കുട്ടിച്ചാത്തനും ഒരു കൊച്ചു സുന്ദരന്‍ ആയിരുന്നു.ഏത് കാക്കക്കുഞ്ഞും പൊന്കുഞ്ഞായിരിക്കുന്ന, ഇഴഞ്ഞ് നടക്കുന്ന പ്രായം തൊട്ട് വള്ളിനിക്കര്‍ പ്രായം വരെ. പിന്നെപ്പോഴോ കാലത്തിന്റെ കുത്തൊഴുക്കില്‍ വല്യ ചാത്തനായപ്പോള് ആ സുന്ദരന്‍ കുട്ടിച്ചാത്തന് മനസ്സിന്റെ ഉള്ളില്‍ ഒളിച്ചിരിപ്പായി.
എന്നാല്‍ ചാത്തന്റെ സന്തത സഹചാരിയായി മാറ്റം വരാതെ ഒരാള്‍ കൂടെയുണ്ടായിരുന്നു. കുട്ടിച്ചാത്തന്റെ കാര്‍കൂന്തല്‍. കുട്ടിക്കാലത്ത് കാച്ചിയ വെളിച്ചെണ്ണ തേച്ച് മിനുക്കി, ചീകി വയ്ക്കാന്‍ ഒരുപാട് മത്സരിച്ചിരുന്നു. അവരുടെ വാല്‍സല്യത്തിന്റെ തെളിനീരും ക്ലോറിന്‍ ചേരാത്ത കിണറ്റിലെ വെള്ളവും എല്ലാം ചേര്‍ന്ന് പരിചയപ്പെട്ട എല്ലാവര്ക്കും അസൂയ തോന്നിച്ച ചാത്തന്റെ കേശഭാരം.
ഉച്ചിയില്‍ പശു നക്കിയ മാതിരി എന്നും പകുത്ത് ചീകി വച്ചിരുന്നതിനാല്‍ അന്നാരും കണ്ണു വച്ചിരുന്നില്ല. തലയില്‍ കൈവച്ചാല്‍ മുടിക്കിടയില്‍ വിരലുകുടുങ്ങുന്ന സമയമാകുമ്പോള്‍ പോയി മിലിട്ടറി സ്റ്റൈലില്‍ വെട്ടും.വെറുതേ വെട്ടിക്കളയുന്ന സാധനത്തിനു വേണ്ടി ഇടക്കിടെ എന്തിനാ കാശു ചെലവാക്കുന്നത്.
കാലം കഴിയുന്തോറും മാറ്റത്തിന്റെ ശംഖൊലി മുഴങ്ങിക്കൊണ്ടിരുന്നു.ചാത്തന്റെ ശരീരത്തില്‍ കാണാന്‍ കൊള്ളാവുന്ന ഒരേ ഒരു ഭാഗം കൂന്തലണ്ണനാണെന്ന വിവേകമുദിച്ച ചാത്തന് പരീക്ഷണങ്ങളിലേര്‍പ്പെട്ടു.ഒരു ദിവസം വലതന് പിന്നൊരു ദിവസം ഇടതന്. മുന്നോട്ടും പിന്നോട്ടും ചീകുമ്പോള്‍ പിന്താങ്ങാന് മുന്നണികളില്ലാത്തതിനാല് തദവസരങ്ങളില്‍ സ്വതന്ത്രനായും മത്സരിച്ചു കൊണ്ടിരുന്നു.
മുന്പില് ഒരുസൈഡില്‍ കുറച്ച് ചുരുളുകള്‍ വട്ടത്തിലാക്കി ഉണ്ടാക്കുന്ന 'കിളിക്കൂട്' ചാത്തന് പേറ്റന്റ് എടുത്ത് അഹങ്കരിച്ച് പോന്ന സ്റ്റൈലായിരുന്നു
ജോലി അനന്തപുരിയിലായിട്ടും മുടിവെട്ട് നാട്ടില്‍ സ്ഥിരം ആളുടെ അടുത്ത് മാത്രം.പക്ഷേ സര്‍ദാര്‍ജിമാരുടെ നാട്ടിലെത്തിയപ്പോള്‍ മുടിവെട്ടാന്‍ തലവെട്ടുന്നതിനേക്കാള്‍ കാശ്. നാട്ടില്‍ വരും വരെ വളര്‍ത്തിയാലോ? ശ്രമിച്ചു നോക്കി. ഒടുക്കത്തെ ചൂട്. അവസാനം ഒരു വഴി കണ്ടുപിടിച്ചു അവിടെ റോഡ് സൈഡില്‍ ഏതെങ്കിലും മരത്തിന്റെ തണലില്‍ ഒരു കസേരയുമിട്ട് ഒരാള്‍ ഇരിപ്പുണ്ടാവും സര്‍ദാര്‍ സ്റ്റൈല്‍ മാഞ്ചോട് അമ്പട്ടന്. വിലയും തുച്ഛം 10 രൂപ മാത്രം!!!
അങ്ങേര് വെട്ടി വെട്ടി ചാത്തന്റെ കാര്‍കൂന്തല്‍ ഒരു ഗാര്ഗൂന്തല് ആക്കി.
ഒടുക്കം തിരിച്ച് അനന്തപുരിയിലേക്ക്. എന്നാല്‍ പിന്നെ മലയാളി അമ്പട്ടന് തന്നെയായിക്കോട്ടെ അടുത്ത വെട്ട്.
സാങ്കേതിക തടസ്സങ്ങള്‍ കാരണം നാട്ടില്‍ പോകാന്‍ പറ്റീല.അതു നമ്മ ഗാര്ഗൂന്തലിനു പറഞ്ഞാല്‍ മനസ്സിലാവണ്ടേ അവന് വളര്‍ന്നുകൊണ്ടേയിരുന്നു.
തിരിച്ച് അനന്തപുരിയില്‍ വന്നപ്പോള്‍ പഴയ സഹപ്രവര്‍ത്തകര്‍ മിക്കവാറും സ്ഥലം വിട്ടിരുന്നു. പുതിയ കൂട്ടുകാരെ ഉണ്ടാക്കാന്‍ ചാത്തനു വല്യ വിഷമമൊന്നും ഉണ്ടായില്ല. അപ്പോഴേക്കും ഗാര്ഗൂന്തല് ഘാര്ഘൂന്തല് ആയി. ഇനിയിപ്പോള്‍ നാട്ടില്‍ പോകുന്നതു വരെ കാത്തിരിക്കാന്‍ പറ്റില്ല.
ഒരു പുതിയ കൂട്ടുകാരനും മുടിവെട്ടണം അവന് സ്ഥിരമായി പോകുന്ന സ്ഥലമുണ്ട്, വേറെ പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല. ശരി ഒരു തവണയല്ലേ ഇവിടേം ഒരു പരീക്ഷണം നടത്തിക്കളയാം.
അങ്ങനെ ഞങ്ങള്‍ രണ്ടുപേരും കൂടി രാഹു,കേതു, ഗുളികകാലമൊക്കെ നോക്കി പുറപ്പെട്ടു. വലിയ തിരക്കൊന്നുമില്ല. എന്നാല്‍ ഒരു സീറ്റ് മാത്രം ഒഴിവുണ്ട്. കൂട്ടുകാരന് മുന്‍ഗണന കൊടുത്ത് ചാത്തന് പേപ്പറും വായിച്ചിരിപ്പായി. ഒരു സീറ്റും കൂടി ഒഴിഞ്ഞു. ചാത്തന് ഉപവിഷ്ടനായി.
സ്ഥിരം ശൈലിയില്‍ വച്ചു കാച്ചി.(ഇതു ഡിസംബര്‍ മാസം).
"നല്ല ചൂടല്ലേ, പറ്റെ വെട്ടിയേക്ക് ഒരു മിലിട്ടറി സ്റ്റൈലില്‍"
----ഡിസംബറില്‍ ചൂടോ എടാ പിശുക്കാ----
അമ്പട്ടന് തിരിച്ചടിച്ചു.
"അയ്യോ മിലിട്ടറി സ്റ്റൈല്‍ ഈ മുഖത്തിനു ചേരില്ല. അതൊക്കെ"
തൊട്ടടുത്തിരിക്കുന്ന കൂട്ടുകാരനെ ചൂണ്ടിക്കാണിച്ചുകൊണ്ട്.
"ഇതുപോലെ പേഴ്സണാലിറ്റിയുള്ളവര്ക്കേ ചേരൂ"
......................................
എല്ലാ ബാര്‍ബര്‍ ഷോപ്പിലേയും കസേരകള്‍ കറങ്ങുന്നതാ അല്ലേ...
അല്ലാതെ എനിക്ക് തോന്നിയതല്ലേ അല്ല....ഉറപ്പ്
വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോതുക പോയിട്ട് സംസാരിക്കാന്‍ പോലും പാടില്ലാന്ന് പറയുന്നത്
ഇതുകൊണ്ടാണ്, ഇത് കൊണ്ട് തന്നെയാണ്, ഇതുകൊണ്ട് മാത്രമാണ്.
വാല്‍ക്കഷ്ണം:
അവനാണെന്റെ യഥാര്‍ത്ഥ കൂട്ടുകാരന്. ആത്മമിത്രം. അപ്പോളൊരു ചെറുപുഞ്ചിരി അവന്റെ മുഖത്തിനു മാറ്റു കൂട്ടിയെങ്കിലും.ഇന്നുവരെ ഇത് ഞങ്ങള്‍ക്കിടയിലെ രഹസ്യം മാത്രം. ഇപ്പോള്‍ ഞാനും കക്ഷിയും ഇത്തിരി സൗന്ദര്യപ്പിണക്കത്തിലാണെങ്കിലും. അവനെന്റെ ബ്ലോഗുകള്‍ കാലുപിടിച്ചാല്‍ പോലും വായിക്കില്ലെങ്കിലും, ഇത് എങ്ങാനും വായിച്ചെങ്കിലും അവന്റെ പിണക്കം മാറുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്...
കൊറോണ ചൊല്ലുകൾ
4 years ago
15 comments:
4 വരിയില്‍ തീര്‍ക്കാവുന്ന കഥയാ പിന്നെ 2ആം നിലേന്ന് തള്ളിത്താഴെ ഇടുന്നതിലും നല്ലത് 11ആം നിലയില്‍ കൊണ്ടുപോയിട്ടാകാംന്ന് കരുതി...
വായിച്ചു വായിച്ചു വന്നപോ, വിന്‍സന്റ്, സത്യന്, ജയന്, നസീര്‍, തുടങ്ങിയ ആദ്യകാല വീരന്മാരുടെ പല പല സ്റ്റൈല്‍ ഹെയറുകളും മനസ്സിലോര്‍മ്മ വന്നു.. ആ കിളിക്കൂട് സ്റ്റൈല്‍ കലക്കി..
വിന്‍സന്റ് ആയിരുന്നല്ലോ പണ്ടത്തെ സുന്ദരന്‍ !
ചാത്താ,
കൊള്ളാം പോസ്റ്റ്. ഫ്രന്റിനെ ബലമായി പോസ്റ്റ് വായിപ്പിച്ച് പകരം വീട്ടൂ. ;-)
ആരാ പറഞ്ഞെതു ബാര്ബെര്കു ബുദ്ധി ഇല്ലാ എന്നു ...
“മുടി“ഞ്ഞ പോസ്റ്റ് (:
ഹാഹാ ചാത്തനേറ് അസ്സലായിട്ടുണ്ട്. ഇതിനു മുമ്പ് കമന്റിട്ട അണ്ണന്മാരാരുമല്ലല്ലോ ആ ഫ്രണ്ട് ;)
ങും ങും.. ചാത്താ..കൊള്ളാം! :) കിളിക്കൂട് എന്റെയും വീക്ക്നസ്സാണേ..
ഇത് വായിച്ചപ്പോഴാ ഓര്‍ത്തേ. തലമുടി വെട്ടാറായിട്ട് നാള് കുറെയായി. പച്ചപ്പയറ് പോലെയാ മുടി കിടക്കുന്നേ.. ഓര്‍മ്മിപ്പിച്ചതിന് നന്ദി ചാത്താ. ഇന്നെങ്കിലും ഒന്ന് വെട്ടണം!
കുട്ടിച്ചാത്താ, ഹോം വര്‍ക്ക് ചെയ്തതിന്റെ ഗുണം കാണാനുണ്ടു ട്ടോ.
കുരുവിക്കൂട് നമ്മള് ഒരു പാടു പരീക്ഷിച്ചു പരാജയപ്പെട്ടതാണു.. ഇപ്പൊ "ഹോട്ടല്‍ 'D' വരുമ്പോലെ വരും" അതാ പുതിയ പോളിസി.
:)
വാളേട്ടാ നന്ദി.
ദില്‍ബൂ :പകരം വീട്ടാന്‍ പറ്റൂല,തെറ്റ് നമ്മടെ ഭാഗത്താവുമ്പോള് :(
Halod: നന്ദി എന്തൊരു പേരെന്റിഷ്ടാ!!!ഞാന്‍ ഞെട്ടീലാ, എന്റേം ഇങ്ങനെ ഞെട്ടിക്കുന്ന ടൈപ്പാ. അതോണ്ടാ സ്വയം പേരിട്ടത്.പിന്നെ ആ ബാര്‍ബര്‍ക്കു ബുദ്ധിയല്ലാ,കുരുട്ടു ബുദ്ധിയാ..
കൈതമുള്ളേ: “മുടി” ഞ്ഞ കമന്റും!!!
പെരിങ്ങോടന് ചേട്ടായീ: നന്ദി . ആ ഫ്രണ്ട് ഭൂലോകത്തിലാ..
വിശാലേട്ടാ: ചുമ്മാതല്ല ആ ചോപ്പ് തുണി മാറ്റാത്തത് അല്ലേ?
നൌഷറേ: പരാജയം എവിടേക്കോ ഉള്ള ലിഫ്റ്റാണ്. പരീക്ഷണം നിര്‍ത്തേണ്ടാ.മുടിയുള്ളപ്പോഴേ പരീക്ഷണം പറ്റൂ :)
സുല്‍ ചേട്ടാ: നന്ദി.
'മുടി'യനായ പുത്രന്റെ കഥ രസിച്ചു..
ചാത്താ, നേരില്‍ കണ്ടാല്‍ പറയില്ലാട്ടാ, മനോഹരമായ കാര്‍ക്കൂന്തല്‍ പണ്ടുണ്ടായിരുന്ന ആളാന്ന്. നേരില്‍ കാണുമ്പോള്‍ അടിപൊളി പോസ്റ്റ് എഴുതുന്ന ആളാന്നും തോന്നാത്തതുകൊണ്ട് ഞാനതങ്ങ് ക്ഷമിച്ചു.
അപ്പൊ പറഞ്ഞ് വന്നത്, പോസ്റ്റ് കസറി. മനോഹരം. ഇനിയും പോരട്ടെ ചാത്തവിലാസങ്ങള്.
ഏറനാടന്‍ മാഷേ നന്ദി
ശ്രീജിത്തേ നിന്റെ കണ്ണടേടെ പവ്വര്‍ മാറ്റാറായി പെട്ടന്ന് ചെല്ല്..
ചാത്തനേറ്. അതിഷ്ടപ്പെട്ടു.
കുഞ്ഞൂട്ട്യെട്ടാ -- കമന്റിടാന്‍ ഇതിലും നല്ല പോസ്റ്റുകള്‍ കിടപ്പുണ്ട്... ഇതൊക്കെ എഴുതുമ്പോള്‍ ചാത്തന് സചിന് ടെന്ഡുല്ക്കറാ.. (out of form - as per my great booloka friend Nousher) പഴേ പോസ്റ്റുകള്‍ വായിക്കൂ...
Post a Comment