Sunday, February 18, 2007

വീണതും വിദ്യ

ബിന്നു പാവാണ്‌. സ്വന്തമായി ലാര്‍ജ്‌ സ്കെയിലില്‍ സമ്പാദിക്കുന്നതുകൊണ്ട്‌ രൂപേടെ മൂല്യം എത്രയാന്നറിയാത്തതിലുള്ള ഒരു കുഞ്ഞു കുഴപ്പം മാത്രം.

മൊബൈലു കൊണ്ടു കളയുന്നതാണ്‌ ബിന്നൂന്റെ ഏറ്റവും ഇഷ്ടവിനോദം. ഓരോ തവണയും നൂതന വഴികളിലൂടെ എന്ന വ്യത്യാസം മാത്രം. ആദ്യ തവണ എല്ലാരും സഹതാപം പ്രകടിപ്പിച്ചെങ്കിലും ഇത്‌ ഒരു സ്ഥിരം നമ്പറായപ്പോള്‍ ആളുകള്‌ മൈന്‍ഡ്‌ ചെയ്യാതായി.

എന്തോ ഒരു മൊബൈലു ഒഴിയാബാധയായി കൂടെക്കൂടിയപ്പോള്‍ അവന്‍ അതിനെ തറയിലെറിഞ്ഞ്‌ ഡിസ്‌പ്ലേ പൊട്ടിച്ചു. പച്ചേം കറുപ്പും നിറങ്ങള്‍ കൊണ്ട്‌ മോഡേണ്‍ ആര്‍ട്ട്‌ പടം വരച്ചപോലെ മനോഹരമായ ഡിസ്‌പ്ലേയും പൊക്കിപ്പിടിച്ചായി പിന്നെയുള്ള നടപ്പ്‌.

ആരു വിളിച്ചാലും തിരിച്ചറിയാന്‍ പറ്റില്ല, നമ്പര്‍ മുഴുവന്‍ അറിയില്ലെങ്കില്‍ തിരിച്ചു വിളിക്കാനും പറ്റില്ല. അത്‌ ഇനി കൊണ്ടുകളഞ്ഞാലും കിട്ടുന്നവന്‍ തിരിച്ച്‌ കൊണ്ടുകൊടുക്കും പക്ഷേ ഉടമസ്ഥനെ തിരിച്ചറിയണേല്‍ അങ്ങോട്ട്‌ വിളിക്കേണ്ടിവരും എന്ന് മാത്രം.

ഒന്ന് രണ്ട്‌ തവണ ഉപേക്ഷിക്കാന്‍ ശ്രമിച്ചിട്ടും നടന്നില്ല. എക്സ്ചേഞ്ച്‌ ഓഫറിനു ശ്രമിച്ചപ്പോള്‍ കടക്കാര്‍ ആ മൊബൈലു വലിച്ചെറിഞ്ഞില്ലാന്നേയുള്ളൂ. അത്‌ വാങ്ങാതെ തന്നെ പുതിയ മൊബൈലിനു 100 രൂപ കുറച്ച്‌ കൊടുക്കാമെന്ന് പറഞ്ഞപ്പോള്‍ "എന്തോ സാധനം" വ്രണപ്പെട്ടു ന്ന് പറഞ്ഞ്‌ അവിടെ നിന്ന് ഇറങ്ങിപ്പോന്നു.

കുറച്ച്‌ ദിവസത്തെ തീവ്രയത്നപരിപാടിക്കു ശേഷം അതും എവിടോ കൊണ്ടു കളഞ്ഞു. ഇതിനിടെ ഒരുവിധം എല്ലാ മൊബൈല്‍ കമ്പനികളുടെയേയും പ്രീപെയ്ഡ്‌ കണക്ഷന്‍ ടെസ്റ്റ്‌ ചെയ്തതിനാല്‍ ഇത്തവണ പുതുതായി 'ക്ലിയറന്‍സ്‌' മൊബൈല്‍ കണക്ഷന്‍ എടുത്തു. അതിനാവട്ടെ സിം കാര്‍ഡ്‌ ഇന്‍ ബില്‍ട്ടാണ്‌. കളഞ്ഞ്‌ പോയാലും വേറെ സിം ഇട്ട്‌ ഉപയോഗിക്കാന്‍ പറ്റില്ല.

ചങ്കരന്‍ കുറച്ച്‌ ദിവസം പണിമുടക്ക്‌ കാരണം തെങ്ങേല്‍ കയറീല്ല.

എന്നാല്‍ ഒരു ദിവസം വൈകുന്നേരം ഇതാവരുന്നു കക്ഷി പുതു പുത്തന്‍ മൊബൈലും പൊക്കിപ്പിടിച്ച്‌.

