്‍ക്കണം, എന്തു വന്നാലും താഴെ വയ്ക്കരുത്‌ എന്ന്.

പയ്യന്‍ പറഞ്ഞു അര നാഴിക നേരം കൊണ്ട്‌ വന്നില്ലെങ്കില്‍ ഞാനിത്‌ ഇവിടെ വച്ചിട്ട്‌ പോകും.

രാവണനു വേറെ ഒരു വഴിയുമില്ലാതിരുന്നതിനാല്‍ അതും സമ്മതിച്ച്‌ അവിടുന്ന് ഓടിപ്പോയി.

അരനാഴിക നേരം കഴിഞ്ഞു. രാവണനെ കാണാനില്ല. പയ്യന്‍ ശിവലിംഗം താഴെ വച്ച്‌ സ്വന്തം രൂപമെടുത്ത്‌ കൈകൂപ്പി ഇങ്ങനെ പറഞ്ഞു. അച്ഛാ ശിവലിംഗം താഴെ വച്ചതില്‍ ക്ഷമിക്കണം ആ രാക്ഷസനു ഇതു പൂജിക്കുവാനുള്ള അര്‍ഹതയില്ലായിരുന്നു.

അച്ഛാന്നോ അപ്പോള്‍ ആ കന്നാലിച്ചെക്കന്‍ ആരായിരുന്നു?

ആരാവും?

ഇങ്ങനെ ഒരു കുസൃതി കാണിക്കണമെങ്കില്‍ അതു അപ്പൂന്റെ സ്വന്തം ഗണപതി ഭഗവാനല്ലാതെ മറ്റാരുമാവില്ല.

അപ്പൂനു നൂറില്‍ നൂറ്‌ മാര്‍ക്ക്‌.

എന്നിട്ട രാവണനെന്തു ചെയ്തു.

രാവണന്‍ തിരിച്ചു വന്നപ്പോള്‍ പയ്യനെ കാണാനില്ല. താഴെയിരുന്ന ശിവലിംഗം പെട്ടന്ന് ഒരു പശുവായി മാറി ഭൂമിയിലേക്ക്‌ ആഴ്‌ന്നിറങ്ങി. രാവണന്‍ ഇത്തിരി ദൂരെയായിരുന്നു.അവിടുന്നും ഓടി വന്ന് ജോണ്ടി റോഡ്‌സ്‌ ചാടണ മാതിരി ഒരു ചാട്ടം.

പശു ഭൂമിയിലേക്ക്‌ താഴ്‌ന്നോണ്ടിരിക്കുകയല്ലേ.പിടിത്തം കിട്ടിയത്‌ പശൂന്റെ ചെവിയില്‍ മാത്രം അത്‌ മാത്രം ഭൂമിയിലേക്ക്‌ താഴ്‌ന്ന് പോവാതെ അവിടെ ഉറച്ചു നിന്നു.

എന്നിട്ട്‌?

എന്നിട്ടോ പതിനായിരം വര്‍ഷം തപസ്സ്‌ ചെയ്ത്‌ കിട്ടിയ മൂന്ന് വരങ്ങളും നഷ്ടപ്പെടുത്തിയ സങ്കടത്തോടെ, രാവണന്‍ ലങ്കയിലേക്ക്‌ നടന്നു. പശുവിന്റെ ചെവി അവിടെ ഉറച്ചുപോയതിനാല്‍ ആ സ്ഥലം പിന്നെ 'ഗോകര്‍ണ്ണം' എന്ന് അറിയപ്പെട്ടു. ഗോവ്‌ എന്നു വച്ചാല്‍ പശു. കര്‍ണ്ണം എന്നുവച്ചാല്‍ ചെവി.

നല്ലകഥ ഹ്‌ ഹാ വൂ.. അപ്പൂന്‌ ഒറക്കം വരുന്നു. ചാത്തന്‍ അപ്പൂന്റെ കൂടെ ഇവിടെ കിടന്നുറങ്ങുന്നോ?

ഏയ്‌ ചാത്തന്‍ പോവ്‌വാ. കടലിനക്കരെ നിന്നു ഒരു വിച്ചു ഇപ്പോ വിളിക്കുന്നുണ്ട്‌. അപ്പു ഉറങ്ങിക്കോ. ഇനി കഥ കേള്‍ക്കണം ന്ന് തോന്നുമ്പോള്‍ വിളിച്ചാ മതി...

വാല്‍ക്കഷണം:

വിച്ചൂ മിണ്ടാണ്ടവിടെ ഇരുന്നോണം, കഥകേള്‍ക്കണേല്‍ അച്ഛനോട്‌ ചോദിച്ചാല്‍ മതി..
പിന്നേ.. കടലു കടന്ന് കുട്ടിച്ചാത്തന്‍ വരണം പോലും, ചാത്തനാണെങ്കില്‍ നീന്തലും അറിയില്ലാ.

21 comments:

കുട്ടിച്ചാത്തന്‍ said...

പുത്തന്‍ തലമുറയിലെ പിള്ളേര്‍ക്ക് ഇതെങ്ങാന്‍ പറഞ്ഞു കൊടുക്കാന്‍ ശ്രമിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ക്ക് ചാത്തന്‍ ഉത്തരവാദിയല്ല. എന്ന് ഇതിനാല്‍ സാക്ഷ്യപ്പെടുത്തുന്നു.

ഒരു പുരാണ കഥ കുട്ടിച്ചാത്തന്റെ വാക്കുകളിലൂടെ...

സമര്‍പ്പണം:
ചാത്തനു നേരിട്ടു കാണാന്‍ ഭാഗ്യമില്ലാതെ പോയ ചാത്തന്റെ അപ്പൂപ്പന്...

salim | സാലിം said...

പണ്ട് മലയാളം മാഷ് ഈകഥ പറഞ്ഞുതന്നിട്ടുണ്ട്. പക്ഷെ ചാത്തവരികള്‍ കഥയെ ഏറെ ഹൃദ്യമാക്കിയിരിക്കുന്നു.മാത്രമല്ല ഗോകര്‍‌ണ്ണത്തിന് അങ്ങനെയാണ് ആപേര് വന്നത് എന്നത് ചാത്തന്‍ പകര്‍ന്നുതന്ന അറിവാണ്.

സാജന്‍| SAJAN said...

ചാത്താ ഇതു കുട്ടികള്‍ക്കു മാത്രമുള്ള കഥയാണോ.. ഞാനും അറിയാതെ വാ‍യിച്ചുപോയല്ലോ..
നല്ലതായിട്ടുണ്ട്..
എഴുതിയ രീതിയും.. കഥ പറ്ച്ചിലും ഒക്കെ ഇഷ്ടപ്പെട്ടു.. സാലിം പറഞ്ഞതു പോലെ എനിക്കും പുതിയ അറിവാരുന്നു...:)

ചേച്ചിയമ്മ said...

കഥ പറഞ്ഞിരിക്കുന്ന രീതി കൊള്ളാം.ഇനിയും ഇതുപോലെ പുരാണകഥകള്‍ പ്രതീക്ഷിക്കാമല്ലോ അല്ലേ:)

Mr. K# said...

കുട്ടികള്‍ക്കു വേണ്ടി കഥയെഴുതാന്‍ ഒരു കുട്ടിച്ചാത്തനെങ്കിലുമുണ്ടല്ലോ.

Rasheed Chalil said...

ചത്തോ ഇത് കലക്കി കെട്ടോ.

അപ്പു ആദ്യാക്ഷരി said...

ചാത്താ... പുതിയ കഥ.. നല്ല അവതരണവും.

ചാത്തനേറ്: “ഈ കഥ വേണ്ടാ നിക്ക്‌ അപ്പൂപ്പന്‍ പറയുമ്പോലത്തെ കഥ വേണം...” നമ്മുടെ “നിക്ക്” എന്ന ബ്ലോഗറെ അപ്പൂപ്പനാക്കിയത് കഷ്ടായിപ്പോയി.. ഞാനോടി....!!

ആവനാഴി said...

കുട്ടിച്ചാത്താ,

നല്ല കഥാകഥനരീതി. കുട്ട്യോള്‍ക്കൊക്കെ എന്തിഷ്ടായിരിക്കും ചാത്തനപ്പൂപ്പന്റെ അടുത്തു വന്നിരുന്നു കഥ കേള്‍ക്കാന്‍. ചാത്തന്‍ ഒരിക്കല്‍ ഒരപ്പൂപ്പനാവൂല്ലോ.

എനിക്കുമുണ്ടായിരുന്നു ഒരപ്പൂപ്പന്‍. അടുത്തു ചേര്‍ന്നിരിക്കുമായിരുന്നു ഞാന്‍ ചെറുപ്പത്തില്‍ കഥ കേള്‍ക്കാന്‍.

അപ്പൂപ്പന്‍ മരിച്ചു പോയി. വസൂരി വന്നു. ഓര്‍ക്കുമ്പോള്‍ ഇപ്പഴും കണ്ണു നിറയും ചാത്താ.

ഇനിയും എഴുതൂട്ടോ. കുട്ട്യോള്‍ക്കു തന്നെയല്ല. വല്യോര്‍ക്കും ചാത്തന്റെ കഥ വല്യ ഇഷ്ടാട്ടോ.

സസ്നേഹം
ആവനാഴി.

ഏറനാടന്‍ said...

കുട്ടിച്ചാത്തന്റെ കുട്ടി-സ്പെഷ്യല്‍ കഥകള്‍ വായിക്കുമ്പോള്‍ പണ്ട്‌ പണ്ട്‌ 'അമ്പിളിയമ്മാവന്‍' ചിത്രകഥാബുക്കും 'പൂമ്പാറ്റ അമര്‍ചിത്രകഥ'യും വീണ്ടും കൈയ്യില്‍ ലഭിച്ചയൊരു പ്രതീതി കിട്ടി. അതിലൊക്കെ ഉണ്ടായിരുന്ന സുന്ദരികള്‍, ദേവിദേവന്മാര്‍, കൊട്ടാരങ്ങള്‍, തേരാളികള്‍, രഥങ്ങള്‍ എന്നിവയുടെ ഭംഗിചിത്രങ്ങള്‍ കൂടി ചേര്‍ക്കാമായിരുന്നു.

ഇനിയും പ്രതീക്ഷിക്കുന്നു പുരാണചരിതങ്ങള്‍..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കുട്ടിച്ചാത്തന്‍സേ,
വളരെ ആസ്വദിച്ചു വായിച്ചു. കുട്ടികള്‍ക്കു മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലുള്ള എഴുത്ത്‌.
തുടരുമല്ലൊ അല്ലെ?

ഇടിവാള്‍ said...

കഥാരീതി ഇഷ്ടമായിട്ടോ! കaഥ പണ്ടു കേട്ടു മറന്നത് ... അച്ഛമ്മ ഇമ്മാതിരി നമ്പറുകളിടും... ഉറക്കാനായിട്ട്!

വാ‍ല്‍ക്കഷ്ണം: ഇവിടെ ഇമ്മാതിരി കഥകള്‍ ഇടക്കൊക്കെ ഇട്ടാ‍ല്‍ , കടലിനക്കരെയുള്ള വിച്ചുവിനു അച്ഛന്‍ പറഞ്ഞുകൊടുത്തോളാം ! ;)

Ziya said...

ചാത്താ, കലക്കീട്ടുണ്ട് കഥ.
രസകരമായിരുന്നു.
ബാലസാഹിത്യത്തില്‍ അങ്ങട് ശ്രദ്ധിക്കുക.
ന്നട്ട് നമ്മക്ക് ഒരു പൊസ്സകം അങ്ങ്‌ട് പ്രസിദ്ധീകരിക്കാം...ന്ത്യേ?

sandoz said...

ചാത്താ..
നീ വെറുംചാത്തനല്ലാ......
കുട്ടിച്ചാത്തന്‍ ആണു......
കുട്ടികളുടെ ചാത്തന്‍.....
കുട്ടിക്കഥകളുടെ ചാത്തന്‍....
മുതിര്‍ന്ന കുട്ടികളുടെ ചാത്തന്‍.....
ചാത്തായ നമ......
ചാത്തന്‍ സേവ....
ചാത്തനേറു.....
ഓം ഹ്രീ....

നന്നായിട്ട്‌ അവതരിപ്പിച്ചിട്ടുണ്ട്‌...
കെങ്കേമം....

Kaithamullu said...

കേട്ടിട്ടുള്ള കഥയായിരുന്നെങ്കിലും ചാത്തന്റെ കഥന രീതി ഏറെ ഇഷ്ടപ്പെട്ടതിനാല്‍ മുഴുവന്‍ ഇരുന്ന് വായിച്ചു.
-ഇതുപോലെ നല്ല പുരാണഖ്യാനങ്ങളുമായി ഇനിയും ഇതുവഴി വരിക സര്‍വ ശ്രീ മാന്യശ്രീ കുട്ടിച്ചാത്തന്‍ ജീ!

Visala Manaskan said...

കഥ ഇഷ്ടമായി ചാത്തന്‍സ്!

നല്ല കാര്യം. ഇനിയുമെഴുതുക.

ഓ.ടോ.

“രാവണനു പത്തു തലയില്ലേ ഒരോ ‘ആയിരം‘ വര്‍ഷം കഴിയുമ്പോഴും രാവണന്‍ ഓരോ ‘തലയറുത്ത്‌‘ താഴെ തീക്കുണ്ഡത്തിലിടും“

എത്ര സിമ്പിള്‍! രാവണനെ സമ്മതിച്ചു. തലപോയിട്ട് ഒരു പാലുണ്ണി പോലും ബ്ലേഡ് കൊണ്ട് മുറിച്ച് കളയാന്‍ സാധാരണക്കാര്‍ക്ക് പറ്റുമോ? പിന്നെ രാവണന് അത് പറ്റും. ഇഷ്ടമ്പോലെ തലയല്ലേ ലേ?

ചില കഥകള്‍ കേള്‍ക്കുന്നത് ജയന്റെ സിനിമ കാണുമ്പോലെയാണിപ്പോള്‍. ഓരോരോ അക്രമം കേട്ടാല്‍ ചിരിച്ച് മരിക്കും.

myexperimentsandme said...

ചാത്താ, ഇതൊക്കെ കേള്‍ക്കുന്നത് ഇപ്പോള്‍. ഒറ്റയിരുപ്പിന് വായിച്ചു.

വേണു venu said...

ചാത്താ നല്ല കഥ .
കുട്ടികള്‍ക്കു മാത്രമല്ലാ മുതിര്‍ന്നവര്‍ക്കും ഇഷ്ടമാകുന്ന രീതിയില്‍‍ കഥ പറഞ്ഞിരിക്കുന്നു.
ഇനിയും പ്രതീക്ഷിക്കുന്നു.:)

ഗുപ്തന്‍ said...

ചാത്താ‍.. കഥ ഭയങ്കരമായി ഇഷ്ടപ്പെട്ടു.മുന്നേകേട്ടിട്ടുണ്ടെങ്കിലും അതു കുട്ടികള്‍ക്ക് വേണ്ടി പറഞ്ഞ രീതി.. പിന്നെ കടലിനക്കരെയിരുന്നു വിച്ചുവിനു വേണ്ടി കഥകുറിക്കുന്ന അച്ഛന്റെ മനസ്സും.

കുട്ടിച്ചാത്തന്‍ said...

സാലിം,സാജന്‍,ചേച്ചിയമ്മ,കുതിരവട്ടന്‍,ഇത്തിരിവെട്ടം,അപ്പു,ആവനാഴി,ഏറനാടന്‍,indiaheritage,ഇടിവാള്‍,സിയാ,സാന്‍ഡോസ്,കൈതമുള്ള്,വിശാലമനസ്കന്‍,വക്കാരിമഷ്ടാ,വേണു,മനു,....
എല്ലാവര്‍ക്കും നന്ദി.

ഇനി ഒരു 50 കൊല്ലം കഴിഞ്ഞിട്ട് ബാക്കിയുണ്ടെങ്കില്‍ ഇനീം ഇമ്മാതിരി കഥ പറയാം...

വിശാലേട്ടാ ആ ഓടോ ക്ഷ പിടിച്ചു അതു ശരിക്ക് കഥയ്ക്ക് ഉള്ളില്‍ കയറ്റാന്‍ പറ്റിയ സാധനമാ അല്ലേ?

അനു said...

ചാത്താ, കൊള്ളാം.. ഒരു കഥ കേള്‍ക്കുമ്പോലെ തന്നെയുണ്ട്.. പുതിയൊരു അറിവും ആയിരുന്നു കേട്ടോ........ :)

ഉണ്ണിക്കുട്ടന്‍ said...

ചാത്താ കലക്കീട്ടുണ്ടല്ലോ..ഇപ്പോഴാ കണ്ടേ...
ഓം ഹ്രീം കുട്ടിച്ചാത്താ...ങേ..ഞാന്‍ ചുമ്മാ വിളിച്ചതാ ..പോയിരുന്നു വല്ല പണീം ചെയ്യടാ..