എന്തു പറ്റിയെടാ പിന്നേം കൊണ്ട്‌ കളഞ്ഞോ?

ഏയ്‌ ഇത്‌ ഞാന്‍ എക്സ്ചേഞ്ച്‌ ചെയ്തതാ പുതിയ മോഡലാ എങ്ങനുണ്ട്‌?

നോക്കട്ടെ.

ദാണ്ടെടാ ഇത്‌ അടിക്കുന്നു. ലോക്കല്‍ നമ്പറാ ഇതാ നീ തന്നെ എടുത്തോ.

ഹലോ......സോറി റോങ്ങ്‌ നമ്പര്‍..
പിന്നേം. കിണി കിണി...
ഹലോ......സോറി റോങ്ങ്‌ നമ്പര്‍..
പിന്നേം....

ഇതെന്താടാ റോങ്ങ്‌ നമ്പര്‍ മഴയോ?

എന്താന്നറീല കുറേ തവണയായി. പറയുന്നതൊന്നും മനസ്സിലാവുന്നില്ല.ഒരേ നമ്പറീന്നാന്നാ തോന്നണേ.

വല്ല പെണ്‍പിള്ളാരും നിന്റെ ഗ്ലാമര്‍ കണ്ട്‌ മൊബൈല്‍ നമ്പര്‍ തെരഞ്ഞ്‌ പിടിച്ച്‌ വിളിക്കുന്നതായിരിക്കും.

എടാ ഭാഷ കന്നഡയാണെങ്കില്‍ അനിലിനു കൊട്‌ അവനറിയാം.

പിന്നേം കിണി കിണി....

ഇത്തവണ അനില്‍ കാര്യം ഏറ്റെടുത്തു.

എല്ലാരും അല്‍പസമയം അനിലിന്റെ മുഖത്ത്‌ നവരസങ്ങളില്‍ പലതും മാറിമാറി വരുന്നത്‌ ആസ്വദിച്ചു. കാര്യം ചിരിക്കാനുള്ള വകയാണെന്ന് അവന്‍ ഞങ്ങള്‍ക്ക്‌ സിഗ്നല്‍ തന്നു.

അവസാനം എന്തൊക്കെയോ ഭീഷണിയുടെ സ്വരത്തില്‍ പറഞ്ഞ്‌ അവന്‍ സംഭാഷണത്തിന്‌ വിരാമമിട്ടു.

എന്നിട്ടൊരു കള്ളച്ചിരിയോടെ ബിനുക്കുട്ടന്റെ നേരെ തിരിഞ്ഞു.

എടാ നീയിന്നെപ്പോഴാ നേരത്തെ പറഞ്ഞ എക്സ്ചേഞ്ച്‌ ഓഫര്‍ ചെയ്തത്‌?

അവന്റെ മറുപടിക്കായി ഞങ്ങളു കാത്തു നിന്നില്ലാ.

പോലീസ്‌ സ്റ്റേഷനീന്നാണോ വിളിച്ചത്‌?
നീ FIR റെജിസ്റ്റര്‍ ചെയ്തായിരുന്നോടാ?

അനിലിന്റെ മറുപടി ഇപ്രകാരം
"ഇവന്റെ മൊബൈലു കിട്ടിയവന്‍ അപ്പോള്‍ തന്നെ ഏതോ കന്നഡ ബുദ്ധിമാന്‌ അതു മറിച്ചു വിറ്റു. അയാളാ ഇപ്പോള്‍ വിളിച്ചത്‌. ഇവനു കുരുട്ടുബുദ്ധി കള്ളനേക്കാളും കൂടുതലായതോണ്ട്‌ ഇവന്‍ വരുന്ന വഴി ആ മൊബൈല്‍ കാന്‍സല്‍ ചെയ്ത്‌ അതേ നമ്പറിന്റെ ഡ്യൂപ്ലിക്കേറ്റ്‌ ചെയ്ത്‌ പുതിയ മൊബൈലും കൊണ്ടിറങ്ങിയിരിക്കുകയാ"

ഒന്ന് ശ്വാസം വിട്ടശേഷം തുടര്‍ന്നു.

"അയ്യാള്‌ രാവിലെയൊക്കെ ആ മൊബൈല്‍ വച്ച്‌ വിളിച്ചൂന്ന്. ഇപ്പോള്‍ ഇവന്‍ നമ്പര്‍ കാന്‍സല്‍ ചെയ്ത്‌ ഡ്യൂപ്ലിക്കേറ്റെടുത്തപ്പോള്‍ പാവം കറങ്ങിപ്പോയി. അത്‌ കട്ട മുതലാന്നറീല്ലായിരുന്നു, കാശ്‌ പോയീ, ഈ നമ്പര്‍ അയാള്‍ക്ക്‌ കൊടുക്കാവോന്ന്."

എന്നിട്ട്‌ നീ എന്തു പറഞ്ഞു?

വിറ്റവനോട്‌ പോയി പരാതി പറയാന്‍ അല്ലാതെന്താ?

എങ്ങനെയുണ്ട്‌ എന്റെ പുത്തി എന്ന സ്റ്റൈലില്‍ കോളറും പൊക്കി നിന്നവനെ കൂവി വെളുപ്പിക്കാന്‍ പിന്നെ താമസമില്ലായിരുന്നു

വാല്‍ക്കഷ്ണം: ഏതെങ്കിലും മൊബൈല്‍ കമ്പനീടെ പരസ്യമാവരുതെന്നുണ്ടായിരുന്നു. ആയില്ലാലൊ? ആയെങ്കില്‍ ഇപ്പോള്‍ എല്ലാ മൊബൈല്‍ കമ്പനീം ഈ സൗകര്യം ഒരുക്കുന്നുണ്ട്‌.

9 comments:

കുട്ടിച്ചാത്തന്‍ said...

ഒരു സാരോപദേശ പോസ്റ്റ്.. ഇതിലെ നായകനെ അനുകരിക്കരുത്. പക്ഷേ അഥവാ അബദ്ധം പറ്റിയാല്‍ നായകന്‍ ചെയ്ത വഴി പിന്തുടരുക...

Rasheed Chalil said...

എങ്ങനെയുണ്ട്‌ എന്റെ പുത്തി എന്ന സ്റ്റൈലില്‍ കോളറും പൊക്കി നിന്നവനെ കൂവി വെളുപ്പിക്കാന്‍ പിന്നെ താമസമില്ലായിരുന്നു.

ഇത് ചാത്തന്റെ ലീലാവിലാസങ്ങളല്ലല്ലോ... ?
:)

സു | Su said...

ഇതു കുട്ടിച്ചാത്തന്റെ സ്വന്തം കഥയാണെങ്കിലും സാരമില്ല. കൂട്ടുകാരന്‍, ബിന്നു ചെയ്ത ജോലി ആയാലും നന്നായി. കക്കുന്നവരെ അങ്ങനെ ഒരു പാഠം പഠിപ്പിക്കണം.

G.MANU said...

haha

സജീവ് കടവനാട് said...

♣♣♣♥♣♣♣
ചാത്തോ വൈറസ്.............

Anonymous said...

വായിച്ചു.. :)

ഇടിവാള്‍ said...

അല്ലാ, പുള്ളീ അതു തന്നെയല്ലേ ക്ഹെയ്യേണ്ടിയിരുന്നേ ?

കളഞ്ഞു പോയാല്‍ അതിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുകേന്നുള്ളതല്ല്ലേ അടുത്ത സ്ട്ടെപ്പ്?

കൂട്ട്റ്റുകാരെല്ലാം കൂoടി കളിയാല്ക്കിയതെന്‍nതിനാ ആവോ ?

സുല്‍ |Sul said...

മി.കു.ചാത്താ:

“എങ്ങനെയുണ്ട്‌ എന്റെ പുത്തി എന്ന സ്റ്റൈലില്‍ കോളറും പൊക്കി നിന്നവനെ കൂവി വെളുപ്പിക്കാന്‍ പിന്നെ താമസമില്ലായിരുന്നു“
ആരെയാ വെളുപ്പിച്ചത്, വാങ്ങിയവനേയോ, വിറ്റവനേയൊ അതൊ കളഞ്ഞവനേയൊ? ഞാന്‍ കന്‍ഫ്യു.

-സുല്‍

കുട്ടിച്ചാത്തന്‍ said...

ഇത്തിരിച്ചേട്ടോ: മെയിനായിട്ടു കൂവിയതു പിന്നാരാ!!!!

സൂചേച്ചീ: എന്തൊരു ആത്മരോഷം.. എത്ര മൊബൈല്‍ കൊണ്ടു കളഞ്ഞു?

G.manu : :)

കിനാവേ : എന്റേല്‍ ആന്റി & അങ്കിള്‍ വൈറസ് ഉണ്ട്...

നൌഷറേ : അടുത്തത് എഴുതാനുള്ള സിഗ്നലാ അല്ലേ?

വാളേട്ടാ: മൊബൈല്‍ കളഞ്ഞ കാര്യം ഒളിപ്പിച്ചില്ലേ...

സുല്ലിക്കാ: കണ്‍ഫ്യൂഷന്‍ തൊട്ട് മോളിലുള്ള വരി വായിച്ചപ്പോള്‍ തീര്‍ന്നോ